ഈയ്യിടെ ഓഫീസ്സിലെ ഇടവേളകളിലൊന്നിലെ ചായകുടിക്കിടയില് ഒരു സുഹൃത്ത് പറഞ്ഞു.
"ശ്ശേ! ഇപ്പം ശാസ്താം കോവിലില്‍ പോയി തൊഴാന്‍ നേരം അയ്യപ്പന്റെ മുഖത്തിനുപകരം ആ ചെക്കന്റെ മുഖമാ മനസ്സില്‍ വരുന്നത് വരുന്നത്. ഗതികേടിന് സ്വാമി അയ്യപ്പന് സീരിയല്‍ നടക്കുന്ന നേരത്ത് വീട്ടീ കുത്തിയിരിക്കേണ്ടി വന്നിട്ടൊണ്ട്. അതിന്റെ കൊഴപ്പം"
സ്വാമി അയ്യപ്പന് സീരിയലിലെ അയ്യപ്പനെ അവതരിപ്പിച്ച സുന്ദരനായ "കൗശിക് ബാബു" എന്ന നടന്റെ കാര്യമാണ് പറഞ്ഞതെന്ന് മനസ്സിലായി.
അപ്പോഴോര്‍ത്തു. ഞാന്‍ കുറച്ചു നാളായി ഏഷ്യാനെറ്റിലെ "ദേവീ മാഹാത്മ്യം" കാണാറുണ്ട്. മകളുടെയും അമ്മയുടേയും കൂടെ ഇരുന്ന് കാണുന്നതാണ്. കുറെ കാര്യങ്ങള്‍ കണ്ട് രസിക്കാറുമുണ്ട്. (ഉദാ: നിഷ്കളങ്കയായ ഒരു പെണ്‍കുട്ടിയെ ദുഷ്ടന്മാര് ഉപദ്രവിക്കുമ്പോള്‍ ദേവി ചുമ്മാ അങ്ങ് പ്രത്യക്ഷപ്പെട്ട് ദുഷ്ടന്മാരെ ഒരുക്കാക്കി സെറ്റപ്പാക്കുന്ന സീന്‍. സുരേഷ് ഗോപിയുടെ പോലീസ്കാരന് അഴിമതിക്കാരനായ മന്ത്രിയുടെ ചെപ്പക്കുറ്റിക്കിട്ട് പൂശുന്നത് കാണുമ്പോഴുള്ള ഒരിതില്ലേ.... അത്). അപ്പോള്‍ ഒരു കുഴപ്പം. ഇപ്പോള്‍ ആറ്റുകാല്‍ അമ്പലത്തില്‍ പോയി തൊഴുതാലും "പ്രവീണ" (നടി) യുടെ മുഖം മനസ്സില്‍ ഓടിയെത്തിയാല്‍ കുറ്റം പറയാന്‍ പറ്റുമോ?
പണ്ട് ഫാക്ടിന്റെയും ചിട്ടിക്കമ്പനികളുടെയും കലണ്ടറിലൂടെയും, അമ്പലത്തിനടുത്ത് കിട്ടുന്ന ഛായാ ചിത്രങ്ങളിലൂടെയുമായിരുന്നു പരമശിവന്, ഭദ്രകാളി, ശ്രീകൃഷ്ണന് തുടങ്ങി കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുന്ന ദൈവങ്ങളെയൊക്കെ മനസ്സില്‍ ഉറപ്പിച്ചിരുന്നത്. അമാനുഷികതയുടെ സങ്കല്പ മൂര്‍ത്തികള്‍ക്ക് മനുഷ്യരൂപം കൊടുത്ത് അതില്‍ വിശ്വസിക്കുകയും വിശ്വസിപ്പിക്കുയും അല്ലെങ്കില്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത് മനുഷ്യന് തന്നെ.
ശരിക്കും ദൈവങ്ങളുടെ രൂപം എന്തായിരുന്നു? ദൈവത്തിന ഒരു രൂപത്തിന്റെ ആവശ്യം എന്താണ്? ഗോത്രസംസ്കാരത്തില്‍ നിന്നേ ഉരുത്തിരിഞ്ഞുവന്ന ഒന്നായിരിക്കാം ദൈവത്തിന് ഒരു നിയതമായ രൂപം കൊടുക്കാനുള്ള പ്രവണത. താന്‍ തന്നെ കെട്ടിപ്പടുത്ത നിയതമായ നിയമങ്ങള്‍ക്കോ, പ്രവൃത്തികള്‍ക്കോ സങ്കല്പ്പങ്ങള്ക്കോ നിയന്ത്രിക്കാന്‍ പറ്റാത്ത പ്രതിഭാസങ്ങളെ ഈശ്വരനിലേക്ക് നിക്ഷേപിക്കുകയാണ് മനുഷ്യന് ചെയ്തത്. അതിന്റെ പിന്നിലും ഒരു സ്വാര്‍ത്ഥതയുണ്ട്. ഇതിനെയൊക്കെ നിയന്ത്രിക്കാന്‍ താന്‍ തന്നെ സൃഷ്ടിച്ച ഈ ദൈവങ്ങള്‍ക്ക് കഴിയും എന്ന ചിന്ത. തനിക്ക് തന്നെ ചെയ്യാന്‍ കഴിയാത്തത് തനിക്ക് വേണ്ടി ദൈവം ചെയ്തുതരും എന്നുള്ള പ്രത്യാശ. ഹിന്ദുമതത്തിന്റെ സാഹചര്യം പരിശോധിച്ചാല്‍, അശക്തനായ മനുഷ്യന് തനിക്ക് വേണ്ടുന്ന അസ്സംഘ്യം കാര്യങ്ങള്‍ ദൈവത്തിനോട് ചോദിച്ചപ്പോള്‍, അവനുതന്നെ തോന്നിക്കാണണം താന്‍ ചോദിക്കുന്നത് മുഴുവന്‍ ചെയ്യാന്‍ "ഒരൊറ്റ" ദൈവത്തിന് കഴിയുമോയെന്ന്. അതുകൊണ്ട് ഈ പ്രവൃത്തികള്‍ക്കെല്ലാം ഏകതാനമായ പ്രാഗല്‍ഭ്യങ്ങളും (specilization) ദൈവങ്ങള്‍ക്ക് കല്‍പ്പിച്ച് കൊടുക്കപ്പെട്ടു. പുരാണങ്ങളിലൂടെയും വാമൊഴിയിലൂടെയും വളര്‍ത്തപ്പെട്ട ആ പാരമ്പര്യം, സൃഷ്ടി, സ്ഥിതി, സംഹാരം, വിദ്യ, ആരോഗ്യം, (ഉദാ: യഥാക്രമം ബ്രഹ്മാവ്, വിഷ്ണു, ശിവന്, സരസ്വതി, ധന്വന്തരി) എന്നീ നിഷ്കൃഷ്ടമായ കര്‍മ്മങ്ങള്‍ തുടങ്ങി പൊതുവില്‍ വിശാലമായ കര്‍മ്മങ്ങളും (അയ്യപ്പന്,ഗണപതി) ദൈവങ്ങളില്‍ നിക്ഷേപിതമായി. ഇതിനനുസൃതമായ വേഷവിധാനങ്ങളും ആയുധങ്ങളും കല്‍പ്പിക്കപ്പെട്ടു. പിന്നീട്, ഈ ലിഖിതങ്ങളെ ചിത്രകാരന്മാരും ശില്‍പ്പികളും ചിത്രങ്ങളിലൂടെയും പ്രതിമകളിലൂടെയും ആവിഷ്കരിച്ചപ്പോള്‍, അവരെല്ലാം ബോധപൂര്‍ണ്ണമല്ലാതെ അനുവര്‍ത്തിച്ച ഒരു നിയമം ദൈവങ്ങളുടെ "നില" (pause) ആയിരുന്നുവെന്ന് കാണാം. ലിഖിതങ്ങളോ അലിഖിതങ്ങളോ ആയ ഒരു നിയമത്തിനെയും അതിജീവിക്കുവാന്‍ ഈ രചനകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇങ്ങനെയുള്ള ഈ രചനകളിലൂടെയാണ് ഭൂരിഭാഗം ഭക്തരും മനസ്സില്‍ ദൈവസങ്കല്പ്പം നടത്തുകയെന്ന് തോന്നുന്നു. ഇവിടെ ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ തിരിച്ചറിയുന്നതെങ്ങിനെയോ അങ്ങിനെ തന്നെയാണ് ദൈവങ്ങളേയും തിരിച്ചറിയുന്നത്. ഇതിന്റെ പ്രധാന പ്രക്രിയ എന്നത് മനുഷ്യമസ്തിഷ്കത്തിലെ "ഫയലിംഗ് സിസ്റ്റം" തന്നെയല്ലേ? ഒരാളുടെ പേര് നമ്മോട് പറയുമ്പോള്‍ത്തന്നെ, അല്ലെങ്കില്‍ അയാളെ സംബന്ധിച്ച എന്തെങ്കിലും ആരെങ്കിലും സൂചിപ്പിക്കുന്ന മാത്രയില്‍ അയാളുടെ മുഖത്തിന്റെ ഒരു ചിത്രം നമ്മുടെ മനസ്സില്‍ മിന്നിത്തെളിയുന്നു. ആയിരക്കണക്കിനാളുകളെ പ്രത്യേകം തിരിച്ചറിയാന്‍ നമ്മെ സഹായിക്കുന്ന അത്യന്തം സങ്കീര്‍ണ്ണമായ ഈ ഫയലിംഗ് സിസ്റ്റം, അതിലോരോരുത്തരുടെയും പ്രവര്‍ത്തികള്‍, അവരുടെ സംഭാഷണങ്ങള്‍, അവരുടെ മറ്റ് പ്രത്യേകതകള്‍ ഇവയെല്ലാം നമുക്ക് തരുന്നു; "മുഖം" എന്ന ഒരൊറ്റ ചിത്രത്തിനെ (Image) അടിസ്ഥാനമാക്കി. കണ്ട മുഖങ്ങളുടെ ആകര്‍ഷണീയത, അവസാനം കണ്ട സമയം, അവരുടെ പ്രത്യേകതകള്‍ ഇവയെല്ലാം ഈ ഫയലിംഗ് സിസ്റ്റത്തില്‍ ഓരോരുത്തര്‍ക്കും പ്രാധാന്യം കല്പ്പിക്കാന് ഉപബോധമനസ്സ് സഹായിക്കുന്നു.
അപ്പോള്‍ ഒരു സാധാരണ മനുഷ്യന് ഇതില്‍ നിന്നൊന്നും വ്യത്യസ്ഥമായല്ല ദൈവത്തിനെ തിരിച്ചറിയുന്നത് എന്നര്‍ത്ഥം. അതായിരിക്കാം ടെലിവിഷന്‍ സീരിയലിലേയും സിനിമയിലേയും നടീനടന്മാരുടെ മുഖച്ഛായകള്‍ പരമ്പരാഗത മുഖച്ഛായകളെ ഹൈജാക്ക് ചെയ്യുന്നതിന്റെ പിന്നിലുള്ള രഹസ്യവും. ഇതില്‍ എന്തെങ്കിലും അസുഖകരമാകേണ്ട ഒന്നുണ്ടോ എന്നത് ചിന്തനീയമാണ്. മനുഷ്യരചിതമായ പരമ്പരാഗത കല്‍പ്പനകള്‍ ഒന്നും തന്നെ പുതിയ ദൈവബിംബങ്ങളിലും മുഖങ്ങളിലും ലംഘിക്കപ്പെടാതിരിക്കുമ്പോള്‍ തന്നെ ദൈവത്തിന്റെ മുഖത്തിന് സംഭവിക്കുന്ന മാറ്റങ്ങളെ അസഹിഷ്ണുതയോടെ മാത്രമേ മനുഷ്യന് വീക്ഷിക്കുന്നുള്ളൂ. അമാനുഷികമായ ദൈവികതയെ,മാറ്റമില്ലാത്ത നിത്യമായ ഒരു മനുഷ്യരൂപത്തില്‍ തന്നെ കാണാനുള്ള ഉപബോധമനസ്സിന്റെ ശക്തിയാവാം ഇത്.
Thursday, July 30, 2009
അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോള്‍
Subscribe to:
Post Comments (Atom)
21 comments:
നല്ല ചിന്തകള്‍ നിഷ്ക്! പ്രസക്തം
“നമു” പറഞ്ഞതുപോലെ ചിന്ത പ്രസക്തം !
അതാതു കാലത്തെ കംബോളം തങ്ങളുടെ പ്രധാന വില്പ്പനച്ചരക്കായ ഭക്തി മയക്കുമരുന്നിന്റെ
റാപ്പര്‍ കാലികമായി പരിഷ്ക്കരിച്ച് തങ്ങള്‍
അധുനിക മനുഷ്യന്റെ ആവശ്യങ്ങള്‍ നേരിടുന്നതില്‍
സേവന സന്നദ്ധരായി മുന്നിലുണ്ടെന്ന്
നമ്മേ ബോധ്യപ്പെടുത്തുകയാണ്.
ഭാഗ്യത്തിന് മൊബൈല്‍ ഫോണും,
ലാപ്ടോപ്പ് കംബ്യൂട്ടറും ദേവിദേവന്മാര് ഉപയോഗിക്കുന്നത്
പരിഷ്ക്കാരത്തില്‍ ഉള്‍പ്പെടുത്തുന്നില്ല.
ദൈവങ്ങളേക്കാള്‍ ശക്തിയുള്ള ഈ ഉപകരണങ്ങള്‍
മറ്റൊരു ഉത്പന്നമായതിനാലാകാം ഇവ ഉള്‍പ്പെടുത്താത്തത്.
അഥവ ഉള്‍പ്പെടുത്തിയാല്‍ തന്നെ താരതമ്യത്തിലൂടെ
ഈ മാംസപിഢ ദൈവങ്ങളുടെ ജീര്‍ണ്ണത ഭക്തര്‍ക്ക് ബോധ്യമാകുമെന്ന് ഭക്തി കച്ചവടക്കാര്‍ ഭയപ്പെടുന്നുണ്ടായിരിക്കും.
അതായിരിക്കാം ടെലിവിഷന്‍ സീരിയലിലേയും സിനിമയിലേയും നടീനടന്മാരുടെ മുഖച്ഛായകള്‍ പരമ്പരാഗത മുഖച്ഛായകളെ ഹൈജാക്ക് ചെയ്യുന്നതിന്റെ പിന്നിലുള്ള രഹസ്യവും.
ഈ പരമ്പരാഗത മുഖച്ചായ ആരുടെ സൃഷ്ടിയാണ്? തെങ്കാശിയിലെ കലണ്ടര്‍ വ്യവസായികളുടേതല്ലേ? അത് വരച്ചവര്‍ ആരെങ്കിലും ദൈവങ്ങളെ മുന്നില്‍ കണ്ടാണോ വരച്ചത്? ഒന്നുകില്‍ ഭാവനയില്‍ നിന്നും അല്ലെങ്കിള്‍ ഏതെങ്കിലും മാതൃകയില്‍ നിന്നും. ഇന്നിപ്പോള്‍ മാതൃക നടീനടന്മാരായി എന്നു മാത്രം ? രൂപം, സങ്കല്പത്തേക്കാള് പ്രമുഖമാകുമ്പോള്‍ ഇങ്ങനെ ചില വ്യഥകളും ഉണ്ടാകുക സ്വാഭാവികം.
കാലിക പ്രസക്തിയുള്ള ചിന്തകള്‍
വലിയ ചിന്തകള്‍.... വായിക്കാന്‍ ആഗ്രഹിച്ചത്...
നിഷ്കളങ്കന്
കാലികമെന്നല്ല, മാനവിക ചരിത്രത്തിലെപ്പോഴും ചിന്തിക്കപ്പെടേണ്ട ഒരു വിഷയം.
ചെറുപ്പത്തില്‍ എന്റെ അമ്മ ‘ഭഗവാന് കൃഷ്ണന്റെ’ ബാലലീലകളെക്കുറിച്ചു പറഞ്ഞിരുന്നു. ഉണര്‍ന്നിരുന്നപ്പോഴും കൃഷ്ണന്റെ മുരളീഗാനം കേട്ടിരുന്നതയായി ഞാന്‍ അന്ന് അവകാശപ്പെട്ടിട്ടുണ്ട്.
ബാല്യത്തില്‍ നിന്നു വളരെ വളരെ വളര്‍ന്നപ്പോള്‍, കൃഷ്ണന്റെ ദൈവ രൂപവും ലിപ്സ്റ്റിക്ക് പരസ്യത്തില്‍ ടി.വിയില്‍ വരുന്ന ഹോളീവുഡ് നടിയൂം ഒരു പോലെ എന്റെ ചിന്തകളെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്ന പരസ്യബിംബങ്ങളായി ഞാന്‍ തിരിച്ചറിഞ്ഞ് രണ്ടിനേയും അവഗണിച്ചു. അതായത് എന്റെ ബ്രയിനിന്റെ ഫയലിങ് സിസ്റ്റത്തിലേക്ക് ഞാന്‍ തിരഞ്ഞെടുക്കുന്നവയെ മാത്രമേ കടത്തിവിടുകയുള്ളു എന്നര്‍ഥം.
ഈ ചോയിസിനുള്ള സ്വാതന്ത്ര്യം എല്ലാ മനുഷ്യര്‍ക്കുമില്ലേ? ഒരു സീരിയല്‍ കണ്ടു എന്നതു കോണ്ട് അതിലെ ബിംബങ്ങള്‍ ഫയലു ചെയ്യപ്പെട്ടു എന്നുള്ളത് മനസിന്റ് അടിമത്തമാണ്് വെളിപ്പെടുന്നതെന്ന് എന്നാണ്് ഞാന്‍ കരുതുന്നത്.
ഈ ചോയിസിനെക്കുറിച്ചു നമ്മള് ബോധവാന്മാരല്ലാത്തതു കോണ്ടാണ്് തെങ്കാശിക്കാരു വരച്ച ‘ദൈവ‘ ചിത്രങ്ങള്‍ ഒക്കെ നമുക്കു ദൈവങ്ങളായി മാറിയത്.
ദൈവത്തിന് ഇതുമായി യാതൊരു ബന്ധവുമില്ല എനാണ്് എന്റ് വിശ്വാസം. എന്റെ ദൈവം എന്റെ ഫയലിംഗ് സിസ്റ്റത്തില്‍ ഞാന്‍ ക്രമീകരിച്ചിട്ടുണ്ട്. ദൈവത്തിന്റെ പരസ്യങ്ങളെ അങ്ങോട്ടു കയറ്റാറില്ല.
ചുരുക്കത്തില്‍ എന്റെ അഭിപ്രായത്തില്‍ കുഴപ്പം ചിത്രങ്ങളല്ല, നമ്മള് തന്നെയാണ്്.
“ചുരുക്കത്തില്‍ എന്റെ അഭിപ്രായത്തില്‍ കുഴപ്പം ചിത്രങ്ങളല്ല, നമ്മള് തന്നെയാണ്്.”
ഹഹ...
ശരിയാണ്, കുഴപ്പം നമ്മുടേതു തന്നെയാകാം.
എന്നാല്‍ ആ കുഴപ്പങ്ങള്‍ തീര്‍ക്കാനും, നമ്മെ പരിശുദ്ധവും ശക്തവുമാക്കാനും നാം ഉപയോഗിക്കേണ്ടതായ അതിലോലമായ ഉപകരണങ്ങളാണ് ചിത്രങ്ങളും,കലയും,സംഗീതവും,സാഹിത്യവും,ശാസ്ത്ര അറിവുകളുമെല്ലാം.
എന്നാല്‍, ആ നന്മയില് സ്വാര്‍ത്ഥവിഷം ചേര്‍ക്കുന്നതുപോലും ന്യായീകരിക്കപ്പെടുന്ന ഒരു
സാംസ്ക്കാരികതയാണ് നമുക്കുള്ളത്.
കുഴപ്പം നമ്മുടേതാണ് എന്നത് ഒരു സത്യമായിരിക്കാം.എന്നാല്‍ ആ കുഴപ്പത്തിന്റെ ന്യായവാദമുപയോഗിച്ച് ദുര്‍ബലരും അജ്ഞരുമായ മഹാപാവങ്ങളുടെ മനസ്സ് അടിമപ്പെടുത്തുന്നത് ക്രൂരതയില്‍ കുറഞ്ഞ ഒന്നുമല്ല.
പ്രായം കുറഞ്ഞവരോ, ലോകവിവരം കുറഞ്ഞവരോ ആയ മനുഷ്യരെ സാംബത്തികമായി കൊള്ളചെയ്യുന്നതിന് അവരെ മദ്യം രുചിപ്പിച്ചാല്‍ മതിയാകും. ലൈംഗീകമായി ചൂഷണം ചെയ്യാന്‍ വല്ല ഷക്കീല പടങ്ങളും കാണിച്ചുകൊടുത്താലും മതിയാകും.
അതിനുശേഷം അവര്‍ക്കുണ്ടായ നഷ്ടം അവരുടെ കഴിവില്ലായ്മയാണെന്ന് മേല്‍ വിവരിച്ച ന്യായത്തിലൂടെ എഴുതിത്തള്ളാം. (വിവരമുള്ളവര്ക്കുള്ള നഷ്ടം മാത്രമല്ലേ കണക്കുവക്കേണ്ടതുള്ളു!)
പക്ഷേ ചിത്രകാരന്റെ മനസാക്ഷിക്കുമുന്നില്‍
കലയെ ദുരുപയോഗം ചെയ്ത് അന്യരുടെ അറിവില്ലായ്മയെ മനുഷ്യത്വരഹിതമായി ചൂഷണം ചെയ്ത അറിവുള്ളവരുടെ പൊതു സമൂഹം തന്നെയാണ്
കുറ്റക്കാര്‍.അവര്‍ക്ക് പശ്ചാത്താപം തോന്നാത്ത കാലത്തോളം നമ്മുടെ സമൂഹം ജീര്‍ണ്ണമായിരിക്കും.
കമന്റ് വ്യക്തിപരമല്ല. വിഷയത്തോട് ,അതിന്റെ അലസമായ രാഷ്ട്രീയ ബോധത്തോട് പ്രതികരിച്ചെന്നുമാത്രം.
മറുപടി കമന്റുകളില്ല.
സസ്നേഹം :)
വളരെ പ്രസക്തമായൊരു വീക്ഷണമാണ്.സിനിമ നടന്മാരുടെ കലണ്ടര്‍ പടങ്ങള്‍ പണ്ടൊക്കെ വീട്ടിലും തൂക്കുമായിരുന്നു.പിന്നീട് നേതാക്കന്മാരുടെയായി.വാണിജ്യ വിജയത്തിന്-ഇത്തരം പൊളപ്പന്‍ വിദ്യകള്‍ കാലാകാലങ്ങളായി നടന്നുവരുന്നു.
പക്ഷെ ഭക്തിയുടെ കമ്പോളത്തിനു ദൂരവ്യാപകമായ മറ്റൊരു അജണ്ടകൂടിയുണ്ട്.രാമായണ-മഹാഭാരത മഹാസീരിയലുകള് രാഷ്ട്രീയമായി ചില റിസല്‍ട്ടുകള്‍ കൂടിയുണ്ടാക്കിയത് കാണണം .നിലവിളക്കു കത്തിച്ചു വെച്ച് ചന്ദനതിരിയുഴിഞ്ഞ് ടി.വി.യില്‍ രാമായണം കണ്ടവനു രാമക്ഷേത്രമുണ്ടാകാനുള്ള ത്വര ,സ്വാഭാവികമാണ്.അതായത് ഭക്തി അത്രകണ്ട് നിരുപദ്രകരിയല്ലന്ന്.രാമനും ,ക്രിഷ്ണനും ,സീതയും ,ശിവനുമോക്കെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതനേടുന്നത്,നിസ്സാരമല്ല.
സൂപ്പര്‍മാനു ക്രിസ്റ്റഫര്‍ റീവ്, ബാറ്റ്മാന് ക്രിസ്റ്റ്യാന്‍ ബെയ്ല്,ഹാരിപോട്ടര്‍ക്ക് ഡാന്‍ റാഡ്ക്ലിഫ്, സ്പൈഡിക്ക് ടോബി മക്ഗ്വയറ്, ജോക്കര്‍ക്ക് ഹീഥ് ലെജറ്,ഹള്‍ക്കിന് എറിക് ബാന, രാമന് അരുണ്‍ ഗോവില്‍, ദുര്യോധനന് പുനീത് ഇസ്സാറ്, കൃഷ്ണന് നിതീഷ് ഭരദ്വാജ്, ദേവിക്ക് പ്രവീണ, അയ്യപ്പന് കൌശിക് ബാബു... കോമിക് ക്യാരക്ടേഴ്സിന് ഒരു മനുഷ്യമുഖമുണ്ടാവുന്നത് ഒരു രസമല്ലേ ?
കല്ലിലും മരത്തിലും മണ്ണിലും രൂപങ്ങളുണ്ടാക്കുന്നതിന് കലയ്ക്കപ്പുറമുള്ള ന്യായം തേടിയാല്‍ കിട്ടുന്ന ഉത്തരം: പ്രാര്‍ത്ഥിക്കുമ്പോള്‍ രൂപം ആരുടേതായാലും കുഴപ്പമില്ലെന്നാണ്. “ആത്മീയ എനര്‍ജി ട്രാന്‍സ്ഫറന്‍സ്” നടന്നാല്‍ മതിയത്രെ ;)))
ഡ്രാക്കുളക്ക് ക്രിസ്റ്റഫർ ലീ എന്നത് മറന്നതാണോ സൂരജ്? :)
ഗോത്രവർഗസംസ്കാരത്തിന്റെ ഭാഗമായി കൈമാറി വന്ന രൂപമുള്ള ദൈവങ്ങളുമായ വന്ന സൌന്ദര്യസങ്കല്പം ആസ്വാദ്യകരമാണ്. നിർഗുണവും നിരാകാരവും ഒക്കെയായി സങ്കല്പിച്ച് ആധുനിക ഹിന്ദുമതത്തെ ഒന്ന് സെക്കുലറൈസ് ചെയ്യാൻ ഇപ്പോൾ രാഷ്ട്രീയപരമായ നീക്കങ്ങൾ നടക്കുന്നുണ്ട്
ഹിന്ദുമതത്തെക്കുറിച്ച് വിക്കിയിൽ നിന്നും ഒരു രസകരമായ സെന്റൻസ്
“ഏകദൈവമല്ല എന്നതാണ് മറ്റൊരു വിമര്‍ശനം. എന്നാല്‍ ഇത് ഹിന്ദു മതത്തിന്റെ അടിസ്ഥാനത്തെക്കുറിച്ച് വ്യക്തതയില്ലായ്മയാല്‍ ഉടലെടുത്ത തെറ്റിദ്ധാരണയാണ്. വാസ്തവത്തില്‍ ഹിന്ദുക്കള്‍ എല്ലാവരും ഏകദൈവ വിശ്വാസികള്‍ ആണ്. ഒരേ സത്യത്തെ പല പേരുകള്‍ പറഞ്ഞ് ആരാധിക്കുന്നു എന്നു മാത്രം. ‘ഏകം സത് വിപ്രാ: ബഹുധാ വദന്തി’ എന്ന വേദവാക്യം ഇതിന് ആധാരമാക്കാം. തന്റെ മനസ്സിന് ഇഷ്ടപ്പെട്ട രൂപത്തില്‍ ദൈവത്തെ ദര്‍ശിക്കാനുള്ള സ്വാതന്ത്ര്യം പക്ഷേ അവന് കൊടുത്തിരുന്നു എന്നു മാത്രം.“
ആരാ സ്വാത്രന്ത്ര്യം കൊടുത്തത് എന്ന് വ്യക്തമായി പറഞ്ഞിട്ടില്ല. ദൈവമാണോ അതോ പല മതങ്ങൾ ഒരുമിച്ചു ഹിന്ദുമതമാക്കിയെടുത്ത കാലത്തെ നേതാക്കളോ എന്ന് :)
പാശ്ചാത്യർക്ക് ദൈവരൂപം വെള്ളത്താടി നീട്ടിയ ഒരു വയസ്സനാണ്. മൃ^ഗരൂപങ്ങളെ ആരാധിച്ചിരുന്നവരിലേക്ക് ഈ രൂപം കൊൺണ്ണടുവരാൻ മോസസ് ആണെന്നു തോന്നുന്നു പ്രയ്ാാത്നം ചെയ്തത്.
യേശുവിനെ നീഗ്രോ വംശജർ അവരുടെ മുഖഭാവത്തിൽ വരച്ചെടുക്കുന്നു.
ദൈവത്തിനു മനുഷ്യരൂപം തന്നെ വേണമെന്നില്ല. തെയ്യവും തിറയും മറ്റും ഉദാഹരണം.
വടക്കേ ഇൻഡ്യയിൽ നിന്നും സാരിയുടെ വരവോടെ കേരളത്തിലെ ദേവിമാരും സാരിയുടുത്തു തുടങ്ങി. ആൽദൈവങ്ങൽക്കും കലൻഡർ രൂപത്തിലേക്കു പ്രവേശിക്കേണ്ടതായി വരും വിശ്വാസം സഫലീകരിക്കാൻ. അമൃതാനന്ദമയിയ്ക്ക് കലൻഡർ ദേവിയുടെ വേഷം കെട്ടേണ്ടി വരുന്നത് ഇതു കൊണ്ട്.
“അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു...” എന്നത് സർവ്വസാധാരണമാണ്.
വിഷു ആഘോഷത്തിൽ പ്ലാസ്റ്റർ ഓഫ് പാരീസ് കൃഷ്ണപ്രതിമ വന്നു കയറിയതിനെ കുറിച്ച് പണ്ടു ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു.
ethiran.blogspot.com/2007/04/blog.post_25.html
ഹൈജാക്ക് ചെയ്യപ്പെട്ടത് "ചാന്തുപൊട്ട്" സ്റ്റൈല്‍ കലണ്ടര്‍ ദൈവങ്ങളായതുകൊണ്ട് പരാതിക്കിടയില്ല. മഹാഭാരതം, രാമായണം സീരിയലുകള്‍ ചെയ്തതാണ് കടുംകൈ. കലണ്ടറുകളില്‍ സ്കോപ്പില്ലാത്തതുകൊണ്ട് വായനയില്‍ മാത്രം അറിഞ്ഞ് ഭാവനയില്‍ രൂപം കൊടുത്ത ഉജ്ജ്വലമായ അനേകം കഥാപാത്രങ്ങളെ നമ്മുടെയൊക്കെ തലച്ചോറുകളില്നിന്നും അടിച്ചിറക്കി മീശയില്ലാത്ത കുറേ മൊണ്ണകളെ അവിടെ കുടിയിരുത്തിയ കടുംകൈ.
ചെഗുവരെയുടെ ചിത്രം ദൈവത്തിനു തുല്യം ആരാധിച്ചിരുന്ന ചെറുപ്പക്കാര്‍ ഉണ്ടെന്നു കേട്ടിട്ടുണ്ട്.
സംഗതി ബിസിനസ്സ് ആണെന്ന് തിരിച്ചറിഞ്ഞ് അതിന് അന്ന് വിലയിട്ടു. ഉപയോഗിക്കുന്ന വസ്ത്രകമ്പനികള് വന്‍ തുക നല്‍കണം കമ്പനിക്കാരന്. എന്തായാലും “ശിവകാശിയിലെ പടത്തിന്” (ബൂലോകത്ത് കുറേ കേട്ടതാണ് ഈ പ്രയോഗം ശില്പി ചിത്രകാരന് ആണെന്നു തോന്നുന്നു ;)) അങ്ങനെ പകറ്പ്പവകാശം ഇടാത്തത് ഭാഗ്യം.
@കാളിദാസന്
“യാകുന്തേന്തു തുഷാര ഹാര ധവളാ..
യാ ശുഭ്ര വസ്ത്രാവ്രുതാ”
എന്നു പാടിയത് ‘ശിവകാശി ചിത്രങ്ങള്‍‘ കണ്ടിട്ടായിരിക്കുമല്ലേ?
ദേവീമാഹാത്മ്യത്തിലെ അയ്യപ്പന് ദേവിയെ രക്ഷിക്കാനായി ഒരു തിരുമേനി ക്വൊട്ടേഷൻ കൊടുത്ത ഒരു സീൻ കണ്ടിരുന്നു. എണ്ണയും പൂവും പാൽപായസവും സപ്ലൈ ചെയ്യുന്ന കാറ്ററിംഗ് കമ്പനിയിലെ ഒരാളാണെന്നു തോന്നും ഇതിലെ ദേവിയുടെ വരവ് കാണുമ്പോൾ. എന്തായാലും ലീവിനു നാട്ടിൽ പോകുമ്പോൾ മാത്രമാണ് ഇത് കാണാറുള്ളത്.
വിശ്വാസങ്ങളെ വികലപ്പെടുത്തുന്ന ഇത്തരം പരിപാടികളെ ഒന്നു വിമർശിക്കാനും ആരെയും കാണുന്നില്ല. ബ്ലോഗിൽ തന്നെയുള്ള ചിലർ വിചാരിച്ചാൽ ശ്രീകണ്ഡ്ഠൻ നായരുടെ ‘നമ്മൾ തമ്മിൽ’ എന്ന പരിപാടിയിലൂടെയോ മറ്റുള്ള വിപ്ലവ ചാനലിലൂടെയോ ഈ പ്രധിഷേധങ്ങൾ ജനങ്ങളിലേയ്ക്കെത്തിക്കാൻ ശ്രമിക്കാവുന്നതേയുള്ളൂ.
നമതേ - വരവിനും വായനയ്ക്കും നന്ദി.
ചിത്രകാരന് : വരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
കാളിദാസന് : നന്ദി. പൂര്‍ണ്ണമായും യോജിക്കുന്നു.
കണ്ണനുണ്ണി : വരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
ശിവ : നന്ദി. അത്ര വലുതൊന്നുമല്ല ഈ ചിന്തകള്‍.
Indiablooming : മനസ്സിന്റെ അടിമത്തത്തെപ്പറ്റിത്തന്നെയാണ് ചിന്തിച്ചത്. അറിയാതെ തന്നെ വിപണന തന്ത്രങ്ങള്‍ക്ക് അടിപ്പെടുന്ന സാധാരണക്കാരന്റെ അവസ്ഥ.
ചിത്രകാരാ : ഞാന്‍ ഈ ഒരു കുഴപ്പത്തെപ്പറ്റി ഉറക്കെ ചിന്തിച്ചപ്പോഴും താങ്കള്‍ ഊന്നിപ്പറഞ്ഞ ഈ ശക്തി ഉണ്ടായില്ല എന്നറിയിക്കട്ടെ. അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. ബോധപൂര്‍വ്വമല്ലാത്ത കീഴ്പ്പെടലാണ് ഒരു "പരസ്യ"ത്തിന്റെ വിജയം. അതൊക്കെ എത്തേണ്ടിടത്ത് എത്തിക്കാന്‍ എത്രമാത്രം ഡോസ് വെച്ച് എപ്പോഴൊക്കെ കൊടുത്ത് മുഴുവനായി ഉപഭോക്താവിനെ ശരിപ്പെടുത്തിയെടുക്കാം എന്ന് ഉത്പാദകന്മാര്ക്ക് നല്ല പിടിയാണ്.
ചാര്‍വാകന്‍ : സത്യം! നന്ദി.
സൂരജ് : ഡോക്ടറേ. Slow poisoning ആണെങ്കില്‍ ഇതൊക്കെ ആരും ഒരെതിര്‍പ്പുമില്ലാതെ സ്വീകരിക്കും (ഉദ്ദ: സീരിയല്‍). നേരെ മറിച്ച് ഒരു സുപ്രഭാതത്തില്‍ ഏതെങ്കിലും ഒരു കലാകാരന് ഒരു ദൈവചിത്രം മാറ്റി വരക്കട്ടെ (ഉദാ: എം.എഫ്.ഹുസ്സൈന്‍ - റഫ:മാധുരി ദീക്ഷിത്). വിവരമറിയും.
:-)) നന്ദി
കാല്വിന് : സോഴ്സും ഓഥറും ആവശ്യമില്ല എന്നതാണ് ഈ ഈശ്വരരൂപങ്ങളുടെ പ്രത്യേകത. കലാകാരന് സര്‍ഗ്ഗപ്രതിഭ പുറത്തെടുത്തത് ഭംഗിയായി മാര്‍ക്കറ്റ് ചെയ്തത് മറ്റൊരു ഗ്രൂപ്പ് ആണ്. കര്ഷകന് താനുല്പാദിപ്പിച്ച പച്ചക്കറിക്ക് ചോദിക്കുന്നത് വിയര്‍പ്പിന്റെ വിലയായ പത്തുരൂപയാണെങ്കില്, സൂപ്പര്‍മാര്‍ക്കറ്റില്‍ പാക്കിംഗ് ചാര്‍ജ്ജസ്, ഹാന്‍ഡ്ലിംഗ് ചാര്‍ജ്ജസ്, എമ്പ്ലോയി പെര് ഹെഡ് ചാര്‍ജ്ജസ് എന്നിവ ചുമത്തുന്നത് കൂടാതെ സാധനം ഒരു മാസം കേടാകാതെയിരിക്കാന്‍ ഒരല്‍പ്പം കെമിക്കലും കൂടി കുത്തിവെച്ചേക്കാം. അതാണ് കാണാന്‍ ഭംഗി. വാങ്ങാന്‍ ആളുകള്‍ക്ക് സുഖം.ഉപയോഗിക്കാനും ദഹനക്കേട് വരാനും എളുപ്പം.
നന്ദി!
എതിരന്‍ജീ
വരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി.ലിങ്ക് കറക്ടല്ലല്ലോ മാഷേ.!!
ബിനോയ്: :-) വരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
സന്തോഷ് - വരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
പാര്ത്ഥന് : ചെ! ഇതൊക്കെ കൃത്യമായി കാണാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പസ്റ്റ് ഐഡിയ. ഏഷ്യാനെറ്റ്കാര് കേള്‍ക്കണ്ട. ഇതില്‍ ഒരു വിവാദത്തിനു സ്കോപ്പുണ്ടായാല് അതു സീരിയലിന്റെ "റേറ്റിംഗ്" കൂട്ടാന്‍ അവര്‍ ഉപയോഗിക്കും.
Here is the link:
http://ethiran.blogspot.com/2007/04/blog-post_25.html
@കാളിദാസന്
“യാകുന്തേന്തു തുഷാര ഹാര ധവളാ..
യാ ശുഭ്ര വസ്ത്രാവ്രുതാ”
എന്നു പാടിയത് ‘ശിവകാശി ചിത്രങ്ങള്‍‘ കണ്ടിട്ടായിരിക്കുമല്ലേ?
സന്തോഷ്,
അത്ര പിന്നിലേക്ക് ഞാന്‍ പോയില്ല.
ഈ പോസ്റ്റിലെ ഒരു വാചകം ഇതാണ്.
പണ്ട് ഫാക്ടിന്റെയും ചിട്ടിക്കമ്പനികളുടെയും കലണ്ടറിലൂടെയും, അമ്പലത്തിനടുത്ത് കിട്ടുന്ന ഛായാ ചിത്രങ്ങളിലൂടെയുമായിരുന്നു പരമശിവന്, ഭദ്രകാളി, ശ്രീകൃഷ്ണന് തുടങ്ങി കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുന്ന ദൈവങ്ങളെയൊക്കെ മനസ്സില്‍ ഉറപ്പിച്ചിരുന്നത്.
ഈ ദൈവ ഛായകള്‍ എവിടെ നിന്നും വന്നു എന്നതിനേക്കുറിച്ച് ഒരു അഭിപ്രായം എഴുതിയേ ഉള്ളു.
Nalla chinthakal... !
Manoharam, Ashamsakl...!!!
അടിപൊളി..........
ഹ ഹ ഹ...ചിരിച്ചത് തമിഴന്മാരെ ഓര്‍ത്താ..
നമുക്ക് ഒരു ദേവിയും, അയ്യപ്പനുമൊക്കെയുള്ളൂ.....അവരുടെ കാര്യം കട്ടപൊക.......5 മുതല്‍ 10 മണി വരെയുള്ള സീരിയലുകളില്‍ ഒരു 3-4 എണ്ണം അമ്മന്‍, തായ, കൈക്കോട്ടിതായ, ആണ്ടവന് തുടങ്ങിയവയാ....സിനിമക്കും പഞ്ഞമില്ല.....അവര്‍ക്ക് കോവിലില്‍ പോവുമ്പോള്‍ എന്തൊക്കെ കണ്ഫ്യൂഷന് ഉണ്ടാകുമോ എന്നാലോചിക്കുമ്പോള്‍
ഇത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ചിരുന്നു...
സമകാലിക പ്രസക്തിയുള്ള നല്ല ചിന്തകള്‍..
അഭിനന്ദനങ്ങള്‍
വളരെ വാസ്തവം. ദൈവീക
അവതാരങ്ങളുടെ കാര്യതെക്കള് കഷ്ടം മറ്റു പുരാണ കഥാപാത്രങ്ങുളുടെത!!.
ഉദാ:ശകുനി .. മഹാഭാരതത്തിലെ ആ കറുത്ത വസ്ത്രം അണിഞ്ഞ കാലിനു
മുടന്തുള്ള ആ രൂപത്തെ മാത്രമേ ഓര്മ വരൂ.
എന്തായാലും ഭാഗ്യം , കഥകളി ധാരാളം കാണുന്നത് കൊണ്ട് പല കഥാപാത്രങ്ങളും കഥകളി വേഷത്തോടെ മാത്രേ മനസ്സില്‍ ആദ്യ വരൂ. സിരിയല്‍ നടന്മാരെ ഓര്‍ക്കാറില്ല. രാവണന് എന്ന് കേട്ടാല്‍ രാമന്‍കുട്ടി ആശാന്റെ ഉത്ഭവ ത്തിലെ തപസ്സാട്ടം ആടുന്ന രാവണ നെയോ , ബാലി വിജയത്തിലെ പാര്‍വതി വിരഹം ആടുന്ന രാവണ നെയോ ആകും ഞാന്‍ ആദ്യം ഓര്‍ക്കുക . നളന് എന്നുകേട്ടാല്‍
.. സംശ്ശല്ല്യാ .. ഗോപി ആശാന്റെ രണ്ടാം ദിവസത്തിലെ നളന് തന്നെ.
Post a Comment