Saturday, April 30, 2011

ബാലി മരിച്ചത് എങ്ങിനെ?

മലയായും സിംഗപ്പൂരും ചുറ്റി മദ്ധ്യധരണ്യാഴിക്കപ്പുറത്തുള്ള ദേശത്തും ജോലി ചെയ്ത് താല്‍ക്കാലിക റിട്ടയര്‍മെന്റ് പ്രഖ്യാപിച്ച കൃഷ്ണന്‍ മേനോന് നാട്ടില്‍ വന്നപ്പോള്‍ മുതലുള്ള പൂതി ഒരു കഥകളി നടത്തുക എന്നതായിരുന്നു. മേനോന്‍ സ്ഥലത്തെ രാജാവെന്ന് സ്വയം ധരിച്ച് വശായിരുന്നതിനാല്‍ കൂട്ടിന് രണ്ടു കുന്തക്കാരെയും ലഭിച്ചിരുന്നു സ്ഥിരമായി. കുഞ്ഞൂട്ടന്‍ നായരും അമ്പിസ്സാമിയും.

മേനോന്‍ പഴയ കളീക്കമ്പക്കാരനാണ് എന്നാണ് ഐതിഹ്യം. പക്ഷേ ഈ കമ്പത്തിന് അസാരം വിശേഷമുണ്ട്. താടിയാണ് കമ്പത്തിന് ഹേതു. എന്നു വെച്ചാല്‍ പച്ച, കത്തി, കരി, മിനുക്ക് തുടങ്ങിയ മറ്റു വഹകളൊന്നും മേന്ന് തീരെ ഏശില്ല തന്നെ. പറ്റുമെങ്കില്‍ നളനും കൂടി ചോന്ന താടിയാവണം എന്നായിരുന്നു മേനോന്‍ പക്ഷം.


അങ്ങീനെ മേനോന്‍ കുന്തക്കാരേയും കൂട്ടി കളി വിളിച്ചുകൂട്ടാനുള്ള വെടിവട്ടമൊക്കെ തുടങ്ങി. മേനോന്‍ കഥകളി കണ്ടിരുന്ന കാലത്ത് കേമനായിരുന്ന താടിക്കാരനെ തന്നെ വിളിച്ച് കളിക്ക് കൂട്ടണമെന്നാണ് രാജാവിന്റെ ആദ്യവാശി. കുന്തക്കാര്‍ക്ക് ദിനബത്തയില്‍ വഹവെച്ചിരുന്ന സ്കോച്ചില്‍ പാറ്റ വീഴാതിരിക്കാന്‍ അവര്‍ ബദ്ധശ്രദ്ധരായിരുന്നതി‌നാല്‍ അവര്‍ മേനോന്‍ പറയുന്നതാണ് കാര്യം എന്ന് ഉദ്ഘോഷിക്കയും തദ്വാരാ ആ പഴയ താടിയെ കുത്തിപ്പിടിച്ച് കൊണ്ടുവരാന്‍ സന്നദ്ധരാവുകയും ചെയ്തു. മേനോന്‍ ഉദാരനും ഉന്നതനുമാകയാല്‍ പഴയ താടി കേളുവേട്ടന് പൊന്നാടയും ബഹുമതി പത്രവും വീരശൃംഖലയും കൊടുക്കണമെന്നു കൂടി കല്പിച്ചു.


കേളുവിന് ഫോണ്‍ ചെയ്തു. പഴയ കൂറ്റന്‍ താടി കേളുവേട്ടന്‍ കഥകളിയിലെ പ്രായം നോക്കിയാല്‍ പ്രായേണ ചെറുപ്പമെങ്കിലും കളിയില്‍ നിന്നും വിടുതല്‍ ചെയ്തിട്ട് അന്നേക്ക് ഒരു വ്യാഴവട്ടക്കാലമായിരുന്നു. കളിക്ക് ക്ഷണിച്ച് ഫോണ്‍ കിട്ടിയതും കേളു അലറി ഗ്വാ ഗ്വേ വിളിച്ച് താന്‍ കളി നി‌ര്‍ത്തിയെന്നും വരില്ലായെന്നും തന്റേടാട്ടം ഫോണിലുടെ ആടി കുന്തക്കാരെ വിറപ്പിച്ചു. പക്ഷേ അമ്പിസ്സാമി കരഞ്ഞുകൊണ്ട് പൊന്നാട, വീരശൃംഖല, കുറ്റപത്രം എന്നിങ്ങനെ പറഞ്ഞതോടെ താടി കേളുവേട്ടന്റെ മനസ്സ് അലിഞ്ഞ് ദ്രാവകമായി ഫോണിലൂടെ ഒഴുകുകയും സമ്മതമായി തിരുകയും ചെയ്തു. അങ്ങിനെ ബാലിവധം കളി പറഞ്ഞുറപ്പിക്കപ്പെട്ടു. ഇടക്കാലം കൊണ്ട് ഗുളികരൂപത്തിലാക്കപ്പെട്ടതിനാല്‍ കഥകളിയൊക്കെ മോശമാണെന്നും നമുക്കതിനൊരു മാറ്റം വരുത്തണമെന്നും ഇരുവശത്തുമുള്ള കുറ്റികള്‍ പറഞ്ഞതനുസരിച്ച മേനോന്‍ 'എന്നാല്‍ സമ്പൂര്‍ണ്ണമായിക്കോട്ടേ" എന്ന് ലേറ്റസ്റ്റ് ഫാഷനില്‍ ഉത്തരവായി. കൂട്ടു വേഷക്കാര്‍ക്കുള്ള ക്ഷണങ്ങളും ഫോണിലൂടെ ക്ഷണപ്രഭാചഞ്ചലമായി പറപ്പിക്കപ്പെട്ടു. സുഗ്രീവ‌നായി ഇപ്പോഴുള്ള കേമന്‍ താടിയെത്തന്നെ വരുത്തണമെന്ന മേനോന്റെ വാശിയും നടപ്പായി. രാമനെളയത്. എളയതിന്റെ താടി കേമം എന്ന് കുന്തക്കാര്‍ ആവര്‍ത്തിച്ചുറപ്പിച്ചതോടെ സുഗ്രീവനും ഉറച്ചു.രാവണനായി ചെറുതുരുത്തിയില്‍ നിന്നൊരാശാനെ വരുത്തി. ശ്രീരാമനായി കുട്ടനാട്ടിലെ ഒരു പച്ചയായ നായരേയും കുന്തക്കാര്‍ തരമാക്കി. താടിക്കാര്യത്തില്‍ മാത്രമേ മേനോന് കാര്‍ക്കശ്യമുള്ളൂ എന്നതിനാല്‍ പച്ചയും കത്തിയുമൊന്നും തീരുമാനത്തിന് കുപ്പിക്കഴുത്തായില്ല എന്നു സാരം.


അങ്ങിനെ കളി ദിവസമായി. മേനോന്‍ കളി നടത്തുന്നു. കാണാന്‍ വരുന്നില്ലേ എന്നു ദ്യോതിപ്പിക്കുന്ന പല പരസ്യങ്ങളും നാടുനീളെ എറിഞ്ഞിരുന്നതിനാലും താടിക്കേളു ഒരു വ്യാഴവട്ടം കഴിഞ്ഞ് വേഷം കെട്ടുന്ന കളി എന്ന നിലയിലും കളിക്ക് ആളു കൂടിയിരുന്നു. കൂടാതെ മേനോന്റെ സ്വന്തക്കാരനും സ്ഥലം എമ്മെല്ലേയും ആഭ്യന്തരമത്രിയുമായ സുഹൃത്തിനേയും രാജസപ്രൗഢി കാട്ടാന്‍ മേനോന്‍ വിളിച്ചു വരുത്തി. ടൂറിസ്സം വകുപ്പിന്റെ അധികശല്യമുള്ളതിനാല്‍ പലപ്പോഴും സായിപ്പിന്റെ ഒപ്പം മാത്രം ഇരുന്ന് പത്തുമിനിട്ട് കഥകളി കണ്ട് ശീലിച്ചിരുന്ന മന്ത്രിക്ക് ഈ നാടന്‍ കലാരൂപത്തിനെ തന്റെ മഹനീയ സാന്നിധ്യം കൊണ്ട് പരിപോഷിപ്പിച്ചുകളയാം എന്ന് തോന്നുകയും അത്തരുണത്തില്‍ നാടകശാലയില്‍ ഹാജരാവുകയും ചെയ്തു.


അന്നേ ദിവസം മധ്യാഹ്നത്തില്‍ ആഗതനായ താടിക്കേളുവിനെക്കണ്ട് മേനോന്‍ അക്ഷരാര്‍ത്ഥത്തില്‍ അന്ധാളിച്ചു. പഴയ കളിക്കാരന്‍ മുണ്ടും മാടിക്കുത്തി സര്‍ക്കാര്‍ ബസ്സില്‍ വന്നിറങ്ങി കുത്തിപ്പിടിച്ചു നടന്നു വരും എന്ന് ധരിച്ചിരുന്ന മേനോന്‍ കണ്ടത് പുതിയ മോഡല്‍ സ്കോഡയില്‍ രാജകീയമായി വന്നിറങ്ങിയ കള‌സവും മുറിക്കയ്യന്‍ ഷര്‍ട്ടുമിട്ട അഭിനവ താടിക്കേളുവിനേയാണ്. നാട്ടിലെ പ്രമാണിക്കാറായിരുന്ന തന്റെ വാഹനം ഒരു കൃമിയാണെന്ന് മേനോന് തോന്നുകയും അതൊടെ താടിക്കേളുവിനോട് ആദരവ് കൂടുകയും താടിക്കാരാണ് ഏറ്റവും കേമത്തമുള്ളവര്‍ എന്ന തന്റെ ധാരണ എത്ര ശരി എന്ന് ഉറക്കെ പ്രഖ്യാപിക്കയും ചെയ്തു. കേളുവേട്ടന്‍ വന്നത് ‌അനന്തിരവന്റെ കുടെയാണ്. അഥവാ കേളുവേട്ടന്‍ അനന്തിരവന്റെ സൂപ്പ‌ര്‍‌വിഷനിലായിരുന്നു. എല്ലാത്തരം താടിയും ചെയ്യുമായിരുന്നെങ്കിലും വീരഭദ്രസേവയൊട് എന്തെന്നില്ലാതത അടുപ്പം കേളുവേട്ടനുണ്ടായിരുന്നു. വീരഭദ്രനും വിജയ് മല്ലയ്യായും ഉല്പ്പാദിപ്പിച്ചിരുന്നത് ഒരേ ലഹരിയായിരുന്നതിനാലും കേളുവേട്ടന്‍ അവനില്‍ അനുരക്തനായിരുന്നതിനാലും ആണ് കരളിനിം കാലിനും സംഭവിച്ച അസ്ക്യതനിമിത്തം വ്യാഴവട്ടം മുന്‍പ് താടിക്കേളൂ ധനാശി ചവിട്ടി കളി നിര്‍ത്തേണ്ടിവന്നത്്ഞത്. കേളുവേട്ടന്‍ ഇനി വീരേട്ടനെ സേവിച്ചാല്‍ താടിയുടെ തടി കേടാവും എന്ന വൈദ്യവിധിയുടെ അടിസ്ഥാനത്തില്‍ അപ്രകാരം സേവിക്കാനുള്ള വാഞ്‌ഛകളെ ഉന്മൂലനം ചെയ്യാനാണ് കേളുവേട്ടന്റെ ഭാര്യ അനന്തിരവനെ ശട്ടം കെട്ടി ഏല്പ്പിച്ചിരുന്നത്. കളിസ്ഥലങ്ങളില്‍ സ‌‌ര്‍വ്വസാധാരണ‌‌മായിക്കാണാറുള്ള മൂക്കുചെത്തിയ കരിക്കുകള്‍ കളിക്കാരെ ലഹരിപിടിപ്പിക്കാനായി ആസ്വാദകവൃന്ദം എന്ന പരിഷകള്‍ കരുതാറുണ്ട്. കരിക്ക് എന്നത് ഫുള്ളിന്റേയും പൈന്‍ഡിനേയും കുപ്പികളായും വേഷപ്രച്ഛന്നരാവാറുണ്ട് താനും. അപ്രകാരം മൂക്കുചെത്തിയ കരിക്കുകളേ കേളുവേട്ടന്റെ ഏഴയലത്ത് അടുപ്പിക്കാതിരിക്കുക എന്നതായിരുന്നു അനന്തിരവന്‍ ബ്ലാക്‌ക്യാറ്റിന്റെ ദൗത്യം. കാര്യം മൂക്കുചെത്തിയ കരിക്ക് തനിക്കും ഒരു ദൗര്‍ബ്ബല്യ്മായിരുന്നെങ്കിലും കളിക്ക് കാശ് കൊടുക്കുന്നത് താനാണെന്ന് ബോധം മേനോനെ ബ്ലാക്ക് ക്യാറ്റിനും കൂടി ഒരു വീരശൃഖല കൊടുക്കേണ്ടതാണെന്ന തോന്നലുളവാക്കി. താടിയുടെ കളി ഉഷാറാവണം. അതായിരുന്നു മേന്റെ ചിന്ത. അങ്ങിനെയെന്നാന്‍ കുന്തക്കാരും.


ഉച്ചക്കു തന്നെ ചുട്ടിക്കു കിടന്ന താടിക്കേളു വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനത്തില്‍ വെച്ച് പൊ‌‌ന്നാടയും വീരശൃംഖലയും കുറ്റപത്രവുമൊക്കെ ഏറ്റുവാങ്ങി കൃതജ്ഞനായി. ചുട്ടി വെച്ച ബാലി മുഖത്തൊടെ മറുപടിപ്രസംഗത്തില്‍ താടിക്കേളു ഗദ്ഗദകണ്ഠനാവുകയും തനിക്ക് മോക്ഷപ്രാപ്തി നല്‍കിയ ശ്രീരാമനാണ് മേനോന്‍ എന്ന് മുക്തകണ്ഠം പ്രശംസിച്ച് ഫിറ്റാക്കുകയും ചെയ്തു. ശേഷം ഉടുത്തുകെട്ടിന്നായി പിരിയുകയും ചെയ്തു.


കളി തുടങ്ങി.


മേനോനും മന്ത്രിയും പരിവാരങ്ങളും നാട്ടിലെ ആബാലവൃദ്ധം പരിഷകളും കളിക്ക് ഹാജര്‍. രാവണനും മാരീചനുമൊക്കെ‍ കത്തിയും ശ്രീരാമനും ലക്ഷ്മണനുമൊക്കെ പച്ചയുമായതിനാല്‍ മേനോന്‍ ആ വഹ കളികളിലൊന്നും വലിയ വില അല്ലെങ്കില്‍ താല്പ്പര്യം കല്പ്പിച്ചിരുന്നില്ല. താടി വരാതെ എന്തു കളി. രാമനെളയതിന്റെ സുഗ്രീവന്‍ വന്നപ്പോള്‍ മാത്രമാണ് മേനോന്‍ കളിയില്‍ ബദ്ധശ്രദ്ധനായത്. രാമനെളയത് സുഗ്രീവനായി തകര്‍ത്താടി. പതിവിനു വിരുദ്ധമായി ബാലി സുഗ്രീവനേക്കാളും മുന്‍പേ ഉടുത്തും കെട്ടി വെച്ചു മുറുക്കി അണിയറയില്‍ ഇരുപ്പുറപ്പിച്ചിരുന്നു. കേളുവേട്ടന് പോയിട്ട് തിരക്കുണ്ടെന്നും സുഗ്രീവനെ ആട്ടങ്ങളൊക്കെ ഉപായത്തിലാവണെമെന്നു ഭംഗ്യന്തരേണ ബാലി അഥവ കേളുവേട്ടന്‍ സുഗ്രീവനോട് അഥവാ രാമ‌നെളയതിനോട് സൂചിപ്പിച്ചിരുന്നു. സുഗ്രീവനു തേക്കുന്നതിനിടെ തലയാട്ടിയപ്പോള്‍ അത് ചെവിക്കൊണ്ടൂ എന്ന് താടിക്കേളു ധരിച്ചു വശാവുകയും ചെയ്തു.

എന്നാല്‍ സുഗ്രീവന്റെ തന്റേടാട്ടം വന്നതോടേ എളയത് ഒരു ഫുള്‍ സുഗ്രീവനായി മാറി. പരിസരം മറന്ന് തകര്‍ത്തുള്ള ആട്ടം. ബാലിയുമായുള്ള ശത്രുത്വ കഥയും മായാവി ചതിച്ചുവെന്നു കരുതി ഗുഹ അടച്ചു വന്നിട്ട് ബാലിയുടെ അന്ത്യകര്‍മ്മം ചെയ്യുന്ന ഭാഗവും വന്നപ്പോള്‍ സുഗ്രീവന്‍ വീണ്ടും ഒരു സാക്ഷാല്‍ ഇളയതായി മാറി. ഒരു ഇളയതിന്റെ തന്മയത്വത്തോടെ ബലികര്‍മ്മങ്ങള്‍ വിസ്തരിച്ചാടിയ രാമനെളയത് ഒടുവില്‍ ബലിച്ചോറുണ്ണാന്‍ കാക്കകളെ കൈകൊട്ടി വിളിക്കാന്‍ തുടങ്ങി. അതൊടെ അണിയറയില്‍ മണിക്കൂറുകളായി കുറ്റിച്ചാമരവും വെച്ചു മുറുക്കി ഇറുകിയിരുന്ന കേളുവേട്ടന്റെ ബാലി വയലന്റായി.


"അവന്റെയൊരു കാക്കക്ക് കൈകൊട്ടല്‍. അവന്‍ എന്നെ ഇങ്ങനെയിരുത്തികൊന്ന് ബലിയിട്ട് ആ ചോറ് കാക്കയെക്കൊണ്ട് കൊത്തിച്ചേ ആട്ടം നിര്‍ത്തൂ. കൊശവന്‍" എന്നൊക്കെ താടിക്കേളു അമറി.


ഒടു‌വില്‍ കാക്കയെ വിളിക്കലൊക്കെ അവസാനിപ്പിച്ച് ബാലിയുമായുള്ള ശത്രുത കഥയൊക്കെ ആടിത്തീര്‍ത്ത സുഗ്രീവന്‍ പിന്നീട് ശ്രീരാമനുമായി സഖ്യം ചെയ്ത് ബാലിയെ പോരിനും വിളിച്ച് രംഗത്തിനിന്നും നിഷ്ക്രമിച്ചപ്പൊഴേക്കും കേളുവേട്ടന്റെ ബാലി സുഗ്രീവനെ കൊല്ലാന്‍ പാകത്തിന് പഴുത്തിരുന്നു.


ബാലിയുടെ തിരനോക്കും പന്തംകൊളുത്തിപ്പിടുത്തവും ഭീകരാന്തരീക്ഷവും ഒക്കെ മുറക്ക് നടന്നു. ഒടുവില്‍ ബാലി സുഗ്രീവന്മാര്‍ തമ്മിലുള്ള യുദ്ധമായി. ഇരു വശത്തുമിരുന്നുള്ള "പുയ്യാ പുയ്യാ " പോ‌ര്‍‌വിളിയായി. ആസ്വാദകരങ്ങനെ വിശിഷ്യാ കൃഷ്ണന്മേനോന്‍ രസം പിടിച്ചു വരവേ പെട്ടെന്ന് ബാലി ചാടിയെഴുന്നേറ്റ് അണിയറ ലക്ഷ്യമാക്കി നടന്നു. പിറകിലെ കര്‍ട്ടന്‍ വകഞ്ഞ് അണിയറയിലേക്കെത്തി നോക്കി കേളുവേട്ടന്‍ മൂന്നു മുട്ടന്‍ തെറി വിളിച്ചു അണിയറക്കാരനെ. അണിയറയില്‍ പെട്ടിപ്പുറത്തിരുന്ന് ഉറക്കം തൂങ്ങുകയായിരുന്ന കുട്ടനാട്ടുകാരന്‍ ശ്രീരാമന്‍ ഞെട്ടിയുണര്‍ന്നു. ബാലി അമ്പു ചോദിച്ചുകൊണ്ടാണ് തെറി വിളിക്കുന്നത്. അണിയറക്കാരന്‍ അമ്പും കൊണ്ട് അടുത്തുവരവേ അതു തട്ടിപ്പറിച്ച് അരങ്ങ‌ത്തേക്ക് തിരിഞ്ഞ ബാലി അത് തന്റെ വയറ്റിലേക്ക് കുത്തിയിറക്കുന്നതായി നടിച്ച് അലറിക്കൊണ്ട് താഴെ വീണൂ.


സ്തംബ്ധരായ കാണികള്‍, മേനോന്‍, സുഗ്രീവന്‍, പാട്ടുകാരും മേളക്കാരുമൊക്കെ ഒരു നിമിഷ‌ത്തേക്ക് ഫ്രീസായി. അവിടെങ്ങും ശ്രീരാമന്റെ പൊടിപോലുമില്ല. തന്റെ കളി താമസിച്ചതില്ലും ശ്രീരാമന്‍ കൊല്ലാന്‍ വൈകിയതിലും പ്രതിഷേധിച്ച് ബാലി ഇതാ സ്വയം അമ്പു കുത്തി ചത്തിരിക്കുന്നു. ചെണ്ടക്കാരന്റെ വിപദ്ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ചാടിച്ചെന്ന് പിറകിലെ കര്‍ട്ടന്‍ മാറ്റി കുട്ടനാട്ടുകാരന്‍ ശ്രീരാമനെ കോലുകാട്ടി വിളിച്ചു. ചാടിയെത്തിയ ശ്രീരാമന്‍ അരങ്ങത്ത് വന്നപ്പോള്‍ കാണുന്നത് താന്‍ അമ്പയക്കുന്നതിനും എത്രയൊ മുന്‍പ് അമ്പേറ്റ് കിടക്കുന്ന ബാലിയേയും . എന്തിനും വേണമല്ലോ ഒരവസാനം. ശ്രീരാമന്‍ ഒരമ്പു തൊടുത്ത് ബാലിയെ ലക്ഷ്യമാക്കി എയ്തു. അതു കണ്ടാല്‍ 'ഇവന്‍ എന്റെ അമ്പു കൊള്ളാതെ ആത്മഹത്യ ചെയ്കയോ. എന്നാല്‍ ഇവന്‍ ഇനി എഴുന്നേല്‍ക്കരുത്. ഹിയര്‍ ഈസ് ദി ലാസ്റ്റ് ആരോ ഫോര്‍ യു ബാലി" എന്നേ തോന്നൂ. ശേഷം കരച്ചിലും പിഴിച്ചിലുമൊക്കെയായി വി‌ധിയാം‌വണ്ണം ബാലിവധം അവസാനിച്ചു.


അങ്ങിനെ ചരിത്രത്തിലാദ്യമായി ബാലി വധിക്കപ്പെടാതെ ആത്മഹത്യ ചെയ്ത സംഭവം മേനോന്റെ സ്പോണ്‍സര്‍ഷിപ്പില്‍ അരങ്ങേറി.


അടുത്ത ദിവസത്തെ വര്‍ത്തമാനപ്പത്രത്തില്‍ വിശേഷമായി വന്ന ഒരു വാര്‍ത്തയുണ്ടായിരുന്നു.

"ആത്മഹത്യ ചെയ്ത ബാലിയെ വധിച്ചു എന്ന് തെറ്റായി വ്യാഖ്യാനിച്ച കൊട്ടാരക്കരത്തമ്പുരാന്‍ യഥാര്‍ത്ഥത്തില്‍ ചരിത്രത്തെ വള‍ച്ചൊടിക്കുകയാണ്. ശ്രീരാമന്‍ നിരപരാധിയാണ്. അല്ലെങ്കിലും ശ്രീരാമന് ആരെയാണ് കൊല്ലാന്‍ കഴിയുക രാവണനെയല്ലാതെ? കൊട്ടാരക്കര തമ്പുരാനെതിരെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കേസിനു പോകാനും മടിക്കില്ല- ടൂറിസം/ആഭ്യന്തര വകുപ്പു മന്ത്രി ഇട്ടീണാന്‍ കുറുപ്പ് "


പി‌ന്‍‌കുറിപ്പ് :കൃഷ്ണന്‍ മേനോന്‍ കഥകളിക്ക് കൂടുന്നത് തീരെ നിര്‍ത്തി എന്നാണറിവ്. അമ്പിസ്സാമിയും കുഞ്ഞൂട്ടനും ചുമട്ടുതൊഴിലാളികളായി ഇപ്പോള്‍ നോക്കുകൂലി വാങ്ങി സ്വസ്ഥമായി ജീവിക്കുന്നു.