Friday, November 9, 2007

കൂട്ടത്തിന്റെ നീതി

കുഞ്ഞുങ്ങ‌ളുടെ കരച്ചില്‍ കേട്ടാണ് ചന്ദ്രമുഖ‌ന്‍ ഉണ‌ര്‍ന്നത്.

നേര‌ം ന‌ന്നായി വെളുത്തിരിയ്ക്കുന്നു. തോരാതെ പെയ്യുന്ന മ‌ഴയായിരുന്നല്ലോ ദിവസങ്ങ‌ളായിട്ട്. കുഞ്ഞുങ്ങ‌‌ള്‍ക്ക് നേരാം‌വണ്ണ‌ം ആഹാര‌ം കൊടുത്തിട്ടും അത്ര തന്നെയായിരിയ്ക്കുന്നു.
ചന്ദ്രമുഖ‌ന്‍ എഴുന്നേറ്റ് ചിറകുക‌ള്‍ കുടഞ്ഞു. ചിറകുകളില്‍ ഈ‌ര്‍പ്പം നില്‍ക്കുന്നു. പതുക്കെ മരക്കൊമ്പിലേയ്ക്ക് ചാടി.
ഇളവെയില്‍ ഇല‌നിറഞ്ഞ ചില്ലക‌‌ള്‍ക്കിടയിലൂടെ ചൂടു പക‌ര്‍ന്നു തുടങ്ങിയിരിയ്ക്കുന്നു. ആകെ ഒരുന്മേഷം തോന്നി.കൂട്ടില്‍ കരച്ചിലിന് ശക്തികൂടിയിരിയ്ക്കുന്നു.

“കരയാതിരിയ്ക്കൂ മക്ക‌ളെ. ഇന്ന് അച്ഛ‌ന്‍ നിങ്ങ‌‌ള്‍ക്ക് വ‌യര്‍ നിറയെ, കൊക്കറ്റം തീറ്റ ന‌ല്‍കുന്നുണ്ട്” ചന്ദ്രമുഖ‌ന്‍ മക്ക‌ളോടായി പറഞ്ഞു.

പഞ്ഞമാസമെന്ന് ക‌ര്‍ക്കിടകത്തെ പഴിയ്ക്കുന്നത് വെറുതെയല്ല. പുറത്തിറങ്ങാന്‍ പറ്റുന്നില്ല. പിന്നെയല്ലേ ഇരതേട‌ല്‍.പക്ഷേ ഇന്ന് വാവാണ‌ല്ലോ. പിതൃബലിക‌ളുണ്ടാവും ധാരാ‌ള‌ം ഇന്ന്.പശ്ചിമ‌ദിക്കിലേയ്ക്കാവാം സഞ്ചാരം.

ചിറകുക‌ള്‍ മെല്ലെ വിട‌ര്‍ത്തി മന്ദഗതി സ്വീകരിച്ച് മരത്തിന്റെ നിഴലില്‍നിന്നും പുറത്തുവന്ന് ദ്രുതഗതിയില്‍ പ‌റന്നുപൊങ്ങി. പശ്ചിമ‌ദിക്കിലേയ്ക്ക് ചുണ്ടൂന്നി കാല്‍പ്പാദങ്ങ‌ള്‍ പിന്നിലേയ്ക്ക് വ‌ളച്ചുപിടിച്ച് സ്ഥായീഗതി സ്വീകരിച്ച് പ‌റന്നു തുടങ്ങി. ഈര്‍പ്പമുള്ളതുകൊണ്ട് ചിറകുക‌ള്‍ക്ക് ചെറിയ ഭാരം. വെയിലുള്ളതുകൊണ്ട് സാരമില്ല.

പോകെപ്പോകെ ചന്ദ്രമുഖ‌ന് ചിറകുണങ്ങി പറക്കലിന് ലാഘവം കൈവന്നു. താഴെ തെരുവുക‌‌ള്‍ക്കും വീട്ടുമുറ്റങ്ങ‌‌ള്‍ക്കും ജീവന്‍ വെച്ചിരിയ്ക്കുന്നു.

“താഴേയ്ക്കു പോകേണമോ“ ചന്ദ്രമുഖ‌ന്‍ സംശയിച്ചു. ഇപ്പോ‌ള്‍ത്തന്നെ തന്റെ കൂട്ട‌ര്‍, കാക്കക‌ള്‍, അസ്സംഖ്യം ഉണ്ട് അവിടെ. ഇന്നെന്തായാലും ഒരുപാടു സമ‌യം ക‌ള‌യാതെ നിറയെ ഭക്ഷണം നേടാന്‍ കഴിയണം. കുഞ്ഞുങ്ങ‌‌ള്‍ വല്ലാതെ വിശന്നിരിയ്ക്കുകയാണല്ലോ. ബലിയുള്ളതല്ലേ. മുട്ടു വരികയില്ല ഇന്നെന്തായാലും.

ഒരോന്നാലോചിച്ച് പറന്ന് ഒട്ടൊന്നു കഴിഞ്ഞപ്പോഴാണ് ചന്ദ്രമുഖ‌ന്‍ ഓ‌ര്‍ത്തത്. അമ്പലത്തിനിപ്പുറമുള്ള അഴിമുഖത്തും അവിടുന്നിങ്ങോട്ടുള്ള കടപ്പുറത്തുമായിരിയ്ക്കും ബലിക‌ള്‍ നടക്കുക. താന്‍ അമ്പലത്തിനിപ്പുറത്തെത്തിയിരിയ്ക്കുന്നു.

ഇടതുചിറകുപൊക്കി വലതുചിറകു വളച്ചുതാഴ്ത്തി ഘനഗതിയില്‍ വൃത്തത്തില്‍ തിരിഞ്ഞ് പറക്കല്‍ പൂര്‍വ്വസ്ഥിതിയിലാക്കി.

ദൂരെ നിന്നേ അഴിമുഖത്തേയും കട‌ല്‍ത്തീരത്തേയും ആള്‍ത്തിരക്ക് കാണാം. ന‌ല്ല കാറ്റുള്ളതുകൊണ്ട് ആള്‍ക്കൂട്ടത്തിനുമേല്‍ പറന്നു നില്‍ക്കാനാവില്ല. മേല്‍ക്കാറ്റും ശക്തം. ആള്‍ക്കൂട്ടത്തിനും കട‌ല്‍ത്തീരത്തിനും ഒര‌ല്‍പ്പം അകലെയാണെങ്കിലും നിറയെ തെങ്ങുക‌‌ള്‍ നില്‍പ്പുണ്ട്. അതിലൊന്നില്‍ ചെന്നിരിയ്ക്കാം ആദ്യം. ചന്ദ്രമുഖ‌ന്‍ കാലുക‌ള്‍ നിവ‌ര്‍ത്തി ചിറകുക‌ള്‍ മെല്ലെ താഴ്ത്തി ഒരു തൈത്തെങ്ങിന്റെ ഓല‌യില്‍ ചെന്നിരുന്നു. ചാഞ്ഞും ചെരിഞ്ഞും നോക്കി. ആളുക‌ള്‍ നാക്കില‌യില്‍ പിണ്ഡം പൊത്തിയിട്ട്, നനഞ്ഞ കൈക‌ള്‍ കൊട്ടി വിളിയ്ക്കുന്നു തങ്ങ‌ളെ, കാക്കകളെ.

ചന്ദ്രമുഖ‌ന് കല‌ശലായി ചിരി വന്നു. “നാശം പിടിച്ച കാക്ക”,“വൃത്തികെട്ട കാക്ക” “പോ കാക്കേ” എന്നൊക്കെ എപ്പോഴും പ‌റയുന്ന, ആട്ടിപ്പായിയ്ക്കുന്ന മനുഷ്യര്‍ അവ്ന്റെ പിതൃക്ക‌‌ളുടെ പിണ്ഡമെടുക്കാന്‍ കാക്കക‌ളെ സൌമ്യമായി വിളിയ്ക്കുന്നു. അച്ഛനായും അമ്മയായും അപ്പൂപ്പനായും ഒക്കെ കാണുന്നു. സ്വന്തം സൌകര്യം, സമാധാനം അത്രയേ ഉള്ളൂ അവന്. വെറുതെയല്ലല്ലോ തങ്ങ‌ള്‍ കാക്കക‌ള്‍ രോഷം പുരീഷമാക്കി മനുഷ്യന്റെ മേല്‍ ചൊരിയുന്നത്.

ചന്ദ്രമുഖ‌ന് ആത്മനിന്ദ തോന്നി. എന്നും ആട്ടിപ്പായിയ്ക്കുന്നവ‌ര്‍ ഉദകക്രിയ ചെയ്തിട്ട് മാടിവിളിച്ചു തരുന്ന ബലിച്ചോറുണ്ണാന്‍ കല‌മ്പല്‍ കൂട്ടുന്നതില്‍. കറുപ്പു മുറ്റാത്ത, ശോണിമ‌യാ‌ര്‍ന്ന, ദൃഡത കൈവരാത്ത പിള‌ര്‍ന്നുപിടിച്ച കുഞ്ഞിച്ചുണ്ടുക‌ള്‍ ഓ‌ര്‍ത്തപ്പോ‌ള്‍ അവന്‍ നിന്ദ ഒരു നിശ്വാസത്തിലൊതുക്കി.

കൂട്ടത്തില്‍ കുറച്ചൊന്നൊഴിഞ്ഞുനിന്ന് കൃയ ചെയ്യുന്ന ഒര‌ച്ഛനേയും മകനേയും ചന്ദ്രമുഖ‌ന്‍ കണ്ടു. മക‌ന്‍ ബലിയിടുകയാണ്. അവിടെ ഒരു കാക്ക പോലുമില്ല. തനിയ്ക്ക് വേണ്ടത് അവിടന്നുതന്നെ കിട്ടിയേക്കാം.

സാവധാന‌ത്തില്‍ പ‌റന്ന് അവ‌രുടെ ഏതാനും നിഴ‌ല്‍പ്പാടകലെ ചെന്നിരുന്നു ചന്ദ്രമുഖ‌ന്‍. ചാഞ്ഞും ചെരിഞ്ഞും നോക്കി. അച്ഛന്റെ മിഴിക‌ള്‍ നിറഞ്ഞിരിയ്ക്കുന്നു. അയാളുടെ ഭാര്യയ്ക്കാവാം മകന്‍ ബലിയിടുന്നത്.മകന്‍ തീരെ ചെറുതാണ്. ക‌ര്‍മ്മി പ‌റയുന്നതുപോലെ ചെയ്യുന്നു.

പിണ്ഡം പൊത്തി അവ‌ര്‍ കൈകൊട്ടിയപ്പോ‌ള്‍ ഇടം തിരിഞ്ഞ് അവരെ സൂക്ഷ്മം വീക്ഷിച്ച് ചന്ദ്രമുഖ‌ന്‍ ബലിച്ചോറിന്റെ അടുത്തേയ്ക്ക് സാവധാന‌ം ചാടിച്ചാടി ചെന്നു.

ഒന്നുകൂടി മകന്റെ മുഖത്തേയ്ക്കും കൈകളിലേയ്ക്കും നോക്കി. ഒന്നുമുണ്ടായിട്ടല്ല. കാക്കക‌‌ള്‍ക്ക് മനുഷ്യരിലുള്ള ആപത്ഭീതി ജന്മസ്സിദ്ധമാണ‌ല്ലോ.

ആ‌ര്‍ത്തിയോടെ സ്വന്തം വ‌യ‌റു നിറച്ച്, തൊണ്ടയും കൊക്കും നിറയെ കൊത്തിനിറച്ച ബലിച്ചോറുമായി പിന്നാക്കം പൊങ്ങിപ്പറന്നുയരുമ്പോ‌ള്‍ അയാ‌ള്‍, അച്ഛ‌ന്‍ ക‌രഞ്ഞു തുടങ്ങിയിരുന്നുവോ?

വന്നതിലുമെളുപ്പ‌ം മടങ്ങാമെന്നോ‌ര്‍ത്തു ചന്ദ്രമുഖ‌ന്‍. പ‌റന്ന് അമ്പലത്തിന്റെ ആ‌ല്‍ത്ത‌റയ്ക്ക് മേലെയെത്തിയപ്പോ‌ള്‍ താഴെ തന്റെ കൂട്ടരുടെ ഒരു കോലാഹ‌ലം കണ്ടു. അസ്സംഖ്യം കാക്കക‌ള്‍. വല്ലാതെ ഒച്ചപ്പാടാക്കുന്നു. രോദന‌ം മുന്നിട്ടുനില്‍ക്കുന്നുവല്ലോ. ചന്ദ്രമുഖന്‍ ശ്രദ്ധിച്ചു. പ‌റക്ക‌ല്‍ ഘനഗതിയിലാക്കി, കാറ്റില്‍പ്പിടിച്ച് ആലിന്റെ ഒരു കൊമ്പില്‍ച്ചെന്നിരുന്ന് ചന്ദ്രമുഖന്‍ നോക്കി. താഴെ ഒരു കാക്ക മരിച്ചുകിടക്കുക‌യാണ്. പതുക്കെ താഴെയ്ക്ക് പറന്ന് അടുത്തേയ്ക്കെത്താന്‍ ശ്രമിച്ചു. കോലാഹ‌ലം കൊണ്ട്
അടുത്തുകൂടാ. കഷ്ടപ്പെട്ട് ചാടി അടുത്ത് ചെന്നു നോക്കിയപ്പോ‌ള്‍ ഞെട്ടിപ്പോയി. അതു ഘനാധരനായിരുന്നു. താന‌റിയുന്നവന്‍. തന്നെപ്പോലെ നാലു പിഞ്ചുകുഞ്ഞുങ്ങ‌ളുള്ളവന്‍. കൊക്കും തൊണ്ടയും നിറഞ്ഞിരുന്നെങ്കിലും ത‌ള്ളിവന്ന കരച്ചില്‍ കൂട്ടരുടെ കോലാഹ‌ല‌ത്തില്‍ അമ‌ര്‍ന്നു.

കനം തൂങ്ങിയ നെഞ്ചോടെ ചന്ദ്രമുഖ‌ന്‍ പതുക്കെ പറന്നു പൊങ്ങി. പറന്നപ്പോ‌ള്‍ ഗതി മാറി ഘനാധരന്റെ കൂട്ടിലേയ്ക്കാക്കിയത് അവന്റെയുള്ളിലെ പിതൃത്വമായിരുന്നുവോ?

ഇലകൊഴിഞ്ഞുനില്‍ക്കുന്ന ഒരു മഞ്ചാടിമരത്തിലെ കൂട്ടിലേയ്ക്ക് ചെന്നിറങ്ങുമ്പോ‌ള്‍ വിശന്ന് കരഞ്ഞിരുന്ന ഘനാധരന്റെ കുഞ്ഞുങ്ങ‌ള്‍ കരച്ചില്‍ നി‌ര്‍ത്തിയത് അപരിചിതത്വം കൊണ്ടായിരുന്നു. നിറയുന്ന കണ്ണുക‌ളോടെ പിള‌ര്‍ന്ന പിഞ്ചു ചുണ്ടുക‌ളില്‍ തികട്ടിയ അന്നം തിരുകിനിറയ്ക്കുമ്പോ‌ള്‍ മുക‌ളിലെ തെളിഞ്ഞ ആകാശത്തിന് മങ്ങലേല്‍ക്കുന്നത് ചന്ദ്രമുഖ‌ന്‍ അറിഞ്ഞു. കൂട്ടത്തില്‍ അസ്സംഖ്യം ചിറകടിയൊച്ചക‌ളും.

ഇനിയൊരു വട്ടം കൂടി പോയി വന്നാലെ തന്റെ കുഞ്ഞുങ്ങ‌ള്‍ക്കുള്ളത് കൊടുക്കാന്‍ കഴിയൂ എന്ന
തിരിച്ചറിവില്‍ പതുക്കെ പൊങ്ങിപ്പറക്കാന്‍ തുടങ്ങിയ ചന്ദ്രമുഖ‌ന് തലയ്ക്കു പിറകില്‍ കിട്ടിയ ശക്തിയായ കൊത്തും “ചതിയന്‍” എന്ന വാക്കും നടുക്കമുണ്ടാക്കി.

വേദനയോടെ നിലത്തിറങ്ങി മുക‌ളിലേയ്ക്ക് നോക്കിയ ചന്ദ്രമുഖ‌ന്‍ കണ്ടത് കാ‌ര്‍മേഘങ്ങ‌ളുടെ ഇരുട്ടല്ലായിരുന്നു. തന്റെ കൂട്ടരുടെ ബാഹുല്യം കൊണ്ടുള്ള ഇരുട്ടായിരുന്നു.

“അവ‌ന്‍ പോയ പുറകെ കുഞ്ഞുങ്ങ‌ളെ കൊല്ലാന്‍ നോക്കുന്നോ” എന്നാരോ അട്ടഹസിയ്ക്കുന്നതും കാ കാരവത്തോടെ കൂട്ടം അതേറ്റു പിടിയ്ക്കുന്നതും കണ്ട് ചന്ദ്രമുഖ‌ന്‍ അമ്പരന്നു.

“ഞാന്‍ .. ഈ കുഞ്ഞുങ്ങ‌ളെ തീറ്റാന്‍..” അവ‌ന്‍ പ‌റയാന്‍ ശ്രമിച്ചു.

ആരവത്തിനിടയില്‍ അതു മുങ്ങിപ്പോയി. കാ‌ര്‍മേഘക്കൂട്ടത്തില്‍നിന്നും വന്ന ഒറ്റക്കൊത്ത് എണ്ണാമില്ലാത്തവണ്ണമുള്ള കൊത്തുക‌ളാവാന്‍ പിന്നെ താമസ്സമുണ്ടായില്ല. അവശനായ ചന്ദ്രമുഖ‌ന്റെ ദേഹത്ത് തുളഞ്ഞുകയ‌റിയ ചുണ്ടുകള്‍ തൂവ‌ല്‍ തെറിപ്പിച്ചിട്ട് പറന്നു പൊങ്ങി. അവ‌ര്‍ക്ക് ചന്ദ്രമുഖ‌ന്റെ ചോര വഞ്ചനയുടെ മണമുള്ളതായിരുന്നു.

മങ്ങുന്ന കാഴ്ചയിലും കൂട്ടരുടെ കാതടപ്പിയ്ക്കുന്ന കലമ്പലിലും ചന്ദ്രമുഖ‌ന്‍ കറുപ്പു മുറ്റാത്ത,ചുവന്നു വിട‌ര്‍ന്ന ഇ‌ളംചുണ്ടുക‌‌‌ള്‍ കണ്ടു. അവരുടെ വിശപ്പു കണ്ടു, കരച്ചില്‍ കേട്ടു

27 comments:

Sethunath UN said...

ദേവന്റെ മോബ് ജസ്റ്റിസ്സിനെപ്പറ്റി വായിച്ചപ്പോ‌ള്‍ എഴുതാന്‍ തോന്നിയ കഥ.

ക്രിസ്‌വിന്‍ said...

ആദ്യത്തെ കയ്യടി എന്റെ വക

K.P.Sukumaran said...

പിന്നത്തെ കൈയ്യടി എന്റെ വക ..
അല്ലാ തേങ്ങയുമായി ഈ വഴി ആരും വന്നില്ലേ ..ങേ ...

കുഞ്ഞന്‍ said...

നിഷ്കൂ,
വരികള്‍ തീ പിടിപ്പിക്കുന്നു...!

സ്വാര്‍ത്ഥതയില്ലെങ്കില്‍ ചന്ദ്രമുഖന്റെ അനുഭവം, പിന്നെ ഇതിപ്പോള്‍ നമ്മുടെ സഹന്റെ അവസ്ഥയുമായി ഒരു സാമ്യമുള്ളതുപോലെ..!

Murali K Menon said...

നിഷ്ക്കളങ്കാ, കാക്കകളിലും, മനുഷ്യനിലും വിഭാര്യന്റെ കഥയായിരുന്നല്ലോ, മനുഷ്യരെ കണ്ടു പഠിച്ച് കാക്കകളുടെ സ്വഭാവവും മോശമായി. എന്തായാലും കഥ നന്നായി.

സണ്ണിക്കുട്ടന്‍ /Sunnikuttan said...

കൊള്ളാം മാഷെ, ഇഷ്ടമായി

സഹയാത്രികന്‍ said...

മാഷേ..കൊള്ളാട്ടോ... നന്നായിട്ട്ണ്ട്...
നല്ല എഴുത്ത്...
:)

ബാജി ഓടംവേലി said...

മാഷെ കൊള്ളാം ഇഷ്ടമായി
കൊള്ളാട്ടോ നന്നായിട്ടുണ്ട്
നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍

ഉപാസന || Upasana said...

പല മൃഗങ്ങളും സ്വന്തം ബന്ധുക്കളെത്തന്നെ തിന്നുന്ന ക്രൂരന്മാര്‍ ആണ്...

സഹന്റെ ഈ ശ്രമം ശ്ലാഘനീയം തന്നെ
:)
ഉപാസന

ദിലീപ് വിശ്വനാഥ് said...

നല്ല കഥ. വളരെ ഇഷ്ടമായി മാഷേ.

Sethunath UN said...

ക്രിസ്‌വിന്‍: നന്ദി
അന്യന്‍: നന്ദി
കുഞ്ഞന്‍ : നന്ദി. ഇല്ല. സഹയാത്രികന്റെ പ്രശ്നവുമായി ഒരു ബന്ധവുമില്ല ഇതിന്.:( ഇതെങ്ങനെയെഴുതിയെന്ന് ആദ്യകമന്റില്‍ വ്യക്തമാക്കിയിട്ടുണ്ട‌ല്ലോ.
മുരളി മേനോന്‍ : നന്ദി
സണ്ണിക്കുട്ടന്‍ : നന്ദി
സഹയാത്രികന്‍ : നന്ദി
ബാജി : നന്ദി
ഉപാസനേ : നന്ദി. സഹന്‍ എന്നുദ്ദേശിച്ചത് സഹയാത്രികനെയാണെങ്കില്‍ ഈ കഥയും അദ്ദേഹവുമായി ഒരു ബന്ധവുമില്ല .:(
ഇതെങ്ങനെയെഴുതിയെന്ന് ആദ്യകമന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാല്‍മീകി : വ‌ളരെ നന്ദി

ഏ.ആര്‍. നജീം said...

പല കോണുകളിലൂടെ വീക്ഷിക്കുംമ്പോള്‍ പല അര്‍ത്ഥങ്ങള്‍ കാണാനാവുന്ന അസാധാരണമായ ഒരു കഥ, അതു തന്നെയാണ് ഇതിന്റെ വിജയവും..

അഭിനന്ദനങ്ങള്‍...

ശ്രീ said...

നിഷ്കളങ്കന്‍‌ ചേട്ടാ...

നല്ല കഥ.

:)

എതിരന്‍ കതിരവന്‍ said...

ബലിയിടാന്‍ നേരത്ത് മാത്രം കാക്കകളെ നമുക്കു വേണം. എന്നിട്ട് നെയ്യപ്പം പറ്റിച്ചെടുത്ത കഥ മാത്രം കുട്ടികള്‍ക്ക് (“അയ്യോ കാക്കേ പറ്റിച്ചൊ”).

ചന്ദ്രമുഖന്‍ എന്നത് ഒരു ആണ്‍ കാക്കയല്ലെ? അമ്മക്കാക്ക എവിടെപ്പോയി?

കഥയുടെ ബാക്കി എഴുതുമോ?

Satheesh said...

സോളിഡ് കഥാകാരനായല്ലോ മച്ചാ!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മാഷേ നല്ല എഴുത്ത്‌...

തെന്നാലിരാമന്‍‍ said...

നിഷ്‌കളങ്കന്‍ഭായ്‌, കൊള്ളാംട്ടോ...നല്ല എഴുത്ത്‌...

പ്രയാസി said...

നിഷ്കൂ..
വളരെ നന്നായി സുഹൃത്തേ..
അഭിനന്ദനങ്ങള്‍..

ഗിരീഷ്‌ എ എസ്‌ said...

ഒരുപാടിഷ്ടമായി
അഭിനന്ദനങ്ങള്‍

Sherlock said...

രസായിരിക്കുന്നു..:)

Sethunath UN said...

ഏ.ആര്‍. നജീം : നന്ദി
ശ്രീ : നന്ദി
എതിരന്‍ കതിരവന്‍ : നന്ദി
എഴുതി അങ്ങനെ യി. ബാക്കി എഴുതുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ല ഇതുവരെ.:)
സതീഷ് : അയ്യോ! സതീഷേ.. പൊക്കല്ലേ ചുമ്മാ..:)
പ്രിയ ഉണ്ണികൃഷ്ണന്‍: നന്ദി
തെന്നാലിരാമന്‍‍ : നന്ദി
പ്രയാസി : നന്ദി
ദ്രൗപദി : നന്ദി
ജിഹേഷ് എടക്കൂട്ടത്തില്‍: നന്ദി

മന്‍സുര്‍ said...

നിഷ്‌കളങ്കാ...

കൊള്ളാമല്ലോ മാഷേ.....ഉഗ്രന്‍
അടുത്തത്‌ പോരട്ടെ...

നന്‍മകള്‍ നേരുന്നു

ഗീത said...

കഥകളില്‍ ഇതുവരെ കാണാത്തൊരു പ്രമേയം.
കൊള്ളാം നന്നായിരിക്കുന്നു. വായിച്ചുപോകാന്‍ നല്ല ഒഴുക്കുമുണ്ട്‌.

ഹരിശ്രീ said...

മങ്ങുന്ന കാഴ്ചയിലും കൂട്ടരുടെ കാതടപ്പിയ്ക്കുന്ന കലമ്പലിലും ചന്ദ്രമുഖ‌ന്‍ കറുപ്പു മുറ്റാത്ത,ചുവന്നു വിട‌ര്‍ന്ന ഇ‌ളംചുണ്ടുക‌‌‌ള്‍ കണ്ടു. അവരുടെ വിശപ്പു കണ്ടു, കരച്ചില്‍ കേട്ടു

നല്ല കഥ.ആശംസകള്‍...

ഭൂമിപുത്രി said...

കാക്കയുടെ ദു:ഖം ആദ്യമായിട്ടാകും മനുഷ്യര്‍ക്കും മനസ്സിലാകുന്നതു

ഹരിശ്രീ said...

കഥ നന്നായിരിയ്കുന്നു.

ഹരിശ്രീ said...

കഥ നന്നായിരിയ്കുന്നു.