Wednesday, October 20, 2010

പാചകം - ഗോതമ്പുണ്ട

ഗോതമ്പുണ്ട എന്നു കേള്‍ക്കുമ്പോ‌ള്‍ത്തന്നെ മ‌റ്റു രാജ്യക്കാര്‍ക്കില്ലാത്ത എന്തിന് മറ്റു സംസ്ഥാ‌ന‌ക്കാര്‍ക്കു തന്നെയില്ലാത്ത ഒ‌രു കുളിര്.....ഒരിത് മ‌ല‌യാളിക‌ള്‍ക്കുണ്ട്. ഇതൊരുതരം ഗൃഹാതുര‌ത്വമുണ‌ര്‍‌ത്തുന്ന മാന്ത്രികപദം കൂടിയാണ് മ‌‌ല‌യാളിക്ക്. 'ഗോതമ്പുണ്ട' എന്നു കേള്‍ക്കുമ്പോ‌ള്‍ അനുബ‌ന്ധമായി കുറെ കമ്പിയഴിക‌ളും, ഒരു പായും തല‌യിണ‌യും, ഒരു കൊമ്പന്‍ മീശയും, കാക്കി ട്രൗസറു‌ം ഒക്കെ ശരാശരി മ‌ല‌യാളിയുടെ മ‌ന‌സ്സിലേക്ക് മ‌ണികിലുക്കിക്കൊണ്ട് ഓടിയെത്തുന്നു. അങ്ങിനെയുള്ള ഒരുദാത്ത വിഭവത്തിന്റെ പാ‌ചകമാണ് ഈ ല‌ക്കത്തില്‍ ഞാന്‍ ഉദ്ദേശിക്കുന്നത്. ഈയ്യിടെയായി, പാചകവിദ‌ഗ്ധ‌ര്‍ എന്തു പാചകം ചെയ്താലും ആളുക‌ള്‍ ഓടിയെത്തി ആദ്യം ചോദിക്കുന്നത്
'ഗോതമ്പുണ്ടയാണോ ഇത്' '
ഗോതമ്പുണ്ട എങ്ങിനെയുണ്ടാ‌ക്കും'
'ഗോതമ്പുണ്ടക്ക് എത്ര കി‌ലോ അരി വേണ‌ം' '
ഗോതമ്പുണ്ട സ്ക്വയറു പോലാണോ ഇരിക്കുന്നത്?'
എന്നിങ്ങ‌നെയൊക്കെയാണ്.
ഇത്രയും പാര‌മ്പര്യമുള്ള ഈ വിശിഷ്ടഭക്ഷണപദാര്‍ത്ഥത്തെ കിടയറ്റ പാചകവിദഗ്ദ്ധ‌ര്‍ പോലും അവഗണിക്കുന്ന‌തില്‍ മ‌ന‌ം നൊ‌ന്തിട്ടുകൂടിയാണ് ഇത്തരം ഒരു പാചകവിധി തയ്യാറാക്കാം എന്ന ചിന്തക്കു പിന്നില്‍.
ത‌യ്യാറെടുപ്പ്
ത‌യ്യാറെടുപ്പ് എന്ന് ‌കേള്‍ക്കുമ്പോ‌ള്‍ എല്ലാ പാചകവിധിക‌ളേയും പോലെ ചേരുവക‌ള്‍ ചേര്‍ക്കുന്ന വിധം അല്ലെങ്കില്‍ ഉപയോഗിക്കേണ്ട പാത്രങ്ങ‌ള്‍ മുതലായവയാകും മാന്യ‌വായന‌ക്കാരന്റെ മ‌ന‌സ്സിലേക്കോടിയെത്തുക. തെറ്റി. ഗോതമ്പുണ്ടയുടെ പാചകവിധിയില്‍ പാചകാന‌ന്തരം ഭക്ഷിക്കുന്നവന്‍ ശാരീരികമായും മാന‌സികമായും എങ്ങിനെ തയ്യാറെടുക്കണ‌ം എന്നുകൂടി പറയേണ്ടതുണ്ട്. നിരന്ത‌രമായ സാധന‌യാണ് ഗോതമ്പുണ്ടയുടെ പാചകാന‌ന്തര ഉപഭോഗത്തിന്റെ കാതല്‍.
ഗോതമ്പുണ്ട ഭക്ഷിക്കുവാന്‍ തയാറുള്ളയാ‌‌ള്‍ അല്ലെങ്കില്‍ അവ‌‌ള്‍ താഴെപ്പറയുന്നവ(ഏതെങ്കിലും ഒന്ന്) ദിവസേന കുറഞ്ഞത് പത്തെണ്ണമെങ്കിലും രണ്ടു ദിവസമെങ്കിലും മേടിച്ചിരിക്കണ‌ം

1. കുമ്പസാരക്കുത്ത് (കുത്ത് കൊള്ളേണ്ട വിധം - കുത്ത് കൊള്ളേണ്ട‌യാ‌ള്‍ പേന താഴെപ്പോയാല്‍ എടുക്കാന്‍ കുനിയുന്ന നില‌യില്‍ കുനിഞ്ഞ് നില്‍ക്കുക. കുത്ത് കൊടുക്കേണ്ടയാ‌ള്‍ കൈ ന‌ന്നായി മ‌ടക്കി കൈമുട്ടുകൊണ്ട് കുനിഞ്ഞു നില്‍ക്കുന്നവന്റെ മുതുകത്ത് 'സുഷുംന'ഉടെ മ‌ദ്ധ്യഭാഗത്തായി ആഞ്ഞിടിച്ചുകുത്തുക. 'ഊയ്യന്റമ്മച്ചിയേ','ഹെന്റമ്മോ','അയ്യാ....' എന്നിങ്ങനെയുള്ള ആര്‍ത്ത‌നാദങ്ങ‌‌ള്‍ കേട്ടാല്‍ പ്രയോഗം ല‌ക്ഷ്യത്തിലെത്തി എന്നു കരുതാം.)

2. മുട്ടുകാലുകേറ്റല്‍ - ഗോതമ്പുണ്ട തിന്നാന്‍ നോയമ്പെടുത്തിരിക്കുന്ന ആ‌ള്‍/അവ‌ള്‍ ഭക്ത‌ഹനുമാന്‍ ശ്രീരാമന്റെയ‌രികില്‍ നില്‍ക്കുന്ന നില‌യില്‍ നില്‍ക്കുക. തൊഴുക എന്നത് തിക‌ച്ചും വ്യ‌ക്തിപരം മാത്രം. മുട്ടുകാല് കേറ്റേണ്ടയാ‌ള്‍ ഗോതമ്പുണ്ടാര്‍ത്ഥിയുടെ ഇരു ചുമ‌ലിലും പിടിച്ച് സ്വന്തം വ‌ലത്തേക്കാല്‍ മ‌ടക്കി മുട്ടുകാല്‍ അടിവയര് ല‌ക്ഷ്യമാക്കി ആഞ്ഞ് കേറ്റുക. മുന്‍ ന‌മ്പറീല്‍ സൂചിപ്പിച്ച ആര്‍ത്തനാദ‌ങ്ങ‌ള്‍ ഇവിടെയും കേള്‍ക്കുന്നത് കേറ്റ് ഏറ്റു എന്നതറിയാന്‍ എന്തുകൊണ്ടും അഭില‌ഷണീയമാണ്. മുട്ടുകാല്‍ അടിവയറോ, ദിവ്യസ്ഥാമോ ല‌ക്ഷ്യമാക്കി ആഞ്ഞ് കേറ്റുക. മുന്‍ ന‌മ്പറീല്‍ സൂചിപ്പിച്ച ആര്‍ത്തനാദ‌ം ആര്‍ത്തിയോട് ആനുപാതികമായിരിക്കും എന്ന് ആനുഷംഗികമായി സൂചിപ്പിച്ചുകൊള്ളട്ടേ.

ഇനി മേല്പ്പറഞ്ഞ അനുഷ്ടാന കല‌ക‌ള്‍ അഭ്യസിക്കുമ്പോ‌ള്‍ ആര്‍ ആരെ കുമ്പസാരക്കുത്ത് കുത്തണ‌ം ആര് ആരെ മുട്ടുകാലുകേറ്റണം എന്നൊക്കെയുള്ള ചോദ്യങ്ങ‌ള്‍ ന്യായമായും വരാവുന്നതാണ്. പ്രത്യേകിച്ച് ഗോതമ്പുണ്ട കിട്ടാന്‍ ജയിലില്‍ പോകണമെന്നിരിക്കെ, അതിന് സാഹചര്യമില്ലാത്ത സാധുജനങ്ങ‌ള്‍ക്ക് അതിനോടുണ്ടാവുന്ന അദമ്യമായ കൊതിയും എന്നാല്‍ അതിന‌നുഷ്ഠിക്കേണ്ടുന്ന വ്യവസ്ഥക‌ളും തമ്മില്‍ വടം‌വലി ഉണ്ടാവുക സ്വാഭാ‌വികം. അതുകൊണ്ട് ഭാര്യക്ക് ഭ‌ര്‍ത്താവിനേയോ ഭ‌ര്‍ത്താവിന് ഭാര്യയേയ്യോ കു‌മ്പസാര‌ക്കുത്ത് കുത്താ‌വുന്നതാകുന്നു.

"ഭാഗ്യലക്ഷ്മിച്ചേച്ചി വരുന്നത് അവസ‌രാംബാ‌ള്‍ തയ്യാറടുപ്പിലേക്ക് ക‌യറുമ്പോഴാണ്" (Luck is what happens when opportunity meets preparation)
എന്ന ആപ്തവാക്യത്തില്‍ ഉറച്ചുവിശ്വസിക്കുന്ന ഭാര്യാഭ‌ര്‍ത്താക്കന്മാര്‍ അങ്ങോട്ടുമിങ്ങോട്ടും ഏറ്റുമുട്ടാന്‍ കിട്ടുന്ന ഓരോ അവസരവും പാഴാക്കാതെ മേല്പ്പറഞ്ഞ വിധിയാം വണ്ണം കുമ്പസാരക്കുത്തും മുട്ടുകാലുകേറ്റലും കഴിച്ചുകൂട്ടേണ്ടതാകുന്നു. ഇത്രയൊക്കെയായാല്‍ ‍.... അഭിന‌ന്ദന‌ങ്ങ‌ള്‍! നിങ്ങ‌ള്‍ ഗോതമ്പുണ്ട തിന്നാന്‍ എന്തുകൊണ്ടും യോഗ്യ/യോഗ്യന്‍ ആയിരിക്കുന്നു.

ഇനി വേണ്ടത് കത്തിക്കാളുന്ന വിശപ്പാകുന്നു. മൂന്നുനേരം ഉരുട്ടിവിഴുങ്ങി ശീലിച്ച അഹങ്കാരിക‌ള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല ഈ വിശിഷ്ഠഭോജ്യം. മുഴുപ്പട്ടിണി അല്ലെങ്കില്‍ അരപ്പട്ടിണി അഭികാമ്യം.

ചേരുവക‌ള്‍

1.ഗോതമ്പുപൊടി
2.ഉപ്പ്
3.ശ‌ര്‍ക്കര
4.തേങ്ങാ

മൂന്നാമ‌ത്തേയും നാലാമ‌ത്തേയും ചേരുവക‌ള്‍ വശത്തേക്ക് നീക്കിവെക്കുക. അവയുടെ യാതൊരാവശ്യവും ഇല്ല. പിന്നേ... കൂമ്പിനും കുഞ്ചിക്കും ഇടീം കൊണ്ട് പട്ടിണീം കെടന്ന് പര‌വശനായിരിക്കുന്നവ‌ര്‍ക്ക് മ‌ധുരവും തേങ്ങയും ഇല്ലാഞ്ഞിട്ടല്ലേ! പ്രമേഹത്തിന്റേയും കൊള‌സ്ട്രോളിനേയും അസുഖം വരാന്‍ പാടില്ല. ഗോതമ്പുപൊടിയും പാക‌ത്തിന് ഉപ്പും ചേറ്ത്ത് കുഴക്കുക. ഒരു ക്രിക്ക‌റ്റ് പന്തിന്റെ വലിപ്പത്തില്‍ ഉരുട്ടിയെടു‌ക്കാവുന്ന പരുവത്തില്‍. ചപ്പാത്തിക്ക് കുഴക്കുന്നതിനേക്കാളും ഒര‌ല്പം അയഞ്ഞ പരുവത്തില്‍. ഒന്നുകില്‍ ഈ ഗോതമ്പുപന്തുക‌ള്‍ എ‌ല്ലാം ഒരു വലിയ ഇഡ്ഡലിക്കുട്ടകത്തില്‍ വെച്ച് ആവികേറ്റി വേവിച്ചെടു‌ക്കുക. അല്ലെങ്കില്‍ ഒരു വലിയ ചീന‌ച്ചട്ടിയില്‍ എണ്ണ തിളപ്പി‌ച്ച് ഗോതമ്പു പന്തുക‌ള്‍ അതിലേക്കെറിയുക. (ബ്ലും ബ്ലും എന്ന് ഒച്ച കേട്ടാ‌ല്‍ എണ്ണയില്‍ വീണു എന്നു കരുതാം). അങ്ങിനെ അത്യന്തം രസനിഷദ്യയായ ഗോതമ്പുണ്ട റെഡി. കഴിക്കുകയേ വേണ്ടൂ. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങ‌ള്‍
1. കഴി‌ക്കാനായെടുക്കുമ്പോഴോ അല്ലെങ്കില്‍ കഴിച്ചുകൊണ്ടിരിക്കുമ്പോഴോ ഗോതമ്പുണ്ട കാലിലോ മ‌റ്റെവിടെയെ‌ങ്കിലുമോ വീഴാതെ നോക്കണ‌ം. അങ്ങിനെ പറ്റിയാല്‍ ചതവ്, ഉളുക്ക്, നീര്‍‌വീഴ്ച മുതലായവ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്.
2. ഗ്രൂപ്പായി കഴിച്ചുകൊണ്ടിരിക്കുന്നവ‌ര്‍ (ഗോതമ്പുണ്ട പന്തിഭോജന‌ം) ഹെല്‍മെറ്റ് (ഐ.എസ്.ഐ മാര്‍ക്കുള്ളത്) നിര്‍ബ്ബന്ധമായും ധരിച്ചിരിക്കണ‌ം. കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ദേഷ്യം വന്നാല്‍ അങ്ങോട്ടുമിങ്ങോട്ടും എറിയാന്‍ ഗോതമ്പുണ്ട ഉപയോഗിച്ചേക്കാം എന്നു‌ള്ളതിനാലാണ് ഇത്.
3. വെപ്പുപല്ല് ഉള്ള ഭക്തജന‌ങ്ങ‌ള്‍ ഗോതമ്പുണ്ടയിലേക്ക് ദംഷ്ടക‌ള്‍ ആഴ്ത്തുന്നത് സൂക്ഷി‌ച്ചു വേണ‌ം. കടിച്ച കടി വിടാതെ (വിട്ടാല്‍ ഗോതമ്പുണ്ടയില്‍ ഉണ്ടായ വിള്ളലില്‍ കുടുങ്ങി ദന്തങ്ങ‌ള്‍ പൊടിഞ്ഞുപോവാന്‍ സാദ്ധ്യതയുണ്ട്) പോരാടുവാന്‍ ഭക്തഭടന്മാ‌ര്‍ ശ്രദ്ധിക്കണ‌ം.

(C) ഈ പാചക‌വിധി കേര‌ളാ സംസ്ഥാന സ‌ര്‍ക്കാരിന് മാത്രം ഉടമ‌സ്ഥാവകാശമുള്ളതാകുന്നു. ഇത് കോപ്പിയടിക്കുകയോ മ‌റ്റു രൂപത്തില്‍ പ്രസിദ്ധീകരികുകയോ ചെയ്യുന്നത് ബൗദ്ധിക സ്വത്തവകാശത്തിന്മേലുള്ള കടന്നു കയറ്റമായി കണ‌ക്കാക്കപ്പെടും. വ്യക്തിക‌ള്‍ക്കോ ഇതര‌രാജ്യ ഗവ‌ണ്മെന്റുക‌ള്‍ക്കോ യാതൊരുകാരണ‌വശാലും ഈ പാചക‌വിധി പക‌ര്ന്നുകൊടുത്തുകൂടാ. അഥവാ അങ്ങിനെ ആര്‍ക്കെങ്കിലും കിട്ടിയാല്‍ത്തന്നെ അതുടന്‍ ന‌ശിപ്പിച്ചു ക‌ള‌യേണ്ടതാകുന്നു. എത്രയോ വ്യാഴവട്ടങ്ങ‌ളായി സ‌ംസ്ഥാന ജയില്‍ വകുപ്പ് അതീവശ്രദ്ധയോടെ രൂപക‌ല്പ്പന ചെയ്തെടുത്ത ഈ അമൂല്യ ഭോജ്യവിഭവം, കണ്ട സായിപ്പിനൊന്നും പേറ്റന്റെടുക്കാനുള്ളതല്ല.

വാല്‍ക്കഷണ‌ം : ഒ‌രു ചേ‌ഞ്ചിന് മൂന്നാമ‌ത്തേയും നാലാമ‌‌ത്തേയും ചേരുവ‌ക‌ള്‍ ചേര്‍ത്ത് കുഴച്ച് മാവുണ്ടാക്കാവുന്നതാണ്.

ജയ് ഗോതമ്പുണ്ട!
================
ഡിസ്ക്ലൈമ‌ര്‍
ഈ പാച‌കക്കുറിപ്പില്‍ പറയുന്നതു പോലെ പ്രവ‌ര്‍ത്തിക്കുകയും പാചകം ചെയ്യുന്നതും കൊണ്ടുണ്ടാവുന്ന പരിണ‌തഫല‌ങ്ങ‌ള്‍‌ക്കും പ്രചോദന‌ങ്ങ‌ള്‍ക്കും ഉത്സാഹക്കമ്മ‌റ്റിക‌ള്‍ക്കും ഇതിന്റെ ലേഖക‌ന്‍ ഒരു കാര‌ണ‌വശാലും ഉത്തരവാദിയായിരിക്കുന്നതല്ല. ഈ ലേഖക‌ന്‍ എല്ലാ വിധ പീഢന‌ങ്ങ‌ള്‍‌ക്കും എതിരാ‌ണെന്നും ഏത് തരത്തിലുള്ള പീഢന‌ങ്ങ‌‌ളേയും നിയമ‌ത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ട് ശക്തമായി എതിര്‍ക്കുന്നവനാണെന്നും ഇതിനാല്‍ സമ‌ര്‍ത്ഥിക്കുന്നു. ഈ പാച‌കക്കുറി‌പ്പ് ആക്ഷേപഹാസ്യത്തിന്റെ ഗണ‌ത്തില്‍ മാത്രം പെടുത്തേണ്ട‌തും ആകുന്നു.
====================

9 comments:

മുക്കുവന്‍ said...

മൂന്നാമ‌ത്തേയും നാലാമ‌ത്തേയും ചേരുവക‌ള്‍ ... ഇത് കണ്ട് ഞാനൊന്ന് ഞെട്ടി..പിന്നെ പാചകം വായിച്ചപപ്പോളല്ലേ കാര്യം പിടികിട്ടിയത് :)

Echmukutty said...

ഭയങ്കരം!
പേടിയാകുന്നു.

ഹാപ്പി ബാച്ചിലേഴ്സ് said...

സ്വാദിഷ്ടമായ, കൊതിയൂറും വിഭവങ്ങള്‍ക്ക് നിഷ്കളങ്കന്‍ മസാല.
ഇന്നത്തെ പാചക ലോകം നിങ്ങള്‍ക്കായ് സമര്‍പ്പിച്ചത് നിഷ്കളങ്കന്‍ മസാല.

ഹാപ്പി ബാച്ചിലേഴ്സ് said...

തയ്യാരെടുപ്പിലെ കുത്തുകള്‍ അവിവാഹിതര്‍ എങ്ങനെ വേണം എന്ന് കൂടി കുക്ക് വിശദീകരിച്ചാല്‍ ഞങ്ങളെ പോലെയുള്ള ബാചീസിനു ഉപകാരമായേനെ.

Manoraj said...

പേടിപ്പിക്കല്ലേ മാഷേ..

ശ്രീനാഥന്‍ said...

താങ്കളെന്തിനാണ് വേണ്ടാത്തതൊക്കെ ഓർമിപ്പിക്കുന്നത്?

Λʗɧαƴαη said...

"കുമ്പസാരക്കുത്ത് (കുത്ത് കൊള്ളേണ്ട വിധം - കുത്ത് കൊള്ളേണ്ട‌യാ‌ള്‍ പേന താഴെപ്പോയാല്‍ എടുക്കാന്‍ കുനിയുന്ന നില‌യില്‍ കുനിഞ്ഞ് നില്‍ക്കുക."


നിങ്ങളുടെ നാട്ടിലൊക്കെ ആളുകള്‍ കുനിഞ്ഞു നിന്നാണോ കുമ്പസാരിക്കുന്നത്?

ഞങ്ങളുടെ നാട്ടിലൊക്കെ ഇതിനു ജുമാനമസ്കാരക്കുത്ത് എന്നാണ് പറയുക.

:)

ഭൂതത്താന്‍ said...

ജയ് ഗോതമ്പുണ്ട!

റ്റോംസ്‌ || thattakam .com said...

നിഷ്കളങ്കന്‍ മസാല കൊള്ളാം