Sunday, March 1, 2009

അല്ല! ഈ മോഹന്‍ലാല്‍ ആരാണെന്നാ നി‌ങ്ങടെയൊക്കെ വിചാരം.

ഞാനങ്ങനെ ഒരുപാട് പ്രലോഭന‌ങ്ങളെ അതിജീവിച്ച് “റെഡ്ചില്ലീസ്” കാണാന്‍ പോയി.

സിംഗപ്പൂര്‍ ആസ്ഥാന‌മാക്കി പ്രവര്‍ത്തിക്കുന്ന ഓ.എം.ആര്‍ എന്ന മോഹന്‍ലാലിന്റെ വീരസ്യങ്ങളോടെ ആര‌‌‌ം‌ഭിക്കുന്ന ചിത്രം മോഹന്‍ലാലിന്റെ വീരസ്യങ്ങളിലൂടെ കടന്ന് മോഹന്‍ലാലിന്റെ വീരസ്യങ്ങളോടെ അവസാനിക്കുന്നു. (ഭഗവാനേ‌)

അതായത് ഈ ഓ.എം.ആര്‍ എന്ന് വെച്ചാല്‍ ഒരു ഭയങ്കര സംഭവമാണ്. പുള്ളി സിംഗപ്പൂരിലൊക്കെ ചുമ്മാ കൊന്നും കൊലവിളിച്ചും ന‌ടക്കുന്നു. പിന്നെ പുള്ളിയെ ഒതുക്കാന്‍ ആളെവിട്ടാലുള്ള കാര്യം പറയണോ കൂട്ടരേ.

ഹ! ഇതൊന്നും പോരാഞ്ഞ് ഓയെമ്മാറിന് ഓ.എം.ആര്‍ എഫ്.എം എന്ന ഒരു റേഡിയോചാന‌ലുമുണ്ട് കേര‌ള‌ത്തില്‍. കളിയ്ക്കല്ലേ. ഓ.എം.ആര്‍ ഭയങ്കര കലാപ്രേമിയാണ്. കേര‌ള‌ത്തില്‍ കല പിഴച്ചു പോകുന്നത് ഇങ്ങനെയൊക്കെയല്ലാതെ പിന്നെ. ആ! അപ്പോ പറഞ്ഞ് വന്നത് ഓ.എം.ആര്‍ എഫ്.എം ല്‍ “റെഡ് ചില്ലീസ്” എന്ന പേരില്‍ കുറേ സുന്ദരിമാരെ ജോലിക്ക് വെച്ചിട്ടുണ്ട് ഓ.എം.ആര്‍. കേരള‌ത്തിലും വ്യവസായ താല്‍പ്പര്യങ്ങ‌ളുള്ള ഓ.എം.ആറിനെ ഒതുക്കാനായി ആരൊക്കെയോ ശ്രമിയ്ക്കുന്നു. പുതുവത്സ്സരാഘോഷത്തിനിടയില്‍ റെഡ് ചില്ലീസിന്റെ വാഹന‌‌ം വിപ്ല‌വപ്പാര്‍ട്ടിനേതാവായ മാണി വര്‍ഗ്ഗീസ്സിന്റെയും മറ്റ് പത്ത് പ്രവ‌ര്‍ത്തകരുടേയും മ‌രണ‌ത്തിനിടയാക്കുന്ന ഒരു അപകടത്തിന് ഉപയോഗിക്കപ്പെടുകയും റെഡ്ചില്ലീസ് കേസില്‍പ്പെടുകയും ചെയ്യുന്നു. കൂട്ടക്കൊല‌ക്കേസ് ശരിയായ ദിശയില്‍ നയിക്കാന്‍ ഓ.എം.ആര്‍ തന്നെ രംഗത്തു വരുന്നു. ബൈ ദ ബൈ.. പുള്ളി ഒരു വക്കീലുമാണ്. ഓ.എം.ആ‌ര്‍ ആരാ മോന്‍. പിന്നെ ഒരു കേസ്സന്വേഷണ‌മല്ലേ? ഒടുക്കത്തെ കേസ്സന്വേഷണം. ഒടുവില്‍ എന്തു പറ്റീന്നാ? ഓ.എം.ആ‌ര്‍ നിഷ്പ്രയാസം പ്രതിയെ പൊക്കിയില്ലേ? ഞാന്‍ കഥ പറഞ്ഞ് സസ്പ്പെന്‍സ് കള‌യുന്നില്ല. കൂടുതല്‍ വിവര‌ങ്ങ‌ള്‍ക്ക്
ഹരീയുടെ ചിത്രവിശേഷത്തില്‍ പോയി നോക്കിയാല്‍ മ‌തി.

മ്യൂസിക് : വിനു എബ്രഹാം. ത്രീഡി സിനിമ കാണാന്‍ കണ്ണട തരുന്നതുപോലെ ഇതിയാന്റെ സംഗീതം കേ‌ള്‍ക്കാന്‍ ഒരു ഇയ‌ര്‍പ്ലഗ് കൂടി കൊടുത്താല്‍ നന്ന്. എന്നാ ഒച്ചപ്പാടാ തമ്പുരാനേ?

ഇനി ഇതിലെ ചില ഓ.എം.ആ‌ര്‍ ഹൈലൈറ്റ്സ് പറയാം. ഞാന്‍ സിനിമ കാണാന്‍ പോയത് ഭാര്യ, കുട്ടി, അമ്മായിയമ്മ എന്നിവരുടെ കൂടെയാണ്. (എന്തിനാ ഇത് പറഞ്ഞേന്ന് വഴിയേ മന‌സ്സിലാവും)
1. ആര്‍നോ‌ള്‍ഡ് ഷ്വാസന‌ഗറിന്റെ കമാണ്ടോ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ സാര‌ന്മില്ല. ഓ.എം.ആ‌ര്‍ പറയുന്നത് കേട്ടാലും മ‌തി. അതായത് ഓ.എം.ആ‌ര്‍ തന്നെ ലാന്‍ഡിംഗ് സമയവും ഫ്ലൈറ്റ് ന‌മ്പറും സീറ്റ് നമ്പറും ഒക്കെ കൊടുത്തിട്ട് അയാളെ അറസ്റ്റ് ചെയ്യാന്‍ കാത്തിരുന്ന പോലീസുകാരെ ഇളിഭ്യരാക്കിക്കൊണ്ട്, എയറിന്‍ഡ്യയുടെ ഒരു ബസ്സിന‌കത്താണ് പുള്ളി പ്രത്യക്ഷപ്പെടുന്നത്. ശരിയായ ഡയലോഗ് ഓര്‍ക്കുന്നില്ല. ഏതാണ്ടിതായിരുന്നു സാരം “ഫ്ലൈറ്റിന്റെ ആംഗിള്‍ ശരിയല്ലാഞ്ഞതുകൊണ്ട് ശരിക്കും ചാടാന്‍ പറ്റിയില്ല (മോളീന്നേ!). ആ.. ആ പൈലറ്റിന് ഞാന്‍ വെച്ചിട്ടുണ്ട് “ എപ്പടി?==>എന്നിലെ തറട്ടിക്കറ്റുകാരന്‍ ഉണ‌ര്‍ന്നു. ഒരു കൂവല്‍ എന്റെ അന്തരാള‌ങ്ങളില്‍ നിന്നും തിര‌യടിച്ചുയര്‍ന്നു. പക്ഷേ ഞാന്‍ അടക്കി.കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുന്‍പില്‍ മോസക്കാരനാവ‌രുതല്ലോ.

2. പാവമാണ് മോഹന്‍ലാല്‍. ഇപ്പോ പഴേപോലെ അന‌ങ്ങാനൊന്നും മേല. അതാ. എന്നുവെച്ചാല്‍.. പണ്ടൊക്കെ ടിയാന്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന സീന്‍ മാത്രമേ സ്ലോമോഷനില്‍ കാണിക്കത്തൊള്ളാരുന്നു. പക്ഷേ ഇപ്പം (തേങ്ങുന്നു)..
ഫു‌ള്‍ സ്ലോ മോഷന്‍. എന്നു വെച്ചാല്‍ കാറില്‍ നിന്നിറങ്ങാന്‍.. കേറാന്‍.. തിരിഞ്ഞുനോക്കാന്‍.. എന്നു വേണ്ട എല്ലാ പരിപാടിക്കും. പാവം. വയസ്സായില്ലേ. അതാരിക്കും.
==>കൂവല്‍ ടെന്‍ഡന്‍സി പിന്നെയും.... ഇല്ല ഇല്ല ഇല്ല. ഞാന്‍ എന്നോടു തന്നെ പറഞ്ഞു. (കുടുംബം.. സമൂഹം)
3. പതിവുപോലെ.. മോഹന്‍ലാലിന്റെ ഓയെമ്മാറിന് വെല്യ തറവാടൊക്കെയുണ്ട്. ഒരു ശാസ്ത്രിയാണ് (ജഗന്നാഥവ‌ര്‍മ്മ) അവിടെ താമസം. അവിടത്തെ പൂജാമുറീല്‍ അങ്ങേര് വെച്ചാരാധിക്കുന്ന ഒരു അവതാരമുണ്ട്. ദേ ആ കൂറ്റന്‍ പൂജാമുറി തുറക്കുന്നു. ആരാന്നാ? ഓ.എം.ആ‌ര് . ‍ത്രീപീസ്സ് സൂട്ടിട്ട ഓ.എം.ആ‌ര്‍ ദേണ്ടെ നില്‍ക്കുന്നു.
==>കൂവല്‍ ടെന്‍ഡന്‍സി ഉച്ചാവസ്ഥയിലായിരുന്നു.... മുഴുക്കുടിയന്‍ വാളുവെക്കാതിരിക്കാന്‍ പണിപ്പെടുന്നപോലെ ഞാന്‍ എന്നോടു തന്നെ “അടങ്ങ് മോനേ” എന്ന് പറഞ്ഞു.

4.അവസാന സീന്‍... ജഗന്നാഥവ‌ര്‍മ്മ “താങ്ക‌ള്‍ യഥാര്‍ത്ഥത്തില്‍ ആരാണ്?” എന്ന് ചോദിക്കുമ്പോള്‍ ഓ.എം.ആ‌ര്‍ പോക്കറ്റില്‍ നിന്നും ഒരു ബിസിനസ്സ് കാര്‍ഡെടുത്ത് കുടുക്കുന്നു. ആകാംക്ഷാഭരിതരായി അതിലേയ്ക്ക് നോക്കുന്ന ശാസ്ത്രിയും പ്രേക്ഷകരും കാണുന്നതെന്താ?ബ്ലാങ്ക്. ഫു‌ള്‍ ബ്ലാങ്കായ ഒരു കാര്‍ഡ്.ഓ.എം.ആ‌ര്‍ പറയുന്നു. “അതാണ് ഞാന്‍.”. എന്നുവെച്ചാല്‍ പുള്ളി അനന്തം അജ്ഞാതം ആണെന്ന്.. ഇന്‍ഫിനിറ്റി ആണെന്ന്. തനിയ്ക്ക് അഡ്രസ്സില്ലാണ്ടായീന്നാണോ മോഹന്‍ലാല്‍ പറഞ്ഞേന്നൊരു സംശം.
=> ഞാന്‍ കൂവി. തെളിച്ച് കുറുക്കന്‍ ഓരിയിടുന്നതുപോലെ . കൂയ്. ഹോ! എന്തൊരാശ്വാസമായിരുന്നു. എന്റെ ഭാര്യയും അമ്മായിയമ്മയും കൊച്ചു കുഞ്ഞുങ്ങ‌ളായി “ങ്ങട് ഇല്ല്യാണ്ടായി” ഇരിക്കുന്ന കാഴ്ച‌യാണ് പിന്നെ കണ്ടത്. ഒരാശ്വാസം.. എന്റെ മോളും എന്റെ കൂടെ കൂവി എന്നതായിരുന്നു.
ബോട്ടം ലൈന്‍
ഹോ! പെറ്റതള്ള സഹിക്കില്ല.

വാല്‍ക്കഷണം : സിനിമ കഴിഞ്ഞപ്പോ‌ള്‍ ആരോ വിളിച്ചു പറഞ്ഞു. “മോഹന്‍‌ലാല്‍ ആരാണെന്ന് ഇപ്പം എല്ലാര്‍ക്കും മ‌ന‌സ്സിലായല്ലോ?”

11 comments:

വിന്‍സ് said...

ഹഹഹ :) എന്തായാലും കാണണം.

രജപുത്ര രഞ്ജിത്ത് ബ്ലാക്ക് വൈറ്റ് ആക്കാന്‍ ആണു പടം എടുക്കുന്നതു. എ കെ സാജന്‍ - ഷാജി കൈലാ‍സ് ടീമിന്റെ ഫിലിമില്‍ അഭിനയിക്കുന്നവരെ സമ്മധിക്കണം. അതിപ്പം ലാലേട്ടന്‍ ആയാലും.

Haree | ഹരീ said...

അയ്യട!
കഥ പറഞ്ഞ് സസ്പെന്‍സ് കളയുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ചിത്രവിശേഷം നോക്കിയാല്‍ മതിയത്രേ! :-O
1. ചാടിയെന്നോ? പൈലറ്റ്, എയര്‍ ഹോസ്റ്റസുമാര്‍ ഇത്യാദികളുടെ ബസില്‍ പുറത്തെത്തി എന്നല്ലേയുള്ളൂ? (ഞാന്‍ മനസിലാക്കിയതിന്റെ കുഴപ്പമാണോ!) പിന്നെ, ഫ്ലൈറ്റ് ലാന്റ് ചെയ്യുന്നതിന്റെ കാര്യമൊക്കെ പറഞ്ഞത്, ഓ.എം.ആര്‍. ഫ്ലൈറ്റിലാണ് പെറ്റുവീണതെന്ന് ദ്യോതിപ്പിക്കാനല്ലേ...
--

Anonymous said...

:)

ശ്രീഹരി::Sreehari said...

ഒന്നും മറക്കില്ല രാമ!!!

ശ്രീ said...

:)

Anonymous said...

i am not sure about this guy nishkalakan..but niskalakan please refer this link
http://timesofindia.indiatimes.com/India/Bloggers-can-be-nailed-for-views/articleshow/4178823.cms


NEW DELHI: A 19-year-old blogger's case could forever change the ground rules of blogging. Bloggers may no longer express their uninhibited views
on everything under the sun, for the Supreme Court said they may face libel and even prosecution for the blog content.

It will no longer be safe to start a blog and invite others to register their raunchy, caustic and even abusive comments on an issue while seeking protection behind the disclaimer — views expressed on the blog are that of the writers.

This chilling warning emerged as a Bench comprising Chief Justice K G Balakrishnan and Justice P Sathasivam refused to protect a 19-year-old Kerala boy, who had started a community on Orkut against Shiv Sena, from protection against summons received from a Maharashtra court on a criminal case filed against him.

Petitioner Ajith D had started a community on Orkut against Shiv Sena. In this community, there were several posts and discussions by anonymous persons who alleged that Shiv Sena was trying to divide the country on region and caste basis.

Reacting to these posts, the Shiv Sena youth wing's state secretary registered a criminal complaint at Thane police station in August 2008 based on which FIR was registered against Ajith under Sections 506 and 295A pertaining to hurting public sentiment.

After getting anticipatory bail from Kerala HC, Ajith moved the Supreme court through counsel Jogy Scaria seeking quashing of the criminal complaint on the ground that the blog contents were restricted to communication within the community and did not have defamation value. He also pleaded that there was threat to his life if he appeared in a Maharashtra court.

A computer science student, Ajith pleaded that the comments made on the blog were mere exercise of their fundamental right to freedom of expression and speech and could not be treated as an offence by police.

Unimpressed, the Bench said, "We cannot quash criminal proceedings. You are a computer student and you know how many people access internet portals. Hence, if someone files a criminal action on the basis of the content, then you will have to face the case. You have to go before the court and explain your conduct."


Before putting this types of crap comments read it carefully..fools like u get right punishments soon...jagrathy...in malayalam it will be from this blog.

നിഷ്ക്കളങ്കന്‍ said...

വിന്‍സേ
ഞാന്‍ പ്രതീക്ഷിച്ചിരുന്നു. :) ന‌ന്ദി

ഹരീ.. :) പിന്നല്ലാതെ. ഹരീ വിശദമായി എഴുതിയിടത്ത് ഞാന്‍ കിടന്ന് കഷ്ടപ്പെടേണ്ട കാര്യ‌മുണ്ടോ. ഓ.എം. ആ‌ര്‍ അങ്ങിനെയൊക്കെത്തന്നെയാണെന്നു തോന്നുന്നു പറഞ്ഞ‌ത്.
വേറിട്ട ശബ്ദം : ന‌ന്ദി
ശ്രീഹരി : അതു പറയാന്‍ വിട്ടതാ. അതും ചീറ്റിപ്പോയി :)
ശ്രീ വര‌വിനും ചിരിക്കും ന‌ന്ദി
അനോണീ : അല്ല! ഞാനെന്നാ ചെയ്തെന്നാ. പേടിപ്പിച്ച് കള‌ഞ്ഞല്ലോ ചങ്ങായി. അപ്പം മുഴുവന്യും വായിച്ചാരുന്നല്ലോ അല്ലേ? ഞാന്‍ എന്റെ പോസ്റ്റ് മുഴുവനും വായിച്ചിട്ടൂം ഞാനൊരു നിയമ‌ലംഘന‌വും ന‌‌ടത്തിയതായി മ‌ന‌സ്സിലായില്ല സുഹൃത്തേ. അപ്പോ‌ള്‍ ശരി. ന‌ടക്കട്ടെ.

poor-me/പാവം-ഞാന്‍ said...

The above comment made my trouser wet!

Anonymous said...

anony. what is this buddy?
grow up.
people like mohanlal are exploiting your innocency.

ദലാല്‍ :-: dalal said...

ha ha kalakki, we don't blame you

Faisal said...

Very correct boss