Sunday, July 8, 2012

വിശാലകരളന്‍

ഏതാണ്ട് മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ പരിപാടിയാണ്.

അങ്ങിനെയിരിക്കുമ്പോള്‍, വയറിന്റെ വലതു ഭാഗത്ത് മുകളിലായി ഒരു വേദന . പിന്നെ അതങ്ങ് പോവും . ആദ്യമാദ്യം വല്ലപ്പോഴുമായിരുന്നെങ്കില്‍ , പിന്നെപ്പിന്നെ അത് രണ്ടുമൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന വേദന ആയി മാറി .

കൊളസ്ട്രോള്‍ ടെസ്റ്റ്‌ നടത്തിയിട്ട് മാസങ്ങളായി കഴിഞ്ഞ വര്ഷം ഏതാണ്ട് 220 ത്തിനു അടുത്തായിരുന്നു . അത് കഴിഞ്ഞു കുറെ നാള്‍ മ്യുസിയത്തിലെ പാതയില്‍ ആരോഗ്യത്തെക്കുറിച്ച് ആകുലരായി നടന്നിരുന്ന പുരുഷാരത്തില്‍ല്‍ ഒരാളായി ഞാനും കൂടിയിരുന്നു . എന്റെ ജോലിത്തിരക്ക്  എന്നെ റാഞ്ചിയതോടെ, പുലര്‍ വേളകളില്‍ എന്റെ മൊബൈല്‍ "എണീരെടാ.. ഓഡ്രാ" എന്നൊക്കെ ചിലക്കുമ്പോള്‍ " ഓ പിന്നെ " എന്ന് പുച്ഛം കലര്‍ന്ന മനോഭാവത്തോടെ ഞാന്‍ സ്നൂസ് ചെയ്തു വിടുന്നതും പതിവായിരുന്നു .

എനിക്കെന്തെങ്കിലും കാര്യമായ രോഗം ഉണ്ടെന്ന തോന്നല്‍ വന്നു നിറഞ്ഞു കഴിഞ്ഞിരുന്നു .

വയറിന്റെ വലതു ഭാഗം. അവിടെ എന്തൊക്കെ സുനാപ്പികളാവും ഉണ്ടാവുക ! ചിന്താധീനനായി ഞാന്‍ . പണ്ട് ജീവശാസ്ത്രം ശരിക്ക് പഠിക്കാത്തതിന്റെ പ്രശനം തന്നെ . (അന്നേരം ഗൗരവമുള്ള എന്തെല്ലാം ജോലിയുണ്ടായിരുന്നു . പിന്നെയാ ).

ഗൂഗിള്‍ .. സെര്‍ച്ച്‌ തുടങ്ങി . അതാ മനുഷ്യനെ തുണിയില്ലാതെ കുറുകെ പിളര്‍ന്നു മുന്നില്‍ നിര്‍ത്തി അടയാളപ്പെടുത്തിയിരിക്കുന്നു.

കരള്‍ , പ്ലീഹ , ആഗ്നേയഗ്രന്ഥി എന്നിവയുടെ കിടപ്പ് വശം മനസ്സിലായതോടെ എന്റെ തലയില്‍ നിന്നും ഒരു കിളി കലപില ശബ്ദത്തോടെ ചിറകടിച്ചു പറന്നുപോയി . ഏതാണ്ട് ആ ഭാഗങ്ങളിലൊക്കെ തന്നെ ആണ് എനിക്കും വേദന വന്നിരിക്കുന്നത് .

കഷ്ടകാലത്തിന് അടുത്ത ഡ്രില്‍ ഡൌണ്‍ സെര്‍ച്ച്‌ കൂടി കൊടുത്തതോടെ എന്റെ മനസ്സിന്റെ പതനം പൂര്‍ണ്ണമായി .

കരള്‍ രോഗങ്ങള്‍ , കാന്‍സര്‍ എന്നിവയുടെ സാധ്യതയിലേക്ക്‌ വിരല്‍ ചൂണ്ടുന്ന ലേഖനങ്ങള്‍ എന്നെ കൊഞ്ഞനം കുത്തിക്കാണിച്ചു.

(മുന്‍)കമ്മ്യൂണിസ്റ്റുകള്‍ അവരുടെ ഒളിവു കാലത്ത് നീര്‍ക്കോലി കടിച്ചാലും സഖാവ്: കൃഷ്ണപിള്ളയെ കടിച്ച മൂര്‍ഖ നാണോ എന്ന് തെറ്റിദ്ധരിച്ചിരുന്നത്  പോലെ ഞാനും പോകെപ്പോകെ ഇരുന്നു തെറ്റിദ്ധരിച്ചു തുടങ്ങി .

സ്റ്റീവ് ജോബ്സിനെ ബാധിച്ച പാന്‍ക്രിയാസ് കാന്‍സര്‍ ?

എണ്ണിത്തീര്‍ക്കാവുന്ന ദിനങ്ങള്‍ മാത്രം മുന്‍പിലുള്ളപ്പോള്‍ ശുഭാപ്തി വിശ്വാസത്തോടെ ജീവിതം മുന്നോട്ട് നയിച്ചു മറ്റുള്ളവര്‍ക്ക് മാതൃകയായിത്തീര്‍ന്ന അപൂര്വ്വ വ്യക്തിത്വങ്ങള്‍.

അടഞ്ഞു തീരാനുള്ള ലോണ്‍, നിരാലംബയായ ഭാര്യ, പറക്കമുറ്റാത്ത മകള്‍ തുടങ്ങിയ ഒരുപാട് കേട്ടിട്ടുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ഇതാ എന്റെ മുന്‍പിലും.


എന്റെ അസുഖം എന്തായിരിക്കും എന്നറിയുവാന്‍ ആശുപത്രിയിലേക്ക് പോകുവാന്‍ തന്നെ ഭയപ്പെട്ട ദിനങ്ങള്‍. ആരോടും പറയാത്ത വിഹ്വലതകള്‍. ഇനി അഥവാ പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രശ്നമാണ് എനിക്കെങ്കില്‍.... എന്തൊക്കെയുണ്ട് ഇനി ചെയ്തു തീര്‍ക്കാന്‍. മനസ്സില്‍ ഉണര്‍ന്നിരിക്കുന്ന സമയത്തെല്ലാം  കൂട്ടലുകളും കിഴിക്കലുകളും

സ്വര്‍ഗ്ഗത്തില്‍ പോവുന്നതു എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും മരിച്ചിട്ട് അവിടെയെത്തണം എന്ന് വിശ്വാസികള്‍ക്കു പോലും ആഗ്രഹമില്ലല്ലോ.

സ്വന്തം ആരോഗ്യത്തെപ്പറ്റിയുള്ള ഒരു കടുത്ത ആശയക്കുഴപ്പം മതിയല്ലോ ജീവിതത്തിന്റെ അര്‍ത്ഥത്തെത്തന്നെ തിരുത്തിയെഴു‌താന്‍

താനൊന്നും ഒരിക്കലും മരിക്കാന്‍ പോകുന്നില്ല എന്നതു പോലെ നിശ്ചിന്തരായി നിരവധി സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന മനുഷ്യര്‍..
ഏറ്റവും സങ്കീര്‍ണ്ണമായ ഒരു ഫാക്റ്ററി പോലെയു‌ള്ള ശരീരത്തില്‍ അതിന്റെ പത്തിരട്ടി ഭാരമുള്ളചിന്തകളും കാലുഷ്യവും പേറിയുള്ള നെട്ടോട്ടം..
ഒടുവില്‍ നഷ്ടപ്പെടുവാനോ, സമ്പാദിക്കാനോ, സൂക്ഷിച്ചുവെക്കുവാനോ ഒന്നുമില്ലാതെ ഇവിടെനിന്നു പോകാനുള്ളവര്‍ കാണിക്കുന്ന ഈ വെപ്രാളം തന്നെയാണോ ജീവിതം?

"ലിവ് ലൈക്‌ യു വില്‍ ഡൈ ടുമാറോ" എന്നൊക്കെ കേട്ടിട്ടുള്ളത് എങ്ങിനെ പ്രാവര്‍ത്തികമാക്കാം എന്നാ ലൈനിലും ചിന്ത തുടങ്ങി .  പ്രൊക്രാസ്റ്റിനേഷന്‍ എന്ന അസ്സുഖം കാര്യമായുള്ളതുകൊണ്ട്, അതൊക്കെ ഒരു വഴിക്കായെന്നു പറഞാല്‍ മതിയല്ലോ. ഒടുവില്‍ രഹസ്യമായി ഡോക്ടറെ കാണാന്‍ തീരുമാനിച്ചു.

കണ്ടു, കാര്യം പറഞ്ഞു. വയറിലൊക്കെ ആകെമൊത്തം ഞെക്കി ഇക്കിളിയാക്കിയിട്ട് ഡോക്റ്റ‌ര്‍ പറഞ്ഞു.

"ഇറ്റ് സീംസ് യു ഹാവ് ഫാറ്റി ലിവര്‍" (നിന്റെ കരള്‍ തടിയാനായെഡാ ചുള്ളാ)
"ബ്ലഡ് റ്റെസ്റ്റ് ചെയ്യണം.. പിന്നെ ഒരു അള്‍ട്രാ സൗണ്ട് സ്കാനും ചെയ്യണം"

ലാബിലുള്ള ഒരു വെളുത്ത കോട്ടിട്ട യക്ഷി ഒരു സിറിഞ്ചു വഴി എന്റെ രക്തം ഊറ്റിയെടുത്തു. ഫലം പിന്നെ പറയാം എന്നു പറഞ്ഞു.
ഇനി ഇതു മന‍സ്സില്‍ വെച്ചുകൊണ്ടിരിക്കാന്‍ വയ്യാ എന്നു തീരുമാനിച്ച് ഭാര്യയോട് കാര്യം പറഞ്ഞു.
ന്യായമായ പരിഭവങ്ങള്‍. ഒറ്റക്ക് സംഘര്‍ഷങ്ങള്‍ അനുഭവിച്ചതിന്. സംശയങ്ങള്‍.. ഇനിയും എന്തൊക്കെ ഒളിപ്പിക്കുന്നു എന്ന്.

രക്ത പരിശോധനാ ഫലം വന്നു. കൊളസ്റ്റ്രൊള്‍ 250 നു മുകളില്‍. അടുത്ത ദിവസം തന്നെ സ്കാന്‍ ചെയ്യാന്‍ പോയി

വയറ് നിറയെ വെള്ളം കുടിച്ച് മുള്ളാന്‍ മുട്ടിനിന്ന എന്റെ വയറില്‍ അള്‍ട്രാ സൗണ്ട് ഉപകരണം ഒരു ഒച്ചിനെപ്പോലെ ഇഴഞ്ഞു.
"ഉം ... ലിവറ് വലുതാണല്ലോ" റേഡിയോളജിസ്റ്റ് പറഞ്ഞു. "17 സെന്റീമീറ്റര്‍ ഉണ്ട്. പതിനഞ്ചാണ് നോര്‍മ്മല്‍"
"പാന്‍‌ക്രിയാസ് എങ്ങിനെയുണ്ട്?" ഞാന്‍
"കുഴപ്പം ഇല്ല"

ഞാന്‍ ആശ്വസിച്ചു (എന്റെ ആശ്വാസം കേട്ടാല്‍ തോന്നും പാന്‍‌ക്രിയാസ് ശരിയാണെങ്കില്‍ പിന്നെ ഒന്നും പേടിക്കെണ്ടെന്ന് അല്ലേ :))

വീട്ടില്‍ വന്നു. ഞാന്‍ എന്റെ കരളിന്റെ വലിപ്പത്തെപ്പറ്റി പ്രഖ്യാപിച്ചു. ഭാര്യയോട് പറഞ്ഞു.
"എടീ നീയാണ് ഇതിനൊക്കെ കാരണം. നീ കേറിയിരുന്നിട്ടാവണം എന്റെ കരള്‍ ഇത്രയും വീര്‍ത്തത്"

ഇത്തവണ ഡോക്ടറെ സന്ദര്‍ശിച്ചപ്പോല്‍ ഭാര്യയേയും കൂട്ടി.

"ഗ്രേഡ് 2  ഫാറ്റി ലിവര്‍! ചികില്‍സ വേണം. മദ്യപിക്കുമോ?" ഡോക്ടറുടെ ചോദ്യം

"ഒരുപാടുകാലമായി നിര്‍ത്തിയിട്ട്. കഴിക്കാറെ ഇല്ല" ഞാന്‍ (സത്യം!)

"മേ ബി അതുകൊണ്ടായിരിക്കും ഇത്രയധികം എക്സ്പോസ്ഡ് ആയത്" (പണ്ട് ഒടുക്കലത്തെ അടിയടിച്ച് ജീവിതകാലത്തേക്കുള്ള കോട്ട കമ്പ്ലീറ്റ് തീര്‍ത്തല്ലോ പഹയാ)

കൊഴുപ്പ് കലര്‍ന്ന ആഹാരം ചെല്ലുമ്പോള്‍ എന്റെ കരള്‍ അവന്റെ കൂടാരത്തിലിരുന്ന് അസ്വസ്ഥനാവുമ്പോഴാണ് എനിക്ക് വേദന വരുന്നതെന്നും ഡോക്ടര്‍ വിശദീകരിച്ചു.

"ശെടാ! ഞാനതിനും മാത്രം അടിച്ചിട്ടില്ലല്ലൊ. നിര്‍ത്തിയിട്ട് കൊല്ലമെത്രയായി" എന്നു കണ്‍ഫ്യൂഷനടിച്ച് ഞാനും.

വിദ്യ വിഷമത്തോടെ ഡോകട്റോട് വിവ‌രങ്ങള്‍ ചോദിച്ചറിയുന്നു. ആഹാരക്രമങ്ങള്‍ , മരുന്നുകള്‍ ഒക്കെ ചോദിച്ച് മനസ്സിലാക്കുന്നു.

വീട്ടില്‍ വന്നിട്ട്, വിദ്യ ഞാന്‍ പണ്ട് അടിച്ച കള്ളിന്റെ കണക്കും എന്റെ കരളിന്റെ വലിപ്പവും കൂടിയുള്ള വിശകലനം ആരംഭിച്ചു.

വിദ്യ കഴിഞ്ഞ പ്രാവശ്യം ആശുപത്രിയില്‍ നിന്നും വന്നപ്പോല്‍ ഒരു അള്‍ട്രാ സൗ സ്കാനിങ് നടത്തിയിരുന്നു. ഞാന്‍ ആ റിപ്പോര്‍ട്ട് തപ്പിയെടുത്തു. അതിന്റെ ആദ്യ സെക്ഷനില്‍ നോക്കിയപ്പോള്‍ ഞാന്‍ ഞെട്ടി

അവളുടെ കരളിന്റെ വലിപ്പം 16.7cm!

ഞാന്‍ പറഞ്ഞു " ദേ നോക്ക് നിന്റെ കരളും വലുതാവുകയാണെടീ.. നീ ജീവിതകാലത്ത് കള്ളു മണപ്പിച്ച് നോക്കിയിട്ടുണ്ടോ. ഇതില്‍ നിന്നും തെളിയുന്നത് കള്ളും കരളും തമ്മില്‍ നീ വിചാരിക്കുന്നതു പോലെ ഒരു ബന്ധം ഇല്ല . അവിഹിത ബന്ധം മാത്രമേ ഉള്ളൂ എന്നാണ്"

അവള്‍ക്ക് കരളിന്റെ കാര്യം ഒന്നും കേട്ടിട്ട് ഒരു കുലുക്കവും ഇല്ല. എന്നു മാത്രമല്ല നിശ്ചിന്തയായി  ഗണേഷ് ഭവനിലെ "ബോണ്ട"യൊക്കെ "മാക് മാക്" എന്ന് അടിച്ചു കേറ്റുകയും ചെയ്യുന്നു! അന്യായം!

വറുത്ത കോഴി, വറുത്ത മീന്‍ ഒക്കെ എന്നോട് റ്റാറ്റാ പറഞ്ഞു പിരിഞ്ഞു.
നിയന്ത്രിതമായ ഒരു ആഹാരക്രമത്തിലേക്ക് ഞാനും. ദിനവും വിഴുങ്ങാന്‍ ചില ഗുളികകളും. ജീവിതത്തിന്റെ പല യാഥാര്‍ത്ഥ്യങ്ങളില്‍ ഒന്നു കൂടി.
മധ്യവയസ്സിന്റെ ശൈശവം പിച്ചവെക്കുക ഇങ്ങനെയാണ്.

ഞാനിതാ ഒരു "വിശാലകരളന്‍" ആവുന്നു.

നിര്‍‌വ്വചിക്കാന്‍ സാധിക്കാത്ത എന്തിനും വിശാലത ആവാം . അല്ലാത്തതിനുള്ള വിശാലത അത്ര നന്നല്ല
ഹൃദയം, കരള്‍/ഖല്‍ബ് എന്നിവ മനസ്സിന്റെ പര്യായങ്ങള്‍ കൂടി ആയത്  ഒരു പക്ഷേ ശരീരത്തില്‍ അവക്കുള്ള മുഖ്യ സ്ഥാനം കൊണ്ടാവാം "നി എന്റെ കരളാണ്" എന്നും "എന്റെ ഹൃദയത്തില്‍ നീയാണ്"എന്നും ഒക്കെ പ്രയോഗങ്ങള്‍ വന്നത്

ഇപ്പോല്‍ ഞാന്‍ "കരളേ കര‍ളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ" എന്ന പാട്ടും മൂളി പ്രഭാതങ്ങളില്‍ അനന്തപുരിയുടെ മ്യുസിയം വളപ്പില്‍ ജീവിതദൈര്‍ഘ്യം ലക്ഷ്യമിടുന്ന ഒരുപാടുപേര്‍ക്കൊപ്പം വലിഞ്ഞു നടക്കുന്നു.

എന്റെ കരളിന് എന്നോട് ചിരിച്ചേ മതിയാവൂ.
എന്തെന്നാല്‍ ജീവിതം സുന്ദരമാവുന്നു.
ഞാന്‍ ജിവിക്കാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു.
ഈ ലോകത്തിന് എന്നെയും എനിക്കീ ലോകത്തെയും ഒരുപാട് ഇഷ്ടമാണ്.

"When I die, I will miss me " എന്ന് ഒരു സിനിമയില്‍ ആരോ പറഞ്ഞില്ലേ ? അതുപോലെ .

Thursday, June 7, 2012

കുമാരന്റെ വേഷങ്ങള്‍

ഒരു കുമാരന്‍ ആവുക എന്നത്  ഏതൊരു ബാലന്റെയും ആഗ്രഹമായിരുന്നത് കൊണ്ട് ഞാനും അപ്രകാരം ആഗ്രഹിച്ചു . തെറ്റില്ലാത്ത ആഗ്രഹം.

ബാല്യത്തില്‍ നിന്നും കൌമാരത്തിലേക്കു കാലൂന്നുവാന്‍ ഉള്ള ഒരു പരിണാമ പ്രക്രിയയുടെ പ്രധാന മാധ്യമമാകുന്നു വസ്ത്രം .

 വസ്ത്രം എന്ന് വെച്ചാല്‍, കേവലം ബാലകനായ എന്റെ ഒന്‍പതാം ക്ലാസ് വരെയുള്ള മുഖ്യ വസ്ത്രം "നിക്കര്‍" എന്ന വസ്തുവായിരുന്നു (പുതിയ തലമുറ ഇതിനെ മറ്റു പല പേരിലും ആയിരിക്കും വിളിക്കുക. വേണമെങ്കില്‍ അതിന്റെ നിര്‍വ്വചനം "പാന്റ്സ് ആകാന്‍ പോയിട്ട് അണ്ടര്‍വെയര്‍ ആകാന്‍ സാധിക്കാത്ത ഒരു ഹതഭാഗ്യന്‍  " എന്നാവാം ). കൂടെ ഷര്‍ട്ടും ഉണ്ടായിരുന്നു .  അധികം പൊക്കം ഇല്ലാത്ത കൂട്ടത്തില്‍ ആയിരുന്നതുകൊണ്ട് , "ഇവന് ഇത് തന്നെ മതി ഇനിയും " എന്ന് എന്റെ മാതാപിതാകള്‍ തീരുമാനിക്കുകയും അത് അവരുടെ ശരീരഭാഷയിലൂടെ എനിക്ക് വ്യക്തമാക്കിത്തരുകയും ചെയ്തു പോന്നു . ഓര്‍ക്കണം .. കുമാരന്‍ എന്ന അവസ്ഥയിലേക്ക് മാറുവാന്‍ വെമ്പി നില്‍ക്കവേയാണ് ഈ "കൊച്ചാക്കല്‍" എന്ന് .


ഒന്‍പതാം തരം കടന്നു എന്ന് വരുത്തി പത്താം തരത്തിലേക്ക് എടുത്തെറിയപ്പെടാന്‍ പോകുന്ന നിര്‍ണ്ണായക ഘട്ടം . അവധി കഴിഞ്ഞിരിക്കണം . പത്താം ക്ലാസ്സിലേക്ക് ഉള്ള തയ്യാരെടുപ്പുകല്‍ക്കായി നാട്ടിലെ പ്രശസ്ത ഗണിത അധ്യാപിക സരോജനിയമ്മ സാറിന്റെ വീട്ടില്‍ എന്നെ ട്യുഷന്‍ ആയി കൊണ്ട് ചേര്‍ത്തു. ഗണിതത്തില്‍ ഉള്ള എന്റെ അസാമാന്യമായ പാടവം ഇന്നത്തെ പോലെ തന്നെ നാട്ടില്‍ അത്ര പ്രസിദ്ധം അല്ലെങ്കിലും വീട്ടില്‍ ഭയങ്കര അഭിപ്രായം ആയിരുന്നു .  കയ്യിലും കാലിലും പത്ത് വിരലുകള്‍ വീതം ഉള്ളതുകൊണ്ട് മാത്രമാണ് ഞാന്‍ "കണക്കില്‍" അത്രടം എത്തിയത് എന്ന് എനിക്കും വീട്ടുകാര്‍ക്കും ഉറപ്പായിരുന്നു . പത്താം ക്ലാസ് ആയാല്‍ പിന്നെ കൂടുതല്‍ വിരലുകള്‍ തരമാവാന്‍ വഴിയില്ലാത്തതുകൊണ്ടാവം "ഇനി ടുഷന്‍" എന്ന പോംവഴിയിലേക്ക് എന്നെ തള്ളിയിട്ടതും "അങ്ങിനെയെങ്കില്‍ അങ്ങിനെ" എന്ന് ഞാനും നിരൂപിച്ചതും .

സ്കൂളില്‍ കൂടെ പഠിക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒക്കെ ഈ ട്യുഷന്‍ ക്ലാസ്സില്‍ ഉണ്ട് . ട്യുഷന്‍ ക്ലാസ് തുടങ്ങാനുള്ള സമയം അടുത്തു വരവേ ഞാന്‍ കുമാര ചിന്തകളാല്‍ മഗ്നനായി .

എങ്ങിനെ പെട്ടെന്ന്  ഒരു കുമാരന്‍ ആവാം ? നാളെ ആ ക്ലാസ്സില്‍ എന്റെ കൂട്ടുകാര്‍ ഒക്കെ പാന്റും മുണ്ടും ഒക്കെ ധരിച്ചു കൊണ്ട് വരവേ ഞാന്‍ മാത്രം നിക്കര്‍ ധരിച്ചു നില്‍ക്കയോ !

ച്ഛായ്! ഇല്ല . ഇതിനൊരു പോംവഴി എന്തെന്നലോചിരിക്കവേ  എനിക്കത് തോന്നി .

ഉഗ്രം !

ട്യുഷന്‍ തുടങ്ങുന്ന അന്നും പതിവ് പോലെ പ്രഭാതം പൊട്ടിവിരിഞ്ഞിരുന്നു . എന്റെ മനസ്സില്‍ വിപ്ലവ ചിന്ത ഉണ്ടായിരുന്നത് കൊണ്ടാവാം അന്നത്തെ പ്രഭാതം ചുവന്നതായിരുന്നു എന്നാണോര്‍മ്മ . വിശേഷാല്‍ പരിപാടികളായ  പല്ലുതേപ്പ് , കുളി മുതലായവ കഴിച്ചു , പ്രഭാത ഭക്ഷണം മുക്തകണ്ഠം ഭുജിച്ചു ഫിറ്റാക്കി ഞാന്‍ തയ്യാറായി . പതിവ് വേഷമായ നിക്കറും ഷര്‍ട്ടും ധരിച്ച "ചെറിയ" ഞാന്‍ തയ്യാറായി


പ്രിയ വായനക്കാരെ നിങ്ങള്‍ ചിന്തിചിട്ടുണ്ടാവം ഞാന്‍ എന്ത് ചെയ്തു എന്ന് .അല്ലെ ?  "നിക്കര്‍" ധരിച്ചു കീഴടങ്ങിയൊ എന്ന് അല്ലെ ?


ഇല്ല . മൊത്തത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. അമ്മ അടുക്കളയില്‍. അച്ഛന്‍ പറമ്പില്‍ എവിടെയോ ആണ്. ഞാന്‍ അച്ഛന്റെ മുറിയിലേക്ക് കയറി. അതാ അവിടെ ഒരു അയയില്‍ അച്ഛന്‍ ഉടുത്തിട്ട് ഇട്ടിരിക്കുന്ന മൂന്നോ നാലോ പോളിയെസ്റ്ററ് ഡബിളുകള്‍ എന്നെ നോക്കി വെളുക്കെ ചിരിച്ചുകൊണ്ട് കിടക്കുന്നു. അവ തലയാട്ടി എന്നെ "വാ വാ" എന്നു വിളിക്കുന്നു എന്നെനിക്കു തോന്നി. ഒറ്റച്ചാട്ടത്തിന് അതില്‍ ഒരു മുണ്ട് കൈക്കലാക്കി. ശരവേഗത്തില്‍ പുസ്തകവും എടുത്ത് "ഞാന്‍ ട്യൂഷനു പോകുവാണേയ്" എന്നു പ്രസ്താവിച്ചുകൊണ്ട്, ഞാന്‍ പുറത്തേക്കു പാഞ്ഞു. അമ്മ വന്നു നോക്കിയപ്പോള്‍ ഞാന്‍ അപ്രത്യക്ഷനായിരുന്നു.


മാല തട്ടിപ്പറിച്ചുകൊണ്ടോടുന്ന തസ്കരനെപ്പോലെ ഞാന്‍ ഓടി വീടിന്റെ തൊട്ടടുത്തുള്ള മുളങ്കാട്ടിന്റെ അടുത്തെത്തി. പരിഭ്രമം കൊണ്ടും, ആവേശം കൊണ്ടും പട്ടിയെപ്പോലെ അണച്ചിരുന്ന ഞാന്‍ പുസ്തകം താഴെയിട്ട് ഷര്‍ട്ട് പൊക്കിയിട്ടു, ആ മുണ്ട് ഉടുത്തു. അല്ല ഉടുക്കാന്‍ ശ്രമിച്ചു. എന്റെ രണ്ടിരട്ടിയെങ്കിലും ഇറക്കമുള്ള മുണ്ട്. പോളിയസ്റ്റര്‍. ഞാന്‍ എങിനെയെല്ലാം നോക്കിയിട്ടും സംഭവം അരയില്‍ ഉറയ്ക്കുന്നില്ല. തെന്നി അഴിഞ്ഞു പോകുന്നു. ഒടുവില്‍ ഒരു വിധത്തില്‍ "ഉടുത്തു" എന്നു വരുത്തി ഞാന്‍ ഷര്‍ട്ട് താഴ്ത്തിയിട്ട്, നെഞ്ചു വിരിച്ച് മടക്കിക്കുത്തി.

അതിലും വലിയ ട്രാജഡി!

മാടിക്കുത്തിയിട്ടും മുണ്ടിനു കണ്‍ങ്കാലിനു പകുതിയോളം ഇറക്കം. ഒരു വിധം ചുരുക്കിയൊതുക്കി ഞാന്‍ ട്യൂഷന്‍ സ്ഥലത്തേക്ക് യാത്രയായി. അഭിമാനത്തോടെ. കുമാരന്‍ എന്ന നിലയിലേക്കുള്ള എന്റെ വിപ്ലവകരമായ കാല്‍‌വെയ്പ്.!


ട്യൂഷന്‍ സ്ഥലത്ത് എത്തിയ എന്നെ സഹപാഠികള്‍ ഹര്‍ഷാരവങ്ങളോടെ സ്വീകരിച്ചു (കണങ്കാലിലും കൂടുതല്‍ ഇറക്കമുള്ള മാടിക്കുത്തലും, ഇടക്കിടെ അസ്വസ്ഥതയോറ്റെയുള്ള ഉടുക്കലും കണ്ട് ഊതിയതായിരിക്കാം. ). എന്തായാലും മൊത്തത്തില്‍ ഞാനൊന്നു വലുതായതായി എനിക്കും തോന്നി എന്നതും സത്യം.


ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പടപടാന്ന് ഇടിക്കുന്ന ഹൃദയവുമായി ഞാന്‍ മടങ്ങി. പ്രതീക്ഷ തെറ്റിയില്ല.


എന്റെ മാതാവ് വേലിയുടെ കടമ്പയില്‍ തന്നെ കാത്തു നില്പ്പുണ്ടായിരുന്നു. സ്വതസ്സിദ്ധമായ പല്ലുകടിയൊടെ.

"ഡാ.. എന്തിനാഡാ നീ ഈ മുണ്ടും ഞാത്തിപ്പോയത്? ങ്ങേ?" എന്ന ആക്രോശത്തോടെ കുമാരനായി രൂപാന്തരം പ്രാപിച്ചു നിന്ന എന്റെ അരയില്‍ നിന്നും അമ്മ മുണ്ട് ഒറ്റ വലിക്ക് പറിച്ചെടുത്തു. പിന്നെ കൈ നിവര്‍ത്തി എന്റെ തുട നോക്കി ഒരു പ്രഹരവും.


പാവം വിപ്ലവകാരിയായ ഞാന്‍! അടി എനിക്കൊരു പുത്തരിയല്ല. അതിന്റെ വേദനയും സാരമേയല്ല.


പക്ഷേ...


അന്നേ ദിവസം വരെ ഞാന്‍ ധരിച്ചിരുന്ന പുണ്യവസനം, "നിക്കര്‍", എന്റെ അരയില്‍ ഉണ്ടായിരുന്നു എങ്കിലും നഗ്നനാക്കപ്പെട്ടവനെപ്പോലെ, നഗ്നനായി, വിവശനായി ഞാന്‍ ആ കടമ്പയില്‍ ചവിട്ടി നിന്നു. പാരതന്ത്ര്യത്തിന്റെ വേദന കണ്ണീര്‍ക്കണങ്ങളായി എന്റെ കണ്ണില്‍ നിന്നും താഴെക്കൊഴുകി.


"മേലാല്‍ ഒരൊറ്റ മുണ്ടില്‍ തൊട്ടു പോകരുത്". മാതാവിന്റെ ആക്രോശം പശ്ചാത്തലത്തില്‍ മുഴങ്ങി.


ഹേ അമ്മേ! നിങ്ങള്‍ക്ക് ഒരു കുമാരന്റെ ഹൃദയ വേദന ഒരിക്കലും മന്‍സ്സിലാവില്ല.


ആ ദിവസം അങിനെ കഴിഞ്ഞു. അടുത്ത ദിവസം പ്രഭാതത്തില്‍ എന്നെ വളരെ ക്ലോസ്സായി വാച്ചു ചെയ്തുകൊണ്ട് എന്റെ മാതാവ് ഒരു ബ്ലാക്ക് ക്യാറ്റിനെപ്പോലെ പിറകെ നടന്നു. പ്രഭാതഭക്ഷണം പോലും ശരിക്കു കഴിക്കാതെ (തീരെ കഴിക്കാതെയിരിക്കാന്‍ ഞാനെന്തു തെറ്റു ചെയ്തു. ഹല്ലാ പിന്നെ ), വിഷണ്ണനായി , വിഷാദ മൂകനായി , നിക്കറും ധരിച്ച് , പുസ്തകവുമെടുത്ത് ഞാന്‍ ട്യൂഷനു പുറപ്പെട്ടപ്പോള്‍ , വേലിയുടെ കടമ്പ വരെ അമ്മ എന്നെ അനുഗമിച്ചു. ഞാന്‍ ഒന്നു കൂടി കെഞ്ചി നോക്കി.


"അമ്മേ .. എനിക്കൊരു പഴയ മുണ്ട് താ അമ്മേ.. ഇതു വയ്യ. നാണക്കേടാ"


"മിണ്ടാതെ പൊക്കോ എറുക്കാ. മുണ്ട് വേണം പോലും. അരച്ചാണ്‍ നീളവും അവന്റെയൊരു മുണ്ടും. പോ.. പോക്കൊ മര്യാദക്ക് ട്യൂഷന്"


ഞാന്‍ കീഴടങ്ങി. ട്യൂഷനു പോയി.


കുമാരന്‍ വീണ്ടും നിക്കര്‍ ധരിച്ച് ബാലനായി രംഗപ്രവേശം ധരിച്ചത് എന്റെ സഹപാഠികളെ ആവേശഭരിതരാക്കി.

"അയ്യേ ! ദേണ്ടടാ ഇവന്‍ ചഡ്ഡീമിട്ടോണ്ട് വന്നിരിക്കുന്നു.. ഹ ഹ ഹ. മുണ്ടെവെടാഡാ? ഉരിഞ്ഞു പോയോ? " എന്നൊക്കെ പറഞ്ഞ് അര്‍മ്മാദിച്ച് കളിയാക്കി അവര്‍ എന്നെ കൊലവിളിച്ചു. അടുത്തു കിട്റ്റിയവനിട്ടോക്കെ ഞാന്‍ ഓരോന്ന് കൊടുക്കയും ചെയ്തു. പെണ്‍കുട്ടികളുടെ ഭാഗത്തേക്ക് ഞാന്‍ നോക്കിയതെ ഇല്ല. അവരുറ്റെ മുഖത്തും സഹതാപമോ, പരിഹാസമോ ഒക്കെ ഉണ്ടായിരുന്നിരിക്കണം..

ഒരാഴ്ച്ത്തെ നീണ്ട എന്റെ സഹനസമരങ്ങളുടേയും, അന്തര്‍നാടകങ്ങളുടെയും, നയതന്ത്രചര്‍ച്ചകളുടെയും ഫലമായി, ഒടുവില്‍ എനിക്ക് രണ്ട് പാന്റ്റുകള്‍ക്കുള്ള തുണി വാങ്ങിവാനും മുണ്ടു ധരിക്കുവാനും ഉള്ള തീരുമാനം കൈക്കൊള്ളുവാന്‍ മാതാപിതാക്കള്‍ നിര്‍ബ്ബന്ധിതരായി. കടുത്ത പച്ചയും തവിട്ടും നിറത്തിലുള്ള പാന്റിന്റെ തുണിയും കൊണ്ട് ചെന്നപ്പോള്‍ അമ്പലപ്പുഴയിലെ "ഗുഡ്ഫിറ്റ്" ഗാര്‍മെന്റ്സിലെ മോഹന്‍ലാലിനെ അനുസ്മരിപ്പിക്കുന്ന മുഖമുള്ള രവിച്ചേട്ടന്‍ ചോദിച്ചു?


"ബെല്‍ബോട്ടം സ്റ്റൈലോ, ജീന്‍സ് സ്റ്റൈലോ"?


അന്താപ്പാവിയായ ഞാന്‍ കുന്തം വിഴുങ്ങിയപോലെ നിന്നു. എനിക്കുണ്ടോ ബെല്ലും ബ്രേക്കും? പക്ഷേ അറിവില്ലായമ പുറത്തു കാണിക്കുന്നത് ഒരു കുമാരന് ഭൂഷണമല്ലാത്തതുകൊണ്ട്, ഞാന്‍ പറഞ്ഞു.


"ബെല്‍ബോട്ടത്തിന്റേം ജീന്‍സ്സിന്റേം എടേല് ഒള്ള ഒരു സ്റ്റൈലില് തയ്ച്ചേരെ" (യേത്.. അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല. എങ്ങിനെ പോയാലും സേയ്ഫ്)


അങ്ങിനെ രവിച്ചേട്ടന്‍ എങ്ങും തൊടാതെ അടിച്ച ആ പാന്റുകള്‍ സമാന്തരങ്ങളായി എന്റെ അരയില്‍ തൂങ്ങിക്കിടന്നു. വലിയ കുഴപ്പങ്ങളില്ലാതെ . എന്നാല്‍ എന്തൊക്കെയോ കുഴപ്പങ്ങളോടെ.


പിന്നെ പ്രീഡിഗ്രിക്കു ചേര്‍ന്നപ്പോഴാവണം അടുത്ത രണ്ടു പാന്റുകള്‍ക്കുള്ള സാങ്ഷന്‍ ലഭിച്ചത്. അന്നു രവിച്ചേട്ടന്റെ "ഗുഡ്ഫിറ്റ്" ഗാര്‍മെന്‍സില്‍ തുണിയുമായിച്ചെന്ന് ഞാന്‍ പറഞ്ഞു


"ചേട്ടാ ഇത് ജീന്‍സ് സ്റ്റൈലില്‍ തയ്ച്ചേക്കണേ" . ചേട്ടന്‍ അളവെടുത്തു. തയ്ച്ചു തന്നു


ഇട്ടു നോക്കിയപ്പൊഴാണ് ചേട്ടന്റെ "ജീന്‍സ്" സ്റ്റൈലിന്റെ മഹത്വം പിടി കിട്ടിയത്

 പാന്റ്സ് ഒടുക്കത്തെ ടൈറ്റ്. പണ്ടത്തെ ഭാഷയില്‍ പറഞ്ഞാല്‍ "ഭയങ്കര ഫിറ്റ്". അരയിലെ ഹുക്കിടാന്‍ ശ്വാസം അകത്തേക്ക് വലിച്ചു പിടിക്കണം. പിന്നെ മൊത്തത്തില്‍ ഒരു മുറുക്കവും. അതായിരുന്നത്രേ അന്നത്തെ സ്റ്റൈല്‍. ഓരോ കാലും കയറ്റുവാന്‍ എണ്ണയിടണം.
 
കോളേജിലൊക്കെ ചെന്നാല്‍, ഒരു പേന താഴെപ്പോയാല്‍ അതൊന്നെടുക്കാന്‍ പെട്ടിരുന്ന പാട്. കുനിഞ്ഞാല്‍ പാന്റിന്റെ മൂട് കീറും എന്നുറപ്പ്. എന്നിട്ടും .. ആവേശത്തോടെ ആഗ്രഹത്തോടെ അവ ധരിച്ചു നടന്നു
 
വളരെക്കുറ്ച്ചു മാത്രം വസ്ത്രങ്ങള്‍ ആഗ്രഹത്തോടെ എടുത്തണിഞ്ഞ കാലം.
 
എത്രയെത്ര വേഷങ്ങള്‍ മാറിയണിഞ്ഞും ഊരിയെറിഞ്ഞും നാല്പ്പതിന്റെ ശൈശവത്തില്‍ നിന്നു തിരിഞ്ഞു നോക്കുമ്പോള്‍
 
ജീവിതം ഒരു വര്‍ണ്ണപ്പകിട്ടുള്ള കുപ്പായം പോലെ. എന്നും സന്തോഷത്തോടെ, പുതുമയോടെ ധരിക്കാന്‍ കൊതിക്കുന്ന ഒന്ന്.

Friday, June 1, 2012

ഒരു കൊച്ചു മധ്യവേനല്‍ സ്വപ്നം

അവസാന പരീക്ഷയുടെ അവസാന ചോദ്യത്തിന്റെ ഉത്തരമെഴുതുക  എന്നതിന്റെ ഹരം നഷ്ടപ്പെട്ടതിന്റെ വേദന ഇന്നും മാറുന്നില്ല .

സിരകളില്‍ ഒരു പൊട്ടിത്തെറി , നെഞ്ചിന്റെ അകത്തുനിന്നു തന്നെയാവണം കവിളുകളില്‍ കൂടി പൊട്ടിപ്പുറത്തു ചാടാന്‍ പോകുന്ന ഒരു ചിരിയുടെ തള്ളിച്ച .... അതെ ദാ ഈ ഉത്തരം കൂടി എഴുതിക്കഴിഞ്ഞാല്‍ മധ്യവേനലവധി തുടങ്ങുകയായി ..

ഹോ.. പേന നീങ്ങുന്നില്ലല്ലോ!

തടിച്ച മഷിപ്പേനയുടെ തിളങ്ങുന്ന പിച്ചള നിബ്ബിലൂടെ അസുഖകരമായ ഗന്ധമുള്ള ചെല്പാര്‍ക്കിന്റെ മഷി, അക്ഷരങ്ങളായി പിടഞ്ഞു പുറത്ത് വരുന്നത് അത്ര പതുക്കെ ...

ഒടുവില്‍ അത് സംഭവിക്കുന്നു . അവസാന ചോദ്യത്തിന്റെ ഉത്തരം കഴിയുന്നു . അവസാന ഉത്തരത്തിന്റെ അടിയിലായി പേപ്പറിന്റെ മധ്യത്തില്‍ ഒരു വരയും ഇരു വശത്തും രണ്ടു നക്ഷത്രങ്ങളും വരച്ചു , മൊട്ടു സൂചി കുത്തിയ ഉത്തരക്കടലാസ്സുകള്‍  സാറിനെ എല്പ്പിക്കുംപോഴേക്കും നെഞ്ചിലെ ചിരി കഴുത്തോളം എത്തിയിട്ടുണ്ടാവും .

പിന്നെ ക്ലാസ്സിനു പുറത്തേക്ക് വന്നു അടുക്കി വെച്ച പുസ്തകങ്ങളും എടുത്തു തിണ്ണയില്‍ നിന്നും താഴെക്കൊരു ചാട്ടമാണ് നെഞ്ചിലെ തള്ളിച്ച മുല്ലപ്പൂക്കളായി മുഖത്ത് വിരിഞ്ഞിട്ടുണ്ടാവും അപ്പോള്‍ .

കൂട്ടുകാരുമോരുമിച്ചു വീട്ടിലേക്കുള്ള മടക്കയാത്രയുടെ ഹരം . വീട്ടിലെത്തിയാല്‍ പഠനമേശയെ ഒരു പുച്ഛത്തോടെ നോക്കി അകലെ നിന്ന് തന്നെ പുസ്തകങ്ങള്‍ അതിലേക്കു വലിച്ചെറിയുമ്പോള്‍ വീട്ടിലുള്ളവര്‍ക്കും ഒരു  കുണ്ഡിതഭാവം ഉണ്ടെന്നു ഞാനങ്ങു വിചാരിക്കും. അഹങ്കരിക്കും. എന്നെ കാണുമ്പോഴൊക്കെ

"ഡാ എറുക്കാ.. പോയിരുന്നു പഠിക്കെഡാ" എന്നു പറയാന്‍ പറ്റില്ലല്ലൊ!

മധ്യവേനലിന്റെ വെയിലില്‍ നീന്തിക്കുളിച്ചു ,   മണലില്‍ പൊടിപറത്തി കളിച്ചു കൂട്ടിയ കളികള്‍.

വീട്ടിലെ മാവുകളില്‍ തിരിഞ്ഞു നോക്കാതെ വഴി നീളെ ആരാന്റെ പറമ്പുകളില്‍ നില്‍ക്കുന്ന മാവുകളില്‍ ഉന്നം പരീക്ഷിക്കുകയും , അതിന്റെ ഉടയവര്‍ ദേഷ്യത്തോടെ തുരത്തുംപോള്‍ , നിലത്തു വീണു ചതഞ്ഞ മാങ്ങകളും കയ്യിലിരുന്നു ചിരിക്കുമായിരുന്നുവല്ലോ

അടിച്ചേച്ചോട്ടം കളിച്ചു വീണു മുട്ട് പൊട്ടിയാലും കണ്ണീര്‍ മുളക്കാത്ത കണ്ണുകള്‍.

കടന്നു പോവുന്ന ദിനങ്ങള്‍ അവധിയില്‍ നിന്ന് കുറയ്ക്കുവാന്‍ എപ്പോഴും മടിയാണ് . ഒരു യാഥാ‌‌ര്‍‌ഥ്യത്തെ ഒഴിവാക്കുന്നതിന്റെ സുഖം .

വിയര്‍ത്തൊട്ടിയ ശരീരങ്ങള്‍ പറമ്പിലെ കുളത്തിലേക്ക് ചാടുമ്പോള്‍ കുളത്തിലെ നീരിനും ചിരിയായിരുന്നു .

അത്താഴം കഴിഞ്ഞു കിടന്നാല്‍ നാളത്തെ കളികള്‍ക്കുള്ള മേച്ചില്‍പ്പുറങ്ങള്‍ പച്ചപ്പാര്‍ന്നു നിരക്കും. ആ തണുപ്പിലാവും ഉറക്കം .

അറുപതു ദിനങ്ങള്‍ ഇങ്ങിനി വരാതവണ്ണം കുതിച്ചുപോയതുപോലെ തോന്നും അവധിക്കൊടുവില്‍.

പുതിയ ക്ലാസ്സിലേക്കുള്ള പാഠപുസ്തകങ്ങളുടെ വരവ്. അവയുടെ വര്‍ണ്ണാഭമായ പുതുമയുള്ള പുറംചട്ടകള്‍, ഒരു കയ്പുള്ള യാഥാര്‍ഥ്യത്തിന്റെ നിറം പിടിപ്പിച്ച ഭീഷണികളായിത്തോന്നും. ഞാനിത്ര അക്ഷരവൈരിയൊ എന്നു വീട്ടുകാര്‍ അത്ഭുതം കൂറിയാല്‍ അത്ഭുതപ്പെടുവാനുണ്ടോ.

പഠിക്കാന്‍ പോകാന്‍ മടിയുള്ള കുറുമ്പിനെ ശാസിക്കും പോലെ, മുഖം കറുപ്പിച്ചു നില്‍ക്കുന്ന ഇടവപ്പാതി. പെരുമഴയില്‍ അകത്തു ചാറ്റല്‍ മഴ പെയ്യുന്ന തുണിക്കുട നിവര്‍ത്തി, കറുത്ത റബ്ബറിട്ടു മുറുക്കിയ പുസ്തകക്കെട്ടുകളും തോള‍ത്തേറ്റി, കയ്യില്‍ തൂക്കുപാത്രത്തില്‍ ചോറുമേന്തിയുള്ള സ്കൂളില്‍ പോക്ക് തുടങ്ങുകയായി .

ഇടവപ്പാതിയില്‍ കലങ്ങി കുത്തിയൊലിച്ചു പോയ വെള്ളം പോലെ കാലം കടന്നുപോയല്ലൊ.

ഇന്നിതാ എന്റെ മുന്നില്‍ ഒരു എട്ടു വയസ്സുകാരിയുടെ മുഖത്തും കാലവര്‍ഷത്തിന്റെ കനം.
കഴിഞ്ഞു പൊയ അവധിക്കാലത്തെക്കുറിച്ചോര്‍ത്തും ജൂണ്‍ നാലിന്റെ സ്കൂളില്‍ പോക്ക് ഓര്‍ത്തും കുട്ടിക്കുറുമ്പുകള്‍.

കാലത്തിന്റെ താളുകള്‍ പിറകോട്ടു മറിച്ചു നോക്കാതെ തന്നെ അവളില്‍ ഞാന്‍ കാണുന്നത് എന്നെത്തന്നെ.

ബാല്യത്തിന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് വിലക്കുകളില്ലാതെ അവധിക്കാലം നുകര്‍ന്നു മതിയാകാത്ത കുഞ്ഞു മനസ്സിനെ

സാധ്യായ ദിവസങ്ങളില്‍ അവളടുത്തില്ലാത്തതിന്റെ വിഹ്വലതകള്‍ ഓര്‍ത്ത്, അവധിക്കാലത്ത്‍ അവളോടൊട്ടി നിന്ന അവളുടെ അമ്മയുടെ ദീര്‍ഘനിശ്വാസങ്ങള്‍

അവധിക്കാലത്തെ എത്രയും സ്നേഹിച്ചിരുന്നുവോ അത്രയും തന്നെ ഞാന്‍ അവയെ വെറുക്കുന്നു.

അവക്ക് അനിവാര്യമായ ഒരു അന്ത്യം ഉള്ളതുകൊണ്ട്.

അതുകൊണ്ട് മാത്രം.

Saturday, February 25, 2012

ഹൃദയരാഗത്തിന്റെ പതിനൊന്നു വര്‍ഷങ്ങള്‍

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സെപ്റ്റംബറില്‍ സൗദി അറേബ്യയിലെ ഒരു തുറമുഖ പട്ടണത്തിലെ എന്റെ ചെറിയ മുറിയിലേക്ക് ഒരു ഫോണ്‍ വന്നു. അവിടെ അടുത്തു തന്നെ സാമസിക്കുന്ന, നാട്ടില്‍ വെക്കേഷനു പോയി അന്നു മടങ്ങി വന്നിരുന്ന എന്റെ സഹോദരിയുടെതായിരുന്നു.

"പെണ്‍കുട്ടിയുടെ ഫോട്ടോ കൊണ്ട് വന്നിട്ടുണ്ട്. വന്നാല്‍ തരാം"

കെട്ടുപ്രായം ആയി ആ മുറി മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയും വരുന്ന അഞ്ചുകൊല്ലത്തെ സാമ്പത്തിക സ്ഥിതി വിലയിരുത്തി "കെട്ടണോ വേണ്ടയോ" എന്ന ഭാവഗീതം ആലപിക്കുകയും ആശയസമരപ്പോരാട്ടം നടത്തുകയും ചെയ്തിരുന്ന എന്റെ കൈകള്‍ ഓട്ടോമാറ്റിക്കായി സ്റ്റാന്റിലേക്ക് നീങ്ങുകയും അവിടെ കിടന്നിരുന്ന നീല ഷ‌ര്‍ട്ട് എടിത്തിട്ടുകൊണ്ട് പുറത്തേക്കിറങ്ങുകയും ചെയ്തു.

സെപ്റ്റംബറില്‍ സൗദി അറെബ്യയില്‍ മധുരമനോജ്ഞമായ കാലാവസ്ഥ‌‌‌യാണ്. ആവിയുള്ള ഇഡ്ഡലിക്കുട്ടകം തുറക്കുമ്പൊള്‍ അതിന്റെ മുകളില്‍ പോയി ശ്വാസം വലിക്കുന്നതു പോലെ ഇരിക്കും പുറത്തിറങ്ങി ശ്വാസം വലിച്ചാല്‍. അങ്ങനെ പുഴുങ്ങി നില്‍ക്കുന്ന (ഹ്യുമിഡ് എന്ന് ഇംഗ്ലീഷ്) നിശീഥിനിയില്‍ മുണ്ടും മാടിക്കുത്തി ഞാന്‍ വലിഞ്ഞു നടന്നു. സൗദി അറേബ്യയില്‍ മുണ്ട് മാടിക്കുത്തുകയോ എന്നത്ഭുതപ്പെടരുത്.വലിയ തിരക്കൊന്നും ഇല്ലാത്ത ആ പട്ടണത്തില്‍ അതൊക്കെ നടക്കുമായിരുന്നു. സഹോദരിയുടെ വീട്ടിലേക്ക് ഏതാണ്ട് എണ്ണൂറ് മീറ്റര്‍ ഉണ്ട്. എണ്ണൂറ് മീറ്റര്‍ എട്ട് കിലോമീറ്റര്‍ ആണെന്നു തോന്നിച്ചെങ്കിലും സാധാരണ എത്തുന്നതിലും വേഗം വിയ‌ര്‍‌ത്തൊലിച്ച് ഞാന്‍ അവിടെ എത്തിച്ചേര്‍ന്നു. ദാഹപരവേശങ്ങളൊക്കെ ഏതാണ്ട് അറുതി വരുത്തി ഞാനിരിക്കവേ വെള്ളക്കവറിലിട്ട ഫോട്ടോ ചേച്ചി എന്റെ നേരെ നീട്ടി. "ഇന്നാ ഫോട്ടോ"

പടപടാന്ന് ഇടിക്കുന്ന (എന്തിനാണോ എന്തോ) നൊഞ്ചോടെ ഞാനതു വാങ്ങി. കൈയ്യില്‍ വെച്ചു. ആവശ്യത്തിനു ബലം പിടിച്ചു. "ഓ.. പിന്നെ നോക്കാം" എന്ന ഭാവത്തോടെ. പിന്നെ എങ്ങിനെയൊക്കെയോ എന്തൊക്കെയോ പറഞ്ഞുകൊണ്ട് നിസ്സംഗഭാവത്തില്‍ അതായത് എനിക്ക് ഇതിനൊന്നും ഒരു ധൃതിയും ഇല്ലാത്ത ആളാണ് എന്ന ഭാവത്തില്‍ അല്പനേരം കൂടി ഇരുന്ന ശേഷം ഞാന്‍ "പോട്ടെ"  എന്നും "പോയിക്കിടന്നുറങ്ങട്ടെ " എന്നും പ്രഖ്യാപിച്ചുകൊണ്ട് അവിടെ നിന്നും സ്കൂട്ടായി.

പുറത്തിറങ്ങി അല്പം നടന്ന ശേഷം ഞാന്‍ ഉത്ഖണ്ഡയൊടെ ആ കവര്‍ തുറന്ന് അതിലെ ഫോട്ടോ കയ്യില്‍ എടുത്തു. ഇതാ അവള്‍. ശ്ശേ.. റോഡിലാണെങ്കില്‍ ആവശ്യത്തിനു വെട്ടവും ഇല്ല. തൊട്ടടുത്തുള്ള ഒരു വലിയം സോഡിയം ലാമ്പിന്റെ അടുത്തേക്ക് നടന്ന ഞാന്‍ സോഡിയം ലാമ്പിന്റെ പ്രഭാപൂരത്തില്‍ എന്റെ ഭാവിവധുവിനെ കണ്ടു. എബ്രഹാം ലിങ്കണ്‍ തെരുവു വിളക്കിന്റെ വെളിച്ചത്തിലാണ് പഠിച്ചതെങ്കില്‍ ഞാന്‍  തെരുവു വിളക്കിന്റെ വെളിച്ചത്തിലാണ് എന്റെ ഭാര്യയെ വിദ്യയെ ആദ്യമായി കാണുന്നത്. മഹാന്മാര്‍ ഒരുപോലെ പ്രവര്‍ത്തിക്കും എന്ന് ഞാന്‍ അനുസ്മരിച്ചു.

നീലനിറത്തിലുള്ള വസ്ത്രം ധരിച്ച്, കൈകള്‍ മുന്‍പില്‍ ബന്ധിച്ച് ചിരിച്ച് നിന്ന അവള്‍ "എന്നെ തന്നെ ഒന്നു കല്യാണം കഴിക്കൂ. നമ്മള്‍ ഒന്നാകേണ്ടവരാണ്" എന്നു പറഞ്ഞതായും എനിക്കു തോന്നി. റാസ്തനൂരയിലെ മലായളിയുടെ സ്റ്റുഡിയോയിലെ പച്ച കുഷന്‍ ഇട്ട അറബി സിംഹാസനത്തില്‍ ഒരു ചുള്ളന്‍ ഗ‌ള്‍ഫന്റെ ഗമ‌യൊടെ ഇരുന്ന് എടുത്ത ഫോട്ടോ ഞാനും അയച്ചു കൊടുത്തിരുന്നു. അതു കണ്ടപ്പോള്‍ അവള്‍ക്കും ഇങ്ങിനെ ത്ന്നെ തോന്നണേ എന്നു ഞാന്‍ പ്രാര്‍ത്ഥിചു.

ജീവിതം യൗവ്വനതീഷ്ണവും ഹൃദയം പ്രേമസുരഭിലവുമായ അനവധി ദിനങ്ങള്‍. ഇടക്കെപ്പൊഴോ വിദ്യയുടെ വീട്ടിലെ ഫോണ്‍ നമ്പര്‍ ലഭിച്ച ദിവസം ഞാന്‍ അവിടെക്കു വിളിച്ചു. വിദ്യയുടെ അച്ഛനോട് സംസാരിച്ചതിനു ശേഷം എന്റെ പ്രതിശ്രുതവധുവിന്റെ ശബ്ദം ഞാന്‍ ഫോണിലൂടെ കേട്ടു.
"എനിക്ക് പേടിയായിരുന്നു ശബ്ദം കേള്‍ക്കുന്നതു വരെ"
"എന്തിന്"
ആവശ്യത്തില്‍ കൂടുതല്‍ ബലം കൊടുത്ത് ഞാന്‍ ചോദിച്ചു.

"അല്ലാ .. ഈ കഥകളിക്കാരന്‍ എന്നൊക്കെ കേട്ടപ്പോള്‍...."

ഞാന്‍ ഉള്ളില്‍ ചിരിച്ചു. കഥകളിക്കാരന്‍ ആണ് എന്നു കേട്ടപ്പോല്‍ നാട്ടിലൊക്കെ കുറച്ച് ഡാന്‍സൊക്കെ പഠിച്ച് "സവാളവട" എന്നു പറഞ്ഞു നടക്കുന്ന "കിളിശബ്ദമുള്ള" ആരെങ്കിലും ആവുമോ എന്ന ഭയെന്റെ പ്രിയതമയെ വേട്ടയാടുന്നുപോലും.

ഞാന്‍ പരമാവധി "ബാസ്" കൊടുത്ത് ചോദിച്ചു

"ഇപ്പോള്‍ ശബ്ദമൊക്കെ കേട്ട്... സന്തോഷമായില്ലേ"

മറുതലക്കല്‍ ചിരി..

വെയില്‍ തിളക്കുന്ന നാലു മാസങ്ങള്‍ എന്റെ മനസ്സിലെ പ്രേമത്തിന്റെ‍ കുളിര്‍മഴ പെയ്ത് കുളിര്‍പ്പിച്ച് കടന്നു പോയി.

ഫെബ്രുവരി രണ്ട് 2001.

അന്നാണ് ഞാന്‍ എന്റെ ആദ്യ വെക്കേഷന് നാട്ടിലേക്ക് തിരിച്ചത്. വിവാഹത്തിനു വേണ്ടിയും. സൗദി അറേബ്യയിലെ മണ്ണു വിട്ട് ഫ്ലൈറ്റ് പറന്നുയരുമ്പോള്‍ സാധാരണ മലയാളിക്കുണ്ടാകുന്ന ഒരു സന്തോഷം മാത്രമായിരുന്നില്ല എന്റേത്. ജീവിതത്തിലേക്ക് ഒരാളെക്കൂടി കൂടെക്കൂട്ടാന്‍ പോവുന്നതിന്റെ സന്തോഷം. മേഘങ്ങളെ കീഴടക്കി വിമാനം കുതിക്കവെ എന്റെ മനസ്സ് മേഘങ്ങളില്‍ നൃത്തം ചെയ്തു കൊണ്ടിരുന്നു  .

വീട്ടിലെത്തിയപ്പോള്‍ എന്റെ വധുവിനെ കാണാന്‍ അടുത്ത ദിവസമേ പോവുന്നുള്ളൂ എന്നറിഞ്ഞു. അല്പം നിരാശ തോന്നി. ടൗണിലേക്കിറങ്ങിയ എന്റെ മനസ്സ് തുടിച്ചുകൊണ്ടിരുന്നു. എന്റെ മനസ്സില്‍ തുളുമ്പി നിന്നിരുന്ന  സ്നേഹത്തിനു മുന്നില്‍ നാട്ടുനടപ്പിന്റെ മതിലുകള്‍ കാണാതെയായി. ഞാന്‍ നേരെ വിദ്യയുടെ വീട്ടിലേക്കെത്തി. എല്ലാവര്‍ക്കും അപ്രതീക്ഷിതമായ സന്ദര്‍ശനം.

അപ്പൊള്‍ അവിടെ വെച്ച് ഞാന്‍ അവളെ ആദ്യമായി കണ്ടു.
മുഖം നിറയെ ചിരിയുമായി
കണ്ണുകള്‍ നിറയെ സ്നേഹവുമായി
നെഞ്ചു നിറയെ പ്രേമവുമായി.....

എന്റെ പെണ്ണിനെ.

രണ്ടായിരത്തി പതിനൊന്ന് ഫെബ്രുവരി ഇരുപത്തിയഞ്ചാം തീയതി എന്റെ പ്രിയപ്പെട്ടവളുടെ കഴുത്തില്‍ താലി ചാര്‍ത്തിയിട്ട്  ഇന്നേക്ക് പതിനൊന്നു കൊല്ലമായിരിക്കുന്നു.

പ്രണയിച്ചും പിണങ്ങിയും ഇണങ്ങിയും കഴിഞ്ഞ ഇണ പിരിയാത്ത പതിനൊന്നു കൊല്ലങ്ങള്‍!

iഇനിയും സ്നേഹിച്ചു തീരാതെ എത്രയും വര്‍ഷങ്ങള്‍ ഞങ്ങള്‍ ഒന്നിച്ചുണ്ടായിരിക്കണേ എന്ന പ്രാര്‍ത്ഥന‌യുമായി...

എന്റെ പ്രിയപ്പെട്ടവള്‍ക്ക് സ്നേഹം നിറഞ്ഞ വിവാഹവാര്‍ഷികാശംസകള്‍‍!

Wednesday, February 1, 2012

കാവടിയും സോഡയും

ആലപ്പുഴജില്ലയില്‍ കരുവാറ്റാക്ക്  തെക്കോട്ടും എവൂരിനു വടക്കോട്ടും ഉള്ള ദിക്കില്‍ "തൈപ്പൂയം" എന്നാല്‍ ബഹുവിശേഷം തന്നെ.

പണ്ട് , ഞാന്‍ ഒരു ആറേഴു വയസ്സുള്ള ഒരു മോണ്‍സ്ട്റായിരുന്ന കാലം . അമ്മയുടെ  ഹരിപ്പാട്ടുള്ള കുടുംബവീട്ടില്‍ തൈപ്പൂയം പ്രമാണിച്ചു ഞാനടക്കമുള്ള കുരുപ്പുകളെയും  മറ്റും തൈപ്പൂയത്ത്തിനു "കാവടി" എടുപ്പിക്കനായി അത്യാവശ്യം വ്രതം ഒക്കെ നോല്‍പ്പിച്ചു പഴുപ്പിച്ചു പരുവമാക്കി നിര്‍ത്തിയ ഒരു തൈപ്പൂയക്കാലം . കുഞ്ഞുകുട്ടികള്‍ മുതല്‍ നല്ല തല മൂത്ത അപ്പൂപ്പന്മാര്‍ വരെ കാവടി എടുക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്നു . ലോകത്തുള്ള സകല ബന്ധുക്കളും കുടുംബത്ത് കൂടി നല്ല "ഴ" പരുവം . ബഹളമയം . എവിടെയും "ഇച്ചേയ്" "കൊച്ചാട്ടാ" "വല്യണ്ണാ" എന്നൊക്കെയുള്ള മധ്യതിരുവിതാംകൂര്‍ വിളികള്‍ മാത്രം .

തൈപ്പൂയത്തിന്റെ അന്ന് കാലത്ത് എന്നെ അടക്കമുള്ള പൈതങ്ങളെ ഒക്കെ ആട്ടിത്തെളിച്ച് കുളക്കടവില്‍ കൊണ്ടുപോയി അമ്മയും കുഞ്ഞമ്മമാരും  കൂടി മുക്കി ഒലച്ചു  പിഴിഞ്ഞു കുളിപ്പിച്ച് തിരികെ കൊണ്ടു വന്നു . പിന്നെ ഒരു കാവി മുണ്ടും ഉടുപ്പിച്ചു കൈയ്യില്‍ ഒരു താലവും അതില്‍ കുറെ ഭസ്മവും പിന്നെ ഒരു കുറ്റി മയില്‍പ്പീലിയും  തന്നു ഒരു മുതിര്‍ന്ന "കൊച്ചാട്ടന്റെ" കൂടെ "ഭിക്ഷ"ക്കായി പറഞ്ഞു വിട്ടു . ഉല്സാഹ പൂര്‍വ്വം ഭിക്ഷ തേടാനുള്ള ആ ഒരു അവസരം ഞാനും കളഞ്ഞു കുളിച്ചില്ല . ചെല്ലുന്ന വീടുകളിലൊക്കെ നല്ല ചിരിയോടെയുള്ള സ്വീകരണം . ഭിക്ഷയൊക്കെ കഴിഞ്ഞു തിരികെ വന്നു മുക്തകണ്ഠം പ്രഭാതഭക്ഷണം ഭുജിച്ചു  ഫിറ്റാക്കി നിന്നു. കാവടിക്കുള്ള സമയം സമാഗതമായി .കുടുംബത്തിനടുത്തുള്ള "തലത്തോട്ടാ" അമ്പലത്തില്‍ നിന്നാണ് കാവടി ഘോഷയാത്രയുടെ തുടക്കം . അവിടെ നിന്നു പുറപ്പെട്ടു എവിടൊക്കെയോ ചുറ്റിത്തിരിഞ്ഞു  സുബ്രമ്മണ്യക്ഷേത്രത്തിലാണ് കാവടി അവസാനിക്കുക .  കാവടി എടുക്കുന്ന നൂറു കണക്കിന് ആബാലവൃദ്ധം ഭക്തര്‍ . എന്നെയും എന്റെ സഹോദരിമാരെയും പിന്നെ കുഞ്ഞമ്മമാരുടെ മക്കളെയും ഒക്കെ കാവടി എടുപ്പിച്ചു തയ്യാറാക്കി നിര്‍ത്തി . പൂകളൊക്കെക്കൊണ്ട് അലങ്കരിച്ച , ഇരുവശവും മയില്‍പ്പീലി കെട്ടിയ വളഞ്ഞ കാവടി. ഇരു വശവും ചെറിയ മൊന്തകളില്‍ ശര്ക്കരപ്പാനി നിറച്ചു അടച്ചു കെട്ടിയിരിക്കുന്നു . ഇടതു തോളില്‍ കാവടി വെച്ച് അതിന്റെ പിടിയില്‍ രണ്ടു കൈകളും മുറുകെ പിടിച്ചു  ഗമയില്‍ ഞാനങ്ങിനെ നിന്നു . കുട്ടികളെ നോക്കാനായി കുറച്ചു മുതിര്‍ന്ന സ്ത്രീകളും ഉണ്ട് ചുറ്റിനും . എന്റെ തൊട്ടടുത്തായി ഞാന്‍ "സുമതി" എന്ന് വിളിച്ചിരുന്ന ഒരു മുതിര്‍ന്ന ചേച്ചിയായിരുന്നു ഉണ്ടായിരുന്നത് .   പാണ്ടിമേളത്തിന്റെ അകമ്പടിയോടെയുള്ള നാഗസ്വരവും പഞ്ചവാദ്യവും ചെണ്ടമേളവും എല്ലാം കൂടി ആകെ ഉത്സവപ്രതീതി . കാവടി ഘോഷയാത്ര ആരംഭിച്ചു .

പാണ്ടിമേളത്തിന്റെ പശ്ചാത്തലത്തില്‍ നാഗസ്വരം തകര്‍ക്കുകയാണ് . എനിക്ക് പരിചയമുള്ള ഏതൊക്കെയോ പാട്ടുകള്‍ പാണ്ടിദുരൈ ഊതി വിടുന്നുണ്ടല്ലോ എന്ന് ഞാന്‍ വിചാരിച്ചു . ചുറ്റിനും ഭക്തി കൊണ്ട് നില്‍ക്കപ്പൊറുതിയില്ലാതെ  പുരുഷാരം "ഹരഹരോ ഹരഹര " വിളിക്കുന്നു . കുറച്ചു നേരം ഞാനും വിളിച്ചു നോക്കി . ഒരു ഗുമ്മു തോന്നഞ്ഞതുകൊണ്ട് നിര്‍ത്തി . കാലും കുറേശെ കഴച്ചു തുടങ്ങിയിരുന്നു . ടാറിട്ട റോഡിലൂടെയുള്ള നടത്തം . ചൂടും പുകച്ചിലും ചൊറിച്ചിലും ... എനിക്ക് കുറേശെ രസം പോയിത്തുടങ്ങിരുന്നു . ചുറ്റിനുമുള്ള സ്ത്രീകളൊക്കെ "ഹരഹരോ ഹരഹര " വിളിക്കുന്നു എന്നത് മാത്രമല്ല "വിളി വിളി " എന്ന് എന്നോട് ആക്രോശിക്കുയും ചെയ്തു തുടങ്ങി .

പെട്ടെന്ന് ഒരു ബഹളം കേട്ടു. ഞാന്‍ ആ ദിക്കിലേക്ക് നോക്കി. ഘോഷയാത്രയുടെ നടുവിലായി അതാ ഒരു വലിയ ഇളക്കം .
"ദൈവമേ .. കൃഷ്ണന്‍കൊച്ചാട്ടന് അനുഗ്രഹം കേറി" എന്ന് ഒരു കുഞ്ഞമ്മ പറയുന്നത് കേട്ടു .

നോക്കിയപ്പോള്‍ എന്റെ കുഞ്ഞമ്മയുടെ ഭര്‍ത്താവായ ചിറ്റപ്പന്‍ മുരുകന്റെ അനുഗ്രഹത്താല്‍ തകര്‍ത്തു തുള്ളുന്നു . തുള്ളുന്നു എന്ന് വെച്ചാല്‍ കാവടിയൊക്കെ അമ്മാനമാടി , കയ്യിലുള്ള വലിയ മയില്‍പ്പീലിക്കെട്ടുകൊണ്ട്  ചുറ്റിനുമുള്ളവരെയൊക്കെ  തല്ലിത്തകര്ത്തുകൊണ്ടുള്ള തുള്ളല്‍ . ചുറ്റിനും പത്തിരുപതു പേര്‍ ചേര്‍ന്ന് ഒരു വലയം സൃഷ്ടിച്ചിരിക്കുന്നു . കാവടി താഴെപ്പോകാതെയും ആളു തന്നെ താഴെപ്പോകതെയും ആരെക്കൊയോ മുറുകെപ്പിടിചിരിക്കുന്നു .  "ഹരഹരോ ഹരഹര " "ഹരഹരോ ഹരഹര " .. പുരുഷാരം ഭക്തിയുടെ ഔന്നത്യത്തില്‍ ആറാടുകയാണ് .  ചിറ്റപ്പനെ കൂടാതെ മറ്റു ചിലര്‍ക്ക് കൂടി "തുള്ളല്‍" തുടങ്ങിയിരുന്നു . ടാറിട്ട റോഡ്‌. ഉച്ചസമയം . ചൂടും പുകച്ചിലും ചൊറിച്ചിലും.. എനിക്ക് ആകെക്കൂടി രസക്കേടായി . എന്നെ ആരും ശ്രദ്ധിക്കുന്നില്ല . ഞാനടക്കമുള്ള പിള്ളേര് സെറ്റ്‌ പതുക്കെ നടക്കുന്നു . അങ്ങിനെയിരിക്കെ,  എന്റെ ഒരു മുന്നാള്‍ക്ക്  മുന്നിലായി അതാ  ഒരു ബഹളം .

"ഏ!"

എന്റെ മൂത്ത സഹോദരിയും  അതാ തുള്ളിത്തുടങ്ങിയിരിക്കുന്നു . കാവടിയുടെ പിടിയില്‍ രണ്ടു കൈകളും മുറുകെ പിടിച്ചു വിറച്ചുകൊണ്ട് മുന്നോട്ടും പിറകോട്ടും ആടിയാടി മുന്നോട്ടു നീങ്ങുന്നു പെങ്ങള്‍ .

ഞാന്‍ എന്നെ പുച്ഛത്തോടെ ഒന്ന് നോക്കി . "ശെടാ.. ഇവിടുള്ള സകലമാന ആള്‍ക്കാരും തുള്ളിത്തുടങ്ങിയിരിക്കുന്നു . ഞാന്‍ മാത്രം വെറുതെ ഇങ്ങനെ". ആരും എന്നെ ശ്രദ്ധിക്കുന്നില്ലല്ലോ എന്ന തോന്നല്‍ എന്നെ വല്ലാതെ വലച്ചു തുടങ്ങിയിരുന്നു . അങ്ങിനെ വിഷണ്ണനായി നടക്കവേ, പാണ്ടിമേളത്തിന്റെ പശ്ചാത്തലത്തില്‍ നാഗസ്വരത്തില്‍  ഞാന്‍ ചിരപരിചിതമായ ഒരു പാട്ട് കേട്ടു.

"പളനിമലക്കൊവിലിലെ പാല്ക്കാവടി ബാലസുബ്രമ്മണ്യന്റെ പീലിക്കാവടി"

എന്റെ കൊച്ചു മനസ്സിലേക്ക് ഐഡിയാ വീശി . പതുക്കെ കണ്ണുകള്‍ ചിമ്മി "പെപെപെ പെപെ പേപെപെപെ പേപ്പേപെപെ" എന്ന താളത്തില്‍ ഞാന്‍ എന്റെ കൊച്ചു  ചുവടുകള്‍ വെച്ചു . ചുറ്റിനും ഉണ്ടായ ഒരു ആരവം ഞാന്‍ ഗൂഡസ്മിതത്തോടെ  ശ്രദ്ധിച്ചു . "ദേ .. മോനും തുള്ളിത്തൊടങ്ങി". ക്യൂട്ട്  ആയ കൊച്ചു ചുവടുകള്‍ വെച്ച് നൃത്തരൂപത്തില്‍ തന്നെ "ക്യൂട്ടാച്ചി"യായി ഞാന്‍ നീങ്ങി  (ഇന്നത്തെപ്പോലെ തന്നെ അന്നും ഞാന്‍ ക്യൂട്ട് ആയിരുന്നു ;-)) ചുറ്റിനുമുള്ള കുഞ്ഞമ്മമാര്‍, സുമതി,  മറ്റു  സ്ത്രീകള്‍  എല്ലാവരും കൂടി "ഹരഹരോ ഹരഹര" വിളിച്ചു എന്റെ ആവേശം ഉയര്‍ത്തി . ഞാന്‍ ക്ഷീണം മറന്നു . സംതൃപ്തനായി അങ്ങിനെ പോകവേ നാഗസ്വരക്കാരന്‍ പാണ്ടിദുരൈ "പളനിമലക്കൊവിലിലെ" അവസാനിപ്പിച്ച്‌ അടുത്ത പാട്ടിലേക്ക് കയറി ..
"ങേ ! ഇതേതു പാട്ട് ... നല്ല പരിചയമുള്ള പാട്ടാണല്ലോ ഇത് " ഞാന്‍ ചിന്തിച്ചു . പെട്ടെന്നാണ് ആ ചിരപരിചിതമായ സിനിമാഗാനം എന്റെ മനസ്സില്‍ മിന്നിയത് . ഞാന്‍ ഒരു ചിരിയോടെ കണ്ണ് തുറന്നു അടുത്തുള്ള സുമതിയോടു ചോദിച്ചു (തുള്ളലും നൃത്തവുമൊക്കെ നിന്നുപോയിരുന്നു )

"ഹിത് .. പുലയനാര്‍ മണിയമ്മയെന്ന പാട്ടല്ലേ !!!!?"

സ്തബ്ധരായ എന്റെ പ്രോല്സാഹനക്കമ്മറ്റിക്കാര്‍  എന്നെ പകച്ചു നോക്കി . ഇതാ 'അനുഗ്രഹം കയറി തുള്ളിയിരുന്ന കൊച്ചു ഭക്തശിരോമണി  സിനിമാപ്പാട്ടിന്റെ പേരും ചോദിച്ചുകൊണ്ട് നില്‍ക്കുന്നു"

സുമതി കുസൃതി കലര്‍ന്ന ചിരിയോടെ എന്നോട് ചോദിച്ചു "ഹയ്യട ! കള്ളത്തുള്ളലാ തുള്ളിയത് ല്ലേ ?"

സത്യത്തില്‍ എനിക്ക് അപ്പോഴാണ്‌ എന്റെ കളി വെളിച്ചത്തായി എന്ന് മനസ്സിലായത്‌  . പിന്നെ ഞാന്‍ തുള്ളാനൊന്നും പോയില്ല . ഘോഷയാത്ര തുള്ളിത്തകര്‍ത്ത്‌  സുബ്രമ്മണ്യക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു . അകത്തേക്ക് പ്രവേശിച്ചു . അകത്തും തുള്ളക്കാരൊക്കെ തുള്ളല്‍ തന്നെ . എനിക്ക് കുശുമ്പു തോന്നി .  എല്ലാം കള്ളത്തുള്ളലാണ് എന്ന് വിളിച്ചു പറയാന്‍ തോന്നി .  പറഞ്ഞില്ല.

ഒടുവില്‍ എല്ലാറ്റിനും  ഒരവസാനം വേണമല്ലോ . തുള്ളക്കാരെയൊക്കെ "സൈഡ്" ആക്കാന്‍ ആളുകള്‍ ശ്രമിക്കുന്നു . സോഡാ, വെള്ളം മുതലായ ദ്രാവകങ്ങളൊക്കെ മുഖത്തൊഴിച്ചാണ് "അനുഗ്രഹം" കയരിയിരിക്കുന്നവരെയൊക്കെ ഉണര്‍ത്തുന്നത് . ഉണരുന്നവര്‍ ഉണരുന്നവര്‍ തളര്‍ന്നു നിലത്തിരിക്കുന്നു .. കിടക്കുന്നു .. പരവശരാകുന്നു .. സോഡാ ചോദിക്കുന്നു .. മടമടാന്നു കുടിക്കുന്നു .. ആകെ പരവേശമഹാമഹം .

ഞാന്‍ എന്ന കാവടിക്കാരന്‍ ചുമ്മാ നില്‍ക്കുന്നത് ശരിയല്ല എന്ന് എനിക്ക് തോന്നി . ഇനി കുറച്ചു പരവശനായിക്കളയാം .

ശ്രീകോവിലിന്റെ മുന്നിലെ മണ്ഡപത്തിലേക്ക് ഞാന്‍ മലര്‍ന്നു കിടന്നു .. പരവേശത്തോടെ.. എന്നിട്ട് ഞാന്‍ സുമതിയെ വിളിച്ചു

"ഷുമതീ .... ഷോഡാ"


-------------------------------------
"ഇച്ചേയ്" - ചേച്ചി /ചേട്ടത്തി
കൊച്ചാട്ടന്‍ - ചേട്ടന്‍ / ഏട്ടന്‍
മൊന്ത - ചെറിയ ജഗ്/പാത്രം
കുഞ്ഞമ്മ - അമ്മയുടെ ഇളയ സഹോദരി
ചിറ്റപ്പന്‍ - കുഞ്ഞമ്മയുടെ ഭര്‍ത്താവ്‌