Saturday, December 5, 2009

വട്ടക്കണ്ണീ മാഹാത്മ്യം

ഉച്ചഭക്ഷണ‌ത്തിനായി ഓഫീസ്സിന്റെ കോറിഡോറിലെ മേശക്കു ചുറ്റും ഇരുന്ന് മുക്കാല്‍ മണിക്കൂര്‍ ഉള്ള ഒഫീഷ്യല്‍ ലഞ്ച് ബ്രേക്ക് ഒന്നരമ‌ണിക്കൂറാക്കി ലാത്തിയടിച്ചിരിക്കുന്ന സമ‌യം.

"അടുത്ത ഞായാറാഴ്ച ആരേലും വിഴിഞ്ഞം കടപ്പുറത്ത് മീന്‍ മേടിക്കാന്‍ വരുന്നൊണ്ടോ?"

തിള‌ച്ച എണ്ണയില്‍ക്കിടന്ന് ഞെരിപിരികൊണ്ട് വല്ലാതെ കറുത്ത് ക്ഷീണിച്ചുപോയ ഒരു മ‌ത്തി വറുത്തത് കൊതിയോടെ തിന്നുകൊണ്ട് സുനില്‍ എബ്രഹാം ചോദിച്ചു.

കേശവദാസപുരത്തേയും ഫിഷറീസ് വകുപ്പിന്റെയുമൊക്കെ മീന്‍‌മാര്‍ക്കറ്റിലെ പൊള്ളുന്ന വില‌ക‌ളെ വെല്ലുവിളിക്കാനായി ഇഷ്ടന്‍ ക‌ണ്ടുവെച്ച മാര്‍ഗ്ഗമാണ് വിഴിഞ്ഞം ഹാര്‍ബറില്‍ പോയി മ‌ത്സ്യാവതാര‌ത്തെ സോഴ്സില്‍ നിന്നും തന്നെ ലേലം വിളിച്ച് പൊക്കുക എന്നത്.

ഞായറാഴ്ച നാട്ടില്‍ പോകേണ്ടിയിരുന്നതുകൊണ്ടും തുടര്‍ന്നുള്ള ര‌ണ്ടുമൂന്നുദിവസം ലീവായിരുന്നതുകൊണ്ടും പങ്കുകച്ചവടത്തിലുള്ള താത്പര്യക്കുറവുകൊണ്ടും ഞാന്‍ തോളുകുലുക്കി കാണിച്ചു. ഇല്ലായെന്ന്.

സ‌സ്സ്യാഹാരികളെയും മത്സ്യങ്ങ‌ളിലെതന്നെ ചെറുമീനുകളായ മ‌ത്തി,ന‌ത്തോലി എന്നിവയെ തിന്നുന്നവരെപ്പോലും പരമമായി പുച്ഛിക്കുന്ന കണ്ണൂര്‍ക്കാരന്‍ നീല‌ക‌ണ്ഠന്‍ (ഇഷ്ടന്റെ അഭിപ്രായത്തില്‍ കുലീനമ‌ത്സ്യങ്ങളായ നെയ്മീന്‍, കരിമീന്‍ മുതലായവയെയും മാംസങ്ങ‌ളില്‍ പന്നി,മുയല്‍, പോത്ത് മുതലായവയെ ഭക്ഷിക്കുന്നവ‌ര്‍ മാത്രമാണ് മാംസാഹാരിക‌ള്‍.. ധീരര്‍..) ചാടിവീണു. “ഞാനുണ്ട്“


കെവിന്‍ വെറും മൂന്നുദിവസം പ്രായം തോന്നുന്ന ഒരു കോഴിക്കാലിന്റെ അസ്ഥികൂടം ബീഭത്സര‌സത്തില്‍ നക്കിക്കൊണ്ട് തലകുലുക്കി. “ഞാനും”

ശാസ്തമംഗല‌ത്തുനിന്നുള്ള എന്റെ ശക്തനായ അയല്‍ക്കാരന്‍ കൃഷ്ണപ്രസാദ് (100 കിലോയുടെ ഒറ്റത്തൂക്കം. പച്ചവെള്ളം കൂടിച്ചാലും ശരീരത്തുപിടിക്കുന്നുവെന്ന് പരാതിപറയുന്ന, ആരും കാണ്‍കെ ആഹാരമേ കഴിക്കാത്ത മനുഷ്യന്‍) ന്യൂറോസ്സിസ്സിന്റെയും സൈക്കോസ്സിസ്സിന്റേയും ഇടക്കുള്ള വല്ലാത്ത ഒരു എന്തോ എന്തൂസിയാസത്തോടെ “ ഞാനുവൊണ്ട്” എന്നു പറഞ്ഞു.

അങ്ങനെ അവരെല്ലാം കൂടി ഒരു ധാരണ‌യായി. ഞായറാഴ്ച സുനില്‍ എല്ലാവരേയും അവര‌വരുടെ വീട്ടുമുറ്റത്തുനിന്നും കൊച്ചുവെളുപ്പാങ്കാലത്തേ പൊക്കുന്നതായിരുക്കും എന്ന് ഭീഷണിപ്പെടുത്തി പിരിഞ്ഞു.

ലീവൊക്കെക്കഴിഞ്ഞ് ബുധനാഴ്ച ലാന്‍ഡ് ചെയ്ത എനിക്ക് അന്നത്തെ ല‌ഞ്ച് സമ‌യ‌ത്തെ മേശ ഒരു കെട്ടുകാഴ്ചകാണുന്നതിന് തുല്യ്മായിരുന്നു. സുനിലിന്റേയും കെവിന്റേയും പാത്രങ്ങ‌ളില്‍ ഉള്ളംകൈയ്യുടെ വലിപ്പത്തിലുള്ള മീന്‍ പൊരിച്ചത്. ഡിസ്പ്ലേക്ക് വെച്ചപോലെ. ഒരമ്മപെറ്റ മ‌ക്കളേപ്പോലെ. പക്ഷേ ആകെ ഒരു മ‌ന്ദത. അഹങ്കാരമില്ലാഴ്ക.

“ലേലമൊക്കെ എങ്ങിനൊണ്ടാരുന്നു. കല‌ക്കിയോ. എന്തോ കിട്ടി?” ഞാന്‍ തിരക്കി

“ഇങ്ങേര് പറ്റിച്ചു. വന്നില്ല” നീല‌ക‌ണ്ഠനെ ക്രൂരമായി നോക്കിക്കൊണ്ട് സുനില്‍ പിറിപിറുത്തു.

നീല‌ക‌ണ്ഠന്‍ ചിരിയമ‌ര്‍ത്തിക്കൊണ്ട് പറഞ്ഞു. “അപ്പം നിങ്ങ‌ളൊന്നുമറിഞ്ഞില്ലേ?എനിക്ക് പുവ്വാന്‍ പറ്റിയില്ല. ബാക്കിയുള്ളവരെല്ലാം കൂടി പോയി. നെയ്മീനൊക്കെ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. അത് കഴിഞ്ഞ് പോകാന്‍ നില്‍ക്കുന്നേരം കൃഷ്ണപ്രസാദിനും സുനിലിനും ഒരേ വാശി. ധീരമായിട്ട് എന്തെങ്കിലും ഒന്ന് ലേലം വിളിച്ച് പിടിക്കണ‌മെന്ന്. ഒണ്ടാരുന്നത് ഒരു കൊട്ട വട്ടക്കണ്ണി എന്ന മീന്‍ മാത്രം. ലേലം വ‌ള‌രെപ്പെട്ടെന്ന് തീര്‍ന്നു. കൊട്ട പകുത്തപ്പോ‌ള്‍ ഓരോരുത്തരുടേയും കയ്യില്‍ പത്തു പതിന‌ഞ്ചുകിലോ വട്ടക്കണ്ണിവീതം. അഭിമാനപൂരിതരായി വീട്ടില്‍ച്ചെന്ന ആശാന്മാര്‍ക്ക് കിട്ടിയ സ്വീകരണം അത്ര ന‌ന്നല്ലായിരുന്നൂന്നാ ന്യൂസ്”

“അതു ശരി! അപ്പോ‌ള്‍ വട്ടക്കണ്ണിയാണ് പൊരിച്ച മീനായി ഇഷ്ടന്മാരുടെ പ്ലേറ്റില്‍ ഇരിക്കുന്നത്”

കെവിന്‍ രാവിലെയെഴുന്നേല്‍ക്കുന്നതു തന്നെ ഡെസ്പ് ഡയലോഗ് കേട്ടുകൊണ്ടാണ് പോലും. പുള്ളിയുടെ സഹധര്‍മ്മിണി ഫ്രിഡ്ജ് തുറന്നാല്‍ ത്രീപീസ് സ്യൂട്ടിട്ട്, ക്ലീന്‍‌ ചെയ്യാത്ത പിറന്ന പടിയുള്ള മിന്നുന്ന വട്ടക്കണ്ണിക‌ള്‍ കൊഞ്ഞനം കുത്തിക്കാണിക്കുന്നുപോലും. അതിന്റെ പരിണതഫലം ഉച്ചക്കഞ്ഞിയിലും അത്താഴത്തിലുമൊക്കെ പ്രതിഫലിച്ചു. എപ്പോഴും ഏതിനും വട്ടക്കണ്ണിതാന്‍.വട്ടക്കണ്ണി പൊരിച്ചത്. വട്ടക്കണ്ണി തേങ്ങയരച്ചത്. വട്ടക്കണ്ണി വറുത്തരച്ചത്. അങ്ങിനെയങ്ങിനെ.

ആഴ്ചയൊന്നുകഴിഞ്ഞു. കഥാപുരുഷന്മാരുടെ അവസ്ഥ തഥാസ്തു. ഒരു ദിവസം സുനില്‍ പറഞ്ഞു. “നിങ്ങ‌ള്‍ കഴിച്ചോ. ഞാനിന്ന് പൊറത്തൂന്നാ ഭക്ഷണം”

“ഹേ.. ചോറ് കൊണ്ടുവന്നിട്ടുണ്ടല്ലോ. പിന്നെന്താ ഹോട്ടലീന്ന്”

“അല്ല! ചേട്ടാ. ഈ വട്ടക്കണ്ണി കഴിച്ച് മടുത്തു. രാവിലെ തന്നെ ഞാനും ഭാര്യയും അങ്ങോട്ടുമിങ്ങോട്ടും ദയനീയമായി നോക്കും. മനസ്സില്‍ പറയും. ഇന്നും വട്ടക്കണ്ണി തന്നെയെന്ന്. ഇന്ന് ഞാനവ‌ളെ ഫോണ്‍ വിളിച്ച് പറഞ്ഞു. ചോറ് കള‌ഞ്ഞാലും സാരമില്ല. വാ പൊറത്തൂന്ന് കഴിക്കാമെന്ന്. ഒരു ചേഞ്ചൊക്കെ വേണ്ടേ. കൊറേ വട്ടക്കണ്ണിയെടുത്ത് അയല്പക്കക്കാര്‍ക്കും കൊടുത്തു. ഇപ്പം അവരും എന്നെക്ണ്ടാല്‍ മുഖം തിരിച്ചു നടന്നു തുടങ്ങി. ഞാനെങ്ങാനും ഇനി വട്ടക്കണ്ണി കൊടുത്താലോന്ന് പേടിച്ചിട്ട്”

എല്ലാവരും ചിരിച്ചു.

അടുത്തയാഴ്ച ഊണ് സമ‌യത്ത് മൊത്തത്തില്‍ ഒരു ഉഷാറ് കണ്ടു. വട്ടക്കണ്ണിയെ കാണ്മാനില്ല.

“ഹാ.. തീര്‍ന്നോ നിങ്ങടെ വട്ടക്കണ്ണി?”

സുനില്‍ പറഞ്ഞു. “വട്ടക്കണ്ണി ഇപ്പം പട്ടിക്ക് കൊടുക്കുകാ”

അടുത്ത ദിവസം ഊണുമേശയില്‍ ഒരു കിംവദന്തി. സുനില്‍ വട്ടക്കണ്ണി കൊടുക്കാന്‍ ചെന്ന സമ‌യത്ത് സുനിലിനെ സുനിലിന്റെ പട്ടി എഴുന്നേറ്റ് നിന്ന് ചീത്ത വിളിച്ചുപോലും.

“എടുത്തോണ്ട് പോടാ നിന്റെ വട്ടക്കണ്ണി. അവന്റെയൊരു ഔദാര്യം. നിന്റെ വട്ടക്കണ്ണി ഇനി എന്റെ പട്ടി തിന്നും. ബൌ!

15 comments:

Clipped.in - Latest and greatest Indian blogs said...

വട്ടക്കണ്ണി :-)

Anil cheleri kumaran said...

:)

കുഞ്ഞൻ said...

bhaai..

vattakkanni charitham rasakaramaayi..aadhya bhaagam (b4 vacation) nalloru feel tharunnundu..

superb maashe, valare naalaayi njaan ivide vannittu..sorry 4 manglish

Haree said...

അതങ്ങ് കലക്കിക്കളഞ്ഞു... :-)

ആക്ച്വലി ഈ വട്ടക്കണ്ണി എന്ന മീനിനെപ്പറ്റി ആദ്യം കേള്‍ക്കുകയാ...
--

ഉഗാണ്ട രണ്ടാമന്‍ said...

:)

രഘുനാഥന്‍ said...

നിഷ്കളങ്കന്‍ സാറേ ഏതാ ഈ വട്ടക്കണ്ണി...അങ്ങനൊരു മീനെപ്പറ്റി ആദ്യം കേള്‍ക്കുവാ

Typist | എഴുത്തുകാരി said...

:)

നാടകക്കാരന്‍ said...

():

Sethunath UN said...

ക്ലിപ്പിനും കുമാരനും ചിരിക്ക് ന‌ന്ദി
കുഞ്ഞന്‍ ജീ, താങ്ക്യൂ. സന്ദ‌ര്‍ശന‌ത്തിനും വായന‌ക്കും.
ഹരീ. തിരുവന‌ന്തപുരത്തേ ഞാനും ഈ മീനിനെ കണ്ടിട്ടുള്ളൂ. ഈ ന‌മ്പൂരിമാര്‍ക്ക് മീനിന്റെ പേരൊക്കെ നല്ല നിശ്ചയാണെന്ന് തോന്നുന്നു ഇപ്പോ :-D
ഉഗാണ്ട, രഘൂ, എഴുത്തുകാരീ,നാടകക്കാരാ.... വരവിനും വായന‌ക്കും ന‌ന്ദി.

Mr. K# said...

:-)

വശംവദൻ said...

:)

Sherlock said...

ഹഹ...:)

ഭൂതത്താന്‍ said...

വട്ടക്കണ്ണി കൊള്ളാല്ലോ ....

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

Renjith Kumar CR said...

“എടുത്തോണ്ട് പോടാ നിന്റെ വട്ടക്കണ്ണി. അവന്റെയൊരു ഔദാര്യം. നിന്റെ വട്ടക്കണ്ണി ഇനി എന്റെ പട്ടി തിന്നും. ബൌ!”---പട്ടി കൊള്ളാല്ലോ ---

ശ്രീ said...

ഹ ഹ. ചിരിപ്പിച്ചു