Monday, December 7, 2009

ചട്ടം പഠിച്ച പട്ടി

രണ്ട് ദിവസത്തെ തുടരേയുള്ള രാത്രി പകല്‍ ജോലി കഴിഞ്ഞ് ക്ഷീണിച്ച് കിടന്നുറങ്ങുകയായിരിന്നു ഞാന്‍.

“അയ്യോ! അയ്യോ! ഗോ ഇന്‍സൈഡ് ഗോ ഇന്‍സൈഡ് അയ്യോ! അയ്യോ” ഇങ്ങനെയുള്ള ഒരു ദീനരോദനം കേട്ട് ഞാന്‍ ചാടിപ്പിടഞ്ഞെഴുന്നേറ്റു. ഭാര്യയും

ഓടിയെത്തി. ഞാനോര്‍ത്തത് വല്ല ഭൂകമ്പവും വന്നിട്ട് ആരാണ്ടോ വീട്ടിനകത്തേക്ക് കേറാന്‍ ആഹ്വാനം ചെയ്യുകയാണെന്നാണ്. വിവരമില്ലാത്ത ആളുക‌ള്‍!

ഞങ്ങ‌ള്‍ ജന‌ലിലൂടെ പുറത്തേയ്ക്ക് നോക്കിയപ്പോ‌ള്‍ കണ്ടത്

ഞങ്ങ‌ളുടെ അയ‌ല്‍പക്കത്ത് ഒരു തടിമില്‍ മുതലാളിയാണ് താമസം. അദ്ദേഹത്തിന്റെ ഭാര്യ അവിടുത്തെ പട്ടിയായ “ലിയോ”യെ “അകത്തു പോ.. അകത്തു പോ“ എന്നു പറഞ്ഞു പഠിപ്പിച്ച് കൂട്ടിനകത്തു കയറ്റാന്‍ നോക്കുകയാണ്. അതും ഒരുമാതിരി വിസിലുവെച്ച വെടി പോലെ തുള‌ച്ചുകയറുന്ന ഒച്ചയില്‍.

“ലിയോ ലിയോ ഗോ‍ാ‍ാ‍ാ ഇന്‍സൈഡ് ഗോ‍ാ‍ാ‍ാ ഇന്‍സൈഡ്” എന്നും പറഞ്ഞു.

പട്ടിയാണെങ്കില്‍ കട്ട ഡെസ്പ്!
നില്‍ക്കണോ അതോ പോണോയെന്ന് വിചാരിച്ച് കണ്‍ഫ്യൂഷനായി നില്‍ക്കുന്നു.

ചേച്ചി വിടുന്ന മട്ടില്ല. ഉടുത്തിരുന്ന നൈറ്റി മാടിക്കുത്തി പട്ടിക്ക് പാരലെല്ലായി ഓടിക്കാണിക്കുന്നു. പട്ടിക്കൂട് വരെ. പിന്നെ തിരിച്ചോടുന്നു. വീണ്ടും

വിസിലുവെച്ച വെടി

“ലിയോ ഗോ‍ാ‍ാ‍ാ ഇന്‍സൈഡ് ഗോ‍ാ‍ാ‍ാ ഇന്‍സൈഡ്”

പട്ടിയുടെ മുഖത്ത് ആകെ ഒരു സങ്കടം “ഈ ചേച്ചി ഇതെന്നെതാ ഈ പറയുന്നെ. ശ്ശേ! “ എന്ന ഭാവം

ചേച്ചി പിന്നെ പട്ടിക്ക് പാരലെലായി കൂടുവരെ ഓടുന്നു. ഇത്തവണ ഇത്തിരി കടന്ന കൈയ്യാണ്. പട്ടിക്കൂട്ടിലേക്ക് ഓടിക്കയറുന്ന ആക്ഷന്‍ കാണിച്ചിട്ട് തിരികെ

ഓടി. പിന്നെയും വിസിലുവെച്ച വെടിയൊച്ചയില്‍..

“ ഡാാ‍ാ‍ാ ലിയോ ഗോ‍ാ‍ാ‍ാ ഇന്‍സൈഡ് ഗോ‍ാ‍ാ‍ാ ഇന്‍സൈഡെന്ന്” ഇത്തവണ രണ്ട്മാറ്റങ്ങ‌‌ള്‍ ഞാന്‍ ശ്രദ്ധിച്ചു. ഒരു “ഡാ“ യും പിന്നെ ഒരു

“എന്ന്” ഉം.

പട്ടിയാണെങ്കില്‍ ഒരു നിവൃത്തിയില്ലാത്ത സെറ്റപ്പിലാണ്. ഇടക്കിടെ മു‌ന്‍ കാലുക‌ള്‍ ആഞ്ഞ് വെച്ച് ചേച്ചിയുടെ നേരേ ആയും. അവര്‍ തിരിച്ചോടുമ്പോ‌ള്‍.

“ഹല്ലേ! ഇവരെന്നതാ ഈ കാണിക്കുന്നേ.. ഷിറ്റ്! “ എന്ന ഭാവത്തില്‍ മൊത്തത്തില്‍ പോയഭാവത്തില്‍ നില്‍ക്കും.

ചേച്ചി പാരലല്‍ ഓട്ടം ഓടി കൂട്ടിനകത്ത് തല‌യിട്ട് കാണിക്കുന്ന അവസ്ഥ വരെയെത്തി.

“ചേച്ചി കമോണ്‍! “ എന്നുറക്കെ വിളിക്കണമെന്ന് തോന്നിയെങ്കിലും ഉറക്കക്ഷീണം കൊണ്ട്
“എന്റെ പൊന്നു ചേച്ചി. ഒന്നു പതുക്കെ ചട്ടം പഠിപ്പിച്ചാല്‍ എനിക്കൊന്ന് കെടന്നൊറങ്ങാമായിരുന്നു. രണ്ടുദിവസമായി മനുഷ്യനൊന്നുറങ്ങീട്ട്. പ്ലീസ്സ്” എന്ന് പറയാനാണ്‍ തോന്നിയത്.

“പറയട്ടെ?” ഞാന്‍ ഭാര്യയോട് ചോദിച്ചു.

“ഇയ്യോ വേണ്ട! ചേച്ചി ആകെ നാണം കെട്ട് പോകും” ഭാര്യ പറഞ്ഞു.

ചേച്ചി അള്‍ട്ടിമേറ്റായ പരിപാടികളിലേക്ക് കടക്കുകയാണ്. ഇംഗ്ലീഷ് പറഞ്ഞ് പട്ടിയെ അനുസരിപ്പിക്കാമെന്നുള്ള ആശ കൈവിട്ട്

“ഡാ പട്ടീ.. കേറെഡാ അകത്ത്.. ഡാാ‍ാ‍ാ കൂട്ടീ കേറാന്‍” എന്ന് അലറി.വിസിലുവെച്ച വെടിപോലെ തന്നെ.

പട്ടിക്ക് തല‌യില്‍ ഒരു ബ‌ള്‍ബ് കത്തിയപോലെ തോന്നി. അതിന്റെ മുഖത്ത് “ അദ് ശരി. ഇതാരുന്നാ! അങ്ങനെ മ‌ലയാള‌ത്തീപ്പറ” എന്ന ഭാവം.

അത് തലയും താഴ്ത്തി പയറുപോലെ കൂട്ടില്‍കേറി.

ചേച്ചിയാണെങ്കില്‍ വെയ്റ്റ്ലിഫ്റ്റിംഗ് കഴിഞ്ഞിരിക്കുന്ന കര്‍ണ്ണാം മ‌ല്ലേശ്വരിയെപ്പോലെ വിയര്‍ത്തുകുളിച്ച് “ഹോ ഈ പട്ടി ഇംഗ്ലിഷ് പഠിക്കാന്‍ കൊറേ പിടിക്കും”

എന്നുള്ള ഭാവത്തില്‍ അകത്തേക്ക് നോക്കി.

“ഒരു ഷോഡാ കിട്ടീരുന്നെങ്കില്‍” എന്നും മുഖം വിളിച്ചുപറയുന്നുണ്ടോ?

ഞാന്‍ കട്ടിലിലേക്ക് വീണു.

Saturday, December 5, 2009

വട്ടക്കണ്ണീ മാഹാത്മ്യം

ഉച്ചഭക്ഷണ‌ത്തിനായി ഓഫീസ്സിന്റെ കോറിഡോറിലെ മേശക്കു ചുറ്റും ഇരുന്ന് മുക്കാല്‍ മണിക്കൂര്‍ ഉള്ള ഒഫീഷ്യല്‍ ലഞ്ച് ബ്രേക്ക് ഒന്നരമ‌ണിക്കൂറാക്കി ലാത്തിയടിച്ചിരിക്കുന്ന സമ‌യം.

"അടുത്ത ഞായാറാഴ്ച ആരേലും വിഴിഞ്ഞം കടപ്പുറത്ത് മീന്‍ മേടിക്കാന്‍ വരുന്നൊണ്ടോ?"

തിള‌ച്ച എണ്ണയില്‍ക്കിടന്ന് ഞെരിപിരികൊണ്ട് വല്ലാതെ കറുത്ത് ക്ഷീണിച്ചുപോയ ഒരു മ‌ത്തി വറുത്തത് കൊതിയോടെ തിന്നുകൊണ്ട് സുനില്‍ എബ്രഹാം ചോദിച്ചു.

കേശവദാസപുരത്തേയും ഫിഷറീസ് വകുപ്പിന്റെയുമൊക്കെ മീന്‍‌മാര്‍ക്കറ്റിലെ പൊള്ളുന്ന വില‌ക‌ളെ വെല്ലുവിളിക്കാനായി ഇഷ്ടന്‍ ക‌ണ്ടുവെച്ച മാര്‍ഗ്ഗമാണ് വിഴിഞ്ഞം ഹാര്‍ബറില്‍ പോയി മ‌ത്സ്യാവതാര‌ത്തെ സോഴ്സില്‍ നിന്നും തന്നെ ലേലം വിളിച്ച് പൊക്കുക എന്നത്.

ഞായറാഴ്ച നാട്ടില്‍ പോകേണ്ടിയിരുന്നതുകൊണ്ടും തുടര്‍ന്നുള്ള ര‌ണ്ടുമൂന്നുദിവസം ലീവായിരുന്നതുകൊണ്ടും പങ്കുകച്ചവടത്തിലുള്ള താത്പര്യക്കുറവുകൊണ്ടും ഞാന്‍ തോളുകുലുക്കി കാണിച്ചു. ഇല്ലായെന്ന്.

സ‌സ്സ്യാഹാരികളെയും മത്സ്യങ്ങ‌ളിലെതന്നെ ചെറുമീനുകളായ മ‌ത്തി,ന‌ത്തോലി എന്നിവയെ തിന്നുന്നവരെപ്പോലും പരമമായി പുച്ഛിക്കുന്ന കണ്ണൂര്‍ക്കാരന്‍ നീല‌ക‌ണ്ഠന്‍ (ഇഷ്ടന്റെ അഭിപ്രായത്തില്‍ കുലീനമ‌ത്സ്യങ്ങളായ നെയ്മീന്‍, കരിമീന്‍ മുതലായവയെയും മാംസങ്ങ‌ളില്‍ പന്നി,മുയല്‍, പോത്ത് മുതലായവയെ ഭക്ഷിക്കുന്നവ‌ര്‍ മാത്രമാണ് മാംസാഹാരിക‌ള്‍.. ധീരര്‍..) ചാടിവീണു. “ഞാനുണ്ട്“


കെവിന്‍ വെറും മൂന്നുദിവസം പ്രായം തോന്നുന്ന ഒരു കോഴിക്കാലിന്റെ അസ്ഥികൂടം ബീഭത്സര‌സത്തില്‍ നക്കിക്കൊണ്ട് തലകുലുക്കി. “ഞാനും”

ശാസ്തമംഗല‌ത്തുനിന്നുള്ള എന്റെ ശക്തനായ അയല്‍ക്കാരന്‍ കൃഷ്ണപ്രസാദ് (100 കിലോയുടെ ഒറ്റത്തൂക്കം. പച്ചവെള്ളം കൂടിച്ചാലും ശരീരത്തുപിടിക്കുന്നുവെന്ന് പരാതിപറയുന്ന, ആരും കാണ്‍കെ ആഹാരമേ കഴിക്കാത്ത മനുഷ്യന്‍) ന്യൂറോസ്സിസ്സിന്റെയും സൈക്കോസ്സിസ്സിന്റേയും ഇടക്കുള്ള വല്ലാത്ത ഒരു എന്തോ എന്തൂസിയാസത്തോടെ “ ഞാനുവൊണ്ട്” എന്നു പറഞ്ഞു.

അങ്ങനെ അവരെല്ലാം കൂടി ഒരു ധാരണ‌യായി. ഞായറാഴ്ച സുനില്‍ എല്ലാവരേയും അവര‌വരുടെ വീട്ടുമുറ്റത്തുനിന്നും കൊച്ചുവെളുപ്പാങ്കാലത്തേ പൊക്കുന്നതായിരുക്കും എന്ന് ഭീഷണിപ്പെടുത്തി പിരിഞ്ഞു.

ലീവൊക്കെക്കഴിഞ്ഞ് ബുധനാഴ്ച ലാന്‍ഡ് ചെയ്ത എനിക്ക് അന്നത്തെ ല‌ഞ്ച് സമ‌യ‌ത്തെ മേശ ഒരു കെട്ടുകാഴ്ചകാണുന്നതിന് തുല്യ്മായിരുന്നു. സുനിലിന്റേയും കെവിന്റേയും പാത്രങ്ങ‌ളില്‍ ഉള്ളംകൈയ്യുടെ വലിപ്പത്തിലുള്ള മീന്‍ പൊരിച്ചത്. ഡിസ്പ്ലേക്ക് വെച്ചപോലെ. ഒരമ്മപെറ്റ മ‌ക്കളേപ്പോലെ. പക്ഷേ ആകെ ഒരു മ‌ന്ദത. അഹങ്കാരമില്ലാഴ്ക.

“ലേലമൊക്കെ എങ്ങിനൊണ്ടാരുന്നു. കല‌ക്കിയോ. എന്തോ കിട്ടി?” ഞാന്‍ തിരക്കി

“ഇങ്ങേര് പറ്റിച്ചു. വന്നില്ല” നീല‌ക‌ണ്ഠനെ ക്രൂരമായി നോക്കിക്കൊണ്ട് സുനില്‍ പിറിപിറുത്തു.

നീല‌ക‌ണ്ഠന്‍ ചിരിയമ‌ര്‍ത്തിക്കൊണ്ട് പറഞ്ഞു. “അപ്പം നിങ്ങ‌ളൊന്നുമറിഞ്ഞില്ലേ?എനിക്ക് പുവ്വാന്‍ പറ്റിയില്ല. ബാക്കിയുള്ളവരെല്ലാം കൂടി പോയി. നെയ്മീനൊക്കെ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. അത് കഴിഞ്ഞ് പോകാന്‍ നില്‍ക്കുന്നേരം കൃഷ്ണപ്രസാദിനും സുനിലിനും ഒരേ വാശി. ധീരമായിട്ട് എന്തെങ്കിലും ഒന്ന് ലേലം വിളിച്ച് പിടിക്കണ‌മെന്ന്. ഒണ്ടാരുന്നത് ഒരു കൊട്ട വട്ടക്കണ്ണി എന്ന മീന്‍ മാത്രം. ലേലം വ‌ള‌രെപ്പെട്ടെന്ന് തീര്‍ന്നു. കൊട്ട പകുത്തപ്പോ‌ള്‍ ഓരോരുത്തരുടേയും കയ്യില്‍ പത്തു പതിന‌ഞ്ചുകിലോ വട്ടക്കണ്ണിവീതം. അഭിമാനപൂരിതരായി വീട്ടില്‍ച്ചെന്ന ആശാന്മാര്‍ക്ക് കിട്ടിയ സ്വീകരണം അത്ര ന‌ന്നല്ലായിരുന്നൂന്നാ ന്യൂസ്”

“അതു ശരി! അപ്പോ‌ള്‍ വട്ടക്കണ്ണിയാണ് പൊരിച്ച മീനായി ഇഷ്ടന്മാരുടെ പ്ലേറ്റില്‍ ഇരിക്കുന്നത്”

കെവിന്‍ രാവിലെയെഴുന്നേല്‍ക്കുന്നതു തന്നെ ഡെസ്പ് ഡയലോഗ് കേട്ടുകൊണ്ടാണ് പോലും. പുള്ളിയുടെ സഹധര്‍മ്മിണി ഫ്രിഡ്ജ് തുറന്നാല്‍ ത്രീപീസ് സ്യൂട്ടിട്ട്, ക്ലീന്‍‌ ചെയ്യാത്ത പിറന്ന പടിയുള്ള മിന്നുന്ന വട്ടക്കണ്ണിക‌ള്‍ കൊഞ്ഞനം കുത്തിക്കാണിക്കുന്നുപോലും. അതിന്റെ പരിണതഫലം ഉച്ചക്കഞ്ഞിയിലും അത്താഴത്തിലുമൊക്കെ പ്രതിഫലിച്ചു. എപ്പോഴും ഏതിനും വട്ടക്കണ്ണിതാന്‍.വട്ടക്കണ്ണി പൊരിച്ചത്. വട്ടക്കണ്ണി തേങ്ങയരച്ചത്. വട്ടക്കണ്ണി വറുത്തരച്ചത്. അങ്ങിനെയങ്ങിനെ.

ആഴ്ചയൊന്നുകഴിഞ്ഞു. കഥാപുരുഷന്മാരുടെ അവസ്ഥ തഥാസ്തു. ഒരു ദിവസം സുനില്‍ പറഞ്ഞു. “നിങ്ങ‌ള്‍ കഴിച്ചോ. ഞാനിന്ന് പൊറത്തൂന്നാ ഭക്ഷണം”

“ഹേ.. ചോറ് കൊണ്ടുവന്നിട്ടുണ്ടല്ലോ. പിന്നെന്താ ഹോട്ടലീന്ന്”

“അല്ല! ചേട്ടാ. ഈ വട്ടക്കണ്ണി കഴിച്ച് മടുത്തു. രാവിലെ തന്നെ ഞാനും ഭാര്യയും അങ്ങോട്ടുമിങ്ങോട്ടും ദയനീയമായി നോക്കും. മനസ്സില്‍ പറയും. ഇന്നും വട്ടക്കണ്ണി തന്നെയെന്ന്. ഇന്ന് ഞാനവ‌ളെ ഫോണ്‍ വിളിച്ച് പറഞ്ഞു. ചോറ് കള‌ഞ്ഞാലും സാരമില്ല. വാ പൊറത്തൂന്ന് കഴിക്കാമെന്ന്. ഒരു ചേഞ്ചൊക്കെ വേണ്ടേ. കൊറേ വട്ടക്കണ്ണിയെടുത്ത് അയല്പക്കക്കാര്‍ക്കും കൊടുത്തു. ഇപ്പം അവരും എന്നെക്ണ്ടാല്‍ മുഖം തിരിച്ചു നടന്നു തുടങ്ങി. ഞാനെങ്ങാനും ഇനി വട്ടക്കണ്ണി കൊടുത്താലോന്ന് പേടിച്ചിട്ട്”

എല്ലാവരും ചിരിച്ചു.

അടുത്തയാഴ്ച ഊണ് സമ‌യത്ത് മൊത്തത്തില്‍ ഒരു ഉഷാറ് കണ്ടു. വട്ടക്കണ്ണിയെ കാണ്മാനില്ല.

“ഹാ.. തീര്‍ന്നോ നിങ്ങടെ വട്ടക്കണ്ണി?”

സുനില്‍ പറഞ്ഞു. “വട്ടക്കണ്ണി ഇപ്പം പട്ടിക്ക് കൊടുക്കുകാ”

അടുത്ത ദിവസം ഊണുമേശയില്‍ ഒരു കിംവദന്തി. സുനില്‍ വട്ടക്കണ്ണി കൊടുക്കാന്‍ ചെന്ന സമ‌യത്ത് സുനിലിനെ സുനിലിന്റെ പട്ടി എഴുന്നേറ്റ് നിന്ന് ചീത്ത വിളിച്ചുപോലും.

“എടുത്തോണ്ട് പോടാ നിന്റെ വട്ടക്കണ്ണി. അവന്റെയൊരു ഔദാര്യം. നിന്റെ വട്ടക്കണ്ണി ഇനി എന്റെ പട്ടി തിന്നും. ബൌ!

പഴംബിരിയാണി

ചേരുവക‌ള്‍
ബിരിയാണി (വെജ്/ചിക്കന്‍/മ‌ട്ടണ്‍/ബീഫ്) വെച്ചത് ഒരു കലം (റെസിപ്പി വേണെമെങ്കില്‍ kariveppila.blogspot.com ലോ മറ്റോ പോയി തപ്പിയെടുക്കുമ‌ല്ലോ.
ഫ്രിഡ്ജ് (നിര്‍ബ്ബന്ധമില്ല) - ഒന്ന്
ത‌യാറാക്കുന്ന വിധം

വെച്ച ബിരിയാണി ഫ്രിഡ്ജില്‍ വെക്കുക. ര‌ണ്ടുദിവസം കഴിഞ്ഞ് ചൂടാക്കിയോ ആക്കാതെയോ കഴിക്കുക.
വ‌ളിച്ച മ‌ണ‌ം ശരിക്ക് കിട്ടാന്‍ ഫ്രിഡ്ജില്‍ വെക്കാതെ ചുമ്മാ വെളിയില്‍ വെച്ചിട്ട് കഴിച്ചാലും മ‌തിയാവും. തവിയിട്ടെടുക്കുമ്പോ‌ള്‍ നൂല് വലിഞ്ഞാല്‍ പസ്റ്റ്.


Wednesday, December 2, 2009

നീല‌ത്താമര അഥവാ ഭൂതകാലക്കുളിര്‍ (സിനിമാ ആസ്വാദനം)


1979-ല്‍ ഇറങ്ങിയ ‘നീലത്താമര’ എന്ന ചിത്രത്തിന്റെ പുനരാവിഷ്കാര‌മാണ് എം.ടി. വാസുദേവന്‍ നായ‌ര്‍ ര‌ചിച്ച് ലാല്‍ ജോസ് സംവിധാനം നിര്‍വ്വഹിച്ച പുതിയ ‘നീലത്താമര’. ലാല്‍ജോസ് എന്ന സംവിധായക‌ന്റെ ധൈര്യം, സാഹസം എന്നതൊക്കെ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. എം.ടി എന്ന മ‌ഹാപ്രതിഭയുടെ പകുതിയിലധികം ര‌ചന‌ക‌ളും കാല‌ത്തെ അതിജീവിക്കുന്നവയല്ല എന്ന സത്യം ഈ ചിത്രം കാണുന്നവ‌ര്‍ക്ക് തോന്നിയേക്കാമെങ്കിലും ആ പോരായ്മക‌ളെയൊക്കെ മറന്ന് തീയേറ്ററുക‌ളില്‍ തിങ്ങിയിരുന്ന് സിനിമ കാണുന്ന മല‌യാളിക‌ള്‍ തെളിയിച്ചത് ലാല്‍ജോസിന്റെ സംവിധാനപാടവവും കാസ്റ്റിംഗി‌ല്‍ അദ്ദേഹം കാണിച്ച വിജയകരമായ പരീക്ഷണ‌ങ്ങ‌ളുമാണ്.

എണ്‍പതുക‌ളില്‍ ഉദാത്തം എന്ന് പല എം.ടി രചന‌ക‌ളും ര‌ണ്ടായിരങ്ങളിലെ പല പുന‌ര്‍വായന‌കളില്‍ വെറും പൈങ്കിളി എന്ന് “ഇതെഴുതുന്നയാളിന്” തോന്നിയിട്ടുണ്ട്. എല്ലാം അങ്ങിനെയാണെന്നോ എം.ടി ഒരു മഹാനായ സാഹിത്യകാരന്‍ അല്ലെന്നോ ഇതിന‌ര്‍ത്ഥമില്ല. ഈ കഥ ആ പൈങ്കിളി സ്വഭാവത്തിന് ഒരു ഉത്തമ ഉദാഹരണമാണ് എന്ന് പറയേണ്ടതില്ല. ഇതിലെ ഓരോ കഥാപാത്രവും, ഓരോ ബിംബങ്ങ‌ള്‍ക്കും ഓരോ വള്ളുവനാടന്‍ ചുവയുള്ള സംഭാഷണ‌വും കഴിഞ്ഞ രണ്ടുപതിറ്റാണ്ടു കാലമായി ച‌ര്‍വ്വിതചര്‍വ്വണം ചെയ്യപ്പെട്ടിട്ടുള്ളവയാണ് എന്ന് പറയേണ്ടി വരുന്നതില്‍ ഖേദവുമുണ്ട്. തേവരുടെ അമ്പലം,അമ്പല‌ക്കുള‌ത്തിലെ കുളി, കുളിച്ച് തൊഴല്‍, ഇടവഴിക‌ള്‍, നാലുകെട്ടുള്ള തറവാട്, ഷാര‌ത്തെ അമ്മിണി [ :-) ],അമ്മാവന്റെ ചിലവില്‍ പഠിച്ച് അയാളുടെ മ‌ക‌ളെ കല്യാണം കഴിക്കേണ്ടി വരുന്ന മ‌രുമ‌കന്‍, ആഡ്യന്‍ നായ‌ര്‍ യുവാവിന്റെ വേല‌ക്കാരിയോടുള്ള കാമം, വഞ്ചിക്കപ്പെടുന്ന വേല‌ക്കാരി കുഞ്ഞിമാളു എങ്ങിനെ എത്രയെത്ര?

ഇത്രയും കഴിവുറ്റ ഒരു കൂട്ടം ക‌ലാകാര‌ന്മാ‌ര്‍ ഉള്ളപ്പോ‌ള്‍ ലാല്‍ജോസ് എന്തിന് ഇങ്ങനെയൊരു സിനിമ‌യെടുത്തു എന്നു ചോദിച്ചാല്‍ അദ്ദേഹത്തിന് ശരാശരി മ‌ല‌യാളിയുടെ “ഭൂതകാലക്കുളിര്‍” എന്ന ഒരിക്കലും നശിക്കാത്ത നവഗൃഹാതുര‌ത്വത്തിന്റെ മ‌ന:ശ്ശാസ്ത്രം ന‌ന്നായി മ‌ന‌സ്സിലായതുകൊണ്ട് എന്ന് ഉത്തരം പറയേണ്ടി വരും. സിനിമ അവസാനിക്കുമ്പോള്‍ പ്രേക്ഷകന് സംവിധായകന്‍ സമ്മാനിക്കേണ്ടുന്ന ഒരു വേദന, ഒരു ഓര്‍മ്മപ്പെടുത്തല്‍ എല്ലെങ്കില്‍ ഒരു സന്ദേശം ഒന്നും ഈ സിനിമ തരികയില്ല. കാല്‍പ്പനികതയുടെ നിതാന്തസുന്ദരങ്ങ‌ളായ അനവധി ചിത്രങ്ങ‌‌ള്‍ ഒന്നിച്ചുകോര്‍ത്ത ഒരു മാല‌യാണ് ഈ സിനിമ. അതിന് ഒരു ഭംഗിയുണ്ട് ; അത് മാത്രമാണുള്ളതും.

അര്‍ച്ചന കവി എന്ന നടി വ‌ളരെ മിതത്വത്തോടെ അതിഭാവുകത്വം ഒട്ടുമില്ലാതെ കുഞ്ഞിമാളു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. നായകവേഷം ആദ്യവസാന‌മല്ലെങ്കില്‍ക്കൂടി ചതിയനായ കാമുകനായ “ഹരിദാസിനെ“ കൈലേഷ് ന‌ന്നായി അവതരിപ്പിച്ചു. ശ്രീദേവി ഉണ്ണി അവതരിപ്പിച്ച മാളുവമ്മ ക്ലീഷേ ആയിരുന്നുവെങ്കിലും അവരുടെ ഭാഗം ന‌ന്നാക്കിയിട്ടുണ്ട്.

ചാന‌ലുക‌ളിലും മ‌റ്റും വാഴ്ത്തപ്പെടുന്ന ഈ ചിത്രത്തിന്റെ ദൃശ്യഭംഗിക്ക് പിന്നിലെ ആള്‍ വിജയ് ഉലഗനാഥ് ആണ്. സിനിമ‌യുടെ ആദ്യ ഇരുപതു മിനിട്ടുക‌ളില്‍ ശ്രീമാന്‍ വിജയ് അതിലെ കഥാപാത്രങ്ങ‌ളെ ശ്രദ്ധിക്കാഞ്ഞിട്ടാണോ എന്തോ മിക്ക ന‌ടീനടന്മാരും ഔട്ട് ഓഫ് ഫോക്കസ് ആയി മ‌ങ്ങിക്കാണ‌പ്പെട്ടു.. ഗ്രാമ‌ത്തിന്റെ പച്ചപ്പിനും കടും നിറങ്ങ്‌ള്‍ക്കും പ്രാമുഖ്യം കൊടുത്തുള്ള ഛായാഗ്രഹണം സംവിധായകന്‍ ഏല്‍പ്പിച്ച ദൌത്യം ഭംഗിയായി വിജയ് നിര്‍വ്വഹിച്ചു എന്നതിന്റെ തെളിവ് കൂടിയാണ്. അതാണ് ജനം കുത്തിയിരുന്ന് ഈ സിനിമ കാണുവാനുള്ള പ്രധാന കാരണവും.

ഇതിന്റെ സംഗീതം വിദ്യാസാഗര്‍ ആണ്. കാതിനിമ്പമുള്ള ഗാന‌ങ്ങ‌ളാണ് ചിത്രത്തിലേതെന്ന് പറയാതെ തന്നെ വായന‌ക്കാര്‍ക്ക് അറിയുമ‌ല്ലോ.

എന്താണ് ഈ സിനിമ‌യില്‍ പ്രേക്ഷക‌ര്‍ ആസ്വദിച്ചിരിക്കുക എന്ന് ഇതെഴുതുന്നയാ‌ള്‍ ഇതിനോടകം പറഞ്ഞു കഴിഞ്ഞുവല്ലോ. തിരക്കുപിടിച്ച ന‌ഗര‌ജീവിതം, അക്രമ‌ണോത്സുകത, വേഗത, ആധുനികത ഇതൊക്കെയാണ് കഴിഞ്ഞ രണ്ടുകൊല്ലമായി മ‌ല‌യാള വാണിജ്യസിനിമ‌യുടെ ആകെത്തുക. ഇതില്‍നിന്നൊക്കെ വ്യത്യസ്തമായി ശരാശരി മ‌ല‌യാളി ഗൃഹാതുരത്വത്തോടെ കാണാന്‍ ഇഷ്ടപ്പെടുന്ന ഒരു ഭൂമിക ലാല്‍ജോസ് ഈ സിനിമ‌യില്‍ അവതരിപ്പിക്കുന്നു. അതില്‍ ഇഴപിരിയാതെവണ്ണം ചേര്‍ന്നുനില്‍ക്കുന്ന ഒരു പിടി കഥാപാത്രങ്ങളേയും അവരുടെ നാടന്‍ ഭാഷയോടും കൂടി. ഞാനടക്കമുള്ള ഒരു പുരുഷാരം രണ്ടരമണിക്കൂറില്‍ ഈ ഭൂതകാലക്കുളിരില്‍ അഭിരമിച്ചിരിക്കുന്നു. പച്ചപുതച്ചു നില്‍ക്കുന്ന മഞ്ഞുമൂടിയ ഒരു മലഞ്ചെരുവില്‍ എത്തിയ വിനോദസഞ്ചാരികളെപ്പോലെ അവിടെനിന്ന് അതിന്റെ ഹരിതാഭയും കുളിരും നുണഞ്ഞ് ഒരു ചൂട് കട്ടന്‍കാപ്പിയും കുടിച്ച് തിരികെ വീട്ടിലേക്ക് വരുന്നതുപോലെ........... അക്ഷരാര്‍ത്ഥത്തില്‍ ഈ സിനിമ ഒരു നേരമ്പോക്കാണ്.

നീല‌ത്താമര എന്ന ഈ സിനിമ മ‌ല‌യാള സിനിമ‌ക്ക് ഒരു മുതല്‍ക്കൂട്ടൊന്നുമല്ല. ലാല്‍ജോസ് ഇതിന്റെ പേരിലാവില്ല നാളെ ഓര്‍മ്മിക്കപ്പെടാന്‍ പോകുന്നതും. ഇതിലെ പല പുതുമുഖങ്ങ‌ളും പ്രതിഭയുള്ളവ‌ര്‍ തന്നെയാണ്. അവരുടെ വരും സിനിമക‌ളും ലാല്‍ജോസിന്റെ കൂടുതല്‍ ആര്‍ജ്ജവത്തോടെയുള്ള പരീക്ഷണ സിനിമക‌ളും മ‌ല‌യാള സിനിമ‌ക്ക് നല്ല സംഭാവനക‌ള്‍ നല്‍കട്ടെയെന്ന് ആശംസിക്കുന്നു.

അടിക്കുറിപ്പ് : നീലയാമ്പല്‍ കാണിച്ച് നീല‌ത്താമര എന്ന് പറഞ്ഞത് പ്രേക്ഷകരങ്ങ് ക്ഷമിച്ചു. നീല‌ത്താമര ന‌ല്ല വിലയുള്ള ഒരു സാധനമാണ്.