Thursday, August 28, 2008

ഭാര്യ

“അച്ചാ ഈ ഭാര്യാന്നുച്ചാ എന്തുവാ?”

വ‌ള‌രെ കഷ്ടപ്പെട്ട് കിട്ടിയ സമ‌യത്തിന് മാതൃഭൂമി വായിച്ചുകൊണ്ടിരുന്ന ഞാന്‍ എന്റെ നാലുവയസ്സുകാരി മക‌ളുടെ ഇന്നത്തെ സംശയ‌നിവാരണ സെഷന്റെ തുടക്കം കേട്ട് വായിച്ചുകൊണ്ടിരുന്ന വാരിക താഴെ വെച്ച് മുരടനക്കി സംശയനിവൃത്തി വരുത്താനൊരുങ്ങി.

ഈയ്യിടെയായിട്ടുള്ള പല ചോദ്യ‌ങ്ങളും ലൈംഗികവിദ്യാഭാസത്തിന്റെ ലെവലിലേയ്ക്ക് എസ്കലേറ്റ് ചെയ്ത് പോവുകയും അതിലൊക്കെ ഞാന്‍ ദയനീയമായി പരാജയമടഞ്ഞ് എന്തെങ്കിലും മുട്ടോപ്പോക്ക് പറഞ്ഞോ അല്ലെങ്കില്‍ വിശദീകരിച്ച് കുളമാക്കിയോ പോവുകയാണ് പതിവ്. അവ‌ള്‍ ചോദ്യം ചോദിച്ചിട്ട് കിട്ടുന്ന മ‌റുപടിയില്‍ അവ‌ള്‍ക്ക് പ്രധാന പങ്കുണ്ടായിരിയ്ക്കുകയും വേണം എന്നതാണ് പുള്ളിക്കാരിയുടെ ഒരു ലൈന്‍. ഇല്ലെങ്കില്‍ ഒരു ഗംഭീര നില‌വിളി പിന്നെ ലേറ്റസ്റ്റായി മാര്‍ക്കറ്റില്‍ കിട്ടാവുന്ന ക‌ളിപ്പാട്ടങ്ങ‌ളുടെ ഒരു ലിസ്റ്റ് എന്നിവയായിരിയ്ക്കും ഫലം.

ഇച്ചോദ്യത്തിന് അത്തരം ഒരു ഛായയില്ലേ എന്നൊരു സംശയം.
“പൂമുഖവാതില്‍ക്കല്‍ സ്നേഹം നിറയ്ക്കുന്ന പൂന്തിങ്ക‌ളാണ് മോളെ ഭാര്യ” എന്നൊക്കെ പറഞ്ഞാല്‍ ഭാര്യ ഹാപ്പിയായേക്കാമെങ്കിലും പൂമുഖം,പൂന്തിങ്ക‌‌ള്‍ എന്നിവയുടെ നിര്‍വ്വചന‌ങ്ങ‌‌ളും പൂന്തിങ്ക‌ള്‍-ഭാര്യാ കോറിലേഷനുമൊക്കെക്കൊണ്ട് സംഭവം കോമ്പ്ലിക്കേറ്റഡ് ആക്കണ്ടാ എന്നു വിചാരിച്ചും തികച്ചും കുശാഗ്രബുദ്ധിയായ ഒരു അച്ഛ‌നായ ഞാന്‍ ഒരുദാഹരണം കൊണ്ട് മോളെ ഫ്ലാറ്റാക്കിക്കള‌യാം എന്നു വിചാരിച്ചു.

“അത്.... ഈ ഭാര്യാന്നു വെച്ചാല്‍ ... ഉദാഹരണ‌ത്തിന്.. അമ്മ അച്ഛന്റെ ഭാര്യ. മ‌ന‌സ്സിലായോ?”

“അപ്പം അമ്മൂമ്മ ആരടെ ഭാര്യയാ?”

“അമ്മൂമ്മ അപ്പൂപ്പന്റെ ഭാര്യ”

“അപ്പം ഞാനോ?”

“മോള് ആര‌ടേം ഭാര്യയല്ല”

“അയ്യോ.....” സുദീര്‍ഘമായ ഒരു കരച്ചില്‍ ആരംഭിച്ചു.

“എനിയ്ക്കും ഭാര്യയാവണേ......യ്”

@@##$$%%%##
"മോളേ.....അങ്ങനല്ല. മോളു കൊച്ചല്ലേ. കൊറെക്കൂടി വലുതാകുമ്പോ മോക്കിഷ്ടപ്പെട്ട ഒരാളിന്റെ ഭാര്യയാവാം. ഇപ്പഴല്ല. കേട്ടോ”
(ഹോ ഞാനെന്തൊരു മിടുക്കന്‍. എനിയ്ക്കെന്നെ വല്ലാതങ്ങു ബോധിച്ചു.)

“വല്‍താകുമ്പംന്നുച്ചാ ഇത്തറേം പൊക്കം വെക്കുമ്പഴോ?” (കൈ പൊക്കികൊണ്ട് “ഇത്തറേം” എന്ന് ആംഗ്യം)

“അതേ”

“അപ്പം.. ഇത്തറെം പൊക്കം വെക്കുമ്പം ആരെ ഇസ്റ്റപ്പെടും?”

“ആ...അത്.. ഒരാളെ.. മോക്ക് ഏറ്റവും ഇഷ്ടം തോന്നുന്ന ഒരാളേ. അയ്യാളെ മോള് കല്യാണം കഴിയ്ക്കുമ്പളാ മോള് ഭാര്യയാവത്തൊള്ളൂ”

“ ആ... എന്നാ ഞാനച്ചനെ കല്യാണം കയ്ച്ചോളാം”

9 comments:

ശ്രീ said...

കുട്ടികളുടെ നിഷ്കളങ്കമായ ചോദ്യങ്ങളും ഉത്തരങ്ങളും എല്ലാം എപ്പോഴും രസകരമായിരിയ്ക്കും അല്ലേ?

മോളൂട്ടി മിടുക്കിയാണല്ലോ.
:)

പ്രയാസി said...

നിഷ്കൂ..

ഈയിടെയായി മോളൂട്ടിയാണല്ലൊ പോസ്റ്റ് മുഴുവന്‍..:)

നിഷ്കളങ്കന്റെ മോളൂട്ടിയും ഒരു നിഷ്കളങ്കയാണല്ലൊ..

ആട്ടെ ഗോവിന്ദന്റെ കാര്യം എന്തായി..!???

അവളിങ്ങനെ വാക്കു മാറ്റിയാ ഓന്‍ വല്ല കടുംകൈയ്യും കാണിക്കും

പറഞ്ഞില്ലാന്നു വേണ്ടാ..;)

അല്ഫോന്‍സക്കുട്ടി said...

നിഷ്കളങ്കന്റെ നിഷ്കളങ്കയായ മകള്‍ ഇനിയുമിങ്ങനെ നിഷ്കളങ്കമായ ചോദ്യങ്ങള്‍ ചോദിച്ച് നിഷ്കളങ്കന്റെ നിഷ്കളങ്കതയെ പരീക്ഷിക്കട്ടെ എന്നു ആശംസിക്കുന്നു

smitha adharsh said...

എന്‍റെ മോളും,അവളുടെ അച്ഛനെ കല്യാണം കഴിചോലാം എന്നും പറഞ്ഞു നടപ്പുണ്ട്..!!!

Anoop Technologist (അനൂപ് തിരുവല്ല) said...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മോളൂട്ടി കസറുകയാണല്ലോ

ഒരു ചക്കരയുമ്മ (മോളൂട്ടിയ്ക്ക്) :)

അനില്‍@ബ്ലൊഗ് said...

ഹാ ഹാ,
നന്നായിട്ടുണ്ടു.
മോള്‍ക്കു അച്ഛനെ വലിയ ഇഷ്ടമാണല്ലെ.

ഇത്തരം ചോദ്യങ്ങളെ എങ്ങിനെ നേരിടാം എന്നു വല്ല വിദഗ്ധരും ഒരു പോസ്റ്റിട്ടിരുന്നെങ്കില്‍ !!!!

PIN said...

ചോദ്യവും ഉത്തരവും നിഷ്കളങ്കമാണ്‌.
എങ്കിലും ഒരു ഭാര്യ ആവുകയാണ്‌ ജീവിത ലക്ഷ്യം എന്ന ഒരു ചിന്ത കുട്ടിയിൽ ഉണ്ടാകൂമോ ?

K C G said...

മോളൂട്ടിയുടെ ചോദ്യവും അതിന്റെ ഉത്തരവും, ആ ഉത്തരത്തിനനുസരിച്ച് മോളൂട്ടി കണ്ടു പിടിച്ച സൊലൂഷനും ...

മിടുമിടുക്കി മോളൂട്ടിക്ക് ഒരു ചക്കര ഉമ്മ.