Monday, August 19, 2013

ഒരു ന്യു ജനറേഷന്‍ അഖണ്ഡരാമായണയജ്ഞം

കര്‍ക്കിടകം ഒന്ന് .

കഴിഞ്ഞ രണ്ടുവര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന രാമായണം വായന ഇത്തവണ മുടങ്ങാതെ ചെയ്യണം എന്ന് നിശ്ചയിച്ചപ്രകാരം സന്ധ്യ കഴിഞ്ഞു ഓഫീസില്‍ നിന്നും എത്തി ഒരു കുളി പാസ്സാക്കി പുല്‍പ്പായ വിരിച്ചിരുന്നു സാവധാനത്തില്‍ വായന തുടങ്ങി .

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര ജയ 
ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര  ജയ 
ശ്രീരാമ! രാമ! രാമ! സീതാഭിരാമ ജയ 
ശ്രീരാമ! രാമ! രാമ! ലോകാഭിരാമ ജയ 
................................
................................

ഓരോ ദിവസത്തെയും വായനയുടെ രാഗം തീരുമാനിച്ചുറപ്പിച്ച് പാരായണം ചെയ്യുന്നത് വിദ്യ ഇതാണ് . പാരായണം ചെയ്യുന്നതിന് കുറെ മുന്പ് ഇഷ്ട്ടപ്പെട്ട ഒരു കഥകളി പദം പാടാന്‍ തുടങ്ങും . ഉറക്കെയും പിന്നെ മനസ്സിലും . പിന്നെ അത് രാമായണത്തിന്റെ വരികളില്‍ ലയിപ്പിച്ച്  നീട്ടി ഒരു പിടി . ഹാ എത്ര രസം !

പുണര്‍തം നക്ഷ്ത്രജാതനായത്‌ കൊണ്ടാണോ അതോ ചെറുപ്പത്തിലെ ശീലമാണോ എന്തോ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ ചേക്കേറിയ കാലം മുതല്‍ മുടങ്ങാതെ രാമായണം വായന ഒരു ഗൃഹാതുരതയോടെ  ശീലമാക്കിപ്പോന്നു . പക്ഷെ അവസാന രണ്ടു വര്‍ഷങ്ങളില്‍ അതെവിടെയോക്കെയോ വെച്ചു മുറിഞ്ഞു പോയിരുന്നു.  

ഭക്തിക്കുമപ്പുറം മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന സംഗീതത്തെ ഒന്നറിയുവാന്‍ നല്ല ഒരു മാര്‍ഗം .
ഒരു കാലഘട്ടത്തിന്റെ കഥ , അതിലെ സംഭവങ്ങള്‍ അതിവിദഗ്ധമായി , രസകരമായി ,   കോര്‍ത്തടുക്കിയതിനെ പാരായണം ചെയ്തു വിസ്മയം കൊള്ളാം ...

എന്റെ രാമായണപാരായണത്തിന്റെ ലക്ഷ്യങ്ങള്‍ .... 


സംഭവമൊക്കെ കൊള്ളാം . ജോലി പകലില്‍ നിന്നും ഇരവിലേക്ക് കാനനവാസത്തിനു പോകും ദിനങ്ങളില്‍ പാരായണം ഒരു വഴിക്കാകും . എന്നാലും വിടില്ല . ഒരു ഭാഗമെങ്കിലും കടിച്ചു പിടിച്ചു വായിക്കും . പാതിരാത്രി സമയത്തെ വായന . സ്ഥിരം പ്രേക്ഷകരായ ഭാര്യയും മകളും ഉറക്കമായിട്ടുണ്ടാവും .

രാമായണം കഥയുടെ വികാസ പരിണാമങ്ങളില്‍ രാമന്‍ അവതാരമെന്ന ചിന്ത കഥാപാത്രങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളിലൂടെ  വന്നു പോകുന്നത്  കഥയിലെ ശോകനിര്‍ഭരമായ ബിന്ദുക്കളില്‍ വായനക്കാരന്‍ പിടിച്ചുനിന്നു കരഞ്ഞുപോകാതിരിക്കാന്‍ വേണ്ടി ആണെന്ന് തോന്നിപ്പോകും .

വായനക്കിടയില്‍ ഉച്ചാരണപ്പിശക് വരുന്ന ഘട്ടങ്ങളില്‍ അമ്പലത്തിലും മറ്റും രാമായണ പാരായണക്കാര്‍ ചെയ്യാറുള്ളതുപോലെ നീട്ടി പ്പിടിക്കും . രാഗം  ഒന്ന് ആലപിച്ച് , നീട്ടിപ്പിടിക്കുന്നതിനിടെ പിശകാന്‍ ഇടയുള്ള വാക്കു വായിച്ചെടുക്കുന്നു . മനസ്സില്‍ പിരിക്കേണ്ടത് പിരിക്കുന്നു അര്‍ത്ഥമ മനസ്സിലാക്കി അടുത്ത വരി . സുന്ദരകാണ്ഡത്തിന്റെ മലനിരകളില്‍ "കളകാഞ്ചി " വൃത്തത്തിന്റെ കഠിനപദശിലകളില്‍ കാല തട്ടി വീണുപോകുമ്പോള്‍ "നീട്ടാതെ" പിന്നെ ഈ പാവം ഞാന്‍ എന്ത് ചെയ്യും .

"ഉടലുരുകിയുരുകിയുടനുഴറിയലറിപ്പാഞ്ഞു -
മുന്നതമായ സൌധങ്ങളിലേറിയും " എന്നൊക്കെ വായിക്കാന്‍ നേരം കളകാഞ്ചിയില്‍ ചവിട്ടി തെന്നി മുഖമടച്ചു വീണില്ലെങ്കിലേ അത്ഭുതമുള്ളൂ .

സൌരോര്‍ജ്ജം , സരിതോര്‍ജ്ജം എന്നിവയൊക്കെ ശാലീനമായി കരിയ്ക്കും കുടിച്ചു തിമര്‍ത്തു പെയ്യുന്ന മഴയത്തുടെ സമരം ചെയ്തു കടന്നു പോയതോടെ മകള്‍ക്ക് അവധിയുടെ പ്രളയം . ആലപ്പുഴയിലെക്കും തിരിച്ചും യാത്ര . രാമായണം വായന ദിവസത്തില്‍  ഒന്നോ രണ്ടോ ഭാഗങ്ങളില്‍ ഒതുങ്ങി .

ഒടുവില്‍ അതാ കര്‍ക്കിടം മുപ്പത്തിയൊന്ന് . സുന്ദരകാണ്ഡത്തിന്റെ പകുതിക്ക് കിടന്നു ചക്രശ്വാസം  വലിക്കുകയാണ്‌ എന്റെ പാരായണം . തലേദിവസത്തെ (അതായത് പൊതു അവധി ദിനമായ ആഗസ്റ്റ്‌ പതിനഞ്ചിന് ) ഏതാണ്ട് ഇരുപത്തിനാല് മണിക്കൂര്‍ നീണ്ട ജോലി! രാവിലെ അഞ്ചിന് ലാപ്ടോപ്പില്‍ ഞാന്‍ പതാകയുയര്‍ത്തി , അടുത്തദിവസം വെളുപ്പിന് ഒന്ന്ക്ക് വരെ നീണ്ട അഹോരാത്ര ജോലി . അടുത്ത ദിവസം സ്വയം ഓഫ് പ്രഖ്യാപിച്ച് കിടന്നുറങ്ങി . പ്രഭാതകൃത്യം , ഭക്ഷണം പിന്നെ കുളിയും കഴിഞ്ഞ് ഏകദേശം ഒരു മണിയോടെ രാമായണം കയ്യിലെടുത്തു നീണ്ട ഒരു പിടി . രാഗങ്ങളൊക്കെ തൊണ്ടയില്‍ നിന്നും പേടിച്ചു പറപറന്നു . ലക്ഷ്യസ്ഥാനത്ത് എത്താന്‍ കുതിച്ചു പായുന്ന സൂപര്ഫാസ്റ്റ് പോലെയുള്ള വായന .
രാമായണം ഇന്നും തീര്ത്തിരിക്കും ഞാന്‍ . ഭാര്യയോടു പറഞ്ഞു . നമ്മുടെ ഏക പ്രേക്ഷകയും ശ്രോതാവുമാണ്. 

യുദ്ധകാണ്ഡം ആയതോടെ ഊണ് തയ്യാറായതായി അന്നദാതാവായ തമ്പുരാട്ടിയുടെ മുന്നറിയിപ്പും വന്നു അപായമണിയും മുഴങ്ങി . തലേന്നത്തെ ഉറക്കക്ഷീണം , വിശപ്പ് .... കഴുത്തറ്റം ഭുജിച്ചു മത്തായി പോയി കിടന്നുറങ്ങി . ഇടയ്ക്കിടെ പിന്നെയും ഓഫീസില്‍ നിന്നും വിളികള്‍ .. ചെറുജോലികള്‍ ... പുലിവാലുകള്‍ ....  വൈകിട്ട് കുടുബതോടൊപ്പം നഗരത്തില്‍ ഒരു പ്രദക്ഷിണം . തിരികെ എത്തി രാത്രി പത്തുമണിക്ക് ഒരു കുളി കൂടെ പാസ്സാക്കി രാമായണം കയ്യിലെടുത്തു . "ശുകബന്ധനം" മുതല്‍ വായന തുടങ്ങി .

ഭാര്യ കിടന്നിരുന്നു. വായനയുടെ ശുഷ്കാന്തിയും , എന്റെ ഉറക്കമിളപ്പും കണ്ടു ആധി പിടിച്ചിട്ടു വന്നു മുന്നിലെ സോഫയില്‍ കുത്തിയിരിപ്പായി .
ആകെ ഉള്ള ഒരു പ്രേക്ഷക കം ശ്രോതാവ് .
വര്‍ദ്ധിതവീര്യനായി ഞാന്‍ .
ഇടയ്ക്കിടെ ചില ഭാഗങ്ങള്‍ വായിച്ചിട്ട് "എങ്ങിനെയുണ്ട് അര്‍ഥം " എന്ന നോട്ടം നോക്കും .
"ശത്രുക്കളല്ല ശത്രുക്കളാകുന്നതു 
മിത്രഭാവത്തോടരികെ മരുവിന 
ശത്രുക്കള്‍ ശത്രുക്കലാകുന്നന്നതെവനും " എന്ന ഭാഗങ്ങളിലൊക്കെ പാരയണന്‍ പ്രേക്ഷകയെ ഇരുത്തി നോക്കും.

പ്രേക്ഷക ആശ്ചര്യചൂഡാമണിയായി "സത്യം !!" "ഹോ !" എന്നൊക്കെയുള്ള ശബ്ദങ്ങളാല്‍ രാമായണ പാരായണനെ പ്രോത്സാഹിപ്പിക്കും .  ഉഷാര്‍ 

ഇടയ്ക്കിടെ ചാര്‍ജ്ജു തീരുമ്പോള്‍ കുറെ വെള്ളമെടുത്തു കുടിക്കും . വെള്ളെഴുത്തിന്റെ ശല്യം . കണ്ണടയും ഇല്ല . എന്നാലും കുത്തിപ്പിടിച്ചിരുന്നു വായനയോട്‌ വായന തന്നെ .

ആകെ ഉള്ള ഒരു പ്രേക്ഷക ഇടയ്ക്കിടെ പോയി കിടക്കും . പിന്നെയും വരും. അങ്ങിനെ മൂന്നാമത്തെയോ നാലാമത്തെയോ റൌണ്ട് കഴിഞ്ഞപ്പോള്‍ പതുക്കെ ലാപ്ടോപ് എടുത്തുവെച്ചു എന്തോ പരിപാടി തുടങ്ങി . വായിക്കുന്നതിനിടെ എന്തെങ്കിലും സംശയം . അല്ലെങ്കില്‍ ഫെയ്സ്ബുക്കിലെ എന്തിനെപ്പറ്റിയെങ്കിലും ഒരഭിപ്രായം ..... ആ നിലയ്ക്ക് ആയി കാര്യങ്ങള്‍ .

ഏതാണ്ട് രാവണവധം കഴിഞ്ഞ് സീതാസ്വീകാരം ആയപ്പോള്‍ പ്രേക്ഷക ചോദിക്കുന്നു . അത്യാവശ്യമായി 

"അതേയ് ... ആ ചെവിക്കാതിടുന്ന ബഡ് കണ്ടോ .. യിവിടെങ്ങാണ്ട് ഒണ്ടാരുന്നു "

***%%&$%%$##

ഭക്തശിരോമണി , രാമായണ ഹംസം ബ്രഹ്മശ്രീ  സേതുനാഥസ്വാമികള്‍ പാതിരാത്രിക്ക്‌ കുത്തിയിരുന്ന് വായിക്കുമ്പോള്‍  ആണ് അവളുടെ ഒരു ചെവീലിടുന്ന ബഡ് !!!

വായില്‍ തോന്നിയതെന്തോക്കെയോ പറഞ്ഞു . പിന്നെ ചിരിച്ചു . 

ശക്തിയുക്തം വായന തുടര്‍ന്നു  . കര്‍ക്കിടകം ഇതിനിടയിലെപ്പോഴോ പന്ത്രണ്ടിന്റെ നാഴികക്കല്ലും താണ്ടി കടന്നു പോയിരുന്നു. ഫലത്തില്‍ ചിങ്ങത്തില്‍ എന്റെ രാമായണപാരായണം തുടരുന്നു .
ശുഭകരമായ ഭാഗമാണ് വായന . ഉഷാറായി വായന തുടര്‍ന്നു . ഒടുവില്‍ ...

എകദേശം ഒന്നര മണിക്ക് (വെളുപ്പാന്കാലം )

"അദ്ധ്യാത്മരാമായണം പരമേശ്വര-
നദ്രിസുതയ്ക്കുപദേശിച്ചിതാദരാൽ
നിത്യവും ശുദ്ധബുദ്ധ്യാ ഗുരുഭക്തിപൂ
-ണ്ടദ്ധ്യയനം ചെയ്കിലും മുദാ കേൾക്കിലും
സിദ്ധിയ്ക്കുമെല്ലാമഭീഷ്ടമെന്നിങ്ങനെ
ബദ്ധമോദം പരമാർത്ഥമിതൊക്കെവേ
ഭക്ത്യാ പറഞ്ഞടങ്ങീ കിളിപ്പൈതലും
ചിത്തം തെളിഞ്ഞു കേട്ടൂ മഹാലോകരും"

എന്ന് വായിച്ചു കൃതാര്‍ത്ഥനായി രാമായണം അടച്ചു പുഞ്ചിരിച്ചു  കണ്ണ് പൂട്ടിയിരിക്കവേ പിറകില്‍ ഒരു സ്പര്‍ശം .

ഏക ആരാധിക ആണ് .

ചിങ്ങമാസത്തിന്റെ ആദ്യയാമങ്ങളില്‍ ലോകമുറങ്ങവേ  എനിക്കിതാ ഒരാലിംഗനം ... കൂടെ ചുണ്ടില്‍ ഒരു മധുരവും .

..... ഒരു പേഡയുടെ കഷ്ണം !
"പുതുവല്‍സ്സരാശംസകള്‍!!! !
പിന്നെ ഈ നിശ്ചയദാര്‍ഢ്യത്തിനു ഒരുമ്മ  . .... എനിക്കറിയാം ഈ വര്‍ഷം നമ്മുടെതാണ്‌ എന്ന് "

മധുരം നുണഞ്ഞിറക്കി ചിരിച്ചുകൊണ്ട് ഞാന്‍  പറഞ്ഞു 

"പിന്നല്ലാതെ!! " 

"കഴിഞ്ഞൂ കര്‍ക്കിടകമെങ്ങോ മറഞ്ഞൂ
ചിങ്ങത്തിന്‍ കണ്‍തുറന്നുദയമായ്
വിളിക്കയായ്‌ പുതുവഴിത്താരകള്‍ 
നമ്മളെ ; പോകയല്ലേ  സഖീ .. നടക്ക നാം "