Showing posts with label ചിന്ത. Show all posts
Showing posts with label ചിന്ത. Show all posts

Monday, June 7, 2010

ബിവ‌റേജസ് കോര്‍പ്പറേഷന്റെ ബ്രാന്‍ഡ് അംബാസഡ‌ര്‍

നാട്ടില്‍ ഉള്ള സക‌ല‌മാന സാധന‌ങ്ങ‌ള്‍ക്കും അംബാസഡ‌ര്‍മാരുണ്ട്. ഇതാണ് ഇപ്പോ‌ള്‍ ലേറ്റസ്റ്റ് ഫാഷന്‍. അംബാസ‌ഡ‌ര്‍ ഇല്ലാത്ത ഉല്പ്പന്ന‌മാണോ. അതൊന്നും ഇവിടത്തെ ഒരു മ‌നുഷേനും തിരിഞ്ഞു നോക്കാന്‍ പോകുന്നില്ല. സ്വര്‍ണ്ണക്കട‌ക്കാ‌ര്‍ തുടങ്ങിയ ഈ കലാപരിപാടി ബാങ്കുക‌ളും ബ്ലേഡ് കമ്പനിക‌ളും മുറുക്കാന്‍ക‌ടക‌ളുമൊക്കെ ഏറ്റുപിറ്റിച്ചതോടെ, മറ്റൊരുപാടു മുതലാളിമാരുടെ കൂട്ടായ്മ‌യായ, തൊഴിലാളിവ‌ര്‍ഗ്ഗത്തിന്റെ അനിഷേധ്യരായ മുതലാളിമാ‌ര്‍ നയിക്കുന്ന കേര‌ള‌സ‌ര്‍ക്കാരിനും പൂതി. ന‌മുക്കും വേണം അംബാസഡ‌ര്‍. "എന്തോത്തിനാടാ ഈ കുന്ത്രാണ്ടം.അതെങ്ങനിരിക്കും. പരിപ്പുവടപോലെ കയ്പ്പുള്ള‌താണോ." എന്നൊക്കെയായിരുന്നു പൊതുവേ മ‌ന്ത്രിസഭാംഗങ്ങ‌ളുറ്റെ ആദ്യപ്രതികര‌ണ‌മെങ്കിലും,വല്ലതും തടയുന്ന കേസാണെന്നു കരുതിയാവണം എല്ലാരും മ‌ന്ത്രിസഭായൊഗത്തില്‍ ഉറങ്ങുന്നതിനിടെ കൈയ്യടിച്ച് പാസ്സാക്കി.

അങ്ങ് മുംബൈയില്‍ പരസ്യത്തിലും സിനിമ‌യിലും ഒക്കെ അഭിന‌‌യിച്ച് ന‌ടക്കുന്ന അമിതാഭ്ബച്ചന്‍ എന്ന ഒരു ന‌ടന്‍ ഉണ്ടെന്നും ആള് വലിയ നടനും പ്രശ‌സ്ത‌നും ഒക്കെ ആണെന്നും അതിയാനെപ്പിടിച്ച് ടൂറിസം വകുപ്പിന്റെ ബ്രാന്റ് അംബാസ‌ഡ‌ര്‍ ആക്കാമെന്നും ആര്‍ക്കോ ഐഡിയാ ഉദിച്ചു. ഉദിച്ച ഐഡിയാ ഉപ്പുതൊടാതെ പത്രക്കാര്‍ക്ക് കൊടുത്തതോടെ അവരത് പരസ്യവും ചെയ്തു. ഇന്‍ഡ്യന്‍ സിനിമ‌യുടെ ഹിന്ദി പറയുന്ന രോഷാകുല‌നായ ചെറുപ്പ‌ക്കാരന്‍ ആല‌പ്പുഴയിലെ ചുണ്ടന്‍ വ‌ള്ള‌ത്തില്‍ ക‌യറിയിരുന്ന്
'വരു കല്ല് (ള്ള് ) കുടിച്ചുകൊണ്ട് വ‌ല്ലം (ള്ളം) ക‌ളിക്കൂ" എന്നും 'കതക‌ളി ന‌മ്മുടെ സ്വന്തം കല' എന്നുമൊക്കെ പറയുന്നതായി സ്വപ്നം കണ്ടൂ ടുറിസം മ‌ന്ത്രി. അപ്പോഴാണ് അന്വേഷണ‌കതുകിക‌ളും സ‌‌‌ര്‍വ്വോപരി ഹിന്ദു‌വ‌ര്‍ഗ്ഗിയതയെ, പ്രീണ‌നത്തെ മുച്ചൂടും വെറുക്കുന്ന ഒരു പറ്റം സഖാക്ക‌ള്‍ അറിഞ്ഞത്, ബച്ചന്‍ കടുത്ത ആറെസ്സെസ്സുകാര‌നാണെന്ന്. അതൊടെ ബച്ചന്‍സിന്റെ ചീട്ടും കിറി. ഒപ്പം അംബാസഡറിന്റെയും. 'മനുഷ്യനെ വിളിച്ചുവരുത്തിട്ട് ഒരുമാതിരി മ‌റ്റേപ്പരിപാടി കാണിക്കരുത്" എന്നൊക്കെ നല്ല ഭാഷയില്‍ ഒത്ത വടിവില്‍ ബ്ലോഗിലൊക്കെയെഴുതി ബച്ചന്‍. കിം ഫലം. കേര‌ളാ സ‌‌ര്‍‍ക്കാരിനെപ്പറ്റി ബച്ചനെന്തറിയാം?


പിന്നെയാണ് മ‌ല‌യാളിക‌ള്‍ ഖദ‌ര്‍ ധരിക്കുന്നത് പോരായെന്ന് സ‌ര്‍ക്കാ‌ര്‍ കണ്ടുപിടിച്ചത്. ഇവമ്മാരെയൊക്കെ ഖദ‌ര്‍ ധരിപ്പിക്കാന്‍ എന്തുവഴിയെന്ന് ആലോചിച്ചിരിക്കുമ്പോ‌ഴാണ് അംബാസ‌ഡ‌ര്‍ ഐഡിയാ പിന്നെയും വ‌ന്ന‌ത്. മ‌ന്ത്രിമാരെല്ലാമൊത്തുകുടി തല‌പുകഞ്ഞാലൊചിക്കുകയും കേര‌ളം മുഴുവന്‍ ഖദ‌ര്‍ പ്രചരിപ്പിക്കാന്‍ പറ്റിയ ഒരു സെമി ഗാന്ധിയന്‍ പ്രശസ്തനെ തിര‌യുകയും ചെയ്തു. അങ്ങിനെ അവരെല്ലാം കുടി ന‌മ്മുടെ മോഹന്‍ലാലിനെ കണ്ടെത്തി. പ്രശസ്ത ന‌ടന്‍, സ‌ല്‍ഗുണ‌സമ്പന്ന‌ന്‍, സ‌‌ര്‍‌വ്വോപരി ചെറുപ്പക്കാരന്‍. പിന്നെ ഗാന്ധിസം സ‌ഹിക്കില്ല. ഒരേയൊരു കുഴപ്പം ഇടക്കിടെ 'സവാരി ഗിരിഗിരി' യെന്നും 'പോ മോനേ ദിനേശാ' എന്നുമൊക്കെ പറയും എന്ന‌തായിരുന്നു. അതൊരു കുഴപ്പമ‌ല്ലെന്നും പോകെപ്പോകെ അതൊക്കെ ലാല്‍ ശൈലിയില്‍ത്തന്നെ 'രഘുപതി രാഘവ രാജാ റാം' എന്നു പറയിപ്പിക്കാമെന്നും അതൊക്കെക്കണ്‍റ്റ് ഖദറുടുത്ത് മ‌നുഷ്യന്മാ‌ര്‍ പണ്ടാരമ‌ടങ്ങുമെന്നുമൊക്കെ സ‌ര്‍ക്കാരു സ്വപ്നം കണ്ടു. അപ്പൊഴ‌ല്ലേ ഉണ്ടിരുന്ന നാ‌യ‌ര്‍ക്ക് വിളി ഉണ്ടായ പോലെ അഴീക്കൊട് മാഷ് ചാടി വീണത്. മക്ഡവല്‍‌സിന്റെ പരസ്യത്തില്‍ 'വൈകിട്ടെന്താ പരിപാടി' എന്നും ചോദിച്ചുകൊണ്ട് ലാല്‍ അഭിന‌യിച്ച പര‌സ്യ‌ം ഓര്‍മ്മിപ്പിച്ച് മാഷ് സ‌ര്‍ക്കാരിനെ നാണിപ്പിച്ചു. അതുകണ്ട് ആ മുദ്രാവാക്യം ഏറ്റുചൊല്ലി മ‌ദ്യഷാപ്പുക‌ള്‍ക്കു മുന്‍പില്‍ ജാതി മത പ്രായഭേദമില്ലാതെ ജനം കുടിച്ചു മ‌റിയുന്നുവെന്നും ഇയ്യാളെയാണോ ഗാന്ധിയുടെ ഇഷ്ടവസ്ത്രമായ ഖദ‌റിന്റെ അംബാസഡ‌ര്‍ ആക്കാന്‍ പോകുന്നത് എന്നും അദ്ദേഹം ചോദിച്ചു. സ‌ര്‍ക്കാ‌ര്‍ നിന്ന നില്പ്പില്‍ ഒന്നു വട്ടം തൊരിഞ്ഞു. ലാലിനെ ഖദ‌റിന്റെ അംബാസഡ‌ര്‍ സ്ഥാനത്തുനിന്നും നിക്കി; പകരം കൈത്തറി വസ്ത്രങ്ങ‌ളൂടെ ബ്രാന്റ് അംബാസഡ‌ര്‍ ആക്കി. പിന്നല്ലാതെ. ഖദറിട്ടാല്‍ പിന്നെ ക‌ള്ളുകുടിക്കാന്‍ പറ്റില്ലെന്നും കൈത്തറി വസ്ത്രമായാല്‍ അതൊരു പ്രശ്ന‌മേയല്ലെന്നും ആര്‍ക്കാണ‌റിഞ്ഞുകൂടാത്തത്? ഖദറിട്ടുകൊണ്ട് ആരേലും ക‌ള്ളുകുടിക്കുമോ? ഹും!

ഇനി എന്ത് എന്ന് ആലോചിച്ചിരിക്കുന്ന സ‌ര്‍ക്കാരിന് ഇനിയും ഒരുപാട് ന‌ല്ല കാര്യങ്ങ‌ള്‍ ചെയ്യാനുണ്ട് എന്ന് പറയാനാണ് ഈ ഖണ്ഡിക നിക്കി വെച്ചിരിക്കുന്നത്. പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് 'കൂപ്പുകുത്തുന്ന' കേര‌‌ള‌ത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഒരു നെടുന്തൂണാണ‌ല്ലോ ബിവറേജസ് കൊര്‍പ്പറേഷന്‍. പകല‌ന്തിയോള‌മോ അല്ലെങ്കില്‍ പത്ത് തൊട്ട് പതിനൊന്നു വരെയൊ അധ്വാനിക്കുന്നതും അല്ലാത്തതുമായ ജന‌വിഭാഗത്തിന്റെയും വിദ്യാ‌ര്‍ത്ഥിവ‌ര്‍ഗ്ഗത്തിന്റെയും ഒരിക്കലുമ‌ടങ്ങാത്ത മ‌ദ്യ ദാഹത്തിന് താങ്ങും തണ‌ലുമായി മാതൃക കാട്ടുകയാണ് ഈ സ‌ര്‍ക്കാര്‍. ഇതിനെ എത്ര അഭിന‌ന്ദിച്ചാലാണ് മ‌തി വരിക? ഉദാഹരണ‌ത്തിന് പണ്ടൊക്കെ രാവിലെ മുതല്‍ വൈകിട്ട് വരെ സ്കൂളില്‍ കുത്തിയിരുന്ന് പഠിച്ചിട്ട് വൈകുന്നേരം വിട്ടില്‍ ചെന്നാല്‍ ചില‌പ്പോ‌ള്‍ രാവില‌ത്തെ ഇഡ്ഡലിയോ ദോശയോ പുട്ടൊ കപ്പയോ വല്ലതുമൊക്കെയായിരുന്നു കഴിച്ചിരുന്നത്. എന്നാലിന്നത് മ‌തിയോ? പോരാ. പഴങ്ങ‌ളായ മുന്തിരി, പറങ്കിപ്പഴം മുതലായവ ഒര‌ല്പം പുളിപ്പിച്ച് വാറ്റിയുണ്ടാക്കുന്ന അത്യപൂര്‍വ്വങ്ങ‌ളായ വൈറ്റമിന്‍സ് എക്സ്ട്രാക്റ്റ്സ് അടങ്ങിയ വിദേശമ‌ദ്യം എന്ന ഓമന‌പ്പേരിലറിയപ്പെടുന്ന നാടന്‍ മ‌ദ്യം മ‌തിയായ അ‌ള‌വില്‍ ചെന്നാലേ ഈ തല‌മുറ വികസിക്കൂ. കേരളം വികസിക്കൂ. ബിവറേജസ് കൊര്‍പ്പറേഷന്റെ തിരുമുറ്റത്തു നിന്നാണ് ഈ ഇളം തല‌മുറ ക്ഷമ‌യുടേയും, സംസ്കാര‌ത്തിന്റെയും അഡ്വാന്‍സ്ഡ് പാഠങ്ങ‌ള്‍ പഠിക്കേണ്ടത്. ക്ഷമ‌യൊടെ ക്യൂവില്‍ നില്‍ക്കുക, എഴുന്നേറ്റ് നില്‍ക്കാന്‍ വയ്യെങ്കിലും കു‌ടിക്കാനുള്ള ആഗ്രഹം കൊണ്ട് അവിടെ വരുന്ന അപ്പൂപ്പന്മാ‌ര്‍ക്ക് പൈന്റ് മേടിച്ച് കൊടുത്ത് സംസ്കാരത്തിന്റെ പാഠങ്ങ‌ള്‍, അല്ലെങ്കില്‍ മൂത്തവരെ എങ്ങിനെ ബ‌ഹുമാനിക്കണം എന്ന് പഠിക്കുക മുതലായവ.പറ്റുമെങ്കില്‍ ഈ ജന‌കീയ സ‌ര്‍ക്കാ‌ര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേ‌ളയില്‍ 'രണ്ട് രൂപക്ക് ഒരു സ്മാ‌ള്‍' എന്ന പദ്ധതിയും കൂടി ന‌ടപ്പാക്കിയാല്‍ കുശാലായേനെ. സ‌ര്‍ക്കാരിന്റെ യശസ്സും വ‌ര്‍ദ്ധിച്ചേനേ.

പക്ഷേ ഇങ്ങനെയൊക്കെ മ‌തിയോ. ഇതിന് അല്പ്പം കൂടി പോപ്പുലാരിറ്റി കൊടുക്കേണ്ടേ? എന്തുകൊണ്ട് ബിവറേജസ് കൊര്‍പ്പറേഷന് ഒരു ബ്രാന്‍ഡ് അംബാസ‌ഡറെവെച്ച് ഈ മ‌ഹത്തായ സംസ്കാരം സ‌ര്‍ക്കാരിന് ഇനിയും ഒന്നു കുടി സമ്പന്ന‌മാക്കിക്കൂടാ. ഈ എളിയ ചരിത്രകാരന്റെ അഭിപ്രായത്തില്‍ (കേരളം ഈ പോക്ക് പൊയാല്‍ ചരിത്രമാകും എന്ന തോന്നലില്‍ നിന്നാണ് ഞാന്‍ ചരിത്രകാരന്‍ എന്ന് സ്വയം വിശേഷിപ്പിച്ചത് എന്ന് സൂചിപ്പിക്കട്ടേ) 'അയ്യപ്പ ബൈജു' എന്ന കലാകാര്നേയാണ് ബിവറേജസ് കൊര്‍പ്പറേഷന്റെ ബ്രാന്‍ഡ് അംബാസ‌ഡറാക്കേണ്ടത്. അതു വഴി കൂടുത‌ല്‍ കൂടുത‌ല്‍ ആളുക‌ള്‍ ഈ സമ്പന്ന‌മായ പാര‌മ്പര്യത്തില്‍ അണിചേരുകയും തദ്വാരാ കേര‌ള‌ം പേരു മാറി 'സ്മാ‌ള്‍സ് ഓണ്‍ കണ്ട്റി' എന്ന വിശേഷണ‌ത്തിന് അര്‍ഹമായിത്തിരും എന്ന കാര്യത്തില്‍ അല്പ്പവും സംശയമില്ല.



ശുഭം!

Thursday, July 30, 2009

അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോ‌ള്‍

ഈയ്യിടെ ഓഫീസ്സിലെ ഇടവേള‌ക‌ളിലൊന്നിലെ ചായകുടിക്കിടയില്‍ ഒരു സുഹൃത്ത് പറഞ്ഞു.
"ശ്ശേ! ഇപ്പം ശാസ്താം കോവിലില്‍ പോയി തൊഴാന്‍ നേരം അയ്യപ്പന്റെ മുഖത്തിനുപകരം ആ ചെക്കന്റെ മുഖമാ മ‌നസ്സില്‍ വരുന്നത് വരുന്നത്. ഗതികേടിന് സ്വാമി അയ്യപ്പന്‍ സീരിയല്‍ നടക്കുന്ന നേരത്ത് വീട്ടീ കുത്തിയിരിക്കേണ്ടി വന്നിട്ടൊണ്ട്. അതിന്റെ കൊഴപ്പം"

സ്വാമി അയ്യപ്പന്‍ സീരിയലിലെ അയ്യപ്പനെ അവതരിപ്പിച്ച സുന്ദരനായ "കൗശിക് ബാബു" എന്ന ന‌ടന്റെ കാര്യമാണ് പറഞ്ഞതെന്ന് മ‌ന‌സ്സിലായി.

അപ്പോഴോര്‍ത്തു. ഞാന്‍ കുറച്ചു നാളായി ഏഷ്യാനെറ്റിലെ "ദേവീ മാഹാത്മ്യം" കാണാറുണ്ട്. മ‌ക‌ളുടെയും അമ്മയുടേയും കൂടെ ഇരുന്ന് കാണുന്നതാണ്. കുറെ കാര്യങ്ങ‌ള്‍ കണ്ട് ര‌സിക്കാറുമുണ്ട്. (ഉദാ: നിഷ്ക‌ള‌ങ്കയായ ഒരു പെണ്‍കുട്ടിയെ ദുഷ്ട‌ന്മാര്‍ ഉപദ്രവിക്കുമ്പോ‌ള്‍ ‍ ദേവി ചുമ്മാ അങ്ങ് പ്രത്യക്ഷപ്പെട്ട് ദുഷ്ടന്മാരെ ഒരുക്കാക്കി സെറ്റപ്പാക്കുന്ന സീന്‍. സുരേഷ് ഗോപിയുടെ പോലീസ്കാരന്‍ അഴിമ‌തിക്കാരനായ മ‌ന്ത്രിയുടെ ചെപ്പക്കുറ്റിക്കിട്ട് പൂശുന്നത് കാണുമ്പോഴുള്ള ഒരിതില്ലേ.... അത്). അപ്പോ‌ള്‍ ഒരു കുഴപ്പം. ഇപ്പോ‌ള്‍ ആറ്റുകാല്‍ അമ്പല‌ത്തില്‍ പോയി തൊഴുതാലും "പ്രവീണ" (ന‌ടി) യുടെ മുഖം മ‌ന‌സ്സില്‍ ഓടിയെത്തിയാല്‍ കുറ്റം പറയാന്‍ പറ്റുമോ?
പണ്ട് ഫാക്ടിന്റെയും ചിട്ടിക്കമ്പനിക‌ളുടെയും ക‌ല‌ണ്ടറിലൂടെയും, അമ്പല‌‌‌ത്തിന‌ടുത്ത് കിട്ടുന്ന ഛായാ ചിത്രങ്ങ‌ളിലൂടെയുമായിരുന്നു പര‌മ‌ശിവന്‍, ഭദ്രകാളി, ശ്രീകൃഷ്ണന്‍ തുടങ്ങി കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുന്ന ദൈവങ്ങ‌ളെയൊക്കെ മ‌ന‌സ്സില്‍ ഉറപ്പിച്ചിരുന്നത്. അമാനുഷികതയുടെ സങ്ക‌ല്പ മൂര്‍ത്തിക‌ള്‍ക്ക് മ‌നുഷ്യരൂപം കൊടുത്ത് അതില്‍ വിശ്വസിക്കുകയും വിശ്വസിപ്പിക്കുയും അല്ലെങ്കില്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത് മനുഷ്യന്‍ തന്നെ.

ശരിക്കും ദൈവങ്ങ‌ളുടെ രൂപം എന്തായിരുന്നു? ദൈവത്തിന ഒരു രൂപത്തി‌ന്റെ ആവശ്യം എന്താണ്? ഗോത്രസംസ്കാരത്തില്‍ നിന്നേ ഉരുത്തിരിഞ്ഞുവന്ന ഒന്നായിരിക്കാം ദൈവത്തിന് ഒരു നിയതമായ രൂപം കൊടുക്കാനുള്ള പ്രവണത. താന്‍ തന്നെ കെട്ടിപ്പടുത്ത നിയതമായ നിയമ‌ങ്ങ‌ള്‍ക്കോ, പ്രവൃത്തിക‌ള്‍ക്കോ സങ്ക‌ല്പ്പങ്ങ‌ള്‍ക്കോ നിയന്ത്രിക്കാന്‍ പറ്റാത്ത പ്രതിഭാസങ്ങ‌ളെ ഈശ്വര‌നിലേക്ക് നിക്ഷേപിക്കുകയാണ് മ‌നുഷ്യന്‍ ചെയ്തത്. അതിന്റെ പിന്നിലും ഒരു സ്വാ‌ര്‍ത്ഥതയുണ്ട്. ഇതിനെയൊക്കെ നിയന്ത്രിക്കാന്‍ താന്‍ തന്നെ സൃഷ്ടിച്ച ഈ ദൈവങ്ങ‌ള്‍ക്ക് കഴിയും എന്ന ചിന്ത. തനിക്ക് തന്നെ ചെയ്യാന്‍ കഴിയാത്തത് തനിക്ക് വേണ്ടി ദൈവം ചെയ്തുതരും എന്നുള്ള പ്രത്യാശ. ഹിന്ദുമ‌തത്തിന്റെ സാഹചര്യം പരിശോധിച്ചാല്‍, അശക്തനായ മ‌നുഷ്യന്‍ തനിക്ക് വേണ്ടുന്ന അസ്സംഘ്യം കാര്യങ്ങ‌ള്‍ ദൈവത്തിനോട് ചോദിച്ചപ്പോ‌ള്‍, അവനുതന്നെ തോന്നിക്കാണ‌ണം താന്‍ ചോദിക്കുന്നത് മുഴുവന്‍ ചെയ്യാന്‍ "ഒരൊറ്റ" ദൈവത്തിന് കഴിയുമോയെന്ന്. അതുകൊണ്ട് ഈ പ്രവൃത്തിക‌ള്‍ക്കെല്ലാം ഏകതാനമായ പ്രാഗല്‍ഭ്യങ്ങളും (specilization) ദൈവങ്ങ‌ള്‍ക്ക് ക‌ല്പ്പിച്ച് കൊടുക്കപ്പെട്ടു. പുരാണ‌ങ്ങ‌ളിലൂടെയും വാമൊഴിയിലൂടെയും വ‌ള‌ര്‍ത്തപ്പെട്ട ആ പാരമ്പര്യം, സൃഷ്ടി, സ്ഥിതി, സംഹാരം, വിദ്യ, ആരോഗ്യം, (ഉദാ: യഥാക്രമം ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, സര‌സ്വതി, ധന്വന്തരി) എന്നീ നിഷ്കൃഷ്ടമായ ക‌ര്‍മ്മങ്ങ‌ള്‍ തുടങ്ങി പൊതുവില്‍ വിശാല‌മായ കര്‍മ്മങ്ങളും (അയ്യപ്പന്‍,ഗണ‌പതി) ദൈവങ്ങ‌ളില്‍ നിക്ഷേപിതമായി. ഇതിനനുസൃതമായ വേഷ‌വിധാന‌ങ്ങ‌ളും ആയുധങ്ങ‌ളും കല്പ്പിക്കപ്പെട്ടു. പിന്നീട്, ഈ ലിഖിതങ്ങ‌ളെ ചിത്രകാര‌ന്മാ‌രും ശില്പ്പിക‌ളും ചിത്രങ്ങ‌ളിലൂടെയും പ്രതിമ‌ക‌ളിലൂടെയും ആവിഷ്കരിച്ചപ്പോ‌ള്‍, അവരെല്ലാം ബോധപൂര്‍ണ്ണമല്ലാതെ അനുവ‌ര്‍ത്തിച്ച ഒരു നിയമം ദൈവങ്ങ‌ളുടെ "നില" (pause) ആയിരുന്നുവെന്ന് കാണാം. ലിഖിതങ്ങ‌ളോ അലിഖിതങ്ങ‌ളോ ആയ ഒരു നിയമത്തിനെയും അതിജീവിക്കുവാന്‍ ഈ ര‌ചന‌ക‌ള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇങ്ങനെയുള്ള ഈ ര‌ചന‌ക‌ളിലൂടെയാണ് ഭൂരിഭാഗം ഭക്തരും മ‌ന‌സ്സില്‍ ദൈവസങ്കല്പ്പം ന‌ടത്തുകയെന്ന് തോന്നുന്നു. ഇവിടെ ഒരു മ‌നുഷ്യന്‍ മ‌റ്റൊരു മ‌നുഷ്യനെ തിരിച്ചറിയുന്നതെങ്ങിനെയോ അങ്ങിനെ തന്നെയാണ് ദൈവങ്ങ‌ളേയും തിരിച്ചറിയുന്നത്. ഇതിന്റെ പ്രധാന പ്രക്രിയ എന്നത് മ‌നുഷ്യമ‌സ്തിഷ്കത്തിലെ "ഫയലിംഗ് സിസ്റ്റം" തന്നെയല്ലേ? ഒരാളുടെ പേര്‍ നമ്മോട് പറയുമ്പോ‌ള്‍ത്തന്നെ, അല്ലെങ്കില്‍ അയാളെ സംബന്ധിച്ച എന്തെങ്കിലും ആരെങ്കിലും സൂചിപ്പിക്കുന്ന മാത്രയില്‍ അയാളുടെ മുഖത്തിന്റെ ഒരു ചിത്രം ന‌മ്മുടെ മ‌ന‌സ്സില്‍ മിന്നിത്തെളിയുന്നു. ആയിര‌ക്കണ‌ക്കിനാളുക‌ളെ പ്രത്യേകം തിരിച്ചറിയാന്‍ നമ്മെ സ‌ഹായിക്കുന്ന അത്യന്തം സങ്കീര്‍ണ്ണമായ ഈ ഫയലിംഗ് സിസ്റ്റം, അതിലോരോരുത്തരുടെയും പ്രവ‌ര്‍ത്തിക‌ള്‍, അവരുടെ സംഭാഷണ‌ങ്ങ‌ള്‍, അവരുടെ മറ്റ് പ്രത്യേകതക‌ള്‍ ഇവയെല്ലാം ന‌മുക്ക് തരുന്നു; "മുഖം" എന്ന ഒരൊറ്റ ചിത്രത്തിനെ (Image) അടിസ്ഥാന‌മാക്കി. കണ്ട മുഖങ്ങ‌ളുടെ ആക‌ര്‍ഷണീയത, അവസാനം കണ്ട സമ‌യം, അവ‌രുടെ പ്രത്യേകതക‌ള്‍ ഇവയെല്ലാം ഈ ഫയലിംഗ് സിസ്റ്റ‌ത്തില്‍ ഓരോരുത്ത‌ര്‍ക്കും പ്രാധാന്യം ക‌ല്പ്പിക്കാന്‍ ഉപബോധമ‌നസ്സ് സ‌ഹായിക്കുന്നു.

അപ്പോ‌ള്‍ ഒരു സാധാരണ മ‌നുഷ്യന്‍ ഇതില് ‍നിന്നൊന്നും വ്യത്യസ്ഥമായല്ല ദൈവത്തിനെ തിരിച്ചറിയുന്നത് എന്ന‌ര്‍ത്ഥം. അതായിരിക്കാം ടെലിവിഷന്‍ സീരിയലിലേയും സിനിമ‌യിലേയും ന‌ടീന‌ടന്മാരുടെ മുഖച്ഛായക‌ള്‍ പരമ്പരാഗത മുഖച്ഛായക‌ളെ ഹൈജാക്ക് ചെയ്യുന്നതിന്റെ പിന്നിലുള്ള ര‌ഹ‌സ്യവും. ഇതില്‍ എന്തെങ്കിലും അസുഖകര‌മാകേണ്ട ഒന്നുണ്ടോ എന്നത് ചിന്തനീയമാണ്. മ‌നുഷ്യരചിതമായ പര‌മ്പരാഗത ക‌ല്പ്പന‌ക‌‌ള്‍ ഒന്നും തന്നെ പുതിയ ദൈവബിംബങ്ങ‌ളിലും മുഖങ്ങ‌ളിലും ലംഘിക്കപ്പെടാതിരിക്കുമ്പോ‌ള്‍ തന്നെ ദൈവത്തിന്റെ മുഖത്തിന് സംഭവിക്കുന്ന മാറ്റ‌ങ്ങ‌ളെ അസ‌ഹിഷ്ണുതയോടെ മാത്രമേ മ‌നുഷ്യന്‍ വീക്ഷിക്കുന്നുള്ളൂ. അമാനുഷികമായ ദൈവികതയെ,മാറ്റമില്ലാത്ത നിത്യമായ ഒരു മ‌നുഷ്യരൂപത്തില്‍ തന്നെ കാണാനുള്ള ഉപബോധമ‌ന‌സ്സിന്റെ ശക്തിയാവാം ഇത്.

Tuesday, February 24, 2009

കേര‌ളാ മാര്‍ച്ചുകള്‍, യാത്രക‌ള്‍ : ജന‌ത്തിന്റെ ചില‌വില്‍ മെലിയല്‍?

കേര‌ള‌ത്തില്‍ എല്ലാ രാഷ്ട്രീയപ്പാ‌ര്‍ട്ടിക‌ളും തിര‌ക്കിലാണ്. ഒര‌റ്റം മുതല്‍ മ‌റ്റേയറ്റം വരെ യാത്ര.സി.പി.എമ്മിന്റെ (പിണ‌റായിയുടെ) ന‌വ‌കേരളാ മാര്‍ച്ച്, കോണ്‍ഗ്രസ്സിന്റെ (ചെന്നിത്തലയുടെ) കേരള‌ര‌ക്ഷാ മാര്‍ച്ച്, ബി.ജെ.പി യുടെ ദേശ‌ര‌ക്ഷാ മാര്‍ച്ച്, എന്‍സിപ്പിയുടെ (മുര‌ളീധരന്റെ) ന‌വസന്ദേശയാത്ര അങ്ങനെ നേതാക്കന്മാരെല്ലാം യാത്രയിലാണ്.

എല്ലാവ‌ര്‍ക്കും ഒരൊറ്റ ല‌ക്ഷ്യമേ ഉള്ളൂ. കേരള‌ത്തേയും ഇന്‍ഡ്യയേയും ഒന്നു സുര‌ക്ഷിതമാക്കുക. ശക്തമാക്കുക. ഇവരെല്ലാം കാസ‌‌ര്‍കോട്ടു നിന്ന് തിരുവന്തോരത്ത് എത്തുമ്പോഴേക്കും എല്ലാം ഓക്കെയാവും.

സാമ്പത്തികമാന്ദ്യം ബാധിക്കാത്ത ഒരേയൊരു തൊഴില്‍ "രാഷ്ടീയം" ആണ് എന്ന് പറയാം. പൈസക്ക് വല്ല ക്ഷാമ‌വും ഉണ്ടോ? ഓരോ പോയന്റിലും സ്വീകരിക്കാനും, കേരളം മൊത്തം അല‌ങ്കരിച്ച് പ്രചരണം ന‌ടത്താനും പൊതുജന‌ത്തിന്റെ കണ്മുമ്പിലൂടെ കോടിക‌ള്‍ ഒഴുകുകയാണ്.

ധാര്‍ഷ്ട്യവും അഹങ്കാരവും മുഖമുദ്രയായ "ദി സോ കാള്‍ഡ് ലീഡേഴ്സ്"ന്റെ കൂറ്റന്‍ കട്ടൗട്ടുക‌ളും ബാനറുക‌ളും ജന‌ത്തിന്റെ നോക്കി പരിഹസിക്കുന്നു. അക്ഷ‌രാര്‍ത്ഥത്തില്‍ ഊശിയാക്കുന്നു.
എന്നാലെന്താ ? ഇവരെല്ലാം കാസ‌‌ര്‍കോട്ടു നിന്ന് തിരുവന്തോരത്ത് എത്തുമ്പോഴേക്കും കേരള‌വും ഇന്‍ഡ്യയും കിടില‌മാവില്ലേ. പിന്നെന്തു വേണം?

ഇവ‌ര്‍ ആരെയെല്ലാം വിഡ്ഡിക‌ളാക്കുന്നില്ല?

ഇന്നത്തെ ടിപ്പ്

നിങ്ങ‌ള്‍ ഒരു രാഷ്ട്രീയ നേതാവാണോ? സ്വാഭാവികമായും ജന‌ത്തെ വെട്ടിച്ച് കാശുണ്ടാക്കിയും, വെറുതെയിരുന്നു തിന്നും നിങ്ങ‌ള്‍ കുടവയറൊക്കെ ചാടി, കുറേശ്ശേ ഷുഗറും, കൊള‌സ്റ്റ്ട്രോളും ഒക്കെയായി സ്വല്പ്പം ആരോഗ്യപ്രശ്ന‌ങ്ങ‌ളൊക്കെ കണ്ടു തുടങ്ങിയേക്കാം. അപ്പോള്‍ എന്തു ചെയ്യണം. ഒന്നു മെലിയണം. സ്വന്തം കാശുകൊടുത്ത് ഒരു പരിപാടിയും ചെയ്ത് ശീല‌മില്ലാത്ത നിങ്ങ‌ള്‍ക്ക് ഇതും നിസ്സാരമായി വല്ലവന്റേയും ചില‌വില്‍ ചെയ്യാവുന്നതേയുള്ളൂ. ഒരു ഡാഷ് കേരളാ മാര്‍ച്ചിനിറങ്ങുന്നതായി പ്രഖ്യാപിക്കുക. ഇറങ്ങുക. കാസ‌‌ര്‍കോട്ടു നിന്ന് തിരുവന്തോരത്തേക്ക്. കമ്പ്ലീറ്റ് വഴിയും ന‌ടക്കണ‌മെന്നില്ല. ഇടക്കൊക്കെ ന‌ടക്കുക. പിന്നെ വണ്ടിയില്‍. ധാരാളം പ്രവ‌ര്‍ത്തകരുണ്ടല്ലോ കൂടെ. അവരിടക്കിടെ ഇള‌നീരു ചെത്തിത്തരും. അതൊക്കെ മുറക്ക് കുടിക്കുക. നോട്ടുമാല ഇഷ്ടം പോലെ കിട്ടും. അതൊക്കെ എക്സ്റ്റ്റായാണേ. തിരുവന്തോരത്ത് എത്തീട്ട് നൂലൊക്കെ വലിച്ച് ക‌ള‌ഞ്ഞാല്‍ ഏതാനും ല‌ക്ഷം വരും. അപ്പോ പറഞ്ഞ് വരുന്നത് ..... മെലിയുകയും ചെയ്യാം.. കാശുമുണ്ടാക്കാം. സമ‌യോം പോയിക്കിട്ടും. യേത്?