ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ 2009 മാര്‍ച്ച് ഏഴാം തീയതി അവതരിപ്പിക്കപ്പെട്ട മുടിയേറ്റ്.
അനുഷ്ഠാനപരമായ ഒരു കലയാണ് മുടിയേറ്റ്.അസുരനായ ദാരികനെ കാളി വധിച്ച കഥയാണ് മുടിയേറ്റിന്റെ ഉള്ളടക്കം. അമ്മദൈവസങ്കല്പ്പത്തിലൂന്നിയുള്ള അവതരണമാണിത്. പ്രധാനമായും ഭദ്രകാളീക്ഷേത്രങ്ങളിലാണ് നടത്തപ്പെടുക. കളമെഴുത്ത്,പാട്ട്, താലപ്പൊലി, തിരിയുഴിച്ചില്‍ എന്നിവക്ക് ശേഷം കളത്തില്‍ ഭഗവതിയുടെ മാറോഴിച്ചുള്ള ഭാഗങ്ങള്‍ മായ്ക്കുന്നു. അതിനു ശേഷമാണ് മുടിയേറ്റ് തുടങ്ങുക. അരങ്ങുകേളി , അരങ്ങുവാഴ്ത്തല്‍, ദാരികന്റെ പുറപ്പാട്, കാളിയുടെ പുറപ്പാട്,കോയിമ്പിടാരും വാദ്യക്കാരുമായുള്ള സംവാദം, കൂളിയുടെ പുറപ്പാടും വാദ്യക്കാരും സദസ്യരുമായുള്ള നേരമ്പോക്കും ,
കാളിയും ദാരികനും ദാനവേന്ദ്രനും തമ്മിലുള്ള യുദ്ധം,ദാരികന്റെയും ദാനവേന്ദ്രന്റെയും വധം ഇത്രയുമാണ് മുടിയേറ്റിന്റെ ഉള്ളടക്കം.
ചെണ്ടയും (രണ്ട് വീക്ക് ചെണ്ട,നാല് ഉരുട്ട് ചെണ്ട) ഇലത്താളവും ആണ് വാദ്യങ്ങള്‍. നിലവിളക്കും പന്തങ്ങളും (തെള്ളിപ്പൊടിയും) മാത്രമാണ് ദീപസംവിധാനം.
മുഖത്തെഴുത്ത് കരിയും ചായവും (ചുവപ്പ്) അരിമാവും കൊണ്ടുള്ളതാണ്. കഥകളിയിലെ പെണ്‍കരിയുടെ വേഷവും ചില ആട്ടങ്ങളും മുടിയേറ്റില്‍നിന്നുതന്നെയാകണം രൂപം കൊണ്ടത്. മുടിയേറ്റില്‍ ഗഹനവും വ്യക്തവുമായ മുദ്രാസമ്പ്രദായം ഉള്ളതായി കണ്ടില്ല. “കണ്ടോ.. ഞാന്‍ നിന്നെ കൊല്ലുന്നുണ്ട്” എന്നത് മാത്രമാണ് കാളിയും ദാരികനും കാട്ടുന്ന ഏക മുദ്രാഭിനയം എന്ന് പറയാം. മുഖത്തെഴുത്തിന്റെ പ്രത്യേകത കൊണ്ട് തന്നെ രൌദ്രം സ്ഥായിയാക്കുന്നു. മറ്റൊരു ഭാവവും ഇല്ല തന്നെ.
അഭൂതപൂര്‍വ്വമായ ജനകീയതയാണ് മുടിയേറ്റിന്റെ പ്രത്യേകത. അനുഷ്ഠാനത്തിന്റേയും ഭക്തിയുടേയും നിറഞ്ഞ സാന്നിധ്യം പ്രേക്ഷകനെ നടന്മാരോടൊത്ത് നടക്കാനും ഇടപെടാനും പ്രേരിപ്പിക്കുന്നു.കാളിയുടെ പുറപ്പാടിനു ഇരുവശത്തുനിന്നും ആര്‍പ്പുവിളിച്ച് ആവേശം കൂട്ടാന്‍ കുട്ടികളും യുവാക്കളും തിക്കിത്തിരക്കുകയാണ്. മറ്റൊരു പ്രത്യേകത, മുടിയേറ്റ് ഒരിടത്ത് അടങ്ങിയിരുന്ന് കാണാന്‍ പറ്റുന്ന ഒരു കലാരൂപമല്ല. ഒരമ്പലപ്പറമ്പാകെ കാളിയുടേയും കൂളിയുടേയും ദാരികന്റെയും ദാനവേന്ദ്രന്റെയും നടനഭൂമികയാണ്. അവരുടെ സഞ്ചാരപഥങ്ങളിലെല്ലാം പ്രേക്ഷകരും ഒപ്പം സഞ്ചരിക്കുന്നു. ചിരിക്കുന്നു. കൈകൂപ്പുന്നു. ആര്‍ത്തുവിളിക്കുന്നു. കൂവുന്നു.
കാളി മുടി കോതിയൊതുക്കി, താളിതേച്ചു മുടി മയപ്പെടുത്തുന്ന അഭിനയരീതി കഥകളിയിലെ പെണ്‍കരി (നക്രതുണ്ഡി,സിംഹിക മുതലായവ) അപ്പാടെ സ്വീകരിച്ചിരിക്കുന്നുവെന്ന് കാണാം. കോയിമ്പിടാര്‍ എന്ന കഥാപാത്രം തലയില്‍ ഒരു വാല്‍ (തുണി) കെട്ടി ഒരു ചെറിയ കഴുത്താരം (മാല) അണിഞ്ഞ് വരുന്ന ഒരു കഥാപാത്രമാണ്. ഒരു സൂത്രധാരനെന്നതുപോലെ തന്നെ കോയിമ്പിടാരാണ് മുടിയേറ്റിന്റെ പ്രധാനഭാഗങ്ങളെപ്പറ്റി കാണികള്‍ക്ക് സൂചന നല്‍കുന്നത്. കോയിമ്പിടാരും ചെണ്ടക്കാരനുമായി ഒരു സംവാദമുണ്ട്. ഒട്ടൊരു അസംസ്കൃതമായ സ്ലാംഗിലുള്ള മലയാളമായതിനാല്‍ മുഴുവനായി മനസ്സിലാക്കാന്‍ ഒട്ടൊരു ബുദ്ധിമുട്ട് തോന്നിച്ചു. നാട്ടില്‍ തിന്മകള്‍ കൂടിവരുന്നെന്നും തിന്മ ചെയ്യുന്നവരെ നശിപ്പിക്കേണ്ടതിലേക്കായി ദേവി വരണമെന്നും ഗ്രാമ്യമായ കേള്‍ക്കാന്‍ സുഖമുള്ള ഒഴുക്കുള്ള ശൈലിയില്‍ രസമായി പറയുന്നു കോയിമ്പിടാരും ചെണ്ടക്കാരനും. “അടിയെടാ അടിപ്പീരേ“ എന്നൊക്കെയാണ് ഇടക്കിടെ കേട്ടത്.
കൂളി തമാശക്കാരിയാണ്. പുറപ്പാടിന് ശേഷം സദസ്യരുമായുള്ള ആശയവിനിമയം മുഴുവന്‍ ഇമ്പ്രൊവൈസേഷനില്‍ ഊന്നിയുള്ളതാണെന്ന് പറയാം. കാലികമായ വിഷയങ്ങളാണ് കൂളി ഫലിതരൂപേണ അവതരിപ്പിക്കുന്നത്. രസിപ്പിക്കുക എന്നതിലപ്പുറം ഒന്നുമില്ല. ഇടക്കിടെ സദസ്സിലിരിക്കുന്ന മുതിര്‍ന്നവരേയും കുട്ടികളേയും പിടിച്ച് പൊക്കിക്കൊണ്ടുപോയി മടിയില്‍ വെച്ച് മുലകോടുക്കുന്നതായി അഭിനയിക്കുന്നത് ചിരിയുണര്‍ത്തുന്നു. കൂട്ടത്തില്‍ “ഇവന്‍ നന്നാകുമോയെന്ന് ഞാനൊന്ന് നോക്കട്ടെ” എന്നും പറയുന്നുണ്ടായിരുന്നു.അതിനുശേഷം പിടിച്ചുകൊണ്ടുവന്നയാളെ നിലവിളക്കില്‍നിന്നും കരിയെടുത്ത് പുരികമെഴുതി, എണ്ണ തൊട്ട് മുടിയില്‍ തേച്ച് അനുഗ്രഹിച്ച് വിടുന്നു കൂളി. സദസ്സില്‍ ഒരു
കുട്ടിപോലും പാതിരാത്രിക്കും ഉറങ്ങില്ല എന്ന് സാരം. നേരമ്പോക്കൊക്കെ കഴിഞ്ഞ് കൂളി, അമ്മയെ (കാളിയെ) വിളിച്ച് വിളിച്ച് വരുത്തുകയാണ്.
പിന്നെ കാളിയും, ദാരികനും ദാനവേന്ദ്രനും തമ്മിലുള്ള യുദ്ധമായി. ഒരേ മൂദ്രാഭിനയമാണ് എല്ലായ്പ്പോഴും. പക്ഷേ ഉച്ചസ്ഥായിയില്‍ മുറുകുന്ന മേളത്തിനൊപ്പം അമ്പലത്തിന് മൂന്നുവട്ടം വലം വെച്ച് അമ്പലപ്പറമ്പിലെല്ലാം ചുറ്റി ചുറ്റി സംഹാരരുദ്രയായി നടക്കുന്ന കാളിയെയാണ് കാണാന്‍ കഴിയുക. കാളിയായി അഭിനയിക്കുന്ന നടന്റെ മനോനിലയിലും ശരീരഭാഷയിലും ഒരു അമാനുഷികതയും അസാധാരണത്വവും കൈവരുന്നു. ഒടുവില്‍ കലിയടങ്ങാതെ സംഹാരരുദ്രയായ കാളിയുടെ മുടി(കിരീടം) കൂളീ ബലമായി ഊരിയെടുക്കുന്നു (കലി ശമിപ്പിക്കാന്‍). പിന്നെ കൂളി ബലമായി കൈയ്യില്‍പ്പിടിച്ച് കറങ്ങിത്തിരിഞ്ഞ് കാളിയുടെ കൈയ്യിലെ വാള്‍ താഴെ ഇടുവിക്കുന്നു. ഈ അവസരത്തില്‍ കാളിയായി വേഷം കെട്ടിയ നടന്‍ ഒരു തരം ഉന്മാദാവസ്ഥയിലായിരുന്നു. അത് കഴിഞ്ഞ് അല്‍പ്പനേരം കാളി വിശ്രമിച്ചതിനുശേഷം ദാരികനേയും ദാനവേന്ദ്രനേയും വധിക്കുന്നു (അവരുടെ മുടി പൊക്കി എടുക്കുന്നു). പിന്നെ കാളിയുടെ ഒരു ചെറിയ താണ്ഡവത്തോടെ നാട്യം അവസാനിക്കുന്നു. കാളിയായി വേഷം കെട്ടുന്ന നടന്‍ കുട്ടികളുടെ ഭയം അകറ്റുവാന്‍ അനുഗ്രഹിക്കുന്ന ചടങ്ങ് മാത്രമാണ് പിന്നെയുള്ളത്.
ആഹാര്യത്തിന്റെ അമാനുഷികത കൊണ്ടും പന്തത്തിലും പാതി ഇരുട്ടിലുമുള്ള ദ്രുത സഞ്ചാരം കൊണ്ടും തുറന്ന തീയേറ്ററിന്റെ വിസ്തൃതിയില്‍ ഇറങ്ങി അഭിനയിച്ച് സദസ്യരെ ഭയ ഭക്തി രസങ്ങളുടെ പാരമ്യത്തിലേക്കെത്തിച്ച് നാടകത്തിന്റെ ഭാഗമാക്കുന്ന നാട്യസങ്കല്പ്പം കൊണ്ടും തനതായ അസ്ഥിത്വമുള്ള കലയാണ് മുടിയേറ്റ്. രസാഭിയത്തിനും മുദ്രാഭിനയത്തിനും പ്രകടമായ സ്ഥാനമില്ലെങ്കില്‍ത്തന്നെയും മുടിയേറ്റില്‍ ഉപയോഗിയ്ക്കുന്ന കുരുത്തോല,ചെത്തിപ്പൂവ്, കടും നിറങ്ങള്‍, പന്തം, വാള്‍, പട്ട് തുടങ്ങിയ വസ്തുക്കളും നടന്മാരുടെ ഭാവഹാവാദികളിലും ചലനങ്ങളിലും ഉള്ള അമാനുഷികതയും (അഭിനയത്തിനുമപ്പുറം എന്നു പറയാം) മുടിയേറ്റിന് വന്യമായ ഒരു ഭംഗിയും ചാരുതയും കൊടുക്കുന്നു. അമ്മദൈവ സങ്കല്പ്പത്തോടുള്ള മലയാളിയുടെ തേച്ചാലും മായ്ച്ചാലും മായാത്ത ഭയഭക്തി ബഹുമാനങ്ങള്‍ മുടിയേറ്റിനോടുള്ള സമീപനത്തില്‍ വെളിവാക്കപ്പെടുന്നുമുണ്ട്.
കുറച്ച് ചിത്രങ്ങള്‍ ചുവടെ. ഓടി നടന്ന് എടുക്കേണ്ടിവന്നതിനാല്‍ പരിചയക്കുറവുകൊണ്ട് അത്ര നന്നായിട്ടില്ല.
വാല്‍ക്കഷണം : ആദ്യമായാണ് മുടിയേറ്റ് കാണുന്നത്. തെറ്റുകളുണ്ടെങ്കില്‍ സദയം തിരുത്തുമല്ലോ.
ദാരികന്റെ പുറപ്പാട്
8 comments:
ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ 2009 മാര്‍ച്ച് ഏഴാം തീയതി അവതരിപ്പിക്കപ്പെട്ട മുടിയേറ്റ്.
ആഹാര്യത്തിന്റെ അമാനുഷികത കൊണ്ടും പന്തത്തിന്റെ വെളിച്ചത്തിലും പാതി ഇരുട്ടിലുമുള്ള ദ്രുത സഞ്ചാരം കൊണ്ടും തുറന്ന തീയേറ്ററിന്റെ വിസ്തൃതിയില്‍ ഇറങ്ങി അഭിനയിച്ച് സദസ്യരെ ഭയ ഭക്തി രസങ്ങളുടെ പാരമ്യത്തിലേക്കെത്തിച്ച് നാടകത്തിന്റെ ഭാഗമാക്കുന്ന നാട്യസങ്കല്പ്പം കൊണ്ടും തനതായ അസ്ഥിത്വമുള്ള കലയാണ് മുടിയേറ്റ്.
:)
Annaaa.. Kurachu photo padangal enikkum tharaney!
Siteil idana..
നന്നായിട്ടുണ്ട് വിവരണം. ഭാവിയിലെ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഇതൊരു 'റെഫറന്‍സ്' ആകും. കൃത്യമായ വിവരണം. എന്റെ വീടിന്റെ അടുത്ത് [പെരുമ്പിള്ളി] പടതുകാവ് ഭഗവതി അമ്പലത്തില്‍ മുടിയേറ്റ് ഉണ്ടാകാറുണ്ട്.
മുടിയേറ്റ് ഇതുവരെ കണ്ടിട്ടില്ല. നല്ല വിവരണം മാഷേ...
good documentation
very good...........
excellent...
excellent.if you need more details please contact an old artist,his name is punnackal balakrishna marar.if you are interested plz mail me.my mail id is vidya.pmarar@gmail.com
നല്ല വിവരണം. ഞാനും മുടിയേറ്റ് കണ്ടിട്ടില്ല. നന്ദി, ഇനി കാണാന്‍ ശ്രമിക്കാം.
Post a Comment