വി.കെ. എന്നിന്റെ പുനര്‍വായന ഒരാഘോഷമാണ്. 1979 ല്‍ പ്രസിദ്ധീകരിച്ച വി.കെ. എന്നിന്റെ പയ്യന്‍ കഥകള്‍ വായിയ്ക്കുമ്പോഴും,1976 ലെ പിതാമഹന്‍ വായിയ്ക്കുമ്പോഴും സമകാലിക രാഷ്ടീയ-നയതന്ത്ര മേഖലകളില്‍ പ്രസ്തുത കൃതികള്‍ക്കുള്ള പ്രസക്തി കണ്ടാല്‍ അത്ഭുതം തോന്നും. ഓരോ കഥയും, ഓരോ ഭാഗവും, കഥാപാത്രങ്ങളുടെ ഓരോ ചെയ്തികളും വാക്കുകളും ഇന്നു കാണുന്ന എന്തിനെയൊക്കെയോടോ ബന്ധിപ്പിക്കാനും കൂട്ടിവായിയ്ക്കാനും വായനക്കാരന് കഴിയുന്നു. എഴുത്ത് കാലത്തെ അതിജീവിച്ചാല്‍ എഴുത്തുകാരന്‍ മഹാനാണ്. വി.കെ.എന്‍ അങ്ങനെ മഹാന്‍ ആവുന്നു.എഴുത്തുകാരുടെ കുലപതിയും.
പയ്യന്‍ കഥകളിലെ “ദോശ” വായിയ്ക്കുമ്പോള്‍ ഇന്നത്തെ ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റി(?)ന്റെ കപട കമ്മ്യൂണിസ്റ്റ് വീക്ഷണങ്ങളെയും സുഖലോലുപതയെയും കണ്മുന്‍പില്‍ കണ്ട് എഴുതിയതുപോലെ തോന്നും. ചിരിച്ച് മറിയുന്നതിനൊപ്പം ചിന്തിപ്പിക്കുന്ന മറ്റൊരു വി.കെ.എന്‍ ഉദാത്തശില്‍പ്പം.
അറസ്റ്റ് വെട്ടിച്ച് ഒളിവില്‍ കഴിയുന്ന കമ്മ്യൂണിസ്റ്റുകാരനായ പയ്യന് ദോശ തിന്നാനുള്ള കൊതി കലശലാവുന്നു. സഹിക്കാന്‍ പറ്റുന്നില്ലെന്നര്‍ത്ഥം.”നായുടെ നാക്കിന്റെ നേര്‍മ്മയില്‍ കുത്തും പുള്ളിയും നിറഞ്ഞ് കുഴഞ്ഞാടുന്ന ദോശയുടെ വിഗ്രഹം” പയ്യന്റെ മനസ്സില്‍ ഉയരുകയാണ്. ഇവിടെ ദോശ ഒരു പ്രലോഭനമാണ്. വിപ്ലവം,നിഷ്ക്കാമ കര്‍മ്മമായ ജനസേവനം എന്നിവ ലക്ഷ്യമാക്കിയ കമ്മ്യൂണിസ്റ്റുകാരന്‍ തന്റെ നിയോഗം മറന്ന് സുഖലോലുപതയുടെ പ്രലോഭനത്തിനു വശംവദനാവുന്നു. കര്‍ക്കശനായ വിപ്ലവകാരിയായ പയ്യന്‍ തന്നോടുതന്നെ ചോദിയ്ക്കുന്നു. “വാദത്തിനുവേണ്ടി നീ പോയി ദോശതിന്നാന്‍ തീരുമാനിച്ചു എന്നുതന്നെ വെക്കുക. എങ്കില്‍ ആയത് പാര്‍ട്ടിയുടെ അച്ചടക്കത്തിനും നിയമാവലിയ്ക്കും എതിരാവില്ലേ?” ആ നിമിഷത്തില്‍ പയ്യന്റെ വയറ്റില്‍ ആര്‍ത്തിയുടെ വീണക്കമ്പി ഒരു ക്വാണം പുറപ്പെടുവിച്ചു. പ്രലോഭനത്തിനു ചുവടെ പയ്യന്റെ മനസ്സ് വൈരുദ്ധ്യാധിഷ്ഠിത ഭൌതികസിദ്ധാന്തത്തില്‍ അപ്പോള്‍ ചുട്ടെടുത്ത ഒരു ദോശകണക്ക് കുഴഞ്ഞു വീണു.നോക്കുക.. ഇത് ഇന്നത്തെ കര്‍ക്കശക്കാരെന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന അല്ലെങ്കില്‍ സ്വയം നടിയ്ക്കുന്ന കമ്മ്യൂണിസ്റ്റ്കാര്‍ക്കിട്ട് മനോഹരമായ ഒരു പൂശാണ്. ഭൌതികപ്രലോഭനങ്ങള്‍ക്ക് പിറകേ കണ്ണുമടച്ച് പായുന്ന നാട്യക്കാരായ കമ്മ്യൂണിസ്റ്റിനെ വി.കെ.എന്‍ തൊലിയുരിക്കുകയാണ്.
കൊച്ചുവെളുപ്പാന്‍കാലത്ത്, അഭയം കൊടുത്ത വീട്ടുകാരോട് മിണ്ടാതെ പയ്യന്‍ പാര്‍ട്ടി അനുഭാവിയായ രാമന്‍കുട്ടിയുടെ ചായക്കടയില്‍ പിന്‍വാതിലിലൂടെ പ്രവേശിയ്ക്കുകയാണ്. അഞ്ചിടങ്ങഴി വലുപ്പത്തിലുള്ള ഒരു പാത്രം നിറയെ ദോശമാവും ഒരു കുട്ടകം നിറയെ ചട്നിയും അവിടെ തയ്യാര്‍.
സഖാവിനെക്കണ്ട് അത്ഭുതപ്പെട്ട രാമങ്കുട്ടിയോട് താന്‍ അണ്ടര്‍ഗ്രൌണ്ടിലാണെന്നും ആഗമനോദ്ദേശ്യവും അറിയിയ്ക്കുന്നു. പിന്നെ അനസ്യൂതം അവിരാമം അസ്സംഘ്യം ദോശകള്‍ പയ്യന്‍ തന്നെ ചുട്ടുതിന്നുകയാണ്. പാര്‍ട്ടിയെ വിശ്വസിച്ചും ബഹുമാനിച്ചും നിത്യത്തൊഴിലെടുത്തു ജീവിക്കുന്ന ഒരു പ്രവര്‍ത്തകനെ തന്റെ സുഖം മാത്രം ലക്ഷ്യമാക്കി അവ്ന്റെ കഞ്ഞിയില്‍ പാറ്റയിടാനും രണ്ടാലൊന്ന് ചിന്തിക്കാത്ത ഒരു കപടകമ്മ്യൂണിസ്റ്റിനെ വി.കെ.എന്‍ നര്‍മ്മമധുരമായി വരച്ചുകാട്ടുന്നു. ചായക്കടയിലെ പതിവുകാരെ കാലിച്ചായ കൊടുത്തും തൊടുന്യായങ്ങള്‍ പറഞ്ഞും രാമന്‍കുട്ടി പിടിച്ചു നിര്‍ത്തിയെങ്കിലും ഇടക്കൊരു പോലീസ്സുകാരന്‍ വന്നതോടെ രാമങ്കുട്ടി അകത്തേക്ക് വന്ന് പയ്യനോട് രണ്ട് ദോശ താന്‍ തന്നെ ചുട്ടുകൊടുത്ത് അയാളെ പറഞ്ഞയച്ചേക്കാമെന്ന് പറയുന്നു. “താന്‍ പോയി പോലിസ്സുകാരന് ചായയും അനുഭാവവും പകര്‍ന്നുകൊട്. അപ്പോഴേക്കും ഞാന്‍ ദോശ ശരിപ്പെടുത്താം” എന്നാണ് പയ്യന്റെ നിലപാട്. എല്ലാ പോലീസുകാരെയും ശപിച്ചുകൊണ്ട് പയ്യനൊഴിച്ചുണ്ടാക്കിയ ദോശ ചുട്ടെടുത്തപ്പോള്‍ താന്‍ ഉണ്ടാക്കിയറ്റ്യ്ഹിലേക്കേറ്റവും മുന്തിയതാ(“മൊരിഞ്ഞ് ചുകന്ന് തീറ്റപ്രായമായിക്കിടക്കുന്നു”)യപ്പോള്‍, പ്രലോഭനം താങ്ങാനാവാതെ ആ ദോശയും സ്വയം തിന്നുന്നു. ഒന്നല്ല. വീണ്ടും വീണ്ടും. വിശപ്പുമൂത്ത് അടുക്കളയിലേക്ക് പ്രവേശിച്ച് പോലീസ്സുകാരനോട് സ്വാഭാവികത തോന്നിക്കാനായി രാമന്‍കുട്ടി പയ്യനെ ചെവിക്കുപിടിച്ചു മാറ്റി നിര്‍ത്തിയിട്ട്, പയ്യന്‍ മലബാറുകാരനായ പുതിയ സഹായിയാണെന്നും പരിചയക്കുറവുണ്ടെന്നും പറഞ്ഞ് ഒരു വിധത്തില്‍ ഒഴിവാക്കുന്നു. പോലീസ്സുകാരന്‍ പോയപ്പോള്‍ ചെവിക്കുപിടിച്ചതിന് ക്ഷമ പറഞ്ഞ രാമന്‍കുട്ടിയോട് ഉദാരമായി പയ്യന്‍ പറയുന്ന “ മറന്നുകള! വിപ്ലവം വന്നാല്‍ തന്നെ ഒന്നും ചെയ്യുകില്ല” എന്ന വാചകം ചിരിയുടെ തിരയിളക്കുന്നു.
അനായാസമായി വീണ്ടും വീണ്ടും ദോശ ചുടുകയും തിന്നുകയുമായിരുന്നു പയ്യന്‍. അപ്പോള്‍ “സോഷ്യലിസ്റ്റ് അഭിവാദ്യങ്ങള്‍” പറഞ്ഞുകൊണ്ട് പോലീസ് ഇന്‍സ്പെക്ടരും പാര്‍ട്ടിയും പ്രവേശിക്കുകയാണ്, പയ്യനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകാന്‍. അചഞ്ചല വിപ്ലവകാരിയായ പയ്യന്‍ ചട്ടി കാണിച്ചിട്ട് രണ്ട് ദോശക്കുള്ള മാവുകൂടിയുണ്ടെന്ന് പറയുന്നു. “എന്നാല്‍ എളുപ്പം കഴിക്ക്. സ്റ്റേറ്റില്‍ ജനകീയമന്ത്രിസഭ നിലവിലില്ലാത്ത കാലഘട്ടത്തില്‍ അറസ്റ്റിനു മുന്‍പ് തന്നെ പട്ടിണിക്കുട്ടു എന്ന പരാതി വേണ്ട” എന്ന് ഇന്‍സ്പെക്ടര്‍ പറയുന്നിടത്ത് കഥ അവസാനിക്കുന്നു.
കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളും സൈദ്ധാന്തികരും പ്രയോഗങ്ങളും പ്രയോക്താക്കളും ഇന്നെത്തി നില്‍ക്കുന്ന അവസ്ഥയെ വികെഎന്‍ മുന്‍പിന്‍ നോക്കാതെ പരിഹസിക്കുകയാണ് ഈ കഥയില്‍.
ഒരുപക്ഷേ വികെഎന്‍ ഈ കഥ എഴുതിയ കാലത്തിനേക്കാളും എത്രയോ അധികമാണ് അതിന്റെ പ്രസക്തി ഇന്നുള്ളത് എന്നറിയുമ്പോഴാണ് ആ മഹാനായ എഴുത്തുകാരനെ നമിച്ചുപോകുന്നത്.
ഒരു വെറും തമാശക്കഥ എന്ന തലത്തില്‍ വായിച്ചാലോ. ചിരിച്ച് തലതല്ലിക്കുന്ന “ഫുള്‍ വികെഎന്‍ ടച്ച്“ ഉള്ള കഥയാണിതും. രുചിയുടെ രാജാവായിരുന്നു വികെഎന്‍. ചില വികെഎന്‍ കൃതികള്‍ വായിച്ചാല്‍,ഒരു ശരാശരി മലയാളിയുടെ നാവിലെ രസമുകുളങ്ങളുടെ മര്‍മ്മത്ത് രുചിയുടെ സൂചികള്‍ കൊണ്ടുള്ള കുത്ത് കൊള്ളുമെന്നത് ഉറപ്പാണ്. അനുഭവം ഗുരു. ഉദാഹരണങ്ങള്‍ അസ്സംഘ്യം. അതൊരു പോസ്റ്റാക്കാന്‍ തന്നെയുണ്ട്.
