Wednesday, December 2, 2009

നീല‌ത്താമര അഥവാ ഭൂതകാലക്കുളിര്‍ (സിനിമാ ആസ്വാദനം)


1979-ല്‍ ഇറങ്ങിയ ‘നീലത്താമര’ എന്ന ചിത്രത്തിന്റെ പുനരാവിഷ്കാര‌മാണ് എം.ടി. വാസുദേവന്‍ നായ‌ര്‍ ര‌ചിച്ച് ലാല്‍ ജോസ് സംവിധാനം നിര്‍വ്വഹിച്ച പുതിയ ‘നീലത്താമര’. ലാല്‍ജോസ് എന്ന സംവിധായക‌ന്റെ ധൈര്യം, സാഹസം എന്നതൊക്കെ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. എം.ടി എന്ന മ‌ഹാപ്രതിഭയുടെ പകുതിയിലധികം ര‌ചന‌ക‌ളും കാല‌ത്തെ അതിജീവിക്കുന്നവയല്ല എന്ന സത്യം ഈ ചിത്രം കാണുന്നവ‌ര്‍ക്ക് തോന്നിയേക്കാമെങ്കിലും ആ പോരായ്മക‌ളെയൊക്കെ മറന്ന് തീയേറ്ററുക‌ളില്‍ തിങ്ങിയിരുന്ന് സിനിമ കാണുന്ന മല‌യാളിക‌ള്‍ തെളിയിച്ചത് ലാല്‍ജോസിന്റെ സംവിധാനപാടവവും കാസ്റ്റിംഗി‌ല്‍ അദ്ദേഹം കാണിച്ച വിജയകരമായ പരീക്ഷണ‌ങ്ങ‌ളുമാണ്.

എണ്‍പതുക‌ളില്‍ ഉദാത്തം എന്ന് പല എം.ടി രചന‌ക‌ളും ര‌ണ്ടായിരങ്ങളിലെ പല പുന‌ര്‍വായന‌കളില്‍ വെറും പൈങ്കിളി എന്ന് “ഇതെഴുതുന്നയാളിന്” തോന്നിയിട്ടുണ്ട്. എല്ലാം അങ്ങിനെയാണെന്നോ എം.ടി ഒരു മഹാനായ സാഹിത്യകാരന്‍ അല്ലെന്നോ ഇതിന‌ര്‍ത്ഥമില്ല. ഈ കഥ ആ പൈങ്കിളി സ്വഭാവത്തിന് ഒരു ഉത്തമ ഉദാഹരണമാണ് എന്ന് പറയേണ്ടതില്ല. ഇതിലെ ഓരോ കഥാപാത്രവും, ഓരോ ബിംബങ്ങ‌ള്‍ക്കും ഓരോ വള്ളുവനാടന്‍ ചുവയുള്ള സംഭാഷണ‌വും കഴിഞ്ഞ രണ്ടുപതിറ്റാണ്ടു കാലമായി ച‌ര്‍വ്വിതചര്‍വ്വണം ചെയ്യപ്പെട്ടിട്ടുള്ളവയാണ് എന്ന് പറയേണ്ടി വരുന്നതില്‍ ഖേദവുമുണ്ട്. തേവരുടെ അമ്പലം,അമ്പല‌ക്കുള‌ത്തിലെ കുളി, കുളിച്ച് തൊഴല്‍, ഇടവഴിക‌ള്‍, നാലുകെട്ടുള്ള തറവാട്, ഷാര‌ത്തെ അമ്മിണി [ :-) ],അമ്മാവന്റെ ചിലവില്‍ പഠിച്ച് അയാളുടെ മ‌ക‌ളെ കല്യാണം കഴിക്കേണ്ടി വരുന്ന മ‌രുമ‌കന്‍, ആഡ്യന്‍ നായ‌ര്‍ യുവാവിന്റെ വേല‌ക്കാരിയോടുള്ള കാമം, വഞ്ചിക്കപ്പെടുന്ന വേല‌ക്കാരി കുഞ്ഞിമാളു എങ്ങിനെ എത്രയെത്ര?

ഇത്രയും കഴിവുറ്റ ഒരു കൂട്ടം ക‌ലാകാര‌ന്മാ‌ര്‍ ഉള്ളപ്പോ‌ള്‍ ലാല്‍ജോസ് എന്തിന് ഇങ്ങനെയൊരു സിനിമ‌യെടുത്തു എന്നു ചോദിച്ചാല്‍ അദ്ദേഹത്തിന് ശരാശരി മ‌ല‌യാളിയുടെ “ഭൂതകാലക്കുളിര്‍” എന്ന ഒരിക്കലും നശിക്കാത്ത നവഗൃഹാതുര‌ത്വത്തിന്റെ മ‌ന:ശ്ശാസ്ത്രം ന‌ന്നായി മ‌ന‌സ്സിലായതുകൊണ്ട് എന്ന് ഉത്തരം പറയേണ്ടി വരും. സിനിമ അവസാനിക്കുമ്പോള്‍ പ്രേക്ഷകന് സംവിധായകന്‍ സമ്മാനിക്കേണ്ടുന്ന ഒരു വേദന, ഒരു ഓര്‍മ്മപ്പെടുത്തല്‍ എല്ലെങ്കില്‍ ഒരു സന്ദേശം ഒന്നും ഈ സിനിമ തരികയില്ല. കാല്‍പ്പനികതയുടെ നിതാന്തസുന്ദരങ്ങ‌ളായ അനവധി ചിത്രങ്ങ‌‌ള്‍ ഒന്നിച്ചുകോര്‍ത്ത ഒരു മാല‌യാണ് ഈ സിനിമ. അതിന് ഒരു ഭംഗിയുണ്ട് ; അത് മാത്രമാണുള്ളതും.

അര്‍ച്ചന കവി എന്ന നടി വ‌ളരെ മിതത്വത്തോടെ അതിഭാവുകത്വം ഒട്ടുമില്ലാതെ കുഞ്ഞിമാളു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. നായകവേഷം ആദ്യവസാന‌മല്ലെങ്കില്‍ക്കൂടി ചതിയനായ കാമുകനായ “ഹരിദാസിനെ“ കൈലേഷ് ന‌ന്നായി അവതരിപ്പിച്ചു. ശ്രീദേവി ഉണ്ണി അവതരിപ്പിച്ച മാളുവമ്മ ക്ലീഷേ ആയിരുന്നുവെങ്കിലും അവരുടെ ഭാഗം ന‌ന്നാക്കിയിട്ടുണ്ട്.

ചാന‌ലുക‌ളിലും മ‌റ്റും വാഴ്ത്തപ്പെടുന്ന ഈ ചിത്രത്തിന്റെ ദൃശ്യഭംഗിക്ക് പിന്നിലെ ആള്‍ വിജയ് ഉലഗനാഥ് ആണ്. സിനിമ‌യുടെ ആദ്യ ഇരുപതു മിനിട്ടുക‌ളില്‍ ശ്രീമാന്‍ വിജയ് അതിലെ കഥാപാത്രങ്ങ‌ളെ ശ്രദ്ധിക്കാഞ്ഞിട്ടാണോ എന്തോ മിക്ക ന‌ടീനടന്മാരും ഔട്ട് ഓഫ് ഫോക്കസ് ആയി മ‌ങ്ങിക്കാണ‌പ്പെട്ടു.. ഗ്രാമ‌ത്തിന്റെ പച്ചപ്പിനും കടും നിറങ്ങ്‌ള്‍ക്കും പ്രാമുഖ്യം കൊടുത്തുള്ള ഛായാഗ്രഹണം സംവിധായകന്‍ ഏല്‍പ്പിച്ച ദൌത്യം ഭംഗിയായി വിജയ് നിര്‍വ്വഹിച്ചു എന്നതിന്റെ തെളിവ് കൂടിയാണ്. അതാണ് ജനം കുത്തിയിരുന്ന് ഈ സിനിമ കാണുവാനുള്ള പ്രധാന കാരണവും.

ഇതിന്റെ സംഗീതം വിദ്യാസാഗര്‍ ആണ്. കാതിനിമ്പമുള്ള ഗാന‌ങ്ങ‌ളാണ് ചിത്രത്തിലേതെന്ന് പറയാതെ തന്നെ വായന‌ക്കാര്‍ക്ക് അറിയുമ‌ല്ലോ.

എന്താണ് ഈ സിനിമ‌യില്‍ പ്രേക്ഷക‌ര്‍ ആസ്വദിച്ചിരിക്കുക എന്ന് ഇതെഴുതുന്നയാ‌ള്‍ ഇതിനോടകം പറഞ്ഞു കഴിഞ്ഞുവല്ലോ. തിരക്കുപിടിച്ച ന‌ഗര‌ജീവിതം, അക്രമ‌ണോത്സുകത, വേഗത, ആധുനികത ഇതൊക്കെയാണ് കഴിഞ്ഞ രണ്ടുകൊല്ലമായി മ‌ല‌യാള വാണിജ്യസിനിമ‌യുടെ ആകെത്തുക. ഇതില്‍നിന്നൊക്കെ വ്യത്യസ്തമായി ശരാശരി മ‌ല‌യാളി ഗൃഹാതുരത്വത്തോടെ കാണാന്‍ ഇഷ്ടപ്പെടുന്ന ഒരു ഭൂമിക ലാല്‍ജോസ് ഈ സിനിമ‌യില്‍ അവതരിപ്പിക്കുന്നു. അതില്‍ ഇഴപിരിയാതെവണ്ണം ചേര്‍ന്നുനില്‍ക്കുന്ന ഒരു പിടി കഥാപാത്രങ്ങളേയും അവരുടെ നാടന്‍ ഭാഷയോടും കൂടി. ഞാനടക്കമുള്ള ഒരു പുരുഷാരം രണ്ടരമണിക്കൂറില്‍ ഈ ഭൂതകാലക്കുളിരില്‍ അഭിരമിച്ചിരിക്കുന്നു. പച്ചപുതച്ചു നില്‍ക്കുന്ന മഞ്ഞുമൂടിയ ഒരു മലഞ്ചെരുവില്‍ എത്തിയ വിനോദസഞ്ചാരികളെപ്പോലെ അവിടെനിന്ന് അതിന്റെ ഹരിതാഭയും കുളിരും നുണഞ്ഞ് ഒരു ചൂട് കട്ടന്‍കാപ്പിയും കുടിച്ച് തിരികെ വീട്ടിലേക്ക് വരുന്നതുപോലെ........... അക്ഷരാര്‍ത്ഥത്തില്‍ ഈ സിനിമ ഒരു നേരമ്പോക്കാണ്.

നീല‌ത്താമര എന്ന ഈ സിനിമ മ‌ല‌യാള സിനിമ‌ക്ക് ഒരു മുതല്‍ക്കൂട്ടൊന്നുമല്ല. ലാല്‍ജോസ് ഇതിന്റെ പേരിലാവില്ല നാളെ ഓര്‍മ്മിക്കപ്പെടാന്‍ പോകുന്നതും. ഇതിലെ പല പുതുമുഖങ്ങ‌ളും പ്രതിഭയുള്ളവ‌ര്‍ തന്നെയാണ്. അവരുടെ വരും സിനിമക‌ളും ലാല്‍ജോസിന്റെ കൂടുതല്‍ ആര്‍ജ്ജവത്തോടെയുള്ള പരീക്ഷണ സിനിമക‌ളും മ‌ല‌യാള സിനിമ‌ക്ക് നല്ല സംഭാവനക‌ള്‍ നല്‍കട്ടെയെന്ന് ആശംസിക്കുന്നു.

അടിക്കുറിപ്പ് : നീലയാമ്പല്‍ കാണിച്ച് നീല‌ത്താമര എന്ന് പറഞ്ഞത് പ്രേക്ഷകരങ്ങ് ക്ഷമിച്ചു. നീല‌ത്താമര ന‌ല്ല വിലയുള്ള ഒരു സാധനമാണ്.

6 comments:

Sethunath UN said...

ഇപ്പോ‌ള്‍ തോന്നിയത്.
ഇതിലെ "അനുരാഗവിലോചന‌നായി.." എന്ന പാട്ടിന് "മീശ മാധവന്‍" എന്ന ചിത്രത്തിലെ "കരിമിഴിക്കുരുവിയെ കണ്ടീല" എന്ന പാട്ടുമായി ഒരു സാമ്യമില്ലേ....ന്നൊരു സംശയം. രണ്ടിണ്ടേയും സംഗീതം വിദ്യാസാഗ‌ര്‍ തന്നെ.

ശ്രീ said...

അവലോകനം നന്നായി മാഷേ.

അനുരാഗവിലോചനനായി... യും കരിമിഴിക്കുരുവിയും തമ്മില്‍ ചെറുതല്ലാത്ത സാമ്യം ഉണ്ട് :)

nandakumar said...

കരിമിഴിക്കുരുവിയുടെ ബി.ജി എം കോപ്പിതന്നെയാണ് ഇതിലുമുള്ളത്. സ്വന്തം ഈണങ്ങളും ഓര്‍ക്കസ്ട്രേഷനും കോപ്പി ചെയ്യുക എന്നുള്ളത് വിദ്യാസാഗറിന്റെയും ശീലമാണ്.
മീശമാധവനിലെ കരിമിഴിക്കുരുവിയും ദൂളിലെ ആശൈ ആശൈയും ഇപ്പോള്‍ നീലത്താമരയിലെ അനുരാഗ വിലോചനും എല്ലാം ഒന്നു തന്നെയാണ് :)

താരകൻ said...

എം.ടി യുടേയോ ലാൽ ജോസിന്റെയോ മികച്ച സൃഷ്ടികളിൽ നീലതാമരപെടില്ലെന്നു തന്നെയാണ് എന്റെയും അഭിപ്രായം.പക്ഷെ,സിനിമ ഭൂതകാലകുളിരിനപ്പുറം ചില അനുഭൂതികളും എന്നിലുണർത്തിയെന്നതും സത്യമാണ്.എഴുപതുകളിലും മറ്റും എഴുതപെട്ട,വരികളക്കിടയിൽ വായിക്കാനിടം വിട്ടിട്ടുള്ള ഒരു ചെറുകഥയുടെ വായനാസുഖമായിരുന്നു എനിക്കീസിനിമ.നീലതാമരയെന്നത് പ്രണയത്തിന്റെ,പ്രതീക്ഷയുടെ,വിശ്വാസത്തിന്റെ,ഭക്തിയുടെ
ഒക്കെ പ്രതീകമായി ഭവിക്കുന്നത് ഒരു കൌതുകമായി..

bipin said...

മീശമാധവനിലെ കരിമിഴിക്കുരുവിയും ദൂളിലെ ആശൈ ആശൈയും ഇപ്പോള്‍ നീലത്താമരയിലെ അനുരാഗ വിലോചനും mathramalla..same tunil rastha rashta enna hindi pattum undu..hulchul (God fatherinte Hindi)Vidya sagaritne oru karyam!!

ചേച്ചിപ്പെണ്ണ്‍ said...

ആസ്വാദനം ആസ്വദിച്ചു ട്ടോ നിഷ്കളങ്കാ