Tuesday, August 20, 2013

കിഴക്കേക്കോട്ടയിലെ ശാപമോചനം കഥകളി (18/AUG/2013) - ഒരു കുറിപ്പ്

18/AUG/2013 ന് , തിരുവനന്തപുരം, കിഴക്കേക്കോട്ടയില്‍ , തീര്‍ത്ഥപാദര്‍ മണ്ഡപത്തില്‍ ശ്രീ സദനം ഹരികുമാര്‍ രചിച്ചു , ചൊല്ലിയാട്ടം നിര്‍വ്വഹിച്ച "ശാപമോചനം  കഥകളി " നടന്നു .

മഹാഭാരതം ആരണ്യപർവ്വത്തിലെ അര്‍ജ്ജുനന്റെ സ്വര്‍ഗഗമനത്തില്‍ ഉണ്ടാവുന്ന നിര്‍ണ്ണായകമായ ഒരു ഭാഗത്തിന്റെ സ്വതന്ത്രാവിഷകാരമാണ് ശാപമോചനം കഥകളി .

ആട്ടക്കഥ 

അര്‍ജ്ജുനന്‍ നിവാതകവചകാലകേയന്മാരെ വലിയ യുദ്ധത്തില്‍ വധിച്ചു കഴിഞ്ഞു . ഉര്‍വ്വശി , തോഴിമാരുടെ കൂടെ പ്രവേശിച്ചു അര്‍ജ്ജുനന്റെ അപദാനങ്ങള്‍ പറയുകയും, അര്‍ജ്ജുനനില്‍ തനിക്കുള്ള അഭിനിവേശം തോഴിമാരെ അറിയിക്കുകയും  , അര്‍ജ്ജുനനെ പ്രാപിക്കുവാനുല മാര്‍ഗങ്ങള്‍ ആരായുകയും ചെയ്യുന്നു . മാര്‍ഗം നിര്‍ദ്ദേശിക്കുന്ന സഖിമാര്‍ ഉര്‍വ്വശിയെ അണിയിച്ചൊരുക്കി അര്‍ജ്ജുനസവിധത്തിലെക്ക് ആനയിക്കുന്നു.

അര്‍ജ്ജുനന്‍ യുദ്ധശേഷം സര്‍വ്വപ്രതാപിയായി ഇരിക്കുന്നു. സ്വര്‍ഗത്തിലെ കാഴ്ചകളും യുദ്ധശേഷമുള്ള വിശ്രമ്തിലെ സുഖവും അയാളില്‍ കാമാവികാരത്തിന്റെ അനുരണനങ്ങള്‍ സൃഷ്ടിക്കുന്നു. അപ്പോള്‍ ഉര്‍വ്വശി രംഗപ്രവേശം ചെയ്യുകയും അര്‍ജ്ജുനനും ആ അപ്സരസ്സില്‍ മോഹിതനാവുകയും ചെയ്യുന്നു. ഉര്‍വ്വശിയുടെ കാമാഭ്യര്‍ത്ഥനയെ സന്തോഷത്തോടെ സ്വീകരിക്കുന്ന അര്‍ജ്ജുനന്‍ [ മൂലകഥയില്‍ നിന്നും വ്യതിയാനം ഇവിടെ തുടങ്ങുന്നു  ] ഏതോ അപ്സരസ്സ് എന്ന തോന്നലില്‍ പേര് പോലും ചോദിക്കാതെ ഉര്‍വ്വശിയുടെ കൂടെ ചേര്‍ന്ന് നടക്കുവാനും രതിപൂര്‍വ്വകേളികളില്‍ ഏര്‍പ്പെടുവാനും തുടങ്ങുന്നു.

അവര്‍ അങ്ങിനെ ഒന്നിച്ചു നടക്കവേ ഒരു സ്ഫടികസൌധം കണ്ടിട്ട് അതെന്താണ് എന്ന് അര്‍ജ്ജുനന്‍ ആരായുന്നു. അത് സ്വര്‍ഗത്തിലെ ചിത്രശാല ആണെന്നും അതില്‍ ഇന്ദ്രലോകത്ത് വന്നു പോയ രാജാക്കന്മാരുടെ ചിത്രങ്ങള്‍ വെച്ചിരിക്കുന്ന സ്ഥലമാണെന്നും ഉര്‍വ്വശി പറയുമ്പോള്‍ അര്‍ജ്ജുനന്‍ അത് കാണാന്‍ താല്പര്യം പ്രകടിപ്പിക്കുകയും കാണാന്‍ തുടങ്ങുകയും ചെയ്യുന്നു. ദുഷ്യന്തന്‍ , ദിലീപന്‍ മുതലായ രാജാക്കന്മാരെ ഉര്‍വ്വശി പരിചയപ്പെടുത്തുന്നു. തുടര്‍ന്ന്‍ പുരൂരവസ്സിനെ പരിചയപ്പെടുത്തുമ്പോള്‍ പുരൂരവസ്സിന്റെ കൂടെ താന്‍ കഴിച്ചുകൂട്ടിയ പൂര്‍വ്വകാലം കൂടി ഉര്‍വ്വശി വിസ്തരിക്കുകയും അത് കേട്ട് അര്‍ജ്ജുനന്‍ സ്തബ്ധനാവുകയും ചെയ്യുന്നു. തന്റെ പ്രപിതാമഹന്റെ പ്രേയസ്സിയായ ഉര്‍വ്വശിയുടെ കൂടെയാണ് താന്‍ നടക്കുന്നത് എന്ന് കാമകേളികളില്‍ ഏര്‍പ്പെടാന്‍ പോകുന്നത് എന്നും മനസ്സിലാക്കിയ അര്‍ജ്ജുനന്‍ പാപചിന്തയാല്‍ അസ്വസ്ഥനാവുന്നു.

തുടര്‍ന്ന് അര്‍ജ്ജുനന്‍ , കേളികള്‍ മതിയാക്കാം എന്നും , തനിക്ക് അസ്ത്രവിദ്യകള്‍ സ്വായത്തമാക്കുവാനും , ചിത്രരഥന്‍ എന്നാ ഗന്ധര്‍വ്വന്റെ അടുക്കല്‍ നൃത്തം പഠിക്കുവാനും സമയമായി എന്നും പറഞ്ഞുകൊണ്ട് പോകുവാന്‍ തുടങ്ങുകയും ഉര്‍വ്വശിയോട് തന്റെ സമീപത്തു നിന്നും നിഷ്ക്രമിക്കുവാനും ഉപദേശിക്കുന്നു , പിന്നീട് ആജ്ഞാപിക്കുന്നു. അനുസ്സരിക്കാത്ത ഉര്‍വ്വശിയെ പരുഷമായ പദങ്ങള്‍ കൊണ്ട് ഭര്‍ത്സിക്കുന്ന അര്‍ജ്ജുനന്‍ പോകാന്‍ തുടങ്ങുമ്പോള്‍ രോഷാകുലയായ ഉര്‍വ്വശി തടയുന്നു. 

താനാരാണെന്നും , സ്വ്രഗ്ഗത്തില്‍ കടന്നു എന്ത് തോന്ന്യാസവും അനുവദിക്കില്ലെന്നും പറഞ്ഞ ഉര്‍വ്വശി , തന്നെ മോഹിപ്പിച്ച് വഞ്ചിച്ച അര്‍ജ്ജുനന്‍ നപുംസകം ആയിപ്പോകട്ടെ എന്ന് ശപിച്ച് നിഷ്ക്രമിക്കുന്നു.

തളര്‍ന്നു പോയ അര്‍ജ്ജുനന്‍ വിലപിക്കുന്നു. പ്രാര്‍ഥിക്കുന്നു. താന്‍ ചെയ്തത് മാതൃഗമന പാപം ഒഴിവാക്കുവാന്‍ ആയിരുന്നു എന്നും ക്ഷമിക്കണം എന്നും അര്‍ജ്ജുനന്‍ പ്രാര്‍ഥിക്കുന്നു. തുടര്‍ന്ന് ഉര്‍വ്വശി പ്രത്യക്ഷപ്പെട്ട് അപക്വമായ തന്റെ പ്രവൃത്തിയില്‍ പശ്ചാതപിച്ച് അര്‍ജ്ജുനന് ശാപമോചനം നല്‍കുന്നു. പാണ്ഡവര്‍ അജ്ഞാതവാസം ചെയ്യുന്ന കാലത്ത് ഒരു വര്‍ഷം മാത്രം നപുംസകത്വം അനുഭവിച്ചാല്‍ മതിയാകും എന്ന് ശാപത്തില്‍ ഇളവു നല്‍കുന്ന ഉര്‍വ്വശിയില്‍ പിന്നീട് മാതൃനിര്‍വ്വിശേഷമായ വാത്സല്യം ഉണരുന്നു. പുത്രതുല്യനായ അര്‍ജ്ജുനനില്‍ പുരൂരവസ്സിന്റെ ദേഹകാന്തി കണ്ടാണ്‌ താനും പാപം ചെയ്തു പോയത് എന്ന് തുറന്നു പറയുന്ന ഉര്‍വ്വശി മാതൃവാല്‍സ്സല്യത്തോടെ അര്‍ജ്ജുനനെ അടുത്ത് വിളിച്ച് തന്റെ മടിത്തട്ടില്‍ ഉറങ്ങിക്കൊള്ളുവാന്‍ പറയുകയും അപ്രകാരം ഉറങ്ങുമ്പോള്‍ ഉര്‍വ്വശി പതുക്കെ നിഷ്ക്രമിക്കുകയും ചെയ്യുന്നതോടെ ശാപമോചനം കഥകളി അവസാനിക്കുന്നു. 


മൂലകഥയില്‍ ഉര്‍വ്വശി തന്റെ ആഗ്രഹം അറിയിക്കുന്ന മാത്രയില്‍ തന്നെ അര്‍ജ്ജുനന്‍ ഉര്‍വ്വശിയുടെ പ്രണയത്തെ തിരസ്കരിക്കുകയും , ഉര്‍വ്വശി ശപിക്കുകയും തുടര്‍ന്ന്‍ വിഷണ്ണനായ അര്‍ജ്ജുനന് ഇന്ദ്രന്‍ ശാപമോക്ഷം നല്‍കുകയും ചെയ്യുമ്പോള്‍ ഇവിടെ ആട്ടക്കഥാകാരന്‍ കഥാപാത്രങ്ങളുടെ സ്വതന്ത്രാവിഷ്ക്കാരത്തിലൂടെ നാടകീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്നു. തന്നില്‍ അനുരക്തയാവുകയും തനിക്കു കാമാഭിനിവേശം തോന്നുകയും ചെയ്ത ഒരുവളുടെ പേര് ചോദിക്കുക പോലും ചെയ്യാതിരിക്കുക എന്നയിടതാണ് ഈ കഥയുടെ പ്രധാന്‍ വ്യതിയാനം. തുടര്‍ന്നുള്ള കഥയുടെ പിരിമുറുക്കം നിറഞ്ഞ  ചരടും ഇത് തന്നെ . കഥയില്‍ ചോദ്യമില്ല എന്നാണല്ലോ പ്രമാണം.

സര്‍ഗാത്മകതയും സ്വതന്ത്രചിന്തയും

കലാകാരന്റെ സര്‍ഗാത്മകതയും സ്വതന്ത്രചിന്തയും ഈ കഥയില്‍ വേണ്ടുവോളം ഉണ്ട് . പുരാണകഥകളില്‍ ഭൂരിഭാഗത്തിനും സാമാന്യമായ പ്രമാണങ്ങള്‍ സാധ്യമല്ല എന്ന് കരുതിയാല്‍ , ആട്ടക്കഥാകാരന്‍ അതിന്റെ കലാപരമായ സാധ്യതയെ നന്നായി മുതലെടുത്തു എന്ന് തന്നെ കരുതണം .

പദാവതരണത്തില്‍ ചിലയിടങ്ങളില്‍ കഥകളിയുടെ വര്‍ത്തമാന കാല അവതരണങ്ങളില്‍  നിന്നും അല്പസ്വല്പ വ്യതിയാനമോക്കെ ആട്ടക്കഥാകാരന്‍ അവലംബിക്കുന്നു. ഉദാഹരണത്തിന് ഉര്‍വ്വശിക്ക് കാണുന്ന കാഴ്ചകളൊക്കെ അര്‍ജ്ജുനനോടുള്ള പ്രണയമായി തോന്നുകയും അത് തോഴിമാരുമായി പങ്കുവെക്കുകയും ചെയ്യുന്ന രംഗം . ഉര്‍വ്വശി തന്റെ കാഴ്ച്ചയെ അവതരിപ്പിക്കുന്നത് ഒരു തവണ മാത്രം പാടുന്ന ഒരു വരിയിലൂടെയാണ് . മേളം നിര്‍ത്തി ശ്ലോകം പോലെ പാടുന്ന ഈ സമയം കഥകളിപദം എന്നതിനപ്പുറം  ഒരു കവിതാലാപനം ആയാണ് അനുഭവപ്പെട്ടത്.

മറ്റു ചിലയിടങ്ങളിലും മേളം നിര്‍ത്തി രാഗവിസ്താരങ്ങളുടെ അകമ്പടിയോടെ പാടുകയുണ്ടായി എന്നോര്‍ക്കുന്നു .  ചിലയിടങ്ങളില്‍ കഥകളി എന്നതിനപ്പുറം ഒരു നൃത്തശില്പം എന്നാ രീതിയിലേക്ക് മാറുകയും ചെയ്തിട്ടുണ്ട് എന്നും തോന്നി . 

അവതരണം 

കുറ്റമറ്റ അവതരണം ആയിരുന്നു ശാപമോചനം എന്ന് പറയാതിരിക്കുവാന്‍ കഴിയില്ല . ചിട്ടയോടെയുള്ള സംവിധാനം , ആശയക്കുഴപ്പങ്ങള്‍ ഇല്ലാതെയുള്ള രംഗമാറ്റങ്ങളും കഥാപാത്രങ്ങളുടെ പ്രവേശവും നിഷ്ക്രമണവും . സാധാരണ ഒരു പുതിയ കഥ ആടുമ്പോള്‍ പുസ്തകം നടുക്ക് വെച്ചു നോക്കിപ്പാടുന്ന രീതിയാണല്ലോ . ആട്ടക്കഥാകാരന്‍ തന്നെ പൊന്നാനിയാവുകയും അദ്ദേഹത്തിന്റെ കൂടെ പാടി പരിചയമുള്ള ആള്‍ തന്നെ ശിങ്കിടിയാവുകയും ചെയ്തതിനാല്‍ സംഗീതം നന്നായി ആസ്വദിക്കാനും പ്രേക്ഷകര്‍ക്ക്‌ സാധിച്ചു . നടന്‍മാര്‍ എല്ലാവരും പദങ്ങള്‍ നന്നായി പഠിച്ച് അവതരിപ്പിച്ചതിനാല്‍ , പാട്ട് കേട്ടിട്ട് പിന്നീട് മുദ്ര കാണിക്കുകയും , ഇടക്ക് പാട്ട് കേള്‍ക്കാതെ വരുമ്പോള്‍ മുദ്രകള്‍ കാണിക്കാതെയിരിക്കുയും , തെറ്റിച്ചു കാണിക്കുകയും ചെയ്യുന്ന സ്ഥിരം രീതിയൊന്നും കാണേണ്ടി വന്നില്ല . എന്തിന് പുതിയ കഥകള്‍ പറയുന്നു . ഉദാഹരണത്തിന് , നളചരിതം ഒന്നാം ദിവസത്തിലെ പതിവില്ലാത്ത ഭാഗങ്ങളില്‍ നളന്റെ വേഷം കെട്ടുന്ന നടന്മാര്‍ വരെ,  കയ്യിട്ടു മാറി ഭാഗവതരുടെ തൊട്ടടുത്ത്‌ വന്നു നിന്ന് ചെവിയോര്‍ത്ത് നില്‍ക്കുന്നത് കാണാറുണ്ട്‌ (പദം അറിയില്ല. കേട്ടിട്ട് വേണം മുദ്ര കാണിക്കാന്‍..]). കാണിക്കുമ്പോള്‍ പിന്നെ ഭാവവും കാണുകയില്ല .)

അഭിനയം/ സംഗീതം / മേളം  

പരിണതപ്രജ്ഞനായ ആശാന്‍ ശ്രീ സദനം ബാലകൃഷ്ണന്‍ ആണ് അര്‍ജ്ജുനനെ അവതരിപ്പിച്ചത് . മിതത്വം പാലിച്ച പക്വതയാര്‍ന്ന അവതരണം ആയിരുന്നു ശ്രീ സദനം ബാലകൃഷ്ണന്റേത് . തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ ഊര്‍ജ്ജസ്വലതയോടെയുള്ള അവതരണം . നാടകീയ മുഹൂര്‍ത്തങ്ങളില്‍ അതിഭാവുകത്വം ഇല്ലാതെയുള്ള പ്രകടനം .  ഉര്‍വ്വശിയും അര്‍ജ്ജുനനുമായുള്ള ഇളകിയാട്ടം വളരെ രസകരമായി അവതരിപ്പിച്ചു. ഉര്‍വ്വശിയോട് " നിന്റെ തളിരുപോലെയുള്ള കൈപ്പടങ്ങള്‍ .. പക്ഷെ കൈത്തണ്ടയില്‍ എങ്ങിനെ തഴംപുണ്ടായി " എന്നാ ചോദ്യത്തിന് ഉര്‍വ്വശി " വീണാവാദനം ചെയ്തിട്ടാണ്" എന്ന മറുപടി നല്‍കുന്നു.പിന്നെ ഉര്‍വ്വശിയുടെ സംശയങ്ങളും അതിനുക്ല്ല അര്‍ജ്ജുനന്റെ മറുപടികളുമാണ് .

അതില്‍ ഉര്‍വ്വശി " അശനപാനങ്ങള്‍ ഇല്ലാതെ അങ്ങ്  യുദ്ധം ചെയ്യുമ്പോള്‍ ക്ഷീണിച്ചു പോയാല്‍ എന്ത് ചെയ്യും " എന്നാ ചോദ്യത്തിന് " അശനപാനങ്ങള്‍ ഇല്ലാതെ പാശുപതത്തിനു വേണ്ടി  തപസ്സു ചെയ്തതും അക്ഷീണം പരമേശ്വരനോട് യുദ്ധം ചെയ്ത" കഥയും (കിരാതം) സൂചിപ്പിക്കുന്നു . പിന്നീട് ഉര്‍വ്വശി " ഗാണ്ഡിവം യുദ്ധത്തില്‍ ഒടിഞ്ഞു പോയാല്‍ എന്ത് ചെയ്യും " എന്ന് ചോദിക്കുമ്പോള്‍ "അതൊരിക്കലും സംഭവിക്കില്ല " എന്നും " ആവനാഴിയില്‍ അമ്പൊഴിഞ്ഞാല്‍ എന്ത് ചെയ്യും എന്ന  ചോദ്യത്തിന് " അര്‍ജ്ജുനന്റെ ആവനാഴിയില്‍ അമ്പൊഴിയുകയില്ല എന്നാണ് പറയുന്നത് [ കിരാതം കഥയില്‍ ശ്രീപാര്‍വ്വതി ശപിച്ചപ്പോള്‍ ഒഴികെ എന്ന് പറയുന്നില്ല ഇവിടെ എന്നത് ശ്രദ്ധിച്ചു ]. 

പക്ഷെ  ശാപഗ്രസ്തനായി തളര്‍ന്നിരിക്കുന്ന അര്‍ജ്ജുനന്റെ അമ്പരപ്പോ , ധര്‍മ്മസ്സങ്കടമോ എത്രകണ്ട് ആശാന് ആടി ഫലിപ്പിക്കുവാന്‍ കഴിഞ്ഞു എന്ന ഒരു സംശയം ഉണ്ട്. ചിലയിടങ്ങളില്‍  ശ്രീ സദനം ബാലകൃഷ്ണന്‍ പ്രകടിപ്പിച്ച ചടുല ചലനങ്ങള്‍ ഈ കഥാപാത്രത്തിന് ഒഴിവാക്കാമായിരുന്നു എന്ന എളിയ ഒരഭിപ്രായം ഉണ്ട് .  ( ആശാനെ പോലെ കഥകളിയില്‍ അഗാധമായ അറിവും, ഗവേഷണ ചാതുരിയും  പാണ്ഡിത്യവും ഉള്ള ആളിനെ വിമര്‍ശിക്കുന്നതിനുള്ള സങ്കോചം മറച്ചുവെക്കുന്നില്ല )    

സദനം വിജയന്‍  കാമാതുരയായ ഉര്‍വ്വശിയെയും , മാതൃവാല്‍സ്സല്യം തുളുമ്പുന്ന ഉര്‍വ്വശിയെയും ഭംഗിയായി അവതരിപ്പിച്ചു.  ചൊല്ലിയാട്ടത്തിനപ്പുറം കഥാപാത്രത്തിന് വിശ്വാസ്യത നല്‍കുവാന്‍ ശ്രീ വിജയന് കഴിഞ്ഞു . സദനം ശ്രീനാഥിന്റെയും സദനം കൃഷ്ണദാസിന്റെയും തോഴിമാരും നന്നായിരുന്നു. 

സംഗീതം ഈ കഥയുടെ ജീവന്‍ തന്നെ ആണ് . സംഗീതനിബദ്ധമാണ് ശാപമോചനം . സന്ദര്‍ഭങ്ങള്‍ക്ക്‌ ഉചിതമായ തരത്തില്‍  ലളിതകോമള പദാവലികള്‍ കോര്‍ത്തിണക്കിയ പദങ്ങള്‍ .അവയ്ക്ക് ഹൃദ്യമായ രാഗങ്ങളും നല്‍കിയിരിക്കുന്നു. അവസാന രംഗത്തില്‍ ഉര്‍വ്വശി അര്‍ജ്ജുനനെ തന്റെ മടിയില്‍ കിടത്തി ഉറക്കുന്ന സമയത്തുള്ള നീലാംബരിയുടെ അവതരണത്തിലെ വ്യത്യസ്തതയും ശ്രദ്ധേയമാണ്.[ശിങ്കിടി അവസാന വരി പാടുമ്പോള്‍ , പൊന്നാനി അകമ്പടിയായി നീലാംബരിയില്‍ രാഗാലാപനം ചെയ്യുന്ന രീതി ] . പരമ്പരാഗത കഥകളിആസ്വാദകര്‍ക്ക് അതെത്രകണ്ട് രുചിക്കും എന്നറിയില്ലെങ്കിലും . ശ്രീ സദനം ഹരികുമാറിന്റെയും സദനം ശിവദാസിന്റെയും ആലാപനം അതീവഹൃദ്യമായിരുന്നു. 

സദനം രാമകൃഷ്ണന്‍ ചെണ്ടയിലും [ ] സദനം ദേവദാസ് മദ്ദളത്തിലും കഥക്കും കഥാപാത്രങ്ങള്‍ക്കും ഉചിതമായ രീതിയില്‍ മേളമൊരുക്കി .

ആഹാര്യം 

ഉര്‍വ്വശിയുടെ കിരീടത്തിനെ പറ്റി ആവശ്യത്തില്‍ അധികം ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞ ഒന്നാണല്ലോ . എന്തായാലും അത് ഉര്‍വ്വശിക്ക്‌ പ്രത്യേകമായ ഭംഗി ഒന്നും കൊടുക്കുന്നില്ല [അമാനുഷികതയോ , മാദകത്വമോ മറ്റെന്തെങ്കിലുമോ ]. അഭംഗി ഒട്ടില്ല താനും .  

ശ്രീ കലാമണ്ഡലം സതീശന്റെ ചുട്ടിയും ഒതുക്കമുള്ളതും ശ്രീ സദനം ബാലകൃഷ്ണന്റെ മുഖത്തിന്‌ ചേരുന്നതുമായിരുന്നു .കഥയുടെ ഭാവി 

ഭാവി പ്രവചിക്കുവാന്‍ ഇതെഴുതുന്നയാള്‍ ആളല്ല . എങ്കിലും ഈ അവതരണത്തിന്റെ ഒരു മേന്മ എന്നത് അത് സംവിധാനം ചെയ്തതും , പാടിയതും , അരങ്ങു ഭരിച്ചതും അതിന്റെ ആട്ടകഥാകൃത്ത് തന്നെ ആയതുകൊണ്ടാണ്‌ . ഒരു പക്ഷെ മറ്റുള്ള കലാകാരന്മാരെ സംഗീതവും അവതരണവും ഏല്‍പ്പിച്ചാല്‍ എത്രകണ്ട് ശോഭിക്കും എന്നത് കണ്ടു തന്നെ അറിയണം .
1 comment:

ഷാജു അത്താണിക്കല്‍ said...

കഥകളി ഞാൻ വളരെ കുറച്ചേ കണ്ടിട്ടൊള്ളൂ, അതും മുഴുവൻ കണാനു നിന്നിട്ടില്ല
ഇനി ഒന്ന് മുഴുവൻ കാണണം
കൊള്ളാം നല്ല ഒരു അറിവാണിത്