Saturday, October 6, 2007

പ്രസവിയ്ക്കുന്നെങ്കില്‍...

അനുഭവ‌ംമെഡിക്ക‌ല്‍കോളേജില്‍ പേവാര്‍ഡു കിട്ടാന്‍ ബുദ്ധിമുട്ടായതുകൊണ്ട് ഡോക്ട‌ര്‍ പറഞ്ഞ പ്രസവത്തീയതിയ്ക്കും പന്ത്രണ്ടു ദിവ‌സം മുന്‍പെ പേവാ‌ര്‍ഡില്‍ പൊറുതിയായി. ഞാനും ഭ‌ര്‍ത്താവും എന്റെ അമ്മയും.

സൗദിയിലെ ഒന്നായലിഞ്ഞു ചേ‌‌ര്‍ന്നുള്ള ജീവിത‌ം.

'വിശേഷ‌ം ആയില്ലെ... അതെന്താ? വല്ല കുഴപ്പ‌വും?" എന്നീ തനി മലയാളി ചോദ്യങ്ങ‌ള്‍ ഒരു ചിരിയിലൊതുക്കി അവ‌ഗണിയ്ക്കാന്‍ ഭ‌ര്‍ത്താവു തന്ന ധൈര്യം തുണയായി. ഞങ്ങ‌ള്‍ ലോക‌ത്തേയ്ക്കും വെച്ചേറ്റവും സ‌ന്തുഷ്ടരായിരുന്നു. അങ്ങനെ ഞങ്ങളുടെ ജിവിതത്തിലേയ്ക്ക് ഒരു ദിനം ഒരു പുതിയ ആ‌ള്‍ കൂടി എത്തി.

കുറച്ച് പ്രശ്ന‌ങ്ങ‌‌ള്‍ ഉള്ളതുകൊണ്ട് ഡോക്ട‌ര്‍ പ‌റഞ്ഞ മുന്‍‌കരുതലുക‌ളൊക്കെ എടുത്തു. നാട്ടിലാണ് പ്രസവം ഏറ്റവും ഭദ്രമെന്നുള്ള അച്ഛന്റെ ഉപദേശപ്രകാരം നാലാം മാസം നാട്ടിലെത്തി.

പ്രസവത്തീയതിയ്ക് ഒന്നരയാഴ്ച മുന്‍പ് സൗദിയില്‍നിന്നും ഭ‌ര്‍ത്താവുമെത്തി. അടുത്ത ദിവസം തന്നെയാ‌ണ്, പേവാ‌ര്‍ഡില്‍ കേറിത്താ‌മസ്സിച്ചില്ലെങ്കില്‍, അതു മറ്റാ‌ര്‍ക്കെങ്കിലും പോകുമെന്ന അ‌റിയിപ്പുകിട്ടിയത്. അങ്ങിനെ ഇവിടെ.

ഭ‌ര്‍ത്താവു മുന്‍പ് പറയുമായിരുന്നു. "എടീ.. ആ മെഡിയ്ക്ക‌ല്‍ക്കോളേജിന്റെ പരിസരങ്ങ‌ളില്‍ ഒരു ഫ്ലാസ്ക്കും തൂക്കി നിന്റെ കാര്യങ്ങ‌ളും നോക്കി എനിയ്ക്ക് നടക്കണം" എന്ന്.

"സാറെ.. ഇപ്പം എങ്ങനൊണ്ട്? അല്ല! ഈ ജീവിതമേ" ഞാന്‍ ചോദിച്ചു.

"ഇതിന്റെ സുഖം ഒന്നു വേറെയാടീ" പുള്ളിക്കാരന്‍ മെഡിയ്ക്ക‌ല്‍ക്കോ‌ളേജിലെ ഒരു സീനിയ‌ര്‍മോസ്റ്റ് കൊതുകിനെ തല്ലിക്കൊന്നുകൊണ്ട് പ‌റഞ്ഞു.

ഭക്ഷണവും കൊണ്ടുള്ള ബന്ധുജനപ്രവാഹ‌‌ം ഒഴിവാക്കാന്‍ "ഞങ്ങ‌ള്‍ ഹോട്ടല്‍ ഭക്ഷണമേ കഴിയ്ക്കു" എന്ന് ഞങ്ങ‌ള്‍ രണ്ടുപേരും തീരുമാനിച്ചിരുന്നു.


ആലപ്പുഴയിലെ നല്ല ഹോട്ടലുക‌ളെല്ലാം മെഡിയ്ക്ക‌ല്‍ക്കോ‌ളേജില്‍നിന്നും ക‌യ്യെത്തും ദൂരത്ത്. പ്രസവത്തീയതി ആകാത്തകാര‌ണം ഞങ്ങ‌ള്‍ നാലുനേരം ഭക്ഷ‌ണം നന്നായി ആഘോഷിച്ചു. മസാലദോശ,നെയ്റോസ്റ്റ്, ഇന്‍ഡ്യങ്കോഫിഹൗസിലെ മട്ട‌ണോംലറ്റ്, പലവിധ ഊണുക‌ള്‍ എന്നിവ മൃഷ്ടാന്നം ഞാനും ഗ‌‌‌‌ര്‍ഭിണിയ്ക്കാണെന്ന കെയ്റോഫില്‍ എന്റെ ഭ‌‌ര്‍ത്താവും അടിച്ചു മിന്നിച്ചു.

എന്നാലും ആശുപത്രിയില്‍ സന്ദ‌ര്‍ശക‌ര്‍ ഒത്തിരി. ആലപ്പുഴ മെഡിക്ക‌ല്‍ക്കോ‌ളേജിലെ ഗ‌ര്‍ഭിണിക‌ളുടെ നയനമനോഹരമായ യൂണിഫോമില്‍, (വെള്ളമുണ്ടും വെള്ളഷ‌ര്‍ട്ടും) ഞാനെല്ലാവരൊടും ഇരുന്നും കിടന്നും നിന്നും ചിരിച്ചു.. സംസാരിച്ചു.

പ്രസവത്തീയതിയടുക്കും തോറും എന്റെ പേടി കൂടി വന്നു.

ഭ‌‌ര്‍‍ത്താവിനോടായി ഞാന്‍ പറഞ്ഞു " പ്രസവത്തില്‍ ഞാഞ്ചത്തുപോയാല്‍ കൊച്ചിനെ നോക്കിയ്ക്കോണെ"

"നീ ചാവത്തൊന്നുമില്ലെടീ. നീ പുഷ്പം പോലെ പ്രസവിയ്ക്കും" ഭ‌‌ര്‍‍ത്താവു പ‌റ‌യും.

"അല്ല.അങ്ങെനെങ്ങാനും പറ്റിപ്പോയാല്‍ സാറു വേറെ കല്യാണം കഴിച്ചോ. പക്ഷേ കുഞ്ഞിനെ എന്റെ അമ്മയുടെ കയ്യില്‍."

ഭ‌‌ര്‍‍ത്താവു മൗനം...

"പക്ഷേ പുതിയവ‌ളുമായിട്ടങ്ങനെ സുഖിയ്ക്കാമെന്നു വിചാരിയ്ക്കേണ്ട. കേട്ടോ. ഞാന്‍ പ്രേതമായിട്ടു വന്നു നിങ്ങ‌ളു കെടക്കുന്ന കട്ടിലു പിടിച്ചുകുലുക്കും. കുലുക്കി ത്തഴെയിടും രണ്ടിനേം. ഹാ!"

"ഹോ! പേടിപ്പിയ്ക്കാതെടീ. അതൊക്കെ ഒരുപാടു കഷ്ട്പ്പാടല്ലേ. ഒരു കാര്യം സിമ്പി‌ളായി ചെയ്യ്. നീ ചാകാതെ പ്ലിക്കെന്ന് പ്രസവിച്ചേച്ച് ഇങ്ങു പോരെ"

അങ്ങനെയുള്ള വഴക്കും തമാശയുമൊക്കെയായി ദിവസങ്ങ‌ള്‍ കടന്നുപോയി.

ഇടയ്ക്ക് ഡോ.ല‌ളിതാംബിക പരിശോധനയ്ക് എത്തി. അവ‌രെയാണ് ക‌ണ്‍സ‌ള്‍ട്ട് ചെയ്യുന്ന‌ത്. ഡോക്ട‌‌ര്‍ വ‌ന്നപ്പോള്‍ ഞാന്‍ പ‌റ‌ഞ്ഞു.

"ഡോക്ട‌റേ.. എനിയ്ക്ക് പേടിയാ പ്രസവിയ്കാന്‍. സിസ്സേറിയ‌ന്‍ ന‌ടത്താമോ"

"ആഹാ.. കൊള്ളാമല്ലോ താന്‍.. അതൊന്നും വേണ്ടിവരില്ല. സുഖമായിത്തന്നെ പ്രസവിയ്കാം." അവ‌ര്‍ പ‌റഞ്ഞു.

എന്റെ പേടി മാറിയില്ല.

ചില ദിവസങ്ങ‌ള്‍ പിന്നെയും..

ഒരു ദിവസ‌‌ം രാത്രി മസാലദോശയൊക്കെ ശാപ്പിട്ട് ഞാനും ഭ‌ര്‍ത്താവും എന്റെ അമ്മ‌യും ഒന്നും രണ്ടും പറഞ്ഞിരിയ്ക്കുമ്പോ‌ള്‍

"ഭിട്ട്" എന്നൊരു ശബ്ദം. എന്റെ അടിവയറ്റില്‍.

"അയ്യോ" ഞാന്‍ നില‌വിളിച്ചു.

"എന്താടീ.. എന്തോ പറ്റി?" ഭ‌ര്‍ത്താവിന്റെ ചോദ്യം.

"പൊട്ടി. ലിക്യൂഡ് പോകുവാ.... അയ്യോ... നേഴ്സിനെ വിളി"

ഭ‌ര്‍ത്താവോടി.
അമ്മ പ‌ഴന്തുണിക‌ളും മറ്റുമടങ്ങിയ പ്ലാസ്റ്റിക് ബാഗുമായി റെഡിയായി.

നേഴ്സിന്റെ കയ്യില്‍ നിന്നും എന്തൊക്കെയോ പേപ്പ‌‌ര്‍ വാങ്ങി ഒപ്പിട്ടുകൊടുത്തിട്ട് ഭ‌ര്‍ത്താവെത്തി. എന്നെ താങ്ങിപ്പിടിച്ച് കു:പ്രസിദ്ധിയാ‌ര്‍ജ്ജിച്ച പ്രസവവാ‌ര്‍ഡിലേയ്ക്ക് ന‌ടത്തി.

വ‌‌ള‌രെപ്പഴയ ഒരു തടികൊണ്ടുള്ള രണ്ടുനിലകെട്ടിടം. ഇരുപതോ‌ളമുള്ള തടികൊണ്ടുള്ള പടികയ‌റി വേണം പ്രസവിയ്ക്കാന്‍ പോകാന്‍. അങ്ങോട്ടേയ്ക്കുള്ള ഇടനാഴിയിലും പടിയിലുമായി അകത്തുള്ള ഗ‌ര്‍ഭിണിക‌ളുടെ ബന്ധുക്ക‌‌ള്‍ ഇരിയ്ക്കുന്നു. കിടക്കുന്നു. നില്‍ക്കുന്നു.

എന്റെ അടിവയറ്റില്‍നിന്നും ലിക്യഡ് പോകുന്നത് കൂടിയിരിക്കുന്നു.

"അയ്യൊ..ഇയ്യോ" എന്നൊക്കെപ്പ‌റയുന്ന എന്നെയും കൊണ്ട് ഭ‌‌ര്‍ത്താവ് വാ‌ര്‍ഡിനടുത്തെത്തി.

കൊമ്പ‌ന്മീശവെച്ച സെക്യൂരിറ്റിയോട് കാര്യം പ‌റഞ്ഞു.

"ഇതിനപ്രത്തേയ്ക്ക ആണുങ്ങക്ക് പോകാന്‍ പറ്റുകേല. പെണ്ണുങ്ങ‌ളാരുവില്ലേ?"

അത്ര സ്പീഡില്‍ ന‌ടക്കാന്‍ വയ്യാത്ത അമ്മ ന‌ടന്നു വരുന്നതേയുള്ളൂ.

"എന്റെ കൂടെപ്പോരെ. ഞാന്‍ കൊണ്ടാക്കാം" പ്രസ‌വവാ‌ര്‍ഡില്‍ അഡ്മിറ്റ് ചെയ്തിരിയ്ക്കുന്ന ഏതോ പെണ്‍കുട്ടിയുടെ അമ്മയായിരിയ്ക്ക‌ണം, അവിടെയിരിയ്ക്കുകയായിരുന്ന ഒരു സ്ത്രീ എനിയ്ക് സ‌ഹായത്തിനെത്തി.

"ഞാന്‍ നടന്നോ‌ളാം. അമ്മ പുറകെ വരാന്‍ പ‌റ" വിഷണ്ണനായി നില്‍ക്കുന്ന ഭ‌ര്‍ത്താവിനോട് പ‌റഞ്ഞിട്ട് ഞാന്‍ അവരോടൊപ്പ‌ം ന‌ടന്നു. പ്രസവമുറിയിലേയ്ക്ക്.

"വിഷമിയ്ക്കേണ്ടാ. കേട്ടോ. ഞാനിവിടുണ്ട്" പുറകില്‍ അദ്ദേഹത്തിന്റെ ശബ്ദം ഞാന്‍ കേട്ടു.

ഒരുപാടു പ‌റഞ്ഞുകേട്ടിട്ടുള്ള പ്രസവമുറിയിലേയ്ക്ക് ഞാന്‍ പ്രവേശിച്ചു.

വെള്ളച്ചായമ‌ടിച്ച തുരുമ്പ് തെളിഞ്ഞുകാണാവുന്ന ഇരുമ്പു കട്ടിലുക‌‌ള്‍ അതില്‍ നിരനിരയായി നാല്പതോ‌ള‌ം ഗ‌ര്‍ഭിണിക‌‌ള്‍! ചിലതില്‍ ര‌ണ്ടുപേ‌ര്‍ വീത‌‌ം. ഞരങ്ങിയും മൂ‌ളിയും നിലവി‌ളിച്ചും കൂക്കിയും ഒക്കെ.

എന്റെ "അയ്യൊ പൊത്തോ" ഒക്കെയവിടെയപ്പോ‌ള്‍ തായമ്പകയ്ക്കിടെ മൂളിപ്പാട്ടു പോലെ "ഭ!"

"പെയിനായോ?" വെള്ളസാരിയുടുത്ത ഒരു നേഴ്സ് ചോദിച്ചു.

"ഇല്ല സിസ്റ്റ്റെ......ലിക്യുഡ് പോകുന്നുണ്ട്"

"ങാ. ദെ അങ്ങോട്ടു പൊക്കോ"

"ദേ... ഇങ്ങോട്ടു കേറിക്കെടന്നോ?" മറ്റൊരു നേഴ്സ്.

ഞാന്‍ നോക്കി.

തൊട്ടു മുമ്പാരോ പ്രസവിച്ചിട്ട് പോയിരിയ്ക്കുന്ന ഒരു ക‌ട്ടില്‍. അതില്‍ മ‌റൂള‌യുടെ ശേഷിപ്പുക‌‌ള്‍ ത‌ള‌ം കെട്ടിക്കിട‌ക്കുന്നു. ഇതില്‍ കിട‌ക്കാനോ?...

ഒരറ്റന്‍‌ഡ‌ര്‍ നില്പ്പുണ്ടായിരുന്നു അവിടെ

"ചേച്ചി... ഇതിലെങ്ങ‌നെ കെടക്കും?" ഞാന്‍ ചോദിച്ചു.

"ഓ.. അതോ.." അവ‌ര്‍ ഒരു പഴ‌ന്തുണി കൊണ്ടുവ‌ന്ന് ക‌ട്ടിലില്‍ അതുകൊണ്ട് തൂത്ത് അഴുക്കൊക്കെ താഴേക്കിട്ടു. " ങാ.. കെട‌ന്നോ"

ന‌നഞ്ഞ് തെന്നുന്ന ക‌ട്ടിലിന്റെ പ്രത‌ലത്തിലേയ്ക്ക് അ‌റപ്പോടെ ഞാന്‍ കിട‌ന്നു.

അ‌ടിവ‌യ‌റ്റില്‍ വേദ‌ന‌യുടെ തിര‌യി‌ളക്കം. ക‌ര‌യാതിരിയ്ക്കാന്‍ ശ്രമിച്ചു. സാധിയ്ക്കുന്നില്ല. ത‌ല ചെരിച്ചു നോക്കി. കുറെയ‌ധിക‌ം ഹൗസ്‌സ‌ര്‍ജന്‍സ് ഉണ്ട‌വിടെ. ചില‌ര്‍ കൂ‌ടിനിന്ന് സ‌‌ംസാരിയ്ക്കുന്നു. ഒരു പെ‌ണ്‍കുട്ടി കു‌‌റെയ‌ധികസ‌മ‌യമായി ഫോണിലാ‌ണ്.

"അയ്യൊ.. എന്റ‌മ്മേ.. ഞാനിപ്പച്ചാകുവേ.." എന്റെ തൊട്ട‌പ്പുറ‌ത്തെ ക‌ട്ടിലില്‍ കിടക്കുന്ന പെണ്‍കുട്ടി അല‌റിക്ക‌രയുക‌യാ‌ണ്.

അസ‌ഹ്യമായ ത‌ലവേദന. എനിയ്ക്ക് ഛ‌ര്‍ദ്ദിയ്ക്ക‌ണമെന്നു തോന്നി. "എനിയ്ക്ക് ഛ‌ര്‍ദ്ദിയ്ക്ക‌ണേ" ഞാന്‍ ക‌രയുന്ന‌തുപോലെ പ‌റ‌ഞ്ഞു. ആ ബ‌ഹ‌‌ളത്തിനിടയില്‍ അങ്ങിനെ പ‌റഞ്ഞാലേ പ‌റ്റൂ.

അവ‌ജ്ഞയോടെ എന്നെ നോക്കി ഡ്യൂട്ടിഡോക്ട‌‌ര്‍ അറ്റന്‍‌ഡ‌റോട് പ‌റഞ്ഞു. "ആ ബക്കറ്റെടുത്തു വെച്ചുകൊട്"

ക‌ണ്ടാല്‍ കഴുകിയിട്ട് വ‌ര്‍ഷ‌ങ്ങ‌ളായെന്നു തോന്നിപ്പിയ്ക്കുന്ന ഒരു ബക്കറ്റ്. അവിടെ ക‌യ‌റിയിറങ്ങിപ്പോകുന്ന സ‌കല‌ ഗ‌ര്‍ഭിണിക‌ളും ഛ‌ര്‍ദ്ദിച്ചുവെച്ചിരിയ്ക്കുന്ന അതു ക‌ണ്ടാല്‍ ചുമ്മാതെ കിടക്കുന്ന‌വ‌ര്‍ക്കും ഒന്നു ഛ‌ര്‍ദ്ദിയ്ക്കാന്‍ തോന്നും.

വയ്യാ. ഞാന്‍ വലതുവ‌ശത്തേയ്ക്ക് തിരിഞ്ഞു കിട‌ന്നു. എന്നെ അഭിമുഖമായിക്കിട‌ന്ന സ്ത്രീ എന്നെ നോക്കി. അവ‌ര്‍ ഞ‌ര‌ങ്ങുന്നുണ്ട്. ന‌ല്ല വേദ‌ന‌യുണ്ടെന്നു തോന്നുന്നു.

"ആദ്യത്തെയാ അല്ലെ?" അ‌വ‌ര്‍ ചോദിച്ചു.

"അതെ" ഞാന്‍ പ‌റ‌ഞ്ഞു.


ഹൗസ്സ് സ‌ര്‍ജ‌ന്മാരില്‍ ഭൂരിഭാഗവും സ‌ംസാര‌ം തന്നെ. അ‌വ‌ര്‍ക്ക് ആരെയും ശ്രദ്ധിയ്ക്കാന്‍ സ‌മ‌യമില്ല.

എന്റെ കാല്‍ കോച്ചിവ‌ലിയ്ക്കാന്‍ തുട‌ങ്ങി. ക‌ണങ്കാലിലെ മസില്‍ കേറുന്ന‌താണ്. അസ‌ഹ്യമായ വേദ‌ന. ഞാന്‍ ക‌രഞ്ഞു.

എന്റെ ക‌രച്ചില്‍ ക‌ണ്ട് എന്റെ വ‌ലതുവ‌ശത്ത് പ്രസ‌വവേദ‌യോടെ കിടന്ന സ്ത്രീ എഴുന്നേറ്റ് വ‌ന്ന് എന്റെ കാല്‍ ത‌ടവാന്‍ തുട‌ങ്ങി. അവരപ്പോഴും ഞ‌രങ്ങുന്നുണ്ട്.

എന്റെ കാലിലെ വേദന മാറിയപ്പോ‌ള്‍ അവ‌ര്‍ പ‌റഞ്ഞു. "പേടിയ്ക്കണ്ട .. കേട്ടോ"

ആ വേദ‌നയിലും എന്നെ സ‌ഹായിച്ച അവരുടെ മുഖത്തേയ്ക്ക് ഞാന്‍ നോക്കി. ആ ക‌ണ്ണുക‌ളില്‍ മ‌നുഷ്യത്വവും സ‌ഹജീവിയോടുള്ള സ്നേഹ‌വും.

അടിവ‌യറ്റില്‍ വേദന തിര‌യടിച്ചുയരുന്നതുപോലെ.

ആ ഹാളില്‍ എവിടെയെക്കൊയോ കുഞ്ഞുങ്ങ‌ളുടെ ക‌ര‌ച്ചില്‍ കേ‌‌ള്‍‍ക്കുന്നു. അമ്മ‌യുടെ വ‌യറ്റിലെ സുഖ‌വാസത്തില്‍ നിന്നും ഭൂമിലേയ്ക്കുള്ള മാറ്റ‌ത്തില്‍ ഈ‌ര്‍ഷ്യയോടെയുള്ള ക‌രച്ചില്‍.

"ചേച്ചീ ഫുള്ളാ"

ഫോണിലായിരുന്ന ഹൗസ്സ് സ‌ര്‍ജ‌‌ന്‍ പെണ്‍കുട്ടി കൈചൂണ്ടിക്കൊണ്ട് വിളിച്ചുപ‌റ‌യുന്നു. അവ‌ള്‍ കൈചൂണ്ടിയ ഭാഗത്തേയ്ക്ക് ഞാന്‍ നോക്കി. ഒരു സ്ത്രീ ര‌ണ്ടു കയ്യും കൊണ്ട് അടിവ‌യ‌റിനു താഴെ പൊത്തിപ്പിടിച്ചു ക‌രഞ്ഞുകൊണ്ട് നില്‍ക്കുകയാണ്. അവ‌രുടെ മുണ്ടഴിഞ്ഞുപോയിരിയ്ക്കുന്നു. ഞാന്‍ ന‌ടുങ്ങിപ്പോയി. അവ‌ര്‍ താങ്ങിപ്പിടിച്ചിരിയ്ക്കുന്നത് കുഞ്ഞിന്റെ ത‌ലയാണ്. അവ‌ര്‍ പ്രസവിയ്കാന്‍ പോകുന്നു എന്നു വിളിച്ചു പ‌റഞ്ഞതാണ് ഹൗസ്സ് സ‌ര്‍ജ‌‌ന്‍ പെണ്‍കുട്ടി .വിളിച്ചു പ‌റഞ്ഞിട്ട് അ‌വ‌‌ള്‍ വീണ്ടും ഫോണില്‍ത്തന്നെ. കണ്ണിലും ചുണ്ടിലും പ്രേമം തത്തിക്ക‌ളിയ്ക്കുന്നുവോ? ചെയ്യുന്ന ജോലിയോടുള്ള ആത്മാ‌‌ര്‍ത്ഥതയും അടിസ്ഥാന‌പ‌ര‌മായ മ‌നുഷ്യത്വവും ഇല്ലാതെ അ‌വ‌ളും ഒരു ഡോക്ട‌റാവും. ഞാന്‍ ചിന്തിച്ചു.

....
ഹമ്മേ.. വേദ‌ന സ‌ഹിയ്ക്കുന്നില്ല.

ഞാനുടുത്തിരിയ്ക്കുന്ന മുണ്ടു മുഴുവ‌ന്‍ ന‌നഞ്ഞിരിയ്ക്കുന്നു. പതുക്കെ എഴുന്നേറ്റപ്പോ‌ള്‍, ഉടുത്തിരുന്ന മുണ്ടുരിഞ്ഞുപൊയി. ഹൗസ്സ് സ‌ര്‍ജ‌ന്‍മാരുടെ ശ്രദ്ധ എന്നിലേയ്ക്. വേദ‌നയുടെ അവ്യക്തതയില്‍ അവ‌രില്‍ പ‌ല‌രുടേയും മുഖത്ത് ഊറിനിന്ന പരിഹാസച്ചിരി ഞാന്‍ ക‌ണ്ടു.. വ‌ല്ലാതെ മുറിപ്പെടുത്തി. ഉന്തിയ വ‌യ‌റും മണിക്കൂറുക‌ളുടെ വേദനയുമായി ന‌ഗ്നയായി നില്‍ക്കുന്നവളെ നോക്കി ചിരിയ്ക്കുകയല്ലാതെ പിന്നെ... മെഡിക്ക‌ല്‍ എത്തിക്സിനെപ്പറ്റി ഓ‌ര്‍ത്തുപോയി ഞാന്‍..


കൂടെക്കൊണ്ടുവ‌ന്നിരുന്ന പ്ലാസ്റ്റിക് ബാഗില്‍ നിന്നും മുണ്ടെടുത്ത് ഉടുത്തു.
പ്ലാസ്റ്റിക് ബാഗിന്റെ മ‌റവില്‍നിന്നും രണ്ടു ചുവ‌ന്ന ക‌ണ്ണുക‌ള്‍ ! ഞെട്ടിപ്പോയി.
ഒരു പൂച്ചയുടെ വ‌ലിപ്പ‌മുള്ള പെരുച്ചാഴി. മീശ വിറപ്പിച്ചു നില്പ്പാണ്.
പേടിച്ച് പെട്ടന്നു കട്ടിലില്‍ ക‌യ‌റിക്കിടന്നു.

വയ്യാ... കര‌ഞ്ഞു... സാമാന്യം ഉറക്കെത്തന്നെ.

"പൊന്നുമോളെ... അമ്മയെ നോവിയ്ക്കാതെ ഇങ്ങു വാ" അവ‌‌ളോടായിപ്പ‌റഞ്ഞു. അതു കേട്ടിട്ടാവുമോ.. കുസൃതി വ‌യറ്റില്‍ കുത്തിമ‌റിഞ്ഞതായിത്തോന്നി.

വേദ‌ന കൂടുകയാണ്.

ഡോ.ല‌ളിതാംബിക എത്തി.

"ആയി വ‌രുന്ന‌തേ ഉള്ളൂ" ഡോക്ട‌‌ര്‍ പ‌റഞ്ഞു.

"ഡോക്ട‌ര്‍.. സിസ്സേറിയ‌ന്‍ ന‌ടത്തിക്കൂടേ"

"നോക്കെട്ട‌ടോ..." പ‌റഞ്ഞ് അ‌വ‌ര്‍ പോയി.

വേദ‌നയുടെ മ‌ണിക്കൂറുക‌ള്‍ പിന്നിട്ടു. നേര‌ം വെലുത്തിരിയ്ക്കുന്നു. ഹൗസ്സ് സ‌ര്‍ജ‌ന്‍സ്സ് ഡ്യൂട്ടി മാറിയിരിയ്ക്കുന്നു. പ്രവൃത്തിയില്‍ ഒരു വ്യത്യാസവും ഇല്ല.
ഇപ്പോ‌ള്‍ ഉടുത്തിരിയ്ക്കുന്ന മുണ്ട് ന‌നയുന്നില്ല. വേദ‌ന ത‌ള്ളി വരുന്നു.
ശ്വാ‌സ‌ം മുട്ടുന്നു. "നാരായ‌ണാ" നെഞ്ചത്ത് കൈ വെച്ച് ഭ‌ഗവാനെ വിളിച്ചു പോയി.
"എന്താടോ തനിയ്ക്ക് ഹാ‌ര്‍ട്ടിന് വ‌ല്ല കുഴപ്പോം ഉണ്ടോ? ചുമ്മാ കിട‌ന്ന് ക‌രയുന്നു.. ഹും" ഒരു ഡ്യൂട്ടി ഡോക്ട‌ര്‍ പ‌രുഷമായി ചോദിച്ചു. പുള്ളിക്കാരിയ്ക്ക‌ത് തീരെ പിടിച്ചിട്ടില്ല. ഉള്ള വിഷമ‌ം കൂട്ടാനായി ഇങ്ങനേയും ചില‌ര്‍.

വീണ്ടും ചില മ‌ണിക്കൂറുക‌ള്‍. വേദ‌ന അതിന്റെ പാര‌മ്യത്തില്‍.
ഏതോ ഡോക്ട‌‌ര്‍ വ‌ന്ന് പരിശോധിച്ചു. അവരുടെ മുഖത്ത് പരിഭ്രമ‌ം. അവ‌ര്‍ സീനിയ‌ര്‍ ഡോക്ട‌ര്‍മാരെ വിളിച്ചു വ‌രുത്തി.
ഓപ്പറേഷ‌ന്‍ തീയേറ്റ‌റിലേയ്ക്. ശരീരത്തിലെ ഓരോ ഇഞ്ചും വേദ‌ന കൊണ്ട് നുറുങ്ങുക‌യാണ്.
എന്റെ ചുറ്റിനും സീനിയ‌‌ര്‍ ഡോക്ട‌ര്‍മാരും ജൂനിയ‌‌ര്‍ ഡോക്ട‌ര്‍മാരും ഹൗസ്സ് സ‌ര്‍ജ‌ന്‍മാരും കൂടിനിന്ന് ച‌ര്‍ച്ച ചെയ്തു.

സങ്കീ‌‌ര്‍ണ്ണമാണ് തന്റെ അവ‌സ്ഥയെന്ന് അവ‌രുടെ സ‌ംസാരത്തില്‍നിന്നും മ‌നസ്സിലായി. മ‌നസ്സിലാകാത്ത മെഡിക്ക‌ല്‍ പ‌ദങ്ങ‌ള്‍ ഏറെയും.

വില്ലുപോലെ കുനിച്ചു നി‌ര്‍ത്തി ന‌ടുവിന് ലോക്ക‌ല്‍ അനസ്തേഷ്യയുടെ ഇഞ്ചക്ഷ‌ന്‍ തന്ന് എന്നെ വീണ്ടും കിടത്തി.

വേദ‌ന കുറഞ്ഞിരിയ്ക്കുന്നു.

കത്രികയുടേയും കത്തിയുടേയും വെട്ടിത്തിള‌ക്കം. എന്റെ ക‌ണ്ണ് തുണികൊണ്ട് മൂടിക്കെട്ടി.

എന്റെ വ‌യ‌റില്‍ കീറിമുറിയ്ക്ക‌ല്‍ ന‌ടക്കുന്നു.

ഞാന്‍ മ‌രിയ്ക്കാന്‍ പോവുക‌യാണോ ഈശ്വരാ.. എന്റെ കുഞ്ഞ്.. എന്റെ ഭ‌ര്‍ത്താവ്...

എന്റെ വ‌യറില്‍ നിന്നും കഴിഞ്ഞ ഒമ്പതു മാസ്സമായുണ്ടായിരുന്ന ആ നി‌റവൊഴിയുന്നത് ഞാന‌റിഞ്ഞു.

"ദേ ഒന്നു ക‌ണ്ടോ‌ളൂ" എന്റെ കണ്ണിലെ തുണി ഒരു നിമിഷത്തേയ്ക്കഴിച്ചു. ഡോ.ല‌ളിതാംബികയുടെ കയ്യില്‍ അവ‌ള്‍..... എന്റെ മ‌ക‌ള്‍.

ഞാന്‍ ഒന്നു കണ്ടു.

അവ‌ര്‍ കുഞ്ഞിനെ മ‌റ്റാ‌‌ര്‍ക്കോ കൈമാറി. പിന്നെയും സ്റ്റിച്ചിടാനായി ക‌ണ്ണ് തുണികൊണ്ട് മൂടിക്കെട്ടി.

എല്ലാം പെട്ടെന്നു കഴിഞ്ഞു. എന്റെ മോ‌ള്‍.. അവ‌ള്‍ക്കെങ്ങിനെയുണ്ട്?... എനിയ്ക‌വ‌ളെ ഒന്ന് ശരിയ്ക്ക് കാണാന്‍ പറ്റിയില്ല. ഞാന്‍ ചുറ്റിലും നോക്കി.

ക്ലോക്കില്‍ സമ‌യം പ‌തിനൊന്ന‌ര‍മ‌ണി കാണിയ്ക്കുന്നു. നേര‌ം ഉച്ചയായിരിയ്ക്കുന്നു.

"താന്‍ വിചാരിച്ച പോലെ സിസ്സേറി‌ന്‍ തന്നെയായല്ലോ. ഇല്ലേടോ?" ഡോക്ട‌‌‌ര്‍ ചോദിച്ചു.

ഉള്ളില്‍ ഇരമ്പിവ‌ന്ന രോഷ‌ം കടിച്ച‌മ‌ര്‍ത്തിയിട്ടും പ‌റ‌യാതിരിയ്ക്കാനായില്ല.

"മ‌ണിയ്ക്കൂറുക‌ളോ‌ള‌ം അനുഭവിയ്കാനുള്ളതെല്ലാം അനുഭവിച്ചില്ലേ ഡോക്ടറേ ഞാന്‍?"

അവ‌ര്‍ മ‌റുപ‌ടി പ‌റഞ്ഞില്ല.

സ്റ്റ്റെച്ച‌റില്‍ പുറത്തേയ്ക്ക് കൊണ്ടു വ‌രുമ്പോ‌ള്‍ ഞാനുറക്കെ ചോദിച്ചു.

അതാ അവ‌ള്‍... ഭ‌ര്‍ത്താവിന്റെ അമ്മയുടെ ക‌യ്യില്‍.

നി‌റയെ മുടിയും ഇ‌റുക്കിയ‌ടച്ച ക‌ണ്ണുക‌ളുമായി അവ‌ള്‍... എന്റെ മ‌ക‌ള്‍..

"അച്ഛന്റെ നാ‌ളു തന്നാ.. പുണ‌ര്‍ത‌ം"

അമ്മ അവ‌ളെ എന്റെയ‌രുകില്‍ വ‌ലതുഭാഗത്തായിക്കിടത്തി. എന്റെ ഉടുപ്പുമാറ്റി അവ‌ളുടെ ത‌ല പതിയെ പൊക്കി എന്റെ മുല‌ക്കണ്ണിലേയ്ക്കടുപ്പിച്ചു.

ഒരുപാടുകാല‌മായി ചെയ്യുന്ന ഏതോ പ്രവൃത്തി പോലെ.... അവ‌ള്‍ മുല‌ക്കണ്ണില്‍ കുഞ്ഞിച്ചുണ്ടുക‌ള്‍ അമ‌ര്‍ത്തി അമ്മിഞ്ഞ നുണ‌യാന്‍ തുടങ്ങിയപ്പോ‌ള്‍‍ ശരീര‌മാകെ പൊട്ടിത്ത‌രിച്ചു.

എനിയ്ക്കപ്പോ‌ള്‍ ശരീരസന്ധിക‌ളിലെയും അടിവ‌യറിലെ തുന്ന‌ലിന്റേയും വിങ്ങ‌ല്‍ തോന്നിയതേയില്ല.

വ‌യ‌ര്‍ നിറ‌ഞ്ഞു കിടന്ന അവ‌ള്‍ ഇതാ, എന്റെ വ‌യറൊഴിച്ച് ... മ‌നസ്സു നി‌റച്ച് കിടക്കുന്നു.

35 comments:

Sethunath UN said...

വ‌യ‌ര്‍ നിറ‌ഞ്ഞു കിടന്ന അവ‌ള്‍ ഇതാ, എന്റെ വ‌യറൊഴിച്ച് ... മ‌നസ്സു നി‌റച്ച് കിടക്കുന്നു

പുതിയ പോസ്റ്റ്.

സമ‌ര്‍പ്പ‌ണം : മ‌ണിയ്ക്കൂറുകളോള‌ം പ്രസവവേദന അനുഭവിച്ച്, പിന്നെ സിസേറിയന്‍ ഓപ്പറേഷനിലൂടെ പ്രസവിയ്ക്കേണ്ടി വരുകയും.. ആ വേദന എന്നെ പ‌റഞ്ഞ‌റിയ്കുക‌യും ചെയ്ത എന്റെ പ്രിയഭാര്യയ്ക്.
പിന്നെ.... ആല‌പ്പുഴ മെഡിയ്ക്ക‌ല്‍ക്കോളേജില്‍ പ്രസവിയ്ക്കാന്‍ ഭാഗ്യം സിദ്ധിച്ച എല്ലാ അമ്മ‌മാര്‍ക്കും.

മൂര്‍ത്തി said...

കഥയാണോ അനുഭവക്കുറിപ്പാണോ എന്ന് വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ആലോചിക്കുകയായിരുന്നു.
നന്നായി എഴുതിയിട്ടുണ്ട്..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വായിച്ച് തുടങ്ങിയപ്പോള്‍ത്തന്നെ ആ പ്രൊഫൈല്‍ ലിങ്ക് ഒന്ന് ക്ലിക്കിനോക്കി ഇത്രേം കാലം നിഷ്കളങ്കന്‍ എന്ന് പറഞ്ഞാല്‍ ആണാണെന്ന് തെറ്റിദ്ധരിച്ച് പോയീന്ന് വിചാരിച്ചു. നല്ല ഒറിജിനാലിറ്റിയുള്ള വര്‍ണ്ണന, ആശുപത്രി വിശേഷങ്ങള്‍ വായിച്ചപ്പോള്‍ രാവിലെ കഴിച്ചത് തികട്ടി വരുന്നു...

ഉപാസന || Upasana said...

പ്രിയതമയെ സമ്മതിക്കണം...
നിഷ്കളങ്കാ ഈ ലോകം അത്ര നിഷ്കളങ്കമല്ലെന്നറിയുക നീ...
നന്നായി സംവേദനം ചെയ്തിരിക്കുന്നു ആശയം...
:)
ഉപാസന

reshma said...

ആവൂ!
അമ്മയ്ക്കും മോള്‍ക്കും സ്നേഹം.

പ്രയാസി said...

ഹൃദയ സ്പര്‍ശിയായ വിവരണം..
ഗവന്മെന്റു ആശുപത്രികളിലെ അകത്തളങ്ങളിലെ മനസ്സു മരവിച്ച സ്റ്റാഫുകളെപറ്റി എല്ലാവര്‍ക്കും കാണും ഓരൊ പോസ്റ്റു!
പ്രയാസിയും അനുഭവിച്ചിട്ടുണ്ട്!
സഹിക്കാന്‍ കഴിയാത്ത രോഷത്തില്‍ ചീത്ത വിളിച്ചിട്ടുമുണ്ട്!
നിഷ്കളങ്കാ.. മനസ്സില്‍ തട്ടി..!

സഹയാത്രികന്‍ said...

"വ‌യ‌ര്‍ നിറ‌ഞ്ഞു കിടന്ന അവ‌ള്‍ ഇതാ, എന്റെ വ‌യറൊഴിച്ച് ... മ‌നസ്സു നി‌റച്ച് കിടക്കുന്നു."

മാഷേ അസ്സലായി...

നന്നായിരിക്കുന്നു വിവരണം... ആശുപത്രി സ്റ്റാഫുകളുടെ ഈ തരത്തിലുള്ള പെരുമാറ്റം പലര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ടാകും...

പോസ്റ്റ് വളരേ നന്നായി....

:)

കുഞ്ഞന്‍ said...

ആദ്യം അമ്പരപ്പ്, പല പ്രാവിശ്യം പ്രൊഫൈല്‍ നോക്കി, ഇത്രയും നാള്‍ എന്നെ പറ്റിച്ചൂലൊ.. പക്ഷെ വരികളില്‍ ആ പ്രസവ വേദന ഞാനും അനുഭവിക്കുന്നതുപോലെ,,,

ആദ്യമെ അറിയാമായിരുന്നൊ മോളായിരിക്കുമെന്ന്?
"പൊന്നുമോളെ... അമ്മയെ നോവിയ്ക്കാതെ ഇങ്ങു വാ"

വേറുതെയല്ല അണുബാധയുണ്ടാകുന്നത്..! അത്രക്കു കേമമാണ് ആ കട്ടില്‍..!

ഒരു പക്ഷെ പ്രൈവറ്റ് ഹോസ്പിറ്റലില്‍ ആയിരുന്നെങ്കില്‍, സുഖ പ്രസവത്തിനു അവര്‍ സമ്മതിക്കില്ല, പകരം സിസ്സേറിയന്‍ ഉടനടി അതും ഫ്ലൂയ്ഡ് ഡിസ്ചാര്‍ജ്ജാവുന്നതിന്റെ മുന്‍പേ..അല്ലെങ്കില്‍ പിഴിയാന്‍ പറ്റില്ലല്ലൊ....

കൊച്ചുത്രേസ്യ said...

കുഞ്ഞുവാവ മിടുക്കിയായി വളരട്ടെ. ..

സര്‍ക്കാരാശുപത്രീടെ അവസ്ഥ വായിച്ചു ഞെട്ടിപ്പോയി. കഷ്ടം.

ഡാലി said...

ഭാര്യ പറഞ്ഞതെല്ലാം മിഴിവോടെ പകര്‍ത്തിയ ഭര്‍ത്താവേ എത്രമാ‍ത്രം കാത് തുറന്ന് വച്ചാണ് നിങ്ങളത് കേട്ടത്!
അമ്മയ്ക്കും മോളുക്കും സ്നേഹം. എഴുതിയ അച്ഛന് അഭിനന്ദങ്ങള്‍.

Sanal Kumar Sasidharan said...

ഇത്രയും കൃത്യമായി ഒരു പ്രസവവിവരണം ഇതിനു മുന്‍പുതന്നത് എന്റെ പാവം ഭാര്യയായിരുന്നു.തിരോന്തരം എസ്.എ.റ്റി ആയിരുന്നു രം‌ഗവേദി.എല്ലാം കറകറക്റ്റ്.
നന്നായിട്ടുണ്ട്.

Unknown said...

ഭയങ്കരം തന്നെ. എങ്ങനെ സമാധാനമായി പ്രസവവാര്‍ഡില്‍ അഡ്മിറ്റാക്കും പെണ്ണുങ്ങളെ? (ഞമ്മളെ പെണ്ണുങ്ങള്‍ എന്ന മലബാര്‍ പ്രയോഗമല്ല. പൊതുവില്‍) :)

...പാപ്പരാസി... said...

അയ്യോ!ഇത് വായിച്ചാ ഇനി പെണ്ണുങ്ങള്‍ പ്രസവിക്കാന്‍ സമ്മതിക്കില്ലെന്ന് വരെ തോന്നിപ്പോയി.ഈ നഴ്സ്മാര്‍ ഇത്ര കരുണ ഇല്ലാത്തവരാണോ ദൈവമേ?പ്രസവ വാര്‍ഡ് വിവരണം അസ്സലായിട്ടുണ്ട്.അമ്മക്കും കുഞ്ഞിനും നല്ലതു വരട്ടെ.

മയൂര said...

:)

സാല്‍ജോҐsaljo said...

ഹൌ! സമ്മതിക്കണം! എന്തൊരു കഷ്ടപ്പാടാ?

ആശംസകള്‍ നിഷ്കളങ്ക കുടുംബത്തിന്...

ശ്രീ said...

നിഷ്കളങ്കന്‍‌ ചേട്ടാ...
ശ്വാസമടക്കിപ്പിടിച്ച് ഇരുന്നാണ്‍ വായിച്ചത്. വളരെ വ്യക്തമായി എഴുതിയിരിക്കുന്നു, ഈ അനുഭവക്കുറിപ്പ്.

അവസാനം വല്ലാത്ത ആശ്വാസം. ഹോ! എന്തെല്ലാം അനുഭവിക്കുന്നു, അമ്മമാര്‍‌...അല്ലേ?

ചേട്ടനും ചേച്ചിയ്ക്കും മോള്‍‌ക്കും എല്ലാവിധ ആശംസകളും നേരുന്നു.

തമനു said...

വളരെ പിരിമുറുക്കത്തോട് കൂടി വായിച്ചിട്ട് അവസാന ഭാഗം വന്നപ്പോഴാ മനസ് ഒന്ന് ഒഴിഞ്ഞത്. അല്ലെങ്കിലും അങ്ങനെയാ അല്ലേ, അനുഭവിച്ച കഷ്ടപ്പാടും, അസൌകര്യങ്ങളും എല്ലാം, ആ കുഞ്ഞുകൈകളും, കണ്ണിറുക്കിപ്പിടിച്ചു കിടക്കുന്ന ആ കുഞ്ഞു മുഖവും ഒക്കെ കാണുമ്പോള്‍ നമ്മള്‍ മറന്നു പോവും .. :)

പേവാര്‍ഡെടുക്കാന്‍ കഴിവില്ലാത്തതു മൂലം വരാന്തയിലും, കട്ടിലിന്റെ അടിയിലും ഒക്കെ കിടക്കുന്ന ഒത്തിരി സഹോദരികളില്ലേ... അവരെ ഓര്‍ത്താല്‍ എന്തു കഷ്ടമാ അല്ലേ ..

അമ്മയ്ക്കും, കുഞ്ഞു വാവയ്ക്കും, അച്ഛനും ആശംസകള്‍. എന്താ പേരിടുന്നത്...?

G.MANU said...

പക്ഷേ പുതിയവ‌ളുമായിട്ടങ്ങനെ സുഖിയ്ക്കാമെന്നു വിചാരിയ്ക്കേണ്ട. കേട്ടോ. ഞാന്‍ പ്രേതമായിട്ടു വന്നു നിങ്ങ‌ളു കെടക്കുന്ന കട്ടിലു പിടിച്ചുകുലുക്കും. കുലുക്കി ത്തഴെയിടും രണ്ടിനേം. ഹാ!"

ee dialog njaan palathavana kettittundallo hahha

good post mashey

ഹരിശ്രീ said...

മാഷേ, കൊള്ളാലോ...

സു | Su said...

:)

കുറുമാന്‍ said...

നിഷ്ക്കളങ്കനും,കുടുംബത്തിനും, കുഞ്ഞിവാവക്കും ആശംസകള്‍. സര്‍വ്വൈശ്വര്യങ്ങളും നേരുന്നു.

ഇവിടെ മെഡിക്കല്‍കോളേജിലെ അത്രമോശമല്ലെങ്കിലും, മോശമല്ലാതില്ല. എന്റെ ഭാര്യയെ പെയിന്‍ വന്ന് കൊണ്ട് പോയപ്പോള്‍ ഏയ് സാരമില്ല, നാളേക്കേ ആവൂ എന്ന് പറഞ്ഞ് തിരിച്ചയച്ചു. വീട്ടിലെത്തും മുന്‍പ് പെയിന്‍ കൂടി തിരിച്ച് കൊണ്ടു പോകാന്‍ നേരം മുടിഞ്ഞ ട്രാഫിക്ക്. വണ്ടിയില്‍ തന്നെ പ്രസവം നടക്കുമോ എന്ന് കരുതി ഒരു വിധം അവിടെ എത്തി,പ്രസവവാര്‍ഡില്‍ കയറിയിട്ട് വേദന രൂക്ഷമായപ്പോള്‍ ഡോക്ടര്‍ പ്രാര്‍ത്ഥനക്ക് പോയിരിക്കുന്നു.......അന്ന് നമ്മള്‍ പ്രാര്‍ത്ഥിച്ചത് കാരണം രക്ഷപെട്ടു. മെഡിക്കല്‍ എത്തിക്സ് എല്ലാവടേം ഗംഭീരം.

അജയ്‌ ശ്രീശാന്ത്‌.. said...

ഈ കഥ അല്ലെങ്കില്‍ അനുഭവക്കുറിപ്പ്‌ വായിച്ചപ്പോള്‍ എനിക്കൊരു സംശയം...

സത്യത്തില്‍ പ്രസവിച്ചത്‌ താങ്കളുടെ ഭാര്യയാണോ... അതോ.. നിഷ്കളങ്കന്‍ തന്നെയോ....

നന്നായി തന്നെ എഴുതിട്ടോ... അഭിനന്ദനങ്ങള്‍

ദിലീപ് വിശ്വനാഥ് said...

വ‌യ‌ര്‍ നിറ‌ഞ്ഞു കിടന്ന അവ‌ള്‍ ഇതാ, എന്റെ വ‌യറൊഴിച്ച് ... മ‌നസ്സു നി‌റച്ച് കിടക്കുന്നു.

നിഷ്ക്കളങ്കനും കുടുംബത്തിനും ആശംസകള്‍.
അനുഭവക്കുറിപ്പു നന്നായി. ആര്‍ക്കും ഇങ്ങനെ ഒരു അനുഭവം വരാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

താമരക്കുട്ടന്‍... said...

നിഷ്കളങ്കേട്ടാ!!

നന്നായിട്ടുണ്ട്!! വളരേയേറേ!!

നന്നിയോടെ,

താമരക്കുട്ടന്‍.........

ദേവന്‍ said...

ആശംസകള്‍ നിഷ്കളങ്കകുടുംബമേ.
പ്രസവക്കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതിയെപ്പറ്റി പണ്ട് അശോക് കര്‍ത്തായും കമന്റര്‍മാരും ചേര്‍ന്ന് ഒരു ഭീതിദമായ റിപ്പോര്‍ട്ട് എഴുതിയിരുന്നു.

viswaprabha വിശ്വപ്രഭ said...

ദേവന്‍ പറഞ്ഞ ആ റിപ്പോര്‍ട്ട് ഇവിടെയുണ്ട്.(http://ashokkartha.blogspot.com/2007/06/blog-post_21.html)

Sethunath UN said...

മൂര്‍ത്തി : അനുഭവക്കുറിപ്പു തന്നെ. ഭാര്യയുടെ വേദ‌ന ഉ‌‌‌‌ള്‍ക്കൊണ്ടെഴുതിയെന്നു മാത്രം. വ‌ളരെ നന്ദി
കുട്ടിച്ചാത്താ : അനുഭവിച്ചതു മുഴുവ‌ന്‍ എഴുതിയാല്‍ ചാത്ത‌ന്‍ വാളടിയ്ക്കും. ഡോക്ടറിന്റെ വീട്ടില്‍ ചാത്തനേറ് ന‌ടത്തുകയും ചെയ്യും. വ‌ളരെ നന്ദി
എന്റെ ഉപാസനേ : വ‌ളരെ നന്ദി
Reshma : ന‌ന്ദി
പ്രയാസി : വ‌ളരെ നന്ദി.
സഹയാത്രികന്‍ : ഒരുപാടുപേ‌ര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. വിശ്വപ്രഭ തന്ന ലിങ്ക് ഒന്നു ക്ലിക്കി നോക്കൂ. വ‌ളരെ നന്ദി
കുഞ്ഞന്‍ : അറിയാമായിരുന്നു കുഞ്ഞാ. സൗദിയില്‍ വെച്ച് സ്കാന്‍ ചെയ്ത‌റിഞ്ഞിരുന്നു.
വ‌ളരെ നന്ദി
കൊച്ചുത്രേസ്യ : ദൈവാധീത്താല്‍ കുഞ്ഞുവാവ മിടുക്കിയായി വളരുന്നു. 2004 ല്‍ ആണ് മേല്പ്പ‌റ്ഞ്ഞ സംഭ‌വം. ഇപ്പോ‌ള്‍ മൂന്ന് വ‌യസ്സ്.
വ‌ളരെ നന്ദി
ഡാലി : വ‌ളരെ നന്ദി
സനാതനന്‍ : ആശുപത്രിക‌ള്‍ക്കേ മാറ്റമുള്ളൂ. പെരുമാറ്റ‌ം, അനുഭ‌വ്ം എല്ലാം ഏതാണ്ടോന്ന് തന്നെ.
വ‌ളരെ നന്ദി
ദില്‍ബാസുരന്‍ : വ‌ളരെ പ്രയാസമാണ് മാഷേ. വ‌ളരെ നന്ദി
...പാപ്പരാസി : സത്യം. ഇവിടൊക്കെ പ്രസവിച്ചാല്‍ പെണ്ണുങ്ങള്‍ പിന്നെ പ്രസവിക്കാന്‍ സമ്മതിക്കില്ല . വ‌ളരെ നന്ദി
മയൂര : ന‌ന്ദി
സാല്‍ജോҐsaljo വ‌ളരെ നന്ദി
ശ്രീ : വ‌ളരെ നന്ദി
തമനു : :) വ‌ളരെ നന്ദി
ഹരിശ്രീ നന്ദി
സു | Su : നന്ദി
കുറുമാന്‍ : താങ്ക‌ളുടെ അനുഭ‌വ‌ം പങ്കുവെച്ചതിന് നന്ദി.
അമൃത വാര്യര്‍ : ഭ‌ര്‍ത്താക്കന്മാ‌രുടെ എരിപൊരി സ്ഞ്ചാര‌ത്തിനും അത്രതന്നെ വേദ‌ന വരും.
നന്ദി
വാത്മീകി : നന്ദി
താമരക്കുട്ടന്‍... : നന്ദി
ദേവന്‍ : ലിങ്ക് ക‌ണ്ടു. വായിച്ചു. വ‌ളരെ യഥാതതമായ ലേഖ‌ന‌ം. വ‌ളരെ നന്ദി
viswaprabha വിശ്വപ്രഭ : ലിങ്ക് ത‌ന്നതിനെ വ‌ളരെ നന്ദി വിശ്വപ്രഭേ.

മഞ്ജു കല്യാണി said...
This comment has been removed by the author.
മഞ്ജു കല്യാണി said...

വാ‍യിച്ചതിനുശേഷം ചേട്ടന്റെ പ്രൊഫയ്ല്‍ ഒന്നുകൂടെ പോയി നോക്കി ആളു ചേട്ടന്‍ തന്നെയല്ലെ ചേച്ചിയൊന്നുമല്ലല്ലൊ എന്നു, നന്നായി എഴുതിയിട്ടുണ്ട്.

ഈ ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും പ്രണാമം

ആഷ | Asha said...

നിഷ്കളങ്കാ, മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോ മനസ്സിനാകെയൊരു പേടി നാട് ആലപ്പുഴയായതു കൊണ്ട് ഞാനും നാളെ അവിടെ എത്തിപ്പെടുകയും ഇതു പോലെ അനുഭവം ഉണ്ടാവുകയും ചെയ്താലോ എന്നോര്‍ത്ത്. :(

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വെച്ചു തന്നെ എന്റെ അമ്മയ്ക്ക് യൂട്രസ് റീമുവല്‍ ഓപ്പറേഷനിടയില്‍ ഒരു അനുഭവമുണ്ടായി. അനസ്ത്യേഷ്യ കൊടുത്തു മുഴുവന്‍ മരവിക്കുന്നതിനു മുന്നേ തന്നെ ഡോക്ടര്‍ വയറു കീറി. അമ്മ കരഞ്ഞോപ്പോഴാണവര്‍ക്ക് മനസ്സിലായത്. പിന്നെ വീണ്ടും അനസ്ത്യേഷ്യ കൊടുത്തു ബോധം മറഞ്ഞ ശേഷാണ് ബാക്കി ഓപ്പറേറ്റ് ചെയ്ത്. അവര്‍ക്ക് അതൊക്കെ വളരെ നിസാരം പക്ഷേ അനുഭവിക്കുന്നവര്‍ക്കല്ലേ അതിന്റെ വേദന മനസ്സിലാവൂ.

സുജനിക said...

അനുഭവവും ഭാവനയും ഒന്നു തന്നെ...നന്നായി

Sathees Makkoth | Asha Revamma said...

നിഷ്ക്കളങ്കാ,
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ കാര്യമായതുകൊണ്ട് ഇതെല്ലാം അനുഭവമാണന്ന് തന്നെ കരുതുന്നു.
അനുഭവം മോശം.
അതെഴുതിയ രീതി നല്ലത്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

fantastic narration!!!

സുല്‍ |Sul said...

വിവരണാതീതമായ വിവരണം നിഷ്കളങ്കനേ.
വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഓരോ അനുഭവത്തിലൂടെയും കടന്നുപോകുന്നതായറിഞ്ഞു. നിഷ്കിക്കും നിഷ്കുവിനും കുഞ്ഞു നിഷ്കിക്കും ആശംസകള്‍!

-സുല്‍

Saha said...

നിഷ്കളങ്കന്‍!
നന്നായിരിക്കുന്നു, ഈ വിവരണം!
ദിവസവും ഇങ്ങനെ കണ്ടും കേട്ടും ഒരുതരം മരവിപ്പ് ബാധിച്ച കൂട്ടരാണ് ഈ പ്രസവവാര്‍ഡ് ഡ്യൂട്ടിക്കാര്‍. ഇവര്‍ക്ക് ഇതെല്ലാം നല്ല തഴക്കവും പഴക്കവും ഉണ്ടെങ്കിലും, വരുന്നവര്‍ക്ക് അതില്ല എന്ന സെന്‍സും സെന്‍സിബിലിറ്റിയും ഇല്ലാത്തവരാണ് നമ്മുടെ ഭിഷഗ്വരവര്‍ഗത്തില്‍ പലരും. എന്നാല്‍ ഇവര്‍ തന്നെ സ്വകാര്യ ആശുപത്രികളില്‍ നന്നായി പെരുമാറുന്നതും കാണാം. അപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്നുപെടുന്നവരോട് ഇത്രയ്ക്കൊക്കെ മതി മനുഷ്യസ്നേഹം, എന്ന ധാര്‍ഷ്ട്യം തന്നെ ഇതെല്ലാം. സ്വകീയമല്ലാത്ത ഒരു അനുഭവം വളരെ നന്നായി പകര്‍ത്തിയിരിക്കുന്നു.