Monday, May 17, 2010

ഡ്രൈവിംഗി‌ന്റെ മ‌ന:ശ്ശാസ്ത്രം

രു വാഹന‌ം ഓടിക്കുകയോ, അല്ലെങ്കില്‍ അതില്‍ യാത്രചെയ്യുകയോ ചെയ്തിട്ടുള്ള ഏതൊരാ‌ള്‍ക്കും ഒരിക്കലെങ്കിലും അനുഭ‌വിക്കേണ്ടി വന്നിട്ടുള്ള ഒന്നാകും ഒരു അപകടം അല്ലെങ്കില്‍ ഒരു അപകടത്തിനുള്ള സാധ്യത എന്നത്. സ്വന്തം അനുഭവ‌ത്തിന്റെ വെളിച്ച‌ത്തില്‍ പറഞ്ഞാല്‍, ഞാന്‍ ഒരു കാറുവാങ്ങി ഒരു കൊല്ലമായപ്പോ‌ള്‍ത്തന്നെ, അതുകൊണ്ടുണ്ടായ അപക‌ടങ്ങ‌‌ള്‍ ചെറുതും വലുതുമായി ഏഴ് എണ്ണമാണ്. ഇതില്‍ മൂന്നെണ്ണം വ‌ള‌രെ ഗുരുതരമായ കേടുപാടുക‌ള്‍ കാറിനുണ്ടാക്കുകയും ഭാഗ്യവശാല്‍ ആള‌പായം ഒന്നും സം‌ഭവിക്കാതിരുന്നതും ആണ്. എന്റെ ഭാര്യ എന്നെ എപ്പോഴും "റാഷ് ഡ്രൈവ‌ര്‍' എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എനിക്ക് പറ്റിയ ഒരപകടത്തെപ്പറ്റിപ്പറയുമ്പോ‌ള്‍, എന്റെ സഹ‌പ്രവ‌ര്‍ത്തക‌ര്‍, "അടു‌ത്തത് എനാ മാഷേയ്" എന്നോ " ജസ്റ്റ് അന‌ത‌ര്‍ വണ്‍" എന്നോ പറ‌ഞ്ഞ് ക‌ളിയാക്കുന്നു. ഇതില്‍നിന്നൊക്കെയാണ് യഥാര്‍ത്ഥ‌ത്തില്‍ ഞാന്‍ വാഹന‌മോടിക്കുന്ന രീതിയില്‍ എന്തോ പാകപ്പിഴയുണ്ടെന്നും, എന്തൊക്കെയോ മാറ്റങ്ങ‌ള്‍ അതില്‍ വരുത്തേണ്ടതുണ്ടെന്നുമുള്ള ചിന്ത എന്നിലുണ്ടായത്. ഇത് ഡ്രൈവിംഗിനെ എ‌ങ്ങിനെയാണ് മ‌ന:ശ്ശാസ്ത്രപരമാ‌യി അപഗ്രഥിച്ചിരിക്കുന്നത് എന്നന്വേഷിക്കാന്‍ പ്രേരിപ്പിച്ചു. ഡോ: ലിയോണ്‍ ജെയിംസ് 1997 ല്‍ എഴുതിയ "ഡ്രൈവി‌‌ംഗിന്റെ മ‌ന:ശ്ശാസ്ത്ര തത്വങ്ങ‌ള്‍" എന്ന ലേഖന‌മാണ് മുഖ്യമായും ഈ ലേഖന‌ത്തിന്റെ ആധാരം. ഉടന്‍ തന്നെ ക്ലിക്ക് ചെയ്ത് മൂല‌ ലേഖന‌ത്തിലേക്ക് പോകാതിരിക്കാനായി ലിങ്ക് അല്പ്പം കഴിഞ്ഞ് കമ‌ന്റിന്റെ കൂ‌ടെ ഇടുന്നതാണ്.

ഡ്രൈവിംഗിലെ മ‌ന:ശ്ശാസ്ത്രം

ഒരു വാഹനം ഡ്രൈവ് ചെയ്യുമ്പോ‌ള്‍ ബോധ‌പൂ‌‌‌ര്‍‌വ്വവും അല്ലാത്തതുമായ ഒ‌ട്ടേറെക്കാര്യങ്ങ‌ള്‍ ഒരു ഡ്രൈവ‌ര്‍ ചെയ്യുന്നുണ്ട്. ഇവ പ്രധാന‌മായും പ്രശ്ന‌ങ്ങ‌‌ളും അതിനുള്ള പോം‌വഴിക‌ളും, തീരുമാന‌ങ്ങ‌ള്‍, പ്രതികരണ‌ങ്ങ‌ള്‍, വിശദീകരണ‌ങ്ങ‌ള്‍ എന്നീ ഗണ‌ത്തില്‍ പെടുന്നവയാണ്. ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോ‌ള്‍ തന്റെ കാറിനുചുറ്റും തുട‌ര്‍ച്ച‌യായി എന്തൊക്കെ ന‌ടന്നുകൊണ്ടിരിക്കുന്നു എന്ന് ഒരു ഡ്രൈവ‌ര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഉദാഹരണ‌ത്തിന് നിങ്ങ‌ള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോയ്ക്കൊണ്ടിരിക്കെ കുറേ മുന്നിലായി മ‌റ്റൊരു വാഹനം റോഡിലേക്ക് കയറുന്നതായി ശ്രദ്ധയില്പ്പെടുന്നുവെന്നിരിക്കട്ടെ. നി‌ങ്ങ‌ളെന്തു ചെയ്യും? നിങ്ങ‌ളുടെ വാഹന‌ം വേഗത കുറക്കു‌മോ, നിര്‍ത്തുമോ അതോ ഓടിച്ചുപോകുമോ. തീരുമാന‌ം എന്തു‌തന്നെയാ‌യാലും അതിന് നിങ്ങ‌ള്‍ "നിങ്ങ‌ളുടേതായ" ഒരു "തക്ക‌തായ കാരണം" കണ്ടെത്തിയിട്ടുണ്ടാവും. ഉദാഹര‌ണ‌ത്തിന്


"അയാ‌ള്‍ അവിടെ നിര്‍ത്തുന്നതാണ് ന‌ല്ലത്. നിയമ‌പ്രകാര‌ം എനിയ്ക്കാണ് പോകാനുള്ള മു‌‌ന്‍‌തൂക്കം. പക്ഷേ അയാ‌ള്‍ വേഗത്തിലാണ‌ല്ലോ റോഡിലേക്ക് കയറുന്നത്. ഞാന്‍ വേഗം കൂട്ടാം. ഉച്ചത്തില്‍ ഹോണ‌ടിക്കാം. അപ്പോ‌ള്‍ അയാള്‍‌ക്ക് മ‌ന‌സ്സിലാകും ഞാന്‍ വിട്ടുകൊടുക്കില്ല എന്ന്. അതാ അയാ‌ള്‍ നിര്‍ത്തി"

ര‌സകരമായ മറ്റൊരു കാര്യം മ‌റ്റനേകം "സാഹചര്യ സൂചക‌ങ്ങ‌ളും" നിങ്ങ‌ളുടെ തീരുമാന‌ത്തെ ബാധിക്കുന്നു എന്നുള്ള‌താണ്.


വാഹന‌ം ഓടിക്കു‌ന്നത് സ്ത്രീയോ പുരുഷനോ, ചെറുപ്പക്കാര‌നോ വൃദ്ധനോ?

വ‌സ്ത്രധാര‌ണ‌‌ം എങ്ങിനെ, കാഴ്ച‌ക്ക് എങ്ങിനെ?
കാ‌ര്‍ പുതിയതോ പഴയതോ, മുന്തിയ ഇന‌മോ അതോ വില‌കുറഞ്ഞതോ?
കാഴ്ച വ്യക്തമാണോ?

അയാ‌ള്‍ക്ക് തന്നെയും തനിക്ക് അയാളെയും കാണാന്‍ സാധിക്കുന്നുണ്ടോ?
കാ‌ര്‍ വേഗത്തിലാണോ അതോ സാവധാന‌ത്തിലാണോ റോഡിലേക്ക് ക‌യറുന്നത്?

ഇങ്ങനെ അനേകം പ്രസ‌ക്തവും അപ്രസ‌ക്തവുമായ ഒട്ടേറെ പ്രശ്ന‌ങ്ങ‌ള്‍ നിങ്ങ‌ളൂറ്റെ തല‌യില്‍ക്കൂടി കടന്നുപോകുന്നു. നിങ്ങ‌ളുടെ തീരുമാന‌ത്തെ ഇവ സ്വാധീനിക്കുകയും ചെയ്യുന്നു.


നിങ്ങ‌ള്‍ എന്തു തീരുമാനി‌ക്കുന്നു?


റോഡില്‍ വാഹന‌മോടിക്കുന്ന മ‌റ്റ് ഡ്രൈവ‌ര്‍മാരെപ്പറ്റി നിങ്ങ‌ള്‍ എന്ത് വിചാരിക്കുന്നു എന്നത് വള‌രെ പ്രധാന‌മാണ്. ഉദാഹര‌ണ‌ത്തിന്. ര‌ണ്ട് ലെയ്നുള്ള ഒരു ടു-വേ റോഡില്‍ നിങ്ങ‌ളുടെ കാറിന് മുന്‍പിലായി മ‌റ്റൊരു കാ‌ര്‍ വ‌ള‌രെ സാവധാന‌ത്തില്‍ പോകുന്നുവെന്ന് കരുതുക. നിങ്ങ‌ള്‍ ധൃതിയിലാണെന്നും കരുതുക. ആ കാ‌ര്‍ വ‌ള‌രെ സാവധാന‌ത്തില്‍ പോകാന്‍ നിങ്ങ‌ള്‍ കണ്‍ടെത്തുന്ന "സാഹചര്യ സൂചക‌ങ്ങ‌ളും" "നിങ്ങ‌ളൂടെ കാരണ‌ങ്ങ‌ളും" താഴെപ്പറയുന്നവ‌യാല്‍ സ്വാധീനിക്കപ്പെടുന്നു.

ഡ്രൈവറുടെ വ്യക്തിത്വം : മുന്‍പെ പോകുന്നയാ‌ള്‍ മ‌റ്റുള്ളവരെപ്പറ്റി യാതൊരു ചിന്ത‌യുമില്ലാത്ത , കാശിനുകൊള്ളാത്ത, ഒരു വിഡ്ഡിയാ‌ണെന്ന് നിങ്ങ‌ള്‍ കരുതുന്നു.
ഡ്രൈവ‌ര്‍ കാഴ്ചയില്‍ എങ്ങിനെ : നാട്, ലിംഗം, പ്രായം മുതലായവ
സാഹചര്യം : അയാളുടെ/അവ‌ളുടെ കാറിന് എന്തോ കുഴപ്പം ഉണ്ട്. അല്ലെങ്കില്‍ അതില്‍ സുഖമില്ലാത്ത ആ‌ളോ കുട്ടിയോ ഉണ്ട്.

ആദ്യത്തെ ര‌ണ്ടും ഏറിയപങ്കും നിങ്ങ‌ളുടെ "വ്യക്തിപരമായ മു‌ന്‍ വിധിയെ" അടിസ്ഥാന‌മാക്കിയുള്ള‌താണ്. മൂന്നാമ‌ത്തേതാകട്ടെ "സാഹചര്യം" അടിസ്ഥാന‌മാക്കിയുള്ളതും. "വ്യക്തിപരമായ മു‌ന്‍ വിധിയെ" അടിസ്ഥാന‌മാക്കിയുള്ള‌ നിങ്ങ‌ളുടെ ഒട്ടു മിക്ക പ്രതികര‌ണ‌ങ്ങ‌ളും തിക‌ച്ചും അക്ഷമ പ്രതിഫ‌ലിക്കുന്നതും പ്രതിലോമപരവുമായിരിക്കും.നേരെ മ‌റിച്ച്, സാഹചര്യം അടിസ്ഥാന‌മാക്കിയുള്ള തീരുമാന‌ങ്ങ‌ള്‍ ക്ഷമ‌യോടു കൂടിയു‌ള്ള‌തും സ്വീകാര്യത കൂടിയവയുമായിരിക്കും.


ഡ്രൈവറുടെ ഇര‌ട്ട‌ത്താപ്പും മുടന്തന്‍ ന്യായങ്ങ‌ളും


ഡ്രൈവി‌ംഗില്‍ നാം ചെയ്യുന്ന ഓരോ കാര്യങ്ങ‌ളും നിരീക്ഷണ‌ത്തിനും പുന‌:പരിശോധ‌ന‌ക്കും വിധേയമാ‌ക്കിയാല്‍ നാം കാട്ടുന്ന ഓരോ പ്രവൃത്തിയും, അത് തെറ്റാണെങ്കില്‍ക്കൂടി, പക്ഷപാതപ‌രമായി ന്യായീകരിക്കാന്‍ നാം ശ്രമിക്കുമെന്ന് കാണാം.


ഉദാഹര‌ണ‌‌ത്തിന്, ഒരു ട്രാഫിക് ബ്ലോക്കില്‍ വ‌ള‌രെ നീണ്ട ഒരു ക്യൂവിന്റെ ഇടതു‌വ‌ശത്തുകൂടി നിങ്ങ‌ള്‍ ഓടിച്ച് കയറ്റി ക്യൂവിന്റെ ഇട‌യിലേക്ക് നിങ്ങ‌ളുടെ കാ‌ര്‍ പതുക്കെ തിരുകിക്കയറ്റുന്നു. അത്രയും നീണ്ട ക്യൂവിന്റെ ഇടക്ക് കേറാന്‍ കഴിഞ്ഞ നിങ്ങ‌ളുടെ മിടുക്കില്‍ നിങ്ങ‌ള‌ഭിമാനിക്കുകയും ചെയ്യുന്നു. നേരെ മ‌റിച്ച് മ‌റ്റേതെങ്കിലുമൊരു വാഹന‌ം ക്യൂവില്‍ നിങ്ങ‌ള്‍ക്ക് മുന്നിലേക്ക് കയ‌റാന്‍ ശ്രമിക്കുമ്പോ‌ള്‍ ഹോണ‌ടിച്ചും ക‌യറാനുള്ള സ്ഥല‌ം ഇല്ലാതാക്കിയും നിങ്ങ‌ള്‍ പ്രതിരോധിക്കുന്നു, രോഷാകുല‌നാകുന്നു.

ഇപ്രകാര‌മുള്ള "വ്യക്തിപരമായ മു‌ന്‍ വിധി‌കളെ"പ്പറ്റിയും "സ്വ"പക്ഷ‌പാതപര‌മായ സമീപന‌‌ത്തെപ്പറ്റിയും ബോധവാന്മാരായാല്‍ ഓരോ ഡ്രൈവ‌ര്‍ക്കും അയാളുടെ ഡ്രൈവിംഗ് സ്റ്റൈലില്‍ വ‌ള‌രെ വലിയ മാറ്റ‌ങ്ങ‌ള്‍ വരുത്താനും മ‌റ്റുള്ള ഡ്രൈവ‌ര്‍മാരുടെ സൗകര്യങ്ങ‌‌ള്‍ കൂടി കണ‌ക്കാക്കി ഡ്രൈവ് ചെയ്യാനും സാധിയ്ക്കും.

ട്രാഫിക് സ്കീമ


ആളുക‌ളേയും സംഭവങ്ങ‌ളേയും തരംതിരിക്കുന്നതിനുവേണ്ടി നാം ഒരു "സ്കീമ" (Schema) ഉപയോഗിക്കുന്നു. സ്കീമ എന്നത് ദൈന‌ംദിന‌ജീവിതത്തില്‍ ന‌ടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങ‌ളേയും, അവ കൈകാര്യം ചെയ്തുള്ള ന‌മ്മുടെ പരിചയത്തേയും കൂട്ടിയിണക്കിയ കുറെ മുദ്രാവാക്യങ്ങ‌ളും ചിത്രങ്ങ‌ളുമാണ്. അതുകൊണ്ട് ഒരേ സ്വഭാവമുള്ള ഒരു സംഭവം നാം കാണുമ്പോ‌ള്‍ "സ്കീമ" യാണ് അവ പെട്ടെന്ന് തിരിച്ചറിയാനും അവ‌യോടുള്ള പ്രതികരണം പെട്ടെന്നാക്കാനും സ‌ഹായിക്കുന്നത്.
ഉദാഹരണ‌ത്തിന്, അടിസ്ഥാന‌മായ ഒരു ട്രാഫിക് സ്കീമ‌യാണ് ഡ്രൈവറുടേയും യാത്രക്കാരന്റേയും ഭാഗങ്ങ‌ള്‍ തമ്മിലുള്ള വ്യത്യാസം തന്നെ. ഡ്രൈവ‌ര്‍ വാഹന‌ത്തിന്റെ പൂര്‍ണ്ണനിയന്ത്രണ‌ത്തിന്റെ ഉത്തര‌വാദിത്തമുള്ള ആളായി മാറുന്ന ഒരു "സ്കീമ"ല്‍ ആണ്. അവരുടെ കണ്ണില്‍ യാത്രക്കാരന്‍ വിധേയത്വത്തോടുകൂടി യാത്രചെയ്യേണ്ടുന്ന ഉത്തരവാദിത്തം "മാത്രം" ഉള്ളവരാണ്.
ഇത്തരം ഒരു സമീപന‌ം യാത്രക്കാര‌നും ഡ്രൈവറും തമ്മില്‍ ഒരു വൈരുദ്ധ്യം സൃഷ്ടിക്കുന്നു.

"ഇവ‌ളെന്തിനാണ് ഞാന്‍ വ‌ണ്ടി ഓരോ വ‌ള‌വ് തിരിക്കുമ്പോ‌ഴും അയ്യോ പൊത്തോ വിളിക്കുന്നത്. മ‌റ്റുള്ളവരെപ്പോലെ ഇവ‌ള്‍ക്ക് മിണ്ടാതെ സൈഡിലെ ഹോ‌ള്‍ഡറില്‍ പിടിച്ചിരുന്നാ‌ല്‍ പോരേ?" എന്ന് നിങ്ങ‌ള്‍ നിങ്ങ‌ളുടെ ഭാര്യയെപ്പറ്റി ചിന്തിക്കുന്നുവെന്നിരിക്കട്ടെ.
നിങ്ങ‌ള്‍ വേഗ‌തെ കുറക്കാതെ വ‌ണ്ടി തിരിക്കുകയും അതില്‍ അപകട സാദ്ധ്യത കൂടുത‌ലുണ്ട് എന്നതുകൊണ്ടുമാണ് ഭാര്യ പരിഭ്രമ‌ം പ്രക‌ടിപ്പിക്കുന്നത് എന്ന കാര്യം നിങ്ങ‌ള്‍ മ‌ന‌സ്സിലാക്കി, ഓരോ വ‌ള‌വിനും നിങ്ങ‌ള്‍ വേഗത കുറച്ച് ശ്രദ്ധയോടെ വണ്ടി തിരിച്ചാല്‍, അവ‌ര്‍ വ‌ള‌രെ ലാഘവത്തോടെ ഇരിക്കുന്നതു കാണാം. അത് നിങ്ങ‌ളില്‍ സന്തോഷം തരും. അത് നിങ്ങ‌ളുടെ ഡ്രൈവിംഗിനെ മെച്ചപ്പെടുത്തുകയും ചെയ്യും.


ട്രാഫിക് സ്ക്രിപ്റ്റുക‌ള്‍

ഒരു ട്രാഫിക് സ്ക്രിപ്റ്റ് എന്നാല്‍ ഒരു സ്കീമ‌യുടെ ഉള്ളില്‍ത്തന്നെ ഒന്നിനോടൊന്ന് ചേര്‍ന്നുള്ള അനുബന്ധ പ്രക്രിയക‌ളാണ്. അത് ഉപബോധ മനസ്സില്‍ ശക്തമായി സ്ഥാനമുറപ്പിച്ച് യാന്ത്രികമായി ഒരാളെക്കൊണ്ട് ആ പ്രവ‌ര്‍ത്തികളൊക്കെ ചെയ്യിക്കുന്നു. ഉദാഹരണ‌ത്തിന് ഒരു റെസ്റ്റോറന്റില്‍ ചെന്നാല്‍ എന്തൊക്കെ ചെയ്യണം എന്നത് ഒരു "റെസ്റ്റോറന്റ് സ്ക്രിപ്റ്റ്" നെ അടിസ്ഥാന‌മാക്കിയാണ്. പറ്റിയ ഒരു മേശ കണ്ടെത്തുക, ഓര്‍ഡ‌ര്‍ ചെയ്യുക, കാത്തിരിക്കുക, കഴിക്കുക, കൈ കഴുകുക, പൈസ കൊടുക്കുക തുടങ്ങിയതെല്ലാം ആരും പറയാതെ തന്നെ നാം ചെയ്യുന്നത് ചിരപരിചയത്തിലൂടെയും സ്വന്തം നിലയില്‍ മ‌ന‌സ്സിലാക്കിയും മ‌ന‌സ്സില്‍ സൃഷ്ടിച്ചു വെച്ചിരിക്കുന്ന "സ്ക്രിപ്റ്റ്" കൊണ്ടാണ്. ഇതുപോലെഒന്നാണ് ഓരോ ഡ്രൈവറുടെയും "ട്രാഫിക് സ്ക്രിപ്റ്റും". ഓരോ സാഹചര്യത്തിനും, കൂടെയുള്ള ഓരോ യാത്രക്കാരോടുള്ള പെരുമാറ്റ‌ത്തിലും , മറ്റു ഡ്രൈവ‌ര്‍മാരോടുള്ള സമീപന‌ത്തിലുമെല്ലാം വിവിധ "സ്ക്രിപ്റ്റ്" ക‌ള്‍ ഒരാള‌റിയാതെ തന്നെ അയാളെ സ്വാധീനിക്കുന്നു. ഇതില്‍ ഭൂരിഭാഗവും നേരത്തേ സൂചിപ്പിച്ചതുപോലെ മു‌ന്‍‌വിധി‌ക‌ളെ മാത്രം അടിസ്ഥാന‌പ്പെടുത്തിയുള്ളവ‌യാണ് എന്നതാണ് ഏറ്റവും രസകരം. ഒരു ഡ്രൈവ‌ര്‍ അയാളുടെ ഉള്ളിലുള്ള ഇത്തരം സ്ക്രിപ്റ്റുക‌ള്‍ക്ക് അടിമ‌യാണ് എന്നു പറയാം. താഴെയുള്ള ചില ചിന്തക‌‌ള്‍ ശ്രദ്ധിക്കുക.

"ഓ അതൊരു പെണ്ണാണ് മുന്‍പില്‍ പതുക്കെപ്പോകുന്ന് ആ വണ്ടിയോടിക്കുന്നത്. അവ‌ള്‍ പേടിച്ചാണ് പോകുന്നതെന്ന് തോന്നുന്നു. സൈഡും തരുന്നില്ല. ലൈറ്റടിച്ച് ഹോണടിച്ച് പേടിപ്പിച്ച് ഓവ‌ര്‍ടെക്ക് ചെയ്യാം"
"മുന്‍പില്‍ ഈ പതുക്കെ ഇഴഞ്ഞുപോകുന്ന ഈ അംബാസഡ‌ര്‍ കാറോടിക്കുന്നതാര്/ കൊള്ളാം! ഒരു വയസ്സന്‍! ഇയാളെന്തിനാണ് ഈ വയസാം കാല‌ത്ത് ഈ വണ്ടിയുമെടുത്ത് റോഡിലിറങ്ങിയിരിക്കുന്നത്?"
"അതാ ഒരു വൃദ്ധന്‍ സീബ്രാ ക്രോസ്സിംഗില്ലാത്ത സ്ഥലത്ത് പതുക്കെ ക്റോസ്സ് ചെയ്യുന്നു. ഞാന്‍ തല വെളിയിലിട്ട് ചോദിക്കും. അമ്മാവാ വീട്ടില്‍ പറഞ്ഞിട്ടാണോ ഇറങ്ങിയത് എന്ന്"

ഓരോ തവണ‌യും സമാന‌മായ സാഹചര്യങ്ങളേയോ, വ്യ‌ക്തിക‌ളേയോ നേരിടുമ്പോ‌ള്‍ മേല്പ്പറഞ്ഞ പ്രവൃത്തി ചെയ്ത ഡ്രൈവ‌ര്‍ ഇതെല്ലാം ആവ‌ര്‍ത്തിച്ചുകൊണ്ടേയിരിക്കും.

സാദ്ധ്യതാധിഷ്ഠിതമായ ഡ്രൈവിംഗ്


ഒരുപക്ഷേ ഇന്‍ഡ്യന്‍ റോഡുക‌ളില്‍ മാത്രം കാണാന്‍ സാധിക്കുന്ന ഒന്നാണ് "സാദ്ധ്യതാധിഷ്ഠിതമായ ഡ്രൈവിംഗ്". ഭൂരിഭാഗവും ര‌ണ്ട് ദിശയില്‍ യാത്ര ചെയ്യുവാന്‍ ഉതകുന്ന തര‌ത്തില്‍ സൃഷ്ടിക്കപ്പെട്റ്റിരിക്കുന്ന റോഡ്. അങ്ങോട്ടും ഇങ്ങോട്ടും ഇടതുവശം ചേര്‍ന്ന് പോകാന്‍ നിയമ‌ം അനുശാസിക്കുന്നു. വാഹന‌ങ്ങ‌ളുടെ ബാഹുല്യം, കാ‌ല്‍‌ന‌ടയാത്രക്കാരുടെ ബാഹുല്യം ഇവയെല്ലാം ചേര്‍ന്ന് മ‌ന‌:ശ്ശാസ്ത്രപരമായ ഒരു പുതിയ സമീപന‌ം ഡ്രൈവ‌ര്‍മാരില്‍ സൃഷ്ടിച്ചു. ഇടതുവശം ചേര്‍ന്ന് പോകേണ്ട ഒരു വാഹനം റോഡിന്റെ ഇടത് വശത്ത് ഒര‌ല്പ്പ‌മെങ്കിലും സ്ഥലം റിസ‌‌ര്‍വ് ചെയ്ത് വെച്ചാണ് മുന്നോട്ട് പോകുന്നത്. ഫല‌മോ എതിര്‍ദിശയില്‍ വരുന്ന വാഹ‌ന‌‌വുമായി കൂട്ടിമുട്ടത്തക്ക തര‌ത്തിലായിരിക്കും വാഹ‌ന‌ത്തിന്റെ ഗതി. അതുപോലെ തന്നെയാണ് എതിരെ വരുന്ന വാഹ‌ന‌ത്തിന്റെ ഡ്രൈവറും ചെയ്യുക. ര‌ണ്ടുപേര്‍ക്കും അറിയാം അതേനില‌യില്‍ വന്നാല്‍ വാഹന‌ങ്ങ‌ള്‍ കൂട്ടിയിടിക്കും എന്ന്.ഏകദേശം അടുത്തെത്താറാകുമ്പോ‌ള്‍ ഇരു ഡ്രൈവ‌ര്‍മാരും അവര‌വ‌രുടെ വാഹന‌ങ്ങ‌ള്‍ ഇടതു വശ‌ത്തേക്ക് (റിസ‌‌ര്‍വ് ചെയ്ത് വെച്ച സ്ഥല‌ത്തേക്ക്) വെട്ടിച്ച് മാറ്റുന്നു. ഇനി, ഇപ്രകാരം ഒരു സ്ഥലം റിസ‌‌ര്‍വ് ചെയ്ത് വെച്ചില്ല എന്നിരിക്ക‌ട്ടെ. അപ്പോ‌ള്‍ സംഭവിക്കുക, എതിരെ വരുന്ന വാഹന‌ത്തിനെ ഒഴിഞ്ഞുപോകാന്‍ സ്ഥലം കിട്ടാതെ നിര്‍ത്തിയിടേണ്ട അവസ്ഥ വന്നേക്കും. ഇത്തരം പ്രവൃത്തിക‌ളെല്ലാം മുഴു‌വ‌നായും മ‌ന:ശ്ശാസ്ത്രപരമായ ഒരു സാദ്ധ്യതക‌ള്‍ കൊണ്ടുള്ള പകിടക‌ളിയാണെന്ന് പറയാം. ഏതെങ്കിലും ഒരാ‌ളിന്റെ മന‌സ്സി‌ല്‍ സാധ്യതക‌‌ള്‍ കണ‌ക്കാക്കുന്നതില്‍ വരുന്ന നേരിയ വീഴ്ച പോലും അപകടകാര‌ണമായേക്കാം.

ട്രാഫിക് സ്ക്രിപ്റ്റുക‌ളിലെ തിരുത്തലുക‌ളും ഡ്രൈവറുടെ സ്വയം വിമ‌‌ര്‍ശന‌വും

തന്റെ സ്ഥിരം ട്രാഫിക് സ്ക്രിപ്റ്റുക‌‌ള്‍ സ്വയം വില‌യിരുത്തുകയും വിമ‌ര്‍ശനാത്മ‌കമായി അവ‌യെ കാണുകയും ചെയ്താല്‍ ഒരു ഡ്രൈവ‌ര്‍ക്ക് വ‌ള‌രെ സൗകര്യപ്രദ‌മായും മ‌റ്റുള്ളവ‌ര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെയും, സ‌ന്തോഷത്തോടെയും സമാധാന‌ത്തോടെയും ഡ്രൈവ് ചെയ്യാന്‍ സാധിക്കും. ഉദാഹരണ‌ത്തിന് നിങ്ങ‌ള്‍ ഓഫീസ്സിലേക്ക് പോകുമ്പോ‌ള്‍ മ‌റ്റൊരു വാഹനം നിങ്ങ‌ളുടെ വാഹന‌ത്തിന്റെ മുന്‍പിലേക്ക് മുന്നറിയിപ്പില്ലാതെ കയറുകയും പെട്ടെന്ന് വേഗത കുറക്കുകയും ചെയ്തെന്നിരിക്കട്ടെ. ഒരു സ്വാഭാവിക പ്രതികരണം കഠിന‌മായ ദേഷ്യമായിരിക്കും. സ്വയം വിമ‌ര്‍ശനാത്മ‌കമായി ചിന്തിച്ചാല്‍ നിങ്ങ‌ളുറ്റെ ദേഷ്യം അപരവാഹ‌ത്തിന്റെ ഡ്രൈവറോടാണെന്ന് നിസ്സംശയം പറയാം. നിങ്ങ‌ള്‍ എന്തൊക്കെ ചെയ്താലും അയളുടെ മേല്‍ നിങ്ങ‌ള്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ല എന്നും അയാളോട് ദേഷ്യം തോന്നിയിട്ട് നിങ്ങ‌ള്‍ കാണിക്കുന്ന ഓരോ പ്രവൃത്തിയും നിങ്ങ‌ള്‍ക്ക് മാത്രമാണ് ദോഷം ചെയ്യുകയെന്നും മന‌സ്സിലാക്കി‌യാല്‍ നിങ്ങ‌‌ള്‍ക്ക് സമാധാമായി ഡ്രൈവ് ചെയ്യാന്‍ ക‌ഴിയുന്നു. മുന്‍പ് നിങ്ങ‌ള്‍ കാട്ടിക്കൂട്ടിയതൊക്ക തികച്ചും അനാവശ്യമായിരുന്നു എന്ന് മന‌സ്സിലാക്കാന്‍ കഴിയുകയും ചെയ്യുന്നു.

വിശദമായ മൂല ലേഖനം ഇവിടെ വായിക്കുക.

വാല്‍ക്കഷണം : ലേഖനം വായിച്ചിട്ട് ഭാര്യയുടെ കമ‌ന്റ് "ലേഖന‌മൊക്കെ കൊള്ളാം.ഭവാന്‍ വണ്ടി ഒരു തവണ‌യെങ്കിലും മര്യാദക്ക് ഓടിക്കുന്നത് കണ്ടാ മ‌തിയായിരുന്നു"

ചിത്രത്തിന് കടപ്പാട് : www.drdriving.org

Thursday, May 13, 2010

എന്നുമുള്ള കാഴ്ചക‌ളും ചിന്തക‌ളും - 1

(1)

എറണാകുളം മുതല്‍ തിരുവ‌ന്തപുരം വരെ യാത്ര ചെയ്യുമ്പോ‌ള്‍ റോഡിനിരുവശത്തുമുള്ള കൂറ്റന്‍ ഫ്ലക്സുക‌ളില്‍ വെള്ളാപ്പ‌ള്ളി ന‌ടേശന്റേയും ഗോകുലം ഗോപാലന്റേയും ഇടയില്‍ ശ്രീനാരായണഗുരുദേവന്‍ ചമ്മ്രം പടിഞ്ഞ് ഇരിക്കുന്നു. അബ്കാരിക്കും

ബ്ലേഡ് കമ്പനിയുടമക്കും ഇടയില്‍ ദൈന്യത‌യോടെയുള്ള ആ ഇരിപ്പ് വേദന‌യുള‌വാക്കുന്നു. ചിന്തിപ്പിക്കുന്നു.

(2)

വിപ്ലവപ്പാര്‍ട്ടിയുടേ മ‌ന്ത്രിമാര്‍ സ്ക്കോഡക‌ളിലും ലോഗനിലും ചീറ്പ്പാഞ്ഞുപോകുന്നു. അകമ്പ‌ടിക്ക് മുന്‍പിലും പിറ‌കിലുമായി ഈരണ്ടു ജീപ്പ് പോലിസ്, പിന്നെ ഒന്നു രണ്ട് കാറുക‌ള്‍.
ഇവ‌ര്‍ക്കെന്തിനാണ് അകമ്പടി?
ഇവ‌ര്‍ ആരെയാണ് ഭയക്കുന്നത്?
ഇവരെന്തിനാണ് വോട്ട് കൊടുത്ത കഴുതക‌ളെ പോലീസിനെക്കൊണ്ട് "മാറിനില്‍ക്കെടാ" എന്ന് ആക്രോശിപ്പിച്ച് ആട്ടിപ്പായിക്കുന്നത്?
വിലക‌ള്‍ മേല്പ്പോട്ട്. സാധാരണക്കാരനെ നോക്കി കൊഞ്ഞനം കുത്തുന്ന വാര്‍ത്തക‌ള്‍ക്ക് അവസാന‌മില്ല.
ഇവ‌ര്‍ എങ്ങോട്ടാണ് ഇത്ര ധൃതിയില്‍ പോകുന്നത്? എന്തു ചെയ്യാനാണ്? ഇവരെന്താണിവിടെ ചെയ്യുന്നത്?

(3)

അദ്ദേഹം ഉറങ്ങുകയാണ്. നിയമ‌സഭയുടെ വാര്‍ത്തക്കാഴ്ചക‌ളില്‍... പൊതുവേദിക‌ളില്‍.... എന്തിന്, പടുകൂറ്റന്‍ പോലീസ് വാനിന്റേയും മൂന്നും നാലും പൈലട്ട് വാഹന‌ങ്ങ‌ളുടെയും അകമ്പടിയോടെ തല‌സ്ഥാന‌ത്തെ തെരുവീഥിക‌ളിലൂടെ പോകുമ്പോഴും അദ്ദേഹത്തിന്റെ തല താഴ്ന്നുതന്നെയിരിക്കുന്നു. ഉറക്കം കൊണ്ടോ അതോ ല‌ജ്ജ കൊണ്ടോ?
ഏതാനും വ‌ര്‍ഷങ്ങ‌ള്‍ക്കു മുന്‍പ് മാദ്ധ്യമക്കാഴ്ചക‌ളില്‍ സാധാരണ‌ക്കാര‌ന്റെ ചിന്തക‌ള്‍ക്കും ആഗ്രഹങ്ങ‌ള്‍ക്കും തന്റെ വാക്കിലൂടെ അഗ്നികൊളുത്തി തല‌യുയ‌ര്‍ത്തിനിന്ന വിപ്ലവകാരിയായ ചുറുചുറുക്കുള്ള അന്നത്തെ വി.എസ് എവിടെ? അന്യായപ്പെരുമ‌ഴയില്‍ തണുത്തു വിറങ്ങ‌ലിച്ചുനില്‍ക്കുന്ന ശരാശരി മ‌ല‌യാളിയുടെ തലക്ക് മീതെ ഒരു ചേമ്പില പോലും പിടിച്ചുകൊടുക്കാന്‍ കഴിയാതെ, സ്വാ‌ര്‍‍ത്ഥയുടെ കമ്പിക‌ളില്‍, അസ്വസ്ഥജന‌കമായ തന്റെ മൗന‌ം കൊണ്ട് ശീലയിട്ട് നന‌യാതെ നന‌ഞ്ഞ് നിന്ന് തല‌കുമ്പിട്ടിരുന്ന മ‌യങ്ങുന്ന ഇന്നത്തെ വി.എസ് എവിടെ?
(4)
നാലര‌ക്കൊല്ലമായി ഉഴുതുമ‌റിച്ചിട്ട കുട്ടനാടന്‍ നില‌ങ്ങ‌ളെപ്പോലെ കിടന്നിരു ന്നു തല‌സഥാന‌ത്തെ റോഡുക‌ള്‍ . നാല‌രക്കൊല്ലം ചെളിക്കുണ്ടില്‍ നീന്തിയും പൊടിയുടെ നേ‌ര്‍ത്ത ധൂളിക‌ള്‍ ശ്വാസകോശങ്ങളില്‍ നിറച്ചും എത്രയെത്ര സ്കൂ‌ള്‍ക്കുട്ടിക‌ള്‍, എത്ര തൊഴിലളിക‌ള്‍, എത്ര ഗുമസ്ത‌ര്‍, എത്ര വീട്ടമ്മമാര്‍ ഈ വഴികളിലൂടെ പ്രാകിയും ചുമച്ചും കടന്നുപോയി? ശീതിക‌രിച്ച കാറുക‌ളില്‍ പൊടിക്കും അഴുക്കിനും കടന്നുചെല്ലാന്‍ കഴ്യാത്തതുകൊണ്ട് മാത്രമാണോ നമ്മുടെ പ്രതിനിധിക‌ള്‍ ഇതൊന്നും അറിയാതെ പോയത്? അടുത്തിടെയായി ഈ വീഥിക‌ളെല്ലാം നിരന്ന് കറുത്തു മിനുങ്ങിത്തുടങ്ങിയിരിക്കുന്നു ഇത് അടുത്തു വരുന്ന ഒരു തിരഞ്ഞെടുപ്പിനെയല്ലാതെ മ‌റ്റെന്തിനെയാണ് ഓര്‍മ്മിപ്പിക്കുക?