Monday, February 25, 2008

മൂത്രപ്പുര‌യിലെ ചുവരെഴുത്തുക‌ളും ചുര‌ണ്ടലുക‌‌ളും

“ഏതു വിദേശത്തു ചെന്നു വസിച്ചാലും ഏകാംബപുത്രനാം കേര‌ളീയന്‍”

കേര‌ള‌ത്തിലെ പൊതുസ്ഥ‌ല‌ങ്ങ‌ളില്‍ ഉള്ള കംഫ‌ര്‍ട്ട് സ്റ്റേഷന്‍ എന്നറിയപ്പെടുന്ന ഡിസ്കംഫ‌ര്‍ട്ട് സ്റ്റേഷനുക‌ള്‍ മൂക്കും പൊത്തിപ്പിടിച്ച് കാര്യസാദ്ധ്യം ന‌ട‌ത്തേണ്ടവയാണെന്ന് പറ‌യേണ്ടതില്ല. മൂത്രപ്പുര എന്നാണ് പേരെങ്കിലും “അപ്പിഫിക്കേഷനും” (തിരുവന‌ന്തപുര‌ത്തുകാര്‍ ക്ഷ‌മിയ്ക്കുക) ചെയ്തു വെച്ചിരിയ്ക്കുമെന്നത് വേറെ കാര്യം.

ഇതിനൊക്കെ പുറമേയാണ് ഇതിന്റെ ഭിത്തിക‌ളിലുടനീളം കാണുന്ന ചുവ‌രെഴുത്തുക‌ളും ചുര‌ണ്ടലു‌ക‌ളും. മണിപ്രവാള‌വും, ചുവ‌ര്‍ച്ചിത്ര‌രചന‌യും തുടങ്ങി ദുസ്സഹ ദുര്‍ഗ്ഗന്ധ‌ത്തിലും ചിരിപ്പിയ്ക്കുന്ന തമാശക‌‌ളും ഇവയില്‍ ഉണ്ട്.

ആല‌പ്പുഴ എസ്.ഡി കോളേജില്‍ പഠിച്ചിരുന്ന കാല‌ത്ത് അവിടുത്തെ മെന്‍സ് ടോയ്‌ല‌റ്റിന്റെ പുറത്തെഴുതിയിരുന്ന പേര് “ക്ലിഫ് ഹൌസ്സ്” എന്നായിരുന്നു. ചുറ്റുപാടുക‌ള്‍ ടിപ്പിക്കല്‍ ബ‌സ്സ് സ്റ്റാന്‍ഡ് നില‌വാരം ; “മൂക്കുപൊത്തി” തന്നെ. ചെന്ന് കയറി നേരെ നോക്കിയാല്‍ കാണുന്ന ആദ്യ വാചകം
“ഇന്‍ഡ്യാസ് ഫ്യുച്ച‌ര്‍ ഇസ് നൌ ഇന്‍ യുവര്‍ ഹാന്‍ഡ്സ്”
മ‌റ്റൊന്ന്
“ ഷേക്ക് വെല്‍ ആഫ്റ്റ‌ര്‍ യൂസ്സ്”
“ഇവിടെ കാറ്റിനു സുഗന്ധം!

അങ്ങിനെ പോകുന്നു പച്ചില‌യിലും ക‌ള‌ര്‍ചോക്കിലുമുള്ള ക‌ലാല‌യ ശിലായുഗ പുരുഷ‌ന്മാരുടെ ചുവര്‍ ര‌ചന‌ക‌ള്‍.

ഇങ്ങിനെ ചുറ്റുപാടുക‌ള്‍ വൃത്തിയായി സൂക്ഷിയ്ക്കുന്നില്ലെന്നതോ പോകട്ടെ ഇത്രയും വൃത്തികെട്ട സ്ഥല‌ത്ത് കഷ്ടപ്പെട്ട് സാഹിത്യരചന ചെയ്യാനും മ‌ല‌യാളി മ‌റക്കുന്നില്ല.

ടൂറിസ്സം ഒരുപാട് പുരോഗമിച്ച മേഖല‌യാണിന്ന് കേര‌ള‌ത്തില്‍. പക്ഷേ ഇപ്പോഴും കഷ്ടിച്ച് എയര്‍പ്പോര്‍ട്ട് ഒഴിച്ചു നിര്‍ത്തിയാല്‍ മ‌റ്റെല്ലാ പൊതുസ്ഥല‌ങ്ങ‌ളിലും (ബസ്

സ്റ്റാന്‍ഡ്, റെയില്‍‌വേ സ്റ്റേഷന്‍, സര്‍ക്കാ‌ര്‍ ഓഫിസ്സുക‌ള്‍) ഉള്ള മൂത്രപ്പുരക‌ളുടെ അവസ്ഥ ശോചനീയം തന്നെ. പേ ആന്‍ഡ് യൂസ്സ് ടോയ്‌ല‌റ്റുക‌ള്‍ പോലും.

തിരുവ‌ന‌ന്തപുരം ടെക്നോപാര്‍ക്കില്‍ ഞാന്‍ ജോലി ചെയ്യുന്ന ബ്ലോക്കിലെ ടോയ്‌ലറ്റ് വിദേശ‌നിലവാര‌മു‌ള്ള‌തു തന്നെ (പടിഞ്ഞാറിനോടുള്ള ആരാധന കൊണ്ടല്ല. പക്ഷേ ഉപമിയ്ക്കാന്‍ ന‌ല്ലതൊന്ന് ന‌മ്മുടെ നാട്ടിലില്ലല്ലോ). വൃത്തിയും വെടിപ്പും സംവിധാന‌ങ്ങ‌ളുമെല്ലാം. അവിടെ കണ്ട ഒരു ചുവരെഴുത്താണ് ഇത്.

“പ്ലീസ്സ് ഡു നോട്ട് ഓപ്പണ്‍ ഓര്‍ ക്ലോസ് ദിസ് വാ‌ല്‍‌വ്” എന്ന അറിയിപ്പ് ചുരണ്ടി ശ‌രിയാക്കി
“ പ്ലീസ്സ് ഡു നോട്ട് ഓപ്പണ്‍ ഓര്‍ ലൂസ് ഹിസ് വാ‌ല്‍‌വ്“ എന്നാക്കി മാറ്റിയിരിയ്ക്കുന്നു ഏതോ ടെക്നോപാര്‍ക്ക് ചുവ‌രെഴുത്തു ക‌ലാകാരന്‍. ഇവിടെ നിലവിലുള്ള‌തിനെ ചുരണ്ടി വൃത്തികേടാക്കുക‌യാണ് ചെയ്തിരിയ്ക്കുന്നത്. വിദേശ ഡെലിഗേറ്റ്സ്സിനും മ‌റ്റും മ‌നസ്സിലാവുന്ന ഭാഷ‌യാവു‌മ്പോ‌ള്‍ എല്ലാം ഭംഗിയായി. ആരെങ്കിലും എന്ത് വിചാരിയ്ക്കും എന്നു വിചാരിയ്ക്കേണ്ട. പക്ഷേ എന്തിനിത് ചെയ്യണം എന്നാലോചിച്ചാല്‍ ഒരുത്തരവും കിട്ടുന്നില്ല. ചില‌യിടത്ത് TOILET TO LET ആയും മാറുന്നു.

സാമാന്യവല്‍ക്കര‌ണമ‌ല്ല. പക്ഷേ ആരൊക്കെയോ ചെയ്യുന്നത് എല്ലാവരുടെയും പേരിലാകുന്നു. സമീപന‌ത്തിന്റെ പ്രശ്ന‌മാണ്. എന്തു ചെയ്യാനാവും?

ബസ്സിലും ട്രെയിനിലും ഉള്ള നിയമ‌പ്രകാര‌മുള്ള അറിയിപ്പുക‌ളിലെല്ലാം ഈ “ചൊര‌ണ്ടല്‍” നിര്‍ബ്ബാധം തുടരുന്നു.
“കവല പാടില്ല കയ്യും തല‌യും പുറത്തിടു“ എന്നും “സ‌തിക‌ള്‍ മാത്രം” എന്നും ഒക്കെ ഏത് കെ.എസ്. ആര്‍.ടി.സി ബസ്സിലും വായിയ്ക്കാം. പോരാഞ്ഞിട്ട് കൈ കുത്തിച്ചാടിച്ച സീറ്റ് കുഷനുക‌ളും.

മന‌സ്സിന്റെ ദുര്‍ഗ്ഗന്ധം ചുവരിലേക്ക് പകരുന്നു ആരൊക്കെയോ.
നാറുന്നതോ എല്ലാവരും.
കഷ്ടം തന്നെ.

40 comments:

വാല്‍മീകി said...

സൌദി അറേബ്യയിലെ കൊട്ടാര സദൃശ്യമായ ഒരു ഓഫീസിലെ ടോയ്‌ലറ്റില്‍ മലയാളത്തില്‍ തെറി എഴുതിയിരിക്കുന്നത് കണ്ടിട്ടുണ്ട്.

കാപ്പിലാന്‍ said...

:)

കൃഷ്‌ | krish said...

നിഷ്കളങ്കാ... മൂത്രപ്പുരയിലെ ചുവര്‍ചിത്രങ്ങള്‍ പോസ്റ്റാത്തത് നന്നായി.

:)

ഹരിയണ്ണന്‍@Hariyannan said...

നിഷ്കാ..

മൂത്രപ്പുരകളില്‍ മാത്രമല്ല,അത്യാധുനിക ലിഫ്റ്റുകള്‍ക്കുള്ളിലും കാണാം മലയാളിയുടെ ഈ മഹനീയ കല!!

ഒരു “ദേശാഭിമാനി” said...

എല്ലാ ഗള്‍ഫിലേയും പൊതു ശൌചാലയള്‍ങ്ങളില്‍ ചില പ്രത്യേക പരസ്യം പ്രദര്‍ശിപ്പിക്കുന്നതു കണാറുണ്ട്. ഒന്നോ രണ്ടോ ടെലിഫോണ്‍ നമ്പരും - ഒപ്പം “മലയാളി” എന്നും! ഇതു കണ്ട് സ്വയം അവജ്ഞയോടെ നമ്മുടെ നാട്ടുകാരുടെ സംസ്കാരത്തെയും,സ്വഭാവത്തേയും ശപിക്കാറുണ്ട്. (അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ കിടക്കുമോ? അതിനു ചെളിയും ചേറും തന്നെ പഥ്യം!)

പച്ചാളം : pachalam said...

മലയാളത്തിലെ എഴുത്തുകള്‍ മാത്രമേ കണ്ടിട്ടുള്ളോ?
തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലും കണ്ടിട്ടുണ്ടല്ലൊ. മലയാളി മാത്രമല്ല മനോരോഗി.

പാമരന്‍ said...

ഇക്കാര്യത്തില്‍ പച്ചാളത്തിനോട്‌ യോജിക്കുന്നു.. ഇവിടെ നോര്‍ത്ത് അമേരിക്കയിലും കണ്ടിട്ടുണ്ട്‌ മൂത്ര-രചനകള്‌..

ഹരിത് said...

ഇത്തരം ഞരഅമ്പുരോഗികള്‍ എല്ലയിടത്തുമുണ്ട്.

പൊറാടത്ത് said...

“ഏതു വിദേശത്തു ചെന്നു വസിച്ചാലും ഏകാന്ത‌പുത്രനാം കേര‌ളീയന്‍”

നല്ല വിഷയം.. എന്നാലും ഇത് കേരളീയര്‍ മാത്രം ചെയ്യുന്നതല്ല.

പേര്.. പേരക്ക...! said...

ഐസക് അസിമോവിന്റെ ഒരു തമാശയുണ്ട്. മൂത്രപ്പുരയില്‍ നില്‍കുന്ന ആളുടെ മുന്നില്‍ വരച്ച arrow ചിഹ്നം മുകളിലേക്ക് തുടര്‍ന്നു പോകുന്നു. ഒടുവില്‍ തലക്കു മുകളില്‍ എഴുതിയിരിക്കുന്നതെന്തെന്നോ “ സുഹൃത്തേ, താഴേക്ക് നോക്കൂ, നിങ്ങള്‍ മൂത്രമൊഴിക്കുന്നത് നിങ്ങളുടെ കാലിലാണ്!”

സുലഭ് എന്ന പേരില്‍ നടത്തുന്ന പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനുകള്‍ ഈ രംഗത്ത് പ്രതീക്ഷക്ക് വക നല്‍കുന്നു. ഈയിടെ ചൈനയില്‍ നടന്ന ലോക റ്റോയ് ലെറ്റ് സമ്മേളനത്തിലും സുലഭിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസിക്കപ്പെട്ടിരുന്നു. എന്തോ കേരളത്തില്‍ ഇവ എവിടേയും കണ്ടിട്ടില്ല. ഒരു പക്ഷേ മലയാളിക്ക് ഇതൊന്നും ഒരു സാമൂഹിക പ്രശ്നമായി തോന്നുന്നുണ്ടാവില്ല.

ശ്രീ said...

അതെ, ഇതു കേരളീയര്‍ക്കു മാത്രമുള്ള മനോരോഗമല്ല. തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലും എല്ലാം എഴുതി വച്ചിരിയ്ക്കുന്നത് പലപ്പോഴായി പലയിടങ്ങളില്‍ കണ്ടിട്ടുണ്ട്.

വിന്‍സ് said...

പക്ഷെ ചിലപ്പോള്‍ ഉള്ള ഹ്യൂമര്‍ സെന്‍സ് അപാരം അല്ലേ??

കുഞ്ഞന്‍ said...

നാട്ടില്‍ പോയി വന്നിട്ട് ആദ്യം വായിച്ച പോസ്റ്റ്.. എന്റെഷ്ടാ, ഇത്തരം മഹത്തായ കഴിവുകള്‍ നമ്മള്‍ ഇന്ത്യാക്കാരിലാണ് കൂടുതലായും കണ്ടുവരുന്നതെന്ന് എനിക്കു തോന്നുന്നു...

പേരക്കയുടെ കമന്റും രസാവഹം..!

mayavi said...

അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ കിടക്കുമോ? അതിനു ചെളിയും ചേറും തന്നെ പഥ്യം.

malayalee is malayalee

സുല്‍ |Sul said...

ഇതു എല്ലാവരിലും കാണുന്ന ഒന്നല്ലേ. ഇതിനെ ഒരു മനോരോഗമെന്നും വിളിക്കാമോ? അതൊ ഇതെല്ലാം മനോരോഗമെന്നു പറയുന്നവനാണോ മനോരോഗി? സംസ്കാരമില്ലായ്മ എന്നു പറയാമെങ്കിലും മനോരോഗം എന്നത് എത്രത്തോളം ശരിയെന്നു കണ്ടറിയണം.
-സുല്‍

Anonymous said...

ബ്ലോഗര്‍.കോം മല്ലു മൂത്രപുരക്കളുടെ ഗതിയിലാണെന്നോര്‍ക്കുക.


കുളിമുറി സാഹിത്യം!

നിഷ്ക്കളങ്കന്‍ said...

ന‌ന്നാക്ക‌ല്‍ സ്വന്തം വീട്ടില്‍ നിന്നു തന്നെ എന്നുണ്ടല്ലോ. മ‌ല‌യാളി ഈ കാട്ടീക്കൂട്ടലിലും മ‌റ്റൂം ഒരു പ്രധാനി എന്ന സ്ഥിതിയില്‍ മ‌ല‌യാളിയ്ക്കു ന‌ന്നാവാന്‍ തുടങ്ങാവുന്ന‌താണ്. :)
ക‌മ‌ന്റിയ എല്ലാവര്‍ക്കും ന‌ന്ദി.
കൃഷ് - :)
പേരയ്ക്കായുടെ കമ‌ന്റ് പ്രത്യേകത‌യായി. :)
കുഞ്ഞന്‍സ് : സ്വാഗതം. വെക്കേഷന്‍ എങ്ങിനെയിരുന്നു?
അനോണി : എന്തിനൊളിച്ചിരിയ്ക്കണം സുഹൃത്തേ?
ഏതുതരം സാഹിത്യം വായിയ്ക്കുന്നവ‌ര്‍ക്കും വേണ്ടത് “ഏതു” മീഡിയയിലും ഉണ്ട്. പ്രിന്റ്/വിഷ്വല്‍ അങ്ങനെ അങ്ങനെ.. ബ്ലോഗും അതിനൊര‌പവാദമ‌ല്ല. പക്ഷേ മ‌ലയാളം ബ്ലോഗ് “കുളിമുറി സാഹിത്യം“ ആണെന്ന് പറഞ്ഞാല്‍ താങ്ക‌ളോട് എനിയ്ക്ക് സഹതാപ‌മാണ്. എന്താ താങ്ക‌ള്‍ തിര‌ഞ്ഞ‌പ്പോ‌ള്‍ അതേ കണ്ടുള്ളൂ? :)
(ഇത് വിഷ‌യേതര‌മാണ്.)

കനല്‍ said...

സ്വന്തം സ്യഷ്ടികള്‍ പബ്ലിഷ് ചെയ്യാന്‍ പലരും പല മാര്‍ഗ്ഗങ്ങളും കണ്ടെത്തുന്നു. ബ്ലോഗില്‍ വന്നെത്തി നോക്കുന്ന വായനക്കാരെക്കാള്‍ കൂടുതലായിരിക്കുമല്ലോ ഒരു പബ്ലിക് മൂത്രപുരയില്‍. ദേ ഇത് ആണുങ്ങള്‍ മാത്രം വായിച്ചാ മതി എന്ന് ബ്ലോഗിലൊരു തലക്കെട്ട് കൊടുത്താല്‍ അങ്ങനെ തന്നെയാവണമെന്നില്ല.(മറിച്ചുംചിന്തിച്ചോളൂ).എന്നാല്‍ മൂത്രപുരയില്‍ ഒരു പോസ്റ്റിട്ടാല്‍ അത് മറിച്ച് സംഭവിക്കാന്‍ സാധ്യതയില്ല. എന്നൊക്കെയാവും ഈ എഴുത്തുകാര്‍ ചിന്തിക്കുന്നത്.
ആവോ?

കൃഷ്‌ണ.തൃഷ്‌ണ said...

'ടോയ്‌ലെറ്റ് ഗ്രാഫിറ്റി' എന്നു പറയുന്ന മാനസികനില ആഗോളതലത്തിലുള്ളതാണ്‌. മലയാളികളെ മാത്രം കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. വിദേശികള്‍ എല്ലം സംസ്കാരശുദ്ധിയുള്ളവരാണെന്നു കരുതരുത്‌. അമേരിക്കയിലെ പൊതു കക്കൂസുകളിലെ അത്ര വൃത്തികേട്‌ തിരുവനന്തപുരത്തുണ്ടാകുമോ? സംശയമാണ്‌. ഇത്തരം ഗ്രാഫിറ്റികളില്‍ ഒളിഞ്ഞിരിക്കുന്ന തമാശകള്‍ ഓര്‍ക്കുമ്പോള്‍ ഈ മനോയാനത്തെക്കുറിച്ച് ആരും ചിന്തിക്കാറില്ല. ഇതിനെ ഒരു മാനസികരോഗം എന്ന നിലയില്‍ കാണാന്‍ കഴിയില്ല...അനോണിമസായി ചെയ്യാന്‍ കഴിയുന്ന ഒരു കുസൃതി എന്നു വിചാരിക്കുന്നതാണ്‌ കൂടുതല്‍ ശരി.... ഉള്ളിലെ അടക്കിവെച്ചിരിക്കുന്ന ലൈംഗികതയും, നിരാശയും, നിലവിലുള്ള സിസ്റ്റത്തോടുള്ള അമര്‍ഷവും ഒക്കെ അജ്ഞാതമായി പ്രകടിപ്പിക്കാന്‍ കണ്ടെത്തുന്ന ഒരു വേദി... കൂട്ടത്തില്‍ ഉള്ളിലെ ഹ്യൂമറിസവും.

കണ്ണൂസ്‌ said...

കുമാറിന്റെ ഈ ലേഖനം വായിച്ചിരുന്നോ?

നിത്യന്‍ said...

മൂത്രപ്പുരസാഹിത്യം പ്രോത്സാഹിപ്പിക്കുവാനുള്ള നടപടികള്‍ സാഹിത്യഅക്കാദമി തുടങ്ങിവച്ചിട്ടുണ്ട്‌. മന്ത്രിസുധാകരനെ ചെയര്‍മാനായും അഴീക്കോടു സുകുമാരനെ സിക്രട്ടറിയാക്കിയുമുള്ള ഒരു സമിതി താമസിയാതെ നിലവില്‍ വരും.

വിനയന്‍ said...

നിശ്കൂ

കിടക്കയില്‍ മൂത്രമൊഴിക്കുന്നതുപോലെതന്നെ..മൂത്രപ്പുരകളില്‍ എഴുതിവെക്കുന്നതും ഒരു മാനസിക വകല്യമാണെന്ന് ഏതോ ഒരു മാനസിക വിദഗ്ദന്‍ പറഞ്ഞതായി ഓര്‍ക്കുന്നു.

വെള്ളെഴുത്ത് said...

പറയാന്‍ വന്നത് കൃഷ്ണതൃഷ്ണ പറഞ്ഞു. മറപ്പുരയിലെ എഴുത്തിന്റെ മനശ്ശാസ്ത്രം പെട്ടെന്ന് മനസ്സിലാക്കാന്‍ നമുക്ക് കഴിയാത്തതാണ്. സാമ്മൂഹിക സമ്മര്‍ദ്ദം ഏറുന്നു എന്നൊരു പ്രശ്നമുണ്ട് ഈ എഴുത്തുകളുടെ ആധിക്യത്തിന്. യാചകന്മാരെ സൃഷ്ടിക്കുന്നതിലും ചേരികള്‍ ഉണ്ടാവുന്നതിലും സമൂഹത്തിനു പങ്കുണ്ട്. പക്ഷേ അവയെ പറ്റി സംസാരിച്ചു തുടങ്ങുമ്പോള്‍ അതു നാം സൌകര്യപൂര്‍വം മറക്കും. എന്നിട്ട് എറ്റവും നികൃഷ്റ്റമായ വാക്കുകളുപയോഗിച്ച് അവയെ വിശേഷിപ്പിക്കും. അതങ്ങനെയാണ്. പേരയ്ക്കേ സുലഭ് തമ്പാനൂരുണ്ട് (തിരുവനന്തപുരത്ത്)

പപ്പൂസ് said...

കൃഷ്ണതൃഷ്ണ പറഞ്ഞതിനോടു യോജിക്കുന്നു.

അതുപോലെ മലയാളത്തിലുള്ളത് മാത്രം ശ്രദ്ധിക്കുന്നതു കൊണ്ടാവും മറ്റുള്ളതു കാണാതെ പോകുന്നത്. ട്രെയിനുകളില്‍ എല്ലാ ഭാഷയിലും കണ്ടിട്ടുണ്ട്! ചിലപ്പോഴെങ്കിലും ഗൂഢമായി വായിച്ചു രസിക്കാറുമുണ്ട്. TOILET TO LET ആക്കുന്നതിലെ ക്രിയേറ്റിവിറ്റിയെക്കുറിച്ചാണ് കൂടുതലാലോചിക്കാറ്! :)

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

കൃഷ്ണതൃഷ്ണ പറഞ്ഞതാണ് ഏറ്റവും ശരി . ചില മാനുഷിക ഭാവങ്ങള്‍ സാര്‍വ്വലൌകികമാണ് . അവിടെ ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകള്‍ വരയ്ക്കുന്നത് ശരിയല്ല . ജന്മസിദ്ധമായ ലൈംഗികതൃഷ്ണ ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെടേണ്ടിവരുന്നത് മനുഷ്യന്‍ എന്ന ജീവിവര്‍ഗ്ഗത്തിന് മാത്രമാണ് .ഇതാരും അനുഭാവപൂര്‍വ്വം പരിഗണിക്കാറില്ല . എന്നാലും ചിലപ്പോള്‍ തീവണ്ടിയിലെ ടോയ്‌ലെറ്റില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ എന്റെ മക്കളും ഇതേ മുറിയില്‍ കുറച്ചു കഴിഞ്ഞ് കയറേണ്ടതല്ലേ എന്ന് വിഷമം തോന്നിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട് . അത്കൊണ്ട് നിര്‍ദ്ദോഷമായ ഒരു കുസൃതിയായി ഇതിനെ കാണാനും കഴിയുന്നില്ല.

നിഷ്ക്കളങ്കന്‍ said...

കൃഷ്‌ണ.തൃഷ്‌ണ : അഭിപ്രായത്തിന് നന്ദി. ആരെയെങ്കിലും താറടിച്ചു കാണിയ്ക്കുകയോ മ‌റ്റോ അല്ല ഉദ്ദേശ്യം. എന്തുകൊണ്ട് ന‌മ്മില്‍ നിന്നു തന്നെ ഇതിനൊരു തടയിടാനുള്ള ബോധവല്‍ക്കര‌ണം ഉണ്ടാവുന്നില്ല എന്നതാണ്. എന്തായാലും ന‌മ്മുടെ നാട്ടിലെ അത്ര വൃത്തികേട് വിദേശങ്ങ‌ളില്‍ കാണുന്നില്ല ഇക്കാര്യത്തില്‍. എക്സ‌പ്ഷന്‍സ് ഉണ്ടാവാം.ലൈംഗികതയില്‍ക്കാട്ടുന്ന കപട അച്ചടക്കത്തിന്റെ പാതിയെങ്കിലും ഇക്കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു. ഒരുപാട് അഡ്വാന്‍സ്ഡ് എന്നു കരുതുന്ന ഒരു മേഖല‌യിലുള്ള സ്ഥാപനത്തിലെ ചുവ‌രെഴുത്തും ചൂണ്ടിക്കാട്ടിയത് ഈ പശ്ചാത്തല‌ത്തിലാണ്.
കണ്ണൂസ്‌ : കുമാറിന്റെ ലേഖനം ഇപ്പോഴാണ് കാണുന്നത്. ലിങ്കിന് വ‌ള‌രെ ന‌ന്ദി
നിത്യന്‍ : സാഹിത്യഅക്കാദമിയിലെ ദുര്‍ഗ്ഗ‌ന്ധം അസ്സ‌ഹ്യം തന്നെ... :)
വിനയന്‍ : ന‌ന്ദി
വെള്ളെഴുത്ത് : നന്ദി. സുലഭ് ഇവിടെയുണ്ടെന്നറിഞ്ഞിരുന്നില്ല.
പപ്പൂസ് : ശരിയാണ്.
കെ.പി : സ‌ത്യമാണ്. ഒരു നിര്‍ദ്ദൊഷിത്വം ഒരിയ്ക്കലും കാണാന്‍ കഴിയില്ല. നന്ദി

Anonymous said...

മലയാളത്തില്‍ മാത്രം അല്ല ഈ വികൃതികള്‍. ചിലതിലെയൊക്കെ ക്രിയേറ്റിവിറ്റി അപാരം തന്നെയാണ്.

അശ്ലീലഭാഷ പരസ്യമായി ഉപയൊഗിക്കുന്നതിനെക്ക്കുറിച്ച് മലയാളത്തില്‍ നല്ല വിലയിരുത്തല്‍ വന്നിട്ടുള്ളത് ആഷാമേനോന്‍ വിജയന്റെ അശാന്തിയെയും പുരാണത്തെയും ചേര്‍ത്തെഴുതിയ അഴുക്കില്‍ ചാലിച്ച ഗീതാദുഃഖം ആണ്.

ബ്ലോഗില്‍ കുമാ‍റേട്ടന്റെ ഗ്രാഫിറ്റി പഠനം കൂടാതെ കെ എം പ്രമോദിന്റെ ഒരു കവിതയിലും ഇതിനെക്കുറിച്ച് സൂചനയുണ്ട്.

പറയാനുള്ളത്
1. ഇത്തരം എഴുത്തുകള്‍ പ്രോത്സാഹിപ്പിക്കേണ്ടതില്ല. ഉറപ്പായും.

2. ഇതില്‍ എല്ലാം എന്തോ ദുഷിച്ച മനസ്ഥിതിയുടെ അപകടകരമാ‍യ സൂചന ഉണ്ട് എന്ന ധാരണ ഒഴിവാക്കണം. ചുരുക്കം ചിലരേ സ്ഥിരമായ ദോഷഫലങ്ങള്‍ ഉള്ള മാനസികാവസ്ഥ ഗ്രാഫിറ്റിയില്‍ പ്രകടിപ്പിക്കാറുള്ളൂ.

3. നല്ല കുരുത്തക്കേട് കാണുമ്പോള്‍ ഉറക്കെ ചിരിക്കാനും തമാശമനസ്സിലാവുന്ന കമ്പനിയില്‍ ഷെയര്‍ ചെയ്യാനും ശീലിക്കുക. അസ്ഥാനത്ത് ധാര്‍മിക് റോഷന്മാരായാല്‍ ചുറ്റുവട്ടത്ത് സൂപ്പര്‍ സ്റ്റാര്‍ ആവാന്‍ പറ്റിയേക്കും. ഇറ്റ് ഇസ് നോട് വര്‍ത്ത് സ്പോയിലിംഗ് യുവര്‍ റ്റൈം. :)

Anonymous said...

കൃഷ്ണ തൃഷ്ണയുടെയും വെള്ളെഴുത്തിന്റെയും കമന്റുകള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ കമന്റ് ഇത്ര നീട്ടില്ലായിരുന്നു ;)

എതിരന്‍ കതിരവന്‍ said...

വസ്ത്രം ധരിക്കാന്‍ നിര്‍ബ്ബന്ധിതനായ മനുഷ്യന്റെ അമര്‍ഷം ആണത്രെ ഉടുപ്പ് ഇടുവിക്കുമ്പോള്‍ ഊരിക്കളയുന്ന കുഞ്ഞ് പ്രകടിപ്പിക്കുന്ന്ത് എന്ന് വായിച്ചിട്ടുണ്ട്. ടോയ് ലറ്റിലെ എഴുത്ത് സമൂഹത്തോടാണ് സംവദിക്കാന്‍ തിടുക്കം കൂട്ടുന്നത്. പരസ്യമല്ലാത്ത സ്ഥലത്ത് ഇത് എഴുതപ്പെടാറില്ല. ഇതു വായിക്കാനും ഒരു ഉള്‍പ്രേരണയുണ്ട്. ഒരു ടോയ് ലറ്റില്‍ ഭിത്തിയില്‍ താഴെ എഴുതിയിരുന്നത്:
You are leaning 45 degree to read this.

നിഷ്ക്കളങ്കന്‍:
വള്ളത്തോളിന്റെ ഉദ്ധരണിയില്‍ തിരുത്ത്: “ഏകാംബ പുത്രരാം” എന്നാണ്. “ഏകാന്ത” അല്ല.

നിഷ്ക്കളങ്കന്‍ said...

ഗുപ്തന്‍
കൃഷ്ണതൃഷ്ണ‌യുടെ കമ‌ന്റിന് പറഞ്ഞ മ‌റുപടി തന്നെ.
"അസ്ഥാനത്ത് ധാര്‍മിക് റോഷന്മാരായാല്‍ ചുറ്റുവട്ടത്ത് സൂപ്പര്‍ സ്റ്റാര്‍ ആവാന്‍ പറ്റിയേക്കും" :) ന‌ല്ല ക‌ളിയായിപ്പോയി.താങ്ക‌ള്‍ പറഞ്ഞപോലെ അതിനൊന്നും ക‌ള‌യാന്‍ നേരമില്ല മാഷേ. വേണ്ടാ താനും. പക്ഷേ ഇങ്ങ‌നെയൊന്ന് എഴുതിയതുകൊണ്ട് ഗ്രാഫിറ്റിയെപ്പറ്റിയും മ‌റ്റും അറിയാന്‍ സാധിച്ചു എനിയ്ക്ക്.
ഈ പോസ്റ്റ് അല്ല കമ‌ന്റ് ആണ് വായിയ്ക്കപ്പെടുക എന്ന് തോന്നുന്നു.
നന്ദി
എതിരന്‍
വ‌ള്ള‌ത്തോളിന്റെ ഉദ്ധരണിയില്‍ വരുത്തിയ തിരുത്തിന് ഖേദം പ്രക‌ടിപ്പിയ്ക്കട്ടെ.എന്റെ അറിവില്ലായ്മ
"ഏകാന്ത പുത്രരാം” എന്നത് "ഏകാംബ പുത്രരാം” എന്ന് തിരുത്തിയിട്ടുണ്ട്.
നന്ദി

Anonymous said...

നിഷ്കളങ്കാ ആ ധാര്‍മിക് റോഷന്‍ കമന്റ് വ്യക്തിപരമായി എടുത്തോ എന്ന് ശങ്ക.

അത് വ്യക്തിപരമല്ല. പലകാര്യങ്ങളെക്കുറിച്ചു വ്യക്തിപരമായ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ധാര്‍മികരോഷം കൊള്ളുന്നത് സാമാന്യമായ ഒരു മനുഷ്യതിന്മയാണ്. ഞാനടക്കം എല്ലാവരും ചെന്നുവീഴുന്ന തെറ്റ്. ആ കമന്റ് എന്നെ ഉള്‍പടെ എല്ലാവരെയും ഉദ്ദേശിച്ചുള്ളതാണ്.

നിഷ്ക്കളങ്കന്‍ said...

ഗുപ്തന്‍
ഒരു പ്രശ്നവുമില്ല മാഷേ.:)
ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും വ‌ള‌രെ നന്ദി

അച്ചായന് said...
This comment has been removed by the author.
അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ആരെന്തോക്കെ പറഞാലും ഞാന്‍ മൂത്രപുരയുടെ ചുവരില്‍ എഴുതും

maramaakri said...

"കഥയും കാലവും ജനിയും മരണവും ഒരുമിച്ചു പുല്കുമീ കടല്പാല വീഥിയില്‍
എന്റെ കനവുകളും നിന്റെ നിശ്വാസവും ഒരേ കാല്പാടുകള്‍ പിന്തുടരട്ടെ" - വായിക്കൂ: ചെരിപ്പ് (ഒരു കാപ്പിലാന്‍ മോഡല്‍ പൊട്ടക്കവിത) http://maramaakri.blogspot.com/

maramaakri said...

മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങളുടെ ലോകത്തേക്ക്.
വായിക്കുക: http://maramaakri.blogspot.com/2008/03/blog-post_709.html

മുരളീകൃഷ്ണ മാലോത്ത്‌ said...

നന്നായിരിക്കുന്നു....
ഇഷ്ടമായി. :)

ഗീതാഗീതികള്‍ said...

മലയാളി എവിടെപ്പോയാലും മലയാളി തന്നെ...

എന്നാലും മലയാളിയുടെ ആ ഹ്യൂമര്‍ സെന്‍സ് സമ്മതിച്ചു കൊടുക്കണം.

പാഞ്ചാലി :: Panchali said...

ചെയ്യുന്ന കാര്യം മോശമാണെങ്കിലും തിരുത്തല്‍ വിദ്യയില്‍ ചില വിരുതന്മാരുടെ "തല" (തിരിഞ്ഞത്) അപാരം തന്നെ. സെന്‍സ് ഓഫ് ഹ്യുമര്‍ ഉള്ളവര്‍ ആരും ചിരിച്ചു പോകും. പണ്ട് ഞാന്‍ സ്ക്കൂളില്‍ പഠിക്കുമ്പോള്‍, പോകുന്ന വഴി കണ്ട "അണിയാത്ത വളകള്‍" സിനിമയുടെ പോസ്റ്റര്‍, തിരിച്ചു വന്നപ്പോഴേക്കും "അണയാത്ത വളികള്‍" ആക്കിയിരിക്കുന്നതായി കണ്ടതോര്‍ക്കുന്നു.

ഓ. ടോ.
പണ്ട് "ഗ്രാഫിറ്റി" എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ "ഗ്രഫീറ്റി" യാക്കി സഹോദര പുത്രി തിരുത്തി തന്നു (അമേരിക്കയില്‍ അങ്ങിനയാണത്രെ പറയുന്നത്‌). ഇവിടെ നോക്കിയാല്‍ കാണാം.

നിത്യന്‍ said...

മിക്ക മൂത്രപ്പുരകള്‍ക്കുമുണ്ട്‌ ഒരക്കാഡമി മണം.