Wednesday, September 24, 2008

ന‌ളചരിതം ഒന്നാം ദിവസം (ദൃശ്യവേദി, തിരുവന‌ന്തപുരം, 22 സെപ്റ്റംബര്‍ 2008)

തിരുവനന്തപുരത്തെ കഥക‌ളിക്ലബ്ബായ ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ സെപ്റ്റം.22 ന് കിഴക്കേക്കോട്ട കാര്‍ത്തികതിരുനാള്‍ തീയേറ്ററില്‍ നടന്ന ന‌ളചരിതം ഒന്നാം ദിവസം കഥക‌ളിയുടെ ഒരു ആസ്വാദനക്കുറിപ്പാണ്. ദയവായി പാകപ്പിഴക‌ള്‍ പൊറുക്കുകയും ചൂണ്ടിക്കാട്ടുകയും ചെയ്യുമ‌ല്ലോ.
അഭിനയം

ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ന‌ളനായി വേഷമിട്ടു. ഇന്ന് പച്ചവേഷം നന്നായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള ന‌ടന്മാരില്‍ പ്രമുഖരില്‍ ഒരാളാണ് ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍.വേഷ ഭംഗിയും വൃത്തിയും ഒതുക്കവും ഉള്ള മുദ്രക‌ളും പാകത വന്ന അരങ്ങുപരിചയവും ശ്രീ ബാലസുബ്രഹ്മണ്യന്റെ ആട്ടത്തില്‍ കാണാം.

ക്ലബ്ബ് ന‌ടത്തുന്ന കഥക‌ളി എന്ന നിലയില്‍ കൃത്യസമ‌യത്തിനുള്ളില്‍ത്തന്നെ ക‌ളി തീര്‍ക്കാനായി ഒര‌ല്പ്പം ധൃതിയിലായിരുന്നു ക‌ളിയുടെ വേഗം. ഇത് രസച്ചരടിന് ഭംഗം വരുത്തിയെങ്കിലും സാമാന്യം നല്ല ഒരു ക‌ളിയായിരുന്നു ഇന്നലത്തേത് എന്ന് പറയാം.
ശ്രീ ഫാക്ട് ജയദേവവര്‍മ്മയായിരുന്നു നാര‌ദനായി വേഷമിട്ടത്. നാരദന്റെ ഭീഷിതരിപു നികര എന്ന പദത്തിനു ശേഷമുള്ള ആട്ടത്തില്‍
" ഭൂമിയില്‍ ഉള്ള സാധാരണജന‌ങ്ങ‌ള്‍ക്ക് അഭീഷ്ടകാര്യങ്ങ‌ള്‍ സാധിച്ചുകൊടുക്കുന്ന ദേവക‌ള്‍ പോലും ആഗ്രഹിയ്ക്കുന്ന ആ കന്യകാരത്ന‌ത്തെ (ദമ‌യന്തിയെ) ഒരു സാധാരണ മനുഷ്യനായ ഞാന്‍ ആഗ്രഹിയ്ക്കുന്നതില്‍ എത്രത്തോളം ഔചിത്യമുണ്ട്?"
എന്ന ന‌ളന്റെ ചോദ്യത്തിന് "സദ്ഗുണസമ്പന്ന‌നായ നീ അങ്ങനെയോര്‍ത്ത് വ്യാകുലപ്പെടേണ്ടതില്ല" എന്ന നാരദന്റെ മറുപടി ഒഴുക്കന്‍ മട്ടിലായി.

ഭഗവന്‍ നാരദ
ശേഷം ന‌ളന്‍ "ഇത്ഥം ശ്രുത്വാ ഭാരതീം നാരദീയം" എന്ന ശ്ലോകം അഭിന‌യിയ്ക്കുന്നു. ദമ‌യന്തിയെക്കുറിച്ച് നാരദന്‍ പറഞ്ഞ വാക്കുക‌ളും കേട്ടുകേഴ്വിക‌ളും കൊണ്ട് മ‌ഥിയ്ക്കപ്പെട്ട മനസ്സുമായി നില്‍ക്കുന്ന ന‌ളന്‍. തുട‌ര്‍ന്ന് "കുണ്ഡിന‌നായക ന‌ന്ദിനിയ്ക്കൊത്തൊരു പെണ്ണില്ലാ" എന്ന പദം. പ്രണ‌‌യപരവശനായ ഒരു യുവ‌രാജാവിന്റെ പ്രണ‌യിനിയെക്കുറിച്ചുള്ള ചിന്തക‌ളാണ് "കുണ്ഡിന‌നായക" എന്ന പദത്തില്‍. ആവുന്നത്ര മിതത്വം പാലിച്ചുകൊണ്ട് ശ്ലോകവും തുടര്‍ന്നുള്ള ഈ പദവും ബാലസുബ്രഹ്മണ്യന്‍ സാമാന്യം ന‌ന്നായി അഭിനയിച്ചു ഫലിപ്പിച്ചു.

ഇത്ഥം ശ്രുത്വാ ഭാരതീം നാരദീയം

കുണ്ഡിന‌നായക നന്ദിനി

മുദിരതതി കബരീ

അനുദിനമവ‌ള്‍ തന്നില്‍ അനുരാഗം വ‌ള‌രുന്നു

തുട‌ര്‍ന്നുള്ള ആട്ടത്തില്‍ എങ്ങനെ ദമ‌യന്തിയെ വിവാഹം കഴിയ്ക്കാം എന്ന് ചിന്തിയ്ക്കുകയാണ് ന‌ളന്‍. ദമ‌യന്തിയുടെ അച്ഛനായുള്ള ഭീമ‌രാജാവിന്റെ അടുത്ത് ചെന്ന് തനിയ്ക്ക് ദമ‌യന്തിയെ വിവാഹം കഴിച്ച് തരുമോ എന്ന് പറയേണ‌മോ? ഏയ്. അത് ക്ഷത്രിയമ‌ര്യാദയ്ക്ക് ചേര്‍ന്നതല്ല. പിന്നെ എന്ത് വഴി? സേനാസന്നാഹ‌ങ്ങ‌ളോടെ കുണ്ഡിന‌ത്തില്‍ ചെന്ന് ദമ‌യന്തിയെ ഹരിച്ചുകൊണ്ട് വന്നാലോ? അങ്ങിനെ ചെയ്താല്‍ ഒരിയ്ക്കലും ദമയന്തിയ്ക്ക് തന്നോട് പ്രേമം തോന്നുകയില്ല. സ്നേഹം പിടിച്ചുവാങ്ങാന്‍ കഴിയുന്ന ഒന്നല്ല. പിന്നെ എന്തു വഴി. മനസ്സിന് സമാധാനമില്ലാതെയായിരിയ്ക്കുന്നു. അസ്വസ്ഥനായി ഉലാത്തുന്ന ന‌ളന്‍ ചിന്തിയ്ക്കുന്നു. ഒരല്പ്പസമയം വീണ‌വായിച്ചിരുന്നാലോ? വീണ കൈയ്യിലെടുത്ത് തന്ത്രിക‌ള്‍ മുറുക്കി ശ്രദ്ധിച്ചതിനു ശേഷം വീണ‌വായിയ്ക്കുന്നു. തുടക്കത്തില്‍ തോന്നിയ ആന‌ന്ദം ക്രമേണ ഇല്ലാതാവുകയും ചിന്ത വീണ്ടും ദമയന്തിയെക്കുറിച്ചാവുകയും ചെയ്ത‌തോടെ ന‌ളന്‍ വീണ ഉപേക്ഷിയ്ക്കുന്നു. അസ്വസ്ഥനായ ന‌ളന് ശരീരം ചുട്ടുനീറുന്നതുപോലെ തോന്നുന്നു. ദേഹമാസകലം ചന്ദനം പുരട്ടുകയും അസ്വസ്ഥത വര്‍ദ്ധിച്ച‌തോടെ ചന്ദനവും തുടച്ചുക‌ള‌യുന്നു. പ്രണ‌യപരവശ‌നായ ന‌ളന്‍ കാമ‌ദേവനോടായി പറയുന്നു. അല്ലയോ മ‌ന്മഥാ.. ഭ‌വാന്‍ ഏറുന്ന വൈര‌ത്തോടെ എന്റെ നേര്‍ക്ക് എയ്ത്കൊണ്ടിരിയ്ക്കുന്ന പുഷ്പശര‌ങ്ങ‌ളാല്‍ ഞാന്‍ പരവശ‌നായിരിയ്ക്കുന്നു. ഈ ശരങ്ങ‌ളില്‍ ഒരെണ്ണം ഒരേയൊരെണ്ണം അവ‌ളുടെനേര്‍ക്ക് അയ്ച്ചിരുന്നെങ്കില്‍....
ഈ രംഗത്തില്‍ മേല്പ്പറഞ്ഞ ആട്ടത്തിലും പദത്തിലും ശ്രീ. കലാമണ്ഡലം ഗോപിയുടെ നിലക‌ള്‍ (Pause) മ‌നോഹരവും പ്രസിദ്ധ‌വുമാണ്. അതൊന്നും അനുക‌രിയ്ക്കാതിരിയ്ക്കാന്‍ ശ്രീ ബാലസുബ്രഹ്മണ്യന്‍ പ്രത്യേകം ശ്രദ്ധി‌ച്ച‌തായി തോന്നി. എന്നാല്‍ സാമാന്യം ഭംഗിയാവുകയും ചെയ്തു.

പിന്നീട് ഉദ്യാന‌ത്തിലെത്തുന്ന ന‌ളന്‍ "നിര്‍ജ്ജന‌മെന്നതേയുള്ളൂ" എന്ന പദം ആടുന്നു. ഇതിലും ദമ‌യന്തിയോടുള്ള ഉല്‍ക്കടമായുള്ള പ്രേമവും അത് സാധിയ്ക്കത്തത് നിമിത്തം ന‌ളന് അനുഭവപ്പെടുന്ന വിരസതയുമാണ് സൂചിപ്പിയ്ക്കുന്നത്. ഉദ്യാന‌ത്തിലെ താമരക്കുള‌ത്തില്‍ അനവധി ഹംസങ്ങ‌ളെക്കാണുന്ന ന‌ളന്‍ അതില്‍ സ്വര്‍ണ്ണ‌‌വര്‍ണ്ണമാര്‍ന്ന ഒന്നിനെ പ്രത്യേകം ശ്രദ്ധിയ്ക്കുകയും തുട‌ര്‍ന്ന് നേരമ്പോക്കിനായി അതിനെ പിടിച്ചാലോ എന്ന് ചിന്തിച്ച് രംഗത്തു നിന്നും മാറുകയും ചെയ്യുന്നു.
തുട‌ര്‍ന്ന് ഹംസം പ്രവേശിയ്ക്കുകയാണ്. ശ്രീ. കലാമണ്ഡലം രതീശനായിരുന്നു ഹംസം. ഹംസത്തിന് ഇവിടെ ഒരു നൃത്തരൂപത്തിലുള്ള എടുത്തുകലാശമാവാമായിരുന്നു. അത് ഉണ്ടായി കണ്ടില്ല. ഹംസത്തിന്റെ സ്വതസ്സിദ്ധമായ സ്വഭാവ‌ചിത്രീകര‌ണ‌ത്തിനാണ് ഈ രംഗം നടന്മാര്‍ ഉപയോഗിയ്ക്കുക. ചിറകുക‌ള്‍ കൊക്കുകൊണ്ട് കൊത്തിയൊതുക്കി, താമ‌രയില‌ക‌ള്‍ ഇരുവശ‌ത്തേയ്ക്കും കൊത്തിനീക്കി വെള്ളം കൊത്തിയെടുത്ത്.. തല പൊക്കിപ്പിടിച്ച് അതിറക്കി, ഇടക്ക് തല വെട്ടിച്ച് പറന്ന് ന‌ടക്കുന്ന പ്രാണിക‌ളെ കൊത്തിപ്പിടിച്ച് ... അങ്ങിനെയുള്ള പക്ഷിസ്വഭാവം. ഒടുവില്‍ ചിറകൊതുക്കി ഒറ്റക്കാലിലിരുന്ന് ഉറങ്ങിപ്പോകുന്നതോടെ"അനക്കം കൂടാതെ ന‌ര‌വ‌ര‌ന‌ണഞ്ഞാശുകുതുകാ" എന്ന ശ്ലോകം ആരംഭിയ്ക്കുന്നു. അതോടെ രംഗത്തേയ്ക്ക് സൂക്ഷ്മ‌ത‌യോടെ കടന്നുവരുന്ന ന‌ളന്‍ കൗതുകത്തിനായി ഹംസ‌ത്തെ പിടികൂടുകയാണ് "ഇണക്കാമെന്നോർത്തങ്ങിതമൊടു പിടിച്ചൊരളവിലേകനക്കും ശോകം പൂണ്ടവനഥ രുരോദാതികരുണം" എന്ന വരിയോടെ.

പിടിച്ചൊര‌‌ളവിലെ
തുട‌ര്‍ന്ന് പരിഭ്രാന്തനായ ഹംസത്തിന്റെ "ശിവ ശിവ എന്തു ചെയ്‌വൂ ഞാന്‍ എന്നെ" എന്നു തുടങ്ങുന്ന പദ‌മാണ്. സമയക്കുറവുകൊണ്ടാവാം ഈ പദത്തിലെ
"ജന‌കന്‍ മ‌രിച്ചുപോയി എന്റെ ജന‌നി തന്റെ ദശ ഇങ്ങനെ
അപി ച മമ ദയിതാ ക‌ളിയല്ല അന‌തിചിര സൂതാ
പ്രാണന്‍ക‌ളയുമ‌തി വിധുരാ
അയ്യോ കുല‌വുമ‌ഖില‌വുമറുതി വന്നിതു

എന്ന ഭാഗം വിട്ട് ക‌ളഞ്ഞു. ഈ ഭാഗത്ത് ഉള്ളതുപോലെ ശ്രീ. ഉണ്ണായിവാര്യര്‍ക്ക് തന്റെ ജീവിതത്തില്‍ അറം പറ്റി എന്ന് ഒരു കേട്ടുകേഴ്വിയുള്ളത് സൂചിപ്പിയ്ക്കട്ടെ.

തുട‌ര്‍ന്ന് ന‌ള‌ന്റെ "അറിക ഹംസമേ" എന്ന പദമാണ്. മ‌നോഹരമായ ചിറകുക‌ള്‍ കണ്ട് കൗതുകേണ പിടിച്ചതാണെന്നും ഇച്ഛ‌പോലെ പറന്നുപൊയ്ക്കൊള്ളുകയെന്നും ന‌ളന്‍ ഹംസത്തോടു പറയുന്നു. പദാവസാന‌ത്തില്‍ ഹംസത്തെ സ്വതന്ത്രനാക്കുകയും സ‌ന്തുഷ്ടനായ ഹംസം പറന്നുപോവുകയും ചെയ്യുന്നു. പിന്നീട് വീണ്ടും ഏകനായി ഉദ്യാനത്തിലിരുന്ന ന‌ള‌ന്റെ അടുത്തേയ്ക്ക് ഹംസം തിരിച്ചെത്തുന്നു.“ഊര്‍ജ്ജിതാശയ പാര്‍ത്ഥിവാ തവ ഞാന്‍ ഉപകാരം കുര്യാം” എന്നു പറഞ്ഞുകൊണ്ട്.തുടര്‍ന്ന് ഹംസം ദമയന്തിയെക്കുറിച്ച് ന‌ളനോട് പറയുകയാ‍ണ്. ദമയന്തി എന്ന പേര് എത്ര കേട്ടിട്ടും ന‌ളന് മ‌തിയാവുന്നില്ല. ഹംസത്തെക്കൊണ്ട് വീണ്ടും വീണ്ടും പറയിയ്ക്കുന്നു തനിക്ക് കര്‍ണ്ണാമൃതമായ ആ പേര് ന‌ളന്‍.

ഭീമന‌രേന്ദ്രസുതാ ദമ‌യന്തി

അവ‌ളെ ഒന്നു വ‌ര്‍ണ്ണിയ്ക്കാമോ എന്ന ന‌ളന്റെ ഇടയ്ക്കുള്ള ചോദ്യത്തിന് ഉചിതമായി “കാമിനി രൂപിണീ ശീലാവതി രമണി” എന്നിടത്തെ ഹംസത്തിന്റെ ആട്ടം. തുടര്‍ന്ന് “പ്രിയമാനസാ നീ പോയ് വ‌രേണം” എന്ന ന‌ളന്റെ പദം. “പ്രിയമെന്നോർത്തിതു പറകയോ നീ മമ” എന്നിടത്ത് “ഒരിയ്ക്കലും ഞാന്‍ അങ്ങ‌യെ സ‌ന്തോഷിപ്പിയ്ക്കാനായിമാത്രം പറഞ്ഞതല്ല.“ എന്ന് ഹംസം മറുപടി പറയുന്നുണ്ട്.ഇരുവരുടെയും പദങ്ങ‌ള്‍ കഴിഞ്ഞുള്ള ആട്ടം അധികമൊന്നും ര‌സമുള്ളതായിരുന്നില്ല. ന‌ളനില്‍ ദമയന്തിയ്ക്കുള്ള ഇഷ്ടം ഉറപ്പിയ്ക്കാം എന്നുറപ്പു നല്‍കിക്കൊണ്ട് ഹംസം രംഗം വിടുന്നു. ആകാശത്ത് ഒരു സ്വര്‍ണ്ണനൂല്‍ പോലെ ഹംസം അപ്രത്യക്ഷമായി എന്ന് ന‌ളന്‍ സാധാരണ ഇപ്പോ‌ള്‍ ആടിക്കാണാറുള്ളതുപോലെ തന്നെ ഇവിടെ ബാല‌സുബ്രഹ്മണ്യന്റെ ന‌ളനും ആടുകയുണ്ടായി. തുടര്‍ന്ന് ന‌ളന്‍ രംഗത്തുനിന്നും പിന്‍‌വാങ്ങുന്നു. താനിവിടെ ഈ ഉദ്യാനത്തില്‍ നീ വരുന്നതുവരെ കാത്തിരിയ്ക്കും എന്ന് ഹംസത്തോട് പറഞ്ഞിട്ട് ന‌ളന്‍ രംഗത്തുനിന്നും പിന്‍‌വാങ്ങുന്നതില്‍ ഔചിത്യക്കുറവുണ്ടോ എന്നൊരു സംശയം.

ദമയന്തിയുടെയും തോഴിയുടെയും (രണ്ട് തോഴിമാര്‍ ഉണ്ടാവേണ്ടതാണ്. ഒരാളെ ഉണ്ടായുള്ളൂ ഇവിടെ) രംഗപ്രവേശമായിരുന്നു അടുത്തത്. ശ്രീ കലാമണ്ഡലം രാജശേഖരന്‍ ദമ‌യന്തിയായും കലാമണ്ഡലം അനില്‍കുമാര്‍ തോഴിയായും വേഷമിട്ടു. “പൂമകനും മൊഴിമാതും, ഭൂമിദേവി താനും” എന്ന ദേവസ്തുതിയോടെ നായികാകഥാപാത്രങ്ങ‌ളുടെ രംഗപ്രവേശത്തില്‍ സാധാരണ ഉണ്ടാവാറുള്ള “സാരി” യോടുകൂടിയാണ് ഇത് ആടിയത് (ആടുന്നതും). “സാരി”നൃത്തം വ‌ള‌രെ ഭംഗിയായി അവതരിപ്പിയ്ക്കപ്പെട്ടു. തുടര്‍ന്ന് “സഖിമാരെ നമുക്കു” എന്ന ദമ‌യന്തിയുടെ പദം. സാരിയുടെ അവസാനത്തില്‍ ദമ‌യന്തിയില്‍ അവാച്യമായ അസ്വാസ്ഥ്യവും ഉദ്യാന‌ത്തിലെ കാഴ്ചക‌ളില്‍ വിരസതയും ദൃശ്യമാവുന്നു. ശ്രീ രാജശേഖരന്‍ അത് ന‌ന്നായി നടിച്ചു. ഉദ്യാന‌ത്തിലെ കാഴ്ചക‌ളില്‍ വിരസത തോന്നുന്നുവെന്നും അതുകൊണ്ട് കൊട്ടാരത്തില്‍ അച്ഛന്റെ അടുത്തേയ്ക്ക് പോകാമെന്നും ദമ‌യന്തി പറയുന്നു. ദമ‌യന്തിയില്‍ ഉണ്ടായ ഈ ഭാവമാറ്റം തോഴി ശ്രദ്ധിയ്ക്കുകയും ദമ‌യന്തിയുടെ പദത്തിന‌സുരിച്ച് ഇടച്ചോദ്യങ്ങ‌ള്‍ ചോദിയ്ക്കുകയും ചെയ്തത് ന‌ന്നായി. ദമ‌യന്തിയ്ക്കു മറുപടിയായി “പോക പൂങ്കാവിലെന്നു പുതുമധു വചനേ” എന്ന പദം തോഴിയുടെതായുണ്ട്. ഉദ്യാന‌ത്തില്‍ പോകാമെന്ന് പറഞ്ഞ നീ ഇവിടെയെത്തിയത് തിരികെപ്പോകാനോ? എങ്കില്‍ അതിനു കാരണം പറഞ്ഞാലും എന്ന് പദത്തിന്റെ സാരം. അനില്‍കുമാ‌ര്‍ അദ്ദേഹത്തിനെ വേഷത്തിലും ആട്ടത്തിലും ന‌ല്ലവണ്ണം ശ്രദ്ധിച്ചിരുന്നതായി തോന്നി. ഉയരക്കൂടുതല്‍ ഉള്ളത് വേഷത്തിനൊരല്‍പ്പം മാറ്റു കുറച്ചുവോ എന്ന് തോന്നി.

കാമിനിമൌലേ ചൊല്‍ക
തുടര്‍ന്ന് ദമയന്തിയുടെ “ചലദ‌ളി ഝങ്കാരം ചെവികളില്‍ അംഗാരം’” എന്ന പദമാണ്. സാധാരണ മന‌സ്സിന് ഏറ്റവുന്ം ആനന്ദം നല്‍കുന്ന കാര്യങ്ങ‌ള്‍ പോലും ദമ‌യന്തിയ്ക്ക് അസഹ്യമായിത്തോന്നുന്നു; വണ്ടിന്റെ മൂളല്‍ അലര്‍ച്ചയായും, കുയിലിന്റെ പാട്ട് കര്‍ണ്ണശൂലങ്ങ‌ളായും പുഷ്പസൌരഭ്യം നാസാരന്ധ്രങ്ങ‌ളില്‍ ദുര്‍ഗന്ധമായും ദമ‌യന്തിയ്ക്ക് തോന്നുകയാണ്.

അപ്പോഴാണ് തോഴി ആകാശത്തുനിന്നും ഒരു മിന്നല്‍ക്കൊടിപോലെ എന്തോ ഒന്ന് ഭൂമിയിലേയ്ക്കിറങ്ങുന്നത് ദമയന്തിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. “മിന്നല്‍ക്കൊടിയിറങ്ങി മന്നിലേ വരികയോ” എന്ന പദമാണ് തോഴി ഇവിടെ ആടുക. ഒടുവില്‍ അത് ഒരു സ്വര്‍ണ്ണവര്‍ണ്ണമുള്ള ഒരരയന്നമാണെന്ന് തിരിച്ച‌റിയുന്നു.പദാവസാനം ഹംസം രംഗ‌പ്രവേശം ചെയ്യുന്നു. അപ്പോ‌ള്‍ ദമയന്തിയുടെ “കണ്ടാലെത്രയും കൌതുകം” എന്ന പദമാണ്.

ക്രൂര‌നല്ല സാധുവത്രേ

സ്വര്‍ണ്ണവര്‍ണ്ണമ‌‌രയന്നം
ഹംസത്തെക്കണ്ടിട്ടുണ്ടായ കൌതുകം, അത്ഭുതം ഒക്കെ പദത്തില്‍ ഉണ്ട്. അര‌യന്നം ദമ‌യന്തിയെ തന്നിലേക്കാകര്‍ഷിയ്ക്കുകയും, ദമ‌യന്തി അര‌യന്നത്തിനെ തൊടാനും പിടിയ്ക്കാനുമൊക്കെ ശ്രമിയ്ക്കുന്നു.
“തൊട്ടേനെ ഞാന്‍ കൈക‌ള്‍ കൊണ്ടു”
ഒടുവില്‍ ഇതിനെ പിടിയ്ക്കുകതന്നെ വേണമെന്ന് നിശ്ചയിച്ച് തോഴിമാരോട് “ദൂരെ നില്‍പ്പിന്‍ എന്നരികില്‍ ആരും വേണ്ടാ” എന്ന് പറഞ്ഞ് തോഴിയെ രംഗത്തു നിന്ന് പറഞ്ഞയ്ക്കുകയാണ്. അതോടെ അരയന്നവും ദമ‌യന്തിയും മാത്രമാവുന്നു. ദമ‌യന്തി അര‌യന്നത്തിനെ കൈക്കലൊതുക്കുവാന്‍ തുടങ്ങുന്നു“ഇനിയൊരടി ന‌ടന്നാല്‍ കിട്ടുമേ കൈക്കലെന്നു“ എന്ന ശ്ലോകത്തോടൊപ്പം ദമ‌യന്തി അര‌യന്നത്തിനെ കൈക്കലൊതുക്കുവാന്‍ ശ്രമ‌യ്ക്കുകയും അതില്‍ പരാജയപ്പെട്ട് പരിഭവത്തോടെ തിരികെപ്പോരാനൊരുങ്ങുമ്പോ‌ള്‍ അരയന്നം“അംഗന‌മാര്‍മൌലേ ബാലേ ആശയെന്തയിതേ?” എന്ന പദത്തോടെ വിളിയ്ക്കുകയാണ്. സംസാരിച്ചുതുടങ്ങിയ ഹംസത്തെ കൌതുകത്തോടെ വീക്ഷിച്ച ദമ‌യന്തി തന്റെ എടുത്തുചാട്ടത്തെപ്പറ്റി ക‌ളിയാ‍ക്കുന്ന ഹംസത്തിനോട് പരിഭവം പൂണ്ട് നിന്നുവെങ്കിലും, “ന‌ളനഗരേ വാഴുന്നു ഞാന്‍” എന്നു പറഞ്ഞുതുടങ്ങുമ്പോ‌ള്‍ ഉത്സാഹവതിയാകുന്നു.
യൌവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം
തുടര്‍ന്ന് ദമ‌യന്തിയുടെ “കണ്ടേന്‍ നികടേ നിന്നെ” എന്ന മറുപടിപ്പദമാണ്. ന‌ളന്റെപ്പറ്റി കൂടുതല്‍ കേള്‍ക്കാനുള്ള താല്‍പ്പര്യം കാട്ടിയ ദമ‌യന്തിയോട് ഹംസം ന‌ളന്റെ ഗുണ‌ങ്ങ‌ള്‍ “പ്രീതിപൂണ്ടരുളുകയേ” എന്ന പദത്തിലൂടെ വ‌ര്‍ണ്ണിയ്ക്കുകയും തുടര്‍ന്ന് ദമ‌യന്തി തന്റെ മന‌സ്സിലുള്ളതെല്ലാം “നാളില്‍ നാളില്‍ വരുമാധിമൂല‌മിദം” എന്ന പദത്തിലൂടെ ഹംസത്തിനോട് വെളിപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് ഹംസത്തിന്റെ മ‌റുപടിപ്പദം“ചെന്നിതു പറവന്‍ നൃപനോടഭിലാഷം” എന്ന പദത്തില്‍ “താതന്‍ ഒരു വരനു കൊടുക്കും നിന്നെ പ്രീതി നിനക്കുമുണ്ടാമ‌വനില്‍ത്തന്നെ വിഫലമിന്നു പറയുന്നതെല്ലാം ചപലെനെന്നു പുന‌രെന്നെ ചൊല്ലാം”എന്ന ഭാഗത്തിലൂടെ ദമ‌യന്തിയുടെ പ്രണ‌യത്തിന്റെ ശക്തി പരീക്ഷിയ്ക്കുകയാണ് ഹംസം.
കണ്ടേന്‍ നികടേ നിന്നെ

“ഹന്ത! ഹംസമേ ചിന്തയെന്തു തേ” എന്ന പദത്തിലൂടെ ന‌ള‌നിലുള്ള തന്റെ അചഞ്ചല‌മായ സ്നേഹം ഹംസത്തെ അറിയിയ്ക്കുക‌യാണ് ദമ‌യന്തി. ഹംസത്തിന്റെ പദങ്ങ‌ള്‍ക്കിടയില്‍ ശ്രീ രാജ‌ശേഖരന്റെ ദമ‌യന്തി വലതുവശത്തെ ഇരിപ്പിടത്തില്‍ നിര്‍വ്വികാര‌യായി ഇരിയ്ക്കുന്ന കാഴ്ച കണ്ടു. ആകെ വിര‌സയായതു പോലെ. അത് ഒരല്‍പ്പം വിരസത് കാണിക‌ളിലേയ്ക്ക് പകര്‍ന്നുകാണുമെന്നത് തീര്‍ച്ച. തുടര്‍ന്ന് ദമ‌യന്തിയും ഹംസവും തമ്മില്‍ ഉള്ള തന്റേടാട്ടമായിരുന്നു. ന‌ളന്റെ രൂപമൊന്ന് കണ്ടാല്‍ക്കൊള്ളാമെന്ന് ആഗ്രഹം പ്രകടിപ്പിയ്ക്കുന്ന ദമ‌യന്തിയ്ക്ക്, ഹംസം ഒരു താമര‌യിലയില്‍ നളന്റെ രൂപം വരച്ചുകൊടുക്കുന്നു. അത് കണ്ടിട്ട് ഉള്ള ദമ‌യന്തിയുടെ ഭാവാഭിനയവും അത്ര ശരിയായിയെന്ന് തോന്നിയില്ല. പക്ഷേ അതിനു ശേഷം ആ ചിത്രം ഹംസത്തെ തിരിച്ചേല്‍പ്പിക്കുന്നതായി കാണിച്ചു. ഹംസം അത് സൂക്ഷിച്ചുകൊള്ളുകയെന്നു പറഞ്ഞിട്ടും. അത് ഉചിതമായി. അതിനു ശേഷം ഹംസം യാത്രയാവുന്നതോടെ ക‌ളി അവസാനിച്ചു. ശ്രീ കലാമണ്ഡലം രതീശന്റെ ഹംസം ഈ രംഗത്ത് വ‌ളരെ നന്നായി ശോഭിച്ചു. വ‌ളരെ ക്രിയാത്മകമായ ആട്ടങ്ങ‌ള്‍ ഈ രംഗത്തിലുടനീളം അദ്ദേഹം കാഴ്ച വെയ്ക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അച്ഛന്‍ ശ്രീ ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ള ഹംസത്തിന്റെ വേഷത്തില്‍ പ്രഗത്ഭനായിരുന്നു എന്ന് കേട്ടിട്ടുണ്ട്. വ്യക്തിത്വമുള്ള നടന വൈദഗ്ദ്ധ്യം ശ്രീ ര‌തീശനുണ്ട് എന്ന് തോന്നി.
ആലാപനം
ശ്രീ കോട്ടയ്ക്കല്‍ മധുവും ശ്രീ കലാനില‌യം രാജീവനുമായിരുന്നു ആലാപനം. ഈ കളിയുടെ ഏറ്റവും മുന്തിയ ഘടകം ഇവരുടെ മികച്ച പ്രകടനമായിരുന്നു എന്ന് പറയാതെ വയ്യ. എല്ലാ പദങ്ങ‌ളും സാഹിത്യഭംഗിയും സംഗീതനിബദ്ധവുമായ ഈ കഥ, ര‌ത്ന‌ങ്ങ‌ള്‍ കോര്‍ത്ത ഒരു ഹാരമാക്കിയത് ഇവര്‍ ചേര്‍ന്നാണ്.“ഊര്‍ജ്ജിതാശയ“,“പ്രിയമാനസാ നീ പോയ് വ‌രേണം”,“സഖിമാരെ നമുക്കു”,“പോക പൂങ്കാവിലെന്നു പുതുമധു വചനേ”,“ചലദ‌ളി ഛങ്കാരം ചെവിക‌ളിലങ്കാരം”,“മിന്നല്‍ക്കൊടിയിറങ്ങി മന്നിലേ വരികയോ”,“കണ്ടാലെത്രയും കൌതുകം”,“അംഗന‌മാര്‍മൌലേ ബാലേ ആശയെന്തയിതേ?”,“കണ്ടേന്‍ നികടേ നിന്നെ”,“പ്രീതിപൂണ്ടരുളുകയേ”,“കണ്ടേന്‍ നികടെ“,“പ്രീതിപൂണ്ടരുളുകയേ“,“ഹന്ത! ഹംസമേ ചിന്തയെന്തു തേ” എന്നീ പദങ്ങ‌ളെല്ലാം അതിഗംഭിര‌മായിത്തന്നെ ശ്രീ മധു ആലപിച്ചു. “മിന്നല്‍ക്കൊടിയിറങ്ങി മന്നിലേ വരികയോ” എന്നത് ദേശ് രാഗത്തിലാണ് പാടിയത്. തുടക്കത്തില്‍ അത്ര ലയം വന്നില്ലെങ്കിലും രണ്ടാമ‌ത്തെ ആവര്‍ത്തനം മുതല്‍ അത് ഒന്നാന്തരമായി. “ഹന്ത! ഹംസമേ“ എന്ന പദം നീലാംബരിയില്‍ മധുവിന്റേയും രാജീവന്റേയും ക‌ളകണ്ഠം വിട്ടൊഴുകി ആസ്വാദകരുടെ കര്‍ണ്ണങ്ങ‌ള്‍ക്ക് അമൃതമായിത്തീര്‍ന്നു കാണണം. ഇതെഴുതുന്ന‌യാള്‍ അടുത്തകാല‌ത്തൊന്നും ആരും പാടിക്കേട്ടിട്ടില്ല ഇങ്ങനെ. ക‌ളി കഴിഞ്ഞപ്പോ‌ള്‍ ഇതുവരെ പരിചയപ്പെടാന്‍ സാധിയ്ക്കതിരുന്ന ശ്രീ മധുവിനെ നേരിട്ട് കണ്ട് അനുമോദിയ്ക്കാന്‍ ഭാഗ്യമുണ്ടായി. എളിമയോടെയുള്ള ഒരു പുഞ്ചിരിയോടെ അദ്ദേഹം അത് സ്വീകരിച്ചു.

മേളം

ശ്രീ കലാഭാരതി ഉണ്ണികൃഷ്ണന്റെ ചെണ്ട ശരാശരി നിലവാരം പുല‌ര്‍ത്തി. അദ്ദേഹത്തിന് കിട്ടിയിട്ടുള്ള അരങ്ങുപരിചയം വെച്ചു നോക്കുമ്പോ‌ള്‍ ഇതിലും ന‌ന്നായി പ്രവര്‍ത്തിയ്ക്കാന്‍ അദ്ദേഹത്തിന് സാധിയ്ക്കേണ്ടതാണ്. ന‌ളന്റെ വീണ‌വായന ചരല്‍ക്കല്ല് വാരിയെറിയുന്നതുപോലെ തോന്നി ശ്രീ ഉണ്ണികൃഷ്ണന്‍ കൊട്ടിയപ്പോ‌ള്‍. ശ്രീ കലാ. ഹരികുമാറിന്റെ മ‌ദ്ദ‌ളം മോശമായില്ല.

ആഹാര്യം

ശ്രീ ആര്‍ എല്‍ വി സോമ‌ദാസിന്റെ ചുട്ടി ന‌ന്നായിരുന്നു. കോപ്പുക‌ളും ന‌ല്ല നില‌വാരം പുലര്‍ത്തി

ചുരുക്കിപ്പറഞ്ഞാല്‍ ഇതെഴുതുന്ന‌യാളിനെ സംബന്ധിച്ചിടത്തോളം ന‌ല്ല സംതൃപ്തി തോന്നിച്ച ഒരു ക‌ളിയായിരുന്നു ദൃശ്യവേദിയുടെ ന‌ളചരിതം ഒന്നാം ദിവസം.

24 comments:

Sethunath UN said...

തിരുവനന്തപുരത്തെ കഥക‌ളിക്ലബ്ബായ ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ സെപ്റ്റം.22 ന് കിഴക്കേക്കോട്ട കാര്‍ത്തികതിരുനാള്‍ തീയേറ്ററില്‍ നടന്ന ന‌ളചരിതം ഒന്നാം ദിവസം കഥക‌ളിയുടെ ഒരു ആസ്വാദനക്കുറിപ്പാണ്. ദയവായി പാകപ്പിഴക‌ള്‍ പൊറുക്കുകയും ചൂണ്ടിക്കാട്ടുകയും ചെയ്യുമ‌ല്ലോ.
ഈ പോസ്റ്റ് ഹരീ (കളിയരങ്ങ് )യ്ക്കും എതിരന്‍ കതിരവനുമായി ഡെഡിക്കേറ്റ് ചെയ്യുന്നു.
ഹരിയുടെ വിശകലന‌ങ്ങ‌ള്‍ പിറകെയുണ്ടാവുമെന്ന് പ്രതീക്ഷിയ്ക്കുന്നു.

വികടശിരോമണി said...

നിഷ്കളങ്കാ,
നല്ല ആസ്വാദനക്കുറിപ്പ്.അഭിനന്ദനങ്ങൾ!
ഉദ്യാനത്തിൽത്തന്നെ ഇരിക്കാമെന്നു പറഞ്ഞിട്ട് നളൻ പിൻവാങ്ങുന്നതിൽ ഔചിത്യഭ്രംശമുണ്ടെന്നു തന്നെയാണ് എന്റെ അഭിപ്രായം.വാഴേങ്കട കുഞ്ചുനായരാശാൻ ഇതു സൂചിപ്പിച്ചിട്ടിള്ളതുമാണ്.
ഈ ഫോണ്ടിന്റെ വലിപ്പം അൽ‌പ്പം കൂട്ടാമോ?വായിച്ചെടുക്കാൻ ബുദ്ധിമുട്ടി.
അഷ്ടകലാശത്തെപ്പറ്റിയുള്ള അങ്ങയുടെ കമന്റിന് ഞാൻ മറുപടിയിട്ടിരുന്നു.പിന്നെയങ്ങോട്ടു കണ്ടില്ല.
ഒരിക്കൽക്കൂടി,ലളിതവും സുവ്യക്തവുമായ താങ്കളുടെ എഴുത്തിന് അഭിനന്ദനങ്ങൾ!...

SunilKumar Elamkulam Muthukurussi said...

പ്രിയമെന്നോര്‍ത്തിതെന്നോടു പറകയോ” - ഇങ്ങനെയല്ലലോ “പ്രിയമെന്നോർത്തിതു പറകയോ നീ മമ..” എന്നല്ലേ?
ഉയരക്കൂടുതല്‍ ഉള്ളത് വേഷത്തിനൊരല്‍പ്പം മാറ്റു കുറച്ചുവോ എന്ന് തോന്നി.

അതൊന്നും സാരല്യ, നടന്റെ അഭിനയം തന്നെ കാതൽ. ഉയരവും മറ്റും നോക്കി നടന്മാരെ തെരഞെടുക്കാൻ പറ്റ്വൊ?

ഈ ബ്ലോഗ് കഥകളിക്കുമാത്രമായ അഗ്രിഗേറ്ററിൽ ചേർത്തു. ദാ ഇവിടെ http://kathakali.info/node/95
ഇതിൽ കഥകളിസംബന്ധമായതു മാത്രേ എഴുതാവൂ. എങ്കിൽ നല്ലതാണെന്ന് അഭിപ്രായം. എതിരന്റെ പ്രശ്നം എന്റേയും പ്രശ്നം. ഞങ്ങൾ അവിയലുകാരാണ്! എല്ലാം ഉണ്ടാകും ബ്ലോഗിൽ.

-സു- {സുനില്‍|Sunil} said...

അവിയൽ പരുവം തന്നെയാണിവിടേയും എന്നതിനാൽ ലിങ്ക് സ്ഥലം മാറ്റി. ദ് നോക്കൂ
http://www.kathakali.info/weblinks

jha=ഝങ്കാരം. ശരിയല്ലേ? പന്മനയുടെ നളചരിതം കൈരളീവ്യാഖാനപ്രകാരം ശരിയാണ്.

-സു-

-സു- {സുനില്‍|Sunil} said...

പ്രിയമെന്നോർത്തിതു പറകയോ മമ
ക്രിയകൊണ്ടേവമിരുന്നീടുമോ നീ?

എന്ന് പ്രസ്തുത പുസ്തകം പറയുന്നു.
-സു-

-സു- {സുനില്‍|Sunil} said...

മുദിതതതി കബരീ- സ്പെല്ലിങ്ങ് തെറ്റ്.
മുദിരതതീ കബരീ.. എന്നല്ലേ?

പിടിച്ചൊരളവിലേ.. എന്നല്ല സ്ലോകം തുടങ്ങുന്നത്.
അനക്കം കൂടാതെ നരവരനണഞാശു കുതുകാ-
ദനർഘസ്വർണ്ണാഭം ശയിതമരയന്നപ്പരിവൃഢം
ഇണക്കാമെന്നോർത്തങ്ങിതമൊടു പിടിച്ചൊരളവിലേ
കനക്കും ശോകം പൂണ്ടവനഥ രുരോദാതികരുണം.

എന്നാണ്.
ഉണ്ണായിക്ക് അറം ഇല്ല എന്നും പന്മന പറയുന്നുണ്ട്‌.
അഭിനയിക്കാത്ത നടൻ “വടി“ പോലെ നിൽക്കുന്നത് കഥകളിയിൽ സ്വാഭാവികമല്ലേ? രസാഭിനയത്തിനുള്ള പ്രയാസം, മെയ്‌വഴക്കം എന്നിവയൊക്കെ ആകാം കാരണം. പിന്നെ ഞാനീ കഥ എത്ര അരങ്ങുകളിൽ കളിച്ചിരിക്കുന്നു? അല്ലെങ്കിൽ കളരിയിൽ അഭ്യസിച്ചിരിക്കുന്നു? നി പ്പെന്താ.. എന്ന തരത്തിലുള്ള അലംഭാവം-അത് ഒരു നിമിഷത്തേക്കെങ്കിലും നടനു തോന്നിയിരിക്കാം. ഇതെന്റെ അഭിപ്രായം, ന്യായീകരണമല്ല.
-സു-

Viswaprabha said...

ഹായ്, നല്ല ഭേഷായി എഴുതിയിട്ടുണ്ടല്ലോ ഈ കളിക്കഥ! ഇങ്ങനെത്തന്നെ വേണം ഒരു കളിവിശേഷം വിവരിക്കാൻ.

കലാ. കലാ. എന്നയിടത്തൊക്കെ കലാമണ്ഡലം എന്നു മുഴുവനാക്കിയെഴുതാമോ? ഗൂഗിളപ്പൻ കലാമണ്ഡലം ഗോപിയേയും മറ്റും തെരയുമ്പോൾ ഈ ലേഖനവും മുൻ‌നിരയിൽ തന്നെ കിടക്കും അപ്പോൾ.

ഇനിയും ഇതുപോലത്തെ രസമയീസാരസമയീസാരമയീസമയീസുമയീ ആയ കാഴ്ച്ചക്കുറിപ്പുകൾ പ്രതീക്ഷിക്കുന്നു.

Sethunath UN said...

വികടശിരോമണി,
വായനയ്ക്കും അഭിപ്രായത്തിനും നന്ദി. ഞാന്‍ താങ്ക‌ളുടെ പോസ്റ്റില്‍ അഭിപ്രായം ഇട്ടിട്ടുണ്ട്.
സുനില്‍,
സൂക്ഷ്മ‌മായ അവലോകന‌ത്തിന് നന്ദി. വെട്ടിയെഴുതാനുള്ള വിദ്യ ബ്ലോഗറില്‍ ഫ‌ലിയ്ക്കാത്തതിനാല്‍ എല്ലാ തെറ്റുക‌ളും നേരിട്ട് തിരുത്തിയിരുയ്ക്കുകയാണ്. പദമൊന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല ഇപ്പോ‌ള്‍ :(.
തെറ്റുക‌ള്‍ ചൂണ്ടിക്കാണിച്ചതിന് നന്ദി. എന്റെ അവിയല്‍ ബ്ലോഗ് http://www.kathakali.info/weblinks ല്‍ ചേര്‍ത്തതിന് പ്രത്യേകം നന്ദി. പ്രത്യേകം ബ്ലോഗുണ്ടാക്കാനുള്ള കോപ്പൊന്നും കൈയ്യിലില്ല. :))
വിശ്വപ്രഭ,
വന്നതിനും വായനയ്കും നന്ദി. ഉപദേശം ശിരസ്സാ വഹിച്ചിരിയ്ക്കുന്നു. ഗൂഗിളപ്പന്‍ അങ്ങനൊരു സൌകര്യം തരുന്നെങ്കില്‍പ്പിന്നെ ക‌ള‌യേണ്ടാ. കലാ. കലാമണ്ഡലം ആക്കിയിട്ടുണ്ട്.
ന‌ന്ദി

എതിരന്‍ കതിരവന്‍ said...

കഥ വിസ്തരിക്കുന്നതിന്റെ കൂടെ അവതരണത്തെക്കുറിച്ചു (അഭിനയം, , ഔചിത്യമായപാത്രാവിഷ്കരണം....) കൂടുതല്‍ എഴുതിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി. മറുനാട്ടിലിരിക്കുന്ന ഞങ്ങള്‍ക്കൊക്കെ അത് അനുഗ്രഹമാണ്.

“എന്നുടെ ഹൃദയമിതന്യനിലാമോ....” ഒക്കെ കേള്‍ക്കാനും കാണാനും കൊതി.

രംഗത്ത് വെറുതെ നില്‍ക്കുന്നതിനെപ്പറ്റി:

കോട്ടയ്ക്കല്‍ ശിവരാമന്‍ രംഗത്ത് ചുമ്മാ നിന്നു ഉഴപ്പുന്നത് കണ്ട് വിഷമിച്ചിട്ടുള്ള ആളാണു ഞാന്‍. നളചരിതം രണ്ടാം ദിവസം. ഒരു പൂവ് ഒക്കെപ്പിടിച്ച് “കുവലയ വിലോചനേ’തുടങ്ങിയപ്പോള്‍ ഗംഭീരമാകുമെന്ന് കരുതി. ആ നില്‍പ്പ് പിന്നെ അങ്ങനെ നിന്നു. “സാമ്യമകന്നോരുദ്യാനം” കട്ടപ്പൊക! കാട്ടാളനെ ശപിയ്ക്കാന്‍ മാത്രം കൈ ഒന്നിളകി!

‘സെന്‍സിറ്റീവ്’ ആയ കാണികള്‍ ഇല്ലെന്നായിരിക്കും ഇവരുടെയൊക്കെ ധാരണ.

ചെറിയ തിരുത്തുകള്‍:
‘ചെവികളില്‍ അംഗാരം’
‘ഒരു വരനു കൊടുക്കും’

Viswaprabha said...

ഇപ്പോളും അങ്ങനെത്തന്നെയാണോ എന്ന് എനിക്കറിയില്ല. പക്ഷേ കളിയോഗത്തിനു യോഗമുണ്ടായിരുന്ന കാലത്തെ അനുഭവം വെച്ച്:
ചുട്ടികുത്ത് ശ്ശി കൂടിപ്പോയാൽ പിന്നെ ചില ആശാന്മാർ അധികം ‘ആടാതെ’ വെറുതങ്ങ്നെ അനങ്ങാപ്പാറയായി നിൽക്കുന്നതുതന്ന്യാണ് ഭംഗി എതിരവാ. അറിയാതെ ഒന്നുതൊട്ടാൽ ചിലപ്പോൾ വാഴവെട്ടിയിട്ടതുപോലെ വീണെന്നും വരാം ചില പാവങ്ങൾ.

ആശാന്മാരെ കളിയാക്കാനല്ല ഇതെഴുതുന്നത്. വിഷമം കൊണ്ടാണ്. വാസ്തവത്തിൽ സങ്കടം തന്ന്യണ് വരാറ്‌. സഹതാപവും.ദേഷ്യമോ അവജ്ഞയോ അല്ല.

Sethunath UN said...

എതിരന്‍,
സന്ദര്‍ശനങ്ങ‌ള്‍ക്കും അഭിപ്രായങ്ങ‌ള്‍ക്കും നന്ദി. ഇനിയുള്ള ആസ്വാദന‌ങ്ങ‌ള്‍ അങ്ങിനെയാക്കാന്‍ കഴിയുന്നതുപോലെ ശ്രമിയ്ക്കാം. തിരുത്തുക‌ള്‍ വരുത്തിയിട്ടുണ്ട്.
വിശ്വപ്രഭ :)

വികടശിരോമണി said...

ചിലപ്പോൾ തിരിച്ചും തോന്നിയിട്ടുണ്ട്,ഈ പ്രതികരിക്കലൊന്നു നിർത്തി അനങ്ങാതെ നിന്നെങ്കിൽ..എന്ന്.
നാടകത്തിന്റെ ദൃഷ്ടിപഥത്തിൽ നിന്നു കഥകളി കാണുന്നതും അബദ്ധമാണെന്നു തോന്നുന്നു.ചില സന്ദർഭങ്ങളിൽ കഥകളിയാവശ്യപ്പെടുന്നതു തന്നെ സമഗ്രമായ അരങ്ങുകാഴ്ച്ചയല്ല.
(ഉദാ:സുഭദ്രാഹരണം അർജ്ജുനൻ ‘കഷ്ടം ഞാൻ കപടം കൊണ്ട്’ എന്ന പദമാടുമ്പോൾ,ഞാൻ കൃഷ്ണന്റെ പ്രതികരണം നോക്കിയിരിക്കാറില്ല,അർജ്ജുനനിൽ നിന്നു കണ്ണു പറിക്കാനാവില്ല.)
നിഷ്കളങ്കൻ പറഞ്ഞ സ്ഥലത്തെ പ്രശ്നത്തെ ന്യൂനീകരിച്ചതല്ല.മറുവശം പറഞ്ഞെന്നു മാത്രം.

എതിരന്‍ കതിരവന്‍ said...

കഥകളി നാടകമല്ല, യഥാതഥവുമല്ല. അതുകൊണ്ട് മറ്റേ കഥാപാത്രപ്രസ്താവനകള്‍ക്കു പ്രതികരിക്കേണ്ടി വരുന്നത് ചുരുക്കം സന്ര്ഭങ്ങളില്‍ മാത്രം, ഒരു രംഗം മുഴുവന്‍ എടുക്കുകയാണെങ്ക്ില്‍. “മേളവാദ്യഘോഷത്തോടും...’ മുഴുവന്‍ ബ്രാഹ്മണന്‍ ആടിത്തിമിര്‍ക്കുമ്പോള്‍ ദമയന്തി അതിന്റെ കൂടെ ചേരണമെന്നില്ലല്ലൊ. പക്ഷെ ‘ വേളി നാളെ എന്നും ചൊല്ലാം “എന്നു വരുമ്പോളുള്ള ആ ഞെട്ടല്‍ ധാരാളം മതി.

Haree said...

:-)
ഈ ഉദ്യാനത്തില്‍ നീ വരുന്നതുവരെ കാത്തിരിയ്ക്കും എന്ന് ഹംസത്തോട് പറഞ്ഞിട്ട് ന‌ളന്‍ രംഗത്തുനിന്നും പിന്‍‌വാങ്ങുന്നതില്‍ ഔചിത്യക്കുറവുണ്ടോ എന്നൊരു സംശയം. - ഇതില്‍ ഔചിത്യക്കുറവുണ്ട് എന്നു തന്നെയാണ് എന്റെയും അഭിപ്രായം. കലാമണ്ഡലം ഗോപി വേഷമിട്ട മറ്റൊരു അരങ്ങിന്റെ ആസ്വാദനത്തില്‍ ഞാനത് സൂചിപ്പിക്കുകയും ചെയ്തിരുന്നതാണ്. ‘ഹംസം വരുന്നതുവരെ ഇവിടെ കാത്തിരിക്കുക തന്നെ...’ എന്നോ മറ്റോ ആടി, ഇരിപ്പിടത്തിലിരുന്ന് രംഗം അവസാനിപ്പിക്കുന്നതാവും കൂടുതല്‍ ഉചിതം.

കലാ. ബാലസുബ്രഹ്മണ്യന്‍ അനുകരിക്കാതെയിരുന്നു എന്നു പറയുവാനാവില്ല; പലയിടത്തും അനുകരിക്കുവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ഹംസത്തെ സ്വര്‍ണരേഖയായി കണ്ട് മറഞ്ഞു എന്ന് രംഗം അവസാനിപ്പിക്കുന്നതും ഗോപിയുടെ ശൈലി തന്നെയാണല്ലോ!

അവാച്യമായ അസ്വാസ്ഥ്യവും ഉദ്യാന‌ത്തിലെ കാഴ്ചക‌ളില്‍ വിരസതയും ദൃശ്യമാവുന്നു." - അവാച്യമായ അസ്വാസ്ഥ്യമൊന്നും രാജശേഖരനില്‍ കാണുവാന്‍ കഴിഞ്ഞില്ല!

മധുവിന്റെ ആലാപനം അതിഗംഭീരമായോ!!! എല്ലാ പദങ്ങളും അങ്ങിനെയായി എന്നു കരുതുന്നില്ല. അധികം ഭാവപ്രധാനമല്ലാത്തവ നന്നായി ആലപിച്ചു.

ഹംസത്തിന്റെ കാര്യം വളരെ ശരി. നൃത്തത്തില്‍ കൂടി ശ്രദ്ധിച്ചാല്‍ കലാമണ്ഡലം രതീശന് ഹംസമായി നന്നായി ശോഭിക്കുവാന്‍ കഴിയും.

എന്റെ അഭിപ്രായത്തില്‍ ഏറ്റവും നന്നായത് - ചുട്ടി&വേഷം; പിന്നെ മദ്ദളം, ഹംസം, നളന്‍, പാട്ട്, ദമയന്തി, ചെണ്ട, തോഴി, നാരദന്‍.

അപ്പോളിങ്ങനെ ആസ്വാദനം എഴുതുന്നത് സ്ഥിരമാക്കുക. അതിനായി തന്നെ ഒരു ബ്ലോഗുണ്ടാക്കിയാലും അധികമാവില്ല. :-) കുറച്ചു പേരെങ്കിലും ഇങ്ങിനെ കാണുവാനും, കുറിക്കുവാനും ഉണ്ടെന്നായാലേ കലാകാരന്മാരും ഉണര്‍ന്ന് രംഗത്ത് പ്രവര്‍ത്തിക്കൂ... :-)
--

Sethunath UN said...

ഹരീ
വരവിനും വായനയ്ക്കും വിമര്‍ശന‌ങ്ങ‌ള്‍ക്കും നന്ദി.
ദമയന്തി വിരസത നന്നായി നടിച്ചുവെന്ന് എനിയ്ക്ക് തോന്നി. തുടര്‍ന്നും
“വലതുവശത്തെ ഇരിപ്പിടത്തില്‍ നിര്‍വ്വികാര‌യായി ഇരിയ്ക്കുന്ന കാഴ്ച കണ്ടു. ആകെ വിര‌സയായതു പോലെ.“ ഇതും ശ്രദ്ധിച്ചുകാണുമ‌ല്ലോ? രാജശേഖരന് ആകെയുണ്ടായിരുന്ന “അസ്വാസ്ഥ്യം” ആകാം എനിയ്ക്കങ്ങനെ തോന്നിച്ചത് :)).
ഗോപിയാശാന്റെ ആ ആട്ടം അദ്ദേഹം സ്വന്തമായി ആവിഷ്കരിച്ചിട്ടുള്ളതാണോ എന്ന് സംശയമുണ്ട്. പിന്നെ കൊല്ലങ്ങ‌ള്‍ക്ക് മുന്‍പ് ശ്രീ ബാലസുബ്രഹ്മണ്യന്റെ ന‌ളനും പുഷ്കരനും ഒക്കെ കണ്ടിട്ടുണ്ട്. ന‌ന്നായിരുന്നെങ്കിലും ഗോപിയാശാന്റെ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ ശ്രമിച്ചവ. ഇത്രയും വര്‍ഷങ്ങ‌ള്‍ക്കുശേഷം കണ്ടപ്പോ‌ള്‍ നല്ല മാറ്റം തോന്നി. അതാണ് സൂചിപ്പിച്ചത്.
ഒരു ആസ്വാദനം “എഴുതി”യപ്പോഴാണ് അതില്‍ എനിയ്ക്ക് ഉള്ള പരിമിതിക‌ളെക്കുറിച്ച് ബോധമുണ്ടായത്. കഥക‌ളിയെയും സിനിമ‌യെയും പറ്റി സ്ഥിരമായി എഴുതുന്ന ഹരിയുടെ പ്രയത്നം എനിയ്ക്ക് അത്ഭുതമാണ്. പ്രത്യേക ബ്ലോഗിനുള്ള സ്ക്കോപ്പ് ഉണ്ടെങ്കില്‍ തീര്‍ച്ചയായും അങ്ങനൊന്ന് തുടങ്ങാം.
കലാകാരന്മാര്‍ ഇതൊന്നും വായിയ്ക്കണമെന്നില്ല. ഇതൊക്കെ പ്രിന്റ് ചെയ്ത് ഇടയ്ക്കിടെ ഇവര്‍ക്കൊക്കെ പോസ്റ്റ് ചെയ്താലെന്ത് എന്ന് ഞാന്‍ ചിന്തിയ്ക്കുന്നു. താമസിയാതെ നടപ്പാക്കും. പ്രിന്റ് ചെയ്യാനുള്ള അനുവാദം ഉണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കുന്നു.

വികടശിരോമണി said...

ആ ആട്ടം ഗോപിയാശാന്റേതു തന്നെ.
ഈ എഴുത്ത് കഥകളിക്കാർക്കിടയിൽ എത്തിക്കാനുള്ള ശ്രമത്തിന് അഭിനന്ദനം.
ബ്ലോഗ് വായിക്കുന്ന കഥകളിക്കാരൊക്കെ അപൂർവ്വം.

വികടശിരോമണി said...

കീഴ്പ്പടം ശിഷ്യരെക്കുറിച്ചുള്ള അങ്ങയുടെ ചോദ്യത്തിനു മറുപടിയും,പുതിയ പോസ്റ്റുകളും കണ്ടുവോ?

K C G said...

ഇത്ര വിശദമായ ഒരു കഥകളി ആസ്വാദന പോസ്റ്റ് ഇട്ടതിന് നന്ദി പറയുന്നു. ആ കഥകളിപ്പദങ്ങളില്‍ ചിലതൊക്കെ പണ്ട് സ്കൂള്‍ക്ലാസ്സുകളില്‍ പഠിച്ചതാണ്. അതിന്റെ ദൃശ്യാവിഷ്ക്കാരത്തിന്റെ ചിത്രങ്ങള്‍ കണ്ട് സന്തോഷം തോന്നി. കഥകളി ആസ്വദിക്കാന്‍ അധികമൊന്നും അവസരം കിട്ടീട്ടില്ല.

Sethunath UN said...

വികടശിരോമിണീ, കണ്ടു. അഭിപ്രായം പോസ്റ്റില്‍ ഇട്ടിട്ടുള്ളത് കണ്ടുകാണുമ‌ല്ലോ?

ഗീതാഗീതികള്‍ : വ‌ള‌രെ നന്ദി. അതെന്താ അങ്ങിനെ? തിരുവനന്തപുരത്തല്ലേ? മാസത്തില്‍ ഒരു ക‌ളിവീതം കിഴക്കേക്കോട്ടയിലുണ്ടാവും. വരൂ. വന്ന് കഥക‌ളി കാണൂ. :)

Indian said...

ഇതൊന്നു വായിച്ചു നോക്കൂ...
http://orunimishamtharoo.blogspot.com/2008/10/blog-post_15.html
പ്രതികരിക്കാന്‍ തോന്നുകയാണെങ്കില്‍ മാത്രം http://thurannakannu.blogspot.com/
ഇവിടെ പ്രതികരിക്കൂ..
v

SunilKumar Elamkulam Muthukurussi said...

ക്ഷമിക്കണം.

ഒരു പുതിയ കഥകളി ബ്ലോഗുകൾ എന്ന അഗ്രിഗേറ്ററി പ്രവർത്തനക്ഷമമായിട്ടുണ്ട്‌. ദയവായി പ്രസ്തുത അഗ്രിഗേറ്റർ ഉപയോഗിക്കുകയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

കൂടുതൽ ഇവിടെ എഴുതിയിട്ടുണ്ട്‌.

സ്നേഹപൂർവ്വം,
-സു-

Anonymous said...

I liked your documentation on Nalacharitham onnam divasam, TVM 22.9.2008. Could you please help me in getting the audio/video CD of the same. Thanks and regards,
KPS Hari
9810427569
sreeh@hotmail.com

Anonymous said...

Well documented. I would appreciate if you can help me in getting the audio/video cd of the kathakali "Nalacharitham onnam divasam (drishya vedi, tvm 22.9.2008).

Regards,

KP Sreehari
sreeh@hotmail.com
9810427569

SunilKumar Elamkulam Muthukurussi said...

Sreehari Sir, This is SEthunath U of Facebook Kathakali group. Dont you know him?
To get CDs http://drisyavedi.org/ or contact Radhakrishnan Kanjingad of the FB kathakali group.

Regards,
-S-