Wednesday, January 7, 2015

ശശിക്ക് ഷഡ്ഢി വേണ്ടാ

സണ്‍ ഗ്ലാസ്‌ ഒക്കെ വെച്ചു , പുതുതായി വാങ്ങിയ കാറിന്റെ ബോണറ്റിൽ ചാരിയിരുന്നു, ഫെയ്സ്ബുക്കിൽ ഇടാൻ വേണ്ടി സ്മാര്‍ട്ട് ഫോണിൽ സെൽഫി എടുത്തു കൊണ്ടിരിക്കുമ്പോൾ ആണ് ശശിക്ക് കലശലായ നെഞ്ചുവേദന വന്നത്. 

ഓർമ്മ വന്നപ്പോൾ ശശി പോത്തിന്റെ പുറത്തിരിക്കുകയായിരുന്നു .   
പോത്തിനെ ഡ്രൈവ് ചെയ്തിരുന്ന ആളിന്റെ രോമം നിറഞ്ഞ വിശാലമായ പിന്ഭാഗവും ഗെറ്റപ്പും കണ്ടപ്പോഴേ ശശിക്ക് തന്റെ അവസ്ഥ മനസ്സിലായുള്ളൂ .
ഡ്രൈവറിനു പോത്തിന്റെ മുശുക്ക് മണവുംഉണ്ടല്ലോ എന്ന് ശശി ഓർത്തു .  

പോത്തിന്റെ പുറത്തെ രോമം കൊണ്ട് ചന്തി നോവുന്നുണ്ടല്ലോ എന്നാലോചിച്ച് താഴേക്ക് നോക്കിയപ്പോൾ ആണ് ശശിക്ക് താൻ നഗ്നനാണ് എന്ന് മനസ്സിലായത്‌ .     

മേലനങ്ങി ഒരു പണിയും ചെയ്യാതിരുന്നിരുന്ന് പഞ്ഞി പോലെയിരിക്കുന്ന തന്റെ ചൂണ്ടു വിരൽ കൊണ്ട്  ,പോത്തിന്റെ ഡ്രൈവറുടെ പുറത്ത് ശശി മെല്ലെ തോണ്ടി വിളിച്ചു ... "അദ്ദേയ് "     

"ഉം " എന്ന് മൂളിക്കൊണ്ട് അന്തകൻ മെല്ലെ തല തിരിച്ചു .    

പടത്തിൽ കാണുന്നപോലെ കൊമ്പൻ മീശയൊന്നും ഇല്ലല്ലോ എന്നാശ്ചര്യപ്പെട്ട ശശി അനാഗതശ്മശ്രുവിന്റെ മുഖത്ത്  നോക്കി ചോദിച്ചു .
"ഞാനേ ... എനിക്കെ .. ഡ്രസ്സ്‌ ഒന്നും ഇല്ല . ഈ തുണിയൊന്നും ഉടുക്കാണ്ടേ പിറന്നപടി  പോത്തിൻ പുറത്ത് ! കഷ്ടാണ്‌"

"ശശിക്കുഞ്ഞേ " അന്തകന്റെ സ്നേഹമസൃണമായ വിളികേട്ടു ശശിക്ക് കുളിര് കോരി .
"നിനക്കെന്തിനാ ഇനി തുണി ? നാണം കൊണ്ടാ ?" 

ശശിക്ക്  എന്ത് പറയണം എന്ന് സംശയം തോന്നിയെങ്കിലും വെറുതെ മൂളി "ഉം.." 

അന്തകൻ ചിരിച്ചു "കുമാരനാശാന്റെ വരികളെ പാരഡി ആക്കി പറഞ്ഞാൽ ഹന്ത ഷഡ്ഢി നിബദ്ധമല്ല നാണം .നീ എങ്ങോട്ടാണോ പോകുന്നത് അവിടെ ഒരുത്തനും തുണിയില്ല. അതായത് ഈ വഹ തുണിയും മണിയും ഒന്നും ലവലേശം വേണ്ടാത്ത ഇടത്തേക്കാകുന്നു നിന്റെ പോക്ക് " 

ശശി എന്നിട്ടും കെഞ്ചി "ന്നാലും ഒരു ഷഡ്ഢിയേലും..കേരളാ പോലീസ് കൂടി ഷഡ്ഢിയിടീച്ചേ കൊടുംപാതകികളെ വരെ നടത്താറുള്ളൂ. അറിയാലോ ?  " 

കാലന്‍ പറഞ്ഞു "ശശി ക്ടാവേ .. നീ പോകുന്നിടത്ത് സമസ്ത പരിഷകളും ഒരു വഹകളും ധരിക്കാതെ സമ്പൂര്‍ണ്ണ സോഷ്യലിസം ആചരിക്കുകയാണ് എന്നറിക . അവിടെ ഷഡ്ഢിധാരിയായി നീ ചെന്നാല്‍ , വാണാല്‍.. ഷഡ്ഢിയില്ലാ രാജ്യത്തെ ഷഡ്ഢിധരിച്ച രാജാവാകും നീ .. സോഷ്യലിസം തകരും . അതുകൊണ്ട് ഫോര്‍ഗറ്റ് ഇറ്റ്‌ " 

തന്റെ ബംഗ്ലാവിന്റെ മട്ടുപ്പാവിലെ അയയില്‍ ഉണങ്ങാനിട്ടിരിക്കുന്ന, ഓട്ടകള്‍ വീണ ഷഡ്ഢിയെ ഗൃഹാതുരത്വത്തോടെ ഓര്‍മ്മിച്ചുകൊണ്ട് ശശി എന്നെന്നേയ്ക്കുമായി സോഷ്യലിസ്റ്റാവാനായി യാത്രയായി .

5 comments:

murukan pk said...

All are equal before 'ANDHAKAN'.gud story.

shajitha said...

kollaam

Sudheesh Arackal said...

താങ്കളിടെ എല്ലാ പോസ്റ്റുകളും വായിച്ചു.
പലതിലും കമന്റണമെന്നുണ്ടായിരുന്നു.
" your comments will be visible after approval"എന്നു കണ്ടാൽ പിന്നീട്‌ കമന്റ്‌ ഇടാൻ തോന്നത്തില്ല.കമന്റ്‌ ഇടുന്നവർ പോസ്റ്റ്‌ ഇടുന്ന ആളിന്റെ ദയവിനു കാത്തു നിൽക്കുന്നതു പോലെ.

Sudheesh Arackal said...

ആഹ ഹ ഹ .എന്നാലും.

Sethunath U said...

Thank you all