Thursday, October 9, 2014

ബാലി മത്തനാണ്

ആഢ്യത്വം ഉള്ള നഗരം.
മാസത്തില്‍ എപ്പോഴും കലാപരിപാടികള്‍ .
വിശിഷ്യാ, കഥകളിയും ഭരതനാട്യവും കൂത്തും മേമ്പൊടിയായി പാട്ടും (സാധാരണ പാട്ട് കഴിഞ്ഞാണല്ലോ കൂത്ത് വരിക ).

സ്ഥലത്തെ പ്രധാന കേന്ദ്രത്തിലെ പ്രധാനികളുടെ കൂട്ടയ്മായാകുന്നു കളിത്തട്ട്  കഥകളിക്ലബ്ബ് . സ്ഥാപിച്ചത് എന്നാണെന്ന് സ്ഥാപകനു പോലും ഓര്‍മ്മയില്ലാത്തവണ്ണം പഴകിയത് എന്നാണു പ്രധാനികളുടെ ഭാഷ്യം . കഥകളിയെക്കാളും പഴകുമോ എന്നും ഐതിഹ്യമുള്ളതായും ചില  പ്രധാനികള്‍ അടക്കം പറയാറുണ്ട്‌  . പ്രധാനികള്‍ ആരും തന്നെ കഥകളി കാണാന്‍ നാട് വിട്ടു പോകാറെയില്ല. ഞങ്ങള്‍ കഥകളിയെത്തേടി പോകാറില്ല . കഥകളി ഞങ്ങളെ തേടി വരാറേ ഉള്ളൂ എന്ന് പ്രധാനികളില്‍ പ്രധാനി ചുമ്മാ  പറയാറുണ്ട്‌ . കാര്യത്തില്‍ കാര്യമുണ്ട് താനും . മാസത്തില്‍ കിറുകൃത്യം കളി . വിവിധ വാര്‍ഷികങ്ങള്‍ വേറെ . അതും പൊതുജനത്തിനു സൌജന്യമായി . കളി കഴിഞ്ഞു കളിപ്പണം വാങ്ങാന്‍ രൌദ്രസ്ഥായി പിടിക്കാറുള്ള ആശാന്‍ പോലും കളിത്തട്ടില്‍ വന്നാല്‍ കളി കഴിഞ്ഞു കവറു കയ്യില്‍ നിന്നും കവര്‍ന്ന്  പോക്കറ്റിലിട്ടു ക മാ എന്ന് മിണ്ടാതെ പോവും . കളിസ്ഥലത്തും അണിയറയിലും അച്ചടക്കം നിര്‍ബ്ബന്ധം . താഴെ വീണാല്‍ ശബ്ദം കേള്‍ക്കുമോ എന്ന് ഭയന്ന് സ്ത്രീകള്‍ പോലും  സേഫ്റ്റി പിന്നുകള്‍ തങ്ങളുടെ വസ്ത്രങ്ങളില്‍ കുത്തി വരാറില്ല . അത്ര രാശിയും ഗാംഭീര്യവും പാരമ്പര്യവും ഉള്ള  സ്ഥലമാണ് എന്ന് സാരം .

അങ്ങിനെയിരിക്കെ കളിത്തട്ടിലെ പ്രധാനികള്‍ കളി നിശ്ചയിക്കുവാനായി യോഗം കൂടുന്നു . കളി നിശ്ചയിക്കുക എന്നത് ഒരു അപാരമായ ചടങ്ങാണ് . കളി കാണാന്‍ പോലും വരാത്തവര്‍ കമ്മറ്റിക്ക് വന്നു കഥയുടെയും നടന്മാരുടെയും പേര്  നിര്‍ദ്ദേശിച്ചു കുഴപ്പത്തിലാക്കിക്കളയും . പ്രധാനികളില്‍ ചിലര്‍ക്കാകട്ടെ, കളിയില്‍ അത്ര കണ്ടു കമ്പം പോരെങ്കിലും ആട്ടക്കഥാരചനയില്‍ അസാരം കമ്പം ഉണ്ട് താനും . റിട്ടയേഡ് പ്രൊഫസര്‍ കുട്ടികൃഷ്ണ കയ്മള്‍  അത്തരുണത്തില്‍ ദ്രുതകവിയായി വിലസുന്ന ഒരു ദേഹമാണ് . റിട്ടയര്‍ ആയതില്‍ പിന്നെ കുട്ടികളെ കൊണ്ട് ശല്യമില്ലാത്തതിനാലും , തന്റെ സഹധര്‍മ്മിണിക്ക് തന്റെ ശല്യം ഒഴിവാക്കാന്‍ വേണ്ടിയും  അദ്ദേഹം അനുദിനം ആട്ടകഥകള്‍ രചിച്ച് കഥകളിയെ നിരന്തരം ദ്രോഹിച്ചു പോന്നിരുന്നു . കാക്കമ്മചരിതം (മൂലകഥ : ഏകാദശി നോറ്റ കാക്കയുടെ കഥ ) , ശുനകവിഭ്രമം (മൂലകഥ : പട്ടിയുടെ വായില്‍ നിന്നും എല്ല് പോയത് )  തുടങ്ങി പത്തോളം തദ്ദേശകഥകള്‍ രചിച്ച് , ചൊല്ലിയാടിച്ച് പ്രേക്ഷകപരിഷകളുടെ സഹനശക്തി പരിശോധിച്ചശേഷം  വിദേശ സാഹിത്യത്തിലും കൈവെക്കാനുള്ള ഒരുക്കത്തിലായിരുന്നു കയ്മള്‍ . ഗബ്രിയേല്‍ മാര്‍ക്വെസിന്റെ "ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍" ആട്ടക്കഥ എഴുതിത്തുടങ്ങുകയും , കേണല്‍ ഔരേലിയാനോ ബുയെന്‍ദിയ ചിരിച്ചു പുരികമിളക്കിക്കൊണ്ട് പതിഞ്ഞപദം ആടുന്ന സീന്‍ ഏഴുതിക്കൊണ്ടിരിക്കുയും ചെയ്യുന്ന സമയത്താണ് മേല്‍പ്പറഞ്ഞ കമ്മറ്റി കൂടിയത് . കമ്മള് തന്റെ കഥ വെക്കണം എന്ന് പറഞ്ഞു കളയും എന്ന ഭയം പ്രധാനികള്‍ക്കെല്ലാം കലശലായുണ്ട് . എങ്കിലും കയ്മളിന്റെയും മറ്റ് ആസ്ഥാന  ആട്ടക്കഥാകൃത്തുക്കളുടെയും കഥകളെ കൊട്ടാരക്കര തമ്പുരാനും , ഉണ്ണായിവാര്യരും മറ്റും ഓവര്‍ടേക്ക് ചെയ്യുകയും വരുന്ന അഞ്ചു മാസത്തെ കളികള്‍ നിശ്ചയിക്കപ്പെടുകയും ചെയ്തു . കളിത്തട്ടിന്റെ പ്രസിഡണ്ട്‌ , റിട്ടയേഡ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അനന്തയ്യര്‍ തന്റെ പരുത്ത ശബ്ദത്തില്‍ ഭൂപാളരാഗത്തില്‍ മംഗളം പാടി, യോഗത്തില്‍ നിന്നും ആളുകളെ തുരത്തിയോടിച്ചു .

അങ്ങിനെ ഒരു ജനവരിയിലെ കഥകളിയായി .
കഥ ബാലിവധം .
ഗവര്‍ണ്ണര്‍ ഒക്കെ വരുന്നുണ്ട് അന്നത്തെ കളിക്ക് .  
താടിയില്‍ വിശിഷ്യാ കേമനും പ്രധാനികളുടെ കണ്ണിലെ ഉണ്ണിയും നീരും ഒക്കെയായ കലാമണ്ഡലം കുഞ്ഞമ്പുവാകുന്നു ബാലി . കുഞ്ഞമ്പുവാശാന്‍ താടിവേഷക്കാരിലെ മുത്താകുന്നു . വര്‍ഷങ്ങളുടെ അഭ്യാസ പരിചയം . തീഗോളം പോലത്തെ കണ്ണുകള്‍, നടുക്കുന്ന അലര്‍ച്ച . നേടിയെടുത്ത സല്‍പ്പേര് കൊണ്ട് തന്നെ ഈയിടെയായി ആശാന് കാലുകള്‍ അനക്കുകയേ വേണ്ടൂ . കലാശം ചവിട്ടുന്നതായി തോന്നിപ്പിക്കുകയെ വേണ്ടൂ . ബാക്കിയൊക്കെ ബാക്കില്‍ നില്‍ക്കുന്ന ചെണ്ടയും മദ്ദളവും ഒക്കെ കൊട്ടുന്ന മിടുക്കന്‍മാരുടെ   പണിയാകുന്നു. ആശാന്റെ പാദചലനങ്ങള്‍ ഇടിമുഴക്കം എന്ന് തോന്നിപ്പിക്കും വണ്ണം  കൊട്ടിനിറക്കും അവര്‍. കുഞ്ഞമ്പുവാശാന്‍ താടിവേഷക്കാരില്‍ രത്നമാകുന്നു .

ആറു മണിക്കാണ് കളി തുടങ്ങുക . കുഞ്ഞമ്പുവാശാന്‍ ഒന്നര മണിക്ക് തന്നെ ഫ്രഷായി ബസ്സ്റ്റാന്റില്‍ വണ്ടിയിറങ്ങുന്നു . കളിസ്ഥലത്തേക്ക് നടക്കുന്നു . വല്ലാത്ത ദാഹം .  വഴിവക്കില്‍ അതാ സര്‍ക്കാര്‍ വക കരിക്ക് ഷോപ്പ് . ബിവറേജസ് കോര്‍പ്പറേഷന്റെ പൂമുഖവും അവിടത്തെ അരുമയാര്‍ന്ന ആരവവും ആശാനെ ഹഠാദാകര്‍ഷിച്ചു.  ആരവത്തില്‍ അലിഞ്ഞ് അല്‍പനേരം. കിട്ടിയ കരിക്കിന്റെ മൂക്ക് ചെത്തി നാവില്‍ തൊടാതെ തൊണ്ടയില്‍ ഒഴിച്ച് കണ്ഠശുദ്ധി വരുത്തി, പുറത്തേക്ക് ഒന്ന് ഊതി അവിടെയൊക്കെ വീശി നടന്നിരുന്ന മാരുതനെ ഫിറ്റാക്കിവിട്ട്, തൃപ്തിപ്പെട്ട്‌ കളിസ്ഥലത്തേക്ക് ഇരുകാലില്‍ കുത്തനെ വലിഞ്ഞു നടന്നു .  
ആശാന്റെ കണ്ണുകള്‍ എന്തേ ഇങ്ങനെ ചുകന്നിരിപ്പാന്‍ എന്ന് ചില പ്രധാനികള്‍ ശങ്കിക്കാതിരുന്നില്ല . കഥകളിക്കാരന്റെ കണ്ണല്ലേ . ചുണ്ടപ്പൂവിന്റെ എഫക്റ്റ് പോയിക്കാണില്ല എന്ന് സ്വയം സമാധാനിച്ചു . 

ബാലിയായി രൂപാന്തരം പ്രാപിക്കുവാനായി ഒരു കണ്ണാടിയൊക്കെ മുഖത്തിന്‌ നേരെ പിടിച്ച്  ആശാന്‍ തേപ്പ് തുടങ്ങി . തേച്ച് തേച്ചു വന്നപ്പോള്‍ അതാ ദര്‍പ്പണത്തില്‍ ഒരു പ്രതിബിംബം ചിരിച്ചു പുരികമിളക്കി നില്‍ക്കുന്നു . പിറകില്‍ നിന്ന് ചിരിക്കുകയാണ് . ആശാന്റെ ഉറ്റ ചങ്ങാതിയും,  ആശാന് വേണ്ടി നിരന്തരം കറങ്ങുന്ന ഒരു "ഫാനും " അഥവാ ആസ്വാദകവൃന്ദനും ആകുന്നു തഥാഗതന്‍. കഥകളി മുറയില്‍ തന്നെ കുശലാന്വേഷണങ്ങള്‍ കുശാലായി കഴിച്ചതിനു ശേഷം  ആസ്വാദകവൃന്ദന്‍ വലതു കയ്യിലെ പെരുവിരലും ചൂണ്ടുവിരലും അര്‍ദ്ധചന്ദ്രാകൃതിയില്‍ അകത്തേക്ക് വളച്ചുപിടിച്ചു ആശാനോട് "ദാഹിക്കുന്നില്ലേ " എന്ന് ചോദിച്ചു .

ദാഹമില്ലാത്ത ആശാന് അത് കണ്ടപ്പോള്‍ കലശലായ ദാഹം തോന്നി . തേപ്പ് നിര്‍ത്തി കണ്ണാടി താഴെ വെച്ചു എന്ന് സാരം . ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാന്നാണല്ലോ . 

"അല്ല ... ഞാനിനി ചുട്ടിക്ക് കെടക്കാന്‍ പുവ്വാണ്."

"ഹയ്യ്‌ ! അദ്ദക്കെപ്പോ ന്താ പ്പോ.  നമ്മള് ഒന്നപ്രത്തേക്ക് മാറ്വാ . കരിക്കില് ഒരു തൊളയിട്വാ . ഒന്ന് ഘ്രാണിക്ക്യാ  . പോര്വാ. അദ്ദന്നെ"

ന്യായം! ആശാന്‍ വൃന്ദന്റെ കൂടെ ഒന്ന് മാറി സ്വതസിദ്ധമായ ശൈലിയില്‍ കരിക്കിന്റെ മൂക്കിനെ ഉച്ചാടനം ചെയ്ത് അഗ്നിദ്രാവകത്തെ ഗര്‍ഭം ധരിച്ചു . 

ഇവന്‍ ഛിദ്രം ഉണ്ടാക്വോ ?" ആശാന്‍ ആസ്വാദകവൃന്ദനോടായി ചോദിച്ചു . 

"യെന്താ  ആശാന്‍ യീ പറയണ് ? തീക്കട്ടയില്‍ ഉറുമ്പരിക്ക്യെ ? ദ്രാവകത്തെ ആശാന്‍ ഫിറ്റാക്കിയതല്ലാതെ മറിച്ച് ചരിത്രമുണ്ടോ "

നെവര്‍ ! ആശാന്‍ തൃപ്തമാനസനായി നേരെ പോയി ചുട്ടിക്ക് കിടന്നു . 

ചുട്ടിക്കാരന്‍, ആശാനെ കുരങ്ങന്റെ രാജാവായി രൂപാന്തരം വരുത്തി തോളത്തു തട്ടി വിളിക്കുമ്പോള്‍ ആശാന്‍ ഉറക്കത്തില്‍ പലതവണ ദക്ഷനെ വധിക്കുന്ന വീരഭദ്രനായി ആടിയമര്‍ന്നിരുന്നു . മുരണ്ടുകൊണ്ട് കുഞ്ഞമ്പുനായര്‍ പായയില്‍ നിവര്‍ന്നിരുന്നു . തനിക്കു ചുറ്റും ഇതാ വാനരസഭയിലെ  അംഗങ്ങള്‍ . 

"എവ്വടെ അവന്‍ ? ആ സുഗ്രീവന്‍ ?"

"അല്ലാ! സുഗ്രീവന്‍ ഒക്കെ അരങ്ങത്ത് പോയി ആശാനേ. ആശാന്‍ ഉടുത്ത്കെട്ടിയാട്ടെ" പെട്ടിക്കാരന്‍ വിനീതനായി പറഞ്ഞു 

"ഇന്നബ്ബനെ ഞാന്‍ കൊല്ലുടാ ." എന്നും പറഞ്ഞു കുഞ്ഞമ്പുവാശാന്‍ തിരിഞ്ഞതും അതാ നില്‍ക്കുന്നു ആസ്വാദകവൃന്ദന്‍

പിന്നെയും. കയ്യില്‍ പെരുവിരലും ചൂണ്ടുവിരലും അര്‍ദ്ധചന്ദ്രാകൃതിയില്‍ അകത്തേക്ക് വളച്ചുപിടിച്ച മുദ്ര . മുഖത്ത് സ്നേഹം നിറഞ്ഞ ചിരി .

ആശാന്‍ ശാന്തനായി , ആശയ ഗംഭീരനായി, വൃന്ദന്റെ പിറകെ പോയി ഒരു കരിക്കിന്റെ ചാരിത്ര്യം കൂടി കവര്‍ന്നെടുത്ത് തിരികെയെത്തി ഉടുത്തു കെട്ടാന്‍*1 നിന്നു. അഥവാ നിന്ന് കൊടുത്തു . കെട്ടലൊക്കെ അവരായി അവരുടെ പാടായി . ആശാന്‍ അതിനിടയില്‍ എപ്പോഴോ  കിഷ്കിന്ധയിലെ ബാലിയായിക്കഴിഞ്ഞിരുന്നു . ഇന്ദ്രപുത്രനായ ബാലി . അതിബലവാന്‍ . 
"ഗ്വഗ്വേ " എന്നലറിയ, ഉടുത്തുകെട്ടി നില്‍ക്കുന്ന ,ബാലിയെ കണ്ടപ്പോഴേ കളിത്തട്ടിലെ ഒരു പ്രധാനിയുടെ തലയില്‍ നിന്നും ഒരു കിളി ചിറകടിച്ചു പറന്നു പോയി .

ചുവന്ന താടി വെച്ചു കെട്ടുക , കുറ്റിച്ചാമരം*3 തലയില്‍ വെച്ചു മുറുക്കുക*2  എന്നീ കര്‍മ്മങ്ങള്‍ ചെയ്തുവെന്നോ ചെയ്തില്ലെന്നോ പറയാം . എന്തൊക്കെയോ വെച്ച് കെട്ടിയും കെട്ടാതെയും  കുഞ്ഞമ്പുനായര്‍ ബാലിയായി മാറി .
അരങ്ങില്‍ നിന്നും ഉച്ചസ്ഥായിയില്‍ ഉള്ള ഘണ്ടാരം രാഗം കേട്ടതും അലറിക്കൊണ്ട്‌ കുഞ്ഞമ്പുന്റെ ബാലി അരങ്ങത്തേക്ക് ആടിയാടി നീങ്ങി .

"ഇത്ഥം ഭൂചക്രവാളം ഞെടുഞെടെയിളകിത്തുള്ളുമാറട്ടഹാസൈ" ശ്ലോകം പാടിയ പാട്ടുകാരനോ അതോ ഞാനോ എന്നാ മട്ടായി കുഞ്ഞമ്പു .

സദസ്സില്‍ ഘനഗംഭീരന്മാരായി അണിനിരന്നിരിക്കുന്നു റിട്ടയേഡ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അനന്തയ്യരുടെ നേതൃത്വത്തില്‍ എല്ലാ പ്രധാനികളും . ഗവര്‍ണ്ണര്‍ ജോലിയെന്ന നേരംപോക്കിനിടയില്‍ കഥകളി പോലുള്ള ഫോക്ക്ഡാന്‍സുകളെ ഗൌരവമായി കണ്ടുകളയാം എന്ന ഒരൊറ്റ ഉദ്ദേശത്തില്‍ സംസ്ഥാന ഗവര്‍ണ്ണര്‍ ശ്രീമതി അപരാജിതാ ദീക്ഷിത്  സ്തോഭത്തോടെ വിജ്രുംഭിതയായിരുന്നു . അതാ പന്തവും കൊളുത്തി അലറിക്കൊണ്ട്‌ ബാലി . ആയമ്മക്ക് ഭയം തോന്നി . ദില്ലിയിലെ തണുപ്പത്ത് കൂടി ഇത്രയും കിടുകിടുപ്പ് തോന്നിയിട്ടില്ല . 

സുഗ്രീവനും ബാലിയും യുദ്ധം തുടങ്ങി വന്നപ്പോഴേക്കും ബാലി പച്ചമലയാളത്തില്‍ സംസാരിച്ചു തുടങ്ങി . ബാലിയുടെ വയറ്റിലെ കരിക്കുകള്‍ തിളച്ചു മറിഞ്ഞു തുടങ്ങിയിരുന്നു . ആംഗികം നാമമാത്രവും വാചികം മുഖ്യവും ആയതോടെ പ്രധാനികളും കാണികളും ഞെരിപിരി കൊള്ളാന്‍ തുടങ്ങി . ഗവര്‍ണ്ണര്‍ നിര്‍ന്നിമേഷയായി ബാലിയുടെ വര്‍ത്തമാനങ്ങള്‍ കേട്ട് ചെവി വട്ടം പിടിച്ചിരുന്നു . "ദിസ് ബാലി ഈസ് അമേസിംഗ് യാര്‍ " എന്നും ചൊല്ലിനാള്‍.

അതാ ബാലിയുടെ തലയിലെ കുറ്റിച്ചാമരം ഊരി വലത്തേക്ക് തൂങ്ങുന്നു . ബാലി താങ്ങിപ്പിടിച്ചിട്ടുണ്ട് . അതോ സുഗ്രീവനെ കണ്ടിട്ട് യുദ്ധം ചെയ്യാനായുള്ള സൌകര്യത്തിനായി  തലയില്‍ നിന്നും ഊരിയതോ ? 
യുദ്ധം മൂര്‍ച്ചിച്ചു. ബാലി മലയാളി തന്നെയോ  എന്ന ഊഹാപോഹങ്ങള്‍ക്കൊക്കെ വിരാമമിട്ടുകൊണ്ട് കുഞ്ഞമ്പുവിന്റെ ബാലി സുഗ്രീവനെ നല്ല പച്ച മലയാളത്തില്‍ തെറി പറഞ്ഞു കൊണ്ട് യുദ്ധം ചെയ്തു .

പരുങ്ങി നിന്ന സുഗ്രീവന്‍  രാമനെ ക്ഷണത്തില്‍ വരുത്തുവാന്‍ പിറകിലേക്ക് സിഗ്നല്‍ കാട്ടി . എവ്വടെ ഈ ചീരാമന്‍!!

അതാ ശ്രീരാമന്‍ . ബാലിയെ വധിക്കാം എന്നു സുഗ്രീവനുമായി സഖ്യം ചെയ്ത സാക്ഷാല്‍ ശ്രീരാമന്‍ . കുലച്ച വില്ലില്‍ അമ്പു തൊടുത്ത് രാമന്‍ ഒരൊറ്റ എയ്ത്ത് .

ശരിക്കും ബാലി താഴെ വീഴേണ്ടതായിരുന്നു . കുഞ്ഞമ്പുവിന്റെ ബാലി അതിനൊരുക്കമായിരുന്നില്ല .

വയറ്റില്‍ തിളയ്ക്കുന്ന കരിക്കിന്‍വെള്ളം .
വലതുകയ്യില്‍ ഊരി നില്‍ക്കുന്ന കുറ്റിച്ചാമരം .
അതിനിടയില്‍ അമ്പെയ്ത്ത് .
ആരെടാ നീ !! എന്നെ കൊല്ലാമെന്നു കരുതിയോ ? ഗ്വാഗ്വെ

ഇനി ബാലിശ്രീരാമനെ വധിച്ചു കളയുമോ എന്ന് ശങ്ക.
പക്ഷെ അവസരോചിതമായി സുഗ്രീവന്‍ ബാലിയെ ബലമായി പിടിച്ചു കിടത്തി അവിടെ കിടന്ന ഒരമ്പ് എടുത്ത് വയറ്റത്ത് കുത്തനെ ഫിറ്റ് ചെയ്തുകൊടുത്തു . ഇനി ചാവുക മാത്രമേ വേണ്ടൂ !

എവ്വടെ !!!!

അതാ കുഞ്ഞമ്പുവിന്റെ ബാലി എഴുന്നേറ്റു വരുന്നു . സുഗ്രീവന്‍ ബാലിയുടെ ഭാര്യ താരയെ ഒരു കൈ സഹായത്തിനു വിളിച്ചു. താര ഒരു വശത്തും, സുഗ്രീവന്‍ മറു വശത്തും ആയി ഇരുന്നു ബാലിയെ കീഴ്പ്പെടുത്തി കിടത്തി മയ്യത്താക്കി. തിരശീല പിടിച്ചിട്ടെ അവര്‍ മയ്യത്തായ ബാലിയെ സ്വതന്ത്രനാക്കിയുള്ളൂ എന്ന് സാരം . കുഞ്ഞമ്പുവിന്റെ ബാലി എഴുന്നേറ്റ്  വീണ്ടും അലറിക്കൊണ്ട്‌ അണിയറയിലേക്ക് പോയി .

അനന്തയ്യരും കൃഷ്ണക്കയ്മളും അടങ്ങുന്ന പ്രധാനികള്‍ ശ്വാസം നേരെ വിട്ടു . ഗവര്‍ണ്ണര്‍ ശ്രീമതി അപരാജിതാ ദീക്ഷിത് അതോടെ "വാവ് ! വാട്ട് എ ഷോ" എന്ന് പറഞ്ഞു (അഭിനയം സ്വാഭിവകമാവുമ്പോള്‍!). ആയമ്മയെ പ്രധാനികള്‍ എല്ലാവരും കൂടി ഒരുവിധം കാറിനുള്ളില്‍ ആക്കി വാതിലടച്ചു പറപ്പിച്ചു  വിട്ടു .

അനന്തയ്യര്‍ മൈക്ക് കയ്ക്കലാക്കി നിരുദ്ധകണ്ഠനായി, ഗദ്ഗദയ്യര്‍ ആയി അനൌണ്സ് ചെയ്തു .

"സഹൃദയരെ . മദ്യപിച്ച് മദോന്മാത്തനായി ഒരാള്‍ കാണിച്ച ഈ അവിവേകത്തിന് ക്ഷമ ചോദിക്കുന്നു . ഇനി മേലാല്‍ കുഞ്ഞമ്പുവിനു ഇവിടെ വേഷമില്ലാ"

അണിയറയില്‍ നിന്നും അപ്പോള്‍ ഒരു അലര്‍ച്ച കേട്ടു

"ഗ്വാഗ്വേ .. ഹേയ് .. അവിവേകോ !  ഇദ്ദേ .. പണ്ട് നാരദന്‍ രാവണനോടു പറഞ്ഞ പോലെയുള്ള ബാലിയാ . ബാലി മത്തനായിരുന്നു ഹേ."*4
__________________________________________________________________
*1ഉടുത്തുകെട്ടുക : കഥകളി വേഷത്തിന് അരയില്‍ കച്ചകെട്ടി അതിനു മേല്‍ തുണിയിട്ട് വലിപ്പം കൂട്ടി അതിനുമെലെ ഭംഗിയുള്ള ഞോറിയിടുക 
*2വെച്ചുമുറുക്കുക : കഥകളി വേഷക്കാര്‍ , കാതില്‍ തോടയണിയുക , തലയില്‍ കിരീടം വെക്കുക മുതലായവ ചെയ്യുന്നത് 
*3കുറ്റിച്ചാമരം : താടി വേഷങ്ങള്‍ക്ക് തലയില്‍ അണിയുന്ന വലിപ്പമുള്ള കിരീടം 
*4 - ബാലിവിജയം കഥകളിയില്‍ നാരദന്‍ രാവണനോടു പറയുന്നത് 
"ഓര്‍ത്താലതിലഘുവെങ്കിലുമൊരു 
വാര്‍ത്തയുണ്ടിപ്പോളുണര്‍ത്തുവാന്‍ 
മത്തനാം ബാലിക്കുമാത്രം
ഭവാനോടു മത്സരമുണ്ടതു നിസ്സാരമെത്രയും"

Friday, June 20, 2014

ഒരു പെന്‍സിലൊടിയുടെ ഓര്‍മ്മ

അമ്പലപ്പുഴയിലെ പുതുമന എന്ന ഇല്ലം വക ഒന്നര ഏക്കര്‍ ഒരു പറമ്പ് . കാരാത്ത് .

പായല്‍ മൂടിയ രണ്ടു കുളങ്ങള്‍ , കെട്ടിപ്പിടിച്ചാല്‍ എത്തം കിട്ടാത്ത രണ്ടു കൂറ്റന്‍ ആഞ്ഞിലിമരങ്ങള്‍ അവിടെയും ഇവിടെയുമായി നില്‍ക്കുന്ന കുറച്ചു പെരുമരങ്ങള്‍ . അതിന്റെ ഇടയില്‍ വിശാലമായ പുല്‍ത്തകിടി .

പഠനവും അതിനെക്കാളേറെ ഇടവേളകളുമായി ഉല്ലസിച്ചു നടന്ന ഞങ്ങളുടെ കൌമാരയൌവനങ്ങളില്‍ കാരാത്തു പറമ്പ് ഞങ്ങളുടെ ഹൃദയങ്ങളെ യൌവനയുക്തവും ക്രീഢലോലവും ആക്കി തീര്‍ത്തു.

സീസണ്‍ വരുന്നതിനനുസരിച്ച് അതാത് സീസനുകളിലെ കളി കളിക്കുക എന്നത് എണ്‍പതുകളിലും തൊണ്ണൂറുകളിലും കുമാരന്മാരും യുവാക്കളും ആയ മറ്റേതു കേരളീയരെയും പോലെ  ഞാന്‍ അടക്കമുള്ളവരുടെയും  വിനോദമായിരുന്നു . സ്പോര്‍ട്സ് എന്നത് കേവലം വിനോദോപാധി അഥവാ സമയംകൊല്ലി മാത്രമാണ് അല്ലാതെ സംസ്ഥാനത്തിനോ രാജ്യത്തിനോ മഹത്തായ സംഭാവനകള്‍ കൊടുക്കുവാന്‍ കഴിയുന്ന എന്തോ സംഭവം ആണെന്ന ഭാവം സര്‍ക്കാരുകളെ പോലെ തന്നെ ഞങ്ങളെയും തീരെ ബാധിച്ചിരുന്നില്ല . ഒരുതരം നിഷ്കാമകര്‍മ്മം. ക്രിക്കറ്റ് സീസണ്‍ ആവുമ്പോള്‍ റബ്ബര്‍ പന്ത് , കോര്‍ക്ക് ബോള്‍, ക്രിക്കറ്റ് ബോള്‍ എന്നിവ കൊണ്ടുള്ള ക്രിക്കറ്റ് കളി . 1983  എന്നമലയാള സിനിമ ഇറങ്ങിയത്‌ കൊണ്ട് ഇനി അതിന്റെ വിവരണത്തിന് പ്രസക്തിയില്ല .

കോപ്പ അമേരിക്ക / യുറോ / ലോകകപ്പ് ഫുട്ബോള്‍ അടുക്കുമ്പോഴേക്കും ഉള്ള കാശെല്ലാം ഷെയര്‍ ഒക്കെ ഇട്ട് കൂട്ടത്തിലെ രണ്ടു പേര്‍ ആലപ്പുഴ ടൌണില്‍ പോയി ആഘോഷപൂര്‍വ്വം ഒരു ബോള്‍ വാങ്ങിക്കൊണ്ടുവരുന്നു . നിവിയ എന്നൊക്കെ എഴുതിയിട്ടുള്ള ഒരു ഫുട്ബോള്‍ ആണെന്നാണോര്‍മ്മ. പിന്നെ ഒരു നാല് മുളംതൂണുകള്‍ രണ്ടു മുടി പിണിക്കയര്‍ (ക്രോസ്ബാറിനു പകരം വലിച്ചു  കെട്ടാന്‍ ). സെറ്റപ്പ് റെഡി ആയിക്കഴിഞ്ഞു .

നാലുമണിക്ക് രണ്ടു ടീമും ഇട്ടു കളി തുടങ്ങുന്നു . കളിക്ക് റഫറി എന്നൊന്നില്ല . അതൊക്കെ തരാതരം പോലെ പരസ്പരം വിളിച്ചു പറയുന്നു . കളിയുടെ ആദ്യദിനങ്ങളില്‍ വാളെടുത്തവനെല്ലാം വെളിച്ചപ്പാടെന്നു പറഞ്ഞപോലെ ഇരു ടീമുകളിലെയും മുഴുവന്‍ അംഗങ്ങളും (ഗോളികള്‍ അടക്കം ) പന്തിനു പിറകെ ഒരു കണ്ട്രോളും ഇല്ലാതെ ഓടും എന്നതായിരുന്നു എടുത്തു പറയത്തക്ക സവിശേഷത . എല്ലാവര്‍ക്കും ഗോളടിക്കണം. മാറഡോണ, കനീജിയ ,  റൂഡ്‌ ഗള്ളിറ്റ് , റായിക്കാദ്, വാന്ബസ്ടന്‍ ,ബാജിയോ , സ്കില്ലാച്ചി , റൊമാരിയോ , ബാബെറ്റോ, റോബര്‍ട്ടോ കാര്‍ലോസ് തുടങ്ങി അതികായരുടെ കളിയൊക്കെ കണ്ടിട്ടുള്ള പന്താക്രാന്തം . ഒരു ഗോള്‍മുഖം മുതല്‍ മറ്റേ ഗോള്‍മുഖം വരെയുള്ള തേരാ പാരാ ഓട്ടം . ഇടക്ക് ഗോളോക്കെ വീഴും . ആരെങ്കിലുമൊക്കെ ഒഫ്സൈട് വിളിക്കും , തന്തക്കു വിളിയും മുറക്ക് നടക്കും . നാട്ടിന്പുറത്ത് ആര്‍ക്കും ബൂട്ടൊന്നും ഇല്ലല്ലോ . നഗ്നപാദരായാണ് കളി . ടിവിയിലെ കളിയില്‍ കളിക്കാര്‍ പന്ത് ബൂട്ട് കൊണ്ട് കുത്തിപ്പൊക്കി വിടുന്നത് കണ്ടു ആവേശോജ്വലമായി കളിക്കുമ്പോള്‍ നന്നായി പന്തടിക്കാനായി കാലിന്റെ പെരുവിരല്‍കൊണ്ട് ആഞ്ഞുകുത്തിവിടും . അപ്പോള്‍ "ക്ട്ക്കോ" എന്നൊരു ശബ്ദവും തൊട്ടുപിറകെ "അയ്യോന്റമ്മോ " എന്നൊരു ശബ്ദവും കേള്‍ക്കാം . അതായത് പെരുവിരല്‍ ഫുട്ബോളില്‍ കൊണ്ട് ഒടിഞ്ഞുളുക്കിയ ശബ്ദമാണ് ആദ്യത്തേത് . അതിനുള്ള അപരനാമധേയമാകുന്നു "പെന്‍സിലൊടിയുക" എന്നത് . രണ്ടാമത്തെ ശബ്ദം പെന്‍സിലിന്റെ ഉടമയുടെ ദീനരോദനമാണ് . അതോടെ ആവേശ്കുമാരന്മാര്‍ പതുക്കെ സൈഡാകും .

ആദ്യത്തെ രണ്ടു ദിവസത്തെ കളി കഴിഞ്ഞാല്‍ പിന്നെ അത്യാവശ്യം മന്ദതകള്‍ ഒക്കെ വരും . കാരണം ശരീരം മൊത്തമായി ഇളകിയിട്ടുള്ള അസ്കിതകള്‍ . പ്രധാനമായും ഒന്ന് ചിരിക്കാന്‍ പോലും പറ്റില്ല . വയറിന്റെ മസിലൊക്കെ വല്ലാതെ വേദനിക്കും . പിന്നെ കക്കൂസിലോക്കെ പോയി ഒന്ന് കുത്തിയിരിക്കുക എന്ന് പറഞ്ഞാല്‍ വളരെ പരാധീനതകളോടെ ഇരു ഭിത്തികളിലും പിടിച്ചു പിടിച്ചു വേണം പതുക്കെ ഇരിക്കാന്‍ . ഇരു തുടകളിലും അസഹ്യമായ വേദനയാണ് .ഈ സമയത്താണ് അമ്മ പരിപാവനമായി സൂക്ഷിച്ചു വെച്ചിരിക്കുന്ന സാരിഫാളുകള്‍,, പഴയ സാരികള്‍ ഒക്കെ വീട്ടില്‍ നിന്നും അപ്രത്യക്ഷമാകുന്നത് . ഈ വസ്തുക്കളെല്ലാം പട്ടീസ് പോലെ കീറിയെടുത്തു നീര് കെട്ടിയ കാലില്‍ ചുറ്റിക്കെട്ടാനായി ഉപയോഗിച്ചിരുന്നതിനാല്‍ ആണത് . കാശ് കൊടുത്ത് വലിയ ബാന്റെജ് ഒന്നും വാങ്ങുവാന്‍ നമുക്ക് പാങ്ങില്ലല്ലോ .

വേദനയുടെ ആദ്യഘട്ടമോക്കെ കഴിയുന്നതോടെ കളി ഉഷാറാവുന്നു. ഓരോരുത്തരും അവനവന്റെ നിലക്കും വിലയ്ക്കും പറ്റിയ പൊസിഷനൊക്കെ പിടിച്ചു കളി തുടങ്ങുന്നു . ബോള്‍ കണ്ട്രോള്‍ ഒക്കെ ഒരു വഴിയാണ് . റൂഡ്‌ ഗള്ളിറ്റ് വലതു വിങ്ങിലൂടെ കുതിച്ചോടി വന്നു വലതു നിന്നും ഗോള്‍മുഖത്തിന്‌ കുറുകെ കൊടുക്കുന്ന ക്രോസ് മനസ്സില്‍ വെച്ചുകൊണ്ടാണ്‌ പന്തും കൊണ്ടുള്ള പാച്ചില്‍ . കാണുമ്പോള്‍ പന്തും ഉരുട്ടി സ്പീഡില്‍ ഓടുകയാണ് എന്നെ തോന്നൂ . പക്ഷെ സ്പീഡില്‍ ഉരുളുന്ന പന്തിനു പിറകെ ഒരാവേശത്തിനു അങ്ങ് ഓടുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം . ബോളും ആളും തമ്മില്‍ അങ്ങിനെ പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ലെന്നര്‍ത്ഥം. ഒടുവില്‍ ക്രോസ്സിനു ദാഹിച്ചു നില്‍ക്കുന്ന ഫോര്‍വേഡുകള്‍ അവിടെ നില്‍ക്കും ബോളും ആളും കൂടി നേരെ ഓടി പുറത്തു പോവുകയും ചെയ്യും . 

ഹൈലൈട്സ്

1. കുളത്തില്‍ വീണു നനഞ്ഞ ഫുട്ബോള്‍ , മണ്ണ് പറ്റി പിന്നെ പൊങ്ങിവരുമ്പോള്‍ ഹെഡ് ചെയ്യുമ്പോള്‍ നെറ്റിയില്‍ ഉണ്ടാവുന്ന തരിപ്പ് 
2. വിജയന്‍ എന്നാ മുട്ടാളനായ ഒരു സഹോദരന്‍ അടിച്ച അടി നെഞ്ചു കൊണ്ട് തടഞ്ഞ മറ്റൊരു സഹോദരന്റെ ശ്വാസകോശം വാക്വം ആയി പോയത് . 
3. ബാക്ക് എന്നാല്‍ ഗോളടിക്കാന്‍ വരുന്നവനെ "കുത്തുകാല്‍" എന്ന സുകുമാരകലയിലൂടെ മുടന്തനാക്കി വിടുന്ന ഒരു പ്രത്യക് പൊസിഷന്‍ ആണെന്ന തോന്നല്‍ (ഈയുള്ളവന്‍ അത്തരത്തില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഒരു ബാക്ക് ആയിരുന്നു എന്നത് സ്മരണീയം )
4. ഫോര്‍വേര്‍ഡ് എന്നാല്‍ എപ്പോള്‍ നോക്കിയാലും ഗോളിയുടെ ഒരു മീറ്റര്‍ അകലെ അടുപ്പും കൂട്ടി തീ കായാനിരിക്കുന്ന ഒരു ജാതി മനുഷ്യന്‍ എന്ന തോന്നല്‍ .
5. ഓഫ്സൈഡ് വിളി - പന്ത് മറ്റേ ടീമിന്റെ പെനാല്‍റ്റി ബോക്സില്‍ നിന്നും വരുന്നതാണെങ്കിലും ചുമ്മാ വിളിച്ചു കൂവി അലമ്പാക്കാനുള്ള ഒരു നിയമം .
6. 5-0 ത്തിനു മറു ടീമിനെ തോല്‍പ്പിക്കും എന്ന് വെല്ലുവിളിച്ചിട്ട് , 7-0 ത്തിനു തോല്‍ക്കുമ്പോള്‍ "എന്നാലും നീയൊന്നും പത്ത് ഗോളടിച്ചില്ലല്ലോ" എന്ന് വാശിയോടെ കളിയാക്കുന്ന മഹേഷ്‌ എന്ന സുഹൃത്തിന്റെ കുറുമ്പ് 
7.പെനാല്‍റ്റി വിളിക്കുമ്പോള്‍ കേള്‍ക്കുന്ന പച്ചത്തെറികളും തന്തക്കുവിളികളും .
8. പാഞ്ഞുള്ള വരവിന്റെ വേഗത കൊണ്ടാവാം "ശീര്‍" എന്ന ഇരട്ടപ്പേരുള്ള മത്സ്യത്തൊഴിലാളിയായ ഒരു സുഹൃത്തിന്റെ പക്ഷിയെ പോലെ കൈ വിടര്‍ത്തിപ്പിടിച്ചു പന്തടിക്കാന്‍ പാഞ്ഞുള്ള വരവ് .
9. കള്ളക്കളികളുടെ സീരീസ് 

.... ലിസ്റ്റ് അപൂര്‍ണ്ണം ...  ഗൃഹാതുരത എന്നത് അവനവന്റെ കാര്യം വരുമ്പോഴെങ്കിലും ക്ലീഷേ ആയി തോന്നാത്ത ഒരു പദമാണ് . ഒരു ചിന്തകളുമില്ലാതെ കളിച്ചു തിമര്‍ത്ത കാലം . അന്നത്തെ വേദനകള്‍ പോലും ഇന്ന് മധുരതരം. 

ഒന്നുകൂടി പെന്‍സിലൊടിക്കുവാന്‍ മോഹം ....

Saturday, April 26, 2014

പിഴിഞ്ഞൂണ്

മാമ്പഴക്കാലമായതില്‍ പിന്നെ, വാരാന്ത്യങ്ങളില്‍ ഉച്ചയൂണ് അത്യന്തം ശ്രമകരവും ഘനപ്പെട്ടതും അമറനും ആയിത്തീര്‍ന്നു . പേരറിയുന്നതും അറിയാത്തതും ആയ മാമ്പഴങ്ങള്‍ വേണം അനവധി. കയ്യില്‍ ഒതുങ്ങാത്ത വലിപ്പമുള്ളത് മുതല്‍ അമ്പഴങ്ങയുടെ വലിപ്പമുള്ള കുഞ്ഞന്‍ പഴംമാങ്ങകള്‍ അഞ്ചോ ആറോ എണ്ണം . എണ്ണത്തിലല്ല മറിച്ച് പിഞ്ഞാണം നിറയെ ചാറ് നിറയ്ക്കുക എന്നതാണ് പ്രധാനം .

പിന്നെ , ആറു വറ്റല്‍ മുളക് നന്നായി ചുട്ടത് (ന്ന് വെച്ചാല്‍ ചുടുമ്പോള്‍ ചുമയ്ക്കുന്നത് വരെ ചുടാം )
ഉപ്പ് - ആവശ്യത്തിനു 
തൈര് - ഉണ്ടെങ്കില്‍ കുശിയായി . ഇല്ലെങ്കിലും മുഷിയില്ല
ചോറിന്റെ അളവിന് പരിധി നിശ്ചയിക്കേണ്ടതില്ല. (ചാറിനൊത്ത ചോറും ചോറിനൊത്ത ചാറും എന്നായാലും മുഷിയില്ല )

കറിമാങ്ങാ , കര്‍പ്പൂര മാങ്ങാ , ചക്കരച്ചി ..അങ്ങിനെ പേരുള്ള ഇനങ്ങളില്‍  തുടങ്ങി ലവിടുത്തെ മാങ്ങാ , അപ്രത്തെ മാങ്ങാ എന്നൊക്കെയുള്ള പേരില്ലാപേരുള്ള മാമ്പഴങ്ങളുടെ ഒക്കെ ചെന്നി ചെത്തി അത് വഴി പെരുവിരല്‍ ആഴ്ത്തിയിറക്കി ഞെക്കിപ്പിഴിഞ്ഞ്‌ അവറ്റകളെ ഒന്നൊന്നായി നിഷ്ക്കരുണം വധിക്കുക . മാങ്ങാണ്ടി എന്നറിയപ്പെടുന്ന മാവിന്റെ മാതൃഭാവം "എന്നെ ഒന്ന് വിട്വോ " എന്ന് കരയുമ്പോള്‍ അതിനെ വശത്തേക്ക് മാറ്റി വെക്കാം .അങ്ങിനെ പിഴിഞ്ഞ് പിഴിഞ്ഞ് പിഞ്ഞാണം നിറയെ മാങ്ങാച്ചാര്‍ നിറഞ്ഞു കഴിയുമ്പോള്‍ അതിലേക്ക് നേരത്തെ ചുട്ടു ശരിപ്പെടുത്തി വെച്ചിരിക്കുന്ന വറ്റല്‍ മുളകുകളെ ഇട്ടിട്ട് ഞെരിച്ച്,  ശ്വാസം മുട്ടിച്ച് , ഉടച്ച് ചേര്‍ക്കുക .പാകത്തിന് ഉപ്പും ചേര്‍ക്കുക 

ഈ ചാറും , ചോറും നന്നായി കുഴയ്ക്കുക (അല്ല .. കലക്കുക ). വേണമെങ്കില്‍ (മധുരം മുന്നിട്ടു നില്‍ക്കുന്നെങ്കില്‍ ) കുറച്ച് തൈരും ചേര്‍ക്കുക . ഒരു ലാമ്പ് ലാമ്പി ഒരു കൈക്കെടുത്ത് നാക്കിലെക്ക് വെച്ച് പാകം നോക്കുക . ശോ ! സഹിക്കില്ല .

എരിപുളികടുമധുരം ......

ഒരു മുന്നാഴി അരിയുടെ ചോറ് ആക്ഷേപമില്ലാതെ ഉണ്ണാം . സര്‍ ചാത്തു ഊണ് കഴിച്ചത് പോലെ നേരം വളരെ വൈകുന്നത് വരെ ഉണ്ടും വിയര്‍ത്തും തുടച്ചും പിന്നെയുമുണ്ടും കഴിച്ചു കൂട്ടാം.
ഈ ബഹളത്തിനിടയില്‍ സാധാരണ സീസണുകളില്‍ ഊണിനു സഹായത്തിനായി വിളമ്പി വരുന്ന അവിയല്‍ , തോരന്‍ , മെഴുക്കുപുരട്ടി തുടങ്ങിയവ ഒക്കെ "സൈഡ് " ലെ ഡിഷസ് ആവുകയാണ് പതിവ് (ഓരോ അഹങ്കാരങ്ങള്‍ .. അല്ലാതെന്താ ).

നമ്മള് ഇങ്ങനെ കഷ്ടപ്പെട്ട് , ബുദ്ധിമുട്ടി മാങ്ങയൊക്കെ പിഴിഞ്ഞ് വരുമ്പോഴേക്കും എകപത്നിയും ഒറ്റപ്പുത്രിയും അമ്മയും  ഒരു മുക്കാല്‍ ഊണ് കഴിഞ്ഞിട്ടുണ്ടാവും . ഇടക്ക് അങ്ങോട്ടുമിങ്ങോട്ടും നോക്കി "കഷ്ടം" , "പാവം" എന്നൊക്കെ പറയുന്നും ഉണ്ടാവും (മാങ്ങാ പിഴിയുന്നവനെ പറ്റിയാണ് )ഒടുക്കം ഈ ചാറും ചോറും ഒക്കെ മിക്സാക്കി അടിച്ചു കസറി , തീരാറാവുമ്പോള്‍, കുറെ ചാറു മാത്രം ബാക്കിയാവുമല്ലോ പിഞ്ഞാണത്തില്‍ . അതിങ്ങനെ പാത്രത്തില്‍ വൃത്തിയായി വടിച്ച് കൂട്ടി "ഹയ്യാ " എന്ന് രസത്തിലങ്ങനെ മോന്തി ഫിനിഷാക്കാനായി പോവുമ്പോള്‍ അതാ ഒരു കൈ നീണ്ടു വരുന്നു . പിറകെ ശബ്ദവും . "ഇങ്ങു തന്നേ .. എങ്ങനുണ്ടെന്നു നോക്കട്ടെ "
നമ്മുടെ ലേഡിയാകുന്നു .
ഏത്?.. എങ്ങനെ ?...
എങ്ങനൊണ്ടെന്നു നോക്കട്ടെന്ന് . എന്തൊരു  അനുകമ്പയും പുച്ഛവും  ആയിരുന്നു . കൊതിച്ചി . :)


കാലാകാലങ്ങളായി എഴുപത്തിയന്ച് - എഴുപത്തിയാറു റേഞ്ചില്‍ നിന്നിരുന്ന ശരീര തൂക്കം എണ്‍പതുകളിലെക്ക് കയറിക്കഴിഞ്ഞു . ന്നാലും അതില്ലാതെ .

Sunday, February 16, 2014

ഈച്ചയടിയുടെ രീതിശാസ്ത്രം

 ഈച്ചയടി എന്നത് മലയാളിയുടെ കാഴ്ചപ്പാടില്‍ ഒരു പണിയും ഇല്ലാത്തവന്‍ ചെയ്യുന്ന പരിപാടിയാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാന്‍ ഇടയില്ല .

പക്ഷെ അക്ഷരാര്‍ത്ഥത്തില്‍ "ഈച്ചയടി" എന്നത് അത്ര നിസ്സാരമല്ല എന്നും അത് നാടിനും വീടിനും ഗുണം ചെയ്യുന്ന വളരെയധികം സോഷ്യല്‍ കമ്മിറ്റ്മെന്റ് ഉള്ള ഒരു പ്രവൃത്തി  ആണ് എന്ന് വായനക്കാരെ ഉദ്ബോധിപ്പിക്കുവാന്‍ കൂടിയാണ് ഈ പോസ്റ്റ്‌ 

പണ്ട് ഞാന്‍ അഭ്യസ്തവിദ്യനായ തൊഴില്‍രഹിതനായി (അതായത് പ്രീഡിഗ്രി - ഡിഗ്രി പഠനവും പുനര്‍ഗവേഷണ കാലങ്ങളും ;-) ) നടക്കുന്ന സമയം . പകല്‍ സമയങ്ങളില്‍  തൊട്ടടുത്തുള്ള കാരാത്ത് കാവ് എന്നാ  ഒരില്ലപ്പറമ്പില്‍ ആണ് സമാനമനസ്കരായ സുഹൃത്തുക്കളോട് കൂടിയുള്ള സഹവാസം . ക്രിക്കറ്റ് , ഫുട്ബോള്‍ വേള്‍ഡ് കപ്പ്‌ വരുമ്പോള്‍ ഫുട്ബോള്‍ മുതലായ വിദേശകേളികള്‍ക്കൊപ്പം കബഡി , നിര , ശീട്ടുകളി (ഗുലാം പരിശ് , പന്നി മലത്ത് ), തീപ്പെട്ടി കളി , കിംഗ്‌ കളി , സാറ്റ് കളി  എന്നിവയും ഞങ്ങള്‍ നിതാന്ത്ര ജാഗ്രതയോടെ പരിശീലിച്ചു പോന്നു . ഇതില്‍ പലതും ബാലിശം എന്ന് തോന്നാമെങ്കിലും , പ്രത്യേകിച്ച്, കിംഗ്‌ കളി , സാറ്റ് കളി എന്നിവ മുതുക്കന്‍മാര്‍ കളിക്കുമോ എന്നാ ചോദ്യത്തിന് പ്രസക്തിയില്ല . പണിയില്ലെങ്കില്‍ എന്ത് കുന്തവും കളിക്കും എന്ന ലളിതമായ സിദ്ധാന്തം . സാമ്പത്തികമായ ഒരു നേട്ടവും ഇല്ലെങ്കിലും മനസ്സിനുള്ള ഒരു സുഖം അതായിരുന്നു ലക്‌ഷ്യം. അക്കാലത്ത് മധ്യാഹനങ്ങളിലും സായാഹ്നങ്ങളിലും ഉള്ള ഇടവേളകളില്‍ ആ പറമ്പില്‍ തന്നെയുള്ള ഒരു കൂറ്റന്‍ ആഞ്ഞിലിമരത്തിന്റെ താഴെയാണ് സംഘാംഗങ്ങള്‍ കൂടുക . ടീമുകളില്‍ ആള്‍ തികയാതെ വരിക , സുഖമില്ലാതെയിരിക്കുക , ഇരുന്നുകൊണ്ടുള്ള വിനോദങ്ങള്‍ എന്നതൊക്കെയാണ് ഇടവേളകള്‍ക്ക് നിദാനം . അങ്ങിനെയുള്ള ഇടവേളകളില്‍ എന്റെ സുഹൃത്ത് സജീഷ് കണ്ടു പിടിച്ച വിദ്യയാണ് ഈച്ചയടിയും അതിനോട് ബന്ധപ്പെട്ടുള്ള ഗവേഷണവും . 

ഈച്ച എന്നാ ക്ഷുദ്ര ഷഡ്പദത്തിനെ പരിച്ചയെപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ.  ടൈഫോയ്ഡ്, അതിസാരം, കോളറ,വയറുകടി , മഞ്ഞപ്പിത്തം അങ്ങിനെ പല മഹാമാരികളുടെയും മുഖ്യ പ്രചാരകന്‍ ആകുന്നു ഈച്ച . ആഞ്ഞിലിയില്‍ നിറയെ കായ്കള്‍ ഉണ്ടാവുകയും അവ പഴുത്ത് താഴെ വീഴുകയും ചെയ്യുന്ന സമയങ്ങളില്‍ , അല്ലെങ്കില്‍ , അമ്പലപ്പുഴ / പുറക്കാട് / പുന്നപ്ര ഭാഗത്തെവിടെയെങ്കിലും ചാകര വരുന്ന സമയത്ത് ഈച്ചയുടെ പ്രളയമാണ് എവിടെയും . വിശുദ്ധിയുടെ ആസ്ഥാനം എന്ന് വിശ്വസിക്കുന്ന ക്ഷേത്രത്തിന്റെ  അകത്തു പോലും ഈച്ചയുടെ പടയാവും . ഈച്ചക്ക് വേണ്ടാത്തത് ഒന്നുമില്ല. ചുമ്മാ ഒരു പുസ്തകം വെച്ചാല്‍ അതില്‍ പോലും ഈച്ച വന്നിരിക്കും എന്നതാണ് അവസ്ഥ . കാരാത്ത് ഇല്ലപ്പറമ്പില്‍ വിശ്രമജീവിതം നയിച്ചിരുന്ന ഞങ്ങള്‍ക്കും ഈച്ച ഒരു ശല്യമായിരുന്നു . പ്രത്യേകിച്ച് ഇടവേളകളില്‍ . കൊടുംകയ്യും കുത്തി പുല്‍തകിടിയില്‍ അങ്ങിനെ കിടക്കുമ്പോള്‍ ആണ് ഈച്ച വന്നിരിക്കുക . അങ്ങിനെ ആകെ അലൊസരപ്പെട്ടീരിക്കുന്ന ഒരു ദിവസം സജീഷ് പറഞ്ഞു .

"അണ്ണാ ... ഈ ഈച്ച പറക്കുന്ന രീതി നന്നായി ശ്രദ്ധിച്ചാല്‍ ഇവനെ പെട്ടെന്ന് കൊല്ലാം" എന്നിട്ട് ഈച്ചയുടെ ഗതിവിഗതികള്‍ എനിക്ക് വിശദീകരിച്ചു തന്നു . 
"ഈച്ചയെ കൊല്ലാന്‍ കൊതുകിനെ തല്ലുന്നത് പോലെ തല്ലിയിട്ട് ഒരു കാര്യവുമില്ല . ഈച്ച അടി വരുന്ന വഴി കണ്ടിട്ട് അതിനനുസൃതമായ ഒരു ചലനം കൊണ്ട് ഒരു ആംഗുലാര്‍ മൂവ്മെന്റിലൂടെയാണ് രക്ഷപെടുക . അപ്പോള്‍ ഈച്ച എവിടെയാണോ ഇരിക്കുന്നത് അവിടെ നിന്ന് കുറച്ചു മുകളില്‍ ആയിട്ടാണ് നമ്മുടെ അടി വീഴേണ്ടത് . അതായത് ഈച്ച നമ്മുടെ അടി പ്രതീക്ഷിച്ചു അതില്‍ നിന്നും ഒഴിഞ്ഞുമാറി പറക്കാന്‍ പോകുന്ന വഴിയില്‍ അടി വീഴണം . നമ്മള്‍ കയ്യടിക്കുന്ന രീതിയില്‍ ഈച്ച ഇരിക്കുന്നതിന്റെ മുകളില്‍ അടിക്കുക . ലവന്‍ നമ്മുടെ കയ്യിലിരുന്നു മരിക്കും . "സജീഷ് കുറച്ചു ഡെമോയും കാണിച്ചു തന്നു . പണിയില്ലാത്ത സമയം . ഞാന്‍ ഈച്ചയടിച്ചു പഠിച്ചു . പിന്നീട് അതിന്റെ കുറേക്കൂടി ഇന്നവേറ്റീവ് ആയിട്ടുള്ള ഒരു സങ്കേതവും കണ്ടു പിടിച്ചു . ഉദാഹരണത്തിന് ഒറ്റയ്ക്ക് ഒരീച്ച ഇരിക്കുകയാണെങ്കില്‍ അതിനെ തല്ലികൊല്ലണ്ട കാര്യമില്ല . പകരം ഈച്ചയിരിക്കുന്നതിനു അല്പം മുകളിലായി കൈകൊണ്ടു വെറുതെ വീശുകയും ഈച്ച കയ്യില്‍ മുട്ടിക്കഴിയുന്നതിനൊപ്പം കൈപ്പടം ചുരുട്ടി  അടക്കുകയും ചെയ്യുക. കഥാനായകന്‍ നമ്മുടെ കൈക്കുള്ളില്‍ കുടുങ്ങിയിരിക്കും . ഇതൊരു സന്ദീഗ്ധാവസ്ഥയാണ് . ഈ വൃത്തികെട്ട ജീവിയെ കൈക്കുള്ളില്‍ ഇട്ടു ഞെരുക്കിക്കൊല്ലാന്‍ , അത് കയ്യില്‍ പറ്റിക്കാന്‍ നില്‍ക്കണമല്ലോ . അതിനു പകരം കൈക്കുള്ളില്‍ പെട്ട വിദ്വാനെ ശക്തിയായി നിലത്തേക്ക് എറിയുക . അവന്‍ തലതല്ലി വീണു മൃതിയടഞ്ഞുകൊള്ളും . എപ്പടി?

അത് 1990 കള്‍ . കാലമെത്ര കടന്നു പോയി !

വിവാഹം കഴിഞ്ഞു സൌദിഅറേബ്യയില്‍ വെച്ചാണ് എന്റെ ഈ അസാമാന്യമായ ഈച്ചസംഹാരപ്രതിഭ ഞാന്‍ ഭാര്യയോടു വെളിപ്പെടുത്തിയത് . സ്വാഭാവികമായ പ്രതികരണം എന്തായിരുന്നിരിക്കും എന്നൂഹിക്കാമല്ലോ .

മ്ലേച്ഛന്‍.!!. ഈ വൃത്തികെട്ട ജീവിയെ കൊല്ലുകയോ ! എന്ന ഭാവം .  
പക്ഷെ അടുക്കളയിലും മറ്റും ഒറ്റക്കും തെറ്റക്കും വന്നു ശല്യം ചെയ്യുന്ന ബാച്ചിലേഴ്സ് ആയ ഈച്ചകള്‍ സഹധര്‍മ്മിണിക്ക് വെല്ലുവിളി ആയി . പച്ചക്കറി അരിയുമ്പോള്‍ , ഭക്ഷണം വിളമ്പി വെക്കുമ്പോള്‍ ... ഒക്കെ ഈച്ച ബാച്ചിലേഴ്സ് വന്നു മാറി മാറി പറന്നിരുന്നു അവളെ നോക്കി കൊഞ്ഞനം കുത്തും . പോ ഈച്ചേ ... ശൂ എന്നൊക്കെ പറഞ്ഞു കൈകൊണ്ടു വീശിയാല്‍ ഈച്ചക്ക് പുല്ല് വില .  അപ്പോള്‍ സമയോചിതമായ ഇടപെടലിലൂടെ ഞാന്‍ അവയെ നിസ്സാരമായി കൈകൊണ്ടു വീശിപ്പിടിച്ചു നിലത്തെറിഞ്ഞു കൊന്നു കാണിച്ചതിലൂടെ തത്ര ഭവതിക്ക് എന്നോട് ഇക്കാര്യത്തില്‍ ഒരു ബഹുമാനമൊക്കെ വന്നു . പണ്ട് ശകുന്തളയെ ഒരു വണ്ട്‌ വന്നു ശല്യപ്പെടുത്തിയപ്പോള്‍ ദുഷ്യന്തന്‍ സമയോചിതമായ ഇടപെടലലിലൂടെയാണല്ലോ തത്രഭവതിയുടെ ഹൃദയം ഹരിച്ചത് . കാലമെത്ര മാറിയാലും ഇക്കാര്യങ്ങളില്‍ ചില സമാനതകളുണ്ട് അല്ലെ ? 


കാലം വീണ്ടും കടന്നു പോയല്ലോ . മകള്‍ കൂടിയെത്തി ജീവിതത്തിലേക്ക് . ഇപ്പോള്‍ ഒറ്റയ്ക്ക് അടുക്കളയിലും മറ്റും മേയുന്ന ഈച്ച ഏകാന്തപഥികരായ ഈച്ചകളെ കണ്ടാല്‍ അമ്മയും മകളും   എന്നെ നീട്ടി വിളിക്കുന്ന അവസ്ഥ ആയി . ഈച്ചയെ കൊല്ലാനാണ് .


യുണീഖ് ആയ എന്റെ ഓരോ  കഴിവുകള്‍ ... എന്താ ചെയ്ക ! ;-)
അപ്പോള്‍ പറഞ്ഞു വന്നത് ഈച്ചയടി ഒരു നോണ്‍ പ്രൊഡക്ടീവ് പണിയല്ല എന്നതാണ് . അതിനു അതീവ ജാഗ്രതയും , ശ്രദ്ധയോടെയുള്ള പരിശീലനവും , കയ്യടക്കവും ആവശ്യമുണ്ട്. അറപ്പുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ള പണിയും അല്ല . 
തൊണ്ണൂറുകളുടെ ആദ്യമൊക്കെ  ഗൂഗിള്‍ ഇല്ലായിരുന്നുവല്ലോ .  ഇന്ന് "flight of a fly" , "how to swat a fly" എന്നൊക്കെ സേര്‍ച്ച്‌ ചെയ്തപ്പോള്‍ കണ്ടത് ശാസ്ത്രജ്ഞരും മറ്റും ഈച്ചയുടെ പറക്കലിനെ പറ്റിയും ഗതി വിഗതികളെപ്പറ്റിയും, അവനെ തല്ലുന്നത് എങ്ങിനെ വേണം എന്നതിനെ പറ്റിയും ഗവേഷണം വരെ നടത്തിയിരിക്കുന്നു എന്നാണ്.
പ്രിയപ്പെട്ട സുഹൃത്ത് സജീഷ് - കൊല്ലങ്ങള്‍ക്ക് മുന്പ് അമ്പലപ്പുഴയിലെ ഒരു കളിമൈതാനത്ത് താങ്കള്‍ എനിക്ക് പകര്‍ന്നു തന്ന അറിവുകള്‍  നിസ്സാരമായിരുന്നില്ല . ഈ ശിഷ്യന്‍ ഇതാ ആ അറിവ് ഇപ്പോഴും കൊണ്ട് നടക്കുന്നു . :-D
ഗുണപാഠം : ഈച്ചയടിക്കുന്നവരെ മേലാല്‍ കളിയാക്കരുത്  

വാല്‍ക്കഷണം : ഈച്ചവധത്തിനു ശേഷം കൈ നല്ലവണ്ണം സോപ്പിട്ടു കഴുകുക