Wednesday, August 29, 2007

മുട്ട മരം

വിവാഹമൊക്കെ കഴിഞ്ഞ സമയം. എവിടെയോ പോകാനായി ഭാര്യാസമേതനായി ബസ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു ഞാന്‍.

"ഹലോ! എന്തൊക്കെയുണ്ട്?" ഞാന്‍ തിരിഞ്ഞുനോക്കി.
പുരുഷന്‍ ചേട്ടന്‍.
"സുഖം ചേട്ടാ.."
" ഇതു പുരുഷന്‍ ചേട്ടന്‍".. ഞാന്‍ ഭാര്യയ്ക്ക് അദ്ദേഹത്തിനെ പരിചയപ്പെടുത്തി.
"വാലുപറമ്പില്‍ പുരുഷോത്തമക്കൈമള്‍ - ഇദ്ദേഹം സംവിധായകന്‍ പ്രിയദ൪ശ്ശന്റെ അമ്മാവനാണ്‌. ഇദ്ദേഹത്തിന്റെ പേരും വീട്ടുപേരും പ്രിയദ൪ശ്ശന്റെ പല സിനിമകളിലുമുണ്ട്."

"പിന്നെ പണ്ടു മൊട്ട കുഴിച്ചിട്ടതൊക്കെയോര്‍‌ക്കുന്നൊണ്ടോ?"
പുരുഷന്‍ ചേട്ടന്റെ അടുത്ത ചോദ്യം കേട്ട് വിളറിയ ഞാന്‍ പിന്നെ പൊട്ടിച്ചിരിച്ചിട്ടു പറഞ്ഞു.
"ഒണ്ടേ .. ഒണ്ട്..."

ചോദ്യഭാവത്തില്‍ എന്നെ നോക്കിയ ഭാര്യയ്ക്ക് വേണ്ടി ഞാന്‍ പിന്നീട് ഒരു ഫ്ലാഷ്ബാക്കിലൂടെ ആ കഥയുടെ ചുരുളഴിച്ചു.

സര്‍ക്കാരുദ്യോഗസ്ഥനും കമ്യുണിസ്റ്റുകാരനും ആയിരുന്ന (ഇപ്പോഴും ആണു കേട്ടോ..പിണറായി വിഭാഗമാണ്‌. അങ്ങേ൪ക്ക(പിണറായി)തറിയാന്‍ പാടില്ലേലും) എന്റെ അച്ഛന്‍ സാമ്പത്തികമായ ഞെരുക്കം നിമിത്തം ആലപ്പുഴയിലുണ്ടായിരുന്ന സ്ഥാവരജംഗമങ്ങളൊക്കെ വിറ്റ് സ്വന്തം ഭാഗമെന്നു (തെറ്റി) ധരിച്ചിരുന്ന കുടുംബഗേഹമായ തോട്ടപ്പള്ളിയില്‍ വന്ന് താമസിയ്ക്കുകയും, പിന്നീട് അദ്ദേഹത്തിന്റെ സഹോദരിയ്ക്ക് അതൊഴിഞ്ഞുകൊടുത്ത് (ച്ചാല്‍..... അതങ്ങട് പോയീന്ന് സാരം) അമ്പലപ്പുഴയില്‍ വന്ന് വാടകയ്ക്ക് താമസിയ്ക്കുന്ന കാലം.

ഞാന്‍ അന്ന് നാലാം ‌ക്ലാസ്സില്‍ പഠിയ്ക്കുന്ന ഒരൊന്നാന്തരം മോണ്‍സ്‌റ്ററായിരുന്നു. അമ്പലപ്പുഴയിലെ ആമയിട ഭാഗത്തായിരുന്നു എന്റെയും ഫാമിലിയുടേയും വാസം.വളരെ വിശാലമായിരുന്ന വീട്ടില്‍ ഹൗസോണ൪ ഏതാനും മുറികളെടുത്തിട്ട് ബാക്കിഭാഗം മുഴുവന്‍ ഞാനും ഫാമിലിയും കയ്യേറിയിരുന്നു. ഹൗസോണറുടെ രണ്ടാണ്മക്കളും പിന്നെ പരിസരങ്ങളിലുള്ള മറ്റനവധി പിശാചുകുഞ്ഞുങ്ങളും ഞാനും ചേ൪ന്ന് നാട്ടുകാ൪ക്കും വീട്ടുകാ൪ക്കും അത്യാവശ്യം വേണ്‍ടിയിരുന്ന സ്വെര്യക്കേടുകള്‍ കൊടുത്തു.

എന്റെ ക്ലോസ്സ് ഫ്രെണ്ടും ഹീറോയിനുമായിരുന്നു തൊട്ടടുത്ത വീട്ടിലെ സുജാതച്ചേച്ചി (ഞാന്‍ അന്ന് നാലാം ‌ക്ലാസ്സില്‍, സുജാതച്ചേച്ചി പ്രീഡിഗ്രി). ജി.കെ.പിള്ള, ബാലന്‍.കെ.നായ൪, ജോസ്പ്രകാശ്,എം.എന്‍.നമ്പ്യാ൪ തുടങ്ങിയവരുടെ സിനിമകള്‍ അപ്പപ്പോള്‍ കണ്ട് സുജാതച്ചേച്ചിയാണ് എന്നെ അപ്ഡേറ്റ് ചെയ്യ്‌തിരുന്നത്.

കൊള്ളസംഘം, കൊള്ളസങ്കേതം, സ്വിച്ചിട്ടാല്‍ തുറക്കുന്ന ഗുഹകള്‍, തോക്കും ക്രോസ്സ്ബെല്‍റ്റും ധരിച്ച അനുയായികള്‍ തുടങ്ങിയ സംഭവങ്ങള്‍ എന്നിലെ കൊച്ചുകൊള്ളക്കാരനെ ഉണ൪ത്തുകയും ഹഠാദാക൪ഷിയ്ക്കുകയും ചെയ്തു.അനുയായികളും മറ്റും അത്യാവശ്യത്തിനുള്ളതുകൊണ്ട് കൊള്ളസങ്കേതവും, കൊള്ളമുതലും മാത്രമേ എനിയ്ക്ക് വിഷയമായിത്തോന്നിയുള്ളൂ. ഞാന്‍ താമസിച്ചിരുന്ന വീടിന്റെ ഒരല്‍പ്പം കിഴക്കോട്ടുമാറി കണ്ണെത്താദൂര‍ത്തോളം കൊയ്ത്ത് കഴിഞ്ഞ്‌ ഉണങ്ങിക്കിടക്കുന്ന പാടങ്ങളായിരുന്നു.വാലുപറമ്പില്‍ പുരുഷന്‍‍ ചേട്ടന്റെ വീടിന്റെ ഈട്ടയ്ക്കുള്ള (ഈട്ട:പാടവും പറമ്പും ചേരുന്ന ഭാഗം) ഒരു കുറ്റിക്കാട്ടിനടുത്തായി ഞാന്‍ ഒരു വലിയ മാളം കണ്ടുപിടിച്ചു.

എന്റെ പരിസരത്തൊന്നും മലയും കുന്നും വേ൪ നോട്ട് അവൈലബ്ള്‍.
സൊ.. അതു മതി... ഞാന്‍ കൊള്ളസങ്കേതത്തിന്റെ പ്രൊബ്ലെം സോള്‍വ് ചെയ്തു.
കൊള്ളമുതല്‍ ആന്‍ഡ് കൊള്ള മാസ്റ്റ൪പ്ലാന്‍...... ഹം...ഞാന്‍ തലപുകഞ്ഞാലോചിച്ചു.
ഡണ്‍.
എന്റെ മാതാശ്രീ എനിയ്ക്കും ബാക്കിയുള്ള മെംബേര്‍സിനുമായി കരുതിവെയ്ക്കുന്ന താറാം മുട്ടകള്‍!

മ്‌ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹഹഹ...ഞാന്‍ എം.എന്‍.നമ്പ്യാ൪ ചിരിയ്ക്കുന്നതുപോലെ ചിരിച്ചു.

ചിരിയ്ക്കണമല്ലോ. കൊള്ളചെയ്യാനുള്ള ഐറ്റംസ് കണ്ടുപിടിച്ചാല്‍ സംഘത്തലവന്‍ അങ്ങനെ ചിരിയ്ക്കാറുണ്ടെന്ന് സുജാതച്ചേച്ചി എന്നോട് പറഞ്ഞിരുന്നു.

എളിയ തുടക്കം... പല വലിയ സംരംഭങ്ങളുടേയും പിന്നില്‍ ഇത്തരം എളിയ തുടക്കങ്ങളാണെന്ന് എനിയ്ക്കന്നേ അറിയാമായിരുന്നു.

ഒരു ശനിയാഴ്ച.. ഞാന്‍ സഹമോണ്‍സ്റ്റേഴ്സിനോട് മാസ്റ്റ൪പ്ലാന്‍ അവതരിപ്പിച്ചു.... സംഘത്തലവനാകുന്ന ഞാന്‍, താറാം മുട്ടകള്‍ എന്റെ വീട്ടിലെ അടുക്കളയില്‍നിന്നും ആരുമില്ലാത്ത നേരം നോക്കി കൊള്ളയടിയ്ക്കും. പിന്നെ സംഘാംഗങ്ങളുടെ അകമ്പടിയോടെ കൊള്ളസങ്കേതത്തിലേയ്ക്ക് മാറ്റും.
സംഘാംഗങ്ങളില്‍ ചിലരുടെ മുഖത്ത് ഒരു പൃംഗ്യാസം.
പക്ഷെ സംഘത്തലവന്റെ അസാമാന്യമായ ധൈര്യം..സംഘാംഗങ്ങളില്‍ ആത്മവിശ്വാസം വള൪ത്തി. (ആഫ്റ്റെറാള്‍ .....മുട്ടകള്‍ കൊള്ളയടിയ്ക്കുന്നത് അവന്മാരുടെ വീടുകളില്‍ നിന്നല്ലല്ലോ)

പക്ഷേ... ഈ താറാം മുട്ടകള്‍ എന്തിനു കൊള്ളയടിയ്ക്കുന്നെന്നൊ..ഇതുകൊണ്ടെന്തു ചെയ്യാന്‍ പോകുന്നെന്നൊ ആരും ചോദിച്ചില്ല. ഞാന്‍ പറഞ്ഞുമില്ല. എന്റെ ലക്‌ഷ്യവും കൊള്ളയടിയും സങ്കേതത്തിലേയ്ക്ക് മാറ്റലും മാത്രമായിരുന്നതുകൊണ്ട് അതും ഒരു പ്രശ്ന്മേ ആയില്ല.

സൊ.. ദി ഡിസിഷന്‍ ഹാസ് ബീന്‍ ടേക്കണ്‍...

ശനിയാഴ്ച സമയം ഉച്ച രണ്ടു മണി. ഉച്ചയൂണ് കഴിഞ്ഞ് എന്റെ അമ്മയും പരിസരവാസികളായ അരഡസന്‍ പെണ്ണുങ്ങളും കൂടി നാട്ടില്‍ നടന്നതും നടക്കാന്‍ പോകുന്നതുമായ് പ്രസവങ്ങളുടെയും, അവിഹിതബന്ധങ്ങളുടേയും സ്ഥിതിവിവരങ്ങള്‍ വിലയിരുത്തി ബോധം പോയിനില്‍ക്കുന്ന സമയം!

ഞാന്‍ അടുക്കളയിലേക്ക് പ്രവേശിച്ചു. ലാക്റ്റോജന്റെ തുരുമ്പിച്ച ഒരു പഴയ് ടിന്നിലാണ് വേണ്ട മുതലിരിയ്ക്കുന്നത്. ആറു താറാമുട്ടകള്‍ എണ്ണി നിക്കറിന്റെ ഇരുപോക്കറ്റിലും കയ്യിലുമായി എടുത്ത് ഒരു കൊള്ളസംഘത്തലവന്റെ യാതൊരഹങ്കാരവുമില്ലാതെ അടുക്കളയുടെ പിന്നിലൂടെ ഞാന്‍ പുറത്തിറങ്ങി. ചട്ടം കെട്ടിയപോലെ തന്നെ സംഘാംഗങ്ങള്‍ കാത്തുനില്പ്പുണ്ടായിരുന്നു അവിടെ. അവരേയും നയിച്ചുകൊണ്ട് കൊള്ളസങ്കേതത്തിലേയ്ക്ക് നീങ്ങി. എന്നുവെച്ചാല്‍ ചുമ്മാതങ്ങു നടന്നു. സ്ഥലത്തെത്തി ഞാന്‍ ഓരോരൊ മുട്ടയായെടുത്ത് ശ്രദ്ധാപൂര്‍‌വ്വം മാളത്തിലേക്ക് വെച്ചു.

ഇനിയെന്ത്? അപ്പോഴാണാ കൊടുംവഞ്ചന നടന്നത്. പിന്നെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതിരുന്നതുകൊണ്ട് ഹൗസ്സോണറുടെ മകന്‍, വിജിയോടു ചുറ്റുപാടും ഒന്നു നോക്കിവരാന്‍ പറഞ്ഞു ഞാന്‍. സംഘത്തലവനാകുമ്പോഴുള്ള ഓരോ ഉത്തരവാദിത്തങ്ങളേ!

അവന്‍ പുരുഷന്‍ ചേട്ടന്റെ വീടിന്റെ പരിസര്ത്തേയ്ക്കു പോയ്പ്പോഴും എനിയ്ക്ക് ഒട്ടും സംശയം തോന്നിയില്ല.

പക്ഷേ.. കുറച്ചുകഴിഞ്ഞിട്ടും ആശാനെ കാണാനില്ല! അപ്പോഴുണ്ടെടാ വരുന്നു. പുരുഷന്‍ ചേട്ടന്‍.

നാലഞ്ചു സംഘാംഗങ്ങളുടെ അകമ്പടിയോടെ നിന്നിരുന്ന ഞാന്‍ "ഏകനാകാന്‍" അധികസമയമെടുത്തില്ല. കൂടെയുള്ള എല്ലാ അലവലാതികളും മഹാഭാരതം സീരിയലീല്‍ ദൈവങ്ങള്‍ അപ്രത്യക്ഷമാകുന്നതുപോലെ മാഞ്ഞുപോയി!

"എന്തോടുക്കുവാ അവടെ? എന്തോന്നിനാ മൊട്ട കുഴിച്ചിട്ടത്?" പുരുഷന്‍ ചേട്ടന്റെ ചോദ്യം കേട്ട് വിളറി മഞ്ഞനിറമായി നിന്ന ഞാന്‍ അടുത്ത കൊടുംചതി അത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ല.

"എന്തോന്നാടാ അവടെ? ങേ"
.. അതെന്റെ മാതാശ്രീയുടെ ശബ്ദമായിരുന്നു. ഒറ്റക്കല്ല!
സാമദ്രോഹി .. ഒറ്റുകാരന്‍ വിജിയുടെ അകമ്പടിയോടെ.

ചുറ്റുപാടും ഒന്നു നോക്കിവരാന്‍ പോയ വിജി സംശയാസ്പദമായ സാഹചര്യങ്ങളില്‍ വാലുപറമ്പില്‍ കിടന്നു ചുറ്റിത്തിരിയുന്നത് കണ്‍ടപ്പോള്‍ പുരുഷന്‍ ചേട്ടന്‍ അവനെപിടിച്ച് ചോദ്യം ചെയ്യുകയും ആ മഹാപാപി ഉള്ളതെല്ലാം അങ്ങു തുറന്നുപറയുകയും ചെയ്തു. പ്രധാന പ്രതി ഞാനായതുകൊണ്ട് എന്റെ അമ്മയേയും വിളിച്ചുകൊണ്ട് അങ്ങോട്ടു വരാനവനോടു പറഞ്ഞതും പുരുഷന്‍ ചേട്ടന്‍ തന്നെ.
പിന്നെയാണ് ഒരു കൊള്ളത്തലവനെന്നുള്ള എന്റെ അഭിമാനത്തെ തച്ചുടച്ച നീക്കങ്ങളുണ്ടായത്.

"മൊട്ട കുഴിച്ചിട്ടു കിളിപ്പിക്കാന്‍ നോക്കുവാ കക്ഷി!" ഒരു തൊലിഞ്ഞ ചിരിയോടെ പുരുഷന്‍ ചേട്ടന്‍ അമ്മയോടിതു പറഞ്ഞപ്പോള്‍, അങ്ങേരെ വെടിവെച്ചു കൊല്ലാന്‍ തോന്നിയെങ്കിലും, കിട്ടാന്‍ പോകുന്ന ലാത്തിച്ചാര്‍‌ജ്ജോര്‍ത്ത് വായിലെ വെള്ളം വറ്റിനിന്നിരുന്ന എനിയ്ക്ക് ഒന്നും പറയാന്‍ പറ്റിയില്ല.

സാരിത്തുമ്പില്‍ മുട്ടകളെല്ലാം പൊതിഞ്ഞുപിടിച്ചു ഒഴിവുള്ള വലതുകൈകൊണ്ട് എന്നെ ചന്നം പിന്നം അടിച്ചും കിഴുക്കിയും എന്റെ പൂജനീയ മാതാശ്രീ എന്നെ വീട്ടിലേയ്ക്കാനയിച്ചു. ബാലന്‍സ് തരാനുള്ളതു ചൂടോടെ വീട്ടില്‍ വെച്ചുകിട്ടി.

അപ്പോഴേയ്ക്കും ഞാന്‍ മുട്ട കുഴിച്ചിട്ടു കിളിര്‍‌പ്പിച്ചു മരമാക്കാന്‍ നോക്കിയെന്നുള്ള കഥ വാര്‍ഡു മുഴുവന്‍ പരക്കുകയും അതങ്ങ് സ്ഥാപിയ്ക്കപ്പെടുകയും ചെയ്തു. ഞാനെങ്ങോട്ടു തിരിഞ്ഞാലും ആളുകള്‍
" ങാ... എന്തായി? മൊട്ടയൊക്കെ കിളുത്തോ?"
തുടങ്ങിയ ചോദ്യങ്ങള്‍ ചോദിയ്ക്കാനും തുടങ്ങി.

എന്തൊരധ:പതനം!

കൊള്ളസംഘം, കൊള്ളത്തലവന്‍ മുതലായ ഗംഭീര ആശയങ്ങളുമായി നടന്നിരുന്ന ഞാന്‍ അങ്ങിനെ മുട്ട കുഴിച്ചിട്ടു കിളിര്‍‌പ്പിയ്ക്കാന്‍ നോക്കിയ ഒരു സാധാരണ മണ്ടച്ചാരായി തരംതാഴ്ത്തപ്പെട്ടു.