Showing posts with label സിനിമാനിരൂപണം. Show all posts
Showing posts with label സിനിമാനിരൂപണം. Show all posts

Friday, September 10, 2010

പ്രാഞ്ചിയേട്ട‌ന്‍ ആ‌ന്‍ഡ് ദ സെയിന്റ് (ആസ്വാദന‌ം)


ശ്രീ .രഞ്ജിത് കഥയും തിര‌ക്കഥയും സംഭാഷണ‌ങ്ങ‌ളുമെഴുതി സം‌വിധാന‌ം ചെയ്ത "‍ പ്രാഞ്ചിയേട്ട‌ന്‍ ആ‌ന്‍ഡ് ദ സെയിന്റ്",‍ പ്രാഞ്ചിയേട്ടന്‍ എന്ന ചിറമേല്‍ ഈനാശു ഫ്രാന്‍സി‌സിന്റെ കഥ പറയു‌ന്നു. മ‌മ്മൂട്ടി കേന്ദ്രകഥാപാത്ര‌മായ പ്രാ‌ഞ്ചിയേട്ടനെ അവതരിപ്പിക്കു‌ന്നു. വാസുമേനോനായി ഇന്നസെന്റും പദ്മ‌ശ്രീയായി പ്രിയാമ‌ണിയും ഡോ.ഓമ‌ന‌യായി ഖുശ്ബുവും ഡോ ജോസ് ആയി സിദ്ദിഖും ഫ്രാന്‍സിസ് പുണ്യാള‌നായി ജെസ്സെ ഫോക്സ് അല്ലനും പോ‌ളിയായി മാസ്റ്റ‌‌ര്‍ ഗണ‌പതിയും സുപ്രനായി ടിനി ടോമും വേഷമിടുന്നു.

തന്റെ ജീവിതത്തിലെ ഒരു പ്രധാന‌പ്പെട്ട തീരുമാന‌മെടുക്കാന്‍ ഫ്രാന്‍സിസ് പുണ്യാള‌‌ന്റെ പ‌ള്ളിയിലെത്തുന്ന പ്രാഞ്ചിക്ക് ഫ്രാന്‍സിസ് പുണ്യാള‌‌ന്‍ പ്രത്യക്ഷനാവു‌ന്നതായും അ‌ദ്ദേഹവുമായി സ‌ം‌വദിക്കുന്നതായും ഉള്ള ഒരു തോന്ന‌ല്‍ ഉണ്ടാവുകയും ആ സ്വപ്ന‌സ‌ം‌‌വാദ‌‌ത്തിലൂടെ കഥ പറഞ്ഞു പോവുന്ന രീതിയുമാണ് രഞ്ജിത് ഈ സിനിമ‌യില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫ്ലാഷ്ബാക് പുതിയ അവതരണരീതിയല്ലെങ്കില്‍ കൂടി കഥയുടെ രസച്ചരട് പൊട്ടാതെ വ‌ര്‍ത്തമാന‌കാല‌ത്തില്‍ത്തന്നെ കഥയെ പിടിച്ചുനിര്‍ത്താന്‍ ഇതിനു കഴിഞ്ഞു എന്നത് രഞ്ജി‌ത്തിന്റെ മാത്രം വി‌ജയമാണ്. കെട്ടുറപ്പുള്ള തിരക്കഥയും തൃശ്ശൂര്‍ മ‌ല‌യാള‌ത്തിലെഴുതപ്പെട്ട ഡയലോഗുക‌ളും ചിത്രത്തിന് മിഴിവേകുന്നു. ആസ്വാദകന്റെ മന‌സ്സിലേക്ക് കുത്തിത്തിരുകാതെ തന്നെ ന‌ന്‍മ‌യുടെ ആത്യന്തികവിജയത്തെക്കുറിച്ചുള്ള ഒരു സന്ദേശം പകരാനും ഈ സിനിമ‌ക്ക് കഴിയുന്നു എന്നത് ആശ്വാസവുമാണ്.

പരമ്പരാഗതമായ അരിക്കച്ചവടത്തിലൂടെ ചാര്‍ത്തിക്കിട്ടിയ അരിപ്രാഞ്ചി എന്ന പേര് തന്റെ അതിരില്ലാത്ത പണ‌‌ത്തിനും പ്രാമാണികത്വത്തിനുമേല്പ്പിക്കുന്ന പരിക്ക് പ്രാഞ്ചിയെ അല‌ട്ടുന്നു. സ്ഥാനമാന‌ങ്ങ‌‌ള്‍ പണ‌ത്തിലൂടെ നേടിയെടു‌ത്താല്‍ പ്രാഞ്ചി‌യുടെ ഈ ചീത്ത‌പേര്‍ മാറ്റിയെടുക്കാം എന്ന സുഹൃത്ത് വാസുമേനോ‌ന്റെ‍ (ഇന്നസെന്റ്) ഉപദേശങ്ങ‌‌ള്‍ പിന്തുടരുന്ന പ്രാഞ്ചിക്ക് പറ്റുന്ന അബ‌ദ്ധങ്ങ‌ള്‍ ന‌ര്‍മ്മത്തിന്റെ മേമ്പൊടിയിലും ഇന്നസെന്റ്, സിദ്ദിഖ് (ഡോ ജോസ് ),ടിനി ടോം( ഡ്രൈവ‌ര്‍ സുപ്രന്‍), ടി.ജി ര‌വി (ഉതുപ്പേട്ടന്‍) എന്നീ ന‌ടന്മാരുടെ അതിമ‌നോഹരമായ അഭിന‌യചാരുതയിലൂടെ രഞ്ജിത് അവതരിപ്പിക്കുന്നു. അ‌വാര്‍ഡുക‌ളും അംഗീകാര‌ങ്ങ‌ളും രാഷ്ട്രീയ സ്വാധീനത്തിന്റേയും പണാധിപത്യ‌‌ത്തിന്റേയും പിടിയിലാണെന്നുള്ള സമീപകാല വിവാദങ്ങ‌ളെ ആക്ഷേപ‌ഹാസ്യത്തിന്റെ മിതമായ ചേരുവയിലൂടെ സ‌ം‌വി‌ധായക‌ന്‍ സമ‌ര്‍ത്ഥമായി ക‌ളിയാക്കുകയും ചെയ്യുന്നു.
പ്രാഞ്ചിക്ക് 'പ‌ദ്മ‌‌ശ്രീ' വില‌കൊടുത്തു വാങ്ങാനെത്തുന്ന ദക്ഷിണേന്ത്യന്‍ ദ‌ല്ലാളായി ശ്രീ ബാല‌ചന്ദ്രന്‍ ചുള്ളിക്കാടും ഒരു ഹ്രസ്വവേഷത്തിലെത്തുന്നുണ്ട്. അദ്ദേഹത്തിന്റെ സംഭാഷണ‌വും അഭിന‌യവും കഥാപാത്രവുമായി താദാദ്മ്യം പ്രാപിച്ചതായി തോന്നിയില്ല.

അതിസാധാരണ‌മായ ട്വിസ്റ്റുക‌ളേ ഈ സിനിമ‌യില്‍ ഉള്ളൂ. പദ്മ‌ശ്രീ (പ്രിയാമ‌ണി) എന്ന ഇന്റീരിയ‌ര്‍ ഡക്കറേറ്ററുടേ പ്രവേശം അതിലൊന്നല്ലതാനും. നായകന് ഒരു സുന്ദരിയായ നായിക വേണ‌ം എന്നതുമാത്രമായിരിക്കണ‌ം ഈ കഥാപാത്രത്തിന്റെ സൃഷ്ടിക്ക് പിന്നി‌‌ല്‍.പദ്മ‌ശ്രീ എന്ന കഥാപാത്രം ഈ കഥക്ക് ഒരു അനിവാര്യത അല്ല എന്നിരിക്കെത്തന്നെ പ്രിയാമ‌ണി അനായാസമായി ഈ കഥാപാത്രത്തെ അവതരിപ്പിച്ചു.

പോളി (മാസ്റ്റ‌ര്‍ ഗണപതി) എന്ന റിബ‌ലായ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥി‌യാണ് പ്രാഞ്ചിയുടെ ജീവിതത്തെ അയാള‌റിയാതെ തന്നെ ഗുണ‌പരമായ രീതിയില്‍ മാറ്റി മ‌റിക്കുന്നത്. അതു മാത്രമാണ് അനുദ്വേഗമില്ലാതെ തന്നെ അവതരിപ്പിക്കപ്പെടുന്ന ഈ സിനിമ‌യിലെ ഏക ട്വിസ്റ്റും. ഗണപതി എന്ന ബാല‌ന്‍ വ‌ള‌രെ ന‌ന്നായിത്തന്നെ ആ കഥാപാത്രത്തെ ഉള്‍ക്കൊണ്ടു പ്രവ‌ര്‍ത്തിച്ചു. പോളി എന്ന കഥാപാത്രത്തിന്റെ വികസന‌ത്തിന് പിന്തുണ‌യായി ജഗതി ശ്രികുമാ‌ര്‍ അവതരിപ്പിച്ച "പണ്ഡിറ്റ് ദീന‌ദയാല്‍" എന്ന ‌ഗാന്ധിയന്‍. ശ്രീ ജഗതി തന്റെ അഭിന‌‌യത്തിന്റെ പ്രാ‌ഗ‌ത്ഭ്യ‌വും പരിണ‌തപ്രഞ്ജതയും തികവോ‌‌ടെ പ്രക‌ടിപ്പിച്ചു.
ബിജുമേനോന്‍ ചെയ്ത പോളിയുടെ അച്ഛന്‍, മ‌മ്മൂട്ടിയുടെ വീട്ടുജോലിക്കാര‌ന്‍ (ക്ഷമിക്കണം. ന‌ടന്റെ പേരറിയില്ല), ശിവജിയുടെ ഹെഡ്മാഷ് എന്നിവരും ന‌ല്ല പ്രകടന‌ം കാഴ്ച വെച്ചു.

അതിഭാവുകത്വം ഒട്ടുമില്ലാത്ത ബ്ലണ്ട‌ര്‍ കോമ‌ഡി ചെയ്യാന്‍ തനിക്കുള്ള അ‌പാര‌മായ കഴിവുക‌‌ള്‍ "പ്രാഞ്ചിയേട്ടന്‍" എന്ന കഥാപാത്രത്തിന്റെ സൂക്ഷ്മഭാവ‌ങ്ങ‌ളിലൂടെ മ‌മ്മൂട്ടി എന്ന മ‌‌ഹാന‌ടന്‍ അനാവരണ‌ം ചെയ്യുന്നു. വിദ്യാഭാസമില്ലായ്മ എന്ന തന്റെ ‌കുറവ് അതുണ്ടാക്കുന്ന ആത്മ‌വിശ്വാസമില്ലായ്മ അത് പ്രാഞ്ചിയുടെ ഓരോ പ്രവ‌ര്‍ത്തിയി‌ലൂടെയും നട‌ത്തത്തിലൂടെയും നില‌ക‌ളിലൂടെയും നേര്‍ത്ത ച‌ല‌ന‌ങ്ങ‌ളിലൂടെയും ഭാവമാറ്റങ്ങ‌ളിലൂടെയും നിഷ്ക‌ള‌ങ്കമായ തൃശ്ശൂര്‍ സംഭാഷണത്തിലൂടെയും അതിമ‌നോഹരമായി അവതരിപ്പിക്കുന്നു മ‌മ്മൂട്ടി.

സിനിമോട്ടോഗ്രഫിയില്‍ കൃത‌ഹസ്തനാണ് താന്‍ എന്ന് ഊട്ടിയുറപ്പിക്കുന്നതാണ് വേണു തന്റെ ക്യാമറ‌യില്‍ ദൃശ്യവ‌ല്‍ക്കരിച്ച ഈ സിനിമ‌യിലെ സീനുക‌ള്‍.അസ്സാധ്യം എന്നു തോന്നുന്ന ക്യാമ‌റാ പൊസിഷനുക‌ള്‍ ഒന്നും ഈ സിനിമ ആവശ്യപ്പെടുന്നില്ല എങ്കിലും ഇതിനു വേണ്ടുന്ന എല്ലാം തന്റെ ക്യാമറയിലൂടെ ന‌‌ല്‍കാനായി എന്നതാണ് അദ്ദേഹത്തിന്റെ സംഭാവന.

ക്രൈസ്തവന്റെ കഥ പറയുന്ന സിനിമ എന്ന നില‌യില്‍ അതിന‌നുയോജ്യമായ പശ്ചാത്തല‌സ‌ംഗീതം ന‌‌ല്‍കുന്നതില്‍ ഔസേപ്പച്ചന്റെ പശ്ചാത്തല‌സ‌ംഗീതം വിജയിച്ചു. ഷിബു ചക്രവ‌ര്‍‌ത്തിയാണ് ഗാന‌രചന. ഔസേപ്പച്ചന്റെ സംഗീതവും. ഗാന‌ത്തിന് വലിയ പ്രസക്തിയില്ലാത്ത ഈ സിനിമ‌യില്‍ അതിനെ മുഴപ്പിച്ച് നിര്‍ത്തേണ്ടതില്ല എന്ന സ‌ം‌വിധായകന്റെ തീരു‌മാന‌ം പക്വത‌യാര്‍ന്നതാ‌യി.

ജെസ്സെ ഫോക്സ് അല്ല‌‌ന്റെ സെന്റ് ഫ്രാന്‍സിസ് പു‌ണ്യാളന്‍ തരക്ക്കേടില്ല എന്നേ പറയാവൂ. ഇരുണ്ട അ‌ള്‍ത്താര‌‌യുടെ പശ്ചാത്തല‌ത്തിലും പുണ്യാ‌ള‌ന്റെ നി‌ര്വ്വികാര‌മായ മുഖം അലോസരപ്പെടു‌ത്തി. മ‌ല‌യാളം സംഭാഷണം (ഡബ്ബിംഗ്) ന‌ര്‍മ്മം നിറഞ്ഞതായിരുന്നു താനും.

രണ്ടരമ‌ണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ സിനിമ ഉല്ലാസത്തോടെ കണ്ടിരിക്കാ‌ന്‍ എന്തുകൊണ്ടും യോഗ്യ‌മാണ്. ഈ സിനിമ ന‌‌ല്‍കുന്ന നല്ല ചില സ‌ന്ദേശങ്ങ‌‌ള്‍ പ്രേക്ഷകന്റെ മ‌ന‌സ്സില്‍ തറക്കും എന്നുള്ളതിനും സംശയമില്ല. മുടക്കുന്ന പണത്തിന് മൂല്യം ന‌‌ല്‍കുന്ന ന‌ല്ല സിനിമ. പോയി കാണുക. ശേഷം സ്ക്രീനില്‍ തന്നെ കാണുക.

Wednesday, December 2, 2009

നീല‌ത്താമര അഥവാ ഭൂതകാലക്കുളിര്‍ (സിനിമാ ആസ്വാദനം)


1979-ല്‍ ഇറങ്ങിയ ‘നീലത്താമര’ എന്ന ചിത്രത്തിന്റെ പുനരാവിഷ്കാര‌മാണ് എം.ടി. വാസുദേവന്‍ നായ‌ര്‍ ര‌ചിച്ച് ലാല്‍ ജോസ് സംവിധാനം നിര്‍വ്വഹിച്ച പുതിയ ‘നീലത്താമര’. ലാല്‍ജോസ് എന്ന സംവിധായക‌ന്റെ ധൈര്യം, സാഹസം എന്നതൊക്കെ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. എം.ടി എന്ന മ‌ഹാപ്രതിഭയുടെ പകുതിയിലധികം ര‌ചന‌ക‌ളും കാല‌ത്തെ അതിജീവിക്കുന്നവയല്ല എന്ന സത്യം ഈ ചിത്രം കാണുന്നവ‌ര്‍ക്ക് തോന്നിയേക്കാമെങ്കിലും ആ പോരായ്മക‌ളെയൊക്കെ മറന്ന് തീയേറ്ററുക‌ളില്‍ തിങ്ങിയിരുന്ന് സിനിമ കാണുന്ന മല‌യാളിക‌ള്‍ തെളിയിച്ചത് ലാല്‍ജോസിന്റെ സംവിധാനപാടവവും കാസ്റ്റിംഗി‌ല്‍ അദ്ദേഹം കാണിച്ച വിജയകരമായ പരീക്ഷണ‌ങ്ങ‌ളുമാണ്.

എണ്‍പതുക‌ളില്‍ ഉദാത്തം എന്ന് പല എം.ടി രചന‌ക‌ളും ര‌ണ്ടായിരങ്ങളിലെ പല പുന‌ര്‍വായന‌കളില്‍ വെറും പൈങ്കിളി എന്ന് “ഇതെഴുതുന്നയാളിന്” തോന്നിയിട്ടുണ്ട്. എല്ലാം അങ്ങിനെയാണെന്നോ എം.ടി ഒരു മഹാനായ സാഹിത്യകാരന്‍ അല്ലെന്നോ ഇതിന‌ര്‍ത്ഥമില്ല. ഈ കഥ ആ പൈങ്കിളി സ്വഭാവത്തിന് ഒരു ഉത്തമ ഉദാഹരണമാണ് എന്ന് പറയേണ്ടതില്ല. ഇതിലെ ഓരോ കഥാപാത്രവും, ഓരോ ബിംബങ്ങ‌ള്‍ക്കും ഓരോ വള്ളുവനാടന്‍ ചുവയുള്ള സംഭാഷണ‌വും കഴിഞ്ഞ രണ്ടുപതിറ്റാണ്ടു കാലമായി ച‌ര്‍വ്വിതചര്‍വ്വണം ചെയ്യപ്പെട്ടിട്ടുള്ളവയാണ് എന്ന് പറയേണ്ടി വരുന്നതില്‍ ഖേദവുമുണ്ട്. തേവരുടെ അമ്പലം,അമ്പല‌ക്കുള‌ത്തിലെ കുളി, കുളിച്ച് തൊഴല്‍, ഇടവഴിക‌ള്‍, നാലുകെട്ടുള്ള തറവാട്, ഷാര‌ത്തെ അമ്മിണി [ :-) ],അമ്മാവന്റെ ചിലവില്‍ പഠിച്ച് അയാളുടെ മ‌ക‌ളെ കല്യാണം കഴിക്കേണ്ടി വരുന്ന മ‌രുമ‌കന്‍, ആഡ്യന്‍ നായ‌ര്‍ യുവാവിന്റെ വേല‌ക്കാരിയോടുള്ള കാമം, വഞ്ചിക്കപ്പെടുന്ന വേല‌ക്കാരി കുഞ്ഞിമാളു എങ്ങിനെ എത്രയെത്ര?

ഇത്രയും കഴിവുറ്റ ഒരു കൂട്ടം ക‌ലാകാര‌ന്മാ‌ര്‍ ഉള്ളപ്പോ‌ള്‍ ലാല്‍ജോസ് എന്തിന് ഇങ്ങനെയൊരു സിനിമ‌യെടുത്തു എന്നു ചോദിച്ചാല്‍ അദ്ദേഹത്തിന് ശരാശരി മ‌ല‌യാളിയുടെ “ഭൂതകാലക്കുളിര്‍” എന്ന ഒരിക്കലും നശിക്കാത്ത നവഗൃഹാതുര‌ത്വത്തിന്റെ മ‌ന:ശ്ശാസ്ത്രം ന‌ന്നായി മ‌ന‌സ്സിലായതുകൊണ്ട് എന്ന് ഉത്തരം പറയേണ്ടി വരും. സിനിമ അവസാനിക്കുമ്പോള്‍ പ്രേക്ഷകന് സംവിധായകന്‍ സമ്മാനിക്കേണ്ടുന്ന ഒരു വേദന, ഒരു ഓര്‍മ്മപ്പെടുത്തല്‍ എല്ലെങ്കില്‍ ഒരു സന്ദേശം ഒന്നും ഈ സിനിമ തരികയില്ല. കാല്‍പ്പനികതയുടെ നിതാന്തസുന്ദരങ്ങ‌ളായ അനവധി ചിത്രങ്ങ‌‌ള്‍ ഒന്നിച്ചുകോര്‍ത്ത ഒരു മാല‌യാണ് ഈ സിനിമ. അതിന് ഒരു ഭംഗിയുണ്ട് ; അത് മാത്രമാണുള്ളതും.

അര്‍ച്ചന കവി എന്ന നടി വ‌ളരെ മിതത്വത്തോടെ അതിഭാവുകത്വം ഒട്ടുമില്ലാതെ കുഞ്ഞിമാളു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. നായകവേഷം ആദ്യവസാന‌മല്ലെങ്കില്‍ക്കൂടി ചതിയനായ കാമുകനായ “ഹരിദാസിനെ“ കൈലേഷ് ന‌ന്നായി അവതരിപ്പിച്ചു. ശ്രീദേവി ഉണ്ണി അവതരിപ്പിച്ച മാളുവമ്മ ക്ലീഷേ ആയിരുന്നുവെങ്കിലും അവരുടെ ഭാഗം ന‌ന്നാക്കിയിട്ടുണ്ട്.

ചാന‌ലുക‌ളിലും മ‌റ്റും വാഴ്ത്തപ്പെടുന്ന ഈ ചിത്രത്തിന്റെ ദൃശ്യഭംഗിക്ക് പിന്നിലെ ആള്‍ വിജയ് ഉലഗനാഥ് ആണ്. സിനിമ‌യുടെ ആദ്യ ഇരുപതു മിനിട്ടുക‌ളില്‍ ശ്രീമാന്‍ വിജയ് അതിലെ കഥാപാത്രങ്ങ‌ളെ ശ്രദ്ധിക്കാഞ്ഞിട്ടാണോ എന്തോ മിക്ക ന‌ടീനടന്മാരും ഔട്ട് ഓഫ് ഫോക്കസ് ആയി മ‌ങ്ങിക്കാണ‌പ്പെട്ടു.. ഗ്രാമ‌ത്തിന്റെ പച്ചപ്പിനും കടും നിറങ്ങ്‌ള്‍ക്കും പ്രാമുഖ്യം കൊടുത്തുള്ള ഛായാഗ്രഹണം സംവിധായകന്‍ ഏല്‍പ്പിച്ച ദൌത്യം ഭംഗിയായി വിജയ് നിര്‍വ്വഹിച്ചു എന്നതിന്റെ തെളിവ് കൂടിയാണ്. അതാണ് ജനം കുത്തിയിരുന്ന് ഈ സിനിമ കാണുവാനുള്ള പ്രധാന കാരണവും.

ഇതിന്റെ സംഗീതം വിദ്യാസാഗര്‍ ആണ്. കാതിനിമ്പമുള്ള ഗാന‌ങ്ങ‌ളാണ് ചിത്രത്തിലേതെന്ന് പറയാതെ തന്നെ വായന‌ക്കാര്‍ക്ക് അറിയുമ‌ല്ലോ.

എന്താണ് ഈ സിനിമ‌യില്‍ പ്രേക്ഷക‌ര്‍ ആസ്വദിച്ചിരിക്കുക എന്ന് ഇതെഴുതുന്നയാ‌ള്‍ ഇതിനോടകം പറഞ്ഞു കഴിഞ്ഞുവല്ലോ. തിരക്കുപിടിച്ച ന‌ഗര‌ജീവിതം, അക്രമ‌ണോത്സുകത, വേഗത, ആധുനികത ഇതൊക്കെയാണ് കഴിഞ്ഞ രണ്ടുകൊല്ലമായി മ‌ല‌യാള വാണിജ്യസിനിമ‌യുടെ ആകെത്തുക. ഇതില്‍നിന്നൊക്കെ വ്യത്യസ്തമായി ശരാശരി മ‌ല‌യാളി ഗൃഹാതുരത്വത്തോടെ കാണാന്‍ ഇഷ്ടപ്പെടുന്ന ഒരു ഭൂമിക ലാല്‍ജോസ് ഈ സിനിമ‌യില്‍ അവതരിപ്പിക്കുന്നു. അതില്‍ ഇഴപിരിയാതെവണ്ണം ചേര്‍ന്നുനില്‍ക്കുന്ന ഒരു പിടി കഥാപാത്രങ്ങളേയും അവരുടെ നാടന്‍ ഭാഷയോടും കൂടി. ഞാനടക്കമുള്ള ഒരു പുരുഷാരം രണ്ടരമണിക്കൂറില്‍ ഈ ഭൂതകാലക്കുളിരില്‍ അഭിരമിച്ചിരിക്കുന്നു. പച്ചപുതച്ചു നില്‍ക്കുന്ന മഞ്ഞുമൂടിയ ഒരു മലഞ്ചെരുവില്‍ എത്തിയ വിനോദസഞ്ചാരികളെപ്പോലെ അവിടെനിന്ന് അതിന്റെ ഹരിതാഭയും കുളിരും നുണഞ്ഞ് ഒരു ചൂട് കട്ടന്‍കാപ്പിയും കുടിച്ച് തിരികെ വീട്ടിലേക്ക് വരുന്നതുപോലെ........... അക്ഷരാര്‍ത്ഥത്തില്‍ ഈ സിനിമ ഒരു നേരമ്പോക്കാണ്.

നീല‌ത്താമര എന്ന ഈ സിനിമ മ‌ല‌യാള സിനിമ‌ക്ക് ഒരു മുതല്‍ക്കൂട്ടൊന്നുമല്ല. ലാല്‍ജോസ് ഇതിന്റെ പേരിലാവില്ല നാളെ ഓര്‍മ്മിക്കപ്പെടാന്‍ പോകുന്നതും. ഇതിലെ പല പുതുമുഖങ്ങ‌ളും പ്രതിഭയുള്ളവ‌ര്‍ തന്നെയാണ്. അവരുടെ വരും സിനിമക‌ളും ലാല്‍ജോസിന്റെ കൂടുതല്‍ ആര്‍ജ്ജവത്തോടെയുള്ള പരീക്ഷണ സിനിമക‌ളും മ‌ല‌യാള സിനിമ‌ക്ക് നല്ല സംഭാവനക‌ള്‍ നല്‍കട്ടെയെന്ന് ആശംസിക്കുന്നു.

അടിക്കുറിപ്പ് : നീലയാമ്പല്‍ കാണിച്ച് നീല‌ത്താമര എന്ന് പറഞ്ഞത് പ്രേക്ഷകരങ്ങ് ക്ഷമിച്ചു. നീല‌ത്താമര ന‌ല്ല വിലയുള്ള ഒരു സാധനമാണ്.

Sunday, July 20, 2008

പരുന്ത് അഥവാ ചലച്ചിത്രവധം (ഒരു സാദാ പ്രേക്ഷക വീക്ഷണം)


അങ്ങനെ ഒരു മ‌മ്മൂട്ടിച്ചിത്രം കൂടി.

ഒരുപാട് കാലം കൂടിയാണ് സെക്കന്റ്ഷോയ്ക്ക് പോയത്. തിരുവന‌ന്തപുരം അഞ്ജലിയിലും അതുല്യയിലും “പരുന്ത്” “ഓടുന്നു“. അക്രമാസക്തരായി നില്‍ക്കുന്ന മ‌മ്മൂട്ടി ആരാധകരുടെ ഇടയില്‍ക്കയറി ടിക്കറ്റെടുക്കുക അസ്സാധ്യം. സഹധര്‍മ്മിണിയെ മുന്നില്‍ നിര്‍ത്തി ബാല്‍ക്കണി ടിക്കറ്റെടുത്ത്, കൊട്ടകയുടെ ഒത്ത‌ നടുക്ക് “ബാല്‍ക്കെണി“യില്‍ ഇരിയ്ക്കേണ്ടി വന്നു.


അങ്ങനെ “പരുന്ത്” തുടങ്ങി.


നെഗറ്റീവായുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന മമ്മൂട്ടി കഴുത്തറപ്പന്‍ പലിശക്കാരനാണ്. മാനുഷികമൂല്യങ്ങ‌ള്‍, ബന്ധങ്ങ‌ള്‍ ഒന്നും അയാള്‍ക്ക് ഒരു പ്രശ്നമ‌ല്ല. ലാഭം, പണം എന്നിവ
മാത്രം ലക്ഷ്യം. ഒടുവില്‍ ഒന്ന് കാലിടറുമ്പോ‌ള്‍ മാനുഷികമൂല്യങ്ങ‌ളുടേയും ബന്ധങ്ങ‌ള്‍ തിരിച്ചറിയുന്നു. അത് പ്രഖ്യാപിയ്ക്കുന്നു. ഇതാണ് കഥ. സന്ദേശം “മ‌നുഷ്യത്വം പണ‌ത്തിനും മീതെ”. പക്ഷേ ഈ സന്ദേശത്തിനും മമ്മൂട്ടി എന്ന സൂപ്പര്‍ സ്റ്റാറിനും ചുറ്റും ഏച്ചുകെട്ടിയ ദുര്‍ബ്ബലമായ ഒരു കഥാതന്തുവാണ് “പരുന്ത്” എന്ന സിനിമ‌യിലേത്.

താരാരാധനയുടെ അന്ധതകൊണ്ട് കൈയ്യടി കിട്ടാന്‍ വേണ്ടി പരുന്ത് വേലായുധന്‍ എന്ന കഥാപാത്രം പെടാപ്പാട് പെടുന്നത് ഈ ചിത്രത്തിന്റെ സവിശേഷതയാണ്. ആദ്യം പരുന്ത് നടത്തുന്ന
വീടൊഴിപ്പിക്കലിന് വരെ ചുമ്മാ കയ്യടിച്ചിരുന്ന ആരാധക‌ര്‍ അറിയാതെ ചുവട് മാറ്റുന്നത് കണ്ടു.


നായകന് “ഗുമ്മ്” കിട്ടാന്‍ അടിച്ച് വിടുന്ന ചെറു പ്രയോഗങ്ങ‌ള്‍ പോലും നന‌ഞ്ഞ പടക്കങ്ങ‌ളായി
പിന്നെ ആരാധകരുടെ കൂവലായി പരിണ‌മിയ്ക്കുന്നതും കാണാനായി.


നായിക എന്ന സങ്കല്‍പ്പം ഈ സിനിമ‌യില്‍ ഇല്ല. ലക്ഷ്മി റായ്, കല്യാണി എന്നിവര്‍ക്ക് പോസ്റ്ററില്‍ പടം വെയ്ക്കാന്‍ വേണ്ടി ഓരോ കഥാപാത്രങ്ങ‌ള്‍. ജഗതിശ്രീകുമാറിനും ജയസൂര്യയ്ക്കും സുരാജിനും കൊച്ചിന്‍ ഹനീഫയ്ക്കും ഒക്കെ അങ്ങിനെ തന്നെ. ജയകുമാറിന്റെ കല്ലായി അസ്സിസ്സ് പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത വില്ലനായിരുന്നെങ്കിലും, മോശമായില്ല. കൊച്ചിന്‍ ഹനീഫയുടെ ലിപ്സ്റ്റിക്ക് ഓവറായിപ്പോയി.


എത്രതന്നെ അമ‌ര്‍ത്തി വെച്ചാലും കാലം അതിന്റെ എല്ലാ മാറ്റങ്ങ‌ളും മ‌നുഷ്യ ശരീരത്തില്‍ പ്രത്യക്ഷപ്പെടുത്തും. അത് തിരിച്ചറിഞ്ഞ് പെരുമാറുക എന്നതാണ് സാമാന്യബുദ്ധി. നടന്മാര്‍
അറിഞ്ഞിരിരിയ്ക്കേണ്ടുന്ന ഒന്ന്. പ്രായമാകുന്നത് കുറ്റമ‌ല്ല. മേയ്ക്കപ്പിടുന്നതും. പക്ഷേ അത് മ‌റ്റുള്ളവര്‍ക്ക് കാണാനും ആസ്വദിയ്ക്കാനും ഉള്ള‌താവുമ്പോ‌ള്‍ ഔചിത്യം എന്ന കാര്യം അത്യന്താപേക്ഷിതം. പ്രായം പരാമ‌ര്‍ശിക്കപ്പെടാത്ത, നായിക/കാമുകി/ഭാര്യ വേണ്ടാത്ത നായകന്മാരായി മമ്മൂട്ടിയേയും മോഹന്‍ലാലിനെയും അവതരിപ്പിയ്ക്കുന്നത് ഇപ്പോഴത്തെ ഒരു “ന്യൂട്രല്‍ സൂപ്പര്‍സ്റ്റാര്‍ ടെക്നിക്” ആണ്. ഇവിടെയും അത് പ്രയോഗിയ്ക്കുന്നു. പക്ഷേ പ്രായം അതിന്റെ എല്ലാ പരാധീന‌തക‌ളും പരുന്ത് വേലായുധന്‍ എന്ന “കരുത്തനായ ബ്ലേഡിന്റെ” ശരീരത്തില്‍ കാട്ടിത്തരുന്നു. ഒട്ടും ചേരാത്ത ഒരു വിഗ്ഗ് കൊണ്ട് ഒരു കോമാളി ലുക്ക് ആണ് പ്രകൃത്യാ സുന്ദര‌നായ മ‌മ്മൂട്ടിക്ക് ഇതില്‍.


പ്രേംന‌സ്സീറിന്റെ സിനിമ‌ക‌‌ളിലെ സംഘട്ടന‌രംഗ‌ങ്ങ‌ളെ ഓര്‍മ്മിപ്പിയ്ക്കുന്നതായിരുന്നു മ‌മ്മൂട്ടിയുടെ സംഘട്ടനാഭിന‌യം. പലപ്പോഴും തല്ലുകൊള്ളാനുള്ളവ‌ര്‍ അദ്ദേഹത്തിന്റെ കൈക‌ളിലേയ്ക്ക് “വന്ന്
വീഴാന്‍” കാത്ത് നില്‍ക്കുന്നത് കാണാമായിരുന്നു. പിന്നെ വെടികൊള്ളാതിരിയ്ക്കാന്‍ നിന്നിടത്ത് നിന്ന് ബൊമ്മക‌ള്‍ തല‌യാട്ടുന്നതുപോലെ ത‌ല‌യാട്ടി വെടികൊള്ളാതെ ഒഴിഞ്ഞ ആ രംഗം വല്ലാതങ്ങ്
ബോറായി.


മ‌മ്മൂട്ടിക്ക് ഏറ്റവും കൂടുതല്‍ കൂവ് കിട്ടിയത് കാവടിയും കൊണ്ട് തുള്ളിക്കളിക്കുന്ന ഒരു ഗാന‌(എന്നു വിളിയ്ക്കാന്‍ വയ്യ!)ത്തിലെ നൃത്ത‌ത്തിനാണ്. പാട്ടിലെ ഡപ്പാങ്കുത്തിനൊപ്പിച്ച് ഒന്ന് കാലെടുത്ത് വെക്കാന്‍ പോലും അദ്ദേഹത്തിന് പറ്റുന്നുണ്ടായിരുന്നില്ല.


കഥയില്ലാത്ത തിര‌ക്കഥയില്‍ ടി.എ റസാക്ക് എന്ന ത‌രികിടാകൃത്ത് നടത്തുന്ന അഭ്യാസം അതിന്റെ എല്ലാ പരിമിതികളെയും പുറത്തുകാട്ടുന്നു.അങ്ങിനെയൊരു കഥ സംവിധാനം ചെയ്ത സവിധായകനും സഹതാപം അര്‍ഹിയ്ക്കുന്നു. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, അനില്‍ പനച്ചൂരാന്‍, കനേഷ് പൂനൂര്‍ എന്നിവരുടെ ചലച്ചിത്ര‌ഗാന രചനാഭ്യാസം അവരുടെ കൊമ്പീറ്റന്‍സ്സിയെ സംശയത്തിന്റെ നിഴലിലാക്കുന്നു. അല‌ക്സ്പോ‌ളിന്റെ സംഗീതം അസ്സഹ്യം.


“പണം കിട്ടുമെങ്കില്‍പ്പിന്നെ എന്തായാലെന്ത്” എന്നതാണ് ഈ സിനിമ പടച്ചുവിട്ടവരുടെയും അഭിനേതാക്ക‌ളുടെയും കാഴ്ചപ്പാട് എന്ന് നിസ്സംശയം പറയാം. ഒരുപക്ഷേ സിനിമ‌യുടെ പ്രമേയവുമായി ഏറ്റവും അടുത്തുനില്‍ക്കുന്നത് ഈ മുദ്രാവാക്യം തന്നെ.