Tuesday, September 3, 2013

കഥകളിയിലെ പതിഞ്ഞ പദം

കഥകളിയില്‍ പതിഞ്ഞ  പദം എന്തിനാണ് ?

കഥകളിയുടെ നവ ആസ്വാദകരുടെ പ്രധാനപ്പെട്ട  ചോദ്യങ്ങളില്‍ ഒന്നാണ് ഇത് എന്ന് വേണമെങ്കില്‍ പറയാവുന്നതും ആണ് . കാരണങ്ങള്‍ ഇവ തന്നെ .

നവ ആസ്വാദകര്‍ പ്രധാനമായും കഥകളിയിലേക്ക് ബോധപൂര്‍വ്വമല്ലാതെ ആകൃഷ്ടരാവുന്നത് കഥകളിയുടെ ആഹാര്യഭംഗി , പദങ്ങളുടെ ശ്രവണസുഖം , അഗാധ ജ്ഞാനം ആവശ്യമില്ലാതെ തന്നെ മനസ്സിലാവുന്ന ചില കഥകളുടെ ഭാഗങ്ങള്‍ എന്നിവയിലൂടെയാണ് . എങ്കിലും അരങ്ങു പ്രചാരമുള്ള കഥകളിലെ ആദ്യഭാഗങ്ങളില്‍ തന്നെ വരുന്ന, ഗായകര്‍  വളരെ വളരെ സാവധാനത്തില്‍ (പതിഞ്ഞ കാലത്തില്‍ ) പാടുകയും , നടന്മാര്‍ ആ പതിഞ്ഞ താളത്തിനനുസരിച്ച് ഭാവങ്ങളോടു കൂടി മുദ്ര കാണിക്കുകയും ചെയ്യുന്നു . ഒരു നവ ആസ്വാദകനെ സംബന്ധിച്ചിടത്തോളം, പ്രസ്തുത പദം വായിച്ച് , അര്‍ഥം മനസ്സിലാക്കി (ആ രംഗം പൂര്‍ണ്ണമായും ആസ്വദിക്കണം എന്ന ബോധത്തോടെ തന്നെ വരുന്ന ആള്‍ ആണെങ്കില്‍ ), ആര്‍ജ്ജിതജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ആസ്വദിക്കുവാനായി തുടങ്ങുമ്പോള്‍ ആണ് അല്പം അല്ലെങ്കില്‍ കുറച്ചധികം തന്നെ  “വിരസത” അനുഭവപ്പെടുന്നതായി അയാള്‍ക്ക് തോന്നുന്നത് . പ്രധാനമായും രണ്ടു സംശയങ്ങള്‍

  1. പറയാനുള്ളത് (ആടാന്‍ ഉള്ളത് ) പെട്ടെന്ന് പറഞ്ഞുകൂടെ ?
  2. ഇത്രയും പതുക്കെ പാടുകയും , അത് തന്നെ ഓരോ വരികളും ഇത്രയധികം തവണ ആവര്ത്തിക്കത്തക്ക രീതിയില്‍ നടന്‍ അഭിനയിക്കുന്നത് എന്തിന് ?
തൌര്യത്രിക ലക്ഷണങ്ങളായ നൃത്തം , നൃത്യം , നാട്യം എന്നിവ അതിന്റെ എല്ലാ  അര്‍ത്ഥത്തിലും  കോര്‍ത്തിണക്കി പാകപ്പെടുത്തിയെടുത്ത കലയാണ്‌ കഥകളി . എന്നിരിക്കിലും ഒരു ക്ലാസ്സിക്കല്‍ കലയെ സാധാരണ ജനത്തിന് മനസ്സിലാക്കുവാന്‍ തക്കവണ്ണം രൂപപ്പെടുത്തി എടുക്കുവാനായി നടത്തിയ പരിഷ്കാരങ്ങള്‍, ഈ മിശ്രണത്തില്‍ ചില ഏറ്റക്കുറച്ചിലുകള്‍ വരുത്തിയിട്ടുണ്ട് . ഇത് ബോധപൂര്‍വ്വം തന്നെയാണ് താനും . കഥാഗതി , കഥാപാത്രങ്ങളുടെ മനോനില , നാടകീയത എന്നിവ പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കുന്നതിലെക്കായി വരുത്തിയ ചില പാകപ്പെടുത്തലുകള്‍ . എന്നാല്‍ ഇത്തരത്തില്‍ ഉള്ള യാതൊരു ഏറ്റക്കുറച്ചിലുകളും ഇല്ലാതെ , നീക്കുപോക്കുകള്‍ ഇല്ലാതെ നൃത്തം , നൃത്യം , നാട്യം എന്നിവയുടെ പൂര്‍ണ്ണത ഉറപ്പു വരുത്തിയിട്ടുള്ള ഭാഗങ്ങളാണ് പതിഞ്ഞ പദങ്ങള്‍ .

വ്യവസ്ഥാപിതമായ , ഉറച്ച താളത്തില്‍ ആവശ്യം വേണ്ടുന്ന ശരീര ചലനങ്ങളോടെയുള്ള  കൈമുദ്രകളുടെ ഘനഗംഭീരമായ അവതരണം . മുദ്രകളുടെ പൂര്‍ണ്ണതക്ക് വേണ്ടി മാത്രമുള്ള , കാലിന്റെ സഹായത്തോടെയുള്ള ശരീര ചലനങ്ങള്‍ . അതാണ്‌ നൃത്തം . കഥകളിഭാഷയുടെ വ്യാകരണം

നൃത്തത്തിലേക്ക് ശരീരത്തിന്റെ കവിതയുടെ മാസ്മരികത കൂട്ടിച്ചേര്‍ക്കുന്നു നൃത്ത്യം . കാവ്യാത്മകമായ ശരീരചലനങ്ങള്‍ , മുഖാഭിനയത്ത്തിന്റെ അകമ്പടിയോടെ  പ്രേക്ഷകനിലേക്ക് കവിത പോലെ സംവദിക്കുന്നു. മുദ്രയുടെ അര്‍ത്ഥം ഭാവത്തിന്റെ കവിതയില്‍ ചാലിച്ച് പ്രേക്ഷകന്റെ മനസ്സില്‍ സാവധാനത്തില്‍ എഴുതപ്പെടുന്നു . നൃത്ത്യം കഥകളിയുടെ ശരീര കവിതയാണ് . ഒരുപക്ഷെ വിരസമായേക്കാവുന്ന നൃത്തവ്യാകരണത്തിന്റെ കാലപനികമായ രൂപ പരിണാമം .

ശ്രവണസുഖമില്ലാത്ത കവിത കവിതയാവുന്നില്ല . മനസ്സില്‍ പറയുമ്പോള്‍ പോലും കവിതയെ അനുവാചകന്‍ ശ്രവിക്കുന്നു. നൃത്ത നൃത്യങ്ങളുടെ സ്വാഭാവികതയുടെ പൂര്‍ണ്ണതയാണ് നാട്യം. കടുകട്ടിയായ വ്യാകരണം , കവിതാത്മകമായി അവതരിപ്പിക്കുമ്പോള്‍ , അതിന്റെ അര്‍ഥം പൂര്‍ണ്ണമായും സംഗീതത്തിലൂടെ ദ്യോതിപ്പിക്കുന്നു . ഗോചരമല്ലാത്ത വസ്തുക്കളെ , വ്യക്തികളെ , പ്രകൃതിയെ എല്ലാം  കഥകളി എന്ന  ക്ലാസ്സിക്കല്‍ കല വൈവിധ്യത്തോടെ പ്രേക്ഷകനിലേക്ക് പകരുന്നു നാട്യത്തിലൂടെ .

സലജ്ജോഹം

കാലകേയവധം കഥകളിയില്‍ ഇന്ദ്രകൽപ്പനപ്രകാരം ഇന്ദ്ര സാരഥി  മാതലി അർജ്ജുനന്റെ സമീപം എത്തുന്നു. അർജ്ജുനന്റെ ബലവീര്യങ്ങളെ മുക്തകണ്ഠം പ്രശംസിക്കുന്നു  മാതലി. അര്‍ജ്ജുനന്റെ പാശുപതാസ്ത്രലബ്ധി , ദ്രുപദരാജാവിന്റെ ബന്ധിച്ച് ദ്രോണർക്ക് നൽകിയ ഗുരുദക്ഷിണ, പാഞ്ചാലീപരിണയം എന്നീ കഥകൾ പറഞ്ഞുകൊണ്ടുള്ള മാതലിയുടെ പ്രശംസാവചനങ്ങൾ കേട്ട് താന്‍ ലജ്ജിയ്ക്കുന്നു എന്ന് അർജ്ജുനൻ പ്രതിവചിയ്ക്കുന്നു. ഇതൊക്കെ കേട്ട് ഞെളിയുന്നവര്‍ ഉണ്ടാവും . അവരെ വിഡ്ഢികള്‍ എന്നെ പറയാനാവൂ . ഈ ദിവ്യരഥം ആരുടേതാണെന്നും അങ്ങ് ആരാണെന്നും   അര്‍ജ്ജുനന്‍ ചോദിക്കുന്നു. താൻ ഇന്ദ്രസാരഥിയാണെന്നും ഇന്ദ്രകൽപ്പനപ്രകാരമാണ് താൻ വന്നിരിയ്ക്കുന്നത് എന്നും മാതലി അർജ്ജുനനെ അറിയിക്കുന്നു. കുശലാന്വേഷണങ്ങൾക്കു ശേഷം ഇന്ദ്രരഥമേറി അർജ്ജുനനും മാതലിയും ദേവലോകത്തേയ്ക്കു യാത്രയാവുന്നു. ഇത്രയുമാണ് മാതലിയും അര്‍ജ്ജുനനുമായുള്ള ഈ രംഗത്തിലെ ഉള്ളടക്കം. ഇതില്‍ അര്‍ജ്ജുനന്റെ പദമായ സലജ്ജോഹം തൌര്യത്രികത്ത്തിന്റെ പൂര്‍ണ്ണത മുഴുവന്‍ ആവാഹിച്ച് ജ്വലിച്ചു നില്‍ക്കുന്നു .

ഇക്കഴിഞ്ഞ 2013, ജൂലായ് ഒന്നാം തീയതി തിരുവനന്തപുരം മാര്‍ഗിയില്‍ നടന്ന കാലകേയവധം കഥകളിയില്‍ അവതരിപ്പിച്ച സലജ്ജോഹത്തിന്റെ അവതരണം പതിഞ്ഞ പദത്തിന്റെ വിശകലനതിനായും അവതരണത്തിന്റെ പ്രത്യേകതകള്‍ വിശദമാക്കുവാനും ഉപയോഗപ്പെടുതിയിരിക്കുന്നു. ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ (റിട്ട പ്രിന്‍സിപ്പല്‍ , കേരള കലാമണ്ഡലം ) അര്‍ജ്ജുനനായും ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ (മാര്‍ഗി ) മാതലിയായും വേഷമണിഞ്ഞു .

മേല്‍പ്പറഞ്ഞ കഥകളിയുടെ വീഡിയോ ഇവിടെ കാണുകഅമർത്ത്യവര്യസാരഥിർമരുത്വതോക്തമാസ്ഥയാ
സമസ്തനീതിഭാജനം സമേത്യ സവ്യസാചിനം
തമാത്തശസ്തലസ്താദുദിത്വരാസ്ത്രസഞ്ചയൈർ-
നികൃത്ത ശത്രുമസ്തകം സ വക്തുമാദദേ വച:   

എന്ന ശ്ലോകം കഴിഞ്ഞാല്‍ ഉടന്‍ മാതലി പ്രവേശിക്കുന്നു.  ഇടതു വശത്ത് ഇടതുകയ്യില്‍ വില്ലും വലതുകയ്യില്‍ അമ്പും പിടിച്ചു , ആലവട്ടം , മേലാപ്പ് ,എന്നിവയുടെ അകമ്പടിയോടെ വീരരസത്തിന്റെ മൂര്‍ത്തിമദ്ഭാവമായി (സ്ഥായീഭാവം ) അര്‍ജ്ജുനന്‍ ഇരിക്കുകയാണ്.മുന്‍പില്‍ തിരശീല താഴ്ത്തിപിടിച്ചിരിക്കുന്നു .  അരക്കെട്ടില്‍ വായു കൊടുത്ത് ഘനഗാംഭീര്യത്തോടെ നിവര്‍ന്ന്‍ ഇരുന്ന് പുരികക്കൊടികള്‍ ഉയര്‍ത്തി വീരരസം തുളുമ്പുന്ന കണ്ണുകളോടെ , വീരസ്ഥായി തരംഗിതമായ കപോലങ്ങലളോടെ മാതലിയുടെ വാക്കുകളില്‍ ‍ ബദ്ധശ്രദ്ധനായി ഇരിക്കുന്ന അര്‍ജ്ജുനന്‍ , ലോകത്തില്‍ തന്നെ ഇന്നേവരെ ഉണ്ടായത്തിലേക്ക് വെച്ച് തന്നെ  നിശ്ചലമായ നാട്യത്തിന്റെ വിഗ്രഹം തന്നെ എന്ന് പറഞ്ഞാലും അധികമാവില്ല .ശ്രീ  കലാമണ്ഡലം ബാലസുബ്രഹ്മണ്യന്റെ അര്‍ജ്ജുനന്‍ “വീര്യവിഗ്രഹമായി” ഇരുന്ന ആ നില കണ്ടു കാണികള്‍ കണ്ണ് നിറഞ്ഞു മനം നിറഞ്ഞ് ഇരുന്നു. മാതലിയുടെ പദത്തില്‍ "ചാരുതരുണീമണിയെ പാണിഗ്രഹണം ചെയ്തൊരു വീരാ" എന്നിടത്ത് അർജ്ജുനൻ ലജ്ജ നടിയ്ക്കുന്നു (സഞ്ചാരി ഭാവം ). സൂക്ഷ്മതയോടെ തിരിച്ച് സ്ഥായീഭാവമായ വീരഭാവത്തിലേക്ക്  മടങ്ങുകയും ചെയ്തു.മാതലിയുടെ പദത്തിന് ശേഷം അര്‍ജ്ജുനന്റെ മറുപടിപ്പദം ആയ “സലജ്ജോഹം” ആരംഭിക്കുന്നു .

ശങ്കരാഭരണം രാഗത്തില്‍  അടന്ത അന്‍പത്തിആറു മാത്രയിലുള്ള പദമാണ് “സലജ്ജോഹം”. നടന്റെ ഓരോ ചലനവും ഗായകരുടെ ചേങ്ങില ഇലത്താളങ്ങളിലെ  നിമിഷക്കണക്കിന്ഉള്ള മുട്ടുകളില്‍ ചിട്ടചെയ്യപ്പെട്ടിരിക്കുന്നു.
മാതലിയില്‍ ദൃഷ്ടി ഉറപ്പിച്ച്, വീരഭാവം നിലനിര്‍ത്തിക്കൊണ്ട് തന്നെ  ഒന്നാം താളവട്ടത്തിന്റെ അന്ത്യത്തില്‍ ഇടതുകൈയ്യില്‍  നിന്നും വലതുകയ്യിലേക്ക് വില്ല് മാറ്റി , ഇടതു കൈയ്‌ കൊണ്ട് “ലജ്ജ” എന്നാ മുദ്ര  (പുറത്തേക്ക് തിരിച്ചു പിടിച്ച മുദ്രാഖ്യ) പിടിക്കുകയും “ലജ്ജ” അഭിനയിച്ചുകൊണ്ട് (പുരികം പൊക്കി , മാത്രക്കണക്കിനു  കഴുത്തിളക്കി) രണ്ടാം താളവട്ടത്തിന്റെ തുടക്കത്തില്‍ മുദ്രക്കൈ തിരിച്ചു താഴ്ത്തിക്കൊണ്ട് വരുന്നതോടെ മുന്‍പില്‍ താഴ്ത്തിപിടിച്ചിരുന്ന തിരശീല നീക്കപ്പെടുകയും ചെയ്യുമ്പോള്‍ “അഹം / ഞാന്‍ “ എന്നാ മുദ്ര തുടങ്ങുകയും മുന്പോട്ടെക്ക് ചവിട്ടി വന്നു പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു . പതിഞ്ഞ സ്ഥായിയില്‍ ഉള്ളതെങ്കിലും  പദത്തിന് (കൃത്യം ആ വാക്ക് ഉച്ചരിക്കുന്നതിനോടൊപ്പം ) മുദ്ര കാണിക്കുന്നതുകൊണ്ട് പ്രേക്ഷകന് അനുഭവം സിദ്ധിക്കുന്നു.തുടര്‍ന്ന് പുറകോട്ടു കൈയ്യിട്ടു മാറി “തവ/താങ്കളുടെ” എന്ന മുദ്ര കാലുകള്‍ പടം വളച്ച് (വക്കില്‍ ) , നന്നായി താഴ്ന്നു നിന്ന് നെഞ്ചു ചുരുക്കി , കണ്ണിന്റെ തടം ചുരുക്കി പൂര്‍ത്തിയാക്കുന്നു .  പിന്നെ മുന്‍പോട്ടു വന്നു കാലുകള്‍ മുന്നിലും പിന്നിലുമായി വെച്ച് , താഴേക്ക് ഇരുന്നു , “ചാടു/യോഗ്യം” എന്നാ മുദ്ര കാണിക്കുകയും ഗായകര്‍ ചാടുവചനത്താലതി എന്നത്തിന്റെ “ചാടു” പാടുന്നതിനൊപ്പം പരത്തിച്ച്ചവിട്ടി പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു . താഴ്ന്നു നില്‍ക്കുന്നതിലും , കാലുകള്‍ പൊക്കി പരത്തിച്ച്ചവിട്ടുന്നതിലും ഒക്കെ പതിഞ്ഞ താളത്തിന്റെ ഗമനത്തിനനുസരിച്ചു നടന്‍ പുലര്‍ത്തേണ്ട ചലനസ്ഥിരതയിലെ  നിഷ്കര്‍ഷ നടന്മാര്‍ക്ക് വെല്ലുവിളി തന്നെയാണ് . പതിഞ്ഞത് എന്നാ നിലയില്‍ വിരസത സൃഷ്ടിക്കുവാനും പാടില്ല , അമിത ധൃതി കാട്ടി ഭംഗി കളയുവാനും പാടില്ല .  നേരിയ വീഴ്ച പോലും രസഭംഗം ഉണ്ടാക്കുന്നു .
“വചനത്താല്‍ “ എന്നാ മുദ്ര അടുത്ത താളവട്ടതിലാണ് . കൈകള്‍ മുട്ട് വളച്ച് ‍ മുന്‍പില്‍ അകത്തേക്ക്തിരിച്ച്  പിടിച്ചു , ഇരുവശത്തേക്കും പൊക്കി വട്ടക്കൈ ആയി താഴ്ത്തി ഇട്ട് , താളത്തിനനുസരിച്ച് കാലുകള്‍ വെച്ച് മുന്പോട്ടോ പിറകൊട്ടോ മാറി പരത്തിച്ചവിട്ടി അനുസരിച്ച് (തല ഇരുവശത്തേക്കും ഓരോ പ്രാവശ്യം തിരിച്ച്  നേരെ വരിക ) നില്‍ക്കുന്നതിനെ   കയ്യിട്ടു മാറുക/വട്ടം വെക്കുക  എന്ന് പറയുന്നു. കഥകളിയില്‍ വളരെ പ്രാഥമികമായി തന്നെ ചെയ്തു വരുന്ന ഒരു ചുവടാണിത്. ഈ പദത്തില്‍ ഉടനീളം ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ഈ ചുവടില്‍  പോലും കാണിക്കുന്ന ശ്രദ്ധയും പൂര്‍ണ്ണതയും കാണുക .

അങ്ങിനെ ഒരു താളവട്ടത്തിന്റെ മുക്കാല്‍ ഭാഗം കൊണ്ടാണ് കയ്യിട്ടു മാറി നില്‍ക്കുന്നത് . താളവട്ടത്തിന്റെ അവസാനഭാഗതോടെ അടുത്ത മുദ്രയായ “വചനം” തുടങ്ങുന്നു . മെയ്യ് ഇടത്തേക്ക് ഉലഞ്ഞ് കൈ മുഷ്ടി പിടിച്ച് വിട്ട് ഹംസപക്ഷമായി വട്ടത്തില്‍ ചുഴിച്ച് എടുത്ത് മുഖത്തിനു നേരെ വന്ന് കര്‍ത്തരീമുഖം പിടിക്കുന്ന്തോടെ “വചനം” മുദ്ര പൂര്‍ത്തിയാവുന്നു. ഈ സമയത്ത് കണ്ണിന്റെ ചലനങ്ങളും കൈ സഞ്ചരിക്കുന്ന ദിക്കില്‍ ദൂരത്ത്തായിട്ടായിരിക്കും എന്നതും ശ്രദ്ധിക്കുക . പിന്നെ ഇടതു കൈ കൊണ്ട് “ആല്‍” (വചനത്താല്‍ ) എന്ന മുദ്ര വലത്ത് നിന്നും ഇടത്തേക്ക് ഉലഞ്ഞ് കൊണ്ട് മുദ്രാഖ്യ മുദ്രയോടെ പൂര്‍ത്തിയാക്കുന്നു . ഉടന്‍ തന്നെ “അതിന്” എന്ന മുദ്രയും സമാനമായ ഉലച്ചിലൂടെ ഇടത്ത് നിന്നും വലത്തേക്ക് “സൂചീമുഖം” പിടിച്ച് പൂര്‍ത്തിയാക്കുന്നു . (താളവട്ടത്തിന്റെ അവസാനം)

അടുത്തത് “അലംഭാവം” എന്ന മുദ്രയാണ് . താളവട്ടത്തിന്റെ ആദ്യഭാഗത്ത് പിരകൊട്റ്റ് ഇരു കാലും സാവധാനം കുത്തി മാറി ഇടതുകാല്‍ മുന്നോട്ടാഞ്ഞു ചവിട്ടി , വലത്ത് നിന്നും ഇടത്തേക്ക് ഇരു കൈകളും ചുഴിച്ച് എടുത്തു (മെയ്യിന്റെ ചലനം ശ്രദ്ധിക്കുക . മെയ്യ് കയ്യിന്റെ കൂടെ തന്നെ . കണ്ണും അതിനോടൊപ്പം ), താഴേക്ക് അമര്‍ന്നിരുന്ന് മുന്‍പോട്ടു കെട്ടിച്ചാടുന്നതിനോടൊപ്പം കൈകള്‍ ഇരു വശത്തേക്കും ഇടുകയും , തുടര്‍ന്ന് ഇടതുകാല്‍ നീട്ടി വെച്ച് വലതുകാലില്‍ അമര്‍ന്നിരുന്ന് വലം / ഇടം കൈകളില്‍ മുഷ്ടി മുദ്ര പിടിച്ച് (സ്ഥാനം ശ്രദ്ധിക്കുക - കളരിപ്പയറ്റില്‍ വാളും പരിചയും പിടിക്കുന്നത്‌ പോലെ ആണ് കൈകളുടെ സ്ഥാനം അപ്പോള്‍ ), വെച്ച് ഇരുത്തി ചുഴിച്ചു വന്ന് ഇരുകാലും കൂട്ടി നിവര്‍ന്ന്‍ നിന്നാണ്   “അലംഭാവം” എന്ന മുദ്ര തുടങ്ങുന്നത് . “അരുത്” എന്ന് മൃദുവായി കൈകള്‍ ഇരു വശത്തേക്കും ചലിപ്പിച്ച് കാട്ടിയതിനു ശേഷം വീണ്ടും ഇടതുകാല്‍ മുന്‍പോട്ടു വെച്ച് ചവിട്ടി ശക്തിയോടെ ““അരുത്” “അരുത്” “അരുത്” എന്ന് മൂന്നു വട്ടം കാണിച്ച് , പിന്നെ മുന്‍പോട്ടും പിന്‍പോട്ടും ഉള്ള മെയ്യിന്റെ ചലനത്തോടെയും “അരുത്” എന്നാ മുദ്ര പിടിച്ച സ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് തന്നെ കൈവരലുകള്‍ ഇളക്കിക്കൊണ്ട് “അരുത്” എന്ന് തുടര്‍ന്ന് കാണിക്കുകയും ഒടുവില്‍ ഒന്ന് കൂടി താഴ്ന്നു നിവര്‍ന്ന് ““അരുത്” എന്ന്‍ ശക്തിയായി കാണിച്ചാണ് “അലംഭാവം” എന്നാ മുദ്ര പൂര്‍ത്തിയാവുന്നത് .

ഏതാണ്ട് രണ്ടേകാല്‍ താളവട്ടം കൊണ്ടാണ് ഈ ഒരു മുദ്ര പൂര്‍ത്തിയാവുന്നത്.

കഥകളിയിലെ  “തൌര്യത്രിക ഭംഗി ” വിശദീകരിക്കുവാന്‍ ശ്രീ ബാലസുബ്രഹ്മണ്യന്റെ “അലംഭാവം” എന്ന  ഈ ഒരു മുദ്ര മതി . നൃത്തവും നൃത്യവും നാട്യവും എല്ലാം ചേരും പടി ചേര്‍ന്ന് , അതിന്റെ സൂക്ഷ്മമായ അംശങ്ങളെപ്പോലും സ്പര്‍ശിച്ച് പ്രേക്ഷകന് അനുഭവവേദ്യമാക്കിത്തരുന്നു. “ഇനി ഇതുപോലെ  പ്രശംസിക്കാതിരിക്കാന്‍ മനസ്സുണ്ടാവണം” എന്ന വികാരത്തിന്റെ , തന്റെ ധര്‍മ്മബോധത്തില് അടിയുറച്ച ‍ ആത്മവിശ്വാസത്തോടുകൂടി  വീരസ്ഥായിയില്‍ ഉള്ള അര്‍ജ്ജുനനന്റെ “വിലക്കല്‍” ആണ് ഈ മുദ്രയുടെ സൂക്ഷ്മ അവതരണത്തിലൂടെ ആചാര്യന്മാര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ബാലസുബ്രഹ്മണ്യനെ പോലെ ഉള്ള നടന്മാരിലൂടെ അത് ആവിഷ്കൃതമാവുമ്പോള്‍ പ്രേക്ഷകര്‍ ഭാഗ്യം ചെയ്തവരും ആയിത്തീരുന്നു .

തുടര്‍ന്ന് “മനസി നീ വഹിച്ചാലും” എന്ന മുദ്രയാണ് .

മനസ്സിന്റെ മുദ്ര -  മുദ്രാഖ്യ മുദ്ര , നെഞ്ചിനു നടുക്കായി താഴേക്കു കമഴ്ത്തി പിടിച്ച് താഴേക്ക് രണ്ടു തവണ ചലിപ്പിച്ചു കൊണ്ടാണ് . മനസ്സ് തലച്ചോറില്‍ ആണെങ്കിലും കഥകളിയില്‍ മനസ്സിനെ ദ്യോതിപ്പിക്കുന്നത് നെഞ്ച് അല്ലെങ്കില്‍ ഹൃദയവുമായി ബന്ധപ്പെടുത്തിയാണ് എന്ന് കാണാം.  കാല്‍പ്പനികമായ സങ്കല്‍പം അതിന്റെ അവതരണം . അതുവഴി പ്രേക്ഷകന്റെ മനസ്സിലേക്ക് അനുഭവം പകരുക എന്നത് ഈ കൊച്ചു മുദ്രയില്‍ പോലുമുണ്ട് . അത് കാണിക്കുന്നതും ഗായകന്‍ “മനസി “ എന്ന് പാടുമ്പോഴോ പാടി അവസാനിപ്പിക്കുമ്പോഴോ തന്നെ ആണ് . മുദ്രയെ ഒരു വാക്കായി വിവര്‍ത്തനം ചെയ്യാന്‍ പ്രേക്ഷകന് സൗകര്യം ചെയ്യുന്ന അവതരണ രീതി . ആ താളവട്ടത്തിന്റെ അവസാനത്തോടെ “മനസി നീ “ എന്ന് പാടുകയും അതോടൊപ്പം “നീ” എന്നാ മുദ്രയും പൂര്‍ത്തിയാവുന്നു.

അടുത്ത മുദ്ര “വഹിച്ചാലും ഹന്ത “ എന്നാണു . അതിനു മുന്പായി കയ്യിട്ടു , കാല്‍ പിന്നോട്ട വെച്ച് മാറി പരത്തിച്ചവിട്ടി താന് നിന്ന് “വഹിച്ചാലും “ എന്ന മുദ്ര തുടങ്ങുന്നു .

വലതു കോണിലേക്ക് മെയ്യ് തിരിച്ച് വലതു കാലിലേക്ക് താണിരുന്നു ഇടതുകാലിലേക്ക് വലതു കാല്‍ കൂട്ടിക്കൊണ്ട് വരുന്നതിനൊപ്പം ഇരുകൈകളിലും മുദ്രാഖ്യ പിടിച്ചു “വഹിക്കുക ” (ധരിക്കുക  ) എന്നാ മുദ്ര പൂര്‍ത്തീകരിക്കുന്നു. ഒരാള്‍ക്ക്‌ ഒരു ധാരണ ഉണ്ടാകുന്നത് അയാള്‍ക്ക് ഇപ്പോള്‍ ഇല്ലാത്ത ഒന്നില്‍ നിന്നും ആണല്ലോ . അല്ലെങ്കില്‍ അയാളില്‍ ഇന്നും വളരെ അകലെ ഉള്ള ഒരറിവ്‌ . ആ അറിവിന്റെ വിദൂരതയും , അത് അറിയുമ്പോള്‍ അതിനോട് അയാള്‍ക്കുണ്ടാകേണ്ടുന്ന അടുപ്പവും ഈ മുദ്രയുടെ ചലനങ്ങള്‍ കൊണ്ട് അര്‍ത്ഥസമ്പുഷ്ടി ഉണ്ടാക്കി എടുക്കുന്നു . മനസ്സിന്റെ മുദ്രയും മുദ്രാഖ്യ ആണെന്നതും ശ്രദ്ധിക്കുക . “വഹിക്കുക / ധരിക്കുക” എന്നിവയും മനസ്സിന്റെ ജോലി തന്നെ ആണല്ലോ . അത് കഴിഞ്ഞാല്‍ പിന്നോട്ട് കാല്‍ കുത്തി മാറി “വഹിച്ചാലും” എന്നതിലെ “ആലും” എന്നാ മുദ്ര ആണ് . മുഷ്ടി മുദ്ര ഇരു കൈകളിലും പിടിച്ചു തലയ്ക്കു മുകളി വിട്ട് പുരത്തുകൂടി മുകളില്‍ നിന്നും താഴേക്കു വലിച്ചെടുത്ത്‌ പൂര്‍വ്വസ്ഥാനത്ത് മുഷ്ടി പിടിക്കുന്നു. ഇതോടൊപ്പം നന്നായി താണിരിന്നു നിവരുകയും ചെയ്യുന്നു . അങ്ങിനെ “വഹിച്ചാലും “ പൂര്‍ത്തീകരിക്കുന്നു.  തുടര്‍ന്ന് താളവട്ടത്തിന്റെ അവസാനത്തോടെ മുന്‍പോട്ടു കാല്‍ നീക്കി വന്നു “ഹന്ത” എന്നാ മുദ്രയും അത്ഭുത ഭാവത്തോടെ ദ്യോതിപ്പിച്ച് അവസാനിപ്പിക്കുന്നു.

അടുത്ത താളവട്ടത്തിന്റെ ആദ്യ മാത്രകളില്‍ മുന്നോട്ടു ചവിട്ടി വന്നു വലത്തോട്ട് പരത്തി ചവിട്ടി “ചിലരത് ശ്രവിക്കുമ്പോള്‍ “ എന്നതില്‍ “ചിലര്‍” എന്ന മുദ്ര തുടങ്ങുന്നു . വലതു കയ്യില്‍ സൂചീമുഖം പിടിച്ചു ഇടതു നിന്നും വലതു വശത്തേക്ക് ചൂണ്ടി തിരിഞ്ഞു വന്നു ഇടതുകയ്യിലും സൂചീമുഖം പിടിച്ചു വലം ഇടം കൈകളിര് വശത്തും വൃത്താകൃതിയില്‍ കറക്കി , പിന്നെ വലതു കൈക് കൊണ്ട് ബഹുവചന മുദ്രയായ “അവര്‍” കാനിക്കുന്നതോടെ “ചിലര്‍” പൂര്‍ത്തീകരിക്കപ്പെടുന്നു. “ചിലര്‍” എന്നതിലെ ബഹുവചനം നൃത്താത്മകമായ അംഗചലനങ്ങളിലൂടെ ആവ്ഷകരിക്കുമ്പോള്‍ ആശയാവിഷ്ക്കാരത്തിലെ സൌന്ദര്യാത്മകതയില്‍ കഥകളി എത്രത്തോളം ബദ്ധശ്രദ്ധമാണെന്ന് നമുക്ക് ബോദ്ധ്യം വരുന്നു.
താളവട്ടത്തിന്റെ അവസാനത്തോടെ “ശ്രവിക്കുമ്പോള്‍ ഏറ്റം ”എന്ന മുദ്രകള്‍  തീരുന്നു. കര്‍ത്തരീമുഖ മുദ്ര ഇരു ചെവികളുടെയും വശത്ത് നിന്നും പിടിച്ചു കേട്ടതായി നടിച്ച് , “അപ്പോള്‍ “ എന്ന മുദ്രയും കൂടുന്നതോടെ “ശ്രവിക്കുമ്പോള്‍” പൂര്‍ത്തിയാവുന്നു . അവസാന മുദ്രയായി “ഏറ്റം” എന്നും കാട്ടുന്നു .

“ഞെളിഞ്ഞിടുന്നവര്‍ “ എന്നതിന് “അഹങ്കാരം കൊണ്ട് ഞെളിഞ്ഞിടുന്നവര്‍ എന്ന് ഒരു പ്രത്യേകം എടുത്തു പറയുന്ന രീതിയില്‍ ആണ് ചിട്ടപ്പെടുത്തിയിട്ടുള്ളത് . വലതുകൈ പൊക്കി മലര്‍ത്തി പിടിച്ചു , ഇടതു കയ്യില്‍ “അരാള “ മുദ്ര അകത്തേക്ക് തിരിച്ചു പിടിച്ചു നെഞ്ചിലേക്ക് കുത്തുന്ന രീതിയില്‍ ആണ് “അഹങ്കാരം “ എന്നാ മുദ്ര . സാമാന്യ ബുദ്ധിയില്‍ വളരെ എളുപ്പം തെളിയുന്ന ഒരു ആവിഷ്കരണം ആണ് ഇത് . അഹങ്കാരത്തോടു കൂടി എന്ന് കാണിച്ചിട്ട് , മുന്നോട്ടു കാലുകള്‍ വെച്ചു പരത്തി ചവിട്ടി വലതു കോണിലേക്ക് പതുക്കെ ചാടി മാറുന്നതോടെ “ഞെളിഞ്ഞിടുന്നവര്‍” എന്നതിനെ ആടി ഫലിപ്പിക്കുവാന്‍ തുടങ്ങുന്നു .

ഇവിടെയും വെറുതെ ഞെളിയുക മാത്രമല്ല ആടുന്നത് എന്നതും ശ്രദ്ധേയം ആണ് . ഇരു  കൈകളിലും ഉത്തരീയം പിടിച്ചു സ്വസ്ഥമായിരുന്നു, ഇടതുകാല്‍ പൊക്കി ഇരിപ്പിടത്തില്‍ വെച്ചു നിന്നു  , പ്രശംസകള്‍ കേള്‍ക്കുകയും , അത് കേട്ട് രസിക്കുകയും ,  അഹങ്കരിക്കുകയും , പിന്നെ ഞെളിയുകയും ചെയ്യുന്നവരെ ആണ് നടന്‍ പകര്‍ന്നാടുന്നത് . കഴിഞ്ഞ രണ്ടു താളവട്ടങ്ങളില്‍ വിശദമായി ആടിയ മുദ്രകളുടെ സംക്ഷിപ്തഭാവാവിഷ്കരണം ഈ ഒരു അവതരണത്തിലൂടെ പൂര്‍ത്തീകരിക്കുകയാണ് . ആദ്യം വലതു ഭാഗത്ത് ചെവിയോര്‍ത്ത് നിന്ന് പ്രശംസകള്‍ കേള്‍ക്കുകയും അതിനനുസരിച്ച് വര്‍ധിച്ചു വരുന്ന അഹങ്കാരം കാണിക്കുകയും ചെയ്യുന്നു. സമാനമായ രീതിയില്‍ ഇടതു ഭാഗത്തും പിന്നീട് നേരെയും നോക്കി നടിക്കുന്നു. അഹങ്കാരം കൊണ്ടും അല്പത്തം കൊണ്ടും ഉള്ള ആ ഞെളിയല്‍ ആരോഹണക്രമത്തില്‍ അവതരിപ്പിക്കുന്നതില്‍ അഭിനയത്തിന്റെ സൂക്ഷ്മാംശങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു . മൂന്നു താളവട്ടങ്ങളില്‍ കൂടിയാണ് ഇത് അവതരിപ്പിക്കുന്നത് എന്നതും ഈ ഭാഗത്തിന്റെ സങ്കീര്‍ണ്ണതയെ വ്യക്തമാക്കുന്നു.

അടുത്ത രണ്ടു താളവട്ടങ്ങളിലൂടെ “ജളന്മാരെന്നത് നൂനം “ എന്ന് കാണിക്കുന്നു. ഇരുകൈകളിലും അര്‍ധചന്ദ്രം പിടിച്ചു അകത്തേക്കും പുറത്തേക്കും ഇളക്കി ചുരുക്കി വന്നാണ് “ജളന്മാര്‍” എന്നാ മുദ്ര  ഹാസ്യരസത്തിന്റെ പാരമ്യത്തോടെ അവതരിപ്പിക്കുന്നത് . ഒരു താളവട്ടത്തില്‍ അധികം “ജളന്‍” എന്നത് കാട്ടുവാനും രണ്ടാമത്തെ താളവട്ടത്തിന്റെ തുടര്‍ന്നുള്ള മാത്രകളില്‍ മാര്‍ എന്നത് നൂനം എന്ന് കാട്ടുകയും ചെയ്യുന്നു.

“ഛലമല്ല മഹാമതേ” എന്നാ ഭാഗമാണ് അടുത്തത് . ഇതില്‍ ഛലം എന്നാല്‍ കള്ളത്തരം ആണ് . ഒരു താളവട്ടത്തില്‍ കൂടുതല്‍ ഈ മുദ്രക്കായി ഉപയോഗിക്കുന്നു . ഇടം വലം കൈകളില്‍ മുഷ്ടി മുദ്ര പിടിച്ചു , ഇടം കൈ മടക്കി വലതു ഭാഗത്തേക്കും , വലതു കൈ മടക്കി തിരശ്ചീനമായി പിടിച്ചും ഈ മുദ്ര തുടങ്ങുന്നു . കള്ളത്തരം കാട്ടുന്നത് ആരെങ്കിലും കാണുന്നുണ്ടോ എന്ന്‍ ഇരു വശത്തേക്കും നോക്കുന്ന ഭാവം വിശദമായി തന്നെ നടിച്ചിട്ടാണ് മുഷ്ടി മുദ്ര വിട്ട് ഹംസപക്ഷം മുദ്ര പിടിച്ചു , അത് വിറപ്പിച്ചു കൊണ്ട് ഇരുകൈകളും കൂട്ടി, ക്രോധം നടിച്ചു “ഛലം” എന്ന മുദ്ര പൂര്‍ത്തിയാക്കുന്നു . നൃത്ത്യം എന്നതിന്റെ പൂര്‍ണ്ണതയും സൂക്ഷ്മതയും ഈ മുദ്രയിലൂടെയും ഇവിടെ വെളിവാക്കപ്പെടുന്നു .രണ്ടാം താളവട്ടത്തിന്റെ ശേഷിക്കുന്ന മാത്രകളില്‍ “അല്ല” എന്നും “മഹാമതേ” എന്നും കാണിക്കുന്നതോടെ “സലജ്ജോഹം” ത്തിന്റെ ആദ്യ ചരണത്തിന്റെ അവതരണം പൂര്‍ത്തിയാവുകയും കലാശിക്കുകയും ചെയ്യുന്നു .

കഥകളി എന്ന മൂര്‍ത്തമായ ദൃശ്യകലയുടെ അന്തസത്തയായ തൌര്യത്രികഭംഗിയുടെ വിട്ടുവീഴ്ചകള്‍ ഇല്ലാത്ത നാട്യധര്‍മ്മിയായ അവതരണം ആണ് “സലജ്ജോഹം” എന്നാ പതിഞ്ഞ പദം . അഭ്യാസത്തികവും , മെയ്യ്വഴക്കവും , ഉറച്ച ചൊല്ലിയാട്ടവും , വേഷഭംഗിയും തികഞ്ഞ നടന്മാര്‍ അവതരിപ്പിക്കുമ്പോള്‍ പാമരര്‍ക്കുപോലും പതിഞ്ഞപദം കണ്ണിനും മനസ്സിനും ഉത്സവമായിത്തീരുന്നു . അത് പ്രേക്ഷകന്റെ മനസ്സിനെ അഭൌമമായ ഒരു തലത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു .

കഥകളിയില്‍ നടപ്പില്‍ ഉള്ള പതിഞ്ഞ പദങ്ങളില്‍ ഒട്ടുമിക്കതും സ്ഥായിയായ  ശൃംഗാരരസത്തിനു പ്രാമുഖ്യം നല്കിയതാണ് എങ്കില്‍ "സലജ്ജോഹം" അവിടെയും വേറിട്ട്‌ നില്‍ക്കുന്നു . ഒരു പുരുഷന്‍ മറ്റൊരു പുരുഷനോട് പറയുന്ന ഭാഗം ആണ് ഇവിടെ എല്ലാ ഭാവതലങ്ങളും ഉള്‍ക്കൊള്ളിച്ച് അവതരിപ്പിക്കുഅത് എന്നാ പ്രത്യേകതയും ഇതിനുണ്ട് . 

ഫോട്ടോ : കടപ്പാട് : ശ്രീ ഹരീഷ് എന്‍  നമ്പൂതിരി 

Monday, August 26, 2013

"കളിമണ്ണ്‍ " - ബ്ലസ്സിയുടെ ഒരു "സൂകരപ്രസവം

മാതൃത്വത്തിന്റെ മഹത്വത്തെ വിളിച്ചോതുന്നു എന്ന അവകാശവാദത്തോടെ ബ്ലസ്സി അവതരിപ്പിച്ച "കളിമണ്ണ്‍ " കണ്ടു .

നിരാശപ്പെടുത്തുന്ന സിനിമ .

വ്യത്യസ്തമായ സമീപനത്തിലൂടെ നന്നായിപ്പോവും എന്ന് ഇടവേളക്ക് കുറച്ചു മുന്‍പ് വരെ തോന്നിപ്പിച്ച ചിത്രം അത് കഴിഞ്ഞു ആവര്‍ത്തനവിരസതകളിലെക്കും അതിഭാവുകത്വത്തിലെക്കും നാടക സംഭാഷണങ്ങളിലേക്കും കൂപ്പുകുത്തി ബോറടിപ്പിക്കുന്നു.

വളരെ സ്വാഭാവികമായി വികസിച്ചു വരേണ്ടുന്ന ഒരു കഥയെ ഒരു പ്രസവത്തിന്റെ യഥാതഥ ചിത്രീകരണത്തില്‍ കേന്ദ്രീകരിച്ചു അവിടെ നിന്നും മുകളിലേക്കും താഴേക്കും കഥ "ഉണ്ടാക്കി " എടുക്കേണ്ടി വന്ന അസ്വാഭാവികത .

മനം മടുപ്പിക്കുന്ന നാടകീയമായ സംഭാഷണങ്ങള്‍ കൃതഹസ്തന്‍ എന്ന് കരുതിയിരുന്ന ബ്ലസ്സിയുടെ സിനിമയില്‍ ചെറുതല്ലാത്ത കല്ലുകടി സൃഷ്ടിക്കുന്നു. കഥാപാത്രങ്ങള്‍, ഒന്നുകില്‍ വിദൂരതയില്‍ നോക്കി നിന്ന് കുന്തം വിഴുങ്ങിയതുപോലെ നിന്ന് അല്ലെങ്കില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് പുറം തിരിഞ്ഞു നിന്ന് പറയുന്ന സംഭാഷണങ്ങള്‍ അരോചകത ഉണ്ടാക്കുന്നു ( സുഹാസിനിയും ശ്വേതയും അടക്കം ഉള്ള മികച്ച അഭിനേത്രികളെ കൊണ്ടാണ് ഇതൊക്കെ ചെയ്യിക്കുന്നത് എന്നും ഓര്‍ക്കണം )

കേരളത്തിലും എന്തിന് ഇന്ത്യ ഒട്ടാകെ തന്നെയും ഉള്ള കാക്കത്തൊള്ളായിരം സാമുഹിക പ്രശ്നങ്ങളെയും , വിവാദങ്ങളെയും , മാധ്യമചര്‍ച്ചകളും വേട്ടയും മാധ്യമവിചാരണകളെയും ആദിവാസി പ്രശ്നങ്ങളെയും ഒക്കെ കുത്തി നിറച്ച് ഒരു "പരമ ഉത്ബുദ്ധന്‍ " ആകുവാന്‍ ബ്ലസ്സി ശ്രമിച്ചതിന്റെ കുറവുകള്‍ ചെറുതല്ല ഈ ചിത്രത്തില്‍ . കുറച്ചു കൂടി വേറിട്ട്‌ ശ്രമിച്ചിരുന്നെങ്കില്‍ ഒരു നല്ല ഡോക്യുമെന്‍ററി സിനിമ ഉണ്ടാക്കുവാന്‍ ബ്ലസ്സിക്ക് കഴിഞ്ഞേനെ എന്ന് തോന്നുന്നു .

ശ്വേതാ മേനോന്റെ അര്‍പ്പണബോധവും , ധൈര്യവും ഈ ചിത്രത്തിനു കൊടുത്ത സമയവും , ക്ഷമയും , പരിശ്രമങ്ങളും സമാനതകള്‍ ഇല്ലാത്തതാണ് എന്നെ പറയുവാനുള്ളൂ . അവര്‍ക്ക് ഒരു സ്പെഷ്യല്‍ സല്യുട്ട് .

കഥാഗതിക്ക് അനുഗുണമെന്നവണ്ണം തിരുകികയറ്റിയ മസാലകളും ധാരാളം ചിത്രത്തില്‍

ഓയെന്‍വി എഴുതി എം ജയചന്ദ്രന്‍ ഈണം പകര്‍ന്ന "പറയാന്‍ കൊതിച്ചോരെന്റെ വാക്കില്‍ നീ " , "മലരൊളിയെ മന്ദാരമലരേ " എന്നീ രണ്ടു ഗാനങ്ങളും മധുരതരം കേള്‍ക്കുവാന്‍ . അതില്‍ "പറയാന്‍ കൊതിച്ചോരെന്റെ വാക്കില്‍ നീ " എന്ന പാട്ടില്‍ "അരുമയായ് മുരളുമീ ശലഭമായ് ഉയരുവാന്‍ " എന്നൊരു പ്രയോഗം കേട്ട് ഞെട്ടി . "ദൈവമേ ശലഭങ്ങളും മുരണ്ടു തുടങ്ങിയോ .. സിംഹത്തെപോലെയോ പട്ടിയെപോലെയൊ ഒക്കെ " എന്ന് (കവികള്‍ക്കൊക്കെ എന്താല്ലേ .. ഭയങ്കര ഒരിത് .. ) 

ഒരുപക്ഷെ ശ്വേതാമേനോന്റെ സ്വാഭാവികപ്രസവം അല്ലാതെ പ്രസവം അഭിനയിക്കുന്ന ഒരു രംഗം ആയിരുന്നുവെങ്കില്‍ അമ്പേ ചീറ്റിപ്പോകുമായിരുന്ന സിനിമ (ഇപ്പോഴും ചീറ്റിത്തന്നെ നില്‍ക്കുന്നു. പക്ഷെ കുറച്ച് ആളുണ്ട് കാണാന്‍ ) ഈ പ്രസവത്തിന്റെ ചിത്രീകരണത്തെ ചൊല്ലി അതില്‍ പിടിച്ചു വിവാദം നടത്തിയ കുറെ വങ്കന്‍മാരും വങ്കത്തികളും കൂടി ഉത്സാഹിച്ച് കഷ്ടിച്ച് മുടക്ക് മുതല്‍ നേടിക്കൊടുത്തു എന്നതില്‍ ആശ്വസിക്കാം .

ചുരുക്കത്തില്‍ "കളിമണ്ണ്‍ " ബ്ലസ്സിയുടെ ഒരു "സൂകരപ്രസവം " എന്ന് വേണമെങ്കില്‍ വിളിക്കാം . പറയാന്‍ കൊതിക്കുന്ന എന്തൊക്കെയോ കാര്യങ്ങള്‍ ആകുന്ന കുഞ്ഞുങ്ങളെ , ഒരു പ്രയോജനവും ഇല്ലാതെ പ്രസവിച്ച ഒരു "സൂകരപ്രസവം "

Tuesday, August 20, 2013

കിഴക്കേക്കോട്ടയിലെ ശാപമോചനം കഥകളി (18/AUG/2013) - ഒരു കുറിപ്പ്

18/AUG/2013 ന് , തിരുവനന്തപുരം, കിഴക്കേക്കോട്ടയില്‍ , തീര്‍ത്ഥപാദര്‍ മണ്ഡപത്തില്‍ ശ്രീ സദനം ഹരികുമാര്‍ രചിച്ചു , ചൊല്ലിയാട്ടം നിര്‍വ്വഹിച്ച "ശാപമോചനം  കഥകളി " നടന്നു .

മഹാഭാരതം ആരണ്യപർവ്വത്തിലെ അര്‍ജ്ജുനന്റെ സ്വര്‍ഗഗമനത്തില്‍ ഉണ്ടാവുന്ന നിര്‍ണ്ണായകമായ ഒരു ഭാഗത്തിന്റെ സ്വതന്ത്രാവിഷകാരമാണ് ശാപമോചനം കഥകളി .

ആട്ടക്കഥ 

അര്‍ജ്ജുനന്‍ നിവാതകവചകാലകേയന്മാരെ വലിയ യുദ്ധത്തില്‍ വധിച്ചു കഴിഞ്ഞു . ഉര്‍വ്വശി , തോഴിമാരുടെ കൂടെ പ്രവേശിച്ചു അര്‍ജ്ജുനന്റെ അപദാനങ്ങള്‍ പറയുകയും, അര്‍ജ്ജുനനില്‍ തനിക്കുള്ള അഭിനിവേശം തോഴിമാരെ അറിയിക്കുകയും  , അര്‍ജ്ജുനനെ പ്രാപിക്കുവാനുല മാര്‍ഗങ്ങള്‍ ആരായുകയും ചെയ്യുന്നു . മാര്‍ഗം നിര്‍ദ്ദേശിക്കുന്ന സഖിമാര്‍ ഉര്‍വ്വശിയെ അണിയിച്ചൊരുക്കി അര്‍ജ്ജുനസവിധത്തിലെക്ക് ആനയിക്കുന്നു.

അര്‍ജ്ജുനന്‍ യുദ്ധശേഷം സര്‍വ്വപ്രതാപിയായി ഇരിക്കുന്നു. സ്വര്‍ഗത്തിലെ കാഴ്ചകളും യുദ്ധശേഷമുള്ള വിശ്രമ്തിലെ സുഖവും അയാളില്‍ കാമാവികാരത്തിന്റെ അനുരണനങ്ങള്‍ സൃഷ്ടിക്കുന്നു. അപ്പോള്‍ ഉര്‍വ്വശി രംഗപ്രവേശം ചെയ്യുകയും അര്‍ജ്ജുനനും ആ അപ്സരസ്സില്‍ മോഹിതനാവുകയും ചെയ്യുന്നു. ഉര്‍വ്വശിയുടെ കാമാഭ്യര്‍ത്ഥനയെ സന്തോഷത്തോടെ സ്വീകരിക്കുന്ന അര്‍ജ്ജുനന്‍ [ മൂലകഥയില്‍ നിന്നും വ്യതിയാനം ഇവിടെ തുടങ്ങുന്നു  ] ഏതോ അപ്സരസ്സ് എന്ന തോന്നലില്‍ പേര് പോലും ചോദിക്കാതെ ഉര്‍വ്വശിയുടെ കൂടെ ചേര്‍ന്ന് നടക്കുവാനും രതിപൂര്‍വ്വകേളികളില്‍ ഏര്‍പ്പെടുവാനും തുടങ്ങുന്നു.

അവര്‍ അങ്ങിനെ ഒന്നിച്ചു നടക്കവേ ഒരു സ്ഫടികസൌധം കണ്ടിട്ട് അതെന്താണ് എന്ന് അര്‍ജ്ജുനന്‍ ആരായുന്നു. അത് സ്വര്‍ഗത്തിലെ ചിത്രശാല ആണെന്നും അതില്‍ ഇന്ദ്രലോകത്ത് വന്നു പോയ രാജാക്കന്മാരുടെ ചിത്രങ്ങള്‍ വെച്ചിരിക്കുന്ന സ്ഥലമാണെന്നും ഉര്‍വ്വശി പറയുമ്പോള്‍ അര്‍ജ്ജുനന്‍ അത് കാണാന്‍ താല്പര്യം പ്രകടിപ്പിക്കുകയും കാണാന്‍ തുടങ്ങുകയും ചെയ്യുന്നു. ദുഷ്യന്തന്‍ , ദിലീപന്‍ മുതലായ രാജാക്കന്മാരെ ഉര്‍വ്വശി പരിചയപ്പെടുത്തുന്നു. തുടര്‍ന്ന്‍ പുരൂരവസ്സിനെ പരിചയപ്പെടുത്തുമ്പോള്‍ പുരൂരവസ്സിന്റെ കൂടെ താന്‍ കഴിച്ചുകൂട്ടിയ പൂര്‍വ്വകാലം കൂടി ഉര്‍വ്വശി വിസ്തരിക്കുകയും അത് കേട്ട് അര്‍ജ്ജുനന്‍ സ്തബ്ധനാവുകയും ചെയ്യുന്നു. തന്റെ പ്രപിതാമഹന്റെ പ്രേയസ്സിയായ ഉര്‍വ്വശിയുടെ കൂടെയാണ് താന്‍ നടക്കുന്നത് എന്ന് കാമകേളികളില്‍ ഏര്‍പ്പെടാന്‍ പോകുന്നത് എന്നും മനസ്സിലാക്കിയ അര്‍ജ്ജുനന്‍ പാപചിന്തയാല്‍ അസ്വസ്ഥനാവുന്നു.

തുടര്‍ന്ന് അര്‍ജ്ജുനന്‍ , കേളികള്‍ മതിയാക്കാം എന്നും , തനിക്ക് അസ്ത്രവിദ്യകള്‍ സ്വായത്തമാക്കുവാനും , ചിത്രരഥന്‍ എന്നാ ഗന്ധര്‍വ്വന്റെ അടുക്കല്‍ നൃത്തം പഠിക്കുവാനും സമയമായി എന്നും പറഞ്ഞുകൊണ്ട് പോകുവാന്‍ തുടങ്ങുകയും ഉര്‍വ്വശിയോട് തന്റെ സമീപത്തു നിന്നും നിഷ്ക്രമിക്കുവാനും ഉപദേശിക്കുന്നു , പിന്നീട് ആജ്ഞാപിക്കുന്നു. അനുസ്സരിക്കാത്ത ഉര്‍വ്വശിയെ പരുഷമായ പദങ്ങള്‍ കൊണ്ട് ഭര്‍ത്സിക്കുന്ന അര്‍ജ്ജുനന്‍ പോകാന്‍ തുടങ്ങുമ്പോള്‍ രോഷാകുലയായ ഉര്‍വ്വശി തടയുന്നു. 

താനാരാണെന്നും , സ്വ്രഗ്ഗത്തില്‍ കടന്നു എന്ത് തോന്ന്യാസവും അനുവദിക്കില്ലെന്നും പറഞ്ഞ ഉര്‍വ്വശി , തന്നെ മോഹിപ്പിച്ച് വഞ്ചിച്ച അര്‍ജ്ജുനന്‍ നപുംസകം ആയിപ്പോകട്ടെ എന്ന് ശപിച്ച് നിഷ്ക്രമിക്കുന്നു.

തളര്‍ന്നു പോയ അര്‍ജ്ജുനന്‍ വിലപിക്കുന്നു. പ്രാര്‍ഥിക്കുന്നു. താന്‍ ചെയ്തത് മാതൃഗമന പാപം ഒഴിവാക്കുവാന്‍ ആയിരുന്നു എന്നും ക്ഷമിക്കണം എന്നും അര്‍ജ്ജുനന്‍ പ്രാര്‍ഥിക്കുന്നു. തുടര്‍ന്ന് ഉര്‍വ്വശി പ്രത്യക്ഷപ്പെട്ട് അപക്വമായ തന്റെ പ്രവൃത്തിയില്‍ പശ്ചാതപിച്ച് അര്‍ജ്ജുനന് ശാപമോചനം നല്‍കുന്നു. പാണ്ഡവര്‍ അജ്ഞാതവാസം ചെയ്യുന്ന കാലത്ത് ഒരു വര്‍ഷം മാത്രം നപുംസകത്വം അനുഭവിച്ചാല്‍ മതിയാകും എന്ന് ശാപത്തില്‍ ഇളവു നല്‍കുന്ന ഉര്‍വ്വശിയില്‍ പിന്നീട് മാതൃനിര്‍വ്വിശേഷമായ വാത്സല്യം ഉണരുന്നു. പുത്രതുല്യനായ അര്‍ജ്ജുനനില്‍ പുരൂരവസ്സിന്റെ ദേഹകാന്തി കണ്ടാണ്‌ താനും പാപം ചെയ്തു പോയത് എന്ന് തുറന്നു പറയുന്ന ഉര്‍വ്വശി മാതൃവാല്‍സ്സല്യത്തോടെ അര്‍ജ്ജുനനെ അടുത്ത് വിളിച്ച് തന്റെ മടിത്തട്ടില്‍ ഉറങ്ങിക്കൊള്ളുവാന്‍ പറയുകയും അപ്രകാരം ഉറങ്ങുമ്പോള്‍ ഉര്‍വ്വശി പതുക്കെ നിഷ്ക്രമിക്കുകയും ചെയ്യുന്നതോടെ ശാപമോചനം കഥകളി അവസാനിക്കുന്നു. 


മൂലകഥയില്‍ ഉര്‍വ്വശി തന്റെ ആഗ്രഹം അറിയിക്കുന്ന മാത്രയില്‍ തന്നെ അര്‍ജ്ജുനന്‍ ഉര്‍വ്വശിയുടെ പ്രണയത്തെ തിരസ്കരിക്കുകയും , ഉര്‍വ്വശി ശപിക്കുകയും തുടര്‍ന്ന്‍ വിഷണ്ണനായ അര്‍ജ്ജുനന് ഇന്ദ്രന്‍ ശാപമോക്ഷം നല്‍കുകയും ചെയ്യുമ്പോള്‍ ഇവിടെ ആട്ടക്കഥാകാരന്‍ കഥാപാത്രങ്ങളുടെ സ്വതന്ത്രാവിഷ്ക്കാരത്തിലൂടെ നാടകീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്നു. തന്നില്‍ അനുരക്തയാവുകയും തനിക്കു കാമാഭിനിവേശം തോന്നുകയും ചെയ്ത ഒരുവളുടെ പേര് ചോദിക്കുക പോലും ചെയ്യാതിരിക്കുക എന്നയിടതാണ് ഈ കഥയുടെ പ്രധാന്‍ വ്യതിയാനം. തുടര്‍ന്നുള്ള കഥയുടെ പിരിമുറുക്കം നിറഞ്ഞ  ചരടും ഇത് തന്നെ . കഥയില്‍ ചോദ്യമില്ല എന്നാണല്ലോ പ്രമാണം.

സര്‍ഗാത്മകതയും സ്വതന്ത്രചിന്തയും

കലാകാരന്റെ സര്‍ഗാത്മകതയും സ്വതന്ത്രചിന്തയും ഈ കഥയില്‍ വേണ്ടുവോളം ഉണ്ട് . പുരാണകഥകളില്‍ ഭൂരിഭാഗത്തിനും സാമാന്യമായ പ്രമാണങ്ങള്‍ സാധ്യമല്ല എന്ന് കരുതിയാല്‍ , ആട്ടക്കഥാകാരന്‍ അതിന്റെ കലാപരമായ സാധ്യതയെ നന്നായി മുതലെടുത്തു എന്ന് തന്നെ കരുതണം .

പദാവതരണത്തില്‍ ചിലയിടങ്ങളില്‍ കഥകളിയുടെ വര്‍ത്തമാന കാല അവതരണങ്ങളില്‍  നിന്നും അല്പസ്വല്പ വ്യതിയാനമോക്കെ ആട്ടക്കഥാകാരന്‍ അവലംബിക്കുന്നു. ഉദാഹരണത്തിന് ഉര്‍വ്വശിക്ക് കാണുന്ന കാഴ്ചകളൊക്കെ അര്‍ജ്ജുനനോടുള്ള പ്രണയമായി തോന്നുകയും അത് തോഴിമാരുമായി പങ്കുവെക്കുകയും ചെയ്യുന്ന രംഗം . ഉര്‍വ്വശി തന്റെ കാഴ്ച്ചയെ അവതരിപ്പിക്കുന്നത് ഒരു തവണ മാത്രം പാടുന്ന ഒരു വരിയിലൂടെയാണ് . മേളം നിര്‍ത്തി ശ്ലോകം പോലെ പാടുന്ന ഈ സമയം കഥകളിപദം എന്നതിനപ്പുറം  ഒരു കവിതാലാപനം ആയാണ് അനുഭവപ്പെട്ടത്.

മറ്റു ചിലയിടങ്ങളിലും മേളം നിര്‍ത്തി രാഗവിസ്താരങ്ങളുടെ അകമ്പടിയോടെ പാടുകയുണ്ടായി എന്നോര്‍ക്കുന്നു .  ചിലയിടങ്ങളില്‍ കഥകളി എന്നതിനപ്പുറം ഒരു നൃത്തശില്പം എന്നാ രീതിയിലേക്ക് മാറുകയും ചെയ്തിട്ടുണ്ട് എന്നും തോന്നി . 

അവതരണം 

കുറ്റമറ്റ അവതരണം ആയിരുന്നു ശാപമോചനം എന്ന് പറയാതിരിക്കുവാന്‍ കഴിയില്ല . ചിട്ടയോടെയുള്ള സംവിധാനം , ആശയക്കുഴപ്പങ്ങള്‍ ഇല്ലാതെയുള്ള രംഗമാറ്റങ്ങളും കഥാപാത്രങ്ങളുടെ പ്രവേശവും നിഷ്ക്രമണവും . സാധാരണ ഒരു പുതിയ കഥ ആടുമ്പോള്‍ പുസ്തകം നടുക്ക് വെച്ചു നോക്കിപ്പാടുന്ന രീതിയാണല്ലോ . ആട്ടക്കഥാകാരന്‍ തന്നെ പൊന്നാനിയാവുകയും അദ്ദേഹത്തിന്റെ കൂടെ പാടി പരിചയമുള്ള ആള്‍ തന്നെ ശിങ്കിടിയാവുകയും ചെയ്തതിനാല്‍ സംഗീതം നന്നായി ആസ്വദിക്കാനും പ്രേക്ഷകര്‍ക്ക്‌ സാധിച്ചു . നടന്‍മാര്‍ എല്ലാവരും പദങ്ങള്‍ നന്നായി പഠിച്ച് അവതരിപ്പിച്ചതിനാല്‍ , പാട്ട് കേട്ടിട്ട് പിന്നീട് മുദ്ര കാണിക്കുകയും , ഇടക്ക് പാട്ട് കേള്‍ക്കാതെ വരുമ്പോള്‍ മുദ്രകള്‍ കാണിക്കാതെയിരിക്കുയും , തെറ്റിച്ചു കാണിക്കുകയും ചെയ്യുന്ന സ്ഥിരം രീതിയൊന്നും കാണേണ്ടി വന്നില്ല . എന്തിന് പുതിയ കഥകള്‍ പറയുന്നു . ഉദാഹരണത്തിന് , നളചരിതം ഒന്നാം ദിവസത്തിലെ പതിവില്ലാത്ത ഭാഗങ്ങളില്‍ നളന്റെ വേഷം കെട്ടുന്ന നടന്മാര്‍ വരെ,  കയ്യിട്ടു മാറി ഭാഗവതരുടെ തൊട്ടടുത്ത്‌ വന്നു നിന്ന് ചെവിയോര്‍ത്ത് നില്‍ക്കുന്നത് കാണാറുണ്ട്‌ (പദം അറിയില്ല. കേട്ടിട്ട് വേണം മുദ്ര കാണിക്കാന്‍..]). കാണിക്കുമ്പോള്‍ പിന്നെ ഭാവവും കാണുകയില്ല .)

അഭിനയം/ സംഗീതം / മേളം  

പരിണതപ്രജ്ഞനായ ആശാന്‍ ശ്രീ സദനം ബാലകൃഷ്ണന്‍ ആണ് അര്‍ജ്ജുനനെ അവതരിപ്പിച്ചത് . മിതത്വം പാലിച്ച പക്വതയാര്‍ന്ന അവതരണം ആയിരുന്നു ശ്രീ സദനം ബാലകൃഷ്ണന്റേത് . തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ ഊര്‍ജ്ജസ്വലതയോടെയുള്ള അവതരണം . നാടകീയ മുഹൂര്‍ത്തങ്ങളില്‍ അതിഭാവുകത്വം ഇല്ലാതെയുള്ള പ്രകടനം .  ഉര്‍വ്വശിയും അര്‍ജ്ജുനനുമായുള്ള ഇളകിയാട്ടം വളരെ രസകരമായി അവതരിപ്പിച്ചു. ഉര്‍വ്വശിയോട് " നിന്റെ തളിരുപോലെയുള്ള കൈപ്പടങ്ങള്‍ .. പക്ഷെ കൈത്തണ്ടയില്‍ എങ്ങിനെ തഴംപുണ്ടായി " എന്നാ ചോദ്യത്തിന് ഉര്‍വ്വശി " വീണാവാദനം ചെയ്തിട്ടാണ്" എന്ന മറുപടി നല്‍കുന്നു.പിന്നെ ഉര്‍വ്വശിയുടെ സംശയങ്ങളും അതിനുക്ല്ല അര്‍ജ്ജുനന്റെ മറുപടികളുമാണ് .

അതില്‍ ഉര്‍വ്വശി " അശനപാനങ്ങള്‍ ഇല്ലാതെ അങ്ങ്  യുദ്ധം ചെയ്യുമ്പോള്‍ ക്ഷീണിച്ചു പോയാല്‍ എന്ത് ചെയ്യും " എന്നാ ചോദ്യത്തിന് " അശനപാനങ്ങള്‍ ഇല്ലാതെ പാശുപതത്തിനു വേണ്ടി  തപസ്സു ചെയ്തതും അക്ഷീണം പരമേശ്വരനോട് യുദ്ധം ചെയ്ത" കഥയും (കിരാതം) സൂചിപ്പിക്കുന്നു . പിന്നീട് ഉര്‍വ്വശി " ഗാണ്ഡിവം യുദ്ധത്തില്‍ ഒടിഞ്ഞു പോയാല്‍ എന്ത് ചെയ്യും " എന്ന് ചോദിക്കുമ്പോള്‍ "അതൊരിക്കലും സംഭവിക്കില്ല " എന്നും " ആവനാഴിയില്‍ അമ്പൊഴിഞ്ഞാല്‍ എന്ത് ചെയ്യും എന്ന  ചോദ്യത്തിന് " അര്‍ജ്ജുനന്റെ ആവനാഴിയില്‍ അമ്പൊഴിയുകയില്ല എന്നാണ് പറയുന്നത് [ കിരാതം കഥയില്‍ ശ്രീപാര്‍വ്വതി ശപിച്ചപ്പോള്‍ ഒഴികെ എന്ന് പറയുന്നില്ല ഇവിടെ എന്നത് ശ്രദ്ധിച്ചു ]. 

പക്ഷെ  ശാപഗ്രസ്തനായി തളര്‍ന്നിരിക്കുന്ന അര്‍ജ്ജുനന്റെ അമ്പരപ്പോ , ധര്‍മ്മസ്സങ്കടമോ എത്രകണ്ട് ആശാന് ആടി ഫലിപ്പിക്കുവാന്‍ കഴിഞ്ഞു എന്ന ഒരു സംശയം ഉണ്ട്. ചിലയിടങ്ങളില്‍  ശ്രീ സദനം ബാലകൃഷ്ണന്‍ പ്രകടിപ്പിച്ച ചടുല ചലനങ്ങള്‍ ഈ കഥാപാത്രത്തിന് ഒഴിവാക്കാമായിരുന്നു എന്ന എളിയ ഒരഭിപ്രായം ഉണ്ട് .  ( ആശാനെ പോലെ കഥകളിയില്‍ അഗാധമായ അറിവും, ഗവേഷണ ചാതുരിയും  പാണ്ഡിത്യവും ഉള്ള ആളിനെ വിമര്‍ശിക്കുന്നതിനുള്ള സങ്കോചം മറച്ചുവെക്കുന്നില്ല )    

സദനം വിജയന്‍  കാമാതുരയായ ഉര്‍വ്വശിയെയും , മാതൃവാല്‍സ്സല്യം തുളുമ്പുന്ന ഉര്‍വ്വശിയെയും ഭംഗിയായി അവതരിപ്പിച്ചു.  ചൊല്ലിയാട്ടത്തിനപ്പുറം കഥാപാത്രത്തിന് വിശ്വാസ്യത നല്‍കുവാന്‍ ശ്രീ വിജയന് കഴിഞ്ഞു . സദനം ശ്രീനാഥിന്റെയും സദനം കൃഷ്ണദാസിന്റെയും തോഴിമാരും നന്നായിരുന്നു. 

സംഗീതം ഈ കഥയുടെ ജീവന്‍ തന്നെ ആണ് . സംഗീതനിബദ്ധമാണ് ശാപമോചനം . സന്ദര്‍ഭങ്ങള്‍ക്ക്‌ ഉചിതമായ തരത്തില്‍  ലളിതകോമള പദാവലികള്‍ കോര്‍ത്തിണക്കിയ പദങ്ങള്‍ .അവയ്ക്ക് ഹൃദ്യമായ രാഗങ്ങളും നല്‍കിയിരിക്കുന്നു. അവസാന രംഗത്തില്‍ ഉര്‍വ്വശി അര്‍ജ്ജുനനെ തന്റെ മടിയില്‍ കിടത്തി ഉറക്കുന്ന സമയത്തുള്ള നീലാംബരിയുടെ അവതരണത്തിലെ വ്യത്യസ്തതയും ശ്രദ്ധേയമാണ്.[ശിങ്കിടി അവസാന വരി പാടുമ്പോള്‍ , പൊന്നാനി അകമ്പടിയായി നീലാംബരിയില്‍ രാഗാലാപനം ചെയ്യുന്ന രീതി ] . പരമ്പരാഗത കഥകളിആസ്വാദകര്‍ക്ക് അതെത്രകണ്ട് രുചിക്കും എന്നറിയില്ലെങ്കിലും . ശ്രീ സദനം ഹരികുമാറിന്റെയും സദനം ശിവദാസിന്റെയും ആലാപനം അതീവഹൃദ്യമായിരുന്നു. 

സദനം രാമകൃഷ്ണന്‍ ചെണ്ടയിലും [ ] സദനം ദേവദാസ് മദ്ദളത്തിലും കഥക്കും കഥാപാത്രങ്ങള്‍ക്കും ഉചിതമായ രീതിയില്‍ മേളമൊരുക്കി .

ആഹാര്യം 

ഉര്‍വ്വശിയുടെ കിരീടത്തിനെ പറ്റി ആവശ്യത്തില്‍ അധികം ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞ ഒന്നാണല്ലോ . എന്തായാലും അത് ഉര്‍വ്വശിക്ക്‌ പ്രത്യേകമായ ഭംഗി ഒന്നും കൊടുക്കുന്നില്ല [അമാനുഷികതയോ , മാദകത്വമോ മറ്റെന്തെങ്കിലുമോ ]. അഭംഗി ഒട്ടില്ല താനും .  

ശ്രീ കലാമണ്ഡലം സതീശന്റെ ചുട്ടിയും ഒതുക്കമുള്ളതും ശ്രീ സദനം ബാലകൃഷ്ണന്റെ മുഖത്തിന്‌ ചേരുന്നതുമായിരുന്നു .കഥയുടെ ഭാവി 

ഭാവി പ്രവചിക്കുവാന്‍ ഇതെഴുതുന്നയാള്‍ ആളല്ല . എങ്കിലും ഈ അവതരണത്തിന്റെ ഒരു മേന്മ എന്നത് അത് സംവിധാനം ചെയ്തതും , പാടിയതും , അരങ്ങു ഭരിച്ചതും അതിന്റെ ആട്ടകഥാകൃത്ത് തന്നെ ആയതുകൊണ്ടാണ്‌ . ഒരു പക്ഷെ മറ്റുള്ള കലാകാരന്മാരെ സംഗീതവും അവതരണവും ഏല്‍പ്പിച്ചാല്‍ എത്രകണ്ട് ശോഭിക്കും എന്നത് കണ്ടു തന്നെ അറിയണം .
Monday, August 19, 2013

ഒരു ന്യു ജനറേഷന്‍ അഖണ്ഡരാമായണയജ്ഞം

കര്‍ക്കിടകം ഒന്ന് .

കഴിഞ്ഞ രണ്ടുവര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന രാമായണം വായന ഇത്തവണ മുടങ്ങാതെ ചെയ്യണം എന്ന് നിശ്ചയിച്ചപ്രകാരം സന്ധ്യ കഴിഞ്ഞു ഓഫീസില്‍ നിന്നും എത്തി ഒരു കുളി പാസ്സാക്കി പുല്‍പ്പായ വിരിച്ചിരുന്നു സാവധാനത്തില്‍ വായന തുടങ്ങി .

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര ജയ 
ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര  ജയ 
ശ്രീരാമ! രാമ! രാമ! സീതാഭിരാമ ജയ 
ശ്രീരാമ! രാമ! രാമ! ലോകാഭിരാമ ജയ 
................................
................................

ഓരോ ദിവസത്തെയും വായനയുടെ രാഗം തീരുമാനിച്ചുറപ്പിച്ച് പാരായണം ചെയ്യുന്നത് വിദ്യ ഇതാണ് . പാരായണം ചെയ്യുന്നതിന് കുറെ മുന്പ് ഇഷ്ട്ടപ്പെട്ട ഒരു കഥകളി പദം പാടാന്‍ തുടങ്ങും . ഉറക്കെയും പിന്നെ മനസ്സിലും . പിന്നെ അത് രാമായണത്തിന്റെ വരികളില്‍ ലയിപ്പിച്ച്  നീട്ടി ഒരു പിടി . ഹാ എത്ര രസം !

പുണര്‍തം നക്ഷ്ത്രജാതനായത്‌ കൊണ്ടാണോ അതോ ചെറുപ്പത്തിലെ ശീലമാണോ എന്തോ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ ചേക്കേറിയ കാലം മുതല്‍ മുടങ്ങാതെ രാമായണം വായന ഒരു ഗൃഹാതുരതയോടെ  ശീലമാക്കിപ്പോന്നു . പക്ഷെ അവസാന രണ്ടു വര്‍ഷങ്ങളില്‍ അതെവിടെയോക്കെയോ വെച്ചു മുറിഞ്ഞു പോയിരുന്നു.  

ഭക്തിക്കുമപ്പുറം മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന സംഗീതത്തെ ഒന്നറിയുവാന്‍ നല്ല ഒരു മാര്‍ഗം .
ഒരു കാലഘട്ടത്തിന്റെ കഥ , അതിലെ സംഭവങ്ങള്‍ അതിവിദഗ്ധമായി , രസകരമായി ,   കോര്‍ത്തടുക്കിയതിനെ പാരായണം ചെയ്തു വിസ്മയം കൊള്ളാം ...

എന്റെ രാമായണപാരായണത്തിന്റെ ലക്ഷ്യങ്ങള്‍ .... 


സംഭവമൊക്കെ കൊള്ളാം . ജോലി പകലില്‍ നിന്നും ഇരവിലേക്ക് കാനനവാസത്തിനു പോകും ദിനങ്ങളില്‍ പാരായണം ഒരു വഴിക്കാകും . എന്നാലും വിടില്ല . ഒരു ഭാഗമെങ്കിലും കടിച്ചു പിടിച്ചു വായിക്കും . പാതിരാത്രി സമയത്തെ വായന . സ്ഥിരം പ്രേക്ഷകരായ ഭാര്യയും മകളും ഉറക്കമായിട്ടുണ്ടാവും .

രാമായണം കഥയുടെ വികാസ പരിണാമങ്ങളില്‍ രാമന്‍ അവതാരമെന്ന ചിന്ത കഥാപാത്രങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളിലൂടെ  വന്നു പോകുന്നത്  കഥയിലെ ശോകനിര്‍ഭരമായ ബിന്ദുക്കളില്‍ വായനക്കാരന്‍ പിടിച്ചുനിന്നു കരഞ്ഞുപോകാതിരിക്കാന്‍ വേണ്ടി ആണെന്ന് തോന്നിപ്പോകും .

വായനക്കിടയില്‍ ഉച്ചാരണപ്പിശക് വരുന്ന ഘട്ടങ്ങളില്‍ അമ്പലത്തിലും മറ്റും രാമായണ പാരായണക്കാര്‍ ചെയ്യാറുള്ളതുപോലെ നീട്ടി പ്പിടിക്കും . രാഗം  ഒന്ന് ആലപിച്ച് , നീട്ടിപ്പിടിക്കുന്നതിനിടെ പിശകാന്‍ ഇടയുള്ള വാക്കു വായിച്ചെടുക്കുന്നു . മനസ്സില്‍ പിരിക്കേണ്ടത് പിരിക്കുന്നു അര്‍ത്ഥമ മനസ്സിലാക്കി അടുത്ത വരി . സുന്ദരകാണ്ഡത്തിന്റെ മലനിരകളില്‍ "കളകാഞ്ചി " വൃത്തത്തിന്റെ കഠിനപദശിലകളില്‍ കാല തട്ടി വീണുപോകുമ്പോള്‍ "നീട്ടാതെ" പിന്നെ ഈ പാവം ഞാന്‍ എന്ത് ചെയ്യും .

"ഉടലുരുകിയുരുകിയുടനുഴറിയലറിപ്പാഞ്ഞു -
മുന്നതമായ സൌധങ്ങളിലേറിയും " എന്നൊക്കെ വായിക്കാന്‍ നേരം കളകാഞ്ചിയില്‍ ചവിട്ടി തെന്നി മുഖമടച്ചു വീണില്ലെങ്കിലേ അത്ഭുതമുള്ളൂ .

സൌരോര്‍ജ്ജം , സരിതോര്‍ജ്ജം എന്നിവയൊക്കെ ശാലീനമായി കരിയ്ക്കും കുടിച്ചു തിമര്‍ത്തു പെയ്യുന്ന മഴയത്തുടെ സമരം ചെയ്തു കടന്നു പോയതോടെ മകള്‍ക്ക് അവധിയുടെ പ്രളയം . ആലപ്പുഴയിലെക്കും തിരിച്ചും യാത്ര . രാമായണം വായന ദിവസത്തില്‍  ഒന്നോ രണ്ടോ ഭാഗങ്ങളില്‍ ഒതുങ്ങി .

ഒടുവില്‍ അതാ കര്‍ക്കിടം മുപ്പത്തിയൊന്ന് . സുന്ദരകാണ്ഡത്തിന്റെ പകുതിക്ക് കിടന്നു ചക്രശ്വാസം  വലിക്കുകയാണ്‌ എന്റെ പാരായണം . തലേദിവസത്തെ (അതായത് പൊതു അവധി ദിനമായ ആഗസ്റ്റ്‌ പതിനഞ്ചിന് ) ഏതാണ്ട് ഇരുപത്തിനാല് മണിക്കൂര്‍ നീണ്ട ജോലി! രാവിലെ അഞ്ചിന് ലാപ്ടോപ്പില്‍ ഞാന്‍ പതാകയുയര്‍ത്തി , അടുത്തദിവസം വെളുപ്പിന് ഒന്ന്ക്ക് വരെ നീണ്ട അഹോരാത്ര ജോലി . അടുത്ത ദിവസം സ്വയം ഓഫ് പ്രഖ്യാപിച്ച് കിടന്നുറങ്ങി . പ്രഭാതകൃത്യം , ഭക്ഷണം പിന്നെ കുളിയും കഴിഞ്ഞ് ഏകദേശം ഒരു മണിയോടെ രാമായണം കയ്യിലെടുത്തു നീണ്ട ഒരു പിടി . രാഗങ്ങളൊക്കെ തൊണ്ടയില്‍ നിന്നും പേടിച്ചു പറപറന്നു . ലക്ഷ്യസ്ഥാനത്ത് എത്താന്‍ കുതിച്ചു പായുന്ന സൂപര്ഫാസ്റ്റ് പോലെയുള്ള വായന .
രാമായണം ഇന്നും തീര്ത്തിരിക്കും ഞാന്‍ . ഭാര്യയോടു പറഞ്ഞു . നമ്മുടെ ഏക പ്രേക്ഷകയും ശ്രോതാവുമാണ്. 

യുദ്ധകാണ്ഡം ആയതോടെ ഊണ് തയ്യാറായതായി അന്നദാതാവായ തമ്പുരാട്ടിയുടെ മുന്നറിയിപ്പും വന്നു അപായമണിയും മുഴങ്ങി . തലേന്നത്തെ ഉറക്കക്ഷീണം , വിശപ്പ് .... കഴുത്തറ്റം ഭുജിച്ചു മത്തായി പോയി കിടന്നുറങ്ങി . ഇടയ്ക്കിടെ പിന്നെയും ഓഫീസില്‍ നിന്നും വിളികള്‍ .. ചെറുജോലികള്‍ ... പുലിവാലുകള്‍ ....  വൈകിട്ട് കുടുബതോടൊപ്പം നഗരത്തില്‍ ഒരു പ്രദക്ഷിണം . തിരികെ എത്തി രാത്രി പത്തുമണിക്ക് ഒരു കുളി കൂടെ പാസ്സാക്കി രാമായണം കയ്യിലെടുത്തു . "ശുകബന്ധനം" മുതല്‍ വായന തുടങ്ങി .

ഭാര്യ കിടന്നിരുന്നു. വായനയുടെ ശുഷ്കാന്തിയും , എന്റെ ഉറക്കമിളപ്പും കണ്ടു ആധി പിടിച്ചിട്ടു വന്നു മുന്നിലെ സോഫയില്‍ കുത്തിയിരിപ്പായി .
ആകെ ഉള്ള ഒരു പ്രേക്ഷക കം ശ്രോതാവ് .
വര്‍ദ്ധിതവീര്യനായി ഞാന്‍ .
ഇടയ്ക്കിടെ ചില ഭാഗങ്ങള്‍ വായിച്ചിട്ട് "എങ്ങിനെയുണ്ട് അര്‍ഥം " എന്ന നോട്ടം നോക്കും .
"ശത്രുക്കളല്ല ശത്രുക്കളാകുന്നതു 
മിത്രഭാവത്തോടരികെ മരുവിന 
ശത്രുക്കള്‍ ശത്രുക്കലാകുന്നന്നതെവനും " എന്ന ഭാഗങ്ങളിലൊക്കെ പാരയണന്‍ പ്രേക്ഷകയെ ഇരുത്തി നോക്കും.

പ്രേക്ഷക ആശ്ചര്യചൂഡാമണിയായി "സത്യം !!" "ഹോ !" എന്നൊക്കെയുള്ള ശബ്ദങ്ങളാല്‍ രാമായണ പാരായണനെ പ്രോത്സാഹിപ്പിക്കും .  ഉഷാര്‍ 

ഇടയ്ക്കിടെ ചാര്‍ജ്ജു തീരുമ്പോള്‍ കുറെ വെള്ളമെടുത്തു കുടിക്കും . വെള്ളെഴുത്തിന്റെ ശല്യം . കണ്ണടയും ഇല്ല . എന്നാലും കുത്തിപ്പിടിച്ചിരുന്നു വായനയോട്‌ വായന തന്നെ .

ആകെ ഉള്ള ഒരു പ്രേക്ഷക ഇടയ്ക്കിടെ പോയി കിടക്കും . പിന്നെയും വരും. അങ്ങിനെ മൂന്നാമത്തെയോ നാലാമത്തെയോ റൌണ്ട് കഴിഞ്ഞപ്പോള്‍ പതുക്കെ ലാപ്ടോപ് എടുത്തുവെച്ചു എന്തോ പരിപാടി തുടങ്ങി . വായിക്കുന്നതിനിടെ എന്തെങ്കിലും സംശയം . അല്ലെങ്കില്‍ ഫെയ്സ്ബുക്കിലെ എന്തിനെപ്പറ്റിയെങ്കിലും ഒരഭിപ്രായം ..... ആ നിലയ്ക്ക് ആയി കാര്യങ്ങള്‍ .

ഏതാണ്ട് രാവണവധം കഴിഞ്ഞ് സീതാസ്വീകാരം ആയപ്പോള്‍ പ്രേക്ഷക ചോദിക്കുന്നു . അത്യാവശ്യമായി 

"അതേയ് ... ആ ചെവിക്കാതിടുന്ന ബഡ് കണ്ടോ .. യിവിടെങ്ങാണ്ട് ഒണ്ടാരുന്നു "

***%%&$%%$##

ഭക്തശിരോമണി , രാമായണ ഹംസം ബ്രഹ്മശ്രീ  സേതുനാഥസ്വാമികള്‍ പാതിരാത്രിക്ക്‌ കുത്തിയിരുന്ന് വായിക്കുമ്പോള്‍  ആണ് അവളുടെ ഒരു ചെവീലിടുന്ന ബഡ് !!!

വായില്‍ തോന്നിയതെന്തോക്കെയോ പറഞ്ഞു . പിന്നെ ചിരിച്ചു . 

ശക്തിയുക്തം വായന തുടര്‍ന്നു  . കര്‍ക്കിടകം ഇതിനിടയിലെപ്പോഴോ പന്ത്രണ്ടിന്റെ നാഴികക്കല്ലും താണ്ടി കടന്നു പോയിരുന്നു. ഫലത്തില്‍ ചിങ്ങത്തില്‍ എന്റെ രാമായണപാരായണം തുടരുന്നു .
ശുഭകരമായ ഭാഗമാണ് വായന . ഉഷാറായി വായന തുടര്‍ന്നു . ഒടുവില്‍ ...

എകദേശം ഒന്നര മണിക്ക് (വെളുപ്പാന്കാലം )

"അദ്ധ്യാത്മരാമായണം പരമേശ്വര-
നദ്രിസുതയ്ക്കുപദേശിച്ചിതാദരാൽ
നിത്യവും ശുദ്ധബുദ്ധ്യാ ഗുരുഭക്തിപൂ
-ണ്ടദ്ധ്യയനം ചെയ്കിലും മുദാ കേൾക്കിലും
സിദ്ധിയ്ക്കുമെല്ലാമഭീഷ്ടമെന്നിങ്ങനെ
ബദ്ധമോദം പരമാർത്ഥമിതൊക്കെവേ
ഭക്ത്യാ പറഞ്ഞടങ്ങീ കിളിപ്പൈതലും
ചിത്തം തെളിഞ്ഞു കേട്ടൂ മഹാലോകരും"

എന്ന് വായിച്ചു കൃതാര്‍ത്ഥനായി രാമായണം അടച്ചു പുഞ്ചിരിച്ചു  കണ്ണ് പൂട്ടിയിരിക്കവേ പിറകില്‍ ഒരു സ്പര്‍ശം .

ഏക ആരാധിക ആണ് .

ചിങ്ങമാസത്തിന്റെ ആദ്യയാമങ്ങളില്‍ ലോകമുറങ്ങവേ  എനിക്കിതാ ഒരാലിംഗനം ... കൂടെ ചുണ്ടില്‍ ഒരു മധുരവും .

..... ഒരു പേഡയുടെ കഷ്ണം !
"പുതുവല്‍സ്സരാശംസകള്‍!!! !
പിന്നെ ഈ നിശ്ചയദാര്‍ഢ്യത്തിനു ഒരുമ്മ  . .... എനിക്കറിയാം ഈ വര്‍ഷം നമ്മുടെതാണ്‌ എന്ന് "

മധുരം നുണഞ്ഞിറക്കി ചിരിച്ചുകൊണ്ട് ഞാന്‍  പറഞ്ഞു 

"പിന്നല്ലാതെ!! " 

"കഴിഞ്ഞൂ കര്‍ക്കിടകമെങ്ങോ മറഞ്ഞൂ
ചിങ്ങത്തിന്‍ കണ്‍തുറന്നുദയമായ്
വിളിക്കയായ്‌ പുതുവഴിത്താരകള്‍ 
നമ്മളെ ; പോകയല്ലേ  സഖീ .. നടക്ക നാം "

Saturday, July 27, 2013

ലസാഗു

സംഭവം സീരിയസ്സാണ് . 

എന്നെ ഒരു കറ കളഞ്ഞ “ഇംഗ്ലീഷ് കാരന്‍” ആക്കുക എന്ന എന്റെ മാതാപിതാക്കളുടെ ചിരകാലാഗ്രഹം പൂവണിയാന്‍ പോകുന്നു. പെണ്‍പള്ളിക്കൂടം എന്നാ അപരനാമാധേയത്തില്‍  അമ്പലപ്പുഴയില്‍ അറിയപ്പെടുന്ന  സര്‍ക്കാര്‍ എല്‍ പി സ്കൂളില്‍ നിന്ന്  നാലാം തരത്തിലും കുരുത്തക്കേടിലും നല്ല  നടപ്പുമായി ഉന്നത നിലയില്‍ പാസായ എന്നെ, തദ്ദേശത്തെ തന്നെ സര്‍ക്കാര്‍ ഹൈസ്കൂളില്‍ “ഇംഗ്ലീഷ് മീഡിയം” ത്തിലേക്ക് മാറ്റുവാന്‍ ആണ് ഗൂഡാലോചന . മകന്‍ വലിയ ചിലവില്ലാതെ  തത്ത പറയുമ്പോലെ ഇംഗ്ലീഷ് പറയട്ടെ എന്നോ ഇനി അറിയും വഴികളിലെല്ലാം അവന്‍ ഇംഗ്ലീഷിലൂടെ വിജ്ഞാനസമ്പാദനം നടത്തി ശിങ്കം ആയി തീരട്ടെ എന്നോ കരുതിയിട്ടുണ്ടാവണം . ഇന്നത്തെ പോലെ തന്നെ അന്നും കുട്ടികളോട് നീ എന്ത് പഠിക്കണം, എങ്ങിനെ പഠിക്കണം എന്നൊക്കെ ചോദിക്കാറില്ലാത്തതു കൊണ്ട് അന്ന് എന്നോടും “മകനെ നിന്നെ ഞങ്ങള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ക്കുന്നതുകൊണ്ട് വിരോധമുണ്ടോ “ എന്ന് ചോദിച്ചില്ല. അഥവാ ചോദിച്ചാലും “വേണം അല്ലെങ്കില്‍ വേണ്ടാ :” എന്ന് പറയാനുള്ള പാണ്ഡിത്യം ക്രീഡാലോലബാലനായ എന്നെ തൊട്ടു തീണ്ടിയിരുന്നുമില്ല. എന്റെ ഗൃഹത്തിന്റെ തൊട്ടയല്പക്കത്ത് താമസിച്ചിരുന്ന ബിരുദബിരുദാനന്തര ധാരികളായ അഞ്ചു ജ്യേഷ്ഠനുജന്മാര്‍ ഉണ്ടായിരുന്നു. അവരാണ് എന്റെ മാതാപിതാക്കളുടെ ഉത്ഖണ്ഠക്ക് അറുതി വരുത്തിയത് . അതായത് ദ്രാവിഡഭാഷയില്‍ വിജ്ഞാന വ്യാപാരം നടത്തിയിരുന്ന ഈ ഞാന്‍ ആകുന്ന വാഴത്തൈ ഇംഗ്ലീഷിലേക്ക് പറിച്ചു നടപ്പെടുമ്പോള്‍ ആവശ്യത്തിനു വെള്ളവും വളവും കിട്ടാതെ മണ്ടയടച്ചു മുരടിച്ചു പോകുമോ എന്ന ഉത്ഖണ്ഠ.  "ചേട്ടനും ചേച്ചിയും ധൈര്യമായിട്ട് അവനെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്തോ . വേണ്ടുന്ന ട്യുഷന്‍ ഒക്കെ ഞങ്ങള്‍ കൊടുത്തോളാം" എന്നവര്‍ ഉറപ്പു കൊടുത്തു . അങ്ങിനെ അമ്പലപ്പുഴ സര്‍ക്കാര്‍ മാതൃകാ ഹൈ സ്കൂളില്‍ ( ഗവ : മോഡല്‍ ഹൈ സ്കൂള്‍ ) ഇംഗ്ലീഷ് മീഡിയത്തിന്റെ ഡിവിഷന്‍ ആയ “എഫ്” അതായത് “അഞ്ച് എഫില്‍” എന്റെ പേരും കുറിക്കപ്പെട്ടു. ഒരു പക്ഷെ ഭാവി തന്നെ മാറ്റി മറിച്ച (അതായത് എന്റെ ഭാവി ) തീരുമാനം .

ഇംഗ്ലീഷ് മീഡിയം അഞ്ചാം ക്ലാസ്സിലെ മറ്റു മലയാളി വിദ്യാര്‍ഥികളോടൊപ്പം  ഞാനും പഠനം തുടങ്ങി . കാതടച്ചു തൂങ്ങി നില്‍ക്കുന്ന ചുരുളന്‍ മുടിയുള്ള , നേര്‍ത്ത മേല്‍മീശയുള്ള , ബെല്‍ബോട്ടം പാന്റ്സ് ധരിച്ച , സുസ്മേര വദനനായ രമണന്‍ സാര്‍ ആയിരുന്നു എന്റെ ക്ലാസ് ടീച്ചര്‍ . ഗണിതം ആയിരുന്നു അദ്ദേഹത്തിന്റെ വിഷയം .

പഠനം തുടങ്ങിയപ്പോള്‍ തന്നെ എന്റെ കൊച്ചു തലച്ചോറില്‍ അവിടവിടെയായി സ്ഥാപിച്ചിരുന്ന കുഞ്ഞ് ഫ്യൂസുകള്‍ ഒനന്നൊന്നായി പൊട്ടി എന്ന് പറഞ്ഞാല്‍ അത് ചുരുക്കത്തില്‍ ആണെന്ന് പറയാം .നാലാം ക്ലാസ്സ് വരെ  ഇംഗ്ലീഷ് ഒഴികെ മറ്റെല്ലാ വിഷയത്തിലും  മലയാളത്തില്‍ പേശി , മലയാളത്തില്‍ എഴുതി , പിന്നെയും പകര്‍ത്തി എഴുതി ശീലിച്ച എനിക്ക് എല്ലാ വിഷയത്തിലും ഉള്ള ഈ വിദേശാക്രമണം അത്ര രുചിച്ചില്ല . സര്‍ക്കാര്‍ വിദ്യാലയം ആയിരുന്നതുകൊണ്ട് ഇംഗ്ലീഷില്‍ മാത്രം സംസാരിക്കുക , ഇല്ലെങ്കില്‍ തല്ലുക മൊട്ടയടിക്കുക മുതലായ മൃഗയാവിനോദങ്ങളൊന്നും ഭാഗ്യവശാല്‍ ഉണ്ടാകാതിരുന്നത് എന്റെ ഭാഗ്യം . പൊതുവേ സഹപാഠികള്‍ എല്ലാവരും മലയാളത്തില്‍ സംസാരിച്ചു . പക്ഷെ ഒട്ടു മിക്ക പേര്‍ക്കും മൊത്തത്തില്‍ ഉണ്ടായിരുന്ന ഒരു “ഗ്രിപ്പ്” എനിക്ക് ഒന്നിലും കിട്ടിയിരുന്നില്ല എന്നതാണ് സത്യം . അധ്യാപകര്‍ കഴിവതും മലയാളത്തില്‍ പറഞ്ഞു മനസ്സിലക്കിയിരുന്നോ എന്നെനിക്കോര്‍മ്മയില്ല. എന്തായാലും ഇംഗ്ലീഷ് മീഡിയം ആണെന്ന് കരുതി അവര്‍ മുഴുവന്‍ ആംഗലേയത്തില്‍ പഠിപ്പിച്ചിരുന്നു എന്നതിന് തെളിവുകള്‍ ഒന്നുമില്ല . മലയാളം ഒഴികെയുള്ള പാഠപുസ്തകങ്ങളില്‍ ബ്രിട്ടനിലെ രാജാവിന്ന്റെ പടയാളികളെ പോലെ അച്ചടക്കത്തോടെ നിരന്നു നിന്ന ഇംഗ്ലീഷ് അക്ഷരങ്ങളെ ഞാന്‍ വെറുത്തു .  എന്റെ കുഞ്ഞ് തലച്ചോറ് ആ വിദേശാക്രമണത്തോട് നിസ്സഹകരണം പ്രഖ്യാപിച്ചു . അധ്യാപകര്‍ അനവരതം , അക്ഷീണം വിജ്ഞാനം പകര്‍ന്നു തന്നു കൊണ്ടിരുന്ന (എന്ന് കരുതപ്പെട്ടിരുന്ന ) ക്ലാസ്സുകളില്‍ ഞാന്‍ നിഷ്കാമകര്‍മ്മനായി കുത്തിയിരുന്നു . അക്കാലത്താവണം ഗണിതത്തിന്റെ പ്രാഥമിക പാഠങ്ങളായ “ല . സാ . ഗു “ വും “ഉ . സാ ഘ “ യും രമണന്‍ സാര്‍ പഠിപ്പിച്ചിട്ടുണ്ടാവുക . “പഠിപ്പിച്ചിട്ടുണ്ടാവുക “ എന്നത് ഒരു ഊഹക്കണക്കാണ് . കാരണം ഞാന്‍ ഇങ്ങിനെയൊരു സംഭവം നടന്നതായി അറിഞ്ഞിട്ടേ ഉണ്ടായിരുന്നില്ല . നിസ്സഹകരണം തന്നെ കാരണം . ല . സാ . ഗു വിനെ  ഇംഗ്ലീഷില്‍ “എല്‍ സി എം “ എന്നാണല്ലോ പറയുക . അങ്ങിനെ തന്നെയാവും സാറും പഠിപ്പിച്ചിട്ടുണ്ടാവുക . ഇതാണ് ചരിത്ര സംഭവം . അതായത് പിന്നീടുള്ള എന്റെ ജീവിത യാത്രയില്‍  “ല . സാ . ഗു “ വും “ഉ . സാ ഘ “ യും ഒരിക്കലും എനിക്ക് വഴങ്ങിയില്ല .  എന്റെ പഠനം ശരിയാക്കി തരാം എന്നേറ്റിരുന്ന അയല്‍രാജ്യത്തെ ജ്യേഷ്ഠന്മാര്‍ ആ വാഗ്ദാനം പാടെ മറന്നു . ഞാനും അതൊന്നും തീരെ ഗൌനിച്ചില്ല . എന്റെ നിസ്സഹകരണ പ്രസ്ഥാനം ക്രിസ്തുമസ് / ഓണം പരീക്ഷകളിലൂടെ മാര്‍ക്കിന്റെ രൂപത്തില്‍ പുറത്തു വന്നു . അന്പതിന്റെ മുകളിലെ നേര്‍ത്ത വരയ്ക്കു മുകളില്‍ ഒറ്റ അക്കം മാത്രമുള്ള ദിവ്യരൂപത്ത്തില്‍ ചുവന്ന മഷിയില്‍ പ്രത്യക്ഷപെട്ട മാര്‍ക്കുകള്‍ എന്റെ മാതാപിതാക്കളെ കരയിച്ചോ അതോ ചിരിപ്പിച്ചോ എന്നെനിക്കോര്‍മ്മയില്ല . എന്തായാലും ഞാന്‍ ഒരിക്കലും കരഞ്ഞിരുന്നില്ല എന്നാണോര്‍മ്മ  (നമുക്ക് വേറെ എന്തെല്ലാം പണിയുണ്ടായിരുന്നു . ഹല്ലാ പിന്നെ ). അക്കാലത്തൊക്കെ “ഓള്‍ പ്രമോഷന്‍ “ എന്നാ ശുദ്ധ സുന്ദരമായ ഒരു കലാപരിപാടി ഉള്ളതുകൊണ്ട് മാത്രമാവണം സദാ സുസ്മേര വദനനും സന്മനസ്സുള്ളവനുമായ ആ അദ്ധ്യാപകന്‍ ഈ മണ്ടനെയും മറ്റുള്ള സമര്‍ത്ഥരായ വിദ്യാര്‍ഥികളുടെ കൂട്ടത്തില്‍ അഞ്ചില്‍ നിന്നും ആറിലേക്ക് തട്ടി .

കാര്യങ്ങള്‍ ഇത്രത്തോളം എത്തി എങ്കിലും (അതായത് ഞാന്‍ അഞ്ചാം ക്ലാസ്സ് പാസ്സായി എങ്കിലും )  കാര്യത്തിന്റെ ഗൌരവം എന്റെ മാതാപിതാക്കള്‍ക്ക് പിടികിട്ടി . യിവന്‍ യീ നെലക്ക് പോയാല്‍ കൈ വിട്ട കളിയാകും എന്നവര്‍ക്ക് മനസ്സിലായി . അവര്‍ അവരുടെ തീരുമാനം നിസ്സംശയം മാറ്റി എഴുതി . അതായത് എന്നെ മലയാളം മീഡിയത്തിലേക്ക് തിരികെ പറിച്ചു നടാന്‍ തീരുമാനിച്ചു എന്നര്‍ത്ഥം . കര്‍ത്താവു കര്‍മ്മത്തോട് ചോദിച്ചിട്ടല്ലല്ലോ ക്രിയ ചെയ്യുന്നത് . ചരിത്രാതീത കാലം മുതല്‍ തുടരുന്ന മര്യാദ ( അതായത് രാമന്‍ പശുവിനെ അടിച്ചു എന്നതില്‍ രാമന്‍ കര്‍ത്താവും പശു കര്‍മ്മവും അടിക്കുക ക്രിയയും ആവുന്നു . രാമന്‍ ഒരിക്കലും പശുവിനോട്‌ “അടിച്ചോട്ടെ പശുവേ “ എന്ന് ചോദിക്കാറില്ലല്ലോ ) . അതും എന്നോടാരും ചോദിച്ചില്ല . ഞാനൊരു പരാതിയും പറഞ്ഞുമില്ല . അങ്ങിനെ ഞാന്‍ “ 6 ഇ “ (ആറാം ക്ലാസ് ഇ ഡിവിഷനില്‍ ) യില്‍ എല്ലാ വിഷയവും  മലയാളത്തില്‍  മാത്രം (ക്ഷമിക്കണം ഇംഗ്ലീഷ് ഇംഗ്ലീഷില്‍ തന്നെ ആയിരുന്നു എന്നാണോര്‍മ്മ ;- ) ) പഠിപ്പിച്ചിരുന്ന മലയാളം മീഡിയത്തിലേക്ക് ഞാന്‍ പറിച്ചു നടപ്പെട്ടു . അങ്ങിനെ ഞാന്‍ ഫിസിക്സിന് പകരം ഊര്‍ജ്ജതന്ത്രവും ഹിസ്റ്ററി ആന്‍റ് സിവിക്സിനു പകരം ചരിത്രവും പൌരധര്‍മ്മവും ഒക്കെയായി ധര്‍മ്മയുദ്ധം ആരംഭിച്ചു . ഏകദേശം ക്ലെച്ച് പിടിച്ചുവെങ്കിലും അഞ്ചാംക്ലാസില്‍ വെച്ച് കൈവിട്ടു പോയ ചില തുടര്‍ച്ചകള്‍ എന്നെ എന്റെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഉടനീളം ഇടര്‍ച്ചകളായി പിന്തുടര്‍ന്നു.

ഞാന്‍ ചിന്തിച്ചിട്ടുണ്ട് . എന്ത് പണ്ടാരത്തിനാണ് ഈ ലസാഗുവും ഉസാഖയും ത്രികോണമിതിയും (Trigonometry) അവ്യക്തഗണിതവും  (Algebra) ഒക്കെ പഠിപ്പിക്കുന്നത് എന്ന് . ജീവിക്കാന്‍ ഇതൊക്കെ വേണോ സാറേ എന്ന് ചോദിക്കാന്‍ നാവു തരിച്ചിട്ടുണ്ട് . ചോദിച്ചാല്‍ നല്ല പിട കിട്ടുന്ന തരത്തിലുള്ള അധ്യാപകര്‍ ആയിരുന്നത് കൊണ്ട് ഒന്നും ചോദിക്കാതെ പറയാതെ ഞാനും പഠിച്ചു . കാലക്ഷേപം നടത്തി .

പഠനം കഴിഞ്ഞു ജോലിയൊക്കെയായി ഇത്രടം വരെയെത്തി . ഇന്ന് വരെ ജോലിയില്‍ എവിടെയും ലസാഗുവും ഉസാഖയും ത്രികോണമിതിയും അവ്യക്തഗണിതവും ഒന്നും ഉപയോഗിക്കേണ്ട ഗതികേടോ ഭാഗ്യമോ എനിക്കുണ്ടായില്ല . മഹാഭാഗ്യം . അങ്ങിനെ ആയിരുന്നെങ്കില്‍ പെട്ട് പോയേനെ .

ബാല്യം ഇങ്ങിനി വരാതെ വണ്ണം പോയി എന്ന് വ്യസനിക്കുമ്പോഴും , ബാല്യത്തിലെക്കുള്ള ഒരു തിരിച്ചുപോക്കിന് ഗൃഹാതുരതയോടെ  ആഗ്രഹിക്കുമ്പോഴും , അപ്രായോഗികങ്ങളായ പാഠ്യപദ്ധതികളുടെ (‍  syllabus) മൂശയില്‍ കിടന്നുരുകാന്‍ എനിക്ക് തീരെ ആഗ്രഹം തോന്നുന്നില്ല . എന്തൊക്കെയോ ഭാഗ്യം കൊണ്ട് ഇങ്ങു വരെ എത്തിപ്പെട്ടു എന്നോരാശാസവും . :)

ആ ഞാന്‍ ഇന്ന് ഇതാ  ജോലിക്കിടയില്‍  പ്രോജക്ടുകളുടെയും , പ്രോപ്പസലുകളുടെയും ലാഭ നഷ്ടക്കണക്കുകള്‍ തയ്യാറാക്കുന്നു . നിയതിയുടെ വികൃതികള്‍ എന്ന് വിളിക്കാമായിരിക്കും  ഇതിനെ . മൈക്രോസോഫ്റ്റ്കാരന്‍  എക്സെല്‍ കണ്ടു പിടിചില്ലായിരുന്നു എങ്കില്‍ ഞാന്‍ തെണ്ടിപ്പോയേനെ !

മകള്‍ നാലാം ക്ലാസ്സില്‍ ആണിപ്പോള്‍ . അവളെ ഞാന്‍ സഹായിക്കേണ്ടത് ഒരേ ഒരു വിഷയത്തില്‍ മാത്രം “ഐ ടി “. അതും പ്രാക്ടിക്കലിനു മാത്രം .  ബാക്കി എല്ലാ വിഷയത്തിലും അവളുടെ  അമ്മ അവളെ ഭംഗിയായി പഠിപ്പിക്കുന്നു. ഗണിതത്തില്‍ പ്രത്യേകിച്ചും  അവള്‍ എന്നെ സമീപിക്കില്ല . സമീപിച്ചിട്ടു കാര്യമില്ല എന്നവള്‍ക്ക് അഭിപ്രായമുണ്ടോ എന്നറിയില്ല . ആവശ്യമാണല്ലോ മനുഷ്യനെ ഓരോന്നും പഠിപ്പിക്കുന്നത് . ഇനി വേണ്ടി വന്നാല്‍ ഞാന്‍ ഗണിതവും പഠിച്ചു കളയും . ഭാര്യ ചിലപ്പോള്‍ അഭിമാന പുരസ്സരം പറയാറുണ്ട്‌ എന്റെ ഗണിതത്തില്‍ ഉള്ള അവഗാഹത്തെ പറ്റി . “കാലില്‍ ഷൂസ് ഇട്ടതുകൊണ്ട് മാത്രം അദ്ദേഹം കണക്കു കൂട്ടുമ്പോള്‍ കാലവിരലുകള്‍ ഉപയോഗിക്കാറില്ല “ എന്ന് .  ബാക്കി ഊഹിക്കാമല്ലോ !

ലസാഗു കാണാന്‍ ഇന്നും എനിക്കറിയില്ല .  ജീവിതത്തിന്റെ സ്ലേറ്റില്‍ കാണുന്ന സങ്കീര്‍ണ്ണങ്ങളായ ഭിന്നസംഖ്യകളെ കൂട്ടാനും കിഴിക്കാനും പെരുക്കാനും ഹരിക്കാനും  ലസാഗു അറിയാത്ത ഞാനിതാ ഒരു കൊച്ചുകുട്ടിയെ പോലെ ചിലപ്പോള്‍ ഖിന്നനായും ഉത്തരം കിട്ടുമ്പോള്‍ ചിരിച്ചും ഇരിക്കുന്നു . വിഷമിപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് മറവിയുടെ മഷിതണ്ടുമുണ്ടല്ലോ കൂട്ടിന് .