Thursday, March 26, 2009

ശ‌മ്പ‌ള‌ം കുറയുന്ന വഴിക‌ള്‍

ഘന‌ഗംഭീര‌മായ ശബ്ദത്തില്‍ സി.ഇ.ഒ മൊഴിഞ്ഞു.

"പുരുഷ വനിതാ രത്ന‌ങ്ങ‌ളേ, ആഗോളമാന്ദ്യം എന്നത് എത്ര മാത്രം നമ്മുടെ കമ്പനിയെ ബാധിച്ചു എന്ന് നിങ്ങ‌ള്‍ക്കെല്ലാം അറിവുള്ളതാണല്ലോ. ഇതിലും കടു‌ത്ത പ്രശ്ന‌മുള്ളപ്പോ‌ള്‍പ്പോലും നാം ശമ്പ‌ളം വെട്ടിക്കുറച്ചിട്ടില്ലാ എന്നത് എല്ലാവരും ഓര്‍ക്കുമ‌ല്ലോ. ഇത്തവണയും അങ്ങിനെ തന്നെ. നാം ശമ്പ‌ളം വെട്ടിക്കുറക്കുന്നില്ല"

സദസ്സില്‍ ഒരിളക്കം. ഒരു അന്ത‌ര്‍ വായൂ ബഹിര്‍ഗനം എന്ന് സിമ്പിളായി പറയാം. എന്റെ മ‌നസ്സില്‍ സി.ഇ.ഒ യുടുള്ള വാത്സ‌ല്യം കരകവിഞ്ഞു. സി.ഇ.ഓ ഒരു കുഞ്ഞായിരുന്നെങ്കില്‍ ഞാന്‍ ആ തങ്കക്കുടത്തിന് എത്ര ഉമ്മ‌കൊടുത്തേനേ. "സാറേ.. സാര്‍ ഓമന‌യാകുന്നു. തങ്ക‌മാകുന്നു" എന്ന് ഞാന്‍ മ‌ന‌സ്സില്‍ ആവ‌ര്‍ത്തിച്ചു.

"പക്ഷേ " സി.ഇ.ഒ തുട‌ര്‍ന്നു.
"ന‌മുക്ക് പിടിച്ചുനില്‍ക്കണ‌മെങ്കില്‍, ല‌ക്ഷ്യത്തിലെത്തണമെങ്കില്‍ ചില ന‌ടപടിക‌ള്‍ ആവശ്യമാണെന്ന് വരുന്നു. അതുകൊണ്ട് ന‌മ്മുടെ ശ‌മ്പ‌ള‌ത്തിന്റെ ഘടന‌യില്‍ ഒരു മാറ്റം അനിവാര്യമാണെന്ന് ഞാന്‍ കരുതുന്നു"

"തീര്‍ച്ച‌യായും സാറേ. എന്റെ ബേസിക്കും, പിന്നെ ബോണ‌സ്സും ഒന്നു കൂട്ടിക്കിട്ടാന്‍ എനിക്ക് കൊതിയായി. ഈ സാറിന്റെ ഒരു കാര്യം. റിസഷന്‍ കാല‌ത്തോ ഇങ്ക്രിമെന്റ്. അടി. അടി" ഞാന്‍ മ‌ന‌സ്സില്‍ പറഞ്ഞു.

സി.ഇ.ഒ തുട‌ര്‍ന്നു "അതായത്, കമ്പനിയുടെ പെര്‍ഫോര്‍മന്‍സുമായി ബ‌ന്ധിപ്പിക്കുന്ന ഒരു ഘടകം ശമ്പ‌ള‌ത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതാണ്."
(എന്ത‌രാടേ ഒര് കരിഞ്ഞ മണം?)

"നിങ്ങ‌ള്‍ക്ക് ഇപ്പോ‌ള്‍ കിട്ടിക്കൊണ്ടിരിക്കുന്ന ശമ്പ‌ള‌ത്തിന്റെ ഒരു തുച്ഛമായ ശതമാനം (വെറും ഇരുപത് ശതമാനം) കമ്പനിയുടെ പെര്‍ഫോര്‍മന്‍സുമായി ബ‌ന്ധിപ്പിക്കുന്ന ഈ ഘടകമായി ഓരോ മാസവും കമ്പനിയെടുത്ത് സൂക്ഷിച്ചുവെക്കുന്നതാണ്. വ‌ര്‍ഷാവസാനം ന‌മ്മുടെ 2009 ല‌ക്ഷ്യമായ 3000 മില്യണ്‍ ഡോള‌ര്‍ എത്തിപ്പിടിച്ചാല്‍..... ഈ പെര്‍ഫോര്‍മന്‍സുമായി ബ‌ന്ധിപ്പിക്കുന്ന ഈ ഘടകം തിരിച്ചു തരുന്നതാണ്. നൂറ് ശതമാന‌വും."

സദ‌സ്സിലെ മുഖങ്ങ‌ളിലെ ട്യൂബ്ലൈറ്റുക‌ള്‍ മിന്നാന്‍ തുടങ്ങി.

" ഇനി 3000 മില്യണ്‍ ഡോളറിന് പകരം 2700 മില്യണ്‍ ഡോള‌റാണ് എ‌ത്തിപ്പിടിക്കാന്‍ പറ്റുന്നത് എന്നു കരുതുക. അപ്പോ‌ള്‍ പെര്‍ഫോര്‍മന്‍സുമായി ബ‌ന്ധിപ്പിക്കുന്ന ഈ ഘടകത്തിന്റെ അന്‍പതുശതമാനം തിരിച്ച് തരും. 2401 മുതല്‍ 2699 വരെയാണെങ്കില്‍ മുപ്പത് തൊട്ട് മുപ്പത് ശതമാനം വരെയും തിരിച്ച് തരും. 2400 മില്യ‌ണോ അതില്‍ താഴെയോ ആണ് ന‌മുക്ക് എത്തന് കഴിയുന്നത് എങ്കില്‍ പെര്‍ഫോര്‍മന്‍സുമായി ബ‌ന്ധിപ്പിക്കുന്ന ഈ ഘടകം കമ്പനിയിലേക്ക് മുതല്‍ക്കൂട്ടാവും"

സദ‌സ്സിലെ മുഖങ്ങ‌ളിലെ ട്യൂബ്ലൈറ്റുക‌ള്‍ എല്ലാം മിന്നി മിന്നി കെട്ടു.

യോഗം പിരിയാന്‍ നേരം ധ‌ന‌കാര്യവകുപ്പിലെ ഒരുത്തനെ കണ്ടു. അപ്പോ‌ള്‍ ചോദിച്ചു.

"എടേയ് എത്രയാരുന്നു 2008-2009 ലെ ല‌ക്ഷ്യം?"

അവന്‍ പറഞ്ഞു "1600 മില്യണ്‍"

ഞാന്‍ ഞെട്ടി

"അതായത് ന‌മ്മ‌ള്‍ ഇപ്പം കോസ്റ്റ് കുറക്കലിന്റെ ബഹ‌ള‌ത്തിലാണ്. മിനിമം 50% കോസ്റ്റ് കുറക്കലുമുണ്ടല്ലോ ഇതിനെടേല്. അപ്പോ ന‌മ്മ‌ള് 2400 മില്യണ്‍ ല‌ക്ഷ്യം എത്തിപ്പിടിച്ചാല്‍ ("പിടിക്കാനേ.. ഹ ഹ ഹ.. എവിട്ടന്ന്?") കമ്പനി 100 ല്‍ അധികം ശതമാനം ല‌ക്ഷ്യം കൈവരിക്കും അല്ലേ"

"ങാ. എന്നും പറയാം"

"എന്നാലും കമ്പനിക്ക് പെര്‍ഫോര്‍മന്‍സുമായി ബ‌ന്ധിപ്പിക്കുന്ന ഈ ഘടകം തിരിച്ച് ത‌രേണ്ടല്ലോ"

"തന്നെ"

"ഹപ്പം ചുരുക്കത്തില്‍ കാശ് പോയീന്ന‌ര്‍ത്ഥം"

ന‌ടന്നു പോകുന്ന വഴി പ്രധാന ധന‌കാര്യ അധികാരി , സി.എഫ്.ഓ ക‌ണ്ണാടിക്കൂട്ടിലിരുന്ന് പൊരിഞ്ഞ ച‌ര്‍ച്ച‌യിലാണ്.

ഞാന്‍ മ‌ന‌സ്സില്‍ ചോദിച്ചു "അണ്ണാ.. ഈ പറയുന്ന വലി‌പ്പോം ഇപ്പം കാണിക്കുന്ന വരുമാനോം ഒക്കെ ഒള്ളത് തെന്നേ? സ‌‌ത്യം! രാമ‌ലിംഗരാജുവാണേ? "

പിന്നെ കൃഷ്ണ‌ഗാഥ വൃത്ത‌ത്തില്‍ (തന്നെ. "ലതു മഞ്ജരിയായീടും") ഒരു കവിത ചൊല്ലി


"ന‌മ്മുടെ കമ്പിനി നല്ലോരു കമ്പിനി
ശമ്പ‌ളം കൊഞ്ചമാണെങ്കിലും ചെഞ്ചെമ്മേ"
(കടപ്പാട്: വൈ.മു.ബ)

"ജോലിയിപ്പഴും ഒണ്ട്"


സീറ്റിലെത്തിയ‌പ്പോ‌ള്‍ ഒരു ഫോണ്‍. ഒരു ജൂനിയ‌ര്‍ എഞ്ചിനീയറു പയ്യനാണ്.

"ചേട്ടാ.. ന‌മ്മ‌ള്‍ ‌ഇപ്പോ‌ള്‍ എത്ര മില്യണില്‍ എത്തി നില്‍ക്കുവാ? അല്ല. അത് കണ‌ക്കാക്കി പണിഞ്ഞാ മ‌തിയല്ലോ"

"മോന്‍ വെഷമിക്കണ്ട. ഇങ്ങനെ പണിഞ്ഞാല്‍ നീയൊന്നും അധികകാലം പണിയേണ്ടി വരില്ല. ഡാ! ഞാനിന്നാള് തന്ന് സ്ക്രിപ്റ്റിന്റെ വ‌ര്‍ക്കെന്തായി? ങേ? ആ സീയെമ്മസ്സിന്റെ ടെസ്റ്റിം‌ഗോ? "

"ആ.. ങാ. അതൊക്കെ അങ്ങ് തീര്‍ന്നോളും. ഇരുപത് ശതമാനം കുറവാണെന്നറി‌യാമ‌ല്ലോ? അപ്പോ പ്രതീക്ഷേം ഇരുപത് ശതമാനം കൊറച്ച് മ‌തി. പിന്നെ ഒരു കാര്യം കൂടി. എന്റെ പു‌ളീം പൂക്കും" (ഇയ്യാള് പോയി പണി നോക്കുവ്വേ)

:-0

Tuesday, March 10, 2009

മുടിയേറ്റ് - ഭക്ത്യനുഷ്ഠാന‌ങ്ങ‌ളുടെ വന്യമായ ചാരുത

ആലപ്പുഴ കൊറ്റംകുള‌ങ്ങര ക്ഷേത്രത്തില്‍ 2009 മാര്‍ച്ച് ഏഴാം തീയതി അവതരിപ്പിക്കപ്പെട്ട മുടിയേറ്റ്.

അനുഷ്ഠാനപരമായ ഒരു കലയാണ് മുടിയേറ്റ്.അസുരനായ ദാരികനെ കാളി വധിച്ച കഥയാണ്‌ മുടിയേറ്റിന്റെ ഉള്ളടക്കം. അമ്മദൈവസങ്ക‌ല്പ്പത്തിലൂന്നിയുള്ള അവതരണ‌മാണിത്. പ്രധാന‌മായും ഭദ്രകാളീക്ഷേത്രങ്ങ‌ളിലാണ് നടത്തപ്പെടുക. കളമെഴുത്ത്,പാട്ട്‌, താലപ്പൊലി, തിരിയുഴിച്ചില്‍ എന്നിവക്ക് ശേഷം കള‌ത്തില്‍ ഭഗവതിയുടെ മാറോഴിച്ചുള്ള ഭാഗങ്ങ‌ള്‍ മായ്ക്കുന്നു. അതിനു ശേഷമാണ് മുടിയേറ്റ് തുടങ്ങുക‍. അരങ്ങുകേളി , അരങ്ങുവാഴ്ത്തല്‍, ദാരികന്റെ പുറപ്പാട്, കാളിയുടെ പുറപ്പാട്,കോയിമ്പിടാരും വാദ്യക്കാരുമായുള്ള സംവാദം, കൂളിയുടെ പുറപ്പാടും വാദ്യക്കാരും സദ‌സ്യരുമായുള്ള നേര‌മ്പോക്കും ,
കാളിയും ദാരികനും ദാനവേന്ദ്രനും തമ്മിലുള്ള യുദ്ധം,ദാരികന്റെയും ദാനവേന്ദ്രന്റെയും വധം ഇത്രയുമാണ് മുടിയേറ്റിന്റെ ഉള്ളടക്കം.

ചെണ്ടയും (രണ്ട് വീക്ക് ചെണ്ട,നാല് ഉരുട്ട് ചെണ്ട) ഇലത്താളവും ആണ് വാദ്യങ്ങള്‍. നിലവിളക്കും പന്തങ്ങ‌ളും (തെള്ളിപ്പൊടിയും) മാത്രമാണ് ദീപസം‌വിധാനം.

മുഖത്തെഴുത്ത് കരിയും ചായവും (ചുവപ്പ്) അരിമാവും കൊണ്ടുള്ളതാണ്. കഥക‌ളിയിലെ പെണ്‍കരിയുടെ വേഷവും ചില ആട്ടങ്ങ‌ളും മുടിയേറ്റില്‍നിന്നുതന്നെയാകണം രൂപം കൊണ്ടത്. മുടിയേറ്റില്‍ ഗഹനവും വ്യക്തവുമായ മുദ്രാസമ്പ്രദായം ഉള്ളതായി കണ്ടില്ല. “കണ്ടോ.. ഞാന്‍ നിന്നെ കൊല്ലുന്നുണ്ട്” എന്നത് മാത്രമാണ് കാളിയും ദാരികനും കാട്ടുന്ന ഏക മുദ്രാഭിനയം എന്ന് പറയാം. മുഖത്തെഴുത്തിന്റെ പ്രത്യേകത കൊണ്ട് തന്നെ രൌദ്രം സ്ഥായിയാക്കുന്നു. മ‌റ്റൊരു ഭാവവും ഇല്ല തന്നെ.

അഭൂതപൂര്‍വ്വമായ ജന‌കീയതയാണ് മുടിയേറ്റിന്റെ പ്രത്യേകത. അനുഷ്ഠാന‌ത്തിന്റേയും ഭക്തിയുടേയും നിറഞ്ഞ സാന്നിധ്യം പ്രേക്ഷകനെ ന‌ടന്മാരോടൊത്ത് നടക്കാനും ഇടപെടാനും പ്രേരിപ്പിക്കുന്നു.കാളിയുടെ പുറപ്പാടിനു ഇരുവശത്തുനിന്നും ആര്‍പ്പുവിളിച്ച് ആവേശം കൂട്ടാന്‍ കുട്ടികളും യുവാക്കളും തിക്കിത്തിരക്കുകയാണ്. മ‌റ്റൊരു പ്രത്യേകത, മുടിയേറ്റ് ഒരിടത്ത് അടങ്ങിയിരുന്ന് കാണാന്‍ പറ്റുന്ന ഒരു കലാരൂപമ‌ല്ല. ഒരമ്പല‌പ്പറമ്പാകെ കാളിയുടേയും കൂളിയുടേയും ദാരികന്റെയും ദാനവേന്ദ്രന്റെയും നടനഭൂമികയാണ്. അവരുടെ സഞ്ചാര‌പഥങ്ങ‌ളിലെല്ലാം പ്രേക്ഷകരും ഒപ്പം സഞ്ചരിക്കുന്നു. ചിരിക്കുന്നു. കൈകൂപ്പുന്നു. ആര്‍ത്തുവിളിക്കുന്നു. കൂവുന്നു.

കാളി മുടി കോതിയൊതുക്കി, താളിതേച്ചു മുടി മയപ്പെടുത്തുന്ന അഭിനയരീതി കഥക‌ളിയിലെ പെണ്‍കരി (നക്രതുണ്ഡി,സിംഹിക മുതലായവ) അപ്പാടെ സ്വീകരിച്ചിരിക്കുന്നുവെന്ന് കാണാം. കോയിമ്പിടാര്‍ എന്ന കഥാപാത്രം തല‌യില്‍ ഒരു വാല്‍ (തുണി) കെട്ടി ഒരു ചെറിയ കഴുത്താരം (മാല) അണിഞ്ഞ് വരുന്ന ഒരു കഥാപാത്രമാണ്. ഒരു സൂത്രധാരനെന്നതുപോലെ തന്നെ കോയിമ്പിടാരാണ് മുടിയേറ്റിന്റെ പ്രധാന‌ഭാഗങ്ങ‌ളെപ്പറ്റി കാണിക‌ള്‍ക്ക് സൂചന നല്‍കുന്നത്. കോയിമ്പിടാരും ചെണ്ടക്കാര‌നുമായി ഒരു സംവാദമുണ്ട്. ഒട്ടൊരു അസംസ്കൃതമായ സ്ലാംഗിലുള്ള മ‌ല‌യാള‌മായതിനാല്‍ മുഴുവനായി മ‌ന‌സ്സിലാക്കാന്‍ ഒട്ടൊരു ബുദ്ധിമുട്ട് തോന്നിച്ചു. നാട്ടില്‍ തിന്മക‌ള്‍ കൂടിവരുന്നെന്നും തിന്മ ചെയ്യുന്നവരെ നശിപ്പിക്കേണ്ടതിലേക്കായി ദേവി വരണ‌മെന്നും ഗ്രാമ്യമായ കേള്‍ക്കാന്‍ സുഖമുള്ള ഒഴുക്കുള്ള ശൈലിയില്‍ ര‌സമായി പറയുന്നു കോയിമ്പിടാരും ചെണ്ടക്കാരനും. “അടിയെടാ അടിപ്പീരേ“ എന്നൊക്കെയാണ് ഇടക്കിടെ കേട്ടത്.
കൂളി തമാശക്കാരിയാണ്. പുറപ്പാടിന് ശേഷം സദസ്യരുമായുള്ള ആശയവിനിമയം മുഴുവന്‍ ഇമ്പ്രൊവൈസേഷനില്‍ ഊന്നിയുള്ളതാണെന്ന് പറയാം. കാലികമായ വിഷയങ്ങ‌ളാണ് കൂളി ഫലിതരൂപേണ അവതരിപ്പിക്കുന്നത്. ര‌സിപ്പിക്കുക എന്നതിലപ്പുറം ഒന്നുമില്ല. ഇടക്കിടെ സദസ്സിലിരിക്കുന്ന മുതിര്‍ന്നവരേയും കുട്ടികളേയും പിടിച്ച് പൊക്കിക്കൊണ്ടുപോയി മടിയില്‍ വെച്ച് മുല‌കോടുക്കുന്നതായി അഭിന‌യിക്കുന്നത് ചിരിയുണ‌ര്‍ത്തുന്നു. കൂട്ടത്തില്‍ “ഇവന്‍ ന‌ന്നാകുമോയെന്ന് ഞാനൊന്ന് നോക്കട്ടെ” എന്നും പറയുന്നുണ്ടായിരുന്നു.അതിനുശേഷം പിടിച്ചുകൊണ്ടുവന്നയാളെ നില‌വിള‌ക്കില്‍നിന്നും കരിയെടുത്ത് പുരികമെഴുതി, എണ്ണ തൊട്ട് മുടിയില്‍ തേച്ച് അനുഗ്രഹിച്ച് വിടുന്നു കൂളി. സദസ്സില്‍ ഒരു
കുട്ടിപോലും പാതിരാത്രിക്കും ഉറങ്ങില്ല എന്ന് സാരം. നേരമ്പോക്കൊക്കെ കഴിഞ്ഞ് കൂളി, അമ്മയെ (കാളിയെ) വിളിച്ച് വിളിച്ച് വരുത്തുകയാണ്.

പിന്നെ കാളിയും, ദാരികനും ദാനവേന്ദ്രനും തമ്മിലുള്ള യുദ്ധമായി. ഒരേ മൂദ്രാഭിന‌യമാണ് എല്ലായ്പ്പോഴും. പക്ഷേ ഉച്ചസ്ഥായിയില്‍ മുറുകുന്ന മേള‌ത്തിനൊപ്പം അമ്പല‌ത്തിന് മൂന്നുവട്ടം വലം വെച്ച് അമ്പല‌പ്പറമ്പിലെല്ലാം ചുറ്റി ചുറ്റി സംഹാര‌രുദ്രയായി നടക്കുന്ന കാളിയെയാണ് കാണാന്‍ കഴിയുക. കാളിയായി അഭിന‌യിക്കുന്ന നടന്റെ മ‌നോനിലയിലും ശരീരഭാഷയിലും ഒരു അമാനുഷികതയും അസാധാരണ‌ത്വവും കൈവരുന്നു. ഒടുവില്‍ കലിയടങ്ങാതെ സംഹാര‌രുദ്രയായ കാളിയുടെ മുടി(കിരീടം) കൂളീ ബലമായി ഊരിയെടുക്കുന്നു (കലി ശമിപ്പിക്കാന്‍). പിന്നെ കൂളി ബലമായി കൈയ്യില്‍പ്പിടിച്ച് കറങ്ങിത്തിരിഞ്ഞ് കാളിയുടെ കൈയ്യിലെ വാ‌ള്‍ താഴെ ഇടുവിക്കുന്നു. ഈ അവസരത്തില്‍ കാളിയായി വേഷം കെട്ടിയ ന‌ടന്‍ ഒരു തരം ഉന്മാദാവസ്ഥയിലായിരുന്നു. അത് കഴിഞ്ഞ് അല്‍പ്പനേരം കാളി വിശ്രമിച്ചതിനുശേഷം ദാരികനേയും ദാനവേന്ദ്രനേയും വധിക്കുന്നു (അവരുടെ മുടി പൊക്കി എടുക്കുന്നു). പിന്നെ കാളിയുടെ ഒരു ചെറിയ താണ്ഡവത്തോടെ നാട്യം അവസാനിക്കുന്നു. കാളിയായി വേഷം കെട്ടുന്ന ന‌ടന്‍ കുട്ടിക‌ളുടെ ഭയം അകറ്റുവാന്‍ അനുഗ്രഹിക്കുന്ന ചടങ്ങ് മാത്രമാണ് പിന്നെയുള്ളത്.
ആഹാര്യത്തിന്റെ അമാനുഷികത കൊണ്ടും പന്തത്തിലും പാതി ഇരുട്ടിലുമുള്ള ദ്രുത സഞ്ചാരം കൊണ്ടും തുറന്ന തീയേറ്ററിന്റെ വിസ്തൃതിയില്‍ ഇറങ്ങി അഭിന‌യിച്ച് സദസ്യരെ ഭയ ഭക്തി രസങ്ങ‌ളുടെ പാരമ്യത്തിലേക്കെത്തിച്ച് നാടകത്തിന്റെ ഭാഗമാക്കുന്ന നാട്യസങ്കല്പ്പം കൊണ്ടും തന‌തായ അസ്ഥിത്വമുള്ള കലയാണ് മുടിയേറ്റ്. ര‌സാഭിയത്തിനും മുദ്രാഭിന‌യത്തിനും പ്രകടമായ സ്ഥാന‌മില്ലെങ്കില്‍ത്തന്നെയും മുടിയേറ്റില്‍ ഉപയോഗിയ്ക്കുന്ന കുരുത്തോല‌,ചെത്തിപ്പൂവ്, കടും നിറങ്ങ‌ള്‍, പന്തം, വാ‌ള്‍, പട്ട് തുടങ്ങിയ വസ്തുക്ക‌ളും നടന്മാരുടെ ഭാവഹാവാദിക‌ളിലും ചല‌ന‌ങ്ങ‌ളിലും ഉള്ള അമാനുഷികതയും (അഭിന‌യത്തിനുമ‌പ്പുറം എന്നു പറയാം) മുടിയേറ്റിന് വന്യമായ ഒരു ഭംഗിയും ചാരുതയും കൊടുക്കുന്നു. അമ്മദൈവ സങ്കല്പ്പത്തോടു‌ള്ള മ‌ല‌യാളിയുടെ തേച്ചാലും മായ്ച്ചാലും മായാത്ത ഭയഭക്തി ബ‌ഹുമാന‌ങ്ങ‌ള്‍ മുടിയേറ്റിനോടുള്ള സമീപന‌ത്തില്‍ വെളിവാക്കപ്പെടുന്നുമുണ്ട്.കുറച്ച് ചിത്രങ്ങ‌ള്‍ ചുവടെ. ഓടി നടന്ന് എടുക്കേണ്ടിവന്നതിനാല്‍ പരിചയക്കുറവുകൊണ്ട് അത്ര ന‌ന്നായിട്ടില്ല.

വാല്‍ക്കഷണം : ആദ്യമായാണ് മുടിയേറ്റ് കാണുന്നത്. തെറ്റുകളുണ്ടെങ്കില്‍ സദയം തിരുത്തുമല്ലോ.
ദാരികന്റെ പുറപ്പാട്

അമ്മ ( കാളി )യുടെ പുറപ്പാട്


കോയിമ്പിടാര്‍ സംവാദത്തില്‍ (ഈ സമയം കാളി വിശ്രമിക്കുന്നു)


കാളിയുടെ പുറപ്പെടല്‍ദാരികനും ദാന‌വേന്ദ്രനുമായി യുദ്ധം ചെയ്യുന്ന അമ്മ
യുദ്ധം!
കൂളിയുടെ പുറപ്പാട്
Labels : "Mudiyettu", Ritual art of kerala, Temple art of kerala,ritualistic dance-drama, mudiyettu in india, folklore and mudiyettu

Monday, March 2, 2009

സമ്പൂര്‍ണ്ണ സോഷ്യലിസ്സം

“പച്ച‌ക്കറിക്കിപ്പോ എന്തോ വെല‌യാ?“

“ങാഹാ! സ‌ര്‍ക്കാരിന്റെ പരസ്യം കണ്ടില്ലേ ടീവീല്. വെല കൊറഞ്ഞെന്നും പറഞ്ഞ്“

“ഓ കണ്ടു കണ്ടു. ആന്ധ്രേലും ത‌മി‌ള്‍നാട്ടീലും പച്ച‌ക്കറിക്കൊക്കെ ഭ‌യങ്കര വെല കൊറവാ. അതുപിന്നെ അവരല്ലേ ഇക്കണ്ട പച്ചക്കറിയൊക്കെ ഉണ്ടാക്കുന്നെ? ന‌മ്മ‌ളുപയോഗിയ്ക്കുന്നതും അതു തന്നെ. പക്ഷേ.. ഡോ.. ആന്ധ്രക്കാ‌ര്‍ക്ക് ജില്ലക്കൊരു ഐറ്റി പാര്‍ക്കു വെച്ചുണ്ടോ? ന‌മ്മക്കതില്ലേ? കൊല്ലത്തൊന്ന്. ആലപ്പുഴക്ക് രണ്ട്, കോഴിക്കോടിനൊന്ന്. അങ്ങിനെയങ്ങിനെ. “

“ഹ! താന്‍ സ‌ര്‍ക്കാരിന്റെ ക‌ര്‍ഷകരുടെ ജീവിതം സുന്ദരസുരഭിലമാക്കി. പട്ടിണിയില്ലാതാക്കി എന്നൊക്കെപ്പറഞ്ഞിട്ടുള്ള പരസ്യോം കണ്ടില്ലേ ?“

“ഓ അതും കണ്ടു.അതിനിവിടിപ്പം പട്ടിണി കിടക്കുന്ന ക‌ര്‍ഷകരുണ്ടോടോ? സ‌ര്‍ക്കാരു പറയുന്നത് കറക്ടല്ലേ?“

“അതെന്താ? ക‌ര്‍ഷകരുടെ കാര്യം കമ്പ്ലീറ്റ് സ‌ര്‍ക്കാര് ശരിയാക്കിയോ?“

“അതല്ലടോ. ഇനിയിവിടെ പട്ടിണി കിടക്കുന്ന ഐ.ടി തൊഴിലാളിക‌ളേ ഉണ്ടാവൂ. ക‌ര്‍ഷക‌ന്‍ എന്ന ജീവി കാണില്ല. കൊറച്ച് കഴിയുമ്പം ഐ.ടി തൊഴിലാളി ആത്മ‌ഹത്യയൊക്കെ ഉണ്ടാവാം. എന്തായാലും എന്‍ഡ് റിസ‌ള്‍ട്ട് കറക്ടായേ? ക‌ര്‍ഷക ആത്മ‌ഹത്യ ഇല്ലാതായി. പട്ടിണി കിടക്കുന്ന ക‌ര്‍ഷകരും ഇല്ലാതായി.“

“സമ്പൂര്‍ണ്ണ സോഷ്യലിസ്സം. ദുരിതവും തുല്യമായി വീതിച്ചാല്‍ മ‌തിയല്ലോ”

Sunday, March 1, 2009

അല്ല! ഈ മോഹന്‍ലാല്‍ ആരാണെന്നാ നി‌ങ്ങടെയൊക്കെ വിചാരം.

ഞാനങ്ങനെ ഒരുപാട് പ്രലോഭന‌ങ്ങളെ അതിജീവിച്ച് “റെഡ്ചില്ലീസ്” കാണാന്‍ പോയി.

സിംഗപ്പൂര്‍ ആസ്ഥാന‌മാക്കി പ്രവര്‍ത്തിക്കുന്ന ഓ.എം.ആര്‍ എന്ന മോഹന്‍ലാലിന്റെ വീരസ്യങ്ങളോടെ ആര‌‌‌ം‌ഭിക്കുന്ന ചിത്രം മോഹന്‍ലാലിന്റെ വീരസ്യങ്ങളിലൂടെ കടന്ന് മോഹന്‍ലാലിന്റെ വീരസ്യങ്ങളോടെ അവസാനിക്കുന്നു. (ഭഗവാനേ‌)

അതായത് ഈ ഓ.എം.ആര്‍ എന്ന് വെച്ചാല്‍ ഒരു ഭയങ്കര സംഭവമാണ്. പുള്ളി സിംഗപ്പൂരിലൊക്കെ ചുമ്മാ കൊന്നും കൊലവിളിച്ചും ന‌ടക്കുന്നു. പിന്നെ പുള്ളിയെ ഒതുക്കാന്‍ ആളെവിട്ടാലുള്ള കാര്യം പറയണോ കൂട്ടരേ.

ഹ! ഇതൊന്നും പോരാഞ്ഞ് ഓയെമ്മാറിന് ഓ.എം.ആര്‍ എഫ്.എം എന്ന ഒരു റേഡിയോചാന‌ലുമുണ്ട് കേര‌ള‌ത്തില്‍. കളിയ്ക്കല്ലേ. ഓ.എം.ആര്‍ ഭയങ്കര കലാപ്രേമിയാണ്. കേര‌ള‌ത്തില്‍ കല പിഴച്ചു പോകുന്നത് ഇങ്ങനെയൊക്കെയല്ലാതെ പിന്നെ. ആ! അപ്പോ പറഞ്ഞ് വന്നത് ഓ.എം.ആര്‍ എഫ്.എം ല്‍ “റെഡ് ചില്ലീസ്” എന്ന പേരില്‍ കുറേ സുന്ദരിമാരെ ജോലിക്ക് വെച്ചിട്ടുണ്ട് ഓ.എം.ആര്‍. കേരള‌ത്തിലും വ്യവസായ താല്‍പ്പര്യങ്ങ‌ളുള്ള ഓ.എം.ആറിനെ ഒതുക്കാനായി ആരൊക്കെയോ ശ്രമിയ്ക്കുന്നു. പുതുവത്സ്സരാഘോഷത്തിനിടയില്‍ റെഡ് ചില്ലീസിന്റെ വാഹന‌‌ം വിപ്ല‌വപ്പാര്‍ട്ടിനേതാവായ മാണി വര്‍ഗ്ഗീസ്സിന്റെയും മറ്റ് പത്ത് പ്രവ‌ര്‍ത്തകരുടേയും മ‌രണ‌ത്തിനിടയാക്കുന്ന ഒരു അപകടത്തിന് ഉപയോഗിക്കപ്പെടുകയും റെഡ്ചില്ലീസ് കേസില്‍പ്പെടുകയും ചെയ്യുന്നു. കൂട്ടക്കൊല‌ക്കേസ് ശരിയായ ദിശയില്‍ നയിക്കാന്‍ ഓ.എം.ആര്‍ തന്നെ രംഗത്തു വരുന്നു. ബൈ ദ ബൈ.. പുള്ളി ഒരു വക്കീലുമാണ്. ഓ.എം.ആ‌ര്‍ ആരാ മോന്‍. പിന്നെ ഒരു കേസ്സന്വേഷണ‌മല്ലേ? ഒടുക്കത്തെ കേസ്സന്വേഷണം. ഒടുവില്‍ എന്തു പറ്റീന്നാ? ഓ.എം.ആ‌ര്‍ നിഷ്പ്രയാസം പ്രതിയെ പൊക്കിയില്ലേ? ഞാന്‍ കഥ പറഞ്ഞ് സസ്പ്പെന്‍സ് കള‌യുന്നില്ല. കൂടുതല്‍ വിവര‌ങ്ങ‌ള്‍ക്ക്
ഹരീയുടെ ചിത്രവിശേഷത്തില്‍ പോയി നോക്കിയാല്‍ മ‌തി.

മ്യൂസിക് : വിനു എബ്രഹാം. ത്രീഡി സിനിമ കാണാന്‍ കണ്ണട തരുന്നതുപോലെ ഇതിയാന്റെ സംഗീതം കേ‌ള്‍ക്കാന്‍ ഒരു ഇയ‌ര്‍പ്ലഗ് കൂടി കൊടുത്താല്‍ നന്ന്. എന്നാ ഒച്ചപ്പാടാ തമ്പുരാനേ?

ഇനി ഇതിലെ ചില ഓ.എം.ആ‌ര്‍ ഹൈലൈറ്റ്സ് പറയാം. ഞാന്‍ സിനിമ കാണാന്‍ പോയത് ഭാര്യ, കുട്ടി, അമ്മായിയമ്മ എന്നിവരുടെ കൂടെയാണ്. (എന്തിനാ ഇത് പറഞ്ഞേന്ന് വഴിയേ മന‌സ്സിലാവും)
1. ആര്‍നോ‌ള്‍ഡ് ഷ്വാസന‌ഗറിന്റെ കമാണ്ടോ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ സാര‌ന്മില്ല. ഓ.എം.ആ‌ര്‍ പറയുന്നത് കേട്ടാലും മ‌തി. അതായത് ഓ.എം.ആ‌ര്‍ തന്നെ ലാന്‍ഡിംഗ് സമയവും ഫ്ലൈറ്റ് ന‌മ്പറും സീറ്റ് നമ്പറും ഒക്കെ കൊടുത്തിട്ട് അയാളെ അറസ്റ്റ് ചെയ്യാന്‍ കാത്തിരുന്ന പോലീസുകാരെ ഇളിഭ്യരാക്കിക്കൊണ്ട്, എയറിന്‍ഡ്യയുടെ ഒരു ബസ്സിന‌കത്താണ് പുള്ളി പ്രത്യക്ഷപ്പെടുന്നത്. ശരിയായ ഡയലോഗ് ഓര്‍ക്കുന്നില്ല. ഏതാണ്ടിതായിരുന്നു സാരം “ഫ്ലൈറ്റിന്റെ ആംഗിള്‍ ശരിയല്ലാഞ്ഞതുകൊണ്ട് ശരിക്കും ചാടാന്‍ പറ്റിയില്ല (മോളീന്നേ!). ആ.. ആ പൈലറ്റിന് ഞാന്‍ വെച്ചിട്ടുണ്ട് “ എപ്പടി?==>എന്നിലെ തറട്ടിക്കറ്റുകാരന്‍ ഉണ‌ര്‍ന്നു. ഒരു കൂവല്‍ എന്റെ അന്തരാള‌ങ്ങളില്‍ നിന്നും തിര‌യടിച്ചുയര്‍ന്നു. പക്ഷേ ഞാന്‍ അടക്കി.കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുന്‍പില്‍ മോസക്കാരനാവ‌രുതല്ലോ.

2. പാവമാണ് മോഹന്‍ലാല്‍. ഇപ്പോ പഴേപോലെ അന‌ങ്ങാനൊന്നും മേല. അതാ. എന്നുവെച്ചാല്‍.. പണ്ടൊക്കെ ടിയാന്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന സീന്‍ മാത്രമേ സ്ലോമോഷനില്‍ കാണിക്കത്തൊള്ളാരുന്നു. പക്ഷേ ഇപ്പം (തേങ്ങുന്നു)..
ഫു‌ള്‍ സ്ലോ മോഷന്‍. എന്നു വെച്ചാല്‍ കാറില്‍ നിന്നിറങ്ങാന്‍.. കേറാന്‍.. തിരിഞ്ഞുനോക്കാന്‍.. എന്നു വേണ്ട എല്ലാ പരിപാടിക്കും. പാവം. വയസ്സായില്ലേ. അതാരിക്കും.
==>കൂവല്‍ ടെന്‍ഡന്‍സി പിന്നെയും.... ഇല്ല ഇല്ല ഇല്ല. ഞാന്‍ എന്നോടു തന്നെ പറഞ്ഞു. (കുടുംബം.. സമൂഹം)
3. പതിവുപോലെ.. മോഹന്‍ലാലിന്റെ ഓയെമ്മാറിന് വെല്യ തറവാടൊക്കെയുണ്ട്. ഒരു ശാസ്ത്രിയാണ് (ജഗന്നാഥവ‌ര്‍മ്മ) അവിടെ താമസം. അവിടത്തെ പൂജാമുറീല്‍ അങ്ങേര് വെച്ചാരാധിക്കുന്ന ഒരു അവതാരമുണ്ട്. ദേ ആ കൂറ്റന്‍ പൂജാമുറി തുറക്കുന്നു. ആരാന്നാ? ഓ.എം.ആ‌ര് . ‍ത്രീപീസ്സ് സൂട്ടിട്ട ഓ.എം.ആ‌ര്‍ ദേണ്ടെ നില്‍ക്കുന്നു.
==>കൂവല്‍ ടെന്‍ഡന്‍സി ഉച്ചാവസ്ഥയിലായിരുന്നു.... മുഴുക്കുടിയന്‍ വാളുവെക്കാതിരിക്കാന്‍ പണിപ്പെടുന്നപോലെ ഞാന്‍ എന്നോടു തന്നെ “അടങ്ങ് മോനേ” എന്ന് പറഞ്ഞു.

4.അവസാന സീന്‍... ജഗന്നാഥവ‌ര്‍മ്മ “താങ്ക‌ള്‍ യഥാര്‍ത്ഥത്തില്‍ ആരാണ്?” എന്ന് ചോദിക്കുമ്പോള്‍ ഓ.എം.ആ‌ര്‍ പോക്കറ്റില്‍ നിന്നും ഒരു ബിസിനസ്സ് കാര്‍ഡെടുത്ത് കുടുക്കുന്നു. ആകാംക്ഷാഭരിതരായി അതിലേയ്ക്ക് നോക്കുന്ന ശാസ്ത്രിയും പ്രേക്ഷകരും കാണുന്നതെന്താ?ബ്ലാങ്ക്. ഫു‌ള്‍ ബ്ലാങ്കായ ഒരു കാര്‍ഡ്.ഓ.എം.ആ‌ര്‍ പറയുന്നു. “അതാണ് ഞാന്‍.”. എന്നുവെച്ചാല്‍ പുള്ളി അനന്തം അജ്ഞാതം ആണെന്ന്.. ഇന്‍ഫിനിറ്റി ആണെന്ന്. തനിയ്ക്ക് അഡ്രസ്സില്ലാണ്ടായീന്നാണോ മോഹന്‍ലാല്‍ പറഞ്ഞേന്നൊരു സംശം.
=> ഞാന്‍ കൂവി. തെളിച്ച് കുറുക്കന്‍ ഓരിയിടുന്നതുപോലെ . കൂയ്. ഹോ! എന്തൊരാശ്വാസമായിരുന്നു. എന്റെ ഭാര്യയും അമ്മായിയമ്മയും കൊച്ചു കുഞ്ഞുങ്ങ‌ളായി “ങ്ങട് ഇല്ല്യാണ്ടായി” ഇരിക്കുന്ന കാഴ്ച‌യാണ് പിന്നെ കണ്ടത്. ഒരാശ്വാസം.. എന്റെ മോളും എന്റെ കൂടെ കൂവി എന്നതായിരുന്നു.
ബോട്ടം ലൈന്‍
ഹോ! പെറ്റതള്ള സഹിക്കില്ല.

വാല്‍ക്കഷണം : സിനിമ കഴിഞ്ഞപ്പോ‌ള്‍ ആരോ വിളിച്ചു പറഞ്ഞു. “മോഹന്‍‌ലാല്‍ ആരാണെന്ന് ഇപ്പം എല്ലാര്‍ക്കും മ‌ന‌സ്സിലായല്ലോ?”

പയ്യനും ദോശയും കമ്മ്യൂണിസ്റ്റുകാരും - വി.കെ.എന്നിനെ വായിയ്ക്കുമ്പോ‌ള്‍

വി.കെ. എന്നിന്റെ പുനര്‍വായന ഒരാഘോഷമാണ്. 1979 ല്‍ പ്രസിദ്ധീകരിച്ച വി.കെ. എന്നിന്റെ പയ്യന്‍ കഥകള്‍ വായിയ്ക്കുമ്പോഴും,1976 ലെ പിതാമഹന്‍ വായിയ്ക്കുമ്പോഴും സമ‌കാലിക രാഷ്ടീയ-ന‌യതന്ത്ര മേഖല‌കളില്‍ പ്രസ്തുത കൃതികള്‍ക്കുള്ള പ്രസക്തി കണ്ടാല്‍ അത്ഭുതം തോന്നും. ഓരോ കഥയും, ഓരോ ഭാഗവും, കഥാപാത്രങ്ങളുടെ ഓരോ ചെയ്തികളും വാക്കുകളും ഇന്നു കാണുന്ന എന്തിനെയൊക്കെയോടോ ബന്ധിപ്പിക്കാനും കൂട്ടിവായിയ്ക്കാനും വായന‌ക്കാരന് കഴിയുന്നു. എഴുത്ത് കാല‌ത്തെ അതിജീവിച്ചാല്‍ എഴുത്തുകാരന്‍ മ‌ഹാനാണ്. വി.കെ.എന്‍ അങ്ങനെ മ‌ഹാന്‍ ആവുന്നു.എഴുത്തുകാരുടെ കുലപതിയും.

പയ്യന്‍ കഥകളിലെ “ദോശ” വായിയ്ക്കുമ്പോള്‍ ഇന്നത്തെ ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റി(?)ന്റെ കപട കമ്മ്യൂണിസ്റ്റ് വീക്ഷണ‌ങ്ങളെയും സുഖ‌ലോലുപതയെയും കണ്മുന്‍പില്‍ കണ്ട് എഴുതിയതുപോലെ തോന്നും. ചിരിച്ച് മ‌റിയുന്നതിനൊപ്പം ചിന്തിപ്പിക്കുന്ന മ‌റ്റൊരു വി.കെ.എന്‍ ഉദാത്തശില്‍പ്പം.

അറസ്റ്റ് വെട്ടിച്ച് ഒളിവില്‍ കഴിയുന്ന കമ്മ്യൂണിസ്റ്റുകാരനായ പയ്യന് ദോശ തിന്നാനുള്ള കൊതി കലശലാവുന്നു. സഹിക്കാന്‍ പറ്റുന്നില്ലെന്നര്‍ത്ഥം.”നായുടെ നാക്കിന്റെ നേര്‍മ്മയില്‍ കുത്തും പുള്ളിയും നിറഞ്ഞ് കുഴഞ്ഞാടുന്ന ദോശയുടെ വിഗ്രഹം” പയ്യന്റെ മ‌നസ്സില്‍ ഉയരുകയാണ്. ഇവിടെ ദോശ ഒരു പ്രലോഭന‌മാണ്. വിപ്ലവം,നിഷ്ക്കാമ‌ കര്‍മ്മമായ ജന‌സേവനം എന്നിവ ലക്ഷ്യമാക്കിയ കമ്മ്യൂണിസ്റ്റുകാരന്‍ തന്റെ നിയോഗം മ‌റന്ന് സുഖ‌ലോലുപതയുടെ പ്രലോഭന‌‌ത്തിനു വശംവദ‌നാവുന്നു. കര്‍ക്കശനായ വിപ്ലവകാരിയായ പയ്യന്‍ തന്നോടുതന്നെ ചോദിയ്ക്കുന്നു. “വാദത്തിനുവേണ്ടി നീ പോയി ദോശതിന്നാന്‍ തീരുമാനിച്ചു എന്നുതന്നെ വെക്കുക. എങ്കില്‍ ആയത് പാര്‍ട്ടിയുടെ അച്ചടക്ക‌ത്തിനും നിയമാവലിയ്ക്കും എതിരാവില്ലേ?” ആ നിമിഷത്തില്‍ പയ്യന്റെ വയറ്റില്‍ ആര്‍ത്തിയുടെ വീണ‌ക്കമ്പി ഒരു ക്വാണം പുറപ്പെടുവിച്ചു. പ്രലോഭന‌ത്തിനു ചുവടെ പയ്യന്റെ മ‌ന‌സ്സ് വൈരുദ്ധ്യാധിഷ്ഠിത ഭൌതികസിദ്ധാന്തത്തില്‍ അപ്പോ‌ള്‍ ചുട്ടെടുത്ത ഒരു ദോശകണ‌ക്ക് കുഴഞ്ഞു വീണു.നോക്കുക.. ഇത് ഇന്നത്തെ കര്‍ക്കശക്കാരെന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന അല്ലെങ്കില്‍ സ്വയം ന‌ടിയ്ക്കുന്ന കമ്മ്യൂണിസ്റ്റ്കാര്‍ക്കിട്ട് മ‌നോഹര‌മായ ഒരു പൂശാണ്. ഭൌതികപ്രലോഭന‌ങ്ങള്‍ക്ക് പിറകേ കണ്ണുമ‌ടച്ച് പായുന്ന നാട്യക്കാരായ കമ്മ്യൂണിസ്റ്റിനെ വി.കെ.എന്‍ തൊലിയുരിക്കുകയാണ്.

കൊച്ചുവെളുപ്പാ‌ന്‍‌കാല‌ത്ത്, അഭയം കൊടുത്ത വീട്ടുകാരോട് മിണ്ടാതെ പയ്യന്‍ പാര്‍ട്ടി അനുഭാവിയായ രാമ‌ന്‍കുട്ടിയുടെ ചായക്കടയില്‍ പിന്‍‌വാതിലിലൂടെ പ്രവേശിയ്ക്കുകയാണ്. അഞ്ചിടങ്ങഴി വലുപ്പത്തിലുള്ള ഒരു പാത്രം നിറയെ ദോശമാവും ഒരു കുട്ടകം നിറയെ ചട്നിയും അവിടെ തയ്യാര്‍.

സഖാവിനെക്കണ്ട് അത്ഭുതപ്പെട്ട രാമ‌‌ങ്കുട്ടിയോട് താന്‍ അണ്ട‌ര്‍ഗ്രൌണ്ടിലാണെന്നും ആഗമ‌നോദ്ദേശ്യവും അറിയിയ്ക്കുന്നു. പിന്നെ അനസ്യൂതം അവിരാമം അസ്സംഘ്യം ദോശക‌ള്‍ പയ്യന്‍ തന്നെ ചുട്ടുതിന്നുക‌യാണ്. പാര്‍ട്ടിയെ വിശ്വസിച്ചും ബഹുമാനിച്ചും നിത്യത്തൊഴിലെടുത്തു ജീവിക്കുന്ന ഒരു പ്രവര്‍ത്തകനെ തന്റെ സുഖം മാത്രം ലക്ഷ്യമാക്കി അവ്ന്റെ കഞ്ഞിയില്‍ പാറ്റയിടാനും രണ്ടാലൊന്ന് ചിന്തിക്കാത്ത ഒരു കപ‌ടകമ്മ്യൂണിസ്റ്റിനെ വി.കെ.എന്‍ ന‌ര്‍മ്മമ‌ധുര‌മായി വരച്ചുകാട്ടുന്നു. ചായക്കടയിലെ പതിവുകാരെ കാലിച്ചായ കൊടുത്തും തൊടുന്യായങ്ങള്‍ പറഞ്ഞും രാമ‌ന്‍‌കുട്ടി പിടിച്ചു നിര്‍ത്തിയെങ്കിലും ഇടക്കൊരു പോലീസ്സുകാരന്‍ വന്നതോടെ രാമങ്കുട്ടി അകത്തേക്ക് വന്ന് പയ്യനോട് രണ്ട് ദോശ താന്‍ തന്നെ ചുട്ടുകൊടുത്ത് അയാളെ പറഞ്ഞയച്ചേക്കാമെന്ന് പറയുന്നു. “താന്‍ പോയി പോലിസ്സുകാരന് ചായയും അനുഭാവവും പക‌ര്‍ന്നുകൊട്. അപ്പോഴേക്കും ഞാന്‍ ദോശ ശരിപ്പെടുത്താം” എന്നാണ് പയ്യന്റെ നിലപാട്. എല്ലാ പോലീസുകാരെയും ശപിച്ചുകൊണ്ട് പയ്യനൊഴിച്ചുണ്ടാക്കിയ ദോശ ചുട്ടെടുത്തപ്പോ‌ള്‍ താന്‍ ഉണ്ടാക്കിയറ്റ്യ്ഹിലേക്കേറ്റവും മുന്തിയതാ(“മൊരിഞ്ഞ് ചുകന്ന് തീറ്റപ്രായമായിക്കിടക്കുന്നു”)യപ്പോ‌ള്‍, പ്രലോഭനം താങ്ങാനാവാതെ ആ ദോശയും സ്വയം തിന്നുന്നു. ഒന്നല്ല. വീണ്ടും വീണ്ടും. വിശപ്പുമൂത്ത് അടുക്കള‌യിലേക്ക് പ്രവേശിച്ച് പോലീസ്സുകാര‌നോട് സ്വാഭാവികത തോന്നിക്കാനായി രാമ‌‌ന്‍‌കുട്ടി പയ്യനെ ചെവിക്കുപിടിച്ചു മാറ്റി നിര്‍ത്തിയിട്ട്, പയ്യന്‍ മ‌ല‌ബാറുകാരനായ പുതിയ സഹായിയാണെന്നും പരിചയക്കുറവുണ്ടെന്നും പറഞ്ഞ് ഒരു വിധത്തില്‍ ഒഴിവാക്കുന്നു. പോലീസ്സുകാരന്‍ പോയപ്പോ‌ള്‍ ചെവിക്കുപിടിച്ച‌തിന് ക്ഷമ പറഞ്ഞ രാമ‌ന്‍‌കുട്ടിയോട് ഉദാരമായി പയ്യന്‍ പറയുന്ന “ മ‌റന്നുകള! വിപ്ലവം വന്നാല്‍ തന്നെ ഒന്നും ചെയ്യുകില്ല” എന്ന വാചകം ചിരിയുടെ തിര‌യിളക്കുന്നു.

അനായാസമായി വീണ്ടും വീണ്ടും ദോശ ചുടുകയും തിന്നുകയുമായിരുന്നു പയ്യന്‍. അപ്പോ‌ള്‍ “സോഷ്യലിസ്റ്റ് അഭിവാദ്യങ്ങ‌ള്‍” പറഞ്ഞുകൊണ്ട് പോലീസ് ഇന്‍സ്പെക്ടരും പാര്‍ട്ടിയും പ്രവേശിക്കുകയാണ്, പയ്യനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകാന്‍. അചഞ്ചല വിപ്ലവകാരിയായ പയ്യന്‍ ചട്ടി കാണിച്ചിട്ട് രണ്ട് ദോശക്കുള്ള മാവുകൂടിയുണ്ടെന്ന് പറയുന്നു. “എന്നാല്‍ എളുപ്പം കഴിക്ക്. സ്റ്റേറ്റില്‍ ജന‌കീയമ‌ന്ത്രിസഭ നില‌വിലില്ലാത്ത കാലഘട്ടത്തില്‍ അറസ്റ്റിനു മുന്‍പ് തന്നെ പട്ടിണിക്കുട്ടു എന്ന പരാതി വേണ്ട” എന്ന് ഇന്‍സ്പെക്ട‌ര്‍ പറയുന്നിടത്ത് കഥ അവസാനിക്കുന്നു.

കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങ‌ളും സൈദ്ധാന്തികരും പ്രയോഗങ്ങ‌ളും പ്രയോക്താക്കളും ഇന്നെത്തി നില്‍ക്കുന്ന അവസ്ഥയെ വികെഎന്‍ മുന്‍പിന്‍ നോക്കാതെ പരിഹസിക്കുകയാണ് ഈ കഥയില്‍.

ഒരുപക്ഷേ വികെഎന്‍ ഈ കഥ എഴുതിയ കാലത്തിനേക്കാളും എത്രയോ അധികമാണ് അതിന്റെ പ്രസക്തി ഇന്നുള്ളത് എന്നറിയുമ്പോഴാണ് ആ മ‌ഹാനായ എഴുത്തുകാരനെ നമിച്ചുപോകുന്നത്.

ഒരു വെറും തമാശക്കഥ എന്ന തല‌ത്തില്‍ വായിച്ചാലോ. ചിരിച്ച് തല‌തല്ലിക്കുന്ന “ഫു‌ള്‍ വികെഎന്‍ ടച്ച്“ ഉള്ള കഥ‌യാണിതും. രുചിയുടെ രാജാവായിരുന്നു വി‌കെഎന്‍. ചില വി‌കെ‌എന്‍ കൃതിക‌ള്‍ വായിച്ചാല്‍,ഒരു ശരാശരി മ‌ല‌യാളിയുടെ നാവിലെ ര‌സമുകുള‌ങ്ങളുടെ മ‌ര്‍മ്മത്ത് രുചിയുടെ സൂചിക‌ള്‍ കൊണ്ടുള്ള കുത്ത് കൊള്ളുമെന്നത് ഉറപ്പാണ്. അനുഭവം ഗുരു. ഉദാഹരണ‌ങ്ങ‌ള്‍ അസ്സംഘ്യം. അതൊരു പോസ്റ്റാക്കാന്‍ തന്നെയുണ്ട്.