Tuesday, January 29, 2008
റിയല്‍ എസ്റ്റേറ്റ്
കുമാരപുരം ജംഗ്ഷന് കഴിഞ്ഞ് കാര്‍ കുറച്ച് മുമ്പോട്ടെത്തിയപ്പോള്‍ ഇടതുവശത്ത് അതാ എ.ജെ ഹാള്‍. അത്യന്തം സൌമ്യമായി ഭാര്യ ഞങ്ങളുടെ കാഡിലാക് ഓടിച്ചിരുന്ന ഷോഫറോട് കാറൊന്ന് നിര്‍ത്താന്‍ പറഞ്ഞു. മുതലാളിയെയും അദ്ദേഹത്തിന്റെ കുടുംബത്തേയും അത്യധികം സ്നേഹിയ്ക്കുന്ന ഡ്രൈവര്‍ വണ്ടി എ.ജെ ഹോളിന്റെ മുന്പില്ത്തന്നെ ചവിട്ടി. കാര്യമെന്താണെന്നുവെച്ചാല്‍, ആ ഭാഗത്ത് ഞങ്ങള്‍ക്കധികം ഭൂസ്വത്തില്ലാത്തതിനാല്‍ എ.ജെ ഹാള്‍ അങ്ങ് മേടിച്ചാലെന്ത് എന്നായിരുന്നു ശ്രീമതിയുടെ ചിന്ത. എന്തായാലും അതുവഴിയാണല്ലോ പോകുന്നത്. എന്നാല്‍പ്പിന്നെ അതങ്ങു മേടിച്ചിട്ട് പോകാം. ഇത്രയും വലിയ ബിസ്സിനസ്സ് സാമ്രാജ്യത്തിനുടമയായ ശ്രീജിത്. നിഷ്കളങ്കന്റെ ജീവിതവിജയത്തിനു പിന്നില്‍ ശ്രീമതി തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ.
എ.ജെ ഹാളിലേയ്ക്ക് കയറിയ ശ്രീമതി അവിടത്തെ മാനേജരെ കണ്ടു കാര്യം അവതരിപ്പിച്ചു.
“പണം ഒരു പ്രശ്നമേയല്ല. എത്രയായാലും ഇന്ന് തന്നെ ഇത് ഞങ്ങളുടെ പേര്‍ക്കാക്കിക്കിട്ടിയാല്‍“
മാനേജര്‍ വിഷമവൃത്തത്തിലായി. അദ്ദേഹം പറഞ്ഞു.
“മാഡം.. അത് ഒരു പ്രശ്നമുണ്ട്. മറ്റൊന്നുമല്ല. ഈ സ്ഥലവും കെട്ടിടവും നിഷ്ക്കളങ്കന്‍ സാറിന്റെയാണ്.
അദ്ദേഹമിത് വാങ്ങിയിട്ട് ഏതാനും ദിവസങ്ങളേയായുള്ളൂ”
എന്റെ ഭാര്യയ്ക്കുണ്ടായ ഭാവ വ്യത്യാസം പറയേണ്ടല്ലോ.
“ഹോ.. അദ്ദേഹത്തെക്കൊണ്ട് തോറ്റു. എന്തൊക്കെയാ എവിടെയൊക്കെയാ എന്നൊക്കെയാ മേടിച്ചിരിയ്ക്കുന്നത് എന്നൊരു തിട്ടവുമില്ല. കഷ്ടം. എന്നാലും ഇന്നിതൊന്നു ചോദിച്ചിട്ട് തന്നെ കാര്യം”
മാനേജരോട് അസൌകര്യത്തിന് ക്ഷമ ചോദിച്ച് തിരിച്ച് കാറില്‍ക്കയറിയ ശ്രീമതി, ഡ്രൈവറോട് തിരിച്ച് ഞങ്ങളുടെ ബംഗ്ലാവിലേയ്ക്ക് പോകാന്‍ പറഞ്ഞു. അങ്ങിനെ വണ്ടി “നിഷ്കളങ്കാ ഗാര്‍ഡന്‍സ്സില്‍“ എത്തി.
വിശാലമായ പുല്‍ത്തകിടിയില്‍ ഈസ്സിച്ചെയറിട്ട് അതില്‍ക്കിടന്ന് പൈപ്പ് പുകച്ചുകൊണ്ട് കലാകൌമുദിയിലെ അക്ഷരജാലകം വായിച്ച് ചിരിച്ചുകൊണ്ടിരുന്ന എന്റെ നേര്‍ക്ക് വന്നിട്ട് ശ്രീമതി ഒരു ചോദ്യം. അല്‍പ്പം ദേഷ്യത്തിലാണ്.
“അല്ലാ.. എന്താ സാറെ ഇത്. ഈ സ്ഥലമൊക്കെ മേടിയ്ക്കുമ്പോള്‍ എന്നോടൊന്ന് സുചിപ്പിച്ചുകൂടെ? ദേ ഇന്നും ഞാനൊരെടത്തുപോയി നാണം കെട്ടു”
എനിയ്ക്ക് ചിരി വന്നു. ഇന്നെവിടെയാണാവോ പോയി വില ചോദിച്ചിട്ടുണ്ടാവുക?
“ഇന്നെവിടെപ്പോയി”
“ആ എ.ജെ ഹോളില്‍. ആട്ടെ എത്ര കൊടുത്തു അതിന്? ”
ഞാന്‍ പൊട്ടിച്ചിരിച്ചു.“ഹ ഹ ഹ. ഓ. അത്രയ്ക്കൊന്നുമില്ലെടീ. എട്ട് കോടി. അത്രയേ ഉള്ളൂ”
********************@@@####
കവിളത്ത് ആരോ കുത്തുന്നപോലെ തോന്നിയപ്പോഴാണ് എനിയ്ക്ക് സ്വബോധം വന്നത്. ഭാര്യയാണ്.
“ഹലോ... ഇതെന്തോന്നാ രാവിലെ മാതൃഭൂമീടെ റിയല്‍ എസ്റ്റേറ്റ് പേജും എടുത്തു വെച്ചോണ്ടിരുന്ന് വിഡ്ഡിച്ചിരി ചിരിയ്ക്കുന്നത്? കോടികളുടെ കണക്കാണല്ലോ വിളിച്ചുപറയുന്നത്. ഓണമൊന്നും ആകാത്ത കൊണ്ട് കോടി എന്ന വാക്ക് പറയാനുള്ള സാഹചര്യവും ആയിട്ടില്ല”
ദീര്‍ഘനിശ്വാസത്തോടെ ഞാന്‍.
“ഒന്നുമില്ലെടി. റിയല്‍ എസ്റ്റേറ്റ് പരസ്യവും അതിലെ വിലയുമൊക്കെക്കണ്ട് വട്ടായി അതിന്റെ റിയാലിറ്റിയെപ്പറ്റി ചിന്തിച്ച് പിന്നെ ഒന്ന് സ്വപ്നം കണ്ടതാ“
ദ് ഇംപ്രാക്റ്റിക്കല്‍ റിയാലിറ്റി ഓഫ് റിയല്‍ എസ്റ്റേറ്റ്!
സ്വപ്നം കാണുന്ന കണ്ണുകള്‍ കാലം ചൂഴ്ന്നില്ലിതേ വരെ.
എന്റെ പുളീം പൂക്കും.
Monday, January 14, 2008
ദ സ്റ്റേറ്റ് വില്‍ വിതര് എവേ
പലചരക്കുകടയില്‍ ലിസ്റ്റ് കൊടുത്ത് കാത്തുനിന്ന അത്യധ്വാനിയും രക്തത്തില്‍പ്പിടിച്ച കമ്മ്യൂണിസ്റ്റുകാരനുമായ അപ്പുവിനോട് കൊരുക്കാനായി മെമ്പര്‍ കൃഷ്ണന്‍കുട്ടിയുടെ ജനറല്‍ ഡയലോഗ്
“ഇവിടൊരു ഭരണമൊണ്ടോ? സാധനങ്ങടെ വെല പോണ പോക്കേ”
“അതിന് ഭരണത്തിനെന്നാ ഒരു കൊഴപ്പം?“. ദിനേശ് ബീഡി വലിച്ചിരുത്തി ഊതിപ്പറത്തി വെട്ടിത്തിരിഞ്ഞ് സ: അപ്പു അമറി.
“പിന്നല്ലാതെ? പാവങ്ങടെ സര്‍ക്കാരാണെന്നും കമ്മ്യൂണിസ്റ്റ്കാരാണെന്നുമൊക്കെ പറഞ്ഞിട്ട് ഇതിലൊന്നും ഒരു കാര്യോമില്ലേടോ തന്റെ സര്‍ക്കാരിന്. ഞാനിനീം ചോദിയ്ക്കും. ഇവിടൊരു ഭരണമൊണ്ടോ? ങ്ഹാ”
“ഡോ. വിവരമില്ലേല്‍ മിണ്ടരുത്. ഇനിയെന്തിനാടോ ഭരണം. താന്‍ സഖാവ് ലെനിന് എഴുതിയ സ്റ്റേറ്റ് ആന്‍ഡ് റവൊല്യൂഷന്‍ വായിച്ചിട്ടൊണ്ടോ? ലെനിനും മാര്ക്സുമൊക്കെ സ്വപ്നം കണ്ട ആ ലോകത്തിലേയ്ക്ക് ഞങ്ങള്‍ കുതിച്ചെത്തിക്കഴിഞ്ഞേടോ. ലാസ്റ്റ് എന്തോന്നാ സഖാവ് പറഞ്ഞേ?“
“എന്തോന്ന്. ഓ. പിന്നെ കുന്തം.. ചുമ്മാ ***$$##“
“എടോ.. അധ്വാനിയ്ക്കുന്ന സംഘടിതവര്‍ഗ്ഗം ബൂര്‍ഷ്വാകളുടെ കൈയ്യില്‍നിന്നും ഭരണം പിടിച്ചെടുക്കും. പിടിച്ചെടുത്തില്ലേ? ദേ ഇനി ലാസ്റ്റ് സ്റ്റെപ്പിലാ”
“ഏത് സ്റ്റെപ്പ്”
“എടോ മണ്ടാ.. ദ സ്റ്റേറ്റ് വില്‍ വിതര് എവേ”
“എന്നു വെച്ചാല്‍”
“എന്നു വെച്ചാല്‍ ഇവിടിനി ഒരു ഭരണത്തിന്റെ ആവശ്യമേയില്ലാത്തകൊണ്ട് ആര്‍ക്കും ഭരിയ്ക്കാം എന്ന അവസ്ഥയാക്കിയില്ലേ ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്കാര്? അപ്പോള്‍ സഖാവ് ലെനിന്റെ സ്വപ്നം ഒറ്റയടിയ്ക്ക് രക്തച്ചൊരിച്ചിലില്ലാതെ ഞങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയാണ്.ദ സ്റ്റേറ്റ് വില്‍ വിതര് എവേ“
കണ്‍ഫ്യുഷനായിനില്‍ക്കുന്ന കൃഷ്ണന്‍കുട്ടിയെ ഒന്നു പുച്ഛത്തില്‍ നോക്കി അരിയും ഉപ്പും മുളകും വലതുകൈയ്യില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍തൂക്കി കുഞ്ഞുങ്ങള്‍ക്കുള്ള പരിപ്പുവട ഇടത്തെകയ്യില്‍ ഒതുക്കിപ്പിടിച്ച് വീട്ടിലേയ്ക്ക് വലിഞ്ഞു നടന്ന സ: അപ്പുവിനെ സാകൂതം നോക്കി ഇരുള് വീണുതുടങ്ങിയ ഇടവഴിയിലെ മാവിന് ചുവട്ടില്‍ നിന്ന വ്ലാദിമിര്‍ ഇലിയിച്ച് ലെനിന് അപ്പൂ എന്ന് നീട്ടിവിളിയ്ക്കണമെന്ന് തോന്നി.
പക്ഷേ ലെനിന്റെ ശബ്ദം പിറുപിറുപ്പായി.
“ന്നാലും... ന്റെ അപ്പൂ...ദ സ്റ്റേറ്റ് വില്‍ വിതര് എവേ”
Sunday, January 13, 2008
വാക്വം
“എടീ ഇത് പവര്‍ക്കട്ടാ. അതാരിക്കും”
“അച്ചാ.. എനിയ്ക്ക് പേടിയാ. എന്നെ പിടിച്ചോ”
“ഹാ.. പെണ്ണേ എന്റെ വയറ്റത്തിട്ട് മാന്താതെ.”
“ഡി കൊച്ചേ എന്നെ ചവിട്ടാതെ. ഹി ഹി. ഇതാരാ.. എനിയ്ക്ക് ഇക്കിളെടുക്കുന്നുണ്ടേ”
“എടീ അതു ഞാനാരുന്നു “
“അതു ശരി. അതിനെടേല്.......... ഹും. ശ്ശേ വിട്ടേ”
“അച്ചാ.. അമ്മേ എന്തെടുക്കുവാ? ഇനിയ്ക്ക് പേടിയാന്ന് പറഞ്ഞില്ലേ. കെട്ടിപ്പിടിച്ചോ”
“ആ കെട്ടിപ്പിടിച്ചു”
“അതു ശരി. കൊച്ചിനെയാ കെട്ടിപ്പിടിയ്ക്കാന്‍ പറഞ്ഞെ“
“ ഹ് ഹ് ഹ്”
“അച്ചാ അമ്മേ”
“ദേ പെണ്ണെടെയ്ക്കു കേറി”
കൊഴാമറിച്ചില്‍ ....... അതിനിടയില്‍ ഒരു ശബ്ദം.
***ഡും!****
“അയ്യോ”
“അയ്യോ.. അതെന്തുവാ ശബ്ദം. കുഞ്ഞിന്റെ തലയിടിച്ചെന്നാ തോന്നുന്നേ”
“അയ്യോ.. അത് കുഞ്ഞിന്റെ തലയല്ലെടി. എന്റെ തലയാരുന്നു. ഇയ്യോ. നോവുന്നു”
“ങ്ഹാ.. ചുമ്മാതല്ല. ഒരു പൊള്ളയായ ശബ്ദം. ഹി ഹിഹി”
............
............
............
............
മൌനമേ നിറയും മൌനമേ...
Sunday, January 6, 2008
അക്ഷരജാലകത്തിന്റെ വായനയും സങ്കടങ്ങളും
Mark Twain

വിമര്‍ശകനെ വിമര്‍ശിയ്ക്കാമോ?
എന്തുകൊണ്ടും. വിമര്‍ശനം എന്നത് മറ്റേതൊരു ശാഖയേയും പോലെ തന്നെ വിമര്ശിക്കപ്പെടേണ്ടത് വിമര്‍ശനത്തിന്റെ നില്‍നില്പിനുതന്നെ അത്യാവശ്യമായി വരുന്നു. പ്രത്യേകിച്ചും മൌലികതയില്ലാത്ത ആധികാരികമായ വിമര്‍ശനങ്ങള്‍ വായിയ്ക്കുമ്പോള്‍. ഹരികുമാര്‍ ഒരു എഴുത്തുകാരനാണെന്നും അക്ഷരജാലകം ഒരു കോളമാണെന്നും ഈയ്യിടെയാണ് മനസ്സിലായത്. അതിന്റെ പൊപ്പുലാരിറ്റിയെപ്പറ്റി അദ്ദേഹം തന്നെ പറഞ്ഞുകണ്ടപ്പോള്‍ ഞാന്‍ കലാകൌമുദി വാങ്ങി ഒന്നു വായിച്ചു.ഹരികുമാറിന്റെ കഴിഞ്ഞ ഒരു പോസ്റ്റില്‍ “The Prophet Of Frivolity“ എന്ന ഒരാള്‍ ഇട്ട കമന്റ് (ശ്രീ.ഹരികുമാര്‍ അതിനെ ഖണ്ഡിയ്ക്കാനായി ഒരു പോസ്റ്റ് ഇട്ടിരുന്നു) എന്റെ മനസ്സില്‍ക്കൂടി കടന്നു പോയി.ശ്രീ.എം.കൃഷ്ണന്‍നായരുടെ “സാഹിത്യവാരഫലം” ഒരുപാട് കാലം വായിച്ചിരുന്ന ഒരാളാണ് ഞാന്‍.
ഖേദത്തോടെ പറയട്ടെ. “അക്ഷരജാലകം” സാഹിത്യവാരഫലത്തിന്റെ അന്ധവും വികൃതവുമായ അനുകരമാണ് എന്നാണ് എനിയ്ക്ക് തോന്നിയത്. “സാഹിത്യവാരഫലം” എല്ലാം തികഞ്ഞ ഒന്നായിരുന്നില്ല. അതിലെ ചില അവലോകനരീതികലോടും ഒരു സാധാരണവായനക്കാരന് എന്ന രീതിയില്‍ യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ അതിന് മൌലികത ഉണ്ടായിരുന്നു. ഹരികുമാറിന്റെ ഈ അനുകരണം അക്ഷരജാലകത്തിന്റെ ആശയമൌലികതയെ തന്നെ ചോദ്യം ചെയ്യുന്നു. കൂട്ടത്തില്‍ സാഹിത്യവാരഫലത്തിന് എന്തെല്ലാം കുഴപ്പങ്ങളുണ്ടായിരുന്നുവോ അതെല്ലാം അക്ഷരജാലകത്തിലേയ്ക്ക് കൊണ്ടുവന്നിട്ടും ഉണ്ട്.മൌലികതയില്ലാത്ത അവലോകനങ്ങളും അഭിപ്രായങ്ങളും ഇതിലുടനീളം കണ്ടു. ഒരു സാധാരണ വായനക്കാരന്റെ വിലയിരുത്തലുകള്‍ക്കപ്പുറം നില്ക്കാന് ഒരു വിമര്ശകന് കഴിയാത്തപ്പോള്‍ വിമര്‍ശനം പരാജയപ്പെടുന്നു. പരാമര്‍ശിയ്ക്കപ്പെടത്തക്കതായി ഒന്നുമില്ലാത്തുകൊണ്ട് ടൈപ്പ് ചെയ്ത് സമയം കളയുന്നില്ല.
യാദൃശ്ചികമായി കലാകൌമുദിയുടെ ഏതാനും താളുകള്‍ മറിച്ചപ്പോള്‍ “കത്തുകള്‍” എന്ന വിഭാഗത്തില്‍ കെ.ജെ.ചാക്കോ എന്ന ഒരു വായനക്കാരന് 1686
ലക്കത്തിലെ അക്ഷരജാലകത്തില്‍ “ദ് ലാസ്റ്റ് ലീഫ്” എന്ന ഒ.ഹെന്റിയുടെ കഥയെ പരാമര്‍ശിച്ചതിനെപ്പറ്റി എഴുതിയിരിയ്ക്കുന്നു. “മനുഷ്യമനസ്സിന്റെ നന്മയേയും
ത്യാഗത്തേയും ഹൃദയസ്പര്‍ശിയായി ചിത്രീകരിയ്ക്കുന്ന വിശ്വവിഖ്യാതമായ ഈ കഥയെക്കുറിച്ച് ഹരികുമാറിന്റെ വിവരണം അബദ്ധജടിലമാണ്“ എന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്ന കത്ത് കഥയെ സംക്ഷിപ്തമായി വിവരിയ്ക്കുന്നു. കഥ വായിയ്ക്കുന്നവന്റെ കൂടിയാണെങ്കിലും ഹരികുമാറിന്റെ വെളിപാടുകള്‍
പോലെയുള്ള വിലയിരുത്തലുകളെ ഈ കത്ത് കാര്യകാരണസഹിതം പരിഹസിയ്ക്കുന്നും ഉണ്ട്.“ഹരികുമാര്‍ ഇടയ്ക്കിടയ്ക്ക് എടുത്തുപറയുന്ന കസാന്‍ ദ സാക്കിസിന്റെ നോവലിന്റെ പേര് “ദ ലാസ്റ്റ് ടെമ്പ്റ്റേഷന്‍“ എന്നുമാത്രമാണ്. “ദ ലാസ്റ്റ് ടെമ്പ്റ്റേഷന്‍ ഒഫ് ജീസസ്സ് ക്രൈസ്റ്റ്“ എന്നല്ല.“ എന്നു പറഞ്ഞുകൊണ്ട് കത്ത് അവസാനിയ്ക്കുന്നു.
മേല്‍പ്പറഞ്ഞ കത്തിന് ശ്രീ.ഹരികുമാര്‍ മറുപടി എഴുതുമോ എന്നറിയില്ല. വായനയുടെയും അനുഭവങ്ങളുടെയും പക്വതയുടെയും അഭാവം അദ്ദേഹത്തിന്റെ എഴുത്തില്‍ കാണാനുണ്ടെന്ന് അദ്ദേഹത്തിന്റെ ബ്ലോഗിലുടെയും ഇപ്പോള്‍ കലാകൌമുദിയിലെ കോളത്തിലുടെയും ഈയുള്ളവന് മനസ്സിലായി. ബ്ലോഗിലൂടെ കലാകൌമുദിയിലെ കോളത്തില്‍ എത്തിയ്ക്കുന്നതില്‍ വിജയിച്ചു എന്ന് അദ്ദേഹം വിചാരിയ്ക്കുമ്പോള്‍ത്തന്നെ എത്രപേര്‍ അത് തുടര്‍ന്ന് വായിയ്ക്കും എന്നത് ചിന്ത്യം.
“Technique is really personality. That is the reason why the artist cannot teach it, why the pupil cannot learn it, and why the aesthetic critic can understand it. To the great poet, there is only one method of music -- his own. To the great painter, there is only one manner of painting -- that which he himself employs. The aesthetic critic, and the aesthetic critic alone, can appreciate all forms and all modes. It is to him that Art makes her appeal.”
Oscar Wilde
Tuesday, January 1, 2008
മലയാളവും മാതൃഭൂമിയും - ഒരു സാധാരണ വായന
മാതൃഭൂമിയിലും സമകാലിക മലയാളത്തിലും ഒരോ പുരാണ പുനരാഖ്യാനങ്ങള്‍. സമകാലിക മലയാളത്തില്‍ പി.വി. ശ്രീവത്സന്റെ “പകിട”. മാതൃഭൂമിയില്‍ സാറാജോസഫിന്റെ “ഊര്കാവല്‍”. രണ്ടിന്റെയും മുന്‍ ലക്കങ്ങളൊന്നും വായിച്ചിട്ടില്ല. “പകിട” യുധിഷ്ടിരന്റെ കണ്ണിലൂടെ മഹാഭാരതത്തിനെ വ്യാഖ്യാനിയ്ക്കുമ്പോള്‍ “ഊര്കാവല്‍” രാമായണത്തില്‍ വാനരങ്ങളായ കഥാപാത്രങ്ങളെ മനുഷ്യരാക്കി കഥാകഥനം ചെയ്യുന്നു.
“പകിട“ നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ. കൊല്ലങ്ങള്‍ക്ക് മുന്‍പ് പലയാവര്‍ത്തി വായിച്ച “രണ്ടാമൂഴം” എന്നെ സ്വാധീനിച്ചതുകൊണ്ടോ അതോ ശ്രീവത്സനെ സ്വാധീനിച്ചതുകൊണ്ടോ എന്തോ. തീരെ പുതുമയോ വ്യത്യസ്ഥയോ ഇല്ലാത്ത ഒരു അതിസാധാരണമായ ആഖ്യാനം. അതിനിടെ മലയാളഭാഷയുടെ പേരുമിട്ട് പ്രസിദ്ധീകരിയ്ക്കുന്ന “സമകാലിക മലയാളത്തിന്റെ” ഒരു കൊടിയ അശ്രദ്ധയും; നോവലിസ്റ്റിന്റേയും. “പകിട” യിലെ ഒരു ഖണ്ഡിക താഴെക്കൊടുക്കുന്നു.
“ഇതുകേട്ടു അവിടെ കൂടിയിരുന്നവരെല്ലാം ആര്‍ത്തട്ടഹസിച്ചു. തീനും കുടിയുമായി ആ പകലും രാവും അവര്‍ ആഘോഷിച്ചു. ഒരു ക്യാമ്പില്‍ നിന്നും മറ്റൊരു ക്യാമ്പിലേക്ക് പടര്‍ന്നവാര്‍ത്ത. ഒടുവിലതു ഹസ്തിനപുരിയില്‍ ദ്രോണരുടെ ചെവിയിലുമെത്തി”
“ക്യാമ്പ്” എന്നുള്ള പ്രയോഗം ശ്രദ്ധിച്ചു കാണുമല്ലോ. പണ്ട്, ശ്രീകൃഷ്ണന് എന്ന ഹിന്ദി സീരിയല്‍ മലയാളത്തില്‍ ഡബ്ബ് ചെയ്തപ്പോള്‍
“പേടിയ്ക്കേണ്ടാ. അക്രൂരനും “പാര്‍ട്ടിയും” അമ്പാടിയില്‍ നിന്നും തിരിച്ചിട്ടുണ്ട്” എന്ന ഒരു ഡയലോഗ് കേട്ട് ചിരിച്ചിട്ടുണ്ട്. പക്ഷേ അതിന് അത്രയേ ഗൌരവം കല്‍പ്പിച്ചുള്ളൂ. ഡബ്ബിംഗ്. പിന്നെ മെഗാസീരിയല്‍.
ഇതോ? പുതിയ ശൈലി? പുരാണപുനരാഖ്യാനത്തില്‍ ഇത്തരം പ്രയോഗങ്ങള്‍ കല്ലുകടിയ്ക്കും. ഇനിയിപ്പോള്‍ ഒരു “എഫക്ടിന്” വേണ്ടി
“എവിടെയും കുതിരകളുടെ സൌണ്ട്. കമ്പ്ലീറ്റ് സൈന്യങ്ങളുടെയും അധിപനും മറ്റ് ലീഡേഴ്സ്സും മുന്പില്. എന്തിനും പ്രിപ്പേഡായി യാത്ര ചെയ്ത സൈനിക വ്യൂഹം. അതിന്റെ ഒത്ത സെന്ററില്‍ യുധിഷ്ഠിരന്”
എന്നൊക്കെ എഴുതിപ്പൊളിച്ചാലും അത്ഭുതപ്പെടാനില്ല. “സമകാലിക മലയാളം” കൈരളിയെ
ആഗോളവല്‍ക്കരിക്കുകയായിരിയ്ക്കാം.
“ഊര്കാവല്‍” വാനരങ്ങളായി രാമായണത്തില്‍ ഉള്ള വാലി (ബാലി), സുഗ്രീവന്, ഹനുമാന്, താര തുടങ്ങിയ കഥാപാത്രങ്ങളുടെ മനുഷ്യരൂപത്തിലുള്ള അവതരണം, അവരുടെ പ്രവൃത്തികള്‍, ചിന്തകള്‍, സ്വാര്ത്ഥങ്ങള് ഒക്കെ തനതായ ശൈലിയില്‍ എഴുതിയിരിയ്ക്കുന്നു. സുഗ്രീവന്റെയും രാമന്റേയും
സ്വാര്‍ത്ഥതകള്‍, ഹനുമാന്റെ തന്ത്രജ്ഞത എന്നിവയും നന്നായി എഴുതി ഫലിപ്പിച്ചിരിയ്ക്കുന്നു. എടുത്തുപറയത്തക്ക സവിശേഷത താര എന്ന കഥാപാത്രത്തിന്റെ ദു:ഖവും അവളുടെ മന:ശ്ശക്തിയും അവതരിപ്പിയ്ക്കുന്നിടത്താണ് എന്നു തോന്നി.
കാവാലം നാരായണപ്പണിക്കരുമായി എന്‍.പി. വിജയകൃഷ്ണന് നടത്തിയ മുഖാമുഖം അദ്ദേഹത്തിന്റെ ശൈലിയെയും നാടകരംഗത്തെ നിലപാടുകളെയും കുറിച്ച് ധാരണ നല്‍കുന്നതും ആസ്വാദ്യകരവുമായിരുന്നു.
സമകാലിക മലയാളത്തിലെ കവിതകളും കഥയും കണ്ടപ്പോള്‍ ഇപ്പോള്‍ ബ്ലോഗിലുള്ള കഥാകൃത്തുകളെയും കവികളെയും വണങ്ങാന്‍ തോന്നി. ശരാശരിയിലും വളരെ
താഴെ നില്ക്കുന്ന കൃതികള്‍. എത്ര മുന്തിയ കൃതികളാണ് ബ്ലോഗില്‍ പ്രസിദ്ധീകരിയ്ക്പ്പെടുന്നത്. മാതൃഭൂമിയില്‍ രമേശന്‍നായരുടെ “മേല്പത്തൂര്” എന്ന കവിത മനോഹരവും ഗംഭീരവുമാണ്.