Saturday, February 9, 2013

ഗള്‍ഫ് പഠിച്ചതും കേരളം പഠിക്കാത്തതും : ഗള്‍ഫ് - കേരളം കുറിപ്പുകള്‍


മലയാളിയുടെ സാമ്പത്തികപരാധീനതകള്‍ക്ക്  എന്നും ഒരു മരുപ്പച്ചയായിരുന്നു "ഗള്‍ഫ്". വെറും കയ്യോടെ കപ്പല്‍ കടന്നും വിമാനം കയറിയും അവിടെ എത്തിപ്പെട്ട്  , അധ്വാനത്തിന്റെ വിത്തെറിഞ്ഞു , പണം കൊയ്ത് , വര്‍ണ്ണപ്പകിട്ടാര്‍ന്ന സമ്മാനവിസ്മയങ്ങളും കൈ നിറയെ പണവുമായി   തിരികെ വന്നിറങ്ങി പരാധീനതകളുടെയും ദാരിദ്ര്യത്തിന്റെയും കണക്കുകള്‍ പറയുന്ന ബന്ധുക്കള്‍ക്ക് താങ്ങും തണലുമായി തീര്‍ന്നവരുടെ സ്വപ്നതുല്യമായ കഥകള്‍ മലയാളിക്കിന്നും അന്യമല്ല .

എഴരക്കൊല്ലത്തോളം എല്ലാ അര്‍ത്ഥത്തിലും ഒരു ഗള്‍ഫ്കാരനായി സൗദി അറേബ്യയില്‍ ജീവിച്ചിട്ടുണ്ട് ഇതെഴുതുന്നയാള്‍  . "ഗള്‍ഫ് കാരന്‍ " എന്നാല്‍ അതായിരിക്കുന്ന ആള്‍ കാണുന്ന , അറിയുന്ന അര്‍ത്ഥവും അയാളെ ആശ്രയിക്കുന്ന ആള്‍ക്കാര്‍ കാണുന്ന അര്‍ത്ഥവും തമ്മില്‍ ചരിത്രപരമായി തന്നെ വ്യത്യാസമുണ്ടുതാനും . അതില്‍ നിന്നും   വിഭിന്നമായിരുന്നില്ല ഇതെഴുതുന്നയാളിന്റെ കാര്യത്തിലും .

ഒരുപാട് വര്‍ഷങ്ങള്‍ക്കും  ഇപ്പുറം ഏതാണ്ട് മൂന്നു മാസങ്ങള്‍ക്ക് മുന്‍പ്, ജോലി സംബന്ധമായി അബുദാബിയില്‍ പോകേണ്ടതായും കുറച്ചു ദിവസം തങ്ങേണ്ടതായും വന്നു . അബുദാബിയിലെ ഒറ്റപ്പെട്ട ഒരു സ്ഥലം എന്ന് തന്നെ പറയാവുന്ന യാസ് ഐലന്‍ഡില്‍ ആയിരുന്നു താമസം . ഏതാണ്ട് അഞ്ചോളം ഹോട്ടലുകളും പിന്നെ ഫോര്‍മുലാ വണ്‍ രേയ്സുകള്‍ക്ക് പുകള്‍പെറ്റ യാസ് മരീന സര്‍ക്യുട്ടും മാത്രം ഉള്ള ഒരു സ്ഥലം . വിരസത ഒഴിവാക്കുവാന്‍, വാരാന്ത്യങ്ങള്‍ യുഎഇ യില്‍ ഉള്ള  ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുക എന്നതായിരുന്നു പരിപാടി . യു എ ഇ സര്‍ക്കാര്‍ നിഷ്ഠയോടെ സംവിധാനം ചെയ്തിരിക്കുന പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സൗകര്യം  ഉപയോഗപ്പെടുത്തിക്കൊണ്ട്‌ തന്നെ നേരെ അബുദാബി ബസ് ടെര്‍മിനലിലേക്ക് യാത്ര പുറപ്പെട്ടു .

അബുദാബി നഗരം . യു എ ഇയുടെ തലസ്ഥാന നഗരം .  യു എ ഇയുടെ ഭരണ സിരാകേന്ദ്രവും ലോകത്തില്‍ ഏറ്റവും കൂടുതല്‍ അസംസ്കൃത  എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന  സ്ഥലങ്ങളില്‍ ഒന്നും ആയ അബുദാബി , അതിനാല്‍ തന്നെ സാമ്പത്തികമായി വളരെ ഉയര്‍ന്ന നിലവാരവും പുലര്‍ത്തുന്നു . യു എ ഇയുടെ സാമ്പത്തിക സ്രോതസ്സിന്റെ പകുതിയിലധികം സംഭാവന ചെയ്യുന്നതും  അബുദാബി തന്നെ . ശ്രദ്ധയോടെയും അവധാനതയോടെയും ഉള്ള ആസൂത്രണം ആണ് അബുദാബിയുടെത്  എന്ന് സുഹൃത്തുക്കളില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞു . അംബരചുംബികളായ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുക മാത്രം അല്ല വികസനം എന്നാ കാഴ്ചപ്പാട് പ്രത്യകമായി അബുദാബിക്ക് ഉണ്ട് എന്ന് തോന്നി .യു എ ഇയില്‍   താമസ സൌകര്യങ്ങള്‍ക്ക്  ഏറ്റവും ചിലവേറിയ നഗരവും അബുദാബി തന്നെ .

ഇത് ദുബായ് എമിറേറ്റിന്റെ സാമ്പത്തിക സങ്കല്‍പ്പങ്ങള്‍ക്കും വികസന കാഴ്ച്ചപ്പാടിനും കടക വിരുദ്ധവുമാണ് എന്നതാണ് രസകരം . ഇരു എമിറേറ്റുകളും തമ്മില്‍ പ്രഖ്യാപിതമായ കിടമല്സ്സരം  തന്നെ ഉണ്ട് എന്നതും രഹസ്യമല്ല . 

രണ്ടു എമിറേറ്റുകള്‍ തമ്മിലുള്ള കിടമത്സരം ലോകപ്രസിദ്ധവും ആണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച എയര്‍ ലൈനുകളില്‍ ഒന്നായ ദുബായുടെ എമിറേറ്റ്സ്നോട്  മത്സരിക്കുവാനും പിന്നെ സ്വന്തമായി ഒരു എയര്‍ലൈന്‍ കമ്പനി എന്ന മോഹം സാക്ഷാത്കരിക്കുവാനും എത്തിഹാദ് എന്ന എയര്‍ലൈന്‍ കമ്പനി അബുദാബി സൃഷ്ടിച്ചു . ലോകത്തിലെ ഏറ്റവും പ്രശസ്ത ഫുട്ബാള്‍ ടീമുകളില്‍ ഒന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റട് സ്പോന്സരാവാന്‍ എമിരേറ്റ്സ് എയര്‍ലൈന്‍സ് ഇറങ്ങിയപ്പോള്‍  മാഞ്ചസ്റ്റര്‍ സിറ്റിയെ സ്പോന്‍സര്‍ ചെയ്തുകൊണ്ട് എത്തിഹാദ് രംഗത്തിറങ്ങി . ആ മത്സരം പിന്നീട് ആര്‍സനല്‍ എന്ന ക്ലബ്ബിനെ റെക്കോര്‍ഡ്‌ തുകക്ക് എമിറേറ്റ്സ്  സ്പോന്‍സര്‍ ചെയ്യുന്നിടത്ത് വരെ എത്തി നില്‍ക്കുന്നു . എന്തിനധികം പറയുന്നു... ഇംഗ്ലണ്ടിലെ രണ്ടു സ്റ്റേഡിയങ്ങള്‍ വരെ പണക്കൊഴുപ്പിന്റെ ബലത്തില്‍ തങ്ങളുടെ നാമതിലാക്കുവാന്‍ മടിച്ചില്ല ഇരു കമ്പനികളും (എമിറേറ്റുകളും ). 

സാമ്പത്തിക പ്രതിസന്ധി മൂലം ദുബായ് നട്ടം തിരിഞ്ഞ സമയത്ത് സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്തുവാന്‍ വേണ്ടി അബുദാബി സഹായിക്കുകയുണ്ടായി . ദുബായ്എമിറേട്ടിന്റെ അഭിമാനമായ  അംബരചുംബി കെട്ടിടം  "ബുര്‍ജ് ദുബായ്",  അങ്ങിനെ അബുദാബിയുടെ അമീറും യു എ ഇ യുടെ പ്രസിഡണ്ടും ആയ ഖലീഫ ബിന്‍ സയദ് അല നഹിയന്റെ പേരിലേക്ക് മാറ്റി എഴുതപ്പെട്ടു .. "ബുര്‍ജ് ഖലീഫ". അങ്ങിനെ ദുബായ് മണ്ണില്‍ അബുദാബിയുടെ പ്രതാപം മാനത്തെ കീറി മുറിച്ചുകൊണ്ട് തലപൊക്കി നില്‍ക്കുന്നത് അബുദാബിയുടെ സ്വകാര്യ അഹങ്കാരങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നു .


അബുദാബിയില്‍ ബസ് ടെര്‍മിനലില്‍ എത്തി ഒരു മണിക്കൂറിലധികം നീണ്ട ഒരു കാത്തിരിപ്പിന് ശേഷം ഷാര്‍ജക്കുള്ള ബസ്സില്‍  കയറി . ദുബായ് നഗരം വഴിയാണ് ഷാര്‍ജയിലെക്കുക് പോവുക . വിശാലമായ താരതമ്യേന നിര്ജ്ജനമായിട്ടുള്ള റോഡിലൂടെ രണ്ടു മണിക്കൂറില്‍ അധികമുള്ള യാത്ര . പുകള്‍പെറ്റ ദുബായ് നഗരം . തിരക്കേറിയ നഗരവീഥിയിലൂടെ ബസ്സ്‌ ഇഴഞ്ഞു നീങ്ങുന്നു.  കറുപ്പും , കടുത്ത നീല നിറത്തിലും കടുത്ത പച്ച നിറത്തിലും ഉള്ള ചില്ലുകള്‍ ഇട്ട കൂറ്റന്‍ കെട്ടിടങ്ങളുടെ പുറ്റുകള്‍ നിറഞ്ഞ നഗരം . മലയാളികളുടെ സാമ്പത്തിക മോഹങ്ങള്‍ക്ക് ഒരുപാട് വര്‍ണ്ണ ചാര്തുകള്‍ നല്‍കിയ നഗരം . ഇന്നും യാഥാര്‍ത്ഥ്യത്തിനു അപ്പുറത്തുള്ള എന്തോ ഒരു മിഥ്യാധാരണ ദുബായ് നഗരത്തെ കുറിച്ച് മലയാളിക്കുണ്ട്‌ എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവുമോ?  പാളിപ്പോയ ഒരു വികസന മാതൃക ആണ് ദുബായ് . അംബര ചുംബികളായ കെട്ടിടങ്ങള്‍ പടുത്തിയര്ത്തിയും ലോകത്തിലെ വ്യവസായികളെ മാടി വിളിച്ചും നിക്ഷേപ സൌഹൃദ അന്തരീക്ഷം സൃഷ്ടിച്ചും ദുബായ് അതിന്റെ പുത്തന്‍ വികസന മാതൃക ലോകത്തിനു മുന്‍പില്‍ വെച്ചു . ലോകം അത്ഭുതം കൂറി  . ചുട്ടു പഴുത്ത മണലാരണ്യത്തിനു നടുവില്‍ ഉയര്‍ന്നു വന്ന അത്ഭുതത്തെ  ധനകാര്യ വിദഗ്ധര്‍ വാനോളം പുകഴ്ത്തി . ലോകത്തിന്റെ ഭാവി ഇതാ ഇതിലെ ആണ് എന്ന് വരെ പ്രവചിക്കപ്പെട്ടു .  പക്ഷെ 2009 ല്‍, തങ്ങള്‍ എടുത്തെറിയപ്പെട്ട സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ നിന്നും , കടക്കെണിയില്‍ നിന്നും രക്ഷപെടുവാന്‍ ദുബായ്ക്ക് അബുദാബിയുടെ അകമഴിഞ്ഞ സഹായം തന്നെ വേണ്ടി വന്നു . ഇന്നും തുടരുന്ന ആ സാമ്പത്തിക പിന്തുണ കൊണ്ട് തല്ക്കാല ആശ്വാസം ഉണ്ടായിട്ടുണ്ട് എങ്കിലും വന്‍ കടബാധ്യതയുടെ തിരിച്ചടവുകള്‍ ദുബായ്ക്ക് ഇന്നും പേടിസ്വപ്നം തന്നെ .

താമസക്കാരില്ലാത്ത ഒഴിഞ്ഞ കെട്ടിട ഭീമന്മാര്‍ ദുബായുടെ ഇന്നത്തെ അവസ്ഥയാണെന്ന്  സുഹൃത്തുക്കളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു .  മണ്ണില്‍ നിന്നും ഉണ്ടാകാത്ത ഒന്നും തന്നെ ശാശ്വതമായ വരുമാനം തരുന്ന ഒന്നല്ല എന്ന സാമാന്യ തത്വം വികസനത്തിനും ബാധകമാണ് എന്ന് ദുബായ് വികസന മാതൃക നമ്മെ പഠിപ്പിക്കുന്നു . പ്രേതങ്ങള്‍ പോലെ ഇരുണ്ടു നീണ്ടു നില്‍ക്കുന്ന കെട്ടിടങ്ങളെ നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു "നിങ്ങളെ കാണുവാനും മാധ്യമങ്ങളില്‍ കൊട്ടിഘോഷിക്കപ്പെടുന്ന ,ഇവിടത്തെ ഷോപ്പിംഗ്‌ വിസ്മയങ്ങളുടെ പൊങ്ങച്ചങ്ങളെ ഭ്രമിക്കുവാനും ഇഷ്ടപ്പെടുന്ന ഒരുപാട് ആള്‍ക്കാര്‍ എന്റെ പച്ചപ്പ്‌ നിറഞ്ഞ നാട്ടിലുണ്ട് ". മനുഷ്യന്‍ ഒരു അത്ഭുത ജീവി തന്നെ എന്ന് മാത്രമേ ദുബായ് കണ്ടപ്പോള്‍ തോന്നിയുള്ളൂ . ഈ മരുഭൂമിയില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ കെട്ടി ഒരു നഗരം കെട്ടിപ്പടുക്കുവാന്‍ ചിലവഴിച്ച മനുധ്യാധ്വാനം , ബുദ്ധി അവയൊക്കെ അത്ഭുതപ്പെടുത്തുമ്പോള്‍ തന്നെ അവ പാളിപ്പോയ ഒരു വികസന മാതൃകക്ക് വേണ്ടി ആയിരുന്നുവോ എന്ന് ചിന്തിക്കുമ്പോള്‍ വിഷമവും തോന്നാം .

കേരളം ഇന്ന് പിന്‍പറ്റുന്ന ഒരു വികസന മാതൃകയും  വിഭിന്നമല്ല എന്നതാണ് ഏറ്റവും ഭീതിദമായ വസ്തുത . ഏറ്റവും വലിയ കെട്ടിടം കേട്ടിപ്പോക്കുന്നതാണ് വികസനം എന്ന വികലമായ കാഴ്ച്ചപ്പാടാണ് ഇന്ന് കേരളത്തിലെ ഏതൊരു സ്ഥലത്ത് നോക്കിയാലും കാണാന്‍ കഴിയുക . പ്രകൃതിദത്തമായ കുന്നുകളും ചെറു മലകളും കൊണ്ട് നിറഞ്ഞ തിരുവനന്തപുരം ജില്ല, വിവേചനരഹിതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ  രൂപാന്തരം പ്രാപിച്ചു വൈകല്യങ്ങള്‍ മാത്രം നിറഞ്ഞ ഒരു ഭൂപ്രദേശമായിത്തീരാന്‍  ഇനി രണ്ടോ മൂന്നോ ദശാബ്ദമേ വേണ്ടി വരൂ . സിംഗപൂരിന്റെ പരിസ്ഥിതിയും ഭൂപ്രകൃതിയുമായി ഏറെ സാമ്യമുള്ളതും എന്നാല്‍ അതിനെക്കാളേറെ അനുകൂല സാഹചര്യമുള്ളതുമായ നഗരമാണ് തിരുവനന്തപുരം എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുവാന്‍ കഴിയും. എന്നാല്‍ പ്രകൃതിദത്തമായ കുന്നുകളെയും മലകളെയും ഇടിച്ചു നിരത്തിയും സമതലങ്ങളെ മണ്ണിട്ട്‌ നികത്തിയും ആവശ്യാനുസരണം പൊക്കിയും ഉള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  തിരുവനന്തപുരത്തിന്റെ പരിസ്ഥിതിയെത്തന്നെ ദുര്‍ബ്ബലമാക്കുന്നു . അതിന്റെ ഹരിതഭംഗി കെടുത്തുന്നു . സ്വാഭാവികമായ നീരൊഴുക്കുകള്‍ തടസ്സപ്പെടുത്തുന്നു .

കൊട്ടിഗ്ഘോഷിക്കപ്പെട്ടു അമ്പേ പരാജയപ്പെട്ട ഒരു വികസന മാതൃക ദുബായ് നമുക്ക് കാണിച്ചു തന്നു എന്നിരിക്കെ , ദുബായ്ക്ക് നഷ്ടപ്പെടാന്‍ ഇല്ലാത്ത ഒന്ന് കൂടി നമുക്കുണ്ട് . നമ്മുടെ ഹരിതഭംഗി.

ദുബായിലെ മാനം  കീറി മുറിക്കുന്ന കെട്ടിട സമുച്ചയ വിസ്മയങ്ങളെക്കാള്‍ മനസ്സിന് സന്തോഷം നല്‍കുക അബുദാബിയിലെ 'കണ്ടല്‍കാടുകള്‍"""" "' ആണ് എന്ന് പറഞ്ഞാല്‍ അതിശയോക്തി അല്ല .  യു എ ഇ യുടെ സ്വാഭാവികമായ പ്രകൃതിസംരക്ഷണ വ്യവസ്ഥയുടെ ഭാഗമായിരുന്നു ആയിരക്കണക്കിന് ഹെക്ടര്‍ വരുന്ന കണ്ടല്‍ക്കാടുകള്‍ . വര്‍ദ്ധിച്ചു വന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മൂലം ഉണ്ടാകുന്ന ഇവയുടെ നാശത്തെ ചെറുക്കുവാന്‍ അബുദാബി സര്‍ക്കാരിന്റെ ഭാഗമായ അബുദാബി പ്രകൃതി സംരക്ഷണ ഏജന്‍സി (EAD) നടത്തുന്ന ഇടപെടലുകളും പ്രോജക്ടുകളും നിയന്ത്രനങ്ങളും കുളിരണിയിക്കുന്ന കാഴ്ചകളായി ദുബായ് - അബുധാബി ഹൈവെയില്‍ യാത്ര ചെയ്യുമ്പോള്‍ അതിന്റെ വശങ്ങളില്‍ തന്നെ നമുക്ക് കാണാം . "അതിക്രമിച്ചു കടക്കുന്നവര്‍ ശിക്ഷിക്കപെടും" എന്ന ബോര്‍ഡുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന  മതില്‍ കെട്ടി തിരിച്ച വളപ്പുകളില്‍  ആരുടേയും ആക്രമണം ഭയക്കാതെ   കൊടും ചൂടിലും  ചിരിച്ചു തുള്ളി തലയാട്ടി നില്‍ക്കുന്ന കണ്ടല്‍ക്കാടുകള്‍ .

കേരളത്തിലെ , നമ്മുടെ പാതയോരങ്ങളില്‍ നില്‍ക്കുന്ന നൂറു കണക്കിനു വര്ഷം പഴക്കമുള്ള വൃക്ഷ മുത്തശ്ശന്മാര്‍ , കടക്കല്‍ എപ്പോള്‍ കോടാലി വീഴും എന്ന് ഭയന്ന് നില്‍ക്കുമ്പോള്‍ , പ്രതികൂല കാലാവസ്ഥയുള്ള ഒരു രാജ്യം അതിന്റെ പരിമിതങ്ങളായ സസ്യ സമ്പത്തിനെ സംരക്ഷിക്കുന്നത് കണ്ടെങ്കിലും നമ്മുടെ ഭരണാധികാരികള്‍ സമാനമായ മാതൃകകള്‍ പിന്തുടര്‍ന്നെങ്കില്‍ എന്നാശിച്ചു പോയി .

3 comments:

Baiju Elikkattoor said...

"മണ്ണില്‍ നിന്നും ഉണ്ടാകാത്ത ഒന്നും തന്നെ ശാശ്വതമായ വരുമാനം തരുന്ന ഒന്നല്ല എന്ന സാമാന്യ തത്വം വികസനത്തിനും ബാധകമാണ്..."

very good. ashamsakal...!

mad|മാഡ് said...

അറിയാത്ത ഒരുപാട് കാര്യങ്ങള്‍ പങ്കു വെച്ചതിനു നന്ദി.

നിഷ്ക്കളങ്കന്‍ said...

Thank you Baiju and Mad for the read