ചായ്പ്പിന്റെ മൂലയില്‍ കൂട്ടിയിട്ടിരുന്ന കൊതുമ്പുകള്‍ക്കിടയിലെ സുഖമുള്ള ചൂടില്‍ അവള്‍ അമര്‍ന്നിരുന്നു.
അവള്‍ക്കു വേദന തുടങ്ങിയിരുന്നു .
ഉദയസൂര്യന്റെ ആദ്യരശ്മികള്‍ചായ്പ്പിന്റെ അഴികള്‍ക്കിടയിലൂടെ അവളുടെ വട്ടക്കണ്ണുകളിലേക്ക് നീണ്ടു വന്നപ്പോള്‍ അവള്‍ തല ചെരിച്ചു പിടിച്ചു .
താലോലിച്ചു കൊണ്ട് നടന്ന പുതുജീവന്റെ ഒരു ഭാരം , ഒരു തുടിപ്പ് തന്റെ അടിവയറില്‍ നിന്നും താഴെക്കിറങ്ങുന്നത് അവള്‍ വേദനയോടെ അറിഞ്ഞു .
തിരതുള്ളി വന്ന ഒരു വേദനയുടെ അന്ത്യത്തില്‍ അത് തന്റെ കാലുകള്‍ക്കിടയിലൂടെ താഴെക്കെത്ത്തിയപ്പോള്‍ വേദനകൊണ്ട് ഇറുക്കിയടച്ച തന്റെ ചുണ്ടുകള്‍ അവളറിയാതെ തുറന്നുപോയി .
താന്‍ സൃഷ്ടിച്ച ജീവനെക്കുറിച്ചു ലോകത്തോട് വിളിച്ചുപറയാന്‍ തോന്നി അവള്‍ക്ക് ..
സന്തോഷത്തോടെ അവള്‍ വിളിച്ചു പറഞ്ഞു ...
"ക്വാക്ക് കൊക്കക്കൊ ക്ക ക്ക ക്ക ക്വാക്ക് ക്വാക്ക് കൊക്കക്കൊ ക്ക ക്ക ക്ക"
ചായ്പ്പിന്റെ പിറകില്‍ നിന്നും ഒരു സ്ത്രീശബ്ദം സന്തോഷത്തോടെ ഉയര്‍ന്നു പൊങ്ങി .
"ദേ പുള്ളിക്കോഴി പനട്ടുന്നു .... അത് മൊട്ടയിട്ടുകാണും . ഡീ പെണ്ണേ അതിങ്ങേടുത്തോണ്ട് വാ . കൂട്ടാന്‍ വെക്കാന്‍ ഒന്നുമില്ലതിരിക്കുമ്പഴാ ..."
No comments:
Post a Comment