എല്ലാവര്‍ക്കും ഓണാശംസകള്‍! വയര്‍ നിറയെ ഊണാശംസകള്‍!
ചോറില്‍ പരിപ്പൊഴിച്ച് അതില്‍ പൂര്‍ണ്ണചന്ദ്രനൊക്കും പപ്പടം സ്നേഹത്തോടെ വെച്ച് വലത് കൈപ്പടം പരത്തി കമഴ്ത്തിപ്പിടിച്ച് പൊടിച്ച് നെയ്യും ചേര്‍ത്ത് കുഴ്ച്ച് അടിക്കാന്‍ മറക്കരുത്.
സാമ്പാര്‍ എത്തിയാല്‍ ഇടതുവശത്ത് അനാഥമായിക്കിടക്കുന്ന ഒരു കൂന ചോറ് ഇലയുടെ നടുവിലേക്കിട്ട് അതിലൊരു കുഴി കുഴിച്ച് സാമ്പാര്‍ ഒഴിപ്പിച്ച് അതിലെ കഷണങ്ങളെ ആദ്യം ഉച്ചാടനം ചെയ്ത് കുഴച്ചുരുളയാക്കി, അതിന്മേല്‍ അവിയലിന്റെ ഒരു പിടിയെടുത്ത് പിടിപ്പിച്ച്, അതില്‍ ഇഞ്ചിക്കറി കൊണ്ടൊരു പൊട്ട് തൊട്ട് അണ്ണാക്കിലേക്കെറിയുമ്പോള്‍ നിങ്ങള്‍ക്ക് ദിവസവും ചോറുണ്ണുന്ന ഹോട്ടലിലെ ചീപ് ഫുഡ്ഡിനോട് പുച്ഛം തോന്നിയേക്കാം. തോന്നണം. അഹങ്കരിക്കണം. അതിനാണോണം. (തിരിച്ച് വന്ന് കരയാനും ഒരു കാരണം വേണ്ടേ)
പടവലങ്ങയും, വെള്ളരിക്കയും, ചേനയും, മുരിങ്ങക്കയും ചെറുതായരഞ്ഞ തേങ്ങയില്‍ ആനന്ദനൃത്തമാടു,ന്ന വെളിച്ചെണ്ണയുടേ കടും വാസന മേന്‍പൊടി ചാര്‍ത്തുന്ന അവിയല്‍, തള്ളവിരലും ചൂണ്ടുവിരലും നടുവിരലും കൂട്ടി കുത്തിയെടുത്ത് നാവില്‍ വെക്കുമ്പോള്‍ നിങ്ങള്‍ ഒരു തികഞ്ഞ അഹങ്കാരിയായിരിക്കും.
ചുവക്കെ വറുത്ത് ഉടച്ചെടുത്ത് തൈര് ചേര്‍ത്തുണ്ടാക്കിയ പാവക്കാ/ വെണ്ടക്കാ കിച്ചടികളും, സ്വര്‍ണ്ണനിറമുള്ള കാബേജ് തോരനും മത്തങ്ങായും കടലയും സ്നേഹിച്ചൊന്നായ്ക്കുഴ്ഞ്ഞ കടുക് കൊണ്ട് മേമ്പൊടിചോടിക്കിടക്കുന്ന കൂട്ടുകറിയും നിങ്ങളേക്കാത്തിരിക്കുന്നു. ഒന്നും വെറുതേ വിടരുത്.
തൊട്ട് നാവില്‍ വെച്ചാല്‍ കുണ്ഡലിനിവരെ കറന്റടിപ്പിക്കുന്ന ഉശിരുള്ള അച്ചാറുകള്‍ ഹോട്ടലിലെ ആഹാരം കഴിച്ച് രുചികെട്ട നാവുകളെ പുളകമണിയിക്കട്ടേ എന്നാശംസിക്കുന്നു.
കുറുക്കു കാളനും, മധുരപ്പച്ചടിയും ആ ഇലയുടെ സെന്ററില്‍ ചിരിച്ചുകൊണ്ടിരിക്കുന്നത് "കാണാനല്ല" എന്നോര്‍ക്കുക.
ആലസ്യത്തോടെ ഇലയില്‍ വന്നു വീഴുന്ന അടപ്രഥമന്‍ പഴവും പപ്പടവൂം കൂട്ടി ഞെരടി വാരിയുണ്ണുമ്പോള്‍, ഹോട്ടലിലെ കുഴിപ്പിഞ്ഞാണത്തിന്റെ ഇടതുഭാഗത്ത് എന്നും കാണാറുള്ള "ചൗവ്വരി" എന്ന സൂപ്പര്‍ഗ്ലൂ കൊണ്ടുള്ള പായസത്തിനെപ്പറ്റി നിങ്ങളോര്‍ക്കുകകൂടി ചെയ്യരുത്.
ഒടുവില്‍ ഇഞ്ചിയും പച്ചമുളകും കരിവേപ്പിലയും ചതച്ചിട്ട ഉശിരനായ സംഭാരം കുടിച്ച് ഏമ്പക്കം വിട്ട് നാക്കില കൈകൊണ്ട് കൂട്ടിയെടുത്ത് വടക്കേപ്പുറത്തേക്ക് എറിയുമ്പോള്‍ ആര്‍ത്തുപൊങ്ങുന്ന കാക്കകളുറ്റെ കാ കാ രവം നിങ്ങളില്‍ ഒരു ഗൃഹാതുരത്വം ഉണര്‍ത്തിയേക്കാം.
ഒരോണത്തിന്റെ ഓര്‍മ്മകളിലേക്കുള്ള കുറേ ചിറകടിയൊച്ചകള്‍ കൂടി കൂട്ടിച്ചേര്‍ത്ത്... തിരികെ വന്ന് പി.സി ഓണ്‍ ചെയ്യുന്നതു വരെ.... എല്ലാവര്‍ക്കും ഓണാശംസകള്‍! വയര്‍ നിറയെ ഊണാശംസകള്‍!
ഓണക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ : ഊഞ്ഞാലിന്റെ കയറിന്റെ ക്വാളിറ്റി, വണ്ണം എന്നിവ ശ്രദ്ധിക്കുക. പണ്ടത്തെപോലെയല്ല. എല്ലാവരും തടിയന്മാരും തടിച്ചികളുമാണെന്ന കാര്യം മറക്കരുത്.
4 comments:
ഹ.ഹ,ഹ. അത് കലക്കി.
ഓണാശംസകൾ അറിയിച്ച്, ഞാൻ സ്ഥലം വിടുകയാണ്. ബ്യാച്ചികളും പ്രവാസികളും കൊടിയുമായി ഇപ്പോയെത്തും. അടിക്കാൻ.
കൊതിപ്പിച്ച് കൊല്ലാതെ മാഷെ.
Sulthan | സുൽത്താൻ
ഹായ്.. കലക്കന്‍ ഊ ണ്.
തടി കൂടുതലാ ണെങ്കിലും നോ ഡയട്ടിംഗ് ഫോര്‍ ഓണസദ്യ.
വാക്കുകള്‍ കൊണ്ട് ഇത്ര നല്ല ഒരു സദ്യക്ക് നന്ദി മാഷെ.
നല്ല ഓണം സദ്യ-ശരിക്കും കൊതിയായി.
Post a Comment