Monday, October 22, 2007

സിംഗപ്പൂരിലെ വിശക്കുന്ന പ്രേതങ്ങ‌ളുടെ മാസ‌ം

ആഗസ്റ്റ് പകുതി കഴിഞ്ഞപ്പോ‌ള്‍ മുത‌ല്‍ ശ്രദ്ധിയ്ക്കുന്നതായിരുന്നു. സിംഗപ്പൂരില്‍ എങ്ങോട്ടു തിരിഞ്ഞാലും ആളുക‌ള്‍ കുത്തിപ്പിടിച്ചിരുന്നു പേപ്പ‌‌ര്‍ കത്തിയ്ക്കുന്നു. ഫ്ലാറ്റുക‌ളുടെ താഴെയും റോഡ് സൈഡിലും എല്ലായിടത്തും. ഫ്ലാറ്റുക‌ളുടെ താഴെയും വീടുക‌ളുടെ മുന്നിലും ആഹാര‌സാധന‌ങ്ങ‌ളുടെ പ്രളയം. മുസ്സ‌ംബി, ചോറ്,ചിക്ക‌ന്‍, കൊക്കക്കോ‌ള, മിന‌റ‌‌ല്‍ വാട്ട‌ര്‍ തുടങ്ങി കമ്പ്ലീറ്റ് ഐറ്റ‌ംസ്സും ഉണ്ട്. ഫ്ലാറ്റുക‌ളുടെ താഴെ തുറന്ന സ്ഥ‌ല‌ത്ത് ഇവനെയൊക്കെ അങ്ങു നിരത്തി വെച്ചിരിയ്ക്കുകയാണ്.


ശ്ശെടാ! ഇതൊന്ന‌റിയണമല്ലോ.


ഒരു ദിവ‌സ‌ം നൈറ്റ് ഡ്യൂട്ടിയ്ക്കു പോകുന്നവഴി സ‌ംശയനിവ‌ര്‍ത്തി വരുത്താമെന്ന് കരുതി. നോക്കുമ്പോ‌ള്‍ ഒരു ചൈനീസ് അമ്മൂമ്മ കാര്യമായിട്ട് കത്തിയ്ക്കുന്നു പേപ്പ‌‌ര്‍. കൂടാതെ മെഴുകുതിരിക‌ള്‍ നമ്മുടെ നാട്ടിലെ ആയില്യം പൂജയ്ക്ക് പ‌ന്തം കുത്തിനി‌ര്‍ത്തിയപോലെ കുത്തിനിര്‍ത്തിയിട്ടും ഉണ്ട്.


ഞാന്‍ അമ്മൂമ്മയോട്" ക്ഷമിയ്ക്കണ‌ം മാഡ‌ം.. അല്ല.. ഇതെന്താ ഈ പരുവാടി .. അല്ല ഈ പേപ്പ‌‌ര്‍ കത്തീരെ.."എന്ന് ആംഗലേയത്തില്‍ ചോദിച്ചു.


അമ്മൂമ്മ തിരിഞ്ഞ് നിന്ന് എന്നെയൊരു നോട്ട‌ം. പിന്നെ ഒരക്ഷ‌ര‌ം മിണ്ടാതെ തിരിഞ്ഞു നിന്നു .പിന്നേം കത്തിക്ക‌ല്‍.


"തീയും പുകയും കൊണ്ട് വെല്യമ്മ ഫ്യുസ്സായോ ഫഗവാനേ"എന്നു ചിന്തിച്ച് ഞാന്‍ ചുറ്റും നോക്കി.

എല്ലാടവും പുകയ്ക്കല്‍ തന്നെ. ആരും കണ്ടില്ല.


ഓഫീസ്സില്‍ വെച്ച് എന്നെക്കാളും സിംഗപ്പൂരിലെ‍ വസന്തം മൂന്നാലെണ്ണ‌‌ം കൂടുത‌ല്‍ കണ്ട മലയാളിയായ സെബിയോടു ചോദിച്ചു.


"സെബീ.. ഇതെന്തവാ ഇത്?" അമ്മൂമ്മയുടെ കാര്യവും പ‌റഞ്ഞു.


" ങാ ഹാ. അതറിയില്ലേ?" സെബി പ‌റഞ്ഞു. "ഇനി സെപ്റ്റംബ‌ര്‍ അവസാന‌ം വരെ പ്രേതമാസമാണ് സിംഗപ്പൂരും ഹോങ്കോങ്ങിലും തായ്വാനിലും മലേഷ്യയിലും എല്ലാം. ന‌രകത്തിന്റെ വാതില്‍ തുറന്ന് മരിച്ചു പോയവ‌ര്‍ .. പ്രേതങ്ങ‌‌ള്‍ ജീവിച്ചിരിയ്ക്കുന്നവരുടെ ഇടയിലേയ്ക്ക് വരുന്നു. ജീവിച്ചിരിയ്ക്കുന്നവരില്‍ ആവേശിയ്ക്കാനായി ജീവിച്ചിരിയ്ക്കുന്നവരായി പെരുമാറുന്നു എന്ന് വിശ്വാസ‌ം. കത്തിച്ചു ക‌ള‌യുന്നത് വെറും പേപ്പ‌റല്ല. പേപ്പ‌ര്‍ മണി. പേപ്പ‌‌ര്‍ കറന്‍സ്സി. മരിച്ചുപോയ‌വ‌ര്‍ക്ക് പൈസ്സ കത്തിച്ച് പൊകയാക്കി മേളിലേയ്ക്കെത്തിയ്ക്കുന്ന പരിപാടിയായിത്. എല്ലാ സൂപ്പ‌ര്‍മാ‌ര്‍ക്കറ്റിലും ഈ പേപ്പ‌ര്‍മണി വാങ്ങിയ്ക്കാന്‍ കിട്ടും. ഇതു മാത്രമല്ല. ഫുഡ്ഡും ഉണ്ട്. അതു പ്രേതങ്ങ‌ള്‍ക്ക് കഴിയ്ക്കാന്‍ വേണ്ടി വെച്ചിരിയ്ക്കുന്നു. എന്റെ അയലോക്കത്തുകാര്‍ ഒരു വലിയ അണ്ടാവു നിറയെ ചോറും രണ്ട് നിര്‍ത്തിപ്പൊരിച്ച താറാവിനേം പുറത്ത് മ‌രിച്ചുപോയ‌വ‌ര്‍ക്കായി വെച്ചിട്ടുണ്ടായിരുന്നു. അതു മാത്രമല്ല. സന്ധ്യ കഴിഞ്ഞാല്പ്പിന്നെ ഇവ‌ര്‍ പരിചയമില്ലാത്തവരോട് മിണ്ടുകില്ല. പ്രേതങ്ങ‌ള്‍ ആകാന്‍ ചാന്‍സ്സുള്ളതുകൊണ്ടാണ് മിണ്ടാത്തത്"


ഹെഡാ.. അങ്ങിനെ വ‌രട്ടെ. അതാണ് ലാ അമ്മൂമ്മ എന്നോട് മിണ്ടാഞ്ഞത്. അമ്മൂമ്മയുടെ റ്റാറ്റാ പ‌റഞ്ഞുപോയ വല്യപ്പനോ മറ്റോ ഇന്ത്യാക്കാരനായിട്ട് വന്ന് ന‌മ്പരിടുവാരിക്കും എന്ന് അമ്മൂമ്മ വിചാരിച്ചു കാണും. ശ്ശെടാ. തിന്നാനൊള്ളത് തരുന്നൊണ്ട്. കഴിയാനുള്ളത് കാശുകൊടുത്തു മേടിച്ച് പു‌ക‌ച്ച് മേളിലോട്ട് വിടുന്നുമുണ്ട്. പിന്നേം ഇതിയാനെന്തിനാ എന്നോട് മിണ്ടാന്‍ വരുന്നേ.. എന്നമ്മൂമ്മ വിചാരിച്ചാല്‍ തെറ്റ് പറയാമ്പറ്റുവോ. സ്നേഹമൊക്കെ സ്നേഹ‌ം.മരിച്ചു പോയവരെ ഫോട്ടോയിലല്ലാതെ നേരിട്ട് കാണുന്നതില്‍ ആ‌ര്‍ക്കാണ് താല്പ്പര്യം.


ഈ കാല‌യ‌ളവില്‍ ന‌ല്ല ഒരു കാര്യവും തുടങ്ങുകില്ല ഇവ‌‌ര്‍.പുതിയ ബിസ്സിനസ്സ്, കല്യാണ‌ം, വീട് വാങ്ങ‌ല്‍, കയറിത്താമ‌സ്സിക്ക‌ല്‍.. ഒന്നും. പിന്നെ ഈ സമയത്ത് ഇവ‌ര്‍ വെള്ളത്തില്‍ക്ക‌ളി, നീന്ത‌ല്‍ ഇതൊക്കെ ഒഴിവാക്കും. പ്രേതങ്ങ‌ളെപ്പേടിച്ചു തന്നെ. യഥാ‌‌‌ര്‍ത്ഥത്തില്‍ ചില ബിസ്സിന‌സ്സ് വിഭാഗങ്ങ‌‌ളെ ഇതു കാര്യമായിത്തന്നെ ബാധിയ്ക്കും.


"ഹോ ഈ ചൈനാക്കാര് ഭ‌യങ്ക‌ര അന്ധവിശ്വാസിക‌ളാ." ഞാന്‍ അടുത്തദിവ‌സ‌ം ഭാര്യയോട് പ‌റഞ്ഞു.


സെബി പറഞ്ഞ കാര്യങ്ങ‌ള്‍ പ‌റഞ്ഞു കൊടുത്തു."അതു ശരി. അപ്പോ‌ള്‍പ്പിന്നെ ന‌മ്മ‌ളോ? മല‌യാളിക‌‌ള്‍ ഇതിലെന്തിലെങ്കിലും മോശമാണോ" ഭാര്യ ചോദിച്ചു.


"എന്നാലും മല‌യാളിക‌‌ള്‍ ഇത്രയ്ക്കും വലിയ അന്ധവിശ്വാസിക‌ളൊന്നുമല്ല" ഞാന്‍


"ഹ. കൊള്ളാം.അന്ധവിശ്വാസ‌ം എന്നു പ‌റയേണ്ട. വിശ്വാസ‌ം എന്നു പറഞ്ഞാല്‍ മതി. ഇവര് പേപ്പ‌‌ര്‍ മേടിച്ച് കത്തിച്ച് ക‌ളയുന്നു. നമ്മ‌ള് തേങ്ങ, നെയ്യ് തുടങ്ങി നല്ല വെലയൊള്ള ഐറ്റംസ് ഹോമത്തിനും മ‌റ്റും എടുക്കാറില്ലേ. പിന്നെ ആഹാര‌ം. ന‌മ്മ‌ള്‍ മരിച്ചുപോയവ‌ര്‍ക്ക് തൈരുചേ‌‌ര്‍ത്തുരുട്ടിയ ചോറുകൊടുക്കുമ്പോ‌ള്‍, ഇവിടെ മരിച്ചുപോയ‌വ‌ര്‍ക്കെന്തൊക്കെ ഇഷ്ടമായിരുന്നുവോ അതെല്ലാം കൊടുക്കുന്നു. അത്രയേ ഉള്ളൂ"


ഭാര്യ പ‌റഞ്ഞു."ശ്ശെടാ. ശരിയാണല്ലോ. എടി നീ ഒരു ഭയങ്ക‌ര പുള്ളിപ്പുലിയാകുന്നു"" ഞാന്‍ പ‌റഞ്ഞു.


ശരിയാണ്. ഞാന്‍ ക‌ലണ്ടറില്‍ നോക്കിയപ്പോ‌ള്‍ ആഗസ്റ്റ് പന്ത്രണ്ട് ക‌ര്‍ക്കിടകവാവായിരുന്നു. ലക്ഷക്കണക്കിനാളുകളാണ് കേര‌ളമൊട്ടുക്കും പരേത‌ര്‍ക്ക് വേണ്ടി ബലിയിട്ടത്.എത്ര ദൂരെക്കിടക്കുന്ന രണ്ടു രാജ്യങ്ങ‌‌ള്‍. ഒരേ സമ‌യത്ത് സമാന‌മായ ആചാരങ്ങ‌‌ള്‍. ഓ‌ര്‍ത്താല്‍ വിസ്മ‌യ‌ം.


എന്റെ ഹിപ്പോക്രസ്സിയെ ഞാന്‍ പഴിച്ചു. എനിയ്ക്കെന്തും ചെയ്യാം വിശ്വസിയ്ക്കാം പക്ഷേ വേറൊരുത്ത‌ന്‍ ചെയ്യുന്ന ക‌ണ്ടാല്‍ ഞാന്‍ അന്ധവിശ്വാസം, കുന്ത‌ം, കൊടച്ചക്രം എന്നൊക്കെപ്പറഞ്ഞുക‌ളയും."ഇതു ശരിയല്ലെടേ. നേരെയാവാന്‍ നോക്ക്" ഞാന്‍ എന്നോടു തന്നെ പ‌റഞ്ഞു.


"പ്രിയഭാര്യേ. ന‌മസ്തുഭ്യം." അഭിമാന‌ത്തോടെ എന്റെ വണക്കം സ്വീകരിച്ചു പുള്ളിപ്പുലി പോയി.


അടുത്തദിവ‌സം ഡ്യൂട്ടിയ്ക്കു പോകാനായി ബസ്റ്റോപ്പിലേയ്ക്ക് ന‌ടക്കുമ്പോ‌ള്‍ ഞാന്‍ കേട്ടു


"എക്സ്ക്യൂസ്സ് മീ"


തിരിഞ്ഞു നോക്കി. ഒരു മല‌യ് (മലേഷ്യാക്കാരന്‍) ആണ്.


" ക്കു യു പ്ലീ ട്ടെ മ്മീ വ്വെ ഈ ബ്ലോ 203" ( Could you please tell me where is block 203?)


ഇതാണ് മ‌ക്ക‌ളേ സാക്ഷാല്‍ സിംഗ്ലീഷ് . സിംഗപ്പൂ‌ര്‍ ഇംഗ്ലീഷ്. ചൈനീസ് ചുവയുള്ള ഇംഗ്ലീഷ്.


ഞാനൊന്നു നോക്കി. സമ‌യ‌ം സന്ധ്യ കഴിഞ്ഞിരിയ്ക്കുന്നു.

ചിന്തിച്ചു.

"ദൈവമേ ഇത് മരിച്ചു പോയ എന്റെ വകേലൊള്ള ആരേലുമാണോ.. അതോ വല്ല ചൈനീസ്സ് "യുങ്ങ് യുങ്ങ്" വലിയമ്മാവനും മലയാക്കാരന്റെ വേഷത്തില്‍ എന്നെ ബാധിയ്ക്കാന്‍ .. ഛായ് ...അങ്ങനെയൊന്നുമാവില്ലെന്നേ"


പെട്ടെന്ന് ബ്ലോക്ക് 203 ലേയ്ക്കുള്ള വഴി പ‌റഞ്ഞുകൊടുത്തിട്ട് ഞാന്‍ നടന്നു....തിരിഞ്ഞു നോക്കാതെ.


എനിയ്ക്ക് പേടിയൊന്നുമില്ല.പിന്നെ.. ഒരു...പേടിയില്ലാത്തതിന്റെ കാര്യമായ കുറവ്. ങ്ങാ.. അത്രേ ഒള്ളൂ.


വാല്‍ക്കഷ‌ണ‌‌ം :
ഇതു വായിച്ചിട്ട്, പുള്ളിപ്പുലി പ്രാ‌ര്‍ത്ഥിയ്ക്കുന്നു
"യുങ്ങ് യുങ്ങ്" അമ്മാവന്മാരെ .. ഇങ്ങേ‌ര്‍ക്ക് കുഴപ്പമൊന്നും വരുത്തല്ലേ. നിങ്ങ‌ളേപ്പറ്റിയ‌റിയാത്തവ‌ര്‍ക്കു വേണ്ടി ബ്ലോഗ്ഗെഴുതിയതാണെ.

പിന്നേ...... അമ്മാവന് വേറെ ഒരു പണിയും ഇല്ലല്ലോ. എന്റെ ബ്ലോഗ്ഗ് വായിയ്ക്കാനേ..

പോസ്റ്റിട്ടത് നിഷ്ക്കളങ്കന്‍ at 3:10 AM
Labels: Nostalgia ,

9 അഭിപ്രായങ്ങള്‍:
നിഷ്ക്കളങ്കന്‍ said...
സിംഗപ്പൂരിലെ വിശക്കുന്ന പ്രേതങ്ങ‌ളുടെ മാസത്തെപ്പറ്റി ഒരു പോസ്റ്റ്..
October 21, 2007 9:35 AM

Balu said...
ഡിസംബറില്‍ ഒരു സിന്‍-കെ എല്‍ പരിപാടി പ്ലാന്‍ ചെയ്തതാണേ.പ്രേതങ്ങള്‍ പ്രശ്നമുണ്ടാക്കുമോ നിഷ്കളങ്കാ?നന്നായിട്ടുണ്ട്‌ കെട്ടോ.
October 21, 2007 9:53 AM

കൊച്ചുത്രേസ്യ said...
കൊള്ളലോ . പുതിയൊരറിവ്‌. പാവം പ്രേതങ്ങളെ പറ്റിക്കാനായിട്ട്‌ പേപര്‍ കറന്‍സി പോലെ ആ ഭക്ഷണവും ഡ്യൂപ്ലികേറ്റായിരിക്കുമോ?? അതറിഞ്ഞിട്ടു വേണം സിംഗപ്പൂര്‍ക്കുള്ള അടുത്ത ബസ്സു പിടിക്കാന്‍..
October 21, 2007 9:53 AM

മന്‍സുര്‍ said...
നിഷ്‌ങ്കളങ്കാ........നന്നായിരിക്കുന്നു ഈ അനുഭവകഥ.....അങ്ങിനെ മനസ്സില്‍ കത്തിച്ചിട്ട മറ്റു കഥകളും പോരട്ടെ...കാത്തിരിക്കുന്നു....നന്‍മകള്‍ നേരുന്നു
October 21, 2007 11:20 AM

വാല്‍മീകി said...
ഹഹഹ... അത് കലക്കി. ഇപ്പോഴും നോര്‍മല്‍ ആണല്ലോ അല്ലെ?
October 21, 2007 12:16 PM

സഹയാത്രികന്‍ said...
ഇത് പുതിയൊരറിവാ മാഷേ...നമുക്കും ഉണ്ടല്ലോ ഇതുപോലൊരു ദിവസം ‘ഇരുപത്തെട്ടുച്ചാല്‍‘ എന്നോ മറ്റോ പറയണ കേട്ടിരിക്കണൂ...
ഇത് തന്നെയാണോ താങ്കള്‍ പറഞ്ഞ ഈ ‘കര്‍ക്കിടകവാവ്‘ എന്നും സംശയമുണ്ട്...:)
October 21, 2007 1:36 PM

ശ്രീ said...
“പിന്നെ.. ഒരു...ങ്ങാ.. അത്രേ ഒള്ളൂ.”ഹിഹി:)
October 21, 2007 9:02 PM


പ്രയാസി said...
കൊള്ളാം നിഷ്കളങ്കാ ഇതൊരു പുതിയ അറിവാണല്ലൊ.!
അവിടുത്തെ ഭക്ഷണം നല്ല ടേസ്റ്റി ആണൊ..!?
കേട്ടിട്ടു കൊതി ആവണു..പ്രേതമാകണമെങ്കില്‍ സിംഗപ്പൂരിലെ പ്രേതമാകണം..
ഓ:ടോ:‌- ഇനി അതുങ്ങള്‍ക്കു ഒന്നും കിട്ടില്ല..!ഒരാള്‍ ബാന്‍ഗ്ലൂര്‍ ബസ്സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന കണ്ടു സിംഗപ്പൂരിലേക്കുള്ള ബസ്സും കാത്ത്..:)എസ്കേപ്പ്.
October 22, 2007 7:27 AM

കുതിരവട്ടന്‍ :: kuthiravattan said...
കൊള്ളാം.
October 22, 2007 1:44 PM

18 comments:

Sethunath UN said...

Balu : ചുമ്മാ പോരെന്നേ.നമുക്കു മാനേജ് ചെയ്യാം :)
കൊച്ചുത്രേസ്യ : ഭക്ഷ‌ണ‌ം ഒറിജിന‌ല്‍. :) എന്നാണ് സിംഗപ്പൂര്‍ക്ക്?
മന്‍സുര്‍ : നന്ദി
വാല്‍മീകി : ആരാ .. എന്താ .. :) ചുമ്മാ.... തിക‌ച്ചും നോ‌ര്‍മ‌ല്‍
സഹയാത്രികാ : ആയിരിയ്ക്ക‌ണ‌ം മാഷേ. പക്ഷേ ഇതു പൊതുവേ ‘കര്‍ക്കിടകവാവ്‘ എന്നു തന്നെയാണെന്നാണ് എന്റെ ധാര‌ണ. ആലുവാ മ‌ണപ്പുറത്തും മറ്റും ബലിയിട‌ല്‍ ന‌ടക്കുന്ന ദിവ‌സ‌ം.
ശ്രീക്കുട്ടാ : നന്ദി
പ്രയാസീ : ചൈനീസ്സ് എന്നു കേട്ട് ഭക്ഷ‌ണ‌ം കേമ‌ം എന്നു കരുതേണ്ടാ. വായ് മൂക്കിനുതാഴെത്തന്നെ എന്നൊരു സ‌ംശ‌യം തോന്നും ചില ചൈനീസ്സ് വിഭവങ്ങ‌ള്‍ കണ്ടാല്‍.

Sethunath UN said...

കുതിരവട്ട‌ന്‍ : നന്ദി

മൂര്‍ത്തി said...

:)ആദ്യമായിട്ട് കേള്‍ക്കുകയാണ്

ഹരിശ്രീ said...

കൊള്ളാം.

ആശംസകള്‍

ബാജി ഓടംവേലി said...

എന്തോ ശബ്‌ദം കേട്ടതു പോലെ, ഞാന്‍ ചുറ്റും നോക്കി , ഇല്ല ആരേയും കാണാനില്ല.
ഞാന്‍ വലതു കൈ കൊണ്ട് ഇടതു കൈയില്‍ നുള്ളി നോക്കി. ഓ വേദനയുണ്ട്. കുഴപ്പമില്ല.
നന്നായിരിക്കുന്നു

ത്രിശങ്കു / Thrisanku said...

ലെവന്മാരുടെ പേപ്പര്‍ കത്തിപ്പ്, സ്ഥിരം പരിപാടി അല്ലേ?.
പിന്നെ ലെവന്മാര് ബുദ്ധ മതവിശ്വാസികളായതു കൊണ്ട് ഹിന്ദു ആചാരങ്ങളുമായി സാമ്യമുണ്ടാവാം.

സു | Su said...

പറഞ്ഞത് നന്നായി. വേണ്ടതൊക്കെ ആദ്യമേ പറഞ്ഞ് വെച്ച് ചാവാലോ. സിംഗപ്പൂരില്‍ ആഘോഷിക്കുന്നതൊക്കെ ഇവിടേം ആഘോഷിക്കാം. അല്ലേ?

Kaithamullu said...

വായിച്ച് വായിച്ച് അടിക്കുറിപ്പിലെത്തിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി:
( ഒരു മഹാമനസ്കന്‍.....)

അയ്യോ, പ്രേതം....
ഓ, അത് ഞാന്‍ തന്നെയാണല്ലേ?
നിഷ്...ക്കളങ്കാ!

സാബു ജോസഫ്. said...

ഏതായാലും പ്രേത മാസത്തില്‍ സിംഗപ്പൂര്‍ക്കു വണ്ടി പിടിക്കാം എന്നു തോന്നുന്നു.
ഇനിയും ഇതുമാതിരി നല്ല വല്ല ആചരങ്ങള്‍ വല്ലതും ഏതെങ്കിലും നാടുകളില്‍ ഉണ്ടോ ആവോ...?

Murali K Menon said...

അപ്പോ നമ്മടെ ആള്‍ക്കാരു അവടേം ഇണ്ട് അല്ലേ? അതു കൊള്ളാം.

പിന്നെയൊരു കാര്യം നാടും, ഭാഷയും, വേഷവും മാത്രമേ മാറ്റമുള്ളുവെന്നും എല്ലാരും വിശ്വാസത്തിലൊറ്റക്കെട്ടാണെന്നും ലോകം ചുറ്റിയ ഒരാളെന്ന നിലയില്‍ ആരോ പറഞ്ഞീട്ടുണ്ട്. ശരി, അടുത്തത് പോരട്ടെ.

Sherlock said...

:)

പ്രേതമാസം..കൊള്ളാം ..പുതിയ അറിവാണ്.

Sethunath UN said...

മൂര്‍ത്തി : നന്ദി
ഹരിശ്രീ : നന്ദി
ബാജി : :) നന്ദി
ത്രിശങ്കു : നന്ദി
സു | Su : ശ്രമിച്ചു നോക്കാവുന്ന‌താണ്. :) നന്ദി
kaithamullu : കൈതമുള്ള് : :) താങ്ക്യൂ അമ്മാവാ :)
Saboose : ഒരുപാടു കാണ‌ണ‌ം. നന്ദി
മുരളി മേനോന്‍ : നന്ദി
ജിഹേഷ് : നന്ദി

തെന്നാലിരാമന്‍‍ said...

അപ്പൊ മരിച്ചു കഴിഞ്ഞ്‌ പ്രേതമായിട്ട്‌ സിങ്കപ്പൂരിലേക്കു തന്നെ പോകാം. നിഷ്കളങ്കന്‍ ഭായ്‌, ഈ പുതിയ അറിവിനു നന്ദി.

വാണി said...

നന്നായിരിക്കുന്നു...

ആശംസകള്‍..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഈ ഭക്ഷണം റോഡിലാണോ കൊണ്ടിടുന്നേ. പ്രേതങ്ങള്‍ക്കു വയറ്റിലസുഖം പിടിക്കില്ലേ?

ഓടോ: വേഡ് വെരി ഇന്നലെ ഇട്ടതാ സ്പാം കമന്റ് കളയാനേ നേരമുള്ളൂ അതാ. പുതിയ സ്പാം ഭീഷണി ബൂലോഗത്തൂന്ന് പോയാല്‍ തിരിച്ച് മാറ്റാം.

കുറുമാന്‍ said...

എന്റെ അയലോക്കത്തുകാര്‍ ഒരു വലിയ അണ്ടാവു നിറയെ ചോറും രണ്ട് നിര്‍ത്തിപ്പൊരിച്ച താറാവിനേം പുറത്ത് മ‌രിച്ചുപോയ‌വ‌ര്‍ക്കായി വെച്ചിട്ടുണ്ടായിരുന്നു - വായിക്കാന്‍ വൈകിപോയി....ദൈവമേ സിങ്കപൂരിലെങ്ങാനും ജോലിയായിരുന്നേല്‍ ഒരു മാസം ഭക്ഷണം വക്കാതെ ഇതീന്നൊക്കെ മാന്തിയെടുത്തഡ്ജസ്റ്റ് ചെയ്യാമായിരുന്നു.

ഭക്ഷനം മാത്രമേ വക്കൂ? സ്മാള്‍/ലാര്‍ജ്/ബിയര്‍/ചമ്പാഗ്നേ ഒന്നും വക്കില്ലെ....കണ്ട്രി ചൈനീസ് :)

Sethunath UN said...

തെന്നാലിരാമന്‍‍ : ധൈര്യമായി പോരുക.
എന്റെ കിറുക്കുകള്‍ : നന്ദി.
കുട്ടിച്ചാത്തന്‍: പ്രേതങ്ങ‌ള്‍ക്കെന്തോന്ന് സ്ഥ‌ല‌ം നോട്ട‌ം ചാത്താ. ന‌മ്മ‌‌ള്‍ ചാണ‌ക‌ം മെഴുകി അതില‌ല്ലേ ബലിച്ചോറ് ഫിറ്റ് ചെയ്യുന്നത്.
ന‌ന്ദി.
കുറുമാനേ : പ‌റയാന്‍ വിട്ടുപോയതാ. സ്മാ‌ളും ലാ‌ര്‍ജ്ജും ഒക്കെയുണ്ട് നിവേദ്യമായി. :) അപ്പൊ അടുത്ത ആഗസ്റ്റില്‍ ഇവിടെ കാണാം. യേത്. ;)

എതിരന്‍ കതിരവന്‍ said...

ബ്ലോഗായ ബ്ലോഗായ പൊസ്റ്റിലൊക്കെ തേങ്ങാ ഉടയ്ക്കുന്നവരോട് അന്ധവിശ്വാസത്തെക്കുറിച്ച്......