മഴ പെയ്ത് വഴുക്കിക്കിടക്കുന്ന ചിറയില്‍കൂടി ധൃതിയില്‍ നടന്നു. ആറരയ്ക്കൊരു ബോട്ടുണ്ട്. ഇപ്പോള്‍ത്തന്നെ ആറരയായിരിയ്ക്കുന്നു.വാട്ടര്‍ ട്രാന്‍സ്പോര്‍ട്ടുകാരുടെ ബോട്ടിന് കൃത്യനിഷ്ടയൊന്നുമില്ലാത്തതിനാല്‍ കിട്ടിയേക്കാം.
അപ്പച്ചിയെ കാണാന്‍ വന്നതായിരുന്നു കണ്ടങ്കരിയില്‍. പതിനഞ്ചു കൊല്ലത്തിനു ശേഷമുള്ള കണ്ടുമുട്ടല്‍. അപ്പച്ചിയ്ക്ക് തീരെ വയ്യാതായിരിയ്ക്കുന്നു. പണ്ട് ഇടയ്ക്കിടെ കൃഷിയ്ക്കും മറ്റും സഹായിയ്ക്കാനായി മാസങ്ങളോളം ഇവിടെ വന്ന് നിന്നിരുന്നതാണ്. സ്വന്തം നാടു പോലെ തന്നെ പരിചയവുമായിരുന്നു ഇവിടെ. ഇപ്പോള്‍ പരിചയമുള്ള മുഖങ്ങളൊക്കെ നന്നേ കുറവ്.
കടവത്തെത്താറായി. ഇനി ചെറു തോട്ടില്‍ നിന്നും കടത്തു കടന്നു വേണം അക്കരെയുള്ള ജെട്ടിയില്‍ പോകാന്‍. പഞ്ചായത്തു കടത്തുള്ളതാണ്. സന്ധ്യയുടെ മങ്ങലില്‍ കണ്ടു. രഘു വള്ളവുമായി കിടപ്പുണ്ട് കടവത്ത്. അക്കരയ്ക്ക് പോകാനുള്ള പുറപ്പാടാണ്.
"രഘുവേ.. കൂയ്. പോകല്ലേ. ഞാനുമൊണ്ടക്കരയ്ക്ക്"
റക്കെ വിളിച്ചുപറഞ്ഞു.ഓടിച്ചെന്ന് പതുക്കെ വള്ളത്തില്‍ കയറി. ചെറിയ വള്ളമാണ്. ഒരാളു കൂടിയിരിപ്പുണ്ടായിരുന്നു വള്ളത്തില്‍. ബാലന്‍സ്സില്ലാതെ വള്ളം മറിച്ച ചരിത്രം ഓര്‍ത്തു.
"കയ്യേപ്പിടിച്ചോ" രഘു കൈ നീട്ടി. പിടിച്ചു കയറി, മുണ്ടു തെരുത്തു കയറ്റി രണ്ടരികിലും പിടിച്ച് വള്ളത്തില്‍ കുത്തിയിരുന്നു.
"ങാഹാ.. നീയാരുന്നോടാ ഉവ്വേ" ഇരുന്നുരുന്ന മറ്റേ ആള്‍ പറയുന്നതു കേട്ടാണ് ഞാന്‍ മുഖത്തേയ്ക്ക് നോക്കിയത്.
ബാലന്‍ കൊച്ചച്ഛന്‍!
അച്ഛന്റെ വകയിലുള്ള അപ്പച്ചിയുടെ മകനാണ്. കണ്ടങ്കരിയില്‍ വന്നു നിന്ന സമയത്തൊക്കെ കൊച്ചച്ഛന്റെ വീട്ടിലെ നിത്യ സന്ദര്‍ശ്ശകനായിരുന്നു ഞാന്‍.
"ആ! കൊച്ചച്ഛനോ" ഞാന്‍ അത്ഭുതം കൂറി. തിരിച്ചറിയാത്ത വണ്ണം മാറിപ്പോയിരിയ്ക്കുന്നു കൊച്ചച്ഛന്‍.
"നീയെന്നു വന്നെടാ ഉവ്വേ" കൊച്ചച്ഛന്‍ ചോദിച്ചു.
"രണ്ടാഴ്ചയായി കൊച്ചച്ഛാ"
"എവടാ ഇപ്പം. സൗദീലല്യോ?"
"അതെ. അടുത്താഴ്ച പോകും"വള്ളം കടവത്തടുത്തു.
കൊച്ചച്ഛനുമൊത്ത് ബോട്ടുജെട്ടിയിലേയ്ക്ക് നടന്നു.
"സരസമ്മയ്ക്ക് കൂടുതലാ ഇല്യോ"
"അതെ"
"നീ പിന്നെന്താ ഞങ്ങടങ്ങോട്ട് കേറാതെ പോയത്?"
"അതു പിന്നെ..."
"നീ കെഴക്കോട്ടാന്നോ?"
"അതെ. കൊച്ചച്ഛനോ
ഞാന്‍ ചമ്പക്കൊളത്തോട്ടാ. നെന്റെ ബോട്ട് വരാറായല്ലോ"
കൊച്ചച്ഛന്‍ ഒരു ബീഡി കത്തിച്ചു. വലതു കൈപ്പടം താഴേയ്ക്ക് കമഴ്ത്തി സമൃദ്ധമായ കൊമ്പന്‍ മീശ ഇരുവശത്തേയ്ക്കും പൊക്കിയൊതുക്കി.
ഞാന്‍ ആ മുഖത്തേയ്ക്ക് ശരിയ്ക്കും നോക്കി. വാര്‍ദ്ധക്യം ശരിയ്ക്കും ബാധിച്ചിരിയ്ക്കുന്നു. കവിളൊട്ടി, കണ്ണുകള്‍ കുഴിയിലായിരിയ്ക്കുന്നു. ഏഴടിപ്പൊക്കം കൂനുകൊണ്ട് അറിയാന്‍ തന്നെയില്ല. കൊമ്പന്‍ മീശ മാത്രം പഴയ ബാലന്‍ കൊച്ചച്ഛനെ ഓര്‍മ്മിപ്പിയ്ക്കുന്നു. ഓര്‍മ്മകളിലേയ്ക്കറിയാതെ താണുപോയി ഞാന്‍.
പാപ്പച്ചന്റെ റേഷന്‍ കടയില്‍ റേഷന്‍ വാങ്ങാന്‍ വിടും അപ്പച്ചി ചിലപ്പോള്‍. അക്കാലത്തെ ഒരു ചെറിയ സായാഹ്ന ചന്ത കൂടിയാണ് റേഷന്‍ കടയുടെ പരിസരം. റേഷന്‍ കടയില്‍ ക്യൂ ഉണ്ടാവും മിക്കപ്പൊഴും. പാപ്പച്ചന്‍ റേഷന്‍ കാര്‍ഡെടുത്ത് അടുക്കില്‍ കമഴ്ത്തി വെച്ചാല്‍ ക്യൂവിലായി. പിന്നെ പേരു വിളിയ്ക്കുമ്പോള്‍ ചെന്നാല്‍ മതി. അപ്പോഴേയ്ക്കും റേഷന്‍ കടയുടെ സൈഡിലുള്ള ഒഴിഞ്ഞ മണ്ണെണ്ണ വീപ്പകളിന്മേല്‍ തിരക്കായിട്ടുണ്ടാവും. കൊച്ചച്ഛന്റെ കഥകള്‍ കേള്‍ക്കാന്‍.
കൊച്ചച്ഛന്‍ പട്ടാളത്തിലായിരുന്നു. ഞാന്‍ കാണുമ്പോള്‍ മുതല്‍ നാട്ടിലുണ്ട്. പട്ടാളക്കഥകള്‍ക്കുള്ള പ്രത്യേകത അതിലെ "കണ്ടങ്കരൈസേഷന്‍" ആണ്.അടിസ്ഥാനപരമായി കൃഷിക്കാരനായ കൊച്ചച്ഛന്‍ പട്ടാളക്കഥകളിലും കുട്ടനാടന്‍ ബിംബങ്ങള്‍ തിരുകും. കഥ പറയുന്ന ആളും കേള്‍ക്കുന്നവരും കൂടിയുള്ള ഒരൊത്തുകളി.
"കൊച്ചാട്ടാ. ഒന്നു തൊടങ്ങിയ്ക്കേ" കോനാക്കലെ വിശ്വണ്ണായി കൈ കൂട്ടിത്തിരുമ്മി പറയും.
കൊച്ചച്ഛന്‍ വലതു കൈപ്പടം താഴേയ്ക്ക് കമഴ്ത്തി കൊമ്പന്‍ മീശ തടവി.
ബീഡി കത്തിച്ചു ഒന്നു വലിച്ചിരുത്തി.
"ങ്ഹാ.." മുരടനക്കി. " ഞാന്‍ ജമ്മുത്താവി ബാരക്സിലായിരുന്ന കാലം"
ചുറ്റുമുള്ള ജനം ആകാംഷാഭരിതരായി.
"ഒരു ദിവസം വൈയിന്നേരം മണിയേതാണ്ട് ആറാറരയായിക്കാണും.ഞാനന്നു ഡ്യൂട്ടിയിലാരുന്നു."ബീഡി ഒന്നുകൂടി വലിച്ചിരുത്തി പുകയൂതിപ്പറപ്പിച്ചു. പുക മീശയില്‍ത്തങ്ങിനില്‍ക്കുന്നു.
"എന്നിട്ട്" അക്ഷമനായ ഒരു പ്രേക്ഷകന്‍
"ചന്നം പിന്നം പെയ്യുന്ന മഴ!"
"ഡാ അവ്വേ. ഒരു ലാറി ബോംബു വന്നു. ഞാന്‍ പേപ്പറൊക്കെ മേടിച്ചൊത്തുനോക്കി. എല്ലാം ഓക്കെ. പക്ഷേ ഒരു പ്രശനം."
കൊച്ചച്ഛന്‍ ഒന്നുകൂടി ബീഡി വലിച്ചൂതുന്നു. പുകയിപ്പോള്‍ മൂക്കില്‍നിന്നും വായില്‍നിന്നും മാത്രമല്ല ചെവിയില്‍നിന്നും വരുന്നുവോ എന്നും തോന്നും വിധം.
അക്ഷമരായ ഓഡിയന്‍സ്സ് മുറുമുറുക്കുന്നു.
"ഹാ. ഒന്നു പറയെന്റെ കൊച്ചാട്ടാ. പിന്നെന്നെതാ?" വടക്കെച്ചെറേലെ പങ്കന്‍ ചേട്ടന്‍
" ങ്ഹാ..ഡാ അവ്വേ. ബോംബെറെക്കെണ്ടേ. അണ്‍ലാഡ് ചെയ്യണ്ടേ? ഒരു മനുഷേനുമില്ലവടെ അതൊന്നെറക്കാന്‍. ഞാമ്പിന്നെ നോക്കിനിന്നില്ല."
"ഞാമ്മുണ്ടങ്ങോട്ട് മടക്കിക്കുത്തി, ലോറീലോട്ടങ്ങോട്ട് ചാടിക്കേറീയില്യോ. ഒരു 1ഒട്ടിത്തൂമ്പ എടുത്ത് ബോംബ് കംമ്പ്ലീറ്റ് വെട്ടിയിറക്കി, 2പടുതയിട്ടങ്ങ് മൂടി"
"ഹോ" ജനം അത്ഭുതം കൂറി.
"ദേ. നെന്റെ ബോട്ട് വരുന്നൊണ്ട്"
കൊച്ചച്ഛന്റെ ശബ്ദം കേട്ട് എന്റെ ചുണ്ടിലെ ചിരി മാഞ്ഞു. ചിന്തയും.
ആറിന്റെ പടിഞ്ഞാറേ മൂലയില്‍ ബോട്ടിന്റെ തുമ്പ് പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നു.
"എന്തൊക്കെയുണ്ട് കൊച്ചച്ഛാ വിശേഷങ്ങള്‍" ഞാന്‍ ചോദിച്ചു.
"ഓ. എന്നാ പറയാനാടാ ഉവ്വേ. വല്യ കഷ്ടപ്പാടാ. എനിയ്ക്കാണേ തീരെ മേലയിപ്പം. പെന്‍ഷനൊള്ളകൊണ്ട് തട്ടീമ്മുട്ടീമൊക്കെ അങ്ങു പോന്നു. ഇക്കാലത്തതൊക്കെ എന്നാത്തിനൊണ്ട്. കൃഷിയൊക്കെ നിര്‍ത്തി. എല്ലാം നഷ്ടമാണന്നേ. ദേ ഇപ്പം ഈ ക്വാട്ടാ കുപ്പി കൊണ്ട് ചമ്പക്കൊളത്തു കൊടുക്കാമ്പോകുവാ"
"കൊച്ചമ്മേം മഞ്ചുച്ചേചിയുമൊക്കെ എന്തു പറയുന്നു?"
"അവക്കും തീരെ മേല. മഞ്ചൂന്റെ കല്യാണമൊക്കെക്കഴിഞ്ഞാരുന്നു. ഓ. അതൊന്നും കൊണവായില്ലടാ ഉവ്വേ. അവളുമൊണ്ട് വീട്ടില്‍. ഒരു കൊച്ചുവായി"
ആ കണ്ണുകളിലെ ദൈന്യം എനിയ്ക്ക് വായിച്ചെടുക്കാവുന്നതിലുമപ്പുറമായിരുന്നു. സന്ധ്യ രാത്രിയിലേയ്ക്ക് പകര്‍ന്ന ചുവപ്പിന് കറുത്തനിറമായിക്കഴിഞ്ഞിരുന്നു. എന്റെ മനസ്സിലും.
പോക്കറ്റില്‍ കൈയ്യിട്ടുകൊണ്ട് നെഞ്ചില്‍ നിന്നും വന്നത് പെട്ടെന്ന് പറഞ്ഞു
"കൊച്ചച്ഛാ. കൊറച്ച് കാശ്ശു വല്ലതും?"
മറുപടിയും പെട്ടെന്നായിരുന്നു
"ഒന്നും വേണ്ടെടാ ഉവ്വേ. എന്റേലൊണ്ട്. ഇനി നീ വരുമ്പം വീട്ടീക്കേറിയേച്ചേ പോകാവൊള്ളു കേട്ടോ."
കുഴിഞ്ഞ കണ്ണുകളിലെ തിളക്കം ഇരുട്ടിന്റേയോ നനവിന്റേയോ?
ബോട്ടിന്റെ വരവില്‍ നൊന്ത് പൂക്കൈതയാറ് ജെട്ടിയിലെ തെങ്ങിന്‍കുറ്റികളില്‍ തലതല്ലിക്കരഞ്ഞു.
മെല്ലിച്ച കൈയ്യില്‍ പിടിച്ച് യാത്ര പറഞ്ഞ് ബോട്ടില്‍ക്കയറുമ്പോള്‍ ഉള്ളിലെ വിങ്ങല്‍ ഉരുളായിപ്പൊട്ടാന്‍ തുടങ്ങിയിരുന്നു കണ്ണില്‍.
കറുത്ത മാനത്തിന്റെ സങ്കടം കണ്ട് മുഖമിരുണ്ട ആറ്റിലൂടെ ബോട്ട് യാത്രയായി.
___________________________________________________
1. ഒട്ടിത്തൂമ്പ : കുട്ടനാട്ടില്‍ കണ്ടത്തില്‍ (വയലില്‍) നിന്നും ചെളിയും മണ്ണും വെട്ടിക്കേറ്റാന്‍ ഉപയോഗിയ്ക്കുന്ന ഒരു തരം തൂമ്പ (കൈക്കോട്ട്)2. പടുത : നെല്ല് മഴ കൊള്ളാതെ മൂടിയിടാന്‍ പ്ലാസ്റ്റിക്ക് ചാക്കുകളോ, ടാര്‍പ്പോളിനോ തുന്നിച്ചേര്‍ത്തുണ്ടാക്കിയ വലിയ ഷീറ്റ്.