Monday, June 7, 2010

ബിവ‌റേജസ് കോര്‍പ്പറേഷന്റെ ബ്രാന്‍ഡ് അംബാസഡ‌ര്‍

നാട്ടില്‍ ഉള്ള സക‌ല‌മാന സാധന‌ങ്ങ‌ള്‍ക്കും അംബാസഡ‌ര്‍മാരുണ്ട്. ഇതാണ് ഇപ്പോ‌ള്‍ ലേറ്റസ്റ്റ് ഫാഷന്‍. അംബാസ‌ഡ‌ര്‍ ഇല്ലാത്ത ഉല്പ്പന്ന‌മാണോ. അതൊന്നും ഇവിടത്തെ ഒരു മ‌നുഷേനും തിരിഞ്ഞു നോക്കാന്‍ പോകുന്നില്ല. സ്വര്‍ണ്ണക്കട‌ക്കാ‌ര്‍ തുടങ്ങിയ ഈ കലാപരിപാടി ബാങ്കുക‌ളും ബ്ലേഡ് കമ്പനിക‌ളും മുറുക്കാന്‍ക‌ടക‌ളുമൊക്കെ ഏറ്റുപിറ്റിച്ചതോടെ, മറ്റൊരുപാടു മുതലാളിമാരുടെ കൂട്ടായ്മ‌യായ, തൊഴിലാളിവ‌ര്‍ഗ്ഗത്തിന്റെ അനിഷേധ്യരായ മുതലാളിമാ‌ര്‍ നയിക്കുന്ന കേര‌ള‌സ‌ര്‍ക്കാരിനും പൂതി. ന‌മുക്കും വേണം അംബാസഡ‌ര്‍. "എന്തോത്തിനാടാ ഈ കുന്ത്രാണ്ടം.അതെങ്ങനിരിക്കും. പരിപ്പുവടപോലെ കയ്പ്പുള്ള‌താണോ." എന്നൊക്കെയായിരുന്നു പൊതുവേ മ‌ന്ത്രിസഭാംഗങ്ങ‌ളുറ്റെ ആദ്യപ്രതികര‌ണ‌മെങ്കിലും,വല്ലതും തടയുന്ന കേസാണെന്നു കരുതിയാവണം എല്ലാരും മ‌ന്ത്രിസഭായൊഗത്തില്‍ ഉറങ്ങുന്നതിനിടെ കൈയ്യടിച്ച് പാസ്സാക്കി.

അങ്ങ് മുംബൈയില്‍ പരസ്യത്തിലും സിനിമ‌യിലും ഒക്കെ അഭിന‌‌യിച്ച് ന‌ടക്കുന്ന അമിതാഭ്ബച്ചന്‍ എന്ന ഒരു ന‌ടന്‍ ഉണ്ടെന്നും ആള് വലിയ നടനും പ്രശ‌സ്ത‌നും ഒക്കെ ആണെന്നും അതിയാനെപ്പിടിച്ച് ടൂറിസം വകുപ്പിന്റെ ബ്രാന്റ് അംബാസ‌ഡ‌ര്‍ ആക്കാമെന്നും ആര്‍ക്കോ ഐഡിയാ ഉദിച്ചു. ഉദിച്ച ഐഡിയാ ഉപ്പുതൊടാതെ പത്രക്കാര്‍ക്ക് കൊടുത്തതോടെ അവരത് പരസ്യവും ചെയ്തു. ഇന്‍ഡ്യന്‍ സിനിമ‌യുടെ ഹിന്ദി പറയുന്ന രോഷാകുല‌നായ ചെറുപ്പ‌ക്കാരന്‍ ആല‌പ്പുഴയിലെ ചുണ്ടന്‍ വ‌ള്ള‌ത്തില്‍ ക‌യറിയിരുന്ന്
'വരു കല്ല് (ള്ള് ) കുടിച്ചുകൊണ്ട് വ‌ല്ലം (ള്ളം) ക‌ളിക്കൂ" എന്നും 'കതക‌ളി ന‌മ്മുടെ സ്വന്തം കല' എന്നുമൊക്കെ പറയുന്നതായി സ്വപ്നം കണ്ടൂ ടുറിസം മ‌ന്ത്രി. അപ്പോഴാണ് അന്വേഷണ‌കതുകിക‌ളും സ‌‌‌ര്‍വ്വോപരി ഹിന്ദു‌വ‌ര്‍ഗ്ഗിയതയെ, പ്രീണ‌നത്തെ മുച്ചൂടും വെറുക്കുന്ന ഒരു പറ്റം സഖാക്ക‌ള്‍ അറിഞ്ഞത്, ബച്ചന്‍ കടുത്ത ആറെസ്സെസ്സുകാര‌നാണെന്ന്. അതൊടെ ബച്ചന്‍സിന്റെ ചീട്ടും കിറി. ഒപ്പം അംബാസഡറിന്റെയും. 'മനുഷ്യനെ വിളിച്ചുവരുത്തിട്ട് ഒരുമാതിരി മ‌റ്റേപ്പരിപാടി കാണിക്കരുത്" എന്നൊക്കെ നല്ല ഭാഷയില്‍ ഒത്ത വടിവില്‍ ബ്ലോഗിലൊക്കെയെഴുതി ബച്ചന്‍. കിം ഫലം. കേര‌ളാ സ‌‌ര്‍‍ക്കാരിനെപ്പറ്റി ബച്ചനെന്തറിയാം?


പിന്നെയാണ് മ‌ല‌യാളിക‌ള്‍ ഖദ‌ര്‍ ധരിക്കുന്നത് പോരായെന്ന് സ‌ര്‍ക്കാ‌ര്‍ കണ്ടുപിടിച്ചത്. ഇവമ്മാരെയൊക്കെ ഖദ‌ര്‍ ധരിപ്പിക്കാന്‍ എന്തുവഴിയെന്ന് ആലോചിച്ചിരിക്കുമ്പോ‌ഴാണ് അംബാസ‌ഡ‌ര്‍ ഐഡിയാ പിന്നെയും വ‌ന്ന‌ത്. മ‌ന്ത്രിമാരെല്ലാമൊത്തുകുടി തല‌പുകഞ്ഞാലൊചിക്കുകയും കേര‌ളം മുഴുവന്‍ ഖദ‌ര്‍ പ്രചരിപ്പിക്കാന്‍ പറ്റിയ ഒരു സെമി ഗാന്ധിയന്‍ പ്രശസ്തനെ തിര‌യുകയും ചെയ്തു. അങ്ങിനെ അവരെല്ലാം കുടി ന‌മ്മുടെ മോഹന്‍ലാലിനെ കണ്ടെത്തി. പ്രശസ്ത ന‌ടന്‍, സ‌ല്‍ഗുണ‌സമ്പന്ന‌ന്‍, സ‌‌ര്‍‌വ്വോപരി ചെറുപ്പക്കാരന്‍. പിന്നെ ഗാന്ധിസം സ‌ഹിക്കില്ല. ഒരേയൊരു കുഴപ്പം ഇടക്കിടെ 'സവാരി ഗിരിഗിരി' യെന്നും 'പോ മോനേ ദിനേശാ' എന്നുമൊക്കെ പറയും എന്ന‌തായിരുന്നു. അതൊരു കുഴപ്പമ‌ല്ലെന്നും പോകെപ്പോകെ അതൊക്കെ ലാല്‍ ശൈലിയില്‍ത്തന്നെ 'രഘുപതി രാഘവ രാജാ റാം' എന്നു പറയിപ്പിക്കാമെന്നും അതൊക്കെക്കണ്‍റ്റ് ഖദറുടുത്ത് മ‌നുഷ്യന്മാ‌ര്‍ പണ്ടാരമ‌ടങ്ങുമെന്നുമൊക്കെ സ‌ര്‍ക്കാരു സ്വപ്നം കണ്ടു. അപ്പൊഴ‌ല്ലേ ഉണ്ടിരുന്ന നാ‌യ‌ര്‍ക്ക് വിളി ഉണ്ടായ പോലെ അഴീക്കൊട് മാഷ് ചാടി വീണത്. മക്ഡവല്‍‌സിന്റെ പരസ്യത്തില്‍ 'വൈകിട്ടെന്താ പരിപാടി' എന്നും ചോദിച്ചുകൊണ്ട് ലാല്‍ അഭിന‌യിച്ച പര‌സ്യ‌ം ഓര്‍മ്മിപ്പിച്ച് മാഷ് സ‌ര്‍ക്കാരിനെ നാണിപ്പിച്ചു. അതുകണ്ട് ആ മുദ്രാവാക്യം ഏറ്റുചൊല്ലി മ‌ദ്യഷാപ്പുക‌ള്‍ക്കു മുന്‍പില്‍ ജാതി മത പ്രായഭേദമില്ലാതെ ജനം കുടിച്ചു മ‌റിയുന്നുവെന്നും ഇയ്യാളെയാണോ ഗാന്ധിയുടെ ഇഷ്ടവസ്ത്രമായ ഖദ‌റിന്റെ അംബാസഡ‌ര്‍ ആക്കാന്‍ പോകുന്നത് എന്നും അദ്ദേഹം ചോദിച്ചു. സ‌ര്‍ക്കാ‌ര്‍ നിന്ന നില്പ്പില്‍ ഒന്നു വട്ടം തൊരിഞ്ഞു. ലാലിനെ ഖദ‌റിന്റെ അംബാസഡ‌ര്‍ സ്ഥാനത്തുനിന്നും നിക്കി; പകരം കൈത്തറി വസ്ത്രങ്ങ‌ളൂടെ ബ്രാന്റ് അംബാസഡ‌ര്‍ ആക്കി. പിന്നല്ലാതെ. ഖദറിട്ടാല്‍ പിന്നെ ക‌ള്ളുകുടിക്കാന്‍ പറ്റില്ലെന്നും കൈത്തറി വസ്ത്രമായാല്‍ അതൊരു പ്രശ്ന‌മേയല്ലെന്നും ആര്‍ക്കാണ‌റിഞ്ഞുകൂടാത്തത്? ഖദറിട്ടുകൊണ്ട് ആരേലും ക‌ള്ളുകുടിക്കുമോ? ഹും!

ഇനി എന്ത് എന്ന് ആലോചിച്ചിരിക്കുന്ന സ‌ര്‍ക്കാരിന് ഇനിയും ഒരുപാട് ന‌ല്ല കാര്യങ്ങ‌ള്‍ ചെയ്യാനുണ്ട് എന്ന് പറയാനാണ് ഈ ഖണ്ഡിക നിക്കി വെച്ചിരിക്കുന്നത്. പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് 'കൂപ്പുകുത്തുന്ന' കേര‌‌ള‌ത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഒരു നെടുന്തൂണാണ‌ല്ലോ ബിവറേജസ് കൊര്‍പ്പറേഷന്‍. പകല‌ന്തിയോള‌മോ അല്ലെങ്കില്‍ പത്ത് തൊട്ട് പതിനൊന്നു വരെയൊ അധ്വാനിക്കുന്നതും അല്ലാത്തതുമായ ജന‌വിഭാഗത്തിന്റെയും വിദ്യാ‌ര്‍ത്ഥിവ‌ര്‍ഗ്ഗത്തിന്റെയും ഒരിക്കലുമ‌ടങ്ങാത്ത മ‌ദ്യ ദാഹത്തിന് താങ്ങും തണ‌ലുമായി മാതൃക കാട്ടുകയാണ് ഈ സ‌ര്‍ക്കാര്‍. ഇതിനെ എത്ര അഭിന‌ന്ദിച്ചാലാണ് മ‌തി വരിക? ഉദാഹരണ‌ത്തിന് പണ്ടൊക്കെ രാവിലെ മുതല്‍ വൈകിട്ട് വരെ സ്കൂളില്‍ കുത്തിയിരുന്ന് പഠിച്ചിട്ട് വൈകുന്നേരം വിട്ടില്‍ ചെന്നാല്‍ ചില‌പ്പോ‌ള്‍ രാവില‌ത്തെ ഇഡ്ഡലിയോ ദോശയോ പുട്ടൊ കപ്പയോ വല്ലതുമൊക്കെയായിരുന്നു കഴിച്ചിരുന്നത്. എന്നാലിന്നത് മ‌തിയോ? പോരാ. പഴങ്ങ‌ളായ മുന്തിരി, പറങ്കിപ്പഴം മുതലായവ ഒര‌ല്പം പുളിപ്പിച്ച് വാറ്റിയുണ്ടാക്കുന്ന അത്യപൂര്‍വ്വങ്ങ‌ളായ വൈറ്റമിന്‍സ് എക്സ്ട്രാക്റ്റ്സ് അടങ്ങിയ വിദേശമ‌ദ്യം എന്ന ഓമന‌പ്പേരിലറിയപ്പെടുന്ന നാടന്‍ മ‌ദ്യം മ‌തിയായ അ‌ള‌വില്‍ ചെന്നാലേ ഈ തല‌മുറ വികസിക്കൂ. കേരളം വികസിക്കൂ. ബിവറേജസ് കൊര്‍പ്പറേഷന്റെ തിരുമുറ്റത്തു നിന്നാണ് ഈ ഇളം തല‌മുറ ക്ഷമ‌യുടേയും, സംസ്കാര‌ത്തിന്റെയും അഡ്വാന്‍സ്ഡ് പാഠങ്ങ‌ള്‍ പഠിക്കേണ്ടത്. ക്ഷമ‌യൊടെ ക്യൂവില്‍ നില്‍ക്കുക, എഴുന്നേറ്റ് നില്‍ക്കാന്‍ വയ്യെങ്കിലും കു‌ടിക്കാനുള്ള ആഗ്രഹം കൊണ്ട് അവിടെ വരുന്ന അപ്പൂപ്പന്മാ‌ര്‍ക്ക് പൈന്റ് മേടിച്ച് കൊടുത്ത് സംസ്കാരത്തിന്റെ പാഠങ്ങ‌ള്‍, അല്ലെങ്കില്‍ മൂത്തവരെ എങ്ങിനെ ബ‌ഹുമാനിക്കണം എന്ന് പഠിക്കുക മുതലായവ.പറ്റുമെങ്കില്‍ ഈ ജന‌കീയ സ‌ര്‍ക്കാ‌ര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേ‌ളയില്‍ 'രണ്ട് രൂപക്ക് ഒരു സ്മാ‌ള്‍' എന്ന പദ്ധതിയും കൂടി ന‌ടപ്പാക്കിയാല്‍ കുശാലായേനെ. സ‌ര്‍ക്കാരിന്റെ യശസ്സും വ‌ര്‍ദ്ധിച്ചേനേ.

പക്ഷേ ഇങ്ങനെയൊക്കെ മ‌തിയോ. ഇതിന് അല്പ്പം കൂടി പോപ്പുലാരിറ്റി കൊടുക്കേണ്ടേ? എന്തുകൊണ്ട് ബിവറേജസ് കൊര്‍പ്പറേഷന് ഒരു ബ്രാന്‍ഡ് അംബാസ‌ഡറെവെച്ച് ഈ മ‌ഹത്തായ സംസ്കാരം സ‌ര്‍ക്കാരിന് ഇനിയും ഒന്നു കുടി സമ്പന്ന‌മാക്കിക്കൂടാ. ഈ എളിയ ചരിത്രകാരന്റെ അഭിപ്രായത്തില്‍ (കേരളം ഈ പോക്ക് പൊയാല്‍ ചരിത്രമാകും എന്ന തോന്നലില്‍ നിന്നാണ് ഞാന്‍ ചരിത്രകാരന്‍ എന്ന് സ്വയം വിശേഷിപ്പിച്ചത് എന്ന് സൂചിപ്പിക്കട്ടേ) 'അയ്യപ്പ ബൈജു' എന്ന കലാകാര്നേയാണ് ബിവറേജസ് കൊര്‍പ്പറേഷന്റെ ബ്രാന്‍ഡ് അംബാസ‌ഡറാക്കേണ്ടത്. അതു വഴി കൂടുത‌ല്‍ കൂടുത‌ല്‍ ആളുക‌ള്‍ ഈ സമ്പന്ന‌മായ പാര‌മ്പര്യത്തില്‍ അണിചേരുകയും തദ്വാരാ കേര‌ള‌ം പേരു മാറി 'സ്മാ‌ള്‍സ് ഓണ്‍ കണ്ട്റി' എന്ന വിശേഷണ‌ത്തിന് അര്‍ഹമായിത്തിരും എന്ന കാര്യത്തില്‍ അല്പ്പവും സംശയമില്ല.



ശുഭം!

6 comments:

Sethunath UN said...

എന്തുകൊണ്ട് ബിവറേജസ് കൊര്‍പ്പറേഷന് ഒരു ബ്രാന്‍ഡ് അംബാസ‌ഡറെവെച്ച് ഈ മ‌ഹത്തായ സംസ്കാരം സ‌ര്‍ക്കാരിന് ഇനിയും ഒന്നു കുടി സമ്പന്ന‌മാക്കിക്കൂടാ. ഈ എളിയ ചരിത്രകാരന്റെ അഭിപ്രായത്തില്‍ (കേരളം ഈ പോക്ക് പൊയാല്‍ ചരിത്രമാകും എന്ന തോന്നലില്‍ നിന്നാണ് ഞാന്‍ ചരിത്രകാരന്‍ എന്ന് സ്വയം വിശേഷിപ്പിച്ചത് എന്ന് സൂചിപ്പിക്കട്ടേ) 'അയ്യപ്പ ബൈജു' എന്ന കലാകാര്നേയാണ് ബിവറേജസ് കൊര്‍പ്പറേഷന്റെ ബ്രാന്‍ഡ് അംബാസ‌ഡറാക്കേണ്ടത്.

ജയരാജ്‌മുരുക്കുംപുഴ said...

rasakaramayittundu...........

Anil cheleri kumaran said...

അതിനും ലാലേട്ടന്‍ തന്നെ പോരെ?

Vish..| ആലപ്പുഴക്കാരന്‍ said...

അറിഞ്ഞായിരുന്നൊ? കേരളം തന്നെ ഇപ്പോളും മുന്‍പില്‍.. ഫിനാന്‍ഷ്യല്‍ ഇയര്‍ സ്റ്റാര്‍ട്ട് ചെയ്ത് രണ്ട് മാസത്തിനകം നൂറ് കോടി എന്ന ഡ്രീം ഫിഗറില്‍ എത്തി പോലും.. അതും ഇപ്പോള്‍ ബിയറിനാ ഡിമാന്റ്..

ഏന്റെ അഭിപ്രായത്തില്‍ അങ്ങനെ ഒരു ബ്രാന്‍ഡ് അംബിയില്‍ ഒതുക്കാന്‍ പറ്റിയ ഐറ്റമല്ല ഇത്..
ഓരോ ഔട്ട്-ലറ്റിനും ഒരു അംബാസ‌ഡറെവെച്ച് വേണം.. തിരെഞ്ഞെടുപ്പ് ലോക്കല്‍ ആയി നടത്താന്‍ ഉള്ള അധികാരം കൂടെ കൊടുക്കാം(ലോക്കല്‍ സെലിബ്രിറ്റീസിനും ഒരു അവസരം).. (ഒരു പൈന്റും ഒരു പാക്കറ്റ് നാരങ്ങ അച്ചാറും കൊടുത്താല്‍ കിട്ടാത്ത അംബാസ‌ഡറോ?)

മുക്കുവന്‍ said...

'സ്മാ‌ള്‍സ് ഓണ്‍ കണ്ട്റി' ... ഈ പേരു നല്ല പോലെ ചേരും മാഷെ..

ഒഴാക്കന്‍. said...

:)