Thursday, January 22, 2009

ഒബാമ‌യുടെ ര‌ണ്ടാം സ‌ത്യപ്രതിജ്ഞ : കേരളകൗമുദിയുടെ വിവ‌ര്‍ത്തനം
ചീഫ് ജസ്റ്റിസ് റോബ‌ര്‍ട്ട്സ് ചൊല്ലിക്കൊടുത്ത "Faithfully execute the office of the president of the united states" എന്ന വാചകം "execute the office of the president of the united states faithfully" എന്നു ചൊല്ലിയതിനാല്‍ ഒബാമ‌, വൈറ്റ് ഹൗസില്‍ ന‌ടന്ന ല‌ളിതമായ ച‌ട‌ങ്ങില്‍ വെച്ച് ചീഫ് ജസ്റ്റിസ് റോബ‌ര്‍ട്ട്സ് മുമ്പാകെ ര‌ണ്ടാമ‌തും സ‌ത്യപ്രതിജ്ഞ ചെയ്യുകയുണ്ടായി.

ഈ വാര്‍ത്ത ബി.ബി.സി ന്യൂസ്സില്‍ നിന്നും (ആയിരിയ്ക്കണം) വായിച്ചെടുത്ത കേര‌ള‌കൗമുദി‌യുടെ ലേഖകന്‍(??), അടിച്ചു വിട്ടത് "an abundance of caution" എന്ന ഭാഗ‌മാണ് ഒബാമ വിട്ടുപോയത് എന്നാണ്. ബി.ബി.സി ന്യൂസ്സില്‍ ര‌ണ്ടാം ഖണ്ഡിക വ‌ര‌യെ വിദ്വാന്‍ വായിച്ചുള്ളു. ര‌ണ്ടാം ഖണ്ഡിക ഇങ്ങനെ.

"The decision to repeat the oath was taken out of an abundance of caution, an official said"

കേര‌ള‌കൗമുദി സ്വ.ലേ മ‌ന‌സ്സില്‍ വായിച്ചിരിക്കുക "സ‌ത്യപ്രതിജ്ഞ ആവ‌‌ര്‍ത്തിക്കാനുള്ള തീരുമാന‌മെടുത്തത് "abundance of caution" പുറ‌ത്തെടുത്ത് ക‌ള‌ഞ്ഞ‌കൊണ്ടായിരുന്നു - ഒരു വ‌ക്താവ് പറ‌ഞ്ഞു." എന്നായിരിയ്ക്കും. :)

പയ്യന്‍ കഥകളിലെ ജേര്‍ണ്ണലിസ്റ്റ് മ‌ണ്ണുണ്ണിക‌ളെ ഓര്‍മ്മിപ്പിക്കുന്നു ഈ വിവ‌ര്‍ത്തനം

(വാക്കുക‌ള്‍ ഇങ്ങനെ തന്നെയെന്ന് ഉറ‌പ്പില്ല. ഓര്‍മ്മയില്‍ നിന്നും എഴുതുന്നു)

പയ്യന്‍ : പുതിയ എഡിറ്റ‌റുടെ കസേര‌യ്ക്ക് പിറ‌കില്‍ ഒരു നീല ക‌ര്‍ട്ടന്‍ തൂക്കാം. "Sky is the limit" എന്ന് സ‌‌ന്ദേശം.

എഡിറ്റ‌ര്‍ : നീല തന്നെ വേണോ?

പയ്യന്‍ : വേറേ ക‌ള‌റില്‍ ആകാശ‌മുണ്ടെങ്കില്‍ അത്

എഡിറ്റ‌ര്‍ : ശരി. ആദ്യം കിട്ടുന്ന‌തേതോ. അത്. അല്ലേ?
പ‌യ്യന്‍ (മ‌നസ്സില്‍) : നിന്നെയൊക്കെ നമിക്കണം.**##$$

Tuesday, January 13, 2009

ക‌ളിഭ്രാന്ത്

"അതേയ് ഡാ.. ന‌മ്മക്ക് ഒരു കഥക‌ളി ന‌ടത്തണോല്ലോ ഇക്കൊല്ലം നമ്മടെ അമ്പലത്തില്. "

ഭൂലോക കശ്മലന്മാര്‍ നാലുപേര്‍ എന്നോടിങ്ങനെ പറഞ്ഞ‌പ്പോ‌ള്‍ വിശ്വാസം വന്നില്ല. ഒക്കെ പരമ അര‌സിക ശിരോമ‌ണിക‌ള്‍.ര‌ണ്ടെണ്ണം റിട്ടയേഡായി ജൂബ്ബയും മുണ്ടുമിട്ട് സാമൂഹ്യപ്രവ‌ര്‍ത്തനം, സമുദായ പ്രവ‌ര്‍ത്തന‌ം എന്നൊക്കെയുള്ള ഊഡായ്പ്പുമായി നടക്കുന്നവ‌ര്‍. മ‌റ്റേ ര‌ണ്ടെണ്ണം ജോലിക്കാരാണ്. മേല്പ്പറഞ്ഞ അസുഖം നേരത്തേ തുടങ്ങിയതാണെന്ന് മാത്രം.

യെവന്മാര്‍ക്ക് കല‌യോ? ക‌ല‌യുടെ ഒരു "കല" പോലുമില്ലാത്ത ഇണ്ണാമ‌ന്‍സ്.. എന്ന എന്റെ മുഖഭാവം വായിച്ചെടുത്തിട്ടാവണം കശ്മല്‍ഖാന്‍ ന‌മ്പ‌ര്‍‍ ടൂ റിപ്പീറ്റ്

"ഈ ഉഡാന്‍സും മിമിക്രീം നാടകോന്നും ശരിയാവുകേല. ന‌മ്മടെ കേര‌ളീയ കലേല്ലേ കഥോളി? അപ്പപ്പിന്നെ ഇപ്രാശ്യം കഥോളി തന്നെ വേണ‌വെന്നാ ക‌മ്മറ്റീടെ തീരുമാന‌മേ?"

ഹോ! കശ്മ‌ല കലാ മ‌ഹാനുഭാവന്മാര്‍ തീരുമാനിച്ചും ക‌ഴിഞ്ഞു.

കശ്മല്‍ഖാന്‍ ത്രീ ശശിച്ചേട്ടന്‍ തുടര്‍ന്നു

“അല്ല. അപ്പഴാ ഞാമ്പറഞ്ഞത്. നെന്നെ കണ്ടാ മ‌തി. കാര്യം ന‌ടക്കും. നീ കൊ‌ര്‍ച്ച് നാള് കഥോളി പഠിച്ചതല്ലേ? അപ്പോ ഞ‌ങ്ങ‌ള്‍ പറഞ്ഞാ കാര്യം മ‌നസ്സിലാക്കാന്‍ പറ്റിയ ആള് നീയേയുള്ളൂ.”

പണ്ടൊരു കഥക‌ളി നടത്തണമെന്ന് പറഞ്ഞ‌പ്പോ‌ള്‍ നാട്ടുകാരുടെ അമ്പല‌ത്തില്‍ അവ‌ര്‍ക്ക് കാണാനുള്ള പരിപാടിക‌ളാണ് വെയ്ക്കേണ്ടത് എന്നു പറഞ്ഞ കലോല്‍സാഹരാക്ഷസന്മാരാണ് ക‌ളിഭ്രാന്ത‌ന്മാരായി മാറി ഇപ്പറയുന്നത് എന്നത് ഓര്‍ത്തുകൊണ്ട് ചോദിച്ചു.

“അല്ല. അതിനിപ്പം ഞാനെന്തോ വേണമെന്നാ?”

“ന‌മ്മ‌ക്ക് ദുര്യോധന‌വധം തന്നെ വേണം. ന‌ല്ല ടോപ് ആളുക‌ളെത്തന്നെ വിളിയ്ക്കേം വേണം. മേജ‌ര്‍സെറ്റ്.”

"ആട്ടെ.. ബജറ്റെത്രെയുണ്ട്"

ക‌ളിഭ്രാന്ത‌ന്റെ മറുചോദ്യം "ബജറ്റെത്രെയാകും?"

"അല്ല.. അതിപ്പോ.. ദുര്യോധന‌നായി സദനം കൃഷണ‌ന്‍‌കുട്ടിയാശാനെ വിളിയ്ക്കാം. പുള്ളിയ്ക്കൊരു നാല് നാലര രൂപ വരും. ദു:ശ്ശാസന‌ന്‍ ഉണ്ണിത്താ‌നാണേല്‍ ഒരു ര‌ണ്ടേമുക്കാലെല്‍ നിര്‍ത്താം. ഗോപിയാശാന്റെ രൗദ്രഭീമ‌നാണേല്‍ ഒരു ഏഴ് രൂപയാകും. ബാല‌സുബ്രമ‌ണ്യന്റെ കൃഷ്ണ‌നാണേല്‍ ഒരു മൂന്നര വേണേ. പിന്നെ വിജയകുമാറിന്റെ പാഞ്ചാലിയാണേല്‍ ഒരു രണ്ട് മ‌തി. പിന്നെ ശകുനി, ധ‌ര്‍മ്മപുത്രര്, കുട്ടിഭീമ‌ന്‍ എല്ലാം കൂടി ഒര് രണ്ട്. മേളത്തിനെല്ലാം കൂടി ഒരു അഞ്ച് ആറ് രൂപ. പിന്നെ പാട്ടിന് ഇപ്പോ കോട്ടക്കെ നാരായണനെ വിളിച്ചാ ശിങ്കിടിയടക്കം ഒരു നാലേല്‍ നിക്കും. കോപ്പിന് ഒരു ആയിരം രൂപ. അങ്ങനെ ആകെമൊത്തം ഒരു മുപ്പതെ മുപ്പത്രണ്ട് രൂപക്ക് നിക്കും.”

“അയ്യോ.. മുപ്പത്രണ്ടായിര‌വോ? ഒന്നു ചുമ്മായിരീഡാ. താഴട്ടെ. ഇനീം താഴട്ടെ.”

“താത്താനും താഴാനും ഞാനാണോ പൈസേം പറഞ്ഞോണ്ടിരുക്കുന്നേ? ഇവ‌രെയൊക്കെ കിട്ടണേ ഇത്രേം കൊടുക്കണം.”

“അല്ല. അവര് തന്നെ വേണേ. പൈസ കൊറച്ചു കടുപ്പവാണ‌ല്ലോടാ ഉവ്വേ. നെന‌ക്കിവരോടൊന്ന് പറഞ്ഞ് കൊറയ്ക്കമ്പറ്റില്ലേ?”

“എന്റെ ശശിച്ചേട്ടാ. എനിയ്ക്കത്രയ്ക്കൊള്ള പരിചയോന്നുവില്ല. ആട്ടെ. നിങ്ങ‌ക്കെത്രയ്ക്ക് പറ്റും?”

“അതിപ്പം. ഒരു പത്ത് പന്ത്രണ്ട്. അയ്ന‌പ്പറവില്ല. ഇതുകൊണ്ടൊപ്പിയ്ക്കണം'”

എനിയ്ക്ക് കലി വന്നു.

“നിങ്ങ‌ള് പോയേ.. വേറെ വല്ലോരോടും പറ. എനിയ്ക്ക് മേല.”

“അല്ലെഡാ.. ഒര് കാര്യം ചെയ്. ഈ ദുര്യോധനനേം ദുശ്ശാസന‌നേമൊക്കെ കൊല്ലണ്ടെഡാ. ഒന്ന് പേടിപ്പിച്ച് വിട്ടാ മ‌തീന്ന്. അപ്പപ്പിന്നെ കൊല്ലുന്നവനും ചാകുന്നവനും അത്രയ്ക്കും ജോലിയല്ലേയൊള്ളു. റേറ്റും കൊറയത്തില്ലേ? യേത്”

*$#@*^***!#$**