Friday, February 15, 2013

ചെമ്പൈയും കേന്ദ്രവും


രാത്രി പത്തു മണി കഴിഞ്ഞിരുന്നു . കല്യാണപ്പന്തലിന്റെ ഒരറ്റത്തായി ഒരുക്കിയിരുന്ന ദേഹണ്ഡപ്പുരയില്‍ നിന്നും പുക പറക്കുന്നു. വലിയ ചെമ്പുകളില്‍ ചട്ടുകമിട്ടിളക്കുന്ന കര കര ശബ്ദവും ചിരവകള്‍ നിരത്തിവെച്ചു തേങ്ങ തിരുമ്മുന്നതിന്റെയും ശബ്ദം ഉയര്‍ന്നു നിന്നു .  അന്തരീക്ഷത്തില്‍ അടുപ്പില്‍ പാകമായി വരുന്ന കറികളുടെയും  കടുക് വറുത്തതിന്റെയും ഗന്ധം നിറഞ്ഞു നിന്നു.

ദേഹണ്ഡത്തിനു ഉല്സ്സാഹിക്കുക എന്നാല്‍ വിവാഹം നടക്കുന്ന വീട്ടുകാരെ സഹായിക്കുക എന്നത് മാത്രമല്ല ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക് . കളി തമാശകള്‍ പറയുക . കൂട്ടത്തിലുള്ളവരെ കളിയാക്കുക , പിന്നെ അവശ്യം വേണ്ടുന്ന ജലസേചനാദികള്‍ മുറ തെറ്റാതെ ചെയ്യുക എന്നതോക്കെയും ഈ ഉത്സാഹത്തിനു പിന്നില്‍ ഉണ്ടായിരുന്നു .
പന്തലിന്റെ ഒത്ത നടുവിലായി ഒരു ഇരുമ്പ് മടക്കു കസേര വലിയ ശബ്ദത്തോടെ നിവര്ത്തിയിട്ടിട്ടു കേന്ദ്രമ്മാവന്‍  ഞങ്ങളെ കൈകാട്ടി വിളിച്ചു .
"വരിനെടാ പിള്ളാരേ "
മുന്‍പില്‍ മറ്റൊരു കസേര നിവര്‍ത്തിയിട്ടു അതില്‍ മുറുക്കാന്‍ ചെല്ലമൊക്കെ വെച്ച് ഉഷാറായി നില്‍ക്കുന്നു കേന്ദ്രം .

"കേന്ദ്രം" എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന ഈ ചങ്ങാതി ഞങ്ങളുടെ സുഹൃത്തിന്റെ അമ്മാവനാണ് . ചുറ്റുമുള്ളവരെ തന്നിലേക്ക് കേന്ദ്രീകരിപ്പിക്കുന്നതുകൊണ്ടാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ എന്നറിയില്ല അദ്ദേഹത്തിന്റെ ശരിയായ പേരും എല്ലാവരും മറന്നു പോയിരുന്നു .
സുമാര്‍ എഴുപത്തഞ്ചു - എന്പതു വയസ്സ് പ്രായം . കട്ടി കൂടിയ ഖദറിന്റെ കാവി  ജുബ്ബ .മുഴുത്ത രുദ്രാക്ഷം  പിച്ചള കമ്പികളില്‍  കോര്‍ത്ത മാല.  നെഞ്ചിനോപ്പം വളര്‍ന്നു കിടക്കുന്ന സമൃദ്ധമായ വെളുത്ത താടിയും അതിലേക്കു ലയിച്ചു കിടക്കുന്ന വെളുത്ത മീശയും . ചുണ്ടിനോടടുത്ത ഭാഗങ്ങളിലൊക്കെ മേല്‍മീശയും ഇതര രോമങ്ങളും നിരന്തരമായ മുറുക്ക് കൊണ്ട് ഒരു തരം  ചെമ്പന്‍ നിറമായി നില്‍ക്കുന്നു . വിശാലമായ  നെറ്റിത്തടം . പിറകോട്ടു അലസമായി മാടിയിട്ടിരിക്കുന്ന  തോളൊപ്പമെത്തുന്ന നരച്ച മുടി . അസാമാന്യമായ ബഡായി . ഇതാണ് കേന്ദ്രം എന്ന കേന്ദ്രമ്മാവന്‍ .

ദേഹണ്ഡപ്പുരയില്‍ കാര്യമായ പണി ഒന്നും ബാക്കിയില്ല . വെറുതെ  വെടി പറഞ്ഞിരുന്ന   ഞങ്ങളെ ഇതാ  മാടി വിളിക്കുന്നു കേന്ദ്രം . എല്ലാവരും അന്യോന്യം നോക്കി . സംഭവം കത്തി വെപ്പാണ്‌ വിഷയം . ചെന്നാല്‍ ഒരു മുറുക്കും പിന്നെ മിനിമം  ഒരു  ബഡായിയും  തരമാവും . എല്ലാവരും കൂടി  ചുറ്റും കൂടി പതുക്കെ മുറുക്കും വര്‍ത്തമാനവും തുടങ്ങി .
"ഡാ അവ്വേ .. ഈ പാചകം എന്ന് പറഞ്ഞാല്‍ ഒരു കലയാണ്‌ . കണ്ട അണ്ടനും അടകോടനും ഒക്കെ കേറി നെരങ്ങാനൊള്ളതല്ല   അത് "

കേന്ദ്രം ഞങ്ങളെ ആണോ ഉദ്ദേശിച്ചത് എന്ന് ഞങ്ങള്‍ അങ്ങൊട്ടുമിങ്ങട്ടും നോക്കി . "ഏയ്‌ .. അങ്ങിനെയാവില്ല ". പ്രധാന  പാചകക്കാരന്‍ എങ്ങാനും കേട്ടാല്‍ സംഭവം കുളമാവാന്‍ സാധ്യതയുണ്ട് എന്ന കരിഞ്ഞ മണമടിച്ചു.
"അല്ലമ്മാവാ .. അതിനിപ്പം ഇവിടെ എന്തോന്നാ കുഴപ്പം ?"
"ഡാ അവ്വേ .. ഞാനിതൊത്തിരി കണ്ടതാ . മുരിങ്ങക്കാ കണ്ടിച്ചിട്ടിരിക്കുന്നത് കണ്ടില്ലേ ? ദേ ലിത്രെമേ ഉള്ളൂ (ചെറു വിരലിന്റെ പാതി കാട്ടി ). ഡാ .. മുര്ങ്ങക്കാക്ക് എലേടെ നീളത്തിന്റെ പത്തിലൊന്ന് വലിപ്പം വേണം എന്നാ പ്രമാണം . അറിയാവോ . അത് പറഞ്ഞപ്പം അവന്‍ ആ വിശ്വന്‍ , മെയിന്‍ പാചകം  , എന്നോട് പറയുവാ പെനാല്‍ട്ടിയടിക്കാതെ പോവാന്‍ . ഞാനിങ്ങു പോന്നു . ഹല്ലാ പിന്നെ . ആര്‍ക്കു പോയി ?"

ഞങ്ങള്‍ ചിരിച്ചു .. അടക്കം പറഞ്ഞു "അപ്പം അവിടെ പോയി പണി മേടിച്ചു എന്നര്‍ത്ഥം "

" ഈ കലയും ഇലയും തമ്മില്‍ വലിയ ബന്ധമുണ്ട് അല്ലെ അമ്മാവാ " കൂട്ടത്തില്‍ ഒരുത്തന്റെ കമന്റ്
"പിന്നെ ! ഡാ എലക്കാത്ത് വല്ലോം എടുത്തു തിന്നനല്ലെടാ കലാകാരന്‍ കലയും കൊണ്ട് നടക്കുന്നെ ?" കേന്ദ്രം തത്വം പറഞ്ഞു

"പ്ധും "  ഒരു ശബ്ദം കേട്ടു  . പന്തലിന്റെ  അപ്പുറത്തായി .
"തേങ്ങാ വീണതാണെന്നു തോന്നുന്നു " ആരോ പറഞ്ഞു

കേന്ദ്രം ഒന്ന് തിരിഞ്ഞു  വിശദമായി നോക്കി . എന്നിട്ട് ഇരു കൈപ്പടങ്ങളും സമാന്തരമായി പിടിച്ചു ഒരു ദിക്കിലേക്ക് തള്ളി  കാണിച്ചിട്ട് ഞങ്ങളോടായി പറഞ്ഞു
"അത് ഏതാണ്ട് ഈ ഭാഗത്തായിട്ടായിരിക്കണം "

ഞങ്ങള്‍ അടക്കം പറഞ്ഞു "ഇനി തേങ്ങയ്ക്ക് വേണ്ടി കുറ്റാന്വേഷണം തുടങ്ങും കേന്ദ്രം . ശ്രദ്ധ തിരിച്ചു വിട്ടോ "
"അമ്മാവാ ... അത് പോട്ടെ .. ഈ കല എന്ന് പറഞ്ഞപ്പഴാ ഓര്‍ത്തെ .. അമ്മാവന്‍ ഈ പാട്ടിലൊക്കെ ഒരു സംഭവമാണെന്ന്  കേട്ടിട്ടൊണ്ട് . അതിനെപ്പറ്റി ..."

പറഞ്ഞു നിര്‍ത്തിയില്ല അതിനു മുന്‍പേ കേന്ദ്രം കൊത്തി
"കൊള്ളാം .. ആണോന്നോ .. ഹ ഹ ഹ .. ആര് പറഞ്ഞെടാ ഇത് ? ഡാ ചെമ്പൈ .. ചെമ്പൈ എന്ന് കേട്ടിട്ടുണ്ടോ "
നിര്‍ത്തിയിട്ടു ഞങ്ങളെ ഒന്നുഴിഞ്ഞു  നോക്കി . എന്നിട്ട് തുടര്‍ന്നു 
"ചെമ്പൈ വൈദ്യനാഥ  ഭാഗവതര്‍ ... ആ ചെമ്പൈ വരെ എന്റെ കൈക്ക് പിടിച്ചു  മാപ്പ് പറഞ്ഞിട്ടൊണ്ട്‌ . അറിയാവോ "

"ഇയ്യാടെ ചെവിക്കു പിടിച്ചു "കോപ്പ് " എന്നാരിക്കും ചെമ്പൈ പറഞ്ഞിട്ടോള്ളത് "  കൂട്ടത്തിലൊരുത്തന്‍ അടക്കം പറഞ്ഞു . "ശേ മിണ്ടാതിരിയെടെ . നല്ല ഉഗ്രനൊരു സംഭവം വരുന്നൊണ്ട്.  ചീറ്റിച്ചു കളയണ്ട " ഞാന്‍ പറഞ്ഞു

കേന്ദ്രം കൈ കൂട്ടിത്തിരുമ്മി ഉഷാറായി കഥ പറഞ്ഞു തുടങ്ങി .
തൊള്ളായിരത്തി  അമ്പത്തിയൊന്‌പത് .... അമ്പലപ്പുഴെ അമ്പലത്തിലെ ഒന്‍പതാം ഉത്സവം .
ചെമ്പൈയുടെ  കച്ചേരി . പ്രായം കൊണ്ട് മുന്പിലല്ലെങ്കിലും ജ്ഞാനം കൊണ്ട് മുന്‍പിലായ ഞാന്‍.......                 ജ്ഞാനം കൊണ്ട് ...
കേന്ദ്രം ഒന്ന് നിര്‍ത്തി ഞങ്ങളെ നോക്കി
ഞങ്ങള്‍ ഏറ്റു പറഞ്ഞു "മുന്‍പിലായ ഞാന്‍ "

"ങാ ... മുന്‍പില്‍ തന്നെ ഇരിപ്പുറപ്പിച്ചു . കച്ചേരി തുടങ്ങി . വര്‍ണ്ണവും കൃതിയും ഒക്കെ കടന്നു മെയിന്‍ ഐറ്റത്തിലെ നെരവലില്‍ വെച്ച് ചെമ്പൈക്ക് ഒന്ന് പിഴച്ചു ..... ചെമ്പൈക്ക് ....?"
കേന്ദ്രം ഒന്ന് നിര്‍ത്തി ഞങ്ങളെ നോക്കി

കോറസ്സായി ഞങ്ങള്‍ പറഞ്ഞു "ചെമ്പൈക്ക് ഒന്ന് പിഴച്ചു" (കൂടെ ആക്കിയുള്ള ചിരിയും തുടങ്ങി )

"ങാ ... പക്ഷെ അത് ഈ എനിക്ക് മാത്രമേ മനസ്സിലായുള്ളൂ . ഞാനൊന്നിരുത്തി നോക്കി ചെമ്പൈയെ . ങാ പിന്നെ ഇതെനിക്ക് പിടി കിട്ടിയെന്നു ചെമ്പൈക്കും മനസ്സിലായി ."
"ഡാ അവ്വേ .. ഒരു വിധത്തില്‍ കച്ചേരി കഴിഞ്ഞതും ഞാന്‍ സ്റ്റേജിന്റെ സൈഡില്‍ പോയി കൈയും കെട്ടി ഒരു നിപ്പു നിന്നു. ചെമ്പൈ ദാ വെയര്‍ത്തൊലിച്ച് വരുന്നു . വന്നപാടെ എന്റെ രണ്ടു കൈയും കൂടെ കൂട്ടി ഒരു പിടിത്തം . എന്നിട്ട് തൊഴുതു പിടിച്ചിട്ടു ഒറ്റ പറച്ചിലായിരുന്നു "

"പ്രഭോ .. ഒരബദ്ധം പറ്റി . ക്ഷമിക്കുമാറാകണം " എന്ന് 

"എന്നിട്ട് അമ്മാവന്‍ എന്ത് പറഞ്ഞു ?" ആകാംക്ഷയോടെ ഞങ്ങള്‍ ചോദിച്ചു

കേന്ദ്രം ......"ഞാമ്പിന്നെ ഓക്കെ .. പോട്ടേന്നു  പറഞ്ഞു. അരിപ്രശനമല്ലേഡാ ???"

5 comments:

എം.എസ്. രാജ്‌ | M S Raj said...

ശരിയാ.. അരിപ്രശ്നത്തെക്കാൾ വലിയ പ്രശ്നമുണ്ടോ?

വര്‍ഷ | Varsha said...

എനിക്കും ഒരു "കേന്ദ്രത്തെ" അറിയാം. സ്ഥലപേരു 'ക'യില്‍ തുടങ്ങുന്നു. ഇനി ആ കേന്ദ്രം തന്നെയാണൊ ഈ കേന്ദ്രം ?
ആ..

നിഷ്ക്കളങ്കന്‍ said...

@വര്‍ഷ - സ്ഥലം അമ്പലപ്പുഴയാണ് .

ചീരാമുളക് said...

ഇത്തരം കേന്ദ്രന്മാർ ഓരോ വാർഡിലുമൊന്ന് വെച്ചുണ്ട്!
തമാശക്കഥ നന്നായി

achu said...

kendram aalu kollam