Monday, December 7, 2009
ചട്ടം പഠിച്ച പട്ടി
Saturday, December 5, 2009
വട്ടക്കണ്ണീ മാഹാത്മ്യം
പഴംബിരിയാണി
ഫ്രിഡ്ജ് (നിര്‍ബ്ബന്ധമില്ല) - ഒന്ന്
വെച്ച ബിരിയാണി ഫ്രിഡ്ജില്‍ വെക്കുക. രണ്ടുദിവസം കഴിഞ്ഞ് ചൂടാക്കിയോ ആക്കാതെയോ കഴിക്കുക.
വളിച്ച മണം ശരിക്ക് കിട്ടാന്‍ ഫ്രിഡ്ജില്‍ വെക്കാതെ ചുമ്മാ വെളിയില്‍ വെച്ചിട്ട് കഴിച്ചാലും മതിയാവും. തവിയിട്ടെടുക്കുമ്പോള്‍ നൂല് വലിഞ്ഞാല്‍ പസ്റ്റ്.
Wednesday, December 2, 2009
നീലത്താമര അഥവാ ഭൂതകാലക്കുളിര് (സിനിമാ ആസ്വാദനം)

Wednesday, September 9, 2009
മരണം ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുമ്പോള്‍
ഓരോ ദിവസവും പുലരുമ്പോള്‍ നിങ്ങള്‍ വിചാരിക്കുക. ഒരുപക്ഷേ.. ഇത് എന്റെ ജീവിതത്തിലെ അവസാനത്തെ ദിവസമായിരിക്കാം എന്ന്. ഞാന്‍ ചെയ്യാനുള്ളതൊക്കെ ചെയ്തുവോ എന്ന്. ഈ കുറഞ്ഞ സമയത്തിനുള്ളില്‍ എനിക്കിനി എന്തു ചെയ്യാന്‍ കഴിയും എന്ന്.
മരണഭയം ലോകത്തിലേക്കും വെച്ചേറ്റവും വലിയ ഭയമാണ്
നിങ്ങള്‍ മരിക്കാന്‍ പോകുന്നു എന്ന ഒരൊറ്റ തോന്നല്‍ മതി നിങ്ങള്‍ക്ക് എന്തൊക്കെയോ നഷ്ടപ്പെടുവാനുണ്ടെന്ന തോന്നല്‍ ഒഴിവാക്കുവാന്‍.
നിങ്ങള്‍ ഒന്നുമില്ലാത്തവനും നഗ്നനുമായിക്കഴിഞ്ഞു. നിങ്ങളുടെ ഹൃദയത്തെ പിന്തുടരാതിരിക്കാന് നിങ്ങള്‍ക്ക് പിന്നെയൊരു കാരണവും കണ്ടെത്തുവാനില്ല തന്നെ.
ആരും മരിക്കാനാഗ്രഹിക്കുന്നില്ല. സ്വര്‍ഗ്ഗത്തില്‍ പോകാനാഗ്രഹിക്കുന്നവര്‍ക്കു പോലും മരിച്ച് അവിടെയെത്തണമെന്ന് ആഗ്രഹമില്ല. എന്നിട്ടും എല്ലാവരും അവസാനമായി പങ്കുവെക്കുന്ന ഒരേയൊരു യാഥാര്‍ത്ഥ്യം ആണ് മരണം. ആരും അതില്‍നിന്ന് രക്ഷപെടുന്നില്ല. അതങ്ങനെ തന്നെയാണ് വേണ്ടതും.
എന്തെന്നാല്‍ മരണം എന്നാല്‍ ജീവിതത്തിലെ ഏറ്റവും നല്ല കണ്ടുപിടിത്തമാണ്. ജീവിതത്തെ അപ്പാടെ മാറ്റുന്ന ഒന്ന്. പഴയതിനെ തൂത്തെറിഞ്ഞ് പുതുമയെ വരവേല്‍ക്കുന്ന ഒന്ന്.
നിങ്ങളാണ് ആ പുതുമ. പക്ഷേ.. അധികം വൈകാതെ ഒരു ദിനം നിങ്ങളും പഴയതാകും... ഒഴിഞ്ഞുകൊടുക്കാന്‍ വേണ്ടിത്തന്നെ. പക്ഷേ .. അതാണ് പരമമായ സത്യം!
സമയം വളരെ കുറച്ച് മാത്രമേയുള്ളൂ. മറ്റുള്ളവരുടെ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ വേണ്ടി നിങ്ങളുടെ ജീവിതം പാഴാക്കാതിരിക്കുക.
മറ്റുള്ളവരുടെ ആശയങ്ങള്‍ ഫലവത്താക്കുക എന്ന കുരുക്കില്‍പ്പെടുക എന്ന വിഡ്ഡിത്തം കാണിക്കാതിരിക്കുക.
മറ്റുള്ളവരുടെ അഭിപ്രായങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ നിങ്ങളുടെതന്നെ ഉള്‍വിളികളുടെ ശബ്ദം മുക്കിക്കളയാതിരിക്കുക.
പരമപ്രധാനമായും നിങ്ങളുട ഹൃദയം പറയുന്നതും നിങ്ങളുടെ തോന്നലുകളും പിന്തുടരാനുള്ള ധൈര്യവും ആര്‍ജ്ജവവും കാട്ടുക. അവക്കറിയാം നിങ്ങള്‍ ആരായിത്തീരണമെന്ന്.
മറ്റുള്ളതെല്ലാം അപ്രധാനമാണ്
================================================
ആപ്പിള്‍ ഇന്ക് ന്റെ സി.ഇ.ഒ സ്റ്റീവന്‍ ജോബ്സ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ബിരുദധാരികളെ അഭിസംബോധന ചെയ്ത് സംസാരിച്ച (2005) സുപ്രസിദ്ധമായ പ്രസംഗത്തിന്റെ ഒരു ഭാഗത്തിന്റെ സംക്ഷിപ്ത തര്‍ജ്ജമയാണ് മുകളില്‍ കൊടുത്തത്.സ്റ്റീവിന്റെ ജീവിതം ഒരു പോരാട്ടമാണ്. സ്റ്റീവ് അദ്ദേഹത്തിന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങള്‍ സുചിപ്പിക്കുന്നു. ലിങ്ക് താഴെ. കാണാത്തവര്‍ ഒന്ന് കണ്ട് (കേട്ട്) നോക്കൂ.
“എന്തൊക്കെ പ്രചോദനങ്ങള്‍ ഇത് തരുന്നില്ല!”
http://www.mojvideo.com/video-steve-jobs-stanford-commencement-speech-2005/e156f11eb1b6c533b967
Thursday, July 30, 2009
അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോള്‍
ഈയ്യിടെ ഓഫീസ്സിലെ ഇടവേളകളിലൊന്നിലെ ചായകുടിക്കിടയില് ഒരു സുഹൃത്ത് പറഞ്ഞു.
"ശ്ശേ! ഇപ്പം ശാസ്താം കോവിലില്‍ പോയി തൊഴാന്‍ നേരം അയ്യപ്പന്റെ മുഖത്തിനുപകരം ആ ചെക്കന്റെ മുഖമാ മനസ്സില്‍ വരുന്നത് വരുന്നത്. ഗതികേടിന് സ്വാമി അയ്യപ്പന് സീരിയല്‍ നടക്കുന്ന നേരത്ത് വീട്ടീ കുത്തിയിരിക്കേണ്ടി വന്നിട്ടൊണ്ട്. അതിന്റെ കൊഴപ്പം"
സ്വാമി അയ്യപ്പന് സീരിയലിലെ അയ്യപ്പനെ അവതരിപ്പിച്ച സുന്ദരനായ "കൗശിക് ബാബു" എന്ന നടന്റെ കാര്യമാണ് പറഞ്ഞതെന്ന് മനസ്സിലായി.
അപ്പോഴോര്‍ത്തു. ഞാന്‍ കുറച്ചു നാളായി ഏഷ്യാനെറ്റിലെ "ദേവീ മാഹാത്മ്യം" കാണാറുണ്ട്. മകളുടെയും അമ്മയുടേയും കൂടെ ഇരുന്ന് കാണുന്നതാണ്. കുറെ കാര്യങ്ങള്‍ കണ്ട് രസിക്കാറുമുണ്ട്. (ഉദാ: നിഷ്കളങ്കയായ ഒരു പെണ്‍കുട്ടിയെ ദുഷ്ടന്മാര് ഉപദ്രവിക്കുമ്പോള്‍ ദേവി ചുമ്മാ അങ്ങ് പ്രത്യക്ഷപ്പെട്ട് ദുഷ്ടന്മാരെ ഒരുക്കാക്കി സെറ്റപ്പാക്കുന്ന സീന്‍. സുരേഷ് ഗോപിയുടെ പോലീസ്കാരന് അഴിമതിക്കാരനായ മന്ത്രിയുടെ ചെപ്പക്കുറ്റിക്കിട്ട് പൂശുന്നത് കാണുമ്പോഴുള്ള ഒരിതില്ലേ.... അത്). അപ്പോള്‍ ഒരു കുഴപ്പം. ഇപ്പോള്‍ ആറ്റുകാല്‍ അമ്പലത്തില്‍ പോയി തൊഴുതാലും "പ്രവീണ" (നടി) യുടെ മുഖം മനസ്സില്‍ ഓടിയെത്തിയാല്‍ കുറ്റം പറയാന്‍ പറ്റുമോ? പണ്ട് ഫാക്ടിന്റെയും ചിട്ടിക്കമ്പനികളുടെയും കലണ്ടറിലൂടെയും, അമ്പലത്തിനടുത്ത് കിട്ടുന്ന ഛായാ ചിത്രങ്ങളിലൂടെയുമായിരുന്നു പരമശിവന്, ഭദ്രകാളി, ശ്രീകൃഷ്ണന് തുടങ്ങി കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുന്ന ദൈവങ്ങളെയൊക്കെ മനസ്സില്‍ ഉറപ്പിച്ചിരുന്നത്. അമാനുഷികതയുടെ സങ്കല്പ മൂര്‍ത്തികള്‍ക്ക് മനുഷ്യരൂപം കൊടുത്ത് അതില്‍ വിശ്വസിക്കുകയും വിശ്വസിപ്പിക്കുയും അല്ലെങ്കില്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത് മനുഷ്യന് തന്നെ.
ശരിക്കും ദൈവങ്ങളുടെ രൂപം എന്തായിരുന്നു? ദൈവത്തിന ഒരു രൂപത്തിന്റെ ആവശ്യം എന്താണ്? ഗോത്രസംസ്കാരത്തില്‍ നിന്നേ ഉരുത്തിരിഞ്ഞുവന്ന ഒന്നായിരിക്കാം ദൈവത്തിന് ഒരു നിയതമായ രൂപം കൊടുക്കാനുള്ള പ്രവണത. താന്‍ തന്നെ കെട്ടിപ്പടുത്ത നിയതമായ നിയമങ്ങള്‍ക്കോ, പ്രവൃത്തികള്‍ക്കോ സങ്കല്പ്പങ്ങള്ക്കോ നിയന്ത്രിക്കാന്‍ പറ്റാത്ത പ്രതിഭാസങ്ങളെ ഈശ്വരനിലേക്ക് നിക്ഷേപിക്കുകയാണ് മനുഷ്യന് ചെയ്തത്. അതിന്റെ പിന്നിലും ഒരു സ്വാര്‍ത്ഥതയുണ്ട്. ഇതിനെയൊക്കെ നിയന്ത്രിക്കാന്‍ താന്‍ തന്നെ സൃഷ്ടിച്ച ഈ ദൈവങ്ങള്‍ക്ക് കഴിയും എന്ന ചിന്ത. തനിക്ക് തന്നെ ചെയ്യാന്‍ കഴിയാത്തത് തനിക്ക് വേണ്ടി ദൈവം ചെയ്തുതരും എന്നുള്ള പ്രത്യാശ. ഹിന്ദുമതത്തിന്റെ സാഹചര്യം പരിശോധിച്ചാല്‍, അശക്തനായ മനുഷ്യന് തനിക്ക് വേണ്ടുന്ന അസ്സംഘ്യം കാര്യങ്ങള്‍ ദൈവത്തിനോട് ചോദിച്ചപ്പോള്‍, അവനുതന്നെ തോന്നിക്കാണണം താന്‍ ചോദിക്കുന്നത് മുഴുവന്‍ ചെയ്യാന്‍ "ഒരൊറ്റ" ദൈവത്തിന് കഴിയുമോയെന്ന്. അതുകൊണ്ട് ഈ പ്രവൃത്തികള്‍ക്കെല്ലാം ഏകതാനമായ പ്രാഗല്‍ഭ്യങ്ങളും (specilization) ദൈവങ്ങള്‍ക്ക് കല്‍പ്പിച്ച് കൊടുക്കപ്പെട്ടു. പുരാണങ്ങളിലൂടെയും വാമൊഴിയിലൂടെയും വളര്‍ത്തപ്പെട്ട ആ പാരമ്പര്യം, സൃഷ്ടി, സ്ഥിതി, സംഹാരം, വിദ്യ, ആരോഗ്യം, (ഉദാ: യഥാക്രമം ബ്രഹ്മാവ്, വിഷ്ണു, ശിവന്, സരസ്വതി, ധന്വന്തരി) എന്നീ നിഷ്കൃഷ്ടമായ കര്‍മ്മങ്ങള്‍ തുടങ്ങി പൊതുവില്‍ വിശാലമായ കര്‍മ്മങ്ങളും (അയ്യപ്പന്,ഗണപതി) ദൈവങ്ങളില്‍ നിക്ഷേപിതമായി. ഇതിനനുസൃതമായ വേഷവിധാനങ്ങളും ആയുധങ്ങളും കല്‍പ്പിക്കപ്പെട്ടു. പിന്നീട്, ഈ ലിഖിതങ്ങളെ ചിത്രകാരന്മാരും ശില്‍പ്പികളും ചിത്രങ്ങളിലൂടെയും പ്രതിമകളിലൂടെയും ആവിഷ്കരിച്ചപ്പോള്‍, അവരെല്ലാം ബോധപൂര്‍ണ്ണമല്ലാതെ അനുവര്‍ത്തിച്ച ഒരു നിയമം ദൈവങ്ങളുടെ "നില" (pause) ആയിരുന്നുവെന്ന് കാണാം. ലിഖിതങ്ങളോ അലിഖിതങ്ങളോ ആയ ഒരു നിയമത്തിനെയും അതിജീവിക്കുവാന്‍ ഈ രചനകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇങ്ങനെയുള്ള ഈ രചനകളിലൂടെയാണ് ഭൂരിഭാഗം ഭക്തരും മനസ്സില്‍ ദൈവസങ്കല്പ്പം നടത്തുകയെന്ന് തോന്നുന്നു. ഇവിടെ ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ തിരിച്ചറിയുന്നതെങ്ങിനെയോ അങ്ങിനെ തന്നെയാണ് ദൈവങ്ങളേയും തിരിച്ചറിയുന്നത്. ഇതിന്റെ പ്രധാന പ്രക്രിയ എന്നത് മനുഷ്യമസ്തിഷ്കത്തിലെ "ഫയലിംഗ് സിസ്റ്റം" തന്നെയല്ലേ? ഒരാളുടെ പേര് നമ്മോട് പറയുമ്പോള്‍ത്തന്നെ, അല്ലെങ്കില്‍ അയാളെ സംബന്ധിച്ച എന്തെങ്കിലും ആരെങ്കിലും സൂചിപ്പിക്കുന്ന മാത്രയില്‍ അയാളുടെ മുഖത്തിന്റെ ഒരു ചിത്രം നമ്മുടെ മനസ്സില്‍ മിന്നിത്തെളിയുന്നു. ആയിരക്കണക്കിനാളുകളെ പ്രത്യേകം തിരിച്ചറിയാന്‍ നമ്മെ സഹായിക്കുന്ന അത്യന്തം സങ്കീര്‍ണ്ണമായ ഈ ഫയലിംഗ് സിസ്റ്റം, അതിലോരോരുത്തരുടെയും പ്രവര്‍ത്തികള്‍, അവരുടെ സംഭാഷണങ്ങള്‍, അവരുടെ മറ്റ് പ്രത്യേകതകള്‍ ഇവയെല്ലാം നമുക്ക് തരുന്നു; "മുഖം" എന്ന ഒരൊറ്റ ചിത്രത്തിനെ (Image) അടിസ്ഥാനമാക്കി. കണ്ട മുഖങ്ങളുടെ ആകര്‍ഷണീയത, അവസാനം കണ്ട സമയം, അവരുടെ പ്രത്യേകതകള്‍ ഇവയെല്ലാം ഈ ഫയലിംഗ് സിസ്റ്റത്തില്‍ ഓരോരുത്തര്‍ക്കും പ്രാധാന്യം കല്പ്പിക്കാന് ഉപബോധമനസ്സ് സഹായിക്കുന്നു.
അപ്പോള്‍ ഒരു സാധാരണ മനുഷ്യന് ഇതില്‍ നിന്നൊന്നും വ്യത്യസ്ഥമായല്ല ദൈവത്തിനെ തിരിച്ചറിയുന്നത് എന്നര്‍ത്ഥം. അതായിരിക്കാം ടെലിവിഷന്‍ സീരിയലിലേയും സിനിമയിലേയും നടീനടന്മാരുടെ മുഖച്ഛായകള്‍ പരമ്പരാഗത മുഖച്ഛായകളെ ഹൈജാക്ക് ചെയ്യുന്നതിന്റെ പിന്നിലുള്ള രഹസ്യവും. ഇതില്‍ എന്തെങ്കിലും അസുഖകരമാകേണ്ട ഒന്നുണ്ടോ എന്നത് ചിന്തനീയമാണ്. മനുഷ്യരചിതമായ പരമ്പരാഗത കല്‍പ്പനകള്‍ ഒന്നും തന്നെ പുതിയ ദൈവബിംബങ്ങളിലും മുഖങ്ങളിലും ലംഘിക്കപ്പെടാതിരിക്കുമ്പോള്‍ തന്നെ ദൈവത്തിന്റെ മുഖത്തിന് സംഭവിക്കുന്ന മാറ്റങ്ങളെ അസഹിഷ്ണുതയോടെ മാത്രമേ മനുഷ്യന് വീക്ഷിക്കുന്നുള്ളൂ. അമാനുഷികമായ ദൈവികതയെ,മാറ്റമില്ലാത്ത നിത്യമായ ഒരു മനുഷ്യരൂപത്തില്‍ തന്നെ കാണാനുള്ള ഉപബോധമനസ്സിന്റെ ശക്തിയാവാം ഇത്.
Tuesday, July 14, 2009
കൊടകരപുരാണവും ഭക്തിപ്രസ്ഥാനവും
"കൊടകരപുരാണമുണ്ടോ?"
പയ്യന്‍സ് പുരികം പൊക്കിയിട്ട് ഒരിടത്തേക്ക് ചൂണ്ടിക്കാട്ടി. സന്തോഷത്തോടെ അവിടെ ചെന്നു നോക്കിയപ്പോള്‍ അദ്ധ്യാത്മരാമായണം, ശ്രീമഹാഭാഗവതം, ശിവപുരാണം എക്സട്രാ എക്സട്രാ നിരന്നിരിക്കുന്ന സെക്ഷനിലേക്കാണ് പുള്ളി ചൂണ്ടിയത്. വിശാലന്, എഴുത്തച്ഛന്റേയും പൂന്താനത്തിന്റേയും ഒക്കെ ഗണത്തിലായിപ്പോകുന്ന ലക്ഷണമുണ്ട് ഈ പോക്കു പോയാല്‍.
"ഹവ്വെവര്‍", വിശാലന്റെ ഒരു ടൈം!
Saturday, July 11, 2009
Friday, July 10, 2009
Sunday, June 21, 2009
തയ്യാറെടുപ്പ്
"ആ അച്ചാ.. ഞാനാ" മകളുടെ മറുപടി
എനിയ്ക്ക് ദേഷ്യം വന്നു. "നിന്നോടെത്ര പ്രാവശ്യം പറഞ്ഞിട്ടൊണ്ട് ഇങ്ങനെ കുത്തി വരയ്ക്കല്ലേന്ന്. നിനക്കു വല്ല പേപ്പറേലോ ബുക്കേലോ മറ്റോ വരച്ചാ പോരേ?"
"അച്ചാ.. അച്ചനല്ലേ പറഞ്ഞിട്ടൊള്ളത്, "മോളേ.. യു ഹാവ് ടു മേക്ക് എ മാര്‍ക്ക് ഇന്‍ ദിസ് വേള്‍ഡ്" എന്ന്. ഡെസ്ക്കേ തൊടങ്ങിയാലേ വേള്ഡിലൊക്കെ മാര്ക്കൊണ്ടാക്കാന് പറ്റത്തൊള്ളൂ?"
"##&&****"
Friday, June 19, 2009
പണിക്കുറവില്ലാത്തതും പണിക്കൂലിയില്ലാത്തതും ഇഷ്ടമില്ലാത്തവര്‍
അടുത്തിടെയുള്ള ചായകുടി നാട്ടുവര്‍ത്തമാനത്തിനിടെയില്‍ ആരോ പറഞ്ഞു."റിസഷന് മാറി. അറിഞ്ഞില്ലേ?"
പറഞ്ഞവനെ ആരും കൊന്നില്ല. ചിരിച്ച് വധിച്ചു.
ചോദ്യം "ലേ ... നൂറ് പേരെ പിരിച്ച് വിടാന്‍ പോണ്. അറിഞ്ഞില്ലേ" എന്നോ " ശമ്പളം കൊര്‍ച്ചൂടെ വെട്ടാന്‍ പോണ്" എന്നോ ആയിരുന്നെങ്കില്‍ പ്രതികരണം പോസിറ്റീവ് ആയേനേ.
ജോലി ചെയ്യുന്ന പ്രോജക്ടില്‍ നിന്നും കഴിഞ്ഞയാഴ്ച പത്തറുപതുപേര് രാജി സമര്‍പ്പിച്ചിരിക്കുന്നു. പ്രോജക്റ്റിലെ അസംതൃപ്ത വിഭാഗത്തിലുള്ള ഒരുത്തനോട് വ്യക്തിപരമായി തിരക്കിയപ്പോള്‍ അവന് പറയുന്നു.
"അണ്ണാ.. ഇവിടുത്തെ പുതിയ സ്ലോഗന് കേട്ടില്ലേ?"
"അതെന്തുവാടേ?"
"പണിക്കുറവുമില്ല്ല... പണിക്കൂലിയുമില്ല... പിന്നെന്തിനാണ്ണാ പണി?
Wednesday, June 10, 2009
കഥ പറയുകയാണെങ്കില്‍
"കത പറഞ്ഞു തന്നാലേ ചോറുണ്ണത്തൊള്ളൂ" "
"എടീ നിന്നോടാ പറഞ്ഞെ വാ പൊളിക്കാന്‍. ഹോ! എന്റീശ്വരാ.. ഞാന്‍ തോറ്റു. എന്റെ കുഞ്ഞേ. ഒന്നു വാ പൊളി""അമ്മ കത പറ. അല്ലെങ്കി ഞാന്‍ വാ പൊളിക്കത്തില്ല."
വായിച്ചുകൊണ്ടിരുന്ന ന്യൂസ്പേപ്പര്‍ നെഞ്ചിലേക്കിട്ട് ഞാന്‍ ചെവിയോര്‍ത്തു. ഭാര്യയും മകളും തമ്മില്‍ മകളുടെ ഭക്ഷണ സമയത്തുള്ള സ്ഥിരം സംഘട്ടന രംഗമാണ് അരങ്ങേറുന്നത്. ഇനി ഏതു കഥയാണാവോ?
"ഹോ! ഇനി ഏതു കഥ പറയാനാ കുഞ്ഞേ?""ഇം.... കീരീടേം പാമ്പിന്റേം കത പറഞ്ഞാ മതി""ഇയ്യോ! പതിനായിരം പ്രാവശ്യം പറഞ്ഞിട്ടോള്ളതല്ലേ""ആ കത മതീ.ആ കത മതീ.......""ശരി ശരി വാ പൊളി ... ആ ആ ആ അം!"
അപ്പോള്‍ ഫസ്റ്റ് ഉരുള വായില്‍ കയറിയെന്നര്‍ത്ഥം. ഞാന്‍ പേപ്പര്‍ നിവര്‍ത്തി വായന തുടങ്ങി. പശ്ചാത്തലത്തില്‍ പാമ്പിനെ കൊന്ന കീരിയെ, തന്റെ കുഞ്ഞിനെ കടിച്ചവന് എന്ന് ഒരമ്മ തെറ്റിദ്ധരിച്ച് കൊന്നുകളഞ്ഞ കഥയും ചോറൂണും “വാ പൊളി കുഞ്ഞേ” ആക്രോശങ്ങളും തകൃതിയായി മുന്നേറുന്നു.
ഉരുളകള്‍ പലതുകഴിഞ്ഞ് കഥ പര്യവസാനത്തിലെത്തിയെന്ന് മനസ്സിലായി
"അപ്പോ....ആലോചനയില്ലാതെ ഒരു കാര്യവും ചെയ്തുകൂടാ എന്നാണ് ഈ കഥേന്ന് നമക്ക് പഠിക്കാനൊള്ളത്. ആ.. കഴിച്ചേ.. അല്ലേ . ചുമ്മാ ചവച്ചോണ്ടിരിക്കുവാണോ?"
മൗനം.
ഞാന്‍ പേപ്പര്‍വായന നിര്‍ത്തി ശ്രദ്ധിച്ചു. ചെറിയ ഒരു തേങ്ങലിന്റെ ശബ്ദം. മകള്‍ ഗദ്ഗദം കൊള്ളുന്നു.
"അയ്യേ കരയുന്നോ? ദേ മക്കളീ ചോറൂടുണ്ടേ. രണടുരുളേം കൂടല്ലേയുള്ളൂ. വാ പൊളിച്ചേ"
"ഉം...ഉം. വേണ്ട. എനിക്ക് സങ്കടം വരുന്നു"
"എന്തിന്?"
"കീരി ചത്തുപോയില്ലേ? അമ്മയ്ക്ക് സങ്കടം വന്നില്ലേ? അതാ"
"ങാഹാ. അതാണോ കാര്യം? കഥ തീര്‍ന്നില്ലല്ലോ. ഇനീമൊണ്ട്. ദേ ഈ ചോറൂടുണ്ടാല് പറഞ്ഞുതരാം"
ഏ! ഈ കഥ ഇനിയും ഉണ്ടെന്നോ? അതേതു ഭാഗം ? ഞാന്‍ ചെവിയോര്‍ത്തു.
"ആ പറ. ആ"
"ആ അം. അതൊക്കെ കഴിഞ്ഞ് അമ്മ ചുമ്മാ തിണ്ണയിലിരുന്നപ്പോള് ഒരു കൊച്ചു കീരിക്കുഞ്ഞ് അതുവഴി വന്നു. അമ്മ അതിനെയെടുത്ത് അകത്തുകൊണ്ടുപോയി പാലും പഴവും ഒക്കെ കൊടുത്തു. കീരിക്കുഞ്ഞിന് വല്യ സന്തോഷമായി. അങ്ങനെ ആ കീരിക്കുഞ്ഞ് സന്തോഷമായിട്ട് അവിടെ വളര്‍ന്നു. "
"ന്നിട്ട്?"
"പിന്നൊരു ദിവസം അമ്മ പണ്ടത്തെപ്പോലെ വെള്ളം കോരാന്‍ പോയിട്ട് വരുമ്പോള്‍ കീരിയുണ്ട് ചോരയുമൊലിപ്പിച്ച് മുന്പില്. ഇത്തവണ അമ്മ കീരിയെ കൊന്നില്ല. പകരം ഓടി വീട്ടില്‍ ചെന്നപ്പോള്‍ എന്താ കണ്ടത്?"
"എന്താ കണ്ടത്?"
എന്തായിരിക്കും കണ്ടത് എന്നറിയാന്‍ എനിക്കും ഉല്‍ക്കണ്ഠയായി.
"അവിടെ കുഞ്ഞിരുന്ന് കളിക്കുന്നു. തൊട്ടപ്പുറത്ത് ഒരു പാമ്പ് ചത്ത് കിടക്കുന്നു. അമ്മയ്ക്ക് മനസ്സിലായി കീരി പാമ്പിനെ കൊന്നതാണെന്നും തന്റെ കുഞ്ഞിനെ രക്ഷിച്ചതാണെന്നും. അമ്മയ്ക്ക് സന്തോഷമായി. അമ്മ കീരിക്ക് പാലും പഴവും ഒക്കെ കൊടുത്തു. എന്നിട്ട് അവരെല്ലാം കൂടി സന്തോഷമായി ജീവിച്ചു. ആ ആ അം. ഹോ! ചോറ് തീര്‍ന്നു."
ഞാന്‍ ദീര്‍ഘനിശ്വാസം വിട്ടു. ദു:ഖപര്യവസായിയാരുന്ന ഒരു കഥ ഇതാ സന്തോഷ പര്യവസായിയായിരിക്കുന്നു.
ഞാനെഴുന്നേറ്റ് ഭാര്യയുടെ അടുത്തേക്ക് ചെന്നു.
"കൊള്ളാവല്ലോടീ. നീ തകര്‍ത്തു. കഥയുടെ എക്സ്റ്റന്‍ഷന്‍ കലക്കി. മെഗാസീരിയലിന്റെ സംവിധായകന്മാര് കഥ നീട്ടുന്നപോലെ നിസ്സാരമായി അങ്ങ് നീട്ടി. കിടിലം കേട്ടോ"
ഭാര്യ നിസ്സാരമായി പറഞ്ഞു.
"എനിക്കെന്റെ കുഞ്ഞു വല്ലതും കഴിക്കണം അത്രയേ ഒള്ളൂ. അവള് കഴിച്ച് തീരുന്നതു വരെയാ കഥയുടെ നീളം"
കഥ പറയുകയാണെങ്കില്‍.... ഇങ്ങനെ പറയണം!
Friday, May 15, 2009
മാമ്പൂപ്പാടവും പുതിയ സിനിമാപ്പക്ഷികളും
ഗിരീഷ് പുത്തഞ്ചേരിസാര്‍ രചിച്ച് പല സംഗീത സംവിധായകര്‍ ഈണം പകര്‍ന്ന ശ്രവണസുഖം നല്കുന്ന കുറേ പാട്ടുകള്‍ ഇറങ്ങിയിട്ടുണ്ട്. കേള്‍ക്കുന്നതൊക്കെ കൊള്ളാം. അര്‍ത്ഥം നോക്കിയാല്‍.. ഹൊ നമിച്ചു പോകും. ശ്രവണസുഖവും കവിത്വവുമുള്ള കുറേ വാക്കുകള്‍ എടുത്ത് ചുമ്മാ പ്രത്യേകിച്ച് ഒരര്‍ത്ഥവും ഇല്ലാതെ ഉണ്ടാക്കിയ പാട്ടുകളാണിത് എന്ന് എനിക്ക് തോന്നിയത് ഞാന്‍ ശാസ്തമംഗലത്ത് താമസിക്കുന്ന കൊണ്ടാണോ?
ഈ അര്‍ത്ഥമില്ലായമ ഒക്കെ ഉടലെടുക്കുന്നത് അണ്ണാ.. ഒരു വരി "മ" യില്‍ തുടങ്ങിയാല്‍ അടുത്തതും "മ" തന്നെ വേണമെന്ന് അണ്ണന് നിര്‍ബ്ബന്ധമുള്ളത് കൊണ്ടല്ലേ? അത് ഓക്കെ. അണ്ണന്റെ വരി. അണ്ണന്റെ "മ". അതിനിങ്ങനെ അക്രമിക്കാവോ അണ്ണാ?
ചിത്രം : ഓർക്കുക വല്ലപ്പോഴും
സംഗീതം: എം.ജയചന്ദ്രൻ
"നല്ല മാമ്പൂപ്പാടം പൂത്തെടീ പെണ്ണേ
കുഞ്ഞുമഞ്ഞക്കിളി കണ്ണേ
കണ്ണാരേ മഞ്ഞണിഞ്ഞ മാൻകുരുന്നേ"
മാമ്പൂപ്പാടമേ! - മാവ് പാടത്ത് കൃഷിചെയ്ത് അതില്‍ പൂപിടിച്ച ഈ പാടം. .. അങ്ങനത്തെ ഒരു പാടം .... ഒരൊന്നരപ്പാടമാരിക്കും. ഹോ എന്നാ ക്രിയേറ്റിവിറ്റി!
കുഞ്ഞുമഞ്ഞക്കിളിക്കണ്ണേ - ഹോ .. ആ പെങ്കൊച്ചിന്റെ കണ്ണെന്നാ കണ്ണാരിക്കും. നാട്ടില്‍ കാണാറുള്ള മഞ്ഞക്കിളിക്ക് ചുവപ്പു വട്ടത്തില്‍ കറുത്ത കണ്ണാണേ.
ഈ കണ്ണാരേ ന്നു വെച്ചാ എന്നതാണോ എന്തോ?
ചിത്രം: ബനാറസ്
സംഗീതം: എം.ജയചന്ദ്രൻ
"പ്രിയനൊരാൾ ഇന്നു വന്നുവോ
എന്റെ ജാലകത്തിലെ
രാത്രി മൈന കാതിൽ മൂളിയോ "
രാത്രിമൈനയോ? അതെന്ത് പക്ഷിയാന്നോ എന്തോ?
(ഈ പാട്ടിന്റെ ബാക്കിഭാഗം ഒരു രക്ഷയുമില്ല. അതുകൊണ്ട് വിട്ടുപിടിക്കുന്നു)
ചിത്രം: ബനാറസ്
സംഗീതം: എം.ജയചന്ദ്രൻ
കൂവരം കിളിപൈതലേ
കുണുക്കു ചെമ്പകതേൻ തരാം
കുന്നോളം കുമ്പാളേൽ മഞ്ഞളരച്ചുതരാം
ആമ്പലക്കുളിരമ്പിളി
കുടനിവർത്തണതാരെടീ
മുത്താരം കുന്നുമേൽ മാമഴമുത്തണെടീ
കുപ്പിവളയ്ക്കൊരു കൂട്ടുമായ്
കുട്ടിമണിക്കുയിൽ കൂകി വാ
പൊന്നാരേ മിന്നാരേ മിടുക്കിക്കുഞ്ഞാവേ
അല്ലാ. ഇതെന്തോന്നാ ഈ ആമ്പലക്കുളിര്?
മുത്താരം : മലയാള സിനിമാഗാരചയിതാക്കള്‍ ലോഭമില്ലാതെ ഉപയോഗിക്കുന്ന ഒരു വാക്കാണ് മുത്താരം. മുത്താരം കുന്ന്, മുത്താരം മുത്ത്, മുത്താരം മുത്താന്‍, മുത്താരമായ് മാറാം, മുത്താരം കല്ല്, മുത്താരം കെട്ടട്ടെ. ഹൊ! ഇതു കൂടാതെ മിന്നാരം, പുന്നാരം എന്നിവയും ഉണ്ടേ...
കുട്ടിമണിക്കുയിൽ : മലയാള സിനിമാഗാരചയിതാക്കള്‍ സാഹിത്യത്തിന് സംഭാവന ചെയ്ത മറ്റൊരു സാങ്കല്‍പ്പിക പക്ഷി. ബാക്കിയുള്ളവ താഴെ ചേര്‍ക്കുന്നു. കടപ്പാട് ജ്ഞാനിയായ അനോണി അന്തോണിയുടെ "സിനിമാക്കിളി ക്വിസ്: (വേറേ ഒരു പണിയുമില്ല)" എന്ന പോസ്റ്റിന്.
കുട്ടിമണിക്കുയിൽ,കരിമിഴിക്കുരുവി,വാഴപ്പൂങ്കിളി,അമ്മൂമ്മക്കിളി,കൃഷ്ണപക്ഷക്കിളി,താമരക്കുരുവി,ഓലേഞ്ഞാലി കുരുവി,രാത്രിമൈന,മഞ്ചാടിമൈന.
പൊന്നാര്യൻ കൊയ്യുമ്പം തുമ്പിക്ക് ചോറൂണ്
കട്ടുറുമ്പമ്മേ കുട്ടികുറുമ്പിൻ കാതുകുത്താണിന്ന്
വെള്ളാരം കല്ലിന്മേൽ വെള്ളിനിലാവില്ലേ
തുള്ളിത്തുളുമ്പും പൂമണിപ്പെണ്ണിൻപാദസരം തീർക്കാൻ
മടിച്ചിത്തത്തേ മുറുക്കാൻ തെറുത്തുതരാം വരമ്പിൽ
കല്യാണം കൂടാനായ് നെല്ലോലപ്പന്തലിടാം
പിന്നെ! തുമ്പി ചോറല്ലേ ശാപ്പിടുന്നത്.
ചേലോലും ചുണ്ടത്തെ ചിങ്ങനിലാവുണ്ണാൻ
ചില്ലുകൊക്കോടെ ചുറ്റിപ്പറക്കും
ചിന്നച്ചകോരം ഞാൻ
മാമ്പൂവിൻ മൊട്ടോലും മാറത്തെ മാമുണ്ണാൻ
മഞ്ചാടിമൈനേ മറ്റാരും കാണാതെന്നു വിരുന്നുവരും
കുറുഞ്ഞിപ്രാവേ കുറുകാൻ പയർവറുക്കാം കുളിരിൻ
കൂടാരം തേടാനായ് അന്തിക്ക് ചേക്കേറാം
മഞ്ചാടിമൈനേ : ദേ പുതിയ മൈന. എന്റണ്ണാ...............................
===========================================
ഇതെല്ലാം കണ്ടേച്ച് "എന്നാ ചൊണേണ്ടെങ്കി നീ എഴ്തെടാ ഒരു സിനിമാപ്പാട്ട്" എന്നാരും പറയല്ലേ.
പണ്ട് ജഗതിയുടെ ഒരു കഥാപാത്രം ഒരു സിനിമയില്‍ പറയുന്നുണ്ട്.
"ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം." ഹും. ഇതൊക്കെയാണോടെ കവിത! ഓര്‍മ്മകള്‍ മേയും പോലും. ഓര്‍മ്മകളെന്താ പശുക്കളോ മേയാന്‍? ഇത് കേക്കിന്. നല്ല ബെസ്റ്റ് കവിത.
കടലു കട കണ്ടു
കട കടലു കണ്ടു
കടലു കടയോടു കടല കടം ചോദിച്ചു.
കട കടോ കട കടോ കിടോ കിടോ"
ഇതൊക്കെ തന്നെയല്ലേ ഇപ്പോള്‍ പ്രാക്ടിക്കല്‍ സിനിമാഗാനരചന?
Saturday, April 25, 2009
കലാമണ്ഡലം കേശവന് : ആദരാഞ്ജലികള്‍
Thursday, April 23, 2009
വെളിച്ചപ്പാടിന്റെ സൂര്യനെ വിഴുങ്ങലും ജാവായുടെ വിധിയും (ഓറക്കിള്‍-സണ്‍ അക്യുസിഷന്‍)
ഇതിന്റെ ഒരു പ്രത്യേകത് ഓറക്കിള്‍ ഇതു വരെ കൈ വെച്ചിട്ടില്ലാത്ത ഹാര്‍ഡ് വെയര്‍ വ്യവസായത്തിലും അവര്‍ കൈവെച്ചിരിക്കുന്നു എന്നതാണ്. സണ്‍ മൈക്രോ സിസ്റ്റംസിന്റെ 9 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള സര്‍വര്‍/സ്റ്റോറേജ് ബിസ്സിനസ്സ്, ഓറക്കിള്‍ എങ്ങിനെ കൈകാര്യം ചെയ്യാന്‍ പോകുന്നു എന്നതും ഐ.ടി ലോകം കൗതുക പൂര്‍വ്വം കാത്തിരിക്കുന്നു. ഒരുപക്ഷേ അവര്‍ അതങ്ങനെ തന്നെ മറ്റ് ഹാര്‍ഡ് വെയര്‍ വമ്പന്മാരായ ഐ.ബി.എമ്മിനോ ഫ്യൂജിറ്റ്സ്സുവിനോ വില്‍ക്കാനും മതി.
ഈ അക്യുസിഷനിലെ ഏറ്റവും ഉത്ക്കണ്ഠാകുലമായ കാര്യം ഓറക്കിള്‍ കോര്പ്പറേഷന് "ജാവ" ലാങ്വേജിനെ എങ്ങിനെ കൈകാര്യം ചെയ്യാന്‍ പോകുന്നു എന്നതാണ്. സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ നെടുന്തൂണുകളിലൊന്നായ "ജാവ" ലാങ്വേജിനെ ഈ അക്യുസിഷനിലൂടെ സ്വന്തമാക്കിയതിലൂടെ ഓറക്കിളിന്റെ സി.ഇ.ഒ, ലാറി എലിസണ്‍ പറഞ്ഞത് "ഇതാണ് ഞങ്ങള്‍ സ്വന്തമാക്കിയതിലേക്കെറ്റവും പരമപ്രധാനമായ സോഫ്റ്റ്വെയര് അസ്സറ്റ്" എന്നാണ്. ഇതിന് പ്രവചനാതീതമായ മാനങ്ങളുണ്ടു താനും. കഴിഞ്ഞ 13 കൊല്ലങ്ങളായി സോഫ്റ്റ്വെയര് വ്യവസായത്തിലെ പ്രധാന ബ്രാന്‍ഡും, പ്രധാന ലാങ്വേജും ജാവയാണ് എന്നത് മറന്നു കൂടാ. "സണ്‍" ന്റെ ബ്രാന്‍ഡ് മാര്‍ക്കറ്റിംഗിലെ കഴിവുകേടുകലൊന്നും തന്നെ അതിന്റെ വളര്‍ച്ചയേയോ ഉപയോഗത്തേയോ ബാധിച്ചതുമില്ല. ലോകത്തിലെ A to Z ഇലക്ടറോണിക്/ഇതര ഉത്പ്പന്നങ്ങളേയും നേരിട്ടോ അല്ലാതെയോ നിയന്ത്രിക്കുന്നത് ജാവാ ഉപയച്ച്ചുള്ള പ്രോഗ്രാമുകളാണ് (ഉദാ:പി.സി, സെല്‍ഫോണ്‍). ഇത്തരമൊരു ഉത്പന്നം (ജാവാ) ഒരു പ്രൊപ്രൈറ്ററി ഭീമന്റെ (ഓറക്കിള്‍) കൈയ്യില്‍ എത്തുമ്പോള്‍ "ശുക്രക്കണ്ണനായ" ലാറി എലിസണ്‍ എന്തൊക്കെ ബിസ്സിനസ്സ് സാദ്ധ്യതകളാണ് കാണുന്നത് എന്നത് പ്രവചനാതീതം. ഓറക്കിള്‍ കോര്‍പ്പറേഷന്റെ ഏറ്റവും ശക്തമായ വരുമാനസ്രോതസ്സാകാന് ജാവ തയ്യാറാവുകയായിരിക്കാം. അതുവഴി പതിനായിരക്കണക്കിനു കമ്പനികള്‍ ഓറക്കിളിന്റെ "ആയിരം പല്ലി" കരങ്ങളിലേക്ക് "കുരുങ്ങുകയും" ചെയ്യപ്പെട്ടേക്കാം.
ഇനിയുമുണ്ട് ഉത്ക്കണ്ഠാജനകമായ കാര്യങ്ങള്‍. ലോകത്തിലെ ഏറ്റവും സുസ്ഥിരതയുള്ള ഓപ്പണ്‍ സോഴ്സ് ഡാറ്റാബേസ് സിസ്റ്റമായ "മൈസീക്ക്വല്" ഇപ്പോള്‍ പ്രൊപ്രൈറ്റ്റി ഡാറ്റാബേസ് സിസ്റ്റം ഭീമനായ ഓറക്കിളിന്റെ കൈയ്യിലാണ്. അവരതിനെ എന്തു ചെയ്യാന്‍ പോകുന്നു എന്നത് കാത്തിരുന്നു തന്നെ കാണണം.
ഓപ്പണ്‍ സോഴ്സ് ലൈസന്സ്സുകളുടെ സങ്കീര്‍ണ്ണതകള്‍ കൂടി ആലോചിച്ചാല്‍ ഓറക്കിളിന് ഈ അക്യുസിഷന്‍ കൊടുക്കാന്‍ പോകുന്ന തലവേദനകള്‍ ചെറുതായിരിക്കില്ല. ഫ്രീ/ഓപ്പണ്‍ സോഴ്സ് പ്രസ്ഥാനങ്ങള്‍ക്കും.
ഇതൊന്നും കൂടാതെ ഈ അക്യുസിഷനിലൂടെ നഷ്ടത്തിലായി നില്ക്കുന്ന "സണ്‍" നെ തിരികെ ലാഭത്തിലാക്കാന്‍ 40% മുതല്‍ 70% വരെ (ഉദ്ദേശം 33,000 പേര്) ലേ-ഓഫ് (പിരിച്ചു വിടല്‍) ഓറക്കിള്‍ ഉദ്ദേശിക്കുന്നു എന്നും അഭ്യൂഹങ്ങള്‍ ഉണ്ട്. വെറും അഭ്യൂഹങ്ങള്‍ അല്ല. വെല്‍ എജ്യുക്കേറ്ഡ് അഭ്യൂഹങ്ങള്‍.
Thursday, March 26, 2009
ശമ്പളം കുറയുന്ന വഴികള്‍
ഘനഗംഭീരമായ ശബ്ദത്തില്‍ സി.ഇ.ഒ മൊഴിഞ്ഞു.
"പുരുഷ വനിതാ രത്നങ്ങളേ, ആഗോളമാന്ദ്യം എന്നത് എത്ര മാത്രം നമ്മുടെ കമ്പനിയെ ബാധിച്ചു എന്ന് നിങ്ങള്‍ക്കെല്ലാം അറിവുള്ളതാണല്ലോ. ഇതിലും കടുത്ത പ്രശ്നമുള്ളപ്പോള്‍പ്പോലും നാം ശമ്പളം വെട്ടിക്കുറച്ചിട്ടില്ലാ എന്നത് എല്ലാവരും ഓര്‍ക്കുമല്ലോ. ഇത്തവണയും അങ്ങിനെ തന്നെ. നാം ശമ്പളം വെട്ടിക്കുറക്കുന്നില്ല"
സദസ്സില്‍ ഒരിളക്കം. ഒരു അന്തര്‍ വായൂ ബഹിര്‍ഗനം എന്ന് സിമ്പിളായി പറയാം. എന്റെ മനസ്സില്‍ സി.ഇ.ഒ യുടുള്ള വാത്സല്യം കരകവിഞ്ഞു. സി.ഇ.ഓ ഒരു കുഞ്ഞായിരുന്നെങ്കില്‍ ഞാന്‍ ആ തങ്കക്കുടത്തിന് എത്ര ഉമ്മകൊടുത്തേനേ. "സാറേ.. സാര്‍ ഓമനയാകുന്നു. തങ്കമാകുന്നു" എന്ന് ഞാന്‍ മനസ്സില്‍ ആവര്‍ത്തിച്ചു.
"പക്ഷേ " സി.ഇ.ഒ തുടര്‍ന്നു.
"നമുക്ക് പിടിച്ചുനില്ക്കണമെങ്കില്, ലക്ഷ്യത്തിലെത്തണമെങ്കില്‍ ചില നടപടികള്‍ ആവശ്യമാണെന്ന് വരുന്നു. അതുകൊണ്ട് നമ്മുടെ ശമ്പളത്തിന്റെ ഘടനയില്‍ ഒരു മാറ്റം അനിവാര്യമാണെന്ന് ഞാന്‍ കരുതുന്നു"
"തീര്‍ച്ചയായും സാറേ. എന്റെ ബേസിക്കും, പിന്നെ ബോണസ്സും ഒന്നു കൂട്ടിക്കിട്ടാന്‍ എനിക്ക് കൊതിയായി. ഈ സാറിന്റെ ഒരു കാര്യം. റിസഷന് കാലത്തോ ഇങ്ക്രിമെന്റ്. അടി. അടി" ഞാന്‍ മനസ്സില്‍ പറഞ്ഞു.
സി.ഇ.ഒ തുടര്‍ന്നു "അതായത്, കമ്പനിയുടെ പെര്‍ഫോര്‍മന്‍സുമായി ബന്ധിപ്പിക്കുന്ന ഒരു ഘടകം ശമ്പളത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതാണ്."
(എന്തരാടേ ഒര് കരിഞ്ഞ മണം?)
"നിങ്ങള്‍ക്ക് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന ശമ്പളത്തിന്റെ ഒരു തുച്ഛമായ ശതമാനം (വെറും ഇരുപത് ശതമാനം) കമ്പനിയുടെ പെര്‍ഫോര്‍മന്‍സുമായി ബന്ധിപ്പിക്കുന്ന ഈ ഘടകമായി ഓരോ മാസവും കമ്പനിയെടുത്ത് സൂക്ഷിച്ചുവെക്കുന്നതാണ്. വര്‍ഷാവസാനം നമ്മുടെ 2009 ലക്ഷ്യമായ 3000 മില്യണ്‍ ഡോളര്‍ എത്തിപ്പിടിച്ചാല്..... ഈ പെര്‍ഫോര്‍മന്‍സുമായി ബന്ധിപ്പിക്കുന്ന ഈ ഘടകം തിരിച്ചു തരുന്നതാണ്. നൂറ് ശതമാനവും."
സദസ്സിലെ മുഖങ്ങളിലെ ട്യൂബ്ലൈറ്റുകള് മിന്നാന്‍ തുടങ്ങി.
" ഇനി 3000 മില്യണ്‍ ഡോളറിന് പകരം 2700 മില്യണ്‍ ഡോളറാണ് എത്തിപ്പിടിക്കാന്‍ പറ്റുന്നത് എന്നു കരുതുക. അപ്പോള്‍ പെര്‍ഫോര്‍മന്‍സുമായി ബന്ധിപ്പിക്കുന്ന ഈ ഘടകത്തിന്റെ അന്‍പതുശതമാനം തിരിച്ച് തരും. 2401 മുതല്‍ 2699 വരെയാണെങ്കില്‍ മുപ്പത് തൊട്ട് മുപ്പത് ശതമാനം വരെയും തിരിച്ച് തരും. 2400 മില്യണോ അതില്‍ താഴെയോ ആണ് നമുക്ക് എത്തന് കഴിയുന്നത് എങ്കില്‍ പെര്‍ഫോര്‍മന്‍സുമായി ബന്ധിപ്പിക്കുന്ന ഈ ഘടകം കമ്പനിയിലേക്ക് മുതല്‍ക്കൂട്ടാവും"
സദസ്സിലെ മുഖങ്ങളിലെ ട്യൂബ്ലൈറ്റുകള് എല്ലാം മിന്നി മിന്നി കെട്ടു.
യോഗം പിരിയാന്‍ നേരം ധനകാര്യവകുപ്പിലെ ഒരുത്തനെ കണ്ടു. അപ്പോള്‍ ചോദിച്ചു.
"എടേയ് എത്രയാരുന്നു 2008-2009 ലെ ലക്ഷ്യം?"
അവന് പറഞ്ഞു "1600 മില്യണ്‍"
ഞാന്‍ ഞെട്ടി
"അതായത് നമ്മള് ഇപ്പം കോസ്റ്റ് കുറക്കലിന്റെ ബഹളത്തിലാണ്. മിനിമം 50% കോസ്റ്റ് കുറക്കലുമുണ്ടല്ലോ ഇതിനെടേല്. അപ്പോ നമ്മള് 2400 മില്യണ്‍ ലക്ഷ്യം എത്തിപ്പിടിച്ചാല് ("പിടിക്കാനേ.. ഹ ഹ ഹ.. എവിട്ടന്ന്?") കമ്പനി 100 ല്‍ അധികം ശതമാനം ലക്ഷ്യം കൈവരിക്കും അല്ലേ"
"ങാ. എന്നും പറയാം"
"എന്നാലും കമ്പനിക്ക് പെര്‍ഫോര്‍മന്‍സുമായി ബന്ധിപ്പിക്കുന്ന ഈ ഘടകം തിരിച്ച് തരേണ്ടല്ലോ"
"തന്നെ"
"ഹപ്പം ചുരുക്കത്തില്‍ കാശ് പോയീന്നര്‍ത്ഥം"
നടന്നു പോകുന്ന വഴി പ്രധാന ധനകാര്യ അധികാരി , സി.എഫ്.ഓ കണ്ണാടിക്കൂട്ടിലിരുന്ന് പൊരിഞ്ഞ ചര്‍ച്ചയിലാണ്.
ഞാന്‍ മനസ്സില്‍ ചോദിച്ചു "അണ്ണാ.. ഈ പറയുന്ന വലിപ്പോം ഇപ്പം കാണിക്കുന്ന വരുമാനോം ഒക്കെ ഒള്ളത് തെന്നേ? സത്യം! രാമലിംഗരാജുവാണേ? "
പിന്നെ കൃഷ്ണഗാഥ വൃത്തത്തില്‍ (തന്നെ. "ലതു മഞ്ജരിയായീടും") ഒരു കവിത ചൊല്ലി
"നമ്മുടെ കമ്പിനി നല്ലോരു കമ്പിനി
ശമ്പളം കൊഞ്ചമാണെങ്കിലും ചെഞ്ചെമ്മേ"
(കടപ്പാട്: വൈ.മു.ബ)
"ജോലിയിപ്പഴും ഒണ്ട്"
സീറ്റിലെത്തിയപ്പോള്‍ ഒരു ഫോണ്‍. ഒരു ജൂനിയര്‍ എഞ്ചിനീയറു പയ്യനാണ്.
"ചേട്ടാ.. നമ്മള് ഇപ്പോള്‍ എത്ര മില്യണില്‍ എത്തി നില്‍ക്കുവാ? അല്ല. അത് കണക്കാക്കി പണിഞ്ഞാ മതിയല്ലോ"
"മോന് വെഷമിക്കണ്ട. ഇങ്ങനെ പണിഞ്ഞാല്‍ നീയൊന്നും അധികകാലം പണിയേണ്ടി വരില്ല. ഡാ! ഞാനിന്നാള് തന്ന് സ്ക്രിപ്റ്റിന്റെ വര്‍ക്കെന്തായി? ങേ? ആ സീയെമ്മസ്സിന്റെ ടെസ്റ്റിംഗോ? "
"ആ.. ങാ. അതൊക്കെ അങ്ങ് തീര്‍ന്നോളും. ഇരുപത് ശതമാനം കുറവാണെന്നറിയാമല്ലോ? അപ്പോ പ്രതീക്ഷേം ഇരുപത് ശതമാനം കൊറച്ച് മതി. പിന്നെ ഒരു കാര്യം കൂടി. എന്റെ പുളീം പൂക്കും" (ഇയ്യാള് പോയി പണി നോക്കുവ്വേ)
:-0
Tuesday, March 10, 2009
മുടിയേറ്റ് - ഭക്ത്യനുഷ്ഠാനങ്ങളുടെ വന്യമായ ചാരുത
അനുഷ്ഠാനപരമായ ഒരു കലയാണ് മുടിയേറ്റ്.അസുരനായ ദാരികനെ കാളി വധിച്ച കഥയാണ് മുടിയേറ്റിന്റെ ഉള്ളടക്കം. അമ്മദൈവസങ്കല്പ്പത്തിലൂന്നിയുള്ള അവതരണമാണിത്. പ്രധാനമായും ഭദ്രകാളീക്ഷേത്രങ്ങളിലാണ് നടത്തപ്പെടുക. കളമെഴുത്ത്,പാട്ട്, താലപ്പൊലി, തിരിയുഴിച്ചില്‍ എന്നിവക്ക് ശേഷം കളത്തില്‍ ഭഗവതിയുടെ മാറോഴിച്ചുള്ള ഭാഗങ്ങള്‍ മായ്ക്കുന്നു. അതിനു ശേഷമാണ് മുടിയേറ്റ് തുടങ്ങുക. അരങ്ങുകേളി , അരങ്ങുവാഴ്ത്തല്‍, ദാരികന്റെ പുറപ്പാട്, കാളിയുടെ പുറപ്പാട്,കോയിമ്പിടാരും വാദ്യക്കാരുമായുള്ള സംവാദം, കൂളിയുടെ പുറപ്പാടും വാദ്യക്കാരും സദസ്യരുമായുള്ള നേരമ്പോക്കും ,
കാളിയും ദാരികനും ദാനവേന്ദ്രനും തമ്മിലുള്ള യുദ്ധം,ദാരികന്റെയും ദാനവേന്ദ്രന്റെയും വധം ഇത്രയുമാണ് മുടിയേറ്റിന്റെ ഉള്ളടക്കം.
ചെണ്ടയും (രണ്ട് വീക്ക് ചെണ്ട,നാല് ഉരുട്ട് ചെണ്ട) ഇലത്താളവും ആണ് വാദ്യങ്ങള്‍. നിലവിളക്കും പന്തങ്ങളും (തെള്ളിപ്പൊടിയും) മാത്രമാണ് ദീപസംവിധാനം.
മുഖത്തെഴുത്ത് കരിയും ചായവും (ചുവപ്പ്) അരിമാവും കൊണ്ടുള്ളതാണ്. കഥകളിയിലെ പെണ്‍കരിയുടെ വേഷവും ചില ആട്ടങ്ങളും മുടിയേറ്റില്‍നിന്നുതന്നെയാകണം രൂപം കൊണ്ടത്. മുടിയേറ്റില്‍ ഗഹനവും വ്യക്തവുമായ മുദ്രാസമ്പ്രദായം ഉള്ളതായി കണ്ടില്ല. “കണ്ടോ.. ഞാന്‍ നിന്നെ കൊല്ലുന്നുണ്ട്” എന്നത് മാത്രമാണ് കാളിയും ദാരികനും കാട്ടുന്ന ഏക മുദ്രാഭിനയം എന്ന് പറയാം. മുഖത്തെഴുത്തിന്റെ പ്രത്യേകത കൊണ്ട് തന്നെ രൌദ്രം സ്ഥായിയാക്കുന്നു. മറ്റൊരു ഭാവവും ഇല്ല തന്നെ.
അഭൂതപൂര്‍വ്വമായ ജനകീയതയാണ് മുടിയേറ്റിന്റെ പ്രത്യേകത. അനുഷ്ഠാനത്തിന്റേയും ഭക്തിയുടേയും നിറഞ്ഞ സാന്നിധ്യം പ്രേക്ഷകനെ നടന്മാരോടൊത്ത് നടക്കാനും ഇടപെടാനും പ്രേരിപ്പിക്കുന്നു.കാളിയുടെ പുറപ്പാടിനു ഇരുവശത്തുനിന്നും ആര്‍പ്പുവിളിച്ച് ആവേശം കൂട്ടാന്‍ കുട്ടികളും യുവാക്കളും തിക്കിത്തിരക്കുകയാണ്. മറ്റൊരു പ്രത്യേകത, മുടിയേറ്റ് ഒരിടത്ത് അടങ്ങിയിരുന്ന് കാണാന്‍ പറ്റുന്ന ഒരു കലാരൂപമല്ല. ഒരമ്പലപ്പറമ്പാകെ കാളിയുടേയും കൂളിയുടേയും ദാരികന്റെയും ദാനവേന്ദ്രന്റെയും നടനഭൂമികയാണ്. അവരുടെ സഞ്ചാരപഥങ്ങളിലെല്ലാം പ്രേക്ഷകരും ഒപ്പം സഞ്ചരിക്കുന്നു. ചിരിക്കുന്നു. കൈകൂപ്പുന്നു. ആര്‍ത്തുവിളിക്കുന്നു. കൂവുന്നു.
കാളി മുടി കോതിയൊതുക്കി, താളിതേച്ചു മുടി മയപ്പെടുത്തുന്ന അഭിനയരീതി കഥകളിയിലെ പെണ്‍കരി (നക്രതുണ്ഡി,സിംഹിക മുതലായവ) അപ്പാടെ സ്വീകരിച്ചിരിക്കുന്നുവെന്ന് കാണാം. കോയിമ്പിടാര് എന്ന കഥാപാത്രം തലയില്‍ ഒരു വാല് (തുണി) കെട്ടി ഒരു ചെറിയ കഴുത്താരം (മാല) അണിഞ്ഞ് വരുന്ന ഒരു കഥാപാത്രമാണ്. ഒരു സൂത്രധാരനെന്നതുപോലെ തന്നെ കോയിമ്പിടാരാണ് മുടിയേറ്റിന്റെ പ്രധാനഭാഗങ്ങളെപ്പറ്റി കാണികള്‍ക്ക് സൂചന നല്‍കുന്നത്. കോയിമ്പിടാരും ചെണ്ടക്കാരനുമായി ഒരു സംവാദമുണ്ട്. ഒട്ടൊരു അസംസ്കൃതമായ സ്ലാംഗിലുള്ള മലയാളമായതിനാല്‍ മുഴുവനായി മനസ്സിലാക്കാന്‍ ഒട്ടൊരു ബുദ്ധിമുട്ട് തോന്നിച്ചു. നാട്ടില്‍ തിന്മകള് കൂടിവരുന്നെന്നും തിന്മ ചെയ്യുന്നവരെ നശിപ്പിക്കേണ്ടതിലേക്കായി ദേവി വരണമെന്നും ഗ്രാമ്യമായ കേള്‍ക്കാന്‍ സുഖമുള്ള ഒഴുക്കുള്ള ശൈലിയില്‍ രസമായി പറയുന്നു കോയിമ്പിടാരും ചെണ്ടക്കാരനും. “അടിയെടാ അടിപ്പീരേ“ എന്നൊക്കെയാണ് ഇടക്കിടെ കേട്ടത്.
കൂളി തമാശക്കാരിയാണ്. പുറപ്പാടിന് ശേഷം സദസ്യരുമായുള്ള ആശയവിനിമയം മുഴുവന്‍ ഇമ്പ്രൊവൈസേഷനില്‍ ഊന്നിയുള്ളതാണെന്ന് പറയാം. കാലികമായ വിഷയങ്ങളാണ് കൂളി ഫലിതരൂപേണ അവതരിപ്പിക്കുന്നത്. രസിപ്പിക്കുക എന്നതിലപ്പുറം ഒന്നുമില്ല. ഇടക്കിടെ സദസ്സിലിരിക്കുന്ന മുതിര്‍ന്നവരേയും കുട്ടികളേയും പിടിച്ച് പൊക്കിക്കൊണ്ടുപോയി മടിയില്‍ വെച്ച് മുലകോടുക്കുന്നതായി അഭിനയിക്കുന്നത് ചിരിയുണര്‍ത്തുന്നു. കൂട്ടത്തില്‍ “ഇവന് നന്നാകുമോയെന്ന് ഞാനൊന്ന് നോക്കട്ടെ” എന്നും പറയുന്നുണ്ടായിരുന്നു.അതിനുശേഷം പിടിച്ചുകൊണ്ടുവന്നയാളെ നിലവിളക്കില്‍നിന്നും കരിയെടുത്ത് പുരികമെഴുതി, എണ്ണ തൊട്ട് മുടിയില്‍ തേച്ച് അനുഗ്രഹിച്ച് വിടുന്നു കൂളി. സദസ്സില്‍ ഒരു
കുട്ടിപോലും പാതിരാത്രിക്കും ഉറങ്ങില്ല എന്ന് സാരം. നേരമ്പോക്കൊക്കെ കഴിഞ്ഞ് കൂളി, അമ്മയെ (കാളിയെ) വിളിച്ച് വിളിച്ച് വരുത്തുകയാണ്.
പിന്നെ കാളിയും, ദാരികനും ദാനവേന്ദ്രനും തമ്മിലുള്ള യുദ്ധമായി. ഒരേ മൂദ്രാഭിനയമാണ് എല്ലായ്പ്പോഴും. പക്ഷേ ഉച്ചസ്ഥായിയില്‍ മുറുകുന്ന മേളത്തിനൊപ്പം അമ്പലത്തിന് മൂന്നുവട്ടം വലം വെച്ച് അമ്പലപ്പറമ്പിലെല്ലാം ചുറ്റി ചുറ്റി സംഹാരരുദ്രയായി നടക്കുന്ന കാളിയെയാണ് കാണാന്‍ കഴിയുക. കാളിയായി അഭിനയിക്കുന്ന നടന്റെ മനോനിലയിലും ശരീരഭാഷയിലും ഒരു അമാനുഷികതയും അസാധാരണത്വവും കൈവരുന്നു. ഒടുവില്‍ കലിയടങ്ങാതെ സംഹാരരുദ്രയായ കാളിയുടെ മുടി(കിരീടം) കൂളീ ബലമായി ഊരിയെടുക്കുന്നു (കലി ശമിപ്പിക്കാന്‍). പിന്നെ കൂളി ബലമായി കൈയ്യില്‍പ്പിടിച്ച് കറങ്ങിത്തിരിഞ്ഞ് കാളിയുടെ കൈയ്യിലെ വാള് താഴെ ഇടുവിക്കുന്നു. ഈ അവസരത്തില്‍ കാളിയായി വേഷം കെട്ടിയ നടന് ഒരു തരം ഉന്മാദാവസ്ഥയിലായിരുന്നു. അത് കഴിഞ്ഞ് അല്‍പ്പനേരം കാളി വിശ്രമിച്ചതിനുശേഷം ദാരികനേയും ദാനവേന്ദ്രനേയും വധിക്കുന്നു (അവരുടെ മുടി പൊക്കി എടുക്കുന്നു). പിന്നെ കാളിയുടെ ഒരു ചെറിയ താണ്ഡവത്തോടെ നാട്യം അവസാനിക്കുന്നു. കാളിയായി വേഷം കെട്ടുന്ന നടന് കുട്ടികളുടെ ഭയം അകറ്റുവാന്‍ അനുഗ്രഹിക്കുന്ന ചടങ്ങ് മാത്രമാണ് പിന്നെയുള്ളത്.
ആഹാര്യത്തിന്റെ അമാനുഷികത കൊണ്ടും പന്തത്തിലും പാതി ഇരുട്ടിലുമുള്ള ദ്രുത സഞ്ചാരം കൊണ്ടും തുറന്ന തീയേറ്ററിന്റെ വിസ്തൃതിയില്‍ ഇറങ്ങി അഭിനയിച്ച് സദസ്യരെ ഭയ ഭക്തി രസങ്ങളുടെ പാരമ്യത്തിലേക്കെത്തിച്ച് നാടകത്തിന്റെ ഭാഗമാക്കുന്ന നാട്യസങ്കല്പ്പം കൊണ്ടും തനതായ അസ്ഥിത്വമുള്ള കലയാണ് മുടിയേറ്റ്. രസാഭിയത്തിനും മുദ്രാഭിനയത്തിനും പ്രകടമായ സ്ഥാനമില്ലെങ്കില്‍ത്തന്നെയും മുടിയേറ്റില്‍ ഉപയോഗിയ്ക്കുന്ന കുരുത്തോല,ചെത്തിപ്പൂവ്, കടും നിറങ്ങള്‍, പന്തം, വാള്, പട്ട് തുടങ്ങിയ വസ്തുക്കളും നടന്മാരുടെ ഭാവഹാവാദികളിലും ചലനങ്ങളിലും ഉള്ള അമാനുഷികതയും (അഭിനയത്തിനുമപ്പുറം എന്നു പറയാം) മുടിയേറ്റിന് വന്യമായ ഒരു ഭംഗിയും ചാരുതയും കൊടുക്കുന്നു. അമ്മദൈവ സങ്കല്പ്പത്തോടുള്ള മലയാളിയുടെ തേച്ചാലും മായ്ച്ചാലും മായാത്ത ഭയഭക്തി ബഹുമാനങ്ങള്‍ മുടിയേറ്റിനോടുള്ള സമീപനത്തില്‍ വെളിവാക്കപ്പെടുന്നുമുണ്ട്.
കുറച്ച് ചിത്രങ്ങള്‍ ചുവടെ. ഓടി നടന്ന് എടുക്കേണ്ടിവന്നതിനാല്‍ പരിചയക്കുറവുകൊണ്ട് അത്ര നന്നായിട്ടില്ല.
വാല്‍ക്കഷണം : ആദ്യമായാണ് മുടിയേറ്റ് കാണുന്നത്. തെറ്റുകളുണ്ടെങ്കില്‍ സദയം തിരുത്തുമല്ലോ.
Monday, March 2, 2009
സമ്പൂര്‍ണ്ണ സോഷ്യലിസ്സം
“പച്ചക്കറിക്കിപ്പോ എന്തോ വെലയാ?“
“ങാഹാ! സര്‍ക്കാരിന്റെ പരസ്യം കണ്ടില്ലേ ടീവീല്. വെല കൊറഞ്ഞെന്നും പറഞ്ഞ്“
“ഓ കണ്ടു കണ്ടു. ആന്ധ്രേലും തമിള്‍നാട്ടീലും പച്ചക്കറിക്കൊക്കെ ഭയങ്കര വെല കൊറവാ. അതുപിന്നെ അവരല്ലേ ഇക്കണ്ട പച്ചക്കറിയൊക്കെ ഉണ്ടാക്കുന്നെ? നമ്മളുപയോഗിയ്ക്കുന്നതും അതു തന്നെ. പക്ഷേ.. ഡോ.. ആന്ധ്രക്കാര്‍ക്ക് ജില്ലക്കൊരു ഐറ്റി പാര്‍ക്കു വെച്ചുണ്ടോ? നമ്മക്കതില്ലേ? കൊല്ലത്തൊന്ന്. ആലപ്പുഴക്ക് രണ്ട്, കോഴിക്കോടിനൊന്ന്. അങ്ങിനെയങ്ങിനെ. “
“ഹ! താന്‍ സര്‍ക്കാരിന്റെ കര്‍ഷകരുടെ ജീവിതം സുന്ദരസുരഭിലമാക്കി. പട്ടിണിയില്ലാതാക്കി എന്നൊക്കെപ്പറഞ്ഞിട്ടുള്ള പരസ്യോം കണ്ടില്ലേ ?“
“ഓ അതും കണ്ടു.അതിനിവിടിപ്പം പട്ടിണി കിടക്കുന്ന കര്‍ഷകരുണ്ടോടോ? സര്‍ക്കാരു പറയുന്നത് കറക്ടല്ലേ?“
“അതെന്താ? കര്‍ഷകരുടെ കാര്യം കമ്പ്ലീറ്റ് സര്‍ക്കാര്‍ ശരിയാക്കിയോ?“
“അതല്ലടോ. ഇനിയിവിടെ പട്ടിണി കിടക്കുന്ന ഐ.ടി തൊഴിലാളികളേ ഉണ്ടാവൂ. കര്ഷകന് എന്ന ജീവി കാണില്ല. കൊറച്ച് കഴിയുമ്പം ഐ.ടി തൊഴിലാളി ആത്മഹത്യയൊക്കെ ഉണ്ടാവാം. എന്തായാലും എന്‍ഡ് റിസള്‍ട്ട് കറക്ടായേ? കര്‍ഷക ആത്മഹത്യ ഇല്ലാതായി. പട്ടിണി കിടക്കുന്ന കര്‍ഷകരും ഇല്ലാതായി.“
“സമ്പൂര്‍ണ്ണ സോഷ്യലിസ്സം. ദുരിതവും തുല്യമായി വീതിച്ചാല്‍ മതിയല്ലോ”
Sunday, March 1, 2009
അല്ല! ഈ മോഹന്‍ലാല്‍ ആരാണെന്നാ നിങ്ങടെയൊക്കെ വിചാരം.
ഞാനങ്ങനെ ഒരുപാട് പ്രലോഭനങ്ങളെ അതിജീവിച്ച് “റെഡ്ചില്ലീസ്” കാണാന്‍ പോയി.
സിംഗപ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓ.എം.ആര് എന്ന മോഹന്‍ലാലിന്റെ വീരസ്യങ്ങളോടെ ആരംഭിക്കുന്ന ചിത്രം മോഹന്‍ലാലിന്റെ വീരസ്യങ്ങളിലൂടെ കടന്ന് മോഹന്‍ലാലിന്റെ വീരസ്യങ്ങളോടെ അവസാനിക്കുന്നു. (ഭഗവാനേ)
അതായത് ഈ ഓ.എം.ആര് എന്ന് വെച്ചാല്‍ ഒരു ഭയങ്കര സംഭവമാണ്. പുള്ളി സിംഗപ്പൂരിലൊക്കെ ചുമ്മാ കൊന്നും കൊലവിളിച്ചും നടക്കുന്നു. പിന്നെ പുള്ളിയെ ഒതുക്കാന്‍ ആളെവിട്ടാലുള്ള കാര്യം പറയണോ കൂട്ടരേ.
ഹ! ഇതൊന്നും പോരാഞ്ഞ് ഓയെമ്മാറിന് ഓ.എം.ആര് എഫ്.എം എന്ന ഒരു റേഡിയോചാനലുമുണ്ട് കേരളത്തില്‍. കളിയ്ക്കല്ലേ. ഓ.എം.ആര് ഭയങ്കര കലാപ്രേമിയാണ്. കേരളത്തില്‍ കല പിഴച്ചു പോകുന്നത് ഇങ്ങനെയൊക്കെയല്ലാതെ പിന്നെ. ആ! അപ്പോ പറഞ്ഞ് വന്നത് ഓ.എം.ആര് എഫ്.എം ല്‍ “റെഡ് ചില്ലീസ്” എന്ന പേരില്‍ കുറേ സുന്ദരിമാരെ ജോലിക്ക് വെച്ചിട്ടുണ്ട് ഓ.എം.ആര്. കേരളത്തിലും വ്യവസായ താല്‍പ്പര്യങ്ങളുള്ള ഓ.എം.ആറിനെ ഒതുക്കാനായി ആരൊക്കെയോ ശ്രമിയ്ക്കുന്നു. പുതുവത്സ്സരാഘോഷത്തിനിടയില്‍ റെഡ് ചില്ലീസിന്റെ വാഹനം വിപ്ലവപ്പാര്‍ട്ടിനേതാവായ മാണി വര്‍ഗ്ഗീസ്സിന്റെയും മറ്റ് പത്ത് പ്രവര്‍ത്തകരുടേയും മരണത്തിനിടയാക്കുന്ന ഒരു അപകടത്തിന് ഉപയോഗിക്കപ്പെടുകയും റെഡ്ചില്ലീസ് കേസില്‍പ്പെടുകയും ചെയ്യുന്നു. കൂട്ടക്കൊലക്കേസ് ശരിയായ ദിശയില്‍ നയിക്കാന്‍ ഓ.എം.ആര് തന്നെ രംഗത്തു വരുന്നു. ബൈ ദ ബൈ.. പുള്ളി ഒരു വക്കീലുമാണ്. ഓ.എം.ആര് ആരാ മോന്. പിന്നെ ഒരു കേസ്സന്വേഷണമല്ലേ? ഒടുക്കത്തെ കേസ്സന്വേഷണം. ഒടുവില്‍ എന്തു പറ്റീന്നാ? ഓ.എം.ആര് നിഷ്പ്രയാസം പ്രതിയെ പൊക്കിയില്ലേ? ഞാന്‍ കഥ പറഞ്ഞ് സസ്പ്പെന്സ് കളയുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹരീയുടെ ചിത്രവിശേഷത്തില്‍ പോയി നോക്കിയാല്‍ മതി.
മ്യൂസിക് : വിനു എബ്രഹാം. ത്രീഡി സിനിമ കാണാന്‍ കണ്ണട തരുന്നതുപോലെ ഇതിയാന്റെ സംഗീതം കേള്‍ക്കാന്‍ ഒരു ഇയര്‍പ്ലഗ് കൂടി കൊടുത്താല്‍ നന്ന്. എന്നാ ഒച്ചപ്പാടാ തമ്പുരാനേ?
ഇനി ഇതിലെ ചില ഓ.എം.ആര് ഹൈലൈറ്റ്സ് പറയാം. ഞാന്‍ സിനിമ കാണാന്‍ പോയത് ഭാര്യ, കുട്ടി, അമ്മായിയമ്മ എന്നിവരുടെ കൂടെയാണ്. (എന്തിനാ ഇത് പറഞ്ഞേന്ന് വഴിയേ മനസ്സിലാവും)
1. ആര്‍നോള്‍ഡ് ഷ്വാസനഗറിന്റെ കമാണ്ടോ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ സാരന്മില്ല. ഓ.എം.ആര് പറയുന്നത് കേട്ടാലും മതി. അതായത് ഓ.എം.ആര് തന്നെ ലാന്‍ഡിംഗ് സമയവും ഫ്ലൈറ്റ് നമ്പറും സീറ്റ് നമ്പറും ഒക്കെ കൊടുത്തിട്ട് അയാളെ അറസ്റ്റ് ചെയ്യാന്‍ കാത്തിരുന്ന പോലീസുകാരെ ഇളിഭ്യരാക്കിക്കൊണ്ട്, എയറിന്‍ഡ്യയുടെ ഒരു ബസ്സിനകത്താണ് പുള്ളി പ്രത്യക്ഷപ്പെടുന്നത്. ശരിയായ ഡയലോഗ് ഓര്‍ക്കുന്നില്ല. ഏതാണ്ടിതായിരുന്നു സാരം “ഫ്ലൈറ്റിന്റെ ആംഗിള്‍ ശരിയല്ലാഞ്ഞതുകൊണ്ട് ശരിക്കും ചാടാന്‍ പറ്റിയില്ല (മോളീന്നേ!). ആ.. ആ പൈലറ്റിന് ഞാന്‍ വെച്ചിട്ടുണ്ട് “ എപ്പടി?==>എന്നിലെ തറട്ടിക്കറ്റുകാരന്‍ ഉണര്‍ന്നു. ഒരു കൂവല്‍ എന്റെ അന്തരാളങ്ങളില്‍ നിന്നും തിരയടിച്ചുയര്‍ന്നു. പക്ഷേ ഞാന്‍ അടക്കി.കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുന്പില് മോസക്കാരനാവരുതല്ലോ.
2. പാവമാണ് മോഹന്‍ലാല്‍. ഇപ്പോ പഴേപോലെ അനങ്ങാനൊന്നും മേല. അതാ. എന്നുവെച്ചാല്‍.. പണ്ടൊക്കെ ടിയാന് ആദ്യം പ്രത്യക്ഷപ്പെടുന്ന സീന്‍ മാത്രമേ സ്ലോമോഷനില്‍ കാണിക്കത്തൊള്ളാരുന്നു. പക്ഷേ ഇപ്പം (തേങ്ങുന്നു)..
ഫുള്‍ സ്ലോ മോഷന്‍. എന്നു വെച്ചാല്‍ കാറില്‍ നിന്നിറങ്ങാന്‍.. കേറാന്‍.. തിരിഞ്ഞുനോക്കാന്‍.. എന്നു വേണ്ട എല്ലാ പരിപാടിക്കും. പാവം. വയസ്സായില്ലേ. അതാരിക്കും.
==>കൂവല്‍ ടെന്‍ഡന്‍സി പിന്നെയും.... ഇല്ല ഇല്ല ഇല്ല. ഞാന്‍ എന്നോടു തന്നെ പറഞ്ഞു. (കുടുംബം.. സമൂഹം)
3. പതിവുപോലെ.. മോഹന്‍ലാലിന്റെ ഓയെമ്മാറിന് വെല്യ തറവാടൊക്കെയുണ്ട്. ഒരു ശാസ്ത്രിയാണ് (ജഗന്നാഥവര്‍മ്മ) അവിടെ താമസം. അവിടത്തെ പൂജാമുറീല് അങ്ങേര് വെച്ചാരാധിക്കുന്ന ഒരു അവതാരമുണ്ട്. ദേ ആ കൂറ്റന്‍ പൂജാമുറി തുറക്കുന്നു. ആരാന്നാ? ഓ.എം.ആര് . ത്രീപീസ്സ് സൂട്ടിട്ട ഓ.എം.ആര് ദേണ്ടെ നില്ക്കുന്നു.
==>കൂവല്‍ ടെന്‍ഡന്‍സി ഉച്ചാവസ്ഥയിലായിരുന്നു.... മുഴുക്കുടിയന് വാളുവെക്കാതിരിക്കാന്‍ പണിപ്പെടുന്നപോലെ ഞാന്‍ എന്നോടു തന്നെ “അടങ്ങ് മോനേ” എന്ന് പറഞ്ഞു.
4.അവസാന സീന്‍... ജഗന്നാഥവര്‍മ്മ “താങ്കള്‍ യഥാര്‍ത്ഥത്തില്‍ ആരാണ്?” എന്ന് ചോദിക്കുമ്പോള്‍ ഓ.എം.ആര് പോക്കറ്റില്‍ നിന്നും ഒരു ബിസിനസ്സ് കാര്‍ഡെടുത്ത് കുടുക്കുന്നു. ആകാംക്ഷാഭരിതരായി അതിലേയ്ക്ക് നോക്കുന്ന ശാസ്ത്രിയും പ്രേക്ഷകരും കാണുന്നതെന്താ?ബ്ലാങ്ക്. ഫുള്‍ ബ്ലാങ്കായ ഒരു കാര്‍ഡ്.ഓ.എം.ആര് പറയുന്നു. “അതാണ് ഞാന്‍.”. എന്നുവെച്ചാല്‍ പുള്ളി അനന്തം അജ്ഞാതം ആണെന്ന്.. ഇന്‍ഫിനിറ്റി ആണെന്ന്. തനിയ്ക്ക് അഡ്രസ്സില്ലാണ്ടായീന്നാണോ മോഹന്‍ലാല്‍ പറഞ്ഞേന്നൊരു സംശം.
=> ഞാന്‍ കൂവി. തെളിച്ച് കുറുക്കന് ഓരിയിടുന്നതുപോലെ . കൂയ്. ഹോ! എന്തൊരാശ്വാസമായിരുന്നു. എന്റെ ഭാര്യയും അമ്മായിയമ്മയും കൊച്ചു കുഞ്ഞുങ്ങളായി “ങ്ങട് ഇല്ല്യാണ്ടായി” ഇരിക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ഒരാശ്വാസം.. എന്റെ മോളും എന്റെ കൂടെ കൂവി എന്നതായിരുന്നു.
ബോട്ടം ലൈന്‍
ഹോ! പെറ്റതള്ള സഹിക്കില്ല.
വാല്‍ക്കഷണം : സിനിമ കഴിഞ്ഞപ്പോള്‍ ആരോ വിളിച്ചു പറഞ്ഞു. “മോഹന്‍ലാല്‍ ആരാണെന്ന് ഇപ്പം എല്ലാര്ക്കും മനസ്സിലായല്ലോ?”
പയ്യനും ദോശയും കമ്മ്യൂണിസ്റ്റുകാരും - വി.കെ.എന്നിനെ വായിയ്ക്കുമ്പോള്‍
പയ്യന് കഥകളിലെ “ദോശ” വായിയ്ക്കുമ്പോള്‍ ഇന്നത്തെ ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റി(?)ന്റെ കപട കമ്മ്യൂണിസ്റ്റ് വീക്ഷണങ്ങളെയും സുഖലോലുപതയെയും കണ്മുന്പില് കണ്ട് എഴുതിയതുപോലെ തോന്നും. ചിരിച്ച് മറിയുന്നതിനൊപ്പം ചിന്തിപ്പിക്കുന്ന മറ്റൊരു വി.കെ.എന്‍ ഉദാത്തശില്‍പ്പം.
അറസ്റ്റ് വെട്ടിച്ച് ഒളിവില്‍ കഴിയുന്ന കമ്മ്യൂണിസ്റ്റുകാരനായ പയ്യന് ദോശ തിന്നാനുള്ള കൊതി കലശലാവുന്നു. സഹിക്കാന്‍ പറ്റുന്നില്ലെന്നര്‍ത്ഥം.”നായുടെ നാക്കിന്റെ നേര്‍മ്മയില്‍ കുത്തും പുള്ളിയും നിറഞ്ഞ് കുഴഞ്ഞാടുന്ന ദോശയുടെ വിഗ്രഹം” പയ്യന്റെ മനസ്സില്‍ ഉയരുകയാണ്. ഇവിടെ ദോശ ഒരു പ്രലോഭനമാണ്. വിപ്ലവം,നിഷ്ക്കാമ കര്‍മ്മമായ ജനസേവനം എന്നിവ ലക്ഷ്യമാക്കിയ കമ്മ്യൂണിസ്റ്റുകാരന് തന്റെ നിയോഗം മറന്ന് സുഖലോലുപതയുടെ പ്രലോഭനത്തിനു വശംവദനാവുന്നു. കര്‍ക്കശനായ വിപ്ലവകാരിയായ പയ്യന് തന്നോടുതന്നെ ചോദിയ്ക്കുന്നു. “വാദത്തിനുവേണ്ടി നീ പോയി ദോശതിന്നാന്‍ തീരുമാനിച്ചു എന്നുതന്നെ വെക്കുക. എങ്കില്‍ ആയത് പാര്‍ട്ടിയുടെ അച്ചടക്കത്തിനും നിയമാവലിയ്ക്കും എതിരാവില്ലേ?” ആ നിമിഷത്തില്‍ പയ്യന്റെ വയറ്റില്‍ ആര്‍ത്തിയുടെ വീണക്കമ്പി ഒരു ക്വാണം പുറപ്പെടുവിച്ചു. പ്രലോഭനത്തിനു ചുവടെ പയ്യന്റെ മനസ്സ് വൈരുദ്ധ്യാധിഷ്ഠിത ഭൌതികസിദ്ധാന്തത്തില്‍ അപ്പോള്‍ ചുട്ടെടുത്ത ഒരു ദോശകണക്ക് കുഴഞ്ഞു വീണു.നോക്കുക.. ഇത് ഇന്നത്തെ കര്‍ക്കശക്കാരെന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന അല്ലെങ്കില്‍ സ്വയം നടിയ്ക്കുന്ന കമ്മ്യൂണിസ്റ്റ്കാര്‍ക്കിട്ട് മനോഹരമായ ഒരു പൂശാണ്. ഭൌതികപ്രലോഭനങ്ങള്‍ക്ക് പിറകേ കണ്ണുമടച്ച് പായുന്ന നാട്യക്കാരായ കമ്മ്യൂണിസ്റ്റിനെ വി.കെ.എന്‍ തൊലിയുരിക്കുകയാണ്.
കൊച്ചുവെളുപ്പാന്‍കാലത്ത്, അഭയം കൊടുത്ത വീട്ടുകാരോട് മിണ്ടാതെ പയ്യന് പാര്‍ട്ടി അനുഭാവിയായ രാമന്‍കുട്ടിയുടെ ചായക്കടയില്‍ പിന്‍വാതിലിലൂടെ പ്രവേശിയ്ക്കുകയാണ്. അഞ്ചിടങ്ങഴി വലുപ്പത്തിലുള്ള ഒരു പാത്രം നിറയെ ദോശമാവും ഒരു കുട്ടകം നിറയെ ചട്നിയും അവിടെ തയ്യാര്‍.
സഖാവിനെക്കണ്ട് അത്ഭുതപ്പെട്ട രാമങ്കുട്ടിയോട് താന്‍ അണ്ടര്‍ഗ്രൌണ്ടിലാണെന്നും ആഗമനോദ്ദേശ്യവും അറിയിയ്ക്കുന്നു. പിന്നെ അനസ്യൂതം അവിരാമം അസ്സംഘ്യം ദോശകള്‍ പയ്യന് തന്നെ ചുട്ടുതിന്നുകയാണ്. പാര്‍ട്ടിയെ വിശ്വസിച്ചും ബഹുമാനിച്ചും നിത്യത്തൊഴിലെടുത്തു ജീവിക്കുന്ന ഒരു പ്രവര്‍ത്തകനെ തന്റെ സുഖം മാത്രം ലക്ഷ്യമാക്കി അവ്ന്റെ കഞ്ഞിയില്‍ പാറ്റയിടാനും രണ്ടാലൊന്ന് ചിന്തിക്കാത്ത ഒരു കപടകമ്മ്യൂണിസ്റ്റിനെ വി.കെ.എന്‍ നര്‍മ്മമധുരമായി വരച്ചുകാട്ടുന്നു. ചായക്കടയിലെ പതിവുകാരെ കാലിച്ചായ കൊടുത്തും തൊടുന്യായങ്ങള്‍ പറഞ്ഞും രാമന്‍കുട്ടി പിടിച്ചു നിര്‍ത്തിയെങ്കിലും ഇടക്കൊരു പോലീസ്സുകാരന് വന്നതോടെ രാമങ്കുട്ടി അകത്തേക്ക് വന്ന് പയ്യനോട് രണ്ട് ദോശ താന്‍ തന്നെ ചുട്ടുകൊടുത്ത് അയാളെ പറഞ്ഞയച്ചേക്കാമെന്ന് പറയുന്നു. “താന്‍ പോയി പോലിസ്സുകാരന് ചായയും അനുഭാവവും പകര്‍ന്നുകൊട്. അപ്പോഴേക്കും ഞാന്‍ ദോശ ശരിപ്പെടുത്താം” എന്നാണ് പയ്യന്റെ നിലപാട്. എല്ലാ പോലീസുകാരെയും ശപിച്ചുകൊണ്ട് പയ്യനൊഴിച്ചുണ്ടാക്കിയ ദോശ ചുട്ടെടുത്തപ്പോള് താന്‍ ഉണ്ടാക്കിയറ്റ്യ്ഹിലേക്കേറ്റവും മുന്തിയതാ(“മൊരിഞ്ഞ് ചുകന്ന് തീറ്റപ്രായമായിക്കിടക്കുന്നു”)യപ്പോള്‍, പ്രലോഭനം താങ്ങാനാവാതെ ആ ദോശയും സ്വയം തിന്നുന്നു. ഒന്നല്ല. വീണ്ടും വീണ്ടും. വിശപ്പുമൂത്ത് അടുക്കളയിലേക്ക് പ്രവേശിച്ച് പോലീസ്സുകാരനോട് സ്വാഭാവികത തോന്നിക്കാനായി രാമന്‍കുട്ടി പയ്യനെ ചെവിക്കുപിടിച്ചു മാറ്റി നിര്‍ത്തിയിട്ട്, പയ്യന് മലബാറുകാരനായ പുതിയ സഹായിയാണെന്നും പരിചയക്കുറവുണ്ടെന്നും പറഞ്ഞ് ഒരു വിധത്തില്‍ ഒഴിവാക്കുന്നു. പോലീസ്സുകാരന് പോയപ്പോള്‍ ചെവിക്കുപിടിച്ചതിന് ക്ഷമ പറഞ്ഞ രാമന്‍കുട്ടിയോട് ഉദാരമായി പയ്യന് പറയുന്ന “ മറന്നുകള! വിപ്ലവം വന്നാല്‍ തന്നെ ഒന്നും ചെയ്യുകില്ല” എന്ന വാചകം ചിരിയുടെ തിരയിളക്കുന്നു.
അനായാസമായി വീണ്ടും വീണ്ടും ദോശ ചുടുകയും തിന്നുകയുമായിരുന്നു പയ്യന്. അപ്പോള്‍ “സോഷ്യലിസ്റ്റ് അഭിവാദ്യങ്ങള്‍” പറഞ്ഞുകൊണ്ട് പോലീസ് ഇന്‍സ്പെക്ടരും പാര്‍ട്ടിയും പ്രവേശിക്കുകയാണ്, പയ്യനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകാന്‍. അചഞ്ചല വിപ്ലവകാരിയായ പയ്യന് ചട്ടി കാണിച്ചിട്ട് രണ്ട് ദോശക്കുള്ള മാവുകൂടിയുണ്ടെന്ന് പറയുന്നു. “എന്നാല്‍ എളുപ്പം കഴിക്ക്. സ്റ്റേറ്റില്‍ ജനകീയമന്ത്രിസഭ നിലവിലില്ലാത്ത കാലഘട്ടത്തില്‍ അറസ്റ്റിനു മുന്‍പ് തന്നെ പട്ടിണിക്കുട്ടു എന്ന പരാതി വേണ്ട” എന്ന് ഇന്‍സ്പെക്ടര്‍ പറയുന്നിടത്ത് കഥ അവസാനിക്കുന്നു.
കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളും സൈദ്ധാന്തികരും പ്രയോഗങ്ങളും പ്രയോക്താക്കളും ഇന്നെത്തി നില്ക്കുന്ന അവസ്ഥയെ വികെഎന്‍ മുന്‍പിന്‍ നോക്കാതെ പരിഹസിക്കുകയാണ് ഈ കഥയില്‍.
ഒരുപക്ഷേ വികെഎന്‍ ഈ കഥ എഴുതിയ കാലത്തിനേക്കാളും എത്രയോ അധികമാണ് അതിന്റെ പ്രസക്തി ഇന്നുള്ളത് എന്നറിയുമ്പോഴാണ് ആ മഹാനായ എഴുത്തുകാരനെ നമിച്ചുപോകുന്നത്.
ഒരു വെറും തമാശക്കഥ എന്ന തലത്തില്‍ വായിച്ചാലോ. ചിരിച്ച് തലതല്ലിക്കുന്ന “ഫുള്‍ വികെഎന്‍ ടച്ച്“ ഉള്ള കഥയാണിതും. രുചിയുടെ രാജാവായിരുന്നു വികെഎന്‍. ചില വികെഎന്‍ കൃതികള്‍ വായിച്ചാല്‍,ഒരു ശരാശരി മലയാളിയുടെ നാവിലെ രസമുകുളങ്ങളുടെ മര്‍മ്മത്ത് രുചിയുടെ സൂചികള്‍ കൊണ്ടുള്ള കുത്ത് കൊള്ളുമെന്നത് ഉറപ്പാണ്. അനുഭവം ഗുരു. ഉദാഹരണങ്ങള്‍ അസ്സംഘ്യം. അതൊരു പോസ്റ്റാക്കാന്‍ തന്നെയുണ്ട്.
Tuesday, February 24, 2009
കേരളാ മാര്‍ച്ചുകള്‍, യാത്രകള്‍ : ജനത്തിന്റെ ചിലവില്‍ മെലിയല്‍?
കേരളത്തില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും തിരക്കിലാണ്. ഒരറ്റം മുതല്‍ മറ്റേയറ്റം വരെ യാത്ര.സി.പി.എമ്മിന്റെ (പിണറായിയുടെ) നവകേരളാ മാര്‍ച്ച്, കോണ്‍ഗ്രസ്സിന്റെ (ചെന്നിത്തലയുടെ) കേരളരക്ഷാ മാര്‍ച്ച്, ബി.ജെ.പി യുടെ ദേശരക്ഷാ മാര്‍ച്ച്, എന്‍സിപ്പിയുടെ (മുരളീധരന്റെ) നവസന്ദേശയാത്ര അങ്ങനെ നേതാക്കന്മാരെല്ലാം യാത്രയിലാണ്.
എല്ലാവര്ക്കും ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ. കേരളത്തേയും ഇന്‍ഡ്യയേയും ഒന്നു സുരക്ഷിതമാക്കുക. ശക്തമാക്കുക. ഇവരെല്ലാം കാസര്‍കോട്ടു നിന്ന് തിരുവന്തോരത്ത് എത്തുമ്പോഴേക്കും എല്ലാം ഓക്കെയാവും.
സാമ്പത്തികമാന്ദ്യം ബാധിക്കാത്ത ഒരേയൊരു തൊഴില്‍ "രാഷ്ടീയം" ആണ് എന്ന് പറയാം. പൈസക്ക് വല്ല ക്ഷാമവും ഉണ്ടോ? ഓരോ പോയന്റിലും സ്വീകരിക്കാനും, കേരളം മൊത്തം അലങ്കരിച്ച് പ്രചരണം നടത്താനും പൊതുജനത്തിന്റെ കണ്മുമ്പിലൂടെ കോടികള്‍ ഒഴുകുകയാണ്.
ധാര്‍ഷ്ട്യവും അഹങ്കാരവും മുഖമുദ്രയായ "ദി സോ കാള്‍ഡ് ലീഡേഴ്സ്"ന്റെ കൂറ്റന്‍ കട്ടൗട്ടുകളും ബാനറുകളും ജനത്തിന്റെ നോക്കി പരിഹസിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഊശിയാക്കുന്നു.
എന്നാലെന്താ ? ഇവരെല്ലാം കാസര്‍കോട്ടു നിന്ന് തിരുവന്തോരത്ത് എത്തുമ്പോഴേക്കും കേരളവും ഇന്‍ഡ്യയും കിടിലമാവില്ലേ. പിന്നെന്തു വേണം?
ഇവര്‍ ആരെയെല്ലാം വിഡ്ഡികളാക്കുന്നില്ല?
ഇന്നത്തെ ടിപ്പ്
നിങ്ങള്‍ ഒരു രാഷ്ട്രീയ നേതാവാണോ? സ്വാഭാവികമായും ജനത്തെ വെട്ടിച്ച് കാശുണ്ടാക്കിയും, വെറുതെയിരുന്നു തിന്നും നിങ്ങള്‍ കുടവയറൊക്കെ ചാടി, കുറേശ്ശേ ഷുഗറും, കൊളസ്റ്റ്ട്രോളും ഒക്കെയായി സ്വല്പ്പം ആരോഗ്യപ്രശ്നങ്ങളൊക്കെ കണ്ടു തുടങ്ങിയേക്കാം. അപ്പോള്‍ എന്തു ചെയ്യണം. ഒന്നു മെലിയണം. സ്വന്തം കാശുകൊടുത്ത് ഒരു പരിപാടിയും ചെയ്ത് ശീലമില്ലാത്ത നിങ്ങള്‍ക്ക് ഇതും നിസ്സാരമായി വല്ലവന്റേയും ചിലവില്‍ ചെയ്യാവുന്നതേയുള്ളൂ. ഒരു ഡാഷ് കേരളാ മാര്‍ച്ചിനിറങ്ങുന്നതായി പ്രഖ്യാപിക്കുക. ഇറങ്ങുക. കാസര്‍കോട്ടു നിന്ന് തിരുവന്തോരത്തേക്ക്. കമ്പ്ലീറ്റ് വഴിയും നടക്കണമെന്നില്ല. ഇടക്കൊക്കെ നടക്കുക. പിന്നെ വണ്ടിയില്‍. ധാരാളം പ്രവര്‍ത്തകരുണ്ടല്ലോ കൂടെ. അവരിടക്കിടെ ഇളനീരു ചെത്തിത്തരും. അതൊക്കെ മുറക്ക് കുടിക്കുക. നോട്ടുമാല ഇഷ്ടം പോലെ കിട്ടും. അതൊക്കെ എക്സ്റ്റ്റായാണേ. തിരുവന്തോരത്ത് എത്തീട്ട് നൂലൊക്കെ വലിച്ച് കളഞ്ഞാല്‍ ഏതാനും ലക്ഷം വരും. അപ്പോ പറഞ്ഞ് വരുന്നത് ..... മെലിയുകയും ചെയ്യാം.. കാശുമുണ്ടാക്കാം. സമയോം പോയിക്കിട്ടും. യേത്?
Thursday, January 22, 2009
ഒബാമയുടെ രണ്ടാം സത്യപ്രതിജ്ഞ : കേരളകൗമുദിയുടെ വിവര്‍ത്തനം
ചീഫ് ജസ്റ്റിസ് റോബര്‍ട്ട്സ് ചൊല്ലിക്കൊടുത്ത "Faithfully execute the office of the president of the united states" എന്ന വാചകം "execute the office of the president of the united states faithfully" എന്നു ചൊല്ലിയതിനാല്‍ ഒബാമ, വൈറ്റ് ഹൗസില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് ചീഫ് ജസ്റ്റിസ് റോബര്‍ട്ട്സ് മുമ്പാകെ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്യുകയുണ്ടായി.
ഈ വാര്‍ത്ത ബി.ബി.സി ന്യൂസ്സില്‍ നിന്നും (ആയിരിയ്ക്കണം) വായിച്ചെടുത്ത കേരളകൗമുദിയുടെ ലേഖകന്‍(??), അടിച്ചു വിട്ടത് "an abundance of caution" എന്ന ഭാഗമാണ് ഒബാമ വിട്ടുപോയത് എന്നാണ്. ബി.ബി.സി ന്യൂസ്സില്‍ രണ്ടാം ഖണ്ഡിക വരയെ വിദ്വാന് വായിച്ചുള്ളു. രണ്ടാം ഖണ്ഡിക ഇങ്ങനെ.
"The decision to repeat the oath was taken out of an abundance of caution, an official said"
കേരളകൗമുദി സ്വ.ലേ മനസ്സില്‍ വായിച്ചിരിക്കുക "സത്യപ്രതിജ്ഞ ആവര്‍ത്തിക്കാനുള്ള തീരുമാനമെടുത്തത് "abundance of caution" പുറത്തെടുത്ത് കളഞ്ഞകൊണ്ടായിരുന്നു - ഒരു വക്താവ് പറഞ്ഞു." എന്നായിരിയ്ക്കും. :)
പയ്യന് കഥകളിലെ ജേര്‍ണ്ണലിസ്റ്റ് മണ്ണുണ്ണികളെ ഓര്‍മ്മിപ്പിക്കുന്നു ഈ വിവര്‍ത്തനം
(വാക്കുകള്‍ ഇങ്ങനെ തന്നെയെന്ന് ഉറപ്പില്ല. ഓര്‍മ്മയില്‍ നിന്നും എഴുതുന്നു)
പയ്യന് : പുതിയ എഡിറ്ററുടെ കസേരയ്ക്ക് പിറകില്‍ ഒരു നീല കര്ട്ടന് തൂക്കാം. "Sky is the limit" എന്ന് സന്ദേശം.
എഡിറ്റര്‍ : നീല തന്നെ വേണോ?
പയ്യന് : വേറേ കളറില്‍ ആകാശമുണ്ടെങ്കില്‍ അത്
എഡിറ്റര്‍ : ശരി. ആദ്യം കിട്ടുന്നതേതോ. അത്. അല്ലേ?
പയ്യന് (മനസ്സില്‍) : നിന്നെയൊക്കെ നമിക്കണം.**##$$
Tuesday, January 13, 2009
കളിഭ്രാന്ത്
ഭൂലോക കശ്മലന്മാര് നാലുപേര്‍ എന്നോടിങ്ങനെ പറഞ്ഞപ്പോള്‍ വിശ്വാസം വന്നില്ല. ഒക്കെ പരമ അരസിക ശിരോമണികള്‍.രണ്ടെണ്ണം റിട്ടയേഡായി ജൂബ്ബയും മുണ്ടുമിട്ട് സാമൂഹ്യപ്രവര്‍ത്തനം, സമുദായ പ്രവര്‍ത്തനം എന്നൊക്കെയുള്ള ഊഡായ്പ്പുമായി നടക്കുന്നവര്‍. മറ്റേ രണ്ടെണ്ണം ജോലിക്കാരാണ്. മേല്‍പ്പറഞ്ഞ അസുഖം നേരത്തേ തുടങ്ങിയതാണെന്ന് മാത്രം.
യെവന്മാര്ക്ക് കലയോ? കലയുടെ ഒരു "കല" പോലുമില്ലാത്ത ഇണ്ണാമന്‍സ്.. എന്ന എന്റെ മുഖഭാവം വായിച്ചെടുത്തിട്ടാവണം കശ്മല്‍ഖാന്‍ നമ്പര്‍ ടൂ റിപ്പീറ്റ്
"ഈ ഉഡാന്‍സും മിമിക്രീം നാടകോന്നും ശരിയാവുകേല. നമ്മടെ കേരളീയ കലേല്ലേ കഥോളി? അപ്പപ്പിന്നെ ഇപ്രാശ്യം കഥോളി തന്നെ വേണവെന്നാ കമ്മറ്റീടെ തീരുമാനമേ?"
ഹോ! കശ്മല കലാ മഹാനുഭാവന്മാര് തീരുമാനിച്ചും കഴിഞ്ഞു.
കശ്മല്‍ഖാന്‍ ത്രീ ശശിച്ചേട്ടന് തുടര്‍ന്നു
“അല്ല. അപ്പഴാ ഞാമ്പറഞ്ഞത്. നെന്നെ കണ്ടാ മതി. കാര്യം നടക്കും. നീ കൊര്‍ച്ച് നാള് കഥോളി പഠിച്ചതല്ലേ? അപ്പോ ഞങ്ങള്‍ പറഞ്ഞാ കാര്യം മനസ്സിലാക്കാന്‍ പറ്റിയ ആള് നീയേയുള്ളൂ.”
പണ്ടൊരു കഥകളി നടത്തണമെന്ന് പറഞ്ഞപ്പോള്‍ നാട്ടുകാരുടെ അമ്പലത്തില്‍ അവര്‍ക്ക് കാണാനുള്ള പരിപാടികളാണ് വെയ്ക്കേണ്ടത് എന്നു പറഞ്ഞ കലോല്‍സാഹരാക്ഷസന്മാരാണ് കളിഭ്രാന്തന്മാരായി മാറി ഇപ്പറയുന്നത് എന്നത് ഓര്‍ത്തുകൊണ്ട് ചോദിച്ചു.
“അല്ല. അതിനിപ്പം ഞാനെന്തോ വേണമെന്നാ?”
“നമ്മക്ക് ദുര്യോധനവധം തന്നെ വേണം. നല്ല ടോപ് ആളുകളെത്തന്നെ വിളിയ്ക്കേം വേണം. മേജര്‍സെറ്റ്.”
"ആട്ടെ.. ബജറ്റെത്രെയുണ്ട്"
കളിഭ്രാന്തന്റെ മറുചോദ്യം "ബജറ്റെത്രെയാകും?"
"അല്ല.. അതിപ്പോ.. ദുര്യോധനനായി സദനം കൃഷണന്‍കുട്ടിയാശാനെ വിളിയ്ക്കാം. പുള്ളിയ്ക്കൊരു നാല് നാലര രൂപ വരും. ദു:ശ്ശാസനന്‍ ഉണ്ണിത്താനാണേല്‍ ഒരു രണ്ടേമുക്കാലെല്‍ നിര്‍ത്താം. ഗോപിയാശാന്റെ രൗദ്രഭീമനാണേല്‍ ഒരു ഏഴ് രൂപയാകും. ബാലസുബ്രമണ്യന്റെ കൃഷ്ണനാണേല്‍ ഒരു മൂന്നര വേണേ. പിന്നെ വിജയകുമാറിന്റെ പാഞ്ചാലിയാണേല്‍ ഒരു രണ്ട് മതി. പിന്നെ ശകുനി, ധര്‍മ്മപുത്രര്‍, കുട്ടിഭീമന് എല്ലാം കൂടി ഒര് രണ്ട്. മേളത്തിനെല്ലാം കൂടി ഒരു അഞ്ച് ആറ് രൂപ. പിന്നെ പാട്ടിന് ഇപ്പോ കോട്ടക്കെ നാരായണനെ വിളിച്ചാ ശിങ്കിടിയടക്കം ഒരു നാലേല്‍ നിക്കും. കോപ്പിന് ഒരു ആയിരം രൂപ. അങ്ങനെ ആകെമൊത്തം ഒരു മുപ്പതെ മുപ്പത്രണ്ട് രൂപക്ക് നിക്കും.”
“അയ്യോ.. മുപ്പത്രണ്ടായിരവോ? ഒന്നു ചുമ്മായിരീഡാ. താഴട്ടെ. ഇനീം താഴട്ടെ.”
“താത്താനും താഴാനും ഞാനാണോ പൈസേം പറഞ്ഞോണ്ടിരുക്കുന്നേ? ഇവരെയൊക്കെ കിട്ടണേ ഇത്രേം കൊടുക്കണം.”
“അല്ല. അവര്‍ തന്നെ വേണേ. പൈസ കൊറച്ചു കടുപ്പവാണല്ലോടാ ഉവ്വേ. നെനക്കിവരോടൊന്ന് പറഞ്ഞ് കൊറയ്ക്കമ്പറ്റില്ലേ?”
“എന്റെ ശശിച്ചേട്ടാ. എനിയ്ക്കത്രയ്ക്കൊള്ള പരിചയോന്നുവില്ല. ആട്ടെ. നിങ്ങക്കെത്രയ്ക്ക് പറ്റും?”
“അതിപ്പം. ഒരു പത്ത് പന്ത്രണ്ട്. അയ്നപ്പറവില്ല. ഇതുകൊണ്ടൊപ്പിയ്ക്കണം'”
എനിയ്ക്ക് കലി വന്നു.
“നിങ്ങള്‍ പോയേ.. വേറെ വല്ലോരോടും പറ. എനിയ്ക്ക് മേല.”
“അല്ലെഡാ.. ഒര് കാര്യം ചെയ്. ഈ ദുര്യോധനനേം ദുശ്ശാസനനേമൊക്കെ കൊല്ലണ്ടെഡാ. ഒന്ന് പേടിപ്പിച്ച് വിട്ടാ മതീന്ന്. അപ്പപ്പിന്നെ കൊല്ലുന്നവനും ചാകുന്നവനും അത്രയ്ക്കും ജോലിയല്ലേയൊള്ളു. റേറ്റും കൊറയത്തില്ലേ? യേത്”
*$#@*^***!#$**