Monday, July 25, 2011

കിഴക്കേക്കോട്ടയിലെ പൂതനാമോക്ഷം




ശന്തനു ആര്‍ട്സിന്റെ ആഭിമുഖ്യത്തില്‍ 24/7/2011 ന് തിരുവനന്തപുരം തീര്‍ത്ഥപാദര്‍ മണ്ഡപത്തില്‍ പൂതനാമോക്ഷം കഥകളി നടന്നു. ശ്രി മാര്‍ഗി വിജയകുമാര്‍ ആണ് പൂതനയെ അവതരിപ്പിച്ചത് .

അക്ഷരാര്‍ത്ഥത്തില്‍ ആസ്വാദകരെ അനുഭവിപ്പിക്കുന്ന അഭിനയമാണ് ശ്രീ വിജയകുമാര്‍ കാഴ്ച വെച്ചത്. മിന്നും ചന്ദ്രികപോലെ മന്ദഹസിതം തൂകിപ്പറഞ്ഞീടിനാള്‍ എന്ന് ശ്ലോകത്തില്‍ പറയുമ്പോലെ മാര്‍ഗി വിജയകുമാറിന്റെ പൂതന വന്നപ്പോള്‍ അവിടെയിരുന്ന ആബാലവൃദ്ധം ജനങ്ങളുടേയും മുഖത്തും ആ മന്ദഹാസചന്ദ്രിക തൂവിയൊഴുകിപ്പരന്നു എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. കൃഷ്ണങ്കുട്ടിപ്പൊതുവാളാശാന്റെ "മേളപ്പദം" എന്ന പുസ്തകത്തില്‍ ശ്രീ കൃഷ്ണന്‍‌നായരാശാന്റെ പൂതനയെപ്പറ്റി "പൂതനകൃഷ്ണന്‍" എന്ന ഒരു ലേഖനമുണ്ട്. അതില്‍ പൂതന രംഗത്ത് "ഉ‌ര്‍‌ര്‍ര്‍‌ര്‍ര്‍‌ര്‍" എന്ന് പുരികമിളക്കിക്കൊണ്ട് പ്രത്യക്ഷപ്പെട്ടപ്പോള്‍ കാഴചക്കാരെല്ലാം അങ്ങിനെ പുരികമിളക്കിയെന്ന് പറയുന്നുണ്ട്. ഇവിടെയും അതായിരുന്നു പൂതനയുടെ അന്ത്യരംഗം വരെ അവസ്ഥ. പുഞ്ചിരി തുകിക്കൊണ്ട് കഥകളി കാണുന്ന കുറേയേറെ കാണികളെയായിരിക്കും ശ്രീ വിജയകുമാറിന്റെ പൂതന മുന്‍പില്‍ കണ്‍ടിട്ടുണണ്ടാവുക. കാണികളെ അമ്പാടിയിലെ കാഴ്ചകളിലേക്ക് കൈ പിടിച്ചു നടത്തിച്ചും, അനുംഭവിപ്പിച്ചും അദ്ദേഹം തന്റെ പ്രതിഭാവിലാസം ഒരിക്കല്‍ക്കൂടി തെളിയിച്ചു. "അമ്പാടിഗുണം വര്‍ണ്ണിച്ചീടുവാന്‍" എന്നു തുടങ്ങുന്ന ആദ്യ പദത്തിലെ "നര്‍ത്തകരുടെ കളി ചാതുരിയും" എന്ന ഭാഗം വീണാമൃദംഗവാദ്യങ്ങളുടെ അകമ്പടിയൊടെ നര്‍ത്തകര്‍ നൃത്തമാടുന്നതും പന്തടിച്ചുകളിക്കുന്നതും സ്ത്രീകളുടെ സുക്ഷ്മഭാവങ്ങള്‍ തന്മയത്ത്വത്തോട കൈകാര്യം ചെയ്തു മാര്‍ഗി വിജയകുമാര്‍. ദധിവിന്ദു പരിമളവും ഇളകുന്നു എന്നയിടമായിരുന്നു അദ്ദേഹം ഏറ്റവും ആസ്വാദ്യകരമായി അവതരിപ്പിച്ചത്. സ്ത്രീസഹജമായ ഭാവഹാവാദികളോടെയും നിലകളോടെയും തൈരു കടയുന്ന ഗോപസ്ത്രികളുടെ സൂക്ഷ്മഭാവങ്ങളാണ് ഈ ഭാഗത്ത് അവതരിപ്പിച്ചത്. തൈരു കടഞ്ഞ് കുറേക്കഴിയുമ്പോള്‍ തോളു കഴച്ചിട്ട് കടച്ചില്‍ നിര്‍ത്തുന്ന ഒരു സ്ത്രീ, തന്റെ നെറ്റിയിലെ വിയര്‍പ്പ് വലംകൈ കൊണ്ട് വടിച്ച് മാറ്റി കുടഞ്ഞു കളയുകയും പിന്നെ സമീപത്തിരിക്കുന്ന പാത്രത്തിലെ വെള്ളത്തില്‍ കൈമുക്കിത്തിരുമ്മി കഴുകിയിട്ട് വെള്ളം കുടഞ്ഞുകളഞ്ഞ് കടയല്‍ തുടരുന്ന ഭാഗവും, തരു കടയുന്നതിനിടെ കണ്ണിലേക്ക് മോര് തെറിച്ചുവീണ് നീറ്റല് ‍അനുഭവിക്കുന്നതായുമൊക്കെയുള്ള ഭാഗങ്ങള്‍
ശ്രീ വിജയകുമാറിന്റെ സൂക്ഷ്മഭാവാതരണത്തിന്റെ നിദര്‍ശനങ്ങളായിരുന്നു.

നന്ദനിലയത്തിലെ വാതില്‍ തള്ളിത്തുറന്നു പ്രവേശിക്കുമ്പോള്‍ പൊടുന്നനവേ അവിടെക്കിടക്കുന്ന തേജോമയനായ ഉണ്ണിക്കണ്ണനെ കാണുന്നതായി അഭിനയിച്ചുകൊണ്ടാണ് "സുകുമാരാ നന്ദകുമാരാ" എന്ന പദം ശ്രീ വിജയകുമാര്‍ അഭിനയിച്ചു തുടങ്ങിയത്. "ഉണ്ണിക്കണ്ണനെ" അഭിനയം കൊണ്ട് മാത്രം അനുഭവിപ്പിക്കുക (കുട്ടിയുടെ പാവ ഇദ്ദേഹം ഉപയോഗിക്കാറില്ല) എന്നത് അത്യന്തം ശ്രമകരമാണ്. പ്രത്യേകിച്ച് കുട്ടിയെ എടുത്തുകൊണ്ട് ചെയ്യുന്ന കൃത്യങ്ങള്‍ അഭിനയിക്കുമ്പോള്‍. അമ്പാടി മണിക്കുഞ്ഞ് കിടക്കുന്നിടത്തേക്ക് നോക്കിക്കൊണ്ട് അവനോട് സംസാരിക്കുകയും, താലോലിക്കുകയും അവന്റെ മുഖത്തുള്ള ഭാവങ്ങളെ അത്ഭുതകരമായ രീതിയില്‍ തന്റെ മുഖത്ത് പ്രതിഫലിപ്പിക്കുകയും ചെയ്തുകൊണ്ട് അമ്പാടിക്കണ്ണന്റെ രൂപവും ഭാവവും സാന്നിധ്യവും കാണികളുടെ മനസ്സില്‍ വരച്ചു ചേര്‍ത്തതിലൂടെ അഭിനയത്തിന്റെ ഉത്തമധര്‍മ്മം മാര്‍ഗി വിജയകുമാര്‍ എന്ന നടന്‍ തന്റെ പൂതനയിലുടെ ഏറ്റവും ഗംഭീരമായി ചെയ്തു. "കണ്ണുനീര്‍ കൊണ്ടു വദനം കലുഷമാവാനെന്തേ മൂലം" എന്ന ഭാഗത്ത് കൃഷ്ണന്റെ കണ്ണില്‍ തുളുമ്പി നില്‍ക്കുന്ന കണ്ണീര്‍ത്തുള്ളി തുടക്കുവാന്‍ തന്റെ സാരിത്തുമ്പെടുക്കുന്ന പൂതന പിന്നീടൊന്നാലോചിച്ച് അതില്‍ പൊടിയുണ്ടാവും എന്ന് മുഖം കൊണ്ട്ഭിനയിച്ച് കൈവിരല്‍ കൊണ്ട് തുടക്കാന്‍ തീരുമാനിക്കുന്നു. കൈവിരല്‍ത്തുമ്പത്ത് തൊട്ടെടുക്കുന്ന കണ്ണന്റെ കണ്ണുനീര്‍ത്തുള്ളിയില്‍ പൂതന തന്റെ രൂപം അതില്‍ പ്രതിഫലിച്ചു കാണുകയും ആഹ്ലാദചിത്തയാവുകയും അത് തന്റെ മേലെക്ക് തളിച്ച് ഭാഗ്യവതിയാണ് താന്‍ എന്നു ചിന്തിക്കുകയും ചെയ്യുന്നു. അമ്പാടിയേയും കണ്ണനേയും കണ്ട് ആഗമനോദ്ദേശ്യം മറന്നുപോയ പൂതനക്ക് തനിക്ക് വരാന്‍ പോകുന്ന മോക്ഷത്തെക്കുറിച്ചുള്ള ഉപബോധചിന്തകളായിരിക്കാം ഈ കൃത്യങ്ങല്‍ക്കു പിന്നില്‍. വിജയകുമാര്‍ എന്ന നടന്റെ മൗലികതയുള്ള നാട്യം സ്വാഭവികതയുടെ അടിത്തറയൊടെ അരങ്ങത്ത് ആടിത്തെളിഞ്ഞപ്പോള്‍ കണ്ണന്റെ സങ്കടം കാണികള്‍ക്കും തോന്നിച്ചു എന്നതും വാസ്തവം.
കണ്ണനെ കണ്ടപ്പോള്‍ തന്നെ മാതൃത്വം ഉണര്‍ന്ന പൂതനക്ക് അവന് തന്റെ മുലപ്പാല്‍ നല്‍കുവാന്‍ നേരം ദുശ്ചിന്തകളൊന്നും തന്നെ ഉണ്ടാവുന്നില്ല. ദുരുദ്ദേശവും. ഒരമ്മയുടെ സ്നേഹവായ്പോടെ കണ്ണെനെ എടുത്ത് താലോലിച്ച് അമ്മിഞ്ഞപ്പാല്‍ നല്‍കുന്ന പൂതന‌യുടെ ഭാവഹാവാദികള്‍ കണ്ട് കാണികളായ സ്ത്രീകള്‍ക്കും അസൂയ തോന്നിയിട്ടുണ്ടാവണം. പാല്‍ കുടിക്കുന്നതിനിടെ കണ്ണന്റെ കുറുനിരകള്‍ മാടിയൊതുക്കുകയും, ചെറുകാല്‍‌കള്‍ തലോടുകയും ഇടക്കിടെ ഉമ്മ വെക്കുകയും മുല നോവിച്ചതിന് പരിഭവിക്കയും ചെയ്യുന്ന പൂതനയെ അവതരിപ്പിച്ചത് ഒരു പുരുഷനാണെന്നത് എല്ലാവരും മറന്നു പോയി.
പിന്നെ തന്റെ ആഗമനോദ്ദേശ്യത്തെപ്പറ്റി ബോധം വന്ന പൂതന്‍ ആദ്യം കണ്ണനെ കൊല്ലുകയില്ലെന്ന് തിരുമാനിച്ചെങ്കിലും പിന്നീട് തീരുമാനിച്ചുറച്ച ദുഷ്ട കര്‍മ്മം ചെയ്യാന്‍ തന്നെ ഉറപ്പിക്കുന്നു. കൊണ്ടു വന്ന വിഷം മുലകളില്‍ പുരട്ടി കൃഷ്നനു കൊടുത്ത പൂതനക്ക് പിന്നീടുണ്ടാവുന്ന ദുരിതങ്ങള്‍ നി‌ര്‍‌വ്വചനാതീതമായാണ് ശ്രീ വിജയകുമാര്‍ അവതരിപ്പിച്ചത്. അസുരത്വം നിറഞ്ഞ ആഭാസഭാവഹാവാദികളിലൂടെ പൂതനയുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുകയും പ്രാണവേദനയുടെ പിടച്ചിലും അതിഗംഭിരമായി അവതരിപ്പിച്ച് ഒടുവില്‍ വെട്ടിയിട്ട കരിമ്പന വീഴുമ്പോലെ പൂതനം നിലം പതിച്ചപ്പോള്‍ കാണ്‍കളൊന്നടങ്കം എഴുന്നേറ്റു നിന്ന് നീണ്ടുനിന്ന കരഘോഷം മുഴക്കിയത് മാര്‍ഗി വിജയകുമാര്‍ എന്ന നടന്റെ അഭിനയചാരുതക്ക് നലകിയ തല്‍സ്സമയ അംഗീകാരമായിരുന്നു. അതിശയം നിറഞ്ഞു നിന്നു ഓരോ ആസ്വാദക്ന്റേയും മുഖത്ത്. ശ്രീ മാര്‍ഗി വിജയകുമാറിന് ഒരു പ്രണാമം.

പാട്ടില്‍ ശ്രീ കലാമണ്ഡലം ജയപ്രകാശും‌ ,സദനം ജ്യോതിഷ് ബാബുവും മാര്‍ഗി വിജയകുമാറിന് പിന്തുണയായി . അമ്പാടിഗുണത്തിന്റെ രണ്ടാം ചരണത്തില്‍ രാഗം മാറ്റിപ്പാടുകയും അതിന്റെ ഭാവം (പ്രത്യേകിച്ചും "നരത്തകരുടെ" എന്നുള്‍ല ഭാഗമൊക്കെ ആവര്‍ത്തിച്ചു പാടേണ്ടതുണ്ട് എന്നുള്‍ലതുകൊണ്ട്)‌ മുഴുവനായി നിലനി‌ര്‍ത്താന്‍ കഴിയാഞ്ഞതും ഒഴിച്ചാല്‍ പാട്ട് നന്നായിരുന്നു. മദ്ദളത്തില്‍ ശ്രീ മാര്‍ഗി രത്നാകരന്‍ നല്ലവണ്ണം പിന്തുണയേകി. ചെണ്ട ശ്രീ മാര്‍ഗി വേണുഗോപാല്‍ ആയിരുന്നു .അണിയറയില്‍ മാര്‍ഗി ഗോപനും മാര്‍ഗി തങ്കപ്പന്‍പിള്ളയും സംഘവും പ്രവര്‍ത്തിച്ചു.

Video

Tuesday, May 24, 2011

തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ പ്രഹ്ലാദചരിതം

2011 മേയ് 23 നു ആന്റ്സ് മീഡിയ തീയറ്റര്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം തീര്‍ഥപാദമണ്ഡപത്തില്‍ മടവൂര്‍ കേളുവാശാന്‍ രചിച്ച പ്രഹ്ലാദചരിതം കഥകളി നടന്നു.
ഹിരണ്യകശിപുവായി ശ്രീ കലാമണ്ഡലം മനോജും ശുക്രാചാര്യരായി ശ്രീ മാര്‍ഗി സുരേഷും പ്രഹ്ലാദനായി മാസ്റ്റര്‍ അര്‍ജുന്‍ സുബ്രഹ്മണ്യനും നരസിംഹമായി ശ്രീ കോട്ടയ്ക്കല്‍ ദേവദാസും വേഷമിട്ടു. ശുക്രശിഷ്യന്മാരായും ചണ്ഡാമര്‍ക്കന്മാരായും പുളിയൂര്‍ക്കോട് ഹരിയും കല്യാണകൃഷ്ണനും മാര്‍ഗ്ഗി രവീന്ദ്രന്‍പിള്ളയും വേഷമിട്ടു. ശ്രീ സദനം ശിവദാസും ശ്രീ കലാമണ്ഡലം വിഷ്ണുവും യഥാക്രമം പൊന്നാനിയും,ശിങ്കിടി ഗായകരായിരുന്നു. ചെണ്ടയില്‍ ശ്രീ കലാമണ്ഡലം കൃഷ്ണദാസും കലാനിലയം കൃഷ്ണകുമാറും മദ്ദളത്തില്‍ കലാമണ്ഡലം രവീന്ദ്രനും ശ്രീകണ്ടേശ്വരം മോഹനചന്ദ്രനും മേളമൊരുക്കി.

"രാജല്‍ പല്ലവ പുഷ്പസാലകലിതഅ വാസാദി മോദോല്ലസല്‍" എന്നു തുടങ്ങുന്ന ശ്ലോകത്തിന്റെ അവസാനത്തോടെ ഹിരണ്യകശ്യപുവിന്റെ തിരനോക്ക് ആരംഭിച്ചു. രാജസപ്രൗഢി നിറഞ്ഞു നില്‍ക്കുന്ന ഗാംഭീര്യവും ഒതുക്കവും ഒത്തിണങ്ങിയ കത്തിയുടെ തിരനോക്കായിരുന്നു ഹിരണ്യക‌ശ്യപുവിന്റേത്. വീരരസം ‌‌സ്ഥായിയായി നിര്‍ത്തി താഴ്ന്ന് നിന്നുള്ള നോട്ടവും തിരനോക്കിന്റെ അവസാനത്തില്‍ പട്ടുത്തരീയം കൊണ്ടുള്ള ക്രമേണയുള്ള ചുരുക്കലില്‍ കണ്ട ഒതുക്കവും; പ്രത്യേകിച്ച് ഇരുകൈകളും തമ്മിലുള്ള അകലം കുറച്ച് നിര്‍ത്തിയുള്ള ചുരുക്കലും തിരനോട്ടം കൂടുതല്‍ ആസ്വാദ്യകരമാക്കി.

തിരനോട്ടത്തിനു ശേഷം ഹിരണ്യകശ്യപുവിന്റെ തന്റേടാട്ടം. ഇരിപ്പിടത്തില്‍ ഇരുന്ന് സൗഖ്യം നടിച്ച് ചിട്ടപ്രകാരമുള്ള ആട്ടമാണ്. "എനിക്കേറ്റം സുഖം ഭവിച്ചു." എന്നു തുടങ്ങുന്നത്. എല്ലാ ത‌മോഗുണ കഥാപാത്രങ്ങളും ആടുന്നതാണെങ്കിലും ചിലരെങ്കിലും ഇതാടുന്നത് കാണുമ്പോള്‍ എന്തോ ഒരു ആസ്വാദ്യത തോന്നാറുണ്ടല്ലോ. അത് ഇവിടെ ശ്രീ മനോജിന്റെ ഹിരണ്യകശ്യപുവന്റ്റെ ആട്ടത്തിനായി. കാരണം മറ്റൊന്നല്ല. ചടുലതയോടും വൃത്തിയോടും ഉള്ള മുദ്രകളും പടം ചെരിച്ചുള്ള ചുവടുകളും താഴ്ന്നു നിന്നാടുമ്പോഴുള്ള ഭംഗിയും തന്നെ. ചിട്ടപ്രകാരമുള്ള ആട്ടത്തിന്റെ ഒടുവില്‍ തന്റെ സഹോദരനായ ഹിരണ്യാക്ഷനെ വരാഹാതാരം പൂണ്ട് വിഷ്ണൂ വധിച്ചതും സ്വതവേ ദേവവൈരിയായ തനിക്ക് വിഷ്ണു ആത്യന്തിക ശത്രുവായിത്തീര്‍ന്നതുമായ കഥ വീരരൗദ്രഭാവങ്ങളോടെയും തനിക്ക് ലഭിച്ചിട്ടുള്ള വരലബ്ധികളും ത്രിഭുവനങ്ങളിലുള്ള ജീവജാലങ്ങള്‍ക്ക് തന്നിലുള്ള ഭയവും "ഓം ഹിരണ്യായ നമ:" മന്ത്രം പ‌രാക്രമങ്ങളിലൂടെ സാ‌‌ര്‍‌വ്വത്രികമാക്കിയതും ഒക്കെ സഞ്ചാരീഭവങ്ങളിലുടെയും തന്മയത്വത്തോടെ ആടി ഫലിപ്പിക്കുകയും ചെയ്തു ശ്രീ മനോജ്. പിന്നീട് തന്റെ പുത്രനായ പ്രഹ്ലാദനെ കുലഗുരുവായ ശുക്രന്റെ ഗുരുകുലത്തില്‍ ഏല്പ്പിക്കുവാനും തീരുമാനിച്ച് രംഗം അവസാനിക്കുന്നു. ശ്രീ മനോജിന്റെ ഒരു പോരായ്മയായിത്തോന്നിയത് വീരരൗദ്രരസത്തിലുള്ള അലര്‍ച്ചകളിലാണ്. അല്പം ഇടര്‍ച്ച തോന്നിച്ചിരിന്നു. ഒരു പക്ഷേ തൊണ്ടക്ക് അത്ര സുഖമില്ലാഞ്ഞിട്ടായിരിക്കാമെന്നു കരുതുന്നു.
പ്രഹ്ലാദനെ കുലഗുരുവായ ശുക്രന്റെ ഗുരുകുലത്തില്‍ ഏല്പ്പിക്കുവാനായി എത്തുന്നതായിരുന്നു അടുത്ത രംഗം. "മാമുനിവര! തവ പാദയുഗളം വന്ദേ" എന്നു തുടങ്ങുന്ന പദത്തില്‍ "എന്നുടെ ഭുജബലം മൂന്നുലോകങ്ങളിലും മന്ദമെന്നിയേ പുകഴ്ത്തിന്നല്ലയോ മഹാമുനേ" എന്ന ഭാഗം അഹങ്കാരത്തിന്റെ പാരമ്യം നടിച്ചുകൊണ്ട് ശ്രീ മനോജ് വിസ്തരിക്കുകയുണ്ടായി. തുടര്‍ന്ന് ശ്രുക്രന്റെ "നക്തഞ്ചരാധിപ" എന്നു തുടങ്ങുന്ന പദമായിരുന്നു. ശ്രീ മാര്‍ഗി സുരേഷിന്റെ ശുക്രാചാര്യര്‍ ഉള്‍ഭയമുള്ള അസുരഗുരുവായി നന്നായി നടിച്ചു. "എന്നാല്‍ വൈകാതെ മമം നന്ദനനെകൈക്കൊണ്ടു എന്നുടയചരിത്രത്തെ നന്നായഭ്യസിപ്പിക്ക" എന്ന പദത്തോടെയും ആ രംഗത്തിലെ പദാഭിനയം അവസാനിച്ചു. തുടര്‍ന്നു ശുക്രന്‍ ശുഭമുഹൂര്‍ത്തം നിശ്ചയിച്ച് വിദ്യാഭ്യാസം തുടങ്ങാമെന്ന് ആടുകയും പ്രഹ്ലാദന്‍ ശുക്രന് ഗുരുദക്ഷിണ നല്‍കുകയും ഹിരണ്യന്‍ മകനെ പിരിയുന്ന പിതാവിന്റെ വിഷമത്തോടെ രംഗത്ത് നിന്ന് നിഷ്ക്രമിക്കുകയും ചെയ്യുന്നു. കുട്ടികളെയെല്ലാം ഹിരണ്യായ നമ ചൊല്ലാനേല്പ്പിച്ച് ശുക്രന്‍ പുറത്തേക്ക് പോകുന്നു.
പ്രഹ്ലാദന്‍ സഹപാഠികളെക്കൊണ്ട് വിഷ്ണുനാമം ചൊല്ലാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു അടുത്ത രംഗം. മാസ്റ്റര്‍ അര്‍ജുന്‍ സുബ്രഹ്മണ്യന്റെ പ്രഹ്ലാദന്‍ ശിശുസഹജമായ ഭാവഹാവാദികളോടെ തന്നെ ഭംഗിയായി "ബാല‌കന്മാരെ നിങ്ങള്‍" എന്ന പദം ആടി."അപ്പം പഴം പാല്പായസം കെല്പ്പോടെ ലഭിക്കണമെങ്കില്‍" എന്നത് ഒരു കുട്ടിത്തം നിറഞ്ഞ ഒരു തലയാട്ടലോടെ അ‌ര്‍ജ്ജുന്‍ അവതരിപ്പിക്കുന്നത് കണ്ടു. ഒടുവില്‍ പ്രഹ്ലാദന്റെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി സഹപാഠികളും "നാരായണായ നമ:" എന്ന് ചൊല്ലിത്തുടങ്ങി. തിരികെയെത്തിയ ശുക്രാചാര്യന്‍ പ്രഹ്ലാദന്‍ തന്റെ ശിഷ്യരെയെല്ലാം നാരായണമന്ത്രം അഭ്യസിപ്പിക്കുന്നതുകൊണ്ട് കുപിതനായി "പറക പറക ദനുജരാജനന്ദന" എന്ന പദം ആടുന്നു. ദണ്ഡനങ്ങളും പ്രലോഭനങ്ങളുമൊന്നും പ്രഹ്ലാദന്റെ നാരായണഭക്തിക്ക് ഇളക്കം തട്ടിക്കാനാവുന്നില്ലന്ന്‍ കണ്ട് ശുക്രന്‍ അവനേയും കൊണ്ട് ഹിരണ്യനെക്കാണുവാന്‍ പോകാന്‍ തീരുമാനിച്ച് രംഗം വിടുന്നു.

ഹിരണ്യന്റെ കോപത്തിനു പാത്രമാവുമെന്ന പരിഭ്രത്തോടെ ശുക്രന്‍ പ്രഹ്ലാദനുമായി ഹിരണ്യകശ്യപുവിന്റെ അടുത്തെത്തുന്ന രംഗമായിരുന്നു അടുത്തത്. മകനെ കണ്ട് ആഹ്ലാദത്തോടെ ഹിരണ്യന്‍ കെട്ടിപ്പുണരുന്നു. തുടര്‍ന്ന് "ബാലക സുഖമോ തവ" എന്ന പദം. പദത്തിനിടയില്‍ മാര്‍ഗ്ഗി സുരേഷിന്റെ ശുക്രന്‍ പ്രാണഭയത്താലുള്ള പരിഭ്രമം സ്വാഭാവികമായിത്തന്നെ അവതരിപ്പിച്ചു. അര്‍ജുന്‍ സുബ്രഹ്മണ്യന്റെ പ്രഹ്ലാദന്‍ ഈ പദത്തിനിടയില്‍ മുതിര്‍ന്ന നടന്മാരുമായി സ്വാഭാവികമായി സം‌വദിക്കുന്നതിലും മികവു പുലര്‍ത്തി എന്നത് എടുത്തു പറയേണ്ടതാണ്. "ഏതൊരു വിദ്യ നിനക്കു ചേതസ്സി തെളിഞ്നിതെന്നും താതനാമെന്നോടു ചൊല്‍ക വീതസന്ദേഹം നീ വീര" എന്ന ഹിരണ്യന്റെ പദത്തിനു മറുപടിയായി
"ഈരേഴു ലോകത്തിനും കാരണനായീടുന്ന" എന്ന ചരണം പ്രഹ്ലാദന്‍ ആടുമ്പോള്‍ തന്നെ ഹിരണ്യന്‍ ആഹ്ലാദത്തോടെ " എന്നെ.. ഈ ഹിരണ്യനെ" എന്ന് ആവര്‍ത്തിച്ച് കാണിക്കുകയും അങ്ങിനെ പറയുക എന്ന് പ്രഹ്ലാദനെ പ്രോല്‍സ്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ "നാരായണദേവനെ ആരാധിക്കയേ നല്ലൂ" എന്ന് പ്രഹ്ലാദന്‍ പറയുന്നതൊടെ ക്രൂദ്ധനായ ഹിരണ്യന്‍ ആദ്യം പ്രഹ്ലാദനേയും പിന്നെ ശുക്രനേയും ക്രോധത്തോടെ കടന്നു പിടിക്കുന്നു. "അത്ഭുതമത്ഭുതഭ്യസനം പരം" എന്ന പദമാണ് പിന്നെ. തനിക്കേറ്റവും വെറുപ്പുള്ള വചനമിങ്ങനെ ചൊല്ലുവാന്‍ കാരണമെന്തെന്ന് ശുക്രനോടാരായുന്ന ഹിര്‍ണ്യനോട് ശുക്രന്‍ ഗരുഡാസനന്റെ ദാസനായ പ്രഹ്ലാദന്റെ നാരായണനാമ വാസന്‍ കളയാന്‍ തനിക്ക് കഴിയില്ലെന്ന് പ്രാണഭയത്തോടെ പറയുന്നു. അടക്കാന്‍ വയ്യാത്ത ക്രോധത്തോടെ ഹിരണ്യന്‍ ശുക്രനെ ആട്ടിയോടിക്കുന്നു.
ഈ ഭാഗങ്ങളില്‍ ചെണ്ട കൈകാര്യം ചെയ്തിരുന്ന ശ്രീ കലാനിലയം കൃഷ്ണകുമാറിന് ഹിരണ്യന്റെ ചടുലങ്ങളായ വട്ടം‌വെച്ചുകലാശങ്ങള്‍ക്ക് വേണ്ടും വണ്ണം കൊട്ടിനിറക്കാനായില്ല എന്നത് രൗദ്രരസത്തിന്റെ മാറ്റു കുറച്ചു.

തുടര്‍ന്ന പ്രഹ്ലാദനനെ തന്റെ അഭീഷ്ടത്തിനനുസരിച്ചു നി‌ര്‍ത്താനായി ദണ്ഡനപീഢനങ്ങള്‍ക്കായി ഹിര്‍ണ്യന്‍ കിങ്കരന്മാരെ ഏല്പ്പിക്കുന്നു. പ്രഹ്ലാദന്റെ മനസ്സുമാറ്റാന്‍ കിങ്കരന്മാരുടെ അടവുകള്‍ക്കും പീഢനങ്ങള്‍ക്കും കഴിയുന്നില്ല. മാര്‍ഗ്ഗി രവീന്ദ്രന്പിള്ളയുടെ നേതൃത്വത്തിലുള്ള കിങ്കരസംഘം സര്‍പ്പദംശനമേല്പ്പിക്കല്‍, കിടങ്ങില്‍ തള്ളിയിടല്‍, കൈവെട്ടല്‍ തുടങ്ങിയ പീഢനമുറകള്‍ നന്നായിത്തന്നെ അവതരിപ്പിച്ചു ( ആത്മാര്‍ത്ഥതയോടെ പീഢനമേല്പ്പിക്കുന്നതിനിടയില്‍ ഒരു കിങ്കരന് വീണ് പരിക്കുപറ്റിയോ എന്ന് സംശയം). ‍ അവര്‍ തിരികെ ഹിരണ്യന്റെയടുത്തെത്തി തങ്ങളുടെ നിസ്സഹായത തുറന്നു പറയുകയും ചെയ്യുന്നു. ഹിരണ്യന്‍ അവ‌രെ ഓടിച്ച് വിട്ടിട്ട് ക്രുദ്ധനായി പ്രഹ്ലാദനു നേരെ തിരിഞ്ഞ്
"ആരെടാ ! ബലമെന്നു ചൊല്‍ക ശഠാ!" എന്ന പദം ആടുന്നു.

"മന്നിലിന്നവനേവനെങ്ങിനെ എങ്ങിതെങ്ങു കഥിക്ക നീ പരം" എന്ന് ചോദിക്കുന്ന ഹിരണ്യനോട്

"ലോകമതിലായവന്‍ ആകവേ നിറഞ്ഞവന്‍
ശ്രീകാന്തന്‍ നാരായണന്‍ മാ കുരു കോപം വൃഥാ" എന്ന് പ്രഹ്ലാദന്‍ മറുപടി പറയുന്നതോടെ അടക്കാന്‍ വയ്യാത്ത ക്രോധത്തോടെ
"തൂണിതാശുപിളര്‍ന്നിടുന്നിഹ കാണണം തവ നാഥനെ ക്ഷണം" എന്ന പദത്തൊടെ താളം മുറുകി വട്ടം തട്ടുന്നു.
(ശ്രീ കലാമണ്ഡലം കൃഷ്ണദാസും ശ്രീ കലാനിലയം കൃഷ്ണകുമാറും ഒന്നിച്ച് ചെണ്ടയിലും കലാമണ്ഡലം രവീന്ദ്രനും ശ്രീകണ്ഠേശ്വരം മോഹനചന്ദ്രനും ഒന്നിച്ച് മദ്ദളത്തിലും ഈ രംഗത്തില്‍ മേളമൊരുക്കി. ഒരു കാര്യം ശ്രദ്ധയില്പ്പെട്ടത് കലാനിലയം കൃഷ്ണകുമാറിന്റെ ചെണ്ടയുടെ ശബ്ദം (കയറിന്റെ മുറുക്കത്തിന്റെയോ മറ്റോ ആയിരിക്കണം) മേളത്തിനലോസരമേന്നോണം വേറിട്ടു നിന്നു എന്നു തോന്നി. എങ്കിലും മേലം മുറുകി ഉച്ചസ്ഥായിയിലെത്തിയതോടെ അത് ശ്രദ്ധിക്കത്തകതല്ലാതായി എന്നും പറയാം.)

ക്രുദ്ധനായ ഹിരണ്യകശ്യപു പ്രഹ്ലാദനൊട് ചോദിക്കുന്നു ഇക്കാണുന്ന തൂണിലുമുണ്ടോ നിന്റെ നാരായണന്‍ .. എന്ന്. പ്രഹ്ലാദന്‍ ഉണ്ട് എന്ന് മറുപടി പറയുന്നതോടെ വേദിയില്‍ നിന്നും ഇറങ്ങി നേരെയോടി സദസ്സിന്റെേറ്റവും പിന്നില്‍ സജ്ജികരിച്ചിരുന്ന തിരശ്ശീലയെ തൂണായി നടിച്ച് അതില്‍ വെട്ടുന്നതായി നടിക്കുന്നു. അതോടെ
"ധൂര്‍ജ്ജടീം ലോകൈക നാഥം നരസിംഹ-
മാര്‍ജ്ജവ വീര്യ പരാക്രമ വാരിധീം
അഗ്നിനേത്രാലോക വ്യാപ്ത ജിഹ്വാ മുഖ-
മഗ്നി വിഭൂതി സ്വരൂപിണമവ്യയം" എന്ന ശ്ലോകത്തിനെ അനുസ്മരിപ്പിക്കുമാറു‌ള്ള ഗാംഭീര്യഭീകരതയോടെ ആളിക്കത്തുന്ന പന്തങ്ങളുടെ വെളിച്ചത്തില്‍ നരസിംഹം പ്രത്യക്ഷപ്പെട്ടു. മുറുകിക്കുറുകി നിന്ന മേളത്തിനനുസരിച്ച് ഹിരണ്യന്‍ ഭീതിയോടെ പിന്നോട്ടും കൂര്‍ത്തുമൂര്‍‌ത്ത നഖങ്ങള്‍ ശൂലങ്ങളെന്നവണ്ണം പിടിച്ച് നരസിംഹം മുന്നോട്ടും ചുവടു വെച്ചു. കാലം മുറുകി വേദിക്കരികിലെത്തിയതോടെ ഇരുവരും വേദിയിലേക്കു കയറുകയും ന‌രസിംഹം ഹിരണ്യനെ പിടിച്ച് കിടത്തി മാറു പിളര്‍ന്ന് (വയറും പിളര്‍ന്നു കാണും. കുടല്‍ മാലയാണല്ലോ വലിച്ചെടുക്കുന്നത്) രക്തം പാനം ചെയ്തു.
നരസിംഹം മാറു വലിച്ചു കീറുന്നതിനിടയില്‍ മനോജിന്റെ ഹിരണ്യകശ്യപുവിന് അല്പം കൂടി തലപൊന്തിച്ച് മരണവെപ്രാളം കാട്ടാമായിരുന്നു എന്നു തോന്നി. അദ്ദേഹം കിടന്ന ബെഞ്ചിന്റെ സൗകര്യക്കുറവാണോ കാരണം എന്നറിയില്ല.
ഹിരണ്യവധം കഴിഞ്ഞ് അടുത്ത രംഗത്തില്‍ പ്രഹ്ലാദന്റെ "പാഹിപാഹി കൃപാനിഥേ ജയ" എന്ന സ്തുതിയോടെയും നരസിംഹത്തിന്റെ "വരിക സമീപേ വല്‍സ" എന്ന പദത്തൊടെയും തുട‌ര്‍ന്ന് നരസിംഹം പ്രഹ്ലാദനെ യുവരാജാവയി അഭിഷേകം ചെയ്യുന്നതോടെയും പ്രഹ്ലാദചരിതം സമാപിച്ചു.
പ്രഹ്ലാദന്‍ ഇരട്ടച്ചവിട്ടുകള്‍ ചവിട്ടി കലാശിച്ച് ധനാശിയെടുത്തു പിന്മാറി. ഈ രംഗമൊക്കെ എത്തിയപ്പോഴേക്കും ക്ഷീണിതനായി കാണെപ്പെട്ടെങ്കിലും അവസാന കലാശത്തില്‍ ശ്രീ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള മേളം അര്‍ജുന്‍ സുബ്രഹ്മണ്യന് പുതിയ ഒരു ഊര്‍ജ്ജം നല്‍കിയതായി അനുഭവപ്പെട്ടു. മാസ്റ്റര്‍ അര്‍ജുന്‍ സുബ്രഹ്മണ്യന്റെ നന്നായി കലാശമെടുക്കുകയും ചെയ്തു.

നരസിംഹം പ്രത്യക്ഷമാവുന്നതു മുതല്‍ ഹിരണ്യവധം വരെ ഇടക്കിടെ സ്പീക്കറിലൂടെ സിംഹത്തിന്റെ അലര്‍ച്ചയും കേട്ടിരുന്നു. (മൃഗശാലയില്‍ നിന്നും ഞാന്‍ സ്ഥിരമായി കേള്‍ക്കുന്ന സിംഹത്തിന്റെ ശബ്ദം പോലെ ഒന്ന്) ഒരാള്‍ മൈക്കിനരികില്‍ നിന്ന് ചെയ്യുന്നതാണെന്നും അതല്ല റെക്കോഡഡ് ശബ്ദമാണെന്നും രണ്ടു പക്ഷം കേട്ടു. കളി കാണുന്ന ശ്രദ്ധയിലും ഫോട്ടൊ എടുക്കുന്നതിനിടയിലും അത് മനസ്സിലാക്കാന്‍ സാധിച്ചില്ല. എന്തായാലും അത് കളിയില്‍ ഒരു കല്ലുകടിയായില്ല എന്നു മാത്രമല്ല കുറച്ചൊരു എഫക്ടുള്ളതായും തോന്നി. കുടല്‍മാല സപ്ലൈ ചെയ്യാന്‍ പതിവുപോലെ അണിയറയിലെ ഒരാള്‍ നരസിംഹത്തിന്റെ ഇടതു ഭാഗത്തുണ്ടായിരുന്നു. ഹിരണ്യന്റെ അരപ്പട്ടക്കുള്ളില്‍ വെക്കാവുന്ന ഈ സാധനം ശരിക്കും കളിക്കിടയില്‍ ഒരാള്‍ കൊണ്ടുക്കൊടുക്കുന്നത് രസം കൊല്ലും എന്ന് തോന്നി. ഒരുപാട് നന്നായ ഒരു കളിയെ ഈ ഒരു കാരണം കൊണ്ട് കുറ്റം പറയുന്നതു മഹാപരാധമാണ്. ഇനി ഇത്തരം കളി സംഘടിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കാമല്ലോ എന്നു കരുതി സൂചിപ്പിച്ചതാണ്. ശ്രീ കോട്ടക്കല്‍ ദേവദാസ് ആയിരുന്നു നരസിംഹമായി വേഷമിട്ടത്. രൗദ്രഭാവത്തിന്റെ ഉന്നതമായ പ്രകറ്റനം കൊണ്ടും തേപ്പിന്റെ ഭംഗി കൊണ്ടും ചുട്ടി ഒരുക്കിയ ശ്രീ മാര്‍ഗ്ഗി രവീന്ദ്രന്‍പിള്ളയുടെ കര്‍മ്മകുശലതകൊണ്ടും സംഘാടകര്‍ ഒരുക്കിയ വെളിച്ചത്തിന്റെ നിയന്ത്രണങ്ങള്‍ കൊണ്ടും ശ്രീ കോട്ടക്കല്‍ ദേവദാസിന്റെ നരസിംഹം മറക്കാനാവാത്ത ഒരനുഭവമായി മാറി എന്നു തന്നെ പറയാം. നരസിംഹത്തിന്റെ അടിവെച്ചടിവെച്ചുള്ള പ്രയാണം പ്രേക്ഷകരിലേക്കും എന്തോ ഒരു ഊര്‍ജ്ജവും ത്രില്ലും പകരുന്നതായും അനുഭവ്പ്പെട്ടു. ശ്രീ പ്രശാന്ത് നാരായണനും ശ്രീ ഏറ്റുമാനൂര്‍ കണ്ണനും അടക്കം ഒട്ടനവധി പ്രവര്‍ത്തകര്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി ഇതിനൊക്കെയൊപ്പം ഉണ്ടായിരുന്നു എന്നതും എടുത്തു പറയേണ്ടതാണ്.

ശ്രവണസുഖമുള്ള സാഹിത്യമല്ലെങ്കിലും ശ്രീ സദനം ശിവദാസും ശ്രീ കലാമണ്ഡലം വിഷ്ണുവും ഭാവമുള്‍ക്കൊണ്ടു തന്നെ പാടുകയും നടന്മാര്‍ക്ക് വലിപ്പച്ചെറുപ്പമെന്ന്യേ ശ്രദ്ധകൊടുത്ത് പാടുകയും ചെയ്തു എന്നതും പരാമ‌ര്‍ശ‌യോഗ്യമാണ്. ശ്രീ കലാമണ്ഡലം കൃഷ്ണദാസിന്റെയും ശ്രീ കലാമണ്ഡലം രവീന്ദ്രന്റേയും നേതൃത്വത്തിലുള്ള മേളം കഥയുടെ മര്‍മ്മമറിഞ്ഞ് കൊട്ടുന്നതില്‍ വിജയിക്കുകയും ഭാവം കാണികള്‍ക്ക് അനുഭവവേദ്യമാക്കിത്തീര്‍ക്കുകയും ചെയ്തു.

സാമാന്യം നിറഞ്ഞ സദസ്സിനു മുന്‍പില്‍ അവതരിപ്പിക്കപ്പെട്ട പ്രഹ്ലാദചരിതം പ്രേക്ഷകര്‍ക്കെല്ലാം പൂ‌ര്‍ണ്ണതൃപ്തി നല്‍കുന്നതായിരുന്നു. നല്ല ഒരു കളി കണ്ടു എന്ന സന്തോഷത്തോടെയായിരിക്കണം എല്ലാവരും കളി കഴിഞ്ഞ് പിരിഞ്ഞുപോയത്. ഇത്രയും നന്നായി ഒരു കഥകളി അവതരിപ്പിച്ച സംഘാറ്റകരും വിശേഷമായ പ്രശംസ അര്‍ഹിക്കുന്നു.



ഹിരണ്യകശ്യപുവിന്റെ തിരനോക്ക്
ഹിരണ്യകശ്യപുവിന്റെ തിരനോക്ക്
ഹിരണ്യകശ്യപുവിന്റെ തിരനോക്ക്
ഹിരണ്യകശ്യപുവിന്റെ തിരനോക്ക്
ഹിരണ്യകശ്യപുവിന്റെ തിരനോക്ക്
ഹിരണ്യകശ്യപുവിന്റെ തന്റേടാട്ടം
ഹിരണ്യകശ്യപുവിന്റെ തന്റേടാട്ടം
എത്രയും ഗുണമുള്ള പുത്രനാം പ്രഹ്ലാദനെ
ചിത്രമായീടുന്നോരു സ്തോത്രോപദേശം ചെയ്തീടുക
എത്രയും ഗുണമുള്ള പുത്രനാം പ്രഹ്ലാദനെ
ചിത്രമായീടുന്നോരു സ്തോത്രോപദേശം ചെയ്തീടുക

പ്രഹ്ലാദനെ നരസിംഹം യുവരാജാവായി അഭിഷേകം ചെയ്യുന്നു

ധനാശി

Friday, March 25, 2011

എന്റെ തെറ്റിദ്ധാരണകള്‍

മനുഷ്യനായാല്‍ തെറ്റിദ്ധരിക്കാന്‍ പഠിക്കണം. അത് തെറ്റിദ്ധരിച്ചതാണെന്ന് മനസ്സിലായാലല്ലേ ശരിയായിട്ടുള്ളത് തിരിച്ചറിയാന് പറ്റൂ. അല്ലേ?

ചെറുപ്പകാലം മുതലേ ഞാന്‍ ഒരു തെറ്റിദ്ധരിക്കലുകാരന്‍ ആയിരുന്നു. എന്നു പറഞ്ഞാല്പ്പോരാ ... ഒരൊന്നൊന്നര തെറ്റിദ്ധാരണകളാണ് എന്റെ മനസ്സിലുണ്ടാവുക. ദേ ഈ മുപ്പത്തൊന്പതാം വയസ്സിലും കാണും എനിക്ക് നല്ല കിണ്ണം കാച്ചിയ തെറ്റിദ്ധാരണകള്‍. പക്ഷേ അത് 'തെറ്റി' ആയിരുന്നെന്ന് അറിയാന് കുറച്ച് സമയം പിടിക്കും. അത് കൊണ്ട് അതിനെപ്പറ്റി ഇപ്പോള്‍ എഴുതാന്‍ പറ്റില്ലല്ലോ. എന്നാല്‍ പിന്നെ ഓ‌ര്‍മ്മ വെച്ച കാലം മുതല്‍ എനിക്ക് തോന്നിയിട്ടുള്ള ചില തെറ്റിദ്ധാരണകളെ ഒന്നക്കമിട്ടു നിരത്തി നോക്കിയാലോ. വായിക്കുന്നവരുടെ കാര്യം കട്ടപ്പൊകയാണ്. എന്നാലും ഒന്നെഴുതി നോക്കാം.

  1. റേഡിയോയിലൂടെ പാട്ട് കേള്ക്കുമ്പോള്‍ എന്റെ ഒരു ധാരണ എന്താണെന്ന് വെച്ചാല് യേശുദാസ്സും എസ്. ജാനകിയും കൂടി കെട്ടിപ്പിടിച്ചോണ്ട് നിന്നാണ് പാട്ട് പാടുന്നത് എന്നായിരുന്നു. ലോജിക് സിമ്പിള്‍. അന്ന് കാണുന്ന സിനിമയിലൊക്കെ നസീറോ മധുവോ ജയനോ പാട്ടുസീനിലുള്ള ഒരു നടിയേയും വെറുതെ വിട്ടിരുന്നില്ല (ഇന്നും നായകന്മാര്‍ അങ്ങിനെ തന്നെ. സംഭവം കുറച്ചുകൂടി ടൈറ്റ് ആയിട്ടുണ്ടോ എന്നേ സംശയമുള്ളൂ). അപ്പോള്‍ സ്വാഭാവികമായും പാട്ടുകാരും അങ്ങിനെ തന്നെയായിരിക്കും എന്ന് ഞാനങ്ങ് 'ഊഹിച്ചു'.അഞ്ചാം ക്ലാസ്സില് വെച്ച് "ബ്ഭ! കെഴങ്ങാ" എന്ന് വിളിച്ച് എന്റെ ചേച്ചി തലക്ക് ഒരു കിഴുക്ക് തന്ന് കാര്യം പറഞ്ഞപ്പോഴേ എന്റെ ഈ തെറ്റിദ്ധാരണ മാറിയുള്ളൂ.
  2. ആണും പെണ്ണും കെട്ടിപ്പിടിച്ചാല്‍ പെണ്ണിന് ഗ‌ര്‍ഭം ഉണ്ടാവുമെന്നും കുട്ടിയുണ്ടാവുമെന്നും ഏതാണ്ട് എട്ടാം ക്ലാസ്സ് കഴിയുന്നതു വരെ ഞാന് ആത്മാര്ത്ഥമായി വിശ്വസിച്ചിരുന്നു! ഇക്കാര്യത്തില്‍ മൊത്തത്തില്‍ ഒരു ക്ലാരിറ്റി കൈവരാന്‍ ഒമ്പതാം ക്ലാസ്സില്‍ വിജയമ്മ സാര്‍ ജീവശ്ശാസ്ത്രത്തില്‍ "പ്രത്യുല്പ്പാദന പ്രക്രിയ" പഠിപ്പിക്കുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. മലയാളം പോലും നേരെ ചൊവ്വേ മനസ്സിലാക്കാന്‍ കഴിയാത്ത അമ്പലപ്പുഴ സ്കൂളിലെ അന്താപ്പാവികളായ എന്നെപ്പോലുള്ള മന്ദബുദ്ധികളായ അനാഗതശ്മശ്രുക്കളുടെ ക്ലാസ്സില്‍ 'ഇവന്‍‌മാര്‍ക്ക് ഇത്ര മതി' എന്ന് വിചാരിച്ചിട്ടാണോ എന്തോ വിജയമ്മ സാര്‍ പ്രത്യുല്പ്പാദന പ്രക്രിയയുടെ ചില ഭാഗങ്ങളൊക്കെ ഇംഗ്ലീഷില്‍ പറഞ്ഞു കളഞ്ഞു. പക്ഷേ വിഷയത്തിന്റെ " അതിപ്രാധാന്യം" കണക്കിലെടുത്ത് ശ്രദ്ധയോടുകൂടിയിരുന്നും, ക്ലാസ്സ് കഴിഞ്ഞ് ചര്ച്ച ചെയ്തും (യേത് ;-) ) ഞാന്‍ സംഭവത്തിന് മൊത്തത്തില്‍ ഒരു "ക്ലാരിറ്റി" ഉണ്ടാക്കിയെടുത്തു. ഉപരിപഠനത്തിനായി ഞങ്ങള്‍ രഹസ്യമായി സംഘടിപ്പിച്ച "ദാഹം തീരാത്ത നേഴ്സ്", "അവളുടെ ആര്ത്തി" തുടങ്ങിയ ലോകോത്തര ക്ലാസ്സിക്കുകള്‍ ഈയിനത്തില്‍ നേടിത്തന്ന അറിവുകളും വിസ്മരിക്കാവുന്നതല്ല.
  3. സ്കൂളില്പ്പോകുന്ന വഴി ഒറ്റക്കൊരു മാടത്തയെ (മൈനയെ) കണ്ടാല്‍ അന്ന് ഉറപ്പായിട്ടും തല്ലുകിട്ടുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിച്ചിരുന്നു. അതിനുള്ള പ്രതിവിധിയും കാലാകാലങ്ങളായി ചെയ്തുപോന്നു. പ്രതിവിധി കൈതച്ചെടിയുടെ മുള്ളുള്ള രണ്ടിലകള്‍ തമ്മില് കൂട്ടിക്കെട്ടുക എന്നതാണ്. ഇതൊക്കെ ചെയ്തിട്ടും എനിക്ക് തല്ലു കിട്ടാനുള്ളത് മുറക്ക് കിട്ടിയിരുന്നു എന്നത് പ്രസ്താവ്യമാണ്. ഏകദേശം ഒന്പതാം ക്ലാസ്സൊക്കെയായിട്ടാണ് ഞാന് ഈ കലാപരിപാടി അവസാനിപ്പിച്ചത് എന്നാണ് ഓ‌ര്‍മ്മ.
  4. ഇടിയും മിന്നലും ഉണ്ടാവുമ്പോള്‍ പേടിച്ചിട്ട് അര്ജ്ജുനന്റെ പത്തു പേരുള്ള എന്തോ ഒരു പാട്ട് പാടിയാല്‍ പ്രോബ്ലം സോള്വ് ചെയ്യാമെന്ന് എനിക്ക് പറഞ്ഞുതന്നത് ആരാണോ എന്തോ! വായില്‍ക്കൊള്ളാത്ത പേരാണെന്ന് തോന്നിയതുകൊണ്ടാണോ എന്തോ പിന്നീട് അത് 'അര്ജ്ജുനപ്പത്തര്ജ്ജുനപ്പര്ത്തജ്ജുനപ്പത്ത്" എന്നിങ്ങനെ ജപിച്ചാല്‍ മതിയെന്ന് ഒരു പരിഹാരവും ആരോ പറഞ്ഞു തന്നു. പറഞ്ഞപ്പോഴൊക്കെ ഇടി നിന്നിരുന്നു എന്നാണോര്മ്മ :))
  5. ഭൂമി ഉരുണ്ടതാണ് എന്ന് ചെറിയ ക്ലാസ്സുകള്‍ മുതലേ പഠിപ്പിച്ചതൊക്കെ ഞാന് നന്നായി മനസ്സിലാക്കിയിരുന്നു. പക്ഷേ ഒരു കുഴപ്പം മാത്രം. ഞാനും ഇക്കണ്ട ജന്തുജാലങ്ങളെല്ലാം ഈ ഉരുണ്ട ഭൂമിയുടെ അകത്തായിരുന്നു താമസം എന്നായിരുന്നു എന്റെയൊരു ധാരണ. മുകളിലേക്ക് നോക്കിയപ്പോള്‍ കണ്ട് കുട്ട കമിഴ്ത്തിയ പോലുള്ള ആകാശം ഞാന്‍ താമസിക്കുന്ന ഭൂമിയുടെ മച്ചാണെന്നും ഞാന് ഉറച്ച് വിശ്വസിച്ചിരുന്നു.. തെറ്റിദ്ധരിച്ചിരുന്നു. ഭൂമിശ്ശാസ്ത്രം പഠിപ്പിച്ചു തുടങ്ങിയത് എത്രാം ക്ലാസ്സില്‍ ആണെന്നോര്മ്മയില്ല. അപ്പോഴാണ് തെറ്റിദ്ധാരണ ആരോടും പറയാതെ ഞാനങ്ങു മാറ്റിയത്. ശ്ശോ! (ഇപ്പോഴും ഭൂമിശ്ശാത്രം എനിക്ക് അജ്ഞാതം. ഭൂമിയുടെ മുകളിലാണ് താമസം എന്നു മാത്രം അറിയാം)

ഇനിയുമെന്തൊക്കെ!... ഒന്നാലോചിച്ചു നോക്കൂ. ഞാന് ഒരു തിരുമണ്ടനാണെന്ന് സമ്മതിച്ചുകൊണ്ട് തന്നെ ഞാന്‍ ഇന്നത്തെ തലമുറയെ നോക്കുന്നു. എല്‍.കെ.ജി യിലോ ഒന്നാം ക്ലാസ്സിലോ പഠിക്കുന്ന ഒരു കുഞ്ഞിന് താന്‍ വന്ന വഴിയെക്കുറിച്ച് പോലും വ്യക്തമായ ധാരണയുണ്ട്. അല്ലെങ്കില്‍ അവന്‍/അവള്‍ ധൈര്യമായി ചോദിക്കും "അച്ഛാ.. അമ്മേ... ഞാനെങ്ങെനാ ഒണ്ടായെ?" എന്ന്. ഞാന്‍ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചിരുന്നെങ്കില്‍ എനിക്ക് കിട്ടുമായിരുന്നത് ചെവിക്ക് ഒരു കിഴുക്കും ഭീകരമായ മ‌ര്‍ദ്ദനവുമായിരുന്നു. ഇന്നത്തെ അച്ഛനമ്മമാര്‍ അക്കാര്യത്തില്‍ ഒത്തിരി മുന്പിലാണ്. നുണ പറയുകയോ ഉരുണ്ടു കളിക്കുകയോ ചെയ്താല്‍ അവ‌ര്‍ക്കറിയാം അടുത്ത ചോദ്യം ടിന്റുമോന്‍ ചോദിച്ച ചോദ്യമായിരിക്കും എന്ന്. "അതെന്താ നിങ്ങളൊന്നും ഗര്ഭം ധരിക്കുകയും പ്രസവിക്കുകയുമെന്നും ചെയ്യാറീല്ലേ" എന്ന്.

Wednesday, October 20, 2010

പാചകം - ഗോതമ്പുണ്ട

ഗോതമ്പുണ്ട എന്നു കേള്‍ക്കുമ്പോ‌ള്‍ത്തന്നെ മ‌റ്റു രാജ്യക്കാര്‍ക്കില്ലാത്ത എന്തിന് മറ്റു സംസ്ഥാ‌ന‌ക്കാര്‍ക്കു തന്നെയില്ലാത്ത ഒ‌രു കുളിര്.....ഒരിത് മ‌ല‌യാളിക‌ള്‍ക്കുണ്ട്. ഇതൊരുതരം ഗൃഹാതുര‌ത്വമുണ‌ര്‍‌ത്തുന്ന മാന്ത്രികപദം കൂടിയാണ് മ‌‌ല‌യാളിക്ക്. 'ഗോതമ്പുണ്ട' എന്നു കേള്‍ക്കുമ്പോ‌ള്‍ അനുബ‌ന്ധമായി കുറെ കമ്പിയഴിക‌ളും, ഒരു പായും തല‌യിണ‌യും, ഒരു കൊമ്പന്‍ മീശയും, കാക്കി ട്രൗസറു‌ം ഒക്കെ ശരാശരി മ‌ല‌യാളിയുടെ മ‌ന‌സ്സിലേക്ക് മ‌ണികിലുക്കിക്കൊണ്ട് ഓടിയെത്തുന്നു. അങ്ങിനെയുള്ള ഒരുദാത്ത വിഭവത്തിന്റെ പാ‌ചകമാണ് ഈ ല‌ക്കത്തില്‍ ഞാന്‍ ഉദ്ദേശിക്കുന്നത്. ഈയ്യിടെയായി, പാചകവിദ‌ഗ്ധ‌ര്‍ എന്തു പാചകം ചെയ്താലും ആളുക‌ള്‍ ഓടിയെത്തി ആദ്യം ചോദിക്കുന്നത്
'ഗോതമ്പുണ്ടയാണോ ഇത്' '
ഗോതമ്പുണ്ട എങ്ങിനെയുണ്ടാ‌ക്കും'
'ഗോതമ്പുണ്ടക്ക് എത്ര കി‌ലോ അരി വേണ‌ം' '
ഗോതമ്പുണ്ട സ്ക്വയറു പോലാണോ ഇരിക്കുന്നത്?'
എന്നിങ്ങ‌നെയൊക്കെയാണ്.
ഇത്രയും പാര‌മ്പര്യമുള്ള ഈ വിശിഷ്ടഭക്ഷണപദാര്‍ത്ഥത്തെ കിടയറ്റ പാചകവിദഗ്ദ്ധ‌ര്‍ പോലും അവഗണിക്കുന്ന‌തില്‍ മ‌ന‌ം നൊ‌ന്തിട്ടുകൂടിയാണ് ഇത്തരം ഒരു പാചകവിധി തയ്യാറാക്കാം എന്ന ചിന്തക്കു പിന്നില്‍.
ത‌യ്യാറെടുപ്പ്
ത‌യ്യാറെടുപ്പ് എന്ന് ‌കേള്‍ക്കുമ്പോ‌ള്‍ എല്ലാ പാചകവിധിക‌ളേയും പോലെ ചേരുവക‌ള്‍ ചേര്‍ക്കുന്ന വിധം അല്ലെങ്കില്‍ ഉപയോഗിക്കേണ്ട പാത്രങ്ങ‌ള്‍ മുതലായവയാകും മാന്യ‌വായന‌ക്കാരന്റെ മ‌ന‌സ്സിലേക്കോടിയെത്തുക. തെറ്റി. ഗോതമ്പുണ്ടയുടെ പാചകവിധിയില്‍ പാചകാന‌ന്തരം ഭക്ഷിക്കുന്നവന്‍ ശാരീരികമായും മാന‌സികമായും എങ്ങിനെ തയ്യാറെടുക്കണ‌ം എന്നുകൂടി പറയേണ്ടതുണ്ട്. നിരന്ത‌രമായ സാധന‌യാണ് ഗോതമ്പുണ്ടയുടെ പാചകാന‌ന്തര ഉപഭോഗത്തിന്റെ കാതല്‍.
ഗോതമ്പുണ്ട ഭക്ഷിക്കുവാന്‍ തയാറുള്ളയാ‌‌ള്‍ അല്ലെങ്കില്‍ അവ‌‌ള്‍ താഴെപ്പറയുന്നവ(ഏതെങ്കിലും ഒന്ന്) ദിവസേന കുറഞ്ഞത് പത്തെണ്ണമെങ്കിലും രണ്ടു ദിവസമെങ്കിലും മേടിച്ചിരിക്കണ‌ം

1. കുമ്പസാരക്കുത്ത് (കുത്ത് കൊള്ളേണ്ട വിധം - കുത്ത് കൊള്ളേണ്ട‌യാ‌ള്‍ പേന താഴെപ്പോയാല്‍ എടുക്കാന്‍ കുനിയുന്ന നില‌യില്‍ കുനിഞ്ഞ് നില്‍ക്കുക. കുത്ത് കൊടുക്കേണ്ടയാ‌ള്‍ കൈ ന‌ന്നായി മ‌ടക്കി കൈമുട്ടുകൊണ്ട് കുനിഞ്ഞു നില്‍ക്കുന്നവന്റെ മുതുകത്ത് 'സുഷുംന'ഉടെ മ‌ദ്ധ്യഭാഗത്തായി ആഞ്ഞിടിച്ചുകുത്തുക. 'ഊയ്യന്റമ്മച്ചിയേ','ഹെന്റമ്മോ','അയ്യാ....' എന്നിങ്ങനെയുള്ള ആര്‍ത്ത‌നാദങ്ങ‌‌ള്‍ കേട്ടാല്‍ പ്രയോഗം ല‌ക്ഷ്യത്തിലെത്തി എന്നു കരുതാം.)

2. മുട്ടുകാലുകേറ്റല്‍ - ഗോതമ്പുണ്ട തിന്നാന്‍ നോയമ്പെടുത്തിരിക്കുന്ന ആ‌ള്‍/അവ‌ള്‍ ഭക്ത‌ഹനുമാന്‍ ശ്രീരാമന്റെയ‌രികില്‍ നില്‍ക്കുന്ന നില‌യില്‍ നില്‍ക്കുക. തൊഴുക എന്നത് തിക‌ച്ചും വ്യ‌ക്തിപരം മാത്രം. മുട്ടുകാല് കേറ്റേണ്ടയാ‌ള്‍ ഗോതമ്പുണ്ടാര്‍ത്ഥിയുടെ ഇരു ചുമ‌ലിലും പിടിച്ച് സ്വന്തം വ‌ലത്തേക്കാല്‍ മ‌ടക്കി മുട്ടുകാല്‍ അടിവയര് ല‌ക്ഷ്യമാക്കി ആഞ്ഞ് കേറ്റുക. മുന്‍ ന‌മ്പറീല്‍ സൂചിപ്പിച്ച ആര്‍ത്തനാദ‌ങ്ങ‌ള്‍ ഇവിടെയും കേള്‍ക്കുന്നത് കേറ്റ് ഏറ്റു എന്നതറിയാന്‍ എന്തുകൊണ്ടും അഭില‌ഷണീയമാണ്. മുട്ടുകാല്‍ അടിവയറോ, ദിവ്യസ്ഥാമോ ല‌ക്ഷ്യമാക്കി ആഞ്ഞ് കേറ്റുക. മുന്‍ ന‌മ്പറീല്‍ സൂചിപ്പിച്ച ആര്‍ത്തനാദ‌ം ആര്‍ത്തിയോട് ആനുപാതികമായിരിക്കും എന്ന് ആനുഷംഗികമായി സൂചിപ്പിച്ചുകൊള്ളട്ടേ.

ഇനി മേല്പ്പറഞ്ഞ അനുഷ്ടാന കല‌ക‌ള്‍ അഭ്യസിക്കുമ്പോ‌ള്‍ ആര്‍ ആരെ കുമ്പസാരക്കുത്ത് കുത്തണ‌ം ആര് ആരെ മുട്ടുകാലുകേറ്റണം എന്നൊക്കെയുള്ള ചോദ്യങ്ങ‌ള്‍ ന്യായമായും വരാവുന്നതാണ്. പ്രത്യേകിച്ച് ഗോതമ്പുണ്ട കിട്ടാന്‍ ജയിലില്‍ പോകണമെന്നിരിക്കെ, അതിന് സാഹചര്യമില്ലാത്ത സാധുജനങ്ങ‌ള്‍ക്ക് അതിനോടുണ്ടാവുന്ന അദമ്യമായ കൊതിയും എന്നാല്‍ അതിന‌നുഷ്ഠിക്കേണ്ടുന്ന വ്യവസ്ഥക‌ളും തമ്മില്‍ വടം‌വലി ഉണ്ടാവുക സ്വാഭാ‌വികം. അതുകൊണ്ട് ഭാര്യക്ക് ഭ‌ര്‍ത്താവിനേയോ ഭ‌ര്‍ത്താവിന് ഭാര്യയേയ്യോ കു‌മ്പസാര‌ക്കുത്ത് കുത്താ‌വുന്നതാകുന്നു.

"ഭാഗ്യലക്ഷ്മിച്ചേച്ചി വരുന്നത് അവസ‌രാംബാ‌ള്‍ തയ്യാറടുപ്പിലേക്ക് ക‌യറുമ്പോഴാണ്" (Luck is what happens when opportunity meets preparation)
എന്ന ആപ്തവാക്യത്തില്‍ ഉറച്ചുവിശ്വസിക്കുന്ന ഭാര്യാഭ‌ര്‍ത്താക്കന്മാര്‍ അങ്ങോട്ടുമിങ്ങോട്ടും ഏറ്റുമുട്ടാന്‍ കിട്ടുന്ന ഓരോ അവസരവും പാഴാക്കാതെ മേല്പ്പറഞ്ഞ വിധിയാം വണ്ണം കുമ്പസാരക്കുത്തും മുട്ടുകാലുകേറ്റലും കഴിച്ചുകൂട്ടേണ്ടതാകുന്നു. ഇത്രയൊക്കെയായാല്‍ ‍.... അഭിന‌ന്ദന‌ങ്ങ‌ള്‍! നിങ്ങ‌ള്‍ ഗോതമ്പുണ്ട തിന്നാന്‍ എന്തുകൊണ്ടും യോഗ്യ/യോഗ്യന്‍ ആയിരിക്കുന്നു.

ഇനി വേണ്ടത് കത്തിക്കാളുന്ന വിശപ്പാകുന്നു. മൂന്നുനേരം ഉരുട്ടിവിഴുങ്ങി ശീലിച്ച അഹങ്കാരിക‌ള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല ഈ വിശിഷ്ഠഭോജ്യം. മുഴുപ്പട്ടിണി അല്ലെങ്കില്‍ അരപ്പട്ടിണി അഭികാമ്യം.

ചേരുവക‌ള്‍

1.ഗോതമ്പുപൊടി
2.ഉപ്പ്
3.ശ‌ര്‍ക്കര
4.തേങ്ങാ

മൂന്നാമ‌ത്തേയും നാലാമ‌ത്തേയും ചേരുവക‌ള്‍ വശത്തേക്ക് നീക്കിവെക്കുക. അവയുടെ യാതൊരാവശ്യവും ഇല്ല. പിന്നേ... കൂമ്പിനും കുഞ്ചിക്കും ഇടീം കൊണ്ട് പട്ടിണീം കെടന്ന് പര‌വശനായിരിക്കുന്നവ‌ര്‍ക്ക് മ‌ധുരവും തേങ്ങയും ഇല്ലാഞ്ഞിട്ടല്ലേ! പ്രമേഹത്തിന്റേയും കൊള‌സ്ട്രോളിനേയും അസുഖം വരാന്‍ പാടില്ല. ഗോതമ്പുപൊടിയും പാക‌ത്തിന് ഉപ്പും ചേറ്ത്ത് കുഴക്കുക. ഒരു ക്രിക്ക‌റ്റ് പന്തിന്റെ വലിപ്പത്തില്‍ ഉരുട്ടിയെടു‌ക്കാവുന്ന പരുവത്തില്‍. ചപ്പാത്തിക്ക് കുഴക്കുന്നതിനേക്കാളും ഒര‌ല്പം അയഞ്ഞ പരുവത്തില്‍. ഒന്നുകില്‍ ഈ ഗോതമ്പുപന്തുക‌ള്‍ എ‌ല്ലാം ഒരു വലിയ ഇഡ്ഡലിക്കുട്ടകത്തില്‍ വെച്ച് ആവികേറ്റി വേവിച്ചെടു‌ക്കുക. അല്ലെങ്കില്‍ ഒരു വലിയ ചീന‌ച്ചട്ടിയില്‍ എണ്ണ തിളപ്പി‌ച്ച് ഗോതമ്പു പന്തുക‌ള്‍ അതിലേക്കെറിയുക. (ബ്ലും ബ്ലും എന്ന് ഒച്ച കേട്ടാ‌ല്‍ എണ്ണയില്‍ വീണു എന്നു കരുതാം). അങ്ങിനെ അത്യന്തം രസനിഷദ്യയായ ഗോതമ്പുണ്ട റെഡി. കഴിക്കുകയേ വേണ്ടൂ. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങ‌ള്‍
1. കഴി‌ക്കാനായെടുക്കുമ്പോഴോ അല്ലെങ്കില്‍ കഴിച്ചുകൊണ്ടിരിക്കുമ്പോഴോ ഗോതമ്പുണ്ട കാലിലോ മ‌റ്റെവിടെയെ‌ങ്കിലുമോ വീഴാതെ നോക്കണ‌ം. അങ്ങിനെ പറ്റിയാല്‍ ചതവ്, ഉളുക്ക്, നീര്‍‌വീഴ്ച മുതലായവ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്.
2. ഗ്രൂപ്പായി കഴിച്ചുകൊണ്ടിരിക്കുന്നവ‌ര്‍ (ഗോതമ്പുണ്ട പന്തിഭോജന‌ം) ഹെല്‍മെറ്റ് (ഐ.എസ്.ഐ മാര്‍ക്കുള്ളത്) നിര്‍ബ്ബന്ധമായും ധരിച്ചിരിക്കണ‌ം. കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ദേഷ്യം വന്നാല്‍ അങ്ങോട്ടുമിങ്ങോട്ടും എറിയാന്‍ ഗോതമ്പുണ്ട ഉപയോഗിച്ചേക്കാം എന്നു‌ള്ളതിനാലാണ് ഇത്.
3. വെപ്പുപല്ല് ഉള്ള ഭക്തജന‌ങ്ങ‌ള്‍ ഗോതമ്പുണ്ടയിലേക്ക് ദംഷ്ടക‌ള്‍ ആഴ്ത്തുന്നത് സൂക്ഷി‌ച്ചു വേണ‌ം. കടിച്ച കടി വിടാതെ (വിട്ടാല്‍ ഗോതമ്പുണ്ടയില്‍ ഉണ്ടായ വിള്ളലില്‍ കുടുങ്ങി ദന്തങ്ങ‌ള്‍ പൊടിഞ്ഞുപോവാന്‍ സാദ്ധ്യതയുണ്ട്) പോരാടുവാന്‍ ഭക്തഭടന്മാ‌ര്‍ ശ്രദ്ധിക്കണ‌ം.

(C) ഈ പാചക‌വിധി കേര‌ളാ സംസ്ഥാന സ‌ര്‍ക്കാരിന് മാത്രം ഉടമ‌സ്ഥാവകാശമുള്ളതാകുന്നു. ഇത് കോപ്പിയടിക്കുകയോ മ‌റ്റു രൂപത്തില്‍ പ്രസിദ്ധീകരികുകയോ ചെയ്യുന്നത് ബൗദ്ധിക സ്വത്തവകാശത്തിന്മേലുള്ള കടന്നു കയറ്റമായി കണ‌ക്കാക്കപ്പെടും. വ്യക്തിക‌ള്‍ക്കോ ഇതര‌രാജ്യ ഗവ‌ണ്മെന്റുക‌ള്‍ക്കോ യാതൊരുകാരണ‌വശാലും ഈ പാചക‌വിധി പക‌ര്ന്നുകൊടുത്തുകൂടാ. അഥവാ അങ്ങിനെ ആര്‍ക്കെങ്കിലും കിട്ടിയാല്‍ത്തന്നെ അതുടന്‍ ന‌ശിപ്പിച്ചു ക‌ള‌യേണ്ടതാകുന്നു. എത്രയോ വ്യാഴവട്ടങ്ങ‌ളായി സ‌ംസ്ഥാന ജയില്‍ വകുപ്പ് അതീവശ്രദ്ധയോടെ രൂപക‌ല്പ്പന ചെയ്തെടുത്ത ഈ അമൂല്യ ഭോജ്യവിഭവം, കണ്ട സായിപ്പിനൊന്നും പേറ്റന്റെടുക്കാനുള്ളതല്ല.

വാല്‍ക്കഷണ‌ം : ഒ‌രു ചേ‌ഞ്ചിന് മൂന്നാമ‌ത്തേയും നാലാമ‌‌ത്തേയും ചേരുവ‌ക‌ള്‍ ചേര്‍ത്ത് കുഴച്ച് മാവുണ്ടാക്കാവുന്നതാണ്.

ജയ് ഗോതമ്പുണ്ട!
================
ഡിസ്ക്ലൈമ‌ര്‍
ഈ പാച‌കക്കുറിപ്പില്‍ പറയുന്നതു പോലെ പ്രവ‌ര്‍ത്തിക്കുകയും പാചകം ചെയ്യുന്നതും കൊണ്ടുണ്ടാവുന്ന പരിണ‌തഫല‌ങ്ങ‌ള്‍‌ക്കും പ്രചോദന‌ങ്ങ‌ള്‍ക്കും ഉത്സാഹക്കമ്മ‌റ്റിക‌ള്‍ക്കും ഇതിന്റെ ലേഖക‌ന്‍ ഒരു കാര‌ണ‌വശാലും ഉത്തരവാദിയായിരിക്കുന്നതല്ല. ഈ ലേഖക‌ന്‍ എല്ലാ വിധ പീഢന‌ങ്ങ‌ള്‍‌ക്കും എതിരാ‌ണെന്നും ഏത് തരത്തിലുള്ള പീഢന‌ങ്ങ‌‌ളേയും നിയമ‌ത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ട് ശക്തമായി എതിര്‍ക്കുന്നവനാണെന്നും ഇതിനാല്‍ സമ‌ര്‍ത്ഥിക്കുന്നു. ഈ പാച‌കക്കുറി‌പ്പ് ആക്ഷേപഹാസ്യത്തിന്റെ ഗണ‌ത്തില്‍ മാത്രം പെടുത്തേണ്ട‌തും ആകുന്നു.
====================

Monday, September 13, 2010

എ‌ല്‍സ‌മ്മ എന്ന ആണ്‍കുട്ടി.

എന്റീശ്വരാ! ദേ പിന്നേം ലാ കഥ! ഹതേന്ന്.

അമ്മയും മൂന്നു സ‌ഹോദരങ്ങ‌ളുമടങ്ങുന്ന കുടുംബത്തെ താങ്ങിനിര്‍ത്താനും സ‌ഹോദരങ്ങ‌‌ളെ പഠിപ്പിക്കാനും വേണ്ടി പഠന‌ം നിര്‍ത്തി 'ത്യാ‌ഗി'യാ‌യി ജീവിക്കുന്ന ഒരു മൂത്ത സ‌ഹോദ‌രി (ഇതിനു മുന്‍പ് സ‌ഹോദരനായിരുന്നു കൂടുതല്‍. അപ്പോ കഥ മ‌ന‌സ്സിലാക്കാന്‍ വേണ്ടി ഈ കഥാപാത്രത്തിനെ എല്‍സപ്പന്‍ എന്നു വിളിച്ചാലും ഒരു കുഴപ്പവും ഇല്ല) ‌ഗ്രാമ‌ത്തിലാണ് കഥ. അവിടെ ഫു‌ള്‍ കണ്ട്രോ‌ള്‍ ഈ മൂത്ത സ‌ഹോദ‌രി‌ക്കാണെന്ന് പറയേണ്ടതില്ലല്ലോ. ടിയാ‌ളുടെ ജോലി പത്രം ഏജ‌ന്റ്. പക്ഷേ അഴിമ‌തിക്കാര‌നായ പഞ്ചായത്ത് മെംബ‌ര്‍‌ക്കും വ്യാജവാറ്റ്/ക‌ള്ളു ഷാപ്പുടമ‌ക്കും എല്ലാം നായികയെ ഭയങ്കര പേടി. നായിക‌യെ മ‌റ്റൊരു ഗ്രാ‌മീണനാ‌യ പാല്‍കച്ച‌വടക്കാരന്‍ പ്രണ‌യിക്കുകയും ചെയ്യുന്നു. പക്ഷേ അതു പ്രക‌ടിപ്പിക്കാന്‍ അയാ‌ള്‍ക്ക് പറ്റുന്നില്ല. അയാ‌ള്‍ വീണ്ടും ശ്രമിക്കുന്നു. ശ്രമ‌ം, പരാജയം, ശ്രമ‌ം, പരാജയം ഇത് മാറി മാറിക്കാണിക്കുന്നു. ഇതിനിടെ അഭ്യസ്തവിദ്യ‌രും, പരിഷ്കാരിക‌‌ളും, ക്രൂര‌ന്മാരുമായ കുറേ പണ‌ക്കാര്‍ ഗ്രാമ‌ത്തിലെത്തി അവിടെ കുഴപ്പമുണ്ടാ‌ക്കാന്‍ ശ്രമിക്കുന്നു. പക്ഷേ നായികയുടേയും നായകന്റേയ്യും സ‌മ‌യോചിതമായ ഇടപെടല്‍ മൂല‌ം എല്ലാത്തിനേയും ശാസിച്ചും തലോടിയും ഒക്കെ അങ്ങ് തിരിച്ച് പറഞ്ഞ് വിടുന് ഒടുക്കം, അവസാനം. ലാ‌സ്റ്റ് ഒണ്ടല്ലോ.. നായി‌കക്കും നാ‌യക‌നും ക‌ല്യാ‌ണ‌ം! ഹോ!

ഇതെത്രാമ‌ത്തെ തവണ‌യാണ് ഈ കഥ മ‌നുഷ്യന്റെ ക്ഷമ പരീക്ഷിക്കാന്‍ ഇവരൊക്കെ പേരും മാറ്റി മിക്സ് ചെയ്ത് ഇറക്കുന്നത്. ടെലിവിഷ‌ന്‍ ചാന‌ലില്‍ അവതാരിക പറയുന്നു. "ബയ‌ങ്ക്ര ഡിഫ്റേന്റ് ആയ ഒരു ഗദയുമായാണ് ലാല്‍ ജോസ് ഇത്തവണയും വന്നിരിക്കുന്നത്" എന്ന്. ശരിക്കും ഈ സിനിമ, പ്രേക്ഷക‌ര്‍ക്ക് ലാല്‍ ജോ‌സിന്റെ വക ഇതൊരു "ഗദാഘാതം "തന്നെയാണെന്ന് പറയാം.

നായികയായ 'എല്‍സ്സമ്മ'യായി ആന്‍ അഗസ്റ്റിന്‍ പുതുമുഖത്തിന്റെ കമ്പങ്ങ‌ളൊന്നുമില്ലാതെ തന്മ‌യത്തോടെ ന‌ന്നായി അഭിന‌യിച്ചിരിക്കുന്നു. കുഞ്ചാക്കോ ബോബന്‍ മ‌ല‌യാളസിനിമ‌യിലെ ഇ‌രുത്തം വന്ന ന‌ടനായി എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ 'പാലുണ്ണീ' ആയുള്ള പ്രകടന‌ം. ഇന്ദ്രജിത്തിന്റെ 'എബിമോനും' ജഗതിയുടെ 'മെമ്പ‌ര്‍ ര‌മ‌ണ‌നും' വിജയരാഘവന്റെ 'കരിപ്പ‌ള്ളി സുഗുണ‌നും' ഒക്കെ അഭിന‌യത്തില്‍ മി‌ക‌ച്ചു നിന്നു. ഒരു കുഴപ്പം എന്താണെന്നു വെച്ചാല്‍ ഈ കഥാപാത്രങ്ങ‌‌ളെയൊക്കെ നാം ഒരു നൂറു തവണ കണ്ടു കാണും. ‌സംഭാഷണ‌വും, ഭാവഹാവാദിക‌ളും എല്ലാം ആവ‌‌ര്‍ത്തന‌ വിരസങ്ങ‌ളാണ്. സുരാജ് വെഞ്ഞാറമൂട് എന്ന ന‌ടന്‍ എങ്ങിനെ സ്റ്റീരിയോടൈപ് ആകുന്നു എന്നതിന് ഈ ചിത്രത്തിലെ 'മണ‌വാള‌ന്‍ ബ്രോക്ക‌ര്‍' കണ്ടാല്‍ മ‌തി. '‌മിമിക്രി' യുടെ അതിപ്രസര‌ം ഈ സിനിമ‌യില്‍ ഉണ്ട് എന്നത് വ്യക്തം.

വിജയ് ഉല‌ഗനാഥിന്റെ ക്യാമ‌റ മി‌ക ച്ച നില‌വാരമാണ് പുല‌ര്‍ത്തിയത്. കഷ്ടപ്പെട്ട് ജീവിക്കുന്ന എല്‍സ്സമ്മ വ‌ര്‍ണ്ണാഭമായ ചുരീദാറുക‌ള്‍ മാറി മാറി ഉപയോഗിക്കുന്നത്, ഷീ‌ല/ശാരദ/സീമ മാരുടെ കാല‌ത്തെ ഓര്‍മ്മക‌ള്‍ ഉണ‌ര്‍ത്തി (വസ്ത്രാലങ്കാരവും തഥൈവ). ഇടക്ക് ഇടാന്‍ തുണിയില്ലാത്ത എല്‍സമ്മ ഷ‌‌ര്‍‌ട്ടും ലുങ്കിയും ധരിക്കുന്നുണ്ട് കേട്ടോ. "ആണ്‍കുട്ടി" എന്നൊകെ പേരിട്ടുപോയില്ലേ പടത്തിന്?

സംഗീതവും ഗാന‌വും ഒരു വകയാണ്. റ‌ഫീക് അഹമ്മദാണ് ഗാ‌ന രചന. രാജാമണിയുടെ സംഗീതം. പശ്ചാത്തല‌സംഗീതവും കണ്ടക്റ്റിംഗും തന്നെയാണ് തനിക്ക് ഏറ്റവും അനുയോജ്യമായ മേഖല എന്ന് ശ്രീ.രാജാമണി തെളിയിച്ചു. ടൈറ്റില്‍ സോംഗ് ആയ ‘കണ്ണാരം പൊത്തി പൊത്തി ‘ മാത്രമെ അല്പമെങ്കിലും മെ‌ച്ചമുള്ളൂ. ബാക്കിയൊക്കെ മേളവാദ്യഘോഷമാണ്.

കെട്ടുറപ്പുള്ളതോ പുതുമ‌യുളതോ ആയ ഒരു കഥയോ തിര‌ക്കഥയോ ഇല്ലാതെയാണ് ഈ സിനിമ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് ഏറെ ദയനീ‌യം. ഹാസ്യവും ദ്വയാര്‍ത്ഥങ്ങ‌ളും സ‌ംഭാഷണ‌ങ്ങ‌ളില്‍ കുത്തി നിറച്ച പ്രഗല്‍ഭരായായ കലാകാര‌ന്മാ‌‌രെക്കൊണ്ട് പറയിച്ച് ലാല്‍‌ജോസ് അവകാശപ്പെടുന്നു "ഇതൊരു പു‌തിയ വേറിട്ട ചിത്രമാണെന്ന്". ന‌ടീന‌ടന്മാരുടെ ഉജ്ജ്വപ്രകടന‌ം കൊണ്ട് മാത്രം ജന‌ം അ‌ല്പനേരമിരുന്നു ചിരിക്കും. ഇട‌ക്കിടെ ഇളിയുകയും അവസാനം ഇളീഭ്യരാ‌വുകയും ചെയ്യും. കഥയിലെ ലോജിക്കില്ലായ്മ കനത്ത പോരായ്മ‌യാണ് ഇതിന്റെ. ശ്രീ ലാല്‍ ജോസിന്റെ കഴിവിനൊത്ത പ്രകടന‌മേയല്ല ഇത് എന്ന് നിസ്സംശയം പറയാം.

ബോട്ടം ലൈന്‍ : ചിത്രം , കൊടുക്കുന്ന കാശിന് മുതല‌ല്ല. പോയിക്കണ്ട് "കാശുപോയേ" എന്ന് പറ‌ഞ്ഞിട്ട് സങ്കടപ്പെടൂ.

വാല്‍ക്കഷണ‌ം: ഇത് ഇതെ‌ഴുതിയ ആളിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഈ സിനിമ കണ്ട മ‌റ്റാളുക‌ള്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം.’ ഇത് ന‌ല്ലതാ'ണ് ‘ എന്ന അ‌ഭിപ്രായം , സമീപകാല‌ത്ത് ഇറങ്ങുന്ന ഗുണ‌നിലവാരം കുറഞ്ഞ സിനിമ‌ക‌ള്‍ കണ്ടതുകൊണ്ടും അതില്‍ നിന്നുണ്ടായ താരതമ്യം കൊണ്ടും ആവാമെന്നത് കേവല‌ം യാദൃശ്ചികവും അല്ല.