ഒരു വാഹനം ഓടിക്കുകയോ, അല്ലെങ്കില്‍ അതില്‍ യാത്രചെയ്യുകയോ ചെയ്തിട്ടുള്ള ഏതൊരാള്‍ക്കും ഒരിക്കലെങ്കിലും അനുഭവിക്കേണ്ടി വന്നിട്ടുള്ള ഒന്നാകും ഒരു അപകടം അല്ലെങ്കില്‍ ഒരു അപകടത്തിനുള്ള സാധ്യത എന്നത്. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞാല്‍, ഞാന്‍ ഒരു കാറുവാങ്ങി ഒരു കൊല്ലമായപ്പോള്‍ത്തന്നെ, അതുകൊണ്ടുണ്ടായ അപകടങ്ങള്‍ ചെറുതും വലുതുമായി ഏഴ് എണ്ണമാണ്. ഇതില്‍ മൂന്നെണ്ണം വളരെ ഗുരുതരമായ കേടുപാടുകള്‍ കാറിനുണ്ടാക്കുകയും ഭാഗ്യവശാല്‍ ആളപായം ഒന്നും സംഭവിക്കാതിരുന്നതും ആണ്. എന്റെ ഭാര്യ എന്നെ എപ്പോഴും "റാഷ് ഡ്രൈവര്‍' എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എനിക്ക് പറ്റിയ ഒരപകടത്തെപ്പറ്റിപ്പറയുമ്പോള്‍, എന്റെ സഹപ്രവര്‍ത്തകര്‍, "അടുത്തത് എനാ മാഷേയ്" എന്നോ " ജസ്റ്റ് അനതര്‍ വണ്‍" എന്നോ പറഞ്ഞ് കളിയാക്കുന്നു. ഇതില്‍നിന്നൊക്കെയാണ് യഥാര്‍ത്ഥത്തില്‍ ഞാന്‍ വാഹനമോടിക്കുന്ന രീതിയില്‍ എന്തോ പാകപ്പിഴയുണ്ടെന്നും, എന്തൊക്കെയോ മാറ്റങ്ങള്‍ അതില്‍ വരുത്തേണ്ടതുണ്ടെന്നുമുള്ള ചിന്ത എന്നിലുണ്ടായത്. ഇത് ഡ്രൈവിംഗിനെ എങ്ങിനെയാണ് മന:ശ്ശാസ്ത്രപരമായി അപഗ്രഥിച്ചിരിക്കുന്നത് എന്നന്വേഷിക്കാന്‍ പ്രേരിപ്പിച്ചു. ഡോ: ലിയോണ്‍ ജെയിംസ് 1997 ല്‍ എഴുതിയ "ഡ്രൈവിംഗിന്റെ മന:ശ്ശാസ്ത്ര തത്വങ്ങള്‍" എന്ന ലേഖനമാണ് മുഖ്യമായും ഈ ലേഖനത്തിന്റെ ആധാരം. ഉടന്‍ തന്നെ ക്ലിക്ക് ചെയ്ത് മൂല ലേഖനത്തിലേക്ക് പോകാതിരിക്കാനായി ലിങ്ക് അല്പ്പം കഴിഞ്ഞ് കമന്റിന്റെ കൂടെ ഇടുന്നതാണ്.
ഡ്രൈവിംഗിലെ മന:ശ്ശാസ്ത്രം
ഒരു വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ ബോധപൂര്‍വ്വവും അല്ലാത്തതുമായ ഒട്ടേറെക്കാര്യങ്ങള്‍ ഒരു ഡ്രൈവര്‍ ചെയ്യുന്നുണ്ട്. ഇവ പ്രധാനമായും പ്രശ്നങ്ങളും അതിനുള്ള പോംവഴികളും, തീരുമാനങ്ങള്‍, പ്രതികരണങ്ങള്‍, വിശദീകരണങ്ങള്‍ എന്നീ ഗണത്തില്‍ പെടുന്നവയാണ്. ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്റെ കാറിനുചുറ്റും തുടര്‍ച്ചയായി എന്തൊക്കെ നടന്നുകൊണ്ടിരിക്കുന്നു എന്ന് ഒരു ഡ്രൈവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് നിങ്ങള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോയ്ക്കൊണ്ടിരിക്കെ കുറേ മുന്നിലായി മറ്റൊരു വാഹനം റോഡിലേക്ക് കയറുന്നതായി ശ്രദ്ധയില്പ്പെടുന്നുവെന്നിരിക്കട്ടെ. നിങ്ങളെന്തു ചെയ്യും? നിങ്ങളുടെ വാഹനം വേഗത കുറക്കുമോ, നിര്‍ത്തുമോ അതോ ഓടിച്ചുപോകുമോ. തീരുമാനം എന്തുതന്നെയായാലും അതിന് നിങ്ങള്‍ "നിങ്ങളുടേതായ" ഒരു "തക്കതായ കാരണം" കണ്ടെത്തിയിട്ടുണ്ടാവും. ഉദാഹരണത്തിന്
"അയാള്‍ അവിടെ നിര്‍ത്തുന്നതാണ് നല്ലത്. നിയമപ്രകാരം എനിയ്ക്കാണ് പോകാനുള്ള മുന്‍തൂക്കം. പക്ഷേ അയാള്‍ വേഗത്തിലാണല്ലോ റോഡിലേക്ക് കയറുന്നത്. ഞാന്‍ വേഗം കൂട്ടാം. ഉച്ചത്തില്‍ ഹോണടിക്കാം. അപ്പോള്‍ അയാള്‍ക്ക് മനസ്സിലാകും ഞാന്‍ വിട്ടുകൊടുക്കില്ല എന്ന്. അതാ അയാള്‍ നിര്‍ത്തി"
രസകരമായ മറ്റൊരു കാര്യം മറ്റനേകം "സാഹചര്യ സൂചകങ്ങളും" നിങ്ങളുടെ തീരുമാനത്തെ ബാധിക്കുന്നു എന്നുള്ളതാണ്.
വാഹനം ഓടിക്കുന്നത് സ്ത്രീയോ പുരുഷനോ, ചെറുപ്പക്കാരനോ വൃദ്ധനോ?
വസ്ത്രധാരണം എങ്ങിനെ, കാഴ്ചക്ക് എങ്ങിനെ?
കാര്‍ പുതിയതോ പഴയതോ, മുന്തിയ ഇനമോ അതോ വിലകുറഞ്ഞതോ?
കാഴ്ച വ്യക്തമാണോ?
അയാള്‍ക്ക് തന്നെയും തനിക്ക് അയാളെയും കാണാന്‍ സാധിക്കുന്നുണ്ടോ?
കാര്‍ വേഗത്തിലാണോ അതോ സാവധാനത്തിലാണോ റോഡിലേക്ക് കയറുന്നത്?
ഇങ്ങനെ അനേകം പ്രസക്തവും അപ്രസക്തവുമായ ഒട്ടേറെ പ്രശ്നങ്ങള്‍ നിങ്ങളൂറ്റെ തലയില്‍ക്കൂടി കടന്നുപോകുന്നു. നിങ്ങളുടെ തീരുമാനത്തെ ഇവ സ്വാധീനിക്കുകയും ചെയ്യുന്നു.
നിങ്ങള്‍ എന്തു തീരുമാനിക്കുന്നു?
റോഡില്‍ വാഹനമോടിക്കുന്ന മറ്റ് ഡ്രൈവര്‍മാരെപ്പറ്റി നിങ്ങള്‍ എന്ത് വിചാരിക്കുന്നു എന്നത് വളരെ പ്രധാനമാണ്. ഉദാഹരണത്തിന്. രണ്ട് ലെയ്നുള്ള ഒരു ടു-വേ റോഡില്‍ നിങ്ങളുടെ കാറിന് മുന്‍പിലായി മറ്റൊരു കാര്‍ വളരെ സാവധാനത്തില്‍ പോകുന്നുവെന്ന് കരുതുക. നിങ്ങള്‍ ധൃതിയിലാണെന്നും കരുതുക. ആ കാര്‍ വളരെ സാവധാനത്തില്‍ പോകാന്‍ നിങ്ങള്‍ കണ്‍ടെത്തുന്ന "സാഹചര്യ സൂചകങ്ങളും" "നിങ്ങളൂടെ കാരണങ്ങളും" താഴെപ്പറയുന്നവയാല്‍ സ്വാധീനിക്കപ്പെടുന്നു.
ഡ്രൈവറുടെ വ്യക്തിത്വം : മുന്‍പെ പോകുന്നയാള്‍ മറ്റുള്ളവരെപ്പറ്റി യാതൊരു ചിന്തയുമില്ലാത്ത , കാശിനുകൊള്ളാത്ത, ഒരു വിഡ്ഡിയാണെന്ന് നിങ്ങള്‍ കരുതുന്നു.
ഡ്രൈവര്‍ കാഴ്ചയില്‍ എങ്ങിനെ : നാട്, ലിംഗം, പ്രായം മുതലായവ
സാഹചര്യം : അയാളുടെ/അവളുടെ കാറിന് എന്തോ കുഴപ്പം ഉണ്ട്. അല്ലെങ്കില്‍ അതില്‍ സുഖമില്ലാത്ത ആളോ കുട്ടിയോ ഉണ്ട്.
ആദ്യത്തെ രണ്ടും ഏറിയപങ്കും നിങ്ങളുടെ "വ്യക്തിപരമായ മുന്‍ വിധിയെ" അടിസ്ഥാനമാക്കിയുള്ളതാണ്. മൂന്നാമത്തേതാകട്ടെ "സാഹചര്യം" അടിസ്ഥാനമാക്കിയുള്ളതും. "വ്യക്തിപരമായ മുന്‍ വിധിയെ" അടിസ്ഥാനമാക്കിയുള്ള നിങ്ങളുടെ ഒട്ടു മിക്ക പ്രതികരണങ്ങളും തികച്ചും അക്ഷമ പ്രതിഫലിക്കുന്നതും പ്രതിലോമപരവുമായിരിക്കും.നേരെ മറിച്ച്, സാഹചര്യം അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങള്‍ ക്ഷമയോടു കൂടിയുള്ളതും സ്വീകാര്യത കൂടിയവയുമായിരിക്കും.
ഡ്രൈവറുടെ ഇരട്ടത്താപ്പും മുടന്തന്‍ ന്യായങ്ങളും
ഡ്രൈവിംഗില്‍ നാം ചെയ്യുന്ന ഓരോ കാര്യങ്ങളും നിരീക്ഷണത്തിനും പുന:പരിശോധനക്കും വിധേയമാക്കിയാല്‍ നാം കാട്ടുന്ന ഓരോ പ്രവൃത്തിയും, അത് തെറ്റാണെങ്കില്‍ക്കൂടി, പക്ഷപാതപരമായി ന്യായീകരിക്കാന്‍ നാം ശ്രമിക്കുമെന്ന് കാണാം.
ഉദാഹരണത്തിന്, ഒരു ട്രാഫിക് ബ്ലോക്കില്‍ വളരെ നീണ്ട ഒരു ക്യൂവിന്റെ ഇടതുവശത്തുകൂടി നിങ്ങള്‍ ഓടിച്ച് കയറ്റി ക്യൂവിന്റെ ഇടയിലേക്ക് നിങ്ങളുടെ കാര്‍ പതുക്കെ തിരുകിക്കയറ്റുന്നു. അത്രയും നീണ്ട ക്യൂവിന്റെ ഇടക്ക് കേറാന്‍ കഴിഞ്ഞ നിങ്ങളുടെ മിടുക്കില്‍ നിങ്ങളഭിമാനിക്കുകയും ചെയ്യുന്നു. നേരെ മറിച്ച് മറ്റേതെങ്കിലുമൊരു വാഹനം ക്യൂവില്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ ഹോണടിച്ചും കയറാനുള്ള സ്ഥലം ഇല്ലാതാക്കിയും നിങ്ങള്‍ പ്രതിരോധിക്കുന്നു, രോഷാകുലനാകുന്നു.
ഇപ്രകാരമുള്ള "വ്യക്തിപരമായ മുന്‍ വിധികളെ"പ്പറ്റിയും "സ്വ"പക്ഷപാതപരമായ സമീപനത്തെപ്പറ്റിയും ബോധവാന്മാരായാല്‍ ഓരോ ഡ്രൈവര്‍ക്കും അയാളുടെ ഡ്രൈവിംഗ് സ്റ്റൈലില്‍ വളരെ വലിയ മാറ്റങ്ങള്‍ വരുത്താനും മറ്റുള്ള ഡ്രൈവര്‍മാരുടെ സൗകര്യങ്ങള്‍ കൂടി കണക്കാക്കി ഡ്രൈവ് ചെയ്യാനും സാധിയ്ക്കും.
ട്രാഫിക് സ്കീമ
ആളുകളേയും സംഭവങ്ങളേയും തരംതിരിക്കുന്നതിനുവേണ്ടി നാം ഒരു "സ്കീമ" (Schema) ഉപയോഗിക്കുന്നു. സ്കീമ എന്നത് ദൈനംദിനജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളേയും, അവ കൈകാര്യം ചെയ്തുള്ള നമ്മുടെ പരിചയത്തേയും കൂട്ടിയിണക്കിയ കുറെ മുദ്രാവാക്യങ്ങളും ചിത്രങ്ങളുമാണ്. അതുകൊണ്ട് ഒരേ സ്വഭാവമുള്ള ഒരു സംഭവം നാം കാണുമ്പോള്‍ "സ്കീമ" യാണ് അവ പെട്ടെന്ന് തിരിച്ചറിയാനും അവയോടുള്ള പ്രതികരണം പെട്ടെന്നാക്കാനും സഹായിക്കുന്നത്.
ഉദാഹരണത്തിന്, അടിസ്ഥാനമായ ഒരു ട്രാഫിക് സ്കീമയാണ് ഡ്രൈവറുടേയും യാത്രക്കാരന്റേയും ഭാഗങ്ങള്‍ തമ്മിലുള്ള വ്യത്യാസം തന്നെ. ഡ്രൈവര്‍ വാഹനത്തിന്റെ പൂര്‍ണ്ണനിയന്ത്രണത്തിന്റെ ഉത്തരവാദിത്തമുള്ള ആളായി മാറുന്ന ഒരു "സ്കീമ"ല്‍ ആണ്. അവരുടെ കണ്ണില്‍ യാത്രക്കാരന്‍ വിധേയത്വത്തോടുകൂടി യാത്രചെയ്യേണ്ടുന്ന ഉത്തരവാദിത്തം "മാത്രം" ഉള്ളവരാണ്.
ഇത്തരം ഒരു സമീപനം യാത്രക്കാരനും ഡ്രൈവറും തമ്മില്‍ ഒരു വൈരുദ്ധ്യം സൃഷ്ടിക്കുന്നു.
"ഇവളെന്തിനാണ് ഞാന്‍ വണ്ടി ഓരോ വളവ് തിരിക്കുമ്പോഴും അയ്യോ പൊത്തോ വിളിക്കുന്നത്. മറ്റുള്ളവരെപ്പോലെ ഇവള്‍ക്ക് മിണ്ടാതെ സൈഡിലെ ഹോള്‍ഡറില്‍ പിടിച്ചിരുന്നാല്‍ പോരേ?" എന്ന് നിങ്ങള്‍ നിങ്ങളുടെ ഭാര്യയെപ്പറ്റി ചിന്തിക്കുന്നുവെന്നിരിക്കട്ടെ.
നിങ്ങള്‍ വേഗതെ കുറക്കാതെ വണ്ടി തിരിക്കുകയും അതില്‍ അപകട സാദ്ധ്യത കൂടുതലുണ്ട് എന്നതുകൊണ്ടുമാണ് ഭാര്യ പരിഭ്രമം പ്രകടിപ്പിക്കുന്നത് എന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കി, ഓരോ വളവിനും നിങ്ങള്‍ വേഗത കുറച്ച് ശ്രദ്ധയോടെ വണ്ടി തിരിച്ചാല്‍, അവര്‍ വളരെ ലാഘവത്തോടെ ഇരിക്കുന്നതു കാണാം. അത് നിങ്ങളില്‍ സന്തോഷം തരും. അത് നിങ്ങളുടെ ഡ്രൈവിംഗിനെ മെച്ചപ്പെടുത്തുകയും ചെയ്യും.
സാദ്ധ്യതാധിഷ്ഠിതമായ ഡ്രൈവിംഗ്
ഒരുപക്ഷേ ഇന്‍ഡ്യന്‍ റോഡുകളില്‍ മാത്രം കാണാന്‍ സാധിക്കുന്ന ഒന്നാണ് "സാദ്ധ്യതാധിഷ്ഠിതമായ ഡ്രൈവിംഗ്". ഭൂരിഭാഗവും രണ്ട് ദിശയില്‍ യാത്ര ചെയ്യുവാന്‍ ഉതകുന്ന തരത്തില്‍ സൃഷ്ടിക്കപ്പെട്റ്റിരിക്കുന്ന റോഡ്. അങ്ങോട്ടും ഇങ്ങോട്ടും ഇടതുവശം ചേര്‍ന്ന് പോകാന്‍ നിയമം അനുശാസിക്കുന്നു. വാഹനങ്ങളുടെ ബാഹുല്യം, കാല്‍നടയാത്രക്കാരുടെ ബാഹുല്യം ഇവയെല്ലാം ചേര്‍ന്ന് മന:ശ്ശാസ്ത്രപരമായ ഒരു പുതിയ സമീപനം ഡ്രൈവര്‍മാരില്‍ സൃഷ്ടിച്ചു. ഇടതുവശം ചേര്‍ന്ന് പോകേണ്ട ഒരു വാഹനം റോഡിന്റെ ഇടത് വശത്ത് ഒരല്പ്പമെങ്കിലും സ്ഥലം റിസര്‍വ് ചെയ്ത് വെച്ചാണ് മുന്നോട്ട് പോകുന്നത്. ഫലമോ എതിര്‍ദിശയില്‍ വരുന്ന വാഹനവുമായി കൂട്ടിമുട്ടത്തക്ക തരത്തിലായിരിക്കും വാഹനത്തിന്റെ ഗതി. അതുപോലെ തന്നെയാണ് എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറും ചെയ്യുക. രണ്ടുപേര്‍ക്കും അറിയാം അതേനിലയില്‍ വന്നാല്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കും എന്ന്.ഏകദേശം അടുത്തെത്താറാകുമ്പോള്‍ ഇരു ഡ്രൈവര്‍മാരും അവരവരുടെ വാഹനങ്ങള്‍ ഇടതു വശത്തേക്ക് (റിസര്‍വ് ചെയ്ത് വെച്ച സ്ഥലത്തേക്ക്) വെട്ടിച്ച് മാറ്റുന്നു. ഇനി, ഇപ്രകാരം ഒരു സ്ഥലം റിസര്‍വ് ചെയ്ത് വെച്ചില്ല എന്നിരിക്കട്ടെ. അപ്പോള്‍ സംഭവിക്കുക, എതിരെ വരുന്ന വാഹനത്തിനെ ഒഴിഞ്ഞുപോകാന്‍ സ്ഥലം കിട്ടാതെ നിര്‍ത്തിയിടേണ്ട അവസ്ഥ വന്നേക്കും. ഇത്തരം പ്രവൃത്തികളെല്ലാം മുഴുവനായും മന:ശ്ശാസ്ത്രപരമായ ഒരു സാദ്ധ്യതകള്‍ കൊണ്ടുള്ള പകിടകളിയാണെന്ന് പറയാം. ഏതെങ്കിലും ഒരാളിന്റെ മനസ്സില്‍ സാധ്യതകള്‍ കണക്കാക്കുന്നതില്‍ വരുന്ന നേരിയ വീഴ്ച പോലും അപകടകാരണമായേക്കാം.