Thursday, June 7, 2012

കുമാരന്റെ വേഷങ്ങള്‍

ഒരു കുമാരന്‍ ആവുക എന്നത്  ഏതൊരു ബാലന്റെയും ആഗ്രഹമായിരുന്നത് കൊണ്ട് ഞാനും അപ്രകാരം ആഗ്രഹിച്ചു . തെറ്റില്ലാത്ത ആഗ്രഹം.

ബാല്യത്തില്‍ നിന്നും കൌമാരത്തിലേക്കു കാലൂന്നുവാന്‍ ഉള്ള ഒരു പരിണാമ പ്രക്രിയയുടെ പ്രധാന മാധ്യമമാകുന്നു വസ്ത്രം .

 വസ്ത്രം എന്ന് വെച്ചാല്‍, കേവലം ബാലകനായ എന്റെ ഒന്‍പതാം ക്ലാസ് വരെയുള്ള മുഖ്യ വസ്ത്രം "നിക്കര്‍" എന്ന വസ്തുവായിരുന്നു (പുതിയ തലമുറ ഇതിനെ മറ്റു പല പേരിലും ആയിരിക്കും വിളിക്കുക. വേണമെങ്കില്‍ അതിന്റെ നിര്‍വ്വചനം "പാന്റ്സ് ആകാന്‍ പോയിട്ട് അണ്ടര്‍വെയര്‍ ആകാന്‍ സാധിക്കാത്ത ഒരു ഹതഭാഗ്യന്‍  " എന്നാവാം ). കൂടെ ഷര്‍ട്ടും ഉണ്ടായിരുന്നു .  അധികം പൊക്കം ഇല്ലാത്ത കൂട്ടത്തില്‍ ആയിരുന്നതുകൊണ്ട് , "ഇവന് ഇത് തന്നെ മതി ഇനിയും " എന്ന് എന്റെ മാതാപിതാകള്‍ തീരുമാനിക്കുകയും അത് അവരുടെ ശരീരഭാഷയിലൂടെ എനിക്ക് വ്യക്തമാക്കിത്തരുകയും ചെയ്തു പോന്നു . ഓര്‍ക്കണം .. കുമാരന്‍ എന്ന അവസ്ഥയിലേക്ക് മാറുവാന്‍ വെമ്പി നില്‍ക്കവേയാണ് ഈ "കൊച്ചാക്കല്‍" എന്ന് .


ഒന്‍പതാം തരം കടന്നു എന്ന് വരുത്തി പത്താം തരത്തിലേക്ക് എടുത്തെറിയപ്പെടാന്‍ പോകുന്ന നിര്‍ണ്ണായക ഘട്ടം . അവധി കഴിഞ്ഞിരിക്കണം . പത്താം ക്ലാസ്സിലേക്ക് ഉള്ള തയ്യാരെടുപ്പുകല്‍ക്കായി നാട്ടിലെ പ്രശസ്ത ഗണിത അധ്യാപിക സരോജനിയമ്മ സാറിന്റെ വീട്ടില്‍ എന്നെ ട്യുഷന്‍ ആയി കൊണ്ട് ചേര്‍ത്തു. ഗണിതത്തില്‍ ഉള്ള എന്റെ അസാമാന്യമായ പാടവം ഇന്നത്തെ പോലെ തന്നെ നാട്ടില്‍ അത്ര പ്രസിദ്ധം അല്ലെങ്കിലും വീട്ടില്‍ ഭയങ്കര അഭിപ്രായം ആയിരുന്നു .  കയ്യിലും കാലിലും പത്ത് വിരലുകള്‍ വീതം ഉള്ളതുകൊണ്ട് മാത്രമാണ് ഞാന്‍ "കണക്കില്‍" അത്രടം എത്തിയത് എന്ന് എനിക്കും വീട്ടുകാര്‍ക്കും ഉറപ്പായിരുന്നു . പത്താം ക്ലാസ് ആയാല്‍ പിന്നെ കൂടുതല്‍ വിരലുകള്‍ തരമാവാന്‍ വഴിയില്ലാത്തതുകൊണ്ടാവം "ഇനി ടുഷന്‍" എന്ന പോംവഴിയിലേക്ക് എന്നെ തള്ളിയിട്ടതും "അങ്ങിനെയെങ്കില്‍ അങ്ങിനെ" എന്ന് ഞാനും നിരൂപിച്ചതും .

സ്കൂളില്‍ കൂടെ പഠിക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒക്കെ ഈ ട്യുഷന്‍ ക്ലാസ്സില്‍ ഉണ്ട് . ട്യുഷന്‍ ക്ലാസ് തുടങ്ങാനുള്ള സമയം അടുത്തു വരവേ ഞാന്‍ കുമാര ചിന്തകളാല്‍ മഗ്നനായി .

എങ്ങിനെ പെട്ടെന്ന്  ഒരു കുമാരന്‍ ആവാം ? നാളെ ആ ക്ലാസ്സില്‍ എന്റെ കൂട്ടുകാര്‍ ഒക്കെ പാന്റും മുണ്ടും ഒക്കെ ധരിച്ചു കൊണ്ട് വരവേ ഞാന്‍ മാത്രം നിക്കര്‍ ധരിച്ചു നില്‍ക്കയോ !

ച്ഛായ്! ഇല്ല . ഇതിനൊരു പോംവഴി എന്തെന്നലോചിരിക്കവേ  എനിക്കത് തോന്നി .

ഉഗ്രം !

ട്യുഷന്‍ തുടങ്ങുന്ന അന്നും പതിവ് പോലെ പ്രഭാതം പൊട്ടിവിരിഞ്ഞിരുന്നു . എന്റെ മനസ്സില്‍ വിപ്ലവ ചിന്ത ഉണ്ടായിരുന്നത് കൊണ്ടാവാം അന്നത്തെ പ്രഭാതം ചുവന്നതായിരുന്നു എന്നാണോര്‍മ്മ . വിശേഷാല്‍ പരിപാടികളായ  പല്ലുതേപ്പ് , കുളി മുതലായവ കഴിച്ചു , പ്രഭാത ഭക്ഷണം മുക്തകണ്ഠം ഭുജിച്ചു ഫിറ്റാക്കി ഞാന്‍ തയ്യാറായി . പതിവ് വേഷമായ നിക്കറും ഷര്‍ട്ടും ധരിച്ച "ചെറിയ" ഞാന്‍ തയ്യാറായി


പ്രിയ വായനക്കാരെ നിങ്ങള്‍ ചിന്തിചിട്ടുണ്ടാവം ഞാന്‍ എന്ത് ചെയ്തു എന്ന് .അല്ലെ ?  "നിക്കര്‍" ധരിച്ചു കീഴടങ്ങിയൊ എന്ന് അല്ലെ ?


ഇല്ല . മൊത്തത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. അമ്മ അടുക്കളയില്‍. അച്ഛന്‍ പറമ്പില്‍ എവിടെയോ ആണ്. ഞാന്‍ അച്ഛന്റെ മുറിയിലേക്ക് കയറി. അതാ അവിടെ ഒരു അയയില്‍ അച്ഛന്‍ ഉടുത്തിട്ട് ഇട്ടിരിക്കുന്ന മൂന്നോ നാലോ പോളിയെസ്റ്ററ് ഡബിളുകള്‍ എന്നെ നോക്കി വെളുക്കെ ചിരിച്ചുകൊണ്ട് കിടക്കുന്നു. അവ തലയാട്ടി എന്നെ "വാ വാ" എന്നു വിളിക്കുന്നു എന്നെനിക്കു തോന്നി. ഒറ്റച്ചാട്ടത്തിന് അതില്‍ ഒരു മുണ്ട് കൈക്കലാക്കി. ശരവേഗത്തില്‍ പുസ്തകവും എടുത്ത് "ഞാന്‍ ട്യൂഷനു പോകുവാണേയ്" എന്നു പ്രസ്താവിച്ചുകൊണ്ട്, ഞാന്‍ പുറത്തേക്കു പാഞ്ഞു. അമ്മ വന്നു നോക്കിയപ്പോള്‍ ഞാന്‍ അപ്രത്യക്ഷനായിരുന്നു.


മാല തട്ടിപ്പറിച്ചുകൊണ്ടോടുന്ന തസ്കരനെപ്പോലെ ഞാന്‍ ഓടി വീടിന്റെ തൊട്ടടുത്തുള്ള മുളങ്കാട്ടിന്റെ അടുത്തെത്തി. പരിഭ്രമം കൊണ്ടും, ആവേശം കൊണ്ടും പട്ടിയെപ്പോലെ അണച്ചിരുന്ന ഞാന്‍ പുസ്തകം താഴെയിട്ട് ഷര്‍ട്ട് പൊക്കിയിട്ടു, ആ മുണ്ട് ഉടുത്തു. അല്ല ഉടുക്കാന്‍ ശ്രമിച്ചു. എന്റെ രണ്ടിരട്ടിയെങ്കിലും ഇറക്കമുള്ള മുണ്ട്. പോളിയസ്റ്റര്‍. ഞാന്‍ എങിനെയെല്ലാം നോക്കിയിട്ടും സംഭവം അരയില്‍ ഉറയ്ക്കുന്നില്ല. തെന്നി അഴിഞ്ഞു പോകുന്നു. ഒടുവില്‍ ഒരു വിധത്തില്‍ "ഉടുത്തു" എന്നു വരുത്തി ഞാന്‍ ഷര്‍ട്ട് താഴ്ത്തിയിട്ട്, നെഞ്ചു വിരിച്ച് മടക്കിക്കുത്തി.

അതിലും വലിയ ട്രാജഡി!

മാടിക്കുത്തിയിട്ടും മുണ്ടിനു കണ്‍ങ്കാലിനു പകുതിയോളം ഇറക്കം. ഒരു വിധം ചുരുക്കിയൊതുക്കി ഞാന്‍ ട്യൂഷന്‍ സ്ഥലത്തേക്ക് യാത്രയായി. അഭിമാനത്തോടെ. കുമാരന്‍ എന്ന നിലയിലേക്കുള്ള എന്റെ വിപ്ലവകരമായ കാല്‍‌വെയ്പ്.!


ട്യൂഷന്‍ സ്ഥലത്ത് എത്തിയ എന്നെ സഹപാഠികള്‍ ഹര്‍ഷാരവങ്ങളോടെ സ്വീകരിച്ചു (കണങ്കാലിലും കൂടുതല്‍ ഇറക്കമുള്ള മാടിക്കുത്തലും, ഇടക്കിടെ അസ്വസ്ഥതയോറ്റെയുള്ള ഉടുക്കലും കണ്ട് ഊതിയതായിരിക്കാം. ). എന്തായാലും മൊത്തത്തില്‍ ഞാനൊന്നു വലുതായതായി എനിക്കും തോന്നി എന്നതും സത്യം.


ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പടപടാന്ന് ഇടിക്കുന്ന ഹൃദയവുമായി ഞാന്‍ മടങ്ങി. പ്രതീക്ഷ തെറ്റിയില്ല.


എന്റെ മാതാവ് വേലിയുടെ കടമ്പയില്‍ തന്നെ കാത്തു നില്പ്പുണ്ടായിരുന്നു. സ്വതസ്സിദ്ധമായ പല്ലുകടിയൊടെ.

"ഡാ.. എന്തിനാഡാ നീ ഈ മുണ്ടും ഞാത്തിപ്പോയത്? ങ്ങേ?" എന്ന ആക്രോശത്തോടെ കുമാരനായി രൂപാന്തരം പ്രാപിച്ചു നിന്ന എന്റെ അരയില്‍ നിന്നും അമ്മ മുണ്ട് ഒറ്റ വലിക്ക് പറിച്ചെടുത്തു. പിന്നെ കൈ നിവര്‍ത്തി എന്റെ തുട നോക്കി ഒരു പ്രഹരവും.


പാവം വിപ്ലവകാരിയായ ഞാന്‍! അടി എനിക്കൊരു പുത്തരിയല്ല. അതിന്റെ വേദനയും സാരമേയല്ല.


പക്ഷേ...


അന്നേ ദിവസം വരെ ഞാന്‍ ധരിച്ചിരുന്ന പുണ്യവസനം, "നിക്കര്‍", എന്റെ അരയില്‍ ഉണ്ടായിരുന്നു എങ്കിലും നഗ്നനാക്കപ്പെട്ടവനെപ്പോലെ, നഗ്നനായി, വിവശനായി ഞാന്‍ ആ കടമ്പയില്‍ ചവിട്ടി നിന്നു. പാരതന്ത്ര്യത്തിന്റെ വേദന കണ്ണീര്‍ക്കണങ്ങളായി എന്റെ കണ്ണില്‍ നിന്നും താഴെക്കൊഴുകി.


"മേലാല്‍ ഒരൊറ്റ മുണ്ടില്‍ തൊട്ടു പോകരുത്". മാതാവിന്റെ ആക്രോശം പശ്ചാത്തലത്തില്‍ മുഴങ്ങി.


ഹേ അമ്മേ! നിങ്ങള്‍ക്ക് ഒരു കുമാരന്റെ ഹൃദയ വേദന ഒരിക്കലും മന്‍സ്സിലാവില്ല.


ആ ദിവസം അങിനെ കഴിഞ്ഞു. അടുത്ത ദിവസം പ്രഭാതത്തില്‍ എന്നെ വളരെ ക്ലോസ്സായി വാച്ചു ചെയ്തുകൊണ്ട് എന്റെ മാതാവ് ഒരു ബ്ലാക്ക് ക്യാറ്റിനെപ്പോലെ പിറകെ നടന്നു. പ്രഭാതഭക്ഷണം പോലും ശരിക്കു കഴിക്കാതെ (തീരെ കഴിക്കാതെയിരിക്കാന്‍ ഞാനെന്തു തെറ്റു ചെയ്തു. ഹല്ലാ പിന്നെ ), വിഷണ്ണനായി , വിഷാദ മൂകനായി , നിക്കറും ധരിച്ച് , പുസ്തകവുമെടുത്ത് ഞാന്‍ ട്യൂഷനു പുറപ്പെട്ടപ്പോള്‍ , വേലിയുടെ കടമ്പ വരെ അമ്മ എന്നെ അനുഗമിച്ചു. ഞാന്‍ ഒന്നു കൂടി കെഞ്ചി നോക്കി.


"അമ്മേ .. എനിക്കൊരു പഴയ മുണ്ട് താ അമ്മേ.. ഇതു വയ്യ. നാണക്കേടാ"


"മിണ്ടാതെ പൊക്കോ എറുക്കാ. മുണ്ട് വേണം പോലും. അരച്ചാണ്‍ നീളവും അവന്റെയൊരു മുണ്ടും. പോ.. പോക്കൊ മര്യാദക്ക് ട്യൂഷന്"


ഞാന്‍ കീഴടങ്ങി. ട്യൂഷനു പോയി.


കുമാരന്‍ വീണ്ടും നിക്കര്‍ ധരിച്ച് ബാലനായി രംഗപ്രവേശം ധരിച്ചത് എന്റെ സഹപാഠികളെ ആവേശഭരിതരാക്കി.

"അയ്യേ ! ദേണ്ടടാ ഇവന്‍ ചഡ്ഡീമിട്ടോണ്ട് വന്നിരിക്കുന്നു.. ഹ ഹ ഹ. മുണ്ടെവെടാഡാ? ഉരിഞ്ഞു പോയോ? " എന്നൊക്കെ പറഞ്ഞ് അര്‍മ്മാദിച്ച് കളിയാക്കി അവര്‍ എന്നെ കൊലവിളിച്ചു. അടുത്തു കിട്റ്റിയവനിട്ടോക്കെ ഞാന്‍ ഓരോന്ന് കൊടുക്കയും ചെയ്തു. പെണ്‍കുട്ടികളുടെ ഭാഗത്തേക്ക് ഞാന്‍ നോക്കിയതെ ഇല്ല. അവരുറ്റെ മുഖത്തും സഹതാപമോ, പരിഹാസമോ ഒക്കെ ഉണ്ടായിരുന്നിരിക്കണം..

ഒരാഴ്ച്ത്തെ നീണ്ട എന്റെ സഹനസമരങ്ങളുടേയും, അന്തര്‍നാടകങ്ങളുടെയും, നയതന്ത്രചര്‍ച്ചകളുടെയും ഫലമായി, ഒടുവില്‍ എനിക്ക് രണ്ട് പാന്റ്റുകള്‍ക്കുള്ള തുണി വാങ്ങിവാനും മുണ്ടു ധരിക്കുവാനും ഉള്ള തീരുമാനം കൈക്കൊള്ളുവാന്‍ മാതാപിതാക്കള്‍ നിര്‍ബ്ബന്ധിതരായി. കടുത്ത പച്ചയും തവിട്ടും നിറത്തിലുള്ള പാന്റിന്റെ തുണിയും കൊണ്ട് ചെന്നപ്പോള്‍ അമ്പലപ്പുഴയിലെ "ഗുഡ്ഫിറ്റ്" ഗാര്‍മെന്റ്സിലെ മോഹന്‍ലാലിനെ അനുസ്മരിപ്പിക്കുന്ന മുഖമുള്ള രവിച്ചേട്ടന്‍ ചോദിച്ചു?


"ബെല്‍ബോട്ടം സ്റ്റൈലോ, ജീന്‍സ് സ്റ്റൈലോ"?


അന്താപ്പാവിയായ ഞാന്‍ കുന്തം വിഴുങ്ങിയപോലെ നിന്നു. എനിക്കുണ്ടോ ബെല്ലും ബ്രേക്കും? പക്ഷേ അറിവില്ലായമ പുറത്തു കാണിക്കുന്നത് ഒരു കുമാരന് ഭൂഷണമല്ലാത്തതുകൊണ്ട്, ഞാന്‍ പറഞ്ഞു.


"ബെല്‍ബോട്ടത്തിന്റേം ജീന്‍സ്സിന്റേം എടേല് ഒള്ള ഒരു സ്റ്റൈലില് തയ്ച്ചേരെ" (യേത്.. അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല. എങ്ങിനെ പോയാലും സേയ്ഫ്)


അങ്ങിനെ രവിച്ചേട്ടന്‍ എങ്ങും തൊടാതെ അടിച്ച ആ പാന്റുകള്‍ സമാന്തരങ്ങളായി എന്റെ അരയില്‍ തൂങ്ങിക്കിടന്നു. വലിയ കുഴപ്പങ്ങളില്ലാതെ . എന്നാല്‍ എന്തൊക്കെയോ കുഴപ്പങ്ങളോടെ.


പിന്നെ പ്രീഡിഗ്രിക്കു ചേര്‍ന്നപ്പോഴാവണം അടുത്ത രണ്ടു പാന്റുകള്‍ക്കുള്ള സാങ്ഷന്‍ ലഭിച്ചത്. അന്നു രവിച്ചേട്ടന്റെ "ഗുഡ്ഫിറ്റ്" ഗാര്‍മെന്‍സില്‍ തുണിയുമായിച്ചെന്ന് ഞാന്‍ പറഞ്ഞു


"ചേട്ടാ ഇത് ജീന്‍സ് സ്റ്റൈലില്‍ തയ്ച്ചേക്കണേ" . ചേട്ടന്‍ അളവെടുത്തു. തയ്ച്ചു തന്നു


ഇട്ടു നോക്കിയപ്പൊഴാണ് ചേട്ടന്റെ "ജീന്‍സ്" സ്റ്റൈലിന്റെ മഹത്വം പിടി കിട്ടിയത്

 പാന്റ്സ് ഒടുക്കത്തെ ടൈറ്റ്. പണ്ടത്തെ ഭാഷയില്‍ പറഞ്ഞാല്‍ "ഭയങ്കര ഫിറ്റ്". അരയിലെ ഹുക്കിടാന്‍ ശ്വാസം അകത്തേക്ക് വലിച്ചു പിടിക്കണം. പിന്നെ മൊത്തത്തില്‍ ഒരു മുറുക്കവും. അതായിരുന്നത്രേ അന്നത്തെ സ്റ്റൈല്‍. ഓരോ കാലും കയറ്റുവാന്‍ എണ്ണയിടണം.
 
കോളേജിലൊക്കെ ചെന്നാല്‍, ഒരു പേന താഴെപ്പോയാല്‍ അതൊന്നെടുക്കാന്‍ പെട്ടിരുന്ന പാട്. കുനിഞ്ഞാല്‍ പാന്റിന്റെ മൂട് കീറും എന്നുറപ്പ്. എന്നിട്ടും .. ആവേശത്തോടെ ആഗ്രഹത്തോടെ അവ ധരിച്ചു നടന്നു
 
വളരെക്കുറ്ച്ചു മാത്രം വസ്ത്രങ്ങള്‍ ആഗ്രഹത്തോടെ എടുത്തണിഞ്ഞ കാലം.
 
എത്രയെത്ര വേഷങ്ങള്‍ മാറിയണിഞ്ഞും ഊരിയെറിഞ്ഞും നാല്പ്പതിന്റെ ശൈശവത്തില്‍ നിന്നു തിരിഞ്ഞു നോക്കുമ്പോള്‍
 
ജീവിതം ഒരു വര്‍ണ്ണപ്പകിട്ടുള്ള കുപ്പായം പോലെ. എന്നും സന്തോഷത്തോടെ, പുതുമയോടെ ധരിക്കാന്‍ കൊതിക്കുന്ന ഒന്ന്.

Friday, June 1, 2012

ഒരു കൊച്ചു മധ്യവേനല്‍ സ്വപ്നം

അവസാന പരീക്ഷയുടെ അവസാന ചോദ്യത്തിന്റെ ഉത്തരമെഴുതുക  എന്നതിന്റെ ഹരം നഷ്ടപ്പെട്ടതിന്റെ വേദന ഇന്നും മാറുന്നില്ല .

സിരകളില്‍ ഒരു പൊട്ടിത്തെറി , നെഞ്ചിന്റെ അകത്തുനിന്നു തന്നെയാവണം കവിളുകളില്‍ കൂടി പൊട്ടിപ്പുറത്തു ചാടാന്‍ പോകുന്ന ഒരു ചിരിയുടെ തള്ളിച്ച .... അതെ ദാ ഈ ഉത്തരം കൂടി എഴുതിക്കഴിഞ്ഞാല്‍ മധ്യവേനലവധി തുടങ്ങുകയായി ..

ഹോ.. പേന നീങ്ങുന്നില്ലല്ലോ!

തടിച്ച മഷിപ്പേനയുടെ തിളങ്ങുന്ന പിച്ചള നിബ്ബിലൂടെ അസുഖകരമായ ഗന്ധമുള്ള ചെല്പാര്‍ക്കിന്റെ മഷി, അക്ഷരങ്ങളായി പിടഞ്ഞു പുറത്ത് വരുന്നത് അത്ര പതുക്കെ ...

ഒടുവില്‍ അത് സംഭവിക്കുന്നു . അവസാന ചോദ്യത്തിന്റെ ഉത്തരം കഴിയുന്നു . അവസാന ഉത്തരത്തിന്റെ അടിയിലായി പേപ്പറിന്റെ മധ്യത്തില്‍ ഒരു വരയും ഇരു വശത്തും രണ്ടു നക്ഷത്രങ്ങളും വരച്ചു , മൊട്ടു സൂചി കുത്തിയ ഉത്തരക്കടലാസ്സുകള്‍  സാറിനെ എല്പ്പിക്കുംപോഴേക്കും നെഞ്ചിലെ ചിരി കഴുത്തോളം എത്തിയിട്ടുണ്ടാവും .

പിന്നെ ക്ലാസ്സിനു പുറത്തേക്ക് വന്നു അടുക്കി വെച്ച പുസ്തകങ്ങളും എടുത്തു തിണ്ണയില്‍ നിന്നും താഴെക്കൊരു ചാട്ടമാണ് നെഞ്ചിലെ തള്ളിച്ച മുല്ലപ്പൂക്കളായി മുഖത്ത് വിരിഞ്ഞിട്ടുണ്ടാവും അപ്പോള്‍ .

കൂട്ടുകാരുമോരുമിച്ചു വീട്ടിലേക്കുള്ള മടക്കയാത്രയുടെ ഹരം . വീട്ടിലെത്തിയാല്‍ പഠനമേശയെ ഒരു പുച്ഛത്തോടെ നോക്കി അകലെ നിന്ന് തന്നെ പുസ്തകങ്ങള്‍ അതിലേക്കു വലിച്ചെറിയുമ്പോള്‍ വീട്ടിലുള്ളവര്‍ക്കും ഒരു  കുണ്ഡിതഭാവം ഉണ്ടെന്നു ഞാനങ്ങു വിചാരിക്കും. അഹങ്കരിക്കും. എന്നെ കാണുമ്പോഴൊക്കെ

"ഡാ എറുക്കാ.. പോയിരുന്നു പഠിക്കെഡാ" എന്നു പറയാന്‍ പറ്റില്ലല്ലൊ!

മധ്യവേനലിന്റെ വെയിലില്‍ നീന്തിക്കുളിച്ചു ,   മണലില്‍ പൊടിപറത്തി കളിച്ചു കൂട്ടിയ കളികള്‍.

വീട്ടിലെ മാവുകളില്‍ തിരിഞ്ഞു നോക്കാതെ വഴി നീളെ ആരാന്റെ പറമ്പുകളില്‍ നില്‍ക്കുന്ന മാവുകളില്‍ ഉന്നം പരീക്ഷിക്കുകയും , അതിന്റെ ഉടയവര്‍ ദേഷ്യത്തോടെ തുരത്തുംപോള്‍ , നിലത്തു വീണു ചതഞ്ഞ മാങ്ങകളും കയ്യിലിരുന്നു ചിരിക്കുമായിരുന്നുവല്ലോ

അടിച്ചേച്ചോട്ടം കളിച്ചു വീണു മുട്ട് പൊട്ടിയാലും കണ്ണീര്‍ മുളക്കാത്ത കണ്ണുകള്‍.

കടന്നു പോവുന്ന ദിനങ്ങള്‍ അവധിയില്‍ നിന്ന് കുറയ്ക്കുവാന്‍ എപ്പോഴും മടിയാണ് . ഒരു യാഥാ‌‌ര്‍‌ഥ്യത്തെ ഒഴിവാക്കുന്നതിന്റെ സുഖം .

വിയര്‍ത്തൊട്ടിയ ശരീരങ്ങള്‍ പറമ്പിലെ കുളത്തിലേക്ക് ചാടുമ്പോള്‍ കുളത്തിലെ നീരിനും ചിരിയായിരുന്നു .

അത്താഴം കഴിഞ്ഞു കിടന്നാല്‍ നാളത്തെ കളികള്‍ക്കുള്ള മേച്ചില്‍പ്പുറങ്ങള്‍ പച്ചപ്പാര്‍ന്നു നിരക്കും. ആ തണുപ്പിലാവും ഉറക്കം .

അറുപതു ദിനങ്ങള്‍ ഇങ്ങിനി വരാതവണ്ണം കുതിച്ചുപോയതുപോലെ തോന്നും അവധിക്കൊടുവില്‍.

പുതിയ ക്ലാസ്സിലേക്കുള്ള പാഠപുസ്തകങ്ങളുടെ വരവ്. അവയുടെ വര്‍ണ്ണാഭമായ പുതുമയുള്ള പുറംചട്ടകള്‍, ഒരു കയ്പുള്ള യാഥാര്‍ഥ്യത്തിന്റെ നിറം പിടിപ്പിച്ച ഭീഷണികളായിത്തോന്നും. ഞാനിത്ര അക്ഷരവൈരിയൊ എന്നു വീട്ടുകാര്‍ അത്ഭുതം കൂറിയാല്‍ അത്ഭുതപ്പെടുവാനുണ്ടോ.

പഠിക്കാന്‍ പോകാന്‍ മടിയുള്ള കുറുമ്പിനെ ശാസിക്കും പോലെ, മുഖം കറുപ്പിച്ചു നില്‍ക്കുന്ന ഇടവപ്പാതി. പെരുമഴയില്‍ അകത്തു ചാറ്റല്‍ മഴ പെയ്യുന്ന തുണിക്കുട നിവര്‍ത്തി, കറുത്ത റബ്ബറിട്ടു മുറുക്കിയ പുസ്തകക്കെട്ടുകളും തോള‍ത്തേറ്റി, കയ്യില്‍ തൂക്കുപാത്രത്തില്‍ ചോറുമേന്തിയുള്ള സ്കൂളില്‍ പോക്ക് തുടങ്ങുകയായി .

ഇടവപ്പാതിയില്‍ കലങ്ങി കുത്തിയൊലിച്ചു പോയ വെള്ളം പോലെ കാലം കടന്നുപോയല്ലൊ.

ഇന്നിതാ എന്റെ മുന്നില്‍ ഒരു എട്ടു വയസ്സുകാരിയുടെ മുഖത്തും കാലവര്‍ഷത്തിന്റെ കനം.
കഴിഞ്ഞു പൊയ അവധിക്കാലത്തെക്കുറിച്ചോര്‍ത്തും ജൂണ്‍ നാലിന്റെ സ്കൂളില്‍ പോക്ക് ഓര്‍ത്തും കുട്ടിക്കുറുമ്പുകള്‍.

കാലത്തിന്റെ താളുകള്‍ പിറകോട്ടു മറിച്ചു നോക്കാതെ തന്നെ അവളില്‍ ഞാന്‍ കാണുന്നത് എന്നെത്തന്നെ.

ബാല്യത്തിന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് വിലക്കുകളില്ലാതെ അവധിക്കാലം നുകര്‍ന്നു മതിയാകാത്ത കുഞ്ഞു മനസ്സിനെ

സാധ്യായ ദിവസങ്ങളില്‍ അവളടുത്തില്ലാത്തതിന്റെ വിഹ്വലതകള്‍ ഓര്‍ത്ത്, അവധിക്കാലത്ത്‍ അവളോടൊട്ടി നിന്ന അവളുടെ അമ്മയുടെ ദീര്‍ഘനിശ്വാസങ്ങള്‍

അവധിക്കാലത്തെ എത്രയും സ്നേഹിച്ചിരുന്നുവോ അത്രയും തന്നെ ഞാന്‍ അവയെ വെറുക്കുന്നു.

അവക്ക് അനിവാര്യമായ ഒരു അന്ത്യം ഉള്ളതുകൊണ്ട്.

അതുകൊണ്ട് മാത്രം.