Sunday, March 1, 2009

പയ്യനും ദോശയും കമ്മ്യൂണിസ്റ്റുകാരും - വി.കെ.എന്നിനെ വായിയ്ക്കുമ്പോ‌ള്‍

വി.കെ. എന്നിന്റെ പുനര്‍വായന ഒരാഘോഷമാണ്. 1979 ല്‍ പ്രസിദ്ധീകരിച്ച വി.കെ. എന്നിന്റെ പയ്യന്‍ കഥകള്‍ വായിയ്ക്കുമ്പോഴും,1976 ലെ പിതാമഹന്‍ വായിയ്ക്കുമ്പോഴും സമ‌കാലിക രാഷ്ടീയ-ന‌യതന്ത്ര മേഖല‌കളില്‍ പ്രസ്തുത കൃതികള്‍ക്കുള്ള പ്രസക്തി കണ്ടാല്‍ അത്ഭുതം തോന്നും. ഓരോ കഥയും, ഓരോ ഭാഗവും, കഥാപാത്രങ്ങളുടെ ഓരോ ചെയ്തികളും വാക്കുകളും ഇന്നു കാണുന്ന എന്തിനെയൊക്കെയോടോ ബന്ധിപ്പിക്കാനും കൂട്ടിവായിയ്ക്കാനും വായന‌ക്കാരന് കഴിയുന്നു. എഴുത്ത് കാല‌ത്തെ അതിജീവിച്ചാല്‍ എഴുത്തുകാരന്‍ മ‌ഹാനാണ്. വി.കെ.എന്‍ അങ്ങനെ മ‌ഹാന്‍ ആവുന്നു.എഴുത്തുകാരുടെ കുലപതിയും.

പയ്യന്‍ കഥകളിലെ “ദോശ” വായിയ്ക്കുമ്പോള്‍ ഇന്നത്തെ ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റി(?)ന്റെ കപട കമ്മ്യൂണിസ്റ്റ് വീക്ഷണ‌ങ്ങളെയും സുഖ‌ലോലുപതയെയും കണ്മുന്‍പില്‍ കണ്ട് എഴുതിയതുപോലെ തോന്നും. ചിരിച്ച് മ‌റിയുന്നതിനൊപ്പം ചിന്തിപ്പിക്കുന്ന മ‌റ്റൊരു വി.കെ.എന്‍ ഉദാത്തശില്‍പ്പം.

അറസ്റ്റ് വെട്ടിച്ച് ഒളിവില്‍ കഴിയുന്ന കമ്മ്യൂണിസ്റ്റുകാരനായ പയ്യന് ദോശ തിന്നാനുള്ള കൊതി കലശലാവുന്നു. സഹിക്കാന്‍ പറ്റുന്നില്ലെന്നര്‍ത്ഥം.”നായുടെ നാക്കിന്റെ നേര്‍മ്മയില്‍ കുത്തും പുള്ളിയും നിറഞ്ഞ് കുഴഞ്ഞാടുന്ന ദോശയുടെ വിഗ്രഹം” പയ്യന്റെ മ‌നസ്സില്‍ ഉയരുകയാണ്. ഇവിടെ ദോശ ഒരു പ്രലോഭന‌മാണ്. വിപ്ലവം,നിഷ്ക്കാമ‌ കര്‍മ്മമായ ജന‌സേവനം എന്നിവ ലക്ഷ്യമാക്കിയ കമ്മ്യൂണിസ്റ്റുകാരന്‍ തന്റെ നിയോഗം മ‌റന്ന് സുഖ‌ലോലുപതയുടെ പ്രലോഭന‌‌ത്തിനു വശംവദ‌നാവുന്നു. കര്‍ക്കശനായ വിപ്ലവകാരിയായ പയ്യന്‍ തന്നോടുതന്നെ ചോദിയ്ക്കുന്നു. “വാദത്തിനുവേണ്ടി നീ പോയി ദോശതിന്നാന്‍ തീരുമാനിച്ചു എന്നുതന്നെ വെക്കുക. എങ്കില്‍ ആയത് പാര്‍ട്ടിയുടെ അച്ചടക്ക‌ത്തിനും നിയമാവലിയ്ക്കും എതിരാവില്ലേ?” ആ നിമിഷത്തില്‍ പയ്യന്റെ വയറ്റില്‍ ആര്‍ത്തിയുടെ വീണ‌ക്കമ്പി ഒരു ക്വാണം പുറപ്പെടുവിച്ചു. പ്രലോഭന‌ത്തിനു ചുവടെ പയ്യന്റെ മ‌ന‌സ്സ് വൈരുദ്ധ്യാധിഷ്ഠിത ഭൌതികസിദ്ധാന്തത്തില്‍ അപ്പോ‌ള്‍ ചുട്ടെടുത്ത ഒരു ദോശകണ‌ക്ക് കുഴഞ്ഞു വീണു.നോക്കുക.. ഇത് ഇന്നത്തെ കര്‍ക്കശക്കാരെന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന അല്ലെങ്കില്‍ സ്വയം ന‌ടിയ്ക്കുന്ന കമ്മ്യൂണിസ്റ്റ്കാര്‍ക്കിട്ട് മ‌നോഹര‌മായ ഒരു പൂശാണ്. ഭൌതികപ്രലോഭന‌ങ്ങള്‍ക്ക് പിറകേ കണ്ണുമ‌ടച്ച് പായുന്ന നാട്യക്കാരായ കമ്മ്യൂണിസ്റ്റിനെ വി.കെ.എന്‍ തൊലിയുരിക്കുകയാണ്.

കൊച്ചുവെളുപ്പാ‌ന്‍‌കാല‌ത്ത്, അഭയം കൊടുത്ത വീട്ടുകാരോട് മിണ്ടാതെ പയ്യന്‍ പാര്‍ട്ടി അനുഭാവിയായ രാമ‌ന്‍കുട്ടിയുടെ ചായക്കടയില്‍ പിന്‍‌വാതിലിലൂടെ പ്രവേശിയ്ക്കുകയാണ്. അഞ്ചിടങ്ങഴി വലുപ്പത്തിലുള്ള ഒരു പാത്രം നിറയെ ദോശമാവും ഒരു കുട്ടകം നിറയെ ചട്നിയും അവിടെ തയ്യാര്‍.

സഖാവിനെക്കണ്ട് അത്ഭുതപ്പെട്ട രാമ‌‌ങ്കുട്ടിയോട് താന്‍ അണ്ട‌ര്‍ഗ്രൌണ്ടിലാണെന്നും ആഗമ‌നോദ്ദേശ്യവും അറിയിയ്ക്കുന്നു. പിന്നെ അനസ്യൂതം അവിരാമം അസ്സംഘ്യം ദോശക‌ള്‍ പയ്യന്‍ തന്നെ ചുട്ടുതിന്നുക‌യാണ്. പാര്‍ട്ടിയെ വിശ്വസിച്ചും ബഹുമാനിച്ചും നിത്യത്തൊഴിലെടുത്തു ജീവിക്കുന്ന ഒരു പ്രവര്‍ത്തകനെ തന്റെ സുഖം മാത്രം ലക്ഷ്യമാക്കി അവ്ന്റെ കഞ്ഞിയില്‍ പാറ്റയിടാനും രണ്ടാലൊന്ന് ചിന്തിക്കാത്ത ഒരു കപ‌ടകമ്മ്യൂണിസ്റ്റിനെ വി.കെ.എന്‍ ന‌ര്‍മ്മമ‌ധുര‌മായി വരച്ചുകാട്ടുന്നു. ചായക്കടയിലെ പതിവുകാരെ കാലിച്ചായ കൊടുത്തും തൊടുന്യായങ്ങള്‍ പറഞ്ഞും രാമ‌ന്‍‌കുട്ടി പിടിച്ചു നിര്‍ത്തിയെങ്കിലും ഇടക്കൊരു പോലീസ്സുകാരന്‍ വന്നതോടെ രാമങ്കുട്ടി അകത്തേക്ക് വന്ന് പയ്യനോട് രണ്ട് ദോശ താന്‍ തന്നെ ചുട്ടുകൊടുത്ത് അയാളെ പറഞ്ഞയച്ചേക്കാമെന്ന് പറയുന്നു. “താന്‍ പോയി പോലിസ്സുകാരന് ചായയും അനുഭാവവും പക‌ര്‍ന്നുകൊട്. അപ്പോഴേക്കും ഞാന്‍ ദോശ ശരിപ്പെടുത്താം” എന്നാണ് പയ്യന്റെ നിലപാട്. എല്ലാ പോലീസുകാരെയും ശപിച്ചുകൊണ്ട് പയ്യനൊഴിച്ചുണ്ടാക്കിയ ദോശ ചുട്ടെടുത്തപ്പോ‌ള്‍ താന്‍ ഉണ്ടാക്കിയറ്റ്യ്ഹിലേക്കേറ്റവും മുന്തിയതാ(“മൊരിഞ്ഞ് ചുകന്ന് തീറ്റപ്രായമായിക്കിടക്കുന്നു”)യപ്പോ‌ള്‍, പ്രലോഭനം താങ്ങാനാവാതെ ആ ദോശയും സ്വയം തിന്നുന്നു. ഒന്നല്ല. വീണ്ടും വീണ്ടും. വിശപ്പുമൂത്ത് അടുക്കള‌യിലേക്ക് പ്രവേശിച്ച് പോലീസ്സുകാര‌നോട് സ്വാഭാവികത തോന്നിക്കാനായി രാമ‌‌ന്‍‌കുട്ടി പയ്യനെ ചെവിക്കുപിടിച്ചു മാറ്റി നിര്‍ത്തിയിട്ട്, പയ്യന്‍ മ‌ല‌ബാറുകാരനായ പുതിയ സഹായിയാണെന്നും പരിചയക്കുറവുണ്ടെന്നും പറഞ്ഞ് ഒരു വിധത്തില്‍ ഒഴിവാക്കുന്നു. പോലീസ്സുകാരന്‍ പോയപ്പോ‌ള്‍ ചെവിക്കുപിടിച്ച‌തിന് ക്ഷമ പറഞ്ഞ രാമ‌ന്‍‌കുട്ടിയോട് ഉദാരമായി പയ്യന്‍ പറയുന്ന “ മ‌റന്നുകള! വിപ്ലവം വന്നാല്‍ തന്നെ ഒന്നും ചെയ്യുകില്ല” എന്ന വാചകം ചിരിയുടെ തിര‌യിളക്കുന്നു.

അനായാസമായി വീണ്ടും വീണ്ടും ദോശ ചുടുകയും തിന്നുകയുമായിരുന്നു പയ്യന്‍. അപ്പോ‌ള്‍ “സോഷ്യലിസ്റ്റ് അഭിവാദ്യങ്ങ‌ള്‍” പറഞ്ഞുകൊണ്ട് പോലീസ് ഇന്‍സ്പെക്ടരും പാര്‍ട്ടിയും പ്രവേശിക്കുകയാണ്, പയ്യനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകാന്‍. അചഞ്ചല വിപ്ലവകാരിയായ പയ്യന്‍ ചട്ടി കാണിച്ചിട്ട് രണ്ട് ദോശക്കുള്ള മാവുകൂടിയുണ്ടെന്ന് പറയുന്നു. “എന്നാല്‍ എളുപ്പം കഴിക്ക്. സ്റ്റേറ്റില്‍ ജന‌കീയമ‌ന്ത്രിസഭ നില‌വിലില്ലാത്ത കാലഘട്ടത്തില്‍ അറസ്റ്റിനു മുന്‍പ് തന്നെ പട്ടിണിക്കുട്ടു എന്ന പരാതി വേണ്ട” എന്ന് ഇന്‍സ്പെക്ട‌ര്‍ പറയുന്നിടത്ത് കഥ അവസാനിക്കുന്നു.

കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങ‌ളും സൈദ്ധാന്തികരും പ്രയോഗങ്ങ‌ളും പ്രയോക്താക്കളും ഇന്നെത്തി നില്‍ക്കുന്ന അവസ്ഥയെ വികെഎന്‍ മുന്‍പിന്‍ നോക്കാതെ പരിഹസിക്കുകയാണ് ഈ കഥയില്‍.

ഒരുപക്ഷേ വികെഎന്‍ ഈ കഥ എഴുതിയ കാലത്തിനേക്കാളും എത്രയോ അധികമാണ് അതിന്റെ പ്രസക്തി ഇന്നുള്ളത് എന്നറിയുമ്പോഴാണ് ആ മ‌ഹാനായ എഴുത്തുകാരനെ നമിച്ചുപോകുന്നത്.

ഒരു വെറും തമാശക്കഥ എന്ന തല‌ത്തില്‍ വായിച്ചാലോ. ചിരിച്ച് തല‌തല്ലിക്കുന്ന “ഫു‌ള്‍ വികെഎന്‍ ടച്ച്“ ഉള്ള കഥ‌യാണിതും. രുചിയുടെ രാജാവായിരുന്നു വി‌കെഎന്‍. ചില വി‌കെ‌എന്‍ കൃതിക‌ള്‍ വായിച്ചാല്‍,ഒരു ശരാശരി മ‌ല‌യാളിയുടെ നാവിലെ ര‌സമുകുള‌ങ്ങളുടെ മ‌ര്‍മ്മത്ത് രുചിയുടെ സൂചിക‌ള്‍ കൊണ്ടുള്ള കുത്ത് കൊള്ളുമെന്നത് ഉറപ്പാണ്. അനുഭവം ഗുരു. ഉദാഹരണ‌ങ്ങ‌ള്‍ അസ്സംഘ്യം. അതൊരു പോസ്റ്റാക്കാന്‍ തന്നെയുണ്ട്.

17 comments:

Haree said...

ഒന്നുകൂടിയതൊക്കെ എടുത്തു വായിച്ചാലോ എന്നു തോന്നിപ്പിക്കുന്ന പോസ്റ്റ്... :-)
--

മൂര്‍ത്തി said...

വി.കെ.എന്‍ മുന്‍‌കൂട്ടി ‘കണ്ടു‘ എന്നതിനേക്കാള്‍ ഏറെ ഇത് വെളിവാക്കുന്നത് അന്നെ ഉണ്ടായിരുന്നു ‘പരിപ്പുവടയും കട്ടന്‍ ചായയും’ ഉപേക്ഷിക്കുന്ന കമ്യൂണിസ്റ്റ്കാരനെക്കുറിച്ചുള്ള പ്രചരണങ്ങള്‍ എന്നല്ലേ? അന്തകാലത്ത് എല്ലാം കിടിലമായിരുന്നു എന്ന പ്രചരണം അന്നേ ഉണ്ടായിരുന്നു എന്നര്‍ത്ഥം. അഴീക്കോടന്‍ രാഘവന്‍ ചന്ദനവാതിലും ചന്ദനക്കട്ടിലും ഉള്ള വീട്ടിലായിരുന്നു ജീവിച്ചിരുന്നത് എന്നത് അക്കാലത്തെ പ്രചരണത്തിന്റെ സാമ്പിള്‍.

നവകേരള മാര്‍ച്ചില്‍ പങ്കെടുക്കവെ അഴീക്കോടന്‍ രാഘവന്റെ പത്നി മീനാക്ഷി ടീച്ചര്‍ പറഞ്ഞത് എടുത്തെഴുതുന്നു.

....... "അഴീക്കോടന്‍ പാര്‍ടി സെക്രട്ടറിയായിരുന്നപ്പോള്‍ എന്തൊക്കെയായിരുന്നു പ്രചരിപ്പിച്ചത്. എന്തൊക്കെ പ്രശ്നങ്ങളാണ് നേരിട്ടത്.'പൊലീസ് മൈതാനിയിലെ കലക്ടറുടെ ബംഗ്ളാവും ആനന്ദകൃഷ്ണ ബസും എന്റേതാണെന്ന് തമാശയായി എന്നോട് പറയുമായിരുന്നു'. അങ്ങനെയൊക്കെയായിരുന്നല്ലോ എതിരാളികള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ സത്യമെന്തായിരുന്നു. വീടും പറമ്പുംപോലുമുണ്ടായിരുന്നില്ല. കൂലത്താംകണ്ടി കൌസു എന്നവരാണ് സഖാവിന് വീടു വെക്കാനുള്ള സ്ഥലത്തിന് പൊന്ന് ഊരിത്തന്നത്. ഒരു തുണിയില്‍ പൊതിഞ്ഞാണ് അവര്‍ മാലയും വളയുമൊക്കെ ഏല്‍പിച്ചത്്. അത് ബാങ്കില്‍ പണയം വച്ചാണ് പള്ളിക്കുന്നിലെ സ്ഥലമെടുത്തത്.

"തറ കെട്ടിയ ശേഷം മുകളിലോട്ടുയര്‍ത്താനായില്ല. ഹൌസിങ് ലോണിന് അപേക്ഷിച്ചിട്ട് കിട്ടിയതുമില്ല. സഖാവ് മരിച്ചശേഷമാണ് ലോണ്‍ പാസായത്. അപ്പോഴേക്ക് പാര്‍ടി വീടു വച്ചുതരാനുള്ള നടപടി സ്വീകരിച്ചിരുന്നു.....

വികടശിരോമണി said...

ഇതു വായിക്കുമ്പോൾ എനിയ്ക്കു പുസ്തകം വായിക്കാനല്ല,ദോശ തിന്നാ‍നാ തോന്നുന്നേ:)

Anonymous said...

മനോഹരമായ പോസ്റ്റ്‌....

Sethunath UN said...

ഹരീ
വായന‌യ്ക്ക് ന‌ന്ദി
മൂര്‍ത്തി
വായന‌യ്ക്ക് ന‌ന്ദി
കമ്യൂണിസ്റ്റ്കാരന്‍ ‘പരിപ്പുവടയും കട്ടന്‍ ചായയും’ ഉപേക്ഷിക്കുന്നതല്ല പ്രശ്നം. പരിപ്പുവടയും കട്ടന്‍ ചായയും കൊണ്ട് മാത്രം സമൂഹത്തെ പുരോഗമ‌നാത്മ‌കമാക്കി മാറ്റാന്‍ കമ്യൂണിസ്റ്റ്കാരന് കഴിയുകയില്ല.കമ്യൂണിസ്റ്റ്കാരന്‍ ഇന്നതൊക്കെയാണ് എന്ന് പ്രഖ്യാപിക്കുകയും പ്രവ‌ര്‍ത്തിക്കുകയും ചെയ്ത് ഒരു നില‌യിലെത്തുകയും പിന്നീട് സാവധാന‌ത്തിലെങ്കിലും ല‌ക്ഷ്യം മ‌റന്ന് അവിശുദ്ധ ബന്ധങ്ങ‌ളിലേയ്ക്കും ആര്‍ഭാടജീവിതത്തിലേയ്ക്കും വഴുതിപ്പോകുന്ന പ്രവണ‌തയെയാണ് ഉദ്ദേശിക്കുന്നത്. പാര്‍ട്ടി അലവന്‍സ്സല്ലാതെ ഒരു വരുമാന‌വും ഇല്ലാത്തൂരു സഖാവ് ഒരു വീടുണ്ടാക്കുന്നതോ മാക്സിമം ഒരു കാര്‍ വാങ്ങുന്നതോ ഒരു പ്രശ്ന‌മ‌ലായിരിക്കും. പക്ഷേ വാങ്ങുന്നത് ഒരു ബംഗ്ലാ‌വും വിദേശ‌നിര്‍മ്മിത കാറുമൊക്കെയാവുമ്പോ‌ള്‍, സംസാരിക്കുന്നത് അടിസ്ഥാന വ‌ര്‍ഗ്ഗത്തിന് വേണ്ടിയേ അല്ലാതാവുമ്പോ‌ള്‍ (മ‌റ്റുള്ളവ‌ര്‍ക്കു വേണ്ടിയും സംസാരിക്കാം എന്ന‌ര്‍ത്ഥം), സ്വാഭാവികമായും മ‌ന‌സ്സിലുള്ള വിഗ്രഹങ്ങ‌ള്‍ ഉടയുന്നു. വിശ്വാസങ്ങ‌ള്‍ക്ക് പുഴുക്കുത്തേല്‍ക്കുന്നു. അതിനെ മാറ്റിമ‌റിക്കാനുള്ള സുതാര്യത എവിടെയെങ്കിലും ഇന്നുണ്ടോ? അഴീക്കോടന്‍ നെഞ്ചുവിരിച്ചുനിന്നു പറഞ്ഞിട്ടുണ്ടാവും. ഇന്നതിനു കഴിയുന്നുണ്ടോ എന്നതാണ് പ്രസക്തം
വികടശിരോമണി
100% സത്യം. :-)
വേറിട്ട ശബ്ദം said...
വര‌വിനും വായന‌യ്ക്കും ന‌ന്ദി

bloganathan : ബ്ലോഗനാഥന്‍ said...

മാഷെ, ഇതുഗ്രന്‍ വായനയാണല്ലൊ!
വികെയെന്‍ ഒരു നിരീക്ഷണപടു ആയിരുന്നിരിക്കണം, ഇത്ര മുന്‍പേ കാര്യങ്ങളെല്ലാം ഇത്തരത്തിലാകും എന്നു മനസ്സിലാകുവാന്‍. വെറുതെ വായിച്ചാള്‍ പോര എന്നെന്നെ ഓര്‍മിപ്പിക്കുകയും ചെയ്തു ഈ പോസ്റ്റ്.

Mr. K# said...

പോസ്റ്റ് ഇഷ്ടപ്പെട്ടു നിഷ്കളങ്കാ.:-)

Sethunath UN said...

Thanks Bloganathan and Kuthiravattan for the reading

namath said...

ഹഹഹ നിഷ്ക്.. ച്ചാല്‍ ഗംഭീരം. വായന വിസ്തരിച്ചാവാം!

കൃഷ്‌ണ.തൃഷ്‌ണ said...

നല്ല ലേഖനം നിഷ്കളങ്കന്‍.
വി. കെ. എന്നിനെ ഇത്ര ചുരുക്കിയ വരികളിലൂടെ വിവരിച്ചാല്‍ പോരാ..ഒരേ പുസ്തകം ഓരോ വായനയിലും വ്യത്യസ്തവും ആനുകാലികവും എന്നു തോന്നിപ്പിക്കുന്ന വേറൊരു എഴുത്തുകാരന്‍ ഇല്ലായെന്നു തോന്നിപ്പിക്കുന്ന ആ അതുല്യപ്രതിഭയെക്കുറിച്ചു കൂടുതല്‍ വായിക്കാനാഗ്രഹിക്കുന്നു.

അപ്പൂട്ടൻ said...

വി കെ എന്‍ എന്ന എഴുത്തുകാരനെ തെക്കന്‍ കേരളത്തില്‍ എത്ര പേര്‍ അറിഞ്ഞിട്ടുണ്ടെന്നു അറിയില്ല. എം ടി, ബഷീര്‍, വിജയന്‍ തുടങ്ങിയവരുടെ ഒരു ഗ്ലാമര്‍ ആ എഴുത്തുകാരന് എന്തുകൊണ്ടോ കിട്ടിയില്ല.

കുട്ടിക്കാലത്ത് പൊട്ടും പൊടിയും ആയി വായിച്ച പയ്യനും സര്‍ ചാത്തുവും ഒക്കെ നൊസ്റ്റാല്‍ജിയ ആയി വന്നു അവസാനം വായന പുനരാരംഭിക്കണം എന്ന തോന്നല്‍ വന്നപ്പോള്‍ ആദ്യം വാങ്ങിയത് പയ്യന്‍ കഥകളും പിതാമഹനും ആയിരുന്നു. പണ്ടു വായിച്ച absurdity പിന്നീട് ബോധം വന്നതിനു ശേഷം വായിക്കുന്പോള്‍, അര്‍ത്ഥം കുറച്ചുകൂടി മനസിലാക്കുന്പോള്‍ ആ വലിയ എഴുത്തുകാരനെ അറിയാതെ നമിച്ചുപോയി.

തേക്കിന്‍കാട്‌ മൈതാനിയില്‍ കുതിരയിറങ്ങി അവിടെ കണ്ട ഒരു തേക്കിന്‍ തയ്യില്‍ കുതിരയെ കെട്ടിയ എഴുത്തുകാരാ..... ആദരാഞ്ജലികള്‍.

Anonymous said...

വി. കെ. എന്നിനൊക്കെ വടക്കു തെക്കു പറഞ്ഞു കള്ളികളിലാക്കുന്നതു മോശമല്ലേ കൂട്ടുകാരാ..സാഹിത്യകുതുകികള്‍ ദിശ നോക്കാറില്ല..തെക്കുള്ളവര്‍ അറിയാതിരിക്കാന്‍‌ വി. കെ. എന്‍‌ അറബിയിലൊന്നുമല്ലല്ലോ കഥകളെഴുതിയത്..

Sethunath UN said...

നമതേ
ക്ഷണ‌ം സ്വീകരിച്ച് വന്നതില്‍ ന‌ന്ദിണ്ട്. അപ്പോ വിസ്തരിച്ചോ ആവോ .
കൃഷ്‌ണ.തൃഷ്‌ണ
വ‌ര‌വിനും വായ‌ന‌ക്കും ന‌ന്ദി. പോരായ്ക അറിയാഞ്ഞ‌ല്ല. സാധിക്കുന്നില്ല എന്നതാണ് സത്യം. വി.കെ.എന്നിനെ വായിക്കുന്നവ‌ര്‍ക്ക് ല‌ളിതമായ പാതയില്‍ത്തന്നെ ആഴമുള്ള ദൂര‌വ്യാപകമായ തല‌ങ്ങ‌ള്‍ കണ്ടെത്താന്‍ കഴിയും എന്നതാണ് സത്യം. ര‌ചനാ വൈഭവം!
അപ്പൂട്ടാ
അപ്പൂട്ടന് തെറ്റി എന്നാണ് തോന്നുന്നെ. വി കെ എന്നിന്റെ പ്രഭാവം സ‌‌‌ര്‍വ്വവ്യാപിയാണ്. ആദ്യവായന‌യില്‍ ആഴം കണ്ട് ഭയന്ന് താഴെ വെക്കുന്നവരെയും വി.കെ.എന്റെ എഴുത്ത് ഹോണ്ട് ചെയ്ത് തിരികെ വിളിപ്പിച്ച് വായിപ്പിക്കാതിരിപ്പിക്കില്ല എന്നു തോന്നുന്നു. പിന്നെ ഗ്ലാമ‌ര്‍. അതൊക്കെ ഓരോരുത്തരുടെയും കണ്ണില‌ല്ലേ മാഷേ?

വീണ്ടും വീണ്ടും വായിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം.
വ‌ര‌വിനും വായ‌ന‌ക്കും ന‌ന്ദി
അജ്ഞാതന്‍ :
You said it. :-)

അനാഗതശ്മശ്രു said...

vkn aaraadhakare bogil kaaNaan saadhichathiluLLa santhosham
pankuvekkunnu..
nishkaLankanu nandi

english poRukkukka...unicode typing innu mudangee

Anonymous said...

ഹഹഹ. രണ്ടാം കമെന്റില്‍ തന്നെ ഒരു സീപീയെംകാരന് കൊണ്ടതും പുള്ളി ഇളവിയതും കണ്ട്. ഇതിനെയാണ് വീകെയെന്‍ എഫക്റ്റ്,വീകെയെന്‍ എഫക്റ്റ് എന്നു പറയുന്നത്.

അപ്പൂട്ടൻ said...

നിഷ്കളങ്കനും അനോണിമസിനും,
ഞാന്‍ പറഞ്ഞതല്ല നിങ്ങളിരുവരും എന്റെ വാചകങ്ങളില്‍ വായിച്ചതെന്ന് തോന്നുന്നു.

വികെഎന്‍ എന്ന എഴുത്തുകാരന്റെ കഴിവിനെ അല്ല ഞാന്‍ ഇവിടെ പറഞ്ഞത്. ഞാന്‍ സംസാരിച്ച പലരും, വായിക്കാറില്ലെങ്കില്‍ പോലും എംടി, ഒ വി വിജയന്‍ എന്നൊക്കെ കേട്ടിട്ടുണ്ട്, പക്ഷെ വികെഎന്‍ എന്ന എഴുത്തുകാരനെ കുറിച്ച് അവര്‍ക്ക് ഒന്നും (അല്ലെങ്കില്‍ അധികം) അറിയില്ല. അത് കൊണ്ടു തന്നെയാണ് വികെഎന്‍-നു ഗ്ലാമര്‍ ഇല്ല എന്ന് പറഞ്ഞത്. അത് എന്റെ കാഴ്ചപ്പാടിലെ വികെഎന്‍ അല്ല. ഈ അറിയാത്തവരില്‍ ഏറിയ പങ്കും തെക്കന്‍ കേരളത്തിലുള്ളവരായിരുന്നുതാനും. അത് ആ വലിയ എഴുത്തുകാരനെ അറിയാത്തതിനാല്‍ തന്നെയാണ്, വായിക്കാനും മനസിലാക്കാനും ശ്രമിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ മറ്റു ഏതു എഴുത്തുകാരനെയും ഇഷ്ടപ്പെടുന്ന പോലെ (അതിലധികം എന്ന് ഞാന്‍ പറയുന്നില്ല) വികെഎന്‍-നെയും ഇഷ്ടപ്പെടും.

ഇത്രയല്ലേ ഈ പറഞ്ഞതിന് അര്‍ത്ഥമുള്ളൂ? ഇതില്‍ എവിടെയാണ് ഞാന്‍ വികെഎന്‍-നെ അറിയാതെവരുന്നത്‌? വി കെ എന്‍ കള്ളികളില്‍ ഒതുങ്ങിയത് (അങ്ങിനെ എനിക്ക് തോന്നിയത്) വികെഎന്‍-ന്റെ കുഴപ്പമല്ല, മറിച്ച് അദ്ദേഹത്തെ അറിയാത്തവരുടെ നിര്‍ഭാഗ്യമാണ്. വികെഎന്‍ കേരളത്തില്‍ ഒതുങ്ങി എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് വികെഎന്‍-ന്റെ ഭാഷ മലയാളത്തില്‍ ആയതിനാലാണ് എന്നെ മനസിലാക്കേണ്ടതുള്ളു, അല്ലാതെ അതില്‍ അദ്ദേഹത്തിന്റെ കഴിവിനെ കുറച്ചുകാണല്‍ കാണേണ്ടതില്ല.

ഞാനും വികെഎന്‍-നെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളാണ്, മറ്റു പല so-called 'താര'ങ്ങളേക്കാളുമധികം. ആദ്യം പരിചയപ്പെടുന്നത് നന്നേ ചെറുപ്പത്തിലാണ്. വാരികകളില്‍ വന്നിരുന്ന നുറുങ്ങുകളും അത്യാവശ്യം ലൈബ്രറികളില്‍ നിന്ന് കിട്ടിയ പുസ്തകങ്ങളും ഒക്കെയായിരുന്നു source. അന്നൊന്നും അതിന്റെ ആശയം പൂര്‍ണമായി മനസിലായിരുന്നില്ല, വായിച്ചു ചിരിക്കും, അത്ര തന്നെ. പിന്നീട് സാഹിത്യം വീണ്ടും ഒരു ശീലമായി തൊടുന്നത് ജോലിയായി ഒരുവിധം settled ആയി എന്ന് പറയാവുന്ന സ്റ്റേജില്‍ ആണ്. അപ്പോള്‍ വീണ്ടും തുടങ്ങിയത് വികെഎന്‍-ഉം ബഷീറുമായിരുന്നു, കാരണം വായിച്ചവയാണെങ്കില്‍ പോലും അന്ന് വായിച്ചവയില്‍ നിന്നും വ്യത്യസ്തമായി ഒരു ചിത്രം ഇതിലെല്ലാം ഈ പ്രായത്തില്‍ കാണാന്‍ കഴിയും എന്നതുതന്നെ. എന്റെ അഭിപ്രായത്തില്‍, സാധാരണ (എല്ലാ പുസ്തകങ്ങളിലും എന്ന് പറയുന്നില്ല) എംടി സാഹിത്യത്തിനു കഴിയാത്ത ഒരു പ്രത്യേകത.

Unknown said...

After a century, in malayalam literature, only two names will still be remembered - one is VKN and the other is Basheer. Both their writings are beyond time and region. Then there is another book by George Orwell - "Animal Farm" which foretold the collapse of communism.