ഈയ്യിടെ ഓഫീസ്സിലെ ഇടവേളകളിലൊന്നിലെ ചായകുടിക്കിടയില് ഒരു സുഹൃത്ത് പറഞ്ഞു.
"ശ്ശേ! ഇപ്പം ശാസ്താം കോവിലില്‍ പോയി തൊഴാന്‍ നേരം അയ്യപ്പന്റെ മുഖത്തിനുപകരം ആ ചെക്കന്റെ മുഖമാ മനസ്സില്‍ വരുന്നത് വരുന്നത്. ഗതികേടിന് സ്വാമി അയ്യപ്പന് സീരിയല്‍ നടക്കുന്ന നേരത്ത് വീട്ടീ കുത്തിയിരിക്കേണ്ടി വന്നിട്ടൊണ്ട്. അതിന്റെ കൊഴപ്പം"
സ്വാമി അയ്യപ്പന് സീരിയലിലെ അയ്യപ്പനെ അവതരിപ്പിച്ച സുന്ദരനായ "കൗശിക് ബാബു" എന്ന നടന്റെ കാര്യമാണ് പറഞ്ഞതെന്ന് മനസ്സിലായി.
അപ്പോഴോര്‍ത്തു. ഞാന്‍ കുറച്ചു നാളായി ഏഷ്യാനെറ്റിലെ "ദേവീ മാഹാത്മ്യം" കാണാറുണ്ട്. മകളുടെയും അമ്മയുടേയും കൂടെ ഇരുന്ന് കാണുന്നതാണ്. കുറെ കാര്യങ്ങള്‍ കണ്ട് രസിക്കാറുമുണ്ട്. (ഉദാ: നിഷ്കളങ്കയായ ഒരു പെണ്‍കുട്ടിയെ ദുഷ്ടന്മാര് ഉപദ്രവിക്കുമ്പോള്‍ ദേവി ചുമ്മാ അങ്ങ് പ്രത്യക്ഷപ്പെട്ട് ദുഷ്ടന്മാരെ ഒരുക്കാക്കി സെറ്റപ്പാക്കുന്ന സീന്‍. സുരേഷ് ഗോപിയുടെ പോലീസ്കാരന് അഴിമതിക്കാരനായ മന്ത്രിയുടെ ചെപ്പക്കുറ്റിക്കിട്ട് പൂശുന്നത് കാണുമ്പോഴുള്ള ഒരിതില്ലേ.... അത്). അപ്പോള്‍ ഒരു കുഴപ്പം. ഇപ്പോള്‍ ആറ്റുകാല്‍ അമ്പലത്തില്‍ പോയി തൊഴുതാലും "പ്രവീണ" (നടി) യുടെ മുഖം മനസ്സില്‍ ഓടിയെത്തിയാല്‍ കുറ്റം പറയാന്‍ പറ്റുമോ? പണ്ട് ഫാക്ടിന്റെയും ചിട്ടിക്കമ്പനികളുടെയും കലണ്ടറിലൂടെയും, അമ്പലത്തിനടുത്ത് കിട്ടുന്ന ഛായാ ചിത്രങ്ങളിലൂടെയുമായിരുന്നു പരമശിവന്, ഭദ്രകാളി, ശ്രീകൃഷ്ണന് തുടങ്ങി കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുന്ന ദൈവങ്ങളെയൊക്കെ മനസ്സില്‍ ഉറപ്പിച്ചിരുന്നത്. അമാനുഷികതയുടെ സങ്കല്പ മൂര്‍ത്തികള്‍ക്ക് മനുഷ്യരൂപം കൊടുത്ത് അതില്‍ വിശ്വസിക്കുകയും വിശ്വസിപ്പിക്കുയും അല്ലെങ്കില്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത് മനുഷ്യന് തന്നെ.
ശരിക്കും ദൈവങ്ങളുടെ രൂപം എന്തായിരുന്നു? ദൈവത്തിന ഒരു രൂപത്തിന്റെ ആവശ്യം എന്താണ്? ഗോത്രസംസ്കാരത്തില്‍ നിന്നേ ഉരുത്തിരിഞ്ഞുവന്ന ഒന്നായിരിക്കാം ദൈവത്തിന് ഒരു നിയതമായ രൂപം കൊടുക്കാനുള്ള പ്രവണത. താന്‍ തന്നെ കെട്ടിപ്പടുത്ത നിയതമായ നിയമങ്ങള്‍ക്കോ, പ്രവൃത്തികള്‍ക്കോ സങ്കല്പ്പങ്ങള്ക്കോ നിയന്ത്രിക്കാന്‍ പറ്റാത്ത പ്രതിഭാസങ്ങളെ ഈശ്വരനിലേക്ക് നിക്ഷേപിക്കുകയാണ് മനുഷ്യന് ചെയ്തത്. അതിന്റെ പിന്നിലും ഒരു സ്വാര്‍ത്ഥതയുണ്ട്. ഇതിനെയൊക്കെ നിയന്ത്രിക്കാന്‍ താന്‍ തന്നെ സൃഷ്ടിച്ച ഈ ദൈവങ്ങള്‍ക്ക് കഴിയും എന്ന ചിന്ത. തനിക്ക് തന്നെ ചെയ്യാന്‍ കഴിയാത്തത് തനിക്ക് വേണ്ടി ദൈവം ചെയ്തുതരും എന്നുള്ള പ്രത്യാശ. ഹിന്ദുമതത്തിന്റെ സാഹചര്യം പരിശോധിച്ചാല്‍, അശക്തനായ മനുഷ്യന് തനിക്ക് വേണ്ടുന്ന അസ്സംഘ്യം കാര്യങ്ങള്‍ ദൈവത്തിനോട് ചോദിച്ചപ്പോള്‍, അവനുതന്നെ തോന്നിക്കാണണം താന്‍ ചോദിക്കുന്നത് മുഴുവന്‍ ചെയ്യാന്‍ "ഒരൊറ്റ" ദൈവത്തിന് കഴിയുമോയെന്ന്. അതുകൊണ്ട് ഈ പ്രവൃത്തികള്‍ക്കെല്ലാം ഏകതാനമായ പ്രാഗല്‍ഭ്യങ്ങളും (specilization) ദൈവങ്ങള്‍ക്ക് കല്‍പ്പിച്ച് കൊടുക്കപ്പെട്ടു. പുരാണങ്ങളിലൂടെയും വാമൊഴിയിലൂടെയും വളര്‍ത്തപ്പെട്ട ആ പാരമ്പര്യം, സൃഷ്ടി, സ്ഥിതി, സംഹാരം, വിദ്യ, ആരോഗ്യം, (ഉദാ: യഥാക്രമം ബ്രഹ്മാവ്, വിഷ്ണു, ശിവന്, സരസ്വതി, ധന്വന്തരി) എന്നീ നിഷ്കൃഷ്ടമായ കര്‍മ്മങ്ങള്‍ തുടങ്ങി പൊതുവില്‍ വിശാലമായ കര്‍മ്മങ്ങളും (അയ്യപ്പന്,ഗണപതി) ദൈവങ്ങളില്‍ നിക്ഷേപിതമായി. ഇതിനനുസൃതമായ വേഷവിധാനങ്ങളും ആയുധങ്ങളും കല്‍പ്പിക്കപ്പെട്ടു. പിന്നീട്, ഈ ലിഖിതങ്ങളെ ചിത്രകാരന്മാരും ശില്‍പ്പികളും ചിത്രങ്ങളിലൂടെയും പ്രതിമകളിലൂടെയും ആവിഷ്കരിച്ചപ്പോള്‍, അവരെല്ലാം ബോധപൂര്‍ണ്ണമല്ലാതെ അനുവര്‍ത്തിച്ച ഒരു നിയമം ദൈവങ്ങളുടെ "നില" (pause) ആയിരുന്നുവെന്ന് കാണാം. ലിഖിതങ്ങളോ അലിഖിതങ്ങളോ ആയ ഒരു നിയമത്തിനെയും അതിജീവിക്കുവാന്‍ ഈ രചനകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇങ്ങനെയുള്ള ഈ രചനകളിലൂടെയാണ് ഭൂരിഭാഗം ഭക്തരും മനസ്സില്‍ ദൈവസങ്കല്പ്പം നടത്തുകയെന്ന് തോന്നുന്നു. ഇവിടെ ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ തിരിച്ചറിയുന്നതെങ്ങിനെയോ അങ്ങിനെ തന്നെയാണ് ദൈവങ്ങളേയും തിരിച്ചറിയുന്നത്. ഇതിന്റെ പ്രധാന പ്രക്രിയ എന്നത് മനുഷ്യമസ്തിഷ്കത്തിലെ "ഫയലിംഗ് സിസ്റ്റം" തന്നെയല്ലേ? ഒരാളുടെ പേര് നമ്മോട് പറയുമ്പോള്‍ത്തന്നെ, അല്ലെങ്കില്‍ അയാളെ സംബന്ധിച്ച എന്തെങ്കിലും ആരെങ്കിലും സൂചിപ്പിക്കുന്ന മാത്രയില്‍ അയാളുടെ മുഖത്തിന്റെ ഒരു ചിത്രം നമ്മുടെ മനസ്സില്‍ മിന്നിത്തെളിയുന്നു. ആയിരക്കണക്കിനാളുകളെ പ്രത്യേകം തിരിച്ചറിയാന്‍ നമ്മെ സഹായിക്കുന്ന അത്യന്തം സങ്കീര്‍ണ്ണമായ ഈ ഫയലിംഗ് സിസ്റ്റം, അതിലോരോരുത്തരുടെയും പ്രവര്‍ത്തികള്‍, അവരുടെ സംഭാഷണങ്ങള്‍, അവരുടെ മറ്റ് പ്രത്യേകതകള്‍ ഇവയെല്ലാം നമുക്ക് തരുന്നു; "മുഖം" എന്ന ഒരൊറ്റ ചിത്രത്തിനെ (Image) അടിസ്ഥാനമാക്കി. കണ്ട മുഖങ്ങളുടെ ആകര്‍ഷണീയത, അവസാനം കണ്ട സമയം, അവരുടെ പ്രത്യേകതകള്‍ ഇവയെല്ലാം ഈ ഫയലിംഗ് സിസ്റ്റത്തില്‍ ഓരോരുത്തര്‍ക്കും പ്രാധാന്യം കല്പ്പിക്കാന് ഉപബോധമനസ്സ് സഹായിക്കുന്നു.
അപ്പോള്‍ ഒരു സാധാരണ മനുഷ്യന് ഇതില്‍ നിന്നൊന്നും വ്യത്യസ്ഥമായല്ല ദൈവത്തിനെ തിരിച്ചറിയുന്നത് എന്നര്‍ത്ഥം. അതായിരിക്കാം ടെലിവിഷന്‍ സീരിയലിലേയും സിനിമയിലേയും നടീനടന്മാരുടെ മുഖച്ഛായകള്‍ പരമ്പരാഗത മുഖച്ഛായകളെ ഹൈജാക്ക് ചെയ്യുന്നതിന്റെ പിന്നിലുള്ള രഹസ്യവും. ഇതില്‍ എന്തെങ്കിലും അസുഖകരമാകേണ്ട ഒന്നുണ്ടോ എന്നത് ചിന്തനീയമാണ്. മനുഷ്യരചിതമായ പരമ്പരാഗത കല്‍പ്പനകള്‍ ഒന്നും തന്നെ പുതിയ ദൈവബിംബങ്ങളിലും മുഖങ്ങളിലും ലംഘിക്കപ്പെടാതിരിക്കുമ്പോള്‍ തന്നെ ദൈവത്തിന്റെ മുഖത്തിന് സംഭവിക്കുന്ന മാറ്റങ്ങളെ അസഹിഷ്ണുതയോടെ മാത്രമേ മനുഷ്യന് വീക്ഷിക്കുന്നുള്ളൂ. അമാനുഷികമായ ദൈവികതയെ,മാറ്റമില്ലാത്ത നിത്യമായ ഒരു മനുഷ്യരൂപത്തില്‍ തന്നെ കാണാനുള്ള ഉപബോധമനസ്സിന്റെ ശക്തിയാവാം ഇത്.
Thursday, July 30, 2009
അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോള്‍
Tuesday, July 14, 2009
കൊടകരപുരാണവും ഭക്തിപ്രസ്ഥാനവും
ഒരു സുഹൃത്ത് പറഞ്ഞതാണ്.
അയാള്‍ ഡി.സി. ബുക്സില്‍ പോയി കൊടകരപുരാണം അന്വേഷിച്ച്. എല്ലായിടവും തപ്പിയിട്ട് കാണാനില്ല. കൗണ്ടറില്‍ നിന്ന പയ്യനോട് ചോദിച്ചു.
"കൊടകരപുരാണമുണ്ടോ?"
പയ്യന്‍സ് പുരികം പൊക്കിയിട്ട് ഒരിടത്തേക്ക് ചൂണ്ടിക്കാട്ടി. സന്തോഷത്തോടെ അവിടെ ചെന്നു നോക്കിയപ്പോള്‍ അദ്ധ്യാത്മരാമായണം, ശ്രീമഹാഭാഗവതം, ശിവപുരാണം എക്സട്രാ എക്സട്രാ നിരന്നിരിക്കുന്ന സെക്ഷനിലേക്കാണ് പുള്ളി ചൂണ്ടിയത്. വിശാലന്, എഴുത്തച്ഛന്റേയും പൂന്താനത്തിന്റേയും ഒക്കെ ഗണത്തിലായിപ്പോകുന്ന ലക്ഷണമുണ്ട് ഈ പോക്കു പോയാല്‍.
"ഹവ്വെവര്‍", വിശാലന്റെ ഒരു ടൈം!
Saturday, July 11, 2009
Friday, July 10, 2009
Subscribe to:
Posts (Atom)