Tuesday, November 20, 2007

നെയ്യ്‌സേവയും ബ്രഹ്മചര്യവും

അടുക്ക‌ളയില്‍നിന്ന് ഭാര്യയുടെ ഉറക്കെയുള്ള ചിരികേട്ട് ആകാംക്ഷയോടെ ഞാന്‍ ചെന്നു.

“എന്താടി തന്നത്താന്‍ ചിരിയ്ക്കുന്നത്?”

ചപ്പാത്തിയില്‍ നെയ്യ് പുരട്ടിക്കൊണ്ട് ഭാര്യ പ‌റഞ്ഞു.

“അല്ലാ, ഈ നെയ്യ് കണ്ട‌പ്പോ‌ള്‍ പണ്ട് നെയ്യ് സേവിച്ച കാര്യം ഓ‌ര്‍ത്തു ചിരിച്ചതാ. ഓര്‍ക്കുന്നില്ലേ?”

ഞാനും ചിരിച്ചു പോയി. “പിന്നെ ഓര്‍ക്കാതെ”

കല്യാണം കഴിഞ്ഞ ഉടനെ ഭാര്യയേയും കൂടി കൊണ്ടുപോകാന്‍ സാധിയ്ക്കാതെ വന്ന ഗ‌ള്‍ഫുകാരനായിരുന്നു ഞാന്‍. ഒന്നരക്കൊല്ലമെടുത്തു ഒരു വിസിറ്റിംഗ് വിസ തരപ്പെടുത്തിയെടുക്കാന്‍. ഒട്ടുമിക്ക മല‌യാളി ഭാര്യമാരും കല്യാണം കഴിഞ്ഞതിന്റെ അടുത്ത ദിവസം മുത‌ല്‍ അഭിമുഖീകരിയ്ക്കേണ്ടിവരുന്ന ഒരു ഗംഭീര ചോദ്യമുണ്ടല്ലോ.

“വിശേഷം വല്ലോം ആയോ?”

അത് ഇതിനകം എന്റെ ഭാര്യയും ഒരുപാട് പ്രാവശ്യം കേട്ടുകഴിഞ്ഞിരുന്നു. ഭ‌ര്‍ത്താവ് ഗ‌ള്‍ഫിലാണെന്നതുപോലും ഗൌനിയ്ക്കാതെ. എഴുത്തുവഴി ഗ‌ര്‍ഭം ധരിയ്ക്കുന്ന വിദ്യ അന്നും ഇന്നും നിലവിലില്ലാത്തതുകൊണ്ട് ഈ ചോദ്യങ്ങ‌ളില്‍നിന്നും കിട്ടുന്ന മന:പ്രയാസ്സവുമായും ഒരു ശരാശരി ഗ‌ള്‍ഫുകാരന്റെ ഭാര്യ അനുഭവിയ്ക്കേണ്ട സമ്മ‌‌ര്‍ദ്ദങ്ങ‌ളുമായും എന്റെ പാവം ഭാര്യ ജീവിയ്ക്കവെ ഞാന്‍ വിസിറ്റിംഗ് വിസ തരപ്പെടുത്തി. കാര്യം എന്റെ അമ്മയാണെങ്കിലും, അമ്മായിഅമ്മ എന്ന നിലയില്‍, ആ സ്ഥാനപ്പേരിന് കാലാകാലങ്ങ‌ളായി നിലനിന്നുവരുന്ന ആഴവും പരപ്പും മീശയും താടിയും എല്ലാം അതിന്റെ പരമാവധി ശക്തിയില്‍ നിലനിര്‍ത്താന്‍ അമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ മരുമ‌ക‌ള്‍ ഗ‌ള്‍ഫിലേയ്ക്ക് പോകുന്നതിലും നല്ലത് നാട്ടില്‍ ഒരു ജോലിയൊക്കെയായി, മക‌ന്‍ ആണ്ടിലൊരിയ്ക്കലോ രണ്ടാണ്ട് കൂടുമ്പോഴൊ വന്ന്, രണ്ട് മാസം ഒപ്പം കഴിഞ്ഞ് തിരികെപ്പോകുന്ന ഒപ്പിയ്ക്ക‌ല്‍ പ്രസ്ഥാനം മതി എന്ന പക്ഷക്കാരിയായിരുന്നെങ്കില്‍ത്തന്നെയും, സംഗതി കൈവിട്ട്, മരുമക‌ള്‍കിളി പറന്ന് സൌദിയില്‍ എത്തിച്ചേ‌ര്‍ന്നു.

എട്ടുമാസത്തിലെ വിസിറ്റിംഗ് വിസയിലുള്ള ജീവിതത്തിനിടയില്‍, വന്ന വഴി മറക്കാത്ത സുഹൃത്തുക്ക‌ളും നാട്ടുകാരും പരിചയക്കാരും ഞങ്ങ‌ള്‍ക്കൊരു കുഞ്ഞുണ്ടാകാത്തതില്‍ അത്യധികം കുണ്ഡിതപ്പെടുകയും “അതെന്താ ഉണ്ടാകാത്തത്?”
“ഉണ്ടാവേണ്ടതാണല്ലോ”
“എന്തെങ്കിലും കുഴപ്പം?”
തുടങ്ങിയ പത്താമത്തേയും പതിനൊന്നാമത്തേയും പന്ത്രണ്ടാമത്തേയും രസങ്ങ‌ള്‍ അഭിനയിച്ച് കാണിച്ച് ഞങ്ങ‌ളെ പൂര്‍വ്വാധികം‌ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ചില‌ര്‍ ഇതൊക്കെ എങ്ങിനെ എപ്പോ‌ള്‍ ചെയ്യണം എന്ന് പറഞ്ഞ് പഠിപ്പിച്ചു തരാം എന്നുള്ള സേവനസന്നദ്ധത കാണിച്ചതോടെ ഞാന്‍ ശാന്തഹാസ്യരസങ്ങ‌ള്‍ വിട്ട് രൌദ്രവീരഭാവങ്ങ‌ള്‍ അറിഞ്ഞഭിനയിയ്ക്കേണ്ട അവസ്ഥ വരെ എത്തുകയുണ്ടായി.

രസിച്ചും ലസിച്ചും അറിഞ്ഞും വിസിറ്റിംഗ് വിസാ കാലാവധി തീ‌ര്‍ന്നതുകൊണ്ട് ഭാര്യ തിരിച്ചു ചെന്നപ്പോ‌ള്‍

“ങ്ഹാ! ഇതുവരെ ഒരു വിശേഷവും ആയില്ലേ? ഇതിനാണോ ഞങ്ങ‌ള്‍ വിസയെടുത്ത് സൌദീലോട്ട് വിട്ടത്” എന്ന് ഇടയ്ക്കിടെയുള്ള പ്രസ്താവനയിലേയ്ക്ക് അമ്മായിയമ്മ ചുവടുമാറ്റി.

തുട‌ര്‍ന്ന് ബന്ധുക്ക‌‌ള്‍, സുഹൃത്തുക്ക‌ള്‍, സഹപ്രവ‌ര്‍ത്ത‌ക‌ര്‍ തുടങ്ങി ആബാലവൃദ്ധം ജനങ്ങ‌ളും
“ങാ‍ാ‍ാ‍ാഹാ.. വിശേഷമായില്ലേ? ദേ ..... നെ കണ്ടു പഠിയ്ക്ക്. കല്യാണം കഴിഞ്ഞ് വര്‍ഷമൊന്നായിട്ടില്ല ഒള്ളൂ. കൊച്ചൊന്നായി.”
“അല്ലാ.. എന്താ പരിപാടി?”

തുടങ്ങിയ ഉല്‍ക്കണ്ഠാഭരിതങ്ങ‌ളായ ചോദ്യങ്ങ‌‌ള്‍ നിരന്തരമായി ചോദിച്ചും ഭാവാഭിന‌യം നടത്തിയും ചെല്ലുന്നിടത്തെല്ലാം എന്റെ ഭാര്യയെ ആനന്ദതുന്ദിലയാക്കുകയും ചെയ്തു പോന്നു.

ഭാര്യയെ നാട്ടിലേയ്ക്കയച്ച വിരഹവേദനയുടെ ചൂടില്‍ ഉട‌ന്‍ തന്നെ സ്ഥിരം വിസ എന്ന സങ്ക‌ല്‍പ്പം യഥാ‌ര്‍ത്ഥ്യമാക്കാന്‍ ഇറങ്ങിത്തിരിച്ചു. ഈ വിഷയങ്ങ‌ളില്‍ കമ്പനിയുടെ മാനവ വിഭവശേഷി വിഭാഗം തലവനായ ഈജിപ്ഷ്യന്‍ സ്ഥിരമായി ഉടക്കാറാണ് പതിവ്. പക്ഷേ അത്തവണ എന്റെ ഭാര്യ ഈ സമയം കൊണ്ടുതന്നെ നാട്ടിലെ ക്ഷേത്രങ്ങളില്‍ പൊട്ടിച്ച തേങ്ങ‌കളുടേയും, നെയ്‌വിളക്കുകളുടെയും, തിരുനടക‌ളില്‍ പൊഴിച്ച കണ്ണീരിന്റേയും ശക്തിയാല്‍, അദ്ദേഹം പൂര്‍ണ്ണമനസ്സാലെ എല്ലാ കാര്യങ്ങ‌ളും ചെയ്തുതന്ന് ഫാമിലി വിസ എന്ന മഞ്ഞനിറത്തിലെ ഒരു കടലാസ്സ് എന്റെ കൈക‌ളില്‍ എത്തിച്ചേരാന്‍ കാരണഭൂതനായി. ഇതിനോടകം ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടുക‌ളയാം എന്ന തീരുമാനം ഞാനും ഭാര്യയും കൈക്കൊള്ളുകയും അതിന്‍ പ്രകാരം ആലപ്പുഴയിലെ പ്രശസ്തയായ ഒരു ഗൈനക്കോളജിസ്റ്റിനെ എന്റെ ഭാര്യ പോയി കാണുകയും ചെയ്തു.

ഗൈനക്കോളജിസ്റ്റിനെ കണ്ടു എന്നറിഞ്ഞ മാത്രയില്‍, മരുമക‌ളുടെ “കുഴപ്പം” കൊണ്ടാണ് കുട്ടിക‌ളുണ്ടാകത്തത് എന്ന് അമ്മായിയമ്മ ഉറപ്പിച്ചു. കൂടുത‌ല്‍ ഉറപ്പിച്ച് വിറപ്പിയ്ക്കാന്‍ സാധിച്ചില്ല; മകന്‍ മരുമക‌ളെ സൌദിയില്‍ സ്ഥിരം കുറ്റിയാക്കാനായി കൊണ്ടുപോകാന്‍ എത്തിയതോടെ.

പിന്നെ ഭാര്യയേയും കൊണ്ട് ഞാന്‍ നേരിട്ടുതന്നെ ഡോക്ട‌റെ കാണാനായി പോയി. പരിശോധനാസമയം സന്ധ്യയ്ക്കാണ്. ആല‌പ്പുഴപ്പട്ടണത്തിലെ മുഴുവ‌ന്‍ കൊതുകുക‌ളും ഡോക്ട‌ര്‍മാരുടെ വീട്ടുമുറ്റത്തു ഏകാഗ്രതയോടെ ജോലിചെയ്യുന്ന സമയം. മുണ്ടുടുത്തവ‌ര്‍ കൊതുകിന്റെ മുമ്പില്‍ ബഹുമാനത്തോടെ മടക്കിക്കുത്തഴിച്ചിട്ട് കാലില്‍ കടികൊള്ളാതെ ബഹുമാനത്തോടെ നില്‍ക്കും. ധിക്കാരിക‌ള്‍ ഒറ്റക്കാലില്‍ നിന്ന് മറ്റെക്കാലില്‍ ചൊറിയും. ഒരു പത്തുപേ‌ര്‍ക്കു തികച്ചു നില്‍ക്കാന്‍ പറ്റാത്ത തിണ്ണയില്‍ അന്‍പതിലധികം ഗ‌ര്‍ഭിണിക‌‌ള്‍ അവരുടെ പേര് വിളിയ്ക്കുന്നുണ്ടോ എന്ന് ചെവിയോ‌ര്‍ത്തു നില്‍ക്കുമ്പോ‌ള്‍, ഞങ്ങ‌ളുടെ പേരും വിളിയ്ക്കപ്പെട്ടു. ഭാര്യയെ പരിശോധിച്ചിട്ട് ഒരു കുഴപ്പവുമില്ലെന്നു പറഞ്ഞ ഡോക്ട‌ര്‍ എന്നെക്കൂടി പരിശോധിയ്ക്കാനായി വേറോരു ഡോക്ട‌ര്‍ക്ക് റഫ‌ര്‍ചെയ്തു. മൂളിപ്പറക്കുന്ന കൊതുകുകളുടെ അകമ്പടിയോടെ ആ ഡോക്ടറിന്റെ അടുത്തേയ്ക്കു പോയി ഞങ്ങ‌‌ള്‍. എന്നെ പരിശോധിച്ച ഡോക്ട‌ര്‍ എനിയ്ക്ക് ചില പ്രശ്നങ്ങ‌ളുണ്ടെന്നും ഒരു മൈന‌ര്‍ ഓപ്പറേഷന്‍ വേണ്ടിവരുമെന്നുമറിയിച്ചു. ലീവില്ലാത്തതുകൊണ്ട് ത‌ല്‍ക്കാലം തരുന്ന ഗുളിക‌ക‌ള്‍ കഴിയ്ക്കൂ എന്ന് ഡോക്ടറും അടുത്ത വരവിന് ഓപ്പറേഷന്‍ ചെയ്യാമെന്ന് ഞാനും പരസ്പരധാരണയിലെത്തി കൊടുക്കാനുള്ള കാശും കൊടുത്തിറങ്ങി.

എനിയ്ക്ക് യാതൊരു സങ്കടവും തോന്നിയില്ല. ഒന്നാമത് അപ്പോ‌ള്‍ത്തന്നെ കുട്ടി വേണം എന്ന നിര്‍ബ്ബന്ധമില്ലാതിരുന്നതിനാലും പിന്നെ ഇതോടെ എന്റെ ഭാര്യയ്ക്ക് ഏതാണ്ട് കുഴപ്പമാണ് എന്നുള്ള ആരോപണത്തിനും അവസാനമാകുമല്ലോ എന്നുമായിരുന്നു ചിന്ത. വീട്ടിലെത്തിയതിനു ശേഷം എനിയ്ക്ക് ഇന്നയിന്ന പ്രശ്നങ്ങ‌ളുണ്ടെന്നും ഓപ്പറെഷന്‍ വേണമെന്നും ഒക്കെ ഞാന്‍ അമ്മയോടും അച്ഛനോടും പ്രഖ്യാപിച്ചു. കുഞ്ഞുണ്ടാകുന്നതിനുള്ള തടസ്സങ്ങ‌‌ള്‍ക്കപ്പുറം മകന് പ്രശ്നങ്ങ‌ളുണ്ടെന്നതായിരുന്നു എന്റെ മാതാപിതാക്ക‌‌ള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാഞ്ഞ കാര്യം. ഇത് ഡോക്ട‌ര്‍മാരുടെ നെക്സസ്സ് ആണെന്നും ഇതിലൊന്നും കാര്യമില്ലെന്നും പ്രഖ്യാപിച്ച് കൊഴുപ്പിയ്ക്കാന്‍ ശ്രമിച്ചെങ്കിലും, എന്റെ പുരികം വ‌ളയുകയും, വ‌ര്‍ഷം പറയാതെ “ദേ ജൂലായില്‍ അടഞ്ഞുതീരും” എന്നു പറഞ്ഞ് അടച്ചുതീര്‍ക്കേണ്ടുന്ന ഒട്ടനവധി ചിട്ടിക‌ളുടെ ധനകാര്യനാഥന്‍ ഞാനായിരുന്നതിനാലും ആ വിവാദം അവിടെ തീ‌ര്‍ന്നു.

അസ്വസ്ഥയായ അമ്മായിയമ്മയുടെ വേവലാതി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിയുടെ അടുത്ത് അഭയം തേടുന്നതിലേയ്ക്ക് നീണ്ടു. തിരികെ സൌദിയിലേയ്ക്ക് പോകുന്നതിന് ഏതാനും ദിവസം മുന്‍പ് സാമാന്യം വലിയ ഒരു കുപ്പി ഞങ്ങ‌ളുടെ കയ്യിലേല്‍പ്പിച്ചിട്ട് അമ്മ പറഞ്ഞു.“ഇത് അമ്പലപ്പുഴ അമ്പലത്തില്‍ ജപിച്ച നെയ്യാണ്, കുഞ്ഞുങ്ങ‌ളുണ്ടാവാന്‍. ശുദ്ധമായ സ്ഥലത്തേ വെയ്ക്കാവൂ. നെയ്യ് കഴിച്ചുതുടങ്ങി തീരുന്നതു വരെ പൂ‌ര്‍ണ്ണ ബ്രഹ്മചര്യം അനുഷ്ഠിയ്ക്കണം” ഇതും പറഞ്ഞ് അമ്പലത്തിലെ മേല്‍ശാന്തി ഒരു കടലാസില്‍ ഒരു ശ്ലോകം എഴുതിയതും തന്നു. അത് മൂന്നു പ്രാവശ്യം ജപിച്ചിട്ടാണ് നെയ്യ് സേവിയ്ക്കേണ്ടത്. ഇത് വായിയ്ക്കുന്ന സ്ത്രീപുരുഷജനങ്ങ‌ളുടെ സുരക്ഷയെക്കരുതി അതിവിടെ എഴുതുന്നില്ല.;)

പിന്നങ്ങോട്ടുള്ള ദിവസങ്ങ‌ളില്‍ “ബ്രഹ്മചര്യം ബ്രഹ്മചര്യം ബ്രഹ്മചര്യം“ എന്ന് ഊന്നിപ്പറയാന്‍ അമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നത് പ്രസ്താവ്യമാകുന്നു. ഞങ്ങ‌ളുടെ ഒരു സെറ്റപ്പും അങ്ങിനെയായിരുന്നു എന്നും കൂട്ടിയ്ക്കോളൂ.

അങ്ങനെ സൌദിയില്‍ തിരിച്ചെത്തുന്നു. വീട്ടില്‍ വിളക്കുകത്തിയ്ക്കുന്ന മേശയില്‍ നെയ്യ് ഭക്തിപൂ‌ര്‍വ്വം സ്ഥാപിച്ചു. അടുത്തദിവസം മുതല്‍ ശ്ലോകമൊക്കെ ജപിച്ച് രണ്ടുപേരും നെയ്യ്‌സേവ തുടങ്ങി.

ബ്രഹ്മചര്യത്തിന്റെ കടുത്ത ദിനങ്ങ‌ള്‍ കടന്നുപോയി. പണ്ട് ഹവ്വാമ്മൂമ്മയ്ക്ക് തോന്നിയത് എനിയ്ക്കും തോന്നാന്‍ തുടങ്ങി. മനുഷ്യസഹജമായ കാര്യം. എന്തു ചെയ്യരുതെന്നു പറഞ്ഞോ അത് ചെയ്യാന്‍ തോന്നുക.വീട്ടില്‍ വന്നാല്‍ ആകപ്പാടെ ഒരു പരവേശം. ബ്രഹ്മചര്യമാണെങ്കിലും കിടപ്പ് ഒരു കട്ടിലില്‍ത്തന്നെയാണേ. കതിനക്കുറ്റിയും കത്തിച്ച കയറുപിരിയും അടുത്തുകിടക്കുമ്പോഴുള്ള ടെന്‍ഷന്‍!

ബ്രഹ്മചര്യം!

ഞാന്‍ എന്നോടു തന്നെ പറഞ്ഞുനോക്കി “അരുത്. അടങ്ങ്“

സീരിയലുക‌ളില്‍ നായികയേയും നായകനേയും “സൂം” “സൂം” എന്നു കാണിയ്ക്കുന്നപോലെ ബ്രഹ്മചര്യവും നെയ്യും എന്റെ മനസ്സില്‍ കിടന്ന് സൂമടിയ്ക്കാന്‍ തുടങ്ങി.

ഭാര്യ അടുത്തുകൂടിപ്പോകുമ്പോ‌ള്‍ ദീര്‍ഘനിശ്വാസ്സം വിടുക, ഉത്സ്സവപ്പറമ്പിലെ പൂവാലന്മാരെപ്പോലെ തോണ്ടിനോക്കുക (ഞാനല്ല എന്റെ കൈ), ഫുള്ളായിനില്‍ക്കുന്ന പ്രൈവറ്റ് ബസ്സിന്റെ ഡോറില്‍ നിന്ന് തിക്കിത്തിര‍ക്കുന്ന പൂവാലനെപ്പോലെ വാതില്‍ക്കലൊക്കെ വെറുതെ ചാരിനിറഞ്ഞ് നിന്ന് ഭാര്യയെ ഞെരുങ്ങിപ്പോകാനനുവദിയ്ക്കുക തുടങ്ങിയ ബാലചാപല്യങ്ങളിലേയ്ക്ക് സംഗതി നീങ്ങിത്തുടങ്ങി.

കൃഷ്ണാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

കടുത്ത പ്രമേഹരോഗി ലഡ്ഡുവും ജിലേബിയും നോക്കി വെള്ളമിറക്കി കുണ്ഡിതപ്പെട്ടിരിയ്ക്കും പോലെ ഞങ്ങ‌ള്‍ പാവം ഭാര്യാഭ‌ര്‍ത്താക്കന്മാ‌ര്‍ ആ വീട്ടില്‍ നട്ടം തിരിഞ്ഞു.

പോകെപ്പോകെ ഞാനൊരു സത്യം മനസ്സിലാക്കി. കടുത്ത ചൂടിലാണ് സൌദിയിലപ്പോ‌ള്‍. നെയ്യ് ഉരുകി വെള്ളപ്പരുവം. തുടക്കത്തില്‍ത്തന്നെ എടുത്തതാകട്ടെ അത്ര വലുതല്ലാത്ത സ്പൂണും. ഇപ്പോഴത്തെ റേറ്റില്‍ കഴിച്ചാല്‍ രണ്ടുമാസ്സം കഴിഞ്ഞാലും നെയ്യ് തീരാന്‍ പോകുന്നില്ല. ബ്രഹ്മചര്യവും. ഒരു തവിതന്നെ എന്തുകൊണ്ടെടുത്തില്ലാ എന്നു ഞാന്‍ എന്നോടു തന്നെ ചോദിച്ചു. പിന്നെ കണ്ണാടിയില്‍ നോക്കി എന്നെത്തന്നെ “സ്ത്രീലമ്പടാ” എന്നു വിളിച്ചു.

എന്റെ തല പുകഞ്ഞുതുടങ്ങി. “ഊണിന്നാസ്ഥ കുറഞ്ഞു നിദ്ര നിശയിങ്കല്‍പ്പോലുമില്ലാതെയായ്“ എന്ന് ഉണ്ണായിവാര്യര്‍ പറഞ്ഞപോലത്തെ അവസ്ഥ.

“കൃഷ്ണാ ഇതു കുറെ കടുപ്പം തന്നെ”

അങ്ങനെയിരിയ്ക്കേ വികാരക്കടലായ എന്റെ തലച്ചോറിലേയ്ക്ക് ഒരു ഐഡിയക്കാറ്റ് വീശി. “ഹെഡാ! നെയ്യ് കട്ടിയാക്കിയെടുത്താല്‍ പെട്ടെന്ന് തീര്‍ക്കാമല്ലോ” എന്ന്. പക്ഷേ നെയ്യ് ഫ്രിഡ്ജില്‍ വെയ്ക്കാന്‍ പാടില്ല. അശുദ്ധമാകും. മുന്‍പ് മീനും ഇറച്ചിയുമൊക്കെ വെച്ചിരുന്ന സ്ഥലമല്ലേ? പിന്നെന്തു വഴി?

“യ്യേസ്സ്! ഏ.സിയുടെ കാറ്റു വരുന്ന സ്ഥലമുണ്ടല്ലോ. അവിടെക്കൊണ്ട് വെയ്ക്കുക” അശുദ്ധമാവുകയില്ല. നെയ്യ് കട്ടിയാവുകയും ചെയ്യും.പിന്നെയെല്ലാം വ‌ളരെപ്പെട്ടെന്നായിരുന്നു.രാവിലെ കുളിച്ച് ശ്ലോകമൊക്കെച്ചൊല്ലി സ്പൂണിട്ട് ഒരു കോരുകോരിയാല്‍ ഒരു കൂന നെയ്യിതാ സ്പൂണില്‍. കുറ്റബോധവും നെയ്യും സമാസമം കുഴച്ച് ഞങ്ങ‌ള്‍ വിഴുങ്ങി. ആനന്ദമൂര്‍ത്തിയും കാമസ്വരൂപനുമായ കൃഷ്ണന്‍ പൊറുക്കും എന്ന് ആശ്വസിച്ചുകൊണ്ട്.

വെറും ആറെ ആറു ദിവസ്സം! നെയ്യ് ക്ലോസ്സ്!

ആറാം ദിവസ്സം വൈകുന്നേരത്തെ സീന്‍ പ്രേക്ഷകരുടെയും എന്റേയും സുരക്ഷയെക്കരുതി സിംബോളിക് ആക്കുന്നു.

ഓടിവരുന്ന എണ്ണമിനുപ്പുള്ള ഒരു കറുത്ത കുതിര!
തൃശ്ശൂര്‍പ്പൂരത്തിന്റെ കരിമരുന്നുപ്രയോഗത്തിന്റെ കൂട്ടപ്പൊരിച്ചില്‍! അമിട്ട്! “ഭും!”
കാറ്റുപോയ ബലൂണുക‌ള്‍.

രണ്ടുമാസങ്ങ‌‌‌ള്‍ കടന്നു പോയി. പതിവുപോലെ നിശ്ചിന്ത്യരായി ആഹ്ലാദിച്ചുല്ലസിച്ച്. ഒരു ദിവസ്സം, തെറ്റിയ മാസമുറയുടെ നിജസ്ഥിതിയറിയാന്‍ അടുത്തുള്ള ഡിസ്പെന്‍സ്സറിയില്‍ ചെന്നു ഞങ്ങ‌ള്‍. പരിശോധന കഴിഞ്ഞ് ചോക്കലേറ്റ് തന്ന് ഡോക്ട‌ര്‍ പറഞ്ഞു “ കണ്‍ഗ്രാജുലേഷന്‍സ്സ്!”

ഞങ്ങ‌ളുടെ പ്രേമാക്രാന്തത്തില്‍ വിരിഞ്ഞ ആ പൂവ് ഇതാ ചപ്പാത്തിയുടെ മാവു റാഞ്ചിയെടുത്ത് ഓടുന്നു.

“പിടിയ്ക്കവ‌ളെ” അവളെപ്പിടിയ്ക്കാന്‍ പുറകെ അമ്മയും അച്ഛനും.

Friday, November 9, 2007

കൂട്ടത്തിന്റെ നീതി

കുഞ്ഞുങ്ങ‌ളുടെ കരച്ചില്‍ കേട്ടാണ് ചന്ദ്രമുഖ‌ന്‍ ഉണ‌ര്‍ന്നത്.

നേര‌ം ന‌ന്നായി വെളുത്തിരിയ്ക്കുന്നു. തോരാതെ പെയ്യുന്ന മ‌ഴയായിരുന്നല്ലോ ദിവസങ്ങ‌ളായിട്ട്. കുഞ്ഞുങ്ങ‌‌ള്‍ക്ക് നേരാം‌വണ്ണ‌ം ആഹാര‌ം കൊടുത്തിട്ടും അത്ര തന്നെയായിരിയ്ക്കുന്നു.
ചന്ദ്രമുഖ‌ന്‍ എഴുന്നേറ്റ് ചിറകുക‌ള്‍ കുടഞ്ഞു. ചിറകുകളില്‍ ഈ‌ര്‍പ്പം നില്‍ക്കുന്നു. പതുക്കെ മരക്കൊമ്പിലേയ്ക്ക് ചാടി.
ഇളവെയില്‍ ഇല‌നിറഞ്ഞ ചില്ലക‌‌ള്‍ക്കിടയിലൂടെ ചൂടു പക‌ര്‍ന്നു തുടങ്ങിയിരിയ്ക്കുന്നു. ആകെ ഒരുന്മേഷം തോന്നി.കൂട്ടില്‍ കരച്ചിലിന് ശക്തികൂടിയിരിയ്ക്കുന്നു.

“കരയാതിരിയ്ക്കൂ മക്ക‌ളെ. ഇന്ന് അച്ഛ‌ന്‍ നിങ്ങ‌‌ള്‍ക്ക് വ‌യര്‍ നിറയെ, കൊക്കറ്റം തീറ്റ ന‌ല്‍കുന്നുണ്ട്” ചന്ദ്രമുഖ‌ന്‍ മക്ക‌ളോടായി പറഞ്ഞു.

പഞ്ഞമാസമെന്ന് ക‌ര്‍ക്കിടകത്തെ പഴിയ്ക്കുന്നത് വെറുതെയല്ല. പുറത്തിറങ്ങാന്‍ പറ്റുന്നില്ല. പിന്നെയല്ലേ ഇരതേട‌ല്‍.പക്ഷേ ഇന്ന് വാവാണ‌ല്ലോ. പിതൃബലിക‌ളുണ്ടാവും ധാരാ‌ള‌ം ഇന്ന്.പശ്ചിമ‌ദിക്കിലേയ്ക്കാവാം സഞ്ചാരം.

ചിറകുക‌ള്‍ മെല്ലെ വിട‌ര്‍ത്തി മന്ദഗതി സ്വീകരിച്ച് മരത്തിന്റെ നിഴലില്‍നിന്നും പുറത്തുവന്ന് ദ്രുതഗതിയില്‍ പ‌റന്നുപൊങ്ങി. പശ്ചിമ‌ദിക്കിലേയ്ക്ക് ചുണ്ടൂന്നി കാല്‍പ്പാദങ്ങ‌ള്‍ പിന്നിലേയ്ക്ക് വ‌ളച്ചുപിടിച്ച് സ്ഥായീഗതി സ്വീകരിച്ച് പ‌റന്നു തുടങ്ങി. ഈര്‍പ്പമുള്ളതുകൊണ്ട് ചിറകുക‌ള്‍ക്ക് ചെറിയ ഭാരം. വെയിലുള്ളതുകൊണ്ട് സാരമില്ല.

പോകെപ്പോകെ ചന്ദ്രമുഖ‌ന് ചിറകുണങ്ങി പറക്കലിന് ലാഘവം കൈവന്നു. താഴെ തെരുവുക‌‌ള്‍ക്കും വീട്ടുമുറ്റങ്ങ‌‌ള്‍ക്കും ജീവന്‍ വെച്ചിരിയ്ക്കുന്നു.

“താഴേയ്ക്കു പോകേണമോ“ ചന്ദ്രമുഖ‌ന്‍ സംശയിച്ചു. ഇപ്പോ‌ള്‍ത്തന്നെ തന്റെ കൂട്ട‌ര്‍, കാക്കക‌ള്‍, അസ്സംഖ്യം ഉണ്ട് അവിടെ. ഇന്നെന്തായാലും ഒരുപാടു സമ‌യം ക‌ള‌യാതെ നിറയെ ഭക്ഷണം നേടാന്‍ കഴിയണം. കുഞ്ഞുങ്ങ‌‌ള്‍ വല്ലാതെ വിശന്നിരിയ്ക്കുകയാണല്ലോ. ബലിയുള്ളതല്ലേ. മുട്ടു വരികയില്ല ഇന്നെന്തായാലും.

ഒരോന്നാലോചിച്ച് പറന്ന് ഒട്ടൊന്നു കഴിഞ്ഞപ്പോഴാണ് ചന്ദ്രമുഖ‌ന്‍ ഓ‌ര്‍ത്തത്. അമ്പലത്തിനിപ്പുറമുള്ള അഴിമുഖത്തും അവിടുന്നിങ്ങോട്ടുള്ള കടപ്പുറത്തുമായിരിയ്ക്കും ബലിക‌ള്‍ നടക്കുക. താന്‍ അമ്പലത്തിനിപ്പുറത്തെത്തിയിരിയ്ക്കുന്നു.

ഇടതുചിറകുപൊക്കി വലതുചിറകു വളച്ചുതാഴ്ത്തി ഘനഗതിയില്‍ വൃത്തത്തില്‍ തിരിഞ്ഞ് പറക്കല്‍ പൂര്‍വ്വസ്ഥിതിയിലാക്കി.

ദൂരെ നിന്നേ അഴിമുഖത്തേയും കട‌ല്‍ത്തീരത്തേയും ആള്‍ത്തിരക്ക് കാണാം. ന‌ല്ല കാറ്റുള്ളതുകൊണ്ട് ആള്‍ക്കൂട്ടത്തിനുമേല്‍ പറന്നു നില്‍ക്കാനാവില്ല. മേല്‍ക്കാറ്റും ശക്തം. ആള്‍ക്കൂട്ടത്തിനും കട‌ല്‍ത്തീരത്തിനും ഒര‌ല്‍പ്പം അകലെയാണെങ്കിലും നിറയെ തെങ്ങുക‌‌ള്‍ നില്‍പ്പുണ്ട്. അതിലൊന്നില്‍ ചെന്നിരിയ്ക്കാം ആദ്യം. ചന്ദ്രമുഖ‌ന്‍ കാലുക‌ള്‍ നിവ‌ര്‍ത്തി ചിറകുക‌ള്‍ മെല്ലെ താഴ്ത്തി ഒരു തൈത്തെങ്ങിന്റെ ഓല‌യില്‍ ചെന്നിരുന്നു. ചാഞ്ഞും ചെരിഞ്ഞും നോക്കി. ആളുക‌ള്‍ നാക്കില‌യില്‍ പിണ്ഡം പൊത്തിയിട്ട്, നനഞ്ഞ കൈക‌ള്‍ കൊട്ടി വിളിയ്ക്കുന്നു തങ്ങ‌ളെ, കാക്കകളെ.

ചന്ദ്രമുഖ‌ന് കല‌ശലായി ചിരി വന്നു. “നാശം പിടിച്ച കാക്ക”,“വൃത്തികെട്ട കാക്ക” “പോ കാക്കേ” എന്നൊക്കെ എപ്പോഴും പ‌റയുന്ന, ആട്ടിപ്പായിയ്ക്കുന്ന മനുഷ്യര്‍ അവ്ന്റെ പിതൃക്ക‌‌ളുടെ പിണ്ഡമെടുക്കാന്‍ കാക്കക‌ളെ സൌമ്യമായി വിളിയ്ക്കുന്നു. അച്ഛനായും അമ്മയായും അപ്പൂപ്പനായും ഒക്കെ കാണുന്നു. സ്വന്തം സൌകര്യം, സമാധാനം അത്രയേ ഉള്ളൂ അവന്. വെറുതെയല്ലല്ലോ തങ്ങ‌ള്‍ കാക്കക‌ള്‍ രോഷം പുരീഷമാക്കി മനുഷ്യന്റെ മേല്‍ ചൊരിയുന്നത്.

ചന്ദ്രമുഖ‌ന് ആത്മനിന്ദ തോന്നി. എന്നും ആട്ടിപ്പായിയ്ക്കുന്നവ‌ര്‍ ഉദകക്രിയ ചെയ്തിട്ട് മാടിവിളിച്ചു തരുന്ന ബലിച്ചോറുണ്ണാന്‍ കല‌മ്പല്‍ കൂട്ടുന്നതില്‍. കറുപ്പു മുറ്റാത്ത, ശോണിമ‌യാ‌ര്‍ന്ന, ദൃഡത കൈവരാത്ത പിള‌ര്‍ന്നുപിടിച്ച കുഞ്ഞിച്ചുണ്ടുക‌ള്‍ ഓ‌ര്‍ത്തപ്പോ‌ള്‍ അവന്‍ നിന്ദ ഒരു നിശ്വാസത്തിലൊതുക്കി.

കൂട്ടത്തില്‍ കുറച്ചൊന്നൊഴിഞ്ഞുനിന്ന് കൃയ ചെയ്യുന്ന ഒര‌ച്ഛനേയും മകനേയും ചന്ദ്രമുഖ‌ന്‍ കണ്ടു. മക‌ന്‍ ബലിയിടുകയാണ്. അവിടെ ഒരു കാക്ക പോലുമില്ല. തനിയ്ക്ക് വേണ്ടത് അവിടന്നുതന്നെ കിട്ടിയേക്കാം.

സാവധാന‌ത്തില്‍ പ‌റന്ന് അവ‌രുടെ ഏതാനും നിഴ‌ല്‍പ്പാടകലെ ചെന്നിരുന്നു ചന്ദ്രമുഖ‌ന്‍. ചാഞ്ഞും ചെരിഞ്ഞും നോക്കി. അച്ഛന്റെ മിഴിക‌ള്‍ നിറഞ്ഞിരിയ്ക്കുന്നു. അയാളുടെ ഭാര്യയ്ക്കാവാം മകന്‍ ബലിയിടുന്നത്.മകന്‍ തീരെ ചെറുതാണ്. ക‌ര്‍മ്മി പ‌റയുന്നതുപോലെ ചെയ്യുന്നു.

പിണ്ഡം പൊത്തി അവ‌ര്‍ കൈകൊട്ടിയപ്പോ‌ള്‍ ഇടം തിരിഞ്ഞ് അവരെ സൂക്ഷ്മം വീക്ഷിച്ച് ചന്ദ്രമുഖ‌ന്‍ ബലിച്ചോറിന്റെ അടുത്തേയ്ക്ക് സാവധാന‌ം ചാടിച്ചാടി ചെന്നു.

ഒന്നുകൂടി മകന്റെ മുഖത്തേയ്ക്കും കൈകളിലേയ്ക്കും നോക്കി. ഒന്നുമുണ്ടായിട്ടല്ല. കാക്കക‌‌ള്‍ക്ക് മനുഷ്യരിലുള്ള ആപത്ഭീതി ജന്മസ്സിദ്ധമാണ‌ല്ലോ.

ആ‌ര്‍ത്തിയോടെ സ്വന്തം വ‌യ‌റു നിറച്ച്, തൊണ്ടയും കൊക്കും നിറയെ കൊത്തിനിറച്ച ബലിച്ചോറുമായി പിന്നാക്കം പൊങ്ങിപ്പറന്നുയരുമ്പോ‌ള്‍ അയാ‌ള്‍, അച്ഛ‌ന്‍ ക‌രഞ്ഞു തുടങ്ങിയിരുന്നുവോ?

വന്നതിലുമെളുപ്പ‌ം മടങ്ങാമെന്നോ‌ര്‍ത്തു ചന്ദ്രമുഖ‌ന്‍. പ‌റന്ന് അമ്പലത്തിന്റെ ആ‌ല്‍ത്ത‌റയ്ക്ക് മേലെയെത്തിയപ്പോ‌ള്‍ താഴെ തന്റെ കൂട്ടരുടെ ഒരു കോലാഹ‌ലം കണ്ടു. അസ്സംഖ്യം കാക്കക‌ള്‍. വല്ലാതെ ഒച്ചപ്പാടാക്കുന്നു. രോദന‌ം മുന്നിട്ടുനില്‍ക്കുന്നുവല്ലോ. ചന്ദ്രമുഖന്‍ ശ്രദ്ധിച്ചു. പ‌റക്ക‌ല്‍ ഘനഗതിയിലാക്കി, കാറ്റില്‍പ്പിടിച്ച് ആലിന്റെ ഒരു കൊമ്പില്‍ച്ചെന്നിരുന്ന് ചന്ദ്രമുഖന്‍ നോക്കി. താഴെ ഒരു കാക്ക മരിച്ചുകിടക്കുക‌യാണ്. പതുക്കെ താഴെയ്ക്ക് പറന്ന് അടുത്തേയ്ക്കെത്താന്‍ ശ്രമിച്ചു. കോലാഹ‌ലം കൊണ്ട്
അടുത്തുകൂടാ. കഷ്ടപ്പെട്ട് ചാടി അടുത്ത് ചെന്നു നോക്കിയപ്പോ‌ള്‍ ഞെട്ടിപ്പോയി. അതു ഘനാധരനായിരുന്നു. താന‌റിയുന്നവന്‍. തന്നെപ്പോലെ നാലു പിഞ്ചുകുഞ്ഞുങ്ങ‌ളുള്ളവന്‍. കൊക്കും തൊണ്ടയും നിറഞ്ഞിരുന്നെങ്കിലും ത‌ള്ളിവന്ന കരച്ചില്‍ കൂട്ടരുടെ കോലാഹ‌ല‌ത്തില്‍ അമ‌ര്‍ന്നു.

കനം തൂങ്ങിയ നെഞ്ചോടെ ചന്ദ്രമുഖ‌ന്‍ പതുക്കെ പറന്നു പൊങ്ങി. പറന്നപ്പോ‌ള്‍ ഗതി മാറി ഘനാധരന്റെ കൂട്ടിലേയ്ക്കാക്കിയത് അവന്റെയുള്ളിലെ പിതൃത്വമായിരുന്നുവോ?

ഇലകൊഴിഞ്ഞുനില്‍ക്കുന്ന ഒരു മഞ്ചാടിമരത്തിലെ കൂട്ടിലേയ്ക്ക് ചെന്നിറങ്ങുമ്പോ‌ള്‍ വിശന്ന് കരഞ്ഞിരുന്ന ഘനാധരന്റെ കുഞ്ഞുങ്ങ‌ള്‍ കരച്ചില്‍ നി‌ര്‍ത്തിയത് അപരിചിതത്വം കൊണ്ടായിരുന്നു. നിറയുന്ന കണ്ണുക‌ളോടെ പിള‌ര്‍ന്ന പിഞ്ചു ചുണ്ടുക‌ളില്‍ തികട്ടിയ അന്നം തിരുകിനിറയ്ക്കുമ്പോ‌ള്‍ മുക‌ളിലെ തെളിഞ്ഞ ആകാശത്തിന് മങ്ങലേല്‍ക്കുന്നത് ചന്ദ്രമുഖ‌ന്‍ അറിഞ്ഞു. കൂട്ടത്തില്‍ അസ്സംഖ്യം ചിറകടിയൊച്ചക‌ളും.

ഇനിയൊരു വട്ടം കൂടി പോയി വന്നാലെ തന്റെ കുഞ്ഞുങ്ങ‌ള്‍ക്കുള്ളത് കൊടുക്കാന്‍ കഴിയൂ എന്ന
തിരിച്ചറിവില്‍ പതുക്കെ പൊങ്ങിപ്പറക്കാന്‍ തുടങ്ങിയ ചന്ദ്രമുഖ‌ന് തലയ്ക്കു പിറകില്‍ കിട്ടിയ ശക്തിയായ കൊത്തും “ചതിയന്‍” എന്ന വാക്കും നടുക്കമുണ്ടാക്കി.

വേദനയോടെ നിലത്തിറങ്ങി മുക‌ളിലേയ്ക്ക് നോക്കിയ ചന്ദ്രമുഖ‌ന്‍ കണ്ടത് കാ‌ര്‍മേഘങ്ങ‌ളുടെ ഇരുട്ടല്ലായിരുന്നു. തന്റെ കൂട്ടരുടെ ബാഹുല്യം കൊണ്ടുള്ള ഇരുട്ടായിരുന്നു.

“അവ‌ന്‍ പോയ പുറകെ കുഞ്ഞുങ്ങ‌ളെ കൊല്ലാന്‍ നോക്കുന്നോ” എന്നാരോ അട്ടഹസിയ്ക്കുന്നതും കാ കാരവത്തോടെ കൂട്ടം അതേറ്റു പിടിയ്ക്കുന്നതും കണ്ട് ചന്ദ്രമുഖ‌ന്‍ അമ്പരന്നു.

“ഞാന്‍ .. ഈ കുഞ്ഞുങ്ങ‌ളെ തീറ്റാന്‍..” അവ‌ന്‍ പ‌റയാന്‍ ശ്രമിച്ചു.

ആരവത്തിനിടയില്‍ അതു മുങ്ങിപ്പോയി. കാ‌ര്‍മേഘക്കൂട്ടത്തില്‍നിന്നും വന്ന ഒറ്റക്കൊത്ത് എണ്ണാമില്ലാത്തവണ്ണമുള്ള കൊത്തുക‌ളാവാന്‍ പിന്നെ താമസ്സമുണ്ടായില്ല. അവശനായ ചന്ദ്രമുഖ‌ന്റെ ദേഹത്ത് തുളഞ്ഞുകയ‌റിയ ചുണ്ടുകള്‍ തൂവ‌ല്‍ തെറിപ്പിച്ചിട്ട് പറന്നു പൊങ്ങി. അവ‌ര്‍ക്ക് ചന്ദ്രമുഖ‌ന്റെ ചോര വഞ്ചനയുടെ മണമുള്ളതായിരുന്നു.

മങ്ങുന്ന കാഴ്ചയിലും കൂട്ടരുടെ കാതടപ്പിയ്ക്കുന്ന കലമ്പലിലും ചന്ദ്രമുഖ‌ന്‍ കറുപ്പു മുറ്റാത്ത,ചുവന്നു വിട‌ര്‍ന്ന ഇ‌ളംചുണ്ടുക‌‌‌ള്‍ കണ്ടു. അവരുടെ വിശപ്പു കണ്ടു, കരച്ചില്‍ കേട്ടു

Thursday, November 1, 2007

യാത്രയ്ക്കിടയില്‍

മഴ പെയ്ത് വഴുക്കിക്കിടക്കുന്ന ചിറയില്‍കൂടി ധൃതിയില്‍ നടന്നു. ആറ‌രയ്ക്കൊരു ബോട്ടുണ്ട്. ഇപ്പോ‌ള്‍ത്തന്നെ ആറരയായിരിയ്ക്കുന്നു.വാട്ട‌ര്‍ ട്രാന്‍സ്പോ‌‌ര്‍ട്ടുകാരുടെ ബോട്ടിന് കൃത്യനിഷ്ടയൊന്നുമില്ലാത്തതിനാല്‍ കിട്ടിയേക്കാം.

അപ്പ‌ച്ചിയെ കാണാന്‍ വന്നതായിരുന്നു കണ്ടങ്കരിയില്‍. പതിനഞ്ചു കൊല്ലത്തിനു ശേഷമുള്ള കണ്ടുമുട്ട‌ല്‍. അപ്പച്ചിയ്ക്ക് തീരെ വയ്യാതായിരിയ്ക്കുന്നു. പണ്ട് ഇടയ്ക്കിടെ കൃഷിയ്ക്കും മറ്റും സ‌ഹായിയ്ക്കാനായി മാസങ്ങ‌ളോ‌ള‌ം ഇവിടെ വന്ന് നിന്നിരുന്നതാണ്. സ്വന്ത‌ം നാടു പോലെ തന്നെ പരിചയവുമായിരുന്നു ഇവിടെ. ഇപ്പോ‌ള്‍ പരിചയമുള്ള മുഖങ്ങ‌ളൊക്കെ ന‌ന്നേ കുറവ്.

കടവത്തെത്താറായി. ഇനി ചെറു തോട്ടില്‍ നിന്നും കടത്തു കടന്നു വേണ‌ം അക്കരെയുള്ള ജെട്ടിയില്‍ പോകാന്‍. പഞ്ചായത്തു കടത്തുള്ളതാണ്. സന്ധ്യയുടെ മങ്ങ‌ലില്‍ കണ്ടു. രഘു വ‌ള്ളവുമായി കിടപ്പുണ്ട് കടവത്ത്. അക്കരയ്ക്ക് പോകാനുള്ള പുറപ്പാടാണ്.

"രഘുവേ.. കൂയ്. പോകല്ലേ. ഞാനുമൊണ്ടക്കരയ്ക്ക്"

റക്കെ വിളിച്ചുപറഞ്ഞു.ഓടിച്ചെന്ന് പതുക്കെ വ‌ള്ളത്തില്‍ ക‌യ‌റി. ചെറിയ വ‌ള്ളമാണ്. ഒരാളു കൂടിയിരിപ്പുണ്ടായിരുന്നു വ‌ള്ളത്തില്‍. ബാല‌ന്‍സ്സില്ലാതെ വ‌ള്ളം മ‌റിച്ച ചരിത്രം ഓ‌ര്‍ത്തു.

"കയ്യേപ്പിടിച്ചോ" രഘു കൈ നീട്ടി. പിടിച്ചു കയറി, മുണ്ടു തെരുത്തു കയറ്റി രണ്ടരികിലും പിടിച്ച് വ‌ള്ളത്തില്‍ കുത്തിയിരുന്നു.

"ങാഹാ.. നീയാരുന്നോടാ ഉവ്വേ" ഇരുന്നുരുന്ന മറ്റേ ആ‌ള്‍ പ‌റയുന്നതു കേട്ടാണ് ഞാന്‍ മുഖത്തേയ്ക്ക് നോക്കിയത്.

ബാല‌ന്‍‍ കൊ‍ച്ചച്ഛ‌ന്‍!

അച്ഛ‌ന്റെ വകയിലുള്ള അപ്പച്ചിയുടെ മ‌കനാണ്. കണ്ടങ്ക‌രിയില്‍ വന്നു നിന്ന സമ‌യത്തൊക്കെ കൊച്ചച്ഛ‌ന്റെ വീട്ടിലെ നിത്യ സന്ദ‌ര്‍ശ്ശകനായിരുന്നു ഞാന്‍.

"ആ! കൊച്ചച്ഛനോ" ഞാന്‍ അത്ഭുതം കൂറി. തിരിച്ചറിയാത്ത വണ്ണ‌ം മാറിപ്പോയിരിയ്ക്കുന്നു കൊ‍ച്ചച്ഛ‌ന്‍.

"നീയെന്നു വന്നെടാ ഉവ്വേ" കൊ‍ച്ചച്ഛ‌ന്‍ ചോദിച്ചു.
"രണ്ടാഴ്ചയായി കൊച്ചച്ഛാ"
"എവടാ ഇപ്പ‌ം. സൗദീല‌ല്യോ?"
"അതെ. അടുത്താഴ്ച പോകും"വ‌ള്ളം കടവത്തടുത്തു.
കൊ‍ച്ചച്ഛ‌നുമൊത്ത് ബോട്ടുജെട്ടിയിലേയ്ക്ക് ന‌ടന്നു.
"സ‌രസമ്മയ്ക്ക് കൂടുതലാ ഇല്യോ"
"അതെ"
"നീ പിന്നെന്താ ഞങ്ങടങ്ങോട്ട് കേറാതെ പോയത്?"
"അതു പിന്നെ..."
"നീ കെഴക്കോട്ടാന്നോ?"
"അതെ. കൊച്ചച്ഛനോ
ഞാന്‍ ചമ്പക്കൊളത്തോട്ടാ. നെന്റെ ബോട്ട് വ‌രാറായല്ലോ"

കൊച്ചച്ഛ‌ന്‍ ഒരു ബീഡി കത്തിച്ചു. വലതു കൈപ്പട‌ം താഴേയ്ക്ക് കമഴ്ത്തി സമൃദ്ധ‌മായ കൊമ്പ‌ന്‍ മീശ ഇരുവശത്തേയ്ക്കും പൊക്കിയൊതുക്കി.

ഞാന്‍ ആ മുഖത്തേയ്ക്ക് ശരിയ്ക്കും നോക്കി. വാ‌ര്‍ദ്ധ‌ക്യം ശരിയ്ക്കും ബാധിച്ചിരിയ്ക്കുന്നു. ക‌വിളൊട്ടി, കണ്ണുക‌ള്‍ കുഴിയിലായിരിയ്ക്കുന്നു. ഏഴടിപ്പൊക്ക‌ം കൂനുകൊണ്ട് അ‌റിയാന്‍ തന്നെയില്ല. കൊമ്പ‌ന്‍ മീശ മാത്രം പഴ‌യ ബാല‌ന്‍‍ കൊ‍ച്ചച്ഛ‌നെ ഓ‌ര്‍മ്മിപ്പിയ്ക്കുന്നു. ഓ‌ര്‍മ്മകളിലേയ്ക്ക‌റിയാതെ താണുപോയി ഞാന്‍.

പാപ്പച്ചന്റെ റേഷന്‍‍ കടയില്‍ റേഷന്‍‍ വാങ്ങാന്‍ വിടും അപ്പച്ചി ചില‌പ്പോള്‍. അക്കാല‌ത്തെ ഒരു ചെറിയ സായാഹ്ന ചന്ത കൂടിയാണ് റേഷന്‍ കടയുടെ പരിസ‌ര‌ം. റേഷ‌ന്‍ കടയില്‍ ക്യൂ ഉണ്ടാവും മിക്കപ്പൊഴും. പാപ്പച്ച‌ന്‍ റേഷന്‍ കാ‌ര്‍ഡെടുത്ത് അടുക്കില്‍ കമഴ്ത്തി വെച്ചാല്‍ ക്യൂവിലായി. പിന്നെ പേരു വിളിയ്ക്കുമ്പോ‌ള്‍ ചെന്നാല്‍ മ‌തി. അപ്പോഴേയ്ക്കും റേഷ‌ന്‍ കടയുടെ സൈഡിലുള്ള ഒഴിഞ്ഞ മണ്ണെണ്ണ വീപ്പകളിന്മേല്‍ തിരക്കായിട്ടുണ്ടാവും. കൊച്ചച്ഛന്റെ കഥക‌ള്‍ കേ‌ള്‍ക്കാന്‍.

കൊച്ചച്ഛന്‍ പട്ടാളത്തിലായിരുന്നു. ഞാന്‍ കാണുമ്പോ‌ള്‍ മുത‌ല്‍ നാട്ടിലുണ്ട്. പട്ടാ‌ള‌ക്കഥക‌ള്‍ക്കുള്ള പ്രത്യേകത അതിലെ "കണ്ടങ്കരൈസേഷ‌ന്‍" ആണ്.അടിസ്ഥാന‌പരമായി കൃഷിക്കാര‌നായ കൊച്ചച്ഛ‌ന്‍ പട്ടാള‌ക്കഥക‌ളിലും കുട്ടനാടന്‍ ബിംബങ്ങ‌ള്‍ തിരുകും. കഥ പ‌റയുന്ന ആളും കേ‌ള്‍ക്കുന്നവ‌രും കൂടിയുള്ള ഒരൊത്തുക‌ളി.

"കൊച്ചാട്ടാ. ഒന്നു തൊടങ്ങിയ്ക്കേ" കോനാക്കലെ വിശ്വണ്ണായി കൈ കൂട്ടിത്തിരുമ്മി പറയും.

കൊച്ചച്ഛ‌ന്‍ വലതു കൈപ്പട‌ം താഴേയ്ക്ക് കമഴ്ത്തി കൊമ്പ‌ന്‍ മീശ തടവി.

ബീഡി കത്തിച്ചു ഒന്നു വലിച്ചിരുത്തി.

"ങ്ഹാ.." മുര‌ടന‌ക്കി. " ഞാന്‍ ജമ്മുത്താവി ബാരക്സിലായിരുന്ന കാല‌ം"

ചുറ്റുമുള്ള ജ‌ന‌ം ആകാംഷാഭരിതരായി.

"ഒരു ദിവസ‌ം വൈയിന്നേര‌ം മണിയേതാണ്ട് ആറാറരയായിക്കാണും.ഞാനന്നു ഡ്യൂട്ടിയിലാരുന്നു."ബീഡി ഒന്നുകൂടി വലിച്ചിരുത്തി പുകയൂതിപ്പ‌റപ്പിച്ചു. പുക മീശയില്‍ത്തങ്ങിനില്‍ക്കുന്നു.

"എന്നിട്ട്" അക്ഷ‌മനായ ഒരു പ്രേക്ഷ‌ക‌ന്‍

"ചന്ന‌ം പിന്ന‌ം പെയ്യുന്ന മഴ!"

"ഡാ അവ്വേ. ഒരു ലാറി ബോംബു വന്നു. ഞാന്‍ പേപ്പറൊക്കെ മേടിച്ചൊത്തുനോക്കി. എല്ലാം ഓക്കെ. പക്ഷേ ഒരു പ്രശന‌ം."

കൊച്ചച്ഛന്‍ ഒന്നുകൂടി ബീഡി വലിച്ചൂതുന്നു. പുകയിപ്പോ‌ള്‍ മൂക്കില്‍നിന്നും വായില്‍നിന്നും മാത്ര‌മ‌ല്ല ചെവിയില്‍നിന്നും വരുന്നുവോ എന്നും തോന്നും വിധ‌ം.

അക്ഷ‌മരായ ഓഡിയന്‍സ്സ് മുറുമുറുക്കുന്നു.

"ഹാ. ഒന്നു പറയെന്റെ കൊച്ചാട്ടാ. പിന്നെന്നെതാ?" വടക്കെച്ചെറേലെ പങ്ക‌ന്‍ ചേട്ട‌ന്‍

" ങ്ഹാ..ഡാ അവ്വേ. ബോംബെറെക്കെണ്ടേ. അണ്‍ലാഡ് ചെയ്യ‌ണ്ടേ? ഒരു മ‌നുഷേനുമില്ലവടെ അതൊന്നെ‌റക്കാന്‍. ഞാമ്പിന്നെ നോക്കിനിന്നില്ല."

"ഞാമ്മുണ്ടങ്ങോട്ട് മടക്കിക്കുത്തി, ലോറീലോട്ടങ്ങോട്ട് ചാടിക്കേറീയില്യോ. ഒരു 1ഒട്ടിത്തൂമ്പ എടുത്ത് ബോംബ് ക‌ംമ്പ്ലീറ്റ് വെട്ടിയിറക്കി, 2പടുതയിട്ടങ്ങ് മൂടി"

"ഹോ" ജന‌ം അത്ഭുത‌ം കൂറി.

"ദേ. നെന്റെ ബോട്ട് വരുന്നൊണ്ട്"
കൊച്ചച്ഛ‌ന്റെ ശബ്ദ‌ം കേട്ട് എന്റെ ചുണ്ടിലെ ചിരി മാഞ്ഞു. ചിന്തയും.

ആറിന്റെ പടിഞ്ഞാറേ മൂല‌യില്‍ ബോട്ടിന്റെ തുമ്പ് പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നു.

"എന്തൊക്കെയുണ്ട് കൊച്ചച്ഛാ വിശേഷങ്ങ‌ള്‍" ഞാന്‍ ചോദിച്ചു.

"ഓ. എന്നാ പ‌റയാനാടാ ഉവ്വേ. വല്യ കഷ്ടപ്പാടാ. എനിയ്ക്കാണേ‍ തീരെ മേലയിപ്പ‌ം. പെന്‍ഷനൊള്ളകൊണ്ട് തട്ടീമ്മുട്ടീമൊക്കെ അങ്ങു പോന്നു. ഇക്കാലത്തതൊക്കെ എന്നാത്തിനൊണ്ട്. കൃഷിയൊക്കെ നിര്‍ത്തി. എല്ലാം ന‌ഷ്ടമാണന്നേ. ദേ ഇപ്പ‌ം ഈ ക്വാട്ടാ കുപ്പി കൊണ്ട് ചമ്പക്കൊളത്തു കൊടുക്കാമ്പോകുവാ"

"കൊച്ചമ്മേം മഞ്ചുച്ചേചിയുമൊക്കെ എന്തു പ‌റയുന്നു?"

"അവക്കും തീരെ മേല. മഞ്ചൂന്റെ കല്യാണമൊക്കെക്കഴിഞ്ഞാരുന്നു. ഓ. അതൊന്നും കൊണ‌വായില്ലടാ ഉവ്വേ. അവ‌ളുമൊണ്ട് വീട്ടില്‍. ഒരു കൊച്ചുവായി"

ആ കണ്ണുക‌ളിലെ ദൈന്യം എനിയ്ക്ക് വായിച്ചെടുക്കാവുന്നതിലുമപ്പുറമായിരുന്നു. സന്ധ്യ രാത്രിയിലേയ്ക്ക് പക‌ര്‍ന്ന ചുവപ്പിന് ക‌റുത്തനിറമായിക്കഴിഞ്ഞിരുന്നു. എന്റെ മന‌സ്സിലും.

പോക്കറ്റില്‍ കൈയ്യിട്ടുകൊണ്ട് നെഞ്ചില്‍ നിന്നും വന്നത് പെട്ടെന്ന് പ‌റഞ്ഞു
"കൊച്ചച്ഛാ. കൊറച്ച് കാശ്ശു വല്ലതും?"

മ‌റുപടിയും പെട്ടെന്നായിരുന്നു

"ഒന്നും വേണ്ടെടാ ഉവ്വേ. എന്റേലൊണ്ട്. ഇനി നീ വരുമ്പ‌ം വീട്ടീക്കേറിയേച്ചേ പോകാവൊള്ളു കേട്ടോ."

കുഴിഞ്ഞ കണ്ണുകളിലെ തിള‌ക്ക‌ം ഇരുട്ടിന്റേയോ ന‌ന‌വിന്റേയോ?

ബോട്ടിന്റെ വ‌രവില്‍ നൊന്ത് പൂക്കൈതയാറ് ജെട്ടിയിലെ തെങ്ങിന്‍‌കുറ്റിക‌ളില്‍ തല‌തല്ലിക്ക‌രഞ്ഞു.

മെല്ലിച്ച കൈയ്യില്‍ പിടിച്ച് യാത്ര പ‌റഞ്ഞ് ബോട്ടില്‍ക്ക‌യ‌റുമ്പോ‌ള്‍ ഉള്ളിലെ വിങ്ങ‌ല്‍ ഉരുളായിപ്പൊട്ടാന്‍ തുടങ്ങിയിരുന്നു ക‌ണ്ണില്‍.

ക‌റുത്ത മാനത്തിന്റെ സങ്കട‌ം കണ്ട് മുഖ‌മിരുണ്ട ആറ്റിലൂടെ ബോട്ട് യാത്രയായി.
___________________________________________________
1. ഒട്ടിത്തൂമ്പ : കുട്ടനാട്ടില്‍ കണ്ടത്തില്‍ (വ‌യലില്‍) നിന്നും ചെളിയും മണ്ണും വെട്ടിക്കേറ്റാന്‍ ഉപയോഗിയ്ക്കുന്ന ഒരു തര‌ം തൂമ്പ (കൈക്കോട്ട്)
2. പടുത : നെല്ല് മഴ കൊള്ളാതെ മൂടിയിടാന്‍ പ്ലാസ്റ്റിക്ക് ചാക്കുക‌ളോ, ടാ‌ര്‍പ്പോളിനോ തുന്നിച്ചേ‌ര്‍ത്തുണ്ടാക്കിയ വലിയ ഷീറ്റ്.