Thursday, November 1, 2007

യാത്രയ്ക്കിടയില്‍

മഴ പെയ്ത് വഴുക്കിക്കിടക്കുന്ന ചിറയില്‍കൂടി ധൃതിയില്‍ നടന്നു. ആറ‌രയ്ക്കൊരു ബോട്ടുണ്ട്. ഇപ്പോ‌ള്‍ത്തന്നെ ആറരയായിരിയ്ക്കുന്നു.വാട്ട‌ര്‍ ട്രാന്‍സ്പോ‌‌ര്‍ട്ടുകാരുടെ ബോട്ടിന് കൃത്യനിഷ്ടയൊന്നുമില്ലാത്തതിനാല്‍ കിട്ടിയേക്കാം.

അപ്പ‌ച്ചിയെ കാണാന്‍ വന്നതായിരുന്നു കണ്ടങ്കരിയില്‍. പതിനഞ്ചു കൊല്ലത്തിനു ശേഷമുള്ള കണ്ടുമുട്ട‌ല്‍. അപ്പച്ചിയ്ക്ക് തീരെ വയ്യാതായിരിയ്ക്കുന്നു. പണ്ട് ഇടയ്ക്കിടെ കൃഷിയ്ക്കും മറ്റും സ‌ഹായിയ്ക്കാനായി മാസങ്ങ‌ളോ‌ള‌ം ഇവിടെ വന്ന് നിന്നിരുന്നതാണ്. സ്വന്ത‌ം നാടു പോലെ തന്നെ പരിചയവുമായിരുന്നു ഇവിടെ. ഇപ്പോ‌ള്‍ പരിചയമുള്ള മുഖങ്ങ‌ളൊക്കെ ന‌ന്നേ കുറവ്.

കടവത്തെത്താറായി. ഇനി ചെറു തോട്ടില്‍ നിന്നും കടത്തു കടന്നു വേണ‌ം അക്കരെയുള്ള ജെട്ടിയില്‍ പോകാന്‍. പഞ്ചായത്തു കടത്തുള്ളതാണ്. സന്ധ്യയുടെ മങ്ങ‌ലില്‍ കണ്ടു. രഘു വ‌ള്ളവുമായി കിടപ്പുണ്ട് കടവത്ത്. അക്കരയ്ക്ക് പോകാനുള്ള പുറപ്പാടാണ്.

"രഘുവേ.. കൂയ്. പോകല്ലേ. ഞാനുമൊണ്ടക്കരയ്ക്ക്"

റക്കെ വിളിച്ചുപറഞ്ഞു.ഓടിച്ചെന്ന് പതുക്കെ വ‌ള്ളത്തില്‍ ക‌യ‌റി. ചെറിയ വ‌ള്ളമാണ്. ഒരാളു കൂടിയിരിപ്പുണ്ടായിരുന്നു വ‌ള്ളത്തില്‍. ബാല‌ന്‍സ്സില്ലാതെ വ‌ള്ളം മ‌റിച്ച ചരിത്രം ഓ‌ര്‍ത്തു.

"കയ്യേപ്പിടിച്ചോ" രഘു കൈ നീട്ടി. പിടിച്ചു കയറി, മുണ്ടു തെരുത്തു കയറ്റി രണ്ടരികിലും പിടിച്ച് വ‌ള്ളത്തില്‍ കുത്തിയിരുന്നു.

"ങാഹാ.. നീയാരുന്നോടാ ഉവ്വേ" ഇരുന്നുരുന്ന മറ്റേ ആ‌ള്‍ പ‌റയുന്നതു കേട്ടാണ് ഞാന്‍ മുഖത്തേയ്ക്ക് നോക്കിയത്.

ബാല‌ന്‍‍ കൊ‍ച്ചച്ഛ‌ന്‍!

അച്ഛ‌ന്റെ വകയിലുള്ള അപ്പച്ചിയുടെ മ‌കനാണ്. കണ്ടങ്ക‌രിയില്‍ വന്നു നിന്ന സമ‌യത്തൊക്കെ കൊച്ചച്ഛ‌ന്റെ വീട്ടിലെ നിത്യ സന്ദ‌ര്‍ശ്ശകനായിരുന്നു ഞാന്‍.

"ആ! കൊച്ചച്ഛനോ" ഞാന്‍ അത്ഭുതം കൂറി. തിരിച്ചറിയാത്ത വണ്ണ‌ം മാറിപ്പോയിരിയ്ക്കുന്നു കൊ‍ച്ചച്ഛ‌ന്‍.

"നീയെന്നു വന്നെടാ ഉവ്വേ" കൊ‍ച്ചച്ഛ‌ന്‍ ചോദിച്ചു.
"രണ്ടാഴ്ചയായി കൊച്ചച്ഛാ"
"എവടാ ഇപ്പ‌ം. സൗദീല‌ല്യോ?"
"അതെ. അടുത്താഴ്ച പോകും"വ‌ള്ളം കടവത്തടുത്തു.
കൊ‍ച്ചച്ഛ‌നുമൊത്ത് ബോട്ടുജെട്ടിയിലേയ്ക്ക് ന‌ടന്നു.
"സ‌രസമ്മയ്ക്ക് കൂടുതലാ ഇല്യോ"
"അതെ"
"നീ പിന്നെന്താ ഞങ്ങടങ്ങോട്ട് കേറാതെ പോയത്?"
"അതു പിന്നെ..."
"നീ കെഴക്കോട്ടാന്നോ?"
"അതെ. കൊച്ചച്ഛനോ
ഞാന്‍ ചമ്പക്കൊളത്തോട്ടാ. നെന്റെ ബോട്ട് വ‌രാറായല്ലോ"

കൊച്ചച്ഛ‌ന്‍ ഒരു ബീഡി കത്തിച്ചു. വലതു കൈപ്പട‌ം താഴേയ്ക്ക് കമഴ്ത്തി സമൃദ്ധ‌മായ കൊമ്പ‌ന്‍ മീശ ഇരുവശത്തേയ്ക്കും പൊക്കിയൊതുക്കി.

ഞാന്‍ ആ മുഖത്തേയ്ക്ക് ശരിയ്ക്കും നോക്കി. വാ‌ര്‍ദ്ധ‌ക്യം ശരിയ്ക്കും ബാധിച്ചിരിയ്ക്കുന്നു. ക‌വിളൊട്ടി, കണ്ണുക‌ള്‍ കുഴിയിലായിരിയ്ക്കുന്നു. ഏഴടിപ്പൊക്ക‌ം കൂനുകൊണ്ട് അ‌റിയാന്‍ തന്നെയില്ല. കൊമ്പ‌ന്‍ മീശ മാത്രം പഴ‌യ ബാല‌ന്‍‍ കൊ‍ച്ചച്ഛ‌നെ ഓ‌ര്‍മ്മിപ്പിയ്ക്കുന്നു. ഓ‌ര്‍മ്മകളിലേയ്ക്ക‌റിയാതെ താണുപോയി ഞാന്‍.

പാപ്പച്ചന്റെ റേഷന്‍‍ കടയില്‍ റേഷന്‍‍ വാങ്ങാന്‍ വിടും അപ്പച്ചി ചില‌പ്പോള്‍. അക്കാല‌ത്തെ ഒരു ചെറിയ സായാഹ്ന ചന്ത കൂടിയാണ് റേഷന്‍ കടയുടെ പരിസ‌ര‌ം. റേഷ‌ന്‍ കടയില്‍ ക്യൂ ഉണ്ടാവും മിക്കപ്പൊഴും. പാപ്പച്ച‌ന്‍ റേഷന്‍ കാ‌ര്‍ഡെടുത്ത് അടുക്കില്‍ കമഴ്ത്തി വെച്ചാല്‍ ക്യൂവിലായി. പിന്നെ പേരു വിളിയ്ക്കുമ്പോ‌ള്‍ ചെന്നാല്‍ മ‌തി. അപ്പോഴേയ്ക്കും റേഷ‌ന്‍ കടയുടെ സൈഡിലുള്ള ഒഴിഞ്ഞ മണ്ണെണ്ണ വീപ്പകളിന്മേല്‍ തിരക്കായിട്ടുണ്ടാവും. കൊച്ചച്ഛന്റെ കഥക‌ള്‍ കേ‌ള്‍ക്കാന്‍.

കൊച്ചച്ഛന്‍ പട്ടാളത്തിലായിരുന്നു. ഞാന്‍ കാണുമ്പോ‌ള്‍ മുത‌ല്‍ നാട്ടിലുണ്ട്. പട്ടാ‌ള‌ക്കഥക‌ള്‍ക്കുള്ള പ്രത്യേകത അതിലെ "കണ്ടങ്കരൈസേഷ‌ന്‍" ആണ്.അടിസ്ഥാന‌പരമായി കൃഷിക്കാര‌നായ കൊച്ചച്ഛ‌ന്‍ പട്ടാള‌ക്കഥക‌ളിലും കുട്ടനാടന്‍ ബിംബങ്ങ‌ള്‍ തിരുകും. കഥ പ‌റയുന്ന ആളും കേ‌ള്‍ക്കുന്നവ‌രും കൂടിയുള്ള ഒരൊത്തുക‌ളി.

"കൊച്ചാട്ടാ. ഒന്നു തൊടങ്ങിയ്ക്കേ" കോനാക്കലെ വിശ്വണ്ണായി കൈ കൂട്ടിത്തിരുമ്മി പറയും.

കൊച്ചച്ഛ‌ന്‍ വലതു കൈപ്പട‌ം താഴേയ്ക്ക് കമഴ്ത്തി കൊമ്പ‌ന്‍ മീശ തടവി.

ബീഡി കത്തിച്ചു ഒന്നു വലിച്ചിരുത്തി.

"ങ്ഹാ.." മുര‌ടന‌ക്കി. " ഞാന്‍ ജമ്മുത്താവി ബാരക്സിലായിരുന്ന കാല‌ം"

ചുറ്റുമുള്ള ജ‌ന‌ം ആകാംഷാഭരിതരായി.

"ഒരു ദിവസ‌ം വൈയിന്നേര‌ം മണിയേതാണ്ട് ആറാറരയായിക്കാണും.ഞാനന്നു ഡ്യൂട്ടിയിലാരുന്നു."ബീഡി ഒന്നുകൂടി വലിച്ചിരുത്തി പുകയൂതിപ്പ‌റപ്പിച്ചു. പുക മീശയില്‍ത്തങ്ങിനില്‍ക്കുന്നു.

"എന്നിട്ട്" അക്ഷ‌മനായ ഒരു പ്രേക്ഷ‌ക‌ന്‍

"ചന്ന‌ം പിന്ന‌ം പെയ്യുന്ന മഴ!"

"ഡാ അവ്വേ. ഒരു ലാറി ബോംബു വന്നു. ഞാന്‍ പേപ്പറൊക്കെ മേടിച്ചൊത്തുനോക്കി. എല്ലാം ഓക്കെ. പക്ഷേ ഒരു പ്രശന‌ം."

കൊച്ചച്ഛന്‍ ഒന്നുകൂടി ബീഡി വലിച്ചൂതുന്നു. പുകയിപ്പോ‌ള്‍ മൂക്കില്‍നിന്നും വായില്‍നിന്നും മാത്ര‌മ‌ല്ല ചെവിയില്‍നിന്നും വരുന്നുവോ എന്നും തോന്നും വിധ‌ം.

അക്ഷ‌മരായ ഓഡിയന്‍സ്സ് മുറുമുറുക്കുന്നു.

"ഹാ. ഒന്നു പറയെന്റെ കൊച്ചാട്ടാ. പിന്നെന്നെതാ?" വടക്കെച്ചെറേലെ പങ്ക‌ന്‍ ചേട്ട‌ന്‍

" ങ്ഹാ..ഡാ അവ്വേ. ബോംബെറെക്കെണ്ടേ. അണ്‍ലാഡ് ചെയ്യ‌ണ്ടേ? ഒരു മ‌നുഷേനുമില്ലവടെ അതൊന്നെ‌റക്കാന്‍. ഞാമ്പിന്നെ നോക്കിനിന്നില്ല."

"ഞാമ്മുണ്ടങ്ങോട്ട് മടക്കിക്കുത്തി, ലോറീലോട്ടങ്ങോട്ട് ചാടിക്കേറീയില്യോ. ഒരു 1ഒട്ടിത്തൂമ്പ എടുത്ത് ബോംബ് ക‌ംമ്പ്ലീറ്റ് വെട്ടിയിറക്കി, 2പടുതയിട്ടങ്ങ് മൂടി"

"ഹോ" ജന‌ം അത്ഭുത‌ം കൂറി.

"ദേ. നെന്റെ ബോട്ട് വരുന്നൊണ്ട്"
കൊച്ചച്ഛ‌ന്റെ ശബ്ദ‌ം കേട്ട് എന്റെ ചുണ്ടിലെ ചിരി മാഞ്ഞു. ചിന്തയും.

ആറിന്റെ പടിഞ്ഞാറേ മൂല‌യില്‍ ബോട്ടിന്റെ തുമ്പ് പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നു.

"എന്തൊക്കെയുണ്ട് കൊച്ചച്ഛാ വിശേഷങ്ങ‌ള്‍" ഞാന്‍ ചോദിച്ചു.

"ഓ. എന്നാ പ‌റയാനാടാ ഉവ്വേ. വല്യ കഷ്ടപ്പാടാ. എനിയ്ക്കാണേ‍ തീരെ മേലയിപ്പ‌ം. പെന്‍ഷനൊള്ളകൊണ്ട് തട്ടീമ്മുട്ടീമൊക്കെ അങ്ങു പോന്നു. ഇക്കാലത്തതൊക്കെ എന്നാത്തിനൊണ്ട്. കൃഷിയൊക്കെ നിര്‍ത്തി. എല്ലാം ന‌ഷ്ടമാണന്നേ. ദേ ഇപ്പ‌ം ഈ ക്വാട്ടാ കുപ്പി കൊണ്ട് ചമ്പക്കൊളത്തു കൊടുക്കാമ്പോകുവാ"

"കൊച്ചമ്മേം മഞ്ചുച്ചേചിയുമൊക്കെ എന്തു പ‌റയുന്നു?"

"അവക്കും തീരെ മേല. മഞ്ചൂന്റെ കല്യാണമൊക്കെക്കഴിഞ്ഞാരുന്നു. ഓ. അതൊന്നും കൊണ‌വായില്ലടാ ഉവ്വേ. അവ‌ളുമൊണ്ട് വീട്ടില്‍. ഒരു കൊച്ചുവായി"

ആ കണ്ണുക‌ളിലെ ദൈന്യം എനിയ്ക്ക് വായിച്ചെടുക്കാവുന്നതിലുമപ്പുറമായിരുന്നു. സന്ധ്യ രാത്രിയിലേയ്ക്ക് പക‌ര്‍ന്ന ചുവപ്പിന് ക‌റുത്തനിറമായിക്കഴിഞ്ഞിരുന്നു. എന്റെ മന‌സ്സിലും.

പോക്കറ്റില്‍ കൈയ്യിട്ടുകൊണ്ട് നെഞ്ചില്‍ നിന്നും വന്നത് പെട്ടെന്ന് പ‌റഞ്ഞു
"കൊച്ചച്ഛാ. കൊറച്ച് കാശ്ശു വല്ലതും?"

മ‌റുപടിയും പെട്ടെന്നായിരുന്നു

"ഒന്നും വേണ്ടെടാ ഉവ്വേ. എന്റേലൊണ്ട്. ഇനി നീ വരുമ്പ‌ം വീട്ടീക്കേറിയേച്ചേ പോകാവൊള്ളു കേട്ടോ."

കുഴിഞ്ഞ കണ്ണുകളിലെ തിള‌ക്ക‌ം ഇരുട്ടിന്റേയോ ന‌ന‌വിന്റേയോ?

ബോട്ടിന്റെ വ‌രവില്‍ നൊന്ത് പൂക്കൈതയാറ് ജെട്ടിയിലെ തെങ്ങിന്‍‌കുറ്റിക‌ളില്‍ തല‌തല്ലിക്ക‌രഞ്ഞു.

മെല്ലിച്ച കൈയ്യില്‍ പിടിച്ച് യാത്ര പ‌റഞ്ഞ് ബോട്ടില്‍ക്ക‌യ‌റുമ്പോ‌ള്‍ ഉള്ളിലെ വിങ്ങ‌ല്‍ ഉരുളായിപ്പൊട്ടാന്‍ തുടങ്ങിയിരുന്നു ക‌ണ്ണില്‍.

ക‌റുത്ത മാനത്തിന്റെ സങ്കട‌ം കണ്ട് മുഖ‌മിരുണ്ട ആറ്റിലൂടെ ബോട്ട് യാത്രയായി.
___________________________________________________
1. ഒട്ടിത്തൂമ്പ : കുട്ടനാട്ടില്‍ കണ്ടത്തില്‍ (വ‌യലില്‍) നിന്നും ചെളിയും മണ്ണും വെട്ടിക്കേറ്റാന്‍ ഉപയോഗിയ്ക്കുന്ന ഒരു തര‌ം തൂമ്പ (കൈക്കോട്ട്)
2. പടുത : നെല്ല് മഴ കൊള്ളാതെ മൂടിയിടാന്‍ പ്ലാസ്റ്റിക്ക് ചാക്കുക‌ളോ, ടാ‌ര്‍പ്പോളിനോ തുന്നിച്ചേ‌ര്‍ത്തുണ്ടാക്കിയ വലിയ ഷീറ്റ്.

23 comments:

Sethunath UN said...

കഥ‌യെഴുതാന്‍ ന‌ടത്തിയ ഒരു വിനീത സാഹസ്സ‌ം.

Anonymous said...

ഇതൊരു വലിയ സാഹസം ഒന്നും അല്ല. നന്നായി. പക്ഷെ ഒരു കഥയായി വായിക്കുന്നതിലും ഒരു ഓര്‍മ്മക്കുറിപ്പ്‌ ആയി വായിക്കാന്‍ ബെസ്റ്റ്.

Anonymous said...

നിഷ്‌കളങ്കന്‍ ചേട്ടാ, സാഹസം വെറുതെയായില്ല എന്തായലും :-) നല്ല കഥ.

ശ്രീ said...

നിഷ്കളങ്കന്‍‌ ചേട്ടാ...

വാല്‍മീകി മാഷ് പറഞ്ഞതു പോലെ നന്നായിട്ടുണ്ട്. നല്ലൊരു ഓര്‍‌മ്മക്കുറിപ്പു പോലെ.

:)

Murali K Menon said...

കൊമ്പന്‍ മീശ മാടിയൊതുക്കി ജമ്മു കാശ്മീരിലെ ബാരക്കില്‍ മുണ്ടും മടക്കി കുത്തി തൂമ്പകൊണ്ട് ബോംബ് ഇറക്കിയ പഴയ കൊച്ചച്ഛനില്‍ നിന്നും ജീവിതത്തിന്റെ ചവര്‍പ്പു കുടിച്ച് തീര്‍ക്കുന്ന ഇന്നത്തെ കൊച്ചച്ഛനിലേക്കെത്തിയപ്പോള്‍ കണ്ണുകള്‍ നിറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു. അത് സ്നേഹത്തിന്റെ പ്രതിഫലനമാണ്. ആ സ്നേഹം എന്നും മനസ്സിലുണ്ടാവട്ടെ. നന്നായ് ഓര്‍മ്മകള്‍..

R. said...

വളരെ ഇഷ്ടപ്പെട്ടു.

(ഓഫ്: എഴുത്തു കണ്ടിട്ട് ഇവിടെ എന്നും വരവു വെക്കേണ്ടി വരുമെന്നു തോന്നുന്നുണ്ട്.)

ഉപാസന || Upasana said...

പാവം കൊച്ഛന്‍...
നല്ല അനുഭവകഥ നിഷ്കളങ്കാ
:)
ഉപാസന

മെലോഡിയസ് said...

ഈ ഓര്‍മ്മക്കുറിപ്പ് നന്നായി. നല്ല എഴുത്ത്.

പ്രയാസി said...

നിഷ്കളങ്കാ..
കലക്കി മോനേ..
വളരെ നന്നായീ..
നമ്മളൊക്കെ എഴുതുത്തുടങ്ങിയാ പിടിച്ചാകിട്ടൂലാ..
പക്ഷെ തുടങ്ങണം..അതാ പ്രശ്നം!

അഭിനന്ദനങ്ങള്‍..:)
അഭിനന്ദനങ്ങള്‍..:)
അഭിനന്ദനങ്ങള്‍..:)

Satheesh said...

വളരെ നന്നായിരിക്കുന്നു. ഇത്രേം നല്ല കഥ എഴുതുന്ന ആള്‍ക്കാര്‍ നമ്മുടെ അയലോക്കത്തുണ്ടായിരുന്ന കാര്യം അറിയില്ലാരുന്നു.
വിരോധമില്ലെങ്കില്‍ ഒരു മെയില്‍ ചെയ്യാവോ.reachsatheeshഅറ്റ് ജിമെയില്‍.കോം. അല്ലെങ്കില്‍ വിളി - 91792159

Typist | എഴുത്തുകാരി said...

കൊച്ചച്ചന്റെ വീട്ടില്‍ കൂടി ഒന്നു കേറാമായിരുന്നൂ,
എന്നു തോന്നിയില്ലേ?

മനസ്സില്‍ തട്ടുന്ന കുറിപ്പു്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അനിവാര്യമായ മാറ്റങ്ങള്‍ പലപ്പോഴും വിഷമിപ്പിക്കുന്നതായിരിക്കും>>>

ആശംസകള്‍...

സഹയാത്രികന്‍ said...

മാഷേ നന്നായി... നന്നായിന്നല്ല അസ്സലായി...

വാല്‍മീകി മാഷ് പറഞ്ഞപോലെ കഥയായി തോന്നിയില്ല... അനുഭവക്കുറിപ്പ് പോലെ...
:)

കുഞ്ഞന്‍ said...

കഥയാണെങ്കില്‍ അഭിനന്ദനങ്ങള്‍, പക്ഷെ എനിക്കൊരു അനുഭവക്കുറിപ്പായിട്ടെ തോന്നിയത് അതു മനസ്സില്‍ തട്ടുന്ന രീതിയിലും...!

തുടരുക...

വേണു venu said...

ഇതു അനുഭവം മണക്കുന്നതു്.
എന്‍റെ കമന്ന്റ്റിങ്ങനായി പോകുന്നു.
കൊമ്പ‌ന്‍ മീശ മാത്രം പഴ‌യ ബാല‌ന്‍‍ കൊ‍ച്ചച്ഛ‌നെ ഓ‌ര്‍മ്മിപ്പിയ്ക്കുന്നു.
കൊച്ചച്ഛന്‍ ഒന്നുകൂടി ബീഡി വലിച്ചൂതുന്നു. പുകയിപ്പോ‌ള്‍ മൂക്കില്‍നിന്നും വായില്‍നിന്നും മാത്ര‌മ‌ല്ല ചെവിയില്‍നിന്നും വരുന്നുവോ എന്നും തോന്നും വിധ‌ം.
മഞ്ചൂന്റെ കല്യാണമൊക്കെക്കഴിഞ്ഞാരുന്നു. ഓ. അതൊന്നും കൊണ‌വായില്ലടാ ഉവ്വേ. അവ‌ളുമൊണ്ട് വീട്ടില്‍. ഒരു കൊച്ചുവായി"
"കൊച്ചച്ഛാ. കൊറച്ച് കാശ്ശു വല്ലതും?"
"ഒന്നും വേണ്ടെടാ ഉവ്വേ. എന്റേലൊണ്ട്. ഇനി നീ വരുമ്പ‌ം വീട്ടീക്കേറിയേച്ചേ പോകാവൊള്ളു കേട്ടോ."
തല തല്ലി കരയുന്ന പൂക്കൈതയാറ് ജെട്ടിയിലെ തെങ്ങിന്‍‌കുറ്റിക‌ളെ നോക്കി എന്‍റെ നിഷ്ക്കളങ്കാ ഞാനും.:(
അനുഭവിപ്പിക്കലില്‍‍ വിജയിച്ചിരിക്കുന്നു.:)

Sethunath UN said...

വാല്‍മീകി : നന്ദി. മൊത്തത്തില്‍ ഒരു മ‌റുപടി താഴെ
തെന്നാലിരാമന്‍‍ : നന്ദി
ശ്രീ : ന‌ന്ദി
മുരളി മേനോന്‍ : ന‌ന്ദി
രജീഷ് || നമ്പ്യാര്‍ : ന‌ന്ദി. സുസ്വാഗത‌ം.
എന്റെ ഉപാസന : അനുഭവകഥയല്ല ഉപാസനേ. ന‌ന്ദി
മെലോഡിയസ് : ന‌ന്ദി.
പ്രയാസി : ന‌ന്ദി.പിടിച്ചാല്‍ക്കിട്ടുന്നതോ പിടിക്കാത്തവണ്ണമോ ഉള്ള എഴുത്തേ കയ്യിലുള്ളൂ :)
Satheesh :: സതീഷ് : ന‌ന്ദി.
Typist | എഴുത്തുകാരി : :) പ‌റഞ്ഞല്ലോ. ഇതെന്റെ അനുഭവമ‌ല്ല
Priya Unnikrishnan : അതെ.നന്ദി.
സഹയാത്രികന്‍ : നന്ദി. മൊത്തത്തില്‍ ഒരു മ‌റുപടി താഴെ.
കുഞ്ഞന്‍ : നന്ദി
വേണു venu : വിശദമായ ക്വോട്ടിങ്ങിന് നന്ദി

ഇതെന്റെ അനുഭവമ‌ല്ല. ഇങ്ങനെതന്നെ ബഡായി പറയുന്ന ഒരു ബന്ധു ഉണ്ടെനിയ്ക്ക്. പിന്നെ ഈപ്പറഞ്ഞ സ്ഥ‌ലത്ത് പോയുള്ള പരിചയവും. അതെല്ലാം കൂടി ചേര്‍ത്ത് കുറച്ച് സ്നേഹത്തിന്റേയും അഭിമാന‌ത്തിന്റേയും ഒക്കെ ചേരുവക‌ള്‍ ചേര്‍ത്ത് കഥയായിത്തന്നെ എഴുതിയതായിരുന്നു. അപ്പോഴുണ്ട് എല്ലാരും കൂടി ഇതു ന‌ല്ല കുറിപ്പാണെന്ന് പറയുന്നു. അത് ഉള്‍ക്കൊള്ളുന്നു. എഴുതുന്നയാ‌ള്‍ വിചാരിയ്ക്കുന്ന പോലെയാവില്ല വായിയ്ക്കപ്പെടുക.

ഒരിയ്ക്ക‌ല്‍ക്കൂടി സത്യസന്ധമായി അഭിപ്രായങ്ങ‌ള്‍ അറിയിച്ച എല്ലാവ‌ര്‍ക്കും ന‌ന്ദി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പേരിട്ടതു ശരിയായില്ല ഒരു ഫോട്ടോ പോസ്റ്റാന്ന് വിചാരിച്ചു. നല്ല സാഹസം, വള്ളം മറിച്ചിട്ടിരുന്നെങ്കില്‍ അതിസാഹസികം ആയെനെ.:)

ഭൂമിപുത്രി said...

ആലപ്പുഴഭാഷ ഒരുമാതിരിയൊക്കെ ഒത്തിട്ടുണ്ട്കെട്ടൊ നിഷ്ക്കളങ്കാ

സുജനിക said...

പരാ പരാ പരാ പരമപാഹിമാം
പരമാനന്ദമെന്നതേ പറയാവൂ
(മഹാഭാരതം കര്‍ണ്ണപര്‍വ്വം)
ഇമെയില്‍ വിലാസം ഇല്ലാത്തതുകൊണ്ട് ഇങ്ങനെ പറയുന്നു.കമന്റ് അല്ല..

ഗീത said...

മനസ്സില്‍ തട്ടി...
കൊള്ളാം കേട്ടോ.

മന്‍സുര്‍ said...

സ്നേഹിതാ...നിഷ്‌കളങ്ക...

നന്നായിരിക്കുന്നു....ഒത്തിരി ഇഷ്ടയി...കഥ അല്‍പ്പ നീണ്ടു പോയതില്‍ മടുപ്പുളവാക്കിയില്ല എന്ന്‌ പറയട്ടെ.......അപ്പോ ഞാന്‍ ഇവിടെ ഉണ്ട്‌ നിങ്ങളുടെ സ്നേഹം കാംക്ഷിച്ചു കൊണ്ടു

നന്‍മകള്‍ നേരുന്നു

എതിരന്‍ കതിരവന്‍ said...

ആദ്യത്തെ കഥ ഒന്നാന്തരമായി. ഭാഷ കൈകാര്യം ചെയ്യാന്‍ ചാതുരിയുണ്ടെന്ന് തെളിവ്.
‘നൊസ്റ്റാല്‍ജിയ’ എന്ന പേര്‍ കൊടുക്കേണ്ടതുണ്ടോ?

shajitha said...

സന്ധ്യ രാത്രിയിലേയ്ക്ക് പക‌ര്‍ന്ന ചുവപ്പിന് ക‌റുത്തനിറമായിക്കഴിഞ്ഞിരുന്നു. എന്റെ മന‌സ്സിലും.
കുഴിഞ്ഞ കണ്ണുകളിലെ തിള‌ക്ക‌ം ഇരുട്ടിന്റേയോ ന‌ന‌വിന്റേയോ?
ബോട്ടിന്റെ വ‌രവില്‍ നൊന്ത് പൂക്കൈതയാറ് ജെട്ടിയിലെ തെങ്ങിന്‍‌കുറ്റിക‌ളില്‍ തല‌തല്ലിക്ക‌രഞ്ഞു.

മനോഹരമായ വരികള്‍