Thursday, March 26, 2009

ശ‌മ്പ‌ള‌ം കുറയുന്ന വഴിക‌ള്‍

ഘന‌ഗംഭീര‌മായ ശബ്ദത്തില്‍ സി.ഇ.ഒ മൊഴിഞ്ഞു.

"പുരുഷ വനിതാ രത്ന‌ങ്ങ‌ളേ, ആഗോളമാന്ദ്യം എന്നത് എത്ര മാത്രം നമ്മുടെ കമ്പനിയെ ബാധിച്ചു എന്ന് നിങ്ങ‌ള്‍ക്കെല്ലാം അറിവുള്ളതാണല്ലോ. ഇതിലും കടു‌ത്ത പ്രശ്ന‌മുള്ളപ്പോ‌ള്‍പ്പോലും നാം ശമ്പ‌ളം വെട്ടിക്കുറച്ചിട്ടില്ലാ എന്നത് എല്ലാവരും ഓര്‍ക്കുമ‌ല്ലോ. ഇത്തവണയും അങ്ങിനെ തന്നെ. നാം ശമ്പ‌ളം വെട്ടിക്കുറക്കുന്നില്ല"

സദസ്സില്‍ ഒരിളക്കം. ഒരു അന്ത‌ര്‍ വായൂ ബഹിര്‍ഗനം എന്ന് സിമ്പിളായി പറയാം. എന്റെ മ‌നസ്സില്‍ സി.ഇ.ഒ യുടുള്ള വാത്സ‌ല്യം കരകവിഞ്ഞു. സി.ഇ.ഓ ഒരു കുഞ്ഞായിരുന്നെങ്കില്‍ ഞാന്‍ ആ തങ്കക്കുടത്തിന് എത്ര ഉമ്മ‌കൊടുത്തേനേ. "സാറേ.. സാര്‍ ഓമന‌യാകുന്നു. തങ്ക‌മാകുന്നു" എന്ന് ഞാന്‍ മ‌ന‌സ്സില്‍ ആവ‌ര്‍ത്തിച്ചു.

"പക്ഷേ " സി.ഇ.ഒ തുട‌ര്‍ന്നു.
"ന‌മുക്ക് പിടിച്ചുനില്‍ക്കണ‌മെങ്കില്‍, ല‌ക്ഷ്യത്തിലെത്തണമെങ്കില്‍ ചില ന‌ടപടിക‌ള്‍ ആവശ്യമാണെന്ന് വരുന്നു. അതുകൊണ്ട് ന‌മ്മുടെ ശ‌മ്പ‌ള‌ത്തിന്റെ ഘടന‌യില്‍ ഒരു മാറ്റം അനിവാര്യമാണെന്ന് ഞാന്‍ കരുതുന്നു"

"തീര്‍ച്ച‌യായും സാറേ. എന്റെ ബേസിക്കും, പിന്നെ ബോണ‌സ്സും ഒന്നു കൂട്ടിക്കിട്ടാന്‍ എനിക്ക് കൊതിയായി. ഈ സാറിന്റെ ഒരു കാര്യം. റിസഷന്‍ കാല‌ത്തോ ഇങ്ക്രിമെന്റ്. അടി. അടി" ഞാന്‍ മ‌ന‌സ്സില്‍ പറഞ്ഞു.

സി.ഇ.ഒ തുട‌ര്‍ന്നു "അതായത്, കമ്പനിയുടെ പെര്‍ഫോര്‍മന്‍സുമായി ബ‌ന്ധിപ്പിക്കുന്ന ഒരു ഘടകം ശമ്പ‌ള‌ത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതാണ്."
(എന്ത‌രാടേ ഒര് കരിഞ്ഞ മണം?)

"നിങ്ങ‌ള്‍ക്ക് ഇപ്പോ‌ള്‍ കിട്ടിക്കൊണ്ടിരിക്കുന്ന ശമ്പ‌ള‌ത്തിന്റെ ഒരു തുച്ഛമായ ശതമാനം (വെറും ഇരുപത് ശതമാനം) കമ്പനിയുടെ പെര്‍ഫോര്‍മന്‍സുമായി ബ‌ന്ധിപ്പിക്കുന്ന ഈ ഘടകമായി ഓരോ മാസവും കമ്പനിയെടുത്ത് സൂക്ഷിച്ചുവെക്കുന്നതാണ്. വ‌ര്‍ഷാവസാനം ന‌മ്മുടെ 2009 ല‌ക്ഷ്യമായ 3000 മില്യണ്‍ ഡോള‌ര്‍ എത്തിപ്പിടിച്ചാല്‍..... ഈ പെര്‍ഫോര്‍മന്‍സുമായി ബ‌ന്ധിപ്പിക്കുന്ന ഈ ഘടകം തിരിച്ചു തരുന്നതാണ്. നൂറ് ശതമാന‌വും."

സദ‌സ്സിലെ മുഖങ്ങ‌ളിലെ ട്യൂബ്ലൈറ്റുക‌ള്‍ മിന്നാന്‍ തുടങ്ങി.

" ഇനി 3000 മില്യണ്‍ ഡോളറിന് പകരം 2700 മില്യണ്‍ ഡോള‌റാണ് എ‌ത്തിപ്പിടിക്കാന്‍ പറ്റുന്നത് എന്നു കരുതുക. അപ്പോ‌ള്‍ പെര്‍ഫോര്‍മന്‍സുമായി ബ‌ന്ധിപ്പിക്കുന്ന ഈ ഘടകത്തിന്റെ അന്‍പതുശതമാനം തിരിച്ച് തരും. 2401 മുതല്‍ 2699 വരെയാണെങ്കില്‍ മുപ്പത് തൊട്ട് മുപ്പത് ശതമാനം വരെയും തിരിച്ച് തരും. 2400 മില്യ‌ണോ അതില്‍ താഴെയോ ആണ് ന‌മുക്ക് എത്തന് കഴിയുന്നത് എങ്കില്‍ പെര്‍ഫോര്‍മന്‍സുമായി ബ‌ന്ധിപ്പിക്കുന്ന ഈ ഘടകം കമ്പനിയിലേക്ക് മുതല്‍ക്കൂട്ടാവും"

സദ‌സ്സിലെ മുഖങ്ങ‌ളിലെ ട്യൂബ്ലൈറ്റുക‌ള്‍ എല്ലാം മിന്നി മിന്നി കെട്ടു.

യോഗം പിരിയാന്‍ നേരം ധ‌ന‌കാര്യവകുപ്പിലെ ഒരുത്തനെ കണ്ടു. അപ്പോ‌ള്‍ ചോദിച്ചു.

"എടേയ് എത്രയാരുന്നു 2008-2009 ലെ ല‌ക്ഷ്യം?"

അവന്‍ പറഞ്ഞു "1600 മില്യണ്‍"

ഞാന്‍ ഞെട്ടി

"അതായത് ന‌മ്മ‌ള്‍ ഇപ്പം കോസ്റ്റ് കുറക്കലിന്റെ ബഹ‌ള‌ത്തിലാണ്. മിനിമം 50% കോസ്റ്റ് കുറക്കലുമുണ്ടല്ലോ ഇതിനെടേല്. അപ്പോ ന‌മ്മ‌ള് 2400 മില്യണ്‍ ല‌ക്ഷ്യം എത്തിപ്പിടിച്ചാല്‍ ("പിടിക്കാനേ.. ഹ ഹ ഹ.. എവിട്ടന്ന്?") കമ്പനി 100 ല്‍ അധികം ശതമാനം ല‌ക്ഷ്യം കൈവരിക്കും അല്ലേ"

"ങാ. എന്നും പറയാം"

"എന്നാലും കമ്പനിക്ക് പെര്‍ഫോര്‍മന്‍സുമായി ബ‌ന്ധിപ്പിക്കുന്ന ഈ ഘടകം തിരിച്ച് ത‌രേണ്ടല്ലോ"

"തന്നെ"

"ഹപ്പം ചുരുക്കത്തില്‍ കാശ് പോയീന്ന‌ര്‍ത്ഥം"

ന‌ടന്നു പോകുന്ന വഴി പ്രധാന ധന‌കാര്യ അധികാരി , സി.എഫ്.ഓ ക‌ണ്ണാടിക്കൂട്ടിലിരുന്ന് പൊരിഞ്ഞ ച‌ര്‍ച്ച‌യിലാണ്.

ഞാന്‍ മ‌ന‌സ്സില്‍ ചോദിച്ചു "അണ്ണാ.. ഈ പറയുന്ന വലി‌പ്പോം ഇപ്പം കാണിക്കുന്ന വരുമാനോം ഒക്കെ ഒള്ളത് തെന്നേ? സ‌‌ത്യം! രാമ‌ലിംഗരാജുവാണേ? "

പിന്നെ കൃഷ്ണ‌ഗാഥ വൃത്ത‌ത്തില്‍ (തന്നെ. "ലതു മഞ്ജരിയായീടും") ഒരു കവിത ചൊല്ലി


"ന‌മ്മുടെ കമ്പിനി നല്ലോരു കമ്പിനി
ശമ്പ‌ളം കൊഞ്ചമാണെങ്കിലും ചെഞ്ചെമ്മേ"
(കടപ്പാട്: വൈ.മു.ബ)

"ജോലിയിപ്പഴും ഒണ്ട്"


സീറ്റിലെത്തിയ‌പ്പോ‌ള്‍ ഒരു ഫോണ്‍. ഒരു ജൂനിയ‌ര്‍ എഞ്ചിനീയറു പയ്യനാണ്.

"ചേട്ടാ.. ന‌മ്മ‌ള്‍ ‌ഇപ്പോ‌ള്‍ എത്ര മില്യണില്‍ എത്തി നില്‍ക്കുവാ? അല്ല. അത് കണ‌ക്കാക്കി പണിഞ്ഞാ മ‌തിയല്ലോ"

"മോന്‍ വെഷമിക്കണ്ട. ഇങ്ങനെ പണിഞ്ഞാല്‍ നീയൊന്നും അധികകാലം പണിയേണ്ടി വരില്ല. ഡാ! ഞാനിന്നാള് തന്ന് സ്ക്രിപ്റ്റിന്റെ വ‌ര്‍ക്കെന്തായി? ങേ? ആ സീയെമ്മസ്സിന്റെ ടെസ്റ്റിം‌ഗോ? "

"ആ.. ങാ. അതൊക്കെ അങ്ങ് തീര്‍ന്നോളും. ഇരുപത് ശതമാനം കുറവാണെന്നറി‌യാമ‌ല്ലോ? അപ്പോ പ്രതീക്ഷേം ഇരുപത് ശതമാനം കൊറച്ച് മ‌തി. പിന്നെ ഒരു കാര്യം കൂടി. എന്റെ പു‌ളീം പൂക്കും" (ഇയ്യാള് പോയി പണി നോക്കുവ്വേ)

:-0

8 comments:

നിഷ്ക്കളങ്കന്‍ said...

റിസഷന്‍ കാലം. ശ‌മ്പ‌ളം കുറയ്ക്കാന്‍ വഴിക‌ള്‍ പല‌താണ്.

ശ്രീ said...

"ശ‌മ്പ‌ളം ഇരുപത് ശതമാനം കുറവാണെന്നറി‌യാമ‌ല്ലോ? അപ്പോ പ്രതീക്ഷേം ഇരുപത് ശതമാനം കൊറച്ച് മ‌തി."

ലതു തന്നെ

...പകല്‍കിനാവന്‍...daYdreamEr... said...

നിഷ്ക്കളങ്കന്‍... സി.ഇ.ഒ !
:)

ആര്യന്‍ said...

"അതായത്, കമ്പനിയുടെ പെര്‍ഫോര്‍മന്‍സുമായി ബ‌ന്ധിപ്പിക്കുന്ന ഒരു ഘടകം ശമ്പ‌ള‌ത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതാണ്."

ഹെന്‍റെ ദൈവമേ... ഞങ്ങടെ സീയീഓ ഒരിക്കലും ഇങ്ങനെ പറയല്ലേ...

(അഥവാ പറഞ്ഞാലും... "you are fired" എന്ന് മാത്രം ഒരിക്കലും പറയല്ലേ...)

Haree | ഹരീ said...

:-)
ഹൊ! ഈ സി.ഇ.ഓ.-മാരുടെയൊക്കെ ഒരു ബുദ്ധി!
--

അപ്പൂട്ടന്‍ said...

ഞങ്ങടെ സി ഇ ഓ ഒരു മലയാളിയാ.... അങ്ങേരു ഇതെങ്ങാനും കണ്ടു യുറേക്കാ എന്ന് പറഞ്ഞു ഓടിയാല്‍....... നിഷ്കളങ്കാ..... ഞങ്ങടെ പിസയടി മുട്ടിക്കല്ലേ.....

സമാന്തരന്‍ said...

പെര്‍ഫോര്‍മെന്‍സ് റിലേറ്റെഡ്, പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ്.. .. എല്ലാം ഒന്ന്.
ആകെക്കൂടി ഒരു മറ ,അത്ര തന്നെ.
അരി ,മണിയെണ്ണി ചോറു വെക്കാന്‍ പഠിക്കാം..

Anonymous said...

പ്രിയരെ, നിങ്ങളുടെ അടിയന്തിര ശ്രദ്ധക്ക്..ദയവായി ഇവിടെ ക്ലിക്കുക