Sunday, December 30, 2007

വേരുക‌‌ള്‍ തേടി..

അങ്ങനെ ഞാന്‍ സിംഗപ്പൂരിനോട് വിട ‌പറഞ്ഞു. ഞാന്‍ തിരികെ ചെല്ലാനായി എന്റെ ഗ്രാ‌മം കൊതിച്ചിട്ടൊന്നുമല്ല. ചെന്നിട്ട് ഒത്തിരി കാര്യമുള്ളതുകൊണ്ട് പോകുന്നു.വന്നിട്ട് ഒരു കൊല്ലമായെങ്കിലും സിംഗപ്പൂരുള്ള സതീഷിനോടും ബഹുവ്രീഹിയോടുമൊക്കെ സംസാരിയ്ക്കാന്‍ സാധിച്ചത് അടുത്തിടെ മാത്രം. വരുന്നതിന്റെ രണ്ടു ദിവസം മുന്‍പ് സതീഷിനെ വിളിച്ചു ചോദിച്ചു ഒന്നു കാണാന്‍ തര‌പ്പെടുമോ എന്ന്. ജോലിയില്‍ നിന്നും രാജി വെച്ച് വിടുതലായിനില്‍ക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു പണിയുമില്ലാതെയിരുന്നു എനിയ്ക്ക്.ജോലിത്തിരക്കിനിടയിലും അദ്ദേഹം വരാമെന്നേറ്റു. എന്റെ ഓഫീസ്സ് കെട്ടിടത്തിന് ഏതാണ്ട് ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള ഷാ ടവേഴ്സ്സില്‍ വെച്ച് കാണാമെന്ന് ധാര‌ണയിലെത്തി. അതിന് തൊട്ടുമുന്‍പ് ഒരു ഫോണ്‍.

പേരു പറഞ്ഞു. മധുര‌മായ ശബ്ദം കേട്ടപ്പോഴെ ഞാന്‍ തിരിച്ചറിഞ്ഞു “ബഹുവ്രിഹി”. സതീഷ് എന്റെ ന‌മ്പര്‍ അദ്ദേഹത്തിന് കൊടുത്തിരുന്നു. ഞാന്‍ അവിടെ നിന്നും പോകുന്നത് ശരിയായില്ലെന്നും ഇത്ര നാളും പരിച‌യപ്പെടാതിരുന്നത് മോശമായിപ്പോയെന്നും സ്നേഹത്തൊടെ പറഞ്ഞു അദ്ദേഹം. പോകാന്‍ ഒന്നോ രണ്ടോ ദിവസങ്ങ‌ളേ മുന്‍പിലുള്ളായിരുന്നുവെന്നതുകോണ്ട് തമ്മില്‍ കാണാനുള്ള സാധ്യത കുറവാണെന്ന് ക്ഷമാപണ‌ത്തോടെ ഞാന്‍ പറഞ്ഞു. എങ്ങിനെയെങ്കിലും
എവിടെയെങ്കിലും വെച്ച് കാണാമെന്നേറ്റ് ഫോണ്‍ വെച്ചു.

സതീഷ് പറഞ്ഞ പ്രകാരം ഞാന്‍ അവിടെയെത്തി പറഞ്ഞ സ്പോട്ടിലേയ്ക്ക് നടന്നടുക്കുമ്പോ‌ള്‍ ഏഴടിപ്പൊക്കത്തില്‍, വെളുത്ത ഷര്‍ട്ടും കറുത്ത പാന്റുമിട്ട സുന്ദരക്കുട്ടപ്പനായ ഒരു രൂപം എതിരെ. കണ്ണുക‌ള്‍ ഉടക്കി.. ചിരിച്ചു... പിന്നെ ഒന്ന് പരസ്പരം കൈചൂണ്ടി പേര് പറഞ്ഞു.. കൈകൊടുത്തു.എന്റെ മ‌ക‌‌ള്‍ക്കായി സുന്ദര‌നായ ഒരു കൊച്ചുകര‌ടിയുടെ പാവയും സ‌മ്മാന‌മായി എനിയ്ക്ക് തന്നു സതീഷ്.എവിടെയെങ്കിലും ഇരുന്നു സംസാരിയ്ക്കാം എന്നു പറഞ്ഞ് “നക്ഷത്രക്കാശ് “(സ്റ്റാര്‍ ബക്സ് - കാപ്പികുടിച്ചിട്ട് കാശെത്രയായി എന്ന് ചോദിയ്ക്കുമ്പോ‌ള്‍ നക്ഷത്രമെണ്ണുന്ന സ്ഥലം) കാപ്പിക്കടയിലേയ്ക്ക് ഞങ്ങ‌ള്‍ പോയി.രണ്ടു കാപ്പിയുടെ കാശുണ്ടായിരുന്നെങ്കില്‍ ഒരു ഗ്രാം സ്വര്‍ണ്ണം മേടിയ്ക്കാമായിരുന്നു എന്നോര്‍മ്മിപ്പിയ്ക്കുന്ന വിലനിലവാരപ്പ‌ട്ടിക കൌണ്ട്രിയുടെ തല‌യ്ക്കു മോളില്‍.സുജന‌മാധുര്യത്തോടെ സതീഷ് വാങ്ങിത്തന്ന എത്ര പഞ്ചസാരയിട്ടാലും കയ്പ് മാറാത്ത എണ്‍പതു ശതമാനം പത‌യും പത്തു ശതമാനം കാപ്പിയുമുള്ള ആവിപറക്കുന്ന കപ്പുച്ചിനയുടെ മുക‌ളില്‍ക്കൂടി ഞങ്ങ‌‌ള്‍ സംസാരിച്ചു.കുടുംബത്തെപ്പറ്റി, പ്രവാസത്തെപ്പറ്റി അല്‍പ്പനേരം.പിന്നെ സിംഗപ്പൂരുള്ള മല‌യാളം ബ്ലോഗിംഗ് ചെയ്യുന്ന പുള്ളി, പാട്ടു പാടുന്ന ബഹുവ്രീഹി മുതലായവരെപ്പറ്റി.ചിരിയുടെ തിരമാലക‌ളുണ‌ര്‍ത്തുന്ന ബ്രീജ് വിഹാരിയെപ്പറ്റിയും അല്‍പ്പനേരം.
അങ്ങിനെ കുറെ സമ‌യം സംസാരിച്ചിരുന്ന്.. പിന്നെ ഇനി എവിടെയെങ്കിലും വെച്ച് കാണാമെന്ന് പറഞ്ഞ് ആ നല്ല സുഹൃത്തിനോട് പറഞ്ഞ് ഞാന്‍ പിരിഞ്ഞു.
മുന്‍പേ പരിചയപ്പെടാനും കാണാനും സാധിച്ചില്ലല്ലോ എന്ന കുണ്ഡിതത്തോടെ.
‌‌‌‌‌‌‌‌‌‌‌‌‌-----------------------------------------------------------------------------------‌‌‌
പൊതിഞ്ഞുകെട്ടലും തൂക്കിനോക്കലും നാട്ടിലേയ്ക്ക് സാധന‌മ‌യയ്ക്കലും ഒക്കെയായി വരുന്നതിന് മുന്‍പ് ആ രണ്ട് ന‌ല്ല സുഹൃത്തുക്ക‌ളേയും വിളിയ്ക്കാന്‍ സാധിച്ചില്ല. വല്ലാത്ത ഓട്ടം. ഞായറാഴ്ച വെളുപ്പിന് രണ്ട് മണിയ്ക്ക് ആല‌പ്പുഴയിലെത്തി. അമ്മായിയമ്മ ഉണ്ടാക്കിവെച്ചിരുന്ന കൊഴുത്ത് മിന്നുന്ന സുന്ദരന്‍
തീയലും വെടിക്കെട്ട് ചമ്മന്തിപ്പൊടിയും കൂട്ടി പഞ്ഞിപോലുള്ള ധവളമ‌നോഹരങ്ങ‌ളായ ഇഡ്ഡലിക‌ള്‍ പന്ത്രണ്ട് വരെ എണ്ണിയും പിന്നെ എണ്ണാതെ കുറെയും അകത്താക്കി കയറിക്കിടന്നു.

രാവിലെ ഒമ്പതിനെഴുന്നേറ്റ് കുളിയും കാപ്പികുടിയുമൊക്കെക്കഴിഞ്ഞ് തിരുവനന്തപുരത്ത് പുതിയ ജോലിയില്‍ പ്രവേശിയ്ക്കാനുള്ള സന്നാഹത്തോടെ പതിനൊന്നോടെ അമ്പല‌പ്പുഴയിലേയ്ക്ക്.

ഭഗവല്‍‌സ്സന്നിധിയില്‍ ന‌ല്ല തിരക്ക്. അമ്പല‌മാകെ നവീകരിയ്ക്കുന്നു. പഴമ എല്ലായിടത്തുനിന്നും നീക്കം ചെയ്യപ്പെടുന്നു. അനിവാര്യം. പൊളിഞ്ഞുവീഴാന്‍ പോകുന്നത് ന‌ന്നാക്കിയെടുക്കുന്നു ദേവസ്വം. കുറ്റം പറയാനാവില്ലല്ലോ.

ആനന്ദമൂര്‍ത്തിയായ അമ്പല‌പ്പുഴകൃഷ്ണന്‍ ചന്ദന‌ചര്‍ച്ചിതനായി ചിരിതൂകി നില്‍ക്കുന്നു. ജനത്തിരക്ക് ക്രമത്തിലധികം. ആള്‍ക്കാരെ തള്ളിവിടുന്നു നടയില്‍നില്‍ക്കുന്ന കുറച്ച് ജീവന‌ക്കാര്‍. ശ്രീകോവിലിനു വെളിയില്‍ തൊട്ടടുത്തായി ന‌ല്ല തടിയുള്ള കഷണ്ടിയായ ഒരാളും അദ്ദേഹത്തിന്റെ ഭാര്യയും കുഞ്ഞും വി.ഐ.പി പരിഗണനയില്‍ നില്‍ക്കുന്നു. കുഞ്ചുത്തിരുമേനി പുറത്തേയ്ക്കിറങ്ങി വി.ഐ.പി
ക‌ള്‍ക്ക് മാത്രമുള്ള വലിയ നാക്കില‌യില്‍ ഉള്ള പ്രസാദമെടുത്ത് അവര്‍ക്ക് മാത്രം കൊടുത്തു, തീര്‍ത്ഥവും. തിരികെ അഞ്ഞൂറിന്റെ നോട്ട്. ആയിരം കൈക‌ള്‍ ഒരല്പം ചന്ദനത്തിനും തീര്‍ത്ഥത്തിനും വേണ്ടി ഉയര്‍ന്നു. “ഞാന്‍ ആ ടൈപ്പല്ല” എന്ന ഭാവത്തോടെ കുഞ്ചുത്തിരുമേനി കൂളായി അകത്തേയ്ക്ക് കയറിപ്പോയി. ആ‌ളുക‌ള്‍ ഫൂളായി സൈഡിലേയ്ക്കും. വി.ഐ.പി സ്വസ്ഥമായി തൊഴുത് നില്‍ക്കുന്നു.

“കൃഷ്ണാ‍ാ‍ാ‍ാ‍ാ‍ാ“ എന്ന് ദീര്‍ഘനിശ്വാസം വിട്ട് വിളിച്ച് കൊണ്ട് ഒരു വലത്തും കൂടി വെച്ച് ഞാന്‍ പുറത്തിറങ്ങി.
നേരെ വീട്ടിലേയ്ക്ക്. അച്ഛന്റേയും അമ്മയുടെയും കൂടെ അല്‍പ്പനേരം.. ഊണും കഴിച്ച് നാലിനുള്ള കുര്‍ള തിരുവനന്തപുരം തീവണ്ടിയ്ക്ക് ഞാന്‍ അനന്തപുരിയിലേയ്ക്ക്. എന്റെ അടുത്ത ഉദ്യോഗ‌പര്‍വ്വ(ത)ത്തിലേയ്ക്ക്.

കമ്പനി ഏതാനും ദിവസങ്ങ‌ളിലേയ്ക്ക് അനുവദിച്ചുതന്ന സര്‍വ്വീസ്ഡ് അപ്പാര്‍ട്ട്മെന്റിലെത്തി. ഒരുപാടുകാലം കൂടിയാണ് ഭാര്യയേയും കുഞ്ഞിനേയും പിരിഞ്ഞ് നില്‍ക്കുന്നത്. വിഷമം തോന്നി. പുറത്തുപോയി ഭക്ഷണം കഴിച്ച്
വന്ന് കിടന്നു. വെളുപ്പിന് നാലിന് എഴുന്നേറ്റു. കെയര്‍ടേക്കര്‍ ബിനു ചായയുമായി റെഡി. ഓട്ടോയും വിളിച്ചു തന്നു. നേരെ പഴവങ്ങാടി ഗണപതിയമ്പലത്തിലേയ്ക്ക്. അടിച്ച തേങ്ങ ആഹ്ലാദത്തോടെ പൊട്ടിച്ചിരിച്ച് ചിതറി. എല്ലാം ഒന്ന് ശരിയാക്കിത്തരണേയെന്ന് പറഞ്ഞ് തൊഴുത് പ്രാര്‍ത്ഥിച്ചു.
പത്മനാഭസ്വാമിക്ഷേത്രത്ത്ലേയ്ക്ക് പോയി. വാതിക്കല്‍ വടിയുമായി നില്‍ക്കുന്ന ചേട്ടന്‍ ഷര്‍ട്ട് കയ്യില്‍പ്പോലും പിടിയ്ക്കാന്‍ പാടില്ല എന്ന് ഭീഷണി മുഴക്കി. അതേല്‍പ്പിച്ച് അകത്തു കയറി തൊഴുതു. കാലില്‍പ്പിടിച്ച് വന്ന കാര്യം പറഞ്ഞു. ഒക്കെ ശരിയാകുമെന്ന് അനന്തശായിയായ പത്മാനാഭന്‍ പറഞ്ഞപോലെ തോന്നി.

തിരിച്ചെത്തി ഡ്രസ്സ് ചെയ്തിറങ്ങി. ഓട്ടോ പിടിച്ച് ടെക്നോപ്പാര്‍ക്കിലേയ്ക്ക്. ആധുനികമായ ടെക്നോപ്പാര്‍ക്കിലെ റോഡുക‌ള്‍ കേര‌ളത്തനിമയോടെ ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്നു. കെട്ടിടങ്ങ‌ളുടെ പേരുക‌ള്‍ മലയാളിത്തനിമയുടെ.”ഭവാനി”, “നിള”,”ചന്ദ്രഗിരി” “പത്മനാഭം” അങ്ങിനെ പോകുന്നു.
ഇടയ്ക്കിടെ ന‌ല്ല പച്ചത്തുരുത്തുക‌ള്‍ കാവുക‌ളെ ഓര്‍മ്മിപ്പിച്ചു. അവിടെ കെട്ടിടങ്ങ‌ള്‍ വരുന്നതുവരെ അങ്ങിനെതന്നെയായിരിയ്ക്കും.

“നിള” യിലാണ് കമ്പനിയുടെ മാനവവിഭവശേഷി വിഭാഗം. റിപ്പോര്‍ട്ട് ചെയ്തു. എച്ച്. ആര്‍. ഇന്‍ഡക്ഷന്‍ എന്ന തൃദിന കലാപരിപാടി. പല കമ്പനിക‌ളുടെ സംസ്കാരവുമായി വരുന്നവരെ പുതിയ കമ്പനിയുടെ മൂശയിലിട്ട് വാര്‍ക്കുക എന്നതാണ് ലക്ഷ്യം. പരമ‌മായ ബോറ്.
അരയും ഒരുമണിക്കൂറും നീളുന്ന സെഷനുക‌ള്‍. സെഷനുക‌ള്‍ കോട്ടുവാ വിട്ടും കാപ്പികുടിച്ചും മുന്നേറി. ഇന്‍ഡക്ഷന്‍ തരാന്‍ വരുന്നവ‌ര്‍ തന്നെ താരാട്ടു പാടുന്നതില്‍ ക്ഷമാപണം പറഞ്ഞുകൊണ്ട് സെഷന്‍ തുടങ്ങാനും തുടങ്ങി. അങ്ങനെ മൂന്നു ദിവസത്തെ ഇന്‍ഡക്ഷന്‍ അവസാനിച്ചൂ.

അങ്ങനെ ഞാന്‍ ജോലി തുടങ്ങി.
--------------------------------------------------------------------------------

വെള്ള‌യമ്പലത്ത് ഒരു വീട് വാടകയ്ക്ക് തപ്പിയെടുത്തു. റിലൊക്കേഷന്‍ ലീവായി മൂന്നുദിവസം ലീവ് അനുവദിച്ച് കിട്ടി. ആലപ്പുഴനിന്നും ഭാര്യയും കുഞ്ഞും ഒരു മിനിലോറി സാധനവുമായി വെള്ളയമ്പലത്തേയ്ക്ക്.
വീടിന്റെ മുന്നിലെത്തിയപ്പോ‌ള്‍ നേരമിരുട്ടിയെങ്കിലും അട്ടിമറിച്ചേട്ടന്മാര്‍ റെഡി. അവ‌ര്‍ക്ക് എല്ലാ സാധന‌ങ്ങ‌ളും ഇറക്കണമെന്ന് ഒരെ വാശി. സ്നേഹം!
ന‌മ്മ‌ളിറക്കിയാലും അവര്‍ക്ക് കാശുകൊടുക്കണം. ഒന്നാം നിലയിലേയ്ക്ക് കയറ്റാനാണെങ്കില്‍ കൊന്നു കൊലവിളിക്കുമെന്ന് സഹായിയായി കൂടെയുള്ള കണ്ണന്‍‍. താഴെ ഇറക്കി വെപ്പിച്ചാല്‍ മതി. അട്ടിമറിച്ചേട്ടന്മാരില്‍ ഒരാള്‍ അടിച്ച് മിസ്റ്റായി നില്‍ക്കുന്നു. സാധനമൊക്കെ നേരെ താഴത്തിറക്കി‌റക്കി വെച്ചു. അവിടെ വരെ ഞങ്ങ‌ള്‍ സുരക്ഷിതമായി എത്തിച്ച ഫ്രിഡ്ജ് , ചേട്ടന്മാര്‍ ഉരച്ച് പെയിന്റ് ക‌ളഞ്ഞ് വെടിപ്പാക്കിത്തന്നു. ചേട്ടന്മാരുടെ നേതാവ് വന്ന് 700 ‌രൂപ പറഞ്ഞു. 500 ല്‍ ഉറപ്പിച്ചു.

ഫ്രീഡ്ജിന്റെ പരിക്ക് ഞാന്‍ സഹിച്ചു. പൈസ്സയും കൊണ്ട് പിരിയാന്‍ നേരം മിസ്റ്റായി നില്‍ക്കുന്ന സഖാവ് അടുത്ത് വന്നു.
“അപ്പ.. പൈസ.. ഗൊടുത്തില്ലേ”
ഞാന്‍ പറഞ്ഞു ”ഗൊടുത്തു. അവിടെ” നേതാവിന്റെ നേരെ കൈ ചൂണ്ടി.
“ഹെത്ര ഗൊടുത്തു?”

ഞാന്‍ പറയാനാഞ്ഞപ്പോഴേയ്ക്കും നേതാവ് ഉറക്കെപ്പറഞ്ഞു “ങാ. പോര് പോര്. നാന്നൂറ് കിട്ടി”

കൊമ്മ്രേ:മിസ്റ്റ് സന്തുഷ്ടനായി ലാല്‍‌സ്സ‌ലാം പറഞ്ഞ് പിരിഞ്ഞു.

കണ്ണന്‍ ചെവിയില്‍ പറഞ്ഞു “കൊള്ളാം! ചതിയിലും വഞ്ചന! നല്ല വ‌ര്‍ഗ്ഗസ്നേഹം!”

ചിരിച്ചുപോയി.
----------------------------------------------------------------
സുഹൃത്തുക്കളേ.. ഞാന്‍ നാട്ടില്‍ തിരികെയെത്തിയിരിയ്ക്കുന്നു.
സന്തുഷ്ടനാണ്.
ഇനി എനിയ്ക്ക് ഉത്സവങ്ങ‌ള്‍ കാണാം. എത്രയെത്ര കഥ‌ക‌ളിയരങ്ങുക‌ളുടെ മുന്നില്‍ എനിയ്ക്ക് ഉറക്കമൊഴിച്ച് മനസ്സ് നിറയ്ക്കാം. എത്രയെത്ര സംഗീതസദസ്സുക‌ളില്‍ മതിമറന്ന് ലയിച്ചിരിയ്ക്കാം. ഒരു വ്യാഴവട്ടത്തിലേറെയായി നഷ്ടപ്പെട്ട നിതാന്തമായ വായന എനിയ്ക്കിനി വീണ്ടെടുക്കണം. എത്രയേറെ സുന്ദരമായ രാജ്യത്തുപോയാലും എനിയ്ക്കുറപ്പിച്ചു പറയാം.
എന്റെ നാടിന്റെ ആ ഒരു സുഖം .. അതെങ്ങുമില്ല. ആ സുഖത്തോടു തട്ടിയ്ക്കുമ്പോ‌ള്‍ ബന്ദും ഹര്‍ത്താലും മൂരാച്ചി രാഷ്ട്രീയവും അഴിമതിയും ഒന്നും ഒന്നുമ‌ല്ലാതാകുന്നു.

എന്റെ വേരുക‌ള്‍ ഇവിടെത്തന്നെയാണ്. പ്രവാസത്തിന്റെ കാല‌പ്പഴക്കത്താല്‍ തടിയ്ക്കും ഇല‌യ്ക്കും വേദന‌യാവുന്ന വേരുക‌ളെ എനിയ്ക്ക് പുനരുജ്ജീവിപ്പിയ്ക്കണം. പുതിയ വേരുക‌ള്‍ എന്റെയീ മണ്ണിലാഴ്ത്തി ഞാന്‍ തളിര്‍ക്കും.. പൂക്കും.. കായ്ക്കും.

Friday, November 9, 2007

കൂട്ടത്തിന്റെ നീതി

കുഞ്ഞുങ്ങ‌ളുടെ കരച്ചില്‍ കേട്ടാണ് ചന്ദ്രമുഖ‌ന്‍ ഉണ‌ര്‍ന്നത്.

നേര‌ം ന‌ന്നായി വെളുത്തിരിയ്ക്കുന്നു. തോരാതെ പെയ്യുന്ന മ‌ഴയായിരുന്നല്ലോ ദിവസങ്ങ‌ളായിട്ട്. കുഞ്ഞുങ്ങ‌‌ള്‍ക്ക് നേരാം‌വണ്ണ‌ം ആഹാര‌ം കൊടുത്തിട്ടും അത്ര തന്നെയായിരിയ്ക്കുന്നു.
ചന്ദ്രമുഖ‌ന്‍ എഴുന്നേറ്റ് ചിറകുക‌ള്‍ കുടഞ്ഞു. ചിറകുകളില്‍ ഈ‌ര്‍പ്പം നില്‍ക്കുന്നു. പതുക്കെ മരക്കൊമ്പിലേയ്ക്ക് ചാടി.
ഇളവെയില്‍ ഇല‌നിറഞ്ഞ ചില്ലക‌‌ള്‍ക്കിടയിലൂടെ ചൂടു പക‌ര്‍ന്നു തുടങ്ങിയിരിയ്ക്കുന്നു. ആകെ ഒരുന്മേഷം തോന്നി.കൂട്ടില്‍ കരച്ചിലിന് ശക്തികൂടിയിരിയ്ക്കുന്നു.

“കരയാതിരിയ്ക്കൂ മക്ക‌ളെ. ഇന്ന് അച്ഛ‌ന്‍ നിങ്ങ‌‌ള്‍ക്ക് വ‌യര്‍ നിറയെ, കൊക്കറ്റം തീറ്റ ന‌ല്‍കുന്നുണ്ട്” ചന്ദ്രമുഖ‌ന്‍ മക്ക‌ളോടായി പറഞ്ഞു.

പഞ്ഞമാസമെന്ന് ക‌ര്‍ക്കിടകത്തെ പഴിയ്ക്കുന്നത് വെറുതെയല്ല. പുറത്തിറങ്ങാന്‍ പറ്റുന്നില്ല. പിന്നെയല്ലേ ഇരതേട‌ല്‍.പക്ഷേ ഇന്ന് വാവാണ‌ല്ലോ. പിതൃബലിക‌ളുണ്ടാവും ധാരാ‌ള‌ം ഇന്ന്.പശ്ചിമ‌ദിക്കിലേയ്ക്കാവാം സഞ്ചാരം.

ചിറകുക‌ള്‍ മെല്ലെ വിട‌ര്‍ത്തി മന്ദഗതി സ്വീകരിച്ച് മരത്തിന്റെ നിഴലില്‍നിന്നും പുറത്തുവന്ന് ദ്രുതഗതിയില്‍ പ‌റന്നുപൊങ്ങി. പശ്ചിമ‌ദിക്കിലേയ്ക്ക് ചുണ്ടൂന്നി കാല്‍പ്പാദങ്ങ‌ള്‍ പിന്നിലേയ്ക്ക് വ‌ളച്ചുപിടിച്ച് സ്ഥായീഗതി സ്വീകരിച്ച് പ‌റന്നു തുടങ്ങി. ഈര്‍പ്പമുള്ളതുകൊണ്ട് ചിറകുക‌ള്‍ക്ക് ചെറിയ ഭാരം. വെയിലുള്ളതുകൊണ്ട് സാരമില്ല.

പോകെപ്പോകെ ചന്ദ്രമുഖ‌ന് ചിറകുണങ്ങി പറക്കലിന് ലാഘവം കൈവന്നു. താഴെ തെരുവുക‌‌ള്‍ക്കും വീട്ടുമുറ്റങ്ങ‌‌ള്‍ക്കും ജീവന്‍ വെച്ചിരിയ്ക്കുന്നു.

“താഴേയ്ക്കു പോകേണമോ“ ചന്ദ്രമുഖ‌ന്‍ സംശയിച്ചു. ഇപ്പോ‌ള്‍ത്തന്നെ തന്റെ കൂട്ട‌ര്‍, കാക്കക‌ള്‍, അസ്സംഖ്യം ഉണ്ട് അവിടെ. ഇന്നെന്തായാലും ഒരുപാടു സമ‌യം ക‌ള‌യാതെ നിറയെ ഭക്ഷണം നേടാന്‍ കഴിയണം. കുഞ്ഞുങ്ങ‌‌ള്‍ വല്ലാതെ വിശന്നിരിയ്ക്കുകയാണല്ലോ. ബലിയുള്ളതല്ലേ. മുട്ടു വരികയില്ല ഇന്നെന്തായാലും.

ഒരോന്നാലോചിച്ച് പറന്ന് ഒട്ടൊന്നു കഴിഞ്ഞപ്പോഴാണ് ചന്ദ്രമുഖ‌ന്‍ ഓ‌ര്‍ത്തത്. അമ്പലത്തിനിപ്പുറമുള്ള അഴിമുഖത്തും അവിടുന്നിങ്ങോട്ടുള്ള കടപ്പുറത്തുമായിരിയ്ക്കും ബലിക‌ള്‍ നടക്കുക. താന്‍ അമ്പലത്തിനിപ്പുറത്തെത്തിയിരിയ്ക്കുന്നു.

ഇടതുചിറകുപൊക്കി വലതുചിറകു വളച്ചുതാഴ്ത്തി ഘനഗതിയില്‍ വൃത്തത്തില്‍ തിരിഞ്ഞ് പറക്കല്‍ പൂര്‍വ്വസ്ഥിതിയിലാക്കി.

ദൂരെ നിന്നേ അഴിമുഖത്തേയും കട‌ല്‍ത്തീരത്തേയും ആള്‍ത്തിരക്ക് കാണാം. ന‌ല്ല കാറ്റുള്ളതുകൊണ്ട് ആള്‍ക്കൂട്ടത്തിനുമേല്‍ പറന്നു നില്‍ക്കാനാവില്ല. മേല്‍ക്കാറ്റും ശക്തം. ആള്‍ക്കൂട്ടത്തിനും കട‌ല്‍ത്തീരത്തിനും ഒര‌ല്‍പ്പം അകലെയാണെങ്കിലും നിറയെ തെങ്ങുക‌‌ള്‍ നില്‍പ്പുണ്ട്. അതിലൊന്നില്‍ ചെന്നിരിയ്ക്കാം ആദ്യം. ചന്ദ്രമുഖ‌ന്‍ കാലുക‌ള്‍ നിവ‌ര്‍ത്തി ചിറകുക‌ള്‍ മെല്ലെ താഴ്ത്തി ഒരു തൈത്തെങ്ങിന്റെ ഓല‌യില്‍ ചെന്നിരുന്നു. ചാഞ്ഞും ചെരിഞ്ഞും നോക്കി. ആളുക‌ള്‍ നാക്കില‌യില്‍ പിണ്ഡം പൊത്തിയിട്ട്, നനഞ്ഞ കൈക‌ള്‍ കൊട്ടി വിളിയ്ക്കുന്നു തങ്ങ‌ളെ, കാക്കകളെ.

ചന്ദ്രമുഖ‌ന് കല‌ശലായി ചിരി വന്നു. “നാശം പിടിച്ച കാക്ക”,“വൃത്തികെട്ട കാക്ക” “പോ കാക്കേ” എന്നൊക്കെ എപ്പോഴും പ‌റയുന്ന, ആട്ടിപ്പായിയ്ക്കുന്ന മനുഷ്യര്‍ അവ്ന്റെ പിതൃക്ക‌‌ളുടെ പിണ്ഡമെടുക്കാന്‍ കാക്കക‌ളെ സൌമ്യമായി വിളിയ്ക്കുന്നു. അച്ഛനായും അമ്മയായും അപ്പൂപ്പനായും ഒക്കെ കാണുന്നു. സ്വന്തം സൌകര്യം, സമാധാനം അത്രയേ ഉള്ളൂ അവന്. വെറുതെയല്ലല്ലോ തങ്ങ‌ള്‍ കാക്കക‌ള്‍ രോഷം പുരീഷമാക്കി മനുഷ്യന്റെ മേല്‍ ചൊരിയുന്നത്.

ചന്ദ്രമുഖ‌ന് ആത്മനിന്ദ തോന്നി. എന്നും ആട്ടിപ്പായിയ്ക്കുന്നവ‌ര്‍ ഉദകക്രിയ ചെയ്തിട്ട് മാടിവിളിച്ചു തരുന്ന ബലിച്ചോറുണ്ണാന്‍ കല‌മ്പല്‍ കൂട്ടുന്നതില്‍. കറുപ്പു മുറ്റാത്ത, ശോണിമ‌യാ‌ര്‍ന്ന, ദൃഡത കൈവരാത്ത പിള‌ര്‍ന്നുപിടിച്ച കുഞ്ഞിച്ചുണ്ടുക‌ള്‍ ഓ‌ര്‍ത്തപ്പോ‌ള്‍ അവന്‍ നിന്ദ ഒരു നിശ്വാസത്തിലൊതുക്കി.

കൂട്ടത്തില്‍ കുറച്ചൊന്നൊഴിഞ്ഞുനിന്ന് കൃയ ചെയ്യുന്ന ഒര‌ച്ഛനേയും മകനേയും ചന്ദ്രമുഖ‌ന്‍ കണ്ടു. മക‌ന്‍ ബലിയിടുകയാണ്. അവിടെ ഒരു കാക്ക പോലുമില്ല. തനിയ്ക്ക് വേണ്ടത് അവിടന്നുതന്നെ കിട്ടിയേക്കാം.

സാവധാന‌ത്തില്‍ പ‌റന്ന് അവ‌രുടെ ഏതാനും നിഴ‌ല്‍പ്പാടകലെ ചെന്നിരുന്നു ചന്ദ്രമുഖ‌ന്‍. ചാഞ്ഞും ചെരിഞ്ഞും നോക്കി. അച്ഛന്റെ മിഴിക‌ള്‍ നിറഞ്ഞിരിയ്ക്കുന്നു. അയാളുടെ ഭാര്യയ്ക്കാവാം മകന്‍ ബലിയിടുന്നത്.മകന്‍ തീരെ ചെറുതാണ്. ക‌ര്‍മ്മി പ‌റയുന്നതുപോലെ ചെയ്യുന്നു.

പിണ്ഡം പൊത്തി അവ‌ര്‍ കൈകൊട്ടിയപ്പോ‌ള്‍ ഇടം തിരിഞ്ഞ് അവരെ സൂക്ഷ്മം വീക്ഷിച്ച് ചന്ദ്രമുഖ‌ന്‍ ബലിച്ചോറിന്റെ അടുത്തേയ്ക്ക് സാവധാന‌ം ചാടിച്ചാടി ചെന്നു.

ഒന്നുകൂടി മകന്റെ മുഖത്തേയ്ക്കും കൈകളിലേയ്ക്കും നോക്കി. ഒന്നുമുണ്ടായിട്ടല്ല. കാക്കക‌‌ള്‍ക്ക് മനുഷ്യരിലുള്ള ആപത്ഭീതി ജന്മസ്സിദ്ധമാണ‌ല്ലോ.

ആ‌ര്‍ത്തിയോടെ സ്വന്തം വ‌യ‌റു നിറച്ച്, തൊണ്ടയും കൊക്കും നിറയെ കൊത്തിനിറച്ച ബലിച്ചോറുമായി പിന്നാക്കം പൊങ്ങിപ്പറന്നുയരുമ്പോ‌ള്‍ അയാ‌ള്‍, അച്ഛ‌ന്‍ ക‌രഞ്ഞു തുടങ്ങിയിരുന്നുവോ?

വന്നതിലുമെളുപ്പ‌ം മടങ്ങാമെന്നോ‌ര്‍ത്തു ചന്ദ്രമുഖ‌ന്‍. പ‌റന്ന് അമ്പലത്തിന്റെ ആ‌ല്‍ത്ത‌റയ്ക്ക് മേലെയെത്തിയപ്പോ‌ള്‍ താഴെ തന്റെ കൂട്ടരുടെ ഒരു കോലാഹ‌ലം കണ്ടു. അസ്സംഖ്യം കാക്കക‌ള്‍. വല്ലാതെ ഒച്ചപ്പാടാക്കുന്നു. രോദന‌ം മുന്നിട്ടുനില്‍ക്കുന്നുവല്ലോ. ചന്ദ്രമുഖന്‍ ശ്രദ്ധിച്ചു. പ‌റക്ക‌ല്‍ ഘനഗതിയിലാക്കി, കാറ്റില്‍പ്പിടിച്ച് ആലിന്റെ ഒരു കൊമ്പില്‍ച്ചെന്നിരുന്ന് ചന്ദ്രമുഖന്‍ നോക്കി. താഴെ ഒരു കാക്ക മരിച്ചുകിടക്കുക‌യാണ്. പതുക്കെ താഴെയ്ക്ക് പറന്ന് അടുത്തേയ്ക്കെത്താന്‍ ശ്രമിച്ചു. കോലാഹ‌ലം കൊണ്ട്
അടുത്തുകൂടാ. കഷ്ടപ്പെട്ട് ചാടി അടുത്ത് ചെന്നു നോക്കിയപ്പോ‌ള്‍ ഞെട്ടിപ്പോയി. അതു ഘനാധരനായിരുന്നു. താന‌റിയുന്നവന്‍. തന്നെപ്പോലെ നാലു പിഞ്ചുകുഞ്ഞുങ്ങ‌ളുള്ളവന്‍. കൊക്കും തൊണ്ടയും നിറഞ്ഞിരുന്നെങ്കിലും ത‌ള്ളിവന്ന കരച്ചില്‍ കൂട്ടരുടെ കോലാഹ‌ല‌ത്തില്‍ അമ‌ര്‍ന്നു.

കനം തൂങ്ങിയ നെഞ്ചോടെ ചന്ദ്രമുഖ‌ന്‍ പതുക്കെ പറന്നു പൊങ്ങി. പറന്നപ്പോ‌ള്‍ ഗതി മാറി ഘനാധരന്റെ കൂട്ടിലേയ്ക്കാക്കിയത് അവന്റെയുള്ളിലെ പിതൃത്വമായിരുന്നുവോ?

ഇലകൊഴിഞ്ഞുനില്‍ക്കുന്ന ഒരു മഞ്ചാടിമരത്തിലെ കൂട്ടിലേയ്ക്ക് ചെന്നിറങ്ങുമ്പോ‌ള്‍ വിശന്ന് കരഞ്ഞിരുന്ന ഘനാധരന്റെ കുഞ്ഞുങ്ങ‌ള്‍ കരച്ചില്‍ നി‌ര്‍ത്തിയത് അപരിചിതത്വം കൊണ്ടായിരുന്നു. നിറയുന്ന കണ്ണുക‌ളോടെ പിള‌ര്‍ന്ന പിഞ്ചു ചുണ്ടുക‌ളില്‍ തികട്ടിയ അന്നം തിരുകിനിറയ്ക്കുമ്പോ‌ള്‍ മുക‌ളിലെ തെളിഞ്ഞ ആകാശത്തിന് മങ്ങലേല്‍ക്കുന്നത് ചന്ദ്രമുഖ‌ന്‍ അറിഞ്ഞു. കൂട്ടത്തില്‍ അസ്സംഖ്യം ചിറകടിയൊച്ചക‌ളും.

ഇനിയൊരു വട്ടം കൂടി പോയി വന്നാലെ തന്റെ കുഞ്ഞുങ്ങ‌ള്‍ക്കുള്ളത് കൊടുക്കാന്‍ കഴിയൂ എന്ന
തിരിച്ചറിവില്‍ പതുക്കെ പൊങ്ങിപ്പറക്കാന്‍ തുടങ്ങിയ ചന്ദ്രമുഖ‌ന് തലയ്ക്കു പിറകില്‍ കിട്ടിയ ശക്തിയായ കൊത്തും “ചതിയന്‍” എന്ന വാക്കും നടുക്കമുണ്ടാക്കി.

വേദനയോടെ നിലത്തിറങ്ങി മുക‌ളിലേയ്ക്ക് നോക്കിയ ചന്ദ്രമുഖ‌ന്‍ കണ്ടത് കാ‌ര്‍മേഘങ്ങ‌ളുടെ ഇരുട്ടല്ലായിരുന്നു. തന്റെ കൂട്ടരുടെ ബാഹുല്യം കൊണ്ടുള്ള ഇരുട്ടായിരുന്നു.

“അവ‌ന്‍ പോയ പുറകെ കുഞ്ഞുങ്ങ‌ളെ കൊല്ലാന്‍ നോക്കുന്നോ” എന്നാരോ അട്ടഹസിയ്ക്കുന്നതും കാ കാരവത്തോടെ കൂട്ടം അതേറ്റു പിടിയ്ക്കുന്നതും കണ്ട് ചന്ദ്രമുഖ‌ന്‍ അമ്പരന്നു.

“ഞാന്‍ .. ഈ കുഞ്ഞുങ്ങ‌ളെ തീറ്റാന്‍..” അവ‌ന്‍ പ‌റയാന്‍ ശ്രമിച്ചു.

ആരവത്തിനിടയില്‍ അതു മുങ്ങിപ്പോയി. കാ‌ര്‍മേഘക്കൂട്ടത്തില്‍നിന്നും വന്ന ഒറ്റക്കൊത്ത് എണ്ണാമില്ലാത്തവണ്ണമുള്ള കൊത്തുക‌ളാവാന്‍ പിന്നെ താമസ്സമുണ്ടായില്ല. അവശനായ ചന്ദ്രമുഖ‌ന്റെ ദേഹത്ത് തുളഞ്ഞുകയ‌റിയ ചുണ്ടുകള്‍ തൂവ‌ല്‍ തെറിപ്പിച്ചിട്ട് പറന്നു പൊങ്ങി. അവ‌ര്‍ക്ക് ചന്ദ്രമുഖ‌ന്റെ ചോര വഞ്ചനയുടെ മണമുള്ളതായിരുന്നു.

മങ്ങുന്ന കാഴ്ചയിലും കൂട്ടരുടെ കാതടപ്പിയ്ക്കുന്ന കലമ്പലിലും ചന്ദ്രമുഖ‌ന്‍ കറുപ്പു മുറ്റാത്ത,ചുവന്നു വിട‌ര്‍ന്ന ഇ‌ളംചുണ്ടുക‌‌‌ള്‍ കണ്ടു. അവരുടെ വിശപ്പു കണ്ടു, കരച്ചില്‍ കേട്ടു

Thursday, November 1, 2007

യാത്രയ്ക്കിടയില്‍

മഴ പെയ്ത് വഴുക്കിക്കിടക്കുന്ന ചിറയില്‍കൂടി ധൃതിയില്‍ നടന്നു. ആറ‌രയ്ക്കൊരു ബോട്ടുണ്ട്. ഇപ്പോ‌ള്‍ത്തന്നെ ആറരയായിരിയ്ക്കുന്നു.വാട്ട‌ര്‍ ട്രാന്‍സ്പോ‌‌ര്‍ട്ടുകാരുടെ ബോട്ടിന് കൃത്യനിഷ്ടയൊന്നുമില്ലാത്തതിനാല്‍ കിട്ടിയേക്കാം.

അപ്പ‌ച്ചിയെ കാണാന്‍ വന്നതായിരുന്നു കണ്ടങ്കരിയില്‍. പതിനഞ്ചു കൊല്ലത്തിനു ശേഷമുള്ള കണ്ടുമുട്ട‌ല്‍. അപ്പച്ചിയ്ക്ക് തീരെ വയ്യാതായിരിയ്ക്കുന്നു. പണ്ട് ഇടയ്ക്കിടെ കൃഷിയ്ക്കും മറ്റും സ‌ഹായിയ്ക്കാനായി മാസങ്ങ‌ളോ‌ള‌ം ഇവിടെ വന്ന് നിന്നിരുന്നതാണ്. സ്വന്ത‌ം നാടു പോലെ തന്നെ പരിചയവുമായിരുന്നു ഇവിടെ. ഇപ്പോ‌ള്‍ പരിചയമുള്ള മുഖങ്ങ‌ളൊക്കെ ന‌ന്നേ കുറവ്.

കടവത്തെത്താറായി. ഇനി ചെറു തോട്ടില്‍ നിന്നും കടത്തു കടന്നു വേണ‌ം അക്കരെയുള്ള ജെട്ടിയില്‍ പോകാന്‍. പഞ്ചായത്തു കടത്തുള്ളതാണ്. സന്ധ്യയുടെ മങ്ങ‌ലില്‍ കണ്ടു. രഘു വ‌ള്ളവുമായി കിടപ്പുണ്ട് കടവത്ത്. അക്കരയ്ക്ക് പോകാനുള്ള പുറപ്പാടാണ്.

"രഘുവേ.. കൂയ്. പോകല്ലേ. ഞാനുമൊണ്ടക്കരയ്ക്ക്"

റക്കെ വിളിച്ചുപറഞ്ഞു.ഓടിച്ചെന്ന് പതുക്കെ വ‌ള്ളത്തില്‍ ക‌യ‌റി. ചെറിയ വ‌ള്ളമാണ്. ഒരാളു കൂടിയിരിപ്പുണ്ടായിരുന്നു വ‌ള്ളത്തില്‍. ബാല‌ന്‍സ്സില്ലാതെ വ‌ള്ളം മ‌റിച്ച ചരിത്രം ഓ‌ര്‍ത്തു.

"കയ്യേപ്പിടിച്ചോ" രഘു കൈ നീട്ടി. പിടിച്ചു കയറി, മുണ്ടു തെരുത്തു കയറ്റി രണ്ടരികിലും പിടിച്ച് വ‌ള്ളത്തില്‍ കുത്തിയിരുന്നു.

"ങാഹാ.. നീയാരുന്നോടാ ഉവ്വേ" ഇരുന്നുരുന്ന മറ്റേ ആ‌ള്‍ പ‌റയുന്നതു കേട്ടാണ് ഞാന്‍ മുഖത്തേയ്ക്ക് നോക്കിയത്.

ബാല‌ന്‍‍ കൊ‍ച്ചച്ഛ‌ന്‍!

അച്ഛ‌ന്റെ വകയിലുള്ള അപ്പച്ചിയുടെ മ‌കനാണ്. കണ്ടങ്ക‌രിയില്‍ വന്നു നിന്ന സമ‌യത്തൊക്കെ കൊച്ചച്ഛ‌ന്റെ വീട്ടിലെ നിത്യ സന്ദ‌ര്‍ശ്ശകനായിരുന്നു ഞാന്‍.

"ആ! കൊച്ചച്ഛനോ" ഞാന്‍ അത്ഭുതം കൂറി. തിരിച്ചറിയാത്ത വണ്ണ‌ം മാറിപ്പോയിരിയ്ക്കുന്നു കൊ‍ച്ചച്ഛ‌ന്‍.

"നീയെന്നു വന്നെടാ ഉവ്വേ" കൊ‍ച്ചച്ഛ‌ന്‍ ചോദിച്ചു.
"രണ്ടാഴ്ചയായി കൊച്ചച്ഛാ"
"എവടാ ഇപ്പ‌ം. സൗദീല‌ല്യോ?"
"അതെ. അടുത്താഴ്ച പോകും"വ‌ള്ളം കടവത്തടുത്തു.
കൊ‍ച്ചച്ഛ‌നുമൊത്ത് ബോട്ടുജെട്ടിയിലേയ്ക്ക് ന‌ടന്നു.
"സ‌രസമ്മയ്ക്ക് കൂടുതലാ ഇല്യോ"
"അതെ"
"നീ പിന്നെന്താ ഞങ്ങടങ്ങോട്ട് കേറാതെ പോയത്?"
"അതു പിന്നെ..."
"നീ കെഴക്കോട്ടാന്നോ?"
"അതെ. കൊച്ചച്ഛനോ
ഞാന്‍ ചമ്പക്കൊളത്തോട്ടാ. നെന്റെ ബോട്ട് വ‌രാറായല്ലോ"

കൊച്ചച്ഛ‌ന്‍ ഒരു ബീഡി കത്തിച്ചു. വലതു കൈപ്പട‌ം താഴേയ്ക്ക് കമഴ്ത്തി സമൃദ്ധ‌മായ കൊമ്പ‌ന്‍ മീശ ഇരുവശത്തേയ്ക്കും പൊക്കിയൊതുക്കി.

ഞാന്‍ ആ മുഖത്തേയ്ക്ക് ശരിയ്ക്കും നോക്കി. വാ‌ര്‍ദ്ധ‌ക്യം ശരിയ്ക്കും ബാധിച്ചിരിയ്ക്കുന്നു. ക‌വിളൊട്ടി, കണ്ണുക‌ള്‍ കുഴിയിലായിരിയ്ക്കുന്നു. ഏഴടിപ്പൊക്ക‌ം കൂനുകൊണ്ട് അ‌റിയാന്‍ തന്നെയില്ല. കൊമ്പ‌ന്‍ മീശ മാത്രം പഴ‌യ ബാല‌ന്‍‍ കൊ‍ച്ചച്ഛ‌നെ ഓ‌ര്‍മ്മിപ്പിയ്ക്കുന്നു. ഓ‌ര്‍മ്മകളിലേയ്ക്ക‌റിയാതെ താണുപോയി ഞാന്‍.

പാപ്പച്ചന്റെ റേഷന്‍‍ കടയില്‍ റേഷന്‍‍ വാങ്ങാന്‍ വിടും അപ്പച്ചി ചില‌പ്പോള്‍. അക്കാല‌ത്തെ ഒരു ചെറിയ സായാഹ്ന ചന്ത കൂടിയാണ് റേഷന്‍ കടയുടെ പരിസ‌ര‌ം. റേഷ‌ന്‍ കടയില്‍ ക്യൂ ഉണ്ടാവും മിക്കപ്പൊഴും. പാപ്പച്ച‌ന്‍ റേഷന്‍ കാ‌ര്‍ഡെടുത്ത് അടുക്കില്‍ കമഴ്ത്തി വെച്ചാല്‍ ക്യൂവിലായി. പിന്നെ പേരു വിളിയ്ക്കുമ്പോ‌ള്‍ ചെന്നാല്‍ മ‌തി. അപ്പോഴേയ്ക്കും റേഷ‌ന്‍ കടയുടെ സൈഡിലുള്ള ഒഴിഞ്ഞ മണ്ണെണ്ണ വീപ്പകളിന്മേല്‍ തിരക്കായിട്ടുണ്ടാവും. കൊച്ചച്ഛന്റെ കഥക‌ള്‍ കേ‌ള്‍ക്കാന്‍.

കൊച്ചച്ഛന്‍ പട്ടാളത്തിലായിരുന്നു. ഞാന്‍ കാണുമ്പോ‌ള്‍ മുത‌ല്‍ നാട്ടിലുണ്ട്. പട്ടാ‌ള‌ക്കഥക‌ള്‍ക്കുള്ള പ്രത്യേകത അതിലെ "കണ്ടങ്കരൈസേഷ‌ന്‍" ആണ്.അടിസ്ഥാന‌പരമായി കൃഷിക്കാര‌നായ കൊച്ചച്ഛ‌ന്‍ പട്ടാള‌ക്കഥക‌ളിലും കുട്ടനാടന്‍ ബിംബങ്ങ‌ള്‍ തിരുകും. കഥ പ‌റയുന്ന ആളും കേ‌ള്‍ക്കുന്നവ‌രും കൂടിയുള്ള ഒരൊത്തുക‌ളി.

"കൊച്ചാട്ടാ. ഒന്നു തൊടങ്ങിയ്ക്കേ" കോനാക്കലെ വിശ്വണ്ണായി കൈ കൂട്ടിത്തിരുമ്മി പറയും.

കൊച്ചച്ഛ‌ന്‍ വലതു കൈപ്പട‌ം താഴേയ്ക്ക് കമഴ്ത്തി കൊമ്പ‌ന്‍ മീശ തടവി.

ബീഡി കത്തിച്ചു ഒന്നു വലിച്ചിരുത്തി.

"ങ്ഹാ.." മുര‌ടന‌ക്കി. " ഞാന്‍ ജമ്മുത്താവി ബാരക്സിലായിരുന്ന കാല‌ം"

ചുറ്റുമുള്ള ജ‌ന‌ം ആകാംഷാഭരിതരായി.

"ഒരു ദിവസ‌ം വൈയിന്നേര‌ം മണിയേതാണ്ട് ആറാറരയായിക്കാണും.ഞാനന്നു ഡ്യൂട്ടിയിലാരുന്നു."ബീഡി ഒന്നുകൂടി വലിച്ചിരുത്തി പുകയൂതിപ്പ‌റപ്പിച്ചു. പുക മീശയില്‍ത്തങ്ങിനില്‍ക്കുന്നു.

"എന്നിട്ട്" അക്ഷ‌മനായ ഒരു പ്രേക്ഷ‌ക‌ന്‍

"ചന്ന‌ം പിന്ന‌ം പെയ്യുന്ന മഴ!"

"ഡാ അവ്വേ. ഒരു ലാറി ബോംബു വന്നു. ഞാന്‍ പേപ്പറൊക്കെ മേടിച്ചൊത്തുനോക്കി. എല്ലാം ഓക്കെ. പക്ഷേ ഒരു പ്രശന‌ം."

കൊച്ചച്ഛന്‍ ഒന്നുകൂടി ബീഡി വലിച്ചൂതുന്നു. പുകയിപ്പോ‌ള്‍ മൂക്കില്‍നിന്നും വായില്‍നിന്നും മാത്ര‌മ‌ല്ല ചെവിയില്‍നിന്നും വരുന്നുവോ എന്നും തോന്നും വിധ‌ം.

അക്ഷ‌മരായ ഓഡിയന്‍സ്സ് മുറുമുറുക്കുന്നു.

"ഹാ. ഒന്നു പറയെന്റെ കൊച്ചാട്ടാ. പിന്നെന്നെതാ?" വടക്കെച്ചെറേലെ പങ്ക‌ന്‍ ചേട്ട‌ന്‍

" ങ്ഹാ..ഡാ അവ്വേ. ബോംബെറെക്കെണ്ടേ. അണ്‍ലാഡ് ചെയ്യ‌ണ്ടേ? ഒരു മ‌നുഷേനുമില്ലവടെ അതൊന്നെ‌റക്കാന്‍. ഞാമ്പിന്നെ നോക്കിനിന്നില്ല."

"ഞാമ്മുണ്ടങ്ങോട്ട് മടക്കിക്കുത്തി, ലോറീലോട്ടങ്ങോട്ട് ചാടിക്കേറീയില്യോ. ഒരു 1ഒട്ടിത്തൂമ്പ എടുത്ത് ബോംബ് ക‌ംമ്പ്ലീറ്റ് വെട്ടിയിറക്കി, 2പടുതയിട്ടങ്ങ് മൂടി"

"ഹോ" ജന‌ം അത്ഭുത‌ം കൂറി.

"ദേ. നെന്റെ ബോട്ട് വരുന്നൊണ്ട്"
കൊച്ചച്ഛ‌ന്റെ ശബ്ദ‌ം കേട്ട് എന്റെ ചുണ്ടിലെ ചിരി മാഞ്ഞു. ചിന്തയും.

ആറിന്റെ പടിഞ്ഞാറേ മൂല‌യില്‍ ബോട്ടിന്റെ തുമ്പ് പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നു.

"എന്തൊക്കെയുണ്ട് കൊച്ചച്ഛാ വിശേഷങ്ങ‌ള്‍" ഞാന്‍ ചോദിച്ചു.

"ഓ. എന്നാ പ‌റയാനാടാ ഉവ്വേ. വല്യ കഷ്ടപ്പാടാ. എനിയ്ക്കാണേ‍ തീരെ മേലയിപ്പ‌ം. പെന്‍ഷനൊള്ളകൊണ്ട് തട്ടീമ്മുട്ടീമൊക്കെ അങ്ങു പോന്നു. ഇക്കാലത്തതൊക്കെ എന്നാത്തിനൊണ്ട്. കൃഷിയൊക്കെ നിര്‍ത്തി. എല്ലാം ന‌ഷ്ടമാണന്നേ. ദേ ഇപ്പ‌ം ഈ ക്വാട്ടാ കുപ്പി കൊണ്ട് ചമ്പക്കൊളത്തു കൊടുക്കാമ്പോകുവാ"

"കൊച്ചമ്മേം മഞ്ചുച്ചേചിയുമൊക്കെ എന്തു പ‌റയുന്നു?"

"അവക്കും തീരെ മേല. മഞ്ചൂന്റെ കല്യാണമൊക്കെക്കഴിഞ്ഞാരുന്നു. ഓ. അതൊന്നും കൊണ‌വായില്ലടാ ഉവ്വേ. അവ‌ളുമൊണ്ട് വീട്ടില്‍. ഒരു കൊച്ചുവായി"

ആ കണ്ണുക‌ളിലെ ദൈന്യം എനിയ്ക്ക് വായിച്ചെടുക്കാവുന്നതിലുമപ്പുറമായിരുന്നു. സന്ധ്യ രാത്രിയിലേയ്ക്ക് പക‌ര്‍ന്ന ചുവപ്പിന് ക‌റുത്തനിറമായിക്കഴിഞ്ഞിരുന്നു. എന്റെ മന‌സ്സിലും.

പോക്കറ്റില്‍ കൈയ്യിട്ടുകൊണ്ട് നെഞ്ചില്‍ നിന്നും വന്നത് പെട്ടെന്ന് പ‌റഞ്ഞു
"കൊച്ചച്ഛാ. കൊറച്ച് കാശ്ശു വല്ലതും?"

മ‌റുപടിയും പെട്ടെന്നായിരുന്നു

"ഒന്നും വേണ്ടെടാ ഉവ്വേ. എന്റേലൊണ്ട്. ഇനി നീ വരുമ്പ‌ം വീട്ടീക്കേറിയേച്ചേ പോകാവൊള്ളു കേട്ടോ."

കുഴിഞ്ഞ കണ്ണുകളിലെ തിള‌ക്ക‌ം ഇരുട്ടിന്റേയോ ന‌ന‌വിന്റേയോ?

ബോട്ടിന്റെ വ‌രവില്‍ നൊന്ത് പൂക്കൈതയാറ് ജെട്ടിയിലെ തെങ്ങിന്‍‌കുറ്റിക‌ളില്‍ തല‌തല്ലിക്ക‌രഞ്ഞു.

മെല്ലിച്ച കൈയ്യില്‍ പിടിച്ച് യാത്ര പ‌റഞ്ഞ് ബോട്ടില്‍ക്ക‌യ‌റുമ്പോ‌ള്‍ ഉള്ളിലെ വിങ്ങ‌ല്‍ ഉരുളായിപ്പൊട്ടാന്‍ തുടങ്ങിയിരുന്നു ക‌ണ്ണില്‍.

ക‌റുത്ത മാനത്തിന്റെ സങ്കട‌ം കണ്ട് മുഖ‌മിരുണ്ട ആറ്റിലൂടെ ബോട്ട് യാത്രയായി.
___________________________________________________
1. ഒട്ടിത്തൂമ്പ : കുട്ടനാട്ടില്‍ കണ്ടത്തില്‍ (വ‌യലില്‍) നിന്നും ചെളിയും മണ്ണും വെട്ടിക്കേറ്റാന്‍ ഉപയോഗിയ്ക്കുന്ന ഒരു തര‌ം തൂമ്പ (കൈക്കോട്ട്)
2. പടുത : നെല്ല് മഴ കൊള്ളാതെ മൂടിയിടാന്‍ പ്ലാസ്റ്റിക്ക് ചാക്കുക‌ളോ, ടാ‌ര്‍പ്പോളിനോ തുന്നിച്ചേ‌ര്‍ത്തുണ്ടാക്കിയ വലിയ ഷീറ്റ്.

Monday, October 22, 2007

സിംഗപ്പൂരിലെ വിശക്കുന്ന പ്രേതങ്ങ‌ളുടെ മാസ‌ം

ആഗസ്റ്റ് പകുതി കഴിഞ്ഞപ്പോ‌ള്‍ മുത‌ല്‍ ശ്രദ്ധിയ്ക്കുന്നതായിരുന്നു. സിംഗപ്പൂരില്‍ എങ്ങോട്ടു തിരിഞ്ഞാലും ആളുക‌ള്‍ കുത്തിപ്പിടിച്ചിരുന്നു പേപ്പ‌‌ര്‍ കത്തിയ്ക്കുന്നു. ഫ്ലാറ്റുക‌ളുടെ താഴെയും റോഡ് സൈഡിലും എല്ലായിടത്തും. ഫ്ലാറ്റുക‌ളുടെ താഴെയും വീടുക‌ളുടെ മുന്നിലും ആഹാര‌സാധന‌ങ്ങ‌ളുടെ പ്രളയം. മുസ്സ‌ംബി, ചോറ്,ചിക്ക‌ന്‍, കൊക്കക്കോ‌ള, മിന‌റ‌‌ല്‍ വാട്ട‌ര്‍ തുടങ്ങി കമ്പ്ലീറ്റ് ഐറ്റ‌ംസ്സും ഉണ്ട്. ഫ്ലാറ്റുക‌ളുടെ താഴെ തുറന്ന സ്ഥ‌ല‌ത്ത് ഇവനെയൊക്കെ അങ്ങു നിരത്തി വെച്ചിരിയ്ക്കുകയാണ്.


ശ്ശെടാ! ഇതൊന്ന‌റിയണമല്ലോ.


ഒരു ദിവ‌സ‌ം നൈറ്റ് ഡ്യൂട്ടിയ്ക്കു പോകുന്നവഴി സ‌ംശയനിവ‌ര്‍ത്തി വരുത്താമെന്ന് കരുതി. നോക്കുമ്പോ‌ള്‍ ഒരു ചൈനീസ് അമ്മൂമ്മ കാര്യമായിട്ട് കത്തിയ്ക്കുന്നു പേപ്പ‌‌ര്‍. കൂടാതെ മെഴുകുതിരിക‌ള്‍ നമ്മുടെ നാട്ടിലെ ആയില്യം പൂജയ്ക്ക് പ‌ന്തം കുത്തിനി‌ര്‍ത്തിയപോലെ കുത്തിനിര്‍ത്തിയിട്ടും ഉണ്ട്.


ഞാന്‍ അമ്മൂമ്മയോട്" ക്ഷമിയ്ക്കണ‌ം മാഡ‌ം.. അല്ല.. ഇതെന്താ ഈ പരുവാടി .. അല്ല ഈ പേപ്പ‌‌ര്‍ കത്തീരെ.."എന്ന് ആംഗലേയത്തില്‍ ചോദിച്ചു.


അമ്മൂമ്മ തിരിഞ്ഞ് നിന്ന് എന്നെയൊരു നോട്ട‌ം. പിന്നെ ഒരക്ഷ‌ര‌ം മിണ്ടാതെ തിരിഞ്ഞു നിന്നു .പിന്നേം കത്തിക്ക‌ല്‍.


"തീയും പുകയും കൊണ്ട് വെല്യമ്മ ഫ്യുസ്സായോ ഫഗവാനേ"എന്നു ചിന്തിച്ച് ഞാന്‍ ചുറ്റും നോക്കി.

എല്ലാടവും പുകയ്ക്കല്‍ തന്നെ. ആരും കണ്ടില്ല.


ഓഫീസ്സില്‍ വെച്ച് എന്നെക്കാളും സിംഗപ്പൂരിലെ‍ വസന്തം മൂന്നാലെണ്ണ‌‌ം കൂടുത‌ല്‍ കണ്ട മലയാളിയായ സെബിയോടു ചോദിച്ചു.


"സെബീ.. ഇതെന്തവാ ഇത്?" അമ്മൂമ്മയുടെ കാര്യവും പ‌റഞ്ഞു.


" ങാ ഹാ. അതറിയില്ലേ?" സെബി പ‌റഞ്ഞു. "ഇനി സെപ്റ്റംബ‌ര്‍ അവസാന‌ം വരെ പ്രേതമാസമാണ് സിംഗപ്പൂരും ഹോങ്കോങ്ങിലും തായ്വാനിലും മലേഷ്യയിലും എല്ലാം. ന‌രകത്തിന്റെ വാതില്‍ തുറന്ന് മരിച്ചു പോയവ‌ര്‍ .. പ്രേതങ്ങ‌‌ള്‍ ജീവിച്ചിരിയ്ക്കുന്നവരുടെ ഇടയിലേയ്ക്ക് വരുന്നു. ജീവിച്ചിരിയ്ക്കുന്നവരില്‍ ആവേശിയ്ക്കാനായി ജീവിച്ചിരിയ്ക്കുന്നവരായി പെരുമാറുന്നു എന്ന് വിശ്വാസ‌ം. കത്തിച്ചു ക‌ള‌യുന്നത് വെറും പേപ്പ‌റല്ല. പേപ്പ‌ര്‍ മണി. പേപ്പ‌‌ര്‍ കറന്‍സ്സി. മരിച്ചുപോയ‌വ‌ര്‍ക്ക് പൈസ്സ കത്തിച്ച് പൊകയാക്കി മേളിലേയ്ക്കെത്തിയ്ക്കുന്ന പരിപാടിയായിത്. എല്ലാ സൂപ്പ‌ര്‍മാ‌ര്‍ക്കറ്റിലും ഈ പേപ്പ‌ര്‍മണി വാങ്ങിയ്ക്കാന്‍ കിട്ടും. ഇതു മാത്രമല്ല. ഫുഡ്ഡും ഉണ്ട്. അതു പ്രേതങ്ങ‌ള്‍ക്ക് കഴിയ്ക്കാന്‍ വേണ്ടി വെച്ചിരിയ്ക്കുന്നു. എന്റെ അയലോക്കത്തുകാര്‍ ഒരു വലിയ അണ്ടാവു നിറയെ ചോറും രണ്ട് നിര്‍ത്തിപ്പൊരിച്ച താറാവിനേം പുറത്ത് മ‌രിച്ചുപോയ‌വ‌ര്‍ക്കായി വെച്ചിട്ടുണ്ടായിരുന്നു. അതു മാത്രമല്ല. സന്ധ്യ കഴിഞ്ഞാല്പ്പിന്നെ ഇവ‌ര്‍ പരിചയമില്ലാത്തവരോട് മിണ്ടുകില്ല. പ്രേതങ്ങ‌ള്‍ ആകാന്‍ ചാന്‍സ്സുള്ളതുകൊണ്ടാണ് മിണ്ടാത്തത്"


ഹെഡാ.. അങ്ങിനെ വ‌രട്ടെ. അതാണ് ലാ അമ്മൂമ്മ എന്നോട് മിണ്ടാഞ്ഞത്. അമ്മൂമ്മയുടെ റ്റാറ്റാ പ‌റഞ്ഞുപോയ വല്യപ്പനോ മറ്റോ ഇന്ത്യാക്കാരനായിട്ട് വന്ന് ന‌മ്പരിടുവാരിക്കും എന്ന് അമ്മൂമ്മ വിചാരിച്ചു കാണും. ശ്ശെടാ. തിന്നാനൊള്ളത് തരുന്നൊണ്ട്. കഴിയാനുള്ളത് കാശുകൊടുത്തു മേടിച്ച് പു‌ക‌ച്ച് മേളിലോട്ട് വിടുന്നുമുണ്ട്. പിന്നേം ഇതിയാനെന്തിനാ എന്നോട് മിണ്ടാന്‍ വരുന്നേ.. എന്നമ്മൂമ്മ വിചാരിച്ചാല്‍ തെറ്റ് പറയാമ്പറ്റുവോ. സ്നേഹമൊക്കെ സ്നേഹ‌ം.മരിച്ചു പോയവരെ ഫോട്ടോയിലല്ലാതെ നേരിട്ട് കാണുന്നതില്‍ ആ‌ര്‍ക്കാണ് താല്പ്പര്യം.


ഈ കാല‌യ‌ളവില്‍ ന‌ല്ല ഒരു കാര്യവും തുടങ്ങുകില്ല ഇവ‌‌ര്‍.പുതിയ ബിസ്സിനസ്സ്, കല്യാണ‌ം, വീട് വാങ്ങ‌ല്‍, കയറിത്താമ‌സ്സിക്ക‌ല്‍.. ഒന്നും. പിന്നെ ഈ സമയത്ത് ഇവ‌ര്‍ വെള്ളത്തില്‍ക്ക‌ളി, നീന്ത‌ല്‍ ഇതൊക്കെ ഒഴിവാക്കും. പ്രേതങ്ങ‌ളെപ്പേടിച്ചു തന്നെ. യഥാ‌‌‌ര്‍ത്ഥത്തില്‍ ചില ബിസ്സിന‌സ്സ് വിഭാഗങ്ങ‌‌ളെ ഇതു കാര്യമായിത്തന്നെ ബാധിയ്ക്കും.


"ഹോ ഈ ചൈനാക്കാര് ഭ‌യങ്ക‌ര അന്ധവിശ്വാസിക‌ളാ." ഞാന്‍ അടുത്തദിവ‌സ‌ം ഭാര്യയോട് പ‌റഞ്ഞു.


സെബി പറഞ്ഞ കാര്യങ്ങ‌ള്‍ പ‌റഞ്ഞു കൊടുത്തു."അതു ശരി. അപ്പോ‌ള്‍പ്പിന്നെ ന‌മ്മ‌ളോ? മല‌യാളിക‌‌ള്‍ ഇതിലെന്തിലെങ്കിലും മോശമാണോ" ഭാര്യ ചോദിച്ചു.


"എന്നാലും മല‌യാളിക‌‌ള്‍ ഇത്രയ്ക്കും വലിയ അന്ധവിശ്വാസിക‌ളൊന്നുമല്ല" ഞാന്‍


"ഹ. കൊള്ളാം.അന്ധവിശ്വാസ‌ം എന്നു പ‌റയേണ്ട. വിശ്വാസ‌ം എന്നു പറഞ്ഞാല്‍ മതി. ഇവര് പേപ്പ‌‌ര്‍ മേടിച്ച് കത്തിച്ച് ക‌ളയുന്നു. നമ്മ‌ള് തേങ്ങ, നെയ്യ് തുടങ്ങി നല്ല വെലയൊള്ള ഐറ്റംസ് ഹോമത്തിനും മ‌റ്റും എടുക്കാറില്ലേ. പിന്നെ ആഹാര‌ം. ന‌മ്മ‌ള്‍ മരിച്ചുപോയവ‌ര്‍ക്ക് തൈരുചേ‌‌ര്‍ത്തുരുട്ടിയ ചോറുകൊടുക്കുമ്പോ‌ള്‍, ഇവിടെ മരിച്ചുപോയ‌വ‌ര്‍ക്കെന്തൊക്കെ ഇഷ്ടമായിരുന്നുവോ അതെല്ലാം കൊടുക്കുന്നു. അത്രയേ ഉള്ളൂ"


ഭാര്യ പ‌റഞ്ഞു."ശ്ശെടാ. ശരിയാണല്ലോ. എടി നീ ഒരു ഭയങ്ക‌ര പുള്ളിപ്പുലിയാകുന്നു"" ഞാന്‍ പ‌റഞ്ഞു.


ശരിയാണ്. ഞാന്‍ ക‌ലണ്ടറില്‍ നോക്കിയപ്പോ‌ള്‍ ആഗസ്റ്റ് പന്ത്രണ്ട് ക‌ര്‍ക്കിടകവാവായിരുന്നു. ലക്ഷക്കണക്കിനാളുകളാണ് കേര‌ളമൊട്ടുക്കും പരേത‌ര്‍ക്ക് വേണ്ടി ബലിയിട്ടത്.എത്ര ദൂരെക്കിടക്കുന്ന രണ്ടു രാജ്യങ്ങ‌‌ള്‍. ഒരേ സമ‌യത്ത് സമാന‌മായ ആചാരങ്ങ‌‌ള്‍. ഓ‌ര്‍ത്താല്‍ വിസ്മ‌യ‌ം.


എന്റെ ഹിപ്പോക്രസ്സിയെ ഞാന്‍ പഴിച്ചു. എനിയ്ക്കെന്തും ചെയ്യാം വിശ്വസിയ്ക്കാം പക്ഷേ വേറൊരുത്ത‌ന്‍ ചെയ്യുന്ന ക‌ണ്ടാല്‍ ഞാന്‍ അന്ധവിശ്വാസം, കുന്ത‌ം, കൊടച്ചക്രം എന്നൊക്കെപ്പറഞ്ഞുക‌ളയും."ഇതു ശരിയല്ലെടേ. നേരെയാവാന്‍ നോക്ക്" ഞാന്‍ എന്നോടു തന്നെ പ‌റഞ്ഞു.


"പ്രിയഭാര്യേ. ന‌മസ്തുഭ്യം." അഭിമാന‌ത്തോടെ എന്റെ വണക്കം സ്വീകരിച്ചു പുള്ളിപ്പുലി പോയി.


അടുത്തദിവ‌സം ഡ്യൂട്ടിയ്ക്കു പോകാനായി ബസ്റ്റോപ്പിലേയ്ക്ക് ന‌ടക്കുമ്പോ‌ള്‍ ഞാന്‍ കേട്ടു


"എക്സ്ക്യൂസ്സ് മീ"


തിരിഞ്ഞു നോക്കി. ഒരു മല‌യ് (മലേഷ്യാക്കാരന്‍) ആണ്.


" ക്കു യു പ്ലീ ട്ടെ മ്മീ വ്വെ ഈ ബ്ലോ 203" ( Could you please tell me where is block 203?)


ഇതാണ് മ‌ക്ക‌ളേ സാക്ഷാല്‍ സിംഗ്ലീഷ് . സിംഗപ്പൂ‌ര്‍ ഇംഗ്ലീഷ്. ചൈനീസ് ചുവയുള്ള ഇംഗ്ലീഷ്.


ഞാനൊന്നു നോക്കി. സമ‌യ‌ം സന്ധ്യ കഴിഞ്ഞിരിയ്ക്കുന്നു.

ചിന്തിച്ചു.

"ദൈവമേ ഇത് മരിച്ചു പോയ എന്റെ വകേലൊള്ള ആരേലുമാണോ.. അതോ വല്ല ചൈനീസ്സ് "യുങ്ങ് യുങ്ങ്" വലിയമ്മാവനും മലയാക്കാരന്റെ വേഷത്തില്‍ എന്നെ ബാധിയ്ക്കാന്‍ .. ഛായ് ...അങ്ങനെയൊന്നുമാവില്ലെന്നേ"


പെട്ടെന്ന് ബ്ലോക്ക് 203 ലേയ്ക്കുള്ള വഴി പ‌റഞ്ഞുകൊടുത്തിട്ട് ഞാന്‍ നടന്നു....തിരിഞ്ഞു നോക്കാതെ.


എനിയ്ക്ക് പേടിയൊന്നുമില്ല.പിന്നെ.. ഒരു...പേടിയില്ലാത്തതിന്റെ കാര്യമായ കുറവ്. ങ്ങാ.. അത്രേ ഒള്ളൂ.


വാല്‍ക്കഷ‌ണ‌‌ം :
ഇതു വായിച്ചിട്ട്, പുള്ളിപ്പുലി പ്രാ‌ര്‍ത്ഥിയ്ക്കുന്നു
"യുങ്ങ് യുങ്ങ്" അമ്മാവന്മാരെ .. ഇങ്ങേ‌ര്‍ക്ക് കുഴപ്പമൊന്നും വരുത്തല്ലേ. നിങ്ങ‌ളേപ്പറ്റിയ‌റിയാത്തവ‌ര്‍ക്കു വേണ്ടി ബ്ലോഗ്ഗെഴുതിയതാണെ.

പിന്നേ...... അമ്മാവന് വേറെ ഒരു പണിയും ഇല്ലല്ലോ. എന്റെ ബ്ലോഗ്ഗ് വായിയ്ക്കാനേ..

പോസ്റ്റിട്ടത് നിഷ്ക്കളങ്കന്‍ at 3:10 AM
Labels: Nostalgia ,

9 അഭിപ്രായങ്ങള്‍:
നിഷ്ക്കളങ്കന്‍ said...
സിംഗപ്പൂരിലെ വിശക്കുന്ന പ്രേതങ്ങ‌ളുടെ മാസത്തെപ്പറ്റി ഒരു പോസ്റ്റ്..
October 21, 2007 9:35 AM

Balu said...
ഡിസംബറില്‍ ഒരു സിന്‍-കെ എല്‍ പരിപാടി പ്ലാന്‍ ചെയ്തതാണേ.പ്രേതങ്ങള്‍ പ്രശ്നമുണ്ടാക്കുമോ നിഷ്കളങ്കാ?നന്നായിട്ടുണ്ട്‌ കെട്ടോ.
October 21, 2007 9:53 AM

കൊച്ചുത്രേസ്യ said...
കൊള്ളലോ . പുതിയൊരറിവ്‌. പാവം പ്രേതങ്ങളെ പറ്റിക്കാനായിട്ട്‌ പേപര്‍ കറന്‍സി പോലെ ആ ഭക്ഷണവും ഡ്യൂപ്ലികേറ്റായിരിക്കുമോ?? അതറിഞ്ഞിട്ടു വേണം സിംഗപ്പൂര്‍ക്കുള്ള അടുത്ത ബസ്സു പിടിക്കാന്‍..
October 21, 2007 9:53 AM

മന്‍സുര്‍ said...
നിഷ്‌ങ്കളങ്കാ........നന്നായിരിക്കുന്നു ഈ അനുഭവകഥ.....അങ്ങിനെ മനസ്സില്‍ കത്തിച്ചിട്ട മറ്റു കഥകളും പോരട്ടെ...കാത്തിരിക്കുന്നു....നന്‍മകള്‍ നേരുന്നു
October 21, 2007 11:20 AM

വാല്‍മീകി said...
ഹഹഹ... അത് കലക്കി. ഇപ്പോഴും നോര്‍മല്‍ ആണല്ലോ അല്ലെ?
October 21, 2007 12:16 PM

സഹയാത്രികന്‍ said...
ഇത് പുതിയൊരറിവാ മാഷേ...നമുക്കും ഉണ്ടല്ലോ ഇതുപോലൊരു ദിവസം ‘ഇരുപത്തെട്ടുച്ചാല്‍‘ എന്നോ മറ്റോ പറയണ കേട്ടിരിക്കണൂ...
ഇത് തന്നെയാണോ താങ്കള്‍ പറഞ്ഞ ഈ ‘കര്‍ക്കിടകവാവ്‘ എന്നും സംശയമുണ്ട്...:)
October 21, 2007 1:36 PM

ശ്രീ said...
“പിന്നെ.. ഒരു...ങ്ങാ.. അത്രേ ഒള്ളൂ.”ഹിഹി:)
October 21, 2007 9:02 PM


പ്രയാസി said...
കൊള്ളാം നിഷ്കളങ്കാ ഇതൊരു പുതിയ അറിവാണല്ലൊ.!
അവിടുത്തെ ഭക്ഷണം നല്ല ടേസ്റ്റി ആണൊ..!?
കേട്ടിട്ടു കൊതി ആവണു..പ്രേതമാകണമെങ്കില്‍ സിംഗപ്പൂരിലെ പ്രേതമാകണം..
ഓ:ടോ:‌- ഇനി അതുങ്ങള്‍ക്കു ഒന്നും കിട്ടില്ല..!ഒരാള്‍ ബാന്‍ഗ്ലൂര്‍ ബസ്സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന കണ്ടു സിംഗപ്പൂരിലേക്കുള്ള ബസ്സും കാത്ത്..:)എസ്കേപ്പ്.
October 22, 2007 7:27 AM

കുതിരവട്ടന്‍ :: kuthiravattan said...
കൊള്ളാം.
October 22, 2007 1:44 PM

Thursday, October 18, 2007

നിഷ്ക‌ളങ്കന്റെ ചിത്രങ്ങ‌ള്‍

നിഷ്ക‌ളങ്കന്റെ ചിത്രങ്ങ‌ള്‍ - ഒരു ഫോട്ടോബ്ലോഗ് ഞാനും തുടങ്ങി.

ഓ‌ര്‍ക്കിഡ് പുഷ്പങ്ങ‌ളെന്നെനോക്കിച്ചിരിച്ചു
ഓ‌ര്‍ക്കുക ഞങ്ങ‌ളെയെന്നു നിശ്ശബ്ദമായോതി
കാറ്റില്‍ കൊഞ്ചുന്ന കഞ്ജ നികുഞ്ജങ്ങ‌ളെ
യഞ്ചാതെ ചിമ്മിച്ചടച്ചേന്‍ ചിത്രപേടകത്തില്‍
സ‌മ‌യമതനുവദിച്ചീടുകില്‍ തൊട്ടു വ‌ലുതാക്കി
ക്കാണാമീച്ചിത്രങ്ങ‌ള്‍;ക്ഷമിയ്ക്കുക കുറവുക‌ള്‍

ഈ ലിങ്കില്‍ ഞെക്കുക.

http://nishkkalankachithrangal.blogspot.com/2007/10/blog-post.html

Saturday, October 6, 2007

പ്രസവിയ്ക്കുന്നെങ്കില്‍...

അനുഭവ‌ംമെഡിക്ക‌ല്‍കോളേജില്‍ പേവാര്‍ഡു കിട്ടാന്‍ ബുദ്ധിമുട്ടായതുകൊണ്ട് ഡോക്ട‌ര്‍ പറഞ്ഞ പ്രസവത്തീയതിയ്ക്കും പന്ത്രണ്ടു ദിവ‌സം മുന്‍പെ പേവാ‌ര്‍ഡില്‍ പൊറുതിയായി. ഞാനും ഭ‌ര്‍ത്താവും എന്റെ അമ്മയും.

സൗദിയിലെ ഒന്നായലിഞ്ഞു ചേ‌‌ര്‍ന്നുള്ള ജീവിത‌ം.

'വിശേഷ‌ം ആയില്ലെ... അതെന്താ? വല്ല കുഴപ്പ‌വും?" എന്നീ തനി മലയാളി ചോദ്യങ്ങ‌ള്‍ ഒരു ചിരിയിലൊതുക്കി അവ‌ഗണിയ്ക്കാന്‍ ഭ‌ര്‍ത്താവു തന്ന ധൈര്യം തുണയായി. ഞങ്ങ‌ള്‍ ലോക‌ത്തേയ്ക്കും വെച്ചേറ്റവും സ‌ന്തുഷ്ടരായിരുന്നു. അങ്ങനെ ഞങ്ങളുടെ ജിവിതത്തിലേയ്ക്ക് ഒരു ദിനം ഒരു പുതിയ ആ‌ള്‍ കൂടി എത്തി.

കുറച്ച് പ്രശ്ന‌ങ്ങ‌‌ള്‍ ഉള്ളതുകൊണ്ട് ഡോക്ട‌ര്‍ പ‌റഞ്ഞ മുന്‍‌കരുതലുക‌ളൊക്കെ എടുത്തു. നാട്ടിലാണ് പ്രസവം ഏറ്റവും ഭദ്രമെന്നുള്ള അച്ഛന്റെ ഉപദേശപ്രകാരം നാലാം മാസം നാട്ടിലെത്തി.

പ്രസവത്തീയതിയ്ക് ഒന്നരയാഴ്ച മുന്‍പ് സൗദിയില്‍നിന്നും ഭ‌ര്‍ത്താവുമെത്തി. അടുത്ത ദിവസം തന്നെയാ‌ണ്, പേവാ‌ര്‍ഡില്‍ കേറിത്താ‌മസ്സിച്ചില്ലെങ്കില്‍, അതു മറ്റാ‌ര്‍ക്കെങ്കിലും പോകുമെന്ന അ‌റിയിപ്പുകിട്ടിയത്. അങ്ങിനെ ഇവിടെ.

ഭ‌ര്‍ത്താവു മുന്‍പ് പറയുമായിരുന്നു. "എടീ.. ആ മെഡിയ്ക്ക‌ല്‍ക്കോളേജിന്റെ പരിസരങ്ങ‌ളില്‍ ഒരു ഫ്ലാസ്ക്കും തൂക്കി നിന്റെ കാര്യങ്ങ‌ളും നോക്കി എനിയ്ക്ക് നടക്കണം" എന്ന്.

"സാറെ.. ഇപ്പം എങ്ങനൊണ്ട്? അല്ല! ഈ ജീവിതമേ" ഞാന്‍ ചോദിച്ചു.

"ഇതിന്റെ സുഖം ഒന്നു വേറെയാടീ" പുള്ളിക്കാരന്‍ മെഡിയ്ക്ക‌ല്‍ക്കോ‌ളേജിലെ ഒരു സീനിയ‌ര്‍മോസ്റ്റ് കൊതുകിനെ തല്ലിക്കൊന്നുകൊണ്ട് പ‌റഞ്ഞു.

ഭക്ഷണവും കൊണ്ടുള്ള ബന്ധുജനപ്രവാഹ‌‌ം ഒഴിവാക്കാന്‍ "ഞങ്ങ‌ള്‍ ഹോട്ടല്‍ ഭക്ഷണമേ കഴിയ്ക്കു" എന്ന് ഞങ്ങ‌ള്‍ രണ്ടുപേരും തീരുമാനിച്ചിരുന്നു.


ആലപ്പുഴയിലെ നല്ല ഹോട്ടലുക‌ളെല്ലാം മെഡിയ്ക്ക‌ല്‍ക്കോ‌ളേജില്‍നിന്നും ക‌യ്യെത്തും ദൂരത്ത്. പ്രസവത്തീയതി ആകാത്തകാര‌ണം ഞങ്ങ‌ള്‍ നാലുനേരം ഭക്ഷ‌ണം നന്നായി ആഘോഷിച്ചു. മസാലദോശ,നെയ്റോസ്റ്റ്, ഇന്‍ഡ്യങ്കോഫിഹൗസിലെ മട്ട‌ണോംലറ്റ്, പലവിധ ഊണുക‌ള്‍ എന്നിവ മൃഷ്ടാന്നം ഞാനും ഗ‌‌‌‌ര്‍ഭിണിയ്ക്കാണെന്ന കെയ്റോഫില്‍ എന്റെ ഭ‌‌ര്‍ത്താവും അടിച്ചു മിന്നിച്ചു.

എന്നാലും ആശുപത്രിയില്‍ സന്ദ‌ര്‍ശക‌ര്‍ ഒത്തിരി. ആലപ്പുഴ മെഡിക്ക‌ല്‍ക്കോ‌ളേജിലെ ഗ‌ര്‍ഭിണിക‌ളുടെ നയനമനോഹരമായ യൂണിഫോമില്‍, (വെള്ളമുണ്ടും വെള്ളഷ‌ര്‍ട്ടും) ഞാനെല്ലാവരൊടും ഇരുന്നും കിടന്നും നിന്നും ചിരിച്ചു.. സംസാരിച്ചു.

പ്രസവത്തീയതിയടുക്കും തോറും എന്റെ പേടി കൂടി വന്നു.

ഭ‌‌ര്‍‍ത്താവിനോടായി ഞാന്‍ പറഞ്ഞു " പ്രസവത്തില്‍ ഞാഞ്ചത്തുപോയാല്‍ കൊച്ചിനെ നോക്കിയ്ക്കോണെ"

"നീ ചാവത്തൊന്നുമില്ലെടീ. നീ പുഷ്പം പോലെ പ്രസവിയ്ക്കും" ഭ‌‌ര്‍‍ത്താവു പ‌റ‌യും.

"അല്ല.അങ്ങെനെങ്ങാനും പറ്റിപ്പോയാല്‍ സാറു വേറെ കല്യാണം കഴിച്ചോ. പക്ഷേ കുഞ്ഞിനെ എന്റെ അമ്മയുടെ കയ്യില്‍."

ഭ‌‌ര്‍‍ത്താവു മൗനം...

"പക്ഷേ പുതിയവ‌ളുമായിട്ടങ്ങനെ സുഖിയ്ക്കാമെന്നു വിചാരിയ്ക്കേണ്ട. കേട്ടോ. ഞാന്‍ പ്രേതമായിട്ടു വന്നു നിങ്ങ‌ളു കെടക്കുന്ന കട്ടിലു പിടിച്ചുകുലുക്കും. കുലുക്കി ത്തഴെയിടും രണ്ടിനേം. ഹാ!"

"ഹോ! പേടിപ്പിയ്ക്കാതെടീ. അതൊക്കെ ഒരുപാടു കഷ്ട്പ്പാടല്ലേ. ഒരു കാര്യം സിമ്പി‌ളായി ചെയ്യ്. നീ ചാകാതെ പ്ലിക്കെന്ന് പ്രസവിച്ചേച്ച് ഇങ്ങു പോരെ"

അങ്ങനെയുള്ള വഴക്കും തമാശയുമൊക്കെയായി ദിവസങ്ങ‌ള്‍ കടന്നുപോയി.

ഇടയ്ക്ക് ഡോ.ല‌ളിതാംബിക പരിശോധനയ്ക് എത്തി. അവ‌രെയാണ് ക‌ണ്‍സ‌ള്‍ട്ട് ചെയ്യുന്ന‌ത്. ഡോക്ട‌‌ര്‍ വ‌ന്നപ്പോള്‍ ഞാന്‍ പ‌റ‌ഞ്ഞു.

"ഡോക്ട‌റേ.. എനിയ്ക്ക് പേടിയാ പ്രസവിയ്കാന്‍. സിസ്സേറിയ‌ന്‍ ന‌ടത്താമോ"

"ആഹാ.. കൊള്ളാമല്ലോ താന്‍.. അതൊന്നും വേണ്ടിവരില്ല. സുഖമായിത്തന്നെ പ്രസവിയ്കാം." അവ‌ര്‍ പ‌റഞ്ഞു.

എന്റെ പേടി മാറിയില്ല.

ചില ദിവസങ്ങ‌ള്‍ പിന്നെയും..

ഒരു ദിവസ‌‌ം രാത്രി മസാലദോശയൊക്കെ ശാപ്പിട്ട് ഞാനും ഭ‌ര്‍ത്താവും എന്റെ അമ്മ‌യും ഒന്നും രണ്ടും പറഞ്ഞിരിയ്ക്കുമ്പോ‌ള്‍

"ഭിട്ട്" എന്നൊരു ശബ്ദം. എന്റെ അടിവയറ്റില്‍.

"അയ്യോ" ഞാന്‍ നില‌വിളിച്ചു.

"എന്താടീ.. എന്തോ പറ്റി?" ഭ‌ര്‍ത്താവിന്റെ ചോദ്യം.

"പൊട്ടി. ലിക്യൂഡ് പോകുവാ.... അയ്യോ... നേഴ്സിനെ വിളി"

ഭ‌ര്‍ത്താവോടി.
അമ്മ പ‌ഴന്തുണിക‌ളും മറ്റുമടങ്ങിയ പ്ലാസ്റ്റിക് ബാഗുമായി റെഡിയായി.

നേഴ്സിന്റെ കയ്യില്‍ നിന്നും എന്തൊക്കെയോ പേപ്പ‌‌ര്‍ വാങ്ങി ഒപ്പിട്ടുകൊടുത്തിട്ട് ഭ‌ര്‍ത്താവെത്തി. എന്നെ താങ്ങിപ്പിടിച്ച് കു:പ്രസിദ്ധിയാ‌ര്‍ജ്ജിച്ച പ്രസവവാ‌ര്‍ഡിലേയ്ക്ക് ന‌ടത്തി.

വ‌‌ള‌രെപ്പഴയ ഒരു തടികൊണ്ടുള്ള രണ്ടുനിലകെട്ടിടം. ഇരുപതോ‌ളമുള്ള തടികൊണ്ടുള്ള പടികയ‌റി വേണം പ്രസവിയ്ക്കാന്‍ പോകാന്‍. അങ്ങോട്ടേയ്ക്കുള്ള ഇടനാഴിയിലും പടിയിലുമായി അകത്തുള്ള ഗ‌ര്‍ഭിണിക‌ളുടെ ബന്ധുക്ക‌‌ള്‍ ഇരിയ്ക്കുന്നു. കിടക്കുന്നു. നില്‍ക്കുന്നു.

എന്റെ അടിവയറ്റില്‍നിന്നും ലിക്യഡ് പോകുന്നത് കൂടിയിരിക്കുന്നു.

"അയ്യൊ..ഇയ്യോ" എന്നൊക്കെപ്പ‌റയുന്ന എന്നെയും കൊണ്ട് ഭ‌‌ര്‍ത്താവ് വാ‌ര്‍ഡിനടുത്തെത്തി.

കൊമ്പ‌ന്മീശവെച്ച സെക്യൂരിറ്റിയോട് കാര്യം പ‌റഞ്ഞു.

"ഇതിനപ്രത്തേയ്ക്ക ആണുങ്ങക്ക് പോകാന്‍ പറ്റുകേല. പെണ്ണുങ്ങ‌ളാരുവില്ലേ?"

അത്ര സ്പീഡില്‍ ന‌ടക്കാന്‍ വയ്യാത്ത അമ്മ ന‌ടന്നു വരുന്നതേയുള്ളൂ.

"എന്റെ കൂടെപ്പോരെ. ഞാന്‍ കൊണ്ടാക്കാം" പ്രസ‌വവാ‌ര്‍ഡില്‍ അഡ്മിറ്റ് ചെയ്തിരിയ്ക്കുന്ന ഏതോ പെണ്‍കുട്ടിയുടെ അമ്മയായിരിയ്ക്ക‌ണം, അവിടെയിരിയ്ക്കുകയായിരുന്ന ഒരു സ്ത്രീ എനിയ്ക് സ‌ഹായത്തിനെത്തി.

"ഞാന്‍ നടന്നോ‌ളാം. അമ്മ പുറകെ വരാന്‍ പ‌റ" വിഷണ്ണനായി നില്‍ക്കുന്ന ഭ‌ര്‍ത്താവിനോട് പ‌റഞ്ഞിട്ട് ഞാന്‍ അവരോടൊപ്പ‌ം ന‌ടന്നു. പ്രസവമുറിയിലേയ്ക്ക്.

"വിഷമിയ്ക്കേണ്ടാ. കേട്ടോ. ഞാനിവിടുണ്ട്" പുറകില്‍ അദ്ദേഹത്തിന്റെ ശബ്ദം ഞാന്‍ കേട്ടു.

ഒരുപാടു പ‌റഞ്ഞുകേട്ടിട്ടുള്ള പ്രസവമുറിയിലേയ്ക്ക് ഞാന്‍ പ്രവേശിച്ചു.

വെള്ളച്ചായമ‌ടിച്ച തുരുമ്പ് തെളിഞ്ഞുകാണാവുന്ന ഇരുമ്പു കട്ടിലുക‌‌ള്‍ അതില്‍ നിരനിരയായി നാല്പതോ‌ള‌ം ഗ‌ര്‍ഭിണിക‌‌ള്‍! ചിലതില്‍ ര‌ണ്ടുപേ‌ര്‍ വീത‌‌ം. ഞരങ്ങിയും മൂ‌ളിയും നിലവി‌ളിച്ചും കൂക്കിയും ഒക്കെ.

എന്റെ "അയ്യൊ പൊത്തോ" ഒക്കെയവിടെയപ്പോ‌ള്‍ തായമ്പകയ്ക്കിടെ മൂളിപ്പാട്ടു പോലെ "ഭ!"

"പെയിനായോ?" വെള്ളസാരിയുടുത്ത ഒരു നേഴ്സ് ചോദിച്ചു.

"ഇല്ല സിസ്റ്റ്റെ......ലിക്യുഡ് പോകുന്നുണ്ട്"

"ങാ. ദെ അങ്ങോട്ടു പൊക്കോ"

"ദേ... ഇങ്ങോട്ടു കേറിക്കെടന്നോ?" മറ്റൊരു നേഴ്സ്.

ഞാന്‍ നോക്കി.

തൊട്ടു മുമ്പാരോ പ്രസവിച്ചിട്ട് പോയിരിയ്ക്കുന്ന ഒരു ക‌ട്ടില്‍. അതില്‍ മ‌റൂള‌യുടെ ശേഷിപ്പുക‌‌ള്‍ ത‌ള‌ം കെട്ടിക്കിട‌ക്കുന്നു. ഇതില്‍ കിട‌ക്കാനോ?...

ഒരറ്റന്‍‌ഡ‌ര്‍ നില്പ്പുണ്ടായിരുന്നു അവിടെ

"ചേച്ചി... ഇതിലെങ്ങ‌നെ കെടക്കും?" ഞാന്‍ ചോദിച്ചു.

"ഓ.. അതോ.." അവ‌ര്‍ ഒരു പഴ‌ന്തുണി കൊണ്ടുവ‌ന്ന് ക‌ട്ടിലില്‍ അതുകൊണ്ട് തൂത്ത് അഴുക്കൊക്കെ താഴേക്കിട്ടു. " ങാ.. കെട‌ന്നോ"

ന‌നഞ്ഞ് തെന്നുന്ന ക‌ട്ടിലിന്റെ പ്രത‌ലത്തിലേയ്ക്ക് അ‌റപ്പോടെ ഞാന്‍ കിട‌ന്നു.

അ‌ടിവ‌യ‌റ്റില്‍ വേദ‌ന‌യുടെ തിര‌യി‌ളക്കം. ക‌ര‌യാതിരിയ്ക്കാന്‍ ശ്രമിച്ചു. സാധിയ്ക്കുന്നില്ല. ത‌ല ചെരിച്ചു നോക്കി. കുറെയ‌ധിക‌ം ഹൗസ്‌സ‌ര്‍ജന്‍സ് ഉണ്ട‌വിടെ. ചില‌ര്‍ കൂ‌ടിനിന്ന് സ‌‌ംസാരിയ്ക്കുന്നു. ഒരു പെ‌ണ്‍കുട്ടി കു‌‌റെയ‌ധികസ‌മ‌യമായി ഫോണിലാ‌ണ്.

"അയ്യൊ.. എന്റ‌മ്മേ.. ഞാനിപ്പച്ചാകുവേ.." എന്റെ തൊട്ട‌പ്പുറ‌ത്തെ ക‌ട്ടിലില്‍ കിടക്കുന്ന പെണ്‍കുട്ടി അല‌റിക്ക‌രയുക‌യാ‌ണ്.

അസ‌ഹ്യമായ ത‌ലവേദന. എനിയ്ക്ക് ഛ‌ര്‍ദ്ദിയ്ക്ക‌ണമെന്നു തോന്നി. "എനിയ്ക്ക് ഛ‌ര്‍ദ്ദിയ്ക്ക‌ണേ" ഞാന്‍ ക‌രയുന്ന‌തുപോലെ പ‌റ‌ഞ്ഞു. ആ ബ‌ഹ‌‌ളത്തിനിടയില്‍ അങ്ങിനെ പ‌റഞ്ഞാലേ പ‌റ്റൂ.

അവ‌ജ്ഞയോടെ എന്നെ നോക്കി ഡ്യൂട്ടിഡോക്ട‌‌ര്‍ അറ്റന്‍‌ഡ‌റോട് പ‌റഞ്ഞു. "ആ ബക്കറ്റെടുത്തു വെച്ചുകൊട്"

ക‌ണ്ടാല്‍ കഴുകിയിട്ട് വ‌ര്‍ഷ‌ങ്ങ‌ളായെന്നു തോന്നിപ്പിയ്ക്കുന്ന ഒരു ബക്കറ്റ്. അവിടെ ക‌യ‌റിയിറങ്ങിപ്പോകുന്ന സ‌കല‌ ഗ‌ര്‍ഭിണിക‌ളും ഛ‌ര്‍ദ്ദിച്ചുവെച്ചിരിയ്ക്കുന്ന അതു ക‌ണ്ടാല്‍ ചുമ്മാതെ കിടക്കുന്ന‌വ‌ര്‍ക്കും ഒന്നു ഛ‌ര്‍ദ്ദിയ്ക്കാന്‍ തോന്നും.

വയ്യാ. ഞാന്‍ വലതുവ‌ശത്തേയ്ക്ക് തിരിഞ്ഞു കിട‌ന്നു. എന്നെ അഭിമുഖമായിക്കിട‌ന്ന സ്ത്രീ എന്നെ നോക്കി. അവ‌ര്‍ ഞ‌ര‌ങ്ങുന്നുണ്ട്. ന‌ല്ല വേദ‌ന‌യുണ്ടെന്നു തോന്നുന്നു.

"ആദ്യത്തെയാ അല്ലെ?" അ‌വ‌ര്‍ ചോദിച്ചു.

"അതെ" ഞാന്‍ പ‌റ‌ഞ്ഞു.


ഹൗസ്സ് സ‌ര്‍ജ‌ന്മാരില്‍ ഭൂരിഭാഗവും സ‌ംസാര‌ം തന്നെ. അ‌വ‌ര്‍ക്ക് ആരെയും ശ്രദ്ധിയ്ക്കാന്‍ സ‌മ‌യമില്ല.

എന്റെ കാല്‍ കോച്ചിവ‌ലിയ്ക്കാന്‍ തുട‌ങ്ങി. ക‌ണങ്കാലിലെ മസില്‍ കേറുന്ന‌താണ്. അസ‌ഹ്യമായ വേദ‌ന. ഞാന്‍ ക‌രഞ്ഞു.

എന്റെ ക‌രച്ചില്‍ ക‌ണ്ട് എന്റെ വ‌ലതുവ‌ശത്ത് പ്രസ‌വവേദ‌യോടെ കിടന്ന സ്ത്രീ എഴുന്നേറ്റ് വ‌ന്ന് എന്റെ കാല്‍ ത‌ടവാന്‍ തുട‌ങ്ങി. അവരപ്പോഴും ഞ‌രങ്ങുന്നുണ്ട്.

എന്റെ കാലിലെ വേദന മാറിയപ്പോ‌ള്‍ അവ‌ര്‍ പ‌റഞ്ഞു. "പേടിയ്ക്കണ്ട .. കേട്ടോ"

ആ വേദ‌നയിലും എന്നെ സ‌ഹായിച്ച അവരുടെ മുഖത്തേയ്ക്ക് ഞാന്‍ നോക്കി. ആ ക‌ണ്ണുക‌ളില്‍ മ‌നുഷ്യത്വവും സ‌ഹജീവിയോടുള്ള സ്നേഹ‌വും.

അടിവ‌യറ്റില്‍ വേദന തിര‌യടിച്ചുയരുന്നതുപോലെ.

ആ ഹാളില്‍ എവിടെയെക്കൊയോ കുഞ്ഞുങ്ങ‌ളുടെ ക‌ര‌ച്ചില്‍ കേ‌‌ള്‍‍ക്കുന്നു. അമ്മ‌യുടെ വ‌യറ്റിലെ സുഖ‌വാസത്തില്‍ നിന്നും ഭൂമിലേയ്ക്കുള്ള മാറ്റ‌ത്തില്‍ ഈ‌ര്‍ഷ്യയോടെയുള്ള ക‌രച്ചില്‍.

"ചേച്ചീ ഫുള്ളാ"

ഫോണിലായിരുന്ന ഹൗസ്സ് സ‌ര്‍ജ‌‌ന്‍ പെണ്‍കുട്ടി കൈചൂണ്ടിക്കൊണ്ട് വിളിച്ചുപ‌റ‌യുന്നു. അവ‌ള്‍ കൈചൂണ്ടിയ ഭാഗത്തേയ്ക്ക് ഞാന്‍ നോക്കി. ഒരു സ്ത്രീ ര‌ണ്ടു കയ്യും കൊണ്ട് അടിവ‌യ‌റിനു താഴെ പൊത്തിപ്പിടിച്ചു ക‌രഞ്ഞുകൊണ്ട് നില്‍ക്കുകയാണ്. അവ‌രുടെ മുണ്ടഴിഞ്ഞുപോയിരിയ്ക്കുന്നു. ഞാന്‍ ന‌ടുങ്ങിപ്പോയി. അവ‌ര്‍ താങ്ങിപ്പിടിച്ചിരിയ്ക്കുന്നത് കുഞ്ഞിന്റെ ത‌ലയാണ്. അവ‌ര്‍ പ്രസവിയ്കാന്‍ പോകുന്നു എന്നു വിളിച്ചു പ‌റഞ്ഞതാണ് ഹൗസ്സ് സ‌ര്‍ജ‌‌ന്‍ പെണ്‍കുട്ടി .വിളിച്ചു പ‌റഞ്ഞിട്ട് അ‌വ‌‌ള്‍ വീണ്ടും ഫോണില്‍ത്തന്നെ. കണ്ണിലും ചുണ്ടിലും പ്രേമം തത്തിക്ക‌ളിയ്ക്കുന്നുവോ? ചെയ്യുന്ന ജോലിയോടുള്ള ആത്മാ‌‌ര്‍ത്ഥതയും അടിസ്ഥാന‌പ‌ര‌മായ മ‌നുഷ്യത്വവും ഇല്ലാതെ അ‌വ‌ളും ഒരു ഡോക്ട‌റാവും. ഞാന്‍ ചിന്തിച്ചു.

....
ഹമ്മേ.. വേദ‌ന സ‌ഹിയ്ക്കുന്നില്ല.

ഞാനുടുത്തിരിയ്ക്കുന്ന മുണ്ടു മുഴുവ‌ന്‍ ന‌നഞ്ഞിരിയ്ക്കുന്നു. പതുക്കെ എഴുന്നേറ്റപ്പോ‌ള്‍, ഉടുത്തിരുന്ന മുണ്ടുരിഞ്ഞുപൊയി. ഹൗസ്സ് സ‌ര്‍ജ‌ന്‍മാരുടെ ശ്രദ്ധ എന്നിലേയ്ക്. വേദ‌നയുടെ അവ്യക്തതയില്‍ അവ‌രില്‍ പ‌ല‌രുടേയും മുഖത്ത് ഊറിനിന്ന പരിഹാസച്ചിരി ഞാന്‍ ക‌ണ്ടു.. വ‌ല്ലാതെ മുറിപ്പെടുത്തി. ഉന്തിയ വ‌യ‌റും മണിക്കൂറുക‌ളുടെ വേദനയുമായി ന‌ഗ്നയായി നില്‍ക്കുന്നവളെ നോക്കി ചിരിയ്ക്കുകയല്ലാതെ പിന്നെ... മെഡിക്ക‌ല്‍ എത്തിക്സിനെപ്പറ്റി ഓ‌ര്‍ത്തുപോയി ഞാന്‍..


കൂടെക്കൊണ്ടുവ‌ന്നിരുന്ന പ്ലാസ്റ്റിക് ബാഗില്‍ നിന്നും മുണ്ടെടുത്ത് ഉടുത്തു.
പ്ലാസ്റ്റിക് ബാഗിന്റെ മ‌റവില്‍നിന്നും രണ്ടു ചുവ‌ന്ന ക‌ണ്ണുക‌ള്‍ ! ഞെട്ടിപ്പോയി.
ഒരു പൂച്ചയുടെ വ‌ലിപ്പ‌മുള്ള പെരുച്ചാഴി. മീശ വിറപ്പിച്ചു നില്പ്പാണ്.
പേടിച്ച് പെട്ടന്നു കട്ടിലില്‍ ക‌യ‌റിക്കിടന്നു.

വയ്യാ... കര‌ഞ്ഞു... സാമാന്യം ഉറക്കെത്തന്നെ.

"പൊന്നുമോളെ... അമ്മയെ നോവിയ്ക്കാതെ ഇങ്ങു വാ" അവ‌‌ളോടായിപ്പ‌റഞ്ഞു. അതു കേട്ടിട്ടാവുമോ.. കുസൃതി വ‌യറ്റില്‍ കുത്തിമ‌റിഞ്ഞതായിത്തോന്നി.

വേദ‌ന കൂടുകയാണ്.

ഡോ.ല‌ളിതാംബിക എത്തി.

"ആയി വ‌രുന്ന‌തേ ഉള്ളൂ" ഡോക്ട‌‌ര്‍ പ‌റഞ്ഞു.

"ഡോക്ട‌ര്‍.. സിസ്സേറിയ‌ന്‍ ന‌ടത്തിക്കൂടേ"

"നോക്കെട്ട‌ടോ..." പ‌റഞ്ഞ് അ‌വ‌ര്‍ പോയി.

വേദ‌നയുടെ മ‌ണിക്കൂറുക‌ള്‍ പിന്നിട്ടു. നേര‌ം വെലുത്തിരിയ്ക്കുന്നു. ഹൗസ്സ് സ‌ര്‍ജ‌ന്‍സ്സ് ഡ്യൂട്ടി മാറിയിരിയ്ക്കുന്നു. പ്രവൃത്തിയില്‍ ഒരു വ്യത്യാസവും ഇല്ല.
ഇപ്പോ‌ള്‍ ഉടുത്തിരിയ്ക്കുന്ന മുണ്ട് ന‌നയുന്നില്ല. വേദ‌ന ത‌ള്ളി വരുന്നു.
ശ്വാ‌സ‌ം മുട്ടുന്നു. "നാരായ‌ണാ" നെഞ്ചത്ത് കൈ വെച്ച് ഭ‌ഗവാനെ വിളിച്ചു പോയി.
"എന്താടോ തനിയ്ക്ക് ഹാ‌ര്‍ട്ടിന് വ‌ല്ല കുഴപ്പോം ഉണ്ടോ? ചുമ്മാ കിട‌ന്ന് ക‌രയുന്നു.. ഹും" ഒരു ഡ്യൂട്ടി ഡോക്ട‌ര്‍ പ‌രുഷമായി ചോദിച്ചു. പുള്ളിക്കാരിയ്ക്ക‌ത് തീരെ പിടിച്ചിട്ടില്ല. ഉള്ള വിഷമ‌ം കൂട്ടാനായി ഇങ്ങനേയും ചില‌ര്‍.

വീണ്ടും ചില മ‌ണിക്കൂറുക‌ള്‍. വേദ‌ന അതിന്റെ പാര‌മ്യത്തില്‍.
ഏതോ ഡോക്ട‌‌ര്‍ വ‌ന്ന് പരിശോധിച്ചു. അവരുടെ മുഖത്ത് പരിഭ്രമ‌ം. അവ‌ര്‍ സീനിയ‌ര്‍ ഡോക്ട‌ര്‍മാരെ വിളിച്ചു വ‌രുത്തി.
ഓപ്പറേഷ‌ന്‍ തീയേറ്റ‌റിലേയ്ക്. ശരീരത്തിലെ ഓരോ ഇഞ്ചും വേദ‌ന കൊണ്ട് നുറുങ്ങുക‌യാണ്.
എന്റെ ചുറ്റിനും സീനിയ‌‌ര്‍ ഡോക്ട‌ര്‍മാരും ജൂനിയ‌‌ര്‍ ഡോക്ട‌ര്‍മാരും ഹൗസ്സ് സ‌ര്‍ജ‌ന്‍മാരും കൂടിനിന്ന് ച‌ര്‍ച്ച ചെയ്തു.

സങ്കീ‌‌ര്‍ണ്ണമാണ് തന്റെ അവ‌സ്ഥയെന്ന് അവ‌രുടെ സ‌ംസാരത്തില്‍നിന്നും മ‌നസ്സിലായി. മ‌നസ്സിലാകാത്ത മെഡിക്ക‌ല്‍ പ‌ദങ്ങ‌ള്‍ ഏറെയും.

വില്ലുപോലെ കുനിച്ചു നി‌ര്‍ത്തി ന‌ടുവിന് ലോക്ക‌ല്‍ അനസ്തേഷ്യയുടെ ഇഞ്ചക്ഷ‌ന്‍ തന്ന് എന്നെ വീണ്ടും കിടത്തി.

വേദ‌ന കുറഞ്ഞിരിയ്ക്കുന്നു.

കത്രികയുടേയും കത്തിയുടേയും വെട്ടിത്തിള‌ക്കം. എന്റെ ക‌ണ്ണ് തുണികൊണ്ട് മൂടിക്കെട്ടി.

എന്റെ വ‌യ‌റില്‍ കീറിമുറിയ്ക്ക‌ല്‍ ന‌ടക്കുന്നു.

ഞാന്‍ മ‌രിയ്ക്കാന്‍ പോവുക‌യാണോ ഈശ്വരാ.. എന്റെ കുഞ്ഞ്.. എന്റെ ഭ‌ര്‍ത്താവ്...

എന്റെ വ‌യറില്‍ നിന്നും കഴിഞ്ഞ ഒമ്പതു മാസ്സമായുണ്ടായിരുന്ന ആ നി‌റവൊഴിയുന്നത് ഞാന‌റിഞ്ഞു.

"ദേ ഒന്നു ക‌ണ്ടോ‌ളൂ" എന്റെ കണ്ണിലെ തുണി ഒരു നിമിഷത്തേയ്ക്കഴിച്ചു. ഡോ.ല‌ളിതാംബികയുടെ കയ്യില്‍ അവ‌ള്‍..... എന്റെ മ‌ക‌ള്‍.

ഞാന്‍ ഒന്നു കണ്ടു.

അവ‌ര്‍ കുഞ്ഞിനെ മ‌റ്റാ‌‌ര്‍ക്കോ കൈമാറി. പിന്നെയും സ്റ്റിച്ചിടാനായി ക‌ണ്ണ് തുണികൊണ്ട് മൂടിക്കെട്ടി.

എല്ലാം പെട്ടെന്നു കഴിഞ്ഞു. എന്റെ മോ‌ള്‍.. അവ‌ള്‍ക്കെങ്ങിനെയുണ്ട്?... എനിയ്ക‌വ‌ളെ ഒന്ന് ശരിയ്ക്ക് കാണാന്‍ പറ്റിയില്ല. ഞാന്‍ ചുറ്റിലും നോക്കി.

ക്ലോക്കില്‍ സമ‌യം പ‌തിനൊന്ന‌ര‍മ‌ണി കാണിയ്ക്കുന്നു. നേര‌ം ഉച്ചയായിരിയ്ക്കുന്നു.

"താന്‍ വിചാരിച്ച പോലെ സിസ്സേറി‌ന്‍ തന്നെയായല്ലോ. ഇല്ലേടോ?" ഡോക്ട‌‌‌ര്‍ ചോദിച്ചു.

ഉള്ളില്‍ ഇരമ്പിവ‌ന്ന രോഷ‌ം കടിച്ച‌മ‌ര്‍ത്തിയിട്ടും പ‌റ‌യാതിരിയ്ക്കാനായില്ല.

"മ‌ണിയ്ക്കൂറുക‌ളോ‌ള‌ം അനുഭവിയ്കാനുള്ളതെല്ലാം അനുഭവിച്ചില്ലേ ഡോക്ടറേ ഞാന്‍?"

അവ‌ര്‍ മ‌റുപ‌ടി പ‌റഞ്ഞില്ല.

സ്റ്റ്റെച്ച‌റില്‍ പുറത്തേയ്ക്ക് കൊണ്ടു വ‌രുമ്പോ‌ള്‍ ഞാനുറക്കെ ചോദിച്ചു.

അതാ അവ‌ള്‍... ഭ‌ര്‍ത്താവിന്റെ അമ്മയുടെ ക‌യ്യില്‍.

നി‌റയെ മുടിയും ഇ‌റുക്കിയ‌ടച്ച ക‌ണ്ണുക‌ളുമായി അവ‌ള്‍... എന്റെ മ‌ക‌ള്‍..

"അച്ഛന്റെ നാ‌ളു തന്നാ.. പുണ‌ര്‍ത‌ം"

അമ്മ അവ‌ളെ എന്റെയ‌രുകില്‍ വ‌ലതുഭാഗത്തായിക്കിടത്തി. എന്റെ ഉടുപ്പുമാറ്റി അവ‌ളുടെ ത‌ല പതിയെ പൊക്കി എന്റെ മുല‌ക്കണ്ണിലേയ്ക്കടുപ്പിച്ചു.

ഒരുപാടുകാല‌മായി ചെയ്യുന്ന ഏതോ പ്രവൃത്തി പോലെ.... അവ‌ള്‍ മുല‌ക്കണ്ണില്‍ കുഞ്ഞിച്ചുണ്ടുക‌ള്‍ അമ‌ര്‍ത്തി അമ്മിഞ്ഞ നുണ‌യാന്‍ തുടങ്ങിയപ്പോ‌ള്‍‍ ശരീര‌മാകെ പൊട്ടിത്ത‌രിച്ചു.

എനിയ്ക്കപ്പോ‌ള്‍ ശരീരസന്ധിക‌ളിലെയും അടിവ‌യറിലെ തുന്ന‌ലിന്റേയും വിങ്ങ‌ല്‍ തോന്നിയതേയില്ല.

വ‌യ‌ര്‍ നിറ‌ഞ്ഞു കിടന്ന അവ‌ള്‍ ഇതാ, എന്റെ വ‌യറൊഴിച്ച് ... മ‌നസ്സു നി‌റച്ച് കിടക്കുന്നു.

Thursday, October 4, 2007

ഹോ‌ര്‍ലിക്സുപ്പുമാവ്

രാവിലെ ഓഫീസ്സിലേയ്ക്കി‌റ്ങ്ങുമ്പോ‌ള്‍ മോളുടെ ചോദ്യം.

"അച്ചാ... അച്ച ഓപ്പിച്ചിപ്പോവ്വാണോ?"

"അതെ. ഓഫീസ്സിപ്പോകുവാ"

"എനിയ്ക്ക് ഹൊല്ലിച്ചു മേടിച്ചൊണ്ടു വ‌രുവോ"

ഞാന്‍ അപ്പോഴോ‌ര്‍ത്തു. ഇന്ന‌ലെ ഭാര്യ ‌പ‌റഞ്ഞിരുന്നു, മോ‌ള്‍ക്ക് ഹോ‌ര്‍ലിക്സ് മേടിയ്ക്ക‌ണം എന്ന്.

"കൊതിച്ചിപ്പാറൂ... മേടിച്ചോണ്ടു വരാം കേട്ടോ" അവ‌ളുടെ കവി‌ള‌ത്ത് ചെറുതായി നുള്ളിക്കൊണ്ട് പ‌റഞ്ഞ് ഞാനി‌റങ്ങി.

വൈകുന്നേ‌ര‌ം സൂപ്പ‌ര്‍മാ‌ര്‍ക്കറ്റില്‍ നിന്നും ഹോ‌ര്‍ലിക്സ് എടുത്ത് പൈസ കൊടുക്കാനായി കാഷ്യര്‍ കൗണ്ടറിലേയ്ക്ക് ന‌ടക്കുമ്പോ‌ള്‍ ഇരുപ‌ത്ത‌ഞ്ചുകൊല്ലം മുമ്പു‌ള്ള ഒരു പതിനൊന്നുവ‌യസ്സുകാരന്റെ .. എന്റെ.. ഹോ‌ര്‍ലിക്സ് പ്രേമം എന്റെ മ‌ന‌സ്സിലേയ്ക്കോടി വ‌‌ന്നു.
. . . . . . . . . . . . . . . . . . . . .

എന്നും രാവിലെ കട്ട‌ങ്കാപ്പിയ്ക്കാത്തും പിന്നെ പാലിലും ഹോ‌ര്‍ലിക്സിട്ടു തരും അമ്മ.

അടുക്ക‌ളേടെ ക‌രിപിടിച്ച വടക്കേ ഷെല്‍ഫിന്റെ ഏറ്റോം മേളിലൊള്ള തട്ടേലാ ഹോ‌ര്‍ലിക്സു കുപ്പി. അമ്മ കാപ്പീലോ പാലിലോ ഇട്ട് ത‌രാന്‍ നേര‌ത്ത് ചെന്നു ചോദിയ്ക്കും.

"അമ്മേ ഇച്ചിരി തിന്നാന്‍ ത‌രാവോ?"

"ഇന്നാ" എന്നും പ‌റഞ്ഞ് ഒരു ശകല‌മേ അമ്മ ത‌രൂ. അതാണേല്‍ മൂന്നു ന‌ക്കു ന‌ക്കിക്കഴിയുമ്പോ‌ള്‍ തീ‌ര്‍ന്നുമ്പോകും.

അമ്മക്കിച്ചിരീങ്കൂടിത്തന്നാലെന്താ.

എന്തൊരു സ്വാദാ ഇതിനു. ഹൊ.. ഇങ്ങ‌നെ പാലിലും കാപ്പീലുമൊക്കെ ക‌ല‌ക്കി കുടിക്കാന്‍ ഇഷ്ട‌മാണേലും ...ഒരു സുഖവില്ല. അല്ല.. പോരാ.

ഇനീമ്മേണം.

ഈ ദോശേം ഇഡ്ഡലീം ചോ‌റുമൊന്നും വേണ്ടാരുന്നു.

ചുമ്മാ ഹോ‌ര്‍ലിക്സു ത‌ന്നാ മ‌തിയാരുന്നു
.........

അമ്മേ ഇന്നു കാപ്പിക്കെന്തവാ ക‌ഴിയ്ക്കാന്‍?

വ‌റുത്ത റ‌വ ഉപ്പും നെയ്യും ക‌റിവേപ്പിലേം കൂടിക്ക‌ലങ്ങിയ വെള്ളത്തിലോട്ടിട്ടോണ്ട് അമ്മ പ‌റഞ്ഞു.

"ഉപ്പുമാവ്"

ഈയമ്മ‌യ്ക്ക് റ‌വയെടുത്തു ക‌ള‌ഞ്ഞേച്ച് പക‌ര‌ം ഹോ‌ര്‍ലിക്സിട്ട് ഉപ്പുമാവൊണ്ടാക്കമ്മേലേ?

ഹോ! ഹോ‌ര്‍ലിക്സുപ്പുമാവ് ! ഓര്‍ത്തിട്ട് തന്നെ...

അല്ലേല്‍ ഹോ‌ര്‍ലിക്സു കൊണ്ട് പുട്ടൊണ്ടാക്കാമ്മേലെ?ശ്ശോ!

"സിക്സ് ഡോളസ്സ് ഫിഫ്റ്റി സെന്റ്സ്" കാഷ്യറുടെ ശബ്ദ‌ം എന്നെ ഓ‌ര്‍മ്മ‌ക‌ളില്‍ നിന്നും തിരികെ വിളിച്ചു.

കാശുകൊടുത്തിറങ്ങുമ്പോ‌ള്‍ ഞാന്‍ ഹോ‌ര്‍ലിക്സിന്റെ കുപ്പിയിലേയ്ക്കൊന്നു കൂടി നോക്കി.

ഇപ്പോളിതിനോടൊന്നും ഒരു കൊതിയും തോന്നുന്നില്ല. അതെന്താണോ എന്തോ. ഓരോ സ‌മ‌യത്ത് ഓരോന്ന്.

നി‌റഞ്ഞ കൊതിയുമായി കാത്തിരിക്കുന്ന ഒരു കുഞ്ഞുമുഖ‌ം മനസ്സിലോ‌ര്‍ത്തപ്പോ‌ള്‍ ... ചിരി വന്നു... സ്നേഹ‌ം വന്നു.

Wednesday, September 12, 2007

സിം‌ഗപ്പൂരിലെ കൊച്ചു ഭൂമികുലുക്കം

സുമാത്രയിലെ നഗരമായ ബെങ്കുലുവിന്റെ തെക്കുപടിഞ്ഞാറായി 120 കി.മീ മാറി കടലില്‍ 15 കി.മീ ആഴത്തില്‍ ഉണ്ടായ ഭൂമികുലുക്കം ഇന്‍‌ഡോനേഷ്യയെ വിറപ്പിച്ചു. ഒപ്പം അവിടെനിന്നും 670 കി.മീ ദൂരെയുള്ള സിം‌ഗപ്പൂരിനേയും. റിക്ടര്‍ സ്ക്കെയിലില്‍ 7.9 രേഖപ്പെടുത്തി ഈ ഭൂകമ്പം.

ഞാന്‍ ജോലി ചെയ്യുന്ന കെട്ടിടവും കുലുങ്ങി.


12 ന് രാത്രിയിലും 13 ന് രാവിലെയും. നൈറ്റ് ഷിഫ്റ്റ് അല്ലായിരുന്നതുകൊണ്ട് അനുഭവിച്ചില്ല.41 നിലയുള്ള കെട്ടിടത്തില്‍ 34)മത്തെ നിലയിലാണ് എന്റെ ഓഫീസ്.‍ കൂടെ ജോലിചെയ്യുന്ന അനില്‍ ചൗധരി പറഞ്ഞത് പുള്ളിയുടെ കസേര ജോലിചെയ്യുന്നതിനിടെ അങ്ങോട്ടുമീങ്ങോട്ടും ഉരുളാന്‍ തുടങ്ങിയെന്നാണ്. പിന്നെ തലകറക്കം പോലൊരു തോന്നലും. പാന്‍ട്രിയില്‍ ചായ കുടിയ്ക്കാന്‍ പോയ സച്ചിന്‍ ശരിക്കും താഴെ വീഴാന്‍ പോയി എന്നു പറഞ്ഞു. എന്തായാലും ഇന്നു രാവിലെ 9:15 ന് ജോലിക്കു വന്നപ്പോള്‍ എല്ലാ അവന്മാരും പുറത്തു നില്പ്പുണ്ട്.

ന്യൂസും പടോം ഒക്കെ ദേ ഇവിടുണ്ട്.
http://www.channelnewsasia.com/stories/singaporelocalnews/view/299455/1/.html
http://www.channelnewsasia.com/tremor/

ദൈവാധീനത്താല്‍ കുഴപ്പമൊന്നുമില്ല ഇപ്പോള്‍. Building Management ന്റെ safety circular വന്നു. കെട്ടിടം സുരക്ഷിതമാണെന്ന്. നമ്മുടെ പ്രോജക്റ്റ് മാനേജര്‍ ചെല്ലദുരൈ മെയിലും വിട്ടിട്ടുണ്ട്. "സഹകരിച്ച എല്ലാവര്‍ക്കും നന്ദി (ഭൂമികുലുക്കത്തിനാണോ?) പറഞ്ഞുകൊണ്ട്, ഇനി ഉണ്ടായാല്‍ ഇറങ്ങി ഓടിയ്ക്കോളാന്‍ മടിയ്ക്കരുതെന്നും (ഇവാക്വേഷനേ...) :)

Monday, September 10, 2007

അമ്പലപ്പുഴ പാല്‍പ്പായസ്സത്തിന്റെ രഹസ്യവും പാചകരീതിയും

അമ്പലപ്പുഴ പാല്‍പ്പായസ്സത്തിന്റെ പ്രശസ്തി എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അതിനെപ്പറ്റിയുള്ള വിവിധ ഐതിഹ്യങ്ങള്‍, ഐതിഹ്യമാല പോലുള്ള ഗ്രന്ഥങ്ങളില്‍ നിന്നും ലഭ്യവുമാണ്. ഭക്തവല്‍സ്സലനായ അമ്പലപ്പുഴ ശ്രീകൃഷ്ണഭഗവാന്റെ കാരുണ്യം അമ്പലപ്പുഴ പാല്‍പ്പായസ്സത്തിന്റെ രുചിയ്ക്കും നിറവിനും നിറത്തിനും നിദാനമെന്നിരിക്കെത്തന്നെ, അതിശയോക്തി കലര്‍‌ന്ന രസകരമായ കഥകളും ഈ ഐതിഹ്യങ്ങള്‍ക്ക് കൂട്ടായുണ്ട്.

എന്താണീ സ്വാദിനും നിറത്തിനും കാരണം? അമ്പലപ്പുഴ അമ്പലത്തിലെ മണിക്കിണറിലെ വെള്ളമോ? അതോ അതിനുപയോഗിക്കുന്ന അരിയോ?

അങ്ങനെയൊക്കെയുള്ള കാര്യങ്ങ ളൊക്കെ ചിന്തിച്ച് തല പുകയ്ക്കുകയും പിന്നെ പരാജയപ്പെടുകയും ചെയ്ത ആളുകളുടെ കഥകളും കാര്യങ്ങളും ഐതിഹ്യമാലയില്‍ ഉണ്ട്.

നാട്ടിലും അമ്പലപ്പുഴ പാല്‍പ്പായസ്സം പോലെയുള്ള പായസം എങ്ങിനെയുണ്ടാക്കാമെന്നതിനെക്കുറിച്ച് ഒരു പിടിയുമുണ്ടായിരുന്നില്ല. ഇരുപതുകൊല്ലം മുന്‍പ്.

എന്റെ അമ്മയുടെ ഒരു കണ്ടുപിടിത്തമിതായിരുന്നു.

"ഓ! അതിപ്പം എങ്ങനാന്നുവെച്ചു കഴിഞ്ഞാല്‍ അരീം പാലും കൂടി നല്ലോണം തിളപ്പിച്ചു വേവിച്ചേച്ച്.. കൊറച്ച് പഞ്ചാര കരിച്ച് ചേര്‍ത്താ മതി"

പഞ്ചസാര തീയില്‍‍ക്കരിക്കുമ്പോള്‍ (ചീന‍ച്ചട്ടിയിലോ.. ഉരുളിയിലോ) അത് ഉരുകി ശര്‍ക്കരപ്പാനിപോലെയുള്ള ഒരു ദ്രാവകമായിത്തീരും. അത് ചേര്‍‌ക്കുമ്പോ ള്‍ കിട്ടിയേക്കാവുന്ന ചുവന്ന നിറമാണ് അമ്മയുടെ കണ്ടുപിടിത്തത്തിന്റെ മെയിന്‍ പോയന്റ്.

അങ്ങിനെയുണ്ടാക്കിയ് പായസ്സം കുടിച്ചിട്ട് ആദ്യം അഭിപ്രായം പറഞ്ഞത് അച്ഛനായിരുന്നു.

" ഹാ! ഇതു നമ്മടെ സാക്ഷാല്‍ പാല്‍ക്കഞ്ഞി! ശകലം റോസ്ക്കളറുണ്ടെന്നു മാത്രം!"

"ഹും!!!" എന്ന ഒരു ചീറ്റലോടെ അമ്മ അകത്തേക്ക് കേറിപ്പോയത് ഇപ്പോഴും ഓര്‍ക്കുന്നു.

സത്യമായിരുന്നു. അതൊരു പാല്പായസമേ അല്ലായിരുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം പ്രശസ്ത പാചക വിദഗ്ധന്‍ ശ്രീ. അമ്പലപ്പുഴ നാലുപറയില്‍ ചന്ദ്രന്‍പിള്ളയുടെ പാചകരീതികള്‍ നേരിട്ട് കാണാനിടയായപ്പോഴാണ് അമ്പലപ്പുഴ പാല്‍പ്പായസ്സത്തിന്റെ അടിസ്ഥാന ശാസ്ത്രം എനിയ്ക്ക് മനസ്സിലാക്കാനിടവന്നത്.

അതിവിടെ ഞാന്‍ പങ്കുവെക്കട്ടെ.

പാല്‍പ്പായസ്സത്തിന് പാല്‍ "തിളപ്പിയ്ക്കുകയല്ല"; പകരം "വേവിയ്ക്കുകയാണ്" ചെയ്യുന്നത്. വെന്ത പാല്‍ നിറം മാറി നല്ല കടുത്ത റോസ് നിറമാകുന്നു.

അമ്പലപ്പുഴ പാല്‍പ്പായസ്സത്തിന് (ഏതു നല്ല പാല്‍പ്പായസ്സത്തിനും) ഉപയോഗിയ്ക്കുന്നത് സാധാരണ "പൊടിയരി" അല്ല. അത് ഉണക്കലരി (പുഞ്ച) ആണ്. അതായത് പുഴുങ്ങി ഉണങ്ങാത്ത പുഞ്ചയരി. വിദേശങ്ങളിലും ലഭ്യമായ പായസം റൈസ് (If you go for a brand, take Nirapara) ഇതിന് ഉപയോഗിയ്ക്കാന്‍ ഉത്തമം.

ആദ്യമായി ഇത് പരമ്പരാഗതമായുണ്ടാക്കുന്ന രീതി വിവരിക്കുന്നു. ഒരു ഓട്ടുരുളി (വാര്‍പ്പ്), ഇളക്കാനുള്ള ചട്ടുകം എന്നിവയാണ് അവശ്യം വേണ്ട പാചകോപകരണങ്ങള്‍. ക്ഷമയും (സ്റ്റാമിനയും - ആറേഴു മണിക്കൂര്‍ ഇളക്കേണ്ടതാണെ) വളരെ വളരെ അത്യാവശ്യം എന്നു പറയേണ്ടതില്ല. വിദേശങ്ങളിലുള്ളവര്‍ വിഷമിയ്ക്കേണ്ടതില്ല. നല്ല കട്ടിയുള്ള അലൂമിനിയം/ഇന്റാലിയം ചരുവങ്ങളിലും ഇതു പാകം ചെയ്യാം. മുന്‍പ് കറികളും മറ്റും പാകം ചെയ്യാത്ത പാത്രങ്ങളായാല്‍ നന്ന്‍. ഇല്ലെങ്കില്‍ പാല്‍ പിരിഞ്ഞുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്.

അരിയുടെ പതിമൂന്ന് മടങ്ങ് പാല്‍ ഉരുളിയില്‍ (വാര്‍പ്പില്‍) വെച്ച് വേവിയ്ക്കാന്‍ തുടങ്ങുന്നു. പാല്‍ തിളച്ചു പൊങ്ങി വറ്റാന്‍ തുടങ്ങും. അപ്പോള്‍ അതനുസ്സരിച്ച് വെള്ളം ഒഴിച്ചു കൊടുത്തുകൊണ്ടിരിയ്ക്കണം. അടിയ്ക്കു പിടിയ്ക്കാതെ ഇളക്കുകയും വേണം. ഇങ്ങനെ ഏകദേശം 5-6 മണിക്കൂര്‍ കഴിയുമ്പോള്‍ പാല്‍ വെന്ത് ശരിയായ നിറത്തിലെത്തുന്നു. അപ്പോള്‍ കഴുകിയൂറ്റിവെച്ചിരിക്കുന്ന അരി ഇടാം. അരി നന്നായി വെന്തുകഴിഞ്ഞാല്‍ പഞ്ചസാര ചേര്‍ക്കാം. അരിയുടെ മൂന്ന് മടങ്ങ് പഞ്ചസാര (അതി മധുരത്തിന് - അമ്പലപ്പുഴ പാല്‍പ്പായസ്സത്തിന്റെ പോലെ) അല്ലെങ്കില്‍ രണ്ടര മടങ്ങ് പഞ്ചസാര ചെടിപ്പില്ലാത്ത മധുരത്തിന് ചേര്‍ക്കാം. പഞ്ചസാര ചേര്‍ത്തിളക്കിയാല്‍ 15 മുതല്‍ 30 വരെ മിനിറ്റുകള്‍ക്കുള്ളില്‍ അടുപ്പത്തുനിന്നും ഇറക്കാം.

മേല്‍പ്പറഞ്ഞത് വന്‍തോതില്‍ ( കല്യാണത്തിനും മറ്റും) ഉണ്‍ടാക്കുന്ന രീതിയാണ്. അഞ്ചോ പത്തോ പേര്‍ക്കു വേണ്ടി പെട്ടെന്നുണ്ടാക്കാന്‍ ഇതിന്റെ ആവശ്യമില്ല.

(താഴെ പറയുന്നത് ഒരുപാട് പാചക വെബ്സൈറ്റുകളിലും ബ്ലോഗ്ഗുകളിലും ലഭ്യമായ ഒരു പാചകരീതിയാണ്. താരതമ്യത്തിനും മനസ്സിലാക്കാനുള്ള എളുപ്പത്തിനും ഇവിടെ ഉള്‍പ്പെടുത്തുന്നു.)

Pressure Cooker ല്‍ ഉണക്കലരി,അരിയുടെ പതിമൂന്ന് മടങ്ങ് പാല്‍,അരിയുടെ മൂന്ന് മടങ്ങ് പഞ്ചസാര എന്നിവ ഒന്നിച്ച് വെച്ച്, പഞ്ചസാര നന്നായി ചേര്‍ത്തിളക്കിയതിനു ശേഷം അടുപ്പത്തു വെക്കുക. ആദ്യവിസില്‍ വരുമ്പോഴേക്കും തീ നന്നായി കുറക്കുക (simmer ല്‍). 40 മിനിട്ടിനു ശേഷം അടുപ്പത്തുനിന്നും മാറ്റി 40 മിനിറ്റ് അടച്ചുതന്നെ വെയ്ക്കുക. അതിനുശേഷം തുറന്നുപയോഗിക്കാവുന്നതാണ്. ഇപ്രകാരം ചെയ്യുമ്പോള്‍ പാല്‍ "വേവുകയാണ്" യഥാര്‍ത്ഥത്തില്‍.

പിന്നെ ഗുണമേന്മയുടെ കാര്യം. മേല്‍പ്പറഞ്ഞ രീതിയില്‍ ഉണ്ടാക്കിയാല്‍ നമുക്ക് അമ്പലപ്പുഴ പാല്‍പ്പായസ്സം പോലെ തന്നെയുള്ള പായസ്സം കിട്ടും. ഒരു സംശയവും ഇല്ല.

സാങ്കേതികമായി ഇതു തന്നെയാണ് അമ്പലപ്പുഴ പാല്‍പ്പായസ്സത്തിന്റെ പാചകരീതി. കാലം മാറിയല്ലോ. ഇപ്പോള്‍ അമ്പലപ്പുഴ അമ്പലത്തിന്റെ പാല്‍പ്പായസ്സത്തിന്റെ തിടപ്പള്ളിയില്‍ നിന്നും കൊതുമ്പും വിറകും കത്തിക്കുന്ന പുക ഉയരുന്നില്ല. പാചകവാതകം ഉപയോഗിയ്ക്കുന്ന വലിയ Burners ഉള്ള അടുപ്പിലാണ് പാല്‍പ്പായസ്സം ഉണ്ടാക്കുന്നത്. പണ്ട് ഞാന്‍ അഞ്ചു പൈസയ്ക്ക് ഒരു വലിയ പാത്രം നിറയെ "പായസച്ചുരണ്ടി (അമ്പലപ്പുഴ പാല്‍പ്പായസ്സം മറ്റു പാത്രങ്ങ ളില്‍ പകര്‍ന്നുകഴിഞ്ഞാല്‍ വാര്‍പ്പിന്റെ അടിയില്‍പ്പിടിച്ചത് ചുരണ്ടിയത്) വാങ്ങിയത് ഓര്‍ക്കുന്നു. അതിന്റെ രുചി പറഞ്ഞറിയിയ്ക്കാന്‍ വയ്യ! ഇന്നതില്ല. കാരണം അടിയില്‍ പിടിയ്ക്കാതെ നോക്കാന്‍ കൂടുതല്‍ നിയന്ത്രണം (gas flame ല്‍) പാചകം ചെയ്യുന്ന തിരുമേനിമാര്‍ക്കുണ്ട് (നമ്പൂതിരിമാരാണ് അമ്പലപ്പുഴ പാല്‍പ്പായസ്സത്തിന്റെ പാചകം) .

ഐതിഹ്യമാലയില്‍ ഇങ്ങനെ എഴുതിയതായി ഒരോര്‍മ്മ. "മാര്‍ത്താണ്ഡവര്‍മ്മ അമ്പലപ്പുഴ പാല്‍പ്പായസ്സം പോലെയുള്ള ഒരു പാല്‍പ്പായസ്സം തിരുവനന്തപുരത്തും ഉണ്ടാക്കണമെന്നു നിശ്ചയിച്ച്, അമ്പല്‍പ്പുഴ അമ്പലത്തിലെ മണിക്കിണറില്‍‍നിന്നും വെള്ളം തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോവുകയും അതില്‍ പാല്‍പ്പായസ്സം ഉണ്ടാക്കിക്കുകയും ചെയ്തു. എന്നിട്ടും പാല്‍പ്പായസ്സം ശരിയായില്ല"

ഇവിടെ മാര്‍ത്താണ്ഡവര്‍മ്മ മറന്നുപോയത് അതുണ്ടാക്കുന്ന മനുഷ്യന്റെ അധ്വാനവും ക്ഷമയും ആയിരുന്നു എന്നു വേണമെങ്കില്‍‍ പറയാം.

ഇതു തീര്‍ച്ചയായും നമുക്ക് പരീക്ഷിച്ചുനോക്കി വിജയിപ്പിക്കാന്‍ സാധിക്കുന്ന ഒരു വിഭവമാണ്.

കടപ്പാട് :

18 കൊല്ലങ്ങള്‍ക്ക് മുന്‍പ് ഞാനിതറിയാന്‍ കാരണക്കാരനായ പ്രശസ്ത പാചക വിദഗ്ധന്‍ ശ്രീ. അമ്പലപ്പുഴ നാലുപറയില്‍ ചന്ദ്രന്‍പിള്ള (ചേട്ട)യോട്. 6000-7000 പേര്‍ നിരന്നിരുന്ന ആറന്മുള വള്ളസ്സദ്യയ്ക്ക് അദ്ദേഹം മേല്പ്പറഞ്ഞ പാല്‍പ്പായസ്സം ഒരുക്കിയിരുന്നു. അദ്ദേഹം ചുമതയേല്‍ക്കുന്ന കല്യാണം പോലുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്കും ഈ പാല്‍പ്പായസ്സത്തിന്റെ രുചി അറിയാന്‍ ഭാഗ്യം ഉണ്ടാവാറുണ്ട്.


ശുഭം!

Wednesday, August 29, 2007

മുട്ട മരം

വിവാഹമൊക്കെ കഴിഞ്ഞ സമയം. എവിടെയോ പോകാനായി ഭാര്യാസമേതനായി ബസ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു ഞാന്‍.

"ഹലോ! എന്തൊക്കെയുണ്ട്?" ഞാന്‍ തിരിഞ്ഞുനോക്കി.
പുരുഷന്‍ ചേട്ടന്‍.
"സുഖം ചേട്ടാ.."
" ഇതു പുരുഷന്‍ ചേട്ടന്‍".. ഞാന്‍ ഭാര്യയ്ക്ക് അദ്ദേഹത്തിനെ പരിചയപ്പെടുത്തി.
"വാലുപറമ്പില്‍ പുരുഷോത്തമക്കൈമള്‍ - ഇദ്ദേഹം സംവിധായകന്‍ പ്രിയദ൪ശ്ശന്റെ അമ്മാവനാണ്‌. ഇദ്ദേഹത്തിന്റെ പേരും വീട്ടുപേരും പ്രിയദ൪ശ്ശന്റെ പല സിനിമകളിലുമുണ്ട്."

"പിന്നെ പണ്ടു മൊട്ട കുഴിച്ചിട്ടതൊക്കെയോര്‍‌ക്കുന്നൊണ്ടോ?"
പുരുഷന്‍ ചേട്ടന്റെ അടുത്ത ചോദ്യം കേട്ട് വിളറിയ ഞാന്‍ പിന്നെ പൊട്ടിച്ചിരിച്ചിട്ടു പറഞ്ഞു.
"ഒണ്ടേ .. ഒണ്ട്..."

ചോദ്യഭാവത്തില്‍ എന്നെ നോക്കിയ ഭാര്യയ്ക്ക് വേണ്ടി ഞാന്‍ പിന്നീട് ഒരു ഫ്ലാഷ്ബാക്കിലൂടെ ആ കഥയുടെ ചുരുളഴിച്ചു.

സര്‍ക്കാരുദ്യോഗസ്ഥനും കമ്യുണിസ്റ്റുകാരനും ആയിരുന്ന (ഇപ്പോഴും ആണു കേട്ടോ..പിണറായി വിഭാഗമാണ്‌. അങ്ങേ൪ക്ക(പിണറായി)തറിയാന്‍ പാടില്ലേലും) എന്റെ അച്ഛന്‍ സാമ്പത്തികമായ ഞെരുക്കം നിമിത്തം ആലപ്പുഴയിലുണ്ടായിരുന്ന സ്ഥാവരജംഗമങ്ങളൊക്കെ വിറ്റ് സ്വന്തം ഭാഗമെന്നു (തെറ്റി) ധരിച്ചിരുന്ന കുടുംബഗേഹമായ തോട്ടപ്പള്ളിയില്‍ വന്ന് താമസിയ്ക്കുകയും, പിന്നീട് അദ്ദേഹത്തിന്റെ സഹോദരിയ്ക്ക് അതൊഴിഞ്ഞുകൊടുത്ത് (ച്ചാല്‍..... അതങ്ങട് പോയീന്ന് സാരം) അമ്പലപ്പുഴയില്‍ വന്ന് വാടകയ്ക്ക് താമസിയ്ക്കുന്ന കാലം.

ഞാന്‍ അന്ന് നാലാം ‌ക്ലാസ്സില്‍ പഠിയ്ക്കുന്ന ഒരൊന്നാന്തരം മോണ്‍സ്‌റ്ററായിരുന്നു. അമ്പലപ്പുഴയിലെ ആമയിട ഭാഗത്തായിരുന്നു എന്റെയും ഫാമിലിയുടേയും വാസം.വളരെ വിശാലമായിരുന്ന വീട്ടില്‍ ഹൗസോണ൪ ഏതാനും മുറികളെടുത്തിട്ട് ബാക്കിഭാഗം മുഴുവന്‍ ഞാനും ഫാമിലിയും കയ്യേറിയിരുന്നു. ഹൗസോണറുടെ രണ്ടാണ്മക്കളും പിന്നെ പരിസരങ്ങളിലുള്ള മറ്റനവധി പിശാചുകുഞ്ഞുങ്ങളും ഞാനും ചേ൪ന്ന് നാട്ടുകാ൪ക്കും വീട്ടുകാ൪ക്കും അത്യാവശ്യം വേണ്‍ടിയിരുന്ന സ്വെര്യക്കേടുകള്‍ കൊടുത്തു.

എന്റെ ക്ലോസ്സ് ഫ്രെണ്ടും ഹീറോയിനുമായിരുന്നു തൊട്ടടുത്ത വീട്ടിലെ സുജാതച്ചേച്ചി (ഞാന്‍ അന്ന് നാലാം ‌ക്ലാസ്സില്‍, സുജാതച്ചേച്ചി പ്രീഡിഗ്രി). ജി.കെ.പിള്ള, ബാലന്‍.കെ.നായ൪, ജോസ്പ്രകാശ്,എം.എന്‍.നമ്പ്യാ൪ തുടങ്ങിയവരുടെ സിനിമകള്‍ അപ്പപ്പോള്‍ കണ്ട് സുജാതച്ചേച്ചിയാണ് എന്നെ അപ്ഡേറ്റ് ചെയ്യ്‌തിരുന്നത്.

കൊള്ളസംഘം, കൊള്ളസങ്കേതം, സ്വിച്ചിട്ടാല്‍ തുറക്കുന്ന ഗുഹകള്‍, തോക്കും ക്രോസ്സ്ബെല്‍റ്റും ധരിച്ച അനുയായികള്‍ തുടങ്ങിയ സംഭവങ്ങള്‍ എന്നിലെ കൊച്ചുകൊള്ളക്കാരനെ ഉണ൪ത്തുകയും ഹഠാദാക൪ഷിയ്ക്കുകയും ചെയ്തു.അനുയായികളും മറ്റും അത്യാവശ്യത്തിനുള്ളതുകൊണ്ട് കൊള്ളസങ്കേതവും, കൊള്ളമുതലും മാത്രമേ എനിയ്ക്ക് വിഷയമായിത്തോന്നിയുള്ളൂ. ഞാന്‍ താമസിച്ചിരുന്ന വീടിന്റെ ഒരല്‍പ്പം കിഴക്കോട്ടുമാറി കണ്ണെത്താദൂര‍ത്തോളം കൊയ്ത്ത് കഴിഞ്ഞ്‌ ഉണങ്ങിക്കിടക്കുന്ന പാടങ്ങളായിരുന്നു.വാലുപറമ്പില്‍ പുരുഷന്‍‍ ചേട്ടന്റെ വീടിന്റെ ഈട്ടയ്ക്കുള്ള (ഈട്ട:പാടവും പറമ്പും ചേരുന്ന ഭാഗം) ഒരു കുറ്റിക്കാട്ടിനടുത്തായി ഞാന്‍ ഒരു വലിയ മാളം കണ്ടുപിടിച്ചു.

എന്റെ പരിസരത്തൊന്നും മലയും കുന്നും വേ൪ നോട്ട് അവൈലബ്ള്‍.
സൊ.. അതു മതി... ഞാന്‍ കൊള്ളസങ്കേതത്തിന്റെ പ്രൊബ്ലെം സോള്‍വ് ചെയ്തു.
കൊള്ളമുതല്‍ ആന്‍ഡ് കൊള്ള മാസ്റ്റ൪പ്ലാന്‍...... ഹം...ഞാന്‍ തലപുകഞ്ഞാലോചിച്ചു.
ഡണ്‍.
എന്റെ മാതാശ്രീ എനിയ്ക്കും ബാക്കിയുള്ള മെംബേര്‍സിനുമായി കരുതിവെയ്ക്കുന്ന താറാം മുട്ടകള്‍!

മ്‌ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹഹഹ...ഞാന്‍ എം.എന്‍.നമ്പ്യാ൪ ചിരിയ്ക്കുന്നതുപോലെ ചിരിച്ചു.

ചിരിയ്ക്കണമല്ലോ. കൊള്ളചെയ്യാനുള്ള ഐറ്റംസ് കണ്ടുപിടിച്ചാല്‍ സംഘത്തലവന്‍ അങ്ങനെ ചിരിയ്ക്കാറുണ്ടെന്ന് സുജാതച്ചേച്ചി എന്നോട് പറഞ്ഞിരുന്നു.

എളിയ തുടക്കം... പല വലിയ സംരംഭങ്ങളുടേയും പിന്നില്‍ ഇത്തരം എളിയ തുടക്കങ്ങളാണെന്ന് എനിയ്ക്കന്നേ അറിയാമായിരുന്നു.

ഒരു ശനിയാഴ്ച.. ഞാന്‍ സഹമോണ്‍സ്റ്റേഴ്സിനോട് മാസ്റ്റ൪പ്ലാന്‍ അവതരിപ്പിച്ചു.... സംഘത്തലവനാകുന്ന ഞാന്‍, താറാം മുട്ടകള്‍ എന്റെ വീട്ടിലെ അടുക്കളയില്‍നിന്നും ആരുമില്ലാത്ത നേരം നോക്കി കൊള്ളയടിയ്ക്കും. പിന്നെ സംഘാംഗങ്ങളുടെ അകമ്പടിയോടെ കൊള്ളസങ്കേതത്തിലേയ്ക്ക് മാറ്റും.
സംഘാംഗങ്ങളില്‍ ചിലരുടെ മുഖത്ത് ഒരു പൃംഗ്യാസം.
പക്ഷെ സംഘത്തലവന്റെ അസാമാന്യമായ ധൈര്യം..സംഘാംഗങ്ങളില്‍ ആത്മവിശ്വാസം വള൪ത്തി. (ആഫ്റ്റെറാള്‍ .....മുട്ടകള്‍ കൊള്ളയടിയ്ക്കുന്നത് അവന്മാരുടെ വീടുകളില്‍ നിന്നല്ലല്ലോ)

പക്ഷേ... ഈ താറാം മുട്ടകള്‍ എന്തിനു കൊള്ളയടിയ്ക്കുന്നെന്നൊ..ഇതുകൊണ്ടെന്തു ചെയ്യാന്‍ പോകുന്നെന്നൊ ആരും ചോദിച്ചില്ല. ഞാന്‍ പറഞ്ഞുമില്ല. എന്റെ ലക്‌ഷ്യവും കൊള്ളയടിയും സങ്കേതത്തിലേയ്ക്ക് മാറ്റലും മാത്രമായിരുന്നതുകൊണ്ട് അതും ഒരു പ്രശ്ന്മേ ആയില്ല.

സൊ.. ദി ഡിസിഷന്‍ ഹാസ് ബീന്‍ ടേക്കണ്‍...

ശനിയാഴ്ച സമയം ഉച്ച രണ്ടു മണി. ഉച്ചയൂണ് കഴിഞ്ഞ് എന്റെ അമ്മയും പരിസരവാസികളായ അരഡസന്‍ പെണ്ണുങ്ങളും കൂടി നാട്ടില്‍ നടന്നതും നടക്കാന്‍ പോകുന്നതുമായ് പ്രസവങ്ങളുടെയും, അവിഹിതബന്ധങ്ങളുടേയും സ്ഥിതിവിവരങ്ങള്‍ വിലയിരുത്തി ബോധം പോയിനില്‍ക്കുന്ന സമയം!

ഞാന്‍ അടുക്കളയിലേക്ക് പ്രവേശിച്ചു. ലാക്റ്റോജന്റെ തുരുമ്പിച്ച ഒരു പഴയ് ടിന്നിലാണ് വേണ്ട മുതലിരിയ്ക്കുന്നത്. ആറു താറാമുട്ടകള്‍ എണ്ണി നിക്കറിന്റെ ഇരുപോക്കറ്റിലും കയ്യിലുമായി എടുത്ത് ഒരു കൊള്ളസംഘത്തലവന്റെ യാതൊരഹങ്കാരവുമില്ലാതെ അടുക്കളയുടെ പിന്നിലൂടെ ഞാന്‍ പുറത്തിറങ്ങി. ചട്ടം കെട്ടിയപോലെ തന്നെ സംഘാംഗങ്ങള്‍ കാത്തുനില്പ്പുണ്ടായിരുന്നു അവിടെ. അവരേയും നയിച്ചുകൊണ്ട് കൊള്ളസങ്കേതത്തിലേയ്ക്ക് നീങ്ങി. എന്നുവെച്ചാല്‍ ചുമ്മാതങ്ങു നടന്നു. സ്ഥലത്തെത്തി ഞാന്‍ ഓരോരൊ മുട്ടയായെടുത്ത് ശ്രദ്ധാപൂര്‍‌വ്വം മാളത്തിലേക്ക് വെച്ചു.

ഇനിയെന്ത്? അപ്പോഴാണാ കൊടുംവഞ്ചന നടന്നത്. പിന്നെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതിരുന്നതുകൊണ്ട് ഹൗസ്സോണറുടെ മകന്‍, വിജിയോടു ചുറ്റുപാടും ഒന്നു നോക്കിവരാന്‍ പറഞ്ഞു ഞാന്‍. സംഘത്തലവനാകുമ്പോഴുള്ള ഓരോ ഉത്തരവാദിത്തങ്ങളേ!

അവന്‍ പുരുഷന്‍ ചേട്ടന്റെ വീടിന്റെ പരിസര്ത്തേയ്ക്കു പോയ്പ്പോഴും എനിയ്ക്ക് ഒട്ടും സംശയം തോന്നിയില്ല.

പക്ഷേ.. കുറച്ചുകഴിഞ്ഞിട്ടും ആശാനെ കാണാനില്ല! അപ്പോഴുണ്ടെടാ വരുന്നു. പുരുഷന്‍ ചേട്ടന്‍.

നാലഞ്ചു സംഘാംഗങ്ങളുടെ അകമ്പടിയോടെ നിന്നിരുന്ന ഞാന്‍ "ഏകനാകാന്‍" അധികസമയമെടുത്തില്ല. കൂടെയുള്ള എല്ലാ അലവലാതികളും മഹാഭാരതം സീരിയലീല്‍ ദൈവങ്ങള്‍ അപ്രത്യക്ഷമാകുന്നതുപോലെ മാഞ്ഞുപോയി!

"എന്തോടുക്കുവാ അവടെ? എന്തോന്നിനാ മൊട്ട കുഴിച്ചിട്ടത്?" പുരുഷന്‍ ചേട്ടന്റെ ചോദ്യം കേട്ട് വിളറി മഞ്ഞനിറമായി നിന്ന ഞാന്‍ അടുത്ത കൊടുംചതി അത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ല.

"എന്തോന്നാടാ അവടെ? ങേ"
.. അതെന്റെ മാതാശ്രീയുടെ ശബ്ദമായിരുന്നു. ഒറ്റക്കല്ല!
സാമദ്രോഹി .. ഒറ്റുകാരന്‍ വിജിയുടെ അകമ്പടിയോടെ.

ചുറ്റുപാടും ഒന്നു നോക്കിവരാന്‍ പോയ വിജി സംശയാസ്പദമായ സാഹചര്യങ്ങളില്‍ വാലുപറമ്പില്‍ കിടന്നു ചുറ്റിത്തിരിയുന്നത് കണ്‍ടപ്പോള്‍ പുരുഷന്‍ ചേട്ടന്‍ അവനെപിടിച്ച് ചോദ്യം ചെയ്യുകയും ആ മഹാപാപി ഉള്ളതെല്ലാം അങ്ങു തുറന്നുപറയുകയും ചെയ്തു. പ്രധാന പ്രതി ഞാനായതുകൊണ്ട് എന്റെ അമ്മയേയും വിളിച്ചുകൊണ്ട് അങ്ങോട്ടു വരാനവനോടു പറഞ്ഞതും പുരുഷന്‍ ചേട്ടന്‍ തന്നെ.
പിന്നെയാണ് ഒരു കൊള്ളത്തലവനെന്നുള്ള എന്റെ അഭിമാനത്തെ തച്ചുടച്ച നീക്കങ്ങളുണ്ടായത്.

"മൊട്ട കുഴിച്ചിട്ടു കിളിപ്പിക്കാന്‍ നോക്കുവാ കക്ഷി!" ഒരു തൊലിഞ്ഞ ചിരിയോടെ പുരുഷന്‍ ചേട്ടന്‍ അമ്മയോടിതു പറഞ്ഞപ്പോള്‍, അങ്ങേരെ വെടിവെച്ചു കൊല്ലാന്‍ തോന്നിയെങ്കിലും, കിട്ടാന്‍ പോകുന്ന ലാത്തിച്ചാര്‍‌ജ്ജോര്‍ത്ത് വായിലെ വെള്ളം വറ്റിനിന്നിരുന്ന എനിയ്ക്ക് ഒന്നും പറയാന്‍ പറ്റിയില്ല.

സാരിത്തുമ്പില്‍ മുട്ടകളെല്ലാം പൊതിഞ്ഞുപിടിച്ചു ഒഴിവുള്ള വലതുകൈകൊണ്ട് എന്നെ ചന്നം പിന്നം അടിച്ചും കിഴുക്കിയും എന്റെ പൂജനീയ മാതാശ്രീ എന്നെ വീട്ടിലേയ്ക്കാനയിച്ചു. ബാലന്‍സ് തരാനുള്ളതു ചൂടോടെ വീട്ടില്‍ വെച്ചുകിട്ടി.

അപ്പോഴേയ്ക്കും ഞാന്‍ മുട്ട കുഴിച്ചിട്ടു കിളിര്‍‌പ്പിച്ചു മരമാക്കാന്‍ നോക്കിയെന്നുള്ള കഥ വാര്‍ഡു മുഴുവന്‍ പരക്കുകയും അതങ്ങ് സ്ഥാപിയ്ക്കപ്പെടുകയും ചെയ്തു. ഞാനെങ്ങോട്ടു തിരിഞ്ഞാലും ആളുകള്‍
" ങാ... എന്തായി? മൊട്ടയൊക്കെ കിളുത്തോ?"
തുടങ്ങിയ ചോദ്യങ്ങള്‍ ചോദിയ്ക്കാനും തുടങ്ങി.

എന്തൊരധ:പതനം!

കൊള്ളസംഘം, കൊള്ളത്തലവന്‍ മുതലായ ഗംഭീര ആശയങ്ങളുമായി നടന്നിരുന്ന ഞാന്‍ അങ്ങിനെ മുട്ട കുഴിച്ചിട്ടു കിളിര്‍‌പ്പിയ്ക്കാന്‍ നോക്കിയ ഒരു സാധാരണ മണ്ടച്ചാരായി തരംതാഴ്ത്തപ്പെട്ടു.