ചെറുപ്പകാലം മുതലേ ഞാന്‍ ഒരു തെറ്റിദ്ധരിക്കലുകാരന് ആയിരുന്നു. എന്നു പറഞ്ഞാല്‍പ്പോരാ ... ഒരൊന്നൊന്നര തെറ്റിദ്ധാരണകളാണ് എന്റെ മനസ്സിലുണ്ടാവുക. ദേ ഈ മുപ്പത്തൊന്പതാം വയസ്സിലും കാണും എനിക്ക് നല്ല കിണ്ണം കാച്ചിയ തെറ്റിദ്ധാരണകള്‍. പക്ഷേ അത് 'തെറ്റി' ആയിരുന്നെന്ന് അറിയാന്‍ കുറച്ച് സമയം പിടിക്കും. അത് കൊണ്ട് അതിനെപ്പറ്റി ഇപ്പോള്‍ എഴുതാന്‍ പറ്റില്ലല്ലോ. എന്നാല്‍ പിന്നെ ഓര്‍മ്മ വെച്ച കാലം മുതല്‍ എനിക്ക് തോന്നിയിട്ടുള്ള ചില തെറ്റിദ്ധാരണകളെ ഒന്നക്കമിട്ടു നിരത്തി നോക്കിയാലോ. വായിക്കുന്നവരുടെ കാര്യം കട്ടപ്പൊകയാണ്. എന്നാലും ഒന്നെഴുതി നോക്കാം.
- റേഡിയോയിലൂടെ പാട്ട് കേള്‍ക്കുമ്പോള്‍ എന്റെ ഒരു ധാരണ എന്താണെന്ന് വെച്ചാല്‍ യേശുദാസ്സും എസ്. ജാനകിയും കൂടി കെട്ടിപ്പിടിച്ചോണ്ട് നിന്നാണ് പാട്ട് പാടുന്നത് എന്നായിരുന്നു. ലോജിക് സിമ്പിള്‍. അന്ന് കാണുന്ന സിനിമയിലൊക്കെ നസീറോ മധുവോ ജയനോ പാട്ടുസീനിലുള്ള ഒരു നടിയേയും വെറുതെ വിട്ടിരുന്നില്ല (ഇന്നും നായകന്മാര് അങ്ങിനെ തന്നെ. സംഭവം കുറച്ചുകൂടി ടൈറ്റ് ആയിട്ടുണ്ടോ എന്നേ സംശയമുള്ളൂ). അപ്പോള്‍ സ്വാഭാവികമായും പാട്ടുകാരും അങ്ങിനെ തന്നെയായിരിക്കും എന്ന് ഞാനങ്ങ് 'ഊഹിച്ചു'.അഞ്ചാം ക്ലാസ്സില്‍ വെച്ച് "ബ്ഭ! കെഴങ്ങാ" എന്ന് വിളിച്ച് എന്റെ ചേച്ചി തലക്ക് ഒരു കിഴുക്ക് തന്ന് കാര്യം പറഞ്ഞപ്പോഴേ എന്റെ ഈ തെറ്റിദ്ധാരണ മാറിയുള്ളൂ.
- ആണും പെണ്ണും കെട്ടിപ്പിടിച്ചാല്‍ പെണ്ണിന് ഗര്‍ഭം ഉണ്ടാവുമെന്നും കുട്ടിയുണ്ടാവുമെന്നും ഏതാണ്ട് എട്ടാം ക്ലാസ്സ് കഴിയുന്നതു വരെ ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു! ഇക്കാര്യത്തില്‍ മൊത്തത്തില്‍ ഒരു ക്ലാരിറ്റി കൈവരാന്‍ ഒമ്പതാം ക്ലാസ്സില്‍ വിജയമ്മ സാര്‍ ജീവശ്ശാസ്ത്രത്തില്‍ "പ്രത്യുല്‍പ്പാദന പ്രക്രിയ" പഠിപ്പിക്കുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. മലയാളം പോലും നേരെ ചൊവ്വേ മനസ്സിലാക്കാന്‍ കഴിയാത്ത അമ്പലപ്പുഴ സ്കൂളിലെ അന്താപ്പാവികളായ എന്നെപ്പോലുള്ള മന്ദബുദ്ധികളായ അനാഗതശ്മശ്രുക്കളുടെ ക്ലാസ്സില്‍ 'ഇവന്മാര്ക്ക് ഇത്ര മതി' എന്ന് വിചാരിച്ചിട്ടാണോ എന്തോ വിജയമ്മ സാര്‍ പ്രത്യുല്‍പ്പാദന പ്രക്രിയയുടെ ചില ഭാഗങ്ങളൊക്കെ ഇംഗ്ലീഷില്‍ പറഞ്ഞു കളഞ്ഞു. പക്ഷേ വിഷയത്തിന്റെ " അതിപ്രാധാന്യം" കണക്കിലെടുത്ത് ശ്രദ്ധയോടുകൂടിയിരുന്നും, ക്ലാസ്സ് കഴിഞ്ഞ് ചര്‍ച്ച ചെയ്തും (യേത് ;-) ) ഞാന്‍ സംഭവത്തിന് മൊത്തത്തില്‍ ഒരു "ക്ലാരിറ്റി" ഉണ്ടാക്കിയെടുത്തു. ഉപരിപഠനത്തിനായി ഞങ്ങള്‍ രഹസ്യമായി സംഘടിപ്പിച്ച "ദാഹം തീരാത്ത നേഴ്സ്", "അവളുടെ ആര്‍ത്തി" തുടങ്ങിയ ലോകോത്തര ക്ലാസ്സിക്കുകള്‍ ഈയിനത്തില്‍ നേടിത്തന്ന അറിവുകളും വിസ്മരിക്കാവുന്നതല്ല.
- സ്കൂളില്പ്പോകുന്ന വഴി ഒറ്റക്കൊരു മാടത്തയെ (മൈനയെ) കണ്ടാല്‍ അന്ന് ഉറപ്പായിട്ടും തല്ലുകിട്ടുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിച്ചിരുന്നു. അതിനുള്ള പ്രതിവിധിയും കാലാകാലങ്ങളായി ചെയ്തുപോന്നു. പ്രതിവിധി കൈതച്ചെടിയുടെ മുള്ളുള്ള രണ്ടിലകള്‍ തമ്മില്‍ കൂട്ടിക്കെട്ടുക എന്നതാണ്. ഇതൊക്കെ ചെയ്തിട്ടും എനിക്ക് തല്ലു കിട്ടാനുള്ളത് മുറക്ക് കിട്ടിയിരുന്നു എന്നത് പ്രസ്താവ്യമാണ്. ഏകദേശം ഒന്‍പതാം ക്ലാസ്സൊക്കെയായിട്ടാണ് ഞാന്‍ ഈ കലാപരിപാടി അവസാനിപ്പിച്ചത് എന്നാണ് ഓര്‍മ്മ.
- ഇടിയും മിന്നലും ഉണ്ടാവുമ്പോള്‍ പേടിച്ചിട്ട് അര്‍ജ്ജുനന്റെ പത്തു പേരുള്ള എന്തോ ഒരു പാട്ട് പാടിയാല്‍ പ്രോബ്ലം സോള്‍വ് ചെയ്യാമെന്ന് എനിക്ക് പറഞ്ഞുതന്നത് ആരാണോ എന്തോ! വായില്‍ക്കൊള്ളാത്ത പേരാണെന്ന് തോന്നിയതുകൊണ്ടാണോ എന്തോ പിന്നീട് അത് 'അര്ജ്ജുനപ്പത്തര്ജ്ജുനപ്പര്ത്തജ്ജുനപ്പത്ത്" എന്നിങ്ങനെ ജപിച്ചാല്‍ മതിയെന്ന് ഒരു പരിഹാരവും ആരോ പറഞ്ഞു തന്നു. പറഞ്ഞപ്പോഴൊക്കെ ഇടി നിന്നിരുന്നു എന്നാണോര്‍മ്മ :))
- ഭൂമി ഉരുണ്ടതാണ് എന്ന് ചെറിയ ക്ലാസ്സുകള്‍ മുതലേ പഠിപ്പിച്ചതൊക്കെ ഞാന്‍ നന്നായി മനസ്സിലാക്കിയിരുന്നു. പക്ഷേ ഒരു കുഴപ്പം മാത്രം. ഞാനും ഇക്കണ്ട ജന്തുജാലങ്ങളെല്ലാം ഈ ഉരുണ്ട ഭൂമിയുടെ അകത്തായിരുന്നു താമസം എന്നായിരുന്നു എന്റെയൊരു ധാരണ. മുകളിലേക്ക് നോക്കിയപ്പോള്‍ കണ്ട് കുട്ട കമിഴ്ത്തിയ പോലുള്ള ആകാശം ഞാന്‍ താമസിക്കുന്ന ഭൂമിയുടെ മച്ചാണെന്നും ഞാന്‍ ഉറച്ച് വിശ്വസിച്ചിരുന്നു.. തെറ്റിദ്ധരിച്ചിരുന്നു. ഭൂമിശ്ശാസ്ത്രം പഠിപ്പിച്ചു തുടങ്ങിയത് എത്രാം ക്ലാസ്സില്‍ ആണെന്നോര്മ്മയില്ല. അപ്പോഴാണ് തെറ്റിദ്ധാരണ ആരോടും പറയാതെ ഞാനങ്ങു മാറ്റിയത്. ശ്ശോ! (ഇപ്പോഴും ഭൂമിശ്ശാത്രം എനിക്ക് അജ്ഞാതം. ഭൂമിയുടെ മുകളിലാണ് താമസം എന്നു മാത്രം അറിയാം)
ഇനിയുമെന്തൊക്കെ!... ഒന്നാലോചിച്ചു നോക്കൂ. ഞാന്‍ ഒരു തിരുമണ്ടനാണെന്ന് സമ്മതിച്ചുകൊണ്ട് തന്നെ ഞാന്‍ ഇന്നത്തെ തലമുറയെ നോക്കുന്നു. എല്‍.കെ.ജി യിലോ ഒന്നാം ക്ലാസ്സിലോ പഠിക്കുന്ന ഒരു കുഞ്ഞിന് താന്‍ വന്ന വഴിയെക്കുറിച്ച് പോലും വ്യക്തമായ ധാരണയുണ്ട്. അല്ലെങ്കില്‍ അവന്/അവള് ധൈര്യമായി ചോദിക്കും "അച്ഛാ.. അമ്മേ... ഞാനെങ്ങെനാ ഒണ്ടായെ?" എന്ന്. ഞാന്‍ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചിരുന്നെങ്കില്‍ എനിക്ക് കിട്ടുമായിരുന്നത് ചെവിക്ക് ഒരു കിഴുക്കും ഭീകരമായ മര്‍ദ്ദനവുമായിരുന്നു. ഇന്നത്തെ അച്ഛനമ്മമാര്‍ അക്കാര്യത്തില്‍ ഒത്തിരി മുന്‍പിലാണ്. നുണ പറയുകയോ ഉരുണ്ടു കളിക്കുകയോ ചെയ്താല്‍ അവര്‍ക്കറിയാം അടുത്ത ചോദ്യം ടിന്റുമോന് ചോദിച്ച ചോദ്യമായിരിക്കും എന്ന്. "അതെന്താ നിങ്ങളൊന്നും ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയുമെന്നും ചെയ്യാറീല്ലേ" എന്ന്.
10 comments:
ഭൂമി ഉരുണ്ടതാണ് എന്ന് ചെറിയ ക്ലാസ്സുകള്‍ മുതലേ പഠിപ്പിച്ചതൊക്കെ ഞാന്‍ നന്നായി മനസ്സിലാക്കിയിരുന്നു. പക്ഷേ ഒരു കുഴപ്പം മാത്രം. ഞാനും ഇക്കണ്ട ജന്തുജാലങ്ങളെല്ലാം ഈ ഉരുണ്ട ഭൂമിയുടെ അകത്തായിരുന്നു താമസം എന്നായിരുന്നു എന്റെയൊരു ധാരണ.
ഇങ്ങനെയും ഒരു സാധ്യതയുണ്ട് ല്ലേ, ചിന്തിക്കാൻ?
കൊള്ളാമല്ലോ തെറ്റിദ്ധാരണകൾ!
എന്തൊരു നിഷ്കളങ്കത! മറന്നുപോയി, അതു പറയാൻ.
ഹ ഹ മുകിലേ ഞാനും അങ്ങനെ തന്നെ പിന്നെ ഈ സൂര്യനെ എങ്ങനെയാ നമ്മള് കാണുന്നത് എന്ന് അത്ഭുതപ്പെടുകയും ചെയ്തിട്ടുണ്ട്- ചുറ്റും മുട്ടത്തോടു പോലെ ഭൂമിയല്ലെ :)
ഒറ്റയ്ക്കൊരു മൈനയെ കണ്ടാലല്ല ചാണകത്തില്‍ ചവിട്ടിയാലാണ് കൈതയില കെട്ടിയിടേണ്ടത് എന്നായിരുന്നു ഞങ്ങളുടെ ഭാഗത്ത്
വളരെ നിഷ്കളങ്കമായ കുഞ്ഞുകുഞ്ഞു തെറ്റിദ്ധാരണകൾ, നല്ല രസം!
ഭൂമി അതിണ്റ്റെ അച്ചു തണ്ടില്‍ തിരിയുന്നു എന്നു പഠിപ്പിച്ചിരുന്നു, അപ്പോള്‍ ഈ അച്ചുതണ്ട് എന്നുവച്ചാല്‍ എന്നതാ? ഞാന്‍ കരുതിയിരുന്നത് ടീച്ചര്‍ കാണിക്കുന്ന ഗ്ളോബിണ്റ്റെ ആ വളഞ്ഞ സ്റ്റാന്ഡുണ്ടല്ലോ അതാണു അച്ചു തണ്ട് എന്നായിരുന്നു അപ്പോള്‍ ഈ അച്ചുതണ്ട് പ്രപഞ്ചത്തില്‍ താഴെ വീഴാതെ എങ്ങിനെ നിലകൊള്ളുന്നു എന്നും ഡൌട്ട് ആയിരുന്നു
എല്ലാവര്ക്കും നന്ദി . :)
ശ്രീനാഥാ .. ശരിയാ എനിക്കും ആ അച്ച്ച്ചുതണ്ടിനെക്കുരിച്ച്ചു കാര്യമായ ചില സംശയങ്ങള്‍ ഉണ്ടാരുന്നു . അപ്പഴേക്കും മെയിന്‍ തെറ്റിധാരണകള്‍ തന്നെ മാറിപ്പോയി :)
പ്രായ പൂര്‍ത്തി ആയ ഒരാള്‍ പെണ്ണിന്റെ ഒപ്പം കിടന്നാല്‍ ഉടനെ പള്ളേല് ഉണ്ടാവും എന്ന് ധരിച്ചതിനാല്‍ (അന്നത്തെ സിനിമയിലൊക്കെ അങ്ങനെ ആയിരുന്നു) അന്ന് കേറെ പെണ്ണുങ്ങള് രക്ഷപ്പെട്ടു. അല്ല ഞാന്‍ രക്ഷപ്പെട്ടു :)
എഴുതിയത് കാര്യമായാലും കഥയായാലും വായിക്കാന്‍ രസമുണ്ടായിരുന്നു. ഇത്തരം വിവരക്കേടുകള്‍ എല്ലാവര്ക്കും പറ്റിയിരിക്കില്ലേ? ഏതായാലും എനിക്കുണ്ടായിട്ടുണ്ട്. വിഷയം പൂച്ചേടത്തിയുടെ പ്രസവുമായി ബന്ധപ്പെട്ടതാണ്. യു.പി.യില്‍(ഉത്തര്‍ പ്രദേശിലല്ല; അപ്പര്‍ പ്രൈമറിയില്‍!) പഠിക്കുന്ന കാലം. 'ബിരിയാത്തന്റെ കുടീലെ പൂച്ച പെറ്റു' എന്നാരോ പറഞ്ഞു. ഇതുകേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു: ''ശര്യാ ഞാന്‍ സ്കൂളില്‍ പോകുമ്പോള്‍ പൂച്ചേനെ കണ്ടീര്ന്നു. അത് തൊള്ള പൊളിച്ച് നിക്കായ്ര്ന്നു!''. ''പ്പെ! പന്നി!!''എന്ന തെറികേട്ടപ്പോള്, എന്നെ തെറി പറഞ്ഞതിന്റെ കാരണമെനിക്കു മനസ്സിലായില്ല. എന്റെ ധാരണ ഛര്‍ദ്ദിയിലൂടെയാണ് കുട്ടികള്‍ പുറത്തുവരിക എന്നായിരുന്നു!
i like ur innocenese.
r u a irinjalakkudakkaran?
Post a Comment