Tuesday, February 12, 2008

ഹാ കോഴീ! (ഒരു വിലാപകാവ്യം)

ഉപഭോക്തൃ സംസ്കാരം

കൊന്നിടുമെന്നോര്‍ത്തില്ലൊരിയ്ക്കലും
കുന്നുകൂട്ടിയ തീറ്റയപ്പാടെ വിഴുങ്ങവേ
തിരിയാന്‍പോലുമിടമില്ലാത്തിടത്തു
തിക്കിനിറച്ചോരു തീറ്റ കണ്ടാലോ

ആര്‍ത്തിപ്പൂണ്ടു കൊത്തിപ്പെറുക്കി
നീയിന്ന‌തിന്നരിവാര്യതയല്ലേയിന്നീ
ക്കീണ്ണത്തില്‍ മുള‌കുമുപ്പുംകലര്‍ന്ന
തിരുചിരഭോജ്യമായുള്ള കിടപ്പും

ചിക്കിച്ചിനക്കി നടക്കുവാനുള്ള
ജന്മ‌വൈഭവവുമെന്നോ പോയ്
മനുഷ്യനിശ്ചിതം മാത്രമല്ലോയിന്നു
നിന്‍ മേനിയും മേദസ്സും നിര്‍ണ്ണയിയ്ക്കുന്നു

നില്‍ക്കുന്നിടത്തു നിന്നന‌ങ്ങേണ്ടതില്ല
വന്നിടും ഭോജ്യപേയങ്ങ‌ള്‍ കുഴല്‍
മാര്‍ഗ്ഗമായ് മുന്നില്‍;തിന്നുകയേ വേണ്ടൂ
ചിന്തിയ്ക്കുവാനിത്ര മാത്രമെന്തുള്ളൂ

ഒന്നുമാരും വെറുതെ തരുകില്ലെ
ന്നോര്‍ത്തില്ലല്ലോ നീയൊര‌ല്പമെങ്കിലും
വെറുതെ തിന്നുമ്പോളോര്‍ക്കാമായിരു
ന്നെടുക്കും നരന്‍ നിന്‍ ജീവനെത്തന്നെ

ഇരുകാലിയിട്ടൊരു വൈദ്യുതിവിളക്കിന്റെ
ചൂടില്‍ക്കുരുത്തോരു മറ്റൊരി
രുകാലി;പക്ഷേ, പക്ഷങ്ങളുണ്ടിരു
വശത്തും പറിച്ചെറിയുവാന്‍ മാത്രം

വൈരാഗി വൈദികനും ഭീരുവിനു‌മാമോദം
നിന്റെയീ ചുവന്നുമൊരിഞ്ഞ കിടപ്പു കണ്ടാല്‍
‍കൊന്നതു ഞാന‌ല്ലല്ലോ പിന്നെ തിന്നുന്നതിലെന്ത്?
ന്യായമെല്ലാറ്റിനും കാണും;തന്‍ വയറാണെങ്കില്‍

തൂക്കമെത്തിയൊത്തൊരു കോഴിയായൊരുനാ‌ള്‍
എത്തിപ്പിടിച്ചാരോ തൂക്കിയിട്ടു നിന്നെ ത്രാസ്സില്‍
‍കൊക്കൊക്കോ പറ‌ഞ്ഞിട്ടെന്തുകാര്യം? നിന്റെ
തൂക്കം ബഹുകേമം,മേദസ്സതിര‌മ്യം,കൊന്നിടാം!

കൂട്ട‌രെപ്പിരിയുവാനില്ല ഖേദമൊട്ടും; കൂട്ടില്‍
കൂട്ടുകാരില്ല; കൂട്ടുതീറ്റപ്രിയക്കാരേയുള്ളൂ
ആരുമ‌റിയില്ലന്യോന്യം, കേവലം പരിചയത്തി
ലെന്തുള്ളൂ? കൂടുതല്‍ തീറ്റ‌യെടുക്കുന്നതിന്നപ്പുറം

കഴുത്തു ചേന്തിയ കത്തി സമ‌ര്‍ത്ഥന്‍; ഒട്ടും
നീളാതെയടങ്ങീ നിന്‍ രോദനം; ചീറ്റി
ത്തെറിച്ച ചോര വാര്‍ന്നിറങ്ങുന്നതിന്‍
മുന്‍പേഎന്തു മിടുക്കന്‍ നരന്‍?വ‌ള‌ര്‍ത്താന്‍,കൊല്ലാന്‍

എന്തു ഞാന്‍ കര‌യുകയെന്നോ? അല്ലേയല്ല
പൊരിച്ച കോഴിപ്പുറത്തു കിടക്കുന്നുള്ളിയാണെന്‍
കണ്ണീരിന്നാധാരം; സമ‌യമില്ല പോണം
ഫാസ്റ്റ്ഫുഡ്ഡാണ്,ഫാസ്റ്റായിത്തിന്നണം,
വായില്‍വെള്ളം നിറയുന്നു,വലംകൈയ്യില്‍
പിടിച്ചുകടിച്ചു പറിയ്ക്കുവാന്‍, രുചിച്ചു കഴിയ്ക്കാന്‍

എന്നാലും...

ഒന്നുമാരും വെറുതെ തരുകില്ലെ
ന്നോര്‍ത്തില്ലല്ലോ നീയൊര‌ല്പമെങ്കിലും.... എന്റെ കോഴീ

20 comments:

കാപ്പിലാന്‍ said...

ee vilaapa kaavyam athugran,

ഒരു “ദേശാഭിമാനി” said...

ഹാ ചിക്കനേ, അതിരാവിലെ എത്ര
കൂകിയിരുന്നു ഒരലാറം കണക്കയേ നീ
ശ്രീഭൂവിലസ്ഥിരമാണു കോഴിക്കായുസ്സു
നിന്റെ കിടപ്പിതോര്‍ത്താല്‍!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊന്നാ പാപം തിന്നാ തീരും.

ഓ.ടോ:ആ ചിക്കന്റെ അടുത്തുള്ള കക്കിരിക്ക ഞാനെടുത്തു

ശ്രീവല്ലഭന്‍. said...

ഇപ്പോള്‍ രണ്ടു കാലെടുത്ത്‌ വറക്കാന്‍ വച്ചതേയുള്ളു. ഇനി കഴിക്കണോ, വേണ്ടയൊ? പറ നിഷ്കളങ്കാ.

നല്ല വിലാപകാവ്യം.....
നല്ല വൊക്കാബുലറി....

നിരക്ഷരൻ said...

ചിക്കന്‍ അലര്‍ജിയാ.. :)

Mr. K# said...

കൊള്ളാം നിഷ്കളങ്കാ.

പാമരന്‍ said...

കൊള്ളാം സാറെ.. പക്ഷേ ആ പടം കവിതക്കു ഒരു കോമെഡി ടിന്‍റാണ്‌ നല്കിയത്..

പാമരന്‍ said...

കൊള്ളാം സാറെ.. പക്ഷേ ആ പടം കവിതക്കു ഒരു കോമെഡി ടിന്‍റാണ്‌ നല്കിയത്..

ശ്രീ said...

നിഷ്കളങ്കന്‍‌ ചേട്ടാ...
കലക്കീട്ടോ.
:)

Pongummoodan said...

:)

ശ്രീനാഥ്‌ | അഹം said...

:)

Rafeeq said...

ഉഗ്രന്‍.. :-( :-(
കഴിക്കാന്‍ പോവുന്ന കോഴിയെ കുറിച്ചു ഒന്നൂടെ ഒര്‍ത്തു പൂവാ.. :-( :-(

ഹരിത് said...

:)

നിലാവര്‍ നിസ said...

നന്നായി..
കോഴിതീറ്റക്കാരേ.. ഈ ബ്ലോഗിലേ വരൂ..

Murali K Menon said...

കൊല്ലാം...ക്ഷമിക്കണം. കൊള്ളാം.

Suraj said...

ഒരു പക്ഷിപ്പനി മണക്കുന്നു...അതോ വാലന്റയിന്‍സ്ഡേ ‘കോഴിപ്പനിയോ’?

ഗീത said...

വായിച്ചില്ല.......
എനിക്കിത് വായിക്കാന്‍ കഴിയില്ലാ‍ാ‍ാ‍ാ‍ാ‍ാ
നമ്മുടെ നാട്ടില്‍ നിരത്തുകളില്‍ കാണുന്ന ഒരു ദൃശ്യമുണ്ട്, കോഴികളെ തലകീഴായി തൂക്കിയിട്ടുകൊണ്ടുള്ള ഒരു സ്കൂട്ടര്‍ യാത്ര..ഹോ.
വേറെ ഏതെങ്കിലും രാജ്യത്തിത് അനുവദിക്കുമോ എന്നറിയില്ല.(ഞാന് ‍ഒരു വെജ് ആണേ. അല്ലാത്തവര്‍ സദയം ക്ഷമിക്കുക).

ഏ.ആര്‍. നജീം said...

ഞാന്‍ ദിവസവും കാണുന്ന ഒരു കാഴ്ചയുണ്ട്...

ഫ്ലാറ്റിന്റെ താഴെ ഒരു ചിക്കന്‍ കടയുണ്ട് അവിടെയ്ക്ക് എന്നും വൈകുന്നേരം കോഴികളെ അവരുടെ വണ്ടിയില്‍ ഡെലിവറി ചെയ്യാറുണ്ട്. പച്ച നിറത്തിലെ പ്ലാസ്റ്റിക് ട്രേക്കകത്ത് അടച്ച ഒരു കൂട്ടം കോഴികളെ വണ്ടി നിര്‍ത്തിയുടന്‍ ട്രേ ഉള്‍പ്പടെ എടുത്ത് ആ ലോറിയില്‍ നിന്നും എടുത്ത് താഴേക്ക് ഇടുകയാണ്. ലോറിയുടെ മുകളില്‍ നിന്നും ശക്തിയായി വീഴുന്ന പ്ലാസ്റ്റിക്ക് കൂടിന്റെ ശബ്ദം കേട്ട് ആദ്യമൊക്കെ ജനാലിലൂടെ നോക്കാറൂണ്ടായിരുന്നു.. ഒന്ന് കരയുക പോലും ഇല്ലാ 'കീ' എന്ന ശബ്ദം മാത്രം ചില കോഴികള്‍ പുറപ്പെടുവിച്ചാലായി..

അങ്ങോട്ടേയ്ക്ക് ശ്രദ്ധിക്കാറില്ലെങ്കിലും ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ആ ട്രേ വീഴുന്ന ശബ്ദം പോലെ അസഹ്യമാകും പോലെ...

നന്നായി ...

പ്രിയ said...

ഒന്നുമാരും വെറുതെ തരുകില്ലെ
ന്നോര്‍ത്തില്ലല്ലോ നീയൊര‌ല്പമെങ്കിലും.... മനുഷ്യാ നീയും

ആമി said...

കോഴിയുടെ ആത്മാവിനു നല്ലതു വരട്ടെ
കൊള്ളാം മാഷെ