Friday, October 31, 2008

ന‌ളചരിതം ഒന്നാം ദിവസം -ഉത്തരഭാഗം (ദൃശ്യവേദി, തിരുവന‌ന്തപുരം, 23 ഒക്ടോബര്‍ 2008)

തിരുവനന്തപുരത്തെ കഥക‌ളിക്ലബ്ബായ ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ സെപ്റ്റം.22 ന് കിഴക്കേക്കോട്ട കാര്‍ത്തികതിരുനാള്‍ തീയേറ്ററില്‍ നടന്ന ന‌ളചരിതം ഒന്നാം ദിവസം കഥക‌ളിയുടെ തുടര്‍ച്ചയായ ഉത്തരഭാഗം ഇക്കഴിഞ്ഞ ഒക്ടോബര്‍ 23ന് നടന്നു. ദമയന്തിയുടെ സ്വയംവരത്തിന് ദൂതന്മാരാല്‍ ക്ഷണിയ്ക്കപ്പെട്ട നളനെ മാര്‍ഗ്ഗമദ്ധ്യേ ഇന്ദ്രാദികള്‍ കണ്ടുമുട്ടുകയും ഭൈമീകാമുകന്മാരായ തങ്ങളുടെ ഇംഗിതം ദമയന്തിയെ അറിയിക്കാനുള്ള ദൂത് നിര്‍വ്വഹിയ്ക്കണം എന്ന് നളനോട് പറയുന്ന രംഗം മുതലാണ് അവതരിപ്പിയ്ക്കപ്പെട്ടത്. (കഥകളിയ്ക്ക് താമസിച്ചെത്തിയതുമൂലം ഈ ആദ്യരംഗം
കാണാന്‍ സാധിച്ചില്ല.) ഹരിയുടെ ബ്ലോഗില്‍, കളിയരങ്ങില്‍ വായിയ്ക്കാം.

“ഭൈമീകാമുകനല്ലോ ഞാനും ദേവ
സ്വാമികളേ! കരുണ വേണം”
എന്നും
“നിറയുന്നു ബഹുജനം നഗരേ ഒന്നുപറവാനും കഴിവുണ്ടോ വിജനേ”
എന്നുമൊക്കെ ഒഴിവുകഴിവു പറയുന്ന നളനെ
“ചെയ്‌വേനെന്നു മുന്നേ ചൊന്നതുചെയ്തില്ലെന്നാലധികമധര്‍മ്മം”
എന്നും
“തിരസ്കരണി തവതരുന്നു ഞങ്ങ‌ള്‍ഇരിക്കമത്രേ നീ വരുവോളം” എന്നും പറഞ്ഞ് നളനെ “തിരസ്കരണി“ എന്ന അപരന്മാര്‍ക്ക് അദൃശ്യനായിരിക്കാനുള്ള മന്ത്രം ഉപദേശിക്കുന്നു.
കലാമണ്ഡലം കൃഷ്ണകുമാര്‍ നളനായും‍,കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ഇന്ദ്രനായും അഗ്നിയായി കലാമണ്ഡലം ഷണ്മുഖദാസ്, യമനായി മാര്‍ഗി സുരേഷ്, വരുണനായി മാര്‍ഗി ഹരിവത്സന്‍
എന്നിവരും അരങ്ങത്തെത്തി.
അത് സ്വീകരിച്ചുകൊണ്ട് കാവല്‍ക്കാര്‍ക്ക് അഗോചരനായി ദമയന്തിയുടെ അന്തപുരത്തില്‍ പ്രവേശിച്ച് കണ്ണിനഴല്‍ തീര്‍ന്നു ദമയന്തിയെ കാണുകയാണ്. കേശാദിപാദം കണ്‍കുളിര്‍ക്കെ ഇച്ഛയ്ക്കൊത്ത് നോക്കിനില്‍ക്കെ തന്റെ നിയോഗത്തില്‍ വീഴ്ച വരുത്തിയാല്‍ തെറ്റാണ് എന്ന് നിരൂപിച്ച് ദമയന്തിയ്ക്കു മുന്നില്‍ പ്രത്യക്ഷനായി ദൂത് നിര്‍വ്വഹിയ്ക്കുകയാണ്.
“ദൈത്യാരിപൂര്‍വ്വജനു ദൂത്യം സമേത്യ നിജ” എന്നു തുടങ്ങുന്ന മനോഹരമായ ദണ്ഡകത്തോടെയാണ് മേല്‍പ്പറഞ്ഞത് അവതരിപ്പിയ്ക്കുന്നത്. (ശ്ലോകത്തിന്റെ ഒരു പാദത്തില്‍ 26 ല്‍ അധികം അക്ഷരം വരുന്ന ഛന്ദസ്സാണ് ദണ്ഡകം.)
ഇവിടെ നളന്റെ മാനസ്സികാവസ്ഥ എന്നത് സന്ദിഗ്ദ്ധമായ ഒരു അവസ്ഥയിലാണ്. തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവളോട് അന്യന്മാരുടെ ഇഷ്ടം അറിയിക്കാനായി പോകേണ്ടി വരിക എന്ന അത്യന്തം സങ്കടകരവും എന്നാല്‍ അധര്‍മ്മമായി ഒന്നും ചെയ്യാതെയിരിയ്ക്കണം എന്ന ദൃഢ:നിശ്ചയവും നളന്റെ “സ്ഥായീഭാവം” ആയിരിയ്ക്കണം. പച്ചവേഷങ്ങളില്‍ കൃതഹസ്തന്‍ എന്ന് പേരുള്ള കലാമണ്ഡലം കൃഷ്ണകുമാര്‍ അതില്‍ അമ്പേ പരാജയപ്പെട്ടു എന്ന് കുണ്ഠിതത്തോടെ പറയേണ്ടി വരുന്നു.
തന്റെ മനസ്സില്‍ കേട്ടുറച്ചുപോയ സ്വപ്രിയനായ നളന്റെ രൂപസാദൃശ്യമുള്ളവനെങ്കിലും അദൃശ്യനായി അന്തപുരത്തിനകത്തു വന്ന് പ്രത്യക്ഷീഭവിക്കയാല്‍ ഒരു ദേവനായിരിയ്ക്കും എന്ന് നിശ്ചയിച്ച് അധിക ലജ്ജ കൂടാതെ ദമയന്തി ആഗതനോട് സംസാരിക്കുന്നു. മാര്‍ഗ്ഗി വിജയകുമാറായിരുന്നു ദമയന്തി. അദ്ദേഹം തുടക്കത്തില്‍ തന്റെ തനതായ ഒരു ഒഴുക്കിലായിരുന്നില്ല നടിച്ചത് എന്ന് തോന്നി. ആഗതന്റെ ആഗമനോദ്ദേശ്യം തിരക്കിയ ദമയന്തിയോട് താന്‍ ദേവദൂതനാണെന്ന് പറയുന്ന നളന്റെ കുലവും,
നാമവും തിരക്കുകയാണ് ദമയന്തി പിന്നീട്. ഇന്ദ്രാദികളുടെ അഭീഷ്ടം ദമയന്തിയെ അറിയിയ്ക്കുന്നു നളന്‍
അനലനും നിന്‍ ഗുണങ്ങ‌ള്‍ കേള്‍ക്കയാല്‍
മദനാധിയിലെ വെന്തുനീറൂന്നു
സ്ഥായീഭാവം ഇല്ലെന്നെതോ പോകട്ടെ സഞ്ചാരീഭാവവും “ഓ വേണ്ട” എന്ന ഭാവത്തിലായിരുന്നു ശ്രീ കൃഷ്ണകുമാര്‍. മിക്ക പദങ്ങ‌ള്‍ക്കും അതോരോന്നും ഗായകര്‍ ഒരാവര്‍ത്തി ചൊല്ലുന്നതു വരെ കേട്ടു നിന്ന് (വട്ടം വെക്കുന്നു എന്ന ഭാവേന) പിന്നെ അതിന് മുദ്ര കാണിച്ച് “ഒപ്പിക്കുന്ന” ഒരു രീതിയാണ് ശ്രീ കൃഷ്ണകുമാറില്‍ നിന്നും ഉണ്ടായത്. ഇത്രയും സീനിയര്‍ ആയ ഒരു നടന്‍ “ഉത്തരഭാഗ“ത്തിലെ പദങ്ങ‌ള്‍ ഹൃദിസ്ഥമാക്കാത്തത് കഷ്ടം തന്നെയാണ്. പദം കാട്ടിക്കൂട്ടിയിട്ട് നിര്‍വ്വികാരമായുള്ള ആ
നില്‍പ്പ് നിരാശാജനകമായിരുന്നു എന്ന് പറയട്ടെ. :((
“ഈശ്വരന്മാരെന്തു വിചാരലേശം കൂടാതെ”
എന്നു തുടങ്ങുന്ന രണ്ടാം ചരണം മുതല്‍ ശ്രീ വിജയകുമാറിന്റെ ദമയന്തി നന്നായി പ്രവര്‍ത്തിച്ചു. രാജപുത്രിയായ് ഞാന്‍ ദേവഭാര്യയല്ല; രാജഭാര്യയാണ് ആവുന്നത് എന്ന് ദമയന്തി പറയുന്നു. ദേവഭാര്യയായാലുള്ള ഗുണങ്ങ‌ള്‍ വര്‍ണ്ണിച്ച നളനോട് തന്റെ വല്ലഭനായി ഒരാള്‍ മനസ്സിലുറച്ചു പോയെന്നും അവ്ന്റെ ഛായയുള്ള നീ ഇപ്രകാരം സംസാരിക്കുന്നതു കേട്ടിട്ട് ജീവിയ്ക്കുന്നതേ പ്രയാസം എന്നും ദമയന്തി മറുപടി പറയുന്നു. വളരെ മന:ശ്ശക്തിയുള്ള, വ്യക്തിത്വമുള്ള ഒരു കഥാപാത്രത്തെയാണ് ഉണ്ണായിവാര്യര്‍ ഇവിടെയൊക്കെ വരച്ചുകാട്ടുന്നത്.
ദമയന്തി ഇങ്ങനെ എതിര്‍ക്കുമ്പോള്‍ ഉള്ളില്‍ തോന്നുന്ന; എന്നാല്‍ പുറത്തു കാട്ടാന്‍ പറ്റാത്ത ഉല്‍ക്കടമായ സന്തോഷം .. ഇതൊക്കെ നളന്റെ മുഖത്ത് വരണം. ദൈവാധീനത്താല്‍.. അതൊന്നും ഇവിടെയുണ്ടായില്ല. :(
ഹന്ത! കേള്‍ ദമയന്തി നിന്നുള്ളില
ന്ധഭാവമനന്തമേ
വൃന്ദാരകന്മാരെ നിന്ദിച്ച നിന്റെ ഇഷ്ടക്കാരന്‍ ആരെന്ന് അറിയേണം എന്ന് തെല്ലൊരു കോപത്തോടെ പറയുന്നു നളന്‍
“പതിദേവതമാരനവധി ഭുവി കേളതിലൊന്നല്ലോ ഞാന്‍
ചതി ദേവതകള്‍ തുടര്‍ന്നീടുകിലോ ഗതിയാരവനിതലേ”
എന്ന് ദമയന്തി ദൃഢ:നിശ്ചയത്തോടെ പ്രഖ്യാപിയ്ക്കുന്നു. നളനോട് പൊയ്ക്കൊള്ളുവാനും പറയുന്നു.
തുടര്‍ന്നുള്ള ഇളകിയാട്ടത്തില്‍ ദേവബാന്ധവത്താലുണ്ടാകുന്ന ഗുണങ്ങ‌ള്‍ വര്‍ണ്ണിച്ച് ദമയന്തിയെ പ്രലോഭിപ്പിയ്ക്കുകയാണ് നളന്‍. ഈ ആട്ടം വലിയ തരക്കേടില്ലാതെ കഴിച്ചുകൂട്ടാന്‍ ശ്രീ കൃഷ്ണകുമാറിന് കഴിഞ്ഞു. ഒടുവില്‍ ദൃഢ:നിശ്ചയത്തോടെ വിമുഖിയായിരിയ്ക്കുന്ന ദമയന്തിയുടെ സമീപത്തുനിന്നും തിരോഭവിയ്ക്കുന്നു നളന്‍.

തിരികെ ദേവാദികളുടെ അടുത്ത് ജാള്യത്തോടെ തന്റെ ദൌത്യപരാജയം അറിയിയ്ക്കുന്ന നളനോട് സ്വയംവരത്തിനു പൊയ്ക്കള്ളാന്‍ കല്‍പ്പിയ്ക്കുന്നു ഇന്ദ്രന്‍. സ്നേഹം കൊണ്ട് നമ്മള്‍ അഞ്ചുപേരും ഒന്നാകയാ‍ല്‍ നമ്മിലൊരുത്തനെ അവള്‍ വരിയ്ക്കണം. ആറാമതൊരുത്തനെ വരിയ്ക്കുകയാണെങ്കില്‍ അവള്‍ക്കും അവനും അനര്‍ത്ഥങ്ങളുണ്ടാകുമെന്നും ഇന്ദ്രന്‍ പറയുന്നു. ഇതാണ് നളന്‍ മനസ്സിലാക്കുന്ന അര്‍ത്ഥം. ദമയന്തി നളനെയാണ് സ്നേഹിയ്ക്കുന്നത് എന്ന് നളന്‍ പറയാതെതന്നെയറിയാവുന്ന ദേവന്മാര്‍ “സ്നേഹം കൊണ്ട് നമ്മള്‍ അഞ്ചുപേരും ഒന്നാകയാ‍ല്‍“ എന്നതു കൊണ്ട്.. നളന്റെ രൂപത്തില്‍ ദമയന്തിയെ പരീക്ഷിപ്പാനായി പ്രത്യക്ഷീഭവിക്കും എന്നും ദമയന്തിയുടെ പ്രാര്‍ത്ഥനയാല്‍ത്തന്നെ യഥാര്‍ത്ഥ നളന്റെ കാട്ടിക്കൊടുക്കുകയും ആണ് ചെയ്യുന്നത്. (അപ്രകാരം ദേവന്മാര്‍ക്ക് “സ്ത്രീഭ്രാന്തന്മാരായി സ്വയംവരത്തിനു പോയി” എന്ന ദുഷ്പേരും നീങ്ങുന്നു. )

ശരണം ദേവേശ്വര ഭവദീയ ചരണയുഗളം മേ

സ്വയംവര രംഗമായിരുന്നു അടുത്തത്. ഇന്ദ്രാദികള്‍,നളന്‍,ദമയന്തി, സരസ്വതി എന്നീ വേഷങ്ങളാണ് ഈ രംഗത്ത്. സരസ്വതിയായി ശ്രീ മാര്‍ഗി സുകുമാരന്‍ രംഗത്തെത്തി.തോടി രാഗത്തിലുള്ള “ബാലേ സല്‍ഗുണലോലേ” എന്ന പദത്തിന്റെ സിംഹഭാഗവും ഉപേക്ഷിച്ചാണ് പാടിയത്.

പ്രാലേയരുചിമുഖി ദമയന്തി
മാലകൊണ്ടൊരുവനെ വരിച്ചീടു നീ
സമസ്തജനകൃതയശസ്തവം

തുടര്‍ന്ന് സ്വയംവരത്തിനായി വരണമാല്യവുമായി നീങ്ങിയ ദമയന്തി അഞ്ചു നളന്മാരെ കണ്ട് വിഷണ്ണയായി പ്രാര്‍ത്ഥിക്കുന്നു.. ആത്മഗതം ചെയ്യുന്നു.

“ഹരിത്പ്രഭുക്കളെയൊരിക്കലും അസത്:-
കരിച്ചതില്ലഹം കിനാവിലും”
എന്ന പദത്തിലൂടെ, ദേവന്മാരെ ഒരിക്കലും നിന്ദിച്ചിട്ടില്ലാത്ത തന്നെ ചതിയ്ക്കാനിവര്‍ക്ക് തോന്നുവാനെന്തേ കാരണം എന്ന് ദമയന്തി ശങ്കിയ്ക്കുന്നു.ചെറുപ്പത്തിലേ തന്നെ ഭര്‍ത്താവായി നളനെ മനസ്സാ വരിച്ചത് സത്യമാണെങ്കില്‍ നളന്റെ തിരിച്ചറിയാനിടവരുത്തുക എന്ന് ദേവന്മാരോട് മനസ്സലിഞ്ഞ് പ്രാര്‍ത്ഥിയ്ക്കുന്നു ദമയന്തി.ശ്രീ വിജയകുമാറിന്റെ ദമയന്തി ആത്മാര്‍ത്ഥമായിത്തന്നെ ഈ ഭാഗം നടിച്ചു.തുടര്‍ന്ന് ദേവാനുഗ്രഹത്താല്‍ നളനാരെന്ന് തിരിച്ചറിഞ്ഞ് ദമയന്തി നളന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തുന്നു. ദേവന്മാര്‍ അനുഗ്രഹങ്ങ‌ള്‍ കൊടുക്കുകയും ചെയ്യുന്നു നളന്.

തദനു നളഗളാന്തേ ബാലയാ ന്യാസി മാലാ

അനല്പം വാമസ്തു ഭവ്യം മമ പ്രസാദേന

സരസ്വതിയുടെ
“കനക്കുമര്‍ത്ഥവും സുധകണക്കേ പദനിരയും
അനര്‍ഗ്ഗളം യമകവും, അനുപ്രാസമുപമാദി
ഇണക്കം കലര്‍ന്നു രമ്യം ജനിക്കും നല്‍ സാരസ്വതം
നിനക്കും നിന്‍ ദയിതയ്ക്കും നിനയ്ക്കുന്നവര്‍ക്കും നിന്നെ” എന്ന അനുഗ്രഹ പദത്തോടെ കഥ അവസാനിച്ചു. മാര്‍ഗി സുകുമാരന്റെ സരസ്വതി വേഷം കൊണ്ടും നാട്യം കൊണ്ടും നന്നായിരുന്നു.
കനക്കുമര്‍ത്ഥവും സുധകണക്കേ പദനിരയും

ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും, ശ്രീ കലാമണ്ഡലം വിനോദും ചേര്‍ന്നായിരുന്നു ആലാപനം. പദങ്ങള്‍ ഹൃദിസ്ഥമല്ലാത്തതിന്റെ രസക്കേടുകളൊക്കെ ആലാപനത്തില്‍ ഉണ്ടായിരുന്നെങ്കിലും പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയുടെ പതിവുള്ള ആത്മാര്‍ത്ഥത പ്രകടമായിരുന്നു. ഹരി (കളിയരങ്ങ്) സൂചിപ്പിച്ചതുപോലെ, ഉത്തരഭാഗവും ഇപ്പോള്‍ പലയിടത്തും അവതരിപ്പിക്കപ്പെടുന്നതിനാല്‍ ഈ ഭാഗത്തെ പദങ്ങള്‍ ഹൃദിസ്ഥമാക്കി പാടിയാല്‍ അത് കളി മികച്ചതാക്കും എന്ന് സംശയമേതുമില്ല. മാര്‍ഗ്ഗി വേണുഗോപാലിന്റെ ചെണ്ടയും മാര്‍ഗി രത്നാകരന്റെ മദ്ദളവും തരത്തിനൊത്തതായിരുന്നു എന്നു പറയാം. ആര്‍.എല്‍.വി. സോമദാസിന്റെ ചുട്ടി വളരെ നന്നായി.

മാര്‍ഗ്ഗി വിജയകുമറിന്റെ ദമയന്തിയൊഴിച്ചാല്‍ ഏറെയൊന്നും ഓര്‍ക്കാനില്ലാത്ത ഒരു കാഴ്ചാനുഭവവുമായിട്ടായിരിയ്ക്കണം പ്രേക്ഷകര്‍ കളി കഴിഞ്ഞിറങ്ങിയത്.

ശ്രീ. ഹരിയുടെ ആസ്വാദനക്കുറിപ്പ് ഇവിടെ വായിയ്ക്കാം.

Wednesday, September 24, 2008

ന‌ളചരിതം ഒന്നാം ദിവസം (ദൃശ്യവേദി, തിരുവന‌ന്തപുരം, 22 സെപ്റ്റംബര്‍ 2008)

തിരുവനന്തപുരത്തെ കഥക‌ളിക്ലബ്ബായ ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ സെപ്റ്റം.22 ന് കിഴക്കേക്കോട്ട കാര്‍ത്തികതിരുനാള്‍ തീയേറ്ററില്‍ നടന്ന ന‌ളചരിതം ഒന്നാം ദിവസം കഥക‌ളിയുടെ ഒരു ആസ്വാദനക്കുറിപ്പാണ്. ദയവായി പാകപ്പിഴക‌ള്‍ പൊറുക്കുകയും ചൂണ്ടിക്കാട്ടുകയും ചെയ്യുമ‌ല്ലോ.
അഭിനയം

ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ന‌ളനായി വേഷമിട്ടു. ഇന്ന് പച്ചവേഷം നന്നായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള ന‌ടന്മാരില്‍ പ്രമുഖരില്‍ ഒരാളാണ് ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍.വേഷ ഭംഗിയും വൃത്തിയും ഒതുക്കവും ഉള്ള മുദ്രക‌ളും പാകത വന്ന അരങ്ങുപരിചയവും ശ്രീ ബാലസുബ്രഹ്മണ്യന്റെ ആട്ടത്തില്‍ കാണാം.

ക്ലബ്ബ് ന‌ടത്തുന്ന കഥക‌ളി എന്ന നിലയില്‍ കൃത്യസമ‌യത്തിനുള്ളില്‍ത്തന്നെ ക‌ളി തീര്‍ക്കാനായി ഒര‌ല്പ്പം ധൃതിയിലായിരുന്നു ക‌ളിയുടെ വേഗം. ഇത് രസച്ചരടിന് ഭംഗം വരുത്തിയെങ്കിലും സാമാന്യം നല്ല ഒരു ക‌ളിയായിരുന്നു ഇന്നലത്തേത് എന്ന് പറയാം.
ശ്രീ ഫാക്ട് ജയദേവവര്‍മ്മയായിരുന്നു നാര‌ദനായി വേഷമിട്ടത്. നാരദന്റെ ഭീഷിതരിപു നികര എന്ന പദത്തിനു ശേഷമുള്ള ആട്ടത്തില്‍
" ഭൂമിയില്‍ ഉള്ള സാധാരണജന‌ങ്ങ‌ള്‍ക്ക് അഭീഷ്ടകാര്യങ്ങ‌ള്‍ സാധിച്ചുകൊടുക്കുന്ന ദേവക‌ള്‍ പോലും ആഗ്രഹിയ്ക്കുന്ന ആ കന്യകാരത്ന‌ത്തെ (ദമ‌യന്തിയെ) ഒരു സാധാരണ മനുഷ്യനായ ഞാന്‍ ആഗ്രഹിയ്ക്കുന്നതില്‍ എത്രത്തോളം ഔചിത്യമുണ്ട്?"
എന്ന ന‌ളന്റെ ചോദ്യത്തിന് "സദ്ഗുണസമ്പന്ന‌നായ നീ അങ്ങനെയോര്‍ത്ത് വ്യാകുലപ്പെടേണ്ടതില്ല" എന്ന നാരദന്റെ മറുപടി ഒഴുക്കന്‍ മട്ടിലായി.

ഭഗവന്‍ നാരദ
ശേഷം ന‌ളന്‍ "ഇത്ഥം ശ്രുത്വാ ഭാരതീം നാരദീയം" എന്ന ശ്ലോകം അഭിന‌യിയ്ക്കുന്നു. ദമ‌യന്തിയെക്കുറിച്ച് നാരദന്‍ പറഞ്ഞ വാക്കുക‌ളും കേട്ടുകേഴ്വിക‌ളും കൊണ്ട് മ‌ഥിയ്ക്കപ്പെട്ട മനസ്സുമായി നില്‍ക്കുന്ന ന‌ളന്‍. തുട‌ര്‍ന്ന് "കുണ്ഡിന‌നായക ന‌ന്ദിനിയ്ക്കൊത്തൊരു പെണ്ണില്ലാ" എന്ന പദം. പ്രണ‌‌യപരവശനായ ഒരു യുവ‌രാജാവിന്റെ പ്രണ‌യിനിയെക്കുറിച്ചുള്ള ചിന്തക‌ളാണ് "കുണ്ഡിന‌നായക" എന്ന പദത്തില്‍. ആവുന്നത്ര മിതത്വം പാലിച്ചുകൊണ്ട് ശ്ലോകവും തുടര്‍ന്നുള്ള ഈ പദവും ബാലസുബ്രഹ്മണ്യന്‍ സാമാന്യം ന‌ന്നായി അഭിനയിച്ചു ഫലിപ്പിച്ചു.

ഇത്ഥം ശ്രുത്വാ ഭാരതീം നാരദീയം

കുണ്ഡിന‌നായക നന്ദിനി

മുദിരതതി കബരീ

അനുദിനമവ‌ള്‍ തന്നില്‍ അനുരാഗം വ‌ള‌രുന്നു

തുട‌ര്‍ന്നുള്ള ആട്ടത്തില്‍ എങ്ങനെ ദമ‌യന്തിയെ വിവാഹം കഴിയ്ക്കാം എന്ന് ചിന്തിയ്ക്കുകയാണ് ന‌ളന്‍. ദമ‌യന്തിയുടെ അച്ഛനായുള്ള ഭീമ‌രാജാവിന്റെ അടുത്ത് ചെന്ന് തനിയ്ക്ക് ദമ‌യന്തിയെ വിവാഹം കഴിച്ച് തരുമോ എന്ന് പറയേണ‌മോ? ഏയ്. അത് ക്ഷത്രിയമ‌ര്യാദയ്ക്ക് ചേര്‍ന്നതല്ല. പിന്നെ എന്ത് വഴി? സേനാസന്നാഹ‌ങ്ങ‌ളോടെ കുണ്ഡിന‌ത്തില്‍ ചെന്ന് ദമ‌യന്തിയെ ഹരിച്ചുകൊണ്ട് വന്നാലോ? അങ്ങിനെ ചെയ്താല്‍ ഒരിയ്ക്കലും ദമയന്തിയ്ക്ക് തന്നോട് പ്രേമം തോന്നുകയില്ല. സ്നേഹം പിടിച്ചുവാങ്ങാന്‍ കഴിയുന്ന ഒന്നല്ല. പിന്നെ എന്തു വഴി. മനസ്സിന് സമാധാനമില്ലാതെയായിരിയ്ക്കുന്നു. അസ്വസ്ഥനായി ഉലാത്തുന്ന ന‌ളന്‍ ചിന്തിയ്ക്കുന്നു. ഒരല്പ്പസമയം വീണ‌വായിച്ചിരുന്നാലോ? വീണ കൈയ്യിലെടുത്ത് തന്ത്രിക‌ള്‍ മുറുക്കി ശ്രദ്ധിച്ചതിനു ശേഷം വീണ‌വായിയ്ക്കുന്നു. തുടക്കത്തില്‍ തോന്നിയ ആന‌ന്ദം ക്രമേണ ഇല്ലാതാവുകയും ചിന്ത വീണ്ടും ദമയന്തിയെക്കുറിച്ചാവുകയും ചെയ്ത‌തോടെ ന‌ളന്‍ വീണ ഉപേക്ഷിയ്ക്കുന്നു. അസ്വസ്ഥനായ ന‌ളന് ശരീരം ചുട്ടുനീറുന്നതുപോലെ തോന്നുന്നു. ദേഹമാസകലം ചന്ദനം പുരട്ടുകയും അസ്വസ്ഥത വര്‍ദ്ധിച്ച‌തോടെ ചന്ദനവും തുടച്ചുക‌ള‌യുന്നു. പ്രണ‌യപരവശ‌നായ ന‌ളന്‍ കാമ‌ദേവനോടായി പറയുന്നു. അല്ലയോ മ‌ന്മഥാ.. ഭ‌വാന്‍ ഏറുന്ന വൈര‌ത്തോടെ എന്റെ നേര്‍ക്ക് എയ്ത്കൊണ്ടിരിയ്ക്കുന്ന പുഷ്പശര‌ങ്ങ‌ളാല്‍ ഞാന്‍ പരവശ‌നായിരിയ്ക്കുന്നു. ഈ ശരങ്ങ‌ളില്‍ ഒരെണ്ണം ഒരേയൊരെണ്ണം അവ‌ളുടെനേര്‍ക്ക് അയ്ച്ചിരുന്നെങ്കില്‍....
ഈ രംഗത്തില്‍ മേല്പ്പറഞ്ഞ ആട്ടത്തിലും പദത്തിലും ശ്രീ. കലാമണ്ഡലം ഗോപിയുടെ നിലക‌ള്‍ (Pause) മ‌നോഹരവും പ്രസിദ്ധ‌വുമാണ്. അതൊന്നും അനുക‌രിയ്ക്കാതിരിയ്ക്കാന്‍ ശ്രീ ബാലസുബ്രഹ്മണ്യന്‍ പ്രത്യേകം ശ്രദ്ധി‌ച്ച‌തായി തോന്നി. എന്നാല്‍ സാമാന്യം ഭംഗിയാവുകയും ചെയ്തു.

പിന്നീട് ഉദ്യാന‌ത്തിലെത്തുന്ന ന‌ളന്‍ "നിര്‍ജ്ജന‌മെന്നതേയുള്ളൂ" എന്ന പദം ആടുന്നു. ഇതിലും ദമ‌യന്തിയോടുള്ള ഉല്‍ക്കടമായുള്ള പ്രേമവും അത് സാധിയ്ക്കത്തത് നിമിത്തം ന‌ളന് അനുഭവപ്പെടുന്ന വിരസതയുമാണ് സൂചിപ്പിയ്ക്കുന്നത്. ഉദ്യാന‌ത്തിലെ താമരക്കുള‌ത്തില്‍ അനവധി ഹംസങ്ങ‌ളെക്കാണുന്ന ന‌ളന്‍ അതില്‍ സ്വര്‍ണ്ണ‌‌വര്‍ണ്ണമാര്‍ന്ന ഒന്നിനെ പ്രത്യേകം ശ്രദ്ധിയ്ക്കുകയും തുട‌ര്‍ന്ന് നേരമ്പോക്കിനായി അതിനെ പിടിച്ചാലോ എന്ന് ചിന്തിച്ച് രംഗത്തു നിന്നും മാറുകയും ചെയ്യുന്നു.
തുട‌ര്‍ന്ന് ഹംസം പ്രവേശിയ്ക്കുകയാണ്. ശ്രീ. കലാമണ്ഡലം രതീശനായിരുന്നു ഹംസം. ഹംസത്തിന് ഇവിടെ ഒരു നൃത്തരൂപത്തിലുള്ള എടുത്തുകലാശമാവാമായിരുന്നു. അത് ഉണ്ടായി കണ്ടില്ല. ഹംസത്തിന്റെ സ്വതസ്സിദ്ധമായ സ്വഭാവ‌ചിത്രീകര‌ണ‌ത്തിനാണ് ഈ രംഗം നടന്മാര്‍ ഉപയോഗിയ്ക്കുക. ചിറകുക‌ള്‍ കൊക്കുകൊണ്ട് കൊത്തിയൊതുക്കി, താമ‌രയില‌ക‌ള്‍ ഇരുവശ‌ത്തേയ്ക്കും കൊത്തിനീക്കി വെള്ളം കൊത്തിയെടുത്ത്.. തല പൊക്കിപ്പിടിച്ച് അതിറക്കി, ഇടക്ക് തല വെട്ടിച്ച് പറന്ന് ന‌ടക്കുന്ന പ്രാണിക‌ളെ കൊത്തിപ്പിടിച്ച് ... അങ്ങിനെയുള്ള പക്ഷിസ്വഭാവം. ഒടുവില്‍ ചിറകൊതുക്കി ഒറ്റക്കാലിലിരുന്ന് ഉറങ്ങിപ്പോകുന്നതോടെ"അനക്കം കൂടാതെ ന‌ര‌വ‌ര‌ന‌ണഞ്ഞാശുകുതുകാ" എന്ന ശ്ലോകം ആരംഭിയ്ക്കുന്നു. അതോടെ രംഗത്തേയ്ക്ക് സൂക്ഷ്മ‌ത‌യോടെ കടന്നുവരുന്ന ന‌ളന്‍ കൗതുകത്തിനായി ഹംസ‌ത്തെ പിടികൂടുകയാണ് "ഇണക്കാമെന്നോർത്തങ്ങിതമൊടു പിടിച്ചൊരളവിലേകനക്കും ശോകം പൂണ്ടവനഥ രുരോദാതികരുണം" എന്ന വരിയോടെ.

പിടിച്ചൊര‌‌ളവിലെ
തുട‌ര്‍ന്ന് പരിഭ്രാന്തനായ ഹംസത്തിന്റെ "ശിവ ശിവ എന്തു ചെയ്‌വൂ ഞാന്‍ എന്നെ" എന്നു തുടങ്ങുന്ന പദ‌മാണ്. സമയക്കുറവുകൊണ്ടാവാം ഈ പദത്തിലെ
"ജന‌കന്‍ മ‌രിച്ചുപോയി എന്റെ ജന‌നി തന്റെ ദശ ഇങ്ങനെ
അപി ച മമ ദയിതാ ക‌ളിയല്ല അന‌തിചിര സൂതാ
പ്രാണന്‍ക‌ളയുമ‌തി വിധുരാ
അയ്യോ കുല‌വുമ‌ഖില‌വുമറുതി വന്നിതു

എന്ന ഭാഗം വിട്ട് ക‌ളഞ്ഞു. ഈ ഭാഗത്ത് ഉള്ളതുപോലെ ശ്രീ. ഉണ്ണായിവാര്യര്‍ക്ക് തന്റെ ജീവിതത്തില്‍ അറം പറ്റി എന്ന് ഒരു കേട്ടുകേഴ്വിയുള്ളത് സൂചിപ്പിയ്ക്കട്ടെ.

തുട‌ര്‍ന്ന് ന‌ള‌ന്റെ "അറിക ഹംസമേ" എന്ന പദമാണ്. മ‌നോഹരമായ ചിറകുക‌ള്‍ കണ്ട് കൗതുകേണ പിടിച്ചതാണെന്നും ഇച്ഛ‌പോലെ പറന്നുപൊയ്ക്കൊള്ളുകയെന്നും ന‌ളന്‍ ഹംസത്തോടു പറയുന്നു. പദാവസാന‌ത്തില്‍ ഹംസത്തെ സ്വതന്ത്രനാക്കുകയും സ‌ന്തുഷ്ടനായ ഹംസം പറന്നുപോവുകയും ചെയ്യുന്നു. പിന്നീട് വീണ്ടും ഏകനായി ഉദ്യാനത്തിലിരുന്ന ന‌ള‌ന്റെ അടുത്തേയ്ക്ക് ഹംസം തിരിച്ചെത്തുന്നു.“ഊര്‍ജ്ജിതാശയ പാര്‍ത്ഥിവാ തവ ഞാന്‍ ഉപകാരം കുര്യാം” എന്നു പറഞ്ഞുകൊണ്ട്.തുടര്‍ന്ന് ഹംസം ദമയന്തിയെക്കുറിച്ച് ന‌ളനോട് പറയുകയാ‍ണ്. ദമയന്തി എന്ന പേര് എത്ര കേട്ടിട്ടും ന‌ളന് മ‌തിയാവുന്നില്ല. ഹംസത്തെക്കൊണ്ട് വീണ്ടും വീണ്ടും പറയിയ്ക്കുന്നു തനിക്ക് കര്‍ണ്ണാമൃതമായ ആ പേര് ന‌ളന്‍.

ഭീമന‌രേന്ദ്രസുതാ ദമ‌യന്തി

അവ‌ളെ ഒന്നു വ‌ര്‍ണ്ണിയ്ക്കാമോ എന്ന ന‌ളന്റെ ഇടയ്ക്കുള്ള ചോദ്യത്തിന് ഉചിതമായി “കാമിനി രൂപിണീ ശീലാവതി രമണി” എന്നിടത്തെ ഹംസത്തിന്റെ ആട്ടം. തുടര്‍ന്ന് “പ്രിയമാനസാ നീ പോയ് വ‌രേണം” എന്ന ന‌ളന്റെ പദം. “പ്രിയമെന്നോർത്തിതു പറകയോ നീ മമ” എന്നിടത്ത് “ഒരിയ്ക്കലും ഞാന്‍ അങ്ങ‌യെ സ‌ന്തോഷിപ്പിയ്ക്കാനായിമാത്രം പറഞ്ഞതല്ല.“ എന്ന് ഹംസം മറുപടി പറയുന്നുണ്ട്.ഇരുവരുടെയും പദങ്ങ‌ള്‍ കഴിഞ്ഞുള്ള ആട്ടം അധികമൊന്നും ര‌സമുള്ളതായിരുന്നില്ല. ന‌ളനില്‍ ദമയന്തിയ്ക്കുള്ള ഇഷ്ടം ഉറപ്പിയ്ക്കാം എന്നുറപ്പു നല്‍കിക്കൊണ്ട് ഹംസം രംഗം വിടുന്നു. ആകാശത്ത് ഒരു സ്വര്‍ണ്ണനൂല്‍ പോലെ ഹംസം അപ്രത്യക്ഷമായി എന്ന് ന‌ളന്‍ സാധാരണ ഇപ്പോ‌ള്‍ ആടിക്കാണാറുള്ളതുപോലെ തന്നെ ഇവിടെ ബാല‌സുബ്രഹ്മണ്യന്റെ ന‌ളനും ആടുകയുണ്ടായി. തുടര്‍ന്ന് ന‌ളന്‍ രംഗത്തുനിന്നും പിന്‍‌വാങ്ങുന്നു. താനിവിടെ ഈ ഉദ്യാനത്തില്‍ നീ വരുന്നതുവരെ കാത്തിരിയ്ക്കും എന്ന് ഹംസത്തോട് പറഞ്ഞിട്ട് ന‌ളന്‍ രംഗത്തുനിന്നും പിന്‍‌വാങ്ങുന്നതില്‍ ഔചിത്യക്കുറവുണ്ടോ എന്നൊരു സംശയം.

ദമയന്തിയുടെയും തോഴിയുടെയും (രണ്ട് തോഴിമാര്‍ ഉണ്ടാവേണ്ടതാണ്. ഒരാളെ ഉണ്ടായുള്ളൂ ഇവിടെ) രംഗപ്രവേശമായിരുന്നു അടുത്തത്. ശ്രീ കലാമണ്ഡലം രാജശേഖരന്‍ ദമ‌യന്തിയായും കലാമണ്ഡലം അനില്‍കുമാര്‍ തോഴിയായും വേഷമിട്ടു. “പൂമകനും മൊഴിമാതും, ഭൂമിദേവി താനും” എന്ന ദേവസ്തുതിയോടെ നായികാകഥാപാത്രങ്ങ‌ളുടെ രംഗപ്രവേശത്തില്‍ സാധാരണ ഉണ്ടാവാറുള്ള “സാരി” യോടുകൂടിയാണ് ഇത് ആടിയത് (ആടുന്നതും). “സാരി”നൃത്തം വ‌ള‌രെ ഭംഗിയായി അവതരിപ്പിയ്ക്കപ്പെട്ടു. തുടര്‍ന്ന് “സഖിമാരെ നമുക്കു” എന്ന ദമ‌യന്തിയുടെ പദം. സാരിയുടെ അവസാനത്തില്‍ ദമ‌യന്തിയില്‍ അവാച്യമായ അസ്വാസ്ഥ്യവും ഉദ്യാന‌ത്തിലെ കാഴ്ചക‌ളില്‍ വിരസതയും ദൃശ്യമാവുന്നു. ശ്രീ രാജശേഖരന്‍ അത് ന‌ന്നായി നടിച്ചു. ഉദ്യാന‌ത്തിലെ കാഴ്ചക‌ളില്‍ വിരസത തോന്നുന്നുവെന്നും അതുകൊണ്ട് കൊട്ടാരത്തില്‍ അച്ഛന്റെ അടുത്തേയ്ക്ക് പോകാമെന്നും ദമ‌യന്തി പറയുന്നു. ദമ‌യന്തിയില്‍ ഉണ്ടായ ഈ ഭാവമാറ്റം തോഴി ശ്രദ്ധിയ്ക്കുകയും ദമ‌യന്തിയുടെ പദത്തിന‌സുരിച്ച് ഇടച്ചോദ്യങ്ങ‌ള്‍ ചോദിയ്ക്കുകയും ചെയ്തത് ന‌ന്നായി. ദമ‌യന്തിയ്ക്കു മറുപടിയായി “പോക പൂങ്കാവിലെന്നു പുതുമധു വചനേ” എന്ന പദം തോഴിയുടെതായുണ്ട്. ഉദ്യാന‌ത്തില്‍ പോകാമെന്ന് പറഞ്ഞ നീ ഇവിടെയെത്തിയത് തിരികെപ്പോകാനോ? എങ്കില്‍ അതിനു കാരണം പറഞ്ഞാലും എന്ന് പദത്തിന്റെ സാരം. അനില്‍കുമാ‌ര്‍ അദ്ദേഹത്തിനെ വേഷത്തിലും ആട്ടത്തിലും ന‌ല്ലവണ്ണം ശ്രദ്ധിച്ചിരുന്നതായി തോന്നി. ഉയരക്കൂടുതല്‍ ഉള്ളത് വേഷത്തിനൊരല്‍പ്പം മാറ്റു കുറച്ചുവോ എന്ന് തോന്നി.

കാമിനിമൌലേ ചൊല്‍ക
തുടര്‍ന്ന് ദമയന്തിയുടെ “ചലദ‌ളി ഝങ്കാരം ചെവികളില്‍ അംഗാരം’” എന്ന പദമാണ്. സാധാരണ മന‌സ്സിന് ഏറ്റവുന്ം ആനന്ദം നല്‍കുന്ന കാര്യങ്ങ‌ള്‍ പോലും ദമ‌യന്തിയ്ക്ക് അസഹ്യമായിത്തോന്നുന്നു; വണ്ടിന്റെ മൂളല്‍ അലര്‍ച്ചയായും, കുയിലിന്റെ പാട്ട് കര്‍ണ്ണശൂലങ്ങ‌ളായും പുഷ്പസൌരഭ്യം നാസാരന്ധ്രങ്ങ‌ളില്‍ ദുര്‍ഗന്ധമായും ദമ‌യന്തിയ്ക്ക് തോന്നുകയാണ്.

അപ്പോഴാണ് തോഴി ആകാശത്തുനിന്നും ഒരു മിന്നല്‍ക്കൊടിപോലെ എന്തോ ഒന്ന് ഭൂമിയിലേയ്ക്കിറങ്ങുന്നത് ദമയന്തിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. “മിന്നല്‍ക്കൊടിയിറങ്ങി മന്നിലേ വരികയോ” എന്ന പദമാണ് തോഴി ഇവിടെ ആടുക. ഒടുവില്‍ അത് ഒരു സ്വര്‍ണ്ണവര്‍ണ്ണമുള്ള ഒരരയന്നമാണെന്ന് തിരിച്ച‌റിയുന്നു.പദാവസാനം ഹംസം രംഗ‌പ്രവേശം ചെയ്യുന്നു. അപ്പോ‌ള്‍ ദമയന്തിയുടെ “കണ്ടാലെത്രയും കൌതുകം” എന്ന പദമാണ്.

ക്രൂര‌നല്ല സാധുവത്രേ

സ്വര്‍ണ്ണവര്‍ണ്ണമ‌‌രയന്നം
ഹംസത്തെക്കണ്ടിട്ടുണ്ടായ കൌതുകം, അത്ഭുതം ഒക്കെ പദത്തില്‍ ഉണ്ട്. അര‌യന്നം ദമ‌യന്തിയെ തന്നിലേക്കാകര്‍ഷിയ്ക്കുകയും, ദമ‌യന്തി അര‌യന്നത്തിനെ തൊടാനും പിടിയ്ക്കാനുമൊക്കെ ശ്രമിയ്ക്കുന്നു.
“തൊട്ടേനെ ഞാന്‍ കൈക‌ള്‍ കൊണ്ടു”
ഒടുവില്‍ ഇതിനെ പിടിയ്ക്കുകതന്നെ വേണമെന്ന് നിശ്ചയിച്ച് തോഴിമാരോട് “ദൂരെ നില്‍പ്പിന്‍ എന്നരികില്‍ ആരും വേണ്ടാ” എന്ന് പറഞ്ഞ് തോഴിയെ രംഗത്തു നിന്ന് പറഞ്ഞയ്ക്കുകയാണ്. അതോടെ അരയന്നവും ദമ‌യന്തിയും മാത്രമാവുന്നു. ദമ‌യന്തി അര‌യന്നത്തിനെ കൈക്കലൊതുക്കുവാന്‍ തുടങ്ങുന്നു“ഇനിയൊരടി ന‌ടന്നാല്‍ കിട്ടുമേ കൈക്കലെന്നു“ എന്ന ശ്ലോകത്തോടൊപ്പം ദമ‌യന്തി അര‌യന്നത്തിനെ കൈക്കലൊതുക്കുവാന്‍ ശ്രമ‌യ്ക്കുകയും അതില്‍ പരാജയപ്പെട്ട് പരിഭവത്തോടെ തിരികെപ്പോരാനൊരുങ്ങുമ്പോ‌ള്‍ അരയന്നം“അംഗന‌മാര്‍മൌലേ ബാലേ ആശയെന്തയിതേ?” എന്ന പദത്തോടെ വിളിയ്ക്കുകയാണ്. സംസാരിച്ചുതുടങ്ങിയ ഹംസത്തെ കൌതുകത്തോടെ വീക്ഷിച്ച ദമ‌യന്തി തന്റെ എടുത്തുചാട്ടത്തെപ്പറ്റി ക‌ളിയാ‍ക്കുന്ന ഹംസത്തിനോട് പരിഭവം പൂണ്ട് നിന്നുവെങ്കിലും, “ന‌ളനഗരേ വാഴുന്നു ഞാന്‍” എന്നു പറഞ്ഞുതുടങ്ങുമ്പോ‌ള്‍ ഉത്സാഹവതിയാകുന്നു.
യൌവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം
തുടര്‍ന്ന് ദമ‌യന്തിയുടെ “കണ്ടേന്‍ നികടേ നിന്നെ” എന്ന മറുപടിപ്പദമാണ്. ന‌ളന്റെപ്പറ്റി കൂടുതല്‍ കേള്‍ക്കാനുള്ള താല്‍പ്പര്യം കാട്ടിയ ദമ‌യന്തിയോട് ഹംസം ന‌ളന്റെ ഗുണ‌ങ്ങ‌ള്‍ “പ്രീതിപൂണ്ടരുളുകയേ” എന്ന പദത്തിലൂടെ വ‌ര്‍ണ്ണിയ്ക്കുകയും തുടര്‍ന്ന് ദമ‌യന്തി തന്റെ മന‌സ്സിലുള്ളതെല്ലാം “നാളില്‍ നാളില്‍ വരുമാധിമൂല‌മിദം” എന്ന പദത്തിലൂടെ ഹംസത്തിനോട് വെളിപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് ഹംസത്തിന്റെ മ‌റുപടിപ്പദം“ചെന്നിതു പറവന്‍ നൃപനോടഭിലാഷം” എന്ന പദത്തില്‍ “താതന്‍ ഒരു വരനു കൊടുക്കും നിന്നെ പ്രീതി നിനക്കുമുണ്ടാമ‌വനില്‍ത്തന്നെ വിഫലമിന്നു പറയുന്നതെല്ലാം ചപലെനെന്നു പുന‌രെന്നെ ചൊല്ലാം”എന്ന ഭാഗത്തിലൂടെ ദമ‌യന്തിയുടെ പ്രണ‌യത്തിന്റെ ശക്തി പരീക്ഷിയ്ക്കുകയാണ് ഹംസം.
കണ്ടേന്‍ നികടേ നിന്നെ

“ഹന്ത! ഹംസമേ ചിന്തയെന്തു തേ” എന്ന പദത്തിലൂടെ ന‌ള‌നിലുള്ള തന്റെ അചഞ്ചല‌മായ സ്നേഹം ഹംസത്തെ അറിയിയ്ക്കുക‌യാണ് ദമ‌യന്തി. ഹംസത്തിന്റെ പദങ്ങ‌ള്‍ക്കിടയില്‍ ശ്രീ രാജ‌ശേഖരന്റെ ദമ‌യന്തി വലതുവശത്തെ ഇരിപ്പിടത്തില്‍ നിര്‍വ്വികാര‌യായി ഇരിയ്ക്കുന്ന കാഴ്ച കണ്ടു. ആകെ വിര‌സയായതു പോലെ. അത് ഒരല്‍പ്പം വിരസത് കാണിക‌ളിലേയ്ക്ക് പകര്‍ന്നുകാണുമെന്നത് തീര്‍ച്ച. തുടര്‍ന്ന് ദമ‌യന്തിയും ഹംസവും തമ്മില്‍ ഉള്ള തന്റേടാട്ടമായിരുന്നു. ന‌ളന്റെ രൂപമൊന്ന് കണ്ടാല്‍ക്കൊള്ളാമെന്ന് ആഗ്രഹം പ്രകടിപ്പിയ്ക്കുന്ന ദമ‌യന്തിയ്ക്ക്, ഹംസം ഒരു താമര‌യിലയില്‍ നളന്റെ രൂപം വരച്ചുകൊടുക്കുന്നു. അത് കണ്ടിട്ട് ഉള്ള ദമ‌യന്തിയുടെ ഭാവാഭിനയവും അത്ര ശരിയായിയെന്ന് തോന്നിയില്ല. പക്ഷേ അതിനു ശേഷം ആ ചിത്രം ഹംസത്തെ തിരിച്ചേല്‍പ്പിക്കുന്നതായി കാണിച്ചു. ഹംസം അത് സൂക്ഷിച്ചുകൊള്ളുകയെന്നു പറഞ്ഞിട്ടും. അത് ഉചിതമായി. അതിനു ശേഷം ഹംസം യാത്രയാവുന്നതോടെ ക‌ളി അവസാനിച്ചു. ശ്രീ കലാമണ്ഡലം രതീശന്റെ ഹംസം ഈ രംഗത്ത് വ‌ളരെ നന്നായി ശോഭിച്ചു. വ‌ളരെ ക്രിയാത്മകമായ ആട്ടങ്ങ‌ള്‍ ഈ രംഗത്തിലുടനീളം അദ്ദേഹം കാഴ്ച വെയ്ക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അച്ഛന്‍ ശ്രീ ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ള ഹംസത്തിന്റെ വേഷത്തില്‍ പ്രഗത്ഭനായിരുന്നു എന്ന് കേട്ടിട്ടുണ്ട്. വ്യക്തിത്വമുള്ള നടന വൈദഗ്ദ്ധ്യം ശ്രീ ര‌തീശനുണ്ട് എന്ന് തോന്നി.
ആലാപനം
ശ്രീ കോട്ടയ്ക്കല്‍ മധുവും ശ്രീ കലാനില‌യം രാജീവനുമായിരുന്നു ആലാപനം. ഈ കളിയുടെ ഏറ്റവും മുന്തിയ ഘടകം ഇവരുടെ മികച്ച പ്രകടനമായിരുന്നു എന്ന് പറയാതെ വയ്യ. എല്ലാ പദങ്ങ‌ളും സാഹിത്യഭംഗിയും സംഗീതനിബദ്ധവുമായ ഈ കഥ, ര‌ത്ന‌ങ്ങ‌ള്‍ കോര്‍ത്ത ഒരു ഹാരമാക്കിയത് ഇവര്‍ ചേര്‍ന്നാണ്.“ഊര്‍ജ്ജിതാശയ“,“പ്രിയമാനസാ നീ പോയ് വ‌രേണം”,“സഖിമാരെ നമുക്കു”,“പോക പൂങ്കാവിലെന്നു പുതുമധു വചനേ”,“ചലദ‌ളി ഛങ്കാരം ചെവിക‌ളിലങ്കാരം”,“മിന്നല്‍ക്കൊടിയിറങ്ങി മന്നിലേ വരികയോ”,“കണ്ടാലെത്രയും കൌതുകം”,“അംഗന‌മാര്‍മൌലേ ബാലേ ആശയെന്തയിതേ?”,“കണ്ടേന്‍ നികടേ നിന്നെ”,“പ്രീതിപൂണ്ടരുളുകയേ”,“കണ്ടേന്‍ നികടെ“,“പ്രീതിപൂണ്ടരുളുകയേ“,“ഹന്ത! ഹംസമേ ചിന്തയെന്തു തേ” എന്നീ പദങ്ങ‌ളെല്ലാം അതിഗംഭിര‌മായിത്തന്നെ ശ്രീ മധു ആലപിച്ചു. “മിന്നല്‍ക്കൊടിയിറങ്ങി മന്നിലേ വരികയോ” എന്നത് ദേശ് രാഗത്തിലാണ് പാടിയത്. തുടക്കത്തില്‍ അത്ര ലയം വന്നില്ലെങ്കിലും രണ്ടാമ‌ത്തെ ആവര്‍ത്തനം മുതല്‍ അത് ഒന്നാന്തരമായി. “ഹന്ത! ഹംസമേ“ എന്ന പദം നീലാംബരിയില്‍ മധുവിന്റേയും രാജീവന്റേയും ക‌ളകണ്ഠം വിട്ടൊഴുകി ആസ്വാദകരുടെ കര്‍ണ്ണങ്ങ‌ള്‍ക്ക് അമൃതമായിത്തീര്‍ന്നു കാണണം. ഇതെഴുതുന്ന‌യാള്‍ അടുത്തകാല‌ത്തൊന്നും ആരും പാടിക്കേട്ടിട്ടില്ല ഇങ്ങനെ. ക‌ളി കഴിഞ്ഞപ്പോ‌ള്‍ ഇതുവരെ പരിചയപ്പെടാന്‍ സാധിയ്ക്കതിരുന്ന ശ്രീ മധുവിനെ നേരിട്ട് കണ്ട് അനുമോദിയ്ക്കാന്‍ ഭാഗ്യമുണ്ടായി. എളിമയോടെയുള്ള ഒരു പുഞ്ചിരിയോടെ അദ്ദേഹം അത് സ്വീകരിച്ചു.

മേളം

ശ്രീ കലാഭാരതി ഉണ്ണികൃഷ്ണന്റെ ചെണ്ട ശരാശരി നിലവാരം പുല‌ര്‍ത്തി. അദ്ദേഹത്തിന് കിട്ടിയിട്ടുള്ള അരങ്ങുപരിചയം വെച്ചു നോക്കുമ്പോ‌ള്‍ ഇതിലും ന‌ന്നായി പ്രവര്‍ത്തിയ്ക്കാന്‍ അദ്ദേഹത്തിന് സാധിയ്ക്കേണ്ടതാണ്. ന‌ളന്റെ വീണ‌വായന ചരല്‍ക്കല്ല് വാരിയെറിയുന്നതുപോലെ തോന്നി ശ്രീ ഉണ്ണികൃഷ്ണന്‍ കൊട്ടിയപ്പോ‌ള്‍. ശ്രീ കലാ. ഹരികുമാറിന്റെ മ‌ദ്ദ‌ളം മോശമായില്ല.

ആഹാര്യം

ശ്രീ ആര്‍ എല്‍ വി സോമ‌ദാസിന്റെ ചുട്ടി ന‌ന്നായിരുന്നു. കോപ്പുക‌ളും ന‌ല്ല നില‌വാരം പുലര്‍ത്തി

ചുരുക്കിപ്പറഞ്ഞാല്‍ ഇതെഴുതുന്ന‌യാളിനെ സംബന്ധിച്ചിടത്തോളം ന‌ല്ല സംതൃപ്തി തോന്നിച്ച ഒരു ക‌ളിയായിരുന്നു ദൃശ്യവേദിയുടെ ന‌ളചരിതം ഒന്നാം ദിവസം.

Thursday, August 28, 2008

ഭാര്യ

“അച്ചാ ഈ ഭാര്യാന്നുച്ചാ എന്തുവാ?”

വ‌ള‌രെ കഷ്ടപ്പെട്ട് കിട്ടിയ സമ‌യത്തിന് മാതൃഭൂമി വായിച്ചുകൊണ്ടിരുന്ന ഞാന്‍ എന്റെ നാലുവയസ്സുകാരി മക‌ളുടെ ഇന്നത്തെ സംശയ‌നിവാരണ സെഷന്റെ തുടക്കം കേട്ട് വായിച്ചുകൊണ്ടിരുന്ന വാരിക താഴെ വെച്ച് മുരടനക്കി സംശയനിവൃത്തി വരുത്താനൊരുങ്ങി.

ഈയ്യിടെയായിട്ടുള്ള പല ചോദ്യ‌ങ്ങളും ലൈംഗികവിദ്യാഭാസത്തിന്റെ ലെവലിലേയ്ക്ക് എസ്കലേറ്റ് ചെയ്ത് പോവുകയും അതിലൊക്കെ ഞാന്‍ ദയനീയമായി പരാജയമടഞ്ഞ് എന്തെങ്കിലും മുട്ടോപ്പോക്ക് പറഞ്ഞോ അല്ലെങ്കില്‍ വിശദീകരിച്ച് കുളമാക്കിയോ പോവുകയാണ് പതിവ്. അവ‌ള്‍ ചോദ്യം ചോദിച്ചിട്ട് കിട്ടുന്ന മ‌റുപടിയില്‍ അവ‌ള്‍ക്ക് പ്രധാന പങ്കുണ്ടായിരിയ്ക്കുകയും വേണം എന്നതാണ് പുള്ളിക്കാരിയുടെ ഒരു ലൈന്‍. ഇല്ലെങ്കില്‍ ഒരു ഗംഭീര നില‌വിളി പിന്നെ ലേറ്റസ്റ്റായി മാര്‍ക്കറ്റില്‍ കിട്ടാവുന്ന ക‌ളിപ്പാട്ടങ്ങ‌ളുടെ ഒരു ലിസ്റ്റ് എന്നിവയായിരിയ്ക്കും ഫലം.

ഇച്ചോദ്യത്തിന് അത്തരം ഒരു ഛായയില്ലേ എന്നൊരു സംശയം.
“പൂമുഖവാതില്‍ക്കല്‍ സ്നേഹം നിറയ്ക്കുന്ന പൂന്തിങ്ക‌ളാണ് മോളെ ഭാര്യ” എന്നൊക്കെ പറഞ്ഞാല്‍ ഭാര്യ ഹാപ്പിയായേക്കാമെങ്കിലും പൂമുഖം,പൂന്തിങ്ക‌‌ള്‍ എന്നിവയുടെ നിര്‍വ്വചന‌ങ്ങ‌‌ളും പൂന്തിങ്ക‌ള്‍-ഭാര്യാ കോറിലേഷനുമൊക്കെക്കൊണ്ട് സംഭവം കോമ്പ്ലിക്കേറ്റഡ് ആക്കണ്ടാ എന്നു വിചാരിച്ചും തികച്ചും കുശാഗ്രബുദ്ധിയായ ഒരു അച്ഛ‌നായ ഞാന്‍ ഒരുദാഹരണം കൊണ്ട് മോളെ ഫ്ലാറ്റാക്കിക്കള‌യാം എന്നു വിചാരിച്ചു.

“അത്.... ഈ ഭാര്യാന്നു വെച്ചാല്‍ ... ഉദാഹരണ‌ത്തിന്.. അമ്മ അച്ഛന്റെ ഭാര്യ. മ‌ന‌സ്സിലായോ?”

“അപ്പം അമ്മൂമ്മ ആരടെ ഭാര്യയാ?”

“അമ്മൂമ്മ അപ്പൂപ്പന്റെ ഭാര്യ”

“അപ്പം ഞാനോ?”

“മോള് ആര‌ടേം ഭാര്യയല്ല”

“അയ്യോ.....” സുദീര്‍ഘമായ ഒരു കരച്ചില്‍ ആരംഭിച്ചു.

“എനിയ്ക്കും ഭാര്യയാവണേ......യ്”

@@##$$%%%##
"മോളേ.....അങ്ങനല്ല. മോളു കൊച്ചല്ലേ. കൊറെക്കൂടി വലുതാകുമ്പോ മോക്കിഷ്ടപ്പെട്ട ഒരാളിന്റെ ഭാര്യയാവാം. ഇപ്പഴല്ല. കേട്ടോ”
(ഹോ ഞാനെന്തൊരു മിടുക്കന്‍. എനിയ്ക്കെന്നെ വല്ലാതങ്ങു ബോധിച്ചു.)

“വല്‍താകുമ്പംന്നുച്ചാ ഇത്തറേം പൊക്കം വെക്കുമ്പഴോ?” (കൈ പൊക്കികൊണ്ട് “ഇത്തറേം” എന്ന് ആംഗ്യം)

“അതേ”

“അപ്പം.. ഇത്തറെം പൊക്കം വെക്കുമ്പം ആരെ ഇസ്റ്റപ്പെടും?”

“ആ...അത്.. ഒരാളെ.. മോക്ക് ഏറ്റവും ഇഷ്ടം തോന്നുന്ന ഒരാളേ. അയ്യാളെ മോള് കല്യാണം കഴിയ്ക്കുമ്പളാ മോള് ഭാര്യയാവത്തൊള്ളൂ”

“ ആ... എന്നാ ഞാനച്ചനെ കല്യാണം കയ്ച്ചോളാം”

Tuesday, August 19, 2008

അച്ഛനുറങ്ങാത്ത വീട്

അയാ‌ള്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോ‌ള്‍ത്തന്നെ തോന്നിയിരുന്നു ഒരു പന്തികേട്. ആകെ ഒരു നിശ്ശബ്ദത. ലൈറ്റൊന്നും ഇട്ടിട്ടില്ല.

ഷൂസ് അഴിച്ച് വെച്ച് ലൈറ്റ് ഇട്ടു അയാ‌ള്‍. സ്വീകരണ‌മുറിയില്‍ തല‌യ്ക്ക് കൈയ്യും കൊടുത്ത് ഇരിയ്ക്കുകയായിരുന്ന അയാ‌ളുടെ ഭാര്യ ഞെട്ടി എഴുന്നേറ്റു. തല പൊക്കി അയാളെ നോക്കിയ അവ‌ളുടെ ഇരുണ്ട മുഖം കണ്ട‌പ്പോ‌ള്‍ അയാ‌ള്‍ക്കാകെ വിഷമ‌‌മായി.

"എന്താ? എന്തു പറ്റി? ആകെ ഡള്ളായിരിക്കുന്നല്ലോ? ഏ?"

ഭാര്യ ഇട‌ര്‍ച്ച‌യോടെ പറഞ്ഞു.
"ഞാന‌ന്നേ പറഞ്ഞില്ലേ.. അവ‌ള്‍ക്കുണ്ടായ മാറ്റം? അവ‌ളിന്നത് പറഞ്ഞു"

അയാള്‍ ഞെട്ടിപ്പോയി. മ‌ക‌ളെക്കുറിച്ചാണ് പറയുന്നത്.
"എന്ത്? എന്താ പറഞ്ഞെ അവ‌ള്‍. പറയ്"

"അവ‌ള്‍ക്ക് ഗോവിന്ദിനെ ഇഷ്ടമാണെന്ന്... അവനെ മാത്രമേ കല്യാണ‌ം..." ഗദ്ഗദം കൊണ്ട് അവ‌ള്‍ക്ക് പറഞ്ഞത് പൂര്‍ത്തിയാക്കാനായില്ല.

"അവ‌ളെവിടെ?" അയാ‌ള്‍ വിഷണ്ണനായി ത‌‌ള‌ര്‍ന്ന് ചോദിച്ചു.

"ഉറങ്ങുന്നു" ഭാര്യ പറഞ്ഞു.

അയാ‌ള്‍ പതുക്കെ കിടപ്പുമുറിയിലേയ്ക്ക് ന‌ടന്നു.

മ‌ക‌ള്‍ സമാധാന‌മായി ഉറങ്ങുന്നു. അവ‌ള്‍ അര്‍ദ്ധന‌ഗ്ന‌യായിരുന്നു. കൈയ്യില്ലാത്ത ഒരു ടീഷ‌ര്‍ട്ടും മുട്ടിന് വ‌ള‌രെ മുക‌ളിലിള്ള ഒരു പാവാടയും മാത്രമേ ധ‌രിച്ചിട്ടുണ്ടായിരുന്നുള്ളൂ.

അയാ‌ള്‍ അവ‌ളെത്തന്നെ നോക്കിനിന്നു. നെടുവീര്‍പ്പിട്ടുകൊണ്ട് അയാ‌ള്‍ സ്വയം പറഞ്ഞു.
"പോട്ടെ. സാര‌മില്ലെന്നേ. നാലു വയസ്സ‌ല്ലേ ആയുള്ളൂ. എല്‍ക്കേജി കഴിയുമ്പോ‌‌ള്‍ ശരിയാകുമായിരിയ്ക്കും.... ആവും ആവാതിരിയ്ക്കില്ല"

Friday, August 8, 2008

ഏത് മുറ്റം?

ന്യൂസ്പേപ്പ‌ര്‍ വായിച്ച് വായിച്ച് പാതിമ‌യക്കത്തിലായിരുന്നു ഞാന്‍. കിടപ്പുമുറിയില്‍ സാമാന്യം ന‌ല്ല പനിയുമായി നാലു വയസ്സുകാരി മ‌ക‌ള്‍. അവ‌‌ള്‍ ഒരു നേഴ്സറി റൈം ചൊല്ലുന്നു.

"ട്രെയിന്‍ ട്രെയിന്‍ ഗോ എവേ.. കമ്മെഗെയ്ന്‍ അനദ‌ര്‍ഡേ..."

അമ്മ തിരുത്തുന്നു.
"മോളേ... ട്രെയിന്‍ അല്ല. റെയ്ന്‍.. മഴ. റെയിന്‍ റെയിന്‍ ഗോ എവേ.. കം എഗെയ്ന്‍ അനദ‌ര്‍ഡേ...മ‌ഴേ.. പൊക്കോ പൊക്കോ.... പോയിട്ട് വേറെയൊരു ദിവസ്സം വാ.. എന്നാണ് പറേന്നെ"

"വേ‌ര്‍രു ദൂസം വന്നാ എന്തു പറ്റും? എന്തിനാ പൊക്കോന്ന് പ‌ര്‍‌ഞ്ഞേ?"

"അത്.. ലിറ്റില്‍ ജോണി വാണ്‍സ് റ്റു പ്ലേ. കൊച്ച് ജോണിയില്ലേ? മോളേപ്പോലെയുള്ള് ഒരു കൊച്ച് കുട്ടിയാ. അവന് ക‌ളിയ്ക്കണ്ടേ? മ‌ഴ പെയ്തോണ്ടിരുന്നാ ക‌ളിയ്ക്കാന്‍ പറ്റുവോ? അതാ."

"ക‌ളിയ്ക്കാനോ? എവടെ ക‌ളിയ്ക്കാന്‍?ലിറ്റില്‍ ജോണി റോഡിലെറങ്ങിക്ക‌ളിച്ചാ വണ്ടി വര‌ത്തില്ലേ? അപ്പ വണ്ടീടിച്ച് നെറ്റി പൊട്ടി ചോര വരും . ല്ലേ?"

"മോളേ .. റോഡില‌ല്ല ക‌ളിയ്ക്കുന്നെ. മുറ്റ‌ത്ത്. മഴ പെയ്താ മുറ്റ‌ത്ത് ക‌ളിയ്ക്കാന്‍ പറ്റുവോ"

"മുറ്റോ? ഏതു മുറ്റം?"

അമ്മ പരുങ്ങുന്നു."അത്.. മുറ്റമെന്ന് വെച്ചാല്‍......."

എന്റെ തല‌യ്ക്കകത്ത് ഒരു മണിയടിച്ചു. മക‌ള്‍ ഇതുവരെ താമ‌സിച്ച വീടുകളും ഫ്ലാറ്റുക‌ളും മുറ്റമില്ലാത്തവ‌യായിരുന്നല്ലോ. ഞാന്‍ പതുക്കെ എഴുന്നേറ്റ് മുറിയ്ക്കകത്തേക്ക് തലയിട്ട് ഭാര്യയെ സ‌ഹായിച്ചു.

"അത്.. മുറ്റം.. അച്ഛന്‍ ആല‌പ്പുഴെച്ചെന്നിട്ട് കാണിച്ച് തരാം. കേട്ടോ"

Sunday, July 20, 2008

പരുന്ത് അഥവാ ചലച്ചിത്രവധം (ഒരു സാദാ പ്രേക്ഷക വീക്ഷണം)


അങ്ങനെ ഒരു മ‌മ്മൂട്ടിച്ചിത്രം കൂടി.

ഒരുപാട് കാലം കൂടിയാണ് സെക്കന്റ്ഷോയ്ക്ക് പോയത്. തിരുവന‌ന്തപുരം അഞ്ജലിയിലും അതുല്യയിലും “പരുന്ത്” “ഓടുന്നു“. അക്രമാസക്തരായി നില്‍ക്കുന്ന മ‌മ്മൂട്ടി ആരാധകരുടെ ഇടയില്‍ക്കയറി ടിക്കറ്റെടുക്കുക അസ്സാധ്യം. സഹധര്‍മ്മിണിയെ മുന്നില്‍ നിര്‍ത്തി ബാല്‍ക്കണി ടിക്കറ്റെടുത്ത്, കൊട്ടകയുടെ ഒത്ത‌ നടുക്ക് “ബാല്‍ക്കെണി“യില്‍ ഇരിയ്ക്കേണ്ടി വന്നു.


അങ്ങനെ “പരുന്ത്” തുടങ്ങി.


നെഗറ്റീവായുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന മമ്മൂട്ടി കഴുത്തറപ്പന്‍ പലിശക്കാരനാണ്. മാനുഷികമൂല്യങ്ങ‌ള്‍, ബന്ധങ്ങ‌ള്‍ ഒന്നും അയാള്‍ക്ക് ഒരു പ്രശ്നമ‌ല്ല. ലാഭം, പണം എന്നിവ
മാത്രം ലക്ഷ്യം. ഒടുവില്‍ ഒന്ന് കാലിടറുമ്പോ‌ള്‍ മാനുഷികമൂല്യങ്ങ‌ളുടേയും ബന്ധങ്ങ‌ള്‍ തിരിച്ചറിയുന്നു. അത് പ്രഖ്യാപിയ്ക്കുന്നു. ഇതാണ് കഥ. സന്ദേശം “മ‌നുഷ്യത്വം പണ‌ത്തിനും മീതെ”. പക്ഷേ ഈ സന്ദേശത്തിനും മമ്മൂട്ടി എന്ന സൂപ്പര്‍ സ്റ്റാറിനും ചുറ്റും ഏച്ചുകെട്ടിയ ദുര്‍ബ്ബലമായ ഒരു കഥാതന്തുവാണ് “പരുന്ത്” എന്ന സിനിമ‌യിലേത്.

താരാരാധനയുടെ അന്ധതകൊണ്ട് കൈയ്യടി കിട്ടാന്‍ വേണ്ടി പരുന്ത് വേലായുധന്‍ എന്ന കഥാപാത്രം പെടാപ്പാട് പെടുന്നത് ഈ ചിത്രത്തിന്റെ സവിശേഷതയാണ്. ആദ്യം പരുന്ത് നടത്തുന്ന
വീടൊഴിപ്പിക്കലിന് വരെ ചുമ്മാ കയ്യടിച്ചിരുന്ന ആരാധക‌ര്‍ അറിയാതെ ചുവട് മാറ്റുന്നത് കണ്ടു.


നായകന് “ഗുമ്മ്” കിട്ടാന്‍ അടിച്ച് വിടുന്ന ചെറു പ്രയോഗങ്ങ‌ള്‍ പോലും നന‌ഞ്ഞ പടക്കങ്ങ‌ളായി
പിന്നെ ആരാധകരുടെ കൂവലായി പരിണ‌മിയ്ക്കുന്നതും കാണാനായി.


നായിക എന്ന സങ്കല്‍പ്പം ഈ സിനിമ‌യില്‍ ഇല്ല. ലക്ഷ്മി റായ്, കല്യാണി എന്നിവര്‍ക്ക് പോസ്റ്ററില്‍ പടം വെയ്ക്കാന്‍ വേണ്ടി ഓരോ കഥാപാത്രങ്ങ‌ള്‍. ജഗതിശ്രീകുമാറിനും ജയസൂര്യയ്ക്കും സുരാജിനും കൊച്ചിന്‍ ഹനീഫയ്ക്കും ഒക്കെ അങ്ങിനെ തന്നെ. ജയകുമാറിന്റെ കല്ലായി അസ്സിസ്സ് പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത വില്ലനായിരുന്നെങ്കിലും, മോശമായില്ല. കൊച്ചിന്‍ ഹനീഫയുടെ ലിപ്സ്റ്റിക്ക് ഓവറായിപ്പോയി.


എത്രതന്നെ അമ‌ര്‍ത്തി വെച്ചാലും കാലം അതിന്റെ എല്ലാ മാറ്റങ്ങ‌ളും മ‌നുഷ്യ ശരീരത്തില്‍ പ്രത്യക്ഷപ്പെടുത്തും. അത് തിരിച്ചറിഞ്ഞ് പെരുമാറുക എന്നതാണ് സാമാന്യബുദ്ധി. നടന്മാര്‍
അറിഞ്ഞിരിരിയ്ക്കേണ്ടുന്ന ഒന്ന്. പ്രായമാകുന്നത് കുറ്റമ‌ല്ല. മേയ്ക്കപ്പിടുന്നതും. പക്ഷേ അത് മ‌റ്റുള്ളവര്‍ക്ക് കാണാനും ആസ്വദിയ്ക്കാനും ഉള്ള‌താവുമ്പോ‌ള്‍ ഔചിത്യം എന്ന കാര്യം അത്യന്താപേക്ഷിതം. പ്രായം പരാമ‌ര്‍ശിക്കപ്പെടാത്ത, നായിക/കാമുകി/ഭാര്യ വേണ്ടാത്ത നായകന്മാരായി മമ്മൂട്ടിയേയും മോഹന്‍ലാലിനെയും അവതരിപ്പിയ്ക്കുന്നത് ഇപ്പോഴത്തെ ഒരു “ന്യൂട്രല്‍ സൂപ്പര്‍സ്റ്റാര്‍ ടെക്നിക്” ആണ്. ഇവിടെയും അത് പ്രയോഗിയ്ക്കുന്നു. പക്ഷേ പ്രായം അതിന്റെ എല്ലാ പരാധീന‌തക‌ളും പരുന്ത് വേലായുധന്‍ എന്ന “കരുത്തനായ ബ്ലേഡിന്റെ” ശരീരത്തില്‍ കാട്ടിത്തരുന്നു. ഒട്ടും ചേരാത്ത ഒരു വിഗ്ഗ് കൊണ്ട് ഒരു കോമാളി ലുക്ക് ആണ് പ്രകൃത്യാ സുന്ദര‌നായ മ‌മ്മൂട്ടിക്ക് ഇതില്‍.


പ്രേംന‌സ്സീറിന്റെ സിനിമ‌ക‌‌ളിലെ സംഘട്ടന‌രംഗ‌ങ്ങ‌ളെ ഓര്‍മ്മിപ്പിയ്ക്കുന്നതായിരുന്നു മ‌മ്മൂട്ടിയുടെ സംഘട്ടനാഭിന‌യം. പലപ്പോഴും തല്ലുകൊള്ളാനുള്ളവ‌ര്‍ അദ്ദേഹത്തിന്റെ കൈക‌ളിലേയ്ക്ക് “വന്ന്
വീഴാന്‍” കാത്ത് നില്‍ക്കുന്നത് കാണാമായിരുന്നു. പിന്നെ വെടികൊള്ളാതിരിയ്ക്കാന്‍ നിന്നിടത്ത് നിന്ന് ബൊമ്മക‌ള്‍ തല‌യാട്ടുന്നതുപോലെ ത‌ല‌യാട്ടി വെടികൊള്ളാതെ ഒഴിഞ്ഞ ആ രംഗം വല്ലാതങ്ങ്
ബോറായി.


മ‌മ്മൂട്ടിക്ക് ഏറ്റവും കൂടുതല്‍ കൂവ് കിട്ടിയത് കാവടിയും കൊണ്ട് തുള്ളിക്കളിക്കുന്ന ഒരു ഗാന‌(എന്നു വിളിയ്ക്കാന്‍ വയ്യ!)ത്തിലെ നൃത്ത‌ത്തിനാണ്. പാട്ടിലെ ഡപ്പാങ്കുത്തിനൊപ്പിച്ച് ഒന്ന് കാലെടുത്ത് വെക്കാന്‍ പോലും അദ്ദേഹത്തിന് പറ്റുന്നുണ്ടായിരുന്നില്ല.


കഥയില്ലാത്ത തിര‌ക്കഥയില്‍ ടി.എ റസാക്ക് എന്ന ത‌രികിടാകൃത്ത് നടത്തുന്ന അഭ്യാസം അതിന്റെ എല്ലാ പരിമിതികളെയും പുറത്തുകാട്ടുന്നു.അങ്ങിനെയൊരു കഥ സംവിധാനം ചെയ്ത സവിധായകനും സഹതാപം അര്‍ഹിയ്ക്കുന്നു. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, അനില്‍ പനച്ചൂരാന്‍, കനേഷ് പൂനൂര്‍ എന്നിവരുടെ ചലച്ചിത്ര‌ഗാന രചനാഭ്യാസം അവരുടെ കൊമ്പീറ്റന്‍സ്സിയെ സംശയത്തിന്റെ നിഴലിലാക്കുന്നു. അല‌ക്സ്പോ‌ളിന്റെ സംഗീതം അസ്സഹ്യം.


“പണം കിട്ടുമെങ്കില്‍പ്പിന്നെ എന്തായാലെന്ത്” എന്നതാണ് ഈ സിനിമ പടച്ചുവിട്ടവരുടെയും അഭിനേതാക്ക‌ളുടെയും കാഴ്ചപ്പാട് എന്ന് നിസ്സംശയം പറയാം. ഒരുപക്ഷേ സിനിമ‌യുടെ പ്രമേയവുമായി ഏറ്റവും അടുത്തുനില്‍ക്കുന്നത് ഈ മുദ്രാവാക്യം തന്നെ.

Thursday, June 5, 2008

എന്നെപ്പോലുമെനിക്കു നേര്‍വഴി നയിക്കാന്‍ - ഹ‌ര്‍ത്താലും ഐ.ടി യും മറ്റ് തൊഴില്‍മേഖല‌ക‌ളും

വീണ്ടും ഒരു ഹ‌ര്‍ത്താല്‍ കൂടി. ഹോ! എന്തൊരു പ്രതിഷേധമായിരുന്നു “ജന‌ങ്ങ‌ള്‍ക്ക്”.

വാഹന‌ങ്ങ‌ള്‍ നാമ‌മാത്രമായി ഓടി.

തിരുവന‌ന്തപുരം ടെക്നോപാര്‍ക്കില്‍ തലേന്നു തന്നെ എല്ലാ കമ്പനിക‌ളിലേയും ജോലിക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നു. “ഹ‌ര്‍ത്താല്‍ ദിനത്തില്‍ എല്ലാ കമ്പനിക‌ളുടേയും ബസ്സുക‌ള്‍ ഒന്നിച്ച് കോണ്‍വോയ് അടിസ്ഥാന‌ത്തില്‍ സര്‍വ്വീസ് ന‌ടത്തും. ഏത് കമ്പനിയില്‍ ജോലിയുള്ള‌യാള്‍ക്കും ഏത് കമ്പനിയുടെ ബസ്സിലും കയറാവുന്നതാണ്.“

അങ്ങിനെ ഇന്ന് ഹര്‍ത്താല്‍ ദിന‌ത്തില്‍ രാവിലെ പറഞ്ഞിരുന്ന സ്ഥല‌ത്ത് ഞാനും കാത്തു നിന്നു. കൂടെ നൂറ് കണ‌ക്കിന് മ‌റ്റുള്ള ടെക്നോപാര്‍ക്കിലെ കമ്പനിക‌ളിലെ ജീവന‌ക്കാരും. ഒടുവില്‍ അന്‍പതിലധികം വരുന്ന ഒരു വാഹനവ്യൂഹം എത്തി. അവരെ നയിച്ചുകൊണ്ട് മൂന്ന് പോലീസുകാര‌ടങ്ങുന്ന ഒരു ചെറിയ് കാര്‍ മുന്നില്‍. ഞാനും ഒരു വാഹന‌ത്തില്‍ കയറിപ്പറ്റി. പതുക്കെ വഴിനീളെയുള്ള എല്ലാ പോയന്റുക‌ളില്‍ നിന്നും കാത്തുനിന്നവ‌രേയും കയറ്റി വാഹന വ്യൂഹം മുന്നോട്ട്.

വഴിനീളെ കടക‌ള്‍ അടഞ്ഞു കിടക്കുന്നു. സ്ക്കൂളുക‌ള്‍ ഇല്ല. വഴിവാണിഭക്കാരില്ല. മീന്‍ വില്‍ക്കുന്നവരില്ല. പച്ചക്കറി വണ്ടിക്കാരില്ല. എല്ലാവര്‍ക്കും അന്നന്നത്തെ കച്ചവടം നടന്നില്ലെങ്കില്‍ നഷ്ടമുള്ളവ‌ര്‍. അല്ലെങ്കില്‍ അന്നം മുട്ടുന്നവ‌ര്‍. ഒരു ദിവസം പോയില്ലെങ്കിലും ഒരു ചുക്കും സംഭവിക്കാനില്ലാത്ത ടെക്നോപാര്‍ക് കമ്പനിക‌ളിലെ ജീവന‌ക്കാര്‍ക്ക് ജോലിയ്ക്ക് പോകാന്‍ പോലീസ് സംരക്ഷണം. അതില്ലെങ്കിലും അത് പോകുന്ന വഴിയിലൊന്നും കല്ലെറിയാനോ തടസ്സപ്പെടുത്തുവാനോ ആരുമില്ല. വിദ്യാഭ്യാസ സ്ഥാപന‌ങ്ങ‌ള്‍ക്കും കടക്കാര്‍ക്കും വഴിവാണിഭക്കാര്‍ക്കും മീന്‍വില്‍പ്പന‌ക്കാര്‍ക്കും പച്ചക്കറിവണ്ടിക്കാര്‍ക്കും സംരക്ഷണം വാഗ്ദാനം ചെയ്യാന്‍ സര്‍ക്കാരില്ല. രാഷ്ട്രീയപ്പാര്‍ട്ടിക‌‌ളില്ല. ബഹുഭൂരിപക്ഷത്തിന്റെ തൊഴില്‍ ചെയ്യാനുള്ള അവകാശം പച്ച‌യായി നിഷേധിയ്ക്കുന്ന ഭരണ‌വര്‍ഗ്ഗവും പ്രതിപക്ഷവും.

ഞാന്‍ കുറ്റബോധത്തോടെയാണ് ഇന്ന് ജോലിയ്ക്ക് പോയത്;ചെയ്തത്. എന്നെപ്പോലെതന്നെ ജോലി ചെയ്യാനുള്ള അവകാശമുള്ളവ‌ര്‍ വിഷണ്ണരായി വീട്ടിലിരിയ്ക്കുന്നു.

വൈകുന്നേരത്തെ വാര്‍ത്തയില്‍ സി.പി.ഐ എമ്മിന്റെ നേതാക്ക‌ള്‍ കാര്‍ക്കശ്യത്തോടെ യാതൊരുളുപ്പുമില്ലാതെ ഹര്‍ത്താലിന്റെ വിജയത്തെപ്പറ്റി, നൈതികതയെപ്പറ്റി അഹങ്കാരത്തോടെ സംസാരിയ്ക്കുന്നു. ബി.ജെ.പി നേതാക്ക‌ള്‍ ആവേശത്തോടെ ന്യായീകരിയ്ക്കുന്നു. കോണ്‍ഗ്രസ്സ് കാരാവട്ടെ ഒരു മു‌ന്‍‌കരുതലോടെ “ഹര്‍ത്താല്‍ എന്ന ആശയം ന‌ല്ലതാണെന്നും” എന്നാല്‍ അത് “ഇങ്ങ‌നെ ചെയ്തത് ശരിയല്ലെന്നും” ഘോരഘോരം പ്രസംഗിയ്ക്കുന്നു. അഖിലേന്ത്യാതലത്തില്‍ പ്രഖ്യാപിയ്ക്കപ്പെട്ട പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ ജന‌ങ്ങ‌ള്‍ പ്രതികരിച്ചെന്ന് ഒരു മടിയുമില്ലാതെ തട്ടിവിടുന്നു. ചാന‌ലു‌ക‌ള്‍ ആഘോഷിയ്ക്കുന്നു.

ദൈവമേ! ഇവരാണോ നമ്മെ നയിക്കുന്നവ‌ര്‍? എന്ത് വിശ്വാസത്തില്‍ ഇവരെ ന‌മ്മ‌ള്‍ തിര‌ഞ്ഞെടുക്കുന്നു? സാധാരണ‌ക്കാരന്റെ നെഞ്ചത്ത് കയറിനിന്ന് , ക്ഷമ‌യുടെ നെല്ലിപ്പല‌കയില്‍ കയറിനിന്ന് കൊഞ്ഞനംകുത്തിക്കാണിയ്ക്കുന്ന ഭരണ/പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വം.
എന്താണ് ഇവരെ വിളിയ്ക്കുക?

“അന്യായ നായക‌ര്‍?”

അവര്‍ വിളിച്ച് പറയുന്നതുപോലെ തോന്നുന്നു

എന്നെപ്പോലുമെനിക്കു നേര്‍വഴി നയിക്കാനൊട്ടുമാകാത്ത ഞാ
നന്യന്മാരെ നയിച്ചു നായകപദപ്രാപ്തിക്കു ദാഹിക്കയോ?
കന്നത്തത്തിനുമുണ്ടു മന്നിലതിരെന്നോര്‍ക്കാതെ തുള്ളുന്നു ഞാ
നെന്നെത്തന്നെ മറന്നു;കല്ലുകളെറിഞ്ഞെന്‍ കാലൊടിക്കൂ വിധേ
!“
‌‌‌‌‌‌‌‌‌‌___________________
എന്നെപ്പോലുമെനിക്കു - ചങ്ങമ്പുഴ

Monday, February 25, 2008

മൂത്രപ്പുര‌യിലെ ചുവരെഴുത്തുക‌ളും ചുര‌ണ്ടലുക‌‌ളും

“ഏതു വിദേശത്തു ചെന്നു വസിച്ചാലും ഏകാംബപുത്രനാം കേര‌ളീയന്‍”

കേര‌ള‌ത്തിലെ പൊതുസ്ഥ‌ല‌ങ്ങ‌ളില്‍ ഉള്ള കംഫ‌ര്‍ട്ട് സ്റ്റേഷന്‍ എന്നറിയപ്പെടുന്ന ഡിസ്കംഫ‌ര്‍ട്ട് സ്റ്റേഷനുക‌ള്‍ മൂക്കും പൊത്തിപ്പിടിച്ച് കാര്യസാദ്ധ്യം ന‌ട‌ത്തേണ്ടവയാണെന്ന് പറ‌യേണ്ടതില്ല. മൂത്രപ്പുര എന്നാണ് പേരെങ്കിലും “അപ്പിഫിക്കേഷനും” (തിരുവന‌ന്തപുര‌ത്തുകാര്‍ ക്ഷ‌മിയ്ക്കുക) ചെയ്തു വെച്ചിരിയ്ക്കുമെന്നത് വേറെ കാര്യം.

ഇതിനൊക്കെ പുറമേയാണ് ഇതിന്റെ ഭിത്തിക‌ളിലുടനീളം കാണുന്ന ചുവ‌രെഴുത്തുക‌ളും ചുര‌ണ്ടലു‌ക‌ളും. മണിപ്രവാള‌വും, ചുവ‌ര്‍ച്ചിത്ര‌രചന‌യും തുടങ്ങി ദുസ്സഹ ദുര്‍ഗ്ഗന്ധ‌ത്തിലും ചിരിപ്പിയ്ക്കുന്ന തമാശക‌‌ളും ഇവയില്‍ ഉണ്ട്.

ആല‌പ്പുഴ എസ്.ഡി കോളേജില്‍ പഠിച്ചിരുന്ന കാല‌ത്ത് അവിടുത്തെ മെന്‍സ് ടോയ്‌ല‌റ്റിന്റെ പുറത്തെഴുതിയിരുന്ന പേര് “ക്ലിഫ് ഹൌസ്സ്” എന്നായിരുന്നു. ചുറ്റുപാടുക‌ള്‍ ടിപ്പിക്കല്‍ ബ‌സ്സ് സ്റ്റാന്‍ഡ് നില‌വാരം ; “മൂക്കുപൊത്തി” തന്നെ. ചെന്ന് കയറി നേരെ നോക്കിയാല്‍ കാണുന്ന ആദ്യ വാചകം
“ഇന്‍ഡ്യാസ് ഫ്യുച്ച‌ര്‍ ഇസ് നൌ ഇന്‍ യുവര്‍ ഹാന്‍ഡ്സ്”
മ‌റ്റൊന്ന്
“ ഷേക്ക് വെല്‍ ആഫ്റ്റ‌ര്‍ യൂസ്സ്”
“ഇവിടെ കാറ്റിനു സുഗന്ധം!

അങ്ങിനെ പോകുന്നു പച്ചില‌യിലും ക‌ള‌ര്‍ചോക്കിലുമുള്ള ക‌ലാല‌യ ശിലായുഗ പുരുഷ‌ന്മാരുടെ ചുവര്‍ ര‌ചന‌ക‌ള്‍.

ഇങ്ങിനെ ചുറ്റുപാടുക‌ള്‍ വൃത്തിയായി സൂക്ഷിയ്ക്കുന്നില്ലെന്നതോ പോകട്ടെ ഇത്രയും വൃത്തികെട്ട സ്ഥല‌ത്ത് കഷ്ടപ്പെട്ട് സാഹിത്യരചന ചെയ്യാനും മ‌ല‌യാളി മ‌റക്കുന്നില്ല.

ടൂറിസ്സം ഒരുപാട് പുരോഗമിച്ച മേഖല‌യാണിന്ന് കേര‌ള‌ത്തില്‍. പക്ഷേ ഇപ്പോഴും കഷ്ടിച്ച് എയര്‍പ്പോര്‍ട്ട് ഒഴിച്ചു നിര്‍ത്തിയാല്‍ മ‌റ്റെല്ലാ പൊതുസ്ഥല‌ങ്ങ‌ളിലും (ബസ്

സ്റ്റാന്‍ഡ്, റെയില്‍‌വേ സ്റ്റേഷന്‍, സര്‍ക്കാ‌ര്‍ ഓഫിസ്സുക‌ള്‍) ഉള്ള മൂത്രപ്പുരക‌ളുടെ അവസ്ഥ ശോചനീയം തന്നെ. പേ ആന്‍ഡ് യൂസ്സ് ടോയ്‌ല‌റ്റുക‌ള്‍ പോലും.

തിരുവ‌ന‌ന്തപുരം ടെക്നോപാര്‍ക്കില്‍ ഞാന്‍ ജോലി ചെയ്യുന്ന ബ്ലോക്കിലെ ടോയ്‌ലറ്റ് വിദേശ‌നിലവാര‌മു‌ള്ള‌തു തന്നെ (പടിഞ്ഞാറിനോടുള്ള ആരാധന കൊണ്ടല്ല. പക്ഷേ ഉപമിയ്ക്കാന്‍ ന‌ല്ലതൊന്ന് ന‌മ്മുടെ നാട്ടിലില്ലല്ലോ). വൃത്തിയും വെടിപ്പും സംവിധാന‌ങ്ങ‌ളുമെല്ലാം. അവിടെ കണ്ട ഒരു ചുവരെഴുത്താണ് ഇത്.

“പ്ലീസ്സ് ഡു നോട്ട് ഓപ്പണ്‍ ഓര്‍ ക്ലോസ് ദിസ് വാ‌ല്‍‌വ്” എന്ന അറിയിപ്പ് ചുരണ്ടി ശ‌രിയാക്കി
“ പ്ലീസ്സ് ഡു നോട്ട് ഓപ്പണ്‍ ഓര്‍ ലൂസ് ഹിസ് വാ‌ല്‍‌വ്“ എന്നാക്കി മാറ്റിയിരിയ്ക്കുന്നു ഏതോ ടെക്നോപാര്‍ക്ക് ചുവ‌രെഴുത്തു ക‌ലാകാരന്‍. ഇവിടെ നിലവിലുള്ള‌തിനെ ചുരണ്ടി വൃത്തികേടാക്കുക‌യാണ് ചെയ്തിരിയ്ക്കുന്നത്. വിദേശ ഡെലിഗേറ്റ്സ്സിനും മ‌റ്റും മ‌നസ്സിലാവുന്ന ഭാഷ‌യാവു‌മ്പോ‌ള്‍ എല്ലാം ഭംഗിയായി. ആരെങ്കിലും എന്ത് വിചാരിയ്ക്കും എന്നു വിചാരിയ്ക്കേണ്ട. പക്ഷേ എന്തിനിത് ചെയ്യണം എന്നാലോചിച്ചാല്‍ ഒരുത്തരവും കിട്ടുന്നില്ല. ചില‌യിടത്ത് TOILET TO LET ആയും മാറുന്നു.

സാമാന്യവല്‍ക്കര‌ണമ‌ല്ല. പക്ഷേ ആരൊക്കെയോ ചെയ്യുന്നത് എല്ലാവരുടെയും പേരിലാകുന്നു. സമീപന‌ത്തിന്റെ പ്രശ്ന‌മാണ്. എന്തു ചെയ്യാനാവും?

ബസ്സിലും ട്രെയിനിലും ഉള്ള നിയമ‌പ്രകാര‌മുള്ള അറിയിപ്പുക‌ളിലെല്ലാം ഈ “ചൊര‌ണ്ടല്‍” നിര്‍ബ്ബാധം തുടരുന്നു.
“കവല പാടില്ല കയ്യും തല‌യും പുറത്തിടു“ എന്നും “സ‌തിക‌ള്‍ മാത്രം” എന്നും ഒക്കെ ഏത് കെ.എസ്. ആര്‍.ടി.സി ബസ്സിലും വായിയ്ക്കാം. പോരാഞ്ഞിട്ട് കൈ കുത്തിച്ചാടിച്ച സീറ്റ് കുഷനുക‌ളും.

മന‌സ്സിന്റെ ദുര്‍ഗ്ഗന്ധം ചുവരിലേക്ക് പകരുന്നു ആരൊക്കെയോ.
നാറുന്നതോ എല്ലാവരും.
കഷ്ടം തന്നെ.

Friday, February 22, 2008

കുലുക്ക്

"ഇരുപത്തെട്ടുകെട്ട്, പുര‌വാസ്തുബലി, വിവാഹനിശ്ചയം, വിവാഹം, ഷഷ്ഠ്യബ്ദപൂര്‍ത്തി, സപ്തതി, പതിനാറടിയന്തിരം മുതലായ ചടങ്ങുക‌ളില് മുറതെറ്റാതെ പങ്കെടുക്കേണ്ടത് നാട്ടില്‍ ഒരു സാമൂഹ്യജീവിയാകാന്‍ അത്യന്താപേക്ഷിതമാകുന്നു."

നാട്ടിലെത്തിയിട്ട് ഏതാനും മാസങ്ങ‌ളായി.ചടങ്ങുക‌ള്‍ക്കൊക്കെ ക്ഷണിയ്ക്കപ്പെട്ടു തുടങ്ങി.

ഒരു ദിവസം ഒരു ബന്ധുവിന്റെ ക്ഷണപ്രകാരം ഞാന്‍ കുടുംബസമേതം കായംകുളത്തിനും കുറച്ചു കിഴക്കുള്ള ഒരു സ്ഥലത്തേയ്ക്ക് പോയി. അടുത്ത ബന്ധുവാണ്. അതുകൊണ്ട് ക‌ല്യാണത്തിന്റെ തലേന്നും പോകണം പോലും.

ഓ. പോയേക്കാം.

പയ്യന്റെ അച്ഛന്‍ മൂപ്പിലാന്‍ ഒരു മരക്കുരിശാണെന്ന് മുന്‍പേ ബോദ്ധ്യമുള്ളതാണ്. മേപ്പടിയാന്‍ ഒരു റിട്ടയേഡ് അദ്ധ്യാപകനാണ്. ഇതിയാന്‍ പണ്ട് ഒരാ‌ളോട് തന്റെ ഔദ്യോഗികജീവിതത്തെപ്പറ്റി വിവരിയ്ക്കുന്നത് ഞാന് കേട്ടിട്ടുണ്ട്.

"ഓ. ഞാന് സ്കൂളിലൊന്നും നില്‍ക്കുകേലാരുന്നു. രാവിലെ പോയി ഒപ്പിട്ടേച്ചിങ്ങു പോരും. പറമ്പി റബറും വാഴേം കപ്പേമൊക്കെക്കെടക്കുമ്പം അങ്ങ‌ന‌ങ്ങ് ഇട്ടെറിഞ്ഞു പോവാമ്പറ്റുവോ?"

എപ്പടി?

പിന്നെ പുള്ളിയ്ക്കുള്ള ഒരു പ്രത്യേകത, എത്ര പരിചയമില്ലാത്തവനേയും അവ‌ളേയും "എടാ.. പോടാ.. വാടാ എടീ പോടീ" എന്നൊക്കെയേ വിളിയ്ക്കൂ. കൂട്ടത്തില് വെകിടത്തരവും.

ചെന്നപാടെ നോക്കി.വരുന്നവരെ സ്വീകരിച്ചുകൊണ്ട് പേമുഖം പുമുഖത്തുതന്നെയുണ്ട്.

" ങാ ബാ ബാ. എടാ ഉവ്വേ നീയിങ്ങ് പോന്നു. ഇല്ലിയോ?"
ഞാന് മൂളി. "ങ്ങാ"

അശ്വമുഖന്‍ ആ ഭാഗത്തുള്ള എല്ലാവരേയും ഭരിപ്പിച്ചുകൊണ്ട് ഈസ്സിച്ചെയറില് മ‌ല‌ര്‍ന്നുകിടക്കുക‌യാണ്. കൈലിയുടെ പൊസിഷനൊക്കെ ഒരു വക. അടിയിലിട്ടിരിക്കുന്ന വരയന്‍ നിക്കറും അതിലെ സ്ഥാവരജംഗമ‌ങ്ങ‌ളും പ്രദ‌ര്‍ശ്ശിപ്പിച്ചുകൊണ്ടായിരുന്നു അതിയാന്റെ ഇരുത്തം.
കിട്ടിയ ചായയും ലഡ്ഡു,ഉണ്ണിയപ്പം തുടങ്ങി പല‌ഹാരങ്ങ‌ളൊക്കെക്കഴിച്ച് ഞാനിരിയ്ക്കേ ആളുക‌ള് കൂടുത‌ലായി എത്തിത്തുടങ്ങി. കഥാപുരുഷന് എല്ലാവരേയും സ്വീകരിയ്ക്കുന്നുമുണ്ട്. അപ്പോഴാണ് ഞാന് ഒരു കാര്യം ശ്രദ്ധിച്ചത്.

ഇഷ്ടന്റെ സ്വീകരണ‌ത്തിലെ ഒരു സ്ത്രീപക്ഷചായ്‌വ്.

വരുന്ന ആണുങ്ങ‌ളെയൊക്കെ എടാ പോടാ വാടാ വിളിക‌ളില് ഒതുങ്ങുന്നു. സ്ത്രീജന‌ങ്ങ‌ളെ അത്യന്തം ഹാര്‍ദ്ദവ‌മായാണ് സ്വീക‌ര‌ണം. ഒരുമാതിരി ചെറുപ്പമായ പെമ്പിള്ളാരെയൊക്കെ
"നീയിങ്ങ് വന്നേ" എന്ന് വിളിച്ച് അവരുടെ രണ്ട് തോളത്തും കൂടി കൂട്ടി അമ‌ര്‍ത്തിപ്പിടിച്ച് കുലുക്കുന്നു. കുലുക്കെന്ന് പറഞ്ഞാല് ന‌ല്ല അസ്സല് കുലുക്ക്.

തോള‌ത്തു ര‌ണ്ടിലും ഞെക്കിപ്പിടിച്ചിട്ടു
കൊങ്ക‌ത്തടങ്ങളെത്തുള്ളെ കുലുക്കീട്ടു
ത‌ള്ളിനില്‍ക്കുന്ന കണ്ണില്‍ തന്നാര്‍ത്തിയെ
യ‌ഞ്ചാതെ കാട്ടുന്നു നിസ്ത്രപ വാനരന്‍


ഇതായിരുന്നു അവസ്ഥ.

ഇതുകൂടാതെ കുറച്ചുകൂടി ചെറുപ്പമായ പെണ്‍കുട്ടിക‌ളെ ഇരുകവിള‌ത്തും തന്റെ കൈക‌ള് വെച്ചൊന്നു (ഹായ് ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ എന്നു ഭാവം!) ത‌ലോടിവിടാനും മൂപ്പിലാന്‍ മറക്കുന്നില്ല.

ഒരാ‌ള് തന്റെ ഭാര്യയും മ‌ക‌ളും രണ്ട് മ‌രുമക്ക‌ളുമായാണ് (സ്ത്രീക‌ള്‍) വ‌ന്നത്. മേപ്പടിയാന്‍ ആരെയും വെറുതെ വിട്ടില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓരോരുത്തരേയും പ്രത്യേകം എത്തിപ്പിടിച്ച് കുലുക്കെടാ കുലുക്ക്. ഒരു മുക്കാല്‍ മ‌ണിക്കൂറോളം ഈ വക ക‌ലാപരിപാടിയുമായി മൂപ്പില്‍സ്സ് കഴിച്ചുകൂട്ടി.മൂക‌സാക്ഷിക‌ളായി ഞാനും മ‌റ്റു ചില‌രും. ഇതിനോടിടയ്ക്ക് ഒരു ആണായിപ്പിറന്ന ഒരാ‌ള്‍ക്കുപോലും ഒന്നു ഹ‌സ്ത‌ദാന‌ം പോലും കൊടുത്തിരുന്നില്ല എന്നത് പ്രസ്താവ്യമാണ്.“ലേഡീസ് ഒണ്‍ലി”!
ഒടുവില്‍ കുലുക്കി ക്ഷീണിച്ച് ക‌ഥാപുരുഷന്‍ പുര്‍വ്വ‌സ്ഥിതിയില്‍ ഈസ്സിച്ചെയറില്‍ കിട‌പ്പായി.

അങ്ങനെ കുലുക്കുന്ന മൂപ്പിലാന്റെ വെകിട കാമ‌രസവും കുലുക്കപ്പെടുന്ന വനിതക‌ളുടെയും അവരുടെ ഒടപ്രന്നോന്മാരുടേയും ഭര്‍ത്താക്കന്മാരുടേയും ജാ‌‌ള്യ്തയുമൊക്കെക്കഴിഞ്ഞ് പോകാന്‍ നേരമായി. യാത്ര പറഞ്ഞ് ഞാനിറങ്ങി. ഭാര്യയും കുഞ്ഞുമൊക്കെ പുറകെ വരുന്നതേ ഉള്ളൂ. അകത്തു യാത്ര പറഞ്ഞു നിന്നതിനാലാവണം വരാന്‍ ഒര‌ല്പം താമസം. ഒടുവില്‍ എത്തി; ഞങ്ങ‌ളിറങ്ങുകയും ചെയ്തു.

വീട്ടിലെത്തിയപ്പോ‌ള്‍ ഞാന്‍ ചിരിച്ചുകൊണ്ട് ഭാര്യയോട് മൂപ്പിലാന്റെ കൂല‌ങ്ക‌ഷ‌മായ കുലുക്കിനെപ്പറ്റി പറഞ്ഞു.

ഭാര്യയുടെ പ്രതികരണം “അതു ശരി! ചിരിയ്ക്കുന്നോ? അയാള് എന്നെ ഒരു അഞ്ചുമിനിട്ടു നേര‌മാണ് പിടിച്ചു നിര്‍ത്തിക്കുലുക്കിയത്, യാത്ര പറഞ്ഞിറങ്ങാന്‍ നേരം. കൊര‌ങ്ങന്‍!”

ഗുണ‌പാഠം : വല്ലവരുടേയും ഭാര്യമാ‌ര്‍ പിടിച്ചുകുലുക്കപ്പെടുമ്പോ‌ള്‍ നീ അതിയായി സന്തോഷിയ്ക്കരുത്; ചിരിയ്ക്കരുത്. ഒരിയ്ക്കല്‍ നിന്റെ ഭാര്യയും കുലുക്കപ്പെടും എന്നോര്‍ക്കുക.

Thursday, February 21, 2008

നേഴ്സറിപ്പാട്ടുക‌ളുടെ ചരിത്രവും കഥക‌ളും

കുട്ടിക്കാല‌ത്ത് ആശാന്‍പള്ളിക്കൂടത്തിലായിരുന്നകൊണ്ട് നേഴ്സറി റൈമൊന്നും പഠിച്ചിട്ടില്ല. അതിന്റെ കേട് തീര്‍ത്തുകൊണ്ടിരിയ്ക്കുന്നു ഇപ്പോ‌ള്‍. മൂന്ന‌രവയസ്സുള്ള മക‌ളെ റൈംസ് പഠിപ്പിയ്ക്കുന്നതിനിടെ ഓരോ റൈമിനു പിന്നിലും ഓരോ കഥ‌ക‌ളുണ്ടെന്ന് മ‌ന‌സ്സിലായി. ഒരുപാട് റഫ‌റന്‍സ്സുക‌ളുണ്ട് ഇന്റ‌ര്‍നെറ്റില്‍.രസകര‌മായ കഥ‌ക‌ളും ഉണ്ട് ഇതിനൊക്കെ പിന്നില്‍.
http://www.rhymes.org.uk/
http://www.indianchild.com/history_origins_nursery_ryhmes.htm
വിക്കി

രസ‌കരമായ കഥക‌ളില്‍ ഒന്ന്
ഹംറ്റി ഡംറ്റി Humpty Dumpty poem
Humpty Dumpty sat on a wall,
Humpty Dumpty had a great fall.
All the King's horses, And all the King's men
Couldn't put Humpty together again!

പതിനഞ്ചാം നൂറ്റാണ്ടില്‍ “തടിയന്‍/തടിച്ചി” എന്ന അര്‍ത്ഥ‌ത്തിലാണ് ഹംറ്റി ഡംറ്റി ഉപ‌യോഗിച്ചിരുന്നത്. പക്ഷേ ഹംറ്റി ഡംറ്റി ഒരു വ്യക്തിയേ അല്ല എന്നത് ചരിത്രം. അത് ഒരു കൂറ്റന്‍ പീര‌ങ്കിയായിരുന്നു പോലും.1642-49 ലെ ബ്രിട്ടീഷ് ആഭ്യന്തര‌യുദ്ധത്തില്‍ ഉപ‌യോഗിയ്ക്കപ്പെട്ട ഒന്ന്. 1648 മാണ്ടില്‍ റോയലിസ്റ്റുക‌ള്‍ ഹംറ്റി ഡംറ്റിയെ ഉറപ്പിച്ചിരുന്ന സെന്റ് മേരീസ് പള്ളി പാര്‍ല‌മെന്റേറിയന്‍സ് തക‌ര്‍ത്തു തരിപ്പണ‌മാക്കിയപ്പോ‌ള്‍ പള്ളിയുടെ കോട്ടയില്‍ ഉറപ്പിച്ചിരുന്ന ഹംറ്റി ഡംറ്റി (പീരങ്കി) താഴെ വീണു. രാജാവിന്റെ മുഴുവന്‍ കുതിരക‌ളും പട്ടാളവും ഒത്തുപിടിച്ചിട്ടും അതിന്റെ അതിയായ ഭാരം നിമിത്തം ഹംറ്റി ഡംറ്റിയെ തിരിച്ച് വേറെ കോ‌ട്ടയില്‍ കൊണ്ട് വെയ്ക്കാന്‍ സാധിച്ചില്ല. ഇത് റോയലിസ്റ്റുക‌ള്‍ക്ക് തന്ത്ര‌പ്രധാന‌മായ കോ‌ള്‍ചെസ്റ്റര്‍ നഗരം നഷ്ടപ്പെടുവാന്‍ കാരണ‌മായി. അതാണ് ഈ പാ‍ട്ടിനു പിന്നിലുള്ള കഥ.

Mary had a little lamb എന്നത് മേരിയ്ക്കുണ്ടൊരു കുഞ്ഞാട് എന്നതായതു പോലെ ഇതിനോട് സ‌മാന‌മായ ഒരു പാട്ട് ഞാന്‍ കേട്ടിരിയ്ക്കുന്നു. (കടപ്പാട് : എന്റെ ഭാര്യ)
അയ്യപ്പച്ചങ്കരന്‍ പണ്ടൊരിയ്ക്കല്‍
കയ്യാലമേലൊന്നു കേറി നോക്കി
അമ്മ പറഞ്ഞു കേറല്ലേ അയ്യപ്പച്ചങ്കരന്‍ കേട്ടില്ല
അച്ഛന്‍ പറഞ്ഞു കേറല്ലേ അയ്യപ്പച്ചങ്കരന്‍ കേട്ടില്ല
അയ്യപ്പച്ചങ്കരന്‍ ധീം തരികട തോം
കയ്യാല മേലേന്ന് താഴെ വീണു
രാജാവു വന്നു മന്ത്രി വന്നു
രാജ്യത്തെപ്പട്ടാള‌മൊക്കെ വന്നു
അയ്യപ്പച്ച‌ങ്കരന്‍ പൊങ്ങിയില്ല.

(വരിക‌ള്‍ മുഴുവനും ശരിയാണെന്ന് ഉറപ്പില്ല. അറിയുന്നവ‌ര്‍ തിരുത്തുമ‌ല്ലോ)

ജാക്ക് ആന്‍ഡ് ജില്‍ (Jack and jill went up the hill..) എന്നത് ലുയി പതിനാറാമ‌ന്റെ കൊല‌പാതക‌വും തുടര്‍ന്നുള്ള രാജ്ഞിയുടെ (മേരി അന്റോണീറ്റ) മ‌രണ‌വും ആണ് സൂചിപ്പിയ്ക്കുന്നത്. ഒരു ട്രാജഡി ഏറ്റവും പ്രസിദ്ധ‌വും കുട്ടിക‌ള്‍ക്ക് പാടാന്‍ വ‌ള‌രെ ഇഷ്ട‌മുള്ളതുമായ ഒരു പാട്ടായി മാറുന്നത് ഇവിടെ കാണാം.

എഴുതാനാണെങ്കില്‍ ഒരുപാടൂണ്ട്. വായിയ്ക്കുക.

Saturday, February 16, 2008

ആ‌ല്‍മ‌ര‌ത്തിന്റേയും ആകാശ‌ത്തിന്റേയും ഉടമ‌സ്ഥ‌ര്‍ (കഥ)

അയാളുടെ കൈയ്യില്‍ ഒരുപാട് തോക്കുക‌ള്‍ ഉണ്ടായിരുന്നു. അതിലൊക്കെ നിറ‌യെ ഉണ്ടക‌ളും.അതുപോലെതന്നെ അയാളുടെ സംഘത്തിലുള്ളവ‌രുടെ കൈയ്യിലും.

അവ‌ര്‍ വന്നിറങ്ങിയത് ഒരു വിമാന‌ത്തിലായിരുന്നു. അയാ‌ള്‍ നോക്കിയപ്പോ‌ള്‍ അവിടെ ടെന്റടിയ്ക്കാനും തങ്ങാനുമായി ഇടം പോരാ.ഒരു വലിയ ആല്‍മരം നില്‍ക്കുന്നു. അയാളുടെ ആജ്ഞ‌പ്രകാരം അനുയായിക‌ള്‍ അതു വെട്ടിത്താഴെയിട്ടു.

അസംഘ്യം കിളിക്കൂടുക‌ളും തേനീച്ച‌ക്കൂടുക‌ളും, ഉറുമ്പിന്‍ കൂടുക‌ളും താഴെവീണ് ചിതറി. ചുവ‌ന്നനിറമുള്ള കണ്ണുവിരിയാത്ത കിളിക്കുഞ്ഞുങ്ങ‌ള്‍ താഴെ വീണ് പിടഞ്ഞു.ര‌ക്ഷപെട്ട അമ്മ‌ക്കിളിക‌ള്‍ മുക‌ളില്‍ പറന്ന് നിന്ന് കര‌യാന്‍ തുടങ്ങി. ആണ്‍കിളിക‌ളെല്ലാം ഇര തേടി പുറത്തുപൊയിരിയ്ക്കുക‌യായിരുന്നു. പൊത്തുക‌ളില്‍നിന്നും പുറ‌ത്തുവന്ന പാറ്റക‌ളും പുഴുക്ക‌ളും ചെറുപാമ്പുക‌ളും കൃമികീടങ്ങ‌ളും എങ്ങോട്ടെന്നില്ലാതെ പര‌ക്കം പാഞ്ഞു. അവ‌യെ അയാളും കൂ‌ട്ട‌രും ഷൂസ് കൊണ്ട് ചവിട്ടിയിട്ടു. ചൂലുകൊണ്ട് തൂത്ത് മാറ്റി.

ഇര തേടി തിരിച്ചെത്തിയ ആണ്‍കിളി കണ്ടത് തക‌ര്‍ന്ന കൂടുക‌ളും ചതഞ്ഞര‌ഞ്ഞ കുഞ്ഞുങ്ങ‌ളേയുമായിരുന്നു.

ആണ്‍കിളി അയോളാട് കയ‌ര്‍ത്തു. "ദ്രോഹി നീ എന്തിനിത് ചെയ്തു?"

അയാ‌ള്‍ പറഞ്ഞു " എനിയ്ക്ക് സ്ഥലം.. സ്ഥലം വേണ‌ം. എല്ലായിടത്തും."

എന്നിട്ട് ആണ്‍കിളിയുടെ നേരെ തോക്കു ചൂണ്ടി അയാള്‍ അതിനെ വെടിവെച്ചിട്ടു.
"ഞ‌ങ്ങ‌ളുടെ വിമാന‌ങ്ങ‌‌ള്‍ക്ക് പറന്നുയരണം. ഇല്ലെങ്കില്‍ നീയൊക്കെ അതില്‍ വന്നിടിയ്ക്കും. ആകാശത്തും ശല്യം"

മൃത‌പ്രായനായി താഴെ വീണ് കിടന്ന് പിടയ്ക്കുന്ന ആണ്‍കിളി പറഞ്ഞു
"വിഡ്ഡീ... വിമാനം ഞ‌ങ്ങ‌ളെയല്ലേ വന്നിടിയ്ക്കുക?"

അത‌യാ‌ള്‍ക്ക് ഇഷ്ട‌പ്പെട്ടില്ല. അ‌യാ‌ള്‍ പ‌ക്ഷിയ്ക്കെതിരെ കേസ് കൊടുത്തു.

ഒടുവില്‍ കോടതി എന്ത് വിധിച്ചിരിയ്ക്കാം?

Friday, February 15, 2008

വ‌ര്‍ഗ്ഗ‌ങ്ങ‌ളും മാര്‍ക്സിസ്റ്റ് പാര്‍ട്ടി മെമ്പ‌ര്‍ഷിപ്പും



പാര്‍ട്ടിസമ്മേളന‌ത്തിനിടയ്ക്ക് എല്‍.ഡി.എഫ് കണ്‍‌വീന‌റും സി.പി.എം നേതാവും ആയ വൈക്കം വിശ്വന്‍ പാര്‍ട്ടി മെമ്പ‌ര്‍ഷിപ്പിന്റെ കണ‌ക്ക് വ‌ര്‍ഗ്ഗം തിരിച്ച് പറയുന്നത് കേട്ട് ചിരി വന്നു.
അടിസ്ഥാന തൊഴിലാളി വ‌ര്‍ഗ്ഗം --- ഒരു ന‌മ്പ‌ര്
‍ജ‌ന്മി -- ഒരു ന‌മ്പ‌ര്
‍പെറ്റി ബൂര്‍ഷ്വാ --ഒരു ന‌മ്പ‌ര്
‍ബൂര്‍ഷ്വാ --ഒരു ന‌മ്പ‌ര്
എന്റെ ഒര‌റിവ് വെച്ച് “‍ബൂര്‍ഷ്വാസി“ എന്നു വെച്ചാല്‍ അര്‍ഹിയ്ക്കാത്ത ധനം കൈവശം വെച്ചിരിയ്ക്കുന്ന, അല്ലെങ്കില്‍ ആഡംബര‌പൂര്‍ണ്ണ‌മായ ജീവിതരീതിയ‌ള്ള, സൗകര്യങ്ങ‌ളുള്ള എന്നാല്‍ ജന്മിക‌ളേപ്പോലെ പാരമ്പ‌ര്യമായി ധ‌ന‌മില്ലാത്ത, എന്നാല്‍ അടിസ്ഥാന‌വ‌ര്‍ഗ്ഗ‌ത്തെപ്പോലെ ദരിദ്രന‌ല്ലാത്ത ആള്‍ എന്നാണ്.പെറ്റിബൂര്‍ഷാ അതിനു തൊട്ടു താഴെയും.

അങ്ങിനെ വരുമ്പോ‌ള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഉന്ന‌ത നേതൃ‌നി‌ര‌യില്‍ ഉള്ളവ‌ര്‍ ഏതൊക്കെ ക്ലാസ്സുക‌ളില്‍ പെടും? ഉദാഹ‌ര‌ണ‌ത്തിന് ശ്രീ.പിണ‌റായി, ശ്രീ. കോടിയേരി, ശ്രീ അച്ചുതാന‌ന്ദന്‍, ശ്രീ. എസ് ശ‌ര്‍മ്മ എന്നിവരെയെടുക്കാം.
ഇവ‌രൊക്കെ ഏതു വ‌ര്‍ഗ്ഗത്തില്‍ പെടും?
അടിസ്ഥാന‌വ‌ര്‍ഗ്ഗത്തില്‍ "ഉള്ള" എത്ര പേര്‍ ഇപ്പോ‌ള്‍ നേതൃനിരയിലുണ്ട്?
അറിയാന്‍ വ‌യ്യാത്തതുകൊണ്ടാണ്.

Tuesday, February 12, 2008

ഹാ കോഴീ! (ഒരു വിലാപകാവ്യം)

ഉപഭോക്തൃ സംസ്കാരം

കൊന്നിടുമെന്നോര്‍ത്തില്ലൊരിയ്ക്കലും
കുന്നുകൂട്ടിയ തീറ്റയപ്പാടെ വിഴുങ്ങവേ
തിരിയാന്‍പോലുമിടമില്ലാത്തിടത്തു
തിക്കിനിറച്ചോരു തീറ്റ കണ്ടാലോ

ആര്‍ത്തിപ്പൂണ്ടു കൊത്തിപ്പെറുക്കി
നീയിന്ന‌തിന്നരിവാര്യതയല്ലേയിന്നീ
ക്കീണ്ണത്തില്‍ മുള‌കുമുപ്പുംകലര്‍ന്ന
തിരുചിരഭോജ്യമായുള്ള കിടപ്പും

ചിക്കിച്ചിനക്കി നടക്കുവാനുള്ള
ജന്മ‌വൈഭവവുമെന്നോ പോയ്
മനുഷ്യനിശ്ചിതം മാത്രമല്ലോയിന്നു
നിന്‍ മേനിയും മേദസ്സും നിര്‍ണ്ണയിയ്ക്കുന്നു

നില്‍ക്കുന്നിടത്തു നിന്നന‌ങ്ങേണ്ടതില്ല
വന്നിടും ഭോജ്യപേയങ്ങ‌ള്‍ കുഴല്‍
മാര്‍ഗ്ഗമായ് മുന്നില്‍;തിന്നുകയേ വേണ്ടൂ
ചിന്തിയ്ക്കുവാനിത്ര മാത്രമെന്തുള്ളൂ

ഒന്നുമാരും വെറുതെ തരുകില്ലെ
ന്നോര്‍ത്തില്ലല്ലോ നീയൊര‌ല്പമെങ്കിലും
വെറുതെ തിന്നുമ്പോളോര്‍ക്കാമായിരു
ന്നെടുക്കും നരന്‍ നിന്‍ ജീവനെത്തന്നെ

ഇരുകാലിയിട്ടൊരു വൈദ്യുതിവിളക്കിന്റെ
ചൂടില്‍ക്കുരുത്തോരു മറ്റൊരി
രുകാലി;പക്ഷേ, പക്ഷങ്ങളുണ്ടിരു
വശത്തും പറിച്ചെറിയുവാന്‍ മാത്രം

വൈരാഗി വൈദികനും ഭീരുവിനു‌മാമോദം
നിന്റെയീ ചുവന്നുമൊരിഞ്ഞ കിടപ്പു കണ്ടാല്‍
‍കൊന്നതു ഞാന‌ല്ലല്ലോ പിന്നെ തിന്നുന്നതിലെന്ത്?
ന്യായമെല്ലാറ്റിനും കാണും;തന്‍ വയറാണെങ്കില്‍

തൂക്കമെത്തിയൊത്തൊരു കോഴിയായൊരുനാ‌ള്‍
എത്തിപ്പിടിച്ചാരോ തൂക്കിയിട്ടു നിന്നെ ത്രാസ്സില്‍
‍കൊക്കൊക്കോ പറ‌ഞ്ഞിട്ടെന്തുകാര്യം? നിന്റെ
തൂക്കം ബഹുകേമം,മേദസ്സതിര‌മ്യം,കൊന്നിടാം!

കൂട്ട‌രെപ്പിരിയുവാനില്ല ഖേദമൊട്ടും; കൂട്ടില്‍
കൂട്ടുകാരില്ല; കൂട്ടുതീറ്റപ്രിയക്കാരേയുള്ളൂ
ആരുമ‌റിയില്ലന്യോന്യം, കേവലം പരിചയത്തി
ലെന്തുള്ളൂ? കൂടുതല്‍ തീറ്റ‌യെടുക്കുന്നതിന്നപ്പുറം

കഴുത്തു ചേന്തിയ കത്തി സമ‌ര്‍ത്ഥന്‍; ഒട്ടും
നീളാതെയടങ്ങീ നിന്‍ രോദനം; ചീറ്റി
ത്തെറിച്ച ചോര വാര്‍ന്നിറങ്ങുന്നതിന്‍
മുന്‍പേഎന്തു മിടുക്കന്‍ നരന്‍?വ‌ള‌ര്‍ത്താന്‍,കൊല്ലാന്‍

എന്തു ഞാന്‍ കര‌യുകയെന്നോ? അല്ലേയല്ല
പൊരിച്ച കോഴിപ്പുറത്തു കിടക്കുന്നുള്ളിയാണെന്‍
കണ്ണീരിന്നാധാരം; സമ‌യമില്ല പോണം
ഫാസ്റ്റ്ഫുഡ്ഡാണ്,ഫാസ്റ്റായിത്തിന്നണം,
വായില്‍വെള്ളം നിറയുന്നു,വലംകൈയ്യില്‍
പിടിച്ചുകടിച്ചു പറിയ്ക്കുവാന്‍, രുചിച്ചു കഴിയ്ക്കാന്‍

എന്നാലും...

ഒന്നുമാരും വെറുതെ തരുകില്ലെ
ന്നോര്‍ത്തില്ലല്ലോ നീയൊര‌ല്പമെങ്കിലും.... എന്റെ കോഴീ

Tuesday, January 29, 2008

റിയല്‍ എസ്റ്റേറ്റ്

എന്റെ ഭാര്യ, ദാ ഇന്നലെ മാത്രം മാത്രം വാങ്ങിയ കാഡിലാക്കില്‍ക്കയറി കുമാരപുരം വരെ പോവുകയായിരുന്നു. ഇത്രയധികം പണവും സൌകര്യവുമുണ്ടായിട്ടും അതിന്റെയൊരു ഗമയോ അഹങ്കാരമോ ഒന്നുമില്ലാതെ, ഭൂമിയുടെ വ‌ളരെ താഴെക്കിടക്കുന്ന (അതായത് ഡൌണ്‍ ടു എര്‍ത്ത്) ഒരു പ്രൌഡയായ സ്ത്രീയാണല്ലോ എന്റെ ഭാര്യ.

കുമാരപുരം ജംഗ്ഷന്‍ കഴിഞ്ഞ് കാര്‍ കുറച്ച് മുമ്പോട്ടെത്തിയപ്പോ‌ള്‍ ഇടതുവശത്ത് അതാ എ.ജെ ഹാ‌ള്‍. അത്യന്തം സൌമ്യമായി ഭാര്യ ഞങ്ങ‌ളുടെ കാഡിലാക് ഓടിച്ചിരുന്ന ഷോഫറോട് കാറൊന്ന് നിര്‍ത്താന്‍ പറഞ്ഞു. മുതലാളിയെയും അദ്ദേഹത്തിന്റെ കുടുംബത്തേയും അത്യധികം സ്നേഹിയ്ക്കുന്ന ഡ്രൈവ‌ര്‍ വണ്ടി എ.ജെ ഹോളിന്റെ മുന്‍പില്‍ത്തന്നെ ചവിട്ടി. കാര്യമെന്താണെന്നുവെച്ചാല്‍, ആ ഭാഗത്ത് ഞങ്ങ‌ള്‍ക്കധികം ഭൂസ്വത്തില്ലാത്തതിനാല്‍ എ.ജെ ഹാള്‍ അങ്ങ് മേടിച്ചാലെന്ത് എന്നായിരുന്നു ശ്രീമതിയുടെ ചിന്ത. എന്തായാലും അതുവഴിയാണല്ലോ പോകുന്നത്. എന്നാല്‍പ്പിന്നെ അതങ്ങു മേടിച്ചിട്ട് പോകാം. ഇത്രയും വലിയ ബിസ്സിനസ്സ് സാമ്രാജ്യത്തിനുടമ‌യായ ശ്രീജിത്. നിഷ്ക‌ളങ്കന്റെ ജീവിതവിജയത്തിനു പിന്നില്‍ ശ്രീമതി തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ.

എ.ജെ ഹാളിലേയ്ക്ക് കയറിയ ശ്രീമതി അവിടത്തെ മാനേജരെ കണ്ടു കാര്യം അവതരിപ്പിച്ചു.

“പണം ഒരു പ്രശ്നമേയല്ല. എത്രയായാലും ഇന്ന് തന്നെ ഇത് ഞങ്ങ‌ളുടെ പേര്‍ക്കാക്കിക്കിട്ടിയാല്‍“

മാനേജര്‍ വിഷമവൃത്തത്തിലായി. അദ്ദേഹം പറഞ്ഞു.

“മാഡം.. അത് ഒരു പ്രശ്നമുണ്ട്. മറ്റൊന്നുമല്ല. ഈ സ്ഥലവും കെട്ടിടവും നിഷ്ക്ക‌ളങ്കന്‍ സാറിന്റെയാണ്.
അദ്ദേഹമിത് വാങ്ങിയിട്ട് ഏതാനും ദിവസങ്ങ‌ളേയായുള്ളൂ”

എന്റെ ഭാര്യയ്ക്കുണ്ടായ ഭാവ വ്യത്യാസം പറയേണ്ടല്ലോ.

“ഹോ.. അദ്ദേഹത്തെക്കൊണ്ട് തോറ്റു. എന്തൊക്കെയാ എവിടെയൊക്കെയാ എന്നൊക്കെയാ മേടിച്ചിരിയ്ക്കുന്നത് എന്നൊരു തിട്ടവുമില്ല. കഷ്ടം. എന്നാലും ഇന്നിതൊന്നു ചോദിച്ചിട്ട് തന്നെ കാര്യം”

മാനേജരോട് അസൌകര്യത്തിന് ക്ഷമ ചോദിച്ച് തിരിച്ച് കാറില്‍ക്കയറിയ ശ്രീമതി, ഡ്രൈവറോട് തിരിച്ച് ഞങ്ങ‌ളുടെ ബംഗ്ലാവിലേയ്ക്ക് പോകാന്‍ പറഞ്ഞു. അങ്ങിനെ വണ്ടി “നിഷ്ക‌ളങ്കാ ഗാര്‍ഡന്‍സ്സില്‍“ എത്തി.

വിശാലമായ പുല്‍ത്തകിടിയില്‍ ഈസ്സിച്ചെയറിട്ട് അതില്‍ക്കിടന്ന് പൈപ്പ് പുകച്ചുകൊണ്ട് ക‌ലാകൌമുദിയിലെ അക്ഷര‌ജാലകം വായിച്ച് ചിരിച്ചുകൊണ്ടിരുന്ന എന്റെ നേര്‍ക്ക് വന്നിട്ട് ശ്രീമതി ഒരു ചോദ്യം. അല്‍പ്പം ദേഷ്യത്തിലാണ്.

“അല്ലാ.. എന്താ സാറെ ഇത്. ഈ സ്ഥലമൊക്കെ മേടിയ്ക്കുമ്പോ‌ള്‍ എന്നോടൊന്ന് സുചിപ്പിച്ചുകൂടെ? ദേ ഇന്നും ഞാനൊരെടത്തുപോയി നാണം കെട്ടു”

എനിയ്ക്ക് ചിരി വന്നു. ഇന്നെവിടെയാണാവോ പോയി വില ചോദിച്ചിട്ടുണ്ടാവുക?

“ഇന്നെവിടെപ്പോയി”

“ആ എ.ജെ ഹോളില്. ആട്ടെ എത്ര കൊടുത്തു അതിന്? ‍”

ഞാന്‍ പൊട്ടിച്ചിരിച്ചു.“ഹ ഹ ഹ. ഓ. അത്രയ്ക്കൊന്നുമില്ലെടീ. എട്ട് കോടി. അത്രയേ ഉള്ളൂ”

********************@@@####

കവിളത്ത് ആരോ കുത്തുന്നപോലെ തോന്നിയപ്പോഴാണ് എനിയ്ക്ക് സ്വബോധം വന്നത്. ഭാര്യയാണ്.
“ഹലോ... ഇതെന്തോന്നാ രാവിലെ മാതൃഭൂമീടെ റിയല്‍ എസ്റ്റേറ്റ് പേജും എടുത്തു വെച്ചോണ്ടിരുന്ന് വിഡ്ഡിച്ചിരി ചിരിയ്ക്കുന്നത്? കോടിക‌ളുടെ കണ‌ക്കാണല്ലോ വിളിച്ചുപറയുന്നത്. ഓണമൊന്നും ആകാത്ത കൊണ്ട് കോടി എന്ന വാക്ക് പറയാനുള്ള സാഹചര്യവും ആയിട്ടില്ല”

ദീര്‍ഘനിശ്വാസത്തോടെ ഞാന്‍.

“ഒന്നുമില്ലെടി. റിയല്‍ എസ്റ്റേറ്റ് പരസ്യവും അതിലെ വിലയുമൊക്കെക്കണ്ട് വട്ടായി അതിന്റെ റിയാലിറ്റിയെപ്പറ്റി ചിന്തിച്ച് പിന്നെ ഒന്ന് സ്വപ്നം കണ്ടതാ“

ദ് ഇം‌പ്രാക്റ്റിക്കല്‍ റിയാലിറ്റി ഓഫ് റിയല്‍ എസ്റ്റേറ്റ്!

സ്വപ്നം കാണുന്ന കണ്ണുക‌ള്‍ കാലം ചൂഴ്ന്നില്ലിതേ വരെ.

എന്റെ പുളീം പൂക്കും.

Monday, January 14, 2008

ദ സ്റ്റേറ്റ് വില്‍ വിതര്‍ എവേ

പലചരക്കുകടയില്‍ ലിസ്റ്റ് കൊടുത്ത് കാത്തുനിന്ന അത്യധ്വാനിയും രക്തത്തില്‍പ്പിടിച്ച കമ്മ്യൂണിസ്റ്റുകാരനുമായ അപ്പുവിനോട് കൊരുക്കാനായി മെമ്പര്‍ കൃഷ്ണന്‍‌കുട്ടിയുടെ ജനറല്‍ ഡയലോഗ്

“ഇവിടൊരു ഭരണമൊണ്ടോ? സാധനങ്ങടെ വെല പോണ പോക്കേ”

“അതിന് ഭരണത്തിനെന്നാ ഒരു കൊഴപ്പം?“. ദിനേശ് ബീഡി വലിച്ചിരുത്തി ഊതിപ്പറത്തി വെട്ടിത്തിരിഞ്ഞ് സ: അപ്പു അമറി.

“പിന്നല്ലാതെ? പാവങ്ങടെ സര്‍ക്കാരാണെന്നും കമ്മ്യൂണിസ്റ്റ്കാരാണെന്നുമൊക്കെ പറഞ്ഞിട്ട് ഇതിലൊന്നും ഒരു കാര്യോമില്ലേടോ തന്റെ സര്‍ക്കാരിന്. ഞാനിനീം ചോദിയ്ക്കും. ഇവിടൊരു ഭരണമൊണ്ടോ? ങ്ഹാ”

“ഡോ. വിവരമില്ലേല്‍ മിണ്ടരുത്. ഇനിയെന്തിനാടോ ഭരണം. താന്‍ സഖാവ് ലെനിന്‍ എഴുതിയ സ്റ്റേറ്റ് ആന്‍ഡ് റവൊല്യൂഷന്‍ വായിച്ചിട്ടൊണ്ടോ? ലെനിനും മാര്‍ക്സുമൊക്കെ സ്വപ്നം കണ്ട ആ ലോകത്തിലേയ്ക്ക് ഞങ്ങള്‍ കുതിച്ചെത്തിക്കഴിഞ്ഞേടോ. ലാസ്റ്റ് എന്തോന്നാ സഖാവ് പറഞ്ഞേ?“

“എന്തോന്ന്. ഓ. പിന്നെ കുന്തം.. ചുമ്മാ ***$$##“

“എടോ.. അധ്വാനിയ്ക്കുന്ന സംഘടിതവ‌ര്‍ഗ്ഗം ബൂര്‍ഷ്വാക‌ളുടെ കൈയ്യില്‍നിന്നും ഭരണം പിടിച്ചെടുക്കും. പിടിച്ചെടുത്തില്ലേ? ദേ ഇനി ലാസ്റ്റ് സ്റ്റെപ്പിലാ”

“ഏത് സ്റ്റെപ്പ്”

“എടോ മണ്ടാ.. ദ സ്റ്റേറ്റ് വില്‍ വിതര്‍ എവേ”

“എന്നു വെച്ചാല്‍”

“എന്നു വെച്ചാല്‍ ഇവിടിനി ഒരു ഭരണത്തിന്റെ ആവശ്യമേയില്ലാത്തകൊണ്ട് ആര്‍ക്കും ഭരിയ്ക്കാം എന്ന അവസ്ഥയാക്കിയില്ലേ ഞങ്ങള് കമ്മ്യൂണിസ്റ്റ്കാര്? അപ്പോ‌ള്‍ സഖാവ് ലെനിന്റെ സ്വപ്നം ഒറ്റയടിയ്ക്ക് രക്തച്ചൊരിച്ചിലില്ലാതെ ഞങ്ങ‌ള്‍ യാഥാര്‍ത്ഥ്യമാക്കുകയാണ്.ദ സ്റ്റേറ്റ് വില്‍ വിതര്‍ എവേ“

കണ്‍ഫ്യുഷനായിനില്‍ക്കുന്ന കൃഷ്ണന്‍‌കുട്ടിയെ ഒന്നു പുച്ഛത്തില്‍ നോക്കി അരിയും ഉപ്പും മുളകും വലതുകൈയ്യില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍തൂക്കി കുഞ്ഞുങ്ങ‌ള്‍ക്കുള്ള പരിപ്പുവട ഇടത്തെകയ്യില്‍ ഒതുക്കിപ്പിടിച്ച് വീട്ടിലേയ്ക്ക് വലിഞ്ഞു നടന്ന സ: അപ്പുവിനെ സാകൂതം നോക്കി ഇരുള്‍ വീണുതുടങ്ങിയ ഇടവഴിയിലെ മാവിന്‍ ചുവട്ടില്‍ നിന്ന വ്ലാദിമിര്‍ ഇലിയിച്ച് ലെനിന് അപ്പൂ എന്ന് നീട്ടിവിളിയ്ക്കണമെന്ന് തോന്നി.

പക്ഷേ ലെനിന്റെ ശബ്ദം പിറുപിറുപ്പായി.

“ന്നാലും... ന്റെ അപ്പൂ...ദ സ്റ്റേറ്റ് വില്‍ വിതര്‍ എവേ”

Sunday, January 13, 2008

വാക്വം

“ഹയ്യോ കറന്റ് പോയി”

“എടീ ഇത് പവര്‍ക്കട്ടാ. അതാരിക്കും”

“അച്ചാ.. എനിയ്ക്ക് പേടിയാ. എന്നെ പിടിച്ചോ”

“ഹാ.. പെണ്ണേ എന്റെ വയറ്റത്തിട്ട് മാന്താതെ.”

“ഡി കൊച്ചേ എന്നെ ചവിട്ടാതെ. ഹി ഹി. ഇതാരാ.. എനിയ്ക്ക് ഇക്കിളെടുക്കുന്നുണ്ടേ”

“എടീ അതു ഞാനാരുന്നു “

“അതു ശരി. അതിനെടേല്.......... ഹും. ശ്ശേ വിട്ടേ”

“അച്ചാ.. അമ്മേ എന്തെടുക്കുവാ? ഇനിയ്ക്ക് പേടിയാന്ന് പറഞ്ഞില്ലേ. കെട്ടിപ്പിടിച്ചോ”

“ആ കെട്ടിപ്പിടിച്ചു”

“അതു ശരി. കൊച്ചിനെയാ കെട്ടിപ്പിടിയ്ക്കാന്‍ പറഞ്ഞെ“

“ ഹ് ഹ് ഹ്”

“അച്ചാ അമ്മേ”

“ദേ പെണ്ണെടെയ്ക്കു കേറി”

കൊഴാമറിച്ചില്‍ ....... അതിനിടയില്‍ ഒരു ശബ്ദം.

***ഡും!****

“അയ്യോ”

“അയ്യോ.. അതെന്തുവാ ശബ്ദം. കുഞ്ഞിന്റെ തലയിടിച്ചെന്നാ തോന്നുന്നേ”

“അയ്യോ.. അത് കുഞ്ഞിന്റെ തലയല്ലെടി. എന്റെ തലയാരുന്നു. ഇയ്യോ. നോവുന്നു”

“ങ്ഹാ.. ചുമ്മാതല്ല. ഒരു പൊള്ളയായ ശബ്ദം. ഹി ഹിഹി”

............
............
............
............

മൌനമേ നിറയും മൌനമേ...

Sunday, January 6, 2008

അക്ഷരജാലകത്തിന്റെ വായനയും സങ്കടങ്ങ‌ളും

“The public is the only critic whose opinion is worth anything at all”

Mark Twain


വിമര്‍ശകനെ വിമര്‍ശിയ്ക്കാമോ?

എന്തുകൊണ്ടും. വിമര്‍ശനം എന്നത് മറ്റേതൊരു ശാഖയേയും പോലെ തന്നെ വിമര്‍ശിക്കപ്പെടേണ്ടത് വിമര്‍ശനത്തിന്റെ നില്‍നില്പിനുതന്നെ അത്യാവശ്യമായി വരുന്നു. പ്രത്യേകിച്ചും മൌലികതയില്ലാത്ത ആധികാരികമായ വിമര്‍ശനങ്ങ‌ള്‍ വായിയ്ക്കുമ്പോ‌ള്‍. ഹരികുമാര്‍ ഒരു എഴുത്തുകാരനാണെന്നും അക്ഷരജാലകം ഒരു കോളമാണെന്നും ഈയ്യിടെയാണ് മനസ്സിലായത്. അതിന്റെ പൊപ്പുലാരിറ്റിയെപ്പറ്റി അദ്ദേഹം തന്നെ പറഞ്ഞുകണ്ടപ്പോ‌ള്‍ ഞാന്‍ കലാകൌമുദി വാങ്ങി ഒന്നു വായിച്ചു.ഹരികുമാറിന്റെ കഴിഞ്ഞ ഒരു പോസ്റ്റില്‍ “The Prophet Of Frivolity“ എന്ന ഒരാ‌ള്‍ ഇട്ട കമന്റ് (ശ്രീ.ഹരികുമാ‌ര്‍ അതിനെ ഖണ്ഡിയ്ക്കാനായി ഒരു പോസ്റ്റ് ഇട്ടിരുന്നു) എന്റെ മനസ്സില്‍ക്കൂടി കടന്നു പോയി.ശ്രീ.എം.കൃഷ്ണന്‍‌നായരുടെ “സാഹിത്യവാരഫലം” ഒരുപാട് കാലം വായിച്ചിരുന്ന ഒരാളാണ് ഞാന്‍.
ഖേദത്തോടെ പറയട്ടെ. “അക്ഷര‌ജാലകം” സാഹിത്യവാരഫലത്തിന്റെ അന്ധവും വികൃതവുമായ അനുകരമാണ് എന്നാണ് എനിയ്ക്ക് തോന്നിയത്. “സാഹിത്യവാരഫലം” എല്ലാം തികഞ്ഞ ഒന്നായിരുന്നില്ല. അതിലെ ചില അവലോകനരീതിക‌ലോടും ഒരു സാധാരണവായനക്കാരന്‍ എന്ന രീതിയില്‍ യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ അതിന് മൌലികത ഉണ്ടായിരുന്നു. ഹരികുമാറിന്റെ ഈ അനുകരണം അക്ഷരജാലകത്തിന്റെ ആശയമൌലികതയെ തന്നെ ചോദ്യം ചെയ്യുന്നു. കൂട്ടത്തില്‍ സാഹിത്യവാരഫലത്തിന് എന്തെല്ലാം കുഴപ്പങ്ങ‌ളുണ്ടായിരുന്നുവോ അതെല്ലാം അക്ഷരജാലകത്തിലേയ്ക്ക് കൊണ്ടുവന്നിട്ടും ഉണ്ട്.മൌലികതയില്ലാത്ത അവലോകന‌ങ്ങ‌ളും അഭിപ്രായങ്ങ‌ളും ഇതിലുടനീളം കണ്ടു. ഒരു സാധാരണ വായനക്കാരന്റെ വിലയിരുത്തലുക‌ള്‍ക്കപ്പുറം നില്‍ക്കാന്‍ ഒരു വിമര്‍ശകന് കഴിയാത്തപ്പോ‌ള്‍ വിമര്‍ശനം പരാജയപ്പെടുന്നു. പരാമ‌ര്‍ശിയ്ക്കപ്പെടത്തക്കതായി ഒന്നുമില്ലാത്തുകൊണ്ട് ടൈപ്പ് ചെയ്ത് സമയം ക‌ളയുന്നില്ല.

യാദൃശ്ചികമായി ക‌ലാകൌമുദിയുടെ ഏതാനും താളുക‌ള്‍ മറിച്ചപ്പോ‌ള്‍ “കത്തുക‌ള്‍” എന്ന വിഭാഗത്തില്‍ കെ.ജെ.ചാക്കോ എന്ന ഒരു വായനക്കാരന്‍ 1686
ലക്കത്തിലെ അക്ഷരജാലകത്തില്‍ “ദ് ലാസ്റ്റ് ലീഫ്” എന്ന ഒ.ഹെന്‍‌റിയുടെ കഥയെ പരാമര്‍ശിച്ചതിനെപ്പറ്റി എഴുതിയിരിയ്ക്കുന്നു. “മനുഷ്യമനസ്സിന്റെ നന്മയേയും
ത്യാഗത്തേയും ഹൃദയസ്പര്‍ശിയായി ചിത്രീകരിയ്ക്കുന്ന വിശ്വവിഖ്യാതമായ ഈ കഥയെക്കുറിച്ച് ഹരികുമാറിന്റെ വിവരണം അബദ്ധജടില‌മാണ്“ എന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്ന കത്ത് കഥയെ സംക്ഷിപ്തമായി വിവരിയ്ക്കുന്നു. കഥ വായിയ്ക്കുന്നവന്റെ കൂടിയാണെങ്കിലും ഹരികുമാറിന്റെ വെളിപാടുക‌ള്‍
പോലെയുള്ള വിലയിരുത്തലുക‌ളെ ഈ കത്ത് കാര്യകാരണസഹിതം പരിഹസിയ്ക്കുന്നും ഉണ്ട്.“ഹരികുമാര്‍ ഇടയ്ക്കിടയ്ക്ക് എടുത്തുപറയുന്ന കസാന്‍ ദ സാക്കിസിന്റെ നോവലിന്റെ പേര് “ദ ലാസ്റ്റ് ടെ‌മ്പ്‌റ്റേഷന്‍“ എന്നുമാത്രമാണ്. “ദ ലാസ്റ്റ് ടെ‌മ്പ്‌റ്റേഷന്‍ ഒഫ് ജീസസ്സ് ക്രൈസ്റ്റ്“ എന്നല്ല.“ എന്നു പറഞ്ഞുകൊണ്ട് കത്ത് അവസാനിയ്ക്കുന്നു.

മേല്‍പ്പറഞ്ഞ കത്തിന് ശ്രീ.ഹരികുമാര്‍ മറുപടി എഴുതുമോ എന്നറിയില്ല. വായനയുടെയും അനുഭവങ്ങ‌ളുടെയും പക്വതയുടെയും അഭാവം അദ്ദേഹത്തിന്റെ എഴുത്തില്‍ കാണാനുണ്ടെന്ന് അദ്ദേഹത്തിന്റെ ബ്ലോഗിലുടെയും ഇപ്പോ‌ള്‍ കലാകൌമുദിയിലെ കോളത്തിലുടെയും ഈയുള്ളവന് മനസ്സിലാ‍യി. ബ്ലോഗിലൂടെ കലാകൌമുദിയിലെ കോളത്തില്‍ എത്തിയ്ക്കുന്നതില്‍ വിജയിച്ചു എന്ന് അദ്ദേഹം വിചാരിയ്ക്കുമ്പോ‌ള്‍ത്തന്നെ എത്രപേര്‍ അത് തുടര്‍ന്ന് വായിയ്ക്കും എന്നത് ചിന്ത്യം.

“Technique is really personality. That is the reason why the artist cannot teach it, why the pupil cannot learn it, and why the aesthetic critic can understand it. To the great poet, there is only one method of music -- his own. To the great painter, there is only one manner of painting -- that which he himself employs. The aesthetic critic, and the aesthetic critic alone, can appreciate all forms and all modes. It is to him that Art makes her appeal.”

Oscar Wilde

Tuesday, January 1, 2008

മ‌ല‌യാളവും മാതൃഭൂമിയും - ഒരു സാധാരണ വായന

വാരാന്ത്യത്തില്‍ ആലപ്പുഴ നിന്നും തിരുവനന്തപുരന്തേയ്ക്കുള്ള ട്രെയിന്‍ യാത്രയില്‍ വിര‌സതയകറ്റാനായി വായിയ്ക്കാനെന്തെങ്കിലും വാങ്ങാനായി റെയില്‍‌വേസ്റ്റേഷനിലെ ബുക്ക്സ്റ്റാളില്‍ ചെന്നു. മാതൃഭുമിയും മ‌ല‌യാളവുമൊക്കെ വായിച്ചിട്ട് വ‌ര്‍ഷങ്ങ‌ളായി. രണ്ടും വാങ്ങി. തീവണ്ടിയിലിരുന്ന് മുഴുവന്‍ മനസ്സിരുത്തി വായിച്ചു.

മാതൃഭൂമിയിലും സമ‌കാലിക മല‌യാളത്തിലും ഒരോ പുരാണ പുനരാഖ്യാന‌ങ്ങ‌ള്‍. സമ‌കാലിക മല‌യാളത്തില്‍ പി.വി. ശ്രീവത്സന്റെ “പകിട”. മാതൃഭൂമിയില്‍ സാറാജോസഫിന്റെ “ഊര്കാവല്‍”. രണ്ടിന്റെയും മുന്‍ ല‌ക്കങ്ങ‌ളൊന്നും വായിച്ചിട്ടില്ല. “പകിട” യുധിഷ്ടിരന്റെ കണ്ണിലൂടെ മ‌ഹാഭാരതത്തിനെ വ്യാഖ്യാനിയ്ക്കുമ്പോ‌ള്‍ “ഊര്കാവല്‍” രാമായണത്തില്‍ വാനരങ്ങ‌ളായ കഥാപാത്രങ്ങളെ മനുഷ്യരാക്കി കഥാകഥനം ചെയ്യുന്നു.

“പകിട“ നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ. കൊല്ലങ്ങ‌ള്‍ക്ക് മുന്‍പ് പലയാവര്‍ത്തി വായിച്ച “രണ്ടാമൂഴം” എന്നെ സ്വാധീനിച്ചതുകൊണ്ടോ അതോ ശ്രീവത്സനെ സ്വാധീനിച്ചതുകൊണ്ടോ എന്തോ. തീരെ പുതുമയോ വ്യത്യസ്ഥയോ ഇല്ലാത്ത ഒരു അതിസാധാരണ‌മായ ആഖ്യാനം. അതിനിടെ മ‌ല‌യാളഭാഷയുടെ പേരുമിട്ട് പ്രസിദ്ധീകരിയ്ക്കുന്ന “സമ‌കാലിക മല‌യാളത്തിന്റെ” ഒരു കൊടിയ അശ്രദ്ധയും; നോവലിസ്റ്റിന്റേയും. “പകിട” യിലെ ഒരു ഖണ്ഡിക താഴെക്കൊടുക്കുന്നു.
“ഇതുകേട്ടു അവിടെ കൂടിയിരുന്നവരെല്ലാം ആര്‍ത്തട്ടഹസിച്ചു. തീനും കുടിയുമായി ആ പക‌ലും രാവും അവ‌ര്‍ ആഘോഷിച്ചു. ഒരു ക്യാമ്പില്‍ നിന്നും മറ്റൊരു ക്യാമ്പിലേക്ക് പടര്‍ന്നവാര്‍ത്ത. ഒടുവിലതു ഹസ്തിനപുരിയില്‍ ദ്രോണരുടെ ചെവിയിലുമെത്തി”

ക്യാമ്പ് എന്നുള്ള പ്രയോഗം ശ്രദ്ധിച്ചു കാണുമ‌ല്ലോ. പണ്ട്, ശ്രീകൃഷ്ണന്‍ എന്ന ഹിന്ദി സീരിയല്‍ മ‌ല‌യാളത്തില്‍ ഡബ്ബ് ചെയ്തപ്പോ‌ള്‍

“പേടിയ്ക്കേണ്ടാ. അക്രൂരനും “പാര്‍ട്ടിയും” അമ്പാടിയില്‍ നിന്നും തിരിച്ചിട്ടുണ്ട്” എന്ന ഒരു ഡയലോഗ് കേട്ട് ചിരിച്ചിട്ടുണ്ട്. പക്ഷേ അതിന് അത്രയേ ഗൌരവം കല്‍പ്പിച്ചുള്ളൂ. ഡബ്ബിംഗ്. പിന്നെ മെഗാസീരിയല്‍.

ഇതോ? പുതിയ ശൈലി? പുരാണപുന‌രാഖ്യാനത്തില്‍ ഇത്തരം പ്രയോഗങ്ങ‌ള്‍ കല്ലുകടിയ്ക്കും. ഇനിയിപ്പോ‌ള്‍ ഒരു “എഫക്ടിന്” വേണ്ടി

“എവിടെയും കുതിര‌ക‌ളുടെ സൌണ്ട്. കമ്പ്ലീറ്റ് സൈന്യങ്ങ‌ളുടെയും അധിപനും മറ്റ് ലീഡേഴ്സ്സും മുന്‍പില്‍. എന്തിനും പ്രിപ്പേഡായി യാത്ര ചെയ്ത സൈനിക വ്യൂഹം. അതിന്റെ ഒത്ത സെന്ററില്‍ യുധിഷ്ഠിരന്‍”
എന്നൊക്കെ എഴുതിപ്പൊളിച്ചാലും അത്ഭുതപ്പെടാനില്ല. “സമ‌കാലിക മല‌യാളം” കൈര‌ളിയെ
ആഗോള‌വല്‍ക്കരിക്കുകയായിരിയ്ക്കാം.

“ഊര്കാവല്‍” വാനരങ്ങ‌ളായി രാമായ‌ണത്തില്‍ ഉള്ള വാലി (ബാലി), സുഗ്രീവന്‍, ഹനുമാന്‍, താര തുടങ്ങിയ കഥാപാത്രങ്ങ‌ളുടെ മനുഷ്യരൂപത്തിലുള്ള അവതരണം, അവരുടെ പ്രവൃത്തിക‌ള്‍, ചിന്തക‌ള്‍, സ്വാര്‍ത്ഥങ്ങ‌ള്‍ ഒക്കെ തനതായ ശൈലിയില്‍ എഴുതിയിരിയ്ക്കുന്നു. സുഗ്രീവന്റെയും രാമന്റേയും
സ്വാര്‍ത്ഥത‌‌ക‌ള്‍, ഹനുമാന്റെ തന്ത്രജ്ഞത എന്നിവയും ന‌ന്നായി എഴുതി ഫലിപ്പിച്ചിരിയ്ക്കുന്നു. എടുത്തുപറയത്തക്ക സവിശേഷത താര എന്ന കഥാപാത്രത്തിന്റെ ദു:ഖവും അവ‌ളുടെ മന:ശ്ശക്തിയും അവതരിപ്പിയ്ക്കുന്നിടത്താണ് എന്നു തോന്നി.

കാവാലം നാരായണപ്പണിക്കരുമായി എന്‍.പി. വിജയകൃഷ്ണന്‍ നടത്തിയ മുഖാമുഖം അദ്ദേഹത്തിന്റെ ശൈലിയെയും നാടകരംഗത്തെ നിലപാടുക‌ളെയും കുറിച്ച് ധാരണ നല്‍കുന്നതും ആസ്വാദ്യകരവുമായിരുന്നു.

സമ‌കാലിക മല‌യാളത്തിലെ കവിതക‌ളും കഥയും കണ്ടപ്പോ‌ള്‍ ഇപ്പോ‌ള്‍ ബ്ലോഗിലുള്ള കഥാകൃത്തുകളെയും കവിക‌ളെയും വണങ്ങാന്‍ തോന്നി. ശരാശരിയിലും വ‌ളരെ
താഴെ നില്‍ക്കുന്ന കൃതിക‌‌ള്‍. എത്ര മുന്തിയ കൃതിക‌ളാണ് ബ്ലോഗില്‍ പ്രസിദ്ധീകരിയ്ക്പ്പെടുന്നത്. മാതൃഭൂമിയില്‍ രമേശന്‍നായരുടെ “മേല്പത്തൂര്‍” എന്ന കവിത മനോഹരവും ഗംഭീരവുമാണ്.
--ശുഭം!---
ഒരു സാധാരണ വായനക്കാരന് വായിച്ചിട്ട് തോന്നുന്നതുപോലെ എഴുതിയതാണ്. തുടരന്‍ നോവലുകളെ ഇടയ്ക്കിട്ട് വായിച്ചിട്ട് അഭിപ്രായം പറയുന്നത് ശരിയല്ലെങ്കിലും ഇതൊക്കെക്കണ്ടാല്‍ അഭിപ്രായം പറയാതെ പിന്നെ? പിന്നെ നമുക്ക് ധൈര്യമായി എഴുതാന്‍ ബ്ലോഗറും. എഴുതുക തന്നെ.