Friday, February 22, 2008

കുലുക്ക്

"ഇരുപത്തെട്ടുകെട്ട്, പുര‌വാസ്തുബലി, വിവാഹനിശ്ചയം, വിവാഹം, ഷഷ്ഠ്യബ്ദപൂര്‍ത്തി, സപ്തതി, പതിനാറടിയന്തിരം മുതലായ ചടങ്ങുക‌ളില് മുറതെറ്റാതെ പങ്കെടുക്കേണ്ടത് നാട്ടില്‍ ഒരു സാമൂഹ്യജീവിയാകാന്‍ അത്യന്താപേക്ഷിതമാകുന്നു."

നാട്ടിലെത്തിയിട്ട് ഏതാനും മാസങ്ങ‌ളായി.ചടങ്ങുക‌ള്‍ക്കൊക്കെ ക്ഷണിയ്ക്കപ്പെട്ടു തുടങ്ങി.

ഒരു ദിവസം ഒരു ബന്ധുവിന്റെ ക്ഷണപ്രകാരം ഞാന്‍ കുടുംബസമേതം കായംകുളത്തിനും കുറച്ചു കിഴക്കുള്ള ഒരു സ്ഥലത്തേയ്ക്ക് പോയി. അടുത്ത ബന്ധുവാണ്. അതുകൊണ്ട് ക‌ല്യാണത്തിന്റെ തലേന്നും പോകണം പോലും.

ഓ. പോയേക്കാം.

പയ്യന്റെ അച്ഛന്‍ മൂപ്പിലാന്‍ ഒരു മരക്കുരിശാണെന്ന് മുന്‍പേ ബോദ്ധ്യമുള്ളതാണ്. മേപ്പടിയാന്‍ ഒരു റിട്ടയേഡ് അദ്ധ്യാപകനാണ്. ഇതിയാന്‍ പണ്ട് ഒരാ‌ളോട് തന്റെ ഔദ്യോഗികജീവിതത്തെപ്പറ്റി വിവരിയ്ക്കുന്നത് ഞാന് കേട്ടിട്ടുണ്ട്.

"ഓ. ഞാന് സ്കൂളിലൊന്നും നില്‍ക്കുകേലാരുന്നു. രാവിലെ പോയി ഒപ്പിട്ടേച്ചിങ്ങു പോരും. പറമ്പി റബറും വാഴേം കപ്പേമൊക്കെക്കെടക്കുമ്പം അങ്ങ‌ന‌ങ്ങ് ഇട്ടെറിഞ്ഞു പോവാമ്പറ്റുവോ?"

എപ്പടി?

പിന്നെ പുള്ളിയ്ക്കുള്ള ഒരു പ്രത്യേകത, എത്ര പരിചയമില്ലാത്തവനേയും അവ‌ളേയും "എടാ.. പോടാ.. വാടാ എടീ പോടീ" എന്നൊക്കെയേ വിളിയ്ക്കൂ. കൂട്ടത്തില് വെകിടത്തരവും.

ചെന്നപാടെ നോക്കി.വരുന്നവരെ സ്വീകരിച്ചുകൊണ്ട് പേമുഖം പുമുഖത്തുതന്നെയുണ്ട്.

" ങാ ബാ ബാ. എടാ ഉവ്വേ നീയിങ്ങ് പോന്നു. ഇല്ലിയോ?"
ഞാന് മൂളി. "ങ്ങാ"

അശ്വമുഖന്‍ ആ ഭാഗത്തുള്ള എല്ലാവരേയും ഭരിപ്പിച്ചുകൊണ്ട് ഈസ്സിച്ചെയറില് മ‌ല‌ര്‍ന്നുകിടക്കുക‌യാണ്. കൈലിയുടെ പൊസിഷനൊക്കെ ഒരു വക. അടിയിലിട്ടിരിക്കുന്ന വരയന്‍ നിക്കറും അതിലെ സ്ഥാവരജംഗമ‌ങ്ങ‌ളും പ്രദ‌ര്‍ശ്ശിപ്പിച്ചുകൊണ്ടായിരുന്നു അതിയാന്റെ ഇരുത്തം.
കിട്ടിയ ചായയും ലഡ്ഡു,ഉണ്ണിയപ്പം തുടങ്ങി പല‌ഹാരങ്ങ‌ളൊക്കെക്കഴിച്ച് ഞാനിരിയ്ക്കേ ആളുക‌ള് കൂടുത‌ലായി എത്തിത്തുടങ്ങി. കഥാപുരുഷന് എല്ലാവരേയും സ്വീകരിയ്ക്കുന്നുമുണ്ട്. അപ്പോഴാണ് ഞാന് ഒരു കാര്യം ശ്രദ്ധിച്ചത്.

ഇഷ്ടന്റെ സ്വീകരണ‌ത്തിലെ ഒരു സ്ത്രീപക്ഷചായ്‌വ്.

വരുന്ന ആണുങ്ങ‌ളെയൊക്കെ എടാ പോടാ വാടാ വിളിക‌ളില് ഒതുങ്ങുന്നു. സ്ത്രീജന‌ങ്ങ‌ളെ അത്യന്തം ഹാര്‍ദ്ദവ‌മായാണ് സ്വീക‌ര‌ണം. ഒരുമാതിരി ചെറുപ്പമായ പെമ്പിള്ളാരെയൊക്കെ
"നീയിങ്ങ് വന്നേ" എന്ന് വിളിച്ച് അവരുടെ രണ്ട് തോളത്തും കൂടി കൂട്ടി അമ‌ര്‍ത്തിപ്പിടിച്ച് കുലുക്കുന്നു. കുലുക്കെന്ന് പറഞ്ഞാല് ന‌ല്ല അസ്സല് കുലുക്ക്.

തോള‌ത്തു ര‌ണ്ടിലും ഞെക്കിപ്പിടിച്ചിട്ടു
കൊങ്ക‌ത്തടങ്ങളെത്തുള്ളെ കുലുക്കീട്ടു
ത‌ള്ളിനില്‍ക്കുന്ന കണ്ണില്‍ തന്നാര്‍ത്തിയെ
യ‌ഞ്ചാതെ കാട്ടുന്നു നിസ്ത്രപ വാനരന്‍


ഇതായിരുന്നു അവസ്ഥ.

ഇതുകൂടാതെ കുറച്ചുകൂടി ചെറുപ്പമായ പെണ്‍കുട്ടിക‌ളെ ഇരുകവിള‌ത്തും തന്റെ കൈക‌ള് വെച്ചൊന്നു (ഹായ് ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ എന്നു ഭാവം!) ത‌ലോടിവിടാനും മൂപ്പിലാന്‍ മറക്കുന്നില്ല.

ഒരാ‌ള് തന്റെ ഭാര്യയും മ‌ക‌ളും രണ്ട് മ‌രുമക്ക‌ളുമായാണ് (സ്ത്രീക‌ള്‍) വ‌ന്നത്. മേപ്പടിയാന്‍ ആരെയും വെറുതെ വിട്ടില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓരോരുത്തരേയും പ്രത്യേകം എത്തിപ്പിടിച്ച് കുലുക്കെടാ കുലുക്ക്. ഒരു മുക്കാല്‍ മ‌ണിക്കൂറോളം ഈ വക ക‌ലാപരിപാടിയുമായി മൂപ്പില്‍സ്സ് കഴിച്ചുകൂട്ടി.മൂക‌സാക്ഷിക‌ളായി ഞാനും മ‌റ്റു ചില‌രും. ഇതിനോടിടയ്ക്ക് ഒരു ആണായിപ്പിറന്ന ഒരാ‌ള്‍ക്കുപോലും ഒന്നു ഹ‌സ്ത‌ദാന‌ം പോലും കൊടുത്തിരുന്നില്ല എന്നത് പ്രസ്താവ്യമാണ്.“ലേഡീസ് ഒണ്‍ലി”!
ഒടുവില്‍ കുലുക്കി ക്ഷീണിച്ച് ക‌ഥാപുരുഷന്‍ പുര്‍വ്വ‌സ്ഥിതിയില്‍ ഈസ്സിച്ചെയറില്‍ കിട‌പ്പായി.

അങ്ങനെ കുലുക്കുന്ന മൂപ്പിലാന്റെ വെകിട കാമ‌രസവും കുലുക്കപ്പെടുന്ന വനിതക‌ളുടെയും അവരുടെ ഒടപ്രന്നോന്മാരുടേയും ഭര്‍ത്താക്കന്മാരുടേയും ജാ‌‌ള്യ്തയുമൊക്കെക്കഴിഞ്ഞ് പോകാന്‍ നേരമായി. യാത്ര പറഞ്ഞ് ഞാനിറങ്ങി. ഭാര്യയും കുഞ്ഞുമൊക്കെ പുറകെ വരുന്നതേ ഉള്ളൂ. അകത്തു യാത്ര പറഞ്ഞു നിന്നതിനാലാവണം വരാന്‍ ഒര‌ല്പം താമസം. ഒടുവില്‍ എത്തി; ഞങ്ങ‌ളിറങ്ങുകയും ചെയ്തു.

വീട്ടിലെത്തിയപ്പോ‌ള്‍ ഞാന്‍ ചിരിച്ചുകൊണ്ട് ഭാര്യയോട് മൂപ്പിലാന്റെ കൂല‌ങ്ക‌ഷ‌മായ കുലുക്കിനെപ്പറ്റി പറഞ്ഞു.

ഭാര്യയുടെ പ്രതികരണം “അതു ശരി! ചിരിയ്ക്കുന്നോ? അയാള് എന്നെ ഒരു അഞ്ചുമിനിട്ടു നേര‌മാണ് പിടിച്ചു നിര്‍ത്തിക്കുലുക്കിയത്, യാത്ര പറഞ്ഞിറങ്ങാന്‍ നേരം. കൊര‌ങ്ങന്‍!”

ഗുണ‌പാഠം : വല്ലവരുടേയും ഭാര്യമാ‌ര്‍ പിടിച്ചുകുലുക്കപ്പെടുമ്പോ‌ള്‍ നീ അതിയായി സന്തോഷിയ്ക്കരുത്; ചിരിയ്ക്കരുത്. ഒരിയ്ക്കല്‍ നിന്റെ ഭാര്യയും കുലുക്കപ്പെടും എന്നോര്‍ക്കുക.

12 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ ഇന്നു നീ ആണേല്‍ നാളേ സ്വന്താം ഭാര്യം ആകാം ല്ലേ...

മൂപ്പിലാന്‍ ആളു കൊള്ളല്ലോ...

മൂര്‍ത്തി said...

:)
ബാച്ചികള്‍ക്ക് വേണേല്‍ തല്‍ക്കാലം ചിരിക്കാം അല്ലേ?

കാപ്പിലാന്‍ said...

:)

പാമരന്‍ said...

ഹഹഹ :) കലക്കി

ദിലീപ് വിശ്വനാഥ് said...

ഹഹഹ.. ആ കുലുക്ക് മഹാമഹത്തിനു തടയിടാന്‍ ആണായിപ്പിറന്നവരാരും ഇല്ലായിരുന്നോ അവിടെ?

ഇടിവാള്‍ said...

ഹഹഹ്.. . പുള്ളീ കുലുക്കിക്കുത്തു കളി ഫാന്‍ ആയിരുന്നോ?

സംഭവം രസിച്ചു.. നിഷ്കളങ്കയെ കുലുക്കിയതല്ല..പോസ്റ്റ് എഴുതിയ സ്റ്റൈല്‍ ;)

വേണു venu said...

ഹാഹാ...ഒറ്റ പ്രാവ്ശ്യം അങ്ങോരേ ഒന്നു കുലുക്കിയാല്‍ മതിയായിരുന്നു. പിന്നെ കുലുക്കല്‍ എന്നു പറയുമ്പോഴേ പണ്ടത്തെ ഒരു ഒപ്പും ഇട്ടു് റബ്ബറോ തെങ്ങോ ഒക്കെ കുലുക്കാന്‍ പോയേനേ..
:)

G.MANU said...

ഹഹ...കുലുക്കിക്കുത്തു കലക്കി മച്ചാ..

ഞാന്‍ ആരുന്നേല്‍ ഭാര്യയെങ്ങാനും അങ്ങേരു കുലുക്കാന്‍ വന്നെങ്കില്‍, അമ്മായി കുലുക്കി കൈ ഉളുക്കിച്ചേനേ.... പകരത്തിനു പകരം..

സംഗതി സ്റ്റൈലിഷ്....

Doney said...

പുള്ളി യുവതികളുടെ തോളത്തും കൊച്ചുപെണ്‍പിള്ളാരുടെ കവിളത്തുമൊക്കെ പിടിച്ചപ്പോള്‍ ചിരിച്ചോണ്ട് നിന്നതല്ലേ...
ഇന്നു ഞാന്‍ നാളെ നീ...
ഇന്നിതു വായിച്ചു ഞങ്ങള്‍ ചിരിക്കുന്നു..നാളെയോ.....??

Mr. K# said...

ഞാന്‍ ചിരിക്കുന്നില്ല. :-)

അവസാനം കൊരങ്ങന്‍ എന്ന് വിളിച്ചത് ആരെയാ?

പൊറാടത്ത് said...

ആ ഗുണപാഠം കുലുക്കി,, അല്ല കലക്കി..

Sethunath UN said...

കമന്റിയ എല്ലാവ‌ര്‍ക്കും നന്ദി
കുതിര‌വട്ടാ.. “കൊരങ്ങന്‍ “ എന്ന് എന്നെ വിളിയ്ക്കില്ലാ എന്നൊന്നുമില്ല.:) പക്ഷേ ഇപ്പോ‌ള്‍ മി.കുലുക്കിസ്റ്റിനെ തന്നെയാണ് വിളിച്ചത്.