Thursday, October 4, 2007

ഹോ‌ര്‍ലിക്സുപ്പുമാവ്

രാവിലെ ഓഫീസ്സിലേയ്ക്കി‌റ്ങ്ങുമ്പോ‌ള്‍ മോളുടെ ചോദ്യം.

"അച്ചാ... അച്ച ഓപ്പിച്ചിപ്പോവ്വാണോ?"

"അതെ. ഓഫീസ്സിപ്പോകുവാ"

"എനിയ്ക്ക് ഹൊല്ലിച്ചു മേടിച്ചൊണ്ടു വ‌രുവോ"

ഞാന്‍ അപ്പോഴോ‌ര്‍ത്തു. ഇന്ന‌ലെ ഭാര്യ ‌പ‌റഞ്ഞിരുന്നു, മോ‌ള്‍ക്ക് ഹോ‌ര്‍ലിക്സ് മേടിയ്ക്ക‌ണം എന്ന്.

"കൊതിച്ചിപ്പാറൂ... മേടിച്ചോണ്ടു വരാം കേട്ടോ" അവ‌ളുടെ കവി‌ള‌ത്ത് ചെറുതായി നുള്ളിക്കൊണ്ട് പ‌റഞ്ഞ് ഞാനി‌റങ്ങി.

വൈകുന്നേ‌ര‌ം സൂപ്പ‌ര്‍മാ‌ര്‍ക്കറ്റില്‍ നിന്നും ഹോ‌ര്‍ലിക്സ് എടുത്ത് പൈസ കൊടുക്കാനായി കാഷ്യര്‍ കൗണ്ടറിലേയ്ക്ക് ന‌ടക്കുമ്പോ‌ള്‍ ഇരുപ‌ത്ത‌ഞ്ചുകൊല്ലം മുമ്പു‌ള്ള ഒരു പതിനൊന്നുവ‌യസ്സുകാരന്റെ .. എന്റെ.. ഹോ‌ര്‍ലിക്സ് പ്രേമം എന്റെ മ‌ന‌സ്സിലേയ്ക്കോടി വ‌‌ന്നു.
. . . . . . . . . . . . . . . . . . . . .

എന്നും രാവിലെ കട്ട‌ങ്കാപ്പിയ്ക്കാത്തും പിന്നെ പാലിലും ഹോ‌ര്‍ലിക്സിട്ടു തരും അമ്മ.

അടുക്ക‌ളേടെ ക‌രിപിടിച്ച വടക്കേ ഷെല്‍ഫിന്റെ ഏറ്റോം മേളിലൊള്ള തട്ടേലാ ഹോ‌ര്‍ലിക്സു കുപ്പി. അമ്മ കാപ്പീലോ പാലിലോ ഇട്ട് ത‌രാന്‍ നേര‌ത്ത് ചെന്നു ചോദിയ്ക്കും.

"അമ്മേ ഇച്ചിരി തിന്നാന്‍ ത‌രാവോ?"

"ഇന്നാ" എന്നും പ‌റഞ്ഞ് ഒരു ശകല‌മേ അമ്മ ത‌രൂ. അതാണേല്‍ മൂന്നു ന‌ക്കു ന‌ക്കിക്കഴിയുമ്പോ‌ള്‍ തീ‌ര്‍ന്നുമ്പോകും.

അമ്മക്കിച്ചിരീങ്കൂടിത്തന്നാലെന്താ.

എന്തൊരു സ്വാദാ ഇതിനു. ഹൊ.. ഇങ്ങ‌നെ പാലിലും കാപ്പീലുമൊക്കെ ക‌ല‌ക്കി കുടിക്കാന്‍ ഇഷ്ട‌മാണേലും ...ഒരു സുഖവില്ല. അല്ല.. പോരാ.

ഇനീമ്മേണം.

ഈ ദോശേം ഇഡ്ഡലീം ചോ‌റുമൊന്നും വേണ്ടാരുന്നു.

ചുമ്മാ ഹോ‌ര്‍ലിക്സു ത‌ന്നാ മ‌തിയാരുന്നു
.........

അമ്മേ ഇന്നു കാപ്പിക്കെന്തവാ ക‌ഴിയ്ക്കാന്‍?

വ‌റുത്ത റ‌വ ഉപ്പും നെയ്യും ക‌റിവേപ്പിലേം കൂടിക്ക‌ലങ്ങിയ വെള്ളത്തിലോട്ടിട്ടോണ്ട് അമ്മ പ‌റഞ്ഞു.

"ഉപ്പുമാവ്"

ഈയമ്മ‌യ്ക്ക് റ‌വയെടുത്തു ക‌ള‌ഞ്ഞേച്ച് പക‌ര‌ം ഹോ‌ര്‍ലിക്സിട്ട് ഉപ്പുമാവൊണ്ടാക്കമ്മേലേ?

ഹോ! ഹോ‌ര്‍ലിക്സുപ്പുമാവ് ! ഓര്‍ത്തിട്ട് തന്നെ...

അല്ലേല്‍ ഹോ‌ര്‍ലിക്സു കൊണ്ട് പുട്ടൊണ്ടാക്കാമ്മേലെ?ശ്ശോ!

"സിക്സ് ഡോളസ്സ് ഫിഫ്റ്റി സെന്റ്സ്" കാഷ്യറുടെ ശബ്ദ‌ം എന്നെ ഓ‌ര്‍മ്മ‌ക‌ളില്‍ നിന്നും തിരികെ വിളിച്ചു.

കാശുകൊടുത്തിറങ്ങുമ്പോ‌ള്‍ ഞാന്‍ ഹോ‌ര്‍ലിക്സിന്റെ കുപ്പിയിലേയ്ക്കൊന്നു കൂടി നോക്കി.

ഇപ്പോളിതിനോടൊന്നും ഒരു കൊതിയും തോന്നുന്നില്ല. അതെന്താണോ എന്തോ. ഓരോ സ‌മ‌യത്ത് ഓരോന്ന്.

നി‌റഞ്ഞ കൊതിയുമായി കാത്തിരിക്കുന്ന ഒരു കുഞ്ഞുമുഖ‌ം മനസ്സിലോ‌ര്‍ത്തപ്പോ‌ള്‍ ... ചിരി വന്നു... സ്നേഹ‌ം വന്നു.

16 comments:

കുഞ്ഞന്‍ said...

തീര്‍ച്ചയായും ആ നിഷ്കളങ്ക കുഞ്ഞിനു ഇനി ഓര്‍ലിച്ച് ഉപ്പ്മായും ഓര്‍ലിച്ച് പുട്ടും കഴിക്കാലൊ, എന്തായാലും നമുക്കു പറ്റിയില്ല അപ്പോള്‍ കുഞ്ഞിലൂടെ അത് പൂര്‍ത്തിക്കരിക്കട്ടേ..

ഞാനുമൊരു കുഞ്ഞായതുപോലെ...അല്ല കുഞ്ഞുതന്നെയാണ്..!

മെലോഡിയസ് said...

ഞാനും ഇതേ പോലെ പണ്ട് മാതാശ്രീയോട് പറയും. എനിക്ക് ഹോര്‍ലിക്സ് പാലില്‍ ഒന്നും ഇട്ട് തരണ്ടാന്ന്..എന്നെയും ആ പഴേ ഓര്‍മ്മയിലേക്ക് ഒന്നു ഫ്ലാഷ് ബാക്ക് അടിപ്പിച്ചൂട്ടാ..

നാളെ ഒരു കുപ്പി ഹോര്‍ലിക്സ് വാങ്ങിയാലോന്ന് ഒരു ചിന്ത ഇല്ലാതില്ല ;)

മയൂര said...

ചെറ്റുതിലെ ഹോര്‍ലിക്സ് മോഷ്ടിച്ച് [ചോദിച്ച് വാങ്ങണ ശീലം അന്നേ ഇല്ലായിരുന്നു;)]തിന്നിട്ട്, ഈ വീടു മുഴുവനും ഹോര്‍ലിക്സ് ആയിരുന്നെങ്കില്‍ എന്നു പരസ്പരം പറഞ്ഞിരിക്കുന്ന ഓര്‍മ്മയാണ് ഇത് വായിച്ചപ്പോള്‍ ഓര്‍മ്മവന്നത്..:)

മൂര്‍ത്തി said...

:) nostalgia..nostalgia..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കയ്യിലിട്ടു തരുന്ന ഹോര്‍ലിക്സ് ഒരു നക്കലിനു തന്നെ പകുതി ഭാഗം കട്ടപിടിക്കും ഇല്ലെ?

ഗിരീഷ്‌ എ എസ്‌ said...

നന്നായിട്ടുണ്ട്‌
അഭിനന്ദനങ്ങള്‍

സഹയാത്രികന്‍ said...

ഓര്‍മ്മകളിലേക്ക് ഒരു യാത്ര...

ഈകൂട്ടത്തില്‍ ചെറുപ്പത്തില്‍...
ഓര്‍ലീച്ചിനോട് ഇസ്റ്റല്ല്യാത്തത് എനിച്ച് മാത്തരാ.... നാന്‍ ബോംവിറ്റ്യാ കയിച്ചേര്‍ന്നേ....
:)

മാഷേ ... എന്താ മോളുടെ പേരു... ഇതു വരെ പറഞ്ഞില്ല്യാന്നു തോന്നണൂ...

പ്രയാസി said...

ആദ്യമൊരു കുഞ്ഞുണ്ടാകട്ടെ!
അതിനു മേടിച്ചു കൊടുക്കണം
നമ്മുടെ കുട്ടിക്കാലത്തു ഹോര്‍ളിക്സിനു പകരം
കഞ്ഞി വെള്ളവും കട്ടന്‍ ചായയുമായിരുന്നെ...:)

സുജനിക said...

ഹോര്‍ലിക്ക് കട്ടുതിന്നിട്ട് അണ്ണാക്കില്‍ ഒട്ടിപ്പിടിച്ച്....എന്തൊക്കെ കാട്ടി ....അമുല്‍ പാല്‍പ്പൊടിം പന്‍ചാരയും ഹൊര്‍ലിക്കുംകൂട്ടി ഒരല്‍പ്പം പാലും ചേര്‍ത്തു കുഴച്ചു ഇങ്ങനെ വാരി വാരി ത്തിന്നുക.....

ശ്രീ said...

ഹോര്‍‌ലിക്സുപ്പുമാവ് കലക്കി, നിഷ്ക്കളങ്കന്‍‌ ചേട്ടാ...
കുഞ്ഞുന്നാളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി.
കുഞ്ഞായിരുന്നപ്പോള്‍‌ ഞാനും ചേട്ടനും പറയുമായിരുന്നു, ഇതു പോലൊക്കെ. ഒപ്പം ഒരു ആത്മഗതവും... വലുതായി ജോലിയൊക്കെ കിട്ടീട്ടു വേണം ഒരു മുറി നിറയെ ഹോര്‍ലിക്സും ബൂസ്റ്റും മറ്റും വാങ്ങി വയ്ക്കാനെന്ന്...
:)
പഴയ ഓര്‍‌മ്മകളിലേയ്ക്കൊരു മടങ്ങിപ്പോക്കിനു സഹായിച്ചു, ഈ കൊച്ചു പോസ്റ്റ്... നന്ദി.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

nishkalamaaya oru horlicks premam.. :)
kollam

തെന്നാലിരാമന്‍‍ said...

ഹോര്‍ലിക്സ്‌ കൊണ്ട്‌ ഉപ്പുമാവ്‌...അതു കൊള്ളാമല്ലോ മാഷേ...:-)
നന്നായീട്ടോ...

Satheesh said...

horlicks ഉപ്പുമാവിന്റെ Recipe ഒന്നിടൂ മാഷേ!
ഹോര്‍ലിക്സ് ആദ്യമായി കണ്ടത് Engineering ന്‍ പഠിക്കുമ്പോള്‍ INS വിരാട് എന്ന കപ്പലില്‍ ഒരു ട്രെയിനിംഗിന് പോയപ്പോള്‍ ആയിരുന്നു. വെറുതേ കിട്ടിയപ്പോള്‍ തിന്നതിന്‍ കണക്കില്ലാരുന്നു.. അതേപോലെ പിറ്റേ ദിവസം ബാത്റൂമിലേക്ക് ഓടിയതിനും! :)..

Murali K Menon said...

ഹോര്‍ലിക്സിന്റെ നെറമെന്താ അച്ഛാ, കുട്ടി ചോദിച്ചു.
കുട്ടിക്കാലത്തു ഒരുപാടു കുടിച്ച ഓര്‍മ്മ മനസ്സില്‍ വെച്ചുകൊണ്ട് നിഷ്ക്കളങ്കമായ് പറഞ്ഞു,
“പച്ച”

എന്തായാലും താങ്കളുടെ ഓര്‍മ്മകളിലെ വെളുത്തതും സ്വാദുള്ളതുമായ ഹോര്‍ലിക്സു സ്വാദു നോക്കാന്‍ ഭാഗ്യമില്ലാത്തതിനാല്‍ അസൂയ മൂത്ത്
ചിന്താവിഷ്ടയായ ശ്യാമളയില്‍ നിന്ന് കടമെടുത്ത് എഴുതിയതാണ്

Sethunath UN said...

കുഞ്ഞന്‍ : താങ്ക‌ള്‍ കുഞ്ഞു തന്നെ. ന‌ന്ദി!
മെലോഡിയസ് : മേടിയ്ക്കൂ പ്ലീസ്സ്. ഇപ്പോഴും കൊതിയുണ്ടോ? :)
മയൂര : അത്ത‌ര‌ം കട്ടുതിന്ന‌ല്‍ ഒരു സുഖം തന്നെയായിരുന്നു. ഇന്നത്തെ പിള്ളെര്‍ അടുക്ക‌ളേന്ന് കട്ടു തിന്നാനും അറിയാമ്മേല. ന‌ന്ദി!
മൂര്‍ത്തി : അതെ മൂ‌ര്‍ത്തി. nostalgia.. :)
കുട്ടിച്ചാത്തന്‍ : ചാത്താ.. .You said it. ശരിയാ. കട്ടപിടിയ്ക്കും. പിന്നെ നേര‌ത്തത്തെ അത്രേം സ്പീഡില്‍ തീരില്ല. :) ന‌ന്ദി!
ദ്രൗപതി : ന‌ന്ദി!
സഹയാത്രികാ : ബോം‌വിറ്റ കൊണ്ടും ഉപ്പുമാവുണ്ടാക്കാമേ... :)
പ്രയാസി : ചുമ്മാ മേടിച്ചു കൊടു മാഷെ. പിന്നീക്കെടന്നു കഷ്ടപ്പെടുന്നതെന്തിനാണ്. ഗ‌ള്‍ഫിലെത്തിയോ താങ്ക‌ള്‍ മെഡിക്കലൊക്കെക്കഴിഞ്ഞ്... ? :) ന‌ന്ദി
SV Ramanunni : ന‌ല്ല പസ്റ്റ് കോമ്പിനേഷനാണ‌ല്ലോ രാമ‌നുണ്ണിമാഷേ. :) നന്ദി
ശ്രീക്കുട്ടാ : :) എന്നിട്ടു മുറി നിറയെ മേടിച്ചു വെച്ചോ? ന‌ന്ദി.
വഴിപോക്കാ : പോകുന്ന‌വഴി ഇവിടെയൊന്ന് തങ്ങി ക‌മ‌ന്റിയതിന് ന‌ന്ദി!
തെന്നാലിരാമാ : ) വന്നതിനും കമ‌ന്റിനും ന‌ന്ദി
സ‌തീഷേ : റെസിപ്പി നേരില്‍ കാണുമ്പോ‌ള്‍. :). വ‌ളരെ ന‌ന്ദി
മുര‌ളിമേനോന്‍ : അസൂയ‌പ്പെടാന്‍ മാത്രമൊന്നുമില്ല മാഷെ.വന്നതിനും കമ‌ന്റിനും ന‌ന്ദി

Third Eye said...

ശെരിക്കും ഭൂതകാലത്തേക്കൊരു തിരിച്ച്‌ പൊക്ക്‌