Thursday, June 5, 2008

എന്നെപ്പോലുമെനിക്കു നേര്‍വഴി നയിക്കാന്‍ - ഹ‌ര്‍ത്താലും ഐ.ടി യും മറ്റ് തൊഴില്‍മേഖല‌ക‌ളും

വീണ്ടും ഒരു ഹ‌ര്‍ത്താല്‍ കൂടി. ഹോ! എന്തൊരു പ്രതിഷേധമായിരുന്നു “ജന‌ങ്ങ‌ള്‍ക്ക്”.

വാഹന‌ങ്ങ‌ള്‍ നാമ‌മാത്രമായി ഓടി.

തിരുവന‌ന്തപുരം ടെക്നോപാര്‍ക്കില്‍ തലേന്നു തന്നെ എല്ലാ കമ്പനിക‌ളിലേയും ജോലിക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നു. “ഹ‌ര്‍ത്താല്‍ ദിനത്തില്‍ എല്ലാ കമ്പനിക‌ളുടേയും ബസ്സുക‌ള്‍ ഒന്നിച്ച് കോണ്‍വോയ് അടിസ്ഥാന‌ത്തില്‍ സര്‍വ്വീസ് ന‌ടത്തും. ഏത് കമ്പനിയില്‍ ജോലിയുള്ള‌യാള്‍ക്കും ഏത് കമ്പനിയുടെ ബസ്സിലും കയറാവുന്നതാണ്.“

അങ്ങിനെ ഇന്ന് ഹര്‍ത്താല്‍ ദിന‌ത്തില്‍ രാവിലെ പറഞ്ഞിരുന്ന സ്ഥല‌ത്ത് ഞാനും കാത്തു നിന്നു. കൂടെ നൂറ് കണ‌ക്കിന് മ‌റ്റുള്ള ടെക്നോപാര്‍ക്കിലെ കമ്പനിക‌ളിലെ ജീവന‌ക്കാരും. ഒടുവില്‍ അന്‍പതിലധികം വരുന്ന ഒരു വാഹനവ്യൂഹം എത്തി. അവരെ നയിച്ചുകൊണ്ട് മൂന്ന് പോലീസുകാര‌ടങ്ങുന്ന ഒരു ചെറിയ് കാര്‍ മുന്നില്‍. ഞാനും ഒരു വാഹന‌ത്തില്‍ കയറിപ്പറ്റി. പതുക്കെ വഴിനീളെയുള്ള എല്ലാ പോയന്റുക‌ളില്‍ നിന്നും കാത്തുനിന്നവ‌രേയും കയറ്റി വാഹന വ്യൂഹം മുന്നോട്ട്.

വഴിനീളെ കടക‌ള്‍ അടഞ്ഞു കിടക്കുന്നു. സ്ക്കൂളുക‌ള്‍ ഇല്ല. വഴിവാണിഭക്കാരില്ല. മീന്‍ വില്‍ക്കുന്നവരില്ല. പച്ചക്കറി വണ്ടിക്കാരില്ല. എല്ലാവര്‍ക്കും അന്നന്നത്തെ കച്ചവടം നടന്നില്ലെങ്കില്‍ നഷ്ടമുള്ളവ‌ര്‍. അല്ലെങ്കില്‍ അന്നം മുട്ടുന്നവ‌ര്‍. ഒരു ദിവസം പോയില്ലെങ്കിലും ഒരു ചുക്കും സംഭവിക്കാനില്ലാത്ത ടെക്നോപാര്‍ക് കമ്പനിക‌ളിലെ ജീവന‌ക്കാര്‍ക്ക് ജോലിയ്ക്ക് പോകാന്‍ പോലീസ് സംരക്ഷണം. അതില്ലെങ്കിലും അത് പോകുന്ന വഴിയിലൊന്നും കല്ലെറിയാനോ തടസ്സപ്പെടുത്തുവാനോ ആരുമില്ല. വിദ്യാഭ്യാസ സ്ഥാപന‌ങ്ങ‌ള്‍ക്കും കടക്കാര്‍ക്കും വഴിവാണിഭക്കാര്‍ക്കും മീന്‍വില്‍പ്പന‌ക്കാര്‍ക്കും പച്ചക്കറിവണ്ടിക്കാര്‍ക്കും സംരക്ഷണം വാഗ്ദാനം ചെയ്യാന്‍ സര്‍ക്കാരില്ല. രാഷ്ട്രീയപ്പാര്‍ട്ടിക‌‌ളില്ല. ബഹുഭൂരിപക്ഷത്തിന്റെ തൊഴില്‍ ചെയ്യാനുള്ള അവകാശം പച്ച‌യായി നിഷേധിയ്ക്കുന്ന ഭരണ‌വര്‍ഗ്ഗവും പ്രതിപക്ഷവും.

ഞാന്‍ കുറ്റബോധത്തോടെയാണ് ഇന്ന് ജോലിയ്ക്ക് പോയത്;ചെയ്തത്. എന്നെപ്പോലെതന്നെ ജോലി ചെയ്യാനുള്ള അവകാശമുള്ളവ‌ര്‍ വിഷണ്ണരായി വീട്ടിലിരിയ്ക്കുന്നു.

വൈകുന്നേരത്തെ വാര്‍ത്തയില്‍ സി.പി.ഐ എമ്മിന്റെ നേതാക്ക‌ള്‍ കാര്‍ക്കശ്യത്തോടെ യാതൊരുളുപ്പുമില്ലാതെ ഹര്‍ത്താലിന്റെ വിജയത്തെപ്പറ്റി, നൈതികതയെപ്പറ്റി അഹങ്കാരത്തോടെ സംസാരിയ്ക്കുന്നു. ബി.ജെ.പി നേതാക്ക‌ള്‍ ആവേശത്തോടെ ന്യായീകരിയ്ക്കുന്നു. കോണ്‍ഗ്രസ്സ് കാരാവട്ടെ ഒരു മു‌ന്‍‌കരുതലോടെ “ഹര്‍ത്താല്‍ എന്ന ആശയം ന‌ല്ലതാണെന്നും” എന്നാല്‍ അത് “ഇങ്ങ‌നെ ചെയ്തത് ശരിയല്ലെന്നും” ഘോരഘോരം പ്രസംഗിയ്ക്കുന്നു. അഖിലേന്ത്യാതലത്തില്‍ പ്രഖ്യാപിയ്ക്കപ്പെട്ട പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ ജന‌ങ്ങ‌ള്‍ പ്രതികരിച്ചെന്ന് ഒരു മടിയുമില്ലാതെ തട്ടിവിടുന്നു. ചാന‌ലു‌ക‌ള്‍ ആഘോഷിയ്ക്കുന്നു.

ദൈവമേ! ഇവരാണോ നമ്മെ നയിക്കുന്നവ‌ര്‍? എന്ത് വിശ്വാസത്തില്‍ ഇവരെ ന‌മ്മ‌ള്‍ തിര‌ഞ്ഞെടുക്കുന്നു? സാധാരണ‌ക്കാരന്റെ നെഞ്ചത്ത് കയറിനിന്ന് , ക്ഷമ‌യുടെ നെല്ലിപ്പല‌കയില്‍ കയറിനിന്ന് കൊഞ്ഞനംകുത്തിക്കാണിയ്ക്കുന്ന ഭരണ/പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വം.
എന്താണ് ഇവരെ വിളിയ്ക്കുക?

“അന്യായ നായക‌ര്‍?”

അവര്‍ വിളിച്ച് പറയുന്നതുപോലെ തോന്നുന്നു

എന്നെപ്പോലുമെനിക്കു നേര്‍വഴി നയിക്കാനൊട്ടുമാകാത്ത ഞാ
നന്യന്മാരെ നയിച്ചു നായകപദപ്രാപ്തിക്കു ദാഹിക്കയോ?
കന്നത്തത്തിനുമുണ്ടു മന്നിലതിരെന്നോര്‍ക്കാതെ തുള്ളുന്നു ഞാ
നെന്നെത്തന്നെ മറന്നു;കല്ലുകളെറിഞ്ഞെന്‍ കാലൊടിക്കൂ വിധേ
!“
‌‌‌‌‌‌‌‌‌‌___________________
എന്നെപ്പോലുമെനിക്കു - ചങ്ങമ്പുഴ

8 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്വാര്‍ത്ഥലാഭത്തിനു വേണ്ടി ആടിത്തിമര്‍ക്കുന്ന നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് പ്രത്യേകിച്ച് നഷ്ടമൊന്നുമില്ലല്ലോ. വീണ്ടും വീണ്ടും അവരെ ഭരണചക്രം ഏല്‍പ്പിക്കാന്‍ കഴുതകളെന്നു സ്വയം പറയുന്ന ജനതയും.

പണ്ട് ഇതുപോലൊരു ഹര്‍ത്താല്‍ ദിനത്ത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനു താഴെ നിന്നും കഷ്ടപ്പെട്ട് ഒരു ജീപ്പില്‍ സീറ്റുറപ്പിച്ച് പേടിയോടെ ഇരിക്കുമ്പോള്‍ അവിടെയുള്ള പോലീസുകാരനോട് എസ്കോട്ട് വന്നൂടെ എന്നു ചോദിച്ചു.

“മോളെപ്പോലൊരു കുട്ടി എനിയ്ക്കുമുണ്ട്“ എന്നായിരുന്നു മറുപടി- സഹതാപം തോന്നിപ്പോയി

എന്തിനും ഏതിനും ഹര്‍ത്താലും കൊണ്ടിറങ്ങുന്നവര്‍ക്കെഥിരെ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളാന്‍ സമയമേറെ വൈകിയിരിക്കുന്നു.

പെട്രോള്‍ വില കൂടി, പാചകവാതകത്തിനും വില കൂടി. അതിന്റീ കൂടെ ഈ പറഞ്ഞതിന്റെയൊക്കെ ഉപയ്യോഗവും കൂടി എന്നതെന്താ ഓര്‍ക്കാത്തെ? ഇന്ധനങ്ങള്‍ ഭൂമിയില്‍ നിന്നും ലഭിക്കുന്നതല്ലേ, അവ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ പിന്നീട് ആവശ്യത്തിനുപോലും ഉണ്ടാവില്ല

ആലോചിച്ച്, സ്വയം ഇതിന്റെയൊക്കെ അനാവശ്യ ഉപയോഗങ്ങള്‍ കുറച്ച്, നല്ലൂര്രു തീരുമ്മാനമെടുക്കുകയാണ് വേണ്ടത്.

ഹോ, കലിപ്പുകള് തീരണില്ലല്ലോ

മാഷെ, നീണ്ടകമന്റിന് ക്ഷമിക്കൂ

ശ്രീ said...

നമ്മൂടെ നാട്ടുകാര്‍ ഇനി ഇതെന്നു മനസ്സിലാക്കാനാണ്? ഇതു പോലെ സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ടു വേണോ പ്രതിഷേധ പ്രകടനം?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഹർത്താൽ ദിനത്തിലും പണിയെടുക്കേണ്ടി വന്ന ഹതഭാഗ്യന്റെ രോദനമായി പരിഗണിച്ചിരിക്കുന്നു.

ലുട്ടാപ്പി::luttappi said...

ഇപ്പൊൾ കേരളത്തിൽ ഹർത്താൽ ആഹ്വാനം ചെയ്താൽ മാത്രം മതി. . ജനങ്ങൾ വിജയിപ്പിച്ചോളും.... ബാക്കി എല്ലാ സ്റ്റേറ്റിലും ഹർത്താൽ ദിനവും പതിവു പോലെ എല്ലം പ്രവർത്തിക്കും.... ഹർത്താലിനെ അനുകൂലിക്കുന്നവർ അവരുടെ കട അടച്ചു പ്രതിക്ഷേധിക്കും അത്ര തന്നെ... ഇതു പൊതു ജനങ്ങലുടെ തന്നെ തെറ്റാണു.. ഹർത്താൽ എന്നു കേട്ടാൽ പിന്നെ പുറത്തിറങ്ങില്ല.... ഞ്യാനും ഹർത്താലിനെ കുറിച്ചു ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട് നോക്കുമല്ലോ...

Indiascribe Satire/കിനാവള്ളി said...

ഹര്‍ ത്താല്‍ ആര്‍ ക്ക് വേണ്ടി, എന്തിനു വേണ്ടി എന്നു ചിന്തിക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ ക്കു വേണ്ടി മാത്രം എന്നു തോന്നി പോവുന്നു .

ദിവസക്കൂലിക്കു പണി എടുകുന്ന പാവങ്ങളെയും പോലീസുകാരെയുമാണു ഹര്‍ ത്താല്‍ കാര്യമായി ബാധിക്കുക. നമുക്കണെങ്കില്‍ വീട്ടില്‍ സുഖമായി ഇരുന്നു ടീവി കാണാം . പോലീസുകാരനു ഹ റ്ത്താലുകാരെ കൈകാര്യം ചെയ്യുകയും അവര്‍ എറിയുന്ന കല്ലും മറ്റും കൊള്ളുകയും വേണം . പോലീസ് ആയതുകൊണ്ട് അവര്‍ മനുഷ്യരല്ലാതായിത്തീരുന്നില്ലല്ലൊ.

Kichu $ Chinnu | കിച്ചു $ ചിന്നു said...

harthaal special... !
everybody shud think

CJ said...

കാല്‍പ്പനികത ഇല്ലത്തവരാണു കളങ്കേട്ടാ കാല്‍പ്പനികമായ ഇടങളില്‍....ഗാന്ധിയും..ക്രിസ്തുവും പോലെയുള്ള കവികള്‍.....അവരിനി ജനിച്ചു വീഴേണ്ടതൊരു ic chipinte ചൂടിലേക്കാണല്ലോ...

കാവാലം ജയകൃഷ്ണന്‍ said...

ഇതാരാ എനിക്കൊരപരന്‍???? അതോ ഞാനാണോ അപരന്‍???എന്തായാലും ഹൃദയത്തിലേക്ക്‌... ഹൃദയപൂര്‍വം സ്വാഗതം... നമ്മള്‍ ഒരേ തൂവല്‍ പക്ഷികളാണല്ലൊ...

ജയകൃഷ്ണന്‍ കാവാലം